
നിത്യജീവൻ

കൊലൊസ്സ്യലേഖന പരമ്പര-04
P M Mathew
JUL 12, 2023
Prayer for knowledge of God's will.
ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനായുള്ള പ്രാർത്ഥന.
Colossians 1:9-14
അപ്പൊ. പൗലൊസും തിമോത്തിയും പ്രാർത്ഥനയിൽ എങ്ങനെ കൊലൊസ്സ്യയിലെ വിശ്വാസികൾക്കുവേണ്ടി പ്രത്യേകമായി മാധ്യസ്ഥം വഹിക്കുന്നുവെന്ന് അവരെ അറിയിച്ചുകൊണ്ട് ദൈവത്തിനു നന്ദിപറയുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന വിഭാഗമാണ് കൊലൊസ്സിയർ 1:3–23 വരെയുള്ള വേദഭാഗം. കൊലൊസ്സ്യയിലെ സുവിശേഷത്തിന്റെ പ്രാരംഭ വിജയം, അവർക്ക് വേണ്ടിയുള്ള അവരുടെ പ്രാർത്ഥനാ ശ്രമങ്ങളെ മന്ദഗതിയിലാക്കിയില്ല, എന്നു മാത്രമല്ല, അത് കൂടുതൽ തീവ്രമായ പ്രാർത്ഥനയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ദൈവം അവർക്കുവേണ്ടി ചെയ്‌തിരിക്കുന്നതും അവരുടെ വിശ്വാസവും സ്നേഹവും നിമിത്തവും അവർ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് തുടരുന്നു
കൊലൊസ്സ്യർ 1:9-14
"9 അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. 10 നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും 11 സകല സഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും 12 വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും 13 നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. 14 അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു."
കേന്ദ്രാശയം
വിശ്വാസികൾ ദൈവഹിതത്തെക്കുറിച്ചുള്ള അറിവിനാൽ നിറയപ്പെടണമെന്നും, എന്നാൽ ഈ അറിവ് അതിൽത്തന്നെ അവസാനിക്കാതെ ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതശൈലിയിലേക്കും, ഈ ജീവിതശൈലി ദൈവം തന്റെ പുത്രനിലൂടെ നമ്മുടെ പാപങ്ങളെ ക്ഷമിച്ചുതന്നതിൽ നന്ദിയോടെ ദൈവത്തെ സ്തുതിച്ചും, ഫലം കായ്ച്ചും, പ്രതികൂലങ്ങളെ സഹിഷ്ണുതയോടെ നേരിട്ടും കൊണ്ടുള്ള ജീവിതമായിരിക്കേണ്ടതിന് പൗലോസ് പ്രാർത്ഥിക്കുന്നു.
നാം വായിച്ച വേദഭാഗം ഇംഗ്ലീഷിൽ ആരംഭിക്കുന്നത് For this reason എന്ന വാക്കുകളിലാണ്. മുൻ വാക്യങ്ങളിൽ എപ്പഫ്രാസിൽ നിന്ന് പൗലോസിന് ലഭിച്ച കൊലൊസ്സ്യവിശ്വാസികളെ സംബന്ധിച്ച അനുകൂല റിപ്പോർട്ടിനെ ഇതു സൂചിപ്പിക്കുന്നു. പൗലോസ് ആ വാർത്ത കേട്ട നാൾ മുതൽ കൊലൊസ്സ്യർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. "നന്നായി" ചെയ്യുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് അനാവശ്യമായി തോന്നിയേക്കാം. നമ്മുടെ പ്രാർത്ഥനാ സമയങ്ങളിൽ ഭൂരിഭാഗവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടുന്നവർക്കും, കഷ്ടത അനുഭവിക്കുന്നവർക്കും അല്ലെങ്കിൽ പാപത്തിലോ ശാരീരിക ക്ലേശത്തിലോ വീണവർക്കും വേണ്ടിയാണ് (ആ പ്രാർത്ഥനകൾ തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്). എന്നിരുന്നാലും, ആരെങ്കിലും കൃപയിലും ക്രിസ്തുവിന്റെ സാദൃശ്യത്തിലും വളരുന്നു എന്ന അറിവ് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് നിർത്തുകയല്ല മറിച്ച്, അവർ കൂടുതൽ മികവുറ്റതായി തീരുവാൻ കൂടുതൽ തീവ്രതയോടെ പ്രാർത്ഥിക്കുന്നത് തുടരുകയാണ് വേണ്ടത് എന്ന് പൗലോസിന്റെ മാതൃക നമ്മേ കാണിക്കുന്നു. കാരണം, ദൈവരാജ്യം വിപുലീകരിക്കാൻ ഏറ്റവും സാദ്ധ്യതയുള്ളവർക്കുവേണ്ടി ശത്രു വളരെ ശക്തമായി പ്രവൃത്തിക്കും.
പ്രാർത്ഥനയിലുള്ള പൗലോസിന്റെ പ്രതിബദ്ധതയെയാണിതു കാണിക്കുന്നത്. പൗലോസിന്റെ കത്തുകളിലെ നന്ദി പ്രാർത്ഥനകൾ പൗലോസിനു പ്രാർത്ഥന എത്ര പ്രധാനമാണെന്ന് വെളിപ്പെടുത്തുന്നു. മറ്റുള്ളവർക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്ന പൗലോസിന്റെ ശീലത്തിൽനിന്ന് നമുക്ക് പഠിക്കുവാൻ ഏറെയുണ്ട്.
(i) പതിവായി പ്രാർത്ഥിക്കുക
അടിയന്തിര ഘട്ടങ്ങളിൽ മാത്രം പ്രാർത്ഥിക്കാൻ നാം ചായ്‌വുള്ളവരാണ് - അതായത്, ആർക്കെങ്കിലും കഠിനമായ രോഗങ്ങൾ വരുമ്പോൾ, അതല്ലെങ്കിൽ കാര്യമായ പ്രശ്‌നങ്ങളിൽ അകപ്പെടുമ്പോൾ നാം പ്രാർത്ഥിക്കുന്നു. എന്നാൽ പൗലോസിന്റെ രീതി അതായിരുന്നില്ല. താൻ സഭകൾക്കുവേണ്ടി തുടർച്ചയായി പ്രാർത്ഥിക്കുമായിരുന്നു. അവരുടെ ഇടയിൽ പ്രശ്‌നങ്ങൾ മൂർച്ഛിച്ചപ്പോൾ അവൻ അവർക്ക് കത്തുകളെഴുതി. ആത്മീയ ദൃഢത പ്രാർത്ഥനയിലെ തുടർമാനതയെ ആശ്രയിച്ചിരിക്കുന്നു.
പൗലോസിന്റെ പ്രാർത്ഥന പതിവായുള്ളതും തീവ്രവും കേന്ദ്രീകൃതവും മനഃപൂർവവുമാണ്. അതു കേവലം ചില പൊതുവായ പരാമർശനങ്ങളിൽ ഒതുങ്ങിയില്ല. വ്യക്തമായ ലക്ഷ്യത്തോടും, വിഷയത്തെ പ്രത്യേകമായി പരാമർശിച്ചും, മനഃപ്പൂർവ്വമായും താൻ പ്രാർത്ഥിച്ചു. നമ്മുടെ പ്രാർത്ഥനകൾ ഏതുവിധമുള്ളതാണ്?
പൗലോസ് തന്റെ കൂടാരപ്പണിക്കിടയിലും സഭകളുടെ പട്ടികയുമായി പ്രാർത്ഥിച്ചിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ഒരു ദൈവദാസൻ പറഞ്ഞത് ഞാൻ ഓർക്കുന്നു.
(ii) സ്തുതിയോടും നന്ദിയോടും കൂടി പ്രാർത്ഥിക്കുക.
