
നിത്യജീവൻ

കൊലൊസ്സ്യലേഖന പരമ്പര-05
P M Mathew
JAN 26, 2020
Reconciliation and Future Hope
സുവിശേഷത്താല ുള്ള നിരപ്പും ഭാവിപ്രത്യാശയും
Colossians 1:21-23
എന്നാൽ വളരെ വിശ്വസനീയവും ആധികാരികവുമായ ഒരു പരസ്യം അഥവാ ചിത്രം അപ്പോസ്തലനായ പൗലോസ് നമ്മുടെ മുമ്പിൽ വരച്ചു കാണിക്കുന്നു. അത് ദൈവവുമായുള്ള നമ്മുടെ നിരപ്പിനെ സംബന്ധിച്ച ചിത്രമാണ്. അതായത് പാപിയായ, ദൈവത്തിന്റെ ശത്രുവായ മനുഷ്യനെ കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ മരണത്തോടെ ദൈവത്തോട് നിരപ്പിച്ചതിനുമുൻപും നിരപ്പിച്ചതിനുശേഷവും ഉള്ള ഒരു ചിത്രമാണത്. അതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു വേദഭാഗത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിനായി കൊലോസ്യ ലേഖനം ഒന്നാം അദ്ധ്യായം 21 മുതൽ 23 വരെ വാക്യങ്ങൾ നമുക്ക് വായിക്കാം
കൊലൊസ്സ്യര്‍ 1:21-23
"20 അവൻ ക്രുശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തിരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതൊ സ്വർഗ്ഗത്തിലുള്ളതോ സകലത്തേയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനു പിതാവിന്നു പ്രസാദം തോന്നി. 21 മുമ്പെ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ 22 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. 23 ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും."
ഈ വേദഭാഗത്തിന്റെ കേന്ദ്രാശയം എന്നത്, സുവിശേഷത്തിലൂടെ ദൈവത്തോട് നമ്മെ നിരപ്പിച്ചത് ദൈവസന്നിധിയിൽ നമ്മെ വിശുദ്ധരായി, കളങ്കമില്ലാത്തവരായി കുറ്റമില്ലാത്തവരായി നടത്തേണ്ടതിനാണ്.
മലയാളത്തിൽ മൂന്ന് വാക്യങ്ങൾ ഉണ്ടെങ്കിലും അതിന്റെ മൂലഭാഷയായ ഗ്രീക്കിൽ ഇത് ഒറ്റവാക്യമാണ്. ഇതിലെ മുഖ്യ ക്രിയാപദം "നിരപ്പിച്ചു" എന്ന വാക്കാണ്.
പൗലോസ് ഈ ലേഖനം എഴുതുന്നത് തന്റെ അനേകം ജയിൽവാസങ്ങളിൽ ഒന്നിൽ വച്ചാണ്. അതായത് താൻ റോമൻ ജയിലിൽ ആയിരിക്കുമ്പോഴാണ് ഈ കത്ത് എഴുതുന്നത്. കൊലോസ്യാസഭാ സ്ഥാപിച്ചത് പൗലോസല്ല; പൗലോസിന്റെ സഹപ്രവർത്തകനും സഹചാരിയും ആയിരുന്ന എപ്പഫ്രാദിത്തോസ് ആണ്. അദ്ദേഹം കൊലൊസ്യനഗരത്തിൽ നിന്നുള്ള ഒരു വ്യക്തിയായിരുന്നു. പൗലോസ് മുൻപ് കാണുകയോ പരിചയപ്പെടുകയോ ചെയ്യാതിരുന്ന ഒരു കൂട്ടം ആളുകൾക്ക്- സഭയ്ക്കാണ്- ഈ കത്ത് എഴുതുന്നത്. പൗലോസ് റോമിലെ ജയിലിൽ ആയിരുന്നപ്പോൾ, എപ്പഫ്രാദിത്തോസ് പൗലോസിനെ സന്ദർശിക്കുകയും സഭയിലെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അറിയിക്കുകയും ചെയ്യുന്നു. അങ്ങനെ അറിയിച്ച നല്ല കാര്യങ്ങൾ എന്നത് അവരുടെ വിശ്വാസം, അവർക്ക് പരസ്പരവും, തങ്ങളുടെ അയൽക്കാരോടും ഉള്ള സ്നേഹം, അവരുടെ പ്രത്യാശ എന്നിവയെക്കുറിച്ച് ആയിരുന്നു. അവരെ സംബന്ധിച്ച മോശം കാര്യം എന്നത് ചിലർ ക്രിസ്തുവിൽ നിന്നും, സുവിശേഷത്തിൽ നിന്നും അകന്നുപോകുന്നു എന്നതാണ്. അതിനു കാരണം ചില ആളുകൾ അവരെ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ ചില കാര്യങ്ങൾ അറിയണമെന്നും അതുപോലെ ന്യായപ്രമാണത്തിന്റെ ആചാരങ്ങളായ പരിച്ഛേദന, നോയമ്പ്, പെരുന്നാൾ എന്നിവ ആദരിക്കണം എന്ന് പഠിപ്പിക്കുകയും ചെയ്തു. ഇന്ന് സഭകളിൽ ഇതിനു സമാനമായി കാണുന്നത്, കുറെ നിയമങ്ങൾ, ആചാരങ്ങൾ, ഡ്രസ് കോഡുകൾ ചില ദിവസങ്ങളുടെ ആചരണങ്ങൾ അതുപോലെ വിവിധ മദ്ധ്യസ്ഥന്മാരുടെ പേരിലുള്ള പെരുന്നാളുകൾ എന്നിവയൊക്കെയാണ്. ക്രിസ്തീയ സഭയോടു കർത്താവ് ആചരിക്കുവാനായി ആവശ്യപ്പെട്ടിരിക്കുന്ന ഒരു അനുഷ്ഠാനങ്ങൾ എന്നത് സ്നാനവും തിരുവത്താഴവും മാത്രമാണ്. ഇവ രണ്ടും പ്രാധാന്യമർഹിക്കുന്നു എന്നു പറയാനുള്ള കാരണങ്ങൾ ഇവ രണ്ടും കർത്താവായ യേശുവിന്റെ മരണ പുനരുത്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നതും കർത്താവ് ഇവ ആചരിക്കണം എന്ന് കൽപ്പിച്ചിരിക്കുന്നു എന്നതുമാണ്. മറ്റുള്ള എല്ലാ ആചരണങ്ങളും കൂദാശകളും ഒക്കെ മാനുഷിക നിയമങ്ങളാണ്.
