top of page
കൊലൊസ്സ്യലേഖന പരമ്പര-07
P M Mathew
Aug 08, 2023

Asceticism and Control by the Spirit.
സന്യസ്ഥജീവിതവും പരിശുദ്ധാത്മനിയന്ത്രണവും.

Colossians 2:20-23

ഈയൊരു സത്യത്തിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

കൊലൊസ്സ്യർ 2:20-23

“20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ 21 മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?22 ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. 23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.”

ഒറ്റവാക്യത്തിൽ ഇതിനെ സംഗ്രഹിച്ചാൽ: മനുഷ്യനിർമ്മിതമായ മതത്തിന്റെ ചട്ടങ്ങൾക്ക് വീണുപോയ മനുഷ്യ- പ്രകൃതിയുടെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ കഴിയുകയില്ല. (Man-made, religious rules have no value to curb the real problem of our fallen human nature).

കുറച്ചുകൂടെ വിശദമായി പറഞ്ഞാൽ, കൊലോസ്യാവിശ്വാസികൾ ക്രിസ്തുവിനോടുകൂടെ മരിച്ചവരാണ്. ഇനിയിപ്പോൾ അവർ ലോകത്തിന്റെ സ്വാധീനത്തിൻ കീഴിൽ ജീവിക്കേണ്ട ആവശ്യമില്ല. ലോകത്തിന്റെ സിസ്റ്റം എന്നത് elemental spirits നാൽ നിയന്ത്രിക്കപ്പെടുന്നതും മനുഷ്യനിർമ്മിത നിയമങ്ങളാൽ നിയന്ത്രിതവുമാണ്. ഈ നിയമങ്ങൾ മതത്തിന്റെ വിജയകരമായ താക്കോലുകളാണെങ്കിലും വീണുപോയ ലോകത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ തക്ക മൂല്യമുള്ളവയല്ല.

1. വിശ്വാസികൾ ഈ ലോകത്തിനു മരിച്ചിരിക്കുന്നു

ഇവിടെ ‘മരിച്ചു എങ്കിൽ’ എന്നത് ഒരു സംശയത്തെ കാണിക്കുന്ന പ്രയോഗമല്ല, ‘if’ എന്നത് first class conditional statement ആണ്. If എന്നത് since എന്ന് പരിഭാഷ ചെയ്യാൻ കഴിയും. Since you have died with Christ. എല്ലാ സത്യവിശ്വാസികളും ക്രിസ്തുവിനോടുകൂടി മരിച്ചിരിക്കുന്നു. മരിച്ചു എന്നു പറഞ്ഞാൽ, ഈലോകക്കാരെ പോലെ നാം ഇനി ജീവിക്കുന്നില്ല എന്ന് അർത്ഥം.

തുടർന്നു നാം വായിക്കുന്നത്, ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എന്നാണ്.
"ലോകത്തിന്റെ "ആദ്യ പാഠങ്ങൾ (elimentary principles)" എന്നു പറഞ്ഞാൽ എന്താണ്?

‘ലോകത്തിന്റെ ആദ്യപാഠങ്ങൾ’ എന്നാൽ elemental spirits നാൽ നിയന്ത്രിക്കപ്പെടുന്നതും മനുഷ്യനിർമ്മിത നിയമങ്ങളാൽ നിയന്ത്രിതവുമായ മതസംവിധാനത്തേയാണ് കാണിക്കുന്നത്. ജ്ഞാനികൾ അഥവാ ലോകം ഉന്നതമായി കാണുന്ന ആളുകളുടെ ആശയങ്ങളാണിവ; എന്നാൽ അവർ വാസ്തവത്തിൽ മറ്റു മനുഷ്യരെപ്പോലെ പരിമിതികളുള്ള, ധാർമ്മികമായി അധഃപ്പതനം ബാധിച്ച മനുഷ്യരാണ്. മനുഷ്യനിർമിതമതം ഇങ്ങനെയുള്ള ആളുകളുടെ ആശയങ്ങളാൽ നിറഞ്ഞിരിക്കുന്നു. അതിൽ ഒരാശയം, നമ്മൾ ചെയ്ത തെറ്റായ കാര്യങ്ങൾക്ക് അഥവാ പാപങ്ങൾക്കു ഏതെങ്കിലും വിധത്തിൽ നാം പകരം വെയ്ക്കണം എന്നതാണ്. ത്രാസ് സന്തുലിതമാക്കാൻ തിന്മപ്രവൃത്തികൾക്കു തത്തുല്ല്യമായ നന്മ പ്രവൃത്തികൾ ചെയ്യണം. അതല്ലെങ്കിൽ ദൈവത്തിന് യോഗ്യനായിത്തീരുവാൻ നാം ഒരു നിശ്ചിത നിയമങ്ങൾ പാലിക്കണം. ഈ പ്രാഥമിക തത്വങ്ങൾ ദൈവവുമായി ഒരു യഥാർത്ഥ ബന്ധം സ്ഥാപിക്കുന്നതിനു ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരു കൂട്ടം ചട്ടങ്ങളിലേക്ക് കാര്യങ്ങളെ ചുരുക്കുന്നു.

