
നിത്യജീവൻ

Bible God's Word Series_06
P M Mathew
MAR 07, 2020
What Was The Bible Written For?
എന്തിനുവേണ്ടിയാണ് ബൈബിൾ എഴുതിയത്?
ഹെബ്രായബൈബിളിന്റെയും ക്രിസ്തീയബൈബിളിന്റെയും ആദ്യപുസ്തകങ്ങളാണ് “തോറ” അഥവാ പഞ്ചഗ്രന്ഥി എന്ന് അറിയപ്പെടുന്ന ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ. ഈ അഞ്ചു പുസ്തകങ്ങൾ ഉൽപ്പത്തി, പുറപ്പാട്, ലേവ്യാ, സംഖ്യ, ആവർത്തനം എന്നിവയാണ്. ഈ പുസ്തകങ്ങൾ നൽകിയിരിക്കുന്ന വിശദീകരണങ്ങൾ പരിശോധിച്ച് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഞാനിതിലൂടെ നടത്തുന്നത്. അതിനെക്കുറിച്ചു മനസ്സിലാക്കിയിരിക്കുന്നത് ബൈബിളിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അതിന്റെ പഠനത്തിനും അതുവഴി വലിയ അനുഗ്രഹത്തിനും കാരണമായി തീരും എന്നതിനാൽ ഇതു വായിക്കുവാൻ ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു.
1. ദൈവം ചെയ്ത വൻകാര്യങ്ങൾ ഓർക്കുക (Remember the great things God has done)
ബൈബിൾ എഴുതുന്നതിനെ സംബന്ധിച്ച ആദ്യ പരാമർശം നാം കാണുന്നത്, പുറപ്പാട് പുസ്തകത്തിലാണ്. വളരെ അതിശയകരമായ സമയത്താണ് അഥവാ ഒരു പ്രത്യേക സംഭവത്തിനുശേഷമാണ് ഈ പുസ്തക രചന ആരംഭിക്കുന്നത്. ആ സന്ദർഭം മനസ്സിലാക്കുന്നതിനു പുറപ്പാട് പുസ്തകം അതിന്റെ 17-ാം അദ്ധ്യായത്തിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കാം.
പുറപ്പാട് 17: 8-14 “രെഫീദീമിൽ വെച്ചു അമാലേക്ക് വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു. അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിന്മുകളിൽ ദൈവത്തിന്റെ വടി കയ്യിൽപിടിച്ചുംകൊണ്ടു നിൽക്കും എന്നു പറഞ്ഞു. മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു. അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും (a companion, Tribe of Judah) കുന്നിൻ മുകളിൽ കയറി. മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും. എന്നാൽ മോശെയുടെ കൈക്കു ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ലു എടുത്തുവെച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കും വരെ ഉറെച്ചുനിന്നു. യോശുവ അമാലേക്കിനെയും അവന്റെ ജനത്തേയും വാളിന്റെ വായ്ത്തലയാൽ തോൽപ്പിച്ചു. യഹോവ മോശെയോടു: നീ ഇതു ഓർമ്മക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക;..”
യിസ്രായേൽമക്കൾ യഹോവയുടെ കൽപ്പനപ്രകാരം സീൻ മരുഭൂമിയിൽ നിന്നു പ്രയാണം ചെയ്ത് രെഫീദിമിൽ പാളയമിറങ്ങി. അവിടെ എത്തിയപ്പോഴുള്ള രണ്ടാമത്തെ പ്രശ്നമാണ് നാമിപ്പോൾ വായിച്ചത്. ആദ്യത്തെ പ്രശ്നം അവർക്കു വെള്ളമില്ലായിരുന്നു എന്നതാണ്. അതു അവർക്കു ഒട്ടും സഹിക്കുവാനൊ പ്രതിവിധി കണ്ടെത്താനൊ കഴിഞ്ഞില്ല. അവർ മോശെയോടു ദേഷ്യപ്പെട്ടു; നീയല്ലേ ഞങ്ങളെ ഇങ്ങോട്ടു