top of page
1 കൊരിന്ത്യാലേഖന പരമ്പര 02
P M Mathew
MAR 29, 2023

How is the resurrection body like?
പുനരുത്ഥാനശരീരം ഏതുവിധം?

1 Corinthians 15:34-49

അപ്പോസ്തലനായ പൗലോസ് ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഒന്നു കൊരിന്ത്യർ 15-ാം അദ്ധ്യായം 35-49 വരെയുള്ള വാക്യങ്ങളിൽ നൽകുന്നത്. അതിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

1 കൊരിന്ത്യർ 15:35-36.
"35 പക്ഷെ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. "36 മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. 37 നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു; 38 ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു. "39 സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ. 40 സ്വർഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ. 41 സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലൊ. "42മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നെ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, 43അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; 44 പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മീയശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ട്. "45 ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. 46 എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു. 47 ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. 48 മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; 49 നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും."

അപ്പോ. പൗലോസ് വിശ്വാസിയുടെ പുനരുത്ഥാന ശരീരത്തിന്റെ സ്വഭാവത്തെ വിശദീകരിക്കുന്ന ഒരു വേദഭാഗമാണിത് (15:35-49).

അതിലേക്ക് എത്തുന്നതിനു മുന്നമേ മരിച്ചവർ ഉയിർത്തെഴുന്നേൽക്കും; അവർക്കു മരണശേഷം ഒരു ഉയിർത്തെഴുന്നേൽപ്പുണ്ട് എന്ന് കാര്യം സ്ഥാപിച്ചശേഷമാണ് മരിച്ചവരുടെ പുനരുത്ഥാനശരീരത്തിന്റെ സ്വഭാവസവിശേഷത കളിലേക്കു കടക്കുന്നത്. ക്രിസ്തുവിന്റെ മരണം, അടക്കം, മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനം എന്നിവയോടു ബന്ധപ്പെടുത്തിയാണ് അപ്പോസ്തലനായ പൗലോസ് ക്രിസ്തുവിശ്വാസികളുടെ പുനരുത്ഥാനത്തെ സ്ഥാപിക്കുന്നത്. ക്രിസ്തുവിന്റെ മരണത്തെയും പുനരുത്ഥാനത്തെയും വിശ്വാസിയുടെ പുനരുത്ഥാനത്തിൽ നിന്ന് വേർതിരിക്കാൻ നിങ്ങൾക്ക് കഴിയില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനവും ഒരു വിശ്വാസിയുടെ പുനരുത്ഥാനവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യത്തേത്, സത്യമാണെങ്കിൽ രണ്ടാമത്തേതും സത്യം. ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ് ഒരു ചരിത്രസത്യമാണ്. അതു തിരുവെഴുത്തുകളുടെ നിവൃത്തിയാണ്, അല്ലെങ്കിൽ ദൈവത്തിന്റെ പ്ലാനും പദ്ധതിയും അനുസരിച്ചു നടന്നതാണ്. പരസ്യമായി മരത്തിൽ തറച്ചുകൊന്ന യേശു മൂന്നാം നാൾ തന്നെ അടക്കിയ കല്ലറ ശൂന്ന്യമാക്കി ഉയർത്തെഴുന്നേറ്റു. താൻ ഉയർത്തെഴുന്നേറ്റു എന്നു മാത്രമല്ല, തന്റെ ശിഷ്യന്മാർക്കും മറ്റ് അനവധി വ്യക്തികൾക്കും താൻ പ്രത്യക്ഷനായി. യേശുവിനെ പുനരുത്ഥാനശരീരത്തിൽ കണ്ടവർ പൗലോസ് ഇതെഴുതുന്ന അവസരത്തിലും ജീവനോടെ ഇരിക്കുന്നു. അങ്ങനെ പൗലോസ് ഈ സത്യം ചരിത്രപരമായും യുക്തിപരമായും ദൈവശാസ്ത്രപരമായും പ്രായോഗികമായും സ്ഥാപിച്ചു. 15-ാം അദ്ധ്യായത്തിന്റെ ആദ്യ പകുതിയിൽ താൻ ആ കാര്യമാണ് വിശദീകരിച്ചത്. ആകയാൽ, ക്രിസ്തു ഉയിർത്തെഴുന്നേറ്റതിനാൽ നമ്മുടെ ശരീരങ്ങളും ഉയിർത്തെഴുന്നേൽക്കും.
അതിനുശേഷമാണ് ഈ 35-ാം വാക്യത്തിലേക്കു താൻ കടക്കുന്നത്. "35 പക്ഷെ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും." ഇതിൽ പ്രധാനമായും രണ്ടു ചോദ്യങ്ങളാണുള്ളത്. ഒന്ന്, മരിച്ചവർ എങ്ങനെയാണ് ഉയർക്കുക? രണ്ട്, ഏതു വിധം ശരീരത്തോടെയാണ് ഉയിർക്കുക?

1. മരിച്ചവർ എങ്ങനെയാണ് ഉയിർക്കുക?

