
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര -04
P M Mathew
APR 27, 2014
Praise God for His Sealing with Holy Spirit
പരിശുദ്ധാന്മാവിനാലുള്ള മുദ്രക്കായി ദൈവത്തെ സ്തുതിക്കുക
Ephesians 1:11-14
ആമുഖം
എഫേസ്യാലേഖനത്തിന്റെ ഒന്നാം അദ്ധ്യായം അതിന്റെ 3-10 വരെയുള്ള വാക്യങ്ങളാണ് കഴിഞ്ഞ രണ്ടു സന്ദേശങ്ങളിലൂടെ നാം പഠിച്ചത്. അവിടെ നാം കണ്ടത് ഒരു വിശ്വാസി എന്തുകൊണ്ട് ദൈവത്തെ സ്തുതിക്കണം എന്ന കാര്യമാണ്. ദൈവത്തെ സ്തുതിക്കുവാനുള്ള 7 കാര്യങ്ങൾ നാം അവിടെ കണ്ടു. അത് സംക്ഷിപ്തമായി പറഞ്ഞ് ഇന്നത്തെ വേദഭാഗത്തിലേക്കു നമുക്കു കടക്കാം.
1. ദൈവത്താൽ നാം തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ട് ദൈവത്തെ സ്തുതിക്കണം (1:4a;11).
2. സ്നേഹത്തിൽ തന്റെ മഹത്വകരമായ അവകാശമായിരിപ്പാൻ ദൈവം നമ്മെ മുന്നിയമിച്ചതുകൊണ്ട് നാം ദൈവത്തെ സ്തുതിക്കണം (1:5a,12).
3. ദൈവം നമ്മെ വീണ്ടെടുത്തതിനാലും നമ്മുടെ പാപം മോചിച്ചു തന്നതിനാലും ദൈവത്തെ സ്തുതിക്കണം (1:7a-b).
4. ദൈവം തന്റെ ധാരാളമായ കൃപ നമ്മുടെ മേൽ ചൊരിഞ്ഞതിനാൽ നമുക്ക് ദൈവത്തെ സ്തുതിക്കണം(1:7c-8a).
5. ദൈവം തന്റെ രക്ഷാകര പദ്ധതി വെളിപ്പെടുത്തി തന്നതുകൊണ്ട് നമുക്ക് ദൈവത്തെ സ്തുതിക്കണം (1: 8b-9a).
6. ഈ ലോകത്തിന്റെ പര്യവസാനത്തെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് എന്നതിനാൽ ദൈവത്തെ സ്തുതിക്കണം (1:9b-10).
7. ദൈവത്തിന്റെ തെരഞ്ഞെടുപ്പിന്റെയും മുന്നിയമനത്തിന്റെയും ആത്യന്തിക ലക്ഷ്യം ദൈവത്തിന്റെ മഹത്വമാണ്.
ഇന്നു നമുക്കു പഠിക്കുവാനുള്ള വേദഭാഗം എഫെസ്യലേഖനം അതിന്റെ ഒന്നാം അദ്ധ്യായം 11-14 വരെയുള്ള വാക്യങ്ങളാണ്. അതിലേക്കു നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നു.
എഫെസ്യർ 1:11-14
11 അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി 12 ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ട തിന്നു തന്നേ. 13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, 14 തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.”
കേന്ദ്ര ആശയം
ദൈവം തന്റെ മഹത്വത്തിന്റെ പുകഴ്ചക്കായി താൻ തെരഞ്ഞെടുക്കുകയും മുന്നിയമിക്കയും ചെയ്ത ജനത്തെ തന്റെ സ്നേഹത്തിലും ശക്തിയിലും പരിശുദ്ധാന്മാവിനാൽ മൂദ്രയിട്ട് സൂക്ഷിക്കുന്നതിനാൽ നാം ദൈവത്തെ സ്തുതിക്കണം എന്നതാണ്.
അതിൽ ദൈവത്തിന്റെ തെരഞ്ഞെടുപ്പിനെ കുറിച്ചും മുന്നിയമനത്തെക്കുറിച്ചും നാം മുന്നമെ ചിന്തിച്ചു. ഇനി ശേഷിക്കുന്ന കാര്യം ദൈവത്തിന്റെ തെരഞ്ഞെടുപ്പിനു പിന്നിലെ ഉദ്ദേശ്യത്തെ ക്കുറിച്ചും അതിന്റെ നിവൃത്തിക്കായി തന്റെ ജനത്തെ പരിശുദ്ധാന്മാവിനാൽ മൂദ്രയിട്ട് എന്നേക്കും സൂക്ഷിക്കും എന്നതിനാൽ നാം ദൈവത്തെ സ്തുതിക്കണം എന്ന കാര്യമാണ് എനിക്കു നിങ്ങളുമായി പങ്കുവെക്കുവാനുള്ളത്.