കൊണ്ടുവന്നത്. പാവം മോശെ അതിനു മറുപടിയായി “നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത്?” എന്നാൽ ജനത്തിനു, ഈജിപ്തിലെ ബാധയിൽ നിന്നു തങ്ങളെ രക്ഷിച്ച യഹോവയെ ഓർക്കുവാനൊ, ചെങ്കടലിനെ വിഭാഗിച്ചു അവരെ അഗ്നിത്തൂണും മേഘസ്തംഭവുമായി വഴിനടത്തിയ അവരുടെ ദൈവത്തോടു പ്രാർത്ഥിക്കുവാനൊ തോന്നിയില്ല. അതിനു പകരം അവർ മോശെക്കെതിരെ കലഹിക്കുവാനും പിറുപിറുക്കാനും തുടങ്ങി. അങ്ങനെ അവർ ദൈവത്തെ പരീക്ഷിച്ചു, അതല്ലെങ്കിൽ ദൈവത്തോട് മറുതലിച്ചു. ഇതുകേട്ട് ദൈവത്തിന്റെ മുൻപിൽ വീണുകിടന്ന് കരഞ്ഞ മോശെയോടു യഹോവ പറഞ്ഞു, നിന്റെ കയ്യിൽ വടിയുമായി പോയി പാറയെ അടിക്കുക. അങ്ങനെ ചെയ്തപ്പോൾ “പാറ” അവർക്കു വേണ്ടുവോളം വെള്ളം നൽകി. ആ സ്ഥലത്തിനു മോശെ “മസ്സാ” എന്നും “മെരീബാ” എന്നും പേരിട്ടു. “മസ്സാ” എന്നാൽ “പരീക്ഷ” “മെരീബാ” എന്നാൽ “കലഹം.” ഈ സ്ഥലം കാണുമ്പോൾ യഹോവ ഇവിടെ വെച്ച് എങ്ങനെ സഹായിച്ചു എന്നു ഓർക്കുവാനാണ് പേരിട്ടത്. ഇതുപോലെ ബൈബിളിൽ പലസ്ഥലത്തിനും പേരിടുന്നതും (യാക്കോബ്) കൽതൂണുകൾ നാട്ടുന്നതും കാണാം. കാരണം ഇതു കാണുമ്പോൾ ദൈവം എങ്ങനെ തങ്ങളെ സഹായിച്ചു എന്നത് ഓർക്കണം. എന്നാൽ കഴിഞ്ഞകാലത്ത് ദൈവം ചെയ്ത പല നന്മകളും ദൈവമക്കൾ മറക്കുന്നു.
അങ്ങനെ വെള്ളമൊക്കെ ആവശ്യത്തിനു കുടിച്ചിരിക്കുമ്പോഴാണ് അടുത്ത പ്രശ്നം അവരെ തേടിയെത്തുന്നത്. അമാലേക്യർ ആക്രമണവുമായി വരുന്നു. ഈ അമാലേക്യർ ആരാണെന്ന് അറിയണ്ടേ? ഇവർ യാക്കോബിനോടുകൂടെ ഇരട്ട പിറന്ന ഏശാവിന്റെ സന്തതി പരമ്പരയിൽ പെട്ടവരാണ്. അപ്പോൾ മോശെ യോശുവയോട്, നീ ആളുകളെ കൂട്ടി അമാലേക്യരോടു യുദ്ധം ചെയ്യുക. ഞാൻ ഈ വടിയും പിടിച്ചുകൊണ്ട് ഈ കുന്നിൻ മുകളിൽ നിൽക്കാം. “വടി” എന്നത് ദൈവത്തിന്റെ ശക്തിയുടെയും ദൈവാശ്രയത്തിന്റേയും അടയാളമാണ്. യോശുവയും കൂട്ടരും തകൃതിയായി യുദ്ധം ചെയ്യുന്നുണ്ടെങ്കിലും മോശെ കൈ ഉയർത്തി നിൽക്കുമ്പോഴെ യിസ്രായേൽ മക്കൾ ജയിക്കു. ഏതായാലും മോശെ കൈ ഉയർത്തി നിന്നു മടുത്തു. അപ്പോൾ അഹരോനും ഹൂരും കൂടി ഒരു കല്ല് ഉരുട്ടിവെച്ച് മോശയെ അതിന്മേൽ ഇരുത്തി, മൊശെയുടെ കൈ അഹരോനും ഹൂരും താങ്ങി ഉയർത്തി നിർത്തി. അങ്ങനെ യോശുവ അമാലേക്യരെ വാളിന്റെ വായ്ത്തലയാൽ പരാജയപ്പെടുത്തി.
ഇതുപോലെ ദൈവത്തിന്റെ കരം പ്രവർത്തിക്കുന്നതു കണ്ടിട്ടും അതൊക്കേയും മറന്നു, നിസ്സാരകാര്യം വരുമ്പോൾ ദൈവത്തോട് മത്സരിക്കുന്ന ജനതയെയാണ് താൻ രക്ഷിച്ചുകൊണ്ട് വന്നിരിക്കുന്നത് എന്നു നന്നായി അറിയുന്ന യഹോവ മോശയോട് പറഞ്ഞു “നീ ഇതു ഓർമ്മക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക” (17:10). ഈ കഥ എഴുതി സൂക്ഷിക്കുക. അപ്പോൾ ഈ കാര്യങ്ങൾ അവർക്ക് വായിക്കാനും കയ്യിൽ കൊണ്ടു നടക്കാനും എപ്പോഴും ഓർക്കാനും സാധിക്കും. അപ്പോൾ ഈ എഴുത്തിന്റെ പ്രാധമികമായ ഉദ്ദേശ്യമെന്നത് “ഓർക്കുക” എന്നതാണ്.
