
നിത്യജീവൻ

Bible God's Word Series_03
P M Mathew
JUN 27, 2023
Evidence for Bible God's Word.
ബൈബിൾ ദൈവവചനമാണെന്നതിനുള്ള തെളിവുകൾ.
I. ആന്തരികമായ തെളിവുകൾ
ബൈബിൾ വായിക്കുന്ന ഏതൊരാളും അത് ഒരു അസാധാരണ പുസ്തകമാണ് എന്ന് സമ്മതിക്കും. നാല്പതോളം എഴുത്തുകാർ വിവിധ സ്ഥലങ്ങളിൽ ഇരുന്ന് ആയിരക്കണക്കിന് വർഷത്തെ ചരിത്രം എഴുതിയിട്ടുണ്ട് എന്നിരിക്കിലും അതിനെ ഒരു സാധാരണ 'പുസ്തകസമാഹാരമായി' കാണുവാൻ കഴിയുന്നതല്ല മറിച്ച്, അനിതരസാധാരണമായി തുടർമാനമായി എഴുതപ്പെട്ട 'ഒരു പുസ്തകം' എന്നേ ഇതിനെക്കുറിച്ചു പറയുവാൻ കഴിയുകയുള്ളു. ബൈബിളിൽ ഏതാണ്ട് 1500-ലധികം തവണ ഇത് ദൈവത്തിന്റെ വചനമാണ്, "സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു", "നിങ്ങളെ സൃഷ്ടിച്ച യഹോവ കല്പിക്കുന്നു" "കർത്താവ് അരുളിച്ചെയ്യുന്നു" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കാണുവാൻ കഴിയും. ബൈബിളിലെ നൂറിലധികം വരുന്ന വേദഭാഗങ്ങൾ ഇത് ദൈവവചനമാണ് എന്ന് പ്രഖ്യാപിക്കുന്നു അതല്ല്ലെങ്കിൽ അങ്ങനെ അനുമാനിക്കുന്നു. അങ്ങനെയുള്ള ചില വേദഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ആവർത്തനം 6:6-9; 17-18 ജോഷ്വ 1:8; 8:32-35; 2 ശമുവേൽ 22:31, സങ്കീർത്തനം 1:2; 12:6; 19:7-11; 93: 5; 119:9, 11, 18, 89- 93; 97-100; 104:5; 130; സദൃശ്യവാക്യങ്ങൾ 30:5-6; യെശയ്യ 55:10-11; യിരമ്യ 15:16: 23:29 ദാനിയേൽ 10: 21; മത്തായി 5:17-19; 22:29; മർക്കോസ് 13: 31; ലുക്കൊസ് 16:17; യോഹന്നാൻ 2:22; 5 -24; 10-35 അപ്പോസ്തല പ്രവർത്തികൾ 17:11; റോമർ 10:17; 1 കൊരിന്ത്യർ 12:13; കൊലൊസ്യർ 3:16; 1 തെസ. 2:13; 2 തിമൊത്തി:2:15; 3:15-17; 1 പത്രൊസ് 1:23-25; 2 പത്രൊസ് 3:15-16; വെളിപ്പാട് 1:2; 22:18 എന്നിവയാണ് അവ.
പഴയനിയമ എഴുത്തുകാർ ഇത് ദൈവവചനമാണ് എന്ന് ഉറച്ചു വിശ്വസിക്കുകയും ആ നിലയിൽ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഉദാഹരണമായി സങ്കീർത്തനം 19 ന്റെ 7 മുതൽ 11 വരെ വാക്യങ്ങൾ ശ്രദ്ധിക്കുക.
7"യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു: അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. 8യഹോവയുടെ ആജ്ഞകൾ നേരുള്ളവ: അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്: അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു. 9 യഹോവ ഭക്തി നിർമ്മലമായതു: അതു എന്നേക്കും നിലനിൽക്കുന്നു: യഹോവയുടെ വിധികൾ സത്യമായവ: അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു: 10 അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. 11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു."
