top of page
Bible God's Word Series_04
P M Mathew
MAR 23, 2023
How Should We View The Hebrew Bible?
ഹെബ്രായബൈബിളിനെ നാം എങ്ങനെ കാണണം?

ബൈബിൾ ദൈവശ്വാസീയമാണ് (The Bible is inspired of God).

2 തിമോത്തി 3:16 ൽ നാം ഇപ്രകാരം വായിക്കുന്നു: “എല്ലാ തിരുവഴുത്തും ദൈവശ്വാസീയമാകയാൽ….” ("All Scripture is God-breathed..."). ഇതിന്റെ അർത്ഥം മനുഷ്യന്റെ സഹായം കൂടാതെ ദൈവം സ്വർഗ്ഗത്തിൽ നിന്നും ഇട്ടുതന്നു എന്നല്ല. മറിച്ച്, ദൈവത്താൽ നിവേശിതരായി മനുഷ്യനാൽ എഴുതപ്പെട്ടത് എന്നാണ്. അതായത്, ദൈവവും മനുഷ്യനും ചേർന്ന് നൽകപ്പെട്ട ഒരു ഗ്രന്ഥമാണിത്.

​സൃഷ്ടിയുടെ ആരംഭം മുതൽ മനുഷ്യന്റെ പങ്കാളിത്വത്തോടെ ഭൂമിയിൽ നന്മ വരുത്തണം എന്ന് ദൈവം ആഗ്രഹിച്ചു. തിരുവഴുത്തുകൾ അങ്ങനെയുള്ള ഒരു ദൈവ-മനുഷ്യ പങ്കാളിത്വത്തിന്റെ ഉൽപ്പന്നമാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിയന്ത്രിതരായി, എന്നാൽ എഴുതപ്പെട്ട ആളുകളുടെ  വ്യക്തിത്വം യാതൊരു നിലയിലും  ഹനിക്കപ്പെടാതെ, ആത്മനിറവിനാൽ ശാക്തീകരിക്കപ്പെട്ട് എഴുതപ്പെട്ടത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, എഴുതപ്പെട്ട വ്യക്തികളുടെ മനുഷ്യത്വത്തിനു യാതൊരു കുറവും തട്ടാതെ ദൈവത്തിന്റെ നിയന്ത്രണത്തിൽ എഴുതപ്പെട്ടത് എന്നർത്ഥം. ഉദാഹരണത്തിനു ഒരു ചെറിയ അരുവിയിലൂടെ നാം ഒരു കടലാസ് വഞ്ചി ഒഴുകിപ്പോകാൻ വിടുന്നു എന്നു ചിന്തിക്കുക. ആ ഒഴുക്കിനൊപ്പം ആ കടലാസ് വഞ്ചി നീങ്ങുന്നതായി നമുക്കു കാണാം. അതുപോലെ, ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു വ്യക്തിയെ എങ്ങനെയാണോ നയിക്കുന്നത്, അതിൻപ്രകാരം എഴുതപ്പെട്ട പുസ്തകമാണ് ബൈബിൾ.

​യേശുവും അദ്ദേഹത്തിന്റെ ആദ്യ അനുയായികളും എബ്രായ തിരുവെഴുത്തുകളെ മുന്നോട്ട് വിരൽ ചൂണ്ടുന്ന കഥ എന്നവണ്ണം ജ്ഞാനസാഹിത്യത്തിന്റെ ‘ഏകീകൃത ശേഖരമായി’ (Biblos) ചിത്രീകരിക്കുന്നു. കഥ എന്ന വാക്ക് ആലങ്കാരികമായി ഉപയോഗിച്ചതാണ്. അതായത്, ബൈബിൾ  കേവലം ഒരു കെട്ടുകഥയല്ല, മറിച്ച് അതൊരു ചരിത്രസംഭവമാണ്, ദൈവം യിസ്രായേൽ ജനത്തിലൂടെ ലോകത്തോട് ഇടപെട്ട മനുഷ്യന്റെ ചരിത്രമാണത്. അവ പല എഴുത്തുകാരാലും പല കാലഘട്ടങ്ങളിലായി എഴുതപ്പെട്ടവയാണെങ്കിലും അവ ഒരു ഗ്രന്ഥമെന്ന നിലയിൽ ഐകരുപ്യമുള്ളതാണ്. അവയെല്ലാം തന്നെ വരാനിരിക്കുന്ന ഒരുവനിലേക്ക്, അതായത്, ദൈവത്തിന്റെ മശിഹയിലേക്ക് വിരൽ ചൂണ്ടുന്നു.