ആത്മീയവും ഉന്നതവുമായി തോന്നുന്ന ഈ നിയമങ്ങൾ നമ്മുടെ ശ്രദ്ധ ക്രിസ്തുവിൽ നിന്ന് സ്വയത്തിലേക്ക് മാറ്റുന്നു. പരാജയപ്പെടുമ്പോൾ നമ്മോട് ക്ഷമിക്കാനുള്ള ക്രിസ്തുവിന്റെ ശക്തിയെക്കാൾ ഈ നിയമങ്ങൾ നിറവേറ്റാനുള്ള നമ്മുടെ സ്വന്തം കഴിവിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതായത്, വിശ്വാസികൾ ക്രിസ്തുവിനോടുകൂടെ മരിച്ചവരാണ്. ഇനിയിപ്പോൾ അവർ ലോകത്തിന്റെ സ്വാധീനത്തിൻ കീഴിൽ ജീവിക്കേണ്ട യാതൊരാവശ്യവുമില്ല.

2. സന്യസ്ഥജീവിതവും പരിശുദ്ധാത്മനിയന്ത്രണവും (Asceticism and Spirit Control).
ക്രിസ്തുവിനോടുകുടെ മരിച്ച ഒരു വ്യക്തി മതത്തിന്റേതായ ചട്ടവട്ടങ്ങൾക്കു മരിച്ചിരിക്കുന്നു എന്നാണ് പൗലോസ് ഇവിടെ അർത്ഥമാക്കുന്നത്. മതത്തിന്റെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ചുള്ള ഒരു ജീവിതമല്ല ഇനി നമുക്കാവശ്യമായിരിക്കുന്നത്. ഈ വക കാര്യങ്ങൾക്ക് ക്രിസ്തുവിൽ നാം മരിച്ചിരിക്കുന്നു. ഇതു വിശ്വാസികൾ പലപ്പോഴും മറന്നു പോകും. അതുകൊണ്ട് പൗലോസ് ഈ കാര്യം അവരെ വീണ്ടും ഓർപ്പിക്കുന്നു.

ഏതൊക്കെ ഉത്തരവുകളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്?

തൊടരുത്, പിടിക്കരുത്, രുചിക്കരുത് എന്നിവയാണ് ദൈവത്തെ പ്രസാദിപ്പിപ്പാൻ ലോകം അഥവാ മതങ്ങൾ വെച്ചിരിക്കുന്ന മുഖാന്തിരങ്ങൾ. ഇവ asceticism (സന്യസ്ഥം) ലീഗലിസം എന്നിവയുടെ ഭാഗങ്ങളാണ്. വിവാഹം വിലക്കുക, ചില ഭക്ഷണ പാദാർത്ഥങ്ങൾ ഒഴിവാക്കുക, ഉദാഹരണത്തിനു മത്സ്യ-മാംസാദികൾ ഒഴിവാക്കുക, ശരശയ്യയിൽ കിടക്കുക, ശരീരത്തെ പീഡിപ്പിക്കുക, ആളുകളുമായുള്ള സംബർക്കം ഒഴിവാക്കുക.

ഇങ്ങനെയുള്ള ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ ദൈവവുമായുള്ള ബന്ധം ശരിയാകും എന്നാണ് ഇങ്ങനെയുള്ളവർ വിശ്വസിക്കുന്നത്. ഈ കാര്യങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ അവർ കൂടുതൽ ആത്മീയരായി തീരും എന്നവർ ചിന്തിക്കുന്നു.