ഇത് അത്ര പ്രാധാന്യമുള്ള കാര്യമാണോ എന്നു ഒരുപക്ഷെ ചോദിച്ചേക്കാം. എന്നാൽ അമാലേക്യർ വളരെ ശക്തരായ എതിരാളികളാണ്. യിസ്രായേൽ പരാജയപ്പെട്ടിരുന്നെങ്കിൽ, അവർ കൊല്ലപ്പെടുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയും, അവരുടെ സ്ത്രീകളും കുട്ടികളും അന്യജാതിക്കാർക്ക് അടിമകളായി തീരുകയും ചെയ്യുമായിരുന്നു. അതിൽ നിന്നാണ് ഇപ്പോൾ യഹോവ അവരെ രക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് അവർ ഇതിൽ വളരെ സന്തോഷത്തിലും ആവേശത്തിലാണ്. സാധാരണ നാം വളരെ പ്രാധാന്യമുള്ള കാര്യമാണല്ലൊ എഴുതി സൂക്ഷിക്കുന്നത്. അഹശ്വരോശ് രാജാവിനെ കൊല്ലുവാൻ ഗൂഡാലോചന ചെയ്തവരെക്കുറിച്ചു മൊർദ്ദേക്കായ്, മുന്നമേ അറിവു കൊടുത്തതു കൊണ്ട്, രാജാവിനു അവരുടെ വധശ്രമത്തിൽ നിന്നു രക്ഷ നേടുവാൻ സാധിച്ചു. പിന്നെ രാജാവ് എന്താണ് ചെയ്തത്? താൻ അതു സ്മരണക്കായി വൃത്താന്തപുസ്തകത്തിൽ എഴുതിവെച്ചു. അതുപോലെ ദൈവം മോശെയോടു പറഞ്ഞു: നീയിതു എഴുതി ഓർമ്മക്കായി സൂക്ഷിക്കുക. അപ്പോൾ ഇവിടെ എഴുതിവെച്ചതെന്താണ്? ദൈവം തന്റെ ജനത്തെ എങ്ങനെ രക്ഷിച്ചു എന്ന കഥ എഴുതിസൂക്ഷിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അവരെ ദൈവം എങ്ങനെ രക്ഷിച്ചു എന്നത് രണ്ടാമതും പറയുക. So one of the fundamental purpose of the Bible coming into existence is to retell the story of how God is at work to rescue His people. പെസഹയും കർത്താവിന്റെ മേശയുമൊക്കെ ഇതുപോലെയുള്ള മെമ്മോറിയൽ അഥവാ ഓർമ്മയുടെ സ്മാരകങ്ങളാണ് എന്നു നാം ഓർക്കുക.
അപ്പോൾ, ദൈവം തന്റെ ജനത്തെ എങ്ങനെ രക്ഷിച്ചു എന്നു ഓർക്കുന്നതിനു ആ കഥ ദൈവം മോശെയോട് എഴുതിവെക്കാൻ പറഞ്ഞു അങ്ങനെയാണ് ബൈബിളിന്റെ എഴുത്തിനു തുടക്കം കുറിച്ചത്.
2. ദൈവത്തിനു തന്റെ ജനവുമായി ഒരു ഉടമ്പടി ബന്ധത്തിൽ ഏർപ്പെടുക (Make a covenant relationship with God and His people)
ഇനി ബൈബിൾ എഴുതിയതിന്റെ രണ്ടാമത്തെ ഉദ്ദേശ്യമെന്താണ് എന്നു നോക്കാം. ഇതിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ബൈബിളിലെ രണ്ടാമത്തെ പരാമർശനത്തിലേക്കു പോകാം. ആദ്യത്തേത് മരുഭൂമിയിലായിരുന്നെങ്കിൽ രണ്ടാമത്തേതു സിനായി പർവ്വതത്തിന്റെ അടിവാരത്തിലാണ്.
പുറപ്പാട് 19: 3-6 “മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽ നിന്നു അവനോടു വിളിച്ചു കൽപ്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറയുകയും യിസ്രായേൽ മക്കളോടു അറിയിക്കുകയും ചെയ്യേണ്ടതെന്തെന്നാൽ: ഞാൻ മിസ്രയിമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലൊ. ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലും വെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും ഇവ യിസ്രായേൽ മക്കളോടു പറയേണ്ടതാകുന്നു.”
യഹോവ യിസ്രായേൽ മക്കളൊടു അറിയിക്കുവാൻ മോശെയോടു പറഞ്ഞകാര്യം “യെഹോവാ മിശ്രയിമ്യരോടു ചെയ്തതും, അവിടെ നിന്ന് അവരെ കഴുകൻ തന്റെ കുഞ്ഞുങ്ങളെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും" യിസ്രായേൽ ജനം ഇപ്പോൾ കണ്ടിരിക്കുന്നു.” 'കഴുകന്റെ ചിറകിൽ വഹിക്കുക' എന്നത് വളരെ ശ്രദ്ധയർഹിക്കുന്നു. പരുന്തു തന്റെ നഖം കൊണ്ടു റാഞ്ചിക്കൊണ്ടു പോകുന്നതു പോലെയല്ല, മറിച്ച്, മാതൃതുല്യമായ കരുതലോടെ, അതീവ ശ്രദ്ധയോടെ, ഏറ്റവും സുരക്ഷിതമായി തന്റെ ചിറകിന്മേൽ വഹിച്ചു അവരെ കൊണ്ടുവന്നിരിക്കുന്നു.
