
നിത്യജീവൻ

കൊലൊസ്സ്യലേഖന പരമ്പര-02
P M Mathew
OCT 18, 2019
Praise God for the Gospel !
സുവിശേഷത്തെ പ്രതി ദൈവത്തെ സ്തുതിക്കുക !
Colossians 1:3-5
കൊലൊസ്സ്യലേഖനത്തിന്റെ ആദ്യത്തെ 1 ഉം 2 ഉം വാക്യങ്ങളിൽ, ആരാണ് ഇത് എഴുതിയത്, ആർക്കാണ് ഇത് എഴുതിയത്, അവർക്കുള്ള പൗലോസിന്റെ ആശംസ, അവർക്ക് ഇത് എഴുതാനുള്ള പൗലോസിന്റെ അധികാരം എന്നീ കാര്യങ്ങളാണ് നാം കണ്ടത്. തുടർന്നുള്ള 3-5 വരെയുള്ള വാക്യങ്ങളാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്.
കൊലൊസ്സ്യർ 1:3-5
"3 സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം, 4 ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും 5 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു."
അപ്പോസ്തലനായ പൗലോസ് സുവിശേഷം വിശ്വസിച്ചു രക്ഷിക്കപ്പെട്ട കൊലൊസ്സ്യവിശ്വാസികളെ ഓർത്തു ദൈവത്തിനു നന്ദി പറയുന്ന ഒരു വേദഭാഗമാണിത്. താൻ ദൈവത്തിനു നന്ദി പറയുന്നത്, യേശുക്രിസ്തുവിൽ അവർക്കുള്ള വിശ്വാസത്തേയും വിശ്വാസികൾ പരസ്പരമുള്ള സ്നേഹത്തേയു ം ഓർത്താണ്. ഇവരിൽ ഈ വിശ്വാസവും സ്നേഹവും ഉളവാക്കിയത് അവർക്കുള്ള പ്രത്യാശയാണ്. ആദ്യമായി സുവിശേഷം എന്താണെന്നും അതിന്റെ പ്രത്യേകതകൾ എന്താണെന്നു പരിശോധിക്കാം.
1. എന്താണ് സുവിശേഷം?
ഈ വേദഭാഗം ആരംഭിക്കുന്നത് "സുവിശേഷത്തിന്റെ സത്യവചനത്തിൽ" എന്നു പറഞ്ഞുകൊണ്ടാണ്. സുവിശേഷം (evaggelion(Greek) -good news) എന്നാൽ "നല്ല വാർത്ത" എന്ന് അർത്ഥം. ഇത് ദൈവത്തിന്റെ കഥ പറയുന്നു. ഈ വാക്ക് പൗലോസിനുമുൻപ് ഉപയോഗിച്ചത് കർത്താവായ യേശുക്രിസ്തുവാണ്. അതു യേശുക്രിസ്തുവിനേയും തന്റെ സന്ദേശത്തേയും സംഗ്രഹിച്ചിരിക്കുന്ന ഒരു പദമായിട്ടാണ് താനതു ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ 98 പ്രാവശ്യം ഇത് ആവർത്തിച്ചിരിക്കുന്നു. മർക്കൊസ് 8:35 ൽ യേശുക്രിസ്തു ഇപ്രകാരം പറയുന്നു: "35 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും." ഈ വാക്യത്തിലെ "എന്റെയും സുവിശേഷത്തിന്റെയും നിമിത്തം" (for Me and for the Gospel) എന്ന പ്രയോഗം തന്നേയും സുവിശേഷത്തേയും ഒന്നായി കാണുന്നു. Jesus was identifying Himself with the Gospel. അതിലൂടെ താൻ പറയുന്നതെന്തെന്നാൽ താനും സുവിശേഷവും ഫലത്തിൽ ഒന്നു തന്നെയാണ് എന്നാണ്. നമ്മുടെ ഈ planet നു അത്യാവശ്യം വേണ്ടതും സുവിശേഷമാണ്. ആളുകളെ പൂർണ്ണശിഷ്യത്വത്തിലേക്ക് വിളിക്കുകയും അവന്റെ അനുയായികൾ പലരും അവനുവേണ്ടി ജീവൻ ത്യജിക്കാൻ വിളിക്കപ്പെടുമെന്ന് പ്രവചിക്കയും ചെയ്ത സന്ദർഭത്തിലാണ് യേശു ഈ വാക്കു ഉപയോഗിക്കുന്നത്. ലോകത്തിലുള്ള എല്ലാ വസ്തുക്കളുടേയും മൂല്യത്തെക്കാൾ സുവിശേഷത്തിന്റെ മൂല്യം വലുതാണ്. കാരണം ലോകം മുഴുവൻ നേടിയാലും സുവിശേഷം നഷ്ടപ്പെടുത്തിയാൽ എന്തുപ്രയോജനം. തന്റെ ഈ സുവിശേഷം ലോകമെമ്പാടും പ്രസംഗിക്കപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചു, എങ്കിലും സുവിശേഷ സന്ദേശം വഹിക്കുന്നവർക്ക് എതിർപ്പും പീഡനവും മരണമ്പോലും നേരിടേണ്ടിവന്നേക്കാം എന്ന മുന്നറിയിപ്പും താൻ അതിനോടൊപ്പം നൽകുന്നു.
