top of page
കൊലൊസ്സ്യലേഖന പരമ്പര-03
P M Mathew
OCT 25, 2019

The Gospel Produces Fruit
സുവിശേഷം ഫലം പുറപ്പെടുവിക്കുന്നു.

Colossians 1:6-8

ആമുഖം അപ്പൊസ്തലനായ പൗലോസിന്റെ കൊലൊസ്സ്യവിശ്വാസികളെ ഓർത്തുള്ള പ്രാർത്ഥനയാണ് 1:3-12 വരെയുള്ള വാക്യങ്ങൾ. അതിലെ 3-5 വരെ വാക്യങ്ങൾ മുന്നമെ നാം പഠിച്ചു. തുടർന്നുള്ള 6-8 വരെയുള്ള വാക്യങ്ങൾ ഇന്നത്തെ ചിന്തക്കു വിധേയമാക്കാം.

കൊലൊസ്സ്യർ 1:6-8

"6 ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. 7 ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; 8 അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു."

അപ്പോസ്തലനായ പൗലോസ് സുവിശേഷം വിശ്വസിച്ചു രക്ഷിക്കപ്പെട്ട കൊലൊസ്സ്യവിശ്വാസികളെ ഓർത്തു ദൈവത്തിനു നന്ദി പറയുന്ന വേദഭാഗമാണ് 3-5 വരെ വാക്യങ്ങൾ. താൻ ദൈവത്തിനു നന്ദി പറയുന്നത്, യേശുക്രിസ്തുവിൽ അവർക്കുള്ള വിശ്വാസത്തേയും വിശ്വാസികൾ തമ്മിലുള്ള പരസ്പരമുള്ള സ്നേഹത്തേയും ഓർത്താണ്. തുടർന്ന് സുവിശേഷത്തിന്റെ വ്യാപനത്തേയും അത് കൊലൊസ്സ്യയിൽ എത്തിച്ച എപ്പഫ്രാസിനെ ഓർത്തും ദൈവത്തെ സ്തുതിക്കുന്ന വേദഭാഗമാണ് ഇപ്പോൾ വായിച്ചത്. ഈ വേദഭാഗത്തുനിന്നും ഒന്നാമതായി പറയുവാൻ ആഗ്രഹിക്കുന്നത്:

1. സുവിശേഷം എല്ലാവർക്കും വേണ്ടിയുള്ളതാണ് (Gospel is for all)

"ആ സുവിശേഷം" എന്ന് പറയുന്നതുകൊണ്ട് പൗലോസ് അർത്ഥമാക്കുന്നത് മൂന്നാം വാക്യത്തിൽ പറയുന്ന സത്യവചനമായ സുവിശേഷമാണ്. അതിന്റെ പ്രത്യേകതയെക്കുറിച്ചാണ് ആറാം വാക്യത്തിന്റെ തുടർന്നുള്ള ഭാഗത്ത് വിശദീകരിക്കുന്നത്. "സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു." അവരുടെ ഇടയിൽ കടന്നു വന്നിരിക്കുന്ന ചില ദുരൂപദേശത്തിൽ നിന്നും സത്യസുവിശേഷത്തെ വേർതിരിച്ചറിയുവാൻ സാഹായിക്കുന്ന ഒരു വിശദീകരണമാണിത്.