മുന്നോട്ടു വിരൽചൂണ്ടുന്ന കഥ എന്നതിനു ചില തളിവുകൾ  ദൈവവചനത്തിൽ നിന്നു നമുക്ക് പരിശോധിക്കാം:

ലൂക്കോസ് 24:25-27 (യേശു ശിഷ്യന്മാരോടു) പറഞ്ഞു: “അയ്യോ ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളെ, ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയൊ എന്നു പറഞ്ഞു. മൊശെ തുടങ്ങി സകലപ്രവാചകരിൽ നിന്നും എല്ലാം തിരുവഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.”

 ലൂക്കോസ് 24:44-47 “പിന്നെ അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നേ എന്നു പറഞ്ഞു. തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധി തുറന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.”

2 തിമോത്തി 3:14-17 “നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറികയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സല്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”​

യേശുവും അനുയായികളും ഈ നിഗമനത്തിലെത്തിയത് എങ്ങനെയാണ്? എബ്രായ ബൈബിൾ വായിക്കുന്ന രീതി, അവർ കണ്ടുപിടിച്ചതല്ല. മറിച്ച്, അവരുടെ യഹൂദ പാരമ്പര്യത്തിൽ നിന്ന് ഈ ഗ്രന്ഥങ്ങളുടെ ഉത്ഭവം, സ്വഭാവം, അർത്ഥം എന്നിവയെക്കുറിച്ചുള്ള ഒരു കൂട്ടം ബോദ്ധ്യങ്ങൾ അവർക്ക് ലഭിച്ചു. അതു മാത്രമല്ല, എബ്രായ തിരുവെഴുത്തുകൾ എങ്ങനെ വായിക്കാമെന്നും അർത്ഥമുണ്ടാക്കാമെന്നും മാതൃകയാക്കിയ സമൂഹങ്ങളിലുമാണ് അവർ വളർന്നു വന്നത്.

മുന്നോട്ടു വിരൽചൂണ്ടുന്ന കഥ (The story that points forward).

​എബ്രായ തിരുവെഴുത്തുകളെ രണ്ട് ഭാഗങ്ങൾ (“തോറ… പ്രവാചകൻമാർ”) അല്ലെങ്കിൽ മൂന്ന് ഭാഗങ്ങൾ (“തോറ… പ്രവാചകൻമാർ… സങ്കീർത്തനങ്ങൾ”) ആയിട്ടാണ് യേശു പരാമർശിക്കുന്നത്. താൻ മാത്രമായിരുന്നില്ല, ഈ കാലഘട്ടം മുതൽ യഹൂദസംസ്കാരത്തിൽ ബൈബിൾ പരാമർശിക്കപ്പെട്ടിരുന്ന ഏറ്റവും സാധാരണമായ രീതി യേശു പ്രകടിപ്പിച്ചു എന്നു മാത്രം.

കൂടാതെ, യേശുവും അപ്പോസ്തലന്മാരും എബ്രായ ബൈബിളിനെ പാറ്റേണുകളുടെ ഒരു ശേഖരമായി അല്ലെങ്കിൽ തരങ്ങളായി (τύπος-Types) കാണുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്തിരുന്നത്.​

​റോമർ 5:14 “എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെ വരെ വാണിരുന്നു.” (“Nevertheless death reigned from Adam until Moses, even over those who had not sinned in the likeness of the offense of Adam, who is a type/pattern of Him who was to come.”)