പൗലോസ് തന്റെ പ്രാർത്ഥനകളിൽ എപ്പോഴും ദൈവത്തെ സ്തുതിക്കുവാനും നന്ദി പറയുവാനും താൻ ഉപയോഗിച്ചിരുന്നു. ചില സമയങ്ങളിൽ നമ്മുടെ പ്രാർത്ഥനകൾ അർപ്പിക്കുന്നതിലെ സന്തോഷവും നന്ദിയും നമുക്കില്ല, കാരണം നമ്മുടെ പ്രശ്നങ്ങളിലായിരിക്കും എപ്പോഴും നമ്മുടെ ശ്രദ്ധ. എന്നാൽ എല്ലാ സാഹചര്യങ്ങളിലും പൗലോസ് നന്ദി പറഞ്ഞു, കാരണം ലോകമെമ്പാടും പ്രവർത്തിക്കുന്ന ദൈവത്തിന്റെ ഉജ്ജ്വലമായ കൃപ താൻ എപ്പോഴും തന്റെ കണ്മുൻപിൽ കണ്ടിരുന്നു. വിശ്വാസികളിൽ നന്മ കാണുമ്പോൾ, അവരുടെ ആത്മീയ വളർച്ചയെക്കുറിച്ചു കേൾക്കുമ്പോൾ, ഒക്കേയും താൻ നന്ദി പറഞ്ഞു ദൈവത്തെ സ്തുതിക്കുമായിരുന്നു. ഇങ്ങനെ എല്ലാ കാര്യത്തേയും ചൊല്ലി ദൈവത്തിനു നന്ദി പറയുന്ന സ്വഭാവം നമുക്കുണ്ടോ?
(iii) മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുക.
നമ്മുടെ സാമുദായിക വിശ്വാസത്തിന്റെ ഒരു പ്രധാന വശം നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു; അവർ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്നതാണ്. വിവിധ കാരണങ്ങളാൽ ഒരു വ്യക്തിക്കു പ്രാർത്ഥിക്കാൻ കഴിയിയാത്ത ഇരുണ്ട സമയങ്ങളുണ്ട്. അങ്ങനെയുള്ള സമയങ്ങളിൽ നാം അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് വളരെ പ്രയോജനകരമാണ്. വിശ്വാസസമൂഹത്തിൽ നാം പരിപാലിക്കപ്പെടുകയും പ്രാർത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുള്ളവരായിരിക്കാൻ അത് ഇടയാക്കും. Prevention is better than cure എന്ന പഴമൊഴി നാം കേട്ടിട്ടുണ്ടല്ലോ. അതുപോലെ, വിശ്വാസികൾ അനർത്ഥങ്ങളിൽ പെടാതിരിപ്പാൻ പ്രാർത്ഥിക്കുക. അവർ വീണിട്ടു പ്രാർത്ഥിക്കുന്നതിനേക്കാൾ അവർ സാത്താന്റെ കെണിയിൽ പെടാതിരിപ്പാൻ പ്രാർത്ഥിക്കുക.
അടുത്തതായി, പൗലോസിന്റെ പ്രാർത്ഥനയുടെ ഉള്ളടക്കത്തിലേക്കു കടക്കാം.
ഒന്ന്, കൊലോസ്സ്യരെ ദൈവഹിതത്തെകുറിച്ചുള്ള പരിജ്ഞാനം കൊണ്ട് ദൈവം നിറയ്ക്കണമെന്ന് പൗലോസ് പ്രാർത്ഥിക്കുന്നു. ആത്മീകമായ സകലജ്ഞാനത്തിലും വിവേകത്തിലും ആണ് ദൈവഹിതത്തെക്കുറിച്ചുള്ള ഈ പരിജ്ഞാനം അവർ പ്രാപിക്കേണ്ടത്.
പൗലോസിന്റെ വീക്ഷണത്തിൽ ഈ അറിവ്, വരേണ്യവർഗത്തിന് (an elite group of people) മാത്രം ലഭൃമായ ചില രഹസ്യ സ്വഭാവത്തിലുള്ള അറിവൊ (ജ്ഞാനവാദം), പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ സംബന്ധിച്ച ഉൾക്കാഴ്ചയൊ അല്ല. പൗലോസിനെ സംബന്ധിച്ചിടത്തോളം, ദൈവഹിതം ക്രിസ്തു എങ്ങനെ ദൈവത്തിന്റെ വീണ്ടെടുപ്പു ലക്ഷ്യങ്ങളുടെ പൂർത്തീകരണമാണെന്ന് തിരിച്ചറിയുക (1:27; 2:2), ദൈവത്തിന്റെ രക്ഷ എങ്ങനെ എല്ലാ ആളുകൾക്കും തുറന്നിരിക്കുന്നു എന്ന് അറിയുക. ഏതു സാഹചര്യത്തിലും ക്രിസ്ത്യാനികൾ എങ്ങനെ ജീവിക്കാൻ ദൈവം ഉദ്ദേശിക്കുന്നു എന്ന് അറിയുക. ഇതാണ് ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനം കൊണ്ട് ദൈവം അവരെ നിറക്കണമെന്ന് പൗലോസ് പ്രാർത്ഥിച്ചപ്പോൾ അർത്ഥമാക്കിയത്.
കൊലൊസ്സ്യവിശ്വാസികളുടെ യെഹൂദാപശ്ചാത്തലത്തിൽ നിന്നും തുലോം വ്യത്യക്ഷമായ കാഴ്ചപ്പാടാണിത്. യഹൂദമതത്തിൽ, ഒരാൾ ദൈവഹിതത്തെക്കുറിച്ചുള്ള അറിവ് ന്യായപ്രമാണത്തിലൂടെ മാത്രം കണ്ടെത്തുന്നു (റോമ. 2:17-20; Baruch. 3:24-4:4; Sirach. 24:23 കാണുക). എന്നാൽ, പൗലോസിനെ സംബന്ധിച്ചിടത്തോളം, ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാണ് (റോമ. 10:4), ദൈവഹിതം ക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ ദേഹരൂപമായി വസിക്കുന്നു. പൂർണ്ണമായ അറിവ് ആത്മാവിലൂടെയും യേശുക്രിസ്തുവിനോടുള്ള നമ്മുടെ സമ്പൂർണ്ണ സമർപ്പണത്തിലൂടെയും മാത്രമേ സാദ്ധ്യമാകു.
കൊലോസ്യരുടെ ഈ പ്രത്യേക സാഹചര്യത്തിൽ ഈ അറിവ് അത്യധികം പ്രാധാന്യമർഹിക്കുന്നതാണ്. കാരണം ജ്ഞാനവാദത്തിന്റെ സ്വാധീനം കൊലൊസ്സ്യയിലെ ചില വിശ്വാസികളെയെങ്കിലും സാരമായി സ്വാധീനിച്ചിരിക്കുന്നു. മനുഷ്യരുടേയും പ്രപഞ്ചത്തിന്റെതന്നേയും വീണ്ടെടുപ്പിനായുള്ള ദൈവത്തിന്റെ പദ്ധതി പൂർണ്ണമായും ക്രിസ്തുവിനെ ചുറ്റിപ്പറ്റിയാണെന്ന് അവർ നന്നായി അറിയണം. എങ്കിൽ മാത്രമെ എതിരാളികളുടെ വെല്ലുവിളികളാൽ അവർ ആശയക്കുഴപ്പത്തിലാകാതിരിക്കുകയോ ജ്ഞാനത്തിന്റെ രൂപഭാവമുള്ള സങ്കൽപ്പങ്ങളാൽ വഞ്ചിക്കപ്പെടാതിരിക്കയൊ ചെയ്യുകയുള്ളു (2:8).
അതുകൊണ്ട് നാം ദൈവത്തെക്കുറിച്ചു കൂടുതലായി അറിയണം. നിർഭാഗ്യകരമെന്ന് പറയട്ടെ, ചില ക്രിസ്ത്യാനികൾ അവരുടെ സണ്ഡേ സ്കൂളിൽ പഠിച്ച കാര്യങ്ങൾ മാത്രം മതി, ഇനി അധികമായി പഠിക്കേണ്ട ആവശ്യമില്ല എന്ന മനോഭാവം വെച്ചു പുലർത്തുന്നു. തങ്ങളുടെ പ്രാഥമിക അറിവിനപ്പുറം പുരോഗമിക്കുന്നതിൽ അവർ നിസ്സംഗത പുലർത്തുന്നു. പലരും ഉടൻ തന്നെ വിശ്വാസവും ഉപദേശവും മറ്റുള്ളവർക്ക് വിട്ടുകൊടുക്കും, അവർ വിശ്വസിക്കേണ്ട കാര്യങ്ങൾ അവരോട് നിർദ്ദേശിക്കും. അതിന്റെ ഫലമായി, തങ്ങൾ വിശ്വസിക്കുന്നതെന്താണെന്നും, എന്തിനാണൂ വിശ്വസിക്കുന്നതെന്നും, ദൈവത്തെക്കുറിച്ച് മങ്ങിയ അവബോധം മാത്രം ഉള്ളവരായി വളരെ പരിതാപകരമായ അവസ്ഥയിൽ അജ്ഞരായി തുടരുന്നു. കാൽവിൻ എഴുതി: “വിശ്വാസം അജ്ഞതയിലല്ല, മറിച്ച് അറിവിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഇത് തീർച്ചയായും ദൈവത്തെക്കുറിച്ചുള്ള അറിവ് മാത്രമല്ല, ദൈവഹിതത്തെക്കുറിച്ചുള്ള അറിവും കൂടിയാണ്.
