
നിത്യജീവൻ
.jpg)
കൊലൊസ്സ്യലേഖന പരമ്പര-06
P M Mathew
OCT 30, 2022
Walk with the Lord Christ Jesus.
കർത്താവായ ക്രിസ്തുയേശുവിനൊപ്പം നടക്കുക
Colossians 2:6-7
എന്നാൽ ആ അത്ഭുതകരമായ വികാരങ്ങൾ യാന്ത്രികമായി നിലനിൽക്കില്ല. പരീക്ഷകളും നിരാശകളും നിങ്ങളുടെ ജീവിതത്തിൽ വരും. നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങൾ എന്തെങ്കിലും പ്രാർത്ഥിക്കുന്നു, പക്ഷേ ദൈവം ഉത്തരം നൽകുന്നില്ല. നിങ്ങളിൽ പല സംശയങ്ങളും ഉടലെടുക്കുന്നു. പഴയ സുഹൃത്തുക്കൾ നിങ്ങളെ കളിയാക്കുകയൊ നിങ്ങളുടെ വിശ്വാസത്തെ പരിഹസിക്കുകയൊ ചെയ്തേക്കാം. നിങ്ങൾ വിവാഹിതനും, അതിൽ ഒരാൾ അവിശ്വാസിയുമാണെങ്കിൽ, നിങ്ങളുടെ വ്യത്യാസപ്പെട്ട ജീവിതം, ഒരു പക്ഷെ നിങ്ങളുടെ ഇണയെപ്പോലും സന്തോഷിപ്പിച്ചു എന്നു വരികയില്ല. വഴക്കും ശത്രുതയും ദുരുപയോഗം ചെയ്യപ്പെടലുമൊക്കെ സംഭവിച്ചേക്കാം. നിങ്ങൾ പ്രതീക്ഷിച്ചതും പ്രാർത്ഥിച്ചതും പോലെ നിങ്ങളുടെ കുട്ടികൾ നന്നായി വളർന്നുവന്നു എന്നു വരികയില്ല. അപ്പോഴും നിങ്ങൾ ക്രിസ്തുവിനോടു കൂറു പുലർത്തി ജീവിക്കുമൊ?
ദൗർഭാഗ്യമെന്നു പറയട്ടെ, തങ്ങൾ നേരിടുന്ന പരീക്ഷകൾ നിമിത്തം ചിലർ ദൈവത്തോട് കയ്പുള്ളവരായി തീരുന്നു. ചിലർ കൾട്ടു പ്രസ്ഥാനങ്ങളിലേക്കു ചേക്കേറുന്നു. മറ്റു ചിലർ ഒരു സാധാരണ വിവാഹജീവിതം പോലെ, യാതൊരു സന്തോഷവും ഉത്സാഹവുമില്ലാതെ ക്രിസ്തീയജീവിതം നയിക്കുന്നു. ഒരു കടമ നിർവ്വഹിക്കുന്നതുപോലെ ആരാധനയിലും മറ്റു പരിപാടികളിലും പങ്കുകൊള്ളുന്നു. അവർ യേശുവിന്റെ സ്നേഹം ആസ്വദിക്കുന്നില്ല. അവരെ സന്തോഷിപ്പിക്കും എന്നു വാഗ്ദാനം ചെയ്യുന്ന ഭൗതിക വസ്തുക്കൾ ശേഖരിച്ച് അവർ തങ്ങളിൽ ഉളവായ ശൂന്യത നികത്തുവാൻ ശ്രമിക്കുന്നു. ചിലർ പ്രലോഭനങ്ങൾക്ക് വഴങ്ങുന്നു, അനാശാസ്യബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ ശ്രമിക്കുന്നു. അങ്ങനെ ക്രിസ്തുവിൽ നിന്ന് കൂടുതൽ കുടുതൽ അകന്നകന്ന് പോകുന്നു.
അപ്പോൾ എങ്ങനെയാണ് ക്രിസ്തുവിനോടുള്ള ആദ്യസ്നേഹം നിലനിർത്തുകയും ക്രിസ്തുവിനൊപ്പം ജീവിക്കുകയും ചെയ്യുക? ഇപ്പോൾ നിങ്ങളുടെ ക്രിസ്തുവിനൊപ്പമുള്ള നടപ്പ് എങ്ങനെയാണ്? ക്രിസ്തുവിനോടുള്ള ആദ്യ സ്നേഹത്തെ എങ്ങനെയാണ് പുതുമയുള്ളതും ആസ്വദ്യകരവുമായി നിലനിർത്തുന്നത്?
ഈ ചോദ്യങ്ങൾക്കു അപ്പോ. പൗലോസ് നൽകുന്ന ഉത്തരമാണ് ഇന്നത്തെ എന്റെ പ്രസംഗവിഷയം. വളരെ ലളിതവും എന്നാൽ പ്രായോഗികമാക്കാൻ നാം മറന്നുപോകുന്നതുമായ ഒരു വേദഭാഗത്തിൽ നിന്നാണ് ഇന്നു ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്. അതിനായി കൊലൊസ്സ്യലേഖനം രണ്ടാം അദ്ധ്യായം അതിന്റെ 6- 7 വാക്യങ്ങൾ നമുക്ക് നോക്കാം.
കൊലൊസ്സ്യർ 2:6-7
"6ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; 7 അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ."
"ആകയാൽ" എന്നു പറഞ്ഞുകൊണ്ടാണ് ഈ വേദഭാഗം ആരംഭിക്കുന്നത്. അതായത്, മുകളിൽ പറഞ്ഞ കാരണത്താൽ, നിങ്ങൾ ഇന്നത് ചെയ്യണം എന്നാണ് ഈ വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.
ഇതിനു മുന്നിലത്തെ, അതായത് 2: 1-5 വരെ വാക്യങ്ങളിൽ പറയുന്നത്, പൗലോസിനെ കൊലൊസ്സ്യ വിശ്വാസികൾ കണ്ടിട്ടില്ലെങ്കിലും അവരെക്കുറിച്ച് തനിക്കു വളരെ concern/ആശങ്ക/ഉത്കണ്ഠയുണ്ട് എന്നാണ്. തന്റെ ആശങ്കക്കു കാരണം, അവർ ക്രിസ്തുവിൽ തികഞ്ഞവരായി തീരണം, അഥവാ അവർ വിശ്വാസത്തിൽ പക്വത കൈവരിക്കണം എന്നതാണ്. അവർക്കു ക്രിസ്തുവിനോടു തികഞ്ഞ സ്നേഹവും കുറും വർദ്ധിക്കണം. അവർ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറക്കണം. അതിനു വേണ്ടി യേശുക്രിസ്തു വാസ്തവത്തിൽ ആരാണ് എന്ന് അവരുടെ മുൻപിൽ വരച്ചു കാണിക്കുകയാണ് പൗലോസ്.
ഒന്നാം അധ്യായത്തിന്റെ 15-20 വരെ വാക്യങ്ങളിൽ, പൗലോസ് യേശുക്രിസ്തുവിന്റെ നിസ്തുല്ല്യതയെ എടുത്തുകാണിക്കുന്ന ഒരു എബ്രായകവിത രേഖപ്പെടുത്തുന്നു.
