top of page
എഫെസ്യ ലേഖന പരമ്പര-01
P M Mathew
JAN 14, 2014

The Book of Ephesians
എഫെസ്യലേഖനം

Ephesians 1:1-2

ആമുഖം

എഫെസ്യ നഗരത്തിലേക്ക് അപ്പസ്തോലനായ പൗലോസ് പലതവണ സന്ദർശനം നടത്തിയിരുന്നു. അതിൽ ആദ്യത്തേത് എന്നു പറയുവാൻ കഴിയുന്നത് അപ്പൊസ്തല പ്രവൃത്തികൾ 18 ൽ സൂചിപ്പിക്കുന്ന തന്റെ രണ്ടാം മിഷനറി യാത്രയുടെ അവസാനത്തിൽ നടത്തിയ യാത്രയാണ്. തന്റെ ചുരുങ്ങിയ നാളത്തെ വേലയ്ക്കു ശേഷം, കൂടെയുണ്ടായിരുന്ന അക്വീലാസിനേയും പ്രിസ്കീല്ലയേയും എഫെസൊസിൽ വിട്ടിട്ട് പൗലോസ് കൈസര്യയിലേക്ക് പോയി. അതിന് പിന്നാലെ അപ്പല്ലോസ് എഫെസൊസ് സന്ദർശിക്കുന്നു. അതും അപ്പൊസ്തല പ്രവൃത്തികൾ 18 ൽ കാണുവാൻ കഴിയും. പിന്നീട് തന്റെ മൂന്നാം മിഷനറി യാത്രയിൽ പൗലോസ് എഫെസൊസ് സന്ദർശിക്കുകയും മൂന്നുവർഷം അവിടെ പാർത്ത് പ്രസംഗിക്കുകയും, രണ്ട് വർഷത്തോളം തുറന്നോസിന്റെ പാഠശാലയിൽ പഠിപ്പിക്കുകയും മറ്റു വിവിധങ്ങളായ ശുശ്രൂഷകൾ നിവൃത്തിക്കുകയും ചെയ്തു. അവസാനമായി, എഫെസൊസിലെ മൂപ്പന്മാരുമായി മൂന്നാമതൊരു കൂടിക്കാഴ്ച നടന്നതായി അപ്പോസ്തോല പ്രവൃത്തികൾ ഇരുപതിൽ നാം വായിക്കുന്നു.

അപ്പസ്തോലനായ പൗലോസിന്റേയും യോഹന്നാന്റേയും ശുശ്രൂഷ ലഭിച്ച സഭ എന്ന നില യിലും, പൗലോസ് ഈ ലേഖനമെഴുതുമ്പോൾ യേശുവിലുള്ള അവരുടെ വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള അവരുടെ സ്നേഹത്തെയും പ്രകീർത്തിക്കുന്നത് ഈ സഭയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. 40 വർഷങ്ങൾക്ക് ശേഷം കർത്താവ് അപ്പൊ. യോഹന്നാനിലൂടെ ഈ സഭയ്ക്ക് എഴുതുമ്പോൾ അവരുടെ ആദ്യ സ്നേഹം വിട്ടുകളഞ്ഞു എന്ന ഒരു കുറ്റം അവരിൽ ആരോപിക്കുന്നതായി നാം കാണുന്നു. അതിൽ നിന്നും ദൈവത്തിന്റെ നിലവാരം എത്രയൊ ഉന്നതമായിരിക്കുന്നു എന്നു ഗ്രഹിക്കുവാൻ സാധിക്കും. അപ്പൊ. പൗലോസി ന്റെയും യോഹന്നാന്റേയുമൊക്കെ ഉപദേശം കൈകൊണ്ട സഭ ആയിരുന്നിട്ടും ചില വർഷങ്ങൾ പിന്നിട്ടപ്പോൾ അവരുടെ ആദ്യ സ്നേഹം തണുത്തു പോയി എന്നത് ഏത് സഭകളെയും ചിന്തിപ്പിക്കേണ്ട ഒരു വിഷയം തന്നെയാണ്. ആദ്യനാളുകളിൽ നമുക്കുണ്ടായിരുന്ന സ്നേഹവും ഉത്സാഹവും തണുത്തു പോയിട്ടുണ്ടോ? ആരംഭം എത്രതന്നെ നല്ലതായിരുന്നാലും വളരെ കരുതലോടും ശ്രദ്ധയോടും കൂടെ സഭയുടെ പോക്കിനെ സൂക്ഷിച്ചില്ലെങ്കിൽ ഇതുപോലെ യുള്ള അപകടം നമുക്കും സംഭവിക്കാം. കർത്താവിന്റെ നോട്ടത്തിൽ നമ്മുടെ സഭ എങ്ങനെ ഇരിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടത് ആവശ്യമാണ്. നാം തിരുത്തേണ്ട മേഖലകൾ കണ്ടെത്തി തിരുത്തുവാൻ നമുക്ക് ശ്രമിക്കാം.


ഗ്രന്ഥകർത്തൃത്വം

പൗലോസ് റോമിലെ കാരാഗൃഹത്തിൽ വെച്ച് എ. ഡി 60-62 കാലഘട്ടത്തിൽ എഴുതിയതാണ് എഫെസ്യ ലേഖനം. ആന്തരികവും ബാഹ്യവുമായ തെളിവുകൾ (എഫെസ്യർ 1: 1; 3:1) പൗലോസിന്റെ ഗ്രന്ഥ കർത്തൃത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു. എ .ഡി 1800 വരെ പൗലോസിന്റെ കർത്തൃത്വത്തെ ആരും നിഷേധിച്ചിരുന്നില്ല. എഫെസ്യ ലേഖനത്തിന്റെ എഴുത്തുകാരൻ അപ്പസ്തോലനായ പൗലോസ് ആണ് എന്ന് ആദ്യം നൂറ്റാണ്ടിലെ സഭാ പിതാക്കന്മാരായ പോളികാർപ്പ് (എ ഡി 125) , ഐറേനിയസ് (എ ഡി 200) ക്ലെമൻറ് ഓഫ് അലക്സാണ്ട്രിയ (എ. ഡി 200) ഓറിഗൺ (എ.ഡി 250) എന്നിവർ സാക്ഷ്യപ്പെടുത്തുന്നു.