ഇങ്ങനെയുള്ള സമ്മർദ്ദങ്ങൾ ചില വിശ്വാസികളെ യേശുവിനോടുള്ള വിശ്വസ്തതയിൽ നിന്ന് അകറ്റി. അതുകൊണ്ട് അവിടുത്തെ പ്രശ്നങ്ങളെ പരിഹരിച്ച് യേശുക്രിസ്തുവിനോടുള്ള അവരുടെ വിശ്വസ്തതയിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് പൗലോസ് ഈ കത്ത് എഴുതിയത്.
പൗലോസി ലേഖനം ആരംഭിക്കുന്നത് 1:1-8 വരെ വാക്യങ്ങളിൽ കൊലോസ്യ വിശ്വാസികളെ അവരുടെ വിശ്വാസത്തെയും പരസ്പരവും മറ്റുള്ളവരോടും അവർക്കുള്ള സ്നേഹത്തെയും അവരുടെ പ്രത്യാശയേയും ഓർത്ത് ദൈവത്തിനു നന്ദിപറഞ്ഞും, തുടർന്ന് 9 മുതൽ 14 വരെ വാക്യങ്ങളിൽ അവരെ ഓർത്തു പ്രാർത്ഥിച്ചും കൊണ്ടാണ്.
യേശുക്രിസ്തു സാക്ഷാൽ ദൈവം ആകുന്നു.
പിന്നീടുള്ള 15 മുതൽ 20 വരെ വാക്യങ്ങളിൽ യേശുക്രിസ്തു വാസ്തവത്തിൽ ആരാണ് എന്ന് വ്യക്തമാക്കുന്നു. അതായത്, യേശുക്രിസ്തുവിന്റെ ദൈവത്വത്തെ വളരെ അനിഷേദ്ധ്യമായി പ്രഖ്യാപിക്കുകയാണ് പൗലോസ് ഈ വാക്യങ്ങളിൽ. അവൻ അദൃശ്യനായ ദൈവത്തിൻറെ പ്രതിമയും ഉന്നതനായ മശിഹയുമാണ്. താനാണ് പ്രപഞ്ചത്തിന്റെ സൃഷ്ട്ടിതാവ്. താനാണ് മനുഷ്യവർഗ്ഗത്തെ തന്റെ മരണത്താൽ വീണ്ടെടുത്തത്. താനാണ് സ്ഥലത്തെയും തന്റെ രക്തത്താൽ ദൈവത്തോട് നിരപ്പിച്ചത്. താനാണ് സഭ എന്ന തൻറെ ശരീരത്തിൻറെ തല. അതിനെക്കുറിച്ച് പദ്യ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന ക്രിസ്റ്റോലജിക്കൽ വേദഭാഗങ്ങളിൽ ഏറ്റവും മനോഹരമായ വേദഭാഗമാണിത്. അവനിൽ നിന്നാണ് സഭ ജീവനും ചൈതന്യവും പ്രാപിക്കുന്നത്. ആ ക്രിസ്തുവിനെ കേന്ദ്രീകരിച്ച് ആയിരിക്കണം നമ്മുടെ ജീവിതം മുന്നോട്ടു പോകേണ്ടത്. നമ്മുടെ ഇനിയുള്ള എല്ലാ ആവശ്യങ്ങളും നാം ഈ ക്രിസ്തുവിലൂടെ ആണ് നിവൃത്തിക്കേണ്ടത്.
അതിനെത്തുടർന്നുള്ള വേദഭാഗം ആണ് നാമിപ്പോൾ ഇവിടെ വായിച്ച ഒന്നാം അദ്ധ്യായത്തിന്റെ 21-23 വരെയുള്ള വേദഭാഗം. അതിൻറെ ഇരുപതാം വാക്യം ആ വേദഭാഗത്തോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അത് വായിച്ചു നമുക്കു മുന്നോട്ടു പോകാം.
"20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി" (കൊലൊസ്യർ 1:20).
യേശുക്രിസ്തു സാക്ഷാൽ ദൈവമാണെന്നും സകലത്തിനും അവൻ പ്രഥമ സ്ഥാനം ഉണ്ടാകണം എന്നും പറഞ്ഞശേഷം അവൻ മനുഷ്യന് വേണ്ടി ചെയ്ത ആ വൻ കാര്യത്തെക്കുറിച്ചാണ് ഇരുപതാം വാക്യം പറയുന്നത്. അതായത്, യേശുക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് അല്ലെങ്കിൽ തന്റെ കാൽവരിയിലെ മരണത്താൽ സമാധാനം ഉണ്ടാക്കി. ഭൂമിയിൽ ഉള്ളതും സ്വർഗ്ഗത്തിൽ ഉള്ളതും അവനെക്കൊണ്ട് തന്നോട് നിരപ്പിക്കാനും പിതാവിന് പ്രസാദം തോന്നി. നാം അതിനായി ആഗ്രഹിച്ചതുകൊണ്ടൊ, ദൈവത്തോട് അതിനായി ആവശ്യപ്പെട്ടതു കൊണ്ട് അല്ല, മറിച്ച് പിതാവായ ദൈവത്തിന് അതിനു പ്രസാദം തോന്നിയത് കൊണ്ടാണ് ഇത് യാഥാർത്ഥ്യമായി തീർന്നത്.