സത്യസുവിശേഷം സാർവ്വലൗകികമാനമുള്ളതാണ്. അതായത്, ഇത് ഏതെങ്കിലും ഒരു വംശത്തിലൊ രാഷ്ട്രത്തിലൊ, ഏതെങ്കിലും ഒരു വർഗ്ഗത്തിലൊ, ജാതിയിലൊ ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. അതു ദൂരൂപദേശങ്ങളെപോലെ പ്രാദേശികമായി ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. മാത്രവുമല്ല, കർത്താവായ യേശുക്രിസ്തു തന്റെ സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കണം എന്ന അന്ത്യകല്പനയോടെയാണ് തന്റെ ശിഷ്യന്മാരെ സുവിശേഷഘോഷണത്തിനായി അയച്ചത്. അതു ചെല്ലുന്നിടത്ത് ആളുകൾക്ക് മാനസാന്തരം ഉണ്ടാവുകയും ഫലം പുറപ്പെടുവിക്കയും ചെയ്യുന്നു. സുവിശേഷം എല്ലായിടത്തും വ്യാപിക്കുവാനും അതിലൂടെ കർത്താവിനു മഹത്വമുണ്ടാകുവാനും ഇടയാക്കുന്നു. സുവിശേഷത്തിന്റെ സ്വീകരണം ആളുകളിൽ വലിയ രൂപാന്തരം ഉണ്ടാക്കുന്നു. ദുരൂപദേശവും പെട്ടെന്ന് ആളുകളെ സ്വാധീനിക്കുമെങ്കിലും അത് ആളുകളിൽ രൂപാന്തരം ഉളവാക്കുകയില്ല. അത് പ്രചരിപ്പിക്കുന്നവരുടെ സ്വാർത്ഥലക്ഷൃങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യമാണ് അതിനുപിന്നിൽ. മാത്രവുമല്ല ഏതെങ്കിലും തത്വസംഹിതക്കൊ ഉപദേശത്തിനൊ മനുഷ്യനെ രുപാന്തരപ്പെടുത്താനുള്ള ശക്തിയില്ല. എന്നാൽ സുവിശേഷം അങ്ങനെയല്ല. സുവിശേഷം ത്തിനു അതിൽ തന്നെ മനുഷ്യനെ രൂപാന്തരപ്പെടുത്താനുള്ള ശക്തിയുണ്ട്. മാനസാന്തരത്തിലേക്കു നയിക്കുന്ന ശക്തി എന്നതാണ് സത്യസുവിശേഷത്തിന്റെ ഉരകല്ല്. ഇതാണ് സത്യസുവിശേഷത്തിന്റെ ആധികാരികത. അതിന്റെ സ്വീകരണമാണ് കൊലൊസ്സ്യവിശ്വാസികളുടെ ഇടയിൽ വിശ്വാസവും സ്നേഹവും പ്രത്യാശയും ഉളവാക്കിയത്. ഇതു കൊലൊസ്സ്യയിൽ മാത്രം സംഭവിച്ചകാര്യമല്ല, ഈ സുവിശേഷം ചെന്നിടത്തൊക്കേയും അതു ഫലം പുറപ്പെടുവിച്ചു.

"സർവ്വലോകത്തിലും" എന്ന പ്രയോഗം അതിശയോക്തിപരമായ പ്രസ്താവന എന്ന നിലയിലാണ് റോബർട്ട്സൺ എന്ന ദൈവദാസൻ കാണുന്നത്. ഇതിനു സമാനമായ ഒരു പ്രസ്താവന കൊലൊ. 1:23 ൽ കാണാം. അതിപ്രകാരമാണ്: "ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും..." അതായത്, സർവ്വലോകത്തുമുള്ള എല്ലാ മനുഷ്യരിലും സുവിശേഷം എത്തുകയും അവരെല്ലാം മാനസാന്തരപ്പെടുകയും ചെയ്തു എന്ന അർത്ഥത്തിലല്ല, അന്നത്തെ റോമൻ ലോകത്ത് എങ്ങും സുവിശേഷം വ്യാപിച്ചു എന്ന നിലയിലാണ്.

ജാതികളുടെ അപ്പൊസ്തലനായ പൗലോസ് വിജാതീയരുടെ ഇടയിലാണ് പ്രധാനമായും സുവിശേഷഘോഷണം നടത്തിയത്. ഇന്നത്തെ ഏഷ്യാമൈനറിന്റെയോ തുർക്കിയിലെയോ പ്രദേശത്ത് പൗലോസ് ശുശ്രൂഷിക്കുമ്പോൾ മറ്റുള്ളവർ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. ചിലർ യെരൂശലേമിൽ നിന്ന് തെക്കോട്ട് യാത്ര ചെയ്ത് ഈജിപ്തിലും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലും ശുശ്രൂഷ ചെയ്തിരിക്കാൻ സാധ്യതയുണ്ട്. ചിലർ കിഴക്കോട്ട് മാറി നാം മിഡിൽ ഈസ്റ്റ് എന്ന് വിളിക്കുന്ന പ്രദേശത്ത് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. തീർച്ചയായും, ഇന്നത്തെ യൂറോപ്പിൽ യാത്രചെയ്യുകയും സുവിശേഷം പങ്കുവെക്കുകയും ചെയ്തവരുമുണ്ടായിരുന്നു അവരുടെ കൂട്ടത്തിൽ. അതിനെക്കുറിച്ചൊക്കേയും പൗലോസ് കേട്ടിരുന്നു അതുകൊണ്ടായിരിക്കണം പൗലോസ് "ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി" എന്നു പറയുന്നത്.