ഈ ലേഖനം ഏതെങ്കിലും ഒരു സഭയ്ക്കാണ് എഴുതിയത് എന്ന് പറയുവാൻ കഴിയുകയില്ല. മറിച്ച്, എഫെസോസിലെ സഭകൾക്ക് പൊതുവായി എഴുതപ്പെട്ട ചാക്രിയ ലേഖനമാണിത് (It is a circular letter). ‘എഫെസൊസിൽ ഉള്ള’ എന്നത് ഒരു ബ്രാക്കറ്റിൽ ആണ് നൽകിയിരിക്കുന്നത്. അത് സൂചിപ്പിക്കുന്നത് ചില പുരാതന കയ്യെഴുത്തുപ്രതികളിൽ 'എഫെസൊസിൽ ഉള്ള' എന്ന പ്രയോഗം ഇല്ല എന്ന കാരണത്താലാണ്. റോമൻ പ്രവിശ്യയായ ആസ്യ അഥവാ ഏഷ്യാമൈനറിന്റെ തലസ്ഥാനമായ എഫേസോസ് പട്ടണത്തിലെ സഭകൾക്കാണ് ഈ ലേഖനം എഴുതുന്നത്. (ഏഷ്യാമൈനർ അഥവാ ഇന്നത്തെ ടർക്കിയുടെ തെക്കു പടിഞ്ഞാറേ തീരത്ത് സ്ഥിതി ചെയ്യുന്ന അന്നത്തെ ഒരു വലിയ പട്ടണം ആയിരുന്നു എഫെസൊസ്). ലേഖനകാരൻ ഈ എഴുത്തിന്റെ പ്രധാന ഉദ്ദേശ്യത്തെക്കുറിച്ചു നേരെ പറഞ്ഞിട്ടില്ലാത്തതിനാൽ അത് ഈ ലേഖനത്തിന്റെ മൊത്തം ആശയത്തിൽ നിന്നും കണ്ടെത്തേണ്ടത് ആവശ്യമായിരിക്കുന്നു.

1. ഈ ലേഖനത്തിലെ ഉദ്ദേശം കണ്ടെത്താൻ പരിഗണിക്കേണ്ട പ്രധാന പരാമർശന വിഷയങ്ങൾ (Important points to consider to find the purpose of this article).

• ഒന്നാമതായി, വാഴ്ചയ്ക്കും, അധികാരത്തിനും, ശക്തിക്കും (1:21) മീതെയുള്ള ദൈവത്തിന്റെ അധികാരം ഈ ലേഖനത്തിലെ ഒരു പ്രധാന വിഷയമാണ്. (വിശ്വാസികളുടെ) അന്ധകാര ശക്തികളോടുള്ള പോരാട്ടത്തെക്കുറിച്ച് (6:12) വളരെ വിശദമായി ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നതു കാണാം. ദൈവത്തിന്റെ ഉന്നതമായ ശക്തിയുടെയും വിശ്വാസി കൾക്ക് അവൻ നൽകുന്നതായ ശക്തിയുടെയും വെളിച്ചത്തിൽ ആത്മീയ ശക്തികളുടെ ഭീഷണിയെ നേരിടുവാൻ അവർക്ക് സാധിക്കും എന്ന് അവരെ ബോധ്യപ്പെടുത്തുക എന്നത് ഈ ലേഖനത്തിന്റെ ഉദ്ദേശത്തെ സ്വാധീനിക്കുന്ന ഒരു വിഷയമാണ്. പൗലോസിന്റെ എഫെസ്യ മിനിസ്ട്രിയിൽ രക്ഷിക്കപ്പെട്ടു വന്ന ആദ്യ വിശ്വാസികൾക്ക് അവരുടെ മന്ത്രവാദ പശ്ചാത്ത ലത്തെ ഉപേക്ഷിച്ചു പോരുവാൻ, സ്കേവയുടെ ആൾക്കാരോടു ദൈവം അമാനുഷിക മായി ഇടപെടേണ്ടിവന്നു എന്ന അപ്പൊ. പ്രവൃത്തി 19:14 ൽ നാം വായിക്കുന്നു. കൂടാതെ, പിന്നീട് വന്ന പുതിയ വിശ്വാസികളുംതന്നെ അന്ധകാര ശക്തികളുടെ ഭീതിയിൽ നിന്നും പൂർണമായും മോചനം പ്രാപിച്ചിരുന്നു എന്ന് ചിന്തിക്കുവാനും കഴിയുകയില്ല. അവർ തങ്ങളുടെ ഭവന ങ്ങളിൽ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങളിലേക്കും മന്ത്രവാദ പുസ്തകങ്ങളി ലേക്കും മടങ്ങി പോകുവാനുള്ള സാധ്യത വളരെ ആയിരുന്നു. കുറേ മന്ത്രവാദ ഗ്രന്ഥങ്ങൾ തീയ്ക്കിരയാക്കി എന്നിരുന്നാലും അവരുടെ ഇടയിൽനിന്ന് ഈ ഗ്രന്ഥങ്ങൾ പൂർണമായി നീങ്ങിപ്പോയി എന്നോ അവയുടെ സ്വാധീനത്തിൽ നിന്ന് അവർ പൂർണ്ണമായും മോചിതരായി എന്നോ ചിന്തിക്കുവാൻ സാധിക്കുകയില്ല.