മനുഷ്യശരീരത്തോട് വളരെ കഠിനമായി പെരുമാറുക എന്നതാണ് പൊതുവേ മനുഷ്യൻ അതിനു കണ്ടുപിടിച്ച ഒരു പോംവഴി എന്നത്.. നേപ്പാളിൽ വിശുദ്ധ ഹിന്തുക്കൾ ശരീരത്തെ കയറുകൊണ്ട് കെട്ടി ബന്ധനസ്ഥനായി കിടക്കുന്ന രീതി സ്വീകരിക്കാറുണ്ട് എന്ന് ഞാൻ വായിച്ചിട്ടുണ്ട്. ഗാന്ധി തന്റെ ഭാര്യയുമായി ലൈംഗിക ബന്ധം ഉപേക്ഷിച്ച വ്യക്തിയാണ്. തന്റെ ആത്മനിയന്ത്രണത്തെ തെളിയിക്കുവാൻ രണ്ടു സ്ത്രീകളോട് കൂടെ നഗ്നരായി കിടന്നതും താൻ അവരെ തൊടാതിരുന്നതും നിങ്ങൾ പുസ്തകത്തിൽ വായിച്ചിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു.

ക്രിസ്ത്യൻ സന്ന്യസ്ഥനായ (Monk) ഓറിജൻ ക്രിസ്തുവിനെപ്രതി ഷണ്ഡനാകാൻ താൻ വന്ധ്യംകരണം നടത്തിയ വ്യക്തിയാണ്. ക്രിസ്ത്യൻ സന്ന്യാസികളിൽ പലരും, ഇതുപോലെ തങ്ങളുടെ ജഡചിന്തകളെ അതിജീവിക്കുവാൻ ഉപവസിക്കുക, ചണവസ്ത്രങ്ങൾ ധരിക്കുക, പലകക്കട്ടിലുകളിൽ കിടക്കുക, കുളിക്കാതിരിക്കുക എന്നിങ്ങനെ നിരവധി ബഹ്മചര്യ ആചരണങ്ങൾ നടത്തിയിട്ടുണ്ട്, നടത്താറുണ്ട്.

മാർട്ടിൻ ലുഥർ നല്ല തണുപ്പുള്ള രാത്രിയിൽ തനിച്ച് വസ്ത്രമൊന്നുമില്ലാതെ തന്റെ ശരീരത്തെ ഈ നിലയിൽ പീഡിപ്പിച്ച് തന്റെ ഹൃദയത്തിനു സമാധാനം കിട്ടാൻ ശ്രമിച്ചിരുന്ന വ്യക്തിയാണ്.

എന്നാൽ ഇവയെക്കൊണ്ട് വീണുപോയ മനുഷ്യന്റെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ സാധിക്കയില്ല. അതിന്റെ കാരണമാണ് 2:23 ൽ പറയുന്നത് : “23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.” പിന്നെ എങ്ങനെയാണ് ഇവയെ നിയന്തിക്കുവാനും ദൈവഹിതപ്രകാരം ഒരു വിശ്വാസിക്കു ജീവിക്കുവാനും കഴിയുക എന്നതാണ് ഇന്ന് പ്രധാനമായും നിങ്ങളോടു പറയുവാൻ ആഗ്രഹിക്കുന്നത്.

ആദവും ഹവ്വയും പാപം ചെയ്തതോടെ പാപകരമായ ആഗ്രഹങ്ങളെ നിയന്തിക്കുക എന്നത് ഒരു പ്രശ്നമായി മനുഷ്യവർഗ്ഗത്തിനു തീർന്നു. ഇതിനെ ജഡമെന്നൊ, പാപപ്രകൃതി എന്നൊ, അധിവസിക്കുന്ന പാപമെന്നൊ വിളിക്കുന്നു. എങ്ങനെയാണ് നമ്മുടെ ജഡത്തെ നിയന്ത്രിക്കുവാനായി സാധിക്കുക?

