
നിത്യജീവൻ

2 കൊരിന്ത്യാലേഖന പരമ്പര 01
P M Mathew
OCT 01, 2021
What happens after death?
മരണശേഷം എന്ത്?
2 Corinthians 5:1-5
പ്രിയ മാഗി സഹോദരിയുടെ ദേഹവിയോഗത്തോടുള്ള ബന്ധത്തിൽ എത്തിച്ചേർന്നിരിക്കുന്ന ഏവർക്കും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം. പ്രിയ സഹോദരിയെ ഫോർട്ട്കൊച്ചി സഭയിൽ വെച്ച് പലതവണ കാണാനും സംസാരിപ്പാനും ഇടയായിട്ടുണ്ട്. വളരെ നല്ല, ഭക്തയായ ഒരു സഹോദരിയായിട്ടാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചി സഭയിലെ സ്റ്റെപ്പുകൾ കയറാൻ തനിക്കു ബുദ്ധിമുട്ടായിട്ട് താൻ പള്ളിത്തോട് സഭയിലാണ് ആരാധനക്ക് പോയിരുന്നത്. തന്നെ രക്ഷിച്ച കർത്താവിനോടുള്ള സ്നേഹത്തേയും വിശ്വസ്തതയേയുമാണ് അതു കാണിക്കുന്നത്. ശാരീരികമായ പല രോഗങ്ങളും തന്നെ ബാധിച്ചിരുന്നുവെങ്കിലും 72 വയസ്സുവരെ ജീവിക്കുവാനും മക്കളേയും കുഞ്ഞുമക്കളേയും കാണുവാനുള്ള ഭാഗ്യം തനിക്കു ലഭിക്കുകയുണ്ടായി. മാത്രവുമല്ല, പ്രീയ സിംസൺ സഹോദരന്റേയും കുടുംബത്തിന്റേയും ഏറ്റവും സ്നേഹപൂർണ്ണമായ പരിലാളനയിൽ ആയിരിപ്പാൻ തനിക്കിടയായി എന്നതോർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. പ്രിയ സഹോദരിയുടെ ദേഹവിയോഗത്തിൽ എന്റെ വ്യക്തിപരമായ പേരിലും കളമശേരി സഭയുടെ പേരിലും അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. മക്കളേയും, കുഞ്ഞുമക്കളേയും, ബന്ധുമിത്രാദികളേയും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ കുടുംബത്തിന്റെ ആശ്വാസത്തിനായി ദൈവവചനത്തിൽ നിന്നും ഒരു വേദഭാഗം വായിച്ച് ചില ചിന്തകൾ ചുരുക്കമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഷ്ടതയിലൂടേയും വേദനയിലൂടെയും കടന്നു പോകുന്നവർക്ക് വളരെ ആശ്വസവും ധൈര്യവും പകരുന്ന ഒരു വേദഭാഗമാണിത്.
അതിനായി 2 കൊരിന്ത്യർ അഞ്ചാം അദ്ധ്യായം 1-5 വരെ വാക്യങ്ങൾ വായിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
2 കൊരിന്ത്യൻസ് 5:1-5
"1 കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു. 2 ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ 3 സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.4 ഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. 5 അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ."
മനുഷ്യന്റെ ഹൃദയത്തെ ബാധിക്കുന്ന എല്ലാ ഭയങ്ങളിലും, ഏറ്റവും വലിയതു മരണഭയമാണ്. അതിനേക്കാൾ വലിയ ഭയം ഒരുവനെ ബാധിക്കാനില്ല. മരണത്തെ ഭയങ്ങളുടെയെല്ലാം ആകെത്തുക എന്നു വിശേഷിപ്പിക്കാൻ സാധിക്കും. മരണത്തേക്കാൾ സുനിശ്ചിതമായ യാതൊന്നും തന്നെ മനുഷ്യജീവിതത്തിലില്ല. മരണത്തിന്റെ കണക്ക് നോക്കിയാൽ 100 ൽ നൂറാണ്. ഏതാണ്ട് 1.8 second ൽ ഒരാൾ മരിക്കുന്നു. അതിൽ ആണെന്നൊ പെണ്ണന്നൊ വ്യത്യാസമില്ല, പണക്കാരനെന്നൊ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല, വിശ്വാസിയെന്നൊ അവിശ്വാസിയെന്നോ വ്യത്യാസമില്ല. എല്ലാവരും മരിക്കുന്നു.