ഇനി എന്തിനുവേണ്ടിയാണ് അവരെ ദൈവം തന്റെ അടുക്കൽ കൊണ്ടുവന്നത്? ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ പുരോഹിതന്മാരും മദ്ധ്യസ്ഥരുമായി ഇരിക്കേണ്ടതിനാണ്. യഹോവ പറയുന്നതെന്തെന്നാൽ, യിസ്രായേൽ ജനത്തിനു ഒരു ദൈവമുണ്ട്, ദൈവത്തിന്റെ വകയായ ഈ ഭൂമിയിലെ സകല ജാതികളേയും യിസ്രായേലിനു ദൈവം നൽകാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് യിസ്രായേൽ ദൈവത്തിന്റെ മദ്ധ്യസ്ഥന്മാരും, പുരോഹിതന്മാരും, ദൈവത്തെ പ്രതിനിധീകരിക്കുന്നവരുമാകാൻ ദൈവം അവരെ വിളിച്ചിരിക്കുന്നു. ഇതാണ് രണ്ടാമത്തെ ലക്ഷ്യം.
പക്ഷേ, ഒരു കണ്ടീഷൻ ഉണ്ട്. ആ കണ്ടിഷൻ എന്താണെന്നു ചോദിച്ചാൽ 19:5 "If you obey my voice and keep the covenant." “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താൽ..” അതായത്, നിങ്ങൾ എന്റെ വാക്കു കേൾക്കണം; അനുസരിക്കണം. ഇതാണ് ദൈവം അവരെ മദ്ധ്യസ്ഥന്മാരും പുരോഹിതന്മാരും ആക്കുന്നതിനുള്ള വ്യവസ്ഥ എന്നു പറയുന്നത്. അപ്പോൾ മോശെ വന്ന് "മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു ഈ കാര്യം അവരോടു പറഞ്ഞു; അപ്പോൾ അവർ യഹോവ കൽപ്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും എന്നു ജനം പറഞ്ഞു” (19:7-8). അതിനോടുള്ള യിസ്രായേൽ ജനത്തിന്റെ മറുപടി ഓ ഞങ്ങൾ അനുസരിച്ചുകൊള്ളാം; ആ ഉടമ്പടിവ്യവസ്ഥ എന്താണ് എന്നു പറഞ്ഞാൽ മാത്രം മതി; ഞങ്ങൾ അത് അനുസരിച്ചുകൊള്ളാം. ജനം മോശെക്കു വാക്കുകൊടുത്തു. ഉടനെ മോശെ പോയി “ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു.” അങ്ങനെ ദൈവം ആ ഉടമ്പടി വ്യവസ്ഥ അവർക്കു നൽകാൻ തയ്യാറായി. എന്നാൽ അതിനുമുന്നോടിയായി അവർ ചില ഒരുക്കൾ നടത്തണം. “ ദൈവത്തെ സ്വീകരിക്കേണ്ടതിനു എല്ലാവരും വസ്ത്രം അലക്കി, തങ്ങളെത്തന്നെ ശുദ്ധീകരിക്കണം. സ്ത്രീകളുടെ അടുക്കൽ പോകരുത്. ആരും പർവ്വതം തൊടാനും പാടില്ല, തൊട്ടാൽ മരണശിക്ഷ അനുഭവിക്കേണം.” അങ്ങനെ ദൈവം പറഞ്ഞതുപോലെ മോശെ ജനത്തെ ശുദ്ധീകരിച്ചു പർവ്വതത്തിന്റെ അടിവാരത്തിൽ കൊണ്ടുവന്നു.
ഒരുക്കത്തിന്റെ മൂന്നാം ദിവസം സ്വർഗ്ഗത്തിലെ ദൈവം തന്റെ സകലമഹത്വത്തോടും ശക്തിയോടും കൂടെ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി. ദൈവത്തിന്റെ വിശുദ്ധി ജനത്തിന്റെ മുന്നിൽ വെളുപ്പെട്ടപ്പോൾ ജനം ഭയന്നു വിറച്ചു. അതിരാവിലെ ഇടിമുഴക്കയും, മിന്നലും പർവ്വതത്തിൽ കാർമേഘവും, മഹാഗംഭീരമായ കാഹളധ്വനിയും ഒക്കേയും കണ്ടപ്പോൾ അവർ അത്യന്തം ഭയപ്പെട്ടു.