വിശ്വാസികളുടെ ജീവിതത്തിലേക്കു എന്തെങ്കിലും കഷ്ടതകളോ പ്രതിസന്ധികളൊ കടന്നുവന്നാൽ അവർ നിരാശപ്പെട്ട് പോകരുത്, പിന്തിരിഞ്ഞുപോകരുത് എന്ന കാര്യമാണ് ആദ്യമായി നിങ്ങളെ ഓർപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അതിനുമുന്നോടിയായി, കർത്താവായ യേശുക്രിസ്തു നേരിട്ട് പ്രത്യക്ഷപ്പെടുകയും തെരഞ്ഞെടുക്കയും തന്റെ വേലക്കായി മുന്നിയമിക്കയും ചെയ്ത ഏറ്റവും വലിയ മിഷണറിയും പുതിയ നിയമത്തിലെ 13 പുസ്തകങ്ങളുടെ ഉപജ്ഞാതാവുമായ അപ്പൊസ്തലനായ പൗലോസിന്റെ ജീവിതത്തിലെ ചില ഏടുകൾ നിങ്ങളുടെ മുൻപിൽ വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
1. ദൈവം തന്റെ പരമോന്നതമായ കൃപയിൽ മുന്നിയമിക്കയും തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു (God has predestined and chosen us in His Supreme grace).
വിശ്വാസികളുടെ ജീവിതത്തിൽ ചില പ്രതിസന്ധികൾ നേരിടുമ്പോൾ, ചില കഷ്ടതകൾ തങ്ങളുടെ ജീവിതത്തിലേക്കു കടന്നു വരുമ്പോൾ ദൈവം തങ്ങളെ മറന്നു കളഞ്ഞോ തങ്ങളുടെ രക്ഷ നഷ്ടമായൊ എന്നൊക്കെ സംശയിച്ചു പോകാറുണ്ട്. പ്രത്യേകിച്ചും ദൈവമല്ലാത്തവയെ ആരാധിച്ചും, മന്ത്രവാദം ആഭിചാരം എന്നിവ നടത്തിയിരുന്നവരും തങ്ങളുടെ ഭാവി ഭദ്രമാക്കാൻ ഗ്രഹനില നോക്കി കർമാനുഷ്ഠാനങ്ങൾ നടത്തിയിരുന്നവരുമൊക്കെ വിശ്വാസത്തിലേക്ക് വന്നതിനുശേഷം ചില കഷ്ടതകൾ തങ്ങളുടെ ജീവിതത്തിലുണ്ടാകുമ്പോൾ, അവർ തങ്ങൾ നേരത്തെ ചെയ്തു പോന്നിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർത്തിയതുമൂലമാണ് തങ്ങൾക്കിതൊക്കേയും സംഭവിച്ചത് എന്നു ചിന്തിച്ചു പോകാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെയുള്ളവരെ വിശ്വാസത്തിൽ ഉറപ്പിക്കാനും ക്രിസ്തുവിൽ നിന്നും തങ്ങളുടെ ശ്രദ്ധ മാറിപ്പോകാതിരിപ്പാനും അവരെ ധൈര്യപ്പെടുത്താനും പൗലോസ് ആഗ്രഹിക്കുന്നു.
പൗലോസ് വിശ്വാസികളെ ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യം ദൈവം അവരെ തെരഞ്ഞെടുത്തതുകൊണ്ടാണ് അവർ വിശ്വാസത്തിലേക്കു വന്നത്. ദൈവത്തിന്റെ ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ എന്തെങ്കിലും മേന്മയുടെ വെളിച്ചത്തിലല്ല, മറിച്ച്, ദൈവത്തിന്റെ പരമാധികാരത്തിലുള്ള കൃപയാൽ സംഭവിച്ചതാണ്. തന്റെ ഉദ്ദേശ്യപ്രകാരം നമ്മേ മുന്നിയമിച്ചതുകൊണ്ടാണ് നാമിപ്പോൾ ദൈവത്തിന്റെ അവകാശികൾ ആയിത്തീർന്നത്. ഈ തിരഞ്ഞെടുപ്പ് ദൈവം നടത്തിയിരിക്കുന്നത് ക്രിസ്തുവിലാണ്. ആകയാൽ വിശ്വാസികൾ ക്രിസ്തുവിന്റെ അവകാശമാണ്. യേശുക്രിസ്തു പല തവണ ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്, അത് വിശ്വാസികളെ പിതാവാം ദൈവം തനിക്കു ഗിഫ്റ്റായി നൽകിയതാണ് എന്ന് (യോഹ. 6;37, 39; 10:29; 17:2, 24 etc). സാത്താൻ, പാപം, മരണം എന്നിവയെ യേശു കാൽവരിയിൽ പരാജയപ്പെടുത്തി കൊള്ളയായി നേടിയതാണ് നമ്മേ. ഇപ്പോൾ നാം അവന്റേതാണ്. "ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവൻ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു;" (മലാ. 3:17). രക്ഷയ്ക്കായി തന്റെ പുത്രനിൽ ആശ്രയിക്കുന്ന ഓരോ വ്യക്തിയേയും തന്റെ പുത്രന് ഒരു മഹത്തായ അവകാശമായി നൽകാമെന്ന് നിത്യത മുതൽ പിതാവ് ആസൂത്രണം ചെയ്യുകയും നിശ്ചയിക്കുകയും ചെയ്തു. ഒരുവന്റെ സൃഷ്ടിക്കുമുൻപേ ഈ തെരഞ്ഞെടുപ്പു നടന്നതുകൊണ്ട് വിധിയൊ മാനുഷീക മൂല്യമൊ ഈ തെരഞ്ഞെടുപ്പിനെ അശേഷം ബാധിച്ചിട്ടില്ല ദൈവത്തിന്റെ പരിപൂർണ്ണ കൃപ എന്നേ ഈ തെരഞ്ഞെടുപ്പിനെ കുറിച്ചു പറയാൻ കഴിയു.
