top of page
എഫെസ്യ ലേഖന പരമ്പര- 05
P M Mathew
MAY 25, 2014

Know the immeasurable magnitude of God's power at work for us
നമുക്കു വേണ്ടി വ്യാപരിക്കുന്ന ദൈവശക്തിയുടെ അളവറ്റ വലിപ്പം അറിയുക

Ephesians 1:15-23

"ആമുഖം

"പൗലൊസ് ഈ ലേഖനമെഴുതുമ്പോൾ എഫെസ്യാവിശ്വാസികളിൽ നിന്നൊക്കേയും അകന്ന്, മൈലുകൾക്ക് അപ്പുറത്ത് റോമില ഒരു കാരാഗൃഹത്തിൽ, അവരെ കാണുവാനൊ സഹായിക്കുവാനൊ കഴിയാത്ത അവസ്ഥയിൽ കഴിയുന്നു. അവരുടെ ക്രിസ്തുവിലുള്ള വിശ്വാസത്തേയും, ദൈവം അവരിൽ നടത്തിയ രുപാന്തരത്തിന്റെ ഫലം സ്നേഹമായി അവരിൽ പരിണമിച്ചതിനേയും കുറിച്ചു കേട്ടിട്ട് തനിക്ക് അവരെക്കുറിച്ച് പ്രാർത്ഥിപ്പാതിരിപ്പാൻ കഴിയുന്നില്ല. പൗലോസിന്റെ ആ പ്രാർത്ഥനയിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. അതിനായി എഫേസ്യർ 1:15-23 വരെ വാക്യങ്ങൾ നമുക്കു വായിക്കാം:

എഫെസ്യർ 1:15-23

15. “അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തേയും സകല വിശുദ്ധന്മാരോടുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു 16. നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രം ചെയ്തു എന്റെ പ്രാർത്ഥനയിൽ 17. നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശൂക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിട്ടു 18. അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ 19. വിശ്വസിക്കുന്ന നമുക്കു വേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രർത്ഥിക്കുന്നു. 20 അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിക്കയും 21 സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്കെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും 22 സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി 23. എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.”

കേന്ദ്രാശയം:

പൗലോസ് എഫേസ്യാവിശ്വാസികളെ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നതും അവർ ദൈവത്തിന്റെ അളവറ്റ ശക്തിയെ അനുഭവിച്ചറിയുന്നതിനു അവർക്കു വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന കഴിക്കുന്നതുമായ വേദഭാഗമാണ്.

പൗലോസ് അവർക്കുവേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന കഴിക്കുന്നത് അവർക്കു അഥവാ നമുക്കു ലഭ്യമായിരിക്കുന്ന ദൈവത്തിന്റെ അളവറ്റ ശക്തിയെ കുറിച്ച് നാം അറിയണം എന്നകാര്യമാണ്. അതിനെക്കുറിച്ചാണ് പ്രധാനമായും ഈ വേദഭാഗത്തുനിന്നും നിങ്ങളോടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ ഈ അളവറ്റ ശക്തി കർത്താവായ യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പിലൂടെയും അതിനെ തുടർന്നു തനിക്കു നൽകിയ ശ്രേഷ്ട പദവിലൂടെയും ദൈവം വെളിപ്പെടുത്തി. ഇപ്പോൾ നാം “വിശ്വസിക്കുന്ന നിങ്ങൾക്കു വേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം നിങ്ങൾ അറിയണം” (19) എന്നാണ് പൗലോസ് പ്രാർത്ഥിക്കുന്നത്.

അനേകം ആൾക്കാരും ഈ ഒരു ശക്തി അനുഭവിച്ചറിയുന്നില്ല. ഒരുപക്ഷെ ഇതു കേവലം ഒരു ആശയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമാണ് എന്ന ചിന്തയായിരിക്കാം അതിനു കാരണം. അതല്ലെങ്കിൽ തിയറിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രായോഗികമാക്കാൻ കഴിയാത്ത ശക്തിയാണിത് എന്ന ചിന്തയായിരിക്കാം ഒരുപക്ഷെ ഈ ശക്തി നമുക്കു അനുഭവിച്ചറിയാൻ കഴിയാതെ പോകുന്നത്. എന്തുതന്നെ ആയാലും ഇത് അനുഭവത്തിലേക്കു പകരപ്പെടുന്നില്ല. എന്നാൽ ദൈവത്തിന്റെ കൃപയാൽ ദൈവവചനത്തിനു നിങ്ങളുടേയും എന്റേയും ഹൃദയത്തെ രൂപാന്തരപ്പെടുത്താനും ഇതു അനുഭവഭേദ്യമാക്കിത്തീർക്കാനും കഴിയും. ദൈവം അങ്ങനെ ചെയ്യട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

1. ദൈവത്തിന്റെ അളവറ്റ ശക്തി നമുക്കു അനുഭവഭേദ്യമായി തീരാതിരിക്കുവാനുള്ള മുഖ്യ കാരണം നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിട്ടില്ല എന്നതാണ് (The main reason why we do not experience the infinite power of God is that our heart and eyes are not enlightened)

