top of page
Bible God's Word Series_07
P M Mathew
Dec 17, 2024
The Catholic View of the Bible.
ബൈബിൾ : കത്തോലിക്ക വീക്ഷണത്തിൽ

ഈ ബൈബിളിന്റെ തന്നെ ആമുഖം എന്ന ഭാഗം ആറാം ഖണ്ഡികയിൽ നമ്മൾ ഇപ്രകാരമാണ് വായിക്കുന്നത്: ദൈവത്തേയും മനുഷ്യനേയും സംബന്ധിച്ച കാര്യങ്ങളിൾ ബൈബിൾ പ്രമാദ രഹിതമാണ് അഥവാ അബദ്ധരഹിതമാണ്. അതിന്റെ അർത്ഥം ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റില്ലാത്തതും തെറ്റു വരാൻ പാടില്ലാത്തതുമാണ് എന്നാണ്.

വീണ്ടും പത്രോസിന്റെ രണ്ടാം ലേഖനം ഒന്നാം അധ്യായം 20 മുതൽ വാക്യങ്ങളിൽ നാം ഇപ്രകാരം കാണുന്നു. ആദ്യം നിങ്ങൾ ഇതു മനസ്സിലാക്കുവിൻ: “വിശുദ്ധ ലിഖിതത്തിൽ പ്രവചനങ്ങൾ ഒന്നുംതന്നെ ആരുടേയും സ്വന്തമായ വ്യാഖ്യാനത്തിന് ഉള്ളതല്ല. എന്തുകൊണ്ടെന്നാൽ പ്രവചനങ്ങൾ ഒരിക്കലും മാനുഷിക ചോദനയാൽ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി, ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചതാണ്.”

യേശുക്രിസ്തുവിന്റെ മറുരുപമലയിലെ രൂപാന്തരം ദർശിച്ച പത്രോസ് ആ അനുഭവവും മനസ്സിൽ വെച്ചുകൊണ്ടാണ് എഴുതപ്പെട്ട വചനവും ദൈവത്തിന്റെ വചനം തന്നെയാണ് എന്ന് പറയുന്നത്. അതിനു നാം വളരെ ശ്രദ്ധ നൽകേണ്ട ഒന്നാണ്. അതിനു ദൈവത്തിന്റേതായ അധികാരവും നിയമസാധുതയും ഉണ്ട്. അനുഭവത്തിൽ അധിഷ്ഠിതമായ ഇന്നത്തെ കാലഘട്ടത്തിൽ ചില ക്രിസ്ത്യാനികൾ ഉൾപ്പടെ അനേകം ആളുകൾ സത്യത്തെ തീരുമാനിക്കുന്നത് തങ്ങളുടെ ജിവിതത്തിൽ ദൈവം ചില പ്രത്യേക നിലയിൽ ഇടപട്ടതിന്റെ അടിസ്ഥാനത്തിൽ ആണ്. എന്നാൽ പത്രോസിന്റെ ജീവിതത്തിലെ ആ വലിയ മറുരൂപ-അനുഭവം മങ്ങിപ്പോയതുപോലെയാണ് എഴുതപ്പെട്ട പ്രവാചകവചനങ്ങളുടെ പ്രാധാന്യത്തെ താൻ എടുത്തു പറയുന്നത്.

അപ്പൊസ്തലൻ “വിശുദ്ധ ലിഖിതങ്ങൾ ഒന്നും തന്നെ ആരുടേയും സ്വന്തമായ വ്യഖ്യാനത്തിനുള്ളതല്ല” എന്നു പറയുമ്പോൾ താൻ അർത്ഥമാക്കുന്നത് പ്രവചനങ്ങൾ ഉത്ഭവിച്ചത് പ്രവാചകന്മാരിൽ നിന്നല്ല, മറിച്ച് ദൈവത്തിൽ നിന്നാണ് അവ ഉത്ഭവിച്ചത് എന്നാണ്. അല്ലാതെ അത് പുരോഹിതന്മാരല്ലാത്തവർ വായിക്കുകയൊ വ്യാഖ്യാനിക്കുകയൊ ചെയ്യരുത് എന്നല്ല. അവ ദൈവത്തിൽ നിന്നുള്ള വെളിപ്പാടുകളാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിശ്വസിക്കപ്പെട്ട് എഴുതപ്പെട്ടവയാണ് എന്നാണ്. അവ എല്ലാവരും വായിക്കുകയും മനസ്സിലാക്കുകയും അനുസരിക്കുകയും വേണം .