ആത്മീയ പൂർത്തീകരണത്തിന് ആവശ്യമായ എല്ലാ ശക്തിയും ഉപയോഗിച്ച് ഓരോ വിശ്വാസിയെയും ദൈവം ശക്തിപ്പെടുത്തുന്നു. ദൈവം എല്ലാ കാര്യങ്ങളിലും തന്റെ ദിവ്യശക്തിയോടെ പ്രവർത്തിക്കുന്നു. ദൈവമാണ് ഈ പ്രവൃത്തിക്കു തുടക്കം കുറിച്ചത്, വർത്തമാനകാലത്തിലും തന്റെ പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ, ദൈവം തുടർമാനമായി തന്റെ പെർഫെക്ടായ ഹിതം നമ്മിൽ നിവൃത്തിച്ചുകൊണ്ടിരിക്കുന്നു.
2. നമ്മുടെ വീണ്ടെടുപ്പ് ദൈവത്തിന്റെ മഹത്വത്തിനും പുകഴ്ചക്കും വേണ്ടിയാണ്’ {Our redemption is to the praise of His Glory (1:14b-c)}.
12-14 വരെ വാക്യങ്ങൾ നമുക്കൊന്നു നോക്കാം: “ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,14 തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (…12 so that we who were the first to hope in Christ might be to the praise of his glory. 13 In him you also, when you heard the word of truth, the gospel of your salvation, and believed in him, were sealed with the promised Holy Spirit, 14 who is the guarantee[a] of our inheritance until we acquire possession of it,[b] to the praise of his glory). ഈ വാക്യങ്ങളിൽ ആവർത്തിച്ച് പറഞ്ഞിരിക്കുന്ന ഒരു കാര്യമാണ് അവന്റെ മഹത്വത്തിന്റെ പുകഴ്ചക്കായി എന്നത്. അതായത്, ദൈവത്തിന്റെ മഹത്വത്തെ മുൻനിർത്തിയാണ് ദൈവം സകല കാര്യങ്ങളും ചെയ്യുന്നത്. ഈ വാക്യം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവത്തിന്റെ മഹത്വത്തിന്റെ പുകഴ്ചക്കായി എന്നു പറഞ്ഞാണ്.
ദൈവത്തിന്റെ നീതിയെ സംബന്ധിച്ച നമുക്ക് പറയാൻ കഴിയുന്ന അടിസ്ഥാനപരമായ വസ്തുത ദൈവത്തിനു തന്റെ മഹത്വത്തിനായി അചഞ്ചലമായ മാറ്റമില്ലാത്ത പ്രതിജ്ഞാ ബദ്ധതയുണ്ട് എന്നതാണ്. താൻ ചെയ്യുന്നതെല്ലാം തന്റെ ജനം ദൈവത്തെ മഹത്വപ്പെടുത്തു ന്നതിനും അതിന്റെ തീവ്രത വർദ്ധിച്ചു വരുന്നതിനും വേണ്ടിയാണ്. ആദ്യമായി മഹത്വം എന്നു പറഞ്ഞാൽ എന്താണ് എന്നു നോക്കാം.
ബൈബിളിൽ “മഹത്വ” ത്തിന് ഉപയോഗിച്ചിരിക്കുന്ന ഒരു എബ്രായ പദമാണ് “Kavod.” “കാവോഡ്”. കാവോഡ് എന്നതിന്റെ അർത്ഥം “ഭാരം” “ഘനം” എന്നാണ്, എന്നാൽ രൂപകമായി ഇത് അർത്ഥമാക്കുന്നത് ഒരാളുടെ പ്രശസ്തി അല്ലെങ്കിൽ പ്രാധാന്യം എന്നതാണ്.
സങ്കീർത്തനം 19:1 ൽ പറയുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.”ദൈവം സൃഷ്ടിച്ച ആകാശത്തെയും, ആകാശത്തിനു കീഴെയുള്ള ശൂന്യാകാശത്തേയുമാണ് ഇവിടെ ദൈവത്തിന്റെ മഹത്വമെന്ന് പറയുന്നത്.