തന്റെ വായനക്കാരുടെ ആത്മീയ വളർച്ചയായി ചിലപ്പോൾ പൗലോസിന്റെ ജയിൽവാസം ദോഷകരമായി സ്വാധീനിച്ചേക്കാം. എന്നാൽ അങ്ങനെ സംഭവിക്കരുത്. അവർ അതേക്കുറിച്ച് ഭാരപ്പെടരുത് എന്ന് താൻ അവരെക്കുറിച്ച് ആഗ്രഹിക്കുന്നു. ഞാൻ നിങ്ങൾക്കായി കഷ്ടപ്പെടുന്ന കാര്യങ്ങളിൽ വിഷമിക്കേണ്ടതില്ല. മാത്രവുമല്ല അതിലൂടെ ദൈവത്തിന്റെ പരമാധികാരത്തെ പൗലോസ് അംഗീകരിക്കുകയും ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് തന്റെ അവസ്ഥയെ നോക്കിക്കാണുവാൻ ശ്രമിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ കൈസരല്ല, തന്റെ ജീവിതത്തിന്റെ ഭാവി നിർണ്ണയിക്കുന്നത്, സ്വർഗ്ഗത്തിലെ ദൈവമാണ്, തന്നെ വിളിച്ച കർത്താവിന്റെ കരങ്ങളിലാണ് സകലത്തിന്റേയും നിയന്ത്രണം? തന്റെ ഭാവിയും ആ കർത്താവിന്റെ കരങ്ങളിൽ ഭദ്രമാണ്. തന്നെ ഇവിടെ ആക്കിവെച്ചിരിക്കുന്നതിൽ കർത്താവിനൊരു പദ്ധതിയുണ്ട്. പൗലോസ് റോമിൽ തടവറയിൽ ആയിരുന്നപ്പോൾ എഴുതിയ നാലു ലേഖനങ്ങളാണ് ഫിലിപ്പിയർ, കൊലൊസ്യർ, എഫെസ്യർ, ഫിലേമോൻ എന്നിവ. ഒരുപക്ഷെ താൻ കാരാഗൃഹത്തിലല്ലായിരുന്നു എങ്കിൽ എഫേസോസ് സന്ദർശിക്കാനും അവരെ ഉത്സാഹിപ്പിക്കാനും സാധിക്കുമായിരുന്നു. എന്നാൽ ഈ ലേഖനങ്ങൾ എഴുതാൻ സാധിക്കയില്ലായിരുന്നു. അപ്പോൾ ദൈവത്തിന്റെ നിയന്ത്രണത്തിൽ പെടാത്ത കാര്യങ്ങൾ ഒന്നുംതന്നെ ഒരു ദൈവപൈതലിന്റെ ജീവിതത്തിലില്ല എന്നത് എത്രയൊ സന്തോഷകരവും ആശ്വാസകരവുമാണ്.

2. കർത്താവിന്റെ പുനരുത്ഥാനശക്തിയിൽ ആശ്രയിച്ച് പാപത്തെ അതിജീവിക്കുക (Survive sin by relying on the resurrection power of the Lord)
ഇതുവരെ നാം ശ്രദ്ധിച്ചത്: ഒന്ന്, നമ്മിൽ കുടികൊള്ളുന്ന പാപത്തിന്റെ ശക്തിയെ ദൈവത്തിന് ശക്തി കീഴ്പ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന് ശക്തിയിൽ നാം ആശ്രയിച്ചാൽ പാപത്തെ അതിജീവിക്കാൻ നമുക്ക് സാധിക്കും. രണ്ട്, നാം നമ്മുടെ ശക്തിയിലല്ല, നമ്മുടെ സംരക്ഷകനായ ദൈവത്താൽ സംരക്ഷിക്കപ്പെടുന്നതുകൊണ്ടാണ് നാം സുരക്ഷിതരായി ഇരിക്കുന്നത്. മൂന്ന്, യേശുക്രിസ്തുവിന്റെ പ്രപഞ്ചത്തിലെ വർത്തമാനകാലറോൾ എന്താണ് എന്ന് നാം ശരിക്കും മനസ്സിലാക്കാത്തത് കൊണ്ടാണ് നാം ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലിപ്പം അനുഭവിച്ചറിയാത്തത്. ചുരുക്കിപ്പറഞ്ഞാൽ, ദൈവത്തിന്റെ ഈ പുനരുത്ഥാന ശക്തി നമുക്ക് ജീവിക്കുന്നതിനും കർത്താവിന്റെ മഹത്വത്തിനുവേണ്ടി മരിക്കുന്നതിനും മതിയായതാണ്.