ദൈവത്തിന്റെ വചനം പൂർണ്ണതയുള്ളതാണ്; അതു വിശ്വാസ്യമാണ്, നേരുള്ളതാണ്, എന്നേക്കും നിലനിൽക്കുന്നതാണ്, സത്യമായതാണ്, നീതിയുള്ളതാണ്. വചനം വായിക്കുകയും ധ്യാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവനെ അത് രൂപാന്തരപ്പെടുത്തുന്നു.
അതു പ്രാണനു ആശ്വാസം പകരുന്നു, അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു, അതു ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു, അതു വിലയേറിയ സമ്പത്താണ്, അതു മാധുര്യമേറിയതാണ്.
യേശുക്രിസ്തു തന്നേയും ബൈബിളിന്റെ മാറ്റമില്ലായ്മയെ അടിവരയിടുന്നു. മത്തായി 5: 17-18 വാക്യങ്ങളിൽ യേശു ഇപ്രകാരം പറയുന്നു: "ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയൊ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുതു. നീക്കുവാനല്ല, നിവൃത്തിപ്പാനത്രേ ഞാൻ വന്നതു. സത്യമായിട്ട് ഞാൻ നിങ്ങളോട് പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും വൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്ന് ഒരു വള്ളി എങ്കിലും ഒരു പുള്ളിയെങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല."
അതായത്, ദൈവത്തിന്റെ വചനം യാതൊരു മാറ്റവുമില്ലാതെ എല്ലാകാലത്തും നിലനിൽക്കുമെന്നാണ് യേശു അർത്ഥമാക്കിയത്. "ന്യായപ്രമാണത്തിൽ നിന്ന് ഒരു വള്ളി എങ്കിലും ഒരു പുള്ളിയെങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല" എന്നു പറഞ്ഞാൽ, ബൈബിളിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിലും വള്ളി പുള്ളി വ്യത്യാസം വരികയില്ല എന്നാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ i എന്ന അക്ഷരത്തിലെ ആ ചെറിയ കുത്ത്, P എന്ന അക്ഷരത്തേയും R എന്ന അക്ഷരത്തേയും തമ്മിൽ വേർതിരിച്ചറിയുവാൻ ഉപയോഗിച്ചിരിക്കുന്ന \ ഈ ചെറിയ വര എന്നിങ്ങനെ വളരെ ചേറിയ കാര്യമ്പോലും വ്യത്യാസവും വരികയില്ല എന്നാണ് അർത്ഥമാക്കുന്നത്. ഒരോ അക്ഷരവും ചേർന്നതാണല്ലോ വാക്കുകൾ. അക്ഷരങ്ങൾ മാറുന്നതിനനുസരിച്ച് വാക്കുകൾക്ക് അർത്ഥവ്യത്യാസം സംഭവിക്കുന്നു. അതായത് മൂല ഗ്രന്ഥത്തിലെ ഒരു വള്ളിക്കൊ ഒരു പുള്ളിക്കൊ വ്യത്യാസം വരികയില്ല എന്നാണ് കർത്താവ് പറഞ്ഞത്.
ബൈബിൾ ദൈവവചനമാണ് എന്ന ബൈബിളിന്റെ തന്നെ പ്രഖ്യാപനത്തെ അഥവാ അവകാശവാദത്തെ നിരസിച്ചുകൊണ്ടു വേണം ഒരു വ്യക്തി ബൈബിളിനെ തിരസ്കരിക്കാൻ.
II. ബാഹ്യമായ തെളിവുകൾ
ബൈബിൾ ദൈവവചനമാണെന്ന് സ്വയം അവകാശപ്പെടുന്നു എന്നതു കൂടാതെ അതു സ്ഥാപിക്കാൻ സഹായിക്കുന്ന അനേകം തെളിവുകൾ നൽകുകയും ചെയ്യുന്നു എന്നത് ഏതൊരു നാസ്തികനായ വായനക്കാരനെയും അതിശയിപ്പിക്കുന്ന വസ്തുതയാണ്.