1. രക്ഷിക്കപ്പെടുന്നതിനു മുന്നമെയുള്ള നമ്മുടെ അവസ്ഥ.
ഇതുവരെ കർത്താവിനെ കുറിച്ചായിരുന്നു പൗലോസ് സംസാരിച്ചതെങ്കിൽ തുടർന്ന് മനുഷ്യനെ കുറിച്ചാണ് പറയുന്നത്. നാം കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു ദൈവത്തോട് നിരപ്പ് പ്രാപിക്കുന്നതിന് മുന്നേയുള്ള നമ്മുടെ അവസ്ഥ എന്തായിരുന്നു എന്നാണ് ഇരുപത്തിയൊന്നാം വാക്യം പറയുന്നത്. ഞാൻ പറഞ്ഞ പരസ്യത്തിലെ മെലിഞ്ഞുണങ്ങി യാതൊരു ചൈതനുവുമില്ലാത്ത ഒരു മനുഷ്യനെ പോലെയായിരുന്നു നമ്മുടെ മുൻപിലത്തെ അവസ്ഥ. "മുമ്പേ ദുഷ്പ പ്രവർത്തികൾ മനസ്സുകൊണ്ട് അകന്നവരും" എന്നാണ് ഇവിടെ പറയുന്നത്. "മുൻപേ" എന്ന് പറഞ്ഞാൽ നാം രക്ഷിക്കപ്പെടുന്നതിനു മുന്നമെ, കർത്താവുമായി ഒരു ബന്ധത്തിൽ വരുന്നതിനു മുന്നമേയുള്ള നമ്മുടെ അവസ്ഥയെക്കുറിച്ചാണ് പൗലോസ് പറയുന്നത്. ആ വാക്യം നാം ശ്രദ്ധിച്ചാൽ മൂന്നു കാര്യങ്ങൾ അതിനെക്കുറിച്ച് പറയുന്നതായി നമുക്കു കാണാം. ആ മൂന്നു കാര്യങ്ങളും ഗുണമുള്ള കാര്യമായിരുന്നില്ല. മറിച്ച്, വളരെ മോശമായ ചിത്രമാണ് നമ്മെക്കുറിച്ച് നൽകുന്നത്.
ഒന്ന്, നാം ദൈവത്തിൽ നിന്ന് മനസ്സുകൊണ്ട് അകന്നവരായിരുന്നു. രണ്ട്, ദൈവത്തോട് ശത്രുത പുലർത്തിയിരുന്നവരായിരുന്നു. മൂന്ന്, ദുഷ് പ്രവർത്തികൾ ചെയ്ത് ജീവിച്ചവരായിരുന്നു.
ഇവ ഓരൊന്നും ഞാൻ അൽപമായി വിശദീകരിക്കാം. എങ്കിൽ മാത്രമേ നമ്മുടെ അവസ്ഥ എത്ര ശോചനീയമായിരുന്നു എന്നും നാം രക്ഷിക്കപ്പെടേണ്ടിയിരുന്നതിന്റെ ആവശ്യകത എന്ത് എന്നും നമുക്ക് ഗ്രഹിക്കുവാൻ കഴിയു.
ഒന്ന്, നാം ദൈവത്തിൽ നിന്ന് മനസ്സുകൊണ്ട് അകന്നവരായിരുന്നു. ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെട്ടവർ ആയിരുന്നു. കഴിഞ്ഞകാലത്ത് മനുഷ്യനു എന്തോ സംഭവിച്ചു. അതിൻറെ ഫലമായി അവൻ ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെടുകയും അവസ്ഥയിൽ തന്നെ തുടർന്ന് പോരുകയും ചെയ്തിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആദമിൻറെ പാപപ്രകൃതി ജന്മനാപ്രാപിച്ച്, ദൈവത്തോട് ബന്ധപ്പെടാൻ കഴിയാതെ മരിച്ച അവസ്ഥയിൽ തുടരുന്നവരായിരുന്നു. പൗലോസ് അതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്. റോമർ 5: 12 വായിക്കാം: " 12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു." അതായത് നമ്മുടെയെല്ലാം വല്യപ്പനായ ആദം പാപം ചെയ്തതോടെ നാമെല്ലാം തന്നെ പാപികളും ദൈവത്തിൽ നിന്ന് അകന്നവരുമായി ജനിക്കുന്നു. പിന്നെ തുടർന്നും നാം അനേക പാപങ്ങളിലൂടെ നമ്മുടെ ജീവിതം തുടരുന്നു. മറ്റൊരു വാക്യം കൂടി വായിക്കാം. എഫേസ്യർ 2:12 ൽ പൗലോസ് പറയുന്നു: 12 അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ."
അക്കാലത്തെ ക്രിസ്തു ഉണ്ടെങ്കിലും 'നമുക്കു ക്രിസ്തു ഇല്ലായിരുന്നു'. ദൈവത്തിന്റെ ജനം ആയിരുന്ന ഇസ്രായേൽ പൗരത്വം നമുക്ക് ഇല്ലായിരുന്നു ഇസ്രയേലിനെ ദൈവം നൽകിയ നിയമവും അതിൻറെ വാഗ്ദത്തങ്ങളും നമുക്ക് ഇല്ലായിരുന്നു. ദൈവരാജ്യത്തിൽ യാതൊരു അവകാശവും നമുക്കു ഉണ്ടായിരുന്നില്ല. അങ്ങനെ ദൈവമില്ലാത്തവരും യാതൊരു പ്രത്യാശക്ക് വകയില്ലാത്തവരും ആയിരുന്നു. ഇതായിരുന്നു നാം രക്ഷിക്കപ്പെടുന്നതിനു മുന്നേയുള്ള നമ്മുടെ അവസ്ഥ. അതായത്, ദൈവം നൽകിയ വാഗ്ദത്തത്തിന്റെ യാതൊരു പ്രയോജനവും നമുക്കില്ലായിരുന്നു. നാം ദൈവ ജനത്തിൻറെ ഭാഗമേ ആയിരുന്നില്ല. ദൈവജനത്തിന്റെ ആദരവകാശമോ പദവിയോ ഒന്നും നമുക്കുണ്ടായിരുന്നില്ല.
