top of page
കൊലൊസ്സ്യലേഖന പരമ്പര-01
P M Mathew
OCT 11, 2019

The Book of Colossians
കൊലൊസ്സ്യര്‍ 1:1-2

Colossians 1:1-2

ആമുഖം'

'തടവറ ലേഖനങ്ങൾ' (prison epistles) എന്ന പേരിൽ അറിയപ്പെടുന്ന ബൈബിളിലെ നാലു പുസ്തകങ്ങളിൽ ഒന്നാണ് കൊലൊസ്സ്യലേഖനം. മറ്റു മൂന്നെണ്ണം Ephesians, Philippians, and Philemon എന്നിവയാണ്.A.D 60-61 ൽ റോമിലെ ജയിലിൽ വെച്ചെഴുതി, തിഹിക്കോസിന്റേയും ഒനേസിമോസിന്റേയും കയ്യിൽ ഇതു കൊടുത്തയച്ചു (കൊലൊ.4:7-9, എഫെ 6:21, ഫിലേ10-12). ആമുഖത്തിൽ തന്റെ പേരിനോടൊപ്പം തിമോഥെസോസിന്റെ പേരും താൻ ഉൾപ്പെടുത്തിയിരിക്കുന്നു. തിമോഥയോസിനു കൊലോസ്സ്യ സഭയുമായുള്ള ബന്ധം നമുക്കറിയില്ല. ഒരുപക്ഷെ, അപ്പൊസ്തലൻ ഈ കത്തിലെ സന്ദേശം പറഞ്ഞുകൊടുക്കുകയും അദ്ദേഹം അതു എഴുതി എന്ന നിലയിലുമാകാം അങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്.

പൗലോസിന്റെ എഫെസൊസിലെ 3 വർഷത്തെ ശുശ്രൂഷാ കാലയളവിൽ (അപ്പൊ. പ്രവൃ 19) രക്ഷിക്കപ്പെട്ട കൊലൊസ്സ്യനഗരത്തിൽ നിന്നു വന്ന എപ്പഫ്രാസ് ആയിരിക്കണം മടങ്ങിപ്പോയി കൊലൊസ്സ്യയിൽ സഭസ്ഥാപിച്ചത് (1:5-7). പൗലോസ് കാരാഗൃഹത്തിലായിരിക്കുമ്പോൾ എപ്പഫ്രാസ് പൗലോസിനെ സന്ദർശിക്കയും കൊലൊസ്സ്യ സഭയിലെ വിവരങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തതിന്റെ വെളിച്ചത്തിൽ എഴുതിയ ഒരു ലേഖനമാണിത്.

ഇന്ന് ഈ ലേഖനത്തിന്റെ ആമുഖ വാക്യങ്ങൾ വായിച്ച് അതിൽ നിന്നും ചില കാര്യങ്ങൾ നമുക്കു പഠിക്കാം.

കൊലൊസ്സ്യര്‍ 1:1-2

"ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു: 2 നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ."

മുഖ്യ ആശയം

ആരാണ് ഇതെഴുതിയത്, ആർക്കാണിത് എഴുതിയത്, അവർക്കുള്ള ആശംസ എന്നതാണ് ഈ വേദഭാഗത്തിലെ മുഖ്യപ്രമേയം.

