
നിത്യജീവൻ

2 പത്രൊസ് ലേഖന പരമ്പര-01
P M Mathew
AUG 17, 2025
Characteristics that a believer should pursue!
ഒരു വിശ്വാസി പിന്തുടരേണ്ട സ്വഭാവഗുണങ്ങൾ !
2 Peter 1 : 5-7
നമ്മളിൾ പലർക്കും നമ്മൾ ആരാണെന്നതിനേക്കാൾ നമ്മൾ എന്ത് നേടാൻ ആഗ്രഹിക്കുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് ലക്ഷ്യങ്ങൾ ഉള്ളത്, എന്നാൽ ദൈവം ആഗ്രഹിക്കുന്നത് ക്രിസ്തുവിന്റേതുപോലുള്ള സ്വഭാവഗുണങ്ങൾ നമ്മിൽ വളർത്തിയെടുക്കാൻ നാം എല്ലാ ശ്രമങ്ങളും നടത്തണമെന്നാണ്. അതിനായി പത്രൊസിന്റെ രണ്ടാം ലേഖനം 1:5-7 വരെ വേദഭാഗം നമുക്കിന്നു പരിശോധിക്കാം.
2 പത്രൊസ് 1:5-7
"5 അതുനിമിത്തം തന്നേ നിങ്ങൾ സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും 6 പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും 7 ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ."
ഈ വേദഭാഗത്തിന്റെ പശ്ചാത്തലം നാം പരിശോധിച്ചാൽ ഇനി പറയുന്ന കാര്യങ്ങൾ നമുക്ക് നിരീക്ഷിക്കുവാൻ കഴിയും.
(1) പത്രോസ് ഇതെഴുതുന്നത് രക്ഷിക്കപ്പെട്ടവർക്കാണ്. അവരുടെ വിശുദ്ധീകരണമാണ് തന്റെ ലക്ഷ്യം. അല്ലാതെ അവരുടെ രക്ഷയ്‌ക്കായി കഠിനാധ്വാനം ചെയ്യാൻ ആവശ്യപ്പെടുകയല്ല. അവർ രക്ഷിക്കപ്പെട്ടതിനാൽ ഉത്സാഹത്തോടെ രക്ഷയിൽ വളരുവാനാണ് ഇവിടെ ആഹ്വാനം ചെയ്യുന്നത്. (വാക്യം 1 കാണുക).
(2) ക്രിസ്ത്യാനിയുടെ ഭാഗത്തുനിന്ന് ഉത്സാഹത്തോടെയും അച്ചടക്കത്തോടെയും ജീവിതകാലം മുഴുവൻ പരിശ്രമിക്കണമെന്ന് പത്രോസ് ആവശ്യപ്പെടുന്നു (വാക്യം 5a). ആത്മീയ പക്വതക്ക് അച്ചടക്കവും സ്വയം ത്യജിക്കലും ആവശ്യമാണ്. ആയതിനാൽ എല്ലാ വിശ്വാസികളും ഇതൊരു ഒരു challenge/വെല്ലുവിളിയായി ഏറ്റെടുക്കണം.
(3) ക്രിസ്ത്യാനിയുടെ പരിശ്രമങ്ങൾ ദൈവത്തിന്റെ പരമാധികാരത്തെയൊ അവന്റെ (sufficiency of His provision) കരുതലുകളുടെ പര്യാപ്തതയെയൊ വെല്ലുവിളിക്കുന്നില്ല. (വാക്യങ്ങൾ 1-4). ദൈവത്തിന്റെ പരമാധികാരത്തിലും ദൈവം നമുക്കായി ഒരുക്കിയിട്ടുള്ള വിഭവങ്ങളും പ്രയോജനപ്പെടുത്തി നമ്മുടെ വിശുദ്ധീകരിക്കണം പൂർത്തീകരിക്കണം എന്നതാണ് ഇത് അർത്ഥമാക്കുന്നത്. ക്രിസ്‌ത്യാനിയുടെ പ്രയത്നത്തിനുള്ള അടിത്തറ അപ്പൊ. പത്രോസ് 1-4 വാക്യങ്ങളിൽ ഇട്ടുകഴിഞ്ഞു. അതിനു മുകളിലേക്കുള്ള പണിയാണ് ആവശ്യമായിരിക്കുന്നത്. ആ അടിത്തറ എന്നത് രക്ഷയിലുള്ള ദൈവത്തിന്റെ പരമാധികാരവും രക്ഷയിൽ വളരുവാനുള്ള ദൈവത്തിന്റെ provisions/കരുതലുകളുമാണ്. മനുഷ്യപ്രവൃത്തികളൊ മനുഷ്യന്റെ യോഗ്യതകളൊ പരിഗണിക്കാതെ ക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവം നമുക്ക് രക്ഷ ദാനമായി നൽകി. അതുകുടാതെ നമ്മുടെ ജീവനും ഭക്തിക്കും ആവശ്യമായതെല്ലാം ദൈവം ഒരുക്കിയിരിക്കുന്നു എന്ന് മൂന്നാം വാക്യത്തിൽ പറയുന്നു. അവയിൽ നടക്കേണ്ടതും വളരേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ഇതിനെ വിശുദ്ധീകരണം എന്നു വിളിക്കാം. അതു നമ്മുടെ പങ്കാളിത്വത്തോടെ ദൈവം നമ്മിൽ നിവൃത്തിക്കുവാൻ ആഗ്രഹിക്കുന്ന കാര്യമാണ്.
(4) നാം വായിച്ച 5-7 വാക്യങ്ങളിൽ ദൈവം വിശ്വാസികൾക്കായി കരുതിയിട്ടുള്ളതും ഓരോ ക്രിസ്ത്യാനിയും പരിശ്രമിക്കേണ്ടതുമായ സ്വഭാവഗുണങ്ങളുടെ ഒരു ലിസ്റ്റ് നൽകുന്നു. ഇത് നമ്മുടെ കടമകളുടെയോ പ്രവർത്തനങ്ങളുടെയോ ഒരു പട്ടികയല്ല. മറിച്ച് ഒരു ക്രിസ്ത്യാനിയുടെ സ്വഭാവം എങ്ങനെയുള്ളതായിരിക്കണം എന്നതിനെക്കുറിച്ചാണ് പറയുന്നത്. ഒരു വിശ്വാസി എങ്ങനെ കാണപ്പെടണം എന്നതാണ് ഈ പട്ടിക അർത്ഥമാക്കുന്നത്.