ദൈവത്തെയും അവന്റെ ഹിതത്തെയും കുറിച്ചുള്ള അറിവിൽ ഒരു ക്രിസ്ത്യാനിയുടെ വളർച്ച രണ്ടു കാരണങ്ങളാൽ പൗലോസിന് അത്യന്താപേക്ഷിതമാണ്.
1. ശരിയായ ജീവിതത്തിന് ദൈവത്തെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ് (Knowledge of God is essential for right living).
നമ്മുടെ കാലഘട്ടത്തിൽ അറിവിന് കുറവില്ല, എന്നാൽ വിജ്ഞാന വിസ്ഫോടനം ജ്ഞാനമുള്ള ജീവിതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നില്ല എന്നതാണ് പ്രശ്നം. നമുക്ക് ധാരാളം അറിവുകൾ ഉണ്ട്, എന്നാൽ ആരാണ് സകലവും സൃഷ്ടിച്ചത് എന്നറിയുന്നതിനോ അല്ലെങ്കിൽ എല്ലാം എവിടേക്കാണ് നയിക്കുന്നത് എന്ന് അറിയുന്നതിനോ ഉള്ള കാര്യങ്ങൾക്ക് ആളുകൾ വേണ്ടത്ര വില കല്പിക്കുന്നില്ല. മനസ്സിൽ ദൈവത്തിന്റെ ശത്രുക്കളായവർ (1:21) ഇരുണ്ട അജ്ഞതയിലേക്ക് തങ്ങളെത്തന്നെ ഒതുക്കി, അധാർമികതയും മറ്റ് ദുഷിച്ച പെരുമാറ്റങ്ങളും ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു. ഇത്തരം ഒരു സമൂഹത്തിൽ, “വിശുദ്ധനായിരിക്കാൻ.... കളങ്കരഹിതവും കുറ്റമറ്റവരും” (1:22) ആയിരിപ്പാൻ ആത്മീയ ഉൾക്കാഴ്ച വളരെ ആവശ്യമാണ്.
ദൈവത്തെക്കുറിച്ചുള്ള അറിവ് നമ്മേ രക്ഷിക്കുന്നില്ല, രക്ഷ വിശ്വാസത്താലാണ് (1:12). എന്നിരുന്നാലും, അറിവ്, വിശ്വാസത്തിൽ വളരുന്നതിനുള്ള ഒരു ഉപാധിയാണ്, അത് ദൈവത്തിന് പ്രസാദകരമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നു. ശക്തമായ വിശ്വാസം സത്യം തിരിച്ചറിയാനും അത് ശ്രദ്ധാപൂർവ്വം ചിന്തിക്കാനും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനും അനുവദിക്കണം. ദൈവഹിതം മനസ്സിലാക്കുന്നതിന്റെ വിപരീതം ഭോഷത്വത്തിനു കീഴടങ്ങിയ ജീവിതമാണ് (എഫെ. 5:18).
ദൈവത്തെയും അവന്റെ ഹിതത്തെയും കുറിച്ചുള്ള അറിവ് ഒരു ക്രിസ്ത്യാനിയുടെ ആത്മീയ വളർച്ചയിൽ അത്യന്താപേക്ഷിതമാണ് എന്ന് പറയാനുള്ള രണ്ടാമത്തെ കാരണം:
(2) ദൈവഹിതത്തെക്കുറിച്ചുള്ള സമഗ്രമായ അറിവ് തെറ്റായ ഉപദേശത്തിൽനിന്ന് നമ്മെത്തന്നെ സംരക്ഷിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു എന്നതാണ്.
വിശ്വാസത്തിൽ അടിയുറച്ചിട്ടില്ലാത്തവർ നേരിടുന്ന ഗുരുതരമായ അപകടം, അവർ അറിയാതെ നമ്മുടെ സംസ്കാരത്തിന്റെ മൂല്യങ്ങളും ആചാരങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം അതിനെ നേർപ്പിക്കാൻ അനുവദിക്കും എന്നതാണ്. അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും തിരിയാൻ അതവരെ ഇടയാക്കുന്നു. റോമൻ കത്തോലിക്കരെപോലെ ബൈബിളിലെ വിശ്വാസവും പാരമ്പര്യവിശ്വാസവും പരസ്പരം കൂട്ടിക്കലർത്തി, ബൈബിൾ വിശ്വാസത്തെ ബലഹീനപ്പെടുത്തുന്നു. ക്രിസ്ത്യാനികൾക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ അറിവില്ലായിരിക്കാം, പക്ഷേ അവർ നന്നായി അറിയണം എങ്കിൽ മാത്രമെ തെറ്റായ ആചാരങ്ങളിൽ നിന്നും, യഹോവാസാക്ഷികളെപോലെയുള്ളവരുടെ ദുരൂപദേശങ്ങളിൽ നിന്നും തങ്ങളെത്തന്നെ രക്ഷിക്കുവാൻ കഴിയു.
രണ്ടാമതായി ഈ വേദഭാഗത്തു നിന്നും പറയുവാനാഗ്രഹിക്കുന്ന കാര്യം:
2. ദൈവത്തെയും ദൈവഹിതത്തേയും കുറിച്ച് അറിയുന്നതിന്റെ ലക്ഷ്യം ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുന്നതിനു വേണ്ടിയാണ്. (The purpose of knowing God and God's will is to live a life pleasing to God.)
തന്റെ വായനക്കാർ കേവലം അറിവ് സമ്പാദിക്കുവാൻ മാത്രമായി അറിവു നേടണം എന്ന് പൗലോസ് ആഗ്രഹിക്കുന്നില്ല. ദൈവഹിതത്തെക്കുറിച്ചുള്ള അറിവ് എല്ലായ്പ്പോഴും ധാർമ്മികമായ പ്രതികരണം ആവശ്യപ്പെടുന്നു. അറിവിനൊരു ആത്മീയ പ്രതിബന്ധതയുണ്ട്. ആ പ്രതികരണമെന്നത്, നമ്മുടെ ദൈനംദിന പെരുമാറ്റവും ചിന്തയും അതിനോട് ചേർന്ന് പോകണം. പലരും ആ ഇഷ്ടം അറിയാൻ ആഗ്രഹിക്കാത്തത് ഈയൊരു മാറ്റം തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്തതുകൊണ്ടാണ്. അതല്ലെങ്കിൽ അവർക്കു സ്വീകാര്യവും വളരെ പരിഷ്കൃതവും സങ്കീർണ്ണവുമായ ജ്ഞാനത്താൽ തങ്ങളെത്തന്നെ സ്വയം ശാന്തമാക്കാൻ ശ്രമിക്കുന്നതുകൊണ്ടാകാം. എന്നാൽ ക്രിസ്തുവിനെ ഒഴിവാക്കുന്ന അല്ലെങ്കിൽ ക്രിസ്തുവിനു കീഴ്പെടാത്ത ജ്ഞാനം വ്യാജമാണ് (2 കൊരി. 10:5).
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറയുന്നതിന്റെ ലക്ഷ്യം "കർത്താവിന് യോഗ്യമായ ഒരു ജീവിതം നയിക്കുകയും എല്ലാവിധത്തിലും അവനെ പ്രസാദിപ്പിക്കുകയും ചെയ്യുക" എന്നതാണ്. "ആത്മീയ സകലജ്ഞാനവും വിവേകവും" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ജ്ഞാനം വിവേകപൂർവ്വമായ ജീവിതത്തിലേക്കു നയിക്കണം എന്നാണ്. "അറിവ്" പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതാണ് 'Wisdom/വിവേകം' എന്നത്. ദൈവത്തിന്റെ വീക്ഷണത്തിൽ ജീവിതത്തിൽ യഥാർത്ഥത്തിൽ എന്താണ് പ്രധാനമെന്ന് അറിഞ്ഞ് ജീവിക്കുക. ആഴമായ വിശ്വാസത്തിലേക്കും നല്ല സ്വഭാവസവിശേഷതയിലേക്കും കൂടുതൽ ഭക്തിയുള്ള സേവനത്തിലേക്കും നമ്മെ നയിക്കാനാണ് ദൈവം നമുക്ക് "അറിവ്" നൽകുന്നത്.