മോശെയേയും അഹറോനേയും മാത്രമെ പർവ്വതത്തിൽ നിൽക്കാൻ അനുവധിച്ചുള്ളു. പുരോഹിതന്മാരും ജനങ്ങളും താഴെ അവർക്കു മുന്നിൽ നിന്നു. അവർ ആകാംക്ഷമൂത്ത് യഹോവയെ കാണാനൊ മലയെ സ്പർശിച്ചു നശിച്ചുപോകയൊ ചെയ്യാതിരിക്കേണ്ടതിനു യഹോവ മോശയോട് ഇറങ്ങിച്ചെന്നു പുരോഹിതന്മാരടക്കം ആരും പർവ്വതത്തെ തൊടരുത് എന്ന് അമർച്ചയായി കൽപ്പിക്കാൻ പറഞ്ഞു. ഇതിനിടക്കു മോശെ മൂന്നു പ്രാവശ്യം മുകളിൽ നിന്നു താഴെ വരികയും മുകളിൽ പോവുകയും ചെയ്തു. ഇതു കാണിക്കുന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള വിടവാണ്.
പിന്നെ മോശെയെ യഹോവ പ്രത്യേകമായി വിളിച്ച് മോശെയോട് പത്തു കല്പനകൾ അരുളിച്ചെയ്യുന്നു. പുറപ്പാടു പുസ്തകം 20:1-17 വരെ വാക്യങ്ങളിൽ ദൈവം അരുളിച്ചെയത പത്തുകല്പ്പനകളാണ് നാം കാണൂന്നത്. അതിനെ തുടർന്നു 42 കൽപ്പനകൾ അധികമായി താൻ കേൾക്കുന്നു. ഇവ പത്തു കൽപ്പനയുടെ വിശദീകരണങ്ങളും ആരാധനാപരമായ കാര്യങ്ങളുമാണ്. അതിലവരുടെ സിവിൾ നിയമങ്ങളും ഉൾപ്പെടുന്നു. ഇതിനെയാണ് ചുരുൾ അഥവാ “sefer” എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.
ഇനി ബൈബിളിന്റെ എഴുത്തിനെക്കുറിച്ചുള്ള മൂന്നാമത്തെ പരാമർശനം നോക്കാം.
പുറപ്പാട് 24: 3-4 “എന്നാറെ മോശെ വന്നു യഹോവയുടെ എല്ലാ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കൽപ്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏക ശബ്ദത്തോടെ ഉത്തരം പറഞ്ഞു. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി...”
ദൈവം പറയുന്നു, മോശെ എഴുതുന്നു. അതായത്, ദൈവവും മോശയും ചേർന്ന സംയുക്തമായ ഒരു സംരംഭമാണ് ബൈബിൾ. ഇതാണ് ബൈബിളിന്റെ ദൈവീകവും-മാനുഷികവുമായ വശം എന്നു പറയുന്നത്. ദൈവത്തോടു ചേർന്ന്, harmonious ആയി (ഒരേ സ്വരച്ചേർച്ചയിൽ) മോശെ ഈ കൽപ്പനകളൊക്കേയും എഴുതി. പിന്നീടു ആവർത്തനപുസ്തകത്തിൽ മോശെ പറയുന്നു ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പനകൾ എന്ന് (പുറ.31:18). ഇതാണ് ബൈബിളിന്റെ സ്വഭാവവും ആധികാരികതയും.
പിന്നെ, മോശെ താഴെ സിനായ് പർവ്വതത്തിന്റെ അടിവാരത്തു വന്നു ജനങ്ങളോട് ഈ കൽപ്പനകളൊക്കേയും അറിയിക്കുന്നു. അപ്പോൾ അവർ: “യഹോവ കൽപ്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമോക്കേയും ഏക ശബ്ദത്തോടെ ഉത്തരം പറഞ്ഞു.” ഞങ്ങൾക്ക് ദൈവത്തിന്റെ പുരോഹിതവർഗ്ഗമാകണം. ഞങ്ങൾക്കു ദൈവത്തിന്റെ മദ്ധ്യസ്ഥന്മാരാകണം. അതുകൊണ്ട് യഹോവ കൽപ്പിച്ച സകല കാര്യങ്ങളും ഞങ്ങൾ അനുസരിക്കും! ഒരുപക്ഷെ അവർ ഇതു പറഞ്ഞപ്പോൾ ഉള്ളിൽ ചിരിക്കുന്നുണ്ടാകും എന്നു ഞാൻ കരുതുന്നു. പിന്നീടു മോശെ ഒരു യാഗപീഠവും 12 ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം 12 തൂണുകളും പണിതു യഹോവക്കു രക്തം ചിന്തിയുള്ള ഹോമയാഗങ്ങളും സമാധാന യാഗങ്ങളും അർപ്പിച്ചു. മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിൽ തളിച്ചു. അവൻ നിയമപുസ്തകം (ചുരുൾ/sefer) എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കേയും അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകല വചനങ്ങളും ആധാരമാക്കി നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു. അങ്ങനെ യഹോവയും ജനങ്ങളും തമ്മിൽ ആ ഉടമ്പടി ഒപ്പിടുന്നു.