(5) നാം പിന്തുടരേണ്ട ഈ സ്വഭാവ ഗുണങ്ങൾ ദൈവത്തിന്റെ തന്നെ സ്വഭാവ ഗുണങ്ങളാണ്. “ദിവ്യസ്വഭാവത്തിൽ പങ്കാളികളാകാൻ” ദൈവം നമുക്കു അവസരം നൽകിയിട്ടുണ്ടെന്ന് പത്രോസ് 4-ാം വാക്യത്തിൽ പറയുന്നു. ഈ സ്വഭാവഗുണങ്ങൾ നമ്മുടെ ജീവിതത്തിലും പ്രകടമാകേണ്ട ദൈവത്തിന്റെ പ്രത്യേക സ്വഭാവസവിശേഷതകളാണ്.
(6) പുതിയനിയമം നാം പരിശോധിച്ചാൽ ഇതുപോലെ വേറേയും ചില പട്ടികകൾ നമുക്ക് കാണാം. ഗലാത്യർ 5:22-23 വാക്യങ്ങളിൽ പൗലോസ് “ആത്മാവിന്റെ ഫലത്തെ” കുറിച്ച് പൗലോസ് ഒരു പട്ടിക നൽകുന്നു. കൂടാതെ 1 തിമോത്തി 6:11-ലും ക്രിസ്ത്യാനി പിന്തുടരേണ്ട ദൈവിക ഗുണങ്ങളുടെ മറ്റൊരു ലിസ്റ്റ് നൽകുന്നു. ആ ലിസ്റ്റിൽ നാം കാണുന്നത് നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയാണ്. പൗലോസും പത്രോസും പറയുന്ന ഈ സ്വഭാവസവിശേഷതകൾ തമ്മിൽ വളരെ സമാനതകളും എന്നാൽ ചെറിയ വ്യത്യാസങ്ങളുണ്ട്. പത്രോസ് നമുക്ക് നൽകുന്ന ഈ സ്വഭാവഗുണങ്ങൾ തന്റെ ലേഖനത്തിന്റെ പ്രത്യേക പശ്ചാത്തലത്തിൽ നൽകുന്ന സ്വഭാവ സവിശേഷതകളാണ്. സത്യത്തെ വളച്ചൊടിക്കാനും അവയെ പിന്തുടരാൻ മനുഷ്യരെ വശീകരിക്കാനും ശ്രമിക്കുന്ന വ്യാജ ഉപദേഷ്ടക്കന്മാരെ പ്രതിരോധിക്കുവാനും കൂടിയാണ് പത്രോസ് ഈ ലേഖനമെഴുതുന്നത്. അതുകൊണ്ട് അതിനു സഹായകരമായ ചില തിരഞ്ഞെടുത്ത ഗുണവിശേഷങ്ങളാണ് ഇവിടെ പത്രൊസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5-7 വാക്യങ്ങളിലെ സ്വഭാവഗുണങ്ങൾ ദൈവത്തിന്റെ സ്വഭാവഗുണങ്ങളാകയാൽ, അവ വ്യാജ അധ്യാപകരുടെയും അവരുടെ അനുയായികളുടെയും സ്വഭാവത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. വ്യാജ ഉപദേഷ്ടാക്കന്മാരെ തിരിച്ചറിയാൻ ഈ സ്വഭാവഗുണങ്ങൾ അവരിൽ ഉണ്ടോ എന്ന് പരിശോധിച്ചാൽ മതിയാകും.
(7) ഈ സ്വഭാവഗുണങ്ങളുടെ പട്ടികയിൽ ലക്ഷ്യബോധമുള്ള ക്രമവും ബന്ധവും പ്രകടമാണ്. ഓരോ ഗുണവും അതിന് മുമ്പുള്ള ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗുണങ്ങളുടെ ക്രമം വിശ്വാസത്തിൽ തുടങ്ങി സ്നേഹത്തിൽ അവസാനിക്കുന്നു.
ഇനി ഈ സ്വഭാവ സവിശേഷതകൾ നമ്മിൽ വളർത്തിയെടുക്കുന്നതുമൂലമുള്ള നേട്ടങ്ങളും അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സംഭവിക്കാവുന്ന കോട്ടങ്ങളെ കുറിച്ചുമാണ് 8-11 വരെ വാക്യങ്ങളിൽ പറയുന്നത്. അവയെ ചുരുക്കമായി പരിശോധിച്ചശേഷം നാം പിന്തുടരേണ്ട സ്വഭാവ സവിശേഷതകളെ വിശദമായി പഠിക്കാമെന്ന് ഞാൻ കരുതുന്നു.
8-11 വരെ വാക്യങ്ങൾ വായിച്ചിട്ട് മൂന്നു കാര്യങ്ങൾ അതിൽ നിന്നും പറയാം. "8 ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല. 9 അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹൃസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ."
ഇനി പറയുന്ന നേട്ടങ്ങൾ നിങ്ങൾക്കുണ്ടാകും അതല്ലെങ്കിൽ അതിന്റെ കോട്ടങ്ങൾ നിങ്ങളിൽ വെളിപ്പെടും എന്നാണ് ഇവിടെ പറയുന്നത്. അതു നാം പിന്തുടരേണ്ട സ്വഭാവ സവിശേഷതകളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
8) പത്രോസിന്റെ വാക്കുകൾക്ക് ചെവികൊടുക്കുന്നത് യേശുക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിൽ ഉപയോഗശൂന്യരും ഫലശൂന്യരും ആയിരിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു (വാക്യം 8)
9) കൂടാതെ നമ്മുടെ ഭൂതകാല പരിവർത്തനത്തിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയുടെയും വെളിച്ചത്തിൽ വർത്തമാനകാലത്ത് ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു (വാക്യം 9).