മനുഷ്യനായി ഈ ഭൂമിയിലേക്ക് വന്ന യേശുക്രിസ്തു സാക്ഷാൽ ദൈവമാണ്. അവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി രക്തം ചിന്തി മരിച്ചു, അടക്കപ്പെട്ടു, മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു എന്നതാണ് സുവിശേഷസന്ദേശം. യേശുക്രിസ്തു തങ്ങളുടെ പാപങ്ങളുടെ ശിക്ഷ ഏറ്റെടുത്തു മരിച്ചു എന്നു വിശ്വസിക്കുന്നവരുടെ പാപങ്ങളെ ദൈവം ക്ഷമിച്ചുകൊടുക്കുകയും യേശുക്രിസ്തുവിന്റെ നീതീ അവന്റെമേൽ കണക്കിട്ട് ദൈവം അവനെ നീതിമാനായി പ്രഖ്യാപിക്കയും ചെയ്യുന്നു.
b) സുവിശേഷം മനുഷ്യനെ രക്ഷിക്കുന്ന ദൈവശക്തി.
ഒരവസരത്തിൽ പൗലോസ് പറഞ്ഞു: സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല; (കാരണം) വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലൊ. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. "നീതിമാൻ വിശ്വാസത്താൽ ജീവിക്കും" എന്നു എഴുതിയിരിക്കുന്നുവല്ലൊ" (റോമർ 1:17-18).
അതേ, സുവിശേഷം വലിയ വിലയുള്ള, പ്രാധാന്യമുള്ള ഒരു കാര്യമാണ്; അത് പ്രഘോഷിക്കുവാൻ പൗലോസ് ലജ്ജിക്കുന്നില്ല. കാരണം അതു മനുഷ്യരെ രക്ഷിക്കുന്ന ദൈവശക്തിയാണ്. വിശ്വസിക്കുന്നവരുടെ മേൽ യേശുക്രിസ്തുവിന്റെ നീതി കണക്കിട്ട് അവരെ നീതീകരിക്കുന്നു. അങ്ങനെ അവർ നരകശിക്ഷയിൽ നിന്നും എന്നേക്കും മോചിതരായി തീരുന്നു. അതുകൊണ്ട് യേശുക്രിസ്തുവിനെക്കുറിച്ചുള്ള അത്ഭുതകരമായ സന്ദേശമാണ് സുവിശേഷം. അത് പാപക്ഷമയുടെയും നിത്യജീവന്റെയും അനുഗ്രഹങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നു. നമ്മുടെ രക്ഷകനായി യേശുവിനെ നാം സ്വീകരിക്കുമ്പോൾ അവന്റെ കൃപയാൽ നാം വീണ്ടും ജനിക്കുകയും ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്യുന്നു.
c) സുവിശേഷം ദൈവത്തിന്റെ സത്യവചനമാണ്.
സുവിശേഷത്തിന്റെ സത്യവചനം എന്നാണ് പൗലോസ് സുവിശേഷത്തെ വിശേഷിപ്പിച്ചത്. അതേ, സുവിശേഷം സത്യവചനമാണ്. യേശു സത്യമായിരിക്കുന്നതുപോലെ സുവിശേഷ സന്ദേശവും സത്യമാണ്. സുവിശേഷം അബദ്ധരഹിതവും വിശ്വസനീയവുമായ സത്യമാണ്. മറ്റെല്ലാ മതവിശ്വാസങ്ങളും തത്വചിന്തകളും വ്യാജമായിരിക്കുമ്പോൾ, സുവിശേഷം മാത്രമാണ് സത്യമായിരിക്കുന്നത്. മറ്റെല്ലാമതങ്ങളും വ്യാജമായ പ്രത്യാശനൽകുമ്പോൾ സുവിശേഷം മാത്രമാണ് യഥാർത്ഥപ്രത്യാശ നൽകുന്നത്. കാരണം സുവിശേഷത്തിന്റെ ഉറവിടം ദൈവികമാണ്, മരിച്ചുയർത്തെഴുന്നേറ്റ ദൈവപുത്രനായ യേശുക്രിസ്തുവാണ് അതിനു അടിസ്ഥാനം.