• ഇങ്ങനെ ദീർഘകാലം അന്ധകാര ശക്തികളെ ഭയന്നും, അവയുടെ ശാപഭയത്തെ പ്രതിരോധിക്കുവാൻ വിവിധതരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നോക്കി ജീവിച്ചിരുന്നവരെ വളരെ വിശാലമായ വേദശാസ്ത്ര തലത്തിൽതന്നെ നേരിടേണ്ടത് പൗലോസിനെ സംബന്ധിച്ചിടത്തോളം വളരെ ആവശ്യമായ സംഗതി ആയിരുന്നു. ഇങ്ങനെയുള്ള ഭയം ഏതൊരു വ്യക്തിയുടെയും പാരമ്പര്യ ജീവിത പശ്ചാത്തലത്തിൽ നിന്ന് ഉളവാകുക സ്വാഭാവികമാണ്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജെറോം എഫെസ്യ ലേഖനത്തിന്റെ ഉദ്ദേശത്തെ കുറിച്ച് ഇപ്രകാരം പറയുന്നു "who, after experiencing the magical arts, needed to know by whom they had once been deceived". മന്ത്രവാദം പരിശീലിച്ചിരുന്നവർ തങ്ങൾ ആരാലാണ് വഞ്ചിക്കപ്പെട്ടിരുന്നത് എന്ന് അറിയേണ്ടത് ആവശ്യമായിരുന്നു എന്നാണ്.

• തങ്ങൾ ഇപ്പോൾ ആരാധിക്കുന്ന ദൈവവും തങ്ങൾ സേവിക്കുന്ന ക്രിസ്തുവും ഈ അന്ധകാര ശക്തികളേക്കാൾ എത്രയോ ശക്തമെന്ന് അവരെ ഉറപ്പിക്കുക എന്നത് പൗലോസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യം ആയിരുന്നു.

• രണ്ടാമതായി, യെഹൂദന്മാരെയും ജാതികലെയും യേശുക്രിസ്തുവിന്റെ ഒന്നിപ്പിക്കൽ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ, ഇരുവരും ഒന്നാണ് എന്ന് അവർ മനസ്സിലാക്കേണ്ടി യിരിക്കുന്നു. ജാതികൾക്ക് തങ്ങളുടെ സംസ്ക്കാരത്തിന്റെ സമ്മർദ്ദത്താൽ യെഹൂദന്മാരോടുള്ള ശത്രുതയെ, സഭയിൽ അതിജീവിക്കാൻ കഴിയണം. യേശുക്രിസ്തുവിന്റെ ശരീരമായ സഭ യിൽ യെഹൂദന്മാരേയും ജാതികളേയും ഒന്നിപ്പിച്ചിരിക്കുന്നു (2:16) എന്നത് ഈ ലേഖനത്തിന്റെ ഒരു മുഖ്യ വിഷയം അല്ലെങ്കിൽ കൂടി അതും ഒരു ഉപവിഷയം എന്ന നിലയിൽ ലേഖനത്തിന്റെ ഉദ്ദേശ്യം എന്ത് എന്ന് ഗ്രഹിക്കുന്നതിൽ പരിഗണിക്കേണ്ട ഒരു വിഷയമാണ്. ഈ ഒരു വിഷയം സ്നേഹവും ഐക്യതയും എന്ന പ്രധാന വിഷയത്തോട് ചേർത്ത് കാണേണ്ടതാണ്.

• റോമൻ സാമ്രാജ്യം പരക്കേ നിലനിന്നിരുന്ന യെഹൂദ-ജാതി വിരോധം, എഫെസ്യ സഭയിലും ഒരു പ്രശ്നമായിരുന്നു എന്ന് ജോസിഫസിന്റെ എഴുത്തുകളിൽ കാണാം. പൗലോസിന്റെ എഫെസോസിലെ പ്രവർത്തന ഫലമായി ധാരാളം ജാതികൾ സഭയിലേക്ക് കടന്നു വന്നത് ഈ അനൈക്യത വർധിക്കുന്നതിന് കാരണമായി തീർന്നു. യഹൂദന്മാരും ജാതികളും തമ്മിലുള്ള സ്വാഭാവികവും സാംസ്കാരികവുമായ സംഘർഷത്തിനു പുറമേ, യഹൂദന്മാരുടെ പുതിയ വിശ്വാസത്തിൽ ജാതികളായ വിശ്വാസികൾക്കു യാതൊരു മതിപ്പും തോന്നിയിരുന്നില്ല എന്നതും അവരുടെ സംഘർഷത്തിന്റെ ആക്കം വർദ്ധിപ്പിച്ചു. എന്താണ് അവരുടെ അനൈക്യതയുടെ കൃത്യമായ കാരണം എന്ന് തീർത്തു പറയാൻ കഴിയില്ലെങ്കിലും ഈ ഒരു പ്രശ്നം അവഗണിക്കാൻ കഴിയാത്ത ഒന്നായിരുന്നു.

• മൂന്നാമതായി, പുതിയതായി വന്ന ജാതിയ വിശ്വാസികൾക്ക് തങ്ങളുടെ അധാർമ്മിക രീതികൾ അവസാനിപ്പിക്കുന്നതിനും, തങ്ങൾ ഇപ്പോൾ ആരുടെ വക ആയിരിക്കുന്നുവോ ആ ദൈവത്തിന്റെ വിശുദ്ധിക്ക് യോഗ്യമായ ഒരു ജീവിതശൈലി പ്രായോഗികമാക്കുന്നതിനു പ്രോത്സാഹനവും സഹായവും ആവശ്യമായിരുന്നു.