10) പത്രോസ് നിർദേശിക്കുന്നതുപോലെ ഇത് വളർത്തിയെടുക്കുന്നത് വീഴ്ചയിൽ നിന്ന് നമ്മെ തടയുകയും നമ്മുടെ കർത്താവിന്റെ രാജ്യത്തിലേക്കുള്ള വിജയകരമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യും.
അതിന്റെ കോട്ടമായിട്ടു പറയുന്നത്, പത്രോസിന്റെ ഈ നിർദ്ദേശത്തെ അവഗണിച്ചാൽ, ദൈവം പ്രദാനം ചെയ്ത രക്ഷയെക്കുറിച്ചുള്ള നമ്മുടെ ധാരണയും ആത്മവിശ്വാസവും കുറയ്ക്കുകയും ഒരു വീഴ്ചക്ക് നമ്മെ സജ്ജമാക്കുകയും ചെയ്യും എന്നതാണ്.
പക്വതയിലേക്കു വളരുന്ന ക്രിസ്ത്യാനിയുടെ സ്വഭാവസവിശേഷതകൾ.
എട്ടു സ്വഭാവ സവിശേഷകളെക്കുറിച്ചാണ് പത്രൊസ് ഇവിടെ പരാമർശിക്കുന്നത്. ഇവ പടിപടിയായി നമ്മിൽ വർദ്ധിച്ചു വരേണ്ട സ്വഭാവസവിശേഷതകളാണ്. ദൈവം നമ്മേക്കുറിച്ച് ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്താൻ ഈ സ്വഭാവസവിശേഷതകൽ നമ്മിൽ വർദ്ധിച്ചു വരണം. അതിൽ ആദ്യത്തേത് വിശ്വാസമാണ്.
(1) വിശ്വാസം. വളരുന്ന ക്രിസ്ത്യാനി പിന്തുടരേണ്ട ആദ്യ സ്വഭാവം വിശ്വാസമാണ്. എന്നാൽ ഈ വിശ്വാസം നിങ്ങൾ ഉളവാക്കണം എന്ന് പറയുന്നില്ല. അതിനു കാരണം, രക്ഷാകര വിശ്വാസം എന്നത് ദൈവം ദാനമായി നൽകുന്നതാണ്. ആ അടിസ്ഥാനത്തിന്മേലാണ് ഒരു ക്രിസ്ത്യാനി തന്റെ ജീവിതം കെട്ടിപ്പടുക്കുന്നത്. പത്രോസിന്റെ ഈ ലേഖനത്തിന്റെ വായനക്കാർ "നമ്മുടേതിന് സമാനമായ വിശ്വാസം സ്വീകരിച്ചവരാണ്" എന്ന് ഒന്നാം വാക്യത്തിൽ പറയുന്നുണ്ട്. "... അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു" എഴുതുന്നത് എന്നാണാവാക്യം അവസ്സാനിപ്പിക്കുന്നത്. പൗലോസും വിശ്വാസം നമുക്ക് ലഭിച്ച ഒന്നാണ് എന്ന് റോമർ 8:28-30; എഫെസ്യർ 1:3-6; 2:8 എന്നിവിടങ്ങളിൽ പറയുന്നുണ്ട്. വിശ്വാസം രക്ഷാകരമായ വിശ്വാസമായി ആരംഭിക്കുകയും പിന്നീട് വിശ്വാസമായി മാറുകയും ചെയ്യുന്നു എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ് (എബ്രായർ 11:6); വിശ്വാസത്തിൽ നിന്നുത്ഭവിക്കാത്തതെന്തും പാപമാണ് (റോമർ 14:23). ഇനി നമ്മുടെ വിശ്വാസം ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് (2 പത്രോസ് 1:4; റോമർ 10:8, 17 കാണുക). ദൈവത്തിന്റെ വചനത്തിൽ നിന്നുള്ള ദൈവത്തിന്റെ വാഗ്ദാനം സ്വീകരിക്കുകയും അതു വിശ്വാസമായി നമ്മിൽ പരിണമിക്കുകയും ചെയ്യുന്നു. എന്നാൽ ഈ വിശ്വാസം പരിശോധനകൾക്കു വിധേയമാകുന്ന വിശ്വാസമാണ്. എങ്ങനെയെന്നാൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാൻ ദൈവം അനുവദിക്കുന്ന പരീക്ഷണങ്ങളും പ്രതികൂല സാഹചര്യങ്ങളും നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുകയും തെളിയിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു (1 പത്രോസ് 1:6-7). അബ്രാഹത്തോടു നിന്റെ മകനായ യിസഹാക്കിനെ യാഗം കഴിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അവിടെ അബ്രാഹമിന്റെ വിശ്വാസം പരീക്ഷിക്കപ്പെടുകയായിരുന്നു. ശിഷ്യന്മാരും യേശുവും ഗലീലകടലിൽ കൂടി സഞ്ചരിച്ചപ്പോൾ വലിയ കൊടുങ്കാറ്റുണ്ടാകുകയും ശിഷ്യന്മാർ ഭയപരവശരാകുകയും ചെയ്തതായി പുതിയനിയമത്തിൽ നാം വായിക്കുന്നു. അതു ശിഷ്യന്മാരുടെ വിശ്വാസത്തിന്റെ ഒരു പരീക്ഷയായിരുന്നു. വിശ്വാസം നമ്മുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനവും കൂടിയാണ് (എബ്രായർ 11 കാണുക).
നമ്മുടെ വിശ്വാസത്തിന്റെ ലക്ഷ്യവും, ഉറവിടവും, മാതൃകയും ക്രിസ്തുവാണ്. യേശു തന്റെ വിശ്വാസം പ്രാവർത്തികമാക്കിക്കൊണ്ടാണ് പിതാവിന്റെ ഇഷ്ടത്തിന് കീഴടങ്ങി ജഡം സ്വീകരിച്ചതും കഷ്ടത സഹിച്ചതും പാപികളായ മനുഷ്യരുടെ കൈകളാൽ മരിക്കയും ചെയ്തത്. "ശകാരിക്കപ്പെട്ടപ്പോൾ അവൻ പകരം ശകാരിക്കാതേയും അന്യായമായി കഷ്ടത അനുഭവിച്ചിട്ട് ഭീഷണി മുഴക്കാതേയും ഇരുന്നത്, വിശ്വാസത്താൽ നീതിയോടെ വിധിക്കുന്നവനെ കാര്യം ഭരമേൽപ്പിച്ചതുകൊണ്ടായിരുന്നു (1 പത്രോസ് 2:23).