യേശുക്രിസ്തു ഒരു ഐതിഹ്യമൊ കെട്ടുകഥയൊ അല്ല; മറിച്ച്, താനൊരു ചരിത്രപുരുഷനാണ്. തന്റെ പരസ്യജീവിത കാലത്തും മരിച്ചുയർത്തെഴുന്നേറ്റതിനു ശേഷവും മനുഷ്യർക്കു കാണാനും, സ്പർശിക്കാനും അനുഭവിച്ചറിയാനും കഴിഞ്ഞ ദൈവപുത്രൻ. തന്നെക്കുറുച്ചു ബൈബിൾ പ്രവചിച്ചതും താൻ പറഞ്ഞതുമായ കാര്യങ്ങൾ 100 ശതമാനവും അതേപടി നിവൃത്തിച്ചു. ഭാവിയെ സംബന്ധിച്ച തന്റെ വാഗ്ദത്തങ്ങൾ നിറവേറ്റപ്പെടും എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. താൻ ഈ ഭൂമിയിലേക്കു വന്നത്, കുരുടർക്കു കാഴ്ച നൽകാനും, ബധിരർക്കു കേൾവി നൽകാനും, ബദ്ധന്മാരെ വിടുവിക്കാനും അങ്ങനെ മനുഷ്യവർഗ്ഗത്തെ സകല പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കാനുമാണ്. താനതു നിവൃത്തിച്ചുകൊണ്ടാണ് ജീവിച്ചതും മരിച്ചതും.
d) സുവിശേഷം പ്രത്യാശ നൽകുന്ന സന്ദേശമാണ്.
കൊലൊസ്സൃ വിശ്വാസികളെ കുറിച്ച് പൗലോസ് പറയുന്നത് സ്വർഗ്ഗത്തിൽ അവർക്കായി സംഭരിച്ചിരിക്കുന്ന പ്രത്യാശയെക്കുറിച്ച് അവർ സുവിശേഷത്തിൽ കേട്ടിരിക്കുന്നു. ഒരുകാലത്ത് ഭാവിയെക്കുറിച്ച് യാതൊരു പ്രത്യാശയുമില്ലാതെ ജീവിച്ച ആളുകളായിരുന്നു അവർ. എന്നാൽ പ്രത്യാശ ഉളവാക്കുന്ന സുവിശേഷം അവർ കേട്ടിരിക്കുന്നു.
പ്രത്യാശ (elpis (Gr) from elpo = to anticipate or welcome) അഥവാ hope എന്ന വാക്ക് നൽകുന്ന ആശയം നമുക്കു പരിശോധിക്കാം.
ഭാവിയിൽ എന്തെങ്കിലും നന്മ ലഭിക്കുമെന്നുള്ള ആഗ്രഹവും അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമാണ് ബൈബിളിലെ പ്രത്യാശ. വിജാതീയർ എന്ന നിലയിൽ, കൊലോസ്സ്യയിലെ ആളുകൾ "... പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു..." (എഫേ 2:12). അങ്ങനെയിരുന്നപ്പോഴാണ് എപ്പഫ്രാസ് പ്രത്യാശയുടെ സുവിശേഷവുമായി അവരെ സമീപിച്ചത്. പേർഷ്യൻ ആചാരപ്രകാരം രാജാക്കന്മാർ തങ്ങളുടെ വിശ്വസ്‌തരായ ദാസൻമാർക്കായി ചില വിശേഷപ്പെട്ട സാധനങ്ങൾ സൂക്ഷിച്ചു വെക്കുമായിരുന്നു. പ്രത്യാശ എല്ലായ്‌പ്പോഴും നല്ല ഒന്നിന്റെ പ്രതീക്ഷയും അതുപോലെ നാം കാത്തിരിക്കേണ്ട കാര്യത്തിന്റെ വിവരണവുമാണ്. നിരാശയുടെ വിപരീതമാണ് പ്രതീക്ഷ. ഭാവിയിൽ ദൈവം നമുക്ക് നന്മ ചെയ്യുമെന്ന തികഞ്ഞ ഉറപ്പാണ് പ്രത്യാശ! പ്രാചീന ലോകം പ്രത്യാശയെ ഒരു പുണ്യമായി കണക്കാക്കിയിരുന്നില്ല, കാരണം, ഭാവിയിൽ സംഭവിക്കുമെന്നുള്ള ആഗ്രഹമാണ്, അത് കൈവരിക്കുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. നിരാശയുടെ ഒരു വലിയ മേഘം പുരാതന ലോകത്തെ മൂടിയിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. തത്ത്വചിന്തകൾ ശൂന്യമായിരുന്നു; ജീവിതമോ മരണമോ നേരിടാൻ മനുഷ്യരെ സഹായിക്കാൻ മതങ്ങൾക്ക് ശക്തിയില്ലായിരുന്നു. മരണത്തിന്റെ അപ്പുറത്ത് നിന്ന് പ്രത്യാശയുടെ എന്തെങ്കിലും സന്ദേശം ലഭിക്കാൻ ആളുകൾ കൊതിച്ചിരുന്നു. എന്നാൽ നിരാശയുടെ മദ്ധ്യേ ജീവന്റെ പ്രതീക്ഷ നൽകുന്ന ഒന്നാണ് സുവിശേഷം. എന്നാലതു ക്രിസ്തുവിനു വെളിയിലല്ല. ക്രിസ്തുവിലാണ് ഈ പ്രത്യാശ ദൈവം സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ക്രിസ്തുവിലുള്ള ഈ പ്രത്യാശ സുരക്ഷിതവും ഉറപ്പുള്ളതും ദൈവത്താൽ കാത്തുസൂക്ഷിക്കപ്പെടുന്നതുമാണ്.