• ഈ ലേഖനത്തിന്റെ രണ്ടാം പകുതിയിലെ (എഫെ. 4:17) “ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ച് നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്” എന്ന പൗലോസിന്റെ പ്രസ്താവന, സഭയിലെ ജാതികളായ വിശ്വാസികൾക്ക് ഊന്നൽ നൽകുന്ന തിന്റെ ഒരു സൂചനയാണ്. ഈ ലേഖനം എഴുതുന്നതിൽ ഈ ഒരു വിഷയവും തന്നെ പ്രേരിപ്പിച്ചിരിക്കാം. ക്രിസ്തീയ വിശ്വാസത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്നേയുള്ള അവരുടെ അധാർമ്മിക ജീവിതരീതി വെടിഞ്ഞ് ക്രിസ്തുവിൽ രക്ഷപ്രാപിച്ചതിന് യോഗ്യമായ ജീവിതം -മദ്യപാന വിമുക്തമായ, ലൈംഗിക അധാർമ്മികത ഇല്ലാത്ത, നുണ, കൈപ്പ് തുടങ്ങിയ നിരവധിയായ തിന്മകൾ വെടിഞ്ഞുള്ള- ക്രിസ്തീയ ജീവിതം നയിക്കുന്നതിനു സഹായവും പ്രോത്സാഹനവും ആവശ്യമാണ്

• നാലാമതായി, മുപ്പതിലധികം തവണ ഈ ലേഖനത്തിൽ “In Christ” അഥവാ “ക്രിസ്തുവിൽ” എന്ന പ്രയോഗം നമുക്ക് കാണുവാൻ കഴിയും. അത് അവരുടെ പുതിയ വ്യക്തിത്വം അഥവാ ഐഡൻറിറ്റിയെ ആണ് കാണിക്കുന്നത്. അവർ ഇപ്പോൾ കർത്താവായ യേശു ക്രിസ്തുവിനോട് ചേർന്ന് ദൃഢവും സജീവമായ വ്യക്തിഗത ബന്ധത്തിലേക്ക് വന്നിരിക്കുന്നു. ക്രിസ്തുവിലുള്ള അവർക്ക് ഈ പുതിയ വ്യക്തിത്വം അവരെ പുതു ജീവിതത്തിനായി ശാക്തികരിക്കുന്നു. ഈയൊരു ഐഡന്റിറ്റി പൗലോസിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമാണ്. അത് തങ്ങളുടെ ജീവിതത്തിന് പുതിയ ഒരു അർത്ഥവും ലക്ഷ്യവും നൽകുന്നു. ഈ ഐഡൻറിറ്റി തങ്ങൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളെ അതിജീവിക്കാൻ പര്യാപ്തമായ സംഗതിയാണ്. ആകയാൽ വിശ്വാസികൾ തങ്ങളുടെ ആത്മീയ പോരാട്ടത്തിലും, മറ്റു സഹോദരങ്ങളൊടുള്ള ബന്ധത്തിലും, ക്രിസ്തീയ ജീവിതത്തിന്റെ സദാചാരപരവും ധാർമ്മികവുമായ ജീവിതത്തിനുള്ള കഴിവ് പ്രാപിക്കുന്നതിനും തങ്ങളുടെ ക്രിസ്തുവിലുള്ള പുതിയ ഐഡൻറിറ്റിയെ നന്നായി മനസ്സിലാക്കി അതിൽ അടിസ്ഥാനപ്പെടേണ്ടത് ആവശ്യമാണ്.

ഈ പറഞ്ഞ നാല് കാരണങ്ങളെ, അതായത് മന്ത്രവാദം, ആഭിചാരം, ജപിച്ചു കെട്ടൽ എന്നിങ്ങനെയുള്ള ആചാരാനുഷ്ഠാനങ്ങളാൽ അന്ധകാര ശക്തികളെ പ്രീണിപ്പിച്ച് ജീവിച്ചിരുന്നവർ ഇപ്പോൾ അവർ ആരാധിക്കുന്ന ദൈവവും ക്രിസ്തുവും ദുഷ്ടശക്തികളെക്കാൾ ശക്തരാണെന്ന് അവർ മനസ്സിലാക്കണം. യെഹൂദനും ജാതിയും തമ്മിലുള്ള സംസ്കാര പരമായ അകൽച്ച, വിദ്വേഷം ഇവ ക്രിസ്തുവിന്റെ ക്രൂശിൽ നീങ്ങി പോയിരിക്കുന്നു. പഴയ ജീവിതത്തിന്റെ അധാർമ്മികത, മദ്യപാനം, നുണ, കൈപ്പ് തുടങ്ങിയ നിരവധി സിനിമകൾ അവരിൽ നിന്നും നീക്കണം. ഈ വക കാര്യങ്ങളെ അതിജീവിക്കാൻ ആവശ്യമായ പുതിയ ഐഡൻറിറ്റി അവർ ക്രിസ്തുവിൽ പ്രാപിച്ചിരിക്കുന്നു. ഈവക കാര്യങ്ങളെ ചേർത്ത് ഈ പുസ്തകത്തിലെ ഉദ്ദേശ്യലക്ഷ്യത്തെ ഇവണ്ണം സംഗ്രഹിക്കാം

ഉദ്ദേശ്യം

എഫെസോസിനും അതിനു ചുറ്റുപാടുമുള്ള നഗരങ്ങളിലെ സഭകളുടെ ശൃംഖലയ്ക്കുമാണ് പൗലോസ് ഈ ലേഖനം എഴുതുന്നത്. ഒന്ന്, അന്ധകാര ശക്തികളോടുള്ള അവരുടെ നിരന്തരമായ പോരാട്ടത്തിലും, രണ്ട്, സഭയിലും അവിടുത്തെ സഭകൾക്കിടയിലും യഹൂദന്മാരും ജാതികളും തമ്മിൽ ഐക്യത വർദ്ധിപ്പിക്കുന്നതിനും, മൂന്ന്, തങ്ങളെ വിളിച്ച ദൈവത്തിന്റെ വിശുദ്ധിയോടും നിർമ്മലതയോടും ഉള്ള അവരുടെ ആനുരൂപ്യം വർദ്ധിച്ചു വരുന്നതിനും ക്രിസ്തുവിലുള്ള തങ്ങളുടെ പുതിയ വ്യക്തിത്വവും അവർ വിശ്വസിച്ച സുവിശേഷവും തങ്ങളെ ശുദ്ധികരിക്കാൻ മതിയായതാണ് എന്ന് അവരെ ഗ്രഹിപ്പിച്ച് ഉറപ്പിക്കുന്നതിനും വേണ്ടിയാണ് അപ്പൊ. പൗലോസ് ഈ ലേഖനം എഴുതിയത്.

ഇനി ഈ പുസ്തകത്തിന്റെ ആദ്യരണ്ടു വാക്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കാം.

എഫെസ്യർ 1: 1 2

“ ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പസ്തോലനായ പൗലോസ് (എഫെസൊസിൽ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്ക് എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ”

മുഖ്യപ്രമേയം

വിശ്വാസികളുടെ ജീവിതത്തിൽ പുതിയ ഉടമ്പടി അനുഗ്രഹങ്ങളായ കൃപയും (grace & peace) സമാധാനവും വ്യാപരിക്കേണ്ടതിന് അവരെ ഓർത്ത് പ്രാർത്ഥിച്ചു കൊണ്ട് തനിക്ക് അവരെ സംബന്ധിച്ച് ഇവിടെ ശുശ്രൂഷാ താല്പര്യം വെളിപ്പെടുത്തുന്നതാണ് ഈ ഭാഗത്തിന്റെ മുഖ്യപ്രമേയം.

ആരാണ് ഈ ലേഖനം എഴുതിയത്, ആർക്കാണ് ഇത് എഴുതിയത്, അവർക്കുള്ള ആശംസകൾ എന്നിവയോടെയാണ് ഈ ലേഖനം ആരംഭിക്കുന്നത്. റോമാ ലേഖനവും ഗലാത്യ ലേഖനവും പോലെ താനാണ് ഈ പുസ്തകത്തിന്റെ ഏക എഴുത്തുകാരൻ എന്ന നിലയിലാണ് പൗലോസ് ഇത് എഴുതുന്നത്. പൗലോസ് തന്നെ പരിചയപ്പെടുത്തുന്നത് യേശുക്രിസ്തുവിന്റെ അപ്പോസ്തോലൻ എന്ന നിലയിലും ഈ സഭാ സ്ഥാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഒരു ‘സഭാ നേതാവ്’ എന്ന നിലയിലുമാണ്. തന്നെ അപ്പസ്തോലനായി നിയോഗിക്കുന്നത് കർത്താവായ യേശുക്രിസ്തു തന്നെയാണ് എന്ന് അപ്പോസ്തോല പ്രവർത്തികൾ 9:1-30, 22:1-21, 26:1-23 എന്നീ വേദഭാഗങ്ങൾ പരിശോധിച്ചാൽ നമുക്ക് കാണുവാൻ കഴിയും. ആകയാൽ തനിക്ക് ഈ സഭകളുടെ മേൽ പ്രാധാന്യമേറിയ, നിഷേധിക്കാൻ കഴിയാത്ത, നേതൃസ്ഥാനവും തന്റെ വാക്കുകൾക്ക് ദൈവത്തിന്റെ അധികാരവുമുണ്ട്. “ദൈവത്താൽ” എന്ന പ്രയോഗം തന്നെ അധികാരത്തിന്റെ ഉറവിടത്തെ (source of his authority) ഉറപ്പിക്കുന്നതാണ്.

ഗലാത്യാലേഖനത്തിന്റെ ആദ്യ വാചകങ്ങളിൽ തന്റെ അപ്പസ്തോലത്വം മനുഷ്യരിൽ നിന്നൊ മനുഷ്യനാലൊ വന്നതല്ല; യേശുക്രിസ്തുവിനാലും അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ച പിതാവായ ദൈവത്താലും വന്നത് എന്ന് പ്രസ്താവിക്കുന്നതു കാണാം. അതേ, താൻ അപ്പൊസ്തലനായി നിയമിതനായത് മരിച്ചുയർത്തെഴുനേറ്റ യേശുക്രിസ്തുവിനാലാണ്. തന്നെ വിളിച്ചത് കർത്താവായ യേശുക്രിസ്തുവാണ്. അപ്പസ്തോലനായ പൗലോസിനു കർത്താവിൽ നിന്നും വിളിയുണ്ടായത് ഡമാസ്കസ് റോഡിൽ വച്ചാണ് എന്ന് അപ്പൊ. പ്രവൃത്തി 9: 6, 15 വാക്യങ്ങളിൽ നമുക്ക് കാണുവാൻ കഴിയും.

എഫെസോസിൽ ഉള്ള സഭയ്ക്ക് എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു കെട്ടിടത്തിൽ കൂടി വരുന്ന 200-250 പേരുള്ള ഒരു കൂടി വരവിനെ അല്ല, ഏഷ്യാമൈനറിന്റെ പടിഞ്ഞാറൻ മെട്രോപോളിറ്റൻ സെന്റർ ആയ ഏകദേശം രണ്ടര ലക്ഷം വരുന്ന ക്രിസ്തീയ സമൂഹത്തിഹത്തിനാണ. എഫെസൊസിനും ചുറ്റുവട്ടത്തും ആയി വ്യാപിച്ചുകിടന്ന ഒരു ഡസനിലധികം വരുന്ന ക്രിസ്തീയ കൂട്ടായ്മകൾക്കാണ് താൻ ഇത് എഴുതുന്നത്. എഫെസൊസിലെ സഭകൾക്ക് ഇത് എഴുതുന്നതുമുലം പടിഞ്ഞാറൻ ഏഷ്യാമൈനറിൽ ഉള്ള അനേകം വിശ്വാസികളെ തനിക്കു സ്വാധീനിക്കുവാൻ സാധിക്കും.

1. ആരാണ് യഥാർത്ഥ വിശുദ്ധന്മാർ ? (Who are the saints?)

അവരെ താൻ വിശുദ്ധന്മാർ (saints) എന്നും ക്രിസ്തുവിൽ വിശ്വസിച്ചവർ എന്നുമാണ് വിശേഷിപ്പിക്കുന്നത്. ജാതികൾ ഉൾപ്പെടെയുള്ള എല്ലാ വിശ്വാസികളെയും താൻ “വിശുദ്ധർ” എന്നാണ് വിളിച്ചിരിക്കുന്നത്. ഇവിടെ ‘വിശുദ്ധൻ’ (saint) എന്ന പ്രയോഗം ഏകവചനം അല്ല “വിശുദ്ധർ” (saints) എന്ന ബഹുവചനമാണ്. പുതിയനിയമത്തിൽ “വിശുദ്ധർ” എന്ന ബഹുവചന പ്രയോഗം മാത്രമേ കാണുവാൻ കഴിയുകയുള്ളു. സമുദായങ്ങൾ ഇന്ന് ചില വ്യക്തികളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയും പിന്നീട് അവരോട് മധ്യസ്ഥപ്രാർഥന കഴിക്കുന്നതും നമുക്ക് സുപരിചിതമായ സംഗതിയാണ്. എന്നാൽ ഈ ആ ഒരു രീതി ബൈബിളിന്റെ രീതിയല്ല. യേശുക്രിസ്തുവിൽ വിശ്വസിച്ചവരെ എല്ലാം അപ്പസ്തോലനായ പൗലോസ് വിശുദ്ധരായാണ് (saints) കാണുന്നത്.

പഴയനിയമത്തിലെ ഉടമ്പടി ജനത്തെ കുറിക്കുവാൻ സാധാരണ ഉപയോഗിച്ചിരിക്കുന്ന ഒരു വാക്കാണിത് (പുറപ്പാട് പുസ്തകം 22:31; സങ്കീർത്തനം 16:3; 34:39; ദാനിയേൽ 7:18, 21, 22, 24). അവരെ വിശുദ്ധരെന്ന് വിളിക്കുവാൻ കാരണം ദൈവം അവരെ തിരഞ്ഞെടുത്തവരും തന്റെ ജനമായി വേർതിരിച്ചവരും ആകയാലാണ്. ദൈവം അവരെ വിളിച്ചത് അഥവാ വേർതിരിച്ചത് ദൈവത്തിന്റെ നിർമ്മലതയും സത്യസന്ധതയും അവരുടെ ജീവിതത്തിൽ പ്രതിഫലിക്കേണ്ടതി നാണ് (ലേവ്യ 11:45; “ഞാൻ നിങ്ങൾക്ക് ദൈവമായി ഇരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീം ദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം” (ലേവ്യ 19:2).

മുൻപ് നാം പല നിലകളിൽ, പല തൊഴിലുകൾ ചെയ്ത് ജീവിച്ചിരുന്നു. ഇന്നു ദൈവം തന്റെ ജനമായി നമ്മേ വേർതിരിച്ചിരിക്കുന്നു. നമ്മേ വിളിച്ച ദൈവത്തെ പ്രതിനിധീകരിക്കുന്നവരാണ് നാം എന്ന ഓർമ്മ എപ്പോഴും നമ്മെ ഭരിക്കണം. ദൈവത്തിന്റെ ദൃഷ്ടിയിൽ നാം വിശുദ്ധന്മാർ ആണ്. നാമെങ്ങനെയാണ് നമ്മെ തന്നെ കാണുന്നത്? ഞാൻ വിശുദ്ധനാണ് എന്ന ചിന്ത നമ്മെ എപ്പോഴും പഠിക്കുന്നുണ്ടോ? നമ്മുടെ ഈ വിശുദ്ധ പദവിക്ക് ചേർന്നവിധം ആണോ നാം ജീവിക്കുന്നത്? നാം മറ്റു വിശ്വാസികളെ കാണുന്നത് എന്നെപ്പോലെ ആ വ്യക്തിയും ഒരു വിശുദ്ധനാണ് എന്ന നിലയിലാണോ? നമ്മുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും ഒരു വിശുദ്ധനായ വ്യക്തിക്കു യോഗ്യമായ നിലയിലുള്ളതാണോ? നമ്മുടെ ഇടപാടുകൾ ഈ നിലയിൽ ഉള്ളതാണോ? നമ്മുടെ ബന്ധത്തിൽ ഈ ഒരു ചിന്ത നമ്മെ ഭരിക്കുന്നുണ്ടോ? നമുക്കു കോപം വരുമ്പോൾ എതിരാളികളായിരിക്കുന്ന വ്യക്തിയെ, അത് ഭാര്യയോ ഭർത്താവോ ആരുമാകട്ടെ വിശുദ്ധനാണ് എന്ന കാര്യം മറന്നു പോകാറുണ്ടോ? ഭാര്യയോടോ ഭർത്താവിനോടോ കോപിക്കുമ്പോൾ നാം ഉപയോഗിക്കുന്ന വാക്കുകൾ ആ വ്യക്തിയുടെ പദവിക്ക് യോഗ്യമായ വാക്കുകൾ ആണോ ഉപയോഗിക്കുന്നത്?

2. സുവിശേഷത്തിന്റെ അടിസ്ഥാനവും ക്രിസ്തീയജീവിതത്തിനുള്ള ശക്തിയുമാണ് ദൈവകൃപ ദൈവകൃപ (God's grace is the basis of the gospel and the power of the Christian life)
എഫെസ്യർ 1:2 “നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്കു കൃപയും (grace) സമാധാനവും (peace) ഉണ്ടാകട്ടെ.” പൗലോസ് തന്റെ എഴുത്ത് ഒരു ആശംസയോടെ ആരംഭിക്കുന്നു. തന്റെ ആശംസയിൽ വായനക്കാരെ കൃപയും (grace) സമാധാനവും (grace) നൽകി അനുഗ്രഹിക്കുവാനുള്ള ദൈവത്തോടുള്ള അഭയയാചനയും ഉൾക്കൊള്ളുന്നു. സുവിശേഷസന്ദേശത്തിന്റേയും തന്റെ വേദശാസ്ത്രത്തിന്റേയും ഹൃദയമായ “കൃപ” (grace-khaaris) തന്നെയാണ് താൻ ദൈവത്തിന്റെ അനുഗ്രഹം ആയി അവർക്ക് നൽകണമെന്ന് അപേക്ഷിക്കുന്നത്. ഗ്രീക്കൊ-റോമൻ പശ്ചാത്തലത്തിലും ഈ പദം സുപരിചിതമാണ്. അത് ഉപയോഗിക്കുന്നത് ദേവന്മാരുടെ അഥവാ ചക്രവർത്തിയുടെ ഫേവർ തങ്ങൾക്ക് ഉണ്ടാകണമെന്ന് പറയുന്നതിനാണ്. പൗലോസിനെ സംബന്ധിച്ചെടുത്തോളം പുതിയ ഉടമ്പടിയുടെ വൈശിഷ്ട്യമാർന്ന സവിശേഷതയാണ് “ദൈവത്തിന്റെ കൃപ”. തിത്തോസ് 2:11 ൽ നാം ഇപ്രകാരമല്ലോ കാണുന്നത്: “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതി പ്രവർത്തികളാലല്ല തന്റെ കരുണ പ്രകാരമത്രേ രക്ഷിച്ചത്.” "For the grace of God that brings salvation has appeared to all” (Titus 2:11). (Hebrew word for grace is hen which means grace, favor. (Hebrew) hesed means lovingkindness, love, mercy, faithfulness). 'hen 'hesed' എന്നീ പഴയനിയമ എബ്രായ പദങ്ങൾ നൽകുന്ന ആശയമാണ് പൗലോസിനെ മനസ്സിലുള്ളത്. പഴയനിയമത്തിൽ എന്ന ‘ഹെൻ” എന്ന എബ്രായ പദം ആണ് “കൃപ” അഥവാ “ആനുകൂല്യം” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്. “ഹെസെഡ്” എന്ന പദം സ്നേഹത്തിലൂന്നിയ കൃപ, സ്നേഹം കരുണ, വിശ്വസ്തത എന്നീ അർഥങ്ങളിലും ഉപയോഗിച്ചു കാണുന്നു. ‘ഹെസെഡ് ‘ എന്ന പദത്തിന് LXX ൽ കരുണ അല്ലെങ്കിൽ mercy എന്ന അർത്ഥം വരുന്ന ‘എലിയോസ്’ എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ ജനത്തിന്റെ നന്മയെക്കരുതി സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടി ചെയ്യുന്ന പ്രവർത്തികളെ കാണിക്കുവാൻ പലപ്പോഴും ദൈവത്തോട് ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന വാക്കാണിത്. ഇത് ഉടമ്പടിയോടുള്ള ബന്ധത്തിൽ സംഭവിക്കുന്നതാണ്. ദൈവം തന്റെ ഉടമ്പടി ഉത്തരവാദിത്വങ്ങൾ നിവർത്തിക്കുന്നതിൽ വിശ്വസ്തനാണ്. ഇത് തന്റെ സമൃദ്ധിയായ സ്നേഹത്തിൽ നിന്ന് ഉളവാക്കുന്നതാണ്. ദൈവം യിസ്രയേലുമായി സീനായി പർവ്വതത്തിൽ വെച്ച് ഉടമ്പടി വെച്ചപ്പോൾ താൻ തന്നെത്തന്നെ വെളിപ്പെടുത്തിയത്: “യഹോവ, യഹോവയായ ദൈവം കരുണയും കൃപയും ഉള്ളവൻ (hannun), ദീർഘക്ഷമയും മഹാദയയും (hesed) വിശ്വസ്തതയുമുള്ളവൻ, ആയിരം ആയിരത്തിന് ദയ (hesed) പാലിക്കുന്നവൻ; അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; …” (പുറപ്പാട് 34:6-7, സംഖ്യ 14: 17-19). സങ്കീർത്തനത്തിൽ വിവിധയിടങ്ങളിൽ ദൈവത്തിന്റെ എന്നേക്കും നിലനിൽക്കുന്ന ദയയെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നത് കാണാം. കൃപ (grace) എന്ന വാക്ക് ഏകദേശം 95 തവണ അപ്പോസ്തലനായ പൗലോസ് തന്റെ എഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതു കാണുവാൻ കഴിയും. ഓരോ എഴുത്തിലും അനവധി ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു എന്നത് അതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. മാത്രവുമല്ല, ദൈവത്തിന്റെ കൃപയാണ് നമ്മുടെ നീതീകരണത്തിന്റെ ഉറവിടം (റോമർ 3:24). ദൈവത്തിന്റെ ദാനം അഥവാ gift ആണിത്. റോമർ 5: 15-17 വാസ്തവത്തിൽ പാപികൾക്ക് ദൈവം നൽകുന്ന അർഹിക്കാത്ത ആനുകൂല്യമാണ് രക്ഷ എന്നത്. അത് അവിടംകൊണ്ടും അവസാനിക്കുന്നില്ല രക്ഷിക്കപ്പെട്ടവർക്ക് പുതിയ ഉടമ്പടിയിൻ കീഴിൽ അവരെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്ന ധാർമ്മിക നിലവാരത്തിനും ഒത്തവണ്ണം ജീവിക്കുന്നതിനു അവരെ പ്രാപ്തരാക്കുന്നതിനും ദൈവം ഉപയോഗിച്ചിരിക്കുന്ന ശുശ്രൂഷ നിവൃത്തിക്കുന്നതിനുള്ള ശക്തിയുടെ തുടർമാനമായ പ്രവാഹവും കൂടിയാണിത്.

പൗലോസിനെ തന്നെയും ശക്തീകരിച്ചിരുന്നത് ഈ കൃപയാണ് അതുകൊണ്ടാണ് “എന്റെ കൃപ നിനക്ക് മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു” എന്ന് 1 കൊരിന്ത്യർ 12: 9 യിൽ കർത്താവു പൗലോസിനോടു പറയുന്നത്. കൃപയുടെ ഈ വശം പുതിയനിയമത്തിലെ ദൈവത്തിന്റെ പ്രാപ്തിപ്പെടുത്തുന്ന ശക്തിക്കും തന്റെ പരിശുദ്ധാത്മ ദാനത്തിനും സമാനമായ ആശയം ഉൾക്കൊള്ളുന്നു. ദൈവത്തിന്റെ കൃപ നമ്മുടെമേൽ ധാരാളമായി ചൊരിയേണ്ടതായി നമുക്ക് ആഗ്രഹിക്കാം, പ്രാർത്ഥിക്കാം.
3. സുവിശേഷത്തിന്റെ ഫലമായ സമാധാനം (Peace is the fruit of the gospel)