1. മരണത്തിനപ്പുറത്തെ ദുരൂഹത
എന്നാൽ മരിക്കുവാൻ ഏവർക്കും ഭയമാണ്. മരണത്തിനപ്പുറത്തുള്ള അനിശ്ചിതത്വമാണ് അവനെ ഭയപ്പെടുത്തുന്നത്. മരണത്തിനപുറത്ത് എന്തു സംഭവിക്കുമെന്ന് അറിയാത്തതാണ് അവന്റെ ഭയത്തിനു കാരണം. മരണത്തിനു അപ്പുറമായി എന്തു സംഭവിക്കുമെന്ന് മനുഷ്യനു അറിയുന്നില്ലെങ്കിലും ദൈവം അറിയുന്നു. മനുഷ്യന്റെ ആശ്വാസത്തിനായി താനത് ബൈബിളിലൂടെ വെളിപ്പെടുത്തി തരികയും ചെയ്തിരിക്കുന്നു. അതിനെ കുറിച്ചാണ് ഒന്നാം വാക്യത്തിൽ നാം വായിച്ചത്. "കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു." ഇവിടെ "അറിയുന്നു" എന്നത് വളരെ ശ്രദ്ധയർഹിക്കുന്ന വാക്കാണ്.
അതായത്, മരണം അതിന്റെ ദുരൂഹതകളുമായി നമ്മേ അഭിമുഖീകരിക്കുന്നു. അതുണ്ടാകുമെന്ന് നമുക്കെല്ലാവർക്കു അറിയാമെങ്കിലും അതെപ്പോൾ സംഭവിക്കുമെന്ന് നാമാരുംതന്നെ അറിയുന്നില്ല.
ഈ കഴിഞ്ഞ ആഗസ്റ്റു മാസത്തിൽ ഞാൻ എന്റെ 66-ാമതു ബെർത്ത് ഡേ ആഘോഷിച്ചു. എന്നാൽ എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം അമ്മയുടെ 66-ാമതു ബെർത്ത്ഡേ ആഘോഷിക്കുവാൻ ഞങ്ങൾക്കു സാധിച്ചില്ല. കാരണം 65-ാം വയസ്സിൽ അമ്മ ഈ ലോകം വിട്ടുപോകേണ്ടതായ് വന്നു. അതുകൊണ്ട്, ഞനെടുക്കുന്ന ഓരോ ശ്വാസവും ദൈവത്തിന്റെ ദാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ നന്ദിയോടെ ജീവിക്കുക എന്നതാണ് എനിക്കു ചെയ്യുവാൻ കഴിയുന്ന ഏകകാര്യം.
ആകയാൽ മരണം എപ്പോൾ സംഭവിക്കുമെന്ന് ആർക്കും അറിയാൻ കഴിയില്ല; എന്നാൽ അറിയാൻ കഴിയുന്ന ഒരു കാരൃമുണ്ട്, അതു നമ്മുടെ മരണശേഷം എന്ത് സംഭവിക്കും എന്ന കാരൃമാണ്. ദൈവത്തിന്റെ വചനത്തിനു അതിനു വൃക്തമായ മറുപടിയുണ്ട്. അതുകൊണ്ടാണ് പൗലോസ് ഇവിടെ പറയുന്നത് നിങ്ങൾ "അറിയുന്നുവല്ലൊ" എന്ന്. പൗലോസ് ഇത് കേവലം ഊഹാപോഹമെന്ന നിലയിൽ പറയുകയല്ല, മറിച്ച് അർത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം താൻ പ്രസ്താവിക്കുകയാണ്. കാരണം ദൈവം അങ്ങനെ പറഞ്ഞിരിക്കുന്നതിനാൽ നാം അറിയുന്നു.