പ്രത്യാശ ഒരു വിശുദ്ധന്റെ നങ്കൂരമാണ്, അത് ദൈവത്തിന്റെ വിലയേറിയതും മഹത്തായതുമായ വാഗ്ദാനങ്ങളുടെ നീണ്ട ശൃംഖലയുടെ അവസാനമാണ്. ദൈവത്തിന്റെ സിംഹാസനത്തിലേക്കും നമ്മുടെ ശാശ്വത ഭവനത്തിലേക്കും നമ്മെ അചഞ്ചലമായും സുരക്ഷിതമായും എത്തിക്കുന്നു. തന്റെ പ്രത്യാശ സ്വർഗത്തിൽ സൂക്ഷിച്ചിരുക്കുന്നതിനാൽ ഒരു വിശ്വാസിക്കു തന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. വർത്തമാനകാല ജീവിതത്തിൽ മാത്രമല്ല ഭാവിയിലും അവർ ദൈവത്തോടു കൂടെ ആയിരിക്കും.
യോഹന്നാൻ 14-ലെ യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: "...ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും" (യോഹന്നാൻ 14:2-3). ഇതെത്രയൊ അത്ഭുതകരവും ആശ്വാസകരവും ഭാവിയെ സംബന്ധിച്ച ഉറപ്പുനൽകുന്നതുമായ ഒരു വാക്യമാണ്. യേശു പറഞ്ഞു, "ഞാൻ പോകുന്നു..." ഞാൻ ഭൂമിയിൽ നിന്ന് പറന്നുയരാൻ പോകുന്നു, ആകാശത്തേക്ക് എന്റെ സ്വന്തം സ്വർഗത്തിലേക്ക് മടങ്ങുന്നു. എന്തിനാണ് താൻ പോകുന്നത്? “ഞാൻ നിങ്ങൾക്കായി ഒരു സ്ഥലം ഒരുക്കുവാൻ പോകുന്നു.” “നിങ്ങളുടെ വരവിനായി എല്ലാം തയ്യാറാക്കാൻ ഞാൻ മുൻകൂട്ടി പോകുന്നു. ഇതാണ് സ്വർഗ്ഗത്തിൽ നമുക്കായി സംഭരിച്ചിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശ.
e) സുവിശേഷത്തിന്റെ വ്യാപ്തി (scope)
അടുത്തതായി, സുവിശേഷത്തിന്റെ വ്യാപ്തി അഥവാ സാദ്ധ്യതയെകുറിച്ചു ചിന്തിക്കാം. ഈ സുവിശേഷം അവർ കേൾക്കുകയും ദൈവത്തിന്റെ സത്യം മനസ്സിലാക്കുകയും ചെയ്തനാൾ മുതൽ അവരുടെ ഇടയിൽ എന്നപോലെ, ലോകമെമ്പാടും അത് ഫലം കായ്ക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു. ആറാം വാകൃത്തിൽ പൗലോസ് പറയുന്നു: "നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു" (കൊലൊ. 1:6). സുവിശേഷം ദൈവകൃപയുടെ പ്രദർശനമാണ്. പാപിയായ, യാതൊരു അർഹതയും ഇല്ലാത്ത വ്യക്തിക്കു ദൈവം നൽകുന്ന ഗിഫ്റ്റായതുകൊണ്ടാണ് അതിനെ കൃപ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
സുവിശേഷം സർവ്വലോകത്തും ഫലം പുറപ്പെടുവിക്കുന്ന ഒരു സന്ദേശമാണ്. Pan Cosmos എന്ന ഗ്രീക്ക് വാക്കാണ് "സർവ്വലോകത്തിലും" എന്നതിനു ഉപയോഗിച്ചിരിക്കുന്നത്. പാൻ അമേരിക്കൻ എയർലൈൻസ് എന്നു നാം കേട്ടിട്ടുണ്ടല്ലൊ. ഇത് അമേരിക്കയിൽ എല്ലായിടത്തും സേവനം ചെയ്യുന്ന ഒരു എയർലൈൻസ് ആണ്. "കോസ്മോസ്" എന്ന വാക്കിന്റെ അർത്ഥം "പ്രപഞ്ചം" എന്നാണ്, എന്നിരുന്നാലും ഇവിടെ ജനവാസമുള്ള മുഴുവൻ ലോകത്തിന്റെയും എന്ന പരിമിതമായ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. സുവിശേഷം അതിന്റെ വ്യാപ്തിയിൽ പാൻ-കോസ്മോസ് ആണ്. അതു ചെന്ന ഇടത്തെല്ലാം മനുഷ്യർക്ക് വലിയ രുപാന്തരം വരുത്തുന്നു. അതു നരഭോജികളെ മനുഷ്യ സ്നേഹികളായി മാറ്റുന്നു. അത് ഏതൊരു പാപിയേയും രൂപാന്തരത്തിലേക്ക് നയിക്കുന്നു. ജീവിതത്തിൽ യാതൊരു പ്രതീക്ഷയും പ്രത്യാശയും ഇല്ലാത്തവർക്ക് അതു പ്രതീക്ഷയും പ്രത്യാശയും നൽകുന്നു. ജീവിതത്തിൽ അർത്ഥവും ലക്ഷ്യവും ഇല്ലാത്തവർക്ക് അർത്ഥവും ലക്ഷൃവും നൽകുന്നു. മാത്രവുമല്ല, ലോകമെമ്പാടും എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടുമെന്നും അപ്പോൾ അവസാനം വരുമെന്നും യേശു പറഞ്ഞു. അതാണ് നമ്മുടെ സുവിശേഷവേലക്കുള്ള പ്രചോദനമെന്നത്.
f) സുവിശേഷത്തിന്റെ പ്രഘോഷണം
സുവിശേഷത്തിന്റെ മറ്റൊരു പ്രത്യേകത, സുവിശേഷത്തിന്റെ കൈമാറ്റമാണ്. ഈ മഹത്തായ നിധി-ക്രിസ്തുവിന്റെ സുവിശേഷം-എപ്പഫ്രാസ് എന്ന അധികം അറിയപ്പെടാത്ത ഒരു ബൈബിൾ കഥാപാത്രത്തിന്റെ അധരങ്ങളിലൂടെ കൊളോസ്സൃ നഗരത്തിലെത്തി. നമുക്കു ലഭ്യമായ അറിവിൽ പൗലോസ് ഈ പട്ടണം സന്ദർശിച്ചിട്ടില്ല. അതൊരു വലിയ നഗരമായിരുന്നില്ല, പൗലോസിന്റെ മിഷനറി യാത്രയിൽ കൊലോസ്യ നഗരം പരാമർശിക്കപ്പെടുന്നതുമില്ല. അതുകൊണ്ട് എപ്പഫ്രാസാണ് ഈ നഗരത്തിലേക്ക് സുവിശേഷസന്ദേശം കൊണ്ടുവന്നത്.
സുവിശേഷം പങ്കു വയ്ക്കുവാൻ നിങ്ങൾ അറിയപ്പെടണ ഒരു വ്യക്തി ആയിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നിങ്ങൾ ഒരു നല്ല ആശയവിനിമയക്കാരനാകണമെന്നും നിർബന്ധമില്ല. ആർക്കും അത് പങ്കുവയ്ക്കാൻ കഴിയുംവിധം അത് അത്ര ലളിതവും ഹൃസ്വവുമാണ്. രക്ഷിക്കപ്പെട്ട ഏതൊരു വ്യക്തിക്കും അത് മറ്റുള്ളവരോട് പങ്കുവയ്ക്കാൻ കഴിയും. അതിനു വലിയ പ്രായമോ വിദ്യാഭ്യാസ യോഗ്യതയൊ ആവശ്യമില്ല. സുവിശേഷം ആളാമ്പ്രതി പ്രഘോഷിക്കപ്പെടുന്ന ഒന്നാണ്. സുവിശേഷം സ്വീകരിക്കുന്ന വ്യക്തിക്കു ലഭിക്കുന്ന ആനന്ദവും ആശ്വാസവുമാണ് അതവരെ മറ്റുള്ളവരുമായി പങ്കുവെക്കുവാൻ പ്രേരിപ്പിക്കുന്നത്. അത് ആ വ്യക്തിയോടു കാണിക്കുന്ന ഏറ്റവും വലിയ സ്നേഹമാണ്. ആ വ്യക്തിയുടെ ഏറ്റവും വലിയ നന്മ ആഗ്രഹിക്കുന്നതുകൊണ്ടാണ് സുവിശേഷം പങ്കുവെക്കുന്നത്. ഇതൊക്കേയും ഒരുവനെ സുവിശേഷം അറിയിക്കുവാൻ പ്രേരിപ്പിക്കുന്നു.
