top of page
Bible God's Word Series_01
P M Mathew
JUN 24, 2023
Bible:God's Word (Part-1).
ബൈബിൾ : ദൈവവചനം (ഭാഗം-1).

അജ്ഞേയനായ ദൈവം തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിച്ച മനുഷ്യനോട് സംസാരിക്കുന്ന മാദ്ധ്യമമായും മനുഷ്യന് ദൈവത്തെ അറിയുവാനുള്ള മാദ്ധ്യമമായും ബൈബിൾ വർത്തിക്കുന്നു. ദൈവശ്വാസീയമായ ഈ ഗ്രന്ഥം അപ്രമാദിത്വവും അബദ്ധരഹിതവും ആയിരിക്കുമ്പോൾ തന്നെ ബുദ്ധിക്കും യുക്തിക്കും ശാസ്ത്രീയതക്കും നിരക്കുന്നതാണ്.

ബൈബിൾ എന്ന അത്ഭുത പ്രതിഭാസത്തെ ഒറ്റ രീതിയിൽ മാത്രമേ വിശദീകരിക്കുവാൻ സാധിക്കു: ബൈബിൾ ദൈവത്തിന്റെ വചനമാണ് എന്ന്. മനുഷ്യൻ വിചാരിച്ചാൽ എഴുതാൻ കഴിയാത്തതൊ അഥവാ അവൻ അതിനു തുനിഞ്ഞാൽ അവനു സാദ്ധ്യമാകുകയൊ ചെയ്യാൻ കഴിയാത്ത ഏകഗ്രന്ഥമാണ് ബൈബിൾ.

ഇതര മത ഗ്രന്ഥങ്ങൾ, എണ്ണത്തിൽ പരിമിതമായി സാമാന്യരീതിയിൽ നിന്ന് വ്യതിരിക്തമായി ഉണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെയും വസ്തുതയ്ക്ക് നിരക്കുന്നതോ നിരക്കാത്തതോ ആയ ദൈവത്തിലോ ദൈവങ്ങളിലൊ വിശ്വസിക്കുവാൻ മനുഷ്യൻ തീരുമാനിച്ചതിന്റെ വെളിച്ചത്തിൽ അവന്റെ ദൈവാന്വേഷണ ഫലമായി ഉണ്ടായിട്ടുളളവയാണ്. അതായത് അവയൊക്കെയും മനുഷ്യന്റെ സ്വയാധിഷ്ഠിതമായ അറിവിൽ നിന്നും ഉണ്ടായിട്ടുള്ളവയാണ്.

മനുഷ്യൻ പാപം ചെയ്യുന്നതിനു മുമ്പ് അവൻ അറിവ് സമ്പാദിച്ചിരുന്നത് ദൈവത്തിൽ നിന്നാണ്. അതായത്, ദൈവം മനുഷ്യനോട് സംസാരിച്ചത് അവന്റെ അറിവായി തീർന്നു. ദൈവമായിരുന്നു അവന്റെ അറിവിന്റെ ഉറവിടം. എന്നാൽ മനുഷ്യൻ പാപം ചെയ്ത ശേഷം അവൻ സ്വയാധിഷ്ഠിതമായ അറിവ് നേടാൻ തുടങ്ങി. ശരിയും തെറ്റും സ്വയം തീരുമാനിക്കാൻ തുടങ്ങി. ദൈവത്തെ സംബന്ധിച്ചിടത്തോളം തന്റെ അറിവ് നന്മയെന്നോ തിന്മയെന്നൊ എന്ന് തനിക്ക് അറിയാമായിരുന്നു; കാരണം താൻ സർവ്വജ്ഞാനിയാണ്. എന്നാൽ മനുഷ്യൻ സർവ്വജ്ഞാനി അല്ലാത്തതിനാൽ തന്റെ അറിവ് നന്മയാണോ തിന്മയാണോ എന്ന് തനിക്ക് അനുഭവമായി തീർന്നതിനു ശേഷമേ നന്മയാണോ തിന്മയാണോ എന്ന് താൻ അറിയുവാൻ കഴിയുകയുള്ളു. അങ്ങനെ മനുഷ്യനിർമ്മിതമായ ഇത്തരം ഗ്രന്ഥങ്ങൾ അർത്ഥ സത്യങ്ങൾ ഉൾക്കൊള്ളുന്നതും അപൂർണ്ണവും അബദ്ധ പങ്കിലവുമാണ് നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ഏതൊരുവനും അവയൊക്കെയും സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് എന്ന് മനസ്സിലാക്കുവാൻ അധികം ബുദ്ധിമുട്ടേണ്ടി വരികയില്ല