2. മനുഷ്യശരീരത്തിന്റെ നശ്വരത
തുടർന്ന് അപ്പൊ. പൗലോസ് മനുഷൃ ശരീരത്തിന്റെ നശ്വരതയെ കുറിച്ച് പറയുന്നു. "കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞു പോയാൽ" അതേ പ്രീയ മാഗി സഹോദരിയുടെ ഭൗമഭവനം അഴിഞ്ഞു പോയിരിക്കുന്നു. എന്നാൽ കർത്താവ് വരുന്നതുവരെ മാഗി സഹോദരി ജീവിച്ചിരുന്നു എങ്കിൽ, തന്റെ ശരീരം അഴിഞ്ഞുപോകാതെ തേജസ്ക്കരണം പ്രാപിക്കുമായിരുന്നു. എന്നാലിത് ഇപ്പോൾ അഴിഞ്ഞുപോയിരിക്കുന്നു.
ഇവിടെ ആത്മാവിന്റെ വാസസ്ഥലമായ മനുഷ്യശരീരത്തെ ഭൗമഭവനം എന്നാണ് പൗലോസ് വിളിച്ചിരിക്കന്നത്. മാത്രവുമല്ല, ഈ ഭൗമഭവനത്തെ ഒരു കൂടാരത്തോടാണ് ഉപമിച്ചിരിക്കുന്നത്. കൂടാരപ്പണി ചെയ്ത് ജീവിച്ചിരുന്ന പൗലോസിനെ സംബന്ധിച്ചിടത്തോളം കൂടാരത്തിന്റെ നശ്വരത നന്നായി അറിയാം. ഒരു നല്ല കാറ്റു വന്നാൽ അതു തകർന്നുപോകും. ഒരു കെട്ടിടത്തെപോലെ കൂടാരത്തിനു പിടിച്ചു നിൽക്കാനാവുകയില്ല, അതു താൽക്കാലികവും നശ്വരവുമാണ്. അത് ക്ഷയോന്മുകമാണ്. അതു ജരാനര ബാധിച്ച്, ക്ഷയിച്ച്, അവസാനം മരണത്തെ പുൽകുന്നു.
3. സ്വർഗ്ഗീയ ഭവനം
നമ്മുടെ ആത്മാവ് ശരീരം വിട്ടു പോകുമ്പോഴാണ് മരണം സംഭവിക്കുന്നത്. എന്നാൽ പൗലോസ് അതു പറഞ്ഞ് അവസാനിപ്പിക്കുകയല്ല, മറിച്ച് അതിനു ശേഷം സംഭവിക്കുമെന്നും നമ്മോടു പറയുന്നു. കർത്താവിന്റെ മടങ്ങിവരവുവരെ കാത്തിരിക്കാതെ, അഴിഞ്ഞുപോയാൽ "കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു." അതായത്, മരണത്തോടെ കാര്യങ്ങൾ അവസാനിക്കുന്നില്ല എന്നാണ്. നാം ഈ ഭൗമഭവനം വിട്ടാൽ കൈപ്പണിയല്ലാത്ത ഒരു നിത്യഭവനത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. നിത്യമായി നിലനിൽക്കുന്ന ഒരു ഭവനം നമുക്കുണ്ട് എന്ന് പൗലോസ് പറയുന്നു. അതുകൊണ്ട് മരണം എന്നത് മനുഷൃജീവിതത്തിന്റെ അവസാനമല്ല. മറിച്ച് മരണം എന്നത് ഒരു മാറ്റമാണ്. കൂടാരത്തിൽ നിന്നും കെട്ടിടത്തിലേക്കുള്ള മാറ്റം. പഴയതിൽ നിന്നും പുതിയതിലേക്കുള്ള മാറ്റം. നമ്മുടെ കൂടാരസമാനമായ പഴയശരീരം നീങ്ങി കെട്ടിടസമാനമായ ഒരു പുതിയ ശരീരത്തിലേക്കുള്ള മാറ്റമാണത്.