1. എഴുത്തുകാരൻ :അപ്പൊസ്തലനായ പൗലോസ്

ഈ ലേഖനത്തിന്റെ മുഖ്യ എഴുത്തുകാരൻ അപ്പൊസ്തലനായ പൗലോസാണ്. തന്നെ സ്വയം പരിചയപ്പെടുത്തുന്നത് യേശുക്രിസ്തുവിന്റെ അപ്പൊസ്തലൻ എന്ന നിലയിലാണ്. എന്നാൽ തന്റെ അപ്പൊസ്തലത്വം തന്റെ എന്തെങ്കിലും തെരഞ്ഞെടുപ്പിന്റെ ഫലമല്ല; മറിച്ച്, ദൈവത്തിന്റെ ഇഷ്ടപ്രകാരം ദൈവം തന്നെ തെരഞ്ഞെടുത്തതാണ്. മരിച്ചുയർത്തെഴുനേറ്റു സ്വർഗ്ഗത്തിലേക്കു കരേറിപ്പോയ യേശുക്രിസ്തു തനിക്കു പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് തന്നെ ഈ വിലയേറിയ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. അതിനെക്കുറിച്ച് അപ്പൊസ്തലപ്രവൃത്തികൾ എന്ന പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നതു നമുക്കു നോക്കാം: "15 കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു" (അപ്പൊ. പ്രവൃ 9:15). ദൈവത്താൽ തെരഞ്ഞെടുക്കുന്നതിനു മുൻപ് തന്റെ പേര് ശൗൽ എന്നായിരുന്നു. കർത്താവിന്റെ ശിഷ്യന്മാർക്കെതിരെ ഭീഷണിയും പീഡനവും നടത്താൻ വേണ്ടി മഹാപുരോഹിതന്റെ പക്കൽ നിന്നും അധികാരപത്രം വാങ്ങി ദമാസ്ക്കസിലേക്കു പോകുന്ന വഴിക്കാണ് യേശുക്രിസ്തു തനിക്കു പ്രത്യക്ഷനാകുന്നത്. തന്റെ ആ പ്രത്യക്ഷയിൽ നിലത്തുവീണ ശൗൽ, "ശൗലേ, ശൗലേ നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്നൊരു ശബ്ദവും കേട്ടു. "നീ ആരാകുന്നു, കർത്താവേ, എന്നു അവൻ (ശൗൽ) ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ" എന്ന മറുപടിയും യേശുവിൽ നിന്നു തനിക്കു ലഭിച്ചു. : "നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു." അത് പൗലോസിനു ലഭിച്ച അപ്പൊസ്തലത്തിനുള്ള വിളിയായിരുന്നു. അവൻ നിലത്തുനിന്നു എഴുന്നേറ്റു എങ്കിലും തനിക്കു ഒന്നും കാണാൻ കഴിയാത്തതിനാൽ തന്റെ കുടെയുണ്ടായിരുന്നവർ അവനെ കൈക്കു പടിച്ചു നടത്തിയാണ് ദമസ്കോസിൽ എത്തിച്ചത്. 9 അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു." മൂന്നാം ദിവസം അനന്യാസ് എന്ന ഒരു ക്രിസ്തുവിന്റെ ശിഷ്യനു കർത്താവിൽ നിന്നും ദർശനമുണ്ടായതിന്റെ വെളിച്ചത്തിൽ, ശൗലിന്റെ അടുക്കൽ എത്തി അവന്റെമേൽ കൈവെച്ച് പ്രാർത്ഥിച്ചപ്പോഴാണ് തനിക്കു കാഴ്ച ലഭിച്ചത്. അതിനെതുടർന്ന് അവൻ സ്നാനം ഏറ്റു. തുടർന്ന് "9 അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാൾ പാർത്തു, 20 യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു." ഇതാണ് അപ്പൊസ്തലനായ പൗലോസിന്റെ മാനസാന്തര ചരിത്രം. 'പൗലോസ്' എന്ന വാക്കിന്റെ അർത്ഥം 'കുറഞ്ഞവൻ' എന്നാണ്.

പൗലോസിനെ ഈ നിലയിൽ അയക്കുവാൻ ദൈവത്തിനു ഹിതമായി. അതു തന്റെ കൃപയുടെ പ്രദർശനമാണ്. ദൈവം തന്റെതന്നെ സന്തോഷത്തിൽ അതു ചെയ്യുന്നു എന്നല്ലാതെ മറ്റൊരു കാരണവും അതിനു നൽകാൻ കഴിയുകയില്ല. അപ്പൊസ്തലൻ എന്നാൽ 'അയക്കപ്പെട്ടവൻ' എന്നർത്ഥം. അതായത്, കർത്താവ് തന്റെ അധികാരത്തിൽ സുവിശേഷഘോഷണത്തിനായി അയക്കപ്പെട്ട വ്യക്തിയാണ് പൗലോസ്. ഗലാത്യർ 1:1ൽ പൗലോസ് പറയുന്നു "മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസ്." അതായത്, തന്റെ അപ്പൊസ്തലത്വം മനുഷ്യനിൽ നിന്നൊ ഏതെങ്കിലും മാനുഷിക സംഘടനയിൽ നിന്നൊ വന്നതല്ല, പിന്നെയൊ ദൈവത്തിൽ നിന്നു വന്നതാണ്. അതുകൊണ്ട് തന്റെ ഈ എഴുത്തിനും കർത്താവിന്റെ ആധികാരികതയുണ്ട്. ആ ആധികാരികത ഇതിന്റെ വായനക്കാർ ഇതിനു നൽകണം.