ആത്മീകമായസകല ജ്ഞാനത്തിലും വിവേകത്തിലും ദൈവേഷ്ഠത്തിന്റെ പരിജ്ഞാനം കൊണ്ടു നിറയുന്നതിന്റെ ആത്യന്തികലക്ഷ്യമെന്നു പറയുന്നത്, നാം ദൈവത്തിനു പൂർണ്ണപ്രസാദമാറു നടക്കേണ്ടതിനു വേണ്ടിയാണ് (2:10).
നാം നേടിയ അറിവ്, നമ്മുടെ ജിവിതത്തിൽ പ്രാവർത്തികമാക്കണം. ഈയൊരു ലക്ഷ്യത്തോടെയല്ലാതെ, അറിവുസമ്പാദന പരിശ്രമവുവുമായി മുന്നോട്ടുപോകുന്നവർ, അവർ ഏറെ അദ്ധ്വാനിക്കയൊ കഷ്ടപ്പെടുകയൊ ചെയ്യുന്നുണ്ടെങ്കിലും, അത് മരുഭൂമിയിൽ യിസ്രയേൽ ജനം 40 വർഷം കേവലം വട്ടം ചുറ്റിയതുപോലെ, യാതൊരു പുരോഗതിയും കൈവരിക്കാത്തതുപോലെയുള്ള ജീവിതമായിരിക്കും.
മൂന്നാമതായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം:
3. ദൈവപ്രസാദകരമായ ജീവിതം എങ്ങനെയുള്ളതായിരിക്കും? (What would a God-pleasing life look like?)
ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ടുള്ള ജീവിതം എങ്ങനെയുള്ള ജീവിതമായിരിക്കുമെന്നാണ് തുടർന്ന് പൗലോസ് പറയുന്നത്; അതിനുവേണ്ടിയാണ് പൗലോസ് പ്രാർത്ഥിക്കുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതത്തിന്റെ നാല് സവിശേഷതകൾ പൗലോസ് പട്ടികപ്പെടുത്തുന്നു.
1. എല്ലാ നല്ല പ്രവൃത്തിയിലും ഫലം കായ്ക്കുക.
2. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരുക
3. അവിടുത്തെ മഹത്വമുള്ള ശക്തിക്കനുസാരമായി ശക്തിയോടെ ബലപ്പെട്ടുകൊണ്ട് വലിയ
സഹിഷ്ണുതയും ക്ഷമയും ഉള്ളവരായിരിക്കുക.
4. സന്തോഷത്തോടെ പിതാവിന് നന്ദി പറയുക
ഈ നാലു സവിശേഷതകൾ അല്പമായി പരിശോധിക്കാം.
1. സകല സൽപ്രവൃത്തിയിലും ഫലം കായ്ക്കുക
ദൈവപ്രസാദകരമായ ജീവിതം സല്പവൃത്തികളാൽ സമ്പന്നമായ ജീവിതമാണ്. ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തെ ജീവിച്ചുകാണിക്കേണ്ടതുണ്ടെന്ന് ഈ വാക്യാംശം നമ്മേ ഓർമ്മിപ്പിക്കുന്നു. ചിലർ, തങ്ങളുടെ രക്ഷ നേടാൻ ഇനിയും എന്തെങ്കിലും പ്രവൃത്തിക്കണം എന്ന് തെറ്റായി കരുതുന്നവരുണ്ട്. അവർ വിശ്വസ്തതയോടെ പങ്കെടുക്കുകയും ത്യാഗപൂർവ്വം നൽകുകയും നല്ല പ്രവൃത്തികളുടെ ഒരു നീണ്ട ചരിത്രം ശേഖരിക്കുകയും ചെയ്യുന്നു, അങ്ങനെ അവർ ദൈവമുമ്പാകെ യോഗ്യരാണെന്ന് തങ്ങളെത്തെന്നെ എണ്ണുന്നു. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളെ അടിസ്ഥാനമാക്കിയുള്ള രക്ഷയെ പൗലോസ് അപലപിച്ചത് (റോമ. 3:28) അത്തരം ശ്രമങ്ങൾ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായതു മൂലമാണ്. എന്നാൽ വിശ്വാസത്താലാണ് രക്ഷ, തങ്ങളുടെ സല്പവൃത്തികൾ തങ്ങളെ രക്ഷിക്കുന്നില്ല.
എന്നാൽ ഇതിനൊരു മറുവശമുണ്ട്, വിശ്വാസത്താലാണ് രക്ഷ, ആയതിനാൽ തങ്ങൾ ഒന്നും ചെയ്യേണ്ടതില്ല എന്ന മറ്റേ extreme നിലപാടാണ്. സ്നാനമേറ്റും, സഭയോടു ചേർന്നും, ഇടയ്ക്കിടെ ആരാധനയിൽ പങ്കുകൊണ്ടും, നാമമാത്രമായി കൊടുത്തും, ക്രിസ്തുവിനോട് കൂറ് കാണിക്കുക എന്നതാണ് ദൈവം തങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നതെന്ന് അവർ തെറ്റിദ്ധരിക്കുന്നു.
പൗലോസ് "പ്രവൃത്തികളെ" അപലപിച്ചതിന്റെ അർത്ഥം ക്രിസ്ത്യാനികൾക്ക് "പ്രവൃത്തി"യെ സുരക്ഷിതമായി അവഗണിക്കാമെന്നല്ല (എഫെ. 2:8-10 കാണുക). വിശ്വാസത്തെ പ്രവൃത്തികളോട് contradict ചെയ്തപ്പോൾ, പൗലോസ് "പ്രവൃത്തികൾ" എന്ന ബഹുവചനം ഉപയോഗിക്കുകയും അവയെ "ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ" എന്ന് പൊതുവെ വിശേഷിപ്പിക്കുകയും ചെയ്തു (റോമ. 3:28, ഗലാ. 3:2-10). ഈ "പ്രവൃത്തികളിൽ" പരിച്ഛേദന, ഭക്ഷണനിയമങ്ങൾ പാലിക്കൽ, ചില പുണ്യദിനാചരണം തുടങ്ങിയ പുണ്യപ്രവൃത്തികൾ ഉൾപ്പെടുന്നു. അത്തരം ന്യായപ്രമാണാനുഷ്ഠാനങ്ങൾ നടത്തി, ദൈവത്തെ തങ്ങളുടെ കടക്കാരനാക്കുന്നതിരെയാണ് പൗലോസ് പ്രതികരിക്കുന്നത്: "ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്തു, ഇപ്പോൾ ദൈവം എന്നോട് കടപ്പെട്ടിരിക്കുന്നു" എന്ന മനോഭാവത്തെയാണ് പൗലോസ് എതിരിക്കുന്നത്. മനുഷ്യരുടെ അടിസ്ഥാന ലക്ഷ്യം ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് (റോമ. 8:8; 12:1-2; 1 കൊരി. 7:32; 2 കൊരി. 5:9; എഫെ. 5:10; ഫിലി. 4:18), എന്നാൽ നിയന്ത്രിക്കാവുന്ന ഒരു കൂട്ടം നിയമങ്ങളും നിയന്ത്രണങ്ങളും കണക്കാക്കുന്ന അനുസരണത്തിലൂടെ അത് സാദ്ധ്യമാകുകയില്ല (കാണുക 2:21).