2. സുവിശേഷം ഫലം പുറപ്പെടുവിക്കുന്നതാണ് (Gospel is fruit bearing).
സുവിശേഷം ചെന്ന ഇടത്തെല്ലാം ആളുകൾ പ്രതികരിക്കുകയും രൂപാന്തരപ്പെടുകയും ചെയ്തു. ഈ സന്ദേശം ഭൂമിശാസ്ത്രം, വംശം, ലിംഗഭേദം, ദേശീയത, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയ ബന്ധം, മാനസിക ഘടന അല്ലെങ്കിൽ പശ്ചാത്തലം എന്നിവയാൽ ബന്ധിക്കപ്പെട്ടിട്ടില്ല. സുവാർത്ത അത് സ്വീകരിക്കുന്ന ഏതൊരാൾക്കും സന്തോഷവാർത്തയാണ്. അതുകൊണ്ട് സത്യസുവിശേഷം ഫലം പുറപ്പെടുവിക്കുന്നതാണ്. മാത്രവുമല്ല,സുവിശേഷത്തിന്റെ ഗുണം അനുഭവിച്ചവർ അതു മറ്റുള്ളവരുമായി പങ്കുവെക്കുന്നു. അങ്ങനെ സുവിശേഷം മറ്റുള്ളവരിലേക്ക് പരക്കുന്നു. അതുകൊണ്ട് സുവിശേഷം ഗുണത്തിൽ മാത്രമല്ല സുവിശേഷം സീകരിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാക്കുന്നു.

ലോകമെമ്പാടുമുള്ള സുവിശേഷത്തിന്റെ ശക്തിയെ വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം വായിക്കാനിടയായത് ഞാൻ ഇവിടെ ഉദ്ധരിക്കുന്നു. അമേരിക്കൻ ഇവാഞ്ചലിക്കൽ പാസ്റ്ററായിരുന്ന Ray Steadman പറഞ്ഞ ദൃഷ്ടാന്തമാണിത്. ഒരു വേനൽക്കാലത്ത് അദ്ദേഹവും ഭാര്യയും വടക്കൻ അയർലൻഡിലായിരുന്നു, പ്രശ്‌നബാധിതമായ ആ രാജ്യത്തിന്റെ ഏറ്റവും പ്രശ്‌നബാധിതമായ ഭാഗത്ത് ക്രിസ്ത്യാനികളായ യുവജനങ്ങളുമായി ഒരു കൂടിക്കാഴ്ചക്ക് തനിക്കു ഒരവസരം ലഭിച്ചു. വടക്കൻ അയർലണ്ടിൽ വളരെയധികം രക്തച്ചൊരിച്ചിലിന് കാരണമായ ഐറിഷ് റിപ്പബ്ലിക്കൻ ആർമി (IRA)യിൽ അംഗമായിരുന്ന ഒരാളുമായി ഒരു സായാഹ്ന സമ്മേളനത്തിൽ ഒരു അഭിമുഖം തനിക്കു ഉണ്ടായിരുന്നു. അയാൾ ഒരു റോമൻ കത്തോലിക്കാ സമുദായത്തിൽ വളർന്നതും പ്രൊട്ടസ്റ്റന്റുമായി യാതൊരു ബന്ധവുമില്ലാത്തതുമായ ഒരു വന്യനും പരുക്കനുമായ മനുഷ്യനായിരുന്നു. അദ്ദേഹം IRA യിൽ ചേർന്നു, ആ പ്രസ്ഥാനത്തിന്റെ "ഒരു നടത്തിപ്പുകാരൻ" ആയിരുന്നു താൻ. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഉത്തരവുകൾ- കൊലപാതകങ്ങൾ, ബോംബ് സ്ഫോടനങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും- നടപ്പാക്കുക. ഇനി അതിനു വിസമ്മതിക്കുന്ന വ്യക്തിയുടെ കാലുകൾ ഒടിക്കേണ്ടി വന്നാൽ പോലും നടപ്പാക്കി കാണാൻ അദ്ദേഹം ബാധ്യസ്ഥനായിരുന്നു. അയാൾ പലതവണ ജയിലിൽ കിടന്നിട്ടുണ്ട്, ആ ജയിൽ അനുഭവങ്ങളിലൊന്നിൽ ഒരാൾ അദ്ദേഹത്തിന് ഒരു പുതിയ നിയമം നൽകി. അത് വായിച്ചപ്പോൾ, ദൈവകൃപയും തന്റെ പാപങ്ങൾ ക്ഷമിക്കാനുള്ള യേശുക്രിസ്തുവിന്റെ കാരുണ്യവും അയാൾ മനസ്സിലാക്കി. അവൻ യേശുകർത്താവിനെ രക്ഷിതാവായി സ്വീകരിച്ചു, അത്ഭുതകരമായ രൂപാന്തരം അതവനിൽ ഉളവാക്കി.