പൗലോസ് കർത്താവിനാൽ അയക്കപ്പെട്ടതുപോലെ വിശ്വാസികൾ ആയ നാമും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുവാൻ അയക്കപ്പെട്ടവരാണ്. അനേകരാണ് ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചു അറിയാതെയും രക്ഷിക്കപ്പെടാതെയും നാശത്തിന്റെ പാതയിലൂടെ ചരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ ലോകത്തിൽ കർത്താവിന്റെ അംബാസഡർമാരായി, ദൈവത്തിന്റെ പരിശുദ്ധാത്മശക്തിയാൽ, കർത്താവിനെ സാക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ വിളിയെ നമുക്ക് ഫലവത്തായി ഉപയോഗിക്കാം.

പൗലോസ്, ദൈവാത്മാവിനാൽ പ്രചോദിതനായി ഈ ലേഖനം എഴുതിയതാണെങ്കിലും, തന്നോടുകൂടെ തിമോത്തിയുടെ പേരും ചേർത്തിരിക്കുന്നു. തിമോത്തി ഒരു അപ്പൊസ്തലൻ അല്ലെങ്കിലും, പൗലോസ് തന്റെ വിനയം പ്രകടിപ്പിക്കാനും തിമോത്തിയെ ബഹുമാനിക്കാനും വേണ്ടിയാണ് എന്ന് Matthew Henry എന്ന ദൈവദാസൻ വിശദീകരിക്കുന്നു. ചെറുപ്പവും ബലഹീനരും ശ്രദ്ധിക്കപ്പെടാത്തവരുമായവർക്ക് പ്രായമായവരും ശക്തരും പ്രഗത്ഭരുമായവരുടെ പിന്തുണ അവരുടെ വളർച്ചക്ക് നല്ലതാണ്. മാത്രവുമല്ല, തിമോത്തി പൗലോസിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു, ചിന്തയിലും വികാരത്തിലും ആത്മാവിലും പൗലോസിനോടൊപ്പം യേശുക്രിസ്തുവിന്റെ സഭയെ സ്നേഹിച്ച വ്യക്തിയായിരുന്നു.

2. ആർക്കാണ് ഇത് എഴുതുന്നത്?
അടുത്തതായി, ഇത് ആർക്കാണ് എഴുതുന്നത് എന്ന് ആമുഖത്തിൽ പറയുന്നു: "കൊലോസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു:" എഫെസൊസ് നഗരത്തിൽ നിന്ന് ഏകദേശം 80 മൈൽ കിഴക്കായി, ലൈക്കസ് നദീതടത്തിൽ, ഇന്നത്തെ തുർക്കിയുടെ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമായിരുന്നു കൊളോസിയ. അതിന്റെ സമീപ പട്ടണങ്ങൾ ലാവോദിക്യ, ഹിയറപ്പൊലിസ് എന്നിവയാണ്. ജ്ഞാനവാദത്തിനു വളരെ വേരുകളുള്ള ഒരു നഗരമായിരുന്നു കൊലൊസ്സ്യ. കൊലോസ്സ്യ സഭയിൽ പിൽക്കാലത്ത് ജ്ഞാനവാദത്തിന്റെ സ്വാധീനത്താൽ ചില ദുരൂപദേശങ്ങൾ കടന്നു കൂടുവാൻ ഇടയായി. എപ്പഫ്രാസ് ഈ കാര്യവും പൗലോസിനെ അറിയിച്ചിരുന്നു. ഈ ദൂരൂപദേശത്തെ നേരിടാനും വേണ്ടിയാണ് അപ്പോസ്തലൻ ഈ ലേഖനം എഴുതിയത്.