ദൈവത്തിന്റെ ഈ അളവറ്റ ശക്തി ഇപ്പോൾ ഞങ്ങൾ തങ്ങളുടെ വർത്തമാനകാല ജീവിതത്തിൽ രുചിച്ച് അറിയാത്തവരെ ഓർത്ത് പ്രാർത്ഥിക്കുന്നതാണ് 15 മുതൽ 23 വരെ വാക്യങ്ങൾ. ദൈവത്തിന്റെ ഈ അളവറ്റ ശക്തി വിശ്വാസികളുടെ ജീവിതത്തിൽ അനുഭവമാക്കി തീർക്കുവാൻ തനിക്ക് കഴിയുകയില്ല എന്ന് പൗലോസ് അറിയാം. ദൈവത്തിനു മാത്രമേ അതിനു കഴിയൂ. അതുകൊണ്ട് പൗലോസ് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. മാത്രവുമല്ല പൗലോസ് പ്രാർത്ഥന ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് നമ്മുടെ ഹൃദയത്തിലും അങ്ങനെയൊരു വ്യത്യാസം ഉണ്ടാകണം. ഈ ശക്തി രുചിച്ചറിയണം എങ്കിലെ കാര്യമുള്ളു. നാം ഇത് അറിയണമെന്ന് ദൈവവും ആഗ്രഹിക്കുന്നു. നമുക്ക് നൽകപ്പെട്ടിരിക്കുന്ന കാര്യം നാം അറിയുവാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നു.

17-18 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന പൗലോസിനെ പ്രാർത്ഥനയിലൂടെ ഒന്ന് കണ്ണോടിക്കുന്നതു നന്നായിരിക്കും എന്ന് ഞാൻ കരുതുന്നു. “എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്ക് തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റേയും വെളിപാടിന്റേയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയ ദൃഷ്ടി പ്രകാശിച്ചിട്ട് അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും അവന്റെ ബലത്തിൻ വലിപ്പത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു.” കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ദൈവം നിങ്ങളുടെ ഹൃദയ ദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അതല്ലെങ്കിൽ നിങ്ങളുടെ ആത്മീയ മാന്ദ്യത എടുത്തുനീക്കി, നിങ്ങൾ ചില കാര്യങ്ങൾ നിങ്ങൾ അറിയണം എന്നാണ്.

ഇവിടെ ‘അറിയുക’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് ബോധപൂർവം അറിയുക അല്ലെങ്കിൽ അനുഭവമായി അറിയുക എന്ന അർത്ഥത്തിലാണ്. കേവലമായ അറിവും അനുഭവമായി അറിവും തമ്മിൽ വ്യത്യാസം എന്ത് എന്ന് പറഞ്ഞിട്ട് പ്രാർത്ഥനയി ലേക്ക് കടക്കാം. ഇവിടെ പിശാച് അറിയുന്നതുപോലെ അറിയണമെന്നില്ല. പൗലോസ് പ്രാർത്ഥിക്കുന്നത് എന്ത് എന്ന് പിശാചിനെ അറിയാം. അത്തരമൊരു അറിവിനെക്കുറിച്ച് അല്ല ഇവിടെ പറയുന്നത്. അനുഭവതലത്തിൽ അറിയണം എന്നാണ്. ഉദാഹരണത്തിന് തേൻ എന്ന് എഴുതി വെച്ചിരിക്കുന്നത് കൊണ്ട് കുപ്പിയിൽ ഉള്ളത് തേനാണെന്ന് അറിയാം. കുപ്പിയിലെ വസ്തു നോക്കിയിട്ട് അതു തേനാണെന്നും അറിയാൻ നമുക്കു സാധിക്കും. ഇതിൽ രണ്ടാമത്തേതാണ് ഇവിടെ അറിയുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പിശാച് ഈ അറിവിന്റെ മനോഹാരിത രുചിച്ചു നോക്കുന്നില്ല. എന്നാൽ നാം ബോധപൂർവം അതു രുചിച്ചറിയണം എന്നാണ് പൗലോസ് പ്രാർത്ഥിക്കുന്നത്. നാം ചില കാര്യങ്ങൾ അറിയണമെന്ന് പറഞ്ഞുവല്ലോ ആ കാര്യങ്ങൾ എന്താണ് എന്ന് നമുക്ക് നോക്കാം. മൂന്ന് കാര്യങ്ങളാണ് നാമറിയേണ്ടതിനു അപ്പൊ. പൗലോസ് പ്രാർത്ഥിക്കുന്നത്.

ഒന്ന്, നമ്മെ വിളിച്ചിരിക്കുന്ന വിളിയുടെ ആശ ഇന്നതെന്ന് നിങ്ങൾ അറിയണം.

അതായത്, നിങ്ങളുടെ വിളിയിൽ അടങ്ങിയിരിക്കുന്ന പ്രത്യാശയിൽ നാം വളർന്നു വരണം. നിങ്ങളുടെ ഭാവി ദൈവത്തോടുകൂടെ ആയിരിക്കും എന്നതാണ് ആ പ്രത്യാശ. ആ ഉറച്ച ബോധ്യം, ആ പ്രത്യാശ നിങ്ങളെ ഭരിക്കണം. നിങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളല്ല, എല്ലാം ഗ്രഹനിലയൊ, രാശിചക്രമൊ, മന്ത്രവാദമൊ, ശനിദശയൊ, ചരടി ജപിച്ചുകെട്ടുന്നതൊ അല്ല നിങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്നത്. ചരിത്രത്തെ തന്റെ ഹിത പ്രകാരം തുറന്നു തരുന്ന ദൈവത്തിന്റെ കരങ്ങളിലാണ് നിങ്ങളുടെ ഭാവി നിലനിൽക്കുന്നത്. ദൈവം ലോക സ്ഥാപനത്തിന് മുന്നമേ നമ്മെ തിരഞ്ഞെടുത്തു. ഇനി ഒരു നാൾ ദൈവം സകലവും ക്രിസ്തുവിന്റെ കതൃത്വത്തിൻ കീഴിൽ കൊണ്ടുവരും. ഈ വിളിയുടെ പൂർണ്ണമായ implication അഥവാ വ്യാപ്തി നിങ്ങൾ മനസ്സിലാക്കണം.