എന്നാൽ ബൈബിൾ അതിൽനിന്നൊക്കെ വിഭിന്നമായി അപരിമേയമായ ദൈവം, ഈ പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ച ദൈവം, തന്റെ സൃഷ്ടിയായ മനുഷ്യനു തന്നെത്തന്നെ സ്വയം വെളിപ്പെടുത്തേണ്ടതിനായി തന്റെ ആത്മാവിനാൽ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരാൽ എഴുതി നൽകപ്പെട്ടതാണ്. ആയതിനാൽ ബൈബിൾ തികച്ചും നിസ്തുല്യവും അതിന്റെ ഉറവിടം ദൈവീകവും ആണ്.

'ബൈബിൾ' എന്ന പദം

'BIBLOS' 'BIBLION' എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് 'ഒരു ബുക്ക്' എന്ന് അർത്ഥമുള്ള ബൈബിൾ എന്ന പേരുണ്ടായത്. അക്കാലങ്ങളിൽ എഴുതുവാനായി ഉപയോഗിച്ചിരുന്ന 'BIBLOS' അഥവാ 'പാപ്പിറസ്' എന്ന വാക്കിൽ നിന്നാണ് 'BIBLOS' എന്ന പദം ഒരുത്തിരിഞ്ഞിരിക്കുന്നത്. ഈജിപ്തിലെ നൈൽ നദിയിയുടെ ചതുപ്പ് പ്രദേശങ്ങളിൽ കണ്ടുവരുന്ന നീളമുള്ള ഒരു തരം ഞാങ്ങണചെടിയാണ് 'പാപ്പിറസ്'. അതിന്റെ ശേഖരിച്ചു, അതിന്റെ മധ്യഭാഗം നേർത്ത സ്ട്രിപ്പുകളായി മുറിച്ച് ഒരുമിച്ച് അമർത്തി ഉണക്കി മിനുസമാർന്ന നേർത്ത രചനാ പ്രതലമുണ്ടാക്കി അതിലെഴുതുകയാണ് അക്കാലങ്ങളിൽ ചെയ്തിരുന്നത്.

I. പഴയ നിയമവും പുതിയ നിയമവും

66 പുസ്തകങ്ങൾ അടങ്ങിയിട്ടുള്ള വിശുദ്ധ ബൈബിളിനെ പൊതുവേ പഴയനിയമം പുതിയനിയമം എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നിയമം അഥവാ Testament എന്നതുകൊണ്ട് അർത്ഥമാക്കുന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ഉടമ്പടി അഥവാ covenant എന്നാണ്. ആദാമും ദൈവവുമായുള്ള ഉടമ്പടി, അബ്രാഹമിനോട് ചെയ്ത ഉടമ്പടി, ഇസ്രയേൽ ജാതിയോടു ചെയ്ത ഉടമ്പടി അങ്ങനെ നിരവധി ഉടമ്പടികൾ പഴയനിയമത്തിൽ കാണുവാൻ കഴിയും.

ആദം...............................ഉല്പത്തി 2: 16-17
നോഹ............................ ഉല്പത്തി 9:1-17
അബ്രഹാം....................ഉല്പത്തി 15:18
ഇസഹാക്ക്.................,,,ഉല്പത്തി 26:3-5
ഇസ്രായേൽ..................പുറപ്പാട് 19:5
ദാവീദ്.............................സങ്കീർത്തനം 89:3, സങ്കീ. 28, സങ്കീ 34
ശിഷ്യന്മാർ ...................1 കൊരിന്ത്യർ 11:25

രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പഴയ നിയമം പുതിയ നിയമം എന്നീ പദങ്ങൾ ഉറപ്പിക്കപ്പെട്ടു. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭ കാലയളവിൽ ജീവിച്ചിരുന്ന ഓറിജൻ എന്ന സഭാപിതാവ് ദൈവിക തിരുവെഴുത്തുകളായ പഴയ പുതിയ നിയമങ്ങൾ എന്നു തന്റെ തിരുവെഴുത്തുകളിൽ പരാമർശിച്ചിട്ടുണ്ട്.