രണ്ടാമതായി, നാം ദൈവത്തോട് ശത്രുത പുലർത്തിയിരുന്നവരാണ്. ഒരു ശത്രു തന്റെ എതിരാളിയെ ദ്രോഹിക്കുവാനും അവനെ പുറത്തിറയുവാനും ശ്രമിക്കുന്നവനാണ്. സാത്താനെ വചനത്തിൽ 'ശത്രു' എന്നാണ് വിളിക്കുന്നത്. ആ പിതാവിൻറെ മക്കളാണ് പാപികൾ. പിതാവ് എങ്ങനെയാണോ അങ്ങനെയാണ് മക്കളും എന്ന് പറയുന്നതുപോലെ നാം ദൈവത്തോട് ശത്രുത പുലർത്തിയിരുന്നവരാണ്.
മൂന്നാമതായി, മനസ്സിലാണ് ഈ ശത്രുത പുലർത്തിയിരുന്നത്. നമ്മുടെ ചിന്തയിലും വിചാരങ്ങളിലും അത് എപ്പോഴും നിറഞ്ഞ നിന്നിരുന്നു. ആരോടെങ്കിലും നമുക്ക് ശത്രുത ഉണ്ടെങ്കിൽ നമ്മുടെ ചിന്താ എപ്പോഴും ആ ശത്രുവിനെ കേന്ദ്രീകരിച്ച ആയിരിക്കും. അവർ പറഞ്ഞതും പ്രവർത്തിച്ചതും ഒക്കെ ആയിരിക്കും നമ്മുടെ മനസ്സിൽ. ഇത് നമ്മുടെ തമ്മിൽ പലരുടെയും അനുഭവമായിരിക്കാം എന്ന് ഞാൻ കരുതുന്നു. അങ്ങനെയുള്ള ഒരു ഹൃദയത്തിൽ നിന്ന് ദുഷ്ടത അല്ലാതെ ഒന്നും പുറത്തു വരികയില്ല. റോമർ 8: 7 " 7 ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; " (because the mind of the flesh is enmity against God:). ജഡത്തിന്റെ ഏതെങ്കിലും പ്രവർത്തിയാൽ ദൈവത്തെ പ്രസാദിപ്പിക്കുവാൻ സാധിക്കില്ല. കർത്താവ് പറഞ്ഞു ഹൃദയം നിറഞ്ഞുകവൈയുന്നതല്ലോ വായ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഹൃദയം നന്നാകണം പുതുക്കപ്പെടണം എന്നു പറയുന്ന്ത്. വൃക്ഷം നന്നായി നല്ല ഫലം പുറപ്പെടുവിക്കണം. അതല്ലാതെ മനുഷ്യനെ കാണിക്കാൻ ചില ചില്ലറ സല്പവൃത്തികൾ ചെയ്യുന്നതല്ല ഇത്. ഇത് തങ്ങളുടെ യഥാർത്ഥസ്വഭാവത്തിന്റെ ബഹിർസ്ഫുരണമാണ്.
അതുകൊണ്ട് ക്രിസ്തുവിനെ കൂടാതെ എല്ലാവരും മനസ്സുകൊണ്ട് ദൈവത്തിൽ നിന്ന് അകന്നു വരും ദൈവത്തോട് ശത്രുത പുലർത്തുന്നവരും തുടർമാനമായി ദുഷ് പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നവരുമാണ്. അവർ പാപം ചെയ്ത് പാപിയായി തീർന്നവരല്ല. പാപിയായ ജനിച്ചതുകൊണ്ട് പാപം ചെയ്യുന്നവരാണ്. തിന്മയുടെ തലത്തിലാണ് തങ്ങളുടെ ജീവിതവും പ്രവർത്തികളും.
അവരെ കാത്തിരിക്കുന്നത് ദൈവത്തിന്റെ കോപവും ന്യായവിധിയുമാണ്. എത്രയോ ശോചനീയമായ അവസ്ഥയാണിത്. എത്രയോ അന്ധകാരം നിറഞ്ഞ അവസ്ഥയാണിത്. എത്രയോ ദയനീയമായ അവസ്ഥയാണിത് . യാതൊരു പ്രതീക്ഷക്കൊ പ്രത്യാശക്കൊ വകയില്ലാത്ത അവസ്ഥ. ഇവിടെ ഇരിക്കുന്നവരിൽ ആരെങ്കിലും ഇതുവരെ കർത്താവായ യേശുക്രിസ്തുവിനെ സ്വീകരിച്ച് പാപമോചനവും രക്ഷയും പ്രാപിച്ചിട്ടില്ലെങ്കിൽ അവർ എത്രയും വേഗം അതിനു തയ്യാറാകണമെന്ന് ഓർപ്പിക്കുകയാണ്. ഇനി ആരോടെങ്കിലും കൈപ്പോ വെറുപ്പോ പുലർത്തുന്നവരുണ്ടെങ്കിൽ, കർത്താവ് നിങ്ങളെ ദൈവത്തോട് നിരപ്പിച്ചതു കൊണ്ട് നിങ്ങൾ അവരോട് നിരപ്പ് പ്രാപിക്കണം. ഇനി ആരോടെങ്കിലും സുവിശേഷം പറയുവാൻ അവസരം ലഭിച്ചാൽ അവരുടെ അവസ്ഥ മരിച്ച അവസ്ഥയാണ്, ദൈവകോപം അവരുടെ മേൽ വസിക്കുന്നു എന്ന ഹൃദയഭാരത്തോടെ അവരോട് നാം സുവിശേഷം അറിയിക്കണം.