രണ്ട്, വിശുദ്ധന്മാരിൽ തന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്ന് നിങ്ങൾ അറിയണം.

ഇതിലെ വസ്തുത എന്തെന്നാൽ, ദൈവം തന്റെ ജനത്തെ എത്ര വില ഉള്ളവരായി കാണുകയും അവരെ തന്റെ ഒരു നിധി എന്നവണ്ണം താലോലിക്കുകയും ചെയ്യുന്നു. ഈ കാര്യവും നിങ്ങളറിയണം. ഉദാഹരണമായി, നമ്മുടെ പക്കൽ ഒരു വിലയേറിയ വസ്തു ഉണ്ട് എന്നിരിക്കട്ടെ. നാം അത് കൂടെക്കൂടെ അതവിടെ ഭദ്രമായി ഇരിപ്പുണ്ടോ, അതിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചു നോക്കും.

3. വിശ്വസിക്കുന്ന നമുക്ക് വേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നു നിങ്ങൾ നിങ്ങളറിയണം.

ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളും 3-14 വരെയുള്ള അനുഗ്രഹ വചസ്സുകൾ ഇതിൽ പറഞ്ഞിരിക്കുന്നതിന്റെ ആവർത്തനമാകയാൽ അത് ഇനി അവർത്തിക്കേണ്ടതില്ല. മൂന്നാമത്തെ വിഷയം അവയിൽനിന്നും വ്യത്യസ്തത പുലർത്തുന്നതും ഈ വേദഭാഗത്തിന്റെ കേന്ദ്രവും ആകയാൽ ഈ മൂന്നാമത്തെ വിഷയത്തെക്കുറിച്ച് ഞാൻ വിശദമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു.

നിങ്ങൾ വിളിക്കണമെന്നോ, നിങ്ങൾ അവകാശികൾ ആയിത്തീരണമെന്നോ, നിങ്ങൾക്ക് ശക്തി ലഭിക്കണമെന്നോ അല്ല പൗലോസ് പ്രാർത്ഥിക്കുന്നത്. പൗലോസ് പറയുന്നു: നിങ്ങൾക്ക് വിളിയുണ്ട്, നിങ്ങൾ അവകാശികളാണ്, ദൈവത്തിന്റെ നമ്മുടെ പേർക്കുള്ള ശക്തി നിങ്ങളിലുണ്ട്. എന്നാൽ അത് നിങ്ങൾ അറിയേണ്ടതുപോലെ അറിയുന്നില്ല എന്നാണ്. ആ ശക്തി നിങ്ങൾ രുചിച്ചറിഞ്ഞിട്ടില്ല. അത് നിങ്ങൾ രുചിച്ച് അറിയണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു. വിശ്വസിക്കുന്ന നിങ്ങൾക്ക് വേണ്ടി വ്യാപരിക്കുന്ന ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലിപ്പം നിങ്ങൾ അറിയണമെന്ന് ഞാനും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിശ്വാസികൾ എന്ന നിലയിൽ നിങ്ങളുടെ പേരിൽ വ്യാപരിക്കുന്ന ദൈവത്തിന്റെശക്തിയെ ആത്മീയമായും അനുഭവപരമായും നിങ്ങളറിയണം. 20-23 വരെ വാക്യങ്ങളിൽ യേശു ഉയർത്തെഴുന്നേറ്റശേഷം എന്തായി തീർന്നു എന്നാണ് പറയുന്നത്. 20-23 വേദഭാഗങ്ങൾ എന്താണ് പറയുന്നത് എന്നു നോക്കാം: “അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിക്കയും സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്കെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.” യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചു തന്റെ വലതുഭാഗത്ത് സകലത്തിനും മീതെ അധികാരമുള്ളവനായി ഇരുത്തിയ ശക്തി, ഇന്ന് വിശ്വാസികൾക്ക് ദൈവം ലഭ്യമാക്കിയിരിക്കുന്നു. അതുകൊണ്ട് പൗലോസ് പ്രാർത്ഥിക്കുകയും ഈ സംഗതി നമുക്ക് വെളിപ്പെടുത്തി തരികയും ചെയ്തിരിക്കുന്നു.

യേശു എന്തായി തീർന്നു എന്നതിന്റെ അഞ്ചുവശങ്ങൾ അല്ലെങ്കിൽ വിശ്വസിക്കുന്ന നമുക്ക് വേണ്ടി വ്യാപരിക്കുന്ന ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലിപ്പത്തെ അളക്കുവാൻ സഹായിക്കുന്ന 5 കാര്യങ്ങൾ ഈ വാക്യങ്ങളിൽ നമുക്ക് കാണുവാൻ കഴിയും .

1. യേശുവിനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചപ്പോൾ ദൈവത്തിന് എന്ത് ശക്തിയാണോ ഉപയോഗിക്കേണ്ടി വന്നത് ആ ശക്തിക്ക് സമാനമായ ശക്തിയാണ് വിശ്വാസികൾക്ക് താൻ ലഭ്യമാക്കിയിരിക്കുന്നത് (20).

2. യേശുവിനെ സ്വർഗ്ഗത്തിൽ ഇതിൽ പിതാവിന്റെ വലതുഭാഗത്ത് ഇരുത്തേണ്ടതിനായി ഉപയോഗിച്ച ശക്തി എന്നതാണോ അതിനു സമാനമായ ശക്തി ദൈവം നമുക്ക് ലഭ്യമാക്കിയിരിക്കുന്നു (21).

3. യേശുവിനെ എല്ലാ ശക്തികൾക്കും വാഴ്ചകൾണോ ആ ശക്തിക്ക് സമാനമായ ശക്തി നമുക്ക് ലഭ്യമാക്കിയിരിക്കുന്നു (21).

4. സർവ്വവും യേശുവിന്റെ കാൽക്കീഴിലാക്കിവെച്ച് അവനെ സർവ്വത്തിനും മീതെ തലയാക്കിയ ശക്തിക്കു സമാനമായ ശക്തി നമ്മുടെ പേരിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു (21).

5. സഭയെ തന്റെ ശരീരമാക്കി എല്ലാം നിറയ്ക്കുന്നവന്റെ നിറവാക്കിയിരിക്കുന്ന ശക്തിക്ക് സമാനമായ ശക്തി ദൈവം നമുക്ക് വേണ്ടി വ്യാപിച്ചുകൊണ്ടിരിക്കുന്നു (23).
3. ദൈവത്തിന്റെ അളവറ്റ ശക്തിയുടെ വലിപ്പത്തെ മനസ്സിലാക്കുക (Understand the magnitude of God's infinite power)

ഇവ ഓരോന്നായി എടുത്ത് അത് അല്പമായ വിവരിച്ച് വിശ്വസിക്കുന്ന നമുക്ക് വേണ്ടി വ്യാപരിക്കുന്ന ദൈവത്തിന്റെ അളവറ്റ ശക്തിയെ എങ്ങനെ അളക്കാമെന്ന് ഞാൻ വിചാരിക്കുന്നു.

a). ദൈവം യേശുവിനെ ഉയർപ്പിച്ച് മരണത്തിന്റെ ശക്തിയിൽ നിന്നും വിടുവിച്ചു.

ദൈവം യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചു. യേശു ഇനി ഒരിക്കലും മരിക്കുകയില്ല. അതിലെ വസ്തുത എന്തെന്നാൽ യേശുക്രിസ്തുവിൽ ആയവരുടെ അവസ്ഥയും ഇതുതന്നെയാണ്. വിശ്വാസികളുടെ മരണത്തിന്റെ ശക്തി നശിച്ചിരിക്കുന്നു. മരണമെന്ന ശത്രു പരാജയപ്പെട്ടിരിക്കുന്നു. പൗലോസിനെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തുവിന്റെ മരണം മരണത്തിന്റെ തന്നെ മരണമാണ്. മരണം മരിച്ചിരിക്കുന്നു. അതുകൊണ്ട് വിശ്വാസികൾ മരിക്കുകയില്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. വിശ്വാസികൾ മരിക്കും. എന്നാൽ മരണത്തിന്റെ വിഷമുള്ള് നീങ്ങിപ്പോയി. വിഷമുള്ളു നശിച്ചുപോയി. മരണത്തിന് നമ്മെ എന്നെന്നേക്കുമായി നശിപ്പിക്കുവാൻ കഴിയുകയില്ല. നാശകരമായ ആ സംഭവം ഇപ്പോൾ പറുദീസയിലേക്ക് ഉള്ള ഒരു വാതിൽ ആയി മാറി.

മരണം ഇപ്പോൾ വിജയത്തിൽ കലാശിച്ചിരിക്കുന്നു. ഹേ മരണമേ നിന്റെ ജയം എവിടെ? ഹേ മരണമേ നിന്നെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുള്ളു പാപം: പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ജയം നൽകുന്ന ദൈവത്തിനു സ്തോത്രം (1 കൊരി. 15: 54-57) പൗലോസ് പറയുന്നു.