ആ ദിവസം രാത്രിയിൽ ഈ വ്യക്തിയുമായി ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്റർ നടത്തിയ അഭിമുഖം ഞങ്ങൾ കേട്ടു. ഈ പാസ്റ്ററുടെ ഒരു കസിൻ ഏതാനും ചില മാസങ്ങൾക്കു മുൻപ് IRA കൊലചെയ്തിരുന്നു. ഈ അഭിമുഖം അവസാനിച്ചത്, കലാപവും കലഹവും നിറഞ്ഞ വടക്കൻ അയർലണ്ടിൽ കഴിഞ്ഞിരുന്ന ആയിരം ആളുകൾക്ക് മുന്നിൽ, ഇവർ പരസ്പരം ആലിംഗനം ചെയ്തുകൊണ്ടാണ്. എന്തൊരു മാറ്റമാണ് സുവിശേഷം ആളുകളുടെ ജീവിതത്തിൽ വരുത്തുന്നത്! കൊലൊസ്സ്യയിലും അത്തരത്തിലുള്ള രൂപാന്തരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ലോകമെമ്പാടും, അപ്പോസ്തലൻ ചെല്ലുന്നിടത്തൊക്കെയും അത് സംഭവിച്ചുകൊണ്ടിരുന്നു, ഇന്നും അത് സംഭവിക്കുന്നു. (കൊലോസ്യർ 1 - റേ സി. സ്റ്റെഡ്‌മാന്റെ ബൈബിളിന്റെ എക്‌സ്‌പോസിറ്ററി സ്റ്റഡീസ്).

ദൈവത്തിന്റെ വചനം മാതമാണ് എവിടെ നട്ടാലും വളരുകയും നല്ലഫലം കായ്ക്കുകയും ചെയ്യുന്ന ഏകവൃക്ഷം. ദൈവരാജ്യത്തെ കടുകുമണിയോടു ഉപമിച്ചുകൊണ്ട് കർത്താവു പറഞ്ഞത് ഇത്തരുണത്തിൽ അർത്ഥവത്താണ്. “സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു” (മത്തായി 13:31-32). സുവിശേഷം പ്രസംഗിക്കുന്നിടത്താണ് ദൈവരാജ്യം സ്ഥാപിതമാകുന്നത്. അത് അവിടെ വളരുകയും അനേകർക്ക് അനുഗ്രഹത്തിനു കാരണമായി തീരുകയും മറ്റു സ്ഥലങ്ങളിലേക്ക് അത് വ്യാപിക്കുകയും ചെയ്യുന്നു.

തുടർന്ന് അപ്പൊസ്തലൻ കൊലൊസ്സ്യയിൽ ദൈവരാജ്യം അഥവ സഭ സ്ഥാപിതമാകുവാൻ ദൈവം മുഖാന്തിരമായി ഉപയോഗിച്ച എപ്പഫ്രാസ്സിനെ തന്റെ പ്രാർത്ഥനയിൽ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നു. കൊലൊസ്സ്യർ 1: 7-8 വാക്യങ്ങൾ "7ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; 8 അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു."
3. സുവിശേഷം എത്തിക്കുന്നവരെ ഓർത്തു പ്രാർത്ഥിക്കുക (Pray for the Gospel Preachers).