1. ബൈബിളിനെ തുടർമാനത/ ഐക്യത
1600 വർഷക്കാലയളവിൽ ജീവിച്ചിരുന്ന നാൽപതോളം എഴുത്തുകാരാൽ എഴുതപ്പെട്ട 66 പുസ്തകങ്ങൾ അടങ്ങിയ ഒരു പുസ്തക സമാഹാരമാണ് ബൈബിൾ എന്നിരിക്കലും ഇത് ഒരു പുസ്തകമായി മാത്രമെ കാണുവാൻ കഴിയുകയുള്ളു.
ജീവിതത്തിന്റെ വിവിധ തുറകളിൽ പെട്ടവർ ഇതിന്റെ എഴുത്തുകാരായിട്ടുണ്ട്. രാജാക്കന്മാർ, തൊഴിലാളികൾ, തത്ത്വചിന്തകർ, മീൻപിടുത്തക്കാർ, വൈദ്യന്മാർ, രാജ്യതന്ത്രജ്ഞർ, പണ്ഡിതന്മാർ, കവികൾ, ആട്ടിടന്മാർ, കൃഷിക്കാർ എന്നിങ്ങനെ വിവിധ നിലകളിലുള്ള ആളുകൾ എഴുത്തുകാരായുണ്ട്.
ദാവീദും ശലോമോനും രാജാക്കന്മാർ ആയിരുന്നെങ്കിൽ ദാനിയേലും നെഹെമ്യാവും ഭരണതന്ത്രജ്ഞരായിരുന്നു. എസ്രാ പുരോഹിതനും മോശ മിസ്രയിമിലെ സകല ജ്ഞാനവും അഭ്യസിച്ചവനുമായിരുന്നു. ആമോസ് ആട്ടിടയനായിരുന്നപ്പോൾ യോശുവ സർവ്വസൈന്യാധിപൻ ആയിരുന്നു. പുതിയനിയമത്തിലെ 13 പുസ്തകങ്ങളുടെ രചയിതാവായ അപ്പസ്തോലനായ പൗലോസ് ഒരു യെഹൂദപണ്ഡിതനും ന്യായപ്രമാണത്തിൽ അഗ്രഗണ്യനുമായിരുന്നു. യേശുവിന്റെ ശിഷ്യന്മാരായ പത്രോസും യോഹന്നാനും മീൻപിടുത്തക്കാർ ആയിരുന്നു. മത്തായി ചുങ്കം പിരിക്കുന്നവനും, ലൂക്കോസ് ഒരു വൈദ്യനുമായിരുന്നു.
പ്രധാനമായും രണ്ട് ഭാഷകളിലാണ് ബൈബിൾ എഴുതപ്പെട്ടത്. പഴയനിയമം ഹെബ്രായഭാഷയിലും പുതിയനിയമം ഗ്രീക്ക് ഭാഷയിലും. എന്നാൽ ഡാനിയൽ പുസ്തകത്തിലെ ചില ഭാഗങ്ങളും (ദാനിയേൽ 2: 4 -7: 28) എസ്രായുടെ പുസ്തകത്തിലെ ചില ഭാഗങ്ങളും (എസ്രാ 4:8-6:18; 7:12-16), കൂടാതെ പുതിയനിയമത്തിലെ "തലീഥാകുമി' (മർക്കൊ. 7:34) "എലോഹി എലോഹി ലമ്മാ ശബക്താനി" (മർക്കൊ. 7:34) എന്നീ പദങ്ങളും അരാമ്യഭാഷയിലാണ് എഴുതപ്പെട്ടത്.
ഈ പുസ്തകത്തിന്റെ രചനയ്ക്കായി ദൈവം മനുഷ്യനെയാണ് ഉപയോഗിച്ചത് എന്നിരിക്കലും അതിലെ ആശയങ്ങളും ഈ ആശയങ്ങൾക്കായി അവർ ഉപയോഗിച്ച വാക്കുകളും വാക്യങ്ങളും കുത്തും കോമയും എല്ലാം ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവയാണ്.
ഒരു എഴുത്തുകാരൻ അതിനെക്കുറിച്ചു പറഞ്ഞത്, അനേകം കഥകൾ പറയുന്ന ഒരു പുസ്തകമല്ല, ഒരു ചരിത്രകഥ പറയുന്ന അനേകം പുസ്തകങ്ങളുടെ ഒരു ഗ്രന്ഥമാണ്.