നമ്മുടെ മനസ്സിലും ഇതുപോലെയുള്ള ചോദ്യങ്ങൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. കാരണം ഒരു മൃതശരീരം നാം മണ്ണിനു ഏൽപ്പിച്ചുകൊടുക്കുന്നു. അതു അഴുകി മണ്ണിനോടു ചേർന്ന് പൊടിയായി മാറുന്നു. പിന്നെ എങ്ങനെയാണ് അതിനു ഉയർത്തെഴുന്നേൽക്കാൻ കഴിയുക? അക്രമാസക്തമായി മരിക്കുന്നവരുടെ കാര്യമെന്തായിരിക്കും? അതായത്, വാഹനാപകടത്തിൽപെട്ട് ചതഞ്ഞരയുകയൊ, മനുഷ്യൻ തന്നെ വെട്ടി നുറുക്കി കഷണങ്ങളാക്കുകയൊ, തീയിൽ കത്തിക്കരിഞ്ഞതോ, അതോ മനുഷ്യർ തന്നെ തീയിട്ട് കൊന്നു കളഞ്ഞവരൊ ഒക്കെ എങ്ങനെയാണ് ഉയർത്തെഴുന്നേൽക്കുന്നത്? കടലിൽ വീണു മരിക്കുകയും സ്രാവ് അവരുടെ ശരീരം ഭക്ഷിച്ചുകളയുകയും ചെയ്തവരുടെ അവസ്ഥ എന്താകും? എങ്ങനെയുള്ള ശരീരത്തോടെയാണ് ഉയർത്തെഴുന്നേൽക്കുന്നത്? ഏത് ശരീരവുമായാണ് നമ്മൾ ശവക്കുഴിയിൽ നിന്ന് പുറത്തുവരുന്നത്? സ്വർഗത്തിൽ നമ്മുടെ ശരീരം എങ്ങനെയായിരിക്കും? നിത്യതയിൽ നാം എങ്ങനെയായിരിക്കും?

ആദ്യമായി ഈ വേദഭാഗത്തു നിന്നും ഞാൻ ഓർപ്പിക്കുവാൻ ആഗ്രഹിക്കുന്ന കാര്യം ഒരു അവിശ്വാസിയുടെ പുനരുത്ഥാനത്തെക്കുറിച്ചല്ല മറിച്ച്, ഒരു ക്രിസ്തുവിശ്വാസിയുടെ പുനരുത്ഥാന ശരീരത്തെക്കുറിച്ചാണ് പൗലോസ് ഇവിടെ വിവരിക്കുന്നത്.

രക്ഷിക്കപ്പെടാത്തവരുടെ ശരീരത്തേയും ദൈവം ഉയിർപ്പിക്കുമെന്നും ക്രിസ്തുവിനെ അവരുടെ രക്ഷകനായി സ്വീകരിക്കാത്തതിനാൽ, ദൈവം അവരെ ന്യായം വിധിക്കുന്ന മഹത്തായ വെള്ള സിംഹാസനത്തിന്മുൻപാകെ ഭൗതികശരീരങ്ങളിൽ നിൽക്കുമെന്നും ബൈബിളിൽ പറയുന്നുണ്ട്. എന്നാൽ ഇവിടെ വിവരിക്കുന്നത് ക്രിസ്തുവിശ്വാസിയുടെ പുനരുത്ഥാനത്തെക്കുറിച്ചാണ്. ശരീരത്തോടുകൂടിയ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. അത് അപ്പോസ്തലിക വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാന ശിലയാണ്: "ശരീരത്തിന്റെ പുനരുത്ഥാനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന് അപ്പൊസ്തലിക വിശ്വാസപ്രമാണം പറയുന്നു.

എന്നാൽ പൗലോസ് ഈ കത്ത് എഴുതുന്ന കൊരിന്തിലെ വിശ്വാസികളിൽ ചിലർ ആക്ഷരീകവും ശാരീരികവുമായ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല. അതിനു കാരണം യവന തത്വചിന്തയുടെ സ്വാധീനമാണ്. പുരാതന ഗ്രീക്ക് തത്ത്വചിന്തകർ വിശ്വസിച്ചിരുന്നത് ആത്മാവിന്റെ ലോകം തികഞ്ഞതാണെന്നും അതേസമയം ദ്രവ്യത്തിന്റെ ലോകം മോശമാണെന്നുമാണ്. അതായത്, Spiritual is Good and Physical is bad. അതായ്ത്, ആത്മീയം നല്ലതും ഭൗതികം മോശവും. മനുഷ്യന്റെ ആത്മാവ് നല്ലതാണ്, പക്ഷേ അത് തിന്മയായ ഭൗതിക ശരീരത്തിൽ കുടുങ്ങിക്കിടക്കുന്നു. ആയതിനാൽ, ആത്മാവ് ശരീരത്തിൽ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. ഇതിനെയാണ് Gnosticism/ജ്ഞാനവാദം" എന്നു പറയുന്നത്. ഈ തത്വചിന്തയുടെ വ്യത്യസ്ത രൂപങ്ങളാണ് ഇന്ന് പല മതങ്ങളും പിടിച്ചുകൊള്ളുന്നത്.

എന്നാൽ ബൈബിൾ ഈ ആശയത്തിൽ നിന്നും തുലോം വ്യത്യസ്ഥമാണ്. ദൈവത്തിന്റെ ആദിമ സൃഷ്ടിയിൽ താൻ സൃഷ്ടിച്ചതെല്ലാം നല്ലത് എന്ന് ദൈവം തന്നെ വിലയിരുത്തിയതാണ്. ഉല്പത്തി പുസ്തകത്തിന്റെ ആദ്യപേജുകളിൽ നാമത് വായിക്കുന്നു. ഓരൊ ദിവസത്തേയും സൃഷ്ടിക്കു ശേഷം ദൈവം നല്ലത് എന്നു വിലയിരുത്തുന്നതും മനുഷ്യന്റെ സൃഷ്ടിക്കുശേഷം എത്രയും നല്ലത് എന്ന് താൻ വിശേഷിപ്പിക്കുന്നതും നാം കാണുന്നു. ഏഴു തവണ നല്ലത് എന്ന് ആവർത്തിച്ചിരിക്കുന്നത് അതിന്റെ പൂർണ്ണതയെ കാണിക്കുന്നു. അതുകൊണ്ട്, ദൈവത്തിന്റെ സൃഷ്ടിയല്ല മോശം, മനുഷ്യന്റെ പാപമാണ് സകല വിധ തിന്മകൾക്കും കാരണം. മനുഷ്യന്റെ വീഴ്ചക്കു ശേഷമാണ് തിന്മ ഈ ഭൂമിയിലേക്ക് കടന്നു വന്നത്. അവന്റെ പാപമാണ് ഈ ലോകത്തെ ശാപത്തിങ്കീഴാക്കിയത്.