യേശുക്രിസ്തുവിൽ നമുക്കുള്ള നിധിയുടെ മഹത്തായ മഹത്വം തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്താൽ, പൗലോസിനെപ്പോലെ നമുക്കും സുവിശേഷം പങ്കുവെക്കാൻ കഴിയും. നിങ്ങൾ എങ്ങനെയാണ്? നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ മറ്റുള്ളവരുടെ നന്മക്കായി വിനിയോഗിക്കുന്നതിൽ ഉത്സാഹമുള്ളവരൊ?
2. പ്രത്യാശയുടെ ഫലം വിശ്വാസവും സ്നേഹവും
കൊലോസ്സ്യയിലെ ആളുകൾ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം കേട്ടതിന്റെ ഫലമായി അവരിൽ പ്രത്യാശ ഉളവാകയും ക്രിസ്തുവിൽ അവർ തങ്ങളുടെ വിശ്വാസം അർപ്പിക്കുകയും ചെയ്തു. അങ്ങനെ ക്രിസ്തുവിൽ വിശ്വാസമർപ്പിച്ചവരെല്ലാം തങ്ങളുടെ എല്ലാ ഭിന്നതകളും വൈവിദ്ധ്യങ്ങളും മറന്ന് ക്രിസ്തുവിൽ ഏകസമൂഹമായി തീർന്നു. അവരുടെ ഇടയിൽ ജാതിയുടെയോ മതത്തിന്റേറതൊ ആയ വ്യത്യാസമില്ല. വർണ്ണത്തിന്റെയോ വർഗ്ഗത്തിന്റെതോ ആയ യാതൊരു വ്യത്യാസവുമില്ല. പണത്തിന്റെയോ ഭാഷയുടെയോ വ്യത്യാസവുമില്ല. അവരെല്ലാം ക്രിസ്തു എന്ന ശരീരത്തിന്റെ അവയവങ്ങളായി മാറി. അവർ ഒരു ഭവനത്തിലെ അംഗങ്ങളെപോലെ ആയിത്തീർന്നു. അവർ എല്ലാ വ്യത്യാസങ്ങളും മറന്ന് ഒരു ഭവനത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുവാൻ തുടങ്ങി. ഇതാണ് സുവിശേഷം സമൂഹത്തിൽ വരുത്തുന്ന വലിയ രൂപാന്തരം.
3. ഈ ദാനം നൽകിയ ദൈവത്തെ സ്തുതിക്കുക.
പൗലോസ് കൊലോസ്സ്യവിശ്വാസികളുടെ ഈ രൂപാന്തരത്തെ ഓർത്ത് പൗലോസ് ദൈവത്തിനു നന്ദി പറയുകയാണ് തുടർന്ന്. അഞ്ചാം വാക്യത്തിൽ പൗലോസ് പറയുന്നത് “ഞങ്ങൾ ദൈവത്തിനു നന്ദി” പറയുന്നു. കൊലൊസ്യയിലെ വിശ്വാസികളുടെ വിശ്വാസവും സ്നേഹവും ഓർത്താണ് താൻ ദൈവത്തിനു നന്ദി പറയുന്നത്. അതു അവരെ, തങ്ങളുടെ വിശ്വാസത്തിലും സ്നേഹത്തിലും സ്ഥിരപ്പെടുത്താനും ഉത്സാഹിപ്പിപ്പാനും ഇടയാക്കും എന്നുള്ളതാണ് അതിന്റെ ഒരു പോസിറ്റീവായ ഒരു വശമെന്നത്. മാത്രവുമല്ല താൻ അവരെ ബഹുമാനിക്കുന്നു എന്ന അറിവ് താൻ പറയുന്നതിനു ചെവികൊടുക്കുവാൻ അവരെ സജ്ജരാക്കുകയും ചെയ്യും. ഇതിന്റെ ഒരു പ്രായോഗിക വശമെന്നത്, ആളുകളോട് കർക്കശ്യത്തോടെ ഇടപെട്ടുകൊണ്ട് വലിയ മാറ്റമൊന്നും വരുത്താൻ കഴിയുകയില്ല എന്ന കാര്യമാണ്. അതായത്, സത്യം സ്നേഹത്തിൽ സംസാരിച്ചില്ലെങ്കിൽമാത്രമേ ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവുകയില്ല.