ഇവിടെ ആദാം എന്നുപയോഗിച്ചിരിക്കുന്നത് കേവലം ഒരു പേര് എന്ന നിലയിലല്ല, അവൻ വരുവാനുള്ളവന്റെ ഒരു പാറ്റേൺ അഥവാ പ്രതിരൂപമായിട്ടാണ്. ആദവും യേശുവും മനുഷ്യവർഗ്ഗത്തിന്റെ ഒരു തലവനായി കണ്ട് ഒരു താരതമ്മ്യപ്പെടുത്തൽ നടത്തുകയാണ്.

1 കൊരിന്ത്യർ 10:1-6 “സഹോദരന്മാരേ, നമ്മുടെ പിതാക്കന്മർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മൊശെയോടു ചേർന്നു; എല്ലാവരും ഒരേ ആത്മീകാഹാരം തിന്നു. എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു-അവരെ അനുഗമിച്ച ആത്മീകപാറയിൽ നിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തുവായിരുന്നു- എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതു നമുക്കു ദൃഷ്ടാന്തമായി (type/pattern) സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിനു തന്നേ.” 

 ഇവിടെ യിസ്രായേലിനു മരുഭൂമിയിൽ വെച്ചു സംഭവിച്ച കാര്യങ്ങളൂം  കൊരിന്തിലെ വിശ്വാസികൾക്ക് ക്രിസ്തുവിൽ സംഭവിച്ച കാര്യങ്ങളും തമ്മിൽ താരതമ്യപ്പെടുത്തി അതിന്റെ ഗുണങ്ങളും ദോഷങ്ങളും പൗലോസ് വിശദീകരിക്കയാണ്. മോശെയുടെ നേതൃത്വത്തിൽ മിസ്രയിമിൽ നിന്നും കാനാൻ ദേശത്തേക്കു പുറപ്പെട്ട യിസ്രായേൽ ജനത, ദൈവത്താൽ വളരെ അനുഗ്രഹിക്കപ്പെട്ട ജനമായിരുന്നു എങ്കിലും അവരുടെ അനുസരണക്കേടിനു ദൈവത്തിൽ നിന്ന് അവർക്കു ശിക്ഷ ലഭിച്ചു. അവർക്കു മിസ്രയിമിന്റെ അടിമത്വത്തിൻ കീഴിൽ നിന്നു ശാരീരികയും ആത്മീകമായും വലിയ വിടുതലാണ് ലഭിച്ചത് എന്നിരിക്കിലും അവർ ദൈവത്തോടു മത്സരവും മുറുമുറുപ്പും ഉള്ളവരായി  തുടർന്നു. തല്ഫലമായി, കനാൻദേശത്തു പ്രവേശിക്കാതെവണ്ണം പലരും മരുഭൂമിയിൽ മരിച്ചു വീണു. അവർക്ക് പല അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്നു ലഭിച്ചുഎങ്കിലും ദൈവത്തോട് അവർക്കു ശരിയായ നന്ദിയൊ അനുസരണമൊ കാണിച്ചില്ല. ഇതു വിശ്വാസികൾക്കു ഒരു ദൃഷ്ടാന്തമാണ്. അവർ ക്രിസ്തുവിൽ വളരെ അനുഗ്രഹങ്ങൾ പ്രാപിച്ചവരാണ്. എന്നാൽ യിസ്രായേലിന്റെ മാതൃക നിങ്ങൾ പിൻപറ്റരുത് എന്ന് പൗലോസ് അവരെ പ്രബോധിപ്പിക്കുകയാണ്.

1 പത്രോസ് 3:20-21 “ആ പെട്ടകത്തിൽ അൽപ്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽ കൂടി രക്ഷ പ്രാപിച്ചു.  അതു സ്നാനത്തിനു ഒരു മുങ്കുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.”