രണ്ടു stanza/ചരണങ്ങളുള്ള ഒരു കവിതയാണിത്. ഇതിന്റെ ഒന്നാമത്തെ ചരണം യേശു ദൈവത്തിന്റെ പ്രതിമയാണെന്ന് പറയുന്നു. അതായത്, ദൈവത്തിന്റെ പൂർണ്ണസ്വഭാവവും ഉദ്ദേശ്യവും യേശുവിൽ കുടികൊള്ളുന്നു. "അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു" (2:15). ഇത് വളരെ തർക്കവിതർക്കങ്ങൾക്ക് വഴിവെച്ചിട്ടുള്ള ഒരു വാകൃമാണ്. അതേ സമയം, യേശുവിന്റെ ഔന്നതൃത്തെ ഏറ്റവും വൃക്തമായി ചിത്രീകരിക്കുന്ന വാകൃവും കൂടിയാണ് ഇത്. യഹോവ സാക്ഷികൾ ഈ വാക്യത്തെ വികലമായി വ്യാഖ്യാനിച്ചുകൊണ്ട് യേശുക്രിസ്തു ദൈവത്തിന്റെ ആദ്യസൃഷ്ടിയാണെന്ന് വാദിക്കുന്നു. എന്നാൽ ആദ്യജാതൻ എന്ന വാക്കുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്, സകലത്തിലും പ്രഥമസ്ഥാനം (pre-eminent) ഉള്ളവൻ എന്നാണ്. സകലത്തിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നവൻ. 18-ാം വാക്യത്തിൽ ആദ്യജാതൻ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നു പറയുന്നത് നോക്കുക: "സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു" "മുമ്പനാകുക" എന്നതാണ് ആദ്യനായി എഴുനന്നേറ്റതിന്റെ ഉദ്ദേശ്യമെന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇംഗ്ലീഷ് പരിഭാഷ നോക്കിയാൽ അതു കൂടുതൽ വ്യക്തമാകും: "He is the beginning, the firstborn from the dead, that in everything he might be preeminent" (esv). that എന്ന വാക്ക് ആദ്യത്തെ caluse ന്റെ purpose നെ കാണിക്കുന്നു
പഴയനിയമത്തിലെ ആദ്യജാതൻ എന്ന പ്രയോഗം അധികാരത്തേയും അവകാശത്തേയുമാണ് കാണിക്കുന്നത്. അതായത്, യേശുവിന്റെ രാജകീയ പദവിയെയും അധികാരത്തേയും അവകാശത്തേയുമാണ് കാണിക്കുന്നത്. താൻ സൃഷ്ടാവായ ദൈവത്തിന്റെ essence/സത്ത പങ്കുവെക്കുന്നവനാണ്. സകലപ്രപഞ്ചവും, സൃഷ്ടിച്ചത് യേശുവാണ്. അതിൽ മനുഷ്യനും സകല ജീവജാലങ്ങളും മാത്രമല്ല, ആകാശത്തിലെ ആത്മീയ ശക്തികളായ എല്ലാ വാഴ്ചകളും അധികാരങ്ങളും ഉൾപ്പെടുന്നു. നല്ല ദൂതന്മാരും മോശം ദൂതന്മാരും എല്ലാം യേശുക്രിസ്തുവിന്റെ സൃഷ്ടിയാണ്.
രണ്ടാമത്തെ ചരണത്തിൽ, ഒരു പുതിയ സൃഷ്ടി അഥവാ ഒരു പുതിയസമൂഹത്തെ കൊണ്ടുവരുന്നത് യേശുവാണെന്ന് പൗലോസ് പറയുന്നു. അവൻ ഈ പുതിയ ശരീരത്തിന്റെ അഥവാ സഭയുടെ തലയാണ്. അവനിൽ ദൈവത്തിന്റെ മഹത്വമുള്ള ദേവാലയസാന്നിധ്യം കുടികൊള്ളുന്നു. യേശുവിന്റെ മരണ-പുനരുത്ഥാനത്തിലൂടെയാണ് മനുഷ്യരാശിയെ ദൈവത്തോടു നിരപ്പിക്കുന്നത്. ഇതിലെല്ലാം യേശുക്രിസ്തുവിനു പ്രഥമസ്ഥാനം ഉണ്ടാകണമെന്ന് പിതാവാം ദൈവം ആഗ്രഹിച്ചു. യേശുക്രിസ്തുവിലാണ് നാം "വീണ്ടെടുപ്പും പാപമോചനവും" പ്രാപിച്ചിരിക്കുന്നത് (കൊലോ. 1:14).
തുടർന്ന് 2 ന്റെ മൂന്നാം വാക്യത്തിൽ പൗലോസ് പറയുന്നു: "അവനിൽ ജ്ഞാനത്തിന്റേയും പരിജ്ഞാനത്തിന്റേയും നിക്ഷേപങ്ങൾ ഒക്കേയും ഗുപ്തമായിട്ട് ഇരിക്കുന്നു." In Him are "hidden all the treasures of wisdom and knowledge".
കൊലോസ്സ്യയിൽ എത്തിയ ദുരൂപദേഷ്ടാക്കൾ "ആത്മീയമായ പക്വത കൈവരിക്കണമെങ്കിൽ യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രം പോര, ഈ ഉപദേഷ്ടാക്കന്മാർക്കുള്ള മിസ്റ്റിക്കൽ അഥവ ഗുപ്തമായ, രഹസ്യാന്മകമായ ജ്ഞാനം/അറിവ് അവരിൽ നിന്നും വിശ്വാസികൾ പ്രാപിക്കണം എന്നവർ പഠിപ്പിച്ചു. അവർക്ക് ദൂതന്മാരെക്കുറിച്ച് വളരെ പരിജ്ഞാനവും ദർശനവും ഉണ്ട്. മാത്രവുമല്ല, അവർക്കു ഗ്രീക്ക് തത്വചിന്ത വശമാണ്. ആ പരിജ്ഞാനവും ദർശനവും കൊലൊസ്സ്യയിലെ വിശ്വാസികൾ പ്രാപിക്കണം; എങ്കിൽ മാത്രമെ അവരുടെ രക്ഷ പൂർണ്ണമാവുകയുള്ളു. എങ്കിൽമാത്രമെ ആത്മീയമായി വളരുകയുള്ളു എന്നവർ ഉപദേശിച്ചു. ഈ ദുരൂപദേശമാണ് അപ്പൊസ്തലനെ ആശങ്കയിലാക്കിയത്. കാരണം അവരുടെ ശ്രദ്ധ യേശുക്രിസ്തുവിൽ നിന്നു മാറിപ്പോകുന്നു. അവർ സുവിശേഷത്തിൽ നിന്നു വ്യതിചലിച്ചുപോകുന്നു. അതല്ലെങ്കിൽ വേറൊരു സുവിശേഷത്തിലേക്ക് അവർ മറിയുന്നു. യേശുവിനോടുള്ള കൂറു വിട്ട് തത്വചിന്തയിലേക്കും വശീകരണ വാക്കുകളിലേക്കും തിരിയുന്നു. അതുകൊണ്ട് നാലാം വാക്യത്തിൽ പൗലോസ് പറയുന്നു: "4വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു".