പുറപ്പാട് 24:16-17 “യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്നു മോശെയെ വിളിച്ചു. 17 യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി.” മേഘം പുക, തീയ് എന്നിവയാണ് ഇവിടെ ദൈവത്തിന്റെ തേജസ്സ് അഥവ മഹത്വം എന്നു പറയുന്നത്.
യെശയ്യ 6:3 3 ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.”
These crazy winged creatures screaming loudly that the whole earth is full of God’s “kavod”. ഇവിടെ സെറാഫുകൾ ദൈവത്തിന്റെ മഹത്വത്തെ ഘോഷിക്കുന്നത് അവന്റെ മഹത്വം കൊണ്ട് സർവ്വഭൂമിയും നിറഞ്ഞിരിക്കുന്നു എന്നു പറഞ്ഞാണ്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, താൻ സൃഷിച്ച സകലതും തന്റെ സകല പ്രവൃത്തികളും തന്റെ മഹത്വത്തിനു വേണ്ടിയാണ്. അതിൽ ത്രിയേക ദൈവത്തിന്റെ രക്ഷാകര പ്രവൃത്തിയും ഉൾപ്പെടുന്നു.
അപ്പോൾ ദൈവം തന്റെ മഹത്വത്തിനായി ചെയ്ത ഒന്നാമത്തെ കാര്യം, മനുഷ്യനെ അവന്റെ പാപത്തിന്റെ ശിക്ഷാവിധിയിൽ നിന്നു രക്ഷിച്ചു തന്നെ സേവിക്കുന്ന, തന്നെ സ്നേഹിക്കുന്ന ഒരു ജനമാക്കി വെച്ചുവെന്നതാണ്. രണ്ടാമത്തെ കാര്യം സുവിശേഷം വിശ്വസിക്കുന്ന തന്റെ ജനത്തിന്റെ അവകാശത്തെ ദൈവം ഗ്യാരന്റി ചെയ്യുന്നു.
അവനിൽ വിശ്വസിക്കുന്നവരെ അവകാശത്തിനായി മുദ്രയായിടുന്നു. അവരുടെ അവകാശം എന്നും ഭദ്രമായിരിക്കേണ്ടതിനാണ് അത് മുദ്രയിട്ടു സൂക്ഷിക്കുന്നത്. ദൈവത്തിന്റെ വചനം വിശ്വസിക്കുന്നതും ദൈവത്തിന്റെ മഹത്വത്തിനായി ജീവിക്കുന്ന തമ്മിൽ ഒരു ബന്ധമുണ്ട്. ഒരു വ്യക്തിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ബഹുമതി എന്ന് പറയുന്നത് ആ വ്യക്തിയെ വിശ്വസിക്കുക എന്നതാണ്. ദൈവത്തിന്റെ വാക്ക് അതെ നാം അതേപടി വിശ്വസിക്കുന്നത് ദൈവത്തിനു നൽകുന്ന ഒരു വലിയ ബഹുമതിയാണ്. ദൈവം തന്റെ മഹത്വത്തെ എല്ലാത്തിനുമുപരിയായി കാണുന്നു എന്നതിനാൽ തന്നെ വിശ്വസിക്കുന്നവരോട് താൻ പൂർണമായും വിശ്വസ്തത പുലർത്തുന്നു.
ഈ വേദ ഭാഗത്ത് കാണാൻ കഴിയുന്ന മൂന്നാമത്തെ കാര്യം ദൈവം വയ്ക്കുന്ന ഓരോ ചുവടുകളും തന്നെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. ദൈവം സകലകാര്യങ്ങളും തന്റെ മഹത്വത്തിന്റെ പുകഴ്ചക്കായി ചെയ്യുന്നതുകൊണ്ടും തന്റെ വചനത്തെ വിശ്വസിക്കുന്നത് തന്നെ മഹത്വത്തെ വർദ്ധിപ്പിക്കുന്നതിനാലും ദൈവം തന്റെ എന്നന്നേക്കുമായുള്ള മഹത്വത്തെ ഉറപ്പിക്കുവാൻ നിർണായകമായ ചുവടുകൾ വെക്കുന്നു. നാം നമ്മുടെ അവകാശത്തിൽ പ്രവേശിച്ചു കൊണ്ട് അവന്റെ മഹത്വത്തെ സ്തുതിക്കും എന്നത് അങ്ങനെയുള്ള ഒരു ചുവടുവെപ്പാണ്. ദൈവത്തിന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കായി നാം എന്നേക്കും ജീവിക്കേണ്ടതിന്നു, നമ്മുടെ സഹജമായ ഇഛക്കൊ അല്ലെങ്കിൽ പ്രവർത്തിക്കൊ നമ്മുടെ നിത്യമായ ഭാവിയെ നിയന്ത്രിക്കാൻ കഴിയാത്തവിധം, ഒരു ജനത്തെ തന്നെ സ്വന്തം സ്വന്തമായിരിക്കേണ്ടതിന്നു ദൈവം ബദ്ധശ്രദ്ധനായിരിക്കുന്നു.