ആ പുതിയ ശരീരത്തെക്കുറിച്ച് മറ്റുചില കാര്യങ്ങൾ കൂടി പൗലോസ് പറയുന്നു. അതു ദൈവത്തിന്റെ ദാനമാണ്. അത് കൈകൊണ്ട് ഉണ്ടാക്കിയതല്ല. ദൈവം നിർമ്മിച്ചതാണ്. അത്, ഭൗമികമല്ല, സ്വർഗ്ഗീയമാണ്. അത് നശ്വരമല്ല, അനശ്വരമാണ്.
"നമുക്കറിയാം" എന്ന് പൗലോസ് പറയുമ്പോൾ ഇത്രയും കാര്യങ്ങളാണ് താൻ അർത്ഥമാക്കിയത്. അതായത്, അഴിഞ്ഞുപോകുന്നതായ, ക്ഷയോന്മുഖമായ, നശ്വരമായ ഭൗമികമായ കൂടാരങ്ങളിൽ വസിക്കേണ്ടവരല്ല നാം. പിന്നെയൊ ദൈവം നിർമ്മിച്ച, കൈപ്പണിയല്ലാത്ത, അനശ്വരമായ ഭവനത്തിൽ വസിക്കേണ്ടവരാണ്. ഈ സത്യം നാം അറിയുന്നു. ഈയൊരു സത്യമാണ് ഏതൊരു വിശ്വാസിയേയും തന്റെ ഈലോക ജീവിതത്തിലെ പ്രതിസന്ധികളെ, നേരിടുവാൻ തന്നെ പ്രാപ്തിപ്പെടുത്തുന്നത്. ഈയൊരു സത്യമാണ് ഏതൊരു വിശ്വാസിയേയും ഈലോക ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടു മുന്നേറുവാൻ, ഒരുക്കുന്നത്. ഈയൊരു യാഥാർത്ഥ്യമാണ് മരണത്തെ ഭയം കൂടാതെ നേരിടുവാൻ അവനെ സഹായിക്കുന്നത്. മരണത്തെ പുഞ്ചിരിയോടെ നേരിടുവാൻ, സമാധാനത്തോടെ നേരിടുവാൻ അവനു ഉൾക്കരുത്തു നൽകുന്നത്.
രണ്ടുമാസം മുമ്പ് എൻറെ മകളും മരുമകൻ ഷെറിനും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥയായ സ്ത്രീ മരിക്കുകയുണ്ടായി. അവർ കഴിഞ്ഞ ഒരുവർഷമായി ക്യാൻസറിന്റെ പിടിയിലായിരുന്നു. ഈ രോഗം മൂലം തനിക്ക് വളരെ വേദന അനുഭവിക്കേണ്ടി വന്നിരുന്നു. ഈ സ്ത്രീ ഒറ്റയ്ക്ക് താഴേയും ഷെറിനും കുടുംബവുമൊക്കെ മുകളിലത്തെ നിലയിലും താമസിച്ചിരുന്നു. ഈ സ്ത്രീയുടെ മക്കളൊക്കെ വളരെ ചുരുക്കമായെ വന്നിരുന്നുള്ളു. അതുകൊണ്ട് ഷെറിനും ഡയാനയും ഇടക്കൊക്കെ അവരെ സന്ദർശിക്കുകയും, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും, ഇടക്കൊക്കെ ചില ഭക്ഷണസാധനങ്ങൾ നൽകുകയും ചെയ്തു പോന്നു. അവസാന ആഴ്ചകളിൽ അവർ തീരെ ബോധമില്ലാത്ത നിലയിലായിരുന്നു. ആ സമയം ഒരു മകൻ അവരുടെ അടുക്കലുണ്ടായിരുന്നു. എന്നാൽ തന്റെ അവസാന മൂന്നു ദിവസങ്ങളിൽ അല്പം ബോധം തനിക്കു