പഴയനിയമത്തിൽ 39 പുസ്തകങ്ങളും പുതിയ നിയമത്തിൽ 27 പുസ്തകങ്ങളും ആണുള്ളത്.

A. പഴയനിയമം (Old Testament)

പഴയനിയമം ക്രിസ്തുവിനു മുൻപ് 1445 ൽ എഴുതപ്പെട്ടു എന്നും അവസാനപുസ്തകമായ മലാക്കി പ്രവചനം ബി സി 400 ലും എഴുതപ്പെട്ടു എന്നും കണക്കാക്കപ്പെടുന്നു. ആദ്യത്തെ 17 പുസ്തകങ്ങളെ ചരിത്ര പുസ്തകമെന്നും അവസാനത്തെ 17 പുസ്തകങ്ങളെ പ്രവചന പുസ്തകങ്ങളെന്നും ഇടക്കുള്ള 5 പുസ്തകങ്ങളെ കാവ്യപുസ്തകങ്ങളെന്നും തരം തിരിക്കാം.

ആദ്യത്തെ 5 പുസ്തകങ്ങൾ മോശെ എഴുതിയതും ന്യായപ്രമാണ പുസ്തകങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നതുമാണ്. അവ ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നിവയാണ്.

പിന്നീടുള്ള 12 പുസ്തകങ്ങൾ ചരിത്ര പുസ്തകങ്ങളാണ്. യോശുവ, ന്യായാധിപന്മാർ, രൂത്ത്, 1&2 ശമുവേൽ, 1&2 രാജാക്കന്മാർ, 1&2 ദിനവൃത്താന്ദങ്ങൾ എന്നിവയാണ് അവ. അതിൽ ആദ്യത്തെ ഒൻപതെണ്ണം യിസ്രായേൽ ജനതയുടെ പ്രവാസത്തിനു മുൻപുള്ളവ എന്നും അവസ്സാനത്തെ മൂന്നെണ്ണം പ്രവാസത്തിനു ശേഷവുള്ളവ എന്നും തരംതിരിക്കാം.

ബാക്കിയുള്ള 17 പ്രവചന പുസ്തകങ്ങളെ രണ്ടായി തരംതിരിക്കാം. ഇതിൽ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ-യെശയ്യാവ് യിരമ്യാവ്, വിലാപങ്ങൾ, യെഹസ്കേൽ, ഡാനിയൽ- എന്നിവ വലിയ പ്രവാചകന്മാർ എന്നും പിന്നീടുള്ള 12 പുസ്തകങ്ങളെ-ഹോശയ യോവേൽ, ആമോസ്, ഓബദ്യാവ്, യോന, മീഖാ, നഹൂം, ഹബക്കൂക്, സെഫന്യാവ്, ഹഗ്ഗായി, സെഖര്യാവ്, മലാക്കി- എന്നിവയെ ചെറിയ പ്രവാചകന്മാർ എന്നും തരംതിരിക്കാവുന്നതാണ്. ചെറിയ പ്രവാചകൻമാരുടെ ആദ്യത്തെ ഒൻപത് പുസ്തകങ്ങളെ ഇസ്രായേൽജനം പ്രവാസത്തിലായിരുന്നപ്പോൾ ഉള്ള പ്രവചന പുസ്തകങ്ങൾ എന്നും അവസാനത്തെ മൂന്നെണ്ണം പ്രവാസത്തിനു ശേഷമുള്ളവ എന്നും മുമ്പ് തിരിച്ചതുപോലെ തരംതിരിക്കാവുന്നതാണ്.

പിന്നെ കാണുന്ന 5 പുസ്തകങ്ങളെ കവിതകളുടെ ഗണത്തിൽ പെടുത്താം. ഇയ്യോബ്, സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ, സഭാപ്രസംഗി, ഉത്തമഗീതങ്ങൾ എന്നിവ കവിതാസമാഹാരങ്ങളായി കണക്കാക്കാം. ഇവ വ്യക്തിപരമായ അനുഭവത്തിനും ധ്യാനത്തിനും പ്രാധാന്യം കൊടുത്ത് എഴുതിയിട്ടുള്ളവയാണ്.