എന്താണ് ഉടമ്പടി വ്യവസ്ഥ എന്നു പറയുന്നത്? നാമെല്ലാം അനേകവിവാഹങ്ങളിൽ സംബന്ധിച്ചിട്ടുള്ളവരാണ്. ഒരു പുരുഷനും സ്ത്രീയും വിവാഹം ചെയ്യുന്നതിനോട് മുന്നോടിയായി പരസ്പരം വിവാഹ ഉടമ്പടി ചെയ്യുന്നു. ആദ്യം ഭർത്താവു ഭാര്യയുടെ മുഖത്തു നോക്കി ഉടമ്പടി വ്യവസ്ഥകൾ പറയുന്നു. പിന്നെ ഭാര്യ ഭർത്താവിനോട് ഉടമ്പടി വ്യവസ്ഥകൾ പറയുന്നു. പിന്നെ ഇരുവരും ആ ഉടമ്പടി വ്യവസ്ഥയിൽ ഒപ്പിടുന്നു. അതാണ് അവരുടെ അധികാരത്തിന്‍റെ ഉറവിടം.
അപ്പോൾ ബൈബിൾ എഴുതിയതിന്റെ ഒന്നാമത്തെ ഉദ്ദേശ്യം, ദൈവം എങ്ങനെയാണ് തന്റെ ജനത്തെ രക്ഷിച്ചത് എന്ന് ജനം ഓർക്കുക രണ്ടാമത്തെ ഉദ്ദേശ്യം, ദൈവം രക്ഷിച്ച ജനത്തെ തന്റെ ഉടമ്പടി വ്യവസ്ഥകളുടെ വെളിച്ചത്തിൽ തന്റെ പ്രതിനിധിയായി, മദ്ധ്യസ്ഥന്മാരായി പുരോഹിതവർഗ്ഗമായി അവരെ നിയമിക്കുക. ആ നിലയിൽ ദൈവവുമായുള്ള ബന്ധത്തിന്റെ ഉടമ്പടി വ്യവസ്ഥകളാണ് ബൈബിൾ.
മോശെ ഈ രക്ത ഉടമ്പടിയൊക്കെ ജനത്തെക്കൊണ്ട് ചെയ്യിച്ചശേഷം, മോശെയും, അഹരോനും നാദാബും, അബീഹൂവും യിസ്രായേൽ മുപ്പന്മാരിൽ എഴുപതുപേരുംകൂടെ പർവ്വതത്തിൽ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു എന്നു ഇവിടെ രേഖപ്പെടുത്തുന്നു. എന്നാൽ അവർ കണ്ടതെന്താണ് എന്നു കൂടി ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ കണ്ടത് അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്തതളം പോലേയും ആകാശത്തിന്റെ സ്വച്ഛതപോലേയും ഉള്ള ഒരു ദൃശ്യമാണ്. എന്നാൽ യിസ്രായേൽ പ്രമാണികൾക്ക് തൃക്കയ്യാൽ ഹാനി ഒന്നും സംഭവിച്ചില്ല. അവർ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങൾ കഴിച്ചു.
ഇതൊക്കേയും കഴിഞ്ഞിട്ടു ജനത്തിന്റെ മൂപ്പന്മാരോട് അവിടെ താഴെ കാത്തിരിക്കുവാനും, മോശെയോടു തനിയെ മുകളിലേക്കുവന്നു അവിടെ ഇരിക്കുവാനും ദൈവം ആവശ്യപ്പെട്ടു. എന്നിട്ട് ജനത്തെ ഉപദേശിക്കേണ്ടതിന്നു ദൈവം എഴുതിയ ന്യായപ്രമാണവും കൽപ്പനകളും കൊടുത്തു. രണ്ടു കൽപ്പലകകളിലാണ് ഇത് എഴുതി നൽകിയത്. ആ സമയം പർവ്വതം ഒരു മേഘംകൊണ്ടു മൂടി. യഹോവയുടെ തേജസ്സും സീനായി പർവ്വതത്തിൽ ആവസിച്ചു. യഹോവയുടെ തേജസ്സ് പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽ മക്കൾക്കു തോന്നി. 40 ദിവസം ഭക്ഷണമൊ വെള്ളമോ കുടിക്കാതെ മോശെ ദൈവസന്നിധിയിൽ ചെലവഴിച്ചു.
പുറപ്പാട് 32:1 “എന്നാൽ മോശെ പർവ്വതത്തിൽ ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ, അവർ അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു, ഞങ്ങളുടെ മുൻപിൽ നടക്കേണ്ടതിനു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയിം ദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലൊ എന്നു പറഞ്ഞു.”