ലോകത്തിന്റെ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് ഇത്. എന്നാൽ ഇതാണ് സത്യം, കാരണം ബൈബിൾ ദൈവത്തിന്റെ വചനമാണ്, അത് സത്യമാണ്, അതു മാറ്റമില്ലാത്തതാണ്. സത്യം മുറുകെ പിടിക്കണം എന്ന് ആഗ്രഹിക്കുന്നവർ ദൈവത്തിന്റെ വചനത്തെ തങ്ങളുടെ അറിവിന്റെ അടിസ്ഥാനമാക്കി മാറ്റണം. തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിൾ ആക്കി മാറ്റണം.

a) ദൈവവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത് വിശ്വസിക്കാത്തവർ ഭോഷന്മാരാണ്.

ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ സത്യം വിശ്വസിക്കാത്തവരെ പൗലോസ് "മൂഢാ" അഥവാ "ഭോഷൻ" എന്നാണ് വിളിക്കുന്നത്. നമുക്കു 36-38 വരെ വാക്യങ്ങളിലേക്കു വരാം. "36 മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. 37 നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു; 38 ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു."

ഇവിടെ "മൂഢാ" എന്ന് പൗലോസ് പറയുമ്പോൾ ആ വ്യക്തി യഥാർത്ഥത്തിൽ ഒരു വിഡ്ഢിയാണെന്നോ അയാൾക്ക് ബുദ്ധി ഇല്ലെന്നോ പറയുകയല്ല. മറിച്ച്, ദൈവം മരിച്ചവരെ ഉയിർപ്പിക്കുമെന്നത് അവിശ്വസനീയമാണെന്ന് കരുതുന്നത് എന്തുകൊണ്ടാണ്? "അങ്ങനെ ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്" എന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത്. അവർ ദൈവം പറഞ്ഞത് വിശ്വസിക്കാതെ ഭോഷത്വമായത് വിശ്വസിക്കുന്നു. നിങ്ങൾ സത്യം വിശ്വസിക്കാത്തതെന്തേ എന്നാണ് പൗലോസ് ചോദിക്കുന്നത്.

b) മരണം കുടാതെ പുനരുത്ഥാനം സാദ്ധ്യമല്ല.

തുടർന്നു പൗലോസ് പുനരുത്ഥാന ശരീരത്തെ മനസ്സിലാക്കുവാൻ, പുനരുത്ഥാന ശരീരത്തെ വിശദീകരിക്കുവാൻ, ഒരു വിത്ത് ഭൂമിയിൽ ഇടുന്നതിന്റെ സാദൃശ്യം ഉപയോഗിച്ചിരിക്കുന്നു. ഒരു വിത്ത് ഭൂമിയിൽ ഇടുമ്പോൾ എന്താണ് സംഭവിക്കുന്നത്? അതു ഇഴുകി അതിലെ ജീവൻ ഒരു സസ്യമായി പുറത്തു വരുന്നു. ഒരു വിത്ത് അതിനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് ഇടുമ്പോൾ ആ വിത്ത് നനഞ്ഞു കുതിർന്ന്, അതിന്റെ കട്ടിയായ പുറന്തോട് അഴുകി, അതിൽ നിന്നും ഒരു സസ്യം പുറത്തു വരുന്നു. ഉദാഹരണമായി ഗോതമ്പ് വിതക്കുമ്പോൾ, അതല്ലെങ്കിൽ നെല്ലു വിതക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്, കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ഗോതമ്പുചെടി അഥവാ നെൽച്ചെടി പുറത്തു വരുന്നു. ഇവിടെ മറ്റൊരു ഗോതമ്പു മണിയൊ, മറ്റൊരു നെൽമണിയൊ അല്ല പുറത്തുവരുന്നത്; മറിച്ച്, മറ്റൊരു ഗോതമ്പിന്റേയൊ നെല്ലിന്റേയൊ രൂപമായ സസ്യമാണ് പുറത്തു വരുന്നത്. പക്ഷെ അതിനു മുന്നമെ ആ നെൽമണി അഴുകുന്നു, അഥവാ ചാകുന്നു. ആ ചാകുന്ന മണിയിൽ നിന്ന് ദൈവം അതിനൊരു പുതിയ ശരീരം നൽകുന്നു. അതുകൊണ്ട് ഒരു പുതിയശരീരം നമുക്കു ലഭിക്കണമെങ്കിൽ മരണം ആവശ്യമാണ്. മരണം കുടാതെ അതിനേക്കാൾ മെച്ചമായ, ഉന്നതമായ ശരീരം ലഭിക്കയില്ല.

c) ആരാണ് മരിച്ചവരെ പുനർജീവിപ്പിക്കുന്നത്?

അപ്പോൾ ആരാണ് ഇതിനു ഈ ശരീരം കൊടുക്കുന്നത് എന്ന് പൗലോസ് വളരെ വ്യക്തമായി പറയുന്നു; 38-ാം വാക്യം: "38 ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു" ദൈവമാണ് ആ വിത്തിനു ഈ സസ്യത്തെ നൽകുന്നത്. പിന്നെ താൻ പറയുന്നത്, ഒരോ വിത്തിനും അതതിന്റെ ശരീരം കൊടുക്കുന്നു എന്നാണ്. അതായത്, നെല്ലിനു ഗോതമ്പിന്റെ ചെടി നൽകുകയില്ല. തേങ്ങ നാം പാകിയാൽ അതിൽ നിന്നു പ്ലാവു മുളച്ചു വരികയില്ല. ഓരോ വിത്തിനും അതതിന്റെ ശരീരം ലഭിക്കുന്നു.

ഇതുപോലെ തന്നെയാണ് മനുഷ്യൻ മരിക്കുമ്പോഴും സംഭവിക്കുന്നത്. മനുഷ്യന്റെ ശരീരം അഴുകി മണ്ണോടു ചേരുന്നു. അതിനു ശേഷം ദൈവം അവനു ഒരു പുതിയ ശരീരം നൽകുന്നു. ദൈവമാണ് അവനെ ഉയർപ്പിക്കുന്നത്. മരിച്ചതിനുശേഷം ദൈവം അവനെ ഉയർപ്പിക്കുകയാണ്. ദൈവത്തിനു ഇത് അസ്സാദ്ധ്യമായ കാര്യമല്ല. കാരണം ദൈവം ഒന്നുമില്ലായ്മയിൽ നിന്നാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ഇനിയും ദൈവത്തിനതു സാധിക്കും.

അപ്പൊസ്തല പ്രവൃത്തികളുടെ പുസ്തകത്തിൽ അപ്പോസ്തലനായ പൗലോസ് അഗ്രിപ്പാ രാജാവിന്റെ കൊട്ടാരത്തിന് മുന്നിൽ നിന്നുകൊണ്ട് യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് പ്രസംഗിക്കുമ്പോൾ താൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നത് അവിശ്വസനീയമാണെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ട്?"

“ദൈവത്തിന്‌ സകലവും സാധ്യമെന്ന്” നിങ്ങൾ അറിയുന്നില്ലയൊ? "ദൈവത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?" നിങ്ങൾ കടലിൽ വീഴുകയും ഒരു സ്രാവ് തിന്നുകയും ചെയ്താൽ, ദൈവം ദൂതന്മാരായ ഗബ്രിയേലിനേയൊ, മീഖായേലിനേയൊ വിളിച്ച് ഇനി നാം എന്തുചെയ്യും എന്നു ചോദിക്കുമൊ? നിങ്ങൾ ദഹിപ്പിക്കപ്പെടുകയാണെങ്കിൽ, ദൈവം പറയുമോ, "അയ്യോ, നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തത്? നിങ്ങൾ അത് കുഴപ്പത്തിലാക്കി!"? ദൈവം അങ്ങനെ ചോദിക്കുകയില്ല. ദൈവത്തിന് അത് ഒരു പ്രശ്നമല്ല. ദൈവം സർവ്വശക്തനാണ്. അവന്റെ ശക്തിക്ക് പരിമിതികളില്ല. ഒന്നുമില്ലായ്മയിൽ നിന്നും സകലവും സൃഷ്ടിക്കാൻ കഴിഞ്ഞവനു അസാദ്ധ്യമായി വല്ലതുമുണ്ടോ? അതിനാൽ, “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടുന്നു?” എന്ന ആദ്യ ചോദ്യത്തിനുള്ള ഉത്തരം. "ദൈവം" ആണ് അതു ചെയ്യുന്നത്. അതുകൊണ്ട് ഇവിടെ അത്ഭുതം പ്രവർത്തിക്കുന്നത് ദൈവമാണ്. ദൈവമാണ് ഈ പ്രവൃത്തി ചെയ്യുന്നത്. ദൈവം അവരെ ഉയർത്തുന്നു. ദൈവത്തിന് എല്ലാം ചെയ്യാൻ കഴിയും. ദൈവത്തിന് കഴിയാത്തതായി യാതൊന്നുമില്ല.

യോഹന്നാൻ 12:24-ൽ യേശു സ്വന്തം മരണത്തെക്കുറിച്ചും അത് കൊണ്ടുവരുന്ന ഫലങ്ങളെക്കുറിച്ചും പറയുന്നതു ശ്രദ്ധിക്കുക: 24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയെ ഇരിക്കും; ചത്തു എങ്കിലൊ വളരെ വിളവുണ്ടാകും." ഗോതമ്പുമണി നിലത്തു വീഴുന്നു. അത് തനിച്ചാകുന്നു; അത് അഴുകുന്നു. അതിനുശേഷം അത് ഒരു സസ്യത്തെ ജനിപ്പിക്കുന്നു. ആ സസ്യം ധാരാളം ധാന്യം ഉത്പാദിപ്പിക്കുന്നു. അതുപോലെയാണ് തന്റെ മരണവും അടക്കവും പുനരുത്ഥാനവും. യേശുക്രിസ്തുവിന്റെ മരണം അനേകരെ ജീവനിലേക്കു നടത്തുന്ന മരണമാണ് എന്നാണ്. താൻ മരിക്കുക മാത്രമല്ല, മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു.

ശരീരത്തിന്റെ പുനരുത്ഥാനത്തിന് മരണം ഒരു തടസ്സമല്ല; അതിന് മരണം അത്യന്താപേക്ഷിതമാണ്. പുനരുത്ഥാനം പ്രാപിക്കാൻ നിങ്ങൾ മരിക്കണം. മരണം ദൈവത്തിന് ഒരു പ്രശ്നമല്ല. പുനരുത്ഥാനത്തിന് മരണം അനിവാര്യമാണ്.

പ്രായോഗികത

മരണം ഒരു ക്രിസ്തുവിശ്വാസിയുടെ ഇരുണ്ട, കറുത്ത, അസ്തിത്വത്തിന്റെ അവസാനമല്ല. അത് നിത്യജീവനിലേക്കുള്ള കവാടമാണ്. രോഗം ബാധിച്ച് മരിക്കുന്ന ഈ ശരീരങ്ങളെ നമുക്ക് സ്വർഗത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ല. ഒരു പുതിയ ശരീരത്തോടെ അത് ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിൽ പ്രവേശിക്കും. രണ്ടാമതായി, മറ്റുള്ളവരെ ജീവനിലേക്കു നടത്തുന്നതിൽ ധാരാളം കഷ്ടത അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് സുവിശേഷ ഘോഷകർ ലോകത്ത് നിരവധിയായ കഷ്ടങ്ങളെ അഭിമുഖീകരിക്കുന്നത്. തങ്ങളുടെ രക്ഷാനായകൻ കഷ്ടതസഹിക്കുകയും മരിക്കുകയും ചെയ്തുവെങ്കിൽ, തന്റെ അനുയായികൾക്കും കഷ്ടതകൾ ഉണ്ടാകും. കർത്താവ് തന്റെ പരസ്യജീവിതകാലത്ത് ശിക്ഷ്യന്മാർക്ക് ഇതിനെക്കുറിച്ചുള്ള മുന്നറിയിപ്പു നൽകിയിരുന്നു എന്നു മാത്രമല്ല, അപ്പോസ്തലന്മാർ എല്ലാവരും തന്നെ രക്തസാക്ഷികളായി തീരുകയും ചെയ്തു എന്ന് ചരിത്രം നമ്മോടു പറയുന്നു.

ഇനി നമുക്ക് രണ്ടാമത്തെ ചോദ്യത്തിലേക്കു കടാക്കാം.

2. മരിച്ചവർ ഏതുതരം ശരീരത്തോടെയാണ് ഉയിർക്കുന്നത്?"
വിത്തിന്റെ സാദൃശ്യത്തിൽ നാം കണ്ടത് വിത്തിനേക്കാൾ ഉന്നതമായ മറ്റൊരു രുപമായ ചെടിയാണ് അതിൽ നിന്നും ഉയർന്നുവരുന്നത് എന്നും അതതിന്റെ ശരീരത്തോടെയാണ് ദൈവം അതിനെ ഉയർപ്പിക്കുന്നത് എന്നും നാം കണ്ടു. ഇതു സസ്യലോകത്തു മാത്രം കാണുന്ന പ്രത്യേകതയല്ല, ജന്തുലോകത്തും ഈ വ്യതിരിക്തത ദർശിക്കുവാൻ നമുക്കു കഴിയും. അതിനായി 39-41 വരെ വാക്യങ്ങൾ നമുക്കു നോക്കാം.

"39 സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ. 40 സ്വർഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ. 41 സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലൊ"

ജന്തുലോകത്തെ ജീവികൾക്കും വ്യത്യസ്ഥങ്ങളായ ശരീരങ്ങളാണുള്ളത്. മനുഷ്യർക്കും കന്നു കാലികൾക്കും, പക്ഷികൾക്കും, മത്സ്യങ്ങൾക്കും വ്യത്യസ്ഥങ്ങളായ മാംസമാണുള്ളത്. ദൈവം ഓരോന്നിനും അതതിന്റെ ശരീരഘടന അനുസരിച്ചാണ് മാംസം നൽകിയിരിക്കുന്നത്. പ്രകൃതിയിൽ തങ്ങളായിരിക്കുന്ന സ്ഥലത്ത് ജീവിക്കുവാൻ ഉതകുന്ന ശരീരഘടനയും മാംസവുമാണ് ഓരോന്നിനും നൽകിയിരിക്കുന്നത്. കരയിലും വെള്ളത്തിലും ആകാശത്തിലും ജീവിക്കുന്ന ജീവജാലങ്ങൾക്ക് അവക്കുതകുന്ന നിലയിലുള്ള ശരീരഘടനയും മാംസവും നൽകിയിരിക്കുന്നു.

അതുപോലെ സ്വർഗ്ഗീയമായവക്കും ഭൗമികമായവയ്ക്കും വ്യത്യസ്ഥ ശരീരങ്ങളാണുള്ളത്. ഇവിടെ സ്വർഗ്ഗീയം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇവിടുത്തെ പശ്ചാത്തലത്തിൽ നിന്നും സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ എന്ന് മനസ്സിലാക്കാം. മാലാഖമാർ ആത്മരൂപികളാകയാൽ, അവർക്ക് ദൃശ്യമായ ഒരു ശരീരമില്ല. ആ നിലക്ക് അവയെക്കുറിച്ചാകാൻ വഴിയില്ല എന്നു ഞാൻ കരുതുന്നു. ഇനി സൂര്യൻ ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവക്കു തമ്മിൽ വലിപ്പത്തിന്റെയും പ്രകാശത്തിന്റേയും നിറങ്ങളുടെയുമൊക്കെ കാര്യത്തിൽ വ്യത്യാസമുണ്ട്. സൂര്യനു ഒരു മഹത്വം. ചന്ദ്രനു മറ്റൊരു മഹത്വം. പൂർണ്ണ നിലാവിൽ ചന്ദ്രൻ പ്രസരിപ്പിക്കുന്ന തേജസ്സ് എത്ര മനോഹരമാണ്. നക്ഷത്രങ്ങൾക്കു മറ്റൊരു മഹത്വം; എന്തെന്നാൽ, ഒരു നക്ഷത്രം മറ്റൊരു നക്ഷത്രത്തിൽ നിന്ന് മഹത്വത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ശാസ്ത്രയുഗത്തിന് വളരെ മുമ്പാണ് പൗലോസ് ഇത് എഴുതുന്നത്, എന്നാൽ നക്ഷത്രങ്ങൾ വ്യത്യസ്തമാണെന്ന് അദ്ദേഹം മനസ്സിലാക്കി; അവയുടെ വലിപ്പം, ചൂട്, നിറം എന്നിവയിൽ വ്യത്യാസമുണ്ട്. ദൂരദർശിനിയിലൂടെ നക്ഷത്രങ്ങളെ നോക്കിയാൽ അവയ്ക്ക് വ്യത്യസ്ത നിറങ്ങളും ഷേയ്ഡ്സ്കളുമുണ്ടെന്ന് കാണാം. എത്ര മഹത്തായ സത്യമാണത്. അതുകൊണ്ട് അവൻ അടിസ്ഥാനപരമായി പറയുന്നത്, ദൈവം ഓരോ അസ്തിത്വത്തിനും അവനു ഇഷ്ടമുള്ളതുപോലെ അവയുടെ ശരീരം നൽകുന്നു എന്നാണ്.

ഒരുതരം മാംസം അതിന്റെ ഗുണങ്ങളുടെ കാര്യത്തിൽ, മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നതുപോലെ, അനേകം ശരീരങ്ങളെ ദൈവത്തിന് ഉണ്ടാക്കാൻ കഴിയുമെങ്കിൽ, മരിച്ചവരെ അവരവരുടെ സ്വന്തം ജഡത്തിൽ, എന്നാൽ പഴയതിൽ നിന്നു വ്യത്യസ്തമായി, ഉയിർപ്പിക്കാൻ ദൈവത്തിന് കഴിയും. നമുക്ക് ലഭിക്കാനിരിക്കുന്ന പുതിയ പുനരുത്ഥാന ശരീരം, ഒരു തുടർമാനതയുണ്ടെങ്കിൽ കൂടി, ഭൂമിയിലുള്ള ശരീരത്തേക്കാൾ വ്യത്യസ്തമായിരിക്കും എന്നതാണ് പൗലോസിന്റെ പോയിന്റ്.

ഒരു ഉദാഹരണം പറഞ്ഞാൽ, ഒരു കാറ്റർപില്ലറിന്റെ കാര്യം എടുക്കാം. ചിത്രശലഭത്തിന്റെ പുഴുവിനെയാണ് കാറ്റർപില്ലർ എന്നു പറയുന്നത്. കുറച്ചു ദിവസങ്ങൾ അത് കൊക്കൂണിനുള്ളിൽ കഴിഞ്ഞശേഷം ആ കൊക്കൂൺ നീക്കി മനോഹരമായ ചിത്രശലഭമായി പുറത്തുവരും. അതുപോലെ, നാം മരിക്കുമ്പോൾ മണ്ണിൽ കുഴിച്ചിടുന്നു. പിന്നീട് മഹത്വമുള്ള ശരീരവുമായി നമ്മൾ പുറത്തുവരും. അതുകൊണ്ട് സ്വർഗത്തിൽ നമുക്കുള്ള ശരീരങ്ങൾ ഭൂമിയിലുള്ള ശരീരങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. നമ്മുടെ സ്വർഗീയ ശരീരങ്ങൾക്ക് അതിന്റേതായ, അതുല്യമായ മഹത്വം ഉണ്ടായിരിക്കും. സ്വർഗ്ഗീയ ലോകത്തിനുതകുന്ന ഒരു ശരീരത്തോടെയായിരിക്കും നമ്മുടെ ഉയർത്തെഴുനേൽപ്പ്.
3. നമ്മുടെ പുനരുത്ഥാന ശരീരം ഒരു ആത്മീയ ശരീരമായിരിക്കും.

പുനരുത്ഥാന ശരീരങ്ങളെക്കുറിച്ചുള്ള മൂന്നാമത്തെ വസ്തുത അത് ആത്മീയശരീരമായിരിക്കും എന്നതാണ്. 42-44 വാക്യങ്ങൾ നമുക്ക് നോക്കാം. "42മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നെ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, 43അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; 44 പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മീയശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ട്."

42-ാം വാക്യത്തിലെ "അവ്വണ്ണം തന്നെ" എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഭൗമിക ശരീരവും സ്വർഗ്ഗീയ ശരീരവും തമ്മിൽ വ്യത്യാസമുണ്ട് എന്നു നാം കണ്ടു. അതിനുശേഷമാണ് അവ്വണ്ണം തന്നെ എന്നു പറഞ്ഞിരിക്കുന്നത്. അതായത്, ഇപ്പോഴത്തെ ശരീരവും പുനരുത്ഥാനശരീരവും തമ്മിൽ വ്യത്യാശമുണ്ട് എന്നു പറഞ്ഞുകൊണ്ട് അവ തമ്മിലുള്ള അന്തരങ്ങളെ കുറിച്ചു പറയുകയാണ് ഈ വാക്യങ്ങളിൽ. ഈ അന്തരങ്ങൾ കാണിക്കുന്നത്, മരിച്ച ഒരു മനുഷ്യനെ ശവമായിട്ടാണ് പിന്നെ കാണുന്നത്. ആ ശരീരം ബലഹീനവും ക്ഷയോന്മുകവുമാണ് എന്ന കാര്യമാണ്. എന്നാൽ ഉയിർത്തെഴുന്നേൽക്കുന്ന ശരീരം ക്ഷയോന്മുകമായ ഒന്നല്ല. അതു നശിച്ചുപോകുന്ന ഒന്നല്ല, മറിച്ച് അനശ്വരമായി നിലനിൽക്കുന്ന ഒന്നാണ്. ദൈവം വളരെ അതിശയകരമായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിലും, പാപത്തിന്റെ ഫലമായി അതു ക്ഷയമുള്ളതും മരണത്തിനു വിധിക്കപ്പെട്ടതും, മണ്ണിനോടു ഇഴുകിച്ചേരുന്നതുമായി തീർന്നു. എന്നാൽ ഉയിർത്തെഴുന്നേൽക്കുന്ന ശരീരം നശിക്കാത്തതും എന്നേക്കും നിലനിൽക്കുന്നതുമാണ്. എന്തെന്നാൽ പാപത്തിന്റേതായ ശാപത്തിൽ നിന്നും അത് വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അത് ക്ഷയിക്കുന്നില്ല, രോഗാകുലമാകുന്നില്ല, അതിനെ ജരാനര ബാധിക്കുന്നില്ല. അത് മരിക്കുന്നില്ല. ഇപ്പോഴുള്ള വൈകല്യങ്ങൾ പുനരുത്ഥാന ശരീരത്തിൽ ഉണ്ടാവുകയില്ല. തേജസ്സോടെയാണ് അത് ഉയിർത്തെഴുന്നേൽക്കുന്നത്. മാത്രവുമല്ല, പുനരുത്ഥാന ശരീരം സ്വർഗ്ഗത്തിനു അനുയോജ്യമായതും ആ ലക്ഷ്യത്തെ മുന്നിർത്തിയുള്ളതുമായിരിക്കും.

4. പുനരുത്ഥാന ശരീരം ക്രിസ്തുവിന്റേതിനു സമാനമായ തേജസ്ക്കരിക്കപ്പെട്ട ശരീരമായിരിക്കും.

അതിനായി 45-49 വരെ വാക്യങ്ങൾ നമുക്കു പരിശോധിക്കാം. "45 ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. 46 എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു. 47 ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. 48 മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; 49 നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും".

നമ്മുടെ ഉയിർത്തെഴുന്നേറ്റ ശരീരം ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേറ്റ ശരീരം പോലെയായിരിക്കുമെന്നാണ് ഈ വേദഭാഗം നമ്മോടു പറയുന്നത്‌. അതിനാൽ, “സ്വർഗത്തിൽ നമ്മുടെ ശരീരം എങ്ങനെയായിരിക്കും?” എന്ന ചോദ്യത്തിനുള്ള ഏറ്റവും നല്ല വിശദീകരണം, യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേറ്റ ശരീരത്തിലേക്ക് നോക്കുക എന്നതാണ്. നമ്മുടെ ഭാവി ശരീരങ്ങളെക്കുറിച്ച് പഠിക്കാനാകുന്നതെല്ലാം യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേറ്റ ശരീരത്തിൽ കാണാൻ കഴിയും. പൗലോസ് പറയുന്നു : "49 നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും." ഒന്നാം മനുഷ്യനായ ആദാം മണ്ണിനാൽ ഉണ്ടാക്കപ്പെട്ടവൻ ആകുന്നു; രണ്ടാം ആദമായ ക്രിസ്തു സ്വർഗ്ഗീയൻ ആകുന്നു. നാം മണ്ണുകൊണ്ടുള്ള മനുഷ്യന്റെ പ്രതിച്ഛായ ധരിച്ചതുപോലെ സ്വർഗ്ഗീയ മനുഷ്യന്റെ പ്രതിച്ഛായയും ധരിക്കും.

രോമാലേഖനത്തിൽ പൗലോസ് ആദത്തെ മനുഷ്യവർഗ്ഗത്തിന്റെ ഒരു ഫെഡറൽ തലവനായി ചിത്രീകരിക്കുന്നു. അവിടെ നാം ഇപ്രകാരം വായിക്കുന്നു: "ഏക മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും" (റോമർ 5:19). ഏകന്റെ പാപത്താൽ മരണം ലോകത്തിൽ കടന്നു. മുഴുവൻ മനുഷ്യരാശിയുടെമേലും പാപവും മരണവും കൊണ്ടുവന്നുവെന്ന സുപ്രധാന സത്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മുഴുവൻ മനുഷ്യരാശിക്കും ജീവനും ക്ഷമയും കൊണ്ടുവന്ന അവസാനത്തെ ആദം, ഒരു ഫെഡറൽ തലവൻ കൂടിയാണ് യേശു. അതിനാൽ നിങ്ങളുടെ ആദ്യ ജന്മത്തിൽ നിങ്ങൾ ആദാമിൽ മാത്രമാണെങ്കിൽ, നിങ്ങൾക്ക് ഒരു ഭൗതിക ശരീരം മാത്രമേ ഉള്ളൂ, വീണ്ടും ജനിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ മരിക്കുകയും നശിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ വിശ്വാസത്താലും രക്ഷയാലും ക്രിസ്തുവിൽ വീണ്ടും ജനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് നിത്യജീവന്റെ പ്രത്യാശ ഉണ്ടായിരിക്കും.

നിങ്ങൾക്ക് ആദ്യ ആദവും അവസാന ആദവും ഉണ്ട്. എല്ലാ മനുഷ്യരാശിയും ഒന്നുകിൽ ഒന്നാം ആദത്തിലോ അവസാനത്തെ ആദത്തിലോ ആണ്; ആദ്യത്തെ ആദാമിൽ, കുറ്റംവിധിക്കപ്പെട്ടു, അല്ലെങ്കിൽ അവസാനത്തെ ആദാമിൽ, രക്ഷിക്കപ്പെട്ടു, നിത്യജീവന്റെ പ്രത്യാശയുണ്ട്.

അതുകൊണ്ട് ഈ രണ്ട് ആദാമുകളെ പൗലോസ് താരതമ്യം ചെയ്യുന്നു. വാക്യം 47, “ആദ്യമനുഷ്യൻ മണ്ണിൽനിന്നുള്ളവനായിരുന്നു; രണ്ടാമത്തെ മനുഷ്യൻ സ്വർഗത്തിൽ നിന്നുള്ള കർത്താവാണ്. യേശുവിന്റെ ആദ്യ വരവിൽ, മനുഷ്യാവതാരത്തിൽ, ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചു, കന്യാമറിയത്തിലൂടെ ഒരു മനുഷ്യനായി, അവൻ ജനിച്ചു. അവൻ പാപരഹിതനായിരുന്നു, പക്ഷേ ജഡം സ്വീകരിച്ചു. അവൻ മരിച്ചു, അടക്കപ്പെട്ടു, പാപത്തെയും മരണത്തെയും കീഴടക്കി മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു, പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. അവൻ തന്റെ ശക്തിയിലും മഹത്വത്തിലും തിരികെ വരും. അത് അഭിമാനകരമായ സംഭവമായിരിക്കും. അവൻ ഭൂമിയിൽ ഒരു പുതിയ രാജ്യം സ്ഥാപിക്കും, അവിടെ നീതി വാഴും. ഭൂമി പുനഃസ്ഥാപിക്കപ്പെടും. അത് മഹത്വമുള്ളതായിരിക്കും. ഫിലിപ്പിയർ 3:21-ൽ, ക്രിസ്തു മടങ്ങിവരുമ്പോൾ, "നമ്മുടെ എളിയ ശരീരം അവന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപപ്പെടേണ്ടതിന് അവൻ രൂപാന്തരപ്പെടുത്തും" എന്ന് പൗലോസ് പറയുന്നു.

യേശുക്രിസ്തു മാത്രമാണ് നമ്മുടെ ഏക പ്രതീക്ഷ. എല്ലാ മനുഷ്യരും ഒന്നുകിൽ ആദാമിലാണ്. അവര്‍ ശിക്ഷാവിധിയിലും മരണത്തിൻ കീഴിലുമാണ്. അല്ലെങ്കിൽ അവസാനത്തെ ആദാമായ യേശുക്രിസ്തുവിലാണ്, അവൻ ജീവൻ നൽകുന്ന ആത്മാവാകയാല്‍ അവര്‍ അവനെപ്പോലെ ജീവനുള്ളവര്‍ ആകും.

നിങ്ങൾ മരിക്കുമ്പോൾ സ്വർഗത്തിൽ പോകുമെന്ന് നിങ്ങൾക്കുറപ്പുണ്ടോ? ഈ പ്രസംഗം കേൾക്കുന്നത് ഒരു കാര്യമാണ്, എന്നാൽ അത് ഹൃദയത്തിൽ എടുക്കുന്നത് മറ്റൊരു കാര്യമാണ്. പലതവണ ആളുകൾ കേൾക്കുന്നു, പക്ഷേ ശരിക്കും ശ്രദ്ധിക്കുന്നില്ല. "ഒരു പ്രാവശ്യം മരിക്കാൻ മനുഷ്യർക്ക് നിയമിക്കപ്പെട്ടിരിക്കുന്നു, എന്നാൽ അതിനുശേഷം, ന്യായവിധി." രണ്ടു കാര്യങ്ങൾ ഉറപ്പാണെന്ന് ബൈബിൾ പറയുന്നു. ഒന്ന്, ജീവിതം ചെറുതാണ്. ജീവിതത്തിന്റെ ക്ഷണികത ബൈബിൾ ഊന്നല്‍ നല്കി പഠിപ്പിക്കുന്ന ഒരു വിഷയമാണ്. ജീവിതം ഒരു പുകപോലെയാണ്; അത് നീരാവി പോലെയാണ്, അത് ഒരു നിമിഷം പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. രണ്ട്, മരണം സാർവത്രികമാണ്. “മരണം കാണാതെ ജീവിക്കാൻ കഴിയുന്ന ഏത് മനുഷ്യനുണ്ട്? ശവക്കുഴിയുടെ ശക്തിയിൽ നിന്ന് അവന്റെ ജീവൻ രക്ഷിക്കാൻ അവന് കഴിയുമോ? ജീവിതം ഹ്രസ്വമാണ്, മരണം ഉറപ്പാണ്.

നിങ്ങൾ നിത്യത എവിടെ ചെലവഴിക്കും? ഉയിർത്തെഴുന്നേറ്റ ഈ മഹത്വമുള്ള ശരീരം നിങ്ങൾക്ക് ലഭിക്കുകയും സ്വർഗത്തിൽ നിത്യത ചെലവഴിക്കുകയും ചെയ്യുമോ? അപ്പോൾ നിങ്ങൾ പറയുമായിരിക്കും, "ശരി, ഞാൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ ഒരു പാപിയാണെന്ന് സമ്മതിക്കണം. “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായി” എന്ന് ബൈബിൾ പറയുന്നു. ബൈബിൾ പറയുന്നു: “നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല," നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി യേശു കുരിശിൽ മരിച്ചുവെന്ന് നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അവൻ നിങ്ങളുടെ പാപങ്ങൾക്കു വേണ്ട വില കൊടുത്തു; അവൻ നിങ്ങളുടെ സ്ഥാനം ഏറ്റെടുത്തു. അപ്പോൾ യേശു അടക്കം ചെയ്യപ്പെടുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും സ്വർഗത്തിലേക്ക് ആരോഹണം ചെയ്യുകയും ചെയ്തു.

“കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ രക്ഷിക്കപ്പെടും” എന്ന് ബൈബിൾ പറയുന്നു. അതുകൊണ്ട് ഇന്ന് പറയുക, “യേശുവേ, എന്റെ പാപങ്ങൾ ക്ഷമിക്കണം, ഞാൻ നിന്റെ മകനാകാൻ ആഗ്രഹിക്കുന്നു, നീ എന്റെ ഹൃദയത്തിൽ വന്ന് എന്റെ പാപങ്ങൾ ക്ഷമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മരിക്കുമ്പോൾ ഞാൻ സ്വർഗത്തിൽ പോകുമെന്ന് എനിക്കറിയണം. ഇന്ന് നിങ്ങൾക്ക് ആ ഉറപ്പ് ഇല്ലെങ്കിൽ, ആ അവസരം നിങ്ങൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ഉറപ്പ് ഇല്ലാതെ നിങ്ങൾ ഇനിയും ഇരിക്കരുത്.
യേശു പറഞ്ഞു, "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരുന്നില്ല. നിങ്ങൾക്കുള്ള ഏക മാർഗം സ്വർഗ്ഗത്തെക്കുറിച്ചുള്ള പ്രത്യാശ, ശവക്കുഴിക്കപ്പുറത്തുള്ള പ്രത്യാശ, യേശുക്രിസ്തുവിലാണ്. എന്നാൽ നിങ്ങൾ ഇപ്പോൾ അവനായി നിങ്ങളുടെ ഹൃദയം തുറക്കുക.

*******

© 2020 by P M Mathew, Cochin

bottom of page