അനുഭവങ്ങളെ കുറിച്ചു പറയുമ്പോൾ അതെല്ലാം ദൈവത്തിൽ നിന്നും വന്ന അനുഭവങ്ങളാണ് എന്ന് ആർക്കാണ് പറയുവാൻ കഴിയുക. സാത്താനും പല അനുഭവങ്ങളും മനുഷ്യനു നൽകുവാൻ കഴിയും. അവ ദൈവത്തിൽ നിന്നാണോ അതൊ പിശാചിൽ നിന്നാണോ എന്ന് അറിവാൻ ദൈവത്തിന്റെ വചനമായ ബൈബിൾ പരിശോധിക്കുകയാണ് വേണ്ടത്. ദൈവത്തിന്റെ വചനത്തിൻ പ്രകാരമല്ലാത്ത അനുഭവങ്ങൾ വ്യാജമാണ്. അവ മനുഷ്യനെ വഴിതെറ്റിക്കാൻ വേണ്ടി പിശാച് ഒരുക്കുന്ന കെണികളാണ് എന്ന് നാം ഓർക്കണം.

ഇനിയും വെളിപ്പാട് 22:18-19 വാക്യങ്ങളിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: ആരെങ്കിലും ഈ “വചനങ്ങളോട്” എന്തെങ്കിലും കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികൾ ദൈവം അവന്റെ മേൽ അയക്കും. ഈ പുസ്തകത്തിലെ പ്രവചനങ്ങളിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തു കളഞ്ഞാൽ ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന വിശുദ്ധ നഗരത്തിലും ജീവവൃക്ഷം ഉള്ള അവരുടെ പങ്ക് ദൈവം എടുത്തുകളയും.”
നിയമാവർത്തനം 4:2 വാക്യങ്ങളിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: “ഞാൻ നൽകുന്ന കല്പനകളോടു യാതൊന്നും കൂട്ടിച്ചേർക്കുകയോ അതിൽ നിന്ന് എന്തെങ്കിലും എടുത്തുകളയുകയൊ അരുത്. ഞാൻ നിങ്ങളെ അറിയിക്കുന്ന നിങ്ങളുടെ ദൈവമായ കർത്താവിന്റെ കൽപ്പനകൾ അനുസരിക്കുവിൻ.”

മേൽവിവരിച്ച മൂന്നു സുവിശേഷ ഭാഗങ്ങളിൽനിന്നും ബൈബിൾ ഭാഗങ്ങൾ ആരുടേയും സ്വന്തമായ വ്യാഖ്യാനത്താൽ ഉളവായതല്ലെന്നും, എന്തെങ്കിലും അതിനോട് കൂട്ടിച്ചേർക്കാനോ, അതിൽ നിന്നും എടുത്തു കളയാനോ ആർക്കും അധികാരമില്ലെന്നും, അപ്രകാരം ചെയ്യുന്ന പക്ഷം ആയതിനുള്ള ശിക്ഷ ദൈവം തന്നെ അവന്റെ മേൽ അയക്കുമെന്നും വ്യക്തമാണല്ലോ.

ഈ സുവിശേഷ വാക്യങ്ങളുടെ വെളിച്ചത്തിൽ ദൈവം നമുക്ക് നൽകിയ പത്ത് കല്പനകളും വേദോപദേശ പുസ്തകങ്ങൾ വഴി കത്തോലിക്കാസഭ ഇന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പത്തു കല്പനകളും നമുക്ക് താരതമ്യം ചെയ്ത് പരിശോധിക്കാം.

1. കത്തോലിക്കാസഭ ദൈവവചനത്തിൽ നിന്നകലുന്നു.

ബൈബിളിൽ ദൈവം നൽകിയ 10 കല്പനകൾ പുറപ്പാട് പുസ്തകം 20: 1-17വരെ വാക്യങ്ങളിലും , നിയമാവർത്തനം 5: 1-21 വരെ വാക്യങ്ങളിലും നൽകിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് ആദ്യം നമുക്ക് പരിശോധിക്കാം,എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ദൈവം അരുളിച്ചെയ്തു. അവിടുത്തെ വചനങ്ങൾ ആണിവ:

1. അടിമത്വത്തിന്റെ ഭവനമായ ഈജിപ്തിൽനിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കർത്താവ്. ഞാനല്ലാതെ വേറെ ദേവൻമാർ നിനക്കുണ്ടാകരുത്.

2. മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ, ഭൂമിക്കടിയിലെ ജലത്തിലൊ ഉള്ള ഒന്നിന്റേയും പ്രതിമയോ, സ്വരൂപമോ നീ നിർമ്മിക്കരുത്. അവയ്ക്കു മുമ്പിൽ പ്രണമിക്കുകയോ, അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാൽ ഞാൻ നിന്റെ ദൈവമായ കർത്താവ് അസഹിഷ്ണുവായ ദൈവമാകുന്നു. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങൾക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാൻ ശിക്ഷിക്കും. എന്നാൽ എന്നെ സ്നേഹിക്കുകയും, എന്റെ കൽപനകൾ പാലിക്കുകയും ചെയ്യുന്നവരോട്, ആയിരമായിരം തലമുറകൾവരെ ഞാൻ കരുണ കാണിക്കും.

3. നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കർത്താവ് ശിക്ഷിക്കാതെ വിടുകയില്ല.

4. സാബത്ത് വിശുദ്ധമായി ആചരിക്കണമെന്ന് ഓർമ്മിക്കുക. ആറുദിവസം അധ്വാനിച്ച് എല്ലാ ജോലികളും ചെയ്തു കൊള്ളുക. എന്നാൽ ഏഴാം ദിവസം നിന്റെ ദൈവമായ കർത്താവിന്റെ സാബത്ത് ആണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയൊ നിന്റെ മൃഗങ്ങളോ നിന്നോടൊത്ത് വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാൽ കർത്താവ് ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും, അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.

5. നിന്റെ ദൈവമായ കർത്താവു തരുന്ന രാജ്യത്ത് നീ ദീർഘകാലം ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ പിതാവിനേയും മാതാവിനേയും ബഹുമാനിക്കുക.

6. നീ കൊല്ലരുത്.

7. നീ വ്യഭിചാരം ചെയ്യരുത്.

8. നീ മോഷ്ടിക്കരുത്.

9. നിന്റെ അയൽക്കാരനെതിരായി നീ വ്യാജ സാക്ഷ്യം നൽകരുത്.

10. നിന്റെ അയൽക്കാരന്റെ ഭവനം നീ മോഹിക്കരുത്. അയൽക്കാരന്റെ ഭാര്യയെയൊ ദാസനെയൊ, ദാസിയെയൊ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ നീ മോഹിക്കരുത്.

ദൈവത്തിന്റെ ഈ ചട്ടങ്ങളും വിധികളും കേട്ട് അനുസരിക്കുന്നതിനുവേണ്ടിയാണ് മോശെ അവ യിസ്രായേൽ മക്കൾക്കു നൽകിയത്..

വേദോപദേശ പുസ്തകങ്ങൾ വഴി കത്തോലിക്കാ സഭ പഠിപ്പിക്കുന്ന പത്തുകല്പനകൾ.
(അൻപത്തിയാറാം പതിപ്പ്)

1. നിന്റെ കർത്താവായ ദൈവം ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം
നിനക്കുണ്ടാകരുത്.
2. ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കരുത്.
3. കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
5. കൊല്ലരുത്.
6. വ്യഭിചാരം ചെയ്യരുത്.
7. മോഷ്ടിക്കരുത്.
8. കള്ളസാക്ഷ്യം പറയരുത്.
9. അത് അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10. അന്യന്റെ വസ്തുക്കൾ മോഹിക്കരുത്.

2a. സ്നേഹത്തിന്റെ കല്പന

അനന്ത സ്നേഹം ഉടമയായ ദൈവം തന്റെ മക്കളായ മനുഷ്യരെ തന്റെ സ്നേഹത്തിൽ അനുസരണയുള്ളവരായി ചേർത്തുനിർത്തുന്നതിനു വേണ്ടി, ഏദൻ തോട്ടത്തിൽ വെച്ച് അവർക്ക് ഒരു കല്പന നല്കി; സ്നേഹത്തിന്റെ കല്പന. തോട്ടത്തിലെ എല്ലാ മരങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും (ഉല്പത്തി 2:17).