അപ്പൊസ്തലനായ പത്രോസ് നോഹയുടെ കാലത്തുണ്ടായ ജലപ്രളയവും  ആ ജലപ്രളയത്തിൽ നിന്നു നോഹയും ഭാര്യയും, അവരുടെ മൂന്നു ആണ്മക്കളും അവരുടെ മുന്നു ഭാര്യമാരും പെട്ടകത്തിലൂടെ രക്ഷ പ്രാപിച്ചതിനെ ഒരു ദൃഷ്ടാന്തമായി കണ്ട് യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുമായി അതിനെ സാദൃശ്യപ്പെടുത്തുകയാണ്. നോഹ അന്നത്തെ ജനങ്ങളോട്, ഇതാ ദൈവത്തിന്റെ ന്യായവിധി വരാൻ പോകുന്നു; അതുകൊണ്ട് തങ്ങളുടെ പാപങ്ങളിൽ നിന്നു മാനസാന്തരപ്പെടുവാൻ ഉപദേശിച്ചു. എന്നാൽ അവർ നോഹയെ പരിഹസിക്കുകയാണുണ്ടായത്. അവർ നോഹ പറഞ്ഞതു വിശ്വസിക്കുകയൊ പെട്ടകത്തിൽ കടക്കുവാൻ തയ്യാറാവുകയൊ ചെയ്തില്ല. എന്നാൽ അവരെല്ലാം ജലപ്രളയത്തിൽ നശിച്ചു. ഇവിടെ പ്രളയജലത്തെ സ്നാനത്തോട് ഉപമിക്കുകയാണ്. സ്നാനമെന്നാൽ, പഴയജീവിതത്തോട്, അതല്ലെങ്കിൽ പാപകരമായ ജീവിതത്തോട് ഒരു സമ്പൂർണ്ണമായ വേർപാടിനെ കാണിക്കുന്നു. യേശുക്രിസ്തുവിലൂടെ ഒരു പുതിയജീവിതം ആരംഭിച്ച നിങ്ങൾ  നിങ്ങളുടെ പഴയ ജീവിതത്തോട് വിട പറഞ്ഞു ക്രിസ്തുവിൽ ഒരു പുതിയ ജീവിതത്തിനു  തുടക്കം കുറിക്കണം. ദൈവത്തോട് ഒരു നല്ലമനസ്സാക്ഷി നിങ്ങൾ വെച്ചു പുലർത്തണം.

മശിഹയുടെ ഒരു ദൃഷ്ടാന്തമായി പഴയ നിയമ ചരിത്രസംഭവങ്ങളെ കാണുക
(See Old Testament historical events as a pattern of the Messiah)


പഴയനിയമത്തിലെ ഈ ചരിത്രസംഭവങ്ങളും അതിനു നേതൃത്വം വഹിച്ചവരും വരാനിരിക്കുന്ന മശിഹയുടെ ഒരു ദൃഷ്ടാന്തമായി (Type/pattern) കാണണം. അതായത്, അവയെല്ലാം വരാനിരിക്കുന്ന  മശിഹയിൽ, ദൈവപുത്രനിൽ അഥവാ യേശുക്രിസ്തുവിലാണ് അതിന്റെ നിവൃത്തി കണ്ടെത്തുന്നത്.

​ഈ നിലയിലാണ് യേശുവും ശിഷ്യന്മാരും ഹെബ്രായ ബൈബിളിനെ കണ്ടതും ശിഷ്യമാർക്കു വ്യാഖ്യാനിച്ചു കൊടുത്തതും. ഈ നിലയിൽ തന്നെ നാമും പഴയനിയമത്തെ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിൽ മാത്രമെ പഴയനിയമം ശരിയായ നിലയിൽ മനസ്സിലാക്കാൻ സാധിക്കയുള്ളു. അതിനു ദൈവം നിങ്ങളെ സഹായിക്കട്ടെ.   

*******

© 2020 by P M Mathew, Cochin

bottom of page