പൗലോസ് വിശദീകരിച്ചതുപോലെയുള്ള പ്രശ്നം, രക്ഷയ്ക്കായി ചിലർ ന്യായപ്രമാണത്തിന്റെ അനുസരണത്തിൽ ആശ്രയിക്കുന്നു എന്നതാണ്. പൗലോസും ഈയൊരു ചിന്തയാൽ ജീവിച്ച വ്യക്തിയായിരുന്നു, മാത്രമല്ല പൗലോസിന് ആരേക്കാളും അഭിമാനിക്കാൻ കഴിയുന്ന മതപരമായ നേട്ടങ്ങളുടെ ഒരു നീണ്ട പട്ടിക നിരത്താനുണ്ടായിരുന്നു താനും (ഫിലി. 3:5-6; cf. ഗലാ. 2:13-14). ഫിലി 3:5-6 "എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽ ജാതിക്കാരൻ; എബ്രായരിൽ നിന്നും ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്ക്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ." മതപരമായി വീമ്പിളക്കാൻ ആർക്കെങ്കിലും കാരണമുണ്ടെങ്കിൽ അത് പൗലോസ് അപ്പോസ്തലനായിരുന്നു. എന്നാൽ ക്രിസ്തു അവനു വെളിപ്പെട്ടപ്പോൾ, അവന്റെ പൊങ്ങച്ചം ശൂന്യമാണെന്നും താൻ ഇപ്പോഴും ഒരു പാപിയാണെന്നും അവൻ മനസ്സിലാക്കി. ക്രിസ്തു "എനിക്കുവേണ്ടി തന്നെത്താൻ നൽകി" (ഗലാ. 2:20) എന്നും അവൻ മനസ്സിലാക്കി, അതിനാൽ രക്ഷ ദൈവത്തിന്റെ കൃപാവരത്താൽ മാത്രമാണ് ലഭിക്കുന്നത്. പൗലോസിന്റെ വിശ്വാസം, ദൈവം ക്രിസ്തുവിൽ തനിക്കുവേണ്ടി ചെയ്‌തിരിക്കുന്നതിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. എന്നാൽ പൗലോസ് വിശ്വാസത്തെയും പ്രവൃത്തികളെയും (റോമർ, ഗലാത്യർ, ഫിലിപ്പിയർ 3 എന്നിവയിൽ) വിപരീതമാക്കിയപ്പോൾ, ഒരാൾക്ക് എങ്ങനെ രക്ഷ ലഭിക്കുന്നു എന്നതിനെക്കുറിച്ചാണ് അദ്ദേഹം അഭിസംബോധന ചെയ്തത്, നമ്മുടെ ദൈനംദിന ജീവിതത്തിൽ രക്ഷ എങ്ങനെ പ്രവർത്തിക്കുന്നു എന്നല്ല.
സ്വന്തം നേട്ടങ്ങളിൽ നിന്നോ വംശീയ പൈതൃകത്തിൽ നിന്നോ ആണ് രക്ഷ വരുന്നത് എന്ന് ഒരാൾ കരുതാത്തിടത്തോളം കാലം ന്യായപ്രമാണത്തോടുള്ള ധാർമികമായ അനുസരണത്തിനോ യഹൂദരുടെ ആചാരപരമായ അനുസരണത്തിനോ പൗലോസ് എതിരായിരുന്നില്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ രക്ഷ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിവരിക്കുന്നതിന് അപ്പോസ്തലൻ "പ്രവൃത്തി" എന്ന ഏകവചനം നല്ല അർത്ഥത്തിൽ ഉപയോഗിക്കുന്നു. 1 തെസ്സലൊനീക്യർ 1:3-ൽ അവൻ "വിശ്വാസത്താൽ ഉളവാകുന്ന നിങ്ങളുടെ പ്രവൃത്തി"യെ പരാമർശിക്കുന്നു. വിശ്വാസം പ്രവർത്തിക്കുന്നത് സ്നേഹത്തിലൂടെയാണെന്നും അദ്ദേഹം എഴുതുന്നു (ഗലാ. 5:6) കൂടാതെ നാം പ്രവൃത്തികളാൽ രക്ഷിക്കപ്പെടുന്നില്ലെങ്കിലും അവക്കുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് പൗലോസ് വാദിക്കുന്നു (എഫെ. 2:10; 2 കൊരിന്ത്യർ 9:8; 2 തെസ്സ. 2:17).
അപ്പൊസ്തല പ്രവൃത്തികൾ 26:20 ലെ പൗലോസിന്റെ പ്രസംഗം ശ്രദ്ധിക്കുക: "20 ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു". മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്ക്കുക എന്നത് പൗലോസിന്റെ അടിസ്ഥാന വിശ്വാസത്തെ ഉൾക്കൊള്ളുന്നു. അനുതപിക്കാനും ദൈവത്തിലേക്ക് തിരിയാനും അവരുടെ മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യാനും അവൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. റോമർ 2:13-ൽ പൗലോസ് വാദിക്കുന്നത്, ദൈവമുമ്പാകെ നീതിയുള്ളവർ ന്യായപ്രമാണം കേൾക്കുന്നവരല്ല, ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുക. നാം ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കാൻ വേണ്ടിയാണ് ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതെന്നും അദ്ദേഹം വാദിക്കുന്നു (റോമ. 7:4); അങ്ങനെ 11 ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്ന"തായി ഫിലി. 1:11 ൽ നാം വായിക്കുന്നു.
അത്തിവൃക്ഷം നട്ടുപിടിപ്പിച്ച് ഫലം പ്രതീക്ഷിക്കുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയെപ്പോലെ (ലൂക്കാ 13:6-9), ദൈവം ഓരോ ക്രിസ്ത്യാനിയിൽ നിന്നും ഫലം പ്രതീക്ഷിക്കുന്നു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങൾ വെട്ടി തീയിൽ ഇടുമെന്ന് യേശു തന്റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകി (മത്താ. 7:19; കാണുക 3:10; 12:33-35). ഋതുക്കളിൽ ഫലം കായ്ക്കാത്ത ദുഷ്ടരായ മുന്തിരിത്തോട്ടത്തിലെ കുടിയാന്മാർ നശിപ്പിക്കപ്പെടും (21:41, 43). സുവിശേഷ സന്ദർഭത്തിൽ, ഫലം കായ്ക്കുന്നത് യേശുവിന്റെ കൽപ്പനകളോടുള്ള അനുസരണത്തെ സൂചിപ്പിക്കുന്നു, എന്നാൽ അവന്റെ കൽപ്പനകളോടുള്ള നമ്മുടെ അനുസരണം മാറ്റം വന്ന ഒരു ജീവിതത്തിൽ നിന്ന് ഉളവാകേണ്ടതാണ്. തങ്ങളുടെ പഴയ ജീവിതത്തിൽനിന്നും യാതൊരു മാറ്റവുമില്ലാതെ വിശ്വാസജീവിതം തുടരുന്ന വ്യക്തിയാണെങ്കിൽ, അവർക്ക് എങ്ങനെയാണ് താൻ രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുക? നമ്മുടെ അസ്തിത്വത്തിലേക്ക് പ്രവേശിക്കുകയും അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന വിശ്വാസസത്യമാണ് നമ്മേ രക്ഷിക്കുന്നത്. ഒരു നല്ല ഫലവൃക്ഷം ഫലം പുറപ്പെടുവിക്കുന്നത് നല്ല ഫലവൃക്ഷത്തിന്റെ സ്വഭാവമായതിനാൽ സ്വാഭാവികമായും സ്വയമേവയുമാണ്. ഉപയോഗശൂന്യമായ ഒരു വൃക്ഷം, എത്ര ആരോഗ്യമുള്ളതാണെങ്കിലും, മനുഷ്യനു ദോഷകരമായ ഫലം പുറപ്പെടുവിച്ചുകൊണ്ട് ചീത്തവൃക്ഷമായി നിലകൊള്ളുന്നു. യഥാർത്ഥ ക്രിസ്തീയ അസ്തിത്വത്തിന് മാത്രമേ ഫലം പുറപ്പെടുവിക്കാൻ കഴിയൂ. ഒരു വ്യക്തിയുടെ അസ്തിത്വവും അവന്റെ അല്ലെങ്കിൽ അവളുടെ പ്രവൃത്തിയും തമ്മിൽ ഒരു സ്വരച്ചേർച്ചയുണ്ടെങ്കിൽ അത് നല്ല ഫലമാണ്. അങ്ങനെയൊരു സ്വരച്ചേർച്ച ഇല്ലെങ്കിൽ അത് കപട ആത്മീയതയാണ്.
ദൈവപ്രസാദകരമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട രണ്ടാമത്തെ സവിശേഷത:
(2) ദൈവത്തെക്കുറിച്ചുള്ള അറിവിൽ വളരുക.