തിരികെ കിട്ടി. ഒരു ദിവസം വൈകുന്നേരം അഞ്ചു മണിയോടെ ഈ അമ്മ തന്റെ മകനോടു പാസ്റ്ററെ വിളിക്കുവാൻ ആവശൃപ്പെട്ടു. അപ്പോൾ മകൻ ചോദിച്ചു ഏതു പാസ്റ്ററെയാ വിളിക്കേണ്ടത് എന്ന്. ഷെറിൻ പാസ്ററെ എന്ന് അവർ മറുപടി പറഞ്ഞു. ഷെറിൻ അവിടെയെത്തിയപ്പോൾ അവർ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. പ്രാർത്ഥന കഴിഞ്ഞ ഉടനെ അവർ കൈയുയർത്തി "ജയ് മസി" എന്നു പറഞ്ഞു. അല്പസമയം കൂടി അവിടെ ചലവഴിച്ചശേഷം അവർ മുകളിലേയ്ക്ക് കയറി പോയി. ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ മരിച്ചു. വളരെ സമാധാനത്തോടെയയാണ് അവർ മരിച്ചത് എന്ന് മകൻ പിന്നീട് സാക്ഷൃം പറയുകയുണ്ടായി. മാത്രമല്ല അവർ വളരെ പ്രസന്നമായ മുഖഭാവത്തോടെയാണ് കിടന്നിരുന്നത് എന്നത് അവർക്കു ശ്രദ്ധിക്കുവാനും കഴിഞ്ഞു. അതേ, അവർ കർത്താവിന്റെ ഭവനത്തിലേക്കു പോയത് വളരെ സന്തോഷത്തോടെ, പ്രസന്നവദനയായിട്ടാണ്.
ആരും വാഞ്ചിക്കുന്ന തേജസ്ക്കരിക്കപ്പെട്ട ശരീരം
തുടർന്ന് പൗലോസ് 2-4 വരെ വാക്യങ്ങളിൽ തനിക്കുള്ള അതിയായ വാഞ്ചയെക്കുറിച്ചു നമ്മോടു പറയുന്നു:
“2ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ 3 സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.4 ഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.”(വാക്യങ്ങൾ 2-4) .
അപ്പോസ്തലനായ പൗലൊസ് ഈയൊരു സ്വർഗ്ഗീയഭവനത്തിനായി, സ്വർഗ്ഗീയ ശരീരത്തിനായി വാഞ്ചിക്കുന്നു എന്നാണ് രണ്ടാം വാക്യത്തിൽ താൻ പറയുന്നത്. അപ്പോസ്ഥലനായ പൗലോസിന്റെ ജീവിതത്തിലും അനേകം കഷ്ടങ്ങൾ ഉണ്ടായിരുന്നു എന്ന് ഇതിനുമുന്നമെയുള്ള അദ്ധ്യായങ്ങളിൽ താൻ പറയുന്നു. താൻ അനേകം കഷ്ടങ്ങളിലൂടെ കടന്നുപോയെങ്കിലും നൊടിനേരത്തേയ്ക്കുള്ള കഷ്ടം എന്നാണ് അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല, ഈ നൊടിനേരത്തേയ്ക്കുല്ല കഷ്ടം കഴിഞ്ഞാൽ തേജസ്സിന്റെ നിത്യഘനം തന്നേ കാത്തിരിക്കുന്നു എന്ന് 4:17 ൽ താൻ പറയുകയും ചെയ്യുന്നുണ്ട്.