b) വിശുദ്ധർ

പൗലോസ് കൊലോസ്സ്യ സഭയിലെ വിശ്വാസികളെ "വിശുദ്ധർ" എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് എന്നതും ഇവിടെ ശ്രദ്ധേയമാണ്. വിശുദ്ധനെന്നല്ല "വിശുദ്ധർ" എന്ന ബഹുവഹനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഗ്രേഗ് അല്ലൻ എന്ന ദൈവദാസൻ അതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഒരു പുരുഷനൊ സ്ത്രീയൊ സ്വയം നന്നായി ഒരു വിശുദ്ധനായി തീരുന്നില്ല. പ്രത്യുത, ദൈവത്തിന്റെ കൃപയാൽ ഒരുവനെ വിശുദ്ധനായി പ്രഖ്യാപിച്ചശേഷം അവനെ ദൈവം കാണുന്ന നിലയിൽ ആയിത്തീരുവാൻ കൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കർത്താവായ യേശുക്രിസ്തുവിന്റെ പാപപരിഹാര ബലിയിൽ വിശ്വസിച്ച് തങ്ങളുടെ പാപത്തിനു പരിഹാരം വരുത്തിയവരെയാണ് ബൈബിൾ വിശുദ്ധരായി കണക്കാക്കുന്നത്. യേശുക്രിസ്തുവിന്റെ പെർഫെക്ടായ ജീവിതവും മരണവും കൊണ്ടു നേടിയേടുത്ത നീതി വിശ്വാസികളുടെമേൽ കണിക്കിട്ടുകൊണ്ടാണ് ദൈവം അവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. പൗലോസ് തന്റെ മിക്കവാറും ലേഖനങ്ങൾ ആരംഭിക്കുന്നത് ആ സഭയിലെ വിശ്വാസികളെ വിശുദ്ധർ എന്ന നിലയിൽ അഭിസംബോധന ചെയ്തുകൊണ്ടാണ്. ഇന്നു സമുദായങ്ങളിൽ "ചില വ്യക്തികളെ മാത്രം" അതും അവരുടെ മരണശേഷം ദീർഘനാളുകൾ കഴിഞ്ഞ് വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു ഘടകവിരുദ്ധമായ സംഗതിയാണ്. യേശുക്രിസ്തുവിന്റെ നീതിയല്ലാതെ മറ്റൊരു നീതിക്കും ഒരു വ്യക്തിയെ നീതിമാനാക്കാൻ കഴിയുകയില്ല. യേശുക്രിസ്തുവിന്റെ നീതിയാൽ നീതീകരിക്കപ്പെടുന്നവർ തുടർന്നുള്ള തങ്ങളുടെ ജീവിതത്തിൽ പാപങ്ങളെ വെറുത്തുപേക്ഷിച്ച് ദൈവം ആഗ്രഹിക്കുന്ന നിലയിലേക്ക് ഉയരുകയാണ് ചെയ്യുന്നത്. ആരും തങ്ങളുടെ സ്വയ നീതിയാൽ, സ്വന്തം അദ്ധ്വാനത്താൽ ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല. ദൈവവചനത്തിന്റെ അനിഷേദ്ധ്യമായ പ്രഖ്യാപനം ശ്രദ്ധിക്കുക: റോമർ 3:10 "നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല." വീണ്ടും 12 ൽ ഇപ്രകാരം തുടരുന്നു; "എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല." അപ്പോൾ നിങ്ങൾ പറഞ്ഞേക്കാം നന്മ പ്രവൃത്തികൾ അനേകരെ എനിക്കറിയാം എന്ന്. എന്നാൽ ഒരുകാര്യം നാം ഓർക്കണം ഒരുവന്റെ ജനനം മുതൽ മരണം വരെ ഒരു പാപവും ചെയ്യാതെ, സ്വർത്ഥലക്ഷ്യമില്ലാതെ ദൈവത്തിന്റെ മഹത്വത്തെ മാത്രം ലക്ഷ്യമാക്കി ജീവിക്കുകയും ന്യായപ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട് നന്മയെ ചെയ്തെങ്കിൽ മാത്രമെ ദൈവപ്രസാദകരമായ നന്മയായി ദൈവവചനം കാണുകയുള്ളു. ദൈവത്തിന്റെ ന്യായപ്രമാണം പൂർണ്ണവും പെർഫെക്ടായും അനുസരിച്ച വ്യക്തി കർത്താവായ യേശുക്രിസ്തുവാണ്. ആ കർത്താവായ യേശുക്രിസ്തു തന്റെ പാപത്തിന്റെ പരിഹാരത്തിനാണ് മരിച്ചതും അടക്കപ്പെട്ടതും ഉയർത്തെഴുന്നേറ്റതും എന്നു വിശ്വസിക്കുമ്പോഴാണ് ദൈവം ആ വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. കാരണം യേശുക്രിസ്തു പാപിയുടെ സ്ഥാനത്ത് അവന്റെ ശിക്ഷ ഏറ്റെടുത്തു മരിച്ചിരിക്കുന്നു. ഇനി യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു പാപി നരകശിക്ഷ അനുഭവിക്കേണ്ട ആവശ്യമില്ല. അവനെ ദൈവം വിശുദ്ധനായി കാണുന്നു. അങ്ങനെ ഒരു വിശ്വാസി അന്ത്യം വരെ കർത്താവിനോടും തന്റെ സുവിശേഷത്തോടും വിശ്വസ്തത പുലർത്തുവാൻ ബാദ്ധ്യസ്ഥനാണ്. നിങ്ങൾ എങ്ങനെയാണ്? സുവിശേഷത്തോടു വിശ്വസ്തത പുലർത്തി ജീവീക്കുന്നവരൊ?