പല ക്രിസ്ത്യാനികളും കുടുതൽ വിശുദ്ധന്മാരായി തീരാൻ ഇതൊക്കെ ചെയ്യുന്നത് നല്ലതാണ് എന്ന ചിന്താഗതി വെച്ചു പുലർത്തുന്നവരാണ്. എന്നാൽ അതൊക്കെ വളരെ ദാരുണമായ സംഗതിയാണ്. ഇന്നത്തെ സഭകളിൽ ലോകമയത്വം വർദ്ധിച്ചിരിക്കുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്. എന്നാൽ നിയമങ്ങളും ചട്ടങ്ങളും കൊണ്ടോ, ലോകത്തിൽ നിന്ന് പിൻവാങ്ങി നിന്നതുകൊണ്ടോ അതിനെ പരിഹരിക്കാൻ കഴിയുകയില്ല. സഭക്ക് ആവശ്യമായിരിക്കുന്നത് അസറ്റിസിസം ആചരിക്കുകയല്ല, ആത്മാവിന്റെ ഫലമായ സ്വയ-നിയന്ത്രണം (self-control) ആചരിക്കുക എന്നതാണ്. ദൈവഭക്തി ക്രിസ്തുവിനോടുള്ള identification-താദാത്മ്യം പ്രാപിക്കലിലൂടെയാണ് സാദ്ധ്യമാകുക എന്നാണ് ഈ വേദഭാഗം നമ്മോടു പറയുന്നത്.

ശരീരം/ജഡം മോശവും ആത്മാവ് നല്ലത് എന്ന ആശയത്തിൽ നിന്നുളവായതാണ് അസറ്റിസിസം. എന്നാൽ ശരീരം നല്ലതാണ്, എന്നാൽ അതിനു നിയന്ത്രണം ആവശ്യമാണ് എന്നതാണ് ആത്മനിയന്ത്രണത്തിനു പിന്നിലെ തത്വം. നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണ്, അതു കൊണ്ട് നാം ശരീരത്തെ നന്നായി സൂക്ഷിക്കുകയും അതിനെകൊണ്ട് ദൈവത്തിനു മഹത്വം വരുത്തുകയും വേണം എന്ന് (1 Cor. 6:19-20). ബൈബിൾ പറയുന്നു. അതിനുവേണ്ടി നാം തിന്നുകയും കുടിക്കുകയും ചെയ്യുന്ന കാര്യത്തിൽ നിയന്ത്രണം വെക്കുന്നു. അധാർമ്മികതയിൽ നിന്നു നമ്മേത്തന്നെ സൂക്ഷിക്കുന്നു. മദ്യപാനം മയക്കുമരുന്ന് എന്നിവയിൽ നിന്ന് നാം ഒഴിഞ്ഞിരിക്കുന്നു.

അസറ്റിസിസവും ആത്മനിയന്ത്രണവും തമ്മിലുള്ള ചില വ്യത്യാസങ്ങൾ ഞാൻ ചൂണ്ടിക്കാട്ടുവാൻ ആഗ്രഹിക്കുന്നു.

1. അസറ്റിസിസം നമ്മുടെ ശരീരത്തെ, ഗാന്ധി ചെയ്തതുപോലെ, നമ്മുടെ ഇഛ കൊണ്ട് നിയന്ത്രിക്കുന്നതാണ്. എന്നാൽ ആത്മ-നിയന്ത്രണം, നമ്മുടെ മുഴുവൻ ജീവിതവും ക്രിസ്തുവിനു വിധേയപ്പെടുത്തി കൊടുക്കുന്നതാണ്. Ascetic will power അഥവാ സന്യാസഇച്ഛാശക്തിയിൽ, തന്റെ ശരീരത്തെ നിയന്ത്രണത്തിൽ നിർത്തുന്നു. തന്റെ ലക്ഷ്യം തന്റെ ശരീരത്തെ തന്റെ ഇച്ഛകൊണ്ട്, മനസ്സുകൊണ്ട് നിയന്ത്രിക്കുക എന്നതാണ്. എന്നാൽ ക്രിസ്തീയ ആത്മ-ത്യാഗത്തിന് ഉന്നതമായ ഒരു ലക്ഷ്യമുണ്ട്. അത് തന്റെ മുഴുവൻ ജീവിതവും ക്രിസ്തുവിന്റെ ഹിതത്തിനു വിധേയപ്പെടുത്തിക്കൊണ്ട് ക്രിസ്തുവിനെ മഹത്വപ്പെടുത്തുക എന്നതാണ്. അത് തന്റെ ജീവിതത്തെ സ്വന്ത നിയന്ത്രണത്തിൽ നിർത്തുന്നത് ഉപേക്ഷിച്ചുകൊണ്ട്, ക്രിസ്തുവിന്റെ നിയന്ത്രണത്തിനു മനസ്സോടെ അനുവദിക്കുന്നതാണ്. ആദ്യത്തേതിന്റെ മഹത്വം തനിക്കു തന്നെ ആയിരിക്കുമ്പോൾ രണ്ടാമത്തേതിന്റെ മഹത്വം ക്രിസ്തുവിനു ആകും എന്നതാണ്. തിന്നാലും കുടിച്ചാലും എന്തു ചെയ്താലും ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങൾ ചെയ്യുക.