കർത്താവായ യേശുക്രിസ്തുവിലുള്ള വ്യക്തിപരമായ വിശ്വാസത്തിലേക്ക് നിങ്ങൾ എത്തിയിട്ടില്ലെങ്കിൽ, പത്രോസ് ഇവിടെ നിർദ്ദേശിക്കുന്ന പാത പിന്തുടരാൻ നിങ്ങൾക്ക് കഴിയില്ല. അപ്പോസ്തലന്മാരുടെ (വാക്യം 1a) അതേ തരത്തിലുള്ള ആ "വിശ്വാസത്തിലേക്ക്" പ്രവേശിക്കാൻ, നിങ്ങൾ യേശുക്രിസ്തുവിലൂടെ ദൈവത്തെ അറിയുകയും, യേശുക്രിസ്തുവിന്റെ നീതി സ്വീകരിക്കുകയും വേണം (വാക്യം 1b). അവനെ അറിയുന്നത് കൃപയും സമാധാനവും നൽകുന്നു (വാക്യം 2). അവർക്കു മാത്രമേ ജീവനും ഭക്തിക്കും ആവശ്യമായ എല്ലാം നൽകപ്പെട്ടിട്ടുള്ളു (വാക്യം 3). നമ്മുടെ രക്ഷയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ പ്രവൃത്തിയാണ്, നമ്മുടെ ഭാവി പ്രത്യാശയുടെ അടിസ്ഥാനം ദൈവത്തിന്റെ വാഗ്ദാനങ്ങളാണ്. ഇവയെക്കുറിച്ച് നമുക്ക് അറിയേണ്ടതെല്ലാം ദൈവവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (വാക്യം 4a). ദൈവവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ, ദൈവത്തിന്റെ കരുതലുകളിൽ ആശ്രയിക്കുന്നത് നമ്മെ ദൈവിക സ്വഭാവത്തിൽ പങ്കാളികളാക്കുകയും ജഡമോഹങ്ങളുടെ ദുഷിപ്പിൽ നിന്ന് നമ്മെ വിടുവിക്കുകയും ചെയ്യുന്നു (വാക്യം 4b). ദൈവിക സ്വഭാവം സ്വീകരിക്കുന്നത് പെട്ടെന്ന് സംഭവിക്കുന്നില്ല; അത് വിശുദ്ധീകരണ പ്രക്രിയയിലൂടെ സംഭവിക്കുന്നു (വാക്യങ്ങൾ 5-11). ഈ വിശുദ്ധീകരണം വ്യക്തിപരമാണെങ്കിലും, അത് ക്രിസ്തുവിന്റെ ശരീരത്തിലൂടെ അതായത് സഭയിലൂടെയും നടക്കുന്ന ഒന്നാണ് (എഫേസ്യർ 4:11-16). വിശുദ്ധീകരണ പ്രക്രിയയിൽ നാം വളരുന്നുവെങ്കിലും പൂർത്തിയാകുന്നത് നാം മഹത്വത്തിലേക്കു പ്രവേശിക്കുമ്പോഴാണ് (ഫിലിപ്പിയർ 3:8-14; 1 പത്രോസ് 5:10; 2 പത്രോസ് 3:13; 1 യോഹന്നാൻ 3:1-3).
2. ക്രിസ്തീയ പക്വതയിലേക്കുള്ള അടുത്ത പടിയെന്നത് വീര്യം അഥവ Virtue/moral excellence ആണ്.
വീര്യം എന്നത് ദൈവത്തിന്റെ മഹത്വത്തിന് കാരണമായ ഒരു സ്വാഭാവസവിശേഷതയാണ്. ദൈവത്തിന്റെ മഹത്വം അവന്റെ Virtue-നന്മയാണ്, അവന്റെ ശ്രേഷ്ഠതയാണ്, അതിനായി അവൻ സ്തുതി അർഹിക്കുന്നു. ഈ മഹത്വവും ശ്രേഷ്ടതയും ഭാഗീഗികമായ നിലയിൽ ദൈവം നാമുമായി പങ്കുവെക്കുന്നു. അതുകൊണ്ടാണ് "മികച്ചതും" "സ്തുതി അർഹിക്കുന്നതു"മായ കാര്യങ്ങളിൽ നമ്മുടെ മനസ്സ് കേന്ദ്രീകരിക്കുവാൻ പൗലോസ് ഫിലിപ്പിയാ വിശ്വാസികളോട് ആവശ്യപ്പെടുന്നത് ഓർക്കുക. (ഫിലിപ്പിയർ 4:8 "8 ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ (excellence) അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.")
ഈ സ്വഭാവ സവിശേഷത ദൈവത്തിന്റെ സ്വഭാവവും, മനുഷ്യർ അവനെ സ്തുതിക്കേണ്ട ദൈവത്തിന്റെ മഹത്വമാണെങ്കിൽ, പാപികളായ മനുഷ്യരുടെ അവസ്ഥ നേരെ വിപരീതമാണ്: പാപപൂർണമായ അവസ്ഥയിലുള്ള മനുഷ്യൻ ദൈവത്തെ മഹത്വപ്പെടുത്താൻ വിസമ്മതിക്കുന്നു, പകരം സ്വയം ദൈവമാകാനും മഹത്വമെടുക്കാനും ശ്രമിക്കുന്നു: അതവനെ നരകത്തിനു യോഗ്യനാക്കി തീർക്കുന്നു.