യേശുവിനെ മരണത്തിൽ നിന്നു ഉയർപ്പിച്ച്, മരണത്തിന്റെ ശക്തിയിൽനിന്ന് വിടുവിച്ച ദൈവത്തിന്റെ ഈ ശക്തിയാണ് നമുക്ക് വേണ്ടി വ്യാപരിച്ചു കൊണ്ടിരിക്കുന്നത്. അതു നമ്മെ ആത്മീയ മരണത്തിൽനിന്നു ഉയർപ്പിച്ചു. നമുക്ക് ജീവനും വിശ്വാസവും നൽകി. ഈ ശക്തി അന്ധമായിരുന്ന നമ്മുടെ കണ്ണുകളെ തുറന്നു, മത്സരമുള്ള നമ്മുടെ ഇച്ഛയെ പിടിച്ചടക്കി. ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുന്ന ഒരു പുതിയ ഹൃദയം നമുക്ക് നൽകി. നമ്മിൽ അതിവസിക്കുന്ന പാപ സ്വഭാവത്തിന്റെ ശക്തിയിൽനിന്ന് ഈ ശക്തി നമ്മെ വിടുവിക്കുന്നു. അതു അവസാനം വരെ വിശ്വാസത്തിൽ കാത്തുസൂക്ഷിക്കുന്നു. ഈ പുനരുത്ഥാനശക്തി ഇപ്പോൾ ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നതിനും ക്രിസ്തുവിന്റെ മഹത്വത്തിനായി മരിക്കുന്നതിനും നമുക്ക് ലഭ്യമാണ്.

b. ദൈവം യേശുവിനെ തന്റെ വലതുഭാഗത്ത് ഉപവിഷ്ടനാക്കി-അതോടൊപ്പം ദൈവം നമ്മെയും.

രണ്ടാമതായി, കർത്താവിനെ തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയ ശക്തി നമ്മേയും തന്നോടൊപ്പം ആ സ്ഥലത്ത് ഇരുത്തിയിരിക്കുന്നു. എഫേസ്യർ 2:6 ൽ നാം ഇപ്രകാരം വായിക്കുന്നു: “… ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയർത്തെഴുന്നേൽപ്പിച്ച് സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” ഇതാണ് ദൈവത്തിന്റെ പുനരുത്ഥാനത്തിന്റെ ശക്തി. യേശുവിനെ മരണത്തിൽനിന്ന് ഉയർപ്പിച്ച ദൈവത്തിന്റെ സന്നിധിയിൽ എന്നന്നേക്കുമായി ഇരുത്തിയ ദൈവം നമ്മെയും അവനോടൊപ്പം ഇരുത്തിയിരിക്കുന്നു. ഇത് നമുക്ക് ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നതിനും അവന്റെ മഹത്വത്തിനായി മരിക്കുന്നതിനും മതിയായതാണ്. അതു ദൈവം നമുക്ക് ലഭ്യമാക്കിയിരിക്കുന്നു.

c. ദൈവം യേശുവിനെ എല്ലാ സാത്താന്യശക്തിക്കും മീതെ അധികാരമുള്ളവനാക്കു വെച്ചു.

വാഴ്ച, അധികാരം, ശക്തി, കർത്തൃത്വം എന്നത് സകല സാത്താന്യ ശക്തികളെയും കുറിക്കുന്നു. പ്രപഞ്ചത്തിലെ സകല സാത്താന്യസേനകളും അതിലുൾപ്പെടുന്നു. ആകയാൽ നമ്മോടുള്ള അവന്റെ ശക്തി എല്ലാ ശക്തികളെയും പരാജയപ്പെടുത്തുവാൻ മതിയായ ശക്തിയാണ്.

കൊലോ 2:15 “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.” സാത്താന്യശക്തികൾ തങ്ങളുടെ ആയുധം അടിയറ വെച്ചു കീഴടങ്ങിയ ശക്തികളാണ്. ആകയാൽ യേശു മരിച്ചവരിൽനിന്നു ഉയർത്തെഴുന്നേറ്റപ്പോൾ എല്ലാ നരകശക്തിക്കും മീതെ ഉയർത്തപ്പെട്ടു. അവയൊക്കെയും ഇന്നു പരാജയപ്പെട്ട ശത്രുവാണ്. എന്നാൽ അവയൊന്നും ഈ ലോകത്തിൽ നിന്ന് നീങ്ങി പോയിട്ടില്ല. അവനുമായുള്ള പോരാട്ടം തുടരേണ്ടിയിരിക്കുന്നു. പോരാട്ടത്തെ നേരിടുവാൻ ആവശ്യമായ ശക്തി ദൈവത്തിൽ നിന്ന് നമുക്ക് ലഭ്യമാണ്. ഈ പുനരുദ്ധാന ശക്തിയാൽ നമുക്ക് ക്രിസ്തുവിനുവേണ്ടി ജീവിക്കുവാനും കർത്താവിന്റെ മഹത്വത്തിനായി മരിക്കുവാനും നമുക്ക് സാധിക്കുന്നതാണ്.

d. യേശുവിനെ ദൈവം സഭയ്ക്കുള്ള എല്ലാത്തിനും മേൽ തലയാക്കി വെച്ചു, സർവ്വവും അവന്റെ കാൽക്കീഴിലാക്കി, അവനെ സർവ്വത്തിനും മീതെ തലയാക്കി.