എന്നാൽ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു സംഗതി, താൻ അവരുടെ വിശ്വാസത്തേയും സ്നേഹത്തേയും ഓർത്ത് അവരെ congratulate ചെയ്യുകയല്ല, മറിച്ച്, ദൈവത്തിനു നന്ദി പറയുകയാണ്. അതു നമ്മേ ഓർമ്മിപ്പിക്കേണ്ട/പഠിപ്പിക്കേണ്ട സംഗതി എന്തെന്നാൽ, നമ്മിലുള്ള എല്ലാ സന്തോഷത്തിന്റേയും അനുഗ്രഹത്തിന്റെയും കാരണം ദൈവത്തിന്റെ നന്മയാണ്. ആരിലെങ്കിലും എന്തെങ്കിലും നന്മ നാം കണ്ടാൽ, അതിനു കാരണഭൂതൻ ദൈവമാണ്. ദൈവം തന്റെ നന്മ അവരിൽ ചൊരിഞ്ഞതിനാലാണ് നമുക്ക് ഈ നന്മ ദർശിക്കാൻ സാധിക്കുന്നത്. പൗലോസിനു തന്നെക്കുറിച്ചും പറയാനുള്ളത് ഇതു തന്നെയാണ്; തന്നിൽ എന്തെങ്കിലും നന്മ മറ്റുള്ളവർ ദർശിച്ചാൽ, അതിനും കാരണഭൂതൻ ദൈവമാണ്. എന്നാൽ പലപ്പോഴും ആളുകൾ ഈ നിലയിലല്ല കാര്യങ്ങളെ കാണുന്നത്. എന്നിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അത് എന്റെ ഗുണമാണ് എന്ന് ധരിപ്പിക്കാനാണ് ആളുകൾ പലപ്പോഴും ശ്രമിക്കുന്നത്.
ഇനി, അത് അവരുടെ ഗുണമാണ് എന്ന് ചിന്തിച്ചാൽ, പൗലോസിന്റെ ദൈവത്തിനുള്ള നന്ദി പറച്ചിൽ കേവലം കാപഠ്യമായി തീരും. ഇത് അവരിലെ നന്മയാണെങ്കിൽ, അതേപ്രതി ദൈവത്തിനു നന്ദി പറയുന്നത് കേവലം ഭംഗിവാക്കൊ, കാപഠ്യമൊ ആയി മാറും. യാക്കോബ് 1:17 ൽ നാം വായിക്കുന്നത് : “17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു.” ഏറ്റവും ചെറിയ നന്മ പോലും ദൈവത്തിൽ നിന്നാണ് വരുന്നതെങ്കിൽ, അവരുടെ എല്ലാ excellence/ഉൽകൃഷ്ടതയുടേയും ആകെത്തുകയായ, വിശ്വാസത്തിനും സ്നേഹത്തിനും എത്ര അധികമായി ദൈവത്തിനു നന്ദി പറവാൻ നാം കടപ്പെട്ടിരിക്കുന്നു.
പൗലോസ് ഇവിടെ നന്ദി പറയുന്നത് പിതാവായ ദൈവത്തിനാണ് To the God and Father. ഈയൊരു എക്സ്പ്രഷൻ നമുക്ക് ഈ നിലയിൽ മനസ്സിലാക്കാം; “To the God and Father who is the father of Jesus Christ.” തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട പിതാവാം ദൈവത്തെയല്ലാതെ മറ്റാരെയെങ്കിലും നാം ദൈവമായി കണ്ടാൽ അത് നിയമപ്രകാരമുള്ള, സത്യമായ ദൈവമല്ല. യെഹൂദന്മാർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞത് ദൈവത്തെ തന്റെ പിതാവ് എന്ന് പറഞ്ഞതിന്റെ പേരിലാണ്. യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെയല്ലാതെ മാറ്റാരെയെങ്കിലുമാണ് ദൈവമായി കാണുന്നത് എങ്കിൽ അത് ശരിയായ ദൈവത്തെയല്ല അവർ ദൈവമായി കാണുന്നത്. യേശുക്രിസ്തുവെന്ന ഒരു വാതിലല്ലാതെ ദൈവത്തിലേക്ക് തുറക്കുന്ന ഒരു വാതിലും ഇല്ല. ദൈവത്തിലേക്ക് അടുക്കണമെന്ന് ഒരുവൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ യേശുക്രിസ്തുവിലൂടെ ദൈവത്തെ സമീപിക്കണം. അങ്ങനേയും ദൈവം നമുക്കു പിതാവാണ്. തന്റെ എകജാതനായ പുത്രനിലൂടെയാണ്, അവൻ നമ്മേ മക്കളായി ആലിംഗനം ചെയ്യുന്നത്. നിങ്ങൾ എത്ര നല്ല ആളാണെന്നു പറഞ്ഞാലും ഈയൊരു റൂട്ടിലൂടെ അല്ലാതെ വന്നാൽ ദൈവത്തിന്റെ ആലിംഗനം അവനു ലഭിക്കയൊ ഒരു പിതാവ് എന്ന നിലയിലുള്ള പരിഗണനയൊ ലഭിക്കുകയില്ല.