എന്നാൽ നല്ല വാർത്ത എന്നത്: ദൈവം ക്രിസ്തുവിലൂടെ പാപികളായ മനുഷ്യർക്ക് തന്റെ പുത്രനിൽ വിശ്വാസം നൽകുകയും പാപമോചനവും നിത്യജീവനും ദാനമായി നൽകുകയും ചെയ്തു. തന്റെ ദൈവിക സ്വഭാവത്തിൽ പങ്കാളികളാകാൻ അവൻ അവരെ പ്രാപ്തമാക്കി (2 പത്രോസ് 1:4). ഈ സ്വഭാവത്തിന്റെ ഒരു ഭാഗം അവന്റെ "സ്വന്തം മഹത്വവും ശ്രേഷ്ഠതയും" ആയതിനാൽ (വാക്യം 3), ഇത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകുന്നതിൽ അതിശയിക്കാനില്ല. നമ്മുടെ വിശ്വാസത്തോട് "ചേർക്കേണ്ട" "ധാർമ്മിക ശ്രേഷ്ഠത" ദൈവത്തിന്റെ സ്വഭാവത്തിന്റെ ശ്രേഷ്ഠതയാണ്, അത് അവൻ ക്രിസ്തുവിൽ നമുക്ക് ലഭ്യമാക്കുന്നു. അത് നല്ലതും അഭിലഷണീയവും പ്രശംസ അർഹിക്കുന്നതും നമ്മുടെ സ്വന്തം ജീവിതത്തിൽ അനുകരിക്കാൻ ആഗ്രഹിക്കുന്നതും ആയി അംഗീകരിച്ചുകൊണ്ട് നാം അതിനെ നമ്മുടെ വിശ്വാസത്തോട് ഈ Virtue "ചേർക്കണം".
(3) മൂന്നാമത്തെ പടിയെന്നത് knowledge അഥവാ അറിവാണ്. അവിശ്വാസികളായ നമ്മുടെ മുൻഅവസ്ഥയിൽ നാം അറിവുള്ളവരായിരുന്നില്ല; നാം ദൈവത്തെക്കുറിച്ച് അജ്ഞരായിരുന്നു:
നമ്മുടെ അജ്ഞതയ്ക്കുള്ള പരിഹാരം, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള യഥാർത്ഥ അറിവ് പ്രാപിക്കുക എന്നതാണ്. ആ അറിവ് തിരുവെഴുത്തുകളിൽ നിന്നു പ്രാപിക്കുക എന്നതാണ് (യോഹന്നാൻ 17:17; റോമർ 12:1-2; എഫെസ്യർ 4:17-24; കൊലൊസ്സ്യർ 1 കാണുക: 9-11).
ഇതൊരു ഉപദേശപരമായ അറിവാണ്, വ്യക്തമായ ബൈബിൾ പിന്തുണയോടെ തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയ ഒരു അറിവാണ്. കൂടാതെ അത് ദൈവത്തെക്കുറിച്ചുള്ള ഒരു അനുഭവജ്ഞാനം കൂടിയാണ്. ഈ അനുഭവം തിരുവെഴുത്തുകളിൽ നിന്ന് വേർപെട്ടുള്ളതല്ല; മറിച്ച്, അത് തിരുവെഴുത്തുകളുടെ അനുഭവമാണ്.
ഈ "അറിവ്", സത്യത്തെയും വിശുദ്ധരുടെ വിശ്വാസത്തെയും തുരങ്കം വയ്ക്കുന്ന വ്യാജ ഉപദേഷ്ടാക്കന്മാരുടെ തെറ്റായ അറിവിനു വിരുദ്ധമാണെന്ന് മനസ്സിലാക്കാൻ നമുക്കു കഴിയണം.
ക്രിസ്തീയ സ്വഭാവത്തിലുള്ള നമ്മുടെ വളർച്ചയ്ക്കും തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുന്നവരെ തിരിച്ചറിയാനും ഒഴിവാക്കാനുമുള്ള നമ്മുടെ കഴിവിനും ദൈവത്തെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്.
(4) പക്വതയുടെ വളർച്ചയിലെ നാലാമത്തെ പടി ആത്മനിയന്ത്രണമാണ്.
പലപ്പോഴും നമ്മുടെ ജഡത്തിന്റെ ഇഷ്ടത്തിനു അനുസരിച്ചു ജീവിക്കുവാനാണ് നാം ആഗ്രഹിക്കുന്നത്. ആ നിലയിൽ ജഡം നമ്മുടെ യജമാനനായി മാറുന്നു. എന്നാൽ കർത്താവാണ് നമ്മുടെ യഥാർത്ഥ യജമാനൻ. കർത്താവിനെ അനുസരിച്ചാണ് നാം നടക്കേണ്ടത്. ദൈവഭക്തിയുള്ള ഒരു ജീവിതം നയിക്കുന്നതിന്, നമ്മുടെ ജഡത്തെ നമ്മുടെ ദാസനാക്കേണ്ട ആവശ്യമുണ്ട്:
നമ്മെ അടിമത്തത്തിൽ നിർത്താൻ പാപം ജഡത്തെ ഉപയോഗിക്കുന്നു (റോമർ 7:14-21). ജഡത്തെ അനുസരിച്ചു ജീവിക്കാൻ സാത്താനും ലോകവും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ദൈവമക്കൾ എന്ന നിലയിൽ നാം ഇനി ജഡത്തിനോ ജഡത്തിന്റെ ശക്തിയിലോ ജീവിക്കേണ്ടതല്ല. ദൈവകൃപയാൽ മാത്രമേ നമുക്ക് ജഡിക മോഹങ്ങളെ മറികടക്കാൻ കഴിയൂ, അവന്റെ കരുതലുകൾ നിമിത്തം നാം അത് ചെയ്യാൻ ഉത്സാഹത്തോടെ പരിശ്രമിക്കണം. ജഡത്തിന്റെ പ്രചോദനം നിയന്ത്രണ വിധേയമാക്കണം, ദൈവവചനത്തിലൂടെ അവൻ സംസാരിക്കുന്നതുപോലെ, ദൈവത്തിന്റെ ആത്മാവിന്റെ പ്രചോദനം നാം ശ്രദ്ധിക്കണം (റോമർ 8:1-8; 1 കൊരിന്ത്യർ 2:1-16; 3 കാണുക. :16-17; 4:6).
വ്യാജ അധ്യാപകർ ജഡമോഹങ്ങളെ അനുസരിച്ചു നടക്കുന്നവരാണ്. ജഡത്തെ ക്രൂശിക്കുന്നതിനുപകരം അതിൽ സന്തോഷിക്കുന്ന ഒരു സുവിശേഷം പ്രഘോഷിച്ചുകൊണ്ട് അവർ സഭയിലെ ആളുകളെ തങ്ങളോടു ചേർക്കുന്നു: (2 പത്രോസ് 2:1-3, 9-14, 18-19).