ആകയാൽ ദൈവത്തിന്റെ വചനം വിശ്വസിക്കുന്നതും ദൈവത്തിന്റെ മഹത്വത്തിനായി ജീവിക്കുന്നതും തമ്മിൽ ഒരു ബന്ധമുണ്ട്. ഒരു വ്യക്തിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ബഹുമതി എന്ന് പറയുന്നത് ആ വ്യക്തിയെ വിശ്വസിക്കുക എന്നതാണ്. ദൈവത്തിന്റെ വാക്ക് നാം അതേപടി വിശ്വസിക്കുന്നത് ദൈവത്തിനു് നൽകുന്ന ഒരു ബഹുമതിയാണ്. ദൈവം തന്റെ മഹത്വത്തെ എല്ലാത്തിനുമുപരിയായി കാണുന്നു എന്നതിനാൽ തന്നെ വിശ്വസിക്കുന്നവരോടു താൻ പൂർണമായും വിശ്വസ്തത പുലർത്തുന്നു. അതായത്, നമ്മുടെ ശക്തിയുടെയോ പ്രവർത്തിയുടെയൊ അടിസ്ഥാനത്തിൽ ദൈവത്തിന്റെ മഹത്വത്തിന് കോട്ടം വരാതിരിപ്പാൻ ഈയൊരു കാര്യം ദൈവം തന്റെതന്നെ ശക്തിയിലും പ്രവർത്തിയിലും സൂക്ഷിക്കുന്നു. അതുകൊണ്ടാണ് ദൈവം തന്റെ പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളിൽ പ്രവേശിക്കുന്നതിനും നമ്മെ എന്നന്നേക്കും സുരക്ഷിതരായിരിക്കുന്നതിനും നിയോഗിച്ചിരിക്കുന്നത്.
a) മുദ്രയിട്ടിരിക്കുന്നു എന്നു പറഞ്ഞാൽ എന്താണ്?(What does it mean to be sealed?)
ദൈവത്തിന്റെ സ്നേഹത്തിനും ശക്തിയിലും നാം സുരക്ഷിതനായിരിക്കുന്നു എന്ന അവബോധം നമ്മളിൽ ഉറപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നരണ്ടു പദങ്ങളാണ് “മുദ്ര ഇടുക” എന്നതും “അച്ചാരം” എന്നതും. ആദ്യമായി “മുദ്ര ഇടുക” എന്ന വാക്കിന്റെ മുദ്ര നീക്കി അതിനുള്ളിൽ എന്താണ് എന്ന് നോക്കാം. വിശ്വാസികൾ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത്?
പുതിയനിയമത്തിൽ മൂന്നുതരത്തിൽ ‘മുദ്ര ഇടുക’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട് . ഒന്ന്, മത്തായി 27:66 ൽ യേശുവിൻറെ കല്ലറ മുദ്രവെച്ച പട്ടാളക്കാരെ അതിനു ചുറ്റും കാവൽ നിർത്തി കല്ലറ ഉറപ്പാക്കി എന്ന് നാം വായിക്കുന്നു. വെളിപ്പാട് 20:3 ൽ സാത്താനെ അഗാഥ കൂപത്തിൽ അടച്ച് അതിനെ മുദ്രവെച്ച് അവിടെ നിന്നും രക്ഷപ്പെടാൻ കഴിയാത്തവിധം അതിനെ ഉറപ്പാക്കി എന്നു പറയുന്നു. അത് ആ വാക്കിന്റെ ഒരു അർത്ഥം എന്ന് പറയുന്നത് എന്തെങ്കിലും വസ്തുവിനെ ഉള്ളിലാക്കി ഭദ്രമായി അടച്ച് സൂക്ഷിക്കുക എന്നതാണ്.
രണ്ട്, റോമർ 4:11 “അബ്രാഹത്തിന്റെ പരിച്ഛേദനയെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടതിന്റെ അടയാളവും മുദ്രയും എന്ന് വിളിക്കുന്നു. 1 കൊരി. 9 2 പൗലോസ് താൻ മുഖാന്തരം മാനസാന്തരപ്പെട്ടവർ തന്റെ അപ്പ്സ്തലത്തിന്റെ മുദ്രയാണ് എന്ന് പറയുന്നു. അതുകൊണ്ട് രണ്ടാമത്തെ ഒരു അർത്ഥമെന്ന് പറയുന്നത് വിശ്വാസ്യതയുടെ അടയാളം എന്നാണ്.
മൂന്നാമത്തെ അർത്ഥം വെളിപാട് 7:3 ലോകത്തിനുമേൽ വരുന്ന ദൈവകോപത്തിൽ നിന്നും സംരക്ഷണം നൽകുന്ന ദൈവത്തിന്റെ അടയാളത്തെ മുദ്ര വിളിക്കാം.