നമ്മുടെ മുൻപിലത്തെ അവസ്ഥ നാം അറിയുന്നെങ്കിൽ മാത്രമേ, യേശുക്രിസ്തുവിന്റെ പ്രവർത്തിയുടെ ശ്രേഷ്ഠത നമുക്കു വെളിപ്പെടുകയുള്ളൂ. അതല്ലെങ്കിൽ കർത്താവിൻറെ പ്രവർത്തിയോട് നമുക്ക് തീരെ മതിപ്പുണ്ടാവുകയില്ല ഇവിടെയാണ് സുവിശേഷത്തിന് മഹത്വം ഏറ്റവും പ്രശോഭിക്കുന്നത്. അന്ധകാരം നിറഞ്ഞ ആകാശത്ത് നക്ഷത്രങ്ങളെ ഏറ്റവും ശോഭയുള്ളതായി കാണുന്നതുപോലെ ഇവിടെ മനുഷ്യൻറെ പാപാന്ധകാരത്തിന്റെ നടുവിലാണ് സുവിശേഷം പ്രശോഭിക്കുന്നത്. നമ്മുടെ കഴിഞ്ഞ കാല അവസ്ഥയെക്കുറിച്ച് നാം കൂടെ ഓർക്കുന്നുവെങ്കിൽ മാത്രമേ കർത്താവിനോടും തന്റെ സുവിശേഷത്തോടും ഉള്ള സ്നേഹം നമ്മിൽ വർദ്ധിക്കുകയുള്ളു. അവൻറെ നാമത്തിന്റെ മഹത്വത്തിനായി ദൈവത്തെ സന്തോഷത്തോടെ അനുസരിക്കുന്നതിനും വിശ്വസിയെ പിന്തുടരുന്നതിനും ഉള്ള പ്രചോദനം തമ്മിലുളവാകയുള്ളു.
2. നമ്മുടെ നഷ്ടപ്പെട്ട അവസ്ഥയിൽ കർത്താവ് നിന്നു വീണ്ടെടുത്തു ദൈവത്തോടു നിരപ്പിച്ചു.
നമ്മുടെ ഈ മരിച്ച അവസ്ഥയിൽ കർത്താവ് എന്ത് ചെയ്തു എന്നാണ് ഇരുപത്തിരണ്ടാം വാക്യം പറയുന്നത്. "22 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.” ഈ അവസ്ഥയിൽ കർത്താവ് എന്ത് ചെയ്തു എന്ന് അതിൻറെ ഉദ്ദേശ്യമെന്ത് എന്നാണ് ഈ വാക്യം പറയുന്നത്. 'But now' 'അവൻ ഇപ്പോൾ' തന്നെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. ദൈവത്തിന്റെ മഹത്വകരമായ ഇടപെടലിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
രണ്ടുപേർ തമ്മിൽ ശത്രുത ആയിരിക്കുമ്പോഴാണ് നിരപ്പ് ആവശ്യമായി വരുന്നത്. അവരെ തമ്മിൽ ഒന്നിപ്പിക്കുക അല്ലെങ്കിൽ അവരുടെ ഇടയിൽ സമാധാനം പുനസ്ഥാപിക്കുക. അതിന് നാം കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെടണം. നമ്മുടെ രക്ഷയെക്കുറിച്ച് പുതിയ നിയമത്തിൽ പലകാര്യങ്ങൾ പറയുന്നുണ്ട് നമ്മുടെ രക്ഷയെ സംഗ്രഹിച്ചു പറയുന്ന 5 വാക്കുകളിൽ ഒന്നാണ് 'നിരപ്പ്' എന്ന് പറയുന്നത്. മറ്റ് നാലു പദങ്ങൾ എന്നത് 'നീതികരണം' 'പാപക്ഷമ' 'വീണ്ടെടുപ്പ്' എന്നിവയാണ്. ഇവ ഓരോന്നും ഞാൻ ചുരുക്കുമായി വിശദീകരിക്കാം.
1. നീതീകരണം. പാപിയായ ഒരു മനുഷ്യനെ യേശുക്രിസ്തുവിന്റെ പ്രായശ്ചിത്ത യാഗത്തിൽ വിശ്വാസമർപ്പിക്കുന്നതിലൂടെ പാപത്തിന്റെ പിഴയും കുറ്റബോധവും നീക്കി നീതിമാനായി പ്രഖ്യാപിക്കുന്നതാണ് നീതീകരണം എന്ന് പറയുന്നത്.
2. പാപക്ഷമ: പാപക്ഷമ എന്നാൽ ദൈവത്തിൻറെ മുൻപിൽ പാപിയായി നിൽക്കുന്ന ഒരു മനുഷ്യൻറെ പാപങ്ങളെ ഒക്കെയും ക്ഷമിച്ച്, അതല്ലെങ്കിൽ പാപത്തിന്റെ കടം കൊടുത്തുവിട്ടി അവനെ തന്റെ പാപക്കടത്തിൽ നിന്ന് മോചിപ്പിക്കുന്നതാണ്. അവൻറെ പാപങ്ങളെ ഒക്കെയും മായിച്ചു കളഞ്ഞു ശുദ്ധിയുള്ളതാക്കി തീർക്കുന്നതാണ്.
3. വീണ്ടെടുപ്പ്. വീണ്ടെടുപ്പ് എന്നത്, ദൈവത്തിൻറെ മുമ്പിൽ പാവത്തിന്റെ അടിമയായ ഒരു വ്യക്തിയെ വീണ്ടെടുത്ത് വില നൽകി മോചിപ്പിക്കുന്നതാണ്. അടിമച്ചന്തയിൽ നടക്കുന്ന ഒരു ഏർപ്പാടാണിത്.
4. ദത്തെടുക്കൽ ദൈവത്തിൻറെ മുമ്പിൽ നിൽക്കുന്ന ഒരു അപരിചിതനായ മനുഷ്യനെ തൻറെ മകനായി സ്വീകരിക്കുന്നതാണ്. അതോടെ ആ വ്യക്തിക്ക് ഒരു മകൻറെ എല്ലാ അവകാശങ്ങളും അധികാരങ്ങളും പിതാവിൽ നിന്ന് ലഭിക്കുന്നു.