എന്നാൽ ഇതേ സമയം, ദൈവത്തിന്റെ സാന്നിദ്ധ്യം പർവ്വതത്തിനു മുകളിൽ തന്നെയുണ്ട് എന്നു നാം ഓർക്കണം. യിസ്രായേൽ ജനം രണ്ടു പ്രാവശ്യം ആവർത്തിക്കുന്ന ഒരു പ്രസ്താവനയുണ്ട് “ഞങ്ങൾ ഈ ഉടമ്പടി അനുസരിക്കും.”(പുറ.19: 8; 24:3) എന്നാൽ അധികം കഴിയുന്നതിനു മു ന്നമേ, ഈ ഉടമ്പടി വ്യവസ്ഥയിലെ ആദ്യത്തെ രണ്ടു കൽപ്പനകൾ അതായത്, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്; ഒരു വിഗ്രഹം ഉണ്ടാക്കരുത്” എന്നിവ ലംഘിക്കുന്നു. അതായത്, ഈ വിവരണം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഈ ജനം ഈ ഉടമ്പടി വ്യവസ്ഥകൾ അനുസരിക്കുവാൻ പോകുന്നില്ല എന്ന കാര്യമാണ്.
മോശയെപോലെ ഒരു പ്രാവാചകനെ ദൈവം എഴുന്നേൽപ്പിക്കും (God will raise up a prophet like Moses)
ആവർത്തനം 31:19 “ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ട് എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവർക്കു വായ്പ്പാടമാക്കി കൊടുക്കുക.”
മോശെ ഒരു പാട്ട് എഴുതുകയാണ്. ആ പാട്ടാണ് ആവർത്തനം 32-ാം അദ്ധ്യായത്തിന്റെ 1-43 വരെ വാക്യങ്ങൾ. ഈ പാട്ട് ദൈവത്തിന്റെ സ്വഭാവത്തേയും പ്രവൃർത്തികളേയും വർണ്ണിക്കുന്ന പാട്ടാണ്. സകല സൃഷ്ടിയും അതിനു ചെവികൊടുക്കുക. അങ്ങനെ ചെയ്യുന്നവർ അഭിവൃത്തി പ്രാപിക്കും. 15-22 വാക്യങ്ങൾ: എന്നാൽ അവരുടെ സമൃദ്ധിയിൽ അവർ ദൈവത്തെ മറന്നുപോയി. അവർ തങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ചു, ബാൽ വിഗ്രഹങ്ങളെ ആരാധിച്ചു. അവരുടെ വിശ്വാസത്യാഗം ദൈവത്തിന്റെ കോപത്തിനു കാരണമായി തീർന്നു. അവർ അന്യരാജാക്കന്മാരാൽ, അന്യജാതിക്കാരാൽ ആക്രമിക്കപ്പെട്ടു. 23-27 വാക്യങ്ങൾ: വരൾച്ച, പട്ടിണി, മഹാമാരി, വന്യമൃഗങ്ങൾ എന്നിവ അവരെ ബാധിച്ചു. ദേശം അങ്ങനെ നശിച്ചുപോകാൻ അർഹതപ്പെട്ടതെങ്കിലും ദൈവം അവരെ നശിച്ചുപോകാൻ അനുവദിക്കയില്ല. അവർ അവരുടെ ശത്രുക്കളെ ന്യായം വിധിച്ച് ദൈവം അവരെ രക്ഷിക്കും എന്നതാണ് ഈ കവിതയുടെ പ്രമേയം.
ഈ പാട്ട് എഴുതി യിസ്രായേലിനെ പഠിപ്പിക്കുക, അതവരുടെ വായിൽ ഇരിക്കട്ടെ; അതല്ലെങ്കിൽ അവരതു പാടട്ടെ. ഈ പാട്ട് ഒരു സാക്ഷ്യമായിരിക്കണം. പിന്നീട് ദൈവം പറയുവാൻ പോകുന്ന കാര്യം അവരതു തെറ്റിക്കും. അങ്ങനെ അവർ എന്നോട് അവിശ്വസ്തരായി തീരും.
അതുകൊണ്ട് മോശെ ഈ പാട്ടെഴുതി യിസ്രായേൾ മക്കളെ പഠിപ്പിച്ചു. തുടർന്നുള്ള വിവരണം പറയുന്നത് രക്ഷിക്കപ്പെട്ട ജനം ദൈവത്തിന്റെ ഉടമ്പടി വ്യവസ്ഥകളെ അനുസരിച്ചുകൊണ്ട് തന്റെ പ്രതിനിധികളാകുവാൻ ക്ഷണിക്കപ്പെടുന്നു. എന്നാൽ അവരുടെ ഹൃദയകാഠിന്യം, സ്വാർത്ഥത, വിഗ്രഹാരാധന എന്നിവയാൽ അവർ തുടർമാനമായി പരാജയപ്പെടുന്നു എന്ന കാര്യമാണ് തുടര്‍ന്നു നാം കാണുന്നത്. അതുകൊണ്ട് താൻ ഈ പ്രശ്നം പരിഹരിക്കുവാൻ ഭാവിയിൽ മോശയെ പോലെ ഒരു പ്രവാചകനെ അയക്കുവാൻ പോകുന്നു എന്ന കാര്യമാണ് ആവർത്തനം 18:18 ൽ നാം കാണുന്നത്. അതായത്, ബൈബിൾ എഴുതപ്പെട്ടതിന്റെ മൂന്നാമത്തെ ഊദ്ദേശ്യമെന്നത്, യിസ്രായേൽ ജനത്തിന്റെ പരാജയത്തെ കാണിക്കുന്നതിനും ദൈവം അവർക്കു മോശയെപോലെ ഒരു പ്രവാചകനെ അയക്കുമെന്ന കാര്യമാണ്. അതിനായി ആവർത്തനം 31:19-26 വരെ വാക്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
ആവർത്തനം 31:19-26 “ഞാൻ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു, അവയെ സേവിക്കയും എന്റെ നിയയം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും. എന്നാൽ അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽ നിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കും മുൻപേ ഇന്നു തന്നെ അവർക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു. ആകയാൽ മോശെ അന്നുതന്നെ ഈ പാട്ടു എഴുതി യിസ്രായേൽ മക്കളെ പഠിപ്പിച്ചു. പിന്നെ അവൻ നൂന്റെ മകനായ യേശുവയൊടു :ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോട് സത്യം ചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു. മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കൽപ്പിച്ചതു എന്തെന്നാൽ: ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തിനരികെ വെപ്പിൻ: അവിടെ അതു നിന്റെ നേരെ സാക്ഷിയായിരിക്കും.”