ഇരുപത്തി രണ്ടാം വാക്യം വായിത്തിൽ രണ്ടു കാര്യങ്ങൾ കാണുവാൻ കഴിയും. ഉയിർത്തെഴുന്നേറ്റ കർത്താവ് സകലത്തിന്റെ മേലും കതൃത്വമുള്ളവനാണ്. താൻ സകലത്തിനും തലയാണ്. അത് അർത്ഥമാക്കുന്നത് അധികാരവും ഭരണവും നടത്തുന്നതിനുള്ള അവകാശമാണ്. സകലതും എന്നാൽ എല്ലാ ചരിത്രം, എല്ലാ മനുഷ്യവർഗ്ഗം, എല്ലാ സാത്താന്യ ശക്തികൾ, അസുഖം, ബലഹീനത, പ്രകൃതി, കാലാവസ്ഥ, കൊടുങ്കാറ്റ്, അഗ്നിപർവ്വതം, ഭൂമികുലുക്കം, വെള്ളപ്പൊക്കം, മഴ, വെയിൽ, എല്ലാ ബിസിനസ് സംരംഭങ്ങൾ, ആരോഗ്യം, സ്പോർട്സ്, കണ്ടുപിടുത്തങ്ങൾ, മീഡിയ ഇൻറർനെറ്റ്, മിലിറ്ററിശക്തി, ഗവൺമെൻറ്, രാജാക്കന്മാർ, മതങ്ങ, സോളാർ സിസ്റ്റസ്, നക്ഷത്രങ്ങൾ, ഗ്യാലക്സി, മോളിക്യൂൾസ്, ആറ്റംസ് എന്നുവേണ്ട മനുഷ്യന്റെ അറിവിൽ പെട്ട ഇപ്പോൾ ഉള്ളതും ഇനി കണ്ടുപിടിക്കാൻ ഇരിക്കുന്നതുമായ സകലത്തിന്റേയുമേൽ യേശു തലയാണ്, അധികാരമുള്ളവനാണ്, നിയന്ത്രണമുള്ളവനാണ്, ഭരണം നടത്തുന്നവനാണ്.

ഇരുപത്തിരണ്ടാം വാക്യത്തിലെ രണ്ടാമത്തെ കാര്യം സഭയുടെ സകലത്തിലും തന്നെ തലയാക്കി. എല്ലാ ശക്തിയോടും എല്ലാ അധികാരത്തോടും എല്ലാ ജ്ഞാനത്തോടും താൻ സഭയ്ക്കു തലയും നേതാവും, രക്ഷകനും, രാജാവും സുഹൃത്തും ആക്കി. മറ്റൊരു രീതിയിൽ പറഞ്ഞാൽ യേശുവിനെ ഈ നിലയിൽ ഉയർത്തിയ ദൈവത്തിന്റെ ശക്തി നമ്മുടെ പ്രയോജനത്തിനായി ദൈവം നമുക്ക് ലഭ്യമാക്കിയിരിക്കുന്നു. ഈ പുനരുത്ഥാന ശക്തി കർത്താവിനു വേണ്ടി ജീവിക്കുന്നതിനും തന്റെ മഹത്വത്തിനായി മരിക്കുന്നതിനും മതിയായതാണ്.

e).യേശു എവിടെ ഭരണം നടത്തുന്നുവൊ അവിടെ നാമം ഭരണം നടത്തും.

നാം വിശ്വാസികൾ സന്തുഷ്ടരായവർ, അവന്റെ ശരീരവും അവന്റെ സമ്പൂർണ്ണതയുമാണ്. സകലത്തിലും അവന്റെ പരിപൂർണ്ണത നിറഞ്ഞവരും ആയിരിക്കുന്നു. ക്രൂശിക്കപ്പെട്ടവനും ഉയർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിന്റെ അധികാരം കൊണ്ട് ഈ ലോകത്തെ നിറക്കുന്നതിനു വേണ്ടിയാണ് ദൈവം ഈ ശക്തി നമ്മുടെ പേരിൽ ലഭ്യമാക്കിയിരിക്കുന്നത്. യേശുക്രിസ്തു ഈ ഭൂമിയിൽ വാഴണം. അവന്റെ നാമം ഭൂമിയിൽ എല്ലായിടത്തും ഘോഷിക്കപ്പെടണം.

സഭ ഈ ലക്ഷ്യം നിവൃത്തിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. ആ നിറവിന്റെ മൂർത്തീഭാവമാണ് സഭ. അതായത്, അവൻ എവിടെ ഭരിക്കുന്നുവൊ അവിടെ നാമും ഭരിക്കുന്നു. നമുക്ക് ഉൽപ്പത്തി പുസ്തകത്തിലേക്കൊന്നു എത്തിനോക്കാം. ആരംഭത്തിൽ ദൈവം മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചു. അവന് വസിക്കുവാൻ ഒരു മനോഹരമായ ഭൂമിയെ നൽകി. അതിനെ വാഴുവാനും ആസ്വദിക്കുവാനും അവന്റെ മഹത്വം അവരിൽ പ്രതിഫലിപ്പിക്കാനും വേണ്ടിയാണ് ദൈവം ഇതൊക്കെയും ചെയ്തത്.

സഭ എന്ന പുതിയ മനുഷ്യവർഗ്ഗത്തിലൂടെ താൻ ഉദ്ദേശിക്കുന്നതും ഈയൊരു ലക്ഷ്യപ്രാപ്തിയാണ്. തന്റെ മഹത്വം കൊണ്ട് സകല സൃഷ്ടിയും നിറയണം തന്നെ ശരീരമായ സഭ ഇതു നിവർത്തിക്കണം. ഈ ഒരു ലക്ഷ്യംനിവൃത്തിക്കായി ദൈവത്തിന്റെ ശക്തി നമ്മുടെ പേരിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആകയാൽ ഈ പുനരുദ്ധാന ശക്തി കർത്താവിനു വേണ്ടി ജീവിക്കുന്നതിനും കർത്താവിനെ മഹത്വത്തിനായി മരിക്കുന്നതിനും മതിയായതാണ്.