ആദ്യ ഗ്രന്ഥകാരനായ മോശ മരിച്ചതിനുശേഷം അനേകം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് അവസാനത്തെ പുസ്തകമായ വെളിപ്പാട് എഴുതിയത്. സംസ്കാരത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും ഭാഷയുടെയും കാലഘട്ടത്തിന്റേതുമായ ഇത്രയേറെ വൈരുദ്ധ്യങ്ങൾ നിലനിന്നിട്ടും ഒരു വ്യക്തിയുടെതെന്ന പോലെ ഐകരൂപ്യമുള്ള ഒരു പുസ്തകമായി ഇത് നിലകൊള്ളുന്നു. എഴുത്തുകാരിൽ വ്യാപാരി ച്ചിരുന്നത് പരിശുദ്ധാത്മാവും അവർ രേഖപ്പെടുത്തിയത് ദൈവത്തിന്റെ അരുളപ്പാടുകളും ആയിരുന്നതിനാലാണ് ഈ തുടർ മാനതയും ഐക്യതയും ദർശിക്കുവാൻ നമുക്കു കഴിയുന്നത്.
ഈ ലോകത്തിന്റെ സൃഷ്ടി മുതലുള്ള പ്രമേയം തുടങ്ങി പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുന്നതുവരെയുള്ള ചരിത്രം ഇതിൽ വിവരിച്ചിരിക്കുന്നു. പഴയ നിയമം ദൈവത്തെക്കുറിച്ചുള്ള വിജ്ഞാനവും, പാപത്തെക്കുറിച്ചുള്ള വിജ്ഞാനവും, രക്ഷയെ കുറിച്ചുള്ള വിജ്ഞാനവും, ദൈവത്തിന്റെ സഭയെക്കുറിച്ചുള്ള വിജ്ഞാനവും, വരാൻപോകുന്ന ഭാവിയെക്കുറിച്ചുള്ള വിജ്ഞാനവും ഉൾക്കൊള്ളുന്നു. ഈ സിദ്ധാന്തങ്ങൾ ഒരു ആമുഖമെന്ന നിലയിൽ തുടങ്ങി പുരോഗതി പ്രാപിച്ച സങ്കീർണമായ നിലയിൽ വികാസം പ്രാപിക്കുന്നതായി നാം കാണുന്നു. അനേകം പ്രവചനങ്ങൾ അതേപടി നിവർത്തിക്കപ്പെടുന്നു. ഒരു പ്രവചനം നിവൃത്തിക്കുക എന്നു പറഞ്ഞാൽതന്നെ, ഒരു നാണയം ആഴക്കടലിലേക്കു വലിച്ചെറിഞ്ഞിട്ട് അതു തപ്പിയെടുക്കുന്നതുപോലെ അസ്സാദ്ധ്യമായ സംഗതിയാണ്. എന്നാൽ ആയിരക്കണക്കിനു പ്രവചനങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്നതും അതിൽ അനേകം പ്രവചനങ്ങൾ ഇതിനോടൊകം നിവൃത്തിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നതും ഈ പുസ്തകത്തിന്റെ മൂല്യത്തെ വർദ്ധിപ്പിക്കുന്നു. നിവൃത്തിക്കപ്പെടാനിരിക്കുന്ന അനേകം പ്രവചനങ്ങൾ ബൈബിളിൽ ഇനിയും ബൈബിളിൽ ഉണ്ട്. അതു വരാനിരിക്കുന്ന കാലത്തേക്കുള്ളതാണ്; അവയും ഒന്നൊഴിയാതെ നിവൃത്തിക്കും. വളരെ പ്രാധാന്യമേറിയതും തുടർമാനവുമായ മറ്റൊന്ന് യേശുക്രിസ്തു എന്ന വ്യക്തിയെ കുറിച്ചുള്ള പ്രതീക്ഷയും അവന്റെ വരവും, തന്റെ ശുശ്രൂഷയുടെ സാക്ഷാത്കാരവും ആണ്. യേശുക്രിസ്തു എന്ന വ്യക്തിയെ കുറിച്ച് ഇത്ര നിസ്തുല്യമായ രീതിയിൽ എഴുതുവാൻ ദൈവിക സഹായം കൂടിയേതീരൂ. ആയതിനാൽ വിശ്വാസികൾ ബൈബിളിനെ കുറിച്ച് ചിന്തിക്കുമ്പോൾ അതിന്റെ മാനുഷിക എഴുത്തുകാരെ അംഗീകരിക്കുന്നതിനോടൊപ്പം ദൈവാത്മാവിന്റെ പ്രേരണയും നിയന്ത്രണവും ആദ്യാന്തം ഉണ്ടായിരുന്നു എന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു.