ഇന്ന് അനേകം പ്രസംഗകരും "അഭിവൃത്തിയുടെ സുവിശേഷം /prosperity gospel" പ്രസംഗിക്കുന്നവരാണ്. അപ്പോസ്തലന്മാരേക്കാൾ വ്യത്യസ്തമായ ഒരു സുവിശേഷം വാഗ്ദാനം ചെയ്യുന്നു. കഷ്ടപ്പാടും സ്വയനിഷേധവും (self denail) ഉൾപ്പെടുന്ന ഒരു സുവിശേഷം പ്രഖ്യാപിക്കുന്നതിനുപകരം, അവർ സ്വയം ആഹ്ലാദത്തിന്റെയും ജീവിതവിജയത്തിന്റെയും "മികച്ച" സുവിശേഷം പ്രസംഗിക്കുന്നു. മതിയായ വിശ്വാസം ഉള്ളവർക്ക് കഷ്ടപ്പാടുകളിൽ നിന്നും പ്രതികൂലങ്ങളിൽ നിന്നും രക്ഷപ്പെടാനും സമാധാനവും സമൃദ്ധിയും ഉറപ്പുനൽകാനും കഴിയുമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. ആളുകൾ ഇങ്ങനെയുള്ള പ്രസംഗകർക്ക് പണം നൽകുമ്പോൾ പ്രതിഫലമായി കൂടുതൽ ലഭിക്കുമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇങ്ങനെയുള്ള വ്യാജ ഉപദേഷ്ടക്കന്മാരെ നാം വിട്ടൊഴിഞ്ഞിരിക്കുക.
ഗലാത്യർ 5:19-23 വാക്യങ്ങളിൽ ജഡത്തിന്റെ പ്രവൃത്തികൾ എന്തൊക്ക ആയിരിക്കുമെന്ന് പൗലോസ് വ്യക്തമാക്കുന്നു: "19 ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, 20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, 21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു;" ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ലെന്ന് പൗലോസ് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ആത്മാവിന്റെ ഫലമൊ: സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം; ഇത്തരം കാര്യങ്ങൾക്കായി നാം ആഗ്രഹിക്കണം (ഗലാത്യർ 5:19-23).
(5) പക്വതയിലേക്കുള്ള അഞ്ചാമത്തെ പടി Perseverance/സ്ഥിരോത്സാഹമാണ്. സ്ഥിരോത്സാഹം. "വിശ്വാസം" യേശുക്രിസ്തുവിലൂടെ ദൈവവുമായുള്ള ബന്ധത്തിലേക്ക് നമ്മെ കൊണ്ടുവരുന്നു. "moral excellence" നമ്മുടെ സ്വന്തം സ്വഭാവത്തിന്റെ മാനദണ്ഡമായും ലക്ഷ്യമായും ദൈവത്തിന്റെ സ്വഭാവത്തെ അന്വേഷിക്കുന്നു. "അറിവ്" ദൈവം എങ്ങനെയുള്ളവനാണെന്നും നാം എങ്ങനെയായിരിക്കണം എന്നും വിവരിക്കുന്നു. “ആത്മനിയന്ത്രണം” നമ്മുടെ ശാരീരിക അഭിനിവേശങ്ങളെ നിയന്ത്രിക്കാനും നമ്മുടെ ശരീരങ്ങളെ ദൈവഹിതത്തിന്റെ ദാസന്മാരാക്കാനും നമ്മെ പ്രാപ്തരാക്കുന്നു. അടുത്ത സ്വഭാവഗുണം—“സ്ഥിരത”—ദൈവിക സ്വഭാവം പിന്തുടരുന്നതിൽ തുടരാൻ നമ്മെ പ്രാപ്‌തരാക്കുന്നു, അത് കഷ്ടത സഹിക്കേണ്ടിവന്നാലും അതിൽ നിന്ന് പിന്തിരിയാതിരിക്കുക എന്നതാണ്.
ആത്മനിയന്ത്രണം ശാരീരിക സുഖങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ, സ്ഥിരോത്സാഹം വേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ സ്വാഭാവിക പ്രവണത സുഖത്തെ പിന്തുടരുകയും വേദനയിൽ നിന്ന് ഓടിപ്പോകുകയും ചെയ്യുക എന്നതാണ്. ക്രിസ്തുവുമായി താദാത്മ്യം പ്രാപിക്കാൻ സുവിശേഷം ആഹ്വാനം ചെയ്യുന്നു, അതിൽ അവന്റെ കഷ്ടപ്പാടുകളിൽ അവനുമായി താദാത്മ്യം പ്രാപിക്കുന്നതും ഉൾപ്പെടുന്നു:
"ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. ആ മാതൃകയാണ് നാമും പിന്തുടരേണ്ടത് (1 പത്രോസ് 2:21-25).
കൊലൊസ്യർ 1:24-27 വരെ വാക്യങ്ങളിൽ പൗലോസും തന്റെ ക്രിസ്തീയ ജീവിതത്തിലെ കഷ്ടതകളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
സ്ഥിരോത്സാഹം എന്നത് മനസ്സിന്റെയും സ്വഭാവത്തിന്റെയും ചട്ടക്കൂടാണ്, ശരിയായത് ചെയ്യുന്നത് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സങ്കടങ്ങളും ഉണ്ടാക്കിയേക്കാം. എന്നെന്നേക്കുമായി മഹത്വം അനുഭവിക്കുന്നതിനായി ഹൃസ്വകാലത്തേക്ക് കഷ്ടപ്പെടാനുള്ള പ്രതിബദ്ധതയാണ് സ്ഥിരോത്സാഹം.