ഈ വേദ ഭാഗത്തുനിന്നും മറ്റൊരു യാഥാർത്ഥ്യവും കൂടി ചൂണ്ടിക്കാട്ടി ഞാനിത് അവസാനിപ്പിക്കാം. സാത്താനും അവന്റെ കിങ്കരന്മാരും ഒരു യാഥാർത്ഥ്യമാണ്.

നാം പലപ്പോഴും അവഗണിക്കുന്ന ഒരു യാഥാർഥ്യവും പാപത്തിന്റെ അപകടകരമായ ശക്തിയെ സംബന്ധിച്ചതുമാണിത്. എന്റേയും നിങ്ങളുടെയും ജീവിതത്തിൽ കാണപ്പെടുന്ന അഹങ്കാരം എന്ന പാപം. ഇതിനെ നാം പലപ്പോഴും ഒരു പാപമായൊ, നാം പോരാടി വിജയിക്കേണ്ട ഒരു ശത്രുവാണെന്നോ ചിന്തിക്കാറില്ല. ഇത് നമ്മുടെ ജീവിതത്തിൽ, വ്യക്തിബന്ധങ്ങളിൽ പലപ്പോഴും സടകുടഞ്ഞെഴുന്നേറ്റു വരുന്നു. സാത്താനും അവന്റെ കിങ്കരന്മാരും ഒരു യാഥാർത്ഥ്യമാണ്. അവ നമ്മേ വെറുക്കുന്നു. നമ്മുടെ വിശ്വാസത്തെ വെറുക്കുന്നു. നമ്മുടെ ആരാധനയെ വെറുക്കുന്നു. നമ്മുടെ ഐക്യത്തെ വെറുക്കുന്നു, അവ നമ്മുടെ നമ്മുടെ കുടുംബ ബന്ധങ്ങളെ വെറുക്കുന്നു, നമ്മുടെ കുഞ്ഞുങ്ങളെ വെറുക്കുന്നു, സുവിശേഷവേലയെ വെറുക്കുന്നു. “വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന ദൈവത്തിന്റെ ശക്തിയുടെ അളവ് വലിപ്പം ഇന്നതെന്നു അറിയണമെന്ന് പൗലോസിന്റെ പ്രാർത്ഥനയ്ക്ക് നിങ്ങളുടെ ജീവിതത്തിൽ ഉത്തരം ലഭിക്കണമെങ്കിൽ, നിങ്ങളുടെ ആത്മാവിനായി പോരാടുന്ന, വിവാഹ ജീവിതത്തോട് പോരാടുന്ന, സഭാ ജീവിതത്തോട് പോരാടുന്ന, ഇടയ ശുശ്രൂഷയോട് പോരാടുന്ന, സുവിശേഷവേലയോടു പോരാടുന്ന സാത്താന്യ ശക്തിക്കെതിരെ ഉണരുകയും ദൈവം നമുക്ക് ലഭ്യമാക്കിയിരിക്കുന്ന ശക്തിയുടെ അളവ് വലിപ്പം നാം അനുഭവമാക്കി തീർക്കേണ്ടതും ആവശ്യമാണ്.

പാപം കുരിശിൽ പരാജയപ്പെട്ടു എന്നിരിക്കലും ഇന്നും അത് പോരാടേണ്ടുന്ന ഒന്നായി നിലനിൽക്കുന്നു. സാത്താൻ കുരിശിൽ പരാജയപ്പെട്ടു എന്നിരിക്കലും ഇന്നും പോരാട്ടം കഴിക്കേണ്ട ശക്തിയായി നിലനിൽക്കുന്നു. ഈ ഒരു പോരാട്ടത്തിൽ പൗലോസിന്റെ പ്രാർത്ഥനയ്ക്ക് നമ്മുടെ ജീവിതത്തിൽ ദൈവം ഉത്തരം നൽകേണ്ടത് ആവശ്യമാണ്. ദൈവത്തിന്റെ അളവറ്റശക്തി, ദൈവം യേശുവിനെ ഉയർപ്പിച്ച് മരണത്തിന് ശക്തിയിൽ നിന്നും വെടിവെച്ച ശക്തി, ദൈവം യേശുവിനെ തന്റെ വലതുഭാഗത്ത് ഉപവിഷ്ടനാക്കിയ ശക്തി, യേശുവിനെ എല്ലാ സാത്താന്യ ശക്തിക്കും അധികാരമുള്ളവനാക്കി വെച്ച ശക്തി, ദൈവം സഭയ്ക്കുള്ള എല്ലാത്തിനും മേൽ അധികാരം ഉള്ളവവനാക്കിവെച്ചു. സർവ്വവും അവന്റെ കാൽക്കീഴാക്കി, അവനെ സർവ്വത്തിലും മീതെ തലയാക്കിയ ശക്തി, യേശുവിനു സകലത്തേയും ