top of page
1 കൊരിന്ത്യാലേഖന പരമ്പര 01
P M Mathew
NOV 20, 2015

Resurrection of the Dead
മരിച്ചവരുടെ പുനരുത്ഥാനം

1 Corrinthians 15:12-19

ദൈവത്തിന്റെ അതിപരിശുദ്ധനാമം വാഴ്ത്തപ്പെടുമാറാകട്ടെ. പ്രിയ വർഗ്ഗീസ് അപ്പച്ചന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ഏവരേയും ആശ്വാസദായകനായ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആശ്വസിപ്പിക്കട്ടെ എന്ന്‍ പ്രാർത്ഥിക്കുന്നു. ഈ പ്രിയ ഭവനവുമായി 21 വർഷത്തെ പരിചയമാണുള്ളത്. ബാബു സഹോദരനെ ഞാൻ പരിചയപ്പെടുന്നത് ഏകദേശം 21 വർഷങ്ങൾക്കു മുൻപ് കളമശേരി സഭയിൽ വെച്ചാണ്. ഞങ്ങൾ ഇരുവരുടേയും തൊഴിൽ ഒന്നായിരുന്നതുകൊണ്ട് ഒരു പ്രത്യേകമായ അടുപ്പം ഞങ്ങൾ ഇരു കുടുംബങ്ങളും തമ്മിൽ ഉണ്ട്. അതുകൊണ്ട് ഞങ്ങൾ ഇരുവർക്കും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സന്ദർശിക്കുവാനും കൂടുതൽ സമയം ഒരുമിച്ചു ചിലവിടുവാനും സാധിച്ചിട്ടുണ്ട്. പലപ്പോഴും ഞങ്ങൾക്കിവിടെ കുടുംബമായി കടന്നുവരുവാനും അപ്പച്ചനോടും അമ്മച്ചിയോടും ഒക്കെ സംസാരിച്ചിരിപ്പാനും സാധിച്ചിട്ടുണ്ട്. മാത്രവുമല്ല, സഭക്കും അപ്പച്ചനെ കൊണ്ട് വലിയ പ്രയോജനം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഒരു സഭാഹാൾ പണിയണം എന്ന് ആഗ്രഹിച്ച് അതിനൊരു എഞ്ജിനീയറെ അന്വേഷിച്ചപ്പോൾ ഞങ്ങളുടെ മനസ്സിൽ വന്നത് ഈ പ്രിയ വർഗ്ഗീസ് അപ്പച്ചനായിരുന്നു. ഞാനിക്കാര്യം അപ്പച്ചനെ അറിയിച്ചപ്പോൾ അപ്പച്ചൻ അത് സമ്മതിക്കുകയും ആ ഉത്തരവാദിത്വം വളരെ ഭംഗിയായ നിലയിൽ, ഏറ്റവും കുറഞ്ഞ ചിലവിൽ അത് നിവൃത്തിച്ചു തരികയും ചെയ്തു. അത് ഞാൻ ഇപ്പോൾ നന്ദി പൂർവം സ്മരിക്കുന്നു. അതുകൂടാതെ അപ്പച്ചനും അമ്മച്ചിയും ഒക്കെ ഞങ്ങൾക്ക് വ്യക്തിപരമായ പല നന്മകളും ചെയ്തത് ഞാൻ ഓർക്കുന്നു. അതുകൊണ്ട് അപ്പച്ചന്റെ വേർപാടിൽ ഞങ്ങൾക്കും ആഴമായ ദുഃഖമുണ്ട്.

എന്നാൽ മർത്യനെ സംബന്ധിച്ചിടത്തോളം ഒരു വേർപാട് അനിവാര്യമായ ഒരു സംഗതിയാണ്. ആ നിലക്ക്, അപ്പച്ചന് വളരെ സുദീർഘമായ ഒരു ആയുസ്സും, അവസ്സാന നിമിഷംവരെ ഏറ്റവും മെച്ചമായ പരിചരണവും, കിടന്നു കഷ്ടപ്പെടാതെ ഭാഗ്യകരമായ ഒരു മരണവും ലഭിച്ചു. അതിൽ ഞാൻ സന്തുഷ്ടനാണ്. സഭയുടെ മൂപ്പനെന്ന നിലയിൽ, കളമശേരി സഭയുടെ പേരിലും എന്റെ വ്യക്തിഗതമായ പേരിലും അനുശോചനങ്ങൾ നേർന്നു കൊണ്ട്, ദൈവ വചനത്തിൽ നിന്നും ചില ചിന്തകൾ പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി 1 കൊരിന്ത്യർ 15:12-19 വാക്യങ്ങളിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

1 കൊരിന്ത്യര്‍ 15:12-19

“12 ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ? 13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല 14 ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. 15 മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും. 16 മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. 17 ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. 18 ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി. 19 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ. “

1. മരിച്ചവരുടെ പുനരുത്ഥാനം

അബ്രാഹമിന്റെ സമകാലികനെന്ന് വിശ്വസിക്കപ്പെടുന്ന ഈയോബിന്റെ പുസ്തകം 14:14 ൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “14 മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” ബൈബിളിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകമാണ് ഈയോബിന്റെ പുസ്തകം. ആ പുസ്തകത്തിൽ ഇങ്ങനെയൊരു ചോദ്യമുള്ളത്, അത് ഏതൊരുവന്റെ ഉള്ളിന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരു ചോദ്യമായതുകൊണ്ടാകാം ദൈവത്തിന്റെ പരിശുദ്ധാത്മാവ് അതിനെക്കുറിച്ച് ഇങ്ങനെ എഴുതുവാൻ ഇടയായത് എന്ന് ഞാൻ ചിന്തിക്കുന്നു. ഏതൊരും മതവും കെട്ടിപ്പൊക്കിയിരിക്കുന്നത് മനുഷ്യന്റെ അമർത്യത എന്ന മൂലക്കല്ലിൽ ആണ്.

ബൈബിളിനു വെളിയിൽ, ഈജീപ്ഷ്യൻ സാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥമായ Book of the Dead ലും മനുഷ്യന്റെ അമർത്യതയെക്കുറിച്ച് വളരെ സുദീർഘമായി പരാമർശിച്ചിട്ടുണ്ട്. അതുകൊണ്ട് ഈജിപ്ഷ്യൻ ജനത മരണശേഷം അമർത്യത ആസ്വദിക്കുവാൻ വേണ്ടി തങ്ങളുടെ ശവ ശരീരങ്ങൾ ദീർഘനാൾ കേടു കൂടാതെ സൂക്ഷിച്ചിരുന്നു. അവയുടെ പ്രതീകങ്ങളാണല്ലൊ ലോകത്തിലെ മഹാത്ഭുതങ്ങളിൽ ഒന്നായ ഈജിപ്തിലെ പിരമിഡുകൾ. പുരാതന ഗ്രീക്ക് മതങ്ങളിലും ഹിന്ദുയിസത്തിലും ബ്രഹ്മനിസത്തിലും ബുദ്ധിസത്തിലും ഒക്കെ മനുഷ്യന്റെ അമർത്യത എന്നത് വളരെ പ്രബലമായ ആശയമാണ്. ജനനത്തിൽ ആരംഭിച്ച് മരണത്തോടെ അവസാനിക്കുന്ന അതല്ലെങ്കിൽ പിള്ളത്തൊട്ടിയിൽ ആരംഭിച്ച് കല്ലറയിൽ അവസാനിക്കുന്ന ഒന്നല്ല മനുഷ്യജീവിതം. ഇതാണ് മനുഷ്യജീവിതത്തെ മറ്റു ജീവിതങ്ങളിൽ നിന്നു വ്യത്യസ്ഥമാക്കുന്നത്.

ബൈബിളും വളരെ വ്യക്തമായി പറയുന്ന, വളരെ ആധികാരികമായിത്തന്നെ പറയുന്ന ഒരു കാര്യമാണ് മനുഷ്യന്റെ അമർത്ത്യത അഥവാ പുനരുത്ഥാനം എന്നത്. ഈ പുനരുത്ഥാനജീവിതം എന്നേക്കും ദൈവത്തോടുകുടെ ആയിരിപ്പാൻ കഴിയും എന്നുള്ളതാണ് ബൈബിൾ നൽകുന്ന സുവാർത്ത. അതിനേക്കാൾ ഉപരി, കർത്താവായ യേശുക്രിസ്തുവിന്റെ ചെലവിൽ അതു സൗജന്യമായി ദൈവം നൽകുന്നു എന്നതാണ് അതിനേക്കാൾ അത്ഭുതകരമായ വാർത്ത എന്നത്.

2. പുനുരുത്ഥാനശേഷം എന്തു സംഭവിക്കുന്നു?
പുനരുത്ഥാനശേഷം സംഭവിക്കുന്ന കാര്യങ്ങൾക്കു യേശുക്രിസ്തുവുമായി അഭേദ്യമായി ബന്ധമുണ്ട്. കാരണം യേശുക്രിസ്തുവിനെ അറിയാതെയാണ് ഒരുവൻ ഈ ഭൂമിയിൽ നിന്ന് മാറ്റപ്പെടുന്നത് എങ്കിൽ അവൻ നിത്യനരകത്തിൽ തന്റെ മരണശേഷമുള്ള ജീവിതം ചെലവിടേണ്ടി വരുമെന്നുള്ളതാണ് ഏറ്റവും സങ്കരടകരമായ അവസ്ഥ. യേശുവിനെക്കുറിച്ചുള്ള അറിവോടെയാണ്, അതായത്, യേശുവിന്റെ പാപപരിഹാര ബലിയിൽ ആശ്രയിച്ചുകൊണ്ടാണ് ഒരുവൻ ഈ ഭൂമിയിൽ നിന്നു മാറ്റപ്പെടുന്നത് എങ്കിൽ അത് അവനെ എന്നേക്കും മഹത്വകരമായ, ആനന്ദകരമായ ദൈവസന്നിധിയിൽ തന്റെ നിത്യത ചെലവിടുവാൻ സാധിക്കും എന്ന് ദൈവത്തിന്റെ വചനമായ ബൈബിൾ ഉറപ്പു നൽകുന്നു. യോഹന്നാൻ 5:25 ൽ കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറയുന്നു: "25 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” കർത്താവിന്റെ രണ്ടാം വരവിങ്കൽ എല്ലാവരും തന്നെ പുനരുത്ഥാനം ചെയ്യപ്പെടും. ചിലർ ജീവനിലേക്ക് പുനരുത്ഥാനം ചെയ്യപ്പെടുമ്പോൾ മറ്റു ചിലർ നിത്യശിക്ഷാവിധിക്കായിട്ടാണ് പുരുത്ഥാനം ചെയ്യപ്പെടുന്നത്.
യേശുവിനെ കൂടാതെ മരിക്കുന്നവർ സാത്താനായി ഒരുക്കിയിട്ടുള്ള നിത്യനാശത്തിലേക്ക് പോകേണ്ടതായ് വരും. ഇത് അവന്റെ മരണത്തിന്റെ അടുത്ത നിമിഷം തന്നെ സംഭവിക്കുന്നു എന്നാണ് ലാസറിന്റേയും ധനവാന്റേയും ഉപമയിൽ നിന്ന് നമുക്കു കാണുവാൻ കഴിയുന്നത്. എന്നാൽ ഒരു ക്രിസ്തു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അപ്പൊ പൗലോസ് ഫിലിപ്യാലേഖനം 1:23 ൽ പറയുന്നതുപോലെ : “വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ” എന്ന്.

ക്രിസ്തീയ ഉപദേശത്തിന്റെ മൂലക്കല്ലു എന്നു പറയുന്നത് മരിച്ചവരുടെ പുനരുത്ഥാനമാണ്. പുതിയ നിയമത്തിൽ ഏകദേശം 104 തവണ ഈ വിഷയം ആവർത്തിച്ചിരിക്കുന്നു എന്നത് അതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. പുനരുത്ഥാനം എന്നത് ക്രിസ്ത്യാനിറ്റിയുടെ എല്ലാമെല്ലാമാണ് എന്നു പറവാൻ സാധിക്കും. കാരണം

ഒരു പുനരുത്ഥാനമില്ലെങ്കിൽ ക്രിസ്തുവിന്റെ മരണത്തിനു യാതൊരു അർത്ഥവുമില്ല.

ഒരു പുനരുത്ഥാനമില്ലെങ്കിൽ ക്രിസ്തുവിന്റെ ജീവിതം ഫലശുന്യമായി തീരും.

ഒരു പുനരുത്ഥനമില്ലെങ്കിൽ യേശുവിന്റെ മരണം കേവലം ഒരു രക്തസാക്ഷിമരണം
മാത്രമായി തീരും.

ഒരു പുനരുത്ഥനമില്ലെങ്കിൽ യേശുക്രിസ്തുവിന്റെ കാല്വരിയിലെ മരണം
മനുഷ്യവർഗ്ഗത്തിന്റെ പാപത്തിനു ദൈവപുത്രന്റെ പ്രായശ്ചിത്ത ബലിയായി തീരുവാൻ
സാധിക്കയില്ല.
.
ക്രിസ്തുവിന്റെ മരണപുനരുത്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അപ്പോ പത്രോസ് പെന്തക്കോസ്ത് നാളിൽ പ്രസംഗിച്ചതും അന്ന് 3000 ഓളം പേർ യേശുവിൽ വിശ്വസിച്ച് സ്നാനമേറ്റ് ഭൂമിയിൽ കർത്താവിന്റെ സഭ സ്ഥാപിതമായി തീർന്നതും.

അപ്പോസ്തല പ്രവർത്തികളിലെ ഇതരപ്രസംഗങ്ങൾ നാം നോക്കിയാൽ അവയൊക്കെയും യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനത്തെ ആധാരമാക്കിയാണ് പ്രസംഗിച്ചത് എന്നു കാണുവാൻ കഴിയും.

യേശുവിന്റെ മരണത്തിൽ ചിതറിപ്പോയ അപ്പൊസ്തലന്മാർ ഒരുമിച്ചു കൂടിയതും യേശുവിനെ ക്കുറിച്ച് പ്രസംഗിക്കാൻ ആരംഭിച്ചതും അതിൽ പലർക്കും തന്നെ രക്തസാക്ഷി മരണം വരിക്കാൻ സാധിച്ചതും ഈ പുനരുത്ഥാനം മൂലമാണ്.

നാം വായിച്ച 1 കൊരി 15 ൽ ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനത്തിനു അടിസ്ഥാനമായി പറഞ്ഞിരിക്കുന്നത് കർത്താവായ യേശൂക്രിസ്തു മരിച്ചവരിൽ നിന്നു ഉയർത്തെഴുനേറ്റു എന്ന യാഥാർത്ഥ്യമാണ്. 15:12-13 ൽ അപ്പൊസ്തലനായ പൗലോസ് മരിച്ചവരുടെ പുനരുത്ഥാനത്തെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നമുക്കാവേദഭാഗം ഒന്നുവായിക്കാം: “12 ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ? 13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല;’
മരിച്ചവരുടെ പുനരുത്ഥാനത്തെ ഉറപ്പിക്കുവാൻ താൻ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ നിരവധി തെളിവുകൾ ചൂണ്ടിക്കാട്ടി സ്ഥാപിക്കുന്നതാണ് ഈ വേദഭാഗങ്ങളിൽ നമുക്കു കാണുവാൻ കഴിയുന്നത്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ സ്ഥാപിക്കുവാൻ ചുരുങ്ങിയത് നാലു തെളിവുകൾ ഈ അദ്ധ്യായത്തിൽ നിന്നും ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
3. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു നാലു തെളിവുകൾ

1. യേശുക്രിസ്തുവിന്റെ മരണ പുനരുത്ഥാനം തിരുവെഴുത്തുകളുടെ നിവൃത്തിയാണ്.

15 ന്റെ 3 ഉം 4 ഉം വാക്യങ്ങളിലാണ് അതിനെ കുറിച്ചു പറഞ്ഞിരിക്കുന്നത്. ആ വേദഭാഗം നമുക്കൊന്നു വായിക്കാം : “ ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു 4 തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു ...." തിരുവെഴുത്തുകളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിവൃത്തിയാകാതെ ഇരിക്കയില്ല. മാത്രവുമല്ല, തിരുവെഴുത്തുകളുടെ നിവൃത്തിയാണ് യേശുക്രിസ്തുവിന്റെ മരണമെന്നത്. യേശുക്രിസ്തുവിന്റെ മരണത്തെക്കുറിച്ചു നിരവധിയായ പ്രവചനങ്ങൾ ബൈബിളിൽ ഉണ്ട് എന്ന് നമുക്കറിയാം. അവയിൽ പ്രധാനപ്പെട്ട ചല്ല വേദഭാഗങ്ങളാണ് യേശയ്യ പ്രവചനം 53-ാം അദ്ധ്യായവും 22-ാം സങ്കീർത്തനവും. പിന്നെ സഖരിയ 12:10 ഉം. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ രണ്ടാമത്തെ തെളിവായി താൻ പറയുന്നത്:

2. യേശുക്രിസ്തുവിന്റെ മരണ പുനരുത്ഥാനത്തിനു അപ്പോസ്തലന്മാർ സാക്ഷികളാണ്.

യേശു പുനരുത്ഥാനശേഷം 12 അപ്പൊസ്തലന്മാർക്ക് പല തവണ പല അവസരങ്ങളിൽ പ്രത്യക്ഷനായി എന്നു നാം വായിക്കുന്നു. കേവലം അപ്പൊസ്തലന്മാർക്കു മാത്രമല്ല, യേശുവിന്റെ സഹോദരനായ യാക്കോബിനും പൗലൊസിനും അതു കൂടാതെ 500 ൽ അധികം ശിഷ്യന്മാർക്കും താൻ പിന്നീട് പ്രത്യക്ഷനായി എന്നു കാണുന്നു. യോഹന്നാന്‍ ഈ സുവിശേഷം എഴുതിയ സമയത്ത് പുനരുത്ഥാനം ചെയ്ത യേശുവിനെ കണ്ട സാക്ഷികൾ പലരും ജീവിച്ചിരുന്നു. അതു യേശുവിന്റെ പുനരുത്ഥാനത്തിൽ യാതൊരു സംശയത്തിന്റേയും ആവശ്യമില്ല എന്നാണ് കാണിക്കുന്നത്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ മൂന്നാമത്തെ തെളിവായി താൻ നിരത്തുന്നത്:

3. യേശു ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർത്തെഴുനേറ്റിട്ടില്ല എങ്കിൽ തങ്ങളുടെ പ്രസംഗം വ്യർത്ഥം.

യേശു ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർത്തെഴുനേറ്റിട്ടില്ല എങ്കിൽ തങ്ങളുടെ തങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, യേശുക്രിസ്തു ഉയർത്തെഴുനേറ്റിരുന്നില്ല എങ്കിൽ അവർക്ക് അങ്ങനെ പരസ്യമായി യെരുശലേമിൽ പ്രസംഗിക്കുവാൻ സാധിക്കുമായിരുന്നില്ല. അവർ ദൈവത്തിനു കള്ളസാക്ഷികൾ എന്ന നിലയിൽ മുദ്രയടിക്കപ്പെടുകയും ദൈവദൂഷണത്തിനു ന്യായവിസ്താരത്തെ നേരിടേണ്ടിവരുകയും ചെയ്യുമായിരുന്നു.

4. ക്രിസ്തു ഉയർത്തിട്ടില്ല എന്നു വരികിൽ ഇന്നു ക്രിസ്തുവിൽ വിശ്വസിച്ചവരുടേയും വിശ്വാസം വ്യർത്ഥം.

ക്രിസ്തു ഉയർത്തിട്ടില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ വിശ്വാസം വ്യർത്ഥമായി തീരുമായിരുന്നു. അതു മാത്രവുമല്ല, അങ്ങനെ വിശ്വസിച്ചവർ അവർ തങ്ങളൂടെ പാപം പരിഹരിക്കപ്പെടാതെ തങ്ങളുടെ പാപങ്ങളിൽ മരിക്കുമായിരുന്നു. അവർക്ക് യാതൊരു പ്രതീക്ഷക്കൊ പ്രത്യാശക്കൊ വകയുണ്ടാകുമായിരുന്നില്ല. അവർ എന്നന്നേക്കുമായി നശിച്ചു പോകുമായിരുന്നു. അത് ഈ ലോകത്തിൽ മാത്രം പ്രത്യാശ വെച്ചവരുടെ ജീവിതം പോലെ ഏറ്റവും അരിഷ്ടമായ ഒരു ജീവിതം ആയി തീരുമായിരുന്നു.

എന്നാൽ യേശു മരിച്ചവരിൽ നിന്നും പുനരുത്ഥാനം ചെയ്തിരിക്കുന്നു. താൻ 40 നാളോളം തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷനായി അവർക്ക് പ്രതീക്ഷ നൽകി, പ്രത്യാശ നൽകി, അവർ കാൺകെ സ്വർഗ്ഗത്തിലേക്ക് വാനമേഘങ്ങളിൽ എടുക്കപ്പെട്ടു. അപ്പൊ.പ്രവൃ 1:9-10 നാം ഇപ്രകാരം വായിക്കുന്നു: “ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു. 10 അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:” (അപ്പൊ.പ്രവൃ 1:9-10)

4. കർത്താവിൽ മരിച്ചവരുടെ പ്രത്യാശ

കർത്താവിൽ മരിച്ചവരുടെ പ്രത്യാശ എന്നത്, കർത്താവിന്റെ രണ്ടാം വരവിങ്കൽ അവർ കർത്താവിനെപോലെ തേജസ്ക്കരിക്കപ്പെട്ട ഒരു ശരീരത്തോടെ ഉയർത്തെഴുനേൽക്കും. പിന്നെ അവർ എപ്പോഴും കർത്താവിനോടുകുടെ ആയിരിക്കും. ഈയൊരു മനോഹരമായ പ്രത്യാശയാണ് ഒരു യഥാർത്ഥ ക്രിസ്ത്യാനിക്കുള്ളത്. ഒരു പ്രത്യാശയുള്ള ഒരു ക്രിസ്ത്യാനിയായി ജിവിക്കുവാൻ, കർത്താവായ യേശുക്രിസ്തുവിന്റെ കാൽ വരിയിലെ മരണം തന്റെ പാപത്തിനു പരിഹാരമാണ് എന്ന് അംഗികരിച്ച് തന്റെ പാപത്തെ ഏറ്റു പറഞ്ഞ് ഉപേക്ഷിച്ച്, ക്രിസ്തുവിനെ തന്റെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചുകൊണ്ടുള്ള ജീവിതമാണ്. അതിനു ഇതുവരെ സാധിച്ചിട്ടില്ലാത്തവർ അങ്ങനെയൊരു തീരുമാനമെടുത്തുകൊണ്ട് തനിക്കു വേണ്ടി മരിച്ച കർത്താവിനായി തങ്ങളുടെ ജീവിതത്തെ സമർപ്പിക്കട്ടെ. അതിനു ദൈവം അവരെ സഹായിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രിയ അപ്പച്ചന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന എല്ലാ മക്കളെയും അവരുടെ മക്കളേയും ബന്ധുമിത്രാധികളേയും ആശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവം നാമം മഹത്വപ്പെടുമാറാകട്ടെ

*******

© 2020 by P M Mathew, Cochin

bottom of page