എപ്പഫ്രാസിലുടെയാണ് സുവിശേഷം കൊലൊസ്സ്യയിൽ എത്തിയത്. പൗലോസിന്റെ പ്രാർത്ഥനയെ (1: 3-12) പരിശോധിച്ചാൽ അതിനൊരു chiastic Structure അഥവാ ഒരു രൂപഘടന ദർശിക്കുവാൻ കഴിയും. അത് ഇപ്രകാരമാണ്:

A We always thank God, the Father of our Lord Jesus Christ, when we pray for you (v. 3),
----------------B because we have heard of your faith in Christ Jesus and of the love you have for all the saints---------------------the faith and love that spring from the hope that is stored up for you in heaven (vv. 4-5

----------------------C and that you have already heard about in the word of truth, the gospel that has come to ---------------------------you. All over the world this gospel is bearing fruit and growing, just as it has been doing ----------------------------among you since the day you heard it and understood God's grace in all its truth (vv. 5-6)

--------------------------------D You learned [the gospel] from Epaphras, our dear fellow servant, who is a ------------------------------------------------faithful minister of Christ on our behalf, and who also told us of your love in ----------------------------------------------the Spirit (vv. 7-8).

----------------------- C’ For this reason, since the day we heard about you, we have not stopped praying for you ----------------------------and asking God to fill you with the knowledge of his will through all spiritual wisdom ---------------------------and understanding. And we pray this in order that you may live a life worthy of the Lord ---------------------------and may please him in every way: bearing fruit in every good work, growing in the ---------------------------knowledge of God, being strengthened with all power according to his glorious might ---------------------------(vv. 9-11)

--------------B’ so that you may have great endurance and patience, and joyfully (v. 11)

A’ giving thanks to the Father, who has qualified you to share in the inheritance of the saints in the kingdom
of light (v. 12).

ഇത് ഞാൻ അല്പമായി വിശദീകരിക്കാം.

A & A' പൗലോസ് ദൈവത്തിനു നന്ദി പറയുന്നതും പ്രാർത്ഥിക്കുന്നതുമാണ്.

B & B' അവരുടെ ഭക്തിയെക്കുറിച്ചു താൻ എപ്പഫ്രാദിത്തോസിൽ നിന്നു കേട്ടതുകൊണ്ട് ദൈവത്തിനു നന്ദി പറയുകയും (B) അവരുടെ സഹിഷ്ണുത, ദീർഘക്ഷമ, സന്തോഷം (B') എന്നിവ വർദ്ധിച്ചു വരാൻ പാർത്ഥിക്കുകയും ചെയ്യുന്നു.

C & C’ സുവിശേഷസത്യം അവർ സ്വീകരിച്ചതിന്റേയും അതിന്റെ യുക്തിസഹമായ (logical) വളർച്ചയുടേയും ഫലമാണ് അവരിൽ യേശുക്രിസ്തുവിനോടുള്ള ഭക്തി വർദ്ധിക്കുവാൻ കാരണമായത്

ഈ രൂപഘടനയുടെ vertex അഥവാ മൂർദ്ധന്യം എന്നു പറയുന്നത് D ആണ്. അതിലാണ് പൗലോസ് എപ്പഫ്രാസിനെ പരാമർശിക്കുന്നത്. എപ്പഫ്രാസിന്റെ ആ നല്ല പ്രവൃത്തിയെ ഓർക്കാനും അതിനെ നല്ല ഒരു മാതൃകയായി ചിത്രീകരിക്കാനും ഈ രൂപഘടന കാരണമാകുന്നു.

എപ്പഫ്രാസ് തിമോത്തിയെപോലെ ജാതികളൊടുള്ള സുവിശേഷവേലയിൽ ക്രിസ്തുവിന്റെ ഒരു നല്ല ദാസനും വിശ്വസ്ത ശുശ്രൂഷകനുമാണ്. ആ ദൈവദാസന്റെ വാക്കുകളെ അവഗണിച്ചുകൊണ്ടാണ് കൊലൊസ്സ്യയിലെ വിശ്വാസികൾ ചില ദുരൂപദേശങ്ങൾക്കു ചെവി കൊടുത്തത്. എന്നാൽ 2:4 ലും 2:8 ലും പറയുന്നതുപോലെ അവരുടെ ഉപദേശം കേവലം “വശീകരണ വാക്കുകളും” “തത്വജ്ഞാനവും” മാത്രമാണ്.