ഇന്ന് ഇതിനു സമാനമായി, യഹോവ സാക്ഷികളുടെ വശീകരണ വാക്കുകളെയും, prosperity gospel പ്രസംഗിക്കുന്നവരേയും നമുക്കു കാണാം. യഹോവസാക്ഷികൾ വിശ്വാസികളെ തെറ്റിക്കാൻ യേശു ദൈവത്തിന്റെ ആദ്യ സൃഷ്ടിയാണെന്നും യേശുവിനെ ആരാധിക്കരുത് എന്നും പറഞ്ഞ് ആളുകളെ വഞ്ചിക്കുന്നു. യേശുവിനെ ഒരു കുട്ടി-ദൈവമായിട്ടാണ് യഹോവ സാക്ഷികൾ കാണുന്നത്. ആളുകളെ ചാക്കിട്ട് അവരോടു കൂടെ കൂട്ടുന്നവർക്കാണ് രക്ഷയുള്ളത്. ത്രീയെക ദൈവമെന്ന ആശയം അവർക്കില്ല. അതുകൊണ്ട് അവർക്കു രക്ഷ എന്നൊന്നില്ല.
പിന്നെ വിശ്വാസത്തിൽ വന്നാൽ എല്ലാവർക്കു സമ്പത്തും എല്ലാ രോഗത്തിനും സൗഖ്യവും പ്രഘോഷിക്കുന്ന prosperity gospel/ സമ്പത്തിന്റെ സുവിശേഷമാണ്. ചില പെന്തക്കോസ്ത് വിഭാഗങ്ങൾ ഈ health and wealth സുവിശേഷം പ്രസംഗിക്കുന്നവരാണ്. ഈ പ്രസംഗം നടത്തുന്ന വ്യക്തികൾ പാവപ്പെട്ട ജനത്തിന്റെ പണത്തിന്റെ പങ്കുപറ്റി സമ്പന്നന്മാരായി തീർന്നു എന്നു വരാം. എന്നാൽ ഈ പ്രസംഗം നടത്തുന്ന അവരുടെ സഭയിലെ എല്ലാ ആളുകളും സമ്പന്നരൊ എല്ലാ രോഗങ്ങൾക്കും സൗഖ്യമുള്ളവരൊ അല്ല. യേശുക്രിസ്തൂവിൽ വിശ്വസിക്കുന്നവർക്ക് ദൈവത്തിന്റെ കൃപ അധികമായി ലഭിക്കുന്നതുമൂലം അഭിവൃത്തിയുണ്ടാകും; അവരുടെ അനവധി പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുകയും ചെയ്യും എന്നത് ശരിയാണ്. എന്നാൽ എല്ലാ വിശ്വാസികളും സാമ്പത്തികമായി സമ്പന്നന്മാരായി തീരുകയൊ അവരുടെ എല്ലാ രോഗത്തിനും സൗഖ്യം പ്രാപിക്കുകയൊ ചെയ്യുകയില്ല എന്നത് നമ്മുടെ പ്രായോഗിക അനുഭവത്തിൽ നിന്നു വ്യക്തമാണ്. എന്നാൽ സങ്കടകരമെന്ന് പറയട്ടെ പല ആളുകളും ക്രിസ്തുവിനോടുള്ള ഏകാഗ്രത വിട്ട് ഇങ്ങനെയുള്ള ദുരൂപദേശങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും തിരിയുന്നു. അവരെക്കുറിച്ച് പൗലോസ് വളരെ ആശങ്കപ്പെടുന്നു.
അതുകൊണ്ട് പൗലോസ് പറയുന്നു: നിങ്ങൾ വശീകരണ വാക്കുകളിലേക്കും തത്വചിന്തയിലേക്കും തിരിയരുത്. യേശുക്രിസ്തുവിൽ ജ്ഞാനത്തിന്റേയും പരിജ്ഞാനത്തിന്റേയും നിക്ഷേപങ്ങൾ ഒക്കേയും ഗുപ്തമായിട്ട് ഇരിക്കുന്നു. അവനെ വിട്ട് നിങ്ങൾ മറ്റൊരിടത്തേയ്ക്കും പോകരുത്.
പിന്നെ എന്താണ് നിങ്ങൾ ചെയ്യേണ്ടത് എന്നാണ് പൗലോസ് തുടർന്നു പറയുന്നത്. കൊലൊസ്സ്യർ 2:6: "ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;"
ഇവിടെ പൗലോസ് ക്രിസ്തുവിനെ കൃപയാൽ വിശ്വാസത്തിലൂടെ എങ്ങനെ സ്വീകരിച്ചു എന്നതിനെക്കുറിച്ചല്ല, മറിച്ച് അവർ ആരെയാണ് സ്വീകരിച്ചത് എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതായത്, കർത്താവായ ക്രിസ്തുയേശുവിലാണ് ശ്രദ്ധ. അതുകൊണ്ട് ഒന്നാമതായി ഈ വേദഭാഗത്തുനിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം:
1. കർത്താവായ ക്രിസ്തുയേശുവിനെയാണ് നാം സ്വീകരിച്ചത്.
ഒരുവൻ രക്ഷിക്കപ്പെടുമ്പോൾ അവൻ കർത്താവായ ക്രിസ്തുയേശുവിനെയാണ് സ്വീകരിക്കുന്നത്. ഈ പ്രയോഗം എന്താണ് വാസ്തവത്തിൽ അർത്ഥമാക്കുന്നത് എന്ന് നമുക്കു പരിശോധിക്കാം.
ഈ വേദഭാഗത്തിന്റെ പശ്ചാത്തലമെന്നത്, വ്യാജ ഉപദേഷ്ടാക്കന്മാർ തങ്ങളുടെ വശീകരണ വാക്കുകളും തത്ത്വചിന്തകളും ഉപയോഗിച്ച് യേശുക്രിസ്തുവിനെ ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ നിന്നു മാറ്റിനിർത്താനോ, തന്റെ കേന്ദ്രീയസ്ഥാനം എടുത്തുകളയാനൊ ശ്രമിച്ചു. അവർ ഒരുപക്ഷേ ക്രിസ്തുവിനെ പരസ്യമായി നിഷേധിക്കുകയായിരുന്നില്ല, മറിച്ച്, പരിപൂർണ്ണരക്ഷ പ്രാപിക്കണമെങ്കിൽ അവരുടെ രഹസ്യങ്ങൾ നിങ്ങൾ പഠിക്കണമെന്ന് പറയുകയായിരുന്നു. നിങ്ങൾ അവരുടെ മനുഷ്യനിർമിത നിയമങ്ങൾ പാലിക്കണം. നിങ്ങൾ ദൂതന്മാരെ ആരാധിക്കുകയും അവർ കണ്ട ദർശനങ്ങൾ മനസ്സിലാക്കുകയും വേണം (കൊലോ. 2:18, 20-23). ക്രിസ്തു മാത്രം പോരാ.
എന്നാൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ പ്രഖ്യാപിച്ചതും, എപ്പഫ്രാസിന്റെ പ്രസംഗത്തിലൂടെ കൊലൊസ്സ്യർ വിശ്വസിച്ചതുമായ യേശുക്രിസ്തുവിനെലവർ നന്നായി മനസ്സിലാക്കണമെന്ന് പൗലോസ് ആഗ്രഹിച്ചു. കൊലോസ്സ്യ വിശ്വാസികളിൽ വസിച്ചതും, ഓരോ വ്യക്തിയെയും ക്രിസ്തുവിൽ തികഞ്ഞവരായി നിർത്തുമെന്ന് പൗലോസ് പ്രഖ്യാപിച്ചതും ഈ ക്രിസ്തുവാണ് (കൊലോ. 1:27-28).
നാം ദൈവത്തിൽ നിന്ന് അകന്നവരും ദൈവത്തോട് ശത്രുത പുലർത്തുന്നവരുമായിരുന്നിട്ടുകുടി, ക്രിസ്തു തന്റെ മരണത്തിലൂടെ നമ്മെ ദൈവവുമായി നിരപ്പിച്ചു (കൊലോ. 1:21-22). അവനിൽ നാം അവന്റെ രക്തത്താൽ, പാപമോചനവും വീണ്ടെടുപ്പും പ്രാപിച്ചിരിക്കുന്നു.