ആകയാൽ വിശ്വാസികൾ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഈ നിലയിൽ മനസ്സിലാക്കാം:
ഒന്ന്, വിശ്വാസത്തിൽ മുദ്രയിട്ട വിശ്വാസത്തെയും വിശ്വാസത്യാഗത്തെയും ഉള്ളിലേക്ക് കടക്കാതെ സൂക്ഷിക്കുക.
രണ്ട്, നമ്മുടെ വിശ്വാസ്യതയുടെ അടയാളമായി പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു എന്നു പറഞ്ഞാൽ പരിശുദ്ധാത്മാവാണ് അടയാളം. ആ പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് ദൈവത്തിന്റെ ട്രേഡ് മാർക്ക് അഥവാ അംഗീകാരത്തിന്റെ മുദ്ര. നമുക്ക് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉണ്ടെങ്കിൽ നമ്മുടെ നിത്യമായ പുത്രത്വം വാസ്തവവും സംശയാതീതവുമാണ്. നമ്മുടെ ജീവിതത്തിൽ ദൈവീകമായ യാഥാർത്ഥ്യത്തിന്റെ അടയാളം പരിശുദ്ധാത്മാവാണ്.
അല്ലെങ്കിൽ, ദൈവത്തിൻറെ അടയാളത്താൽ പരിശുദ്ധാത്മാവ് നമ്മെ അടയാളപ്പെടുത്തുന്നു എന്ന് ചിന്തിച്ചാൽ, ദൈവത്തിന്റെ സ്വന്തം അവകാശത്തിന്റെ അടയാളം വഹിക്കുന്ന ഒരു വ്യക്തിയിൽ ദുഷ്ടാത്മാവ് കടക്കാതെ പരിശുദ്ധാത്മാവു സംരക്ഷിക്കുന്നു എന്ന് മനസ്സിലാക്കാം.
ആകയാൽ മുദ്രയിടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ ദൈവത്തിന്റെ സ്നേഹത്തിനും ശക്തിയിലുമുള്ള സുരക്ഷിതത്വവും സംരക്ഷണവുമാണ് എന്ന് മനസ്സിലാക്കാം. ദൈവം പരിശുദ്ധാത്മാവിനെ അയക്കുന്നത് വിശ്വാസത്തിൽ അടച്ച് സൂക്ഷിക്കുന്നതിനും നാശമായ ശക്തികളെ അകറ്റിനിർത്തുന്നതിനും നമ്മുടെ പുത്രത്വത്തെ ഉറപ്പിക്കുന്നതിന്റെ അംഗീകാരമുദ്ര യുമാ യിട്ടാണ്. ഇതിലെ വസ്തുത എന്തെന്നാൽ, ദൈവത്തിന്റെ സ്നേഹത്തിലും ശക്തിയിലും സുരക്ഷിതരും സംരക്ഷിതരുരമാണ് എന്ന ബോധ്യം നമുക്കുണ്ടാകണം എന്നതാണ് ദൈവം അതിലൂടെ ആഗ്രഹിക്കുന്നത്.
b) അച്ചാരം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? (What does guarantee mean?)
പതിനാലാം വാക്യം “നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്ര ഇട്ടിരിക്കുന്നു”
മുൻപറഞ്ഞ ആശയം പൗലോസ് മറ്റൊരു വാക്ക് അതായത് ‘അച്ചാരം’ എന്ന വാക്കുപയോഗിച്ച് ഒന്നുകൂടെ ബലപ്പെടുത്തി എന്ന് മാത്രം. 14 ആം വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘അച്ചാരം’ എന്ന വാക്കു മനസ്സിലാക്കുവാൻ ഞാനൊരു ഉദാഹരണം പറയാം. ഞാൻ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ചെന്ന് കുറച്ചു തുണികൾ വാങ്ങിച്ചു ബില്ലടയ്ക്കാൻ ചെന്നപ്പോഴാണ് വീട്ടിൽ നിന്ന് പേഴ്സ് എടുത്തു കൊണ്ടുപോരുവാൻ മറന്നുപോയി എന്ന് കാര്യം അറിയുന്നത്. പെട്ടെന്ന് കയ്യിൽ കിടന്ന മോതിരം ഊരി കടയിൽ കൊടുത്തിട്ട് ഇത് ഒരു അച്ചാരമായി ഇരിക്കട്ടെ; ഞാൻ പോയി പണവുമായി തിരികെ വരുമ്പോൾ ഇത് തന്നാൽ മതി എന്ന് പറഞ്ഞ് മോതിരം അവരെ ഏൽപ്പിക്കുന്നു. പിന്നെ ഞാൻ പോയി പണവുമായി വന്നു തുണി തിരികെ എടുക്കുന്നതുവരെ മോതിരം ഒരു അച്ചാരമാണ് അല്ലെങ്കിൽ ഗ്യാരണ്ടി ആണ് എന്നു പറയാം.