അതുകൊണ്ട് എപ്പഫ്രാസ് ഒരു ഉത്തമവിശ്വാസിയും കൊലൊസ്സ്യവിശ്വാസികളെക്കുറിച്ചു ആത്മഭാരത്തോടെ പ്രാർത്ഥിക്കുന്നവനും (4:12) അവരുടെ ബഹുമാനത്തിനും അംഗീകാരത്തിനും യോഗ്യനുമായ വ്യക്തിയാണ് എന്ന് ഇതിലൂടെ പൗലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.

പൗലോസ് മറ്റുള്ളവരിലെ ദൈവത്തിന്റെ പ്രവർത്തനത്തെ ഓർത്ത് എല്ലായ്പ്പോഴും ദൈവത്തിനു നന്ദി പറയുന്നു. പൗലോസിന്റെ പ്രാർത്ഥന, ദൈവത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ആരാധന ഒരിക്കലും ആളുകളെ പ്രശംസിച്ചുകൊണ്ടുള്ളതല്ല. കാരണം ദൈവത്തിൽ നിന്നാണ് നമ്മുടെ എല്ലാ നന്മയും വരുന്നത്.

സുവിശേഷം ചെല്ലുന്നിടത്തൊക്കെ ആളുകൾക്ക് വലിയ രൂപാന്തരം വരുന്നതിനാൽ സുവിശേഷത്തിന്റെ വ്യാപനത്തിനായി നാം പ്രാർത്ഥിക്കണം. കാരണം സുവിശേഷത്തിന്റെ നന്മ എല്ലാ മനുഷ്യരും അനുഭവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാൽ സുവിശേഷത്തിനു വളരെ പ്രതികൂലങ്ങൾ ഉള്ളതിനാൽ അതുമായി ചെല്ലുന്ന സുവിശേഷവേലക്കാർക്കും അനേകം പ്രതികൂലങ്ങൾ നേരിടേണ്ടി വരും. അതിൽ അവർ തളർന്നു പോകാതിരിപ്പാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കണം. പൗലോസും പത്രോസും തിമോത്തിയുമൊക്കെ സുവിശേഷത്തെ പ്രതി തലതവണ ജയിൽ വാസ അനുഭവിച്ചിട്ടുണ്ട്. അപ്പോസ്തലന്മാരിൽ പലരുംതന്നെ സുവിശേഷത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരാണ്. പൗലോസ് തന്നേയും സുവിശേഷം വേണ്ടുംവണ്ണം പറയാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് തന്നെ ബലപ്പെടുത്തേണ്ടതിനു പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ടത് സുവിശേഷ വേലക്കാരെ ഓർത്തു പ്രാർത്ഥിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നു. മാത്രവുമല്ല, വിശ്വാസികളും സുവിശേഷത്തിൽ നിലനിൽക്കുന്നതിനും സുവിശേഷാധിഷ്ഠിത ജീവിതം നയിക്കുന്നതിനും പ്രാർത്ഥന അത്യാവശ്യമാണ്.

പൗലോസ് ഈ ലേഖനം അവസാനിപ്പിക്കുമ്പോൾ എപ്പഫ്രാസിനെക്കുറിച്ചു പരാമർശിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: "നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു" (കൊലൊ. 4: 12). ആയതിനാൽ സുവിശേഷം സ്വീകരിച്ചവരേയും സുവിശേഷപ്രഘോഷകരേയും ഓർത്തു പ്രാർത്ഥിക്കേണ്ടത് ആവശൃമാണ്.

ഇതുവരെ നാം ചിന്തിച്ചത് സുവിശേഷം സാർവ ലൗകികമാനം ഉള്ളതും അതു ചെന്നെത്തുന്ന ഇടങ്ങളിൽ ഫലം പുറപ്പെടുവിക്കുന്നതുമാണ്. അത് ദുരുപദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരിൽ രൂപാന്തരം ഉളവാക്കുന്നു. സുവിശേഷത്തിന് എതിർപ്പ് ഉള്ളതിനാൽ സുവിശേഷകരെയും സുവിശേഷം വിശ്വസിച്ചവരെയും ഓർത്ത് പ്രാർത്ഥിക്കേണ്ടത് ആവശ്യമാണ്.

*******

© 2020 by P M Mathew, Cochin

bottom of page