2. അസ്റ്റിസിസം ഭൗതിക വസ്തുക്കളെ തിന്മയായി, മോശമായി എണ്ണുന്നു. ആത്മനിയന്ത്രണം വസ്തുക്കളെ ശരിയായ നിലയിൽ ഉപയോഗിക്കയും അതിൽ സന്തോഷിക്കയും ചെയ്യുന്നു. ചില വേദഭാഗങ്ങൾ ശ്രദ്ധിക്കുക:

a) 1 Tim. 6:17 “17 ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെപ്പാനും" നാം ശ്രമിക്കുക.

b) 1 Tim. 4:4 “എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല”

3. ക്രിസ്തുവിന്റെ കർത്തൃത്വത്തിൻ കീഴിൽ ശരിയായ നിലയിൽ ജീവിതം ആസ്വദിക്കുക, അതു ഭക്ഷണമായാലും, പ്രകൃതി സൗന്ദര്യമായാലും, വിവാഹബന്ധത്തിൽ ഒതുങ്ങി നിൽക്കുന്ന സെക്സ് ആയാലും, അതൊക്കെ ആസ്വദിക്കുന്നതിൽ യാതൊരു ഭക്തികേടുമില്ല.

4. അസറ്റിസിസം- സന്തോഷവും വിനോദങ്ങളും തെറ്റായി കാണുന്നു; എന്നാൽ ആത്മനിയന്ത്രണം ദൈവത്തിൽ സന്തോഷിക്കുന്നതിനും സന്തോഷത്തിന്റെ പരിപൂർണ്ണത ആസ്വദിക്കുന്നതും അനുവദിക്കുന്നു.

6. അസറ്റിസിസം, തൊടുന്നതിലും, കുടിക്കുന്നതിലും രുചിക്കുന്നതിലും നിയന്ത്രണം വെക്കുന്നു. അത് അമർത്തപ്പെട്ട ഒരു ജീവിതമാണ്. It is repressive kind of life. എന്നാൽ ആത്മനിയന്ത്രണം സ്വാതന്ത്ര്യത്തിനുള്ള താക്കോൽ ആണ്. ഒരു disciplined athlete പലതിനും വർജ്ജനം ആചരിക്കുന്നു. നോഹ ഒരു പക്ഷെ അഹറോൻ കഴിക്കുന്ന ഭക്ഷണം കഴിച്ചില്ല എന്നു വരാം. നോഹ നടത്തുന്ന പ്രാക്ടീസ് അഹറോനും നടത്തുന്നില്ല. പ്രശസ്ത സംഗീതജ്ഞനായ കുട്ടിയച്ചൻ സഹോദരൻ തന്റെ തൊണ്ട നന്നായി സൂക്ഷിക്കാൻ ചില ഭക്ഷണ പദാർത്ഥങ്ങൾ ത്യജിക്കുന്നു. (നാം അവരെക്കാളും സ്വതന്ത്രരായതുകൊണ്ട് ഇതൊന്നും നമുക്ക് നോക്കേണ്ട ആവശ്യമില്ല.) അവരെ പോലെ ഒരു ആത്മനിയന്ത്രണമുള്ള ക്രിസ്ത്യാനി കർത്താവിനെ മനസ്സോടെ അനുസരിക്കയും പാപം ചെയ്യാതെ ഇരിക്കയും ചെയ്യുന്നു. അവർക്കത് കഴിപ്പാനൊ കഴിക്കാതിരിക്കാനൊ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതെല്ലാം തന്റെ നന്മക്കാണെന്ന് മനസ്സിലാക്കി മനസ്സോടെ അവർ ചെയ്യുന്നു.