സമ്പന്നർ കൂടുതൽ സമ്പന്നരാകുമെന്ന സിദ്ധാന്തം ആത്മീയ മേഖലയിൽ പ്രത്യേകിച്ചും സത്യമാണ്: ദൈവഹിതത്തെക്കുറിച്ചുള്ള അറിവ് കൂടുതൽ അറിവും കൂടുതൽ ആത്മീയ വളർച്ചയും നൽകുന്നു. പാപം ഒരു ദുഷിച്ച ചക്രമായി (vicious Cycle) മാറി നമ്മെ കൂടുതൽ ആഴത്തിലുള്ള അധഃപതനത്തിലേക്ക് തള്ളിവിടുന്നു. ദൈവത്തിന്റെ പരമാധികാര ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിലേക്ക് നമ്മെ കൂടുതൽ ആഴത്തിൽ നയിക്കുന്നതിനാൽ ദൈവത്തെക്കുറിച്ചുള്ള അറിവ് ഒരു പുണ്യചക്രമായി മാറുന്നു. N D റൈറ്റ് പറയുന്നതുപോലെ, “ധാരണ വിശുദ്ധിയെ ഊട്ടിയുറപ്പിക്കും; വിശുദ്ധി ഗ്രാഹ്യത്തെ ആഴപ്പെടുത്തും.”
ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിക്കുന്നത് കൂടുതൽ ബോദ്ധ്യത്തിലേക്ക് നയിക്കുന്നു. ഇ.ഡി. മാർട്ടിൻ ഒരു പുരോഗമന പാറ്റേൺ രൂപപ്പെടുത്തുന്നു:
സുവിശേഷം സ്വീകരിക്കുക എന്നാൽ ദൈവത്തെ അറിയുക എന്നതാണ്.
ദൈവത്തെ അറിയുക എന്നാൽ അവന്റെ ഇഷ്ടം ചെയ്യുക എന്നതാണ്.
അവന്റെ ഇഷ്ടം ചെയ്യുക എന്നാൽ ദൈവത്തെ കൂടുതൽ കൂടുതൽ അറിയുക എന്നതാണ്.
ക്രിസ്തുവിന്റെ മനസ്സുള്ളവരായി തീരുക എന്ന ലക്ഷ്യമാണു നമുക്കുള്ളതെങ്കിൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളെയും സ്വയമേവ അതു സ്വാധീനിക്കും (1 കൊരി. 2:16; ഫിലി. 2:5). അതിൽ പൂർണമായി പ്രാവീണ്യം നേടി, ഞാൻ പൂർണ്ണനായി എന്ന് പറഞ്ഞ് തൃപ്തനാകാൻ ഒരിക്കലും നമുക്കു കഴിയില്ല (ഫിലി. 3:12), ക്രിസ്തുവിനെയും അവന്റെ കഷ്ടപ്പാടുകളെയും നന്നായി അറിയാനുള്ള പൗലോസിന്റെ തീവ്രമായ ആഗ്രഹത്തിൽ തന്റെ ആത്മീയ പക്വത തിളങ്ങുന്നു (3:10).
ദൈവത്തെഒഴികെ എല്ലാം അറിയുന്നത് വിലമതിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവത്തെ അറിയുന്നത് കൂടുതൽ നിർണ്ണായകമാണ്.
ആത്മീയ വിദ്യാഭ്യാസത്തിന്റെ അഭാവത്താൽ തിന്മയെ ചെറുക്കാനുള്ള ആത്മീയ പ്രതിരോധശേഷി ആളുകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അവർ ആശയക്കുഴപ്പത്തിലാണ്, നല്ലതും ചീത്തയും എന്താണെന്ന് തിരിച്ചറിയാൻ അവർക്ക് പലപ്പോഴും കഴിയാതെ പോകുന്നു.
ഇന്ന് സാങ്കേതികമായി പരിഷ്കൃതരായ പലരും ദൈവശാസ്ത്രപരമായ ധാരണയുടെ കാര്യത്തിൽ ഞെട്ടിക്കുന്ന തരത്തിൽ വഞ്ചകരും അജ്ഞരുമാണ്. ദൃഢമായ ഉപദേശ സ്ഥിരതയില്ലാത്തവർ, ഒരിക്കലും അവസാനിക്കാത്ത സംശയത്തിന്റെ കടലിൽ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി തകരുന്ന കപ്പൽപോലെ തകർച്ചയ്ക്കുള്ള സ്ഥാനാർത്ഥികളാണ്.
(a) എല്ലാ ആത്മീയ പ്രതിസന്ധികളും ഉരുത്തിരിയുന്നത് ദൈവത്തെ അറിയുന്നതിൽ പരാജയപ്പെടുന്നതിനാലാണ്. ആളുകൾ ദൈവത്തെ അവരുടെ അറിവിൽ നിന്ന് മാറ്റി നിർത്തുമ്പോൾ, ദൈവം അവരെ "ചെയ്യാൻ പാടില്ലാത്തത് ചെയ്യാൻ, ഒരു ദുഷിച്ച മനസ്സിന്" ഏൽപ്പിക്കുന്നു (റോമ. 1:28). അതിന്റെ ഫലമായി, റോമർ 1:29-32 ൽ പട്ടികപ്പെടുത്തിയിരിക്കുന്ന സാമൂഹിക വൈകല്യങ്ങൾക്കു കാരണമായി തീരുന്നു.
(b) നമ്മുടെ അറിവ് കേവലം തിന്മയിൽ നിന്ന് നന്മയെ തിരിച്ചറിയുക എന്നതിലുപരി നന്മ ചെയ്യുന്നതിൽ കലാശിക്കണം. അറിവ് ദൈവവുമായും മറ്റുള്ളവരുമായും രൂപാന്തരപ്പെട്ട ബന്ധത്തിലേക്ക് നയിക്കണം. ക്രിസ്ത്യാനികൾ ദൈവഹിതം മനസ്സിലാക്കുന്നുവെങ്കിൽ, അവർ അത് പിന്തുടരുകയും അത് നിറവേറ്റുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. "കർത്താവേ, കർത്താവേ," എന്ന് നിങ്ങൾ എന്നെ വിളിക്കുന്നതും ഞാൻ പറയുന്നത് ചെയ്യാത്തതും എന്തുകൊണ്ട്?" എന്ന് കർത്താവ് ലൂക്കോസ് 6:46 ൽ പറയുന്നു.
(c) ദൈവത്തെക്കുറിച്ചുള്ള അറിവ് നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിൽ കലാശിക്കുന്നു, അങ്ങനെ നാം നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ പ്രതി ആശ്ചര്യപ്പെടുകയോ കുലുങ്ങുകയോ ചെയ്യുകയില്ല. ദൈവം ലോകത്തിനുവേണ്ടിയുള്ള ദൈവികോദ്ദേശ്യങ്ങൾ, പലപ്പോഴും അപ്രതീക്ഷിതമായ വഴികളിൽ, പ്രവർത്തിക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പായും അറിയാം. ഓരോ പുതിയ സാഹചര്യത്തിലും ദൈവത്തിന്റെ ഉദ്ദേശ്യം കാണാൻ ദൈവഹിതത്തിലേക്കുള്ള ഉൾക്കാഴ്ച നമ്മെ പ്രാപ്തരാക്കുന്നു.
ക്രിസ്ത്യാനികൾക്ക് ദൈവത്തെക്കുറിച്ചുള്ള അറിവിൽ വളരണമെങ്കിൽ, സഭ ഒരു കർശനമായ ബൈബിൾ, ധാർമ്മിക പരിശീലന ഗ്രൗണ്ട് ആയിരിക്കണം. ധാർമ്മിക വിവേചനത്തിന്റെ ആവശ്യകത ക്രിസ്തീയതയിൽ വളരെ വലുതാണ്. ബൈബിൾ ക്രമമായി വായിക്കുകയും അതിൽ നിന്നും പാഠം ഉൾക്കൊള്ളുകയും ചെയ്യുന്നവർ ക്രിസ്ത്യാനിറ്റിയിൽതന്നെ നൂനപക്ഷമാണ്. ബൈബിൾ സത്യം തങ്ങളുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും തുളച്ചുകയറാൻ ആളുകൾ അനുവദിക്കാറില്ല. തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ക്രിസ്ത്യാനികൾ ദൈവവചനം പഠിക്കാൻ എപ്പോഴും ഒരുക്കമുള്ളവരായിരിക്കണം.
ദൈവപ്രസാദകരമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട മൂന്നാമത്തെ സവിശേഷത:
(3) അവന്റെ മഹത്വമുള്ള ശക്തിക്കനുസരിച്ച് എല്ലാ ശക്തിയാലും ശക്തിപ്പെടുക.