"എപ്പോഴും…" സ്തോത്രം ചെയ്യുന്നു. എപ്പോഴൊക്കെ പൗലോസ് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവൊ, അപ്പോഴൊക്കെ ദൈവത്തിനു നന്ദി പറയുന്നു എന്ന് എടുക്കുന്നതായിരിക്കും ഉചിതം. അതായത്, ദൈവത്തിനു നന്ദി പറയുമ്പോൾ, പൗലോസ് അതോടൊപ്പം അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതിലൂടെ താൻ അർത്ഥമാക്കുന്നതെന്തെന്നാൽ, വിശ്വാസികളടെ ഈ ലോകത്തിലെ ജീവിതം പെർഫെക്ട് അല്ല, അവർ എപ്പോഴും കുറവുള്ളവരാണ്. അവർ ഇനിയും വളരുവാൻ ഏറെയുണ്ട്.
വളരെ പ്രശംസനീയമായ നിലയിൽ ഒരു ദിവസത്തെ ആരംഭിച്ച വ്യക്തിയാണെങ്കിൽ കുടി, ആ ദിവസത്തിന്റെ അവസാനത്തിൽ ഒരു നൂറു കാര്യങ്ങളിലെങ്കിലും തങ്ങളെക്കുറിച്ചു ഉദ്ദേശിച്ചിരിക്കുന്ന നിലവാരത്തിലെത്താത്തവർ ആയിരിക്കും. ഇതു ഞാൻ പറഞ്ഞതല്ല, കാൽവിൻ പറഞ്ഞതാണ്. നാം ഒരു പക്ഷെ മെച്ചപ്പെടുന്നവർ ആയിരിക്കും എന്നാൽ നാം എപ്പോഴും നമ്മുടെ യാത്രയിലാണ്. അതുകൊണ്ട് നാം എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു സംഗതി എന്തെന്നാൽ, നമുക്കു ലഭിച്ച നന്മകളിൽ സന്തോഷിക്കുകയും അവയെ ഓർത്ത് എപ്പോഴും ദൈവത്തിനു നന്ദി പറയുകയും, അതിൽ സ്ഥിരത ആർജ്ജിക്കുവാനും മുന്നേറുവാനും ആഗ്രഹിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
"നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് കേട്ടിട്ട്;" അവരുടെ വേറിട്ടു നിൽക്കുന്ന വിശ്വാസത്തേയും സ്നേഹത്തേയും കുറിച്ചു പൗലോസ് കേട്ടിരിക്കുന്നു. ഇത് അവരോടു തനിക്കുള്ള സ്നേഹത്തേയും അവരെക്കുറിച്ചു തനിക്കുള്ള കരുതലിനേയും, അവരുടെ വെല്ഫെയറിനായുള്ള തന്റെ ആഗ്രഹത്തെയും കാണിക്കുന്നു. മാത്രവുമല്ല. അവരെ ഉണർത്തുന്നതിനുള്ള മുഖാന്തിരമായിട്ടാണ് താനിത് പറയുന്നത്. തന്നെയുമല്ല, ദൈവത്തിന്റെ ദാനങ്ങൾ അത്ര ശ്രേഷ്ടതയുള്ളതും മറ്റുള്ളവരെ സ്നേഹിക്കാൻ നമ്മേ ഉത്തേജിപ്പിക്കുന്നതിനും മതിയായതാണ്. ക്രിസ്തുവിലുള്ള വിശ്വാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വിശ്വാസത്തിന്റെ ഓബ്ജക്ട് ക്രിസ്തുവാണ്. ആ വിശ്വാസത്തിൽ നിന്നും ഉളവാകുന്ന സ്നേഹമാണ് അവർ തമ്മിലുണ്ടായിരുന്നത്.
ദൈവം നമുക്കു പിതാവായി തീരുവാൻ നമുക്ക് കൃപ ലഭിച്ചിരിക്കുന്നു. പുത്രൻ മൂലമാണ് അതിനു നമുക്കു ഭാഗ്യം ലഭിച്ചത്. ഇന്ന് ദൈവത്തോടു നാം സമാധാനമുള്ളവരാണ്. നമ്മിൽ ദൈവം സ്വസ്ഥമായ ഒരാത്മാവിനെ നൽകിയിരിക്കുന്നു. മാത്രവുമല്ല, നമുക്കു വിശ്വാസം തന്നത് ദൈവമാണ്. നമ്മിൽ സ്നേഹം ഉളവാക്കിയത് ദൈവമാണ്. ആകയാൽ ദൈവത്തോട് നന്ദിയുള്ളവരായി ദൈവത്തെ ആരാധിക്കുന്നവരായി നമുക്കു തീരാം.
*******