ഇതിൽ നിന്നും ദൈവം നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് എന്തെന്നാൽ ഞാൻ എന്റെ ആത്മാവിനെ നിങ്ങൾക്ക് അച്ചാരം അഥവാ ഡൗൺ പെയ്മെൻറ് ആയി നൽകുന്നു എന്ന കാര്യമാണ്. അതായ്ത്, എന്നിൽ വിശ്വസിക്കുന്നവർ എന്റെ സ്നേഹത്തിൽ സുരക്ഷിതരായിരിക്കും എന്നാണ്. ലോക സ്ഥാപനത്തിന് മുന്നമെ ഞാൻ നിങ്ങളെ തെരഞ്ഞെടുത്തു, ഞാൻ നിങ്ങളെ തെരഞ്ഞെടുത്തത് എന്നേക്കും എന്റെ മക്കൾ ആയിരിക്കണം എന്ന് ഞാൻ മുന്നമെ നിർണ്ണയിച്ചു. എന്റെ പുത്രന്റെ രക്തത്താൽ ഞാൻ നിങ്ങളെ വീണ്ടെടുത്തു. ഞാൻ എന്റെ ആത്മാവിനെ ഒരു മുദ്രയും അച്ചാരവുമായി നിങ്ങളിൽ വെച്ചു. ആകയാൽ നിങ്ങളുടെ അവകാശം നിങ്ങൾ പ്രാപിക്കുകയും എന്റെ കൃപയുടെ മഹത്വത്തെ എന്നേക്കും സ്തുതിക്കുകയും ചെയ്യാം.
3. സുവിശേഷം എന്ന സത്യം വചനത്താൽ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ദൈവത്തെ സ്തുതിക്കുക (Praise God that you are saved by the word of truth, the gospel).
മുന്നമേ അർത്ഥമീസ്, സിബിലിസ്, ഡയോണീസ് എന്നിത്യാദി ദേവന്മാരെ ദൈവങ്ങളായി കണ്ട് ആരാധിക്കുകയും അതിന്റെ ആചാരാനുഷ്ഠാനങ്ങൾ നിവർത്തിച്ചുപോരുകയും ചെയ്തവരായിരുന്നു എഫെസൊസിലെ വിശ്വാസികൾ. മാത്രമല്ല, മന്ത്രവാദം, ആഭിചാരം, ഗ്രഹനില നോക്കൽ, ജപിച്ചുകെട്ടൽ തുടങ്ങിയ ആചാരങ്ങളുമൊക്കെ അനുഷ്ഠിച്ചു പോന്നിരുന്നവർ അവയെ ഒക്കേയും ഉപേക്ഷിച്ചാണ് വിശ്വാസത്തിലേക്കു വന്നത്. അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർത്തിയതിന്റെ പേരിൾ ദൈവങ്ങളുടെ കോപം തങ്ങളുടെ മേൽ വരുമോ എന്നവർ ആശങ്കപ്പെട്ടിരുന്നു. അവർക്ക് ക്രിസ്തുവിലുള്ള ഉറപ്പും സംരക്ഷണവും വളരെ ആവശ്യമാണ് എന്ന് പൗലോസ് കണ്ട് അവരെ ക്രിസ്തുവിൽ ഉറപ്പിക്കുക എന്നതാണ് പൗലോസിന്റെ എഴുത്തിന്റെ ഒരു ഉദ്ദേശ്യം. അതുകൊണ്ടാണ് പൗലോസ് ക്രിസ്തുവിലുള്ള അവരുടെ സുരക്ഷിതത്വം വളരെ ശക്തമായി ഇവിടെ ഉറപ്പിക്കുന്നത്. നമ്മെ സംബന്ധിച്ചും ഈയൊരു ഉറപ്പ് ആവശ്യമാണ് എന്ന് ഞാൻ ചിന്തിക്കുന്നു. നമ്മുടെ ഇടയിലും വിവിധ പശ്ചാത്തലങ്ങളിൽ നിന്നും വന്ന, വിവിധ ആചാരാനുഷ്ഠാനങ്ങൾ ചെയ്തുപോന്നവർ ഉണ്ട്. ഉദാഹരണത്തിനു സെബസ്ത്യാനോസിനേയും, സെന്റ് ജോർജ്ജിനേയും ഗീവർഗ്ഗീസിനേയുമൊക്കെ പുണ്യാളന്മാരായി കണ്ട് അവരെ ആരാധിക്കുകയും പെരുന്നാളും മറ്റും നടത്തിയിരുന്നവർ, അവയൊക്കേയും നിർത്തിയതിന്റെ പേരിൽ ദൈവകോപം ഉണ്ടാകുമൊ എന്ന ഭയം സ്വാഭാവികമാണ്. അതുകൊണ്ട് ക്രിസ്തുവിന്റെ സ്നേഹത്തിൽ നാം സുരക്ഷിതരും സംരക്ഷിതരും ആണ് എന്ന