അങ്ങനെയുള്ളവരെയാണ് പൗലോസ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. ക്രിസ്തുവിലുള്ള നിങ്ങളുടെ സ്ഥാനം അഥവാ പധവിയെക്കുറിച്ചുള്ള സത്യത്താൽ നിങ്ങളുടെ മനസ്സിനെ പുതുക്കാൻ ദൈവത്മാവിനോടു അപേക്ഷിച്ചാൽ ദൈവം അവനിൽ സ്ഥായിയായ മാറ്റം വരുത്തും. സാത്താന്റെ അധീനതയിൽ നിന്ന് വിടുവിക്കപ്പെട്ട് ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് നമ്മേ ചേർത്തിരിക്കുന്ന ദൈവത്തിന്റെ ശാശ്വതമായ ഉടമ്പടിയും യേശുവുമായുള്ള കൂട്ടായ്മയും എന്നീ സത്യങ്ങളെക്കുറിച്ച് അറിയുകയും അതിനെ എപ്പോഴും ധ്യാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് പിന്നെ എങ്ങനെയാണ് ഈ ലോകക്കാരെപ്പോലെ പാപത്തിൽ ജിവിക്കുവാൻ കഴിയുക.
3. ആശംസ: കൃപയും സമാധാനവും

തുടർന്ന് രണ്ടാം വാക്യത്തിൽ പൗലോസ് അവർക്കു ആശംസ അർപ്പിക്കുന്നു. പിതാവായ ദൈവത്തിൽ നിന്നും വരുന്ന കൃപയും സമാധാനവും അവർക്കുണ്ടാകണം എന്നതാണ് അപ്പോസ്തലന്റെ ആശംസ. രണ്ടു പുതിയ നിയമ ഉടമ്പടി അനുഗ്രഹങ്ങളാണ് കൃപയും സമാധാനവുമെന്നത്. സുവിശേഷ സന്ദേശത്തിന്റേയും തന്റെ വേദശാസ്ത്രത്തിന്റേയും ഹൃദയമാണ് കൃപ എന്നത്. Charles Allen എന്ന് ദൈവദാസൻ ബൈബിളിൽ കണുന്ന ദൈവകൃപയുടെ മൂന്ന് വ്യത്യസ്ഥ അർത്ഥങ്ങളെ കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക. ദൈവത്തിന്റെ കരുണയേയും സജീവമായ സ്നേഹത്തേയും കൃപ കാണിക്കുന്നു; അതു ദൈവത്തിന്റെ ആകർഷണിയമായ സ്വഭാവത്തെ പ്രകടമാക്കുന്നു; അത് ജയിക്കാനുള്ള ദൈവത്തിന്റെ ശക്തിയെ അർത്ഥമാക്കുന്നു. പാപികളും നഷ്ടപ്പെട്ടവരുമായ മനുഷ്യവർഗ്ഗത്തെ സ്നേഹത്തോടും അനുകമ്പയോടും കുനിഞ്ഞു നോക്കുന്ന ചിത്രമാണ് കൃപ നൽകുന്നത്.