2. ബൈബിളിലെ വെളിപ്പാടുകളുടെ വ്യാപ്തി
സത്യം തുറന്നു കാട്ടുന്നതിൽ ബൈബിൾ പൂർണ്ണതയുള്ള ഒരു പുസ്തകമാണ്. ഒരു ദൂരദർശിനിയിൽ എന്നപോലെ സ്വർഗ്ഗത്തിൽ ഉന്നതാവസ്ഥ മുതൽ നരകത്തിന്റെ നീചാവസ്ഥ വരെയുള്ള ദൈവത്തിന്റെ കരവേലയെ ബൈബിൾ വെളിപ്പെടുത്തുന്നു. ബൈബിളിലെ പല പുസ്തകങ്ങളും മനുഷ്യന്റെ അറിവിന്റെ ആദ്യകാലങ്ങളിൽ എഴുതപ്പെട്ടവയാണ്. മാത്രവുമല്ല ഇതിന്റെ എഴുത്തുകാർക്ക് ആധുനിക കണ്ടുപിടിത്തങ്ങളെ കുറിച്ച് അറിവില്ലാതിരുന്നിട്ടുകൂടി അവർ എഴുതിയ കാര്യങ്ങളൊന്നും പിന്നീട് കണ്ടുപിടിക്കപ്പെട്ട ശാസ്ത്രീയ സത്യങ്ങൾക്ക് വിരുദ്ധമായിരുന്നില്ല. ഉദാഹരണമായി, രക്തത്തിലാണ് ജീവൻ നിലനിൽക്കുന്നത് (ലേവ്യ 17:11); സമുദ്രത്തിൽ ജലപാതകൾ ഉണ്ട് (സങ്കീ 8:8); ഭൂമി ഗോളാകൃതിയിൽ സ്ഥിതിച്ചെയ്യുന്നു (യെശയ്യ 40:21,22), ഭൂമി നാസ്തിക്യത്തിന്മേൽ തൂക്കുന്നു (ഇയ്യൊബ് 26:7) ഭൂമിയുടെ "അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു" (ഇയ്യൊബ് 28:5) എന്നിത്യാദി ശാസ്ത്രസത്യങ്ങൾ ബൈബിൾ നമുക്ക് കണ്ടെത്താൻ കഴിയും. മാത്രവുമല്ല പുരാതനമായ എഴുത്തുകൾ ആധുനികകാലത്തുള്ള സാഹചര്യങ്ങൾക്കും തികച്ചും അനുയോജ്യമാണ്. വെളിപ്പാടുകളെ സംബന്ധിച്ചിടത്തോളം ബൈബിളിലെ സത്യങ്ങൾ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്ക് അതീതവും ദൈവത്തിനു മാത്രം അറിയാവുന്ന ഭൂതം വർത്തമാനം ഭാവി കാലത്തെ സംബന്ധിച്ച അനന്യമായ വിവരങ്ങളുമാണ്.
3 ബൈബിളിന്റെ സ്വാധീനവും അതിന്റെ പ്രസിദ്ധീകരണവും.