ആവർത്തനം 31:19-26 “ഞാൻ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു, അവയെ സേവിക്കയും എന്റെ നിയയം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും. എന്നാൽ അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽ നിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കും മുൻപേ ഇന്നു തന്നെ അവർക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു. ആകയാൽ മോശെ അന്നുതന്നെ ഈ പാട്ടു എഴുതി യിസ്രായേൽ മക്കളെ പഠിപ്പിച്ചു. പിന്നെ അവൻ നൂന്റെ മകനായ യേശുവയൊടു :ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോട് സത്യം ചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു. മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കൽപ്പിച്ചതു എന്തെന്നാൽ: ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തിനരികെ വെപ്പിൻ: അവിടെ അതു നിന്റെ നേരെ സാക്ഷിയായിരിക്കും.”
4. രക്ഷകന്റെ വരവിനെ ലോകത്തോട് അറിയിക്കുക.
ആവർത്തനം 34:5-12 “അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു. അവൻ അവനെ മോവാബ് ദേശത്തു ബേത്ത്-പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല. മൊശെ മരിക്കുമ്പോൾ അവന്നു നൂറ്റിയിരുപതു വയസ്സായിരുന്നു; അവന്റെ കണ്ണൂമങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു. യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ് സമഭൂമിയിൽ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞുവിലപിക്കുന്ന കാലം തികഞ്ഞു. നൂന്റെ മകനായ യോശുവയെ മോശെ കൈവച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവൻ ജ്ഞാനാത്മപൂർണ്ണനായ്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ അവനെ അനുസരിച്ചു. എന്നാൽ മിസ്രയിംദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും എല്ലാ യിസ്രായേലും കാൺകെ മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.”
യിസ്രായേലിന്റെ പരാജയത്തിന്റെ കഥ വരാനിരിക്കുന്ന മശിഹയിലേക്ക് വിരൽ ചൂണ്ടുന്നു ! മോശയെപ്പോലെ ഒരു പ്രാവാചകനെ പ്രതീക്ഷിച്ചുകൊണ്ടാണ് തോറ അഥവാ പഞ്ചഗ്രന്ഥി അവസാനിക്കുന്നത്. അത് ആവർത്തനം 18:18 ൽ പറയുന്ന ആ പ്രവാചകനാണ്.
ഇതുവരെ പറഞ്ഞ കാര്യം ഇപ്രകാരം സംഗ്രഹിക്കാം: മോശയാണ് തോറ എഴുതിയത് എന്ന് പരാമർശിക്കുമ്പോൾ തന്നെ അതിന്റെ ഉറവിടം ദൈവികമാണ്. തന്റെ എഴുത്തിനു പിന്നിൽ നാലു ഉദ്ദേശ്യങ്ങളാണ്: ഒന്ന്, തന്റെ ഉടമ്പടി ജനതയെ ദൈവം എങ്ങനെ രക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള കഥ ഓർമ്മിക്കുന്നതിനു വേണ്ടി വീണ്ടും ആ കഥ പറയുക (പുറപ്പാട് 17: 8-9, 14). രണ്ട്, വചനം ഒരു വിവാഹ ഉടമ്പടിപോലെ, ദൈവവും യിസ്രായേൽ ജനവും/ദൈവജനവും തമ്മിലുള്ള ബന്ധത്തിന്റെ ഉടമ്പടി വ്യവസ്ഥകളായിരിക്കുക (പുറപ്പാട് 24: 3-4). മൂന്ന്, ദൈവത്തിന്റെ വചനം ശ്രദ്ധയോടെ പഠിക്കുകയും അനുസരിക്കുകയും ചെയ്യുക. നാല്, വരാനിരിക്കുന്ന രക്ഷകൻ അഥവാ യേശുവിലേക്കു വിരൽ ചൂണ്ടുക.
*******