കൃപ മനുഷ്യനോടുള്ള സ്വതന്ത്രവും അർഹതയില്ലാത്തതുമായ പ്രീതിയാണ്. അതേ സമയം സമാധാനമെന്നത്, ക്രിസ്തുവിൽ ആ പ്രീതി സ്വീകരിക്കുന്നവർക്കു ദൈവത്തോടുള്ള ശത്രുത നീങ്ങി സമാധാനം കൈവരുന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സമാധാനം ദൈവത്തിന്റെ കൃപയെ ദാനമായി സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ ഹൃദയത്തിൽ ഉണ്ടാകുന്ന വികാരത്തിന്റെ ആകത്തുകയാണ്.

കൃപയെ മനസ്സിലാക്കാൻ ഡോക്ടർ ചക്ക് സ്വിൻഡോൾ നൽകുന്ന വിശദീകരണം ഇപ്രകാരമാണ്. "കൃപയുടെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാൻ "കുനിയുക, താഴേക്കു നോക്കുക" എന്നർഥമുള്ള ഒരു പഴയ ഹീബ്രു പദത്തിലേക്ക് നാം മടങ്ങേണ്ടത് ആവശ്യമാണ്. ക്രമേണ, അത് "മനഃപ്പൂർവ്വം പദവി വിട്ട് എളിയവരോട് ദയവായി പെരുമാറുക" എന്ന ആശയം ഉൾപ്പെടുത്തി. നിങ്ങൾ ലണ്ടനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒരുപക്ഷേ രാജകീയപധവി കണ്ടിട്ടുണ്ടാകാം. അങ്ങനെയാണെങ്കിൽ, പ്രൗഡിയും അകൽച്ചയും ദൂരവും നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. ഇംഗ്ലണ്ടിലെ രാജകീയത ഇടയ്ക്കിടെ വാർത്തയാകും, കാരണം രാജസ്ഥാനത്തിരിക്കുന്നവർ, തങ്ങളുടെ യാത്രകൾക്കിടെ രഥം നിർത്തി, രാജാവ് അതിൽ നിന്ന് ഇറങ്ങി ഒരു സാധാരണക്കാരനെ സ്പർശിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യുന്നു. അതിനെയാണ് കൃപ എന്നു പറയുന്നത്. രാജകുടുംബത്തിന്റെ ശ്രദ്ധയിൽ പെടാനോ സ്പർശിക്കാനോ അനുഗ്രഹിക്കാനോ അർഹതയുള്ള യാതൊന്നും ഒരു സാധാരണക്കാരനില്ല. എന്നാൽ രാജകീയ വ്യക്തിയുടെ ഹൃദയത്തിലെ അനുകമ്പ കാരണം ആ നിമിഷം താൽക്കാലികമായി ഇങ്ങനെ കുനിയുകയും, തൊടുകയും, അനുഗ്രഹിക്കുക പോലും ചെയ്യുന്നു. ഇതിനെയാണ് കൃപ കാണിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അർഹതയില്ലാത്ത ഒരുവനോട് അനുകമ്പയൊ ദയയോ കാണിക്കുക.