എന്നാൽ തന്റെ കഷ്ടതയെ പ്രതി താൻ ഞരങ്ങുന്നു അഥവാ ദുഃഖിക്കുന്നു എന്നല്ല ഇവിടെ പറയുന്നത്. മറിച്ച്, തന്റെ ശരീരം മരണത്തിനു വിധേയപ്പെടാതെ, കർത്താവു വരുകയും തേജസ്ക്കരിക്കപ്പെട്ട ആ പുതിയ ശരീരംതനിക്കു പ്രാപിക്കാനും കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുകയാണിവിടെ താൻ ചെയ്യുന്നത്. അതായത്, ഒരു കുട്ടി തനിക്കു ലഭിച്ച സമ്മാനപ്പൊതി തുറന്നു നോക്കാൻ വാഞ്ചിക്കുന്നതുപോലെയുള്ള ഒരു വാഞ്ച താൻ പ്രകടിപ്പിക്കുകയാണ്. അതുകൊണ്ട് ആ സ്വർഗ്ഗീയമായ ശരീരത്തിനായി ഏറെ വാഞ്ചിക്കുന്നു. പൗലോസ് സ്വർഗ്ഗീയ ശരീരത്തെ ഒരു ഓവർകോട്ട് ധരിക്കുന്നത് പോലെയാണ് കാണുന്നത്. കർത്താവിന്റെ രണ്ടാം വരവിങ്കൽ അത് സംഭവിക്കും. ആ ദിവസത്തിനായി പൗലോസ് ഉറ്റുനോക്കുന്നു.
തന്നെയുമല്ല, ഇത് ഈ ലോക ജീവിതത്തിലുള്ള നമ്മുടെ എല്ലാ ഞരക്കത്തിനുമുള്ള മറുപടിയായിട്ടാണ് താനിതിനെ കാണുന്നത്.
വീണുപോയ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നതിനാൽ ഏതൊരു വ്യക്തിക്കും കഷ്ടതയുണ്ട്. ഒരു കുടുംബം പുലർത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്, ജോലിഭാരമൂലമുള്ള കഷ്ടത, കോവിഡ്മൂലം ജോലിയില്ലാത്തതിന്റെ ബുദ്ധിമുട്ട്, രോഗങ്ങൾ മൂലമുള്ള കഷ്ടത, പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ അങ്ങനെ നിരവധി കാരണങ്ങളാൽ നാമൊക്കേയും ഞരങ്ങുന്നവരാണ്. അതിനാൽ നാമെല്ലാം തന്നെ ഒരു നല്ല നാളയെ കാത്തിരിക്കുന്നവരാണ്. ഒരു നല്ല ലോകം സ്വപ്നം കാണുന്നവരാണ്. അതിനൊക്കേയും ഉള്ള പരിഹാരമാണ് ഈ സ്വർഗ്ഗീയ ശരീരമെന്നത്. കർത്താവിന്റെ രണ്ടാം വരവിങ്കൽ ആ തേജസ്ക്കരിക്കപ്പെട്ട ശരീരം നാം പ്രാപിക്കും.
4. ഇങ്ങനെയുള്ള ഒരു പുനരുത്ഥാന ശരീരം പ്രാപിക്കുമെന്നതിന്റെ ഗ്യാരണ്ടി/ഉറപ്പെന്താണ്?
അഞ്ചാം വാക്യം അതിനുള്ള മറുപടിയാണ്. "അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ." (വാ. 5). ദൈവം നമ്മിലേയ്ക്കു അയച്ചിരിക്കുന്ന പരിശുദ്ധാത്മാവാണ് അതിനുള്ള നമ്മുടെ ഏറ്റവും വലിയ ഉറപ്പ് എന്നത്. രക്ഷിക്കപ്പെട്ട എല്ലാ വിശ്വസിയിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്നു. ദൈവം ഈ തേജസ്ക്കാരിക്കപ്പെട്ട ശരീരം നമുക്കു നല്കും എന്നതിന്റെ അച്ചാരമാണ് പരിശുദ്ധാത്മാവ്. ദൈവം അതിനുള്ള അഡ്വാൻസായി, ഡൗൺപേയ്മെന്റായി പരിശുദ്ധാത്മാവിനെ നമുക്കു നൽകിയിരിക്കുന്നു. അതാണ് വിശ്വാസിയുടെ ഏറ്റവും വലിയ ധൈര്യമെന്നത്.