ബോധ്യം നമ്മെയും ഭരിക്കേണ്ടത് ആവശ്യമാണ്. അതല്ലെങ്കിൽ ചില പ്രതിസന്ധികൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നമ്മുടെ വിശ്വാസത്തെ നാം സംശയിച്ചു പോയേക്കാം. എന്നാൽ അവക്കൊന്നും നിങ്ങളെ രക്ഷിക്കുവാൻ സാധിക്കുകയില്ല. അവർ കേവലം അന്ധകാര ശക്തികൾ മാത്രമായിരുന്നു. നിങ്ങൾ ഭോഷ്ക് വിശ്വസിച്ചുപോരുകയായിരുന്നു. ആ ഭോഷ്ക്കിൽ നിന്നു ദൈവം നിങ്ങളെ വിടുവിച്ചു സത്യസുവിശേഷം കേൾക്കുവാനും വിശ്വസിക്കുവാനും ഇടയായ് തീർന്നു. പൗലൊസ് സുവിശേഷത്തെ സത്യവചനം എന്നാണ് വിളിച്ചിരിക്കുന്നത്. അതുവഴി നിങ്ങൾ സ്വർഗ്ഗത്തിലെ സകല ആത്മിക അനുഗ്രഹങ്ങൾക്കും ഉറവിടമായ ക്രിസ്തുവിനോടും അതുവഴി പിതാവായ ദൈവത്തോടും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ അന്ധകാര ശക്തികൾക്ക് നിങ്ങളുടെമേൽ ഇനി യാതൊരു കർതൃത്വത്തിനും അവകാശമില്ല. ഇനി ക്രിസ്തുവാണ് നിങ്ങളുടെ മേൽ കർതൃത്വം നടത്തുന്നത്. അതുകൊണ്ട് അന്ധകാര ശക്തികൾ ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. നിങ്ങൾ ഇപ്പോൾ ക്രിസ്തുവിൽ സ്വതന്ത്രരും സകല ആത്മീയ അനുഗ്രഹങ്ങൾക്കും അവകാശികളും ആണ്. ആകയാൽ പഴയദേവന്മാരേയൊ പുണ്യാവാളന്മാരേയൊ ഭയപ്പെടാതെ നിങ്ങളെ രക്ഷിച്ച ദൈവത്തെ ഇപ്പോൾ സ്തുതിക്കുക എന്നാണ് പൗലോസ് ഇവിടെ വിശ്വാസികളെ പ്രബോധിപ്പിക്കുന്നത്.
ഉപസംഹാരം
ക്രിസ്തീയ ജീവിതത്തിൽ കഷ്ടതകളും പ്രതിപ്രതികൂലങ്ങളും സഭാവികമാണ്. അതുകൊണ്ട് ക്രിസ്തീയ ജീവിതത്തിൽ കഷ്ടതകൾ ഉണ്ടാകുമ്പോൾ അതിൽ അതിശയിച്ചുപോകയൊ ദൈവത്തിന്റെ സ്നേഹത്തേയൊ കരുതലിനേയൊ സംശയിക്കേണ്ട യാതൊരു ആവശ്യവുമില്ല. മാതവുമല്ല, പുതിയ വിശ്വാസികൾ തങ്ങളുടെ പഴയ ആചാരങ്ങളും അനുഷ്ടാനങ്ങളും നിർത്തിയതുകൊണ്ട് ആ ദൈവങ്ങളുടെ കോപമാണ് എന്ന് ചിന്തിച്ചുവശായി പോകേണ്ട ആവശ്യവുമില്ല. കാരണം നിങ്ങളെ രക്ഷിച്ച യേശു, അന്ധകാരശക്തികളുടെ മേൽ അധികാരമുള്ളവനും അവയുടെ ശക്തിയിൽ നിന്നു നിങ്ങളെ വീണ്ടെടുത്തു രക്ഷിച്ചവനുമായ ദൈവമാണ്. ഇനി അവയെ നിങ്ങളുടെ ജീവിതത്തിൽ ഭയപ്പെടേണ്ട ആവശ്യമില്ല. നാം എപ്പോഴും നമ്മുടെ സുരക്ഷിതത്വം കണ്ടെത്തേണ്ടത് ദൈവത്തിന്റെ സ്നേഹത്തിലും ശക്തിയിലുമാണ്. മറ്റെന്തിലെങ്കിലും നാം സുരക്ഷിതത്വം കണ്ടെത്താൻ ശ്രമിച്ചാൽ അതു നിങ്ങൾക്കു ഭീഷണിയായി തീരും. ദൈവം തന്റെ മഹത്വത്തിനും പുകഴ്ചക്കുമായി തന്റെ ആത്മാവിനാൽ നമ്മേ മുദ്രയിട്ട് സൂക്ഷിക്കുന്നു. ആകയാൽ നമ്മുടെ അവകാശം നാം പ്രാപിക്കും എന്നതോർത്ത് നമുക്കു ദൈവത്തെ സ്തുതിക്കാം.
*******