അറിവ് കൊണ്ട് മാത്രം അനുസരണം സാധ്യമല്ല. തന്റെ ഇഷ്ടത്തെക്കുറിച്ചുള്ള ആത്മീയ വിവേചന മാത്രമല്ല, അത് ചെയ്യാനുള്ള ദിവ്യശക്തിയും തന്റെ വായനക്കാർക്ക് നൽകണമെന്ന് പൗലോസ് ദൈവത്തോട് അപേക്ഷിക്കുന്നു. ആ ശക്തി യേശുവിന്റെ പുനരുത്ഥാനത്തിൽ വെളിപ്പെട്ടിരിക്കുന്ന ശക്തിയാണ്. "ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ" (റോമ. 6:4). അതേ ശക്തി പൗലോസിന് സുവിശേഷത്തിനായി അധ്വാനിക്കാനുള്ള ശക്തി നൽകുന്നു (1:29). ക്രിസ്തുവിന്റെ ഈ പുനരുത്ഥാനശക്തി മറ്റ് വിശ്വാസികൾക്കും ലഭ്യമാണ്. ക്രിസ്തീയജീവിതം സ്വയശക്തിയാൽ നയിക്കേണ്ട ഒന്നല്ല; ദൈവത്തിലൂടെ മാത്രമേ ഒരു വിശ്വാസിക്ക് ക്രിസ്തീയജീവിതം നയിക്കുവാൻ കഴിയൂ. ഇ.ഡി. മാർട്ടിൻ എഴുതുന്നു, “രക്ഷ എന്നത് ദൈവത്തോടൊപ്പമുള്ള നില പുനഃസ്ഥാപിക്കുന്നതിനെക്കാൾ അധികമാണ്; വിശ്വാസികളിലും അവർക്കുവേണ്ടിയും ദൈവം പ്രവർത്തിക്കുന്ന ഒരു പരിവർത്തനമാണിത്.”
വിശ്വാസത്തിനും സൽപ്രവൃത്തികൾക്കും വിരുദ്ധമായ ഒരു ലോകത്തിൽ നാം ജീവിക്കുന്നു എന്നതിനാൽ ക്രിസ്തുവിന്റെ പുനരുത്ഥാനശക്തി കൂടാതെ ഇതു നമുക്ക് സാദ്ധ്യമല്ല.
(എ) ഇങ്ങനെയുള്ള പ്രതികൂല സന്ദർഭങ്ങളിൽ, സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനു "സഹിഷ്ണുതയും" "ക്ഷമയും" നമുക്ക് ആവശ്യമാണ്.
a) സഹിഷ്ണുത
സഹിഷ്ണുത എന്നത് കഠിനമായ സമയങ്ങളിൽ പിടിവിടാതെ തൂങ്ങിക്കിടക്കുന്നതിനെ സൂചിപ്പിക്കുന്നു. നാം കഷ്ടപ്പാടുകളാൽ വലയുമ്പോഴും എല്ലാ സാഹചര്യങ്ങളിലും സംതൃപ്തരായിരിക്കാനുള്ള ശക്തി (ഫിലി. 4:11-13) ഇതു നൽകുന്നു. അതിനാൽ, ഇത് പരാതിപ്പെടുന്നതിനും പിറുപിറുക്കുന്നതിനും അല്ലെങ്കിൽ നിരാശിതരാകുന്നതിനും എതിരാണ്. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം അനായാസമോ മഹത്തായ ഭൗമിക പ്രതിഫലമോ നൽകുന്നതിൽ പരാജയപ്പെട്ടേക്കാം, പകരം പീഡനവും കഷ്ടപ്പാടും കൊണ്ടുവന്നേക്കാം. എന്നാൽ ഇതൊക്കെയും സഹിഷ്ണുതയോടെ നേരിടുന്നത് അതിനേക്കാൾ വലിയ ഒരു കാര്യത്തിനായി നാം കാത്തിരിക്കുന്നു എന്നതിനാലാണ്.
സുഹൃത്തുക്കളോട് മാത്രമല്ല, നമ്മോട് മോശമായി പെരുമാറുന്നവരേയും ശുശ്രൂഷിക്കുന്നതിലേക്ക് നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നു നാം ഓർക്കണം. നാം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന പ്രശ്‌നങ്ങൾ എന്നതിലുപരി ദൈവത്തെ സേവിക്കാനുള്ള അവസരമായി നാം അവയെ കാണേണ്ടതുണ്ട്. ദൈവകൃപയുടെ ഗുണഭോക്താക്കൾ എന്നതിലുപരിയായി ദൈവകൃപ മറ്റുള്ളവരിലേക്ക് എത്തിച്ചേരുന്ന ഉപകാരികളാണ് നാം.
ദൈവം ലോകത്തിൽ ചെയ്യുന്ന കാര്യങ്ങളുമായി നാം സഖ്യത്തിലാണെന്ന ബോധം നമുക്ക് ആവശ്യമാണ്. “എനിക്ക് എന്റെ നല്ല കർത്താവിനെ സഹായിക്കാനും ഒരു നല്ല ജോലി ചെയ്യാനും കഴിയുമെങ്കിൽ, എല്ലാം ശരിയാകും, ഞാൻ എന്റെ സമയം പാഴാക്കുകയില്ല.”
(b) ക്ഷമ
"ക്ഷമ" എന്നത് സഹിഷ്ണുതയിൽ നിന്ന് വ്യത്യസ്തമാണ്, കയ്പേറിയ വികാരങ്ങൾക്ക് വശംവദരാകുകയൊ ഉപദ്രവികളായ ആളുകളാൽ മുറിവേൽക്കുകയൊ ചെയ്യുമ്പോൾ പ്രകോപിതനായി തിരിച്ചടിക്കാൻ "ക്ഷമ" വിസമ്മതിക്കുന്നു. അഗസ്റ്റിൻ പറഞ്ഞു, ക്ഷമ കാണിക്കുന്നവൻ "തിന്മ സഹിക്കാതിരിക്കാൻ തിന്മ ചെയ്യുന്നതിനേക്കാൾ, അതു ചെയ്യാതിരിക്കാൻ തിന്മ സഹിക്കാനാണ് ഇഷ്ടപ്പെടുന്നത്." തന്റെ തെറ്റിപ്പോയ അടിമയായ ഒനേസിമോസിനോട് ക്ഷമ കാണിക്കാനാണ് പൗലോസ് ഫിലേമോനോടു പറയുന്നത്. എന്നാൽ ക്ഷമ സഹിഷ്‌ണുതയോടു വളരെ അടുത്തു നിൽക്കുന്നു, നമ്മുടെ എല്ലാ സാഹചര്യങ്ങളിലും നമുക്ക് ക്ഷമയോടെയിരിക്കാനാകും. ഒനേസിമോസിനോടു ഫിലേമോൻ ക്ഷമ കാണിക്കുമെന്നു പൗലോസ് പ്രതീക്ഷിക്കുന്നു.
ദൈവപ്രസാദകരമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട നാലാമത്തെ സവിശേഷത:
(4) സന്തോഷത്തോടെ നന്ദി പറയുന്നു.
സന്തോഷകരമായ കൃതജ്ഞത ക്രിസ്ത്യാനികൾക്ക് അടിസ്ഥാനവും ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ സവിശേഷതയുമാണ്. ജി.കെ. ചെസ്റ്റർട്ടൺ അഭിപ്രായപ്പെട്ടു, "നിങ്ങളുടെ ജീവിതത്തിൽ വന്നു ഭവിക്കുന്ന ഓരോ കാര്യങ്ങളേയും നിസ്സാരമായി കാണുമോ അതോ നന്ദിയോടെ സ്വീകരിക്കുമോ എന്നതാണ് പ്രധാന കാര്യം."