ഒരു പുതിയ ജീവിതത്തിനും ഒരു പുതിയ ശരീരത്തിനും കർത്താവിനൊപ്പം ഒരു പുതിയ അസ്തിത്വത്തിനും വേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ഉദ്ദേശ്യത്തിനായി ദൈവം നമ്മെ വീണ്ടും ജനിപ്പിച്ചു. നമ്മേ അവന്റെ മക്കളായി വേർതിരിച്ചു. നമ്മുടെ ഭാവി നമ്മുടെ സ്വന്തം ആഗ്രഹങ്ങളിലല്ല, മറിച്ച്, നമ്മെ വിളിച്ച ദൈവത്തിന്റെ ശാശ്വത ലക്ഷ്യത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ ശാശ്വത സ്നേഹത്താൽ രക്ഷിക്കപ്പെട്ടവരാണ് നാം. കർത്താവായ ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് മരണത്തിന് പോലും നമ്മെ വേർതിരിക്കാനാവില്ല. അതുകൊണ്ട് നമ്മുടെ ഈ ഭൗമശരീരം അഴിഞ്ഞുപോയാൽ, ഒരിക്കലും അഴിഞ്ഞുപോകാത്ത ശാശ്വതമായ ഒരു കെട്ടിടം, ഒരു സ്വർഗ്ഗീയ ശരീരം നമ്മേ കാത്തിരിക്കുന്നു.
എന്നാൽ ഈ ഭാഗൃം ഒക്കേയും ആർക്കാണ് ലഭിക്കുന്നത് എന്നുകൂടി പറഞ്ഞ് ഞാനിത് അവസാനിപ്പിക്കം. ക്രിസ്തുവിൽ മരിച്ച ഒരു വ്യക്തിക്കാണ് ഈ ഭാഗ്യം ലഭിക്കുന്നത്. ക്രിസ്തുവിൽ ജീവിച്ച വ്യക്തിക്കു മാത്രമെ ക്രിസ്തുവിൽ മരിക്കുവാൻ സാധിക്കുകയുള്ളു. ക്രിസ്തുവിൽ വിശ്വസിച്ചവർക്കാണ് ദൈവം തന്റെ പരിശുദ്ധാത്മാവിനെ അച്ചാരമായി നൽകുന്നത്. അവർക്കാണ് ഈയൊരു യാഥാർത്ഥ്യം ഉറപ്പായിരിക്കുന്നത്.
പ്രിയ മാഗി സഹോദരിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചു. താൻ കത്താവിൽ വിശ്വസിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണ്. അതുകൊണ്ട് ദൈവവചനം നൽകുന്ന ഉറപ്പിൽ എനിക്കിപ്രകാരം പറയാൻ കഴിയും താൻ ഏറ്റവും പ്രിയം വെച്ച കർത്താവിൻറ സന്നിധിയിലേക്ക് സഹോദരി കടന്നുപോയിരിക്കുന്നത് എന്ന്.
എന്നെ കേൾക്കുന്ന പ്രിയപ്പെട്ടവരിൽ ആരെങ്കിലും കർത്താവിനെ തങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചിട്ടില്ല എങ്കിൽ അവർ ഇപ്പോഴെങ്കിലും അതിന് മനസ്സുവെക്കണമെന്ന് ഞാൻ ഓർമ്മിപ്പിന്നു. കർത്താവായ യേശുക്രിസ്തു എന്റെ പാപത്തിനു പരിഹാരമായി കാൽവരി ക്രൂശിൽ മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്ന ഏവർക്കും ദൈവം ഈ ഭാഗ്യം നൽകുന്നു. ഈ ദാനം സ്വീകരിക്കുവാൻ നിങ്ങളെ ദൈവം സഹായിക്കട്ടെ.
*******