ഈ സ്നേഹ കല്പനയുടെ വിശദീകരണം ആയിട്ടാണ് ദൈവം നേരിട്ട് മോശ വഴി മനുഷ്യന് 10 കൽപ്പനകൾ നൽകിയത്. സീനായ് മലയിൽ വച്ച് മോശയോട് സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പത്രികകൾ, തന്റെ വിരൽകൊണ്ടു എഴുതിയ രണ്ട് കല്പകകൾ ദൈവം അവനു നൽകി (പുറപ്പാട് 31:18). "തന്റെ വിരൽകൊണ്ടു എഴുതിയ" എന്ന പദപ്രയോഗത്തിന്റെ അർത്ഥം ദൈവം വ്യക്തിപരമായി നൽകിയത് എന്നാണ്. ‘കൽ പലകകളിൽ നൽകി’ എന്നതിന് “മാറ്റമില്ലാത്തത്” എന്നാണ് അർത്ഥം.

2. മാറ്റമില്ലാത്ത ദൈവത്തിന്റെ മാറ്റമില്ലാത്ത കല്പന

ദൈവത്തിന് മാറ്റമില്ല; ദൈവത്തിന്റെ കൽപനകൾക്കും മാറ്റമില്ല. ദൈവം എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള എല്ലാ കാലത്തേക്കും ഉള്ള ഏകദൈവമാണ്. നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ് (നിയമാവർത്തനം 6:4). പാപികളെ രക്ഷിക്കാനായി ദൈവം മനുഷ്യനായി അവതരിച്ചു വന്ന യേശു അരുളിച്ചെയ്തു: “പ്രവാചകന്മാരെയോ നിയമത്തെയോ ഇല്ലാതാക്കാനല്ല, അത് പൂർത്തിയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്. പൂർത്തിയാക്കാൻ എന്നുപറഞ്ഞാൽ പോരാത്തത് എഴുതിച്ചേർക്കാൻ എന്നല്ല പിന്നെയോ അതെല്ലാം തന്റെ ജീവിതത്തിൽ (നിവൃത്തിയാക്കുവാൻ) സഫലമാക്കി കാണിച്ചുതരാൻ എന്നാണ് അർത്ഥം. അവിടുന്ന് അരുളി ചെയ്തു;

“ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ നിങ്ങൾ എന്റെ കൽപ്പനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും” (യോഹന്നാൻ 15:10). യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: “നിങ്ങൾ ഈ കൽപനകൾ പാലിക്കുകയും അവ പാലിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുവിൻ.”

2a. ദൈവകല്പനകളിൽ മാറ്റം വരുത്തി

കത്തോലിക്കാ സഭ ഒരു കാലഘട്ടത്തിൽ ദൈവത്തിന്റെ പത്തു കല്പനകളിൽ മാറ്റം വരുത്തി. ഇതിന് ഒരുക്കമായി സഭ, വിശ്വാസികളിൽ നിന്നും ബൈബിൾ നീക്കം ചെയ്തു. ‘അൽമായർ ബൈബിൾ വായിക്കാൻ പാടില്ല’ എന്ന് വിലക്കി. വിശ്വാസികൾ വായിച്ചാൽ ഉതപ്പുണ്ടാകുന്ന ഭാഗങ്ങൾ ബൈബിളിൽ ഉണ്ട്, അതിനാൽ തന്റെ മക്കളുടെ 'ആത്മീയ പരിശുദ്ധിയിൽ' തീക്ഷ്ണതയുള്ള(?) സഭാമാതാവ് അൽമായർ ബൈബിൾ വായിക്കുന്നത് നിരോധിച്ചു; ആരുടെ പക്കൽ എങ്കിലും ബൈബിൾ ഉണ്ടെങ്കിൽ അത് ഇടവക വികാരി ഏൽപ്പിക്കേണ്ടത് ആകുന്നു. നിങ്ങൾക്ക് ആവശ്യമുള്ള അറിവ് വേദപാഠപുസ്തകങ്ങൾ വഴിയും പള്ളിയിലെ പ്രസംഗങ്ങൾ വഴിയും നൽകുന്നതാണ് എന്ന് സഭാ വിളംബരം ചെയ്തു.