6. അസറ്റിസിസം ജഡത്തിൽ നിന്നു ഉടലെടുക്കുകയും അതു പലപ്പോഴും പാപത്തിലേക്ക് നയിക്കയും ചെയ്യുന്നു. കൊലോസ്യയിലെ ദുരുപദേഷ്ടാക്കൾ അവരുടെ ജഡമനസ്സിൽ ചീർത്തിരിക്കുന്നു എന്ന് (Col. 2:18) ൽ പറയുന്നു. വീണ്ടും Colossians 2:23 ൽ നാം കാണുന്നത് : “23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.” (“while the rules of the false teachers may seem to promote godliness, in actuality, they are “of no value against fleshly indulgence”).

7. ലീഗലിസത്തിന്റെ മറുമരുന്നു licentiousness നിയമരാഹിത്യമല്ല. ഇവരണ്ടും ഒരമ്മപെറ്റ ഇരട്ടമക്കളാണ്. രണ്ടും operate ചെയ്യുന്നത് ജഡത്തിൽ നിന്നാണ്. ലീഗലിസ്റ്റുകളായ പരീശന്മാരെ യേശു കുറ്റപ്പെടുത്തിയത് സകല അശുദ്ധിയും കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നവർ എന്നാണ്. മത്തായി 23:25.27-28 “25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. 26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ;” മനുഷ്യനിർമ്മിത ചട്ടങ്ങളും ബാഹ്യമായ നിയന്ത്രണങ്ങളും ജഡത്തെ നിയന്ത്രിക്കാൻ പര്യാപ്തമല്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവിൽ മാത്രമെ ജഡനിയന്ത്രണവും ആത്മാവിന്റെ ഫലമായ ആത്മനിയന്ത്രണവും നമ്മിൽ ഉളവാകയുള്ളു (ഗലാ 5:23). അത് പരിശുദ്ധാന്മാവിൽ നിന്ന് വരികയും അത് യഥാർത്ഥ ഭക്തിയിലേക്ക് നയിക്കയും ചെയ്യുന്നു.

8. അസറ്റിസിസം ദൈവത്തിനു നിന്നു സ്വീകാര്യത പ്രാപിപ്പാൻ വേണ്ടിയുള്ള പ്രചോദനത്തിൽ നിന്നു വരുന്നതാണ്. എന്നാൽ ആത്മനിയന്ത്രണം ദൈവം തങ്ങളെ സ്വീകരിച്ചിരിക്കുന്നു എന്ന ബോദ്ധ്യത്തിൽ നിന്നു വരുന്നതാണ്. അസറ്റിക് ആയ വ്യക്തി പലപ്പോഴും തങ്ങളെ ദൈവ സ്വീകാര്യരായി തീർക്കാൻവേണ്ടിയാണ് ശരീരത്തെ ദണ്ഡിപ്പിക്കുന്നത്. തന്റെ പാപത്തിനു താൻ തന്നെ പ്രായശ്ചിത്തം വരുത്തുന്നു എന്നും തങ്ങളുടെ തീവ്രപശ്ചാത്താപം ദൈവത്തിന്റെ ആനുകൂല്യം പ്രാപിപ്പാൻ മതിയായതെന്നും അങ്ങനെയുള്ളവർ ചിന്തിക്കുന്നു. എന്നാൽ ക്രിസ്തീയ ആത്മനിയന്ത്രണം ദൈവം തന്റെ കൃപയിൽ ക്രിസ്തുവിൽ നമ്മേ അംഗീകരിച്ചിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു എന്ന പ്ലാറ്റ്ഫോമിൽ നിന്ന് പ്രവർത്തിക്കുന്നു. ആത്മനിയന്ത്രണത്തിനു പിന്നിലെ ചേതോവികാരം ദൈവത്തിന്റെ ആനുകൂല്യം പിടിച്ചു പറ്റുന്നതിൽ നിന്നല്ല, മറിച്ചു ക്രിസ്തു നമ്മേ സ്നേഹിച്ചതിനാലും തനിക്കുവേണ്ടി മരിച്ചതിനാലും ദൈവത്തിനു പ്രസാദകരമായ കാര്യം നാം ചെയ്യുകയാണ്.