വ്യാജ ഉപദേഷ്ടാക്കളുടെ തെറ്റുകൾ ഒഴിവാക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ സ്വീകരിച്ച അതേ ക്രിസ്തുയേശുവിനൊപ്പം നടക്കേണ്ടതുണ്ട്. നമ്മുടെ നാളിലെ അനേകം വ്യാജ ഉപദേഷ്ടാക്കൾക്ക് വഴങ്ങാതെ, പാപത്തിൽ വീഴാതെ, ആത്മീയ ഉദാസീനതയിലേക്ക് വഴുതി വീഴാതെ ഇരിക്കണമെങ്കിൽ ഈ ക്രിസ്തുവിനോടൊപ്പം പോകണം. അവൻ ഉന്നതനും, സർവ്വത്തിനും പര്യാപ്തനുമായ ദൈവമാണ്.
ആ ക്രിസ്തുവിനെ കൊലോസ്സൃവിശ്വാസികൾ സ്വീകരിച്ചു. എന്നാൽ ഈ ക്രിസ്തു ആരാണ്, എങ്ങനെയാണ് നാം അവനെ സ്വീകരിച്ചത് എന്നുകൂടി പൗലോസ് ഓർപ്പിക്കുന്നു. "നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ"യാണ് സ്വീകരിച്ചത്. "you have received Christ Jesus the Lord,"
ഇവിടെ കർത്താവായ ക്രിസ്തുയേശു എന്ന പ്രയോഗം വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം പുതിയനിയമത്തിൽ അഥവാ ബൈബിളിൽ ഈ ഒരിടത്തുമാത്രമാണ് ഈ പ്രയോഗം കാണാൻ കഴിയുക. അതിൽ നിന്നും മൂന്നു കാര്യങ്ങൾ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
a) നാം അവനെ യേശുവായി സ്വീകരിച്ചു.
യേശു എന്നത് അവന്റെ മനുഷ്യനാമമാണ്. പരിശുദ്ധാത്മാവിനാൽ മേരിയുടെ ഗർഭധാരണത്തെക്കുറിച്ച് ദൂതൻ ജോസഫിനെ അറിയിച്ചപ്പോൾ, "നീ അവനെ യേശു എന്നു പേർ വിളിക്കണം" എന്നു പറഞ്ഞു; കാരണം അവനാണ് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുവാനിരിക്കുന്നത് (മത്താ. 1:21)." ഹീബ്രു വാക്കായ "യോശുവ" എന്നതിന്റെ ഗ്രീക്ക് രൂപമാണ് യേശു, അതിനർത്ഥം "യഹ്വേ രക്ഷിക്കുന്നു" എന്നാണ്. "യഹ്വേ രക്ഷിക്കുന്നു". ലൂക്കോസ് 19:10 ൽ യേശു പറഞ്ഞു: "കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു”. അതേ നഷ്‌ടപ്പെട്ടതിനെ അന്വേഷിക്കാനും രക്ഷിക്കാനുമാണ് മനുഷ്യപുത്രൻ-അതായത് യേശു വന്നത്.
പരിശുദ്ധനായ ദൈവത്തിൽ നിന്ന് പാപത്താൽ അകന്നുപോയ മനുഷ്യനെ, തങ്ങളുടെ പാപത്തിനെതിരേയുള്ള ദൈവത്തിന്റെ നീതിയുടെ ക്രോധത്തിൽ നിന്ന് രക്ഷിക്കുന്നതിനു, ഒരു രക്ഷകൻ ആവശ്യമായിരുന്നു. "ക്രിസ്തുയേശു പാപികളെ രക്ഷിക്കാൻ ലോകത്തിൽ വന്നു" (1 തിമോ. 1:15) എന്നതാണ് നല്ല വാർത്ത. "അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു" (1 പത്രോ. 2:24) എന്ന് പത്രോസ് അപ്പൊസ്തലനും പറയുന്നു. ആകയാൽ, താനൊരു പാപിയാണെന്ന് സമ്മതിച്ചുകൊണ്ട് യേശുവിനോട് രക്ഷക്കായി യാചിക്കുന്നവർക്ക് ദൈവം പാപമോചനവും നിത്യജീവനും വാഗ്ദാനം ചെയ്യുന്നു (റോമ. 10:13), നിസ്സഹായരായി നഷ്ടപ്പെട്ട പാപികൾക്കായി ദൈവം നൽകിയ ഏക രക്ഷകൻ ക്രിസ്തുയേശു മാത്രമാണ്. ഇതാണ് യേശു എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത്.
രണ്ടാമതായി, ഈ പ്രയോഗത്തിൽ കാണുന്ന "ക്രിസ്തു" എന്ന വാക്ക് എന്താണ് അർത്ഥമാക്കുന്നത് എന്നു നോക്കാം. അതിൽ നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത്:
b). നാം അവനെ ക്രിസ്തുവായി സ്വീകരിച്ചു എന്നതാണ്. (ക്രിസ്തുവായി സ്വീകരിച്ചു).
"ക്രിസ്തു" എന്ന വാക്കിന്റെ അർത്ഥം "അഭിഷിക്തൻ" എന്നാണ്. (“Christ” എന്നത് Greek ഉം “Messiah” എന്നത് Hebrew പദവുമാണ്. ഈ വാക്കുകളുടെ അർത്ഥം “Anointed One” "അഭിഷിക്തൻ"). യേശുവിന്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കുമുന്നമെ എബ്രായ തിരുവെഴുത്തുകളിൽ ക്രിസ്തു വരുമെന്ന് പ്രവചിക്കപ്പെട്ടു. പഴയനിയമത്തിൽ രാജാക്കന്മാരേയും പുരോഹിതൻമാരേയും പ്രവാചകന്മാരേയുമാണ് അഭിഷേകം ചെയ്യപ്പെട്ടിരുന്നത്. യേശു ഈ മൂന്നു പദവികളും അലങ്കരിക്കുന്ന ദൈവത്തിന്റെ അഭിഷിക്ത രാജാവും പ്രവാചകനും പുരോഹിതനുമാണ്.
ദൈവത്തിന്റെ അഭിഷിക്ത രാജാവെന്ന നിലയിൽ, പ്രപഞ്ചത്തിന്റെ പരമാധികാരിയായി വാഴാൻ യേശു നിയമിക്കപ്പെട്ടിരിക്കുന്നു. ദൈവം തന്റെ പുത്രനെ അവന്റെ വലത്തുഭാഗത്ത് സിംഹാസനത്തിൽ ഇരുത്തി, "ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;" (സങ്കീ. 2:6-8; സങ്കീ. 110:1) എന്നും രണ്ടാം സങ്കീർത്തനത്തിൽ നാം വായിക്കുന്നു. എബ്രായർ 1:3 ൽ "...പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലതു ഭാഗത്ത് ഇരുന്നു" എന്നും നാം വായിക്കുന്നു. ഇനി ഒരു ദിവസം എല്ലാ ശത്രുക്കളും, രാജാക്കന്മാരുടെ രാജാവായും കർത്താക്കന്മാരുടെ കർത്താവായും അവന്റെ മുമ്പിൽ കുമ്പിടും (ഫിലി. 2:9-11; വെളി. 19:16). അവസാനം അവൻ പിശാചിനെയും അവനെ അനുഗമിക്കുന്ന എല്ലാവരെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളയും (വെളി. 20:10-15). അന്ന് സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ഒരു ശക്തിക്കും അവനെതിരെ നിൽക്കാനാവില്ല (എഫേ. 1:20-22). അവൻ ദൈവത്തിന്റെ അഭിഷിക്ത രാജാവാണ്!