സ്ഥിരോത്സാഹത്തിൽ ക്ഷമയും ഉൾപ്പെടുന്നു. നിത്യതയുടെ വെളിച്ചത്തിൽ, കഷ്ടപ്പാടുകൾ ലഘുവും നൈമിഷികവുമാണ് (2 കൊരിന്ത്യർ 4:17 കാണുക), എന്നാൽ നമ്മുടെ കർത്താവ് വരാൻ താമസിക്കുന്നുവെന്ന് തോന്നുമ്പോൾ, ദൈവം നമുക്കോരോരുത്തർക്കും നൽകിയിരിക്കുന്ന പരിശുദ്ധാത്മാവിൽ തുടരാൻ നമുക്ക് വളരെ ക്ഷമ ആവശ്യമാണ്. ഒരു ന്യായവിധിയുടെ ദിവസം ഉണ്ടാവുകയില്ല. അല്ലെങ്കിൽ തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതുപോലെ നമ്മുടെ കർത്താവിന്റെ മടങ്ങിവരവ് യാഥാർത്ഥ്യമല്ല എന്നിങ്ങനെ വിശ്വാസികളിൽ സംശയം ജനിപ്പിച്ചുകൊണ്ട് തൽക്കാലം ജീവിക്കാനും ജഡിക സുഖങ്ങൾ പിന്തുടരാനും വ്യാജ ഉപദേഷ്ടാക്കന്മാർ മനുഷ്യരെ പ്രേരിപ്പിക്കുന്നു (2 പത്രോസ് 3:1). എന്നാൽ ദൈവത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു ദിവസം 1000 വർഷമാണെന്നും 1,000 വർഷം ഒരു ദിവസം പോലെയാണെന്നും അറിഞ്ഞുകൊണ്ട്, അവൻ മടങ്ങിവരുമ്പോൾ നമ്മുടെ ശാശ്വതമായ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് ശരിയായത് ചെയ്യുന്നതിൽ നാം ക്ഷമയോടെ ഉറച്ചുനിൽക്കണം. സ്ഥിരോത്സാഹം എന്നു പറയുന്നത് പ്രതികൂലങ്ങളിലും ജഡത്തിന്റെ താൽപ്പര്യങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം തള്ളിക്കളയാതെ വിശ്വാസത്തിൽ അന്ത്യംവരെ നിലനിൽക്കുന്നതാണ്.
(6) പക്വതയിലേക്കുള്ള ആറാമത്തെ പടി ദൈവഭക്തിയാണ്. "ദൈവഭക്തി" എന്നത് "... എല്ലാ കാര്യങ്ങളിലും ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മനോഭാവത്തെ കുറിക്കുന്നു. അത് ദൈവവുമായും മനുഷ്യരുമായും ശരിയായ ബന്ധം ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളിലും ദൈവഭക്തി ദൈവത്തിന്റെ വിശുദ്ധീകരണ സാന്നിദ്ധ്യം കൊണ്ടുവരുന്നു. ഈ സ്വഭാവം യഥാർത്ഥ വിശ്വാസിയെ ഭക്തിയില്ലാത്ത വ്യാജ ഗുരുക്കന്മാരിൽ നിന്ന് വേർതിരിക്കുന്നു (2:5-22; 3:7).
നാം ഒരിക്കൽ അവിശ്വാസികളായി "ഭക്തിയില്ലാത്തവരായിരുന്നു", ദൈവത്തിന്റെ ന്യായവിധിക്ക് യോഗ്യരായിരുന്നു (2 പത്രോസ് 3:7 കാണുക). ഇപ്പോൾ നാം ക്രിസ്തുവിലുള്ള ജീവിതത്തിന്റെ പുതുമയിൽ എത്തിയിരിക്കുന്നു, നാം നമ്മുടെ പഴയ ജീവിതരീതി ഉപേക്ഷിച്ച് പുതിയ ജീവിതരീതി സ്വീകരിക്കണം.
7. പക്വതയുടെ പാതയിലെ ഏഴാമത്തെ പടി സഹോദര പ്രീതിയാണ്. സഹോദര പ്രീതി. വിശ്വാസികൾ തമ്മിൽ തമ്മിൽ ഉണ്ടായിരിക്കേണ്ട സ്നേഹമാണിത്. നമ്മൾ സ്നേഹിക്കുന്ന ഒരാളുമായി പൊതുവായി പങ്കിടുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്നേഹമാണിത്. പരസ്പര ബന്ധത്തിന്റെ ഒരു പ്രത്യേക ഘടകമുണ്ട്, കാരണം ക്രിസ്തുവിലുള്ള നമ്മുടെ സഹോദരന് നാം ഒരു അനുഗ്രഹമായിരിക്കണം, അവൻ നമുക്ക് ഒരു അനുഗ്രഹമായിരിക്കണം. ക്രിസ്തുവുമായി പങ്കിട്ട ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സ്നേഹം.
പാപം മനുഷ്യരെ ദൈവത്തിൽ നിന്ന് അകറ്റുക മാത്രമല്ല, അത് മരുഷ്യരെ പരസ്പരം അകറ്റുകയും ചെയ്തു. അങ്ങനെ, മനുഷ്യർ ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ, അവർ അവനോടും സഹവിശ്വാസികളോടും ഐക്യപ്പെടുന്നു. വിശ്വാസികളുടെ ഈ ഐക്യം വംശീയമോ സാമൂഹികമോ ആയ എല്ലാ തടസ്സങ്ങളെയും മറികടക്കുന്നു:
സഹവിശ്വാസികൾക്കിടയിലുള്ള തടസ്സം ദൈവം നീക്കിയിരിക്കെ, ഇത് നാം പരിശീലിക്കാനും സംരക്ഷിക്കാനും ശ്രമിക്കേണ്ട ഒന്നാണ്. ഇത് മനുഷ്യർക്ക് അസാധ്യമായ ഒരു ദൗത്യമാണ്, അത് നിറവേറ്റാനുള്ള മാർഗമാണ് ദൈവം നൽകിയിരിക്കുന്നത്. വിശ്വാസികൾ എന്ന നിലയിൽ, ഈ മാർഗങ്ങൾ പ്രയോഗിച്ച് സഹോദര പ്രീതി പ്രാവർത്തികമാക്കാൻ നാം ഉത്സാഹത്തോടെ ശ്രമിക്കണം.