അങ്ങനെ പൗലോസ് ആമുഖമായി നൽകുന്ന ആശംസയിൽ, പുതിയ ഉടമ്പടിയുടെ സവിശേഷ പ്രത്യേകതയായ കൃപ വായനക്കാരുടെ മേൽ ചൊരിയുവാൻ ദൈവത്തോട് അപേക്ഷിക്കുന്നു. കൂടാതെ ദൈവത്തിന്റെ സമാധാനം (peace) അവരുടെമേൽ ഉണ്ടാകുവാനും താൻ യാചിക്കുന്നു. ഇതും പുതിയനിയമത്തിന്റെ ഒരു മുഖ്യഅനുഗ്രഹമാണ്. യെഹസ്ക്കേൽ പ്രവാചകൻവഴി വരാൻപോകുന്ന യുഗത്തെ ചൂണ്ടിക്കൊണ്ട് ദൈവം വാഗ്ദത്തം ചെയ്തു സമാധാനത്തിന്റെ ഉടമ്പടി (37:26) എന്നേക്കുമുള്ള ഉടമ്പടി ആയിരിക്കും എന്ന് പറയുന്നു. ഈ പുതുയുഗം മശിഹയുടെ ആഗമനത്തോടെ ഉദ്ഘാടനം ചെയ്യപ്പെടുമെന്നും അവൻ സമാധാനത്തിന്റെ പ്രഭു എന്നും അറിയപ്പെടും എന്ന് യെശയ്യ 9:6 ൽ നാം വായിക്കുന്നു. സെഖരിയാവ് അതിനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ഇതാ നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്തും പെൺ കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തു കയറി വരുന്നു… അവൻ ജാതികളോടു സമാധാനം കൽപ്പിക്കും” (സെഖരിയ 9:9-10)

ഈ മശിഹയുടെ ആഗമനത്തെ ദൂതവൃന്ദങ്ങൾ ഘോഷിക്കുന്നത് “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്ന് ലൂക്കോസ് 2: 14ൽ നാം വായിക്കുന്നു. തന്റെ വേർപാട് വേളയിലെ പ്രഭാഷണത്തിൽ യേശുക്രിസ്തു ഈ സമാധാനം ശിഷ്യന്മാരുടെ മേൽ ആശംസിച്ചുകൊണ്ട് പറയുന്നു: “സമാധാനം (peace) ഞാൻ നിങ്ങൾക്ക് തന്നേച്ചു പോകുന്നു; എന്റെ സമാധാനം (peace) ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്” (യോഹന്നാൻ 14: 27). അപ്പോസ്തോലിക പ്രസംഗങ്ങളിലും സമാധാനത്തിന്റെ പ്രഖ്യാപനം ഒരു ഭാഗമായിരുന്നു (അപ്പോസ്തോല പ്രവർത്തി 10:36) എന്ന് കാണുവാൻ കഴിയും. പൗലോസിനെ സംബന്ധിച്ചിടത്തോളം ദൈവത്തോടുള്ള സമാധാനം നീതീകരണത്തിന്റെ ഒരു ഫലവും (റോമർ 5:1) പരിശുദ്ധാത്മാവിന്റെ ഫലവുമാണ് (ഗലാ. 5:22).

“കൃപയും സമാധാനവും” ഈ ലേഖനത്തിന്റെ മുഖ്യ പ്രമേയങ്ങളാണ്. കൃപ 12 തവണയും (1: 2, 67; 2:5, 7, 8; 3: 2, 7; 4: 7: 29:6, 24) സമാധാനം (peace) 8 തവണയും (1:2; 2: 14, 15, 17: 4:3; 6: 6:15, 23) ആവർത്തിച്ചിരിക്കുന്നു. ഈ ഉടമ്പടി അനുഗ്രഹങ്ങളുടെ ഉറവിടം എന്ന് പറയുന്നത് പിതാവു മാത്രമല്ല പുത്രനിൽനിന്നും കൂടിയാണ്. കാരണം താൻ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും പിതാവിൽനിന്ന് അധികാരവും ശക്തിയും പ്രാപിക്കുകയും ചെയ്തിരിക്കുന്നു (റോമർ 1:4). ഇതു സുവിശേഷത്തിന്റെ രണ്ടു ഫലങ്ങളാണ്. ഈ സുവിശേഷത്തിന്റെ വക്താവായ യേശുക്രിസ്തു ഇന്നു കർത്താവാണ്. പൗലോസ് തന്റെ വായനക്കാരിൽ ഈ രണ്ട് അനുഗ്രഹങ്ങളും ദൈവം ചൊരിയട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഉപസംഹാരം

മറ്റുള്ളവർ നിങ്ങൾക്കെതിരെ ചെയ്യുന്ന മന്ത്രവാദം, ആഭിചാരം, പിശാചുബാധ ഇത്യാദി കാര്യങ്ങളിൽ നിങ്ങൾ ഭയപ്പെടുന്നതാകട്ടെ, മറ്റു പശ്ചാത്തലങ്ങളിൽ നിന്നു വന്ന വിശ്വാസികളെ എനിക്ക് സ്നേഹിക്കാൻ കഴിയാത്തത് ആകട്ടെ, കഴിഞ്ഞകാലങ്ങളിൽ ചെയ്തു പോന്നിരുന്ന പാപങ്ങൾ പൂർണമായി നിർത്തുവാൻ എനിക്ക് സാധിക്കാത്തത് ആകട്ടെ; നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ഏകപരിഹാരമാർഗമാണ് സുവിശേഷം. ഈ സുവിശേഷത്തിന്റെ രണ്ട് ഫലങ്ങളാണ് കൃപയും സമാധാനവും. ഈ രണ്ടു അനുഗ്രഹങ്ങളും നമ്മുടെ പ്രാർത്ഥനയിലെ മുഖ്യ വിഷയങ്ങൾ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page