അഞ്ചാമത്തെ കാര്യമായ നിരപ്പ് എന്ന് പറയുന്നത്, ദൈവത്തിൻറെ മുമ്പിൽ നിൽക്കുന്ന തന്റെ ശത്രുവിനെ ക്രിസ്തുവിലുള്ള വിശ്വാസത്താൽ മിത്രമായി കണക്കാക്കുന്നതാണ്. ഒരു ശത്രുവിനെ മിത്രം ആയി കണക്കാക്കുക.
അങ്ങനെ ദൈവത്തോട് ശത്രുത പുലർത്തി ജീവിച്ചിരുന്ന നമ്മെ ശത്രു നീക്കി ദൈവം നമ്മേ ഒരു മിത്രമായി കാണുന്ന കാര്യമാണ് കർത്താവ് ചെയ്തത്. ഇനി എങ്ങനെയാണ് ഒരു ശത്രുവായ മനുഷ്യനെ ദൈവം തന്റെ മിത്രമാക്കി തീർത്തത് എന്ന് നോക്കാം. " അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു." അതായത്, കർത്താവായ യേശുക്രിസ്തുവിന്റെ കാല്വരി മരണത്താലാണ് നമ്മുടെ നിരപ്പ് അഥവ അനുരജ്ജനം സാദ്ധ്യമായത്.
യേശുക്രിസ്തുവിന്റെ മരണത്തെ സംബന്ധിച്ച ഒരു ദുരുപദേശമുണ്ട്. അതിനെക്കുറിച്ചു അല്പമായി ഞാൻ വിശദീകരിച്ചതിനു ശേഷം ബാക്കി ഭാഗം തുടരാം. യേശുക്രിസ്തു ആത്മാവായിരുന്നു അവനൊരു ശരീരം ഇല്ലായിരുന്നു; ശരീരം ഉണ്ടായിരുന്നുവെന്ന് തോന്നിയതേയുള്ളു, അവൻ മരിച്ചില്ല എന്നൊക്കെ പറയുന്ന ദുരൂപദേഷ്ടാക്കൾ ഉണ്ട്. എന്നാൽ യേശു തൻറെ ജഡശരീരത്തിൽ മരിച്ചു എന്ന് ഇവിടെ വ്യക്തമായി പറയുന്നു. യേശു മനുഷ്യനാണ് എന്നു തോന്നിച്ചതല്ല, തനിക്കു ഒരു ശരീരം ഉണ്ടായിരുന്നു. അതു കാണാനും സ്പർശിക്കാനും വേദനകൾ ഒക്കെ അനുഭവിപ്പാനും കഴിയുന്ന സാധാരണ ഒരു മനുഷ്യന്റേതു പോലെയുള്ള ശരീരം തനിക്കുണ്ടായിരുന്നു. സാധാരണ മനുഷ്യർ ജീവിക്കുന്നതുപോലെ ആഹാരവും വെള്ളവുമൊക്കെ തനിക്കും ആവശ്യമായിരുന്നു. തനിക്കു വിശന്നു, ദാഹിച്ചു എന്നൊക്കെ നാം തിരുവെഴുത്തിൽ വായിക്കുന്നുണ്ടല്ലൊ. അതുകൊണ്ടു യേശു കേവലം ആത്മാവായിരുന്നു എന്നു പറയുന്നത് ഡോസെറ്റിസം (Docetism) എന്ന് അറിയപ്പെടുന്ന ദുരൂപദേശമാണ്. ഇവർ യേശുവിന്റെ പൂർണ്ണ മനുഷ്യത്വത്തെ നിഷേധിക്കുന്നു.
3. സുവിശേഷം നമ്മേ വിശുദ്ധരായി ദൈവസന്നിധിയിൽ നിർത്തും!!!
ദൈവത്തിൻറെ നിത്യനായ യേശുക്രിസ്തു ഈ ഭൂമിയിൽ വന്ന് ഒരു പെർഫെക്റ്റ് ആയ ജീവിതം നയിച്ചുകൊണ്ട് ജീവിച്ചു. അവൻ നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ട് കുരിശിൽ മരിച്ചു. അങ്ങനെ നമ്മുടെ പാപക്കടം കൊടുത്തു വിട്ടി. പാപത്തിന്റെ അടിമത്തത്തിൽ നിന്നും നമ്മെ വിടുവിച്ചു. നമ്മുടെ ദൈവത്തോടുള്ള ശത്രുത നീക്കി നമ്മെ അവന്റെൽ മക്കളായി ദത്തെടുത്തു. ഇതാണു പാപിയായ മനുഷ്യനു കേൾക്കാൻ കഴിയുന്ന ഏറ്റവും നല്ല വാർത്ത ഇതാണ് സുവിശേഷം. ഇതല്ലാതെ മനുഷ്യന്റെ രക്ഷയ്ക്കായി മറ്റൊരു മാർഗ്ഗവും ദൈവം വെച്ചിട്ടില്ല. ഇത് വിശ്വാസത്താൽ സ്വീകരിക്കുന്നവർക്കാണ് ദൈവം തന്നെ രക്ഷ ദാനമായി നൽകുന്നത്. ഈ രക്ഷ സ്വീകരിച്ച നാം ദൈവത്തിൻറെ ശത്രുക്കൾ അല്ല, പിന്നെയൊ ദൈവത്തിൻറെ മിത്രങ്ങളാണ്. ഇതിനെയാണ് നിരപ്പ് എന്ന് പറയുന്നത്. " അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു" വേണ്ടിയാണ്. വിശുദ്ധരും നിഷ്ക്കളങ്കരും കുറ്റമില്ലാത്തവരുമായി നിർത്തുക. നമ്മുടെ കഴിഞ്ഞകാലം എങ്ങനെയുള്ളതായിരുന്നു എന്ന് നാം കണ്ടു. അപ്പോൾ കർത്താവ് എന്ത് ചെയ്തു എന്നും നാം കണ്ടു. അതായത് ദൈവത്തോട് ശത്രുതയിൽ ആയിരുന്ന നമ്മെ ദൈവത്തിനു മിത്രങ്ങളാക്കി തീർത്തു. അതിനു വേണ്ടിയാണ് യേശുക്രിസ്തു മരിച്ചത്. നമ്മെ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി വിശുദ്ധനായ ദൈവത്തിൻറെ സന്നിധിയിൽ നിർത്തുകയായിരുന്നു നന്മ ദൈവത്തിന്റെ സന്നിധിയിൽ വിശുദ്ധരായി നിർത്തുക. എല്ലാത്തരും കളങ്കവും ഉണ്ടായിരുന്ന നന്മേ അവന്റെ സന്നിധിയിൽ യാതൊരു കളങ്കവും ഇല്ലാത്തവരായി നിർത്തുക. നമ്മെക്കുറിച്ച് അനവദി കുറ്റങ്ങൾ സാത്താൻ ദൈവമുപാകെ ആരോപിച്ചിരുന്നവരാണ്. എന്നാൽ ആ നമ്മെ യാതൊരു ആരോപണം ഉന്നയിക്കാൻ കഴിയാത്ത വിധം ദൈവസന്നിധിയിൽ നിർത്തുക. അതിനോടുള്ള ബന്ധത്തിൽ ഒന്ന് രണ്ട് വാക്യങ്ങൾ നമുക്ക് വായിക്കാം:
എഫെസിയർ 1: 4-5 " 4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും
5 തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു"
എഫെസിയർ 5:27 "കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു."