ഇത്രയും പശ്ചാത്തലം, ഒരുക്കിയിട്ടാണ് കത്തോലിക്കാസഭ ‘വേദപാഠപുസ്തകങ്ങൾ’ വിശ്വാസികൾക്കായി ഇറക്കിയത്. അതിൽ ദൈവത്തിന്റെ പത്തു കല്പനകളിൽ, വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത് എന്ന രണ്ടാമത്തെ കൽപ്പന തന്ത്രപൂർവ്വം നീക്കം ചെയ്തു കൊണ്ട് തെറ്റ് ചെയ്യുകയും, തെറ്റ് പഠിപ്പിക്കുകയും ചെയ്തു പോന്നു. ഒന്നാമത്തെ കൽപ്പന കഴിഞ്ഞാൽ രണ്ടിനു പകരം മൂന്നാമത്തെ കല്പന രണ്ടിന്റെ സ്ഥാനത്ത് ആക്കി. നാലാമത്തെ കല്പന മൂന്നിന്റെ സ്ഥാനത്തും, അഞ്ചാമത്തേത് നാലിന്റെ സ്ഥാനത്തും, ആറാമത്തേത് അഞ്ചിന്റെ സ്ഥാനത്തും, ഏഴാമത്തേത് ആറിന്റെ സ്ഥാനത്തും, എട്ടാമത്തേത് ഏഴിന്റെ സ്ഥാനത്തും, ഒമ്പതാമത്തേത് എട്ടിന്റെ സ്ഥാനത്തും ആക്കി പഠിപ്പിച്ചു. അപ്പോൾ ഒമ്പതിനും പത്തിനും കൂടി പത്താമത്തെ ഒരു കൽപ്പനയെ ബാക്കിയുള്ളു. അപ്പോൾ വറുത്തമീൻ മുറിക്കുന്നതുപോലെ പത്താമത്തെ കല്പനയെ മുറിച്ച് രണ്ടാക്കി ഒമ്പതും പത്തും ആക്കി. അങ്ങനെ പത്തുകല്പനകൾ തികച്ച് വേദ പാഠപുസ്തകത്തിൽ അച്ചടിച്ചു പഠിപ്പിച്ചു.

2b. പത്താം പ്രമാണം മുറിച്ച് രണ്ടാക്കുന്നു.

പത്താമത്തെ കല്പനയിൽ നിന്നും, “അന്യന്റെ ഭാര്യയെ മോഹിക്കരുത്” എന്ന ഭാഗം മുറിച്ചെടുത്ത് ഒമ്പതാമത്തെ കൽപ്പന ആക്കി. ബാക്കിയുള്ളത്: അന്യന്റെ വസ്തുക്കളെ മോഹിക്കരുത് എന്നത് പത്താമത്തെ കൽപന ആക്കി, അങ്ങനെ പത്തു കല്പനകൾ തികച്ചു. അന്ന് ഇത് തെറ്റാണെന്ന് പറയാൻ ബൈബിളിൽ ഉള്ളത് എന്തെന്ന് ആരും കാണുകയോ അറിയുകയോ ചെയ്തിരുന്നില്ലല്ലോ. ഇന്ന് ബൈബിൾ തുറന്നു ദൈവവചനത്തിന്റെ പ്രകാശത്തിൽ നാം നോക്കുമ്പോൾ പൊരിച്ചമീൻ മുറിച്ചിരിക്കുന്നത് വെളിച്ചത്തുകൊണ്ടുവരുമ്പോൾ ആർക്കും മനസ്സിലാകുന്നതുപോലെ, പത്തു കല്പനകളിൽ പത്താമത്തെ കൽപ്പന: അന്യന്റെ……………. മോഹിക്കരുത് എന്ന കൽപ്പനയെ: അന്യന്റെ ഭാര്യയെ മോഹിക്കരുത്, അന്യന്റെ വസ്തുക്കളെ മോഹിക്കരുത് എന്ന് രണ്ടാക്കി മുറിച്ചിരിക്കുന്നതും രണ്ടാമത്തെ കൽപ്പനയായ വിഗ്രഹം ഉണ്ടാക്കുകയൊ ആരാധിക്കുകയോ ചെയ്യരുത് എന്ന കല്പന കാണാതിരിക്കുന്നതും സഭയിൽ നേർച്ചപ്പെട്ടി കാവൽക്കാരായ വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നതും കാണുമ്പോൾ സഭ നടത്തിയ ഒളിച്ചുകളിയും വഞ്ചനയും നമുക്ക് പെട്ടെന്ന് ബോധ്യം വരുന്നു. മറച്ചിരുന്ന ഈ സത്യം വെളിപ്പെട്ടപ്പോൾ വഞ്ചനയിൽ കുടുങ്ങിക്കിടക്കുന്ന സഹോദരങ്ങൾക്ക് ഇത് ചൂണ്ടിക്കാണിക്കുക നമ്മുടെ കടമയായി തീരുന്നു. അത് ചൂണ്ടി കാണിക്കുമ്പോൾ എല്ലാ ഹൃദയങ്ങൾക്കും പെട്ടെന്ന് ബോധ്യം വരികയും ചെയ്യുന്നു. “മറഞ്ഞിരിക്കുന്ന അതൊന്നും വെളിപ്പെടാതെ ഇരിക്കുകയില്ല” (ലൂക്കോസ് 8: 17) ദൈവവചനം പൂർത്തിയാകുന്നതാണ് നാമിന്നു കാണുന്നത്.