മനുഷ്യൻ അകപ്പെട്ടുപോയ വലിയ അപകടം അഥവാ വിഴ്ചയെക്കുറിച്ച് ആദ്യപുസ്തകമായ ഉൽപ്പത്തി മൂന്നാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുമ്പോൾ പുതിയ നിയമത്തിലെ അവസാന പുസ്തകമായ വെളിപ്പാടിൽ (21-ാം അദ്ധ്യായം) പാപവും അതിന്റെ ഫലമായ ശാപവും എന്നന്നേക്കുമായി തുടച്ചു നീക്കപ്പെടുന്നു എന്നു നാം കാണുന്നു. എന്നാൽ പാപമോചനം പ്രാപിക്കാതെ ഈ ലോകത്തു നിന്നു മാറ്റപ്പെടുന്നവർ നിത്യശിക്ഷാവിധിയിൽ അകപ്പെടുമെന്നും കർത്താവു കൊണ്ടുവരുന്ന പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും അവർക്ക് പങ്കുണ്ടാവുകയില്ല എന്നും വ്യക്തമാക്കുന്നു.

പുതിയനിയമം (New Testament)

പുതിയനിയമം എഴുതപ്പെട്ടത് A D 45 നും A D 95 നും ഇടയിലാണ്. 27 പുസ്തകങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ആദ്യത്തെ 4 പുസ്തകങ്ങൾ സുവിശേഷങ്ങളാണ്. യേശുക്രിസ്തുവിന്റെ ജനനം, ജീവിതം, തന്റെ ശുശ്രൂഷ, തന്റെ കാല്വരിക്രൂശിലെ മരണം, മരണത്തിൽ നിന്നുള്ള പുനരുത്ഥാനം എന്നിവ വിവരിക്കുന്നു. സുവിശേഷകർ നാലുപേരും നാലു വീക്ഷണകോണുകളിൽ നിന്നാണ് ഈ നാലു സുവിശേഷങ്ങളും എഴുതിയിരിക്കുന്നത്. ഈ നാലു സുവിശേഷങ്ങളിലേയും വിവരണങ്ങൾ തമ്മിൽ അനേകം സമാനതകളും എന്നാൽ ചില വ്യത്യാസങ്ങളും ദർശിക്കുവാൻ കഴിയും. പിന്നീടുള്ള അപ്പൊസ്തലപ്രവൃത്തികൾ ചരിത്രപുസ്തകമാണ്. അതിൽ കർത്താവു ആരംഭിച്ച സുവിശേഷഘോഷണം, കർത്താവിന്റെ ശിഷ്യന്മാർ ദൈവത്തിന്റെ പരിശുദ്ധാത്മശക്തിയാൽ മുന്നോട്ടു നയിക്കുന്നത്, അന്നത്തെ അറിയപ്പെടുന്ന ലോകത്തെല്ലായിടത്തും വ്യാപിക്കുന്നതും അനേകം സഭകൾ സ്ഥാപിക്കുന്നതുമായ കാര്യങ്ങൾ വിവരിക്കുന്നു. ഇത് എഴുതിയത് സുവിശേഷത്തിന്റെ എഴുത്തുകാരനായ ലുക്കൊസാണ്. പിന്നെ അപ്പോസ്തലനായ പൗലോസ് എഴുതിയ 13 ലേഖനങ്ങളുണ്ട്, യേശുവിന്റെ അപ്പൊസ്തലനായ യോഹന്നാന്റെ പേരിൽ ഒരു സുവിശേഷവും, മുന്നു ലേഖനങ്ങളും അവസ്സാനത്തെ പുസ്തകമായ വെളിപ്പാടും ഉണ്ട്. യേശുവിന്റെ അർത്ഥ-സഹോദരനായ യാക്കോബും യൂദയും ഒരോ ലേഖനങ്ങൾ എഴുതിയിരിക്കുന്നു. യേശുവിന്റെ ശിഷ്യന്മാരിൽ പ്രധാനിയായ പത്രോസിന്റെ പേരിൽ 2 ലേഖനങ്ങളും എഴുത്തുകാരൻ ആരെന്ന് ഉറപ്പായി പറയാൻ കഴിയാത്ത എബ്രായലേഖനവും ഉൾപ്പടെ ആകെ മൊത്തം 27 പുസ്തകങ്ങൾ അടങ്ങിയതാണ് പുതിയ നിയമം. ഗ്രീക്ക് ഭാഷയിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.


*******

© 2020 by P M Mathew, Cochin

bottom of page