കർത്താവിൻറെ ന്യായവിധി നാളിൽ ആണിത് സംഭവിക്കുന്നത്. അതിലേക്ക് ഏവർക്കും ഒരുങ്ങുവാൻ കടപ്പാട് ഉണ്ട്. ദൈവം നമ്മെ തന്നോട് നിരപ്പിച്ചതിന്റെ ഉദ്ദേശം എപ്പോഴും നാം മനസ്സിൽ സൂക്ഷിക്കുക. നമ്മിൽ ഏതെങ്കിലും പാപമൊ കളങ്കമൊ വരുമ്പോൾ ഏറ്റുപറഞ്ഞ്, അവയെ ഉപേക്ഷിച്ച്, ദിനം തോറും യേശുവിന്റെ രക്തത്താൽ കഴുകപ്പെട്ടവരായി നമ്മെ സൂക്ഷിക്കുക.
ദൈവത്തിൻറെ വിശുദ്ധിക്കു കീഴെ നിൽക്കുന്ന ഒരു വിശുദ്ധിയും ദൈവത്തെ പ്രസാദിപ്പിക്കുകയില്ല. ദൈവത്തിൻറെ വിശുദ്ധിയിൽ കുറഞ്ഞതൊന്നും നമ്മേയും സന്തോഷിപ്പിക്കുകയില്ല. യഥാർത്ഥ സന്തോഷം അനുഭവിക്കുന്ന വ്യക്തി ഏറ്റവും വിശുദ്ധിയുള്ള വ്യക്തിയാണ്. ഭൂമിയിൽ യഥാർത്ഥ സന്തോഷം അനുഭവിച്ചിരുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അതു കർത്താവായ യേശുക്രിസ്തുവാണ്. യേശുക്രിസ്തുവിന്നു കഷ്ടത അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് തന്റെ ഏതെങ്കിലും പാപത്തിന്റെ ഫമായിരുന്നില്ല. മറിച്ച്, നമ്മുടെ പാപത്തിന്റെ ഫലമായിരുന്നു. കർത്താവിനെ പോലെ ദൈവത്തിൻറെ സന്നിധിയിൽ പെർഫെക്ട് ആയി നിർത്താൻ ക്രിസ്തുവിന്റെ പ്രവർത്തിക്കല്ലാതെ മറ്റൊന്നിനും കഴിയുകയില്ല. നാം നമ്മെത്തന്നെ ക്രിസ്ത്യാനിയായി കാണുന്നു എങ്കിൽ അത് ദൈവം നമ്മിൽ നിവർത്തിക്കുന്നതിനായി അവൻറെ ഹിതത്തിനു നമ്മേ ഏൽപ്പിച്ചു കൊടുക്കാം. അപ്പോൾ അവനതു നിവർത്തിക്കും.
ഇവിടെ ആരാണ് ഈ നിലയിൽ നമ്മെ നിർത്തുന്നത് എന്നും ഈ വാക്യത്തിൽ പറയുന്നുണ്ട്. അത് ദൈവം തന്നെയാണ്. അതിനോടുള്ള നമ്മുടെ പ്രതികരണം എന്താണ്? ഈ ദൈവത്തെ ആരാധിക്കുക, സ്തുതിക്കുക, നന്ദി പറയുക എന്നതല്ലേ അതിനോടുള്ള നമ്മുടെ ന്യായമായ പ്രതികരണം.
ഇനി എങ്ങനെയാണ് നാം അത് നമ്മിൽ യാഥാർത്ഥ്യമായി തീരുക എന്ന കാര്യമാണ് ഇരുപത്തിമൂന്നാം വാക്യത്തിൽ പറയുന്നത് : "23 ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും."
അതേ, നമ്മെ തികഞ്ഞവനായി നിർത്തേണ്ടതിനാണ് ദൈവം നമ്മെ രക്ഷിച്ചത്. ഇരുപത്തിമൂന്നാം വാക്യത്തിൽ നാം കാണുന്നത് "അങ്ങനെ" നാം അവൻറെ മുമ്പിൽ നിൽക്കും" എന്നാണ്. അതിന് നാം എന്താണ് ചെയ്യേണ്ടത് എന്നാണ് നമ്മുടെ മുന്നിലെ ചോദ്യം.