3. ദൈവിക ചൈതന്യം നഷ്ടപ്പെട്ടപ്പോൾ

ദൈവിക ചൈതന്യം നഷ്ടപ്പെട്ടു പോയ സഭാ നേതാക്കന്മാർ സുഖലോലുപതയ്ക്കും അധികാര പ്രമത്തതയ്ക്കും ധനമോഹത്തിനും അടിമപ്പെട്ട് അക്കാലത്ത് ഒത്തിരി ക്രൂര വിനോദങ്ങൾ കാട്ടിക്കൂട്ടി. സത്യം തുറന്നു പറയുന്നവരെ നിർദ്ദയം കൊന്നൊടുക്കി, അധികാരത്തിന്റെ പടവാൾ ഉയർത്തി സഭയിലെ അണികളെ അവർ നിശബ്ദരാക്കി. മാർപാപ്പയ്ക്ക് അപ്രമാദിത്യം കെട്ടി വെച്ചുകൊടുത്തു. പത്രോസിന്റെ താക്കോൽ സഭയുടെ പക്കൽ ആണെന്ന് പറഞ്ഞു ഭയപ്പെടുത്തി; സഭയ്ക്ക് പുറത്ത് രക്ഷയില്ല എന്ന് പഠിപ്പിച്ചു; ‘മഹറോൻ’ കൊണ്ട് വിശ്വാസികളെ ഭീഷണിപ്പെടുത്തി; തിരുവായ്ക്ക് എതിർവായ് ഇല്ല എന്ന് പ്രസംഗിച്ചു. കെട്ടാനും അഴിക്കാനും ഉള്ള അധികാരം സഭയ്ക്കാണ്; വൈദികത്വത്തിന്റെ പൂർണത അടങ്ങിയിരിക്കുന്നത് മെത്രാനിലാണ് എന്നൊക്കെ പഠിപ്പിച്ചു. എന്നാൽ മേൽപ്പറഞ്ഞ ഭീകര വാക്കുകളുടെ അർത്ഥം എന്തെന്ന് നേതാക്കന്മാർ തന്നെ ചിന്തിക്കുകയോ, അണികൾക്ക് വെളിപ്പെടുത്തി കൊടുക്കുകയോ ചെയ്തില്ല. അവർക്ക് അതെല്ലാം ഒരു പേടിസ്വപ്നമായി മാറി. ഇന്ന് അതെല്ലാം കാലഹരണപ്പെട്ടു എങ്കിലും അതിന്റെ മാറ്റൊലി വിശ്വാസികളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ വചനത്തിന്റെ ആത്മാവിനെ കിട്ടിയവർക്ക് അത്തരം ഭയം എല്ലാം മാറി കഴിഞ്ഞിരിക്കുന്നു.

4. ദേവാലയങ്ങൾ വിഗ്രഹങ്ങളെക്കൊണ്ട് നിറയുന്നു.

ആവർത്തനം 4:15-18

"അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിന്‍. ഹോറെബില്‍ വെച്ച് അഗ്‌നിയുടെ മധ്യത്തില്‍ നിന്നു കര്ത്താവു നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍, എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്‌സ്യത്തിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍."