ഭക്തിയോടെ ജീവിക്കാൻ അസറ്റിസിസം കൊണ്ട് സാധിക്കയില്ല എങ്കിൽ പിന്നെ അതിനുള്ള മാർഗ്ഗമെന്താണ്. അതിനുള്ള മാർഗ്ഗമെന്താണ്? അത് നമ്മുടെ രണ്ടാമത്തെ പോയിന്റിലേക്കു നമ്മേ നയിക്കുന്നു. അത് ക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കുക എന്നതാണ്.
3. ക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കുക

2:20-ാം വാക്യം “20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ”. ഇതേ സത്യം തന്നെ 3:1-4 വരെ വാക്യങ്ങളിലും പൗലോസ് പറയുന്നുണ്ട് : “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.”

ക്രിസ്തുവിനോട് identify ചെയ്യുക അഥവ താദാത്മ്യം പ്രാപിക്കുക എന്നു പറഞ്ഞാൽ എന്താണ് എന്നു നോക്കാം.

ക്രിസ്തു നിങ്ങളുടെ രക്ഷകനാണെന്ന് വിശ്വസിക്കുന്നു എങ്കിൽ, യേശു ക്രൂശിൽ മരിച്ചു എന്നു അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്തപ്പോൾ നിങ്ങളും ക്രിസ്തുവിനോടുകൂടെ മരിച്ചിരിക്കുന്നു. ദൈവത്തിന്റെ ന്യായപ്രമാണം ഒരു ശാപം മനുഷ്യവർഗ്ഗത്തിന്മേൽ വരുത്തി, കാരണം ദൈവത്തിന്റെ ന്യായപ്രമാണം പല ആവർത്തി നാം ലംഘിച്ചവരാണ്. നാമെല്ലാവരും ദൈവത്തിനുമുന്നിൽ മരണത്തിനു വിധിക്കപ്പെട്ടവരാണ്. എന്നാൽ യേശു ന്യായപ്രമാണത്തിൻ കീഴെ ജനിച്ചു, ന്യായപ്രമാണം പൂർണ്ണമായി അനുസരിച്ചു. തന്റെ മരണം ന്യായപ്രമാണത്തിന്റെ എല്ലാ ഡിമാന്റ്സും നിവൃത്തിച്ചു. നാം ക്രിസ്തുവിൽ ആയതിനാൽ, നാമും ന്യായപ്രമാണത്തിനു മരിച്ചു. ഇനി ന്യായപ്രമാണത്തിനു നമ്മുടെ മേൽ ശക്തിയൊ അധികാരമൊ ഇല്ല, കാരണം നാം ക്രിസ്തുവിലാണ്.

ഒരുപക്ഷെ നമുക്ക് ഈ സത്യം അനുഭവപരമായി തീർന്നിരിക്കയില്ല. എന്നാലിതു ദൈവത്തിനു മുന്നിൽ ഒരു നിയമപരമായ വസ്തുതയാണ്/യാഥാർത്ഥ്യമാണ്. ഇതു സത്യമാണെന്ന് അറിഞ്ഞുകൊണ്ട് പ്രവർത്തിച്ചാൽ, അതു ന്യായപ്രമാണപ്രകാരമുള്ള പാപത്തിൽ നിന്നും മരണത്തിൽ നിന്നും സ്വതന്ത്ര്യം വരുത്തുകയും, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ഒരു വിശുദ്ധജീവിതത്തിനു നമ്മേ സഹായിക്കയും ചെയ്യുന്നു. റോമാലേഖനം 8:1-4 ഇതാണ് പറയുന്നത്.

“അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. 3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.

"4 ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.”

ബൈബിളിൽ എപ്പോഴും മരണം എന്നത് വേർപാടിനെ കാണിക്കുന്നു. ന്യായപ്രമാണത്തിനു മരിച്ചിരിക്കുന്നു എന്നു പറഞ്ഞാൽ ന്യായപ്രമാണത്തിന്റെ വാഴ്ചയിൽ നിന്ന്/jurisdiction നിന്നു നാം വേർപെട്ടിരിക്കുന്നു, ന്യായപ്രമാണം ഇനി നമ്മേ കുറ്റം വിധിക്കയില്ല.