ദൈവത്തിന്റെ അഭിഷിക്ത പ്രവാചകനെന്ന നിലയിൽ, യേശു ദൈവത്തിനായി സംസാരിക്കുന്നു, നിത്യതയിൽ പിതാവിനോടൊപ്പം ഇരിക്കുകയും പിതാവ് തന്റെ ഇഷ്ടം ചെയ്യാനായി തന്നെ ഈ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തതിനാൽ, പിതാവിനെ നമുക്ക് വെളിപ്പെടുത്താൻ യേശുവിനു തുല്യമായി മറ്റാരുമില്ല (യോഹന്നാൻ 10:30; 1:18; 8:38; 14:9). അവൻ സ്വർഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും, നിത്യജീവനെക്കുറിച്ചും ഈ ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അധികാരത്തോടെ സംസാരിച്ച വ്യക്തിയാണ്. അവൻ ജഡത്തിൽ വെളിപ്പെട്ട ദൈവമായതിനാൽ (യോഹന്നാൻ 1:14), അവൻ സർവജ്ഞാനിനും സർവ്വശക്തനും ആണ്. ആയതിനാൽ അവൻ പറയുന്നതെല്ലാം സത്യവും ആധികാരികവുമാണ്. ആ നിലയിൽ യേശു ദൈവത്തിന്റെ അഭിഷിക്ത പ്രവാചകനാണ്.
ദൈവത്തിന്റെ അഭിഷിക്ത പുരോഹിതൻ എന്ന നിലയിൽ യേശു ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്നു (1 തിമോ. 2:5). പഴയനിയമ പുരോഹിതന്മാരിൽ നിന്ന് വ്യത്യസ്തമായി, യേശു ലോകത്തിന്റെ പാപങ്ങൾക്കായി സ്വന്തം ജീവനെ ബലിയായി അർപ്പിച്ചു (യോഹന്നാൻ 1:29; എബ്രാ. 7:26-28). മൽക്കീസേദക്കിന്റെ ക്രമപ്രകാരം താൻ എന്നേക്കും മഹാപുരോഹിതനാണ്. തന്റെ ഏകയാഗത്താൽ തന്നിൽ ആശ്രയിക്കുന്ന എല്ലാവർക്കും പൂർണ്ണമായ പാപമോചനം നൽകുന്നു (എബ്രാ. 10:1-18).
അങ്ങനെ തിരുവെഴുത്തുകളിൽ വെളിപ്പെട്ടിരിക്കുന്ന അഭിഷിക്ത രാജാവും പ്രവാചകനും പുരോഹിതനുമായ ഈ ക്രിസ്തുവിനെയാണ് കൊലൊസ്സ്യർ സ്വീകരിച്ചത്. തന്നിൽ വിശ്വസിക്കുന്ന ഏവർക്കും സംപൂർണ്ണവുമായ രക്ഷ ക്രിസ്തു പ്രദാനം ചെയ്യുന്നു.
c) യേശുക്രിസ്തുവിനെ നാം കർത്താവായി സ്വീകരിച്ചിരിക്കുന്നു (We received Him as the Lord).
കൊലൊസ്സ്യർ അവനെ യേശു അഥവാ രക്ഷകനായി സ്വീകരിച്ചു. അവർ അവനെ ക്രിസ്തുവായി, അതായത്, അഭിഷിക്തരാജാവും, പ്രവാചകനും, പുരോഹിതനുമായി സ്വീകരിച്ചു. മൂന്നാമതായി, ക്രിസ്തുയേശുവിനെ "കർത്താവ്" ആയും സ്വീകരിച്ചു. "കർത്താവ്" എന്നത് അവന്റെ ദൈവത്വത്തെയാണ് സൂചിപ്പിക്കുന്നത്. പഴയ നിയമത്തിൽ "കർത്താവ്" എന്നത് ദൈവത്തിന്റെ വ്യക്തിപരമായ ഉടമ്പടി നാമമാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, നിലനിൽക്കുന്ന എല്ലാറ്റിന്റെയും മേൽ അധിപൻ എന്ന നിലയിലുള്ള അവന്റെ സമ്പൂർണ്ണ അധികാരത്തെ അഥവാ പരമാധികാരത്തേയാണ് ഇത് കാണിക്കുന്നത്. അവൻ കൽപ്പിക്കുന്നതെല്ലാം നാം അനുസരിക്കണം എന്നാണ് അത് അർത്ഥമാക്കുന്നത്. അവൻ നമ്മെ സൃഷ്ടിച്ചു, നമ്മെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും താൻ അറിയുന്നു. അവന്റെ കൽപ്പനകൾ നമ്മെ പീഡിപ്പിക്കാൻ കഴിയുംവിധം ഭാരമുള്ളവയല്ല. മറിച്ച്, അവ തികഞ്ഞവയും ശരിയും നമ്മുടെ നന്മയെ ലാക്കാക്കിയുള്ളവയുമാണ് (സങ്കീ. 19:7-11; റോമ. 7:12; 1 യോഹന്നാൻ 5:3). ആകയാൽ, യേശുവിനെ നാം നമ്മിൽ കർത്തൃത്വം നടത്തുന്ന ദൈവമായി സ്വീകരിക്കണം.
യേശുവിനെ നാം രക്ഷകനായും ക്രിസ്തുവായും സ്വീകരിച്ചു; എന്നാൽ കർത്താവായി സ്വീകരിച്ചിട്ടില്ലെങ്കിൽ യേശുവിനെ നാം സ്വീകരിച്ചിട്ടില്ല. അവനെ രക്ഷകനായി സ്വീകരിക്കുക എന്നാൽ അവൻ ആയിരിക്കുന്നതുപോലെ സ്വീകരിക്കുക എന്നാണ്. അവനാണ് എല്ലാവരുടെയും ശരിയായ രക്ഷിതാവ്. എല്ലാ ചരിത്രവും അവനെ ചുറ്റിപ്പറ്റിയാണ്, അവന്റെ മഹത്വത്തിനായി അവനിൽ നാം പരിപൂർണ്ണമാകും (എഫെ. 1:10-11; കൊലോ. 1:16-20). അവൻ വീണ്ടും ശക്തിയിലും മഹത്വത്തിലും വരുമ്പോൾ, അവൻ തന്റെ എല്ലാ ശത്രുക്കളെയും കീഴടക്കുകയും തന്റെ വിശുദ്ധന്മാരുടെ രക്ഷ അതിന്റെ പരിസമാപ്തിയിലെത്തുകയും ചെയ്യും (വെളി. 19:1-21).
അതുകൊണ്ട് യേശുവിനെ നാം സ്വീകരിച്ചു എന്നു പറയുമ്പോൾ അവനെ രക്ഷകനും, ക്രിസ്തുവും കർത്താവുമായി സ്വീകരിച്ചിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.
അങ്ങനെ സ്വീകരിച്ചവർ എങ്ങനെയാണ് തുടർന്ന് ജീവിക്കേണ്ടത് എന്നാണ് ആറാം വാക്യത്തിന്റെ ശേഷം ഭാഗത്ത് പറയുന്നത് : "അവന്റെ കൂട്ടായ്മയിൽ നടപ്പിൻ" ക്രിസ്തുയേശുവിനെ കർത്താവായി സ്വീകരിച്ചവർ എന്താണ് തുടർന്ന് ചെയ്യേണ്ടത് എന്നാണ് ഈ വാകൃം പറയുന്നത്. അവന്റെ കൂട്ടായ്മയിൽ നടപ്പിൻ.
രണ്ടാമത്തെ പോയിന്റായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത്'
2. കർത്താവായ ക്രിസ്തുയേശു എന്ന നിലയിൽ നാം അവനോടൊപ്പം നടക്കുക.
നടക്കുന്നത് എങ്ങനെയെന്ന് നമുക്കെല്ലാം അറിയാം; ഒരോ ചുവടും മുന്നോട്ടു വെച്ചാണ് നാമെല്ലാം നടക്കുന്നത്. step by step ആയിട്ടുള്ള ഒരു പ്രക്രിയയാണത്. മാത്രവുമല്ല അതു തുടർമാനമായ ഒരു പരിപാടിയാണ്. നിങ്ങൾ ബോധപൂർവ്വം ഒരു ദിശയിൽ നടക്കുകയാണെങ്കിൽ, ഒടുവിൽ നിങ്ങൾ ഒരു ലക്ഷ്യത്തിലെത്തും. ഒരു ലക്ഷ്യത്തിലേക്കുള്ള ദൈനംദിനവും, സ്ഥിരവും, ഘട്ടം ഘട്ടമായുള്ള പരിശ്രമവും പുരോഗതിയുമാണ് ഇത് സൂചിപ്പിക്കുന്നത്.
ഇവിടെ പൗലോസ് പറയുന്നത്, നാം "അവനിൽ" നടക്കണം എന്നാണ്. അതായത്, നമുക്കുവേണ്ടിയുള്ള എല്ലാറ്റിലും യേശു ആയിരിക്കുന്നതുപോലെ നാം അവനിൽ ആയിരിക്കണം.
ഏഴാം വാക്യത്തിൽ, ക്രിസ്തുവിലുള്ള ഈ നടത്തം എങ്ങനെ ആയിരിക്കുന്നുവെന്ന് പൗലോസ് വിശദീകരിക്കുന്നു. "7അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ." (…having been firmly rooted and now being built up in Him and established in your faith, just as you were instructed, and overflowing with gratitude”).
മൂന്നു രൂപക വാക്കുകളാണ് ഈ നടപ്പിനെ വിശദീകരിച്ചിരിക്കുവാൻ പൗലോസ് ഉപയോഗിച്ചിരിക്കുന്നത്.
a) ഒരു വൃക്ഷം പോലെ വേരൂന്നുക (having been firmly rooted);
b) നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടം പോലെ കെട്ടിപ്പടുക്കുക (being built up in Him),
c) വിശ്വാസത്തിൽ നിലയുറപ്പിക്കുക (established in your faith).
d) നദിപോലെ കവിഞ്ഞൊഴുകുക (overflowing with gratitude).
ആദ്യത്തേത് ഭൂതകാലത്തേയും വർത്തമാന കാലത്തേയും ഉൾക്കൊള്ളുമ്പോൾ ബാക്കി മൂന്നും വർത്തമാനകാലത്തിലുള്ള പ്രയോഗമാണ്. അതായത്, രക്ഷിക്കപ്പെട്ട സമയത്തും ഇപ്പോഴും നാം ക്രിസ്തുവിൽ വേരൂന്നുന്നു. ബാക്കി മൂന്നും ഒരു തുടർച്ചയായ വർത്തമാന പ്രക്രിയയെ സൂചിപ്പിക്കുന്നു: നിങ്ങൾ അവനിൽ കെട്ടിപ്പടുക്കുന്നു; വിശ്വാസത്തിൽ നില ഉറപ്പിക്കുന്നു; നിങ്ങൾ നന്ദിയാൽ നിറഞ്ഞു കവിയുന്നു. ഇതു നമ്മുടെ ഉത്തരവാദിത്തത്തിലേക്ക് വിരൽ ചൂണ്ടുന്നു. അപ്പോൾ,
a) കർത്താവായ യേശുക്രിസ്തുവിനോടുകൂടെ നടക്കുക എന്നാൽ അവനിൽ വേരൂന്നിയിരിക്കുക എന്നാണ്. "അവനിൽ വേരൂന്നിയിരിക്കുക"
വളരാനും ആരോഗ്യമുള്ളതായിരിക്കാനും മണ്ണിൽ നിന്ന് വെള്ളവും പോഷകങ്ങളും ലഭിക്കുന്ന തരത്തിൽ ഉറച്ച വേരുകളുള്ള ഒരു വൃക്ഷത്തിന്റെ ചിത്രമാണിതു നൽകുന്നത്. ആഴത്തിൽ വേരുകൾ ഉള്ളതിനാൽ, അതിനെതിരെ വീശിയടിക്കുന്ന കൊടുങ്കാറ്റുകളെ അതിജീവിക്കാനും വരൾച്ചയെ നേരിടാനും ഈ വൃക്ഷത്തിനു കഴിയും. ഒരു വൃക്ഷത്തിന്റെ വേരുകൾ കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്നു, പക്ഷേ അവ തികച്ചും അനിവാര്യമാണ്. ആ ആഴത്തിലുള്ള വേരുകൾ ഇല്ലെങ്കിൽ, ഒരു കൊടുങ്കാറ്റിൽ മരം വീഴുകയോ വരൾച്ചയിൽ നശിച്ചു പോകുകയോ ചെയ്യും.
firmly rooted (Gk:rhizoo) എന്നത് passive voice ൽ ഉള്ളരൊരു പ്രയോഗമാണ്. അതായത്, ദൈവത്തിന്റെ പരമാധികാര കൃപയാൽ ഈ വേരൂന്നൽ നിങ്ങളിൽ നടക്കണം. അതിന്റെ perfect tense കാണിക്കുന്നത് ഭൂതകാലത്ത് സംഭവിച്ച ഈ വേരൂന്നലിന്റെ effect ഇപ്പോഴും നിങ്ങളിൽ തുടരുന്നു എന്നതാണ്. ഈ വേരുറപ്പിക്കൽ നിങ്ങൾ രക്ഷിക്കപ്പെട്ടപ്പോൾ സംഭവിച്ചു. ക്രിസ്തുവിനോടു ചേർന്നപ്പോൾ അവനിൽ നിന്നും പോഷകഗുണങ്ങളും വളവും വലിച്ചെടുക്കുവാൻ നിങ്ങൾ തുടങ്ങി. ദൈവവചനത്തിൽ നിന്നും ക്രിസ്തുവിനെ കൂടുതൽ അറിയാനും മനസ്സിലാക്കാനും ക്രിസ്തുവിന്റെ സ്വഭാവത്തോടു നാം ഏകീഭവിക്കാനും തുടങ്ങുമ്പോൾ നാം തഴച്ചു വളരുന്നു. നാം ക്രിസ്തുവിൽ നിന്നും തന്റെ വചനത്തിൽ നിന്നും നിങ്ങൾ മാറിപ്പോയാൽ ഈ വളവും പോഷകഗുണങ്ങളും നിങ്ങൾക്കു ലഭ്യമാകാതെ വരും. ഒന്നാം സങ്കീർത്തനത്തിൽ നാം വായിക്കുന്നതുപോലെ "2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. 3 അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും." അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ക്രിസ്തുവിൽ നിന്നും അവന്റെ വചനത്തിൽ നിന്നും നിങ്ങൾ നീങ്ങിപ്പോകാതെ നിങ്ങളെത്തന്നെ സൂക്ഷിക്കുക. ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയത്തെ പകരുക. അവനോടൊപ്പം നാം സമയം ചിലവഴിക്കുവാൻ നാം തയ്യാറാകുക.
ചിലർ പള്ളിയിൽ പോയി ക്രിസ്ത്യാനികളെപ്പോലെ പെരുമാറുന്നു. ബാഹ്യമായി, അവർ ക്രിസ്ത്യാനികളാണെന്ന് തോന്നും. എന്നാൽ അവരുടെ ഹൃദയത്തിന്റെ മറഞ്ഞിരിക്കുന്ന വ്യക്തിയിൽ, അവർ ഒരിക്കലും തങ്ങളുടെ രക്ഷകനും കർത്താവുമായി യേശുവിൽ വിശ്വസിച്ചിട്ടില്ല. അവന്റെ വചനത്തിലും പ്രാർത്ഥനയിലും അവനെ അന്വേഷിച്ചുകൊണ്ട് അവർ ഒരിക്കലും അവനോടൊപ്പം ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നില്ല. അതുകൊണ്ട് അവന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ അവൻ തകർന്നുപോകുന്നു. അതല്ലെങ്കിൽ വിശ്വാസത്തിൽ നിന്ന് വൃതിചലിക്കുന്നു. അവർ ക്രിസ്തുവിൽ വേരൂന്നിയിരുന്നില്ല എന്നതാണ് അതിനു കാരണം. നിങ്ങൾ അവനിൽ വേരുകൾ ആഴ്ത്തുന്നവരൊ?
b) കർത്താവായ യേശുക്രിസ്തുവിനോടുകൂടെ നടക്കുക എന്നതിനർത്ഥം അവനിൽ പണിയപ്പെടുക എന്നാണ്. "അവനിൽ പണിയപ്പെടുക"
നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രമാണിത്. Built up എന്ന വാക്കിനു ഗ്രീക്കിൽ epoikodomeo എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിലെ അടിസ്ഥാനത്തിൽ നിന്നും മുകളിലേക്കുള്ള പണിയെ ഇതു സൂചിപ്പിക്കുന്നു. ഉദാഹരണത്തിനു ഒരു കെട്ടിടത്തിനു ആദ്യം അടിസ്ഥാനം ഇടുന്നു. പിന്നെ അടിസ്ഥാനത്തിനുമേൽ മുകളിലേക്ക് പണിയുന്നു. ക്രിസ്തീയമായ അറിവിലും അതിനനുയോജ്യമായ ജീവിത രൂപാന്തരത്തിലും വളരുന്നതിനെയാണ് ഇത് അർത്ഥമാക്കുന്നത്.
നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടം നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ, ചിലപ്പോൾ പുരോഗതി പ്രകടമാണ്: ചട്ടക്കൂട് മുകളിലേക്ക് പോകുന്നു അല്ലെങ്കിൽ മേൽക്കൂര ഉയരുന്നു. മറ്റ് സമയങ്ങളിൽ, നിങ്ങൾ ആശ്ചര്യപ്പെടുന്നു, "ഈ ആഴ്ച അവർ അവിടെ എന്താണ് ചെയ്തത്?" ഒന്നും ഒരു പക്ഷെ പുറത്തു കണ്ടു എന്നുവരികയില്ല. വയറിംഗ് അല്ലെങ്കിൽ പ്ലംബിംഗ് പോലെ നിങ്ങൾക്ക് കാണാൻ കഴിയാത്ത ചില കാര്യങ്ങൾ അവിടെ നടക്കുകയായിരുന്നു. എന്നാൽ പൂർത്തിയായ കെട്ടിടം ശരിയായി പ്രവർത്തിക്കുന്നതിന് ആ പണികളും അത്യാവശ്യമാണ്.
നിങ്ങൾ കർത്താവിനോടൊപ്പം നടക്കുമ്പോൾ, മറ്റുള്ളവർക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന വ്യക്തമായ മാറ്റങ്ങളുണ്ട്. അതായത്, മദ്ധ്യപാനം, മോഷണം, വെറിക്കൂത്ത്, നുണപറയൽ എന്നിങ്ങനെയുള്ള കഴിഞ്ഞകാല പാപജീവിതത്തിൽ നിന്നും നിങ്ങൾ മോചനം പ്രാപിച്ചിരിക്കുന്നതുമായ ബാഹ്യമായ മാറ്റങ്ങൾ നിങ്ങളിൽ ആളുകൾ കാണുന്നു. അതുപോലെ ആന്തരീകമായ സ്വഭാവസവിശേഷതകളിലും വളർച്ച കൈവരിക്കുന്നു. സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, പരോപകാരം സൗമ്യമായ പെരുമാറ്റം എന്നിവ നിങ്ങളിൽ വർദ്ധിച്ചു വരുന്നു. അങ്ങനെ നാം കർത്താവിന്റെ സ്വഭാവത്തോടു കൂടുതൽ അനുരൂപപ്പെടുന്നു. ഈ വളർച്ചയിൽ നാം കർത്താവിന്റെ കൃപക്കായി അപേക്ഷിക്കയും അങ്ങനെ നമുക്ക് ആവശ്യമുള്ളതായ മേഖലകളിൽ കർത്താവ് പ്രവർത്തിച്ചുകൊണ്ട് നമ്മേ വളർത്തുകയും ചെയ്യുന്നു. ദൈനംദിന കാര്യങ്ങളിൽ അവനെ വിശ്വസിക്കാനും അനുസരിക്കാനും നാം പഠിക്കുന്നു. മറ്റുള്ളവർ നമ്മോട് മോശമായി പെരുമാറിയാലും നാം അവരോട് ദയയോടെ സംസാരിക്കുന്നു. അങ്ങനെ നാം ക്രമേണ അവനിൽ കെട്ടിപ്പടുക്കപ്പെടുന്നു.
c) കർത്താവായ യേശുക്രിസ്തുവിനോടുകൂടെ നടക്കുക എന്നതിനർത്ഥം വിശ്വാസത്തിൽ ഉറക്കുക എന്നാണ്. വിശ്വാസത്തിൽ ഉറക്കുക (established in your faith, as you were instructed).
"വിശ്വാസത്തിൽ" എന്നത് "നിങ്ങളുടെ വിശ്വാസത്തിൽ" എന്ന് വിവർത്തനം ചെയ്യാവുന്നതാണ്. വ്യാജ ഉപദേഷ്ടാക്കന്മാരുടെ പശ്ചാത്തലത്തിലും അടുത്ത വാക്യമായ "നിങ്ങൾക്കു ഉപദേശിച്ചു തന്നതിനൊത്തവണ്ണം" എന്നതിന്റെ വെളിച്ചത്തിലും, പൗലോസ് അർത്ഥമാക്കുന്നത് ക്രിസ്തീയ വിശ്വാസത്തിൽ സ്ഥാപിക്കപ്പെടുക; ഉറക്കുക എന്നാണ്. "സ്ഥിരീകരിക്കുക, ഉറപ്പ് വരുത്തുക, അല്ലെങ്കിൽ അസാധുവാക്കുക" എന്നർത്ഥമുള്ള ഒരു നിയമപരമായ പദമാണ് അതിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവിൽ ദൈവം നമുക്ക് നൽകിയ ഉറപ്പായ വാഗ്ദാനങ്ങൾ നിങ്ങൾ പഠിക്കുന്നു. ശരിയായ ഉപദേശത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വർദ്ധിച്ചുവരുമ്പോൾ, വഴിതെറ്റിക്കുന്ന തെറ്റായ പഠിപ്പിക്കലുകളെ തിരിച്ചറിഞ്ഞ് അവരെ തിരസ്ക്കരിക്കുന്നു. ക്രിസ്തുവിനോടൊപ്പം പോകുന്നതിന്, വിശ്വാസത്തിൽ ഉറക്കുവാൻ നിങ്ങൾ ബോധപൂർവമായ ശ്രമം നടത്തണം.
d) കർത്താവായ ക്രിസ്തുയേശുവിനോടൊപ്പം നടക്കുക എന്നതിനർത്ഥം നന്ദിയിൽ കവിഞ്ഞൊഴുകുക എന്നാണ്. "നന്ദിയിൽ കവിഞ്ഞൊഴുകുക"
കരകവിഞ്ഞ് ഒഴുകുന്ന നദിയാണ് ഇവിടെയുള്ള ചിത്രം. സാധാരണ ഒഴുക്കിൽ തങ്ങിനിൽക്കാൻ കഴിയാത്തത്ര വെള്ളമുണ്ടെങ്കിൽ, അത് ചുറ്റുമുള്ള കരയിലേക്ക് ഒഴുകുന്നു. ക്രിസ്തുവിൽ ദൈവം നമുക്കുവേണ്ടി ചെയ്ത എല്ലാത്തിനും ദൈവത്തോടുള്ള നമ്മുടെ നന്ദി നമ്മിൽ നിറഞ്ഞു കവിഞ്ഞ് നമുക്ക് ചുറ്റുമുള്ളവരിലേക്ക് ഒഴുകണം.
നാം ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെവരുമ്പോൾ പിറുപിറുക്കാൻ സാധ്യതയുണ്ട്. മരുഭൂമിയിലെ ഇസ്രായേല്യരെ പ്പോലെ, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് എന്നെ വിടുവിച്ചതിനും അവന്റെ രക്ഷയുടെ എല്ലാ അനുഗ്രഹത്തിനും ദൈവത്തിന് നന്ദി പറയുന്നതിനുപകരം, ചെറിയ കാര്യങ്ങളിൽ നാം പരാതിപ്പെടുന്നു. യിസ്രായേല്യർ 40 വർഷം മന്ന ഭക്ഷിച്ചതും, പകൽ മേഘസ്തംഭത്താൽ മരുഭൂമിയിൽ അവർക്കു തണൽ നൽകിയതും, രാത്രിയിലെ കൊടും തണുപ്പുമാറാൻ, അഗ്നിത്തൂണിനാൽ ചൂടു പകർന്നു നൽകിയതും അവർ മറന്നു. 40 വർഷം മരുഭൂമിയിൽകൂടി അവർ യാത്ര ചെയ്തിട്ടും അവരുടെ കാലിനു നീരുവന്നില്ല, അവരുടെ ചെരിപ്പ് തേഞ്ഞുപോയതുമില്ല. അവർക്കു കുറച്ചു നേരത്തേക്കു വെള്ളം കിട്ടാതിരുന്നത് അവർക്കു വലിയ പ്രശ്നമായി, ചെങ്കടലിനെ വിഭജിച്ച ദൈവത്തിനു അവർക്കു വെള്ളം നൽകാനൊ ഇറച്ചി നൽകാനൊ കഴിയുമെന്ന് അവർ ചിന്തിച്ചില്ല. അവർ ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം ദൈവത്തിനെതിരെ പിറുപിറുക്കുകയാണ് ചെയ്തത്. അങ്ങനെ നാം ആവരുത്. എന്റെ രക്ഷയെക്കുറിച്ചും ദൈവം എനിക്കായി ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ, അവന്റെ സമൃദ്ധമായ കൃപയ്‌ക്കായി ഞാൻ അവനോടുള്ള നന്ദിയാൽ കവിഞ്ഞൊഴുകണം.
കൊലൊസ്സ്യരിൽ, പൗലോസ് നന്ദിയെ ആവർത്തിച്ച് ഊന്നിപ്പറയുന്നു. നാം കണ്ടതുപോലെ (കൊലോ. 1:12), നാം "വെളിച്ചത്തിൽ വിശുദ്ധന്റെ അവകാശത്തിൽ പങ്കുചേരാൻ നമ്മെ യോഗ്യരാക്കിയ പിതാവിന് നന്ദി" പറയണം. (കോള. 1:3; 3:15, 16; 4:2 എന്നിവയും കാണുക.) പിറുപിറുക്കുന്നവർ തെറ്റായ പഠിപ്പിക്കലിന്റെ വശീകരണത്തിന് കൂടുതൽ ഇരയാകും. നമ്മുടെ ദാമ്പത്യത്തിൽ നാം സന്തുഷ്ടരാണെങ്കിൽ, അതിൽ നന്ദിയുള്ളവരാണെങ്കിൽ, നാം മറ്റൊരു സ്ത്രീയുടെ പ്രലോഭനങ്ങൾക്ക് വിധേയനാവുകയില്ല. കർത്താവിനോടൊപ്പം, അവന്റെ സമൃദ്ധമായ അനുഗ്രഹങ്ങളാൽ അനുദിനം തൃപ്‌തിപ്പെടുന്ന നന്ദിയുള്ള ഹൃദയം നമുക്കുണ്ടെങ്കിൽ തെറ്റായ പഠിപ്പിക്കലുകളാൽ നാം ആകർഷിക്കപ്പെടുകയില്ല.
ഉപസംഹാരം
കർത്താവായ ക്രിസ്തുയേശുവിനെ സ്വീകരിച്ച അതേ വിധത്തിലാണോ നിങ്ങൾ അവനോടൊപ്പം പോകുന്നത്? നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾക്കായി സ്വയം സമർപ്പിക്കുകയും ചെയ്യുന്ന അത്ഭുതകരവും ഉന്നതവുമായ രക്ഷകനോടുള്ള നിങ്ങളുടെ ആദ്യ സ്നേഹം നഷ്ടപ്പെടുത്തരുത്! അവനോടുള്ള നിങ്ങളുടെ സ്നേഹം തണുക്കുകയും നിങ്ങൾ സാധാരണ ക്രിസ്ത്യാനിത്വത്തിലാണെങ്കിൽ, അവന്റെ കാൽക്കൽ വീണ്ടും ഇരിക്കാൻ സമയമെടുക്കുക. നിങ്ങൾ അവനെ ആദ്യമായി സ്വീകരിച്ചപ്പോൾ എങ്ങനെയായിരുന്നുവെന്ന് ചിന്തിക്കുക. അവന്റെ സൌന്ദര്യവും കൃപയും ധ്യാനിക്കുക. അവനിൽ അഭൂതപൂർവമായ വളർച്ചയുടെ വർഷമാക്കി മാറ്റാൻ അവനോട് ആവശ്യപ്പെടുക! കൂടാതെ, നിങ്ങളിൽ ആരെങ്കിലും ഇതുവരെ കർത്താവായ ക്രിസ്തുയേശുവിനെ സ്വീകരിച്ചിട്ടില്ലെങ്കിൽ, അവനെ ഇപ്പോൾ നിങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുക.
*******