വിവിധ ഭാഷകൾ വിവിധ സംസ്കാരങ്ങൾ വിവിധ തരം ആൾക്കാർ എന്നിങ്ങനെ നോക്കിയാൽ ബൈബിൾ പോലെ ഒറ്റ പുസ്തകം പോലും ഇത്രയധികം ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടില്ല. പ്രിൻറിംഗ് കണ്ടുപിടിച്ച കാലത്ത് ആദ്യമായി പ്രിൻറ് ചെയ്ത പുസ്തകവും ബൈബിളാണ്. ലക്ഷക്കണക്കിന് കോപ്പികൾ വിവിധ ഭാഷകളിലായി അടിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, എഴുതപ്പെട്ട എല്ലാ ഭാഷകളിലും ബൈബിന്റെ ഏതെങ്കിലും ഭാഗങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കൽ പഞ്ച നാസ്തികനായ വോൾട്ടയർ ഇപ്രകാരം പറഞ്ഞു: "ബൈബിൾ ഒരു തലമുറയ്ക്ക് ഉള്ളിൽ ലുപ്തപ്രചാരമുള്ള ഒരു പുസ്തകമായി തീരും" എന്ന്. അതുപോലെ ഇരുപതാംനൂറ്റാണ്ടിലെ ചില എഴുത്തുകാരും "ജനം മറന്നു കളയുന്ന ഒരു പുസ്തകമായി ബൈബിൾ മാറുമെന്ന്" പ്രവചിച്ചു. എന്നാൽ ഓരോ ദിവസം കഴിയുന്തോറും ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പ്രചാരവും വർദ്ധിച്ചു വരികയാണ്. മറ്റ് മതങ്ങൾ ക്രിസ്ത്യാനികളെ ക്കാൾ വർദ്ധിച്ചിട്ടുണ്ട് എങ്കിലും അവർക്ക് എഴുതപ്പെട്ട വെളിപ്പാട് പുസ്തകം പോലെ ഒന്നില്ല. ബൈബിൾ ഇന്നും നിയമത്തിന്റേയും ധാർമികതയുടേയും അടിസ്ഥാനമായി നിലകൊള്ളുന്നു.
4 ബൈബിളിനെ വിഷയം
ഒരുനാളും അറിയപ്പെടാത്തതും ഒരുപക്ഷേ മറ്റൊരു യാതൊരുതരത്തിലും അറിയപ്പെടാൻ സാധ്യതയില്ലാതിരുന്നതുമായ കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായി ബൈബിൾ പ്രതിപാദിക്കുന്നു എന്നുള്ളതാണ് ബൈബിളിന്റെ സ്വഭാവത്തിന്റെ മറ്റൊരു പ്രത്യേകത. മനുഷ്യൻ ജനിക്കുന്നതിനു മുൻപുള്ള കാര്യങ്ങളെക്കുറിച്ച്, അതായത് പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് തന്നെ വെളിവാക്കുന്നു. അതോടൊപ്പം ദൈവത്തിന്റെ സ്വഭാവത്തെയും പ്രവൃത്തിയെയും കുറിച്ച് ഇതിൽ വിവരിച്ചിരിക്കുന്നു. ബൈബിൾ പ്രവചനത്തിൽ, ദൈവത്തിന്റെ പ്രപഞ്ചത്തിലെ എല്ലാ പദ്ധതികളെയും- ഇസ്രായേലിന്റേയും ക്രിസ്തീയസഭയുടെയും ബന്ധത്തിൽ- വെളുപ്പെടുന്നതിനോടൊപ്പം നിത്യതയെക്കുറിച്ചും വിവരിക്കുന്നു. പ്രസ്താവിക്കുന്ന ഓരോ വിഷയവും പൂർണ്ണതയുള്ളതും തെറ്റു കൂടാത്തതും സമയപരിധിക്കപ്പുറമായും ഉള്ള കാര്യങ്ങളാണ്. പൂർണ്ണമായും ഗ്രഹിക്കാവുന്ന രീതിയിൽ വായനക്കാരെ ബുദ്ധിയിലും സത്യത്തിലും ഒരുപോലെ നയിക്കുന്ന വിധത്തിലാണ് ഇതിൽ കാര്യങ്ങളെ പ്രതിപാദിച്ചിട്ടുള്ളത്.
5 ബൈബിൾ ഒരു സാഹിത്യസൃഷ്ടി എന്ന നിലയിൽ.
ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിൽ ബൈബിൾ ഗംഭീരമാണ്. ചരിത്രവും പ്രവചനങ്ങളും നാടകവും കവിതകളും പ്രേമത്തിന്റെ കഥകളും യുദ്ധങ്ങളും തത്വശാസ്ത്രങ്ങളും ദൈവിക സത്യത്തിന്റെ പൂർണ്ണതയിൽ കോർത്തിണക്കിയ ഒരു ഗ്രന്ഥമാണ് ബൈബിൾ. വിവിധ എഴുത്തുകാർ വിവിധ വിഷയങ്ങളെ അധികരിച്ചു പ്രതിപാദിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഒരു സാഹിത്യം എന്ന നിലയിൽ മറ്റേതൊരു ഗ്രന്ഥത്തെക്കാൾ അധികം ആകർഷിക്കപ്പെടുന്ന ഒന്നാണിത്.
6 ബൈബിളിനെ ആധികാരികത
മനുഷ്യരാൽ എഴുതപ്പെട്ടതെങ്കിലും അത് മനുഷ്യന്റെ ഇച്ഛക്കനുസരിച്ച് എഴുതപ്പെട്ട ഒന്നല്ല; ദൈവത്തിന്റെ ഇച്ഛക്കനുസരിച്ച് എഴുതപ്പെട്ടതാണ്. ബൈബിൾ ഒട്ടും സംശയിക്കാതെ മനുഷ്യന്റെ തെറ്റുകളെയും ബലഹീനതകളെയും ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പംതന്നെ ദൈവത്തിൽ ആശ്രയിക്കാതെ, സ്വന്തം നന്മയിൽ മാത്രം ആശ്രയിക്കുന്നവർ നാശത്തിലേക്കു നീങ്ങുന്നതിനെതിരെ മുന്നറിയിപ്പും നൽകുന്നു. മനുഷ്യനാൽ എഴുതപ്പെട്ടതെങ്കിലും മനുഷ്യൻ മനുഷ്യനു നൽകുന്ന ഉപദേശമല്ല; പ്രത്യുത, ദൈവം മനുഷ്യന് നൽകുന്ന ഉപദേശമാണ്. ഭൂമിയിലെ കാര്യങ്ങളും മനുഷ്യന്റെ അനുഭവങ്ങളും വരച്ചുകാട്ടുമ്പോൾതന്നെ സ്വർഗ്ഗത്തെയും നരകത്തെയും, കാണുന്നതിനും കാണാത്തതിനെയും, ദൈവത്തെയും ദൂതന്മാരെയും, മനുഷ്യനെയും നിത്യതയെയും, ജീവിതത്തെയും മരണത്തെയും വളരെ വ്യക്തമായും ആധികാരികമായും രേഖപ്പെടുത്തി തരുന്നു. ദൈവത്തിൽ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ മനുഷ്യൻ സ്വയം ഇങ്ങനെ ഒരു പുസ്തകം എഴുതാൻ സാദ്ധ്യമല്ല. ആയതിനാൽ മനുഷ്യനാൽ എഴുതപ്പെട്ടതെങ്കിലും ദൈവത്തിൽ നിന്നുള്ള സന്ദേശം വളരെ കൃത്യതയോടും ഉറപ്പോടുംകൂടി എഴുതപ്പെട്ടിരിക്കുന്നു. മറ്റൊരു പുസ്തകം പോലും ബൈബിൾ നൽകുന്നത്ര സത്യങ്ങൾ തുറന്നു കാട്ടുവാൻ ശ്രമിച്ചിട്ടില്ല എന്ന് വേണം പറവാൻ.