ഉദാഹരണത്തിനു കാഷ്മീരിൽ വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ നിരോധനാഞ്ഞ/curfew ആണെന്ന് കരുതുക. അവിടെ നിന്നും ഒരാൾ വന്ന് കേരളത്തിൽ താമസിക്കുന്നു എന്നു കരുതുക. അയാൾ ഇപ്പോൾ കാഷ്മീരിലെ നിയമത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച വ്യക്തിയാണ്. അയാൾ ഇവിടെ താമസിക്കുന്നിടത്തോളം കാഷ്മീരിലെ നിയമം കേരളത്തിൽ തനിക്കു ബാധകമായിരിക്കയില്ല. തനിക്കിവിടെ വൈകുന്നേരം ആറു മണി കഴിഞ്ഞാലും പുറത്തിറങ്ങാം, യാത്ര ചെയ്യാം. കാരണം താൻ തന്റെ ദേശത്തെ നിയമത്തിൻ കീഴിലല്ല, ഇവിടെ ജീവിക്കുന്നത്. താൻ അവിടുത്തെ നിയമത്തിൽ നിന്നും വേർപെട്ട വ്യക്തിയാണ്. തനിക്കിവിടുത്തെ സ്വാതന്ത്ര്യത്തിനനുസരിച്ചു ജീവിക്കാം.

റോമാലേഖനം 7: 6 ൽ പൗലോസ് ഇപ്രകാരം പറയുന്നു : “6 ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.”

ഇനി ഗലാ 2:19-20 നോക്കാം “19 ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു. 20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു;”

ഭക്തിയോടെയുള്ള ജീവിതം നമ്മിൽ വരുന്നത് ക്രിസ്തുവിനോടുകൂടെ അവന്റെ മരണത്തിനോട് Identify താദാത്മ്യം പ്രാപിക്കലിലൂടെയാണ് സാധ്യമായി തീരുന്നത്. അല്ലാതെ ചില നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതിലൂടെയല്ല.

അതുകൊണ്ട് നമ്മുടെ ജഡത്തെ നിയന്ത്രണ വിധേയമാക്കുവാൻ ആശ്രമ ജീവിതമൊ, ശരീരത്തെ പട്ടിണിക്കിടുന്നതൊ പീഡിപ്പിക്കുന്നതൊ സഹായിക്കുകയില്ല. ദൈവഭക്തിയോടെ ജീവിക്കുവാനും പാപത്തിനുമേൽ ജയം നേടുവാനും നിങ്ങൾ ക്രിസ്തുവിൽ ആരായിരിക്കുന്നു എന്നു മനസ്സിലാക്കി അവനോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് ജീവിക്കുകയാണ് വേണ്ടത്.

ചില ചോദ്യങ്ങൾ

1. ഇങ്ങനെ അസറ്റിസിസം ആചരിക്കണം എന്ന് പറയുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങളതിനു ശ്രമിച്ചു നോക്കിയിട്ടുണ്ട്?
2. മോഹത്തിന്റെ പിടിയിൽ പെട്ട ഒരു യവ്വനക്കാരനെ, ഇന്റർനെറ്റ്, ഫോർന്നോഗ്രാഫി എന്നിവയുടെ പിടിയിൽ നിന്ന് എങ്ങനെ ഒരുവനെ മോചിപ്പിക്കുവാൻ സാധിക്കും?
3. ആത്മനിയന്ത്രണം ദൈവികമായ നന്മയും അസറ്റിസിസം അങ്ങനെയുള്ളതല്ല. ഇത് അതിർ വരമ്പ് ലംഘിക്കുന്നു എന്ന് എങ്ങനെ മനസ്സിലാക്കാം.
4. ക്രിസ്തുവിൽ ഞാൻ പാപത്തിനു മരിച്ചിരിക്കുന്നു, പക്ഷെ എന്റെ അനുഭവത്തിൽ അങ്ങനെ എനിക്കു തോന്നുന്നില്ല. എങ്ങനെ നിങ്ങൾക്ക് ആ വ്യക്തിയെ കൗണസൽ ചെയ്യാൻ സാധിക്കും?

*******

© 2020 by P M Mathew, Cochin

bottom of page