അവന്റെ മുമ്പിൽ 'നിർത്തുക' എന്നത് ഒരു കോടതി ഭാഷയാണ്. അവസാനനാളിൽ നാം ദൈവത്തിൻറെ കോടതി മുമ്പാകെ നിൽക്കുമ്പോൾ നാം വിശുദ്ധരും നിഷ്കളങ്കരും ആയിരിക്കും. ആർക്കും നമ്മിൽ തമ്മിൽ ഒരു കുറ്റവും ആരോപിക്കാൻ ഉണ്ടാവുകയില്ല. എന്തെന്നാൽ ക്രിസ്തു നമ്മുടെ സകല പാപക്കടവും കൊടുത്തു വിട്ടി. ഇതാണ് നമ്മുടെ ഭാവി ചിത്രം. ദൈവത്തിൻറെ മുൻപിൽ പെർഫെക്ടായി നിൽക്കുക. ഇതിനോടുള്ള ബന്ധത്തിൽ രണ്ട് വാക്യങ്ങൾ വായിക്കാം ഒന്നിന്റെ നാല് ഒന്ന് വരുന്തയാർ ഒന്നിന്റെ 8 9 ഇത് ദൈവം ചെയ്യുന്ന കാര്യമായിട്ടാണ് ഈ വാക്യങ്ങൾ വായിക്കാം:
ഫിലിപ്പിയർ 1:4 "4 നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു."
1 കൊരിന്ത്യർ 1:8-9 "8 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
9 തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ."
ഇതു ദൈവം ചെയ്യുന്ന കാര്യമായിട്ടാണ് ഈ വാക്യങ്ങൾ നമ്മളോട് പറയുന്നത്. ഇനി അതിൽ നമ്മുടെ ഉത്തരവാദിത്വം എന്താണെന്ന് കൂടി നോക്കാം. ഇരുപത്തിമൂന്നാം വാക്യത്തിന്റെ അവസാന ഭാഗം " നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും." ഇവിടെ വിശ്വാസത്തിൽ നിലനിൽക്കുമോ എന്നത് ഒരു സംശയം എന്ന നിലയിൽ ഇവിടെ പറഞ്ഞിരിക്കുന്നത്. ഈ വാക്യത്തിന്റെ ശരിയായ പരിഭാഷ നിലനിൽക്കുന്നത് കൊണ്ട് അവൻറെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരുമായി നിൽക്കും എന്നാണ്. പിന്നെ നമുക്ക് ശ്രദ്ധിക്കുവാനുള്ള കാര്യം നാം വേറൊരു സുവിശേഷത്തിലേക്ക് മറിഞ്ഞു പോകരുത് എന്നതാണ്. അതായത് കൊലൊസ്യ സഭയിൽ ചില ദുരൂപദേശങ്ങൾ വ്യാപരിച്ചിരുന്നു. ചിലർ അവരെ തത്വജ്ഞാനവും വസീകരണ വാക്കുകളാലും തെറ്റിച്ചുകളയുവാൻ ശ്രമിച്ചു. അതായത് നിങ്ങൾ തികഞ്ഞവരായി തീരാൻ സുവിശേഷം മാത്രം പോരാ ന്യായപ്രമാണം നിവർത്തിക്കണം. രഹസ്യാത്മകമായ ചില അറിവ് പ്രാപിക്കണം. അങ്ങനെയുള്ള പലകാര്യങ്ങൾ സുവിശേഷത്തോടുകൂടി ആവശ്യമാണ് എന്ന് അവർ പഠിപ്പിച്ചു. ആ ദുരുപദേശങ്ങളിൽ പെട്ട് യഥാർത്ഥ സുവിശേഷത്തിൽ നിന്നും നിങ്ങൾ വ്യതിചലിച്ചു പോകരുത് എന്നാണ് പൗലോസ് ഇവിടെ അർത്ഥമാ ക്കുന്നത്. സുവിശേഷത്തിന്റെ പ്രത്യാശയിൽ നിന്നും നാം മരണം വരെ വ്യതിചലിച്ചു പോകരുത്.
ചിലർ സാക്ഷികളുടെ കൗശല്യത്തോടെയുള്ള വാക്കുകൾ കേൾക്കുമ്പോൾ അതിൽ ആകൃഷ്ടരായി തീരാറുണ്ട്. മറ്റു ചില തങ്ങളുടെ പ്രവർത്തികളിൽ ആശ്രയിക്കാറുണ്ട്. സുവിശേഷത്തിന്റെ പ്രത്യാശയിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ഒരു ഉപദേശത്തിലും നിങ്ങളുടെ ആശ്രയം വയ്ക്കരുത്. നിങ്ങൾ മറ്റുള്ളവരെക്കാൾ ആത്മീയമായ നിലയിൽ വളരെ ഉയർന്നവരായിരിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഒരിക്കലും സുവിശേഷം ആവശ്യമില്ലാത്ത ഒരു സമയവും നമുക്കുണ്ടായിരിക്കയില്ല. ദൈവത്തിൻറെ പൂർണ്ണതുമായി നമ്മെ തട്ടിച്ച് നോക്കിയാൽ, ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെയുള്ള വ്യത്യാസം നമ്മിൽ ഉണ്ടാകും. അതുകൊണ്ട് നാം ആശ്രയിക്കേണ്ടത് യേശുക്രിസ്തുവിന്റെ പെർഫെക്ടായ ജീവിതവും മരണവും കൊണ്ട് നേടിയെടുത്ത നീതിയിലാണ്. ആ സുവിശേഷമാണ് നമ്മിൽ പ്രത്യാശ ഉളവാക്കിയത്. അതിൽ നിന്നാണ് വിശ്വാസവും സ്നേഹവും നമ്മിൽ ഉളവായി വന്നത്. ആ സുവിശേഷത്തെ നാം അവസാനത്തോളം മുറുകെ പിടിക്കുക. അപ്പോൾ കർത്താവ് നമ്മെ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി ദൈവസന്നിധിയിൽ നിർത്തും ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
*******