7. ബൈബിളിന്റെ നിസ്തുല്യസ്വഭാവം
എല്ലാത്തിനുമുപരി, തന്റെ ഏകജാതനായ യേശുക്രിസ്തു എന്ന പുത്രനിലുടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ വ്യക്തിത്വത്തെയും മഹത്വത്തേയും വെളിപ്പെടുത്തുന്ന അത്യുൽകൃഷ്ഠ ഗ്രന്ഥമാണ് ബൈബിൾ. യേശുക്രിസ്തുവിനെ പോലെ അതിശ്രേഷ്ഠതയുള്ള ഒരു കഥാപാത്രത്തെ, മരിച്ചു മണ്ണാകുന്ന ഒരു എഴുത്തുകാരന്റെ ഭാവനാസൃഷ്ടിയായി കാണുവാൻ ആർക്കും കഴിയുകയില്ല. മാത്രവുമല്ല, യേശുക്രിസ്തു എന്ന വ്യക്തിയുടെ ശ്രേഷ്ഠതയൊ പൂർണ്ണതയൊ ഉൾക്കൊള്ളുവാൻ ഭൂമിയിലെ ഏറ്റവും ബുദ്ധിമാനൊ വിശുദ്ധനൊ ആയ വ്യക്തിക്ക് പോലും കഴിയുകയില്ല. ബൈബിളിന്റെ അതിശ്രേഷ്ഠമായ സ്വഭാവം യേശുക്രിസ്തുവിനെ അതുല്യമായ ചരിത്രത്തിന്റെ വെളിപ്പെടുത്തലിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു.
മാനുഷികവും ദൈവികമായ ഗുണങ്ങൾ സമന്വയിച്ച് നിർമ്മിക്കപ്പെട്ട ബൈബിൾ, എഴുതപ്പെട്ട ദൈവവചനം എന്ന നിലയിലും യേശുക്രിസ്തു ജീവിക്കുന്ന ദൈവവചനം എന്ന നിലയിലും വളരെ സമാനത ദർശിക്കുവാൻ കഴിയും. രണ്ടും അനിതരസാധാരണമായി ഉത്ഭവിച്ചതും വേർപിരിക്കാൻ അസാദ്ധ്യവും എന്നാൽ പൂർണ്ണമായി സംയോജിതവുമായ മാനുഷികവും ദൈവികവുമായ സ്വഭാവസവിശേഷതയെ കുറിക്കുന്നു. രണ്ടും വിശ്വസിക്കുന്ന ഏതൊരു മനുഷ്യനേയും രൂപാന്തരപ്പെടുത്തുന്ന ദൈവികശക്തിയാണ്. എന്നാൽ യേശുക്രിസ്തുവിനെയൊ ബൈബിളിനെയൊ അവിശ്വസിക്കുന്നവരെയൊ നിരസിക്കുന്ന വരെയോ യാതൊരു രീതിയിലും സ്വാധിനിക്കാത്ത സാതന്ത്യവും ദൈവം ഇതിനെ കൽപ്പിച്ചാക്കിയിരിക്കുന്നു. എന്നാൽ യേശുക്രിസ്തുവിൽ വിശ്വസിച്ചു നിത്യജീവൻ പ്രാപിക്കണം എന്നതാണ് ദൈവം ഈ പുസ്തകം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ചുരുക്കി പറഞ്ഞാൽ, മനുഷ്യനോടുള്ള ദൈവികവെളിപ്പാടുകളുടെ എഴുതപ്പെട്ട രൂപമാണ് വിശുദ്ധ ബൈബിൾ (ഹെബ്രായർ 1:2). വി. ബൈബിൾ മാത്രമാണ് ദൈവിക വെളിപ്പാടുകളുടെ ഏക പുസ്തകവും പൂർണ്ണതയും. മനുഷ്യവർഗ്ഗത്തോടു വെളിപ്പെടുത്തുവാനുള്ളതെല്ലാം ദൈവമായ കർത്താവ് പൂർണ്ണമായും മുഴുവനായും വി. ബൈബിളിലൂടെ നൽകിയിട്ടുണ്ട് (വെളി.22:18-19). അതിനാൽ വിശുദ്ധ ബൈബിളിനു വെളിയിൽ ആരെങ്കിലും ദൈവീക വെളിപ്പാട് അവകാശപ്പെട്ട് സുവിശേഷവിരുദ്ധമായ പ്രബോധനങ്ങൾ നടത്തിയാൽ അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് തള്ളിക്കളയേണ്ടതാണ്.
*******