വിഗ്രഹാരാധനയ്‌ക്കെതിരേയുള്ള ശക്തമായ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ദേവാലയങ്ങൾ വിഗ്രഹങ്ങളെക്കൊണ്ട് നിറക്കുന്നത്. വിഗ്രഹം ഉണ്ടാക്കരുത്, അവയെ ആരാധിക്കരുത്, എന്ന രണ്ടാമത്തെ കൽപ്പന നീക്കം ചെയ്ത വിടവിലൂടെയാണ് എണ്ണമറ്റ വിഗ്രഹങ്ങൾ സഭയിലേക്ക് തള്ളിക്കയറിയത്. അണപൊട്ടി വെള്ളം പൊങ്ങുന്നതുപോലെ മനുഷ്യഹൃദയങ്ങളിൽ വിഗ്രഹ ചിന്ത നിറഞ്ഞു.

4a. ഭൗതിക അധികാരത്തിൽ നയിക്കപ്പെട്ട് സഭ വളർന്നു

ബ്രിട്ടീഷ് സാമ്രാജ്യം ഭൂമുഖത്ത് വ്യാപിച്ചതിന്റെ തണൽപറ്റി റോമൻ കത്തോലിക്കാസഭയും വ്യാപിച്ചു. ക്രിസ്തുവിൽ നിന്നും സഭയെ മുറിച്ചു മാറ്റിയതിനു ശേഷമാണ് ഇത് സംഭവിച്ചത് എന്നതിനാൽ മിഷണറിമാരായി വന്നവർക്കും ക്രിസ്തുവിനെ അറിയില്ലായിരുന്നു. ക്രിസ്തുവിനെ പ്രസംഗിക്കേണ്ടതിനു പകരം അവർ “സഭയെയാണ്” പ്രസംഗിച്ചത്. കത്തോലിക്കാസഭയിലെ വഴിതെറ്റിപ്പോയ വിശ്വാസാചാരങ്ങളെയാണ് പ്രസംഗിച്ചത്. ആ വിശ്വാസആചാരങ്ങളെ ഭരണാധികാരികളുടെ പിന്തുണയോടുകൂടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. (ഉദാഹരണം: ഗോവ മെത്രാൻ മെനസിസ് നടത്തിയ ഉദയംപേരൂർ സുനഹദോസ്) അങ്ങനെ മിഷനറിമാർ ചെന്നിടത്തെല്ലാം അവിടെയുണ്ടായിരുന്നവരെ സഭയിൽ ചേർത്തു. അവിടെയെല്ലാം അവർ പ്രതിമകൾ സ്ഥാപിച്ചു. നേർച്ചപ്പെട്ടികൾ വച്ചു. വണക്കമാസവും നൊവേനയും തുടങ്ങി; പ്രസംഗിക്കാൻ തുടങ്ങി; അത്ഭുതങ്ങൾ വർദ്ധിപ്പിച്ചു. കെട്ടിച്ചമച്ച നിരവധി (പുതുമ) അത്ഭുതകഥകളാൽ നിറച്ച വണക്കമാസ പുസ്തകത്തിലൂടെ എത്രമാത്രം നുണകളാണ് സഭ പ്രചരിപ്പിച്ചത്. അത്ഭുതപ്രവർത്തകരുടെ വണക്കം പ്രചരിപ്പിച്ചുകൊണ്ട് മനുഷ്യ ഹൃദയങ്ങളിൽ നിന്ന് ഏക സത്യവും പ്രകാശവുമായ യേശുവിനെ പുറത്താക്കി. അങ്ങനെ സഭ സാത്താന്റെ സാമ്രാജ്യമായി അധഃപ്പതിച്ചു. കൊടുങ്കാറ്റുപോലെ സാത്താന്റെ സാമ്രാജ്യം വ്യാപിച്ചു. ഇതൊക്കെ വിജാതീയരുടെ വിഗ്രഹങ്ങൾക്ക് തുല്യമാണല്ലൊ എന്ന് ഏതാനും വിശ്വാസികൾ ഉറക്കെ ചിന്തിക്കുന്നു എന്ന് അറിഞ്ഞപ്പോൾ പുരോഹിതന്മാർ പ്രസംഗിച്ചു; പഠിപ്പിച്ചു; ഇതൊന്നും വിഗ്രഹങ്ങൾ അല്ല; വിജാതിയരുടേതാണ് വിഗ്രഹങ്ങൾ.