(8) അവസ്സാനത്തെ പടിയെന്നത് സ്നേഹമാണ്. സ്നേഹം. പ്രിയപ്പെട്ട ഒരാളുടെ ഏറ്റവും ഉയർന്ന നന്മയ്‌ക്കായുള്ള ബോധപൂർവമായ ആഗ്രഹവും അതിനു വേണ്ടി ത്യാഗം സഹിക്കുവാൻ തയ്യാറാകുന്നതുമാണ്. ക്രിസ്ത്യാനി പിന്തുടരേണ്ട എല്ലാ സദ്ഗുണങ്ങളുടെയും മൂലക്കല്ല് കൂടിയാണിത്.
അതാണ് ദൈവം നമുക്കുവേണ്ടി ചെയ്തത് (യോഹ. 3:16). അതാണ് നാം ചെയ്യാൻ അവൻ ആഗ്രഹിക്കുന്നത് (1 യോഹ. 3:16). അതാണ് അവൻ നമ്മിൽ നേടിയെടുക്കാൻ തയ്യാറാക്കിയിരിക്കുന്നത് (റോമ. 5:5). അങ്ങനെ, അതേ ഗുണം നമ്മിൽ പുനർനിർമ്മിക്കുന്നതിന് സ്നേഹമായ ദൈവത്തിന്റെ ആത്മാവിനെ നമുക്ക് സൗജന്യമായി നൽകപ്പെട്ടിരിക്കുന്നു.”
പൗലോസ് തെസ്സലോനിക്യയിലെ വിശ്വാസികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതു നോക്കുക: "12 എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവു നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കട്ടെ" (1 തെസ്സലൊനീക്യർ 3:12).
ദൈവം എന്താണെന്നതിൽ വേരൂന്നിയ സ്നേഹമാണ്. ദൈവസ്നേഹമാണ് നമ്മിലൂടെ ഒഴുകുന്നത്. "അവൻ ആദ്യം നമ്മെ സ്നേഹിച്ചതിനാൽ നാം സ്നേഹിക്കുന്നു (1 യോഹന്നാൻ 4:19). ഈ സ്നേഹത്തെ ക്രിസ്തീയ സദ്ഗുണങ്ങളിൽ ഏറ്റവും മഹത്തായ ഒന്നായി പൗലോസ് പറയുന്നു (1 കൊരിന്ത്യർ 13:13). നാം മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ ദൈവത്തിന്റെ പൂർണ്ണതകൾ മനുഷ്യർ പ്രകടമാക്കുന്നു.
ഉപസംഹാരം
അപ്പോൾ ഞാൻ എന്റെ സന്ദേശം ഉപസംഹരിക്കുകയാണ്. ഒരു വിശ്വാസി പിന്തുടരേണ്ട എട്ട് സ്വഭാവ സവിശേഷകളെക്കുറിച്ചാണ് ഞാനിതുവരെ നിങ്ങളുമായി പങ്കുവെച്ചത്.
ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ ഉത്തരവാദിത്തവും പരസ്പരാശ്രിത സത്യങ്ങളാണ്. മനുഷ്യന് അവന്റെ രക്ഷയ്ക്ക് സംഭാവന നൽകാൻ കഴിയില്ല. കാൽവരിയിലെ കുരിശിൽ യേശുക്രിസ്തുവിന്റെ ത്യാഗപരമായ വേലയാണത് സാദ്ധ്യമാക്കിയത്. നമുക്ക് സ്വയം ചെയ്യാൻ കഴിയാത്തത് ദൈവം നമുക്കുവേണ്ടി ചെയ്തു. എന്നാൽ ഒരിക്കൽ നാം ക്രിസ്തുവിൽ വിശ്വസിച്ചുകഴിഞ്ഞാൽ, നാം ദൈവിക സ്വഭാവത്തിന് വേണ്ടി ഉത്സാഹത്തോടെ പരിശ്രമിക്കണം-എന്തുകൊണ്ടെന്നാൽ ദൈവം “ജീവനും ദൈവഭക്തിക്കു”മുള്ള മാർഗ്ഗം ഒരുക്കിയിരിക്കുന്നു. ക്രിസ്തീയ ജീവിതം താനെ മുന്നോട്ടു പൊയ്ക്കൊള്ളും എന്നും നാം ചിന്തിക്കരുത്. ദൈവത്തെ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചും; "ദൈവത്തെ വിശ്വസിച്ചും നാം മുന്നോട്ടു പോകണം. കർത്താവായ യേശുക്രിസ്തുവിന്റെ സ്വഭാവസവിശേഷതകൾ നമ്മിൽ പ്രകടമാകുന്നതുവരെ ഈ പരിശ്രമം നാം ഉപേക്ഷിക്കരുത്. ദൈവം തന്റെ വാഗ്ദാനം നിവൃത്തിക്കുന്നതിൽ ബദ്ധശ്രദ്ധനാകയാൽ, അവൻ ഈലക്ഷ്യം നമ്മിൽ നിവൃത്തിക്കും.
നരകശിക്ഷയിൽ നിന്ന് രക്ഷനേടാനും സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളിൽ പ്രവേശിക്കാനും മാത്രമല്ല നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. "അന്ധകാരത്തിൽനിന്നും അവന്റെ അത്ഭുതപ്രകാശത്തിലേക്കു നമ്മേ വിളിച്ചിരിക്കുന്നത് നമ്മെ വിളിച്ചവന്റെ ശ്രേഷ്ഠതകളെ പ്രഘോഷിക്കുവാൻ വേണ്ടിയാണ്. ഈ സ്വാഭാവസവിശേഷകൾ നമ്മിൽ വെളിപ്പെടുമ്പോൾ അതു ദൈവത്തിനു വലിയ മഹത്വം വരുത്തുന്നു. നാം ആത്മീയ വളർച്ചയിൽ എവിടെയായിരുന്നാലും തൃപ്തിപ്പെടരുത്; ക്രിസ്തീയ പക്വതയിലേക്ക് മുന്നേറുക. നമുക്കെല്ലാവർക്കും ദൈവാത്മാവിന്റെ ശക്തിയിലും ദൈവവചനത്തിന്റെ വ്യവസ്ഥയിലൂടെയും മുന്നേറാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചു ഞാൻ നിർത്തുന്നു. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ. ആമേൻ.
*******