സന്തോഷകരമായ ഒരു വികാരത്തേക്കാൾ കൂടുതലാണ് നന്ദി ചൊല്ലൽ. പൗലോസ് നിങ്ങൾ സ്തോത്രം ചെയ്യണം എന്നത് ഒരു കൽപ്പനയായി നൽകിയിരിക്കുകയാൽ, അത് നമുക്ക് നിയന്ത്രണമില്ലാത്ത ഒരു വികാരത്തേക്കാൾ അധികമായ ഒന്നാണ്. നാം തീരുമാനിക്കേണ്ട ഒന്നാണ്. അതിനാൽ അത് നമുക്ക് വളരാൻ കഴിയുന്ന ഒരു അച്ചടക്കമായി മാറും. തുടർമാനമായി പരാതി പറയുന്നവർ ഒരിക്കലും തൃപ്തരല്ല, എപ്പോഴും ഏതെങ്കിലും വിധത്തിൽ വഞ്ചിക്കപ്പെട്ടതായി അവർക്കു തോന്നുന്നു. മറ്റെന്തെങ്കിലും നല്ലത് കണ്ടെത്താനുള്ള അവരുടെ തീവ്രമായ തിരയലിൽ അവർ പാഷണ്ഡതകൾക്ക് കൂടുതൽ വിധേയരാകുന്നു. യഥാർത്ഥ ക്രിസ്ത്യാനികൾ ദൈവകൃപ തീവ്രമായി അനുഭവിക്കുകയും അവരുടെ ജീവിതം മുഴുവൻ രൂപപ്പെടുത്താൻ ക്രിസ്തുവിൽ ദൈവം ചെയ്ത കാര്യങ്ങൾക്കുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ കൃതജ്ഞത ജീവിതത്തെ സമ്പന്നവും സന്തോഷകരവും കൂടുതൽ അത്ഭുതകരവുമാക്കുന്നു.
സുവിശേഷം പറയുന്നു: കൃതജ്ഞത എല്ലാ ജീവിതത്തെയും ഉൾക്കൊള്ളുന്നു: നല്ലതും ചീത്തയും, സന്തോഷവും ദുഃഖവും, വിശുദ്ധവും അത്ര വിശുദ്ധമല്ലാത്തതും.
ദൈനംദിന ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെയും ക്രിസ്തുവിലുള്ള ജീവിത ഔദാര്യത്തോടുള്ള നമ്മുടെ വിലമതിപ്പിനെയും ഇല്ലാതാക്കും. ആയതിനാൽ, കൃതജ്ഞത ബുദ്ധിമുട്ടുള്ള ഒരു അച്ചടക്കമാണ്.
ഒരുപക്ഷേ നമ്മുടെ ഭൗതിക സംസ്കാരം നമ്മിൽ അസംതൃപ്തി വളർത്തിയേക്കാം. എല്ലായ്‌പ്പോഴും കൂടുതൽ ആഗ്രഹിക്കാൻ പരസ്യദാതാക്കൾ നമ്മേ പ്രേരിപ്പിക്കുന്നു, ഒപ്പം പൂർത്തീകരണവും ആനന്ദവും ക്ഷേമവും ഒരു ഫോൺ കോൾ മാത്രം അകലെയാണെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. ഈ മാന്ത്രിക കാര്യങ്ങൾ ലഭിക്കാൻ, പലരും ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ "പരമാവധി" ഉപയോഗിക്കുകയും തങ്ങളെത്തന്നെ പണയപ്പെടുത്തുകയും ചെയ്യുന്നു. ഈ ഉയർന്ന കടബാധ്യതയുള്ള ജീവിതശൈലി സൃഷ്ടിക്കുന്ന ഉത്കണ്ഠ സ്വാഭാവികമായും ഏതൊരു നന്ദിബോധത്തെയും ശ്വാസം മുട്ടിക്കുന്നു. പിശാചിന്റെ പ്രലോഭനത്തോടുള്ള യേശുവിന്റെ പ്രതികരണത്തെ വിലമതിക്കാൻ കഴിയുന്നവർക്കു മാത്രമെ, {“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽ നിന്നു വരുന്ന ഓരോ വാക്കിനാലും ജീവിക്കുന്നു” (മത്താ. 4:4)} നന്ദിയോടെ ജീവിക്കുവാൻ കഴിയു.
ക്രിസ്തുവിൽ ദൈവം നമുക്കുവേണ്ടി ചെയ്തതെന്തെന്ന് ചിലപ്പോൾ നാം മറക്കുകയോ ഇതുവരെ പൂർണ്ണമായി അംഗീകരിക്കുകയോ വിലമതിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് നമ്മിലെ നന്ദികേടിന്റെ കാരണം. നാം അതിനെ എല്ലാറ്റിനേക്കാളും അധികം ഓർക്കുകയും വിലമതിക്കുകയും ചെയ്യുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ കൃതജ്ഞത വർധിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. നന്ദിയുള്ള ഒരു ആത്മാവ് നമ്മുടെ ജീവിതം പൂർണ്ണമായും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു, അല്ലാതെ നമ്മിൽത്തന്നെയല്ല എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് സ്വാർത്ഥ അഹങ്കാരത്തെ അടിച്ചമർത്തുന്നു, ഉത്കണ്ഠയേയും ഭയത്തേയും പുറത്താക്കുന്നു. അത് നമ്മുടെ വികാരങ്ങളെ ഉള്ളിലേക്ക് നയിക്കുന്നതിന് പകരം മറ്റുള്ളവരിലേക്ക് നയിക്കുന്നു.
ക്രിസ്‌ത്യാനികൾ നിത്യമായി നന്ദിയുള്ളവരായിരിക്കേണ്ടതിനു രണ്ടു കാരണങ്ങൾ പൗലോസ് ചൂണ്ടിക്കാണിക്കുന്നു—ഒന്ന്, "വെളിച്ചത്തിന്റെ രാജ്യത്തിലെ അവകാശം"; രണ്ട്, നമ്മുടെ "വീണ്ടെടുപ്പും പാപമോചനവും" (1:12, 14). ക്രിസ്തു ഈ വർത്തമാന ജീവിതം സഹനീയമാക്കുന്നു, ക്രിസ്തു തന്റെ സ്വർഗ്ഗരാജ്യത്തിൽ ഒരു പുതിയ ജീവിതം വാഗ്ദാനം ചെയ്യുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ അന്ധയും ബധിരയുമായ ഹെലൻ കെല്ലർ തന്റെ ആത്മകഥയിൽ എഴുതി: “മൂന്നു കാര്യങ്ങൾക്കായി ഞാൻ എന്റെ ജീവിതത്തിലെ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയുന്നു: അവന്റെ പ്രവൃത്തികളെക്കുറിച്ചുള്ള അറിവ് ദൈവം എനിക്ക് ഉറപ്പുനൽകിയതിന് നന്ദി; അവൻ എന്റെ ഇരുട്ടിൽ വിശ്വാസത്തിന്റെ വിളക്ക് സ്ഥാപിച്ചതിന് ആഴമായ നന്ദി; എനിക്ക് കാത്തിരിക്കാൻ മറ്റൊരു ജീവിതമുണ്ട്-വെളിച്ചവും പൂക്കളും സ്വർഗ്ഗീയ ഗാനവും കൊണ്ട് സന്തോഷകരമായ ഒരു ജീവിതം എന്നതിന് ആഴമായ നന്ദി. തനിക്ക് നിഷേധിക്കപ്പെട്ടതിനെ കുറിച്ച് ചിന്തിക്കാൻ തനിക്ക് സമയമില്ലാത്തതിനാൽ തനിക്ക് ഇത്രയധികം നൽകിയതിൽ അവൾ എപ്പോഴും സംതൃപ്തയായിരുന്നു.
അപ്പോൾ ഇതുവരെ പറഞ്ഞുവന്നത് സംഗ്രഹിച്ചുകൊണ്ട് ഞാനിതു അവസാനിപ്പിക്കുകയാണ്. ആത്മീയപക്വത പ്രാർത്ഥനയുടെ തുടർമാനതയെ കാണിക്കുന്നു. വിശ്വാസികൾ ദൈവഹിതത്തെക്കുറിച്ചുള്ള അറിവിനാൽ നിറയപ്പെടുവാൻ നാം പ്രാർത്ഥിക്കണം. എന്നാൽ ഈ അറിവ് അതിൽത്തന്നെ അവസാനിക്കാതെ ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതശൈലിയിലേക്കും, ഈ ജീവിതശൈലി ദൈവം തന്റെ പുത്രനിലൂടെ നമ്മുടെ പാപങ്ങളെ ക്ഷമിച്ചുതന്നതിൽ നന്ദിയോടെ ദൈവത്തെ സ്തുതിച്ചും, ഫലം കായ്ച്ചും, പ്രതികൂലങ്ങളെ സഹിഷ്ണുതയോടെ നേരിട്ടും കൊണ്ടുള്ള ജീവിതമായിരിക്കേണം. അതിനു ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മേ ഏവരേയും സഹായിക്കട്ടെ.
*******