ആരുടെയെങ്കിലും ഒരു പ്രതിമയുണ്ടാക്കി അതിനെ ആത്മീയ കാര്യത്തിനുവേണ്ടി ഉപയോഗിക്കുമ്പോൾ അത് വിഗ്രഹമാണ് ഏതുവിധത്തിലും അതിനോട് ബന്ധപ്പെടുന്നത് വിഗ്രഹാരാധനയാണ്.

ഇതൊന്നും ദൈവങ്ങളല്ല, പുണ്യവാളൻമാരും പുണ്യവതികളും ആണ്; ഇവരെയൊക്കെ നമ്മൾ വണങ്ങുന്നത് ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ആണ്; ഇവർ നമ്മുടെ മധ്യസ്ഥന്മാരാണ്; നമുക്ക് വേണ്ടി ദൈവത്തിന്റെ അടുക്കൽ വക്കീൽ പണി നടത്തുന്നവർ; നമ്മൾ പാപികളാണ്.

മൂക പ്രതിമയ്ക്ക് മുമ്പിൽ തിരുസ്വരൂപം എന്ന് എഴുതിയാൽ പ്രതിമയ്ക്ക് ദൈവീകശക്തി ലഭിക്കുമോ? ശവത്തിന്റെ മേൽ ജീവനുള്ളത് എന്നെഴുതിയാൽ ജീവൻ ഉണ്ടാകുമോ? പ്രതിമ, പ്രതിമതന്നെ. പ്രതിമയെ വണങ്ങുന്നവരും ചുമക്കുന്നവരും 10 കല്പനകളിൽ രണ്ടാമത്തേത് മനഃപ്പൂർവം ലംഘിച്ച് അക്ഷന്തവ്യമായ പാപം ചെയ്യുന്നു.

നമുക്ക് നേരിട്ട് കർത്താവിനോട് യാതൊന്നും ചോദിക്കാൻ യോഗ്യതയില്ല. നമ്മുടെ എല്ലാ കാര്യങ്ങളും ഈ മധ്യസ്ഥന്മാരോട് പറഞ്ഞാൽ മതി. അവർ നമുക്ക് കർത്താവിൽ നിന്നും വാങ്ങിച്ചു തരും. പിന്നെ ഈ മധ്യസ്ഥൻമാരെ നമ്മൾ സന്തോഷിപ്പിക്കണം. അതിനനുസരിച്ചായിരിക്കും അവർ എന്തെങ്കിലും വാങ്ങി തരുന്നത്. നേർച്ചകാഴ്ചകൾ കൊടുക്കണം; പെരുന്നാൾ നടത്തണം; വെടിക്കെട്ട് വേണം. ഇതൊക്കെ തെറ്റല്ലേ ദൈവം ഒന്നല്ലേയുള്ളു. ദൈവത്തേയല്ലേ ആരാധിക്കേണ്ടത് എന്നൊക്കെ ആരെങ്കിലും പറഞ്ഞു നിങ്ങളെ പേടിപ്പിക്കുകയൊ വഴിതെറ്റിക്കാൻ ശ്രമിക്കുകയോ ചെയ്താൽ നിങ്ങൾ അത് കേൾക്കേണ്ട; അവരൊക്കെ ശപിക്കപ്പെട്ടവരാണ്. അവരൊക്കെ നരകത്തിൽ വീഴാനുള്ളവരാണ്. നമ്മൾ പുണ്യാത്മാക്കളെ ആരാധിക്കുന്നില്ല, അവരെ നാം വാങ്ങുന്നതേയുള്ളു. ഇത്തരത്തിൽ നിരന്തരം പഠിപ്പിച്ച ദൈവജനത്തെ ദൈവത്തിൽ നിന്ന് അകറ്റി വിഗ്രഹത്തിലേക്ക് അടുപ്പിക്കുകയും, അവയെ ചുറ്റിപ്പറ്റിത്തന്നെ അവരെ മെരുക്കി എടുക്കുകയും ആണ് കത്തോലിക്കാസഭ ചെയ്തിട്ടുള്ളത്. എന്നാൽ അവയെ ആരാധിക്കുകയോ പ്രണമിക്കുകയൊ ചെയ്യരുത് എന്നാണ് ദൈവകൽപന.

*******

© 2020 by P M Mathew, Cochin

bottom of page