കൃപയാൽ ദൈവത്തിന്റെ സ്വീകാര്യത ലഭിക്കുന്നത് എപ്പോഴും സമ്പാദിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കൃപയെക്കുറിച്ചുള്ള ചിന്തകൾ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അത് അർഹതയില്ലാത്തതാണെന്ന ആശയം ഉണ്ടാകുന്നു, ഒരു തരത്തിലും സ്വീകർത്താവിന് അർഹമായത് നൽകാതെ, അനർഹമായ പ്രീതി ലഭിക്കുന്നത് അതു കാണിക്കുന്ന വ്യക്തിയുടെ ഹൃദയത്തിന്റെ നന്മയാണ്. ഇവിടെ ഊന്നിപ്പറയേണ്ട വസ്തുത കൊടുക്കുന്നവൻ ഇത് തികച്ചും സൗജന്യമായി കൊടുക്കുന്നു. എന്നാൽ താൻ കൊടുക്കുന്നത് വിലയില്ലാത്തതല്ല! അത് തിരികെ നൽകാൻ നിങ്ങളോട് ഒരിക്കലും ആവശ്യപ്പെടില്ല. നിങ്ങൾ ശ്രമിച്ചാലും നിങ്ങൾക്കതിനു കഴിയുകയുമില്ല. നമ്മിൽ മിക്കവർക്കും ആ ചിന്തയിൽ പ്രശ്‌നമുണ്ട്, കാരണം നമുക്ക് ലഭിക്കുന്ന എല്ലാത്തിനും പകരം നൽകാനായി നാം പ്രവർത്തിക്കുന്നു. എന്നാൽ ഈ സാഹചര്യത്തിൽ, കൃപ നമുക്ക് സ്വതന്ത്രവും വ്യക്തവുമായും വരുന്നു, ചരടുകളൊന്നും അതിനു പിന്നിലില്ല. അത് തിരിച്ചടയ്ക്കാൻ പോലും നമ്മൾ ശ്രമിക്കരുത്; അങ്ങനെ ചെയ്യുന്നത് അപമാനകരമാണ്. (The Grace Awakening: കൃപയിൽ വിശ്വസിക്കുന്നത് ഒരു കാര്യം. അതിൽ ജീവിക്കുന്നത് മറ്റൊന്ന്).

കൃപയുടെ ദൈവം സമാധാനത്തിന്റേയും ദൈവമാണ്. ഈ ദൈവത്താൽ മാത്രമെ സമാധാനം പ്രാപിക്കാൻ കഴിയു, അതും ദൈവത്തിന്റെ കൃപയാൽ മാത്രം. ഫിലിപ്പിയർ 1:2 ൽ കൃപയും സമാധാനവും പിതാവിൽ നിന്നും പുത്രനിൽ നിന്നും വരുന്നതായി നാം വായിക്കുന്നു: " 2 നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ."

ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ഒരു ശിക്ഷാവിധിയുമില്ല എന്നത് ഒരുവന്റെ ഹൃദയത്തിനു വലിയ സമാധാനം നൽകുന്നു. അവർക്കു കുറ്റബോധം നീങ്ങിപ്പോയതിനാൽ മനസ്സാക്ഷിയുടെ ആക്ഷേപം കുടാതെ ജീവിക്കുവാൻ സാധിക്കുന്നു. ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ ആകുലത കൂടാതെ ഇരിപ്പാൻ ഒരുവനെ സഹായിക്കുന്നു. ഇതിക്കേയും ഒരു വിശ്വാസിയുടെ വിലയേറിയ സമ്പത്താണ്. ഇതു തന്നെ ആയിരിക്കണം ഒരുവന്റെ ഏറ്റവും വലിയ സമ്പത്തും. ഇതാണ് പൗലോസിനു കൊലോസ്സ്യവിശ്വാസികളെ സംബന്ധിച്ച ആശംസയും പ്രാർത്ഥനയും.

*******

© 2020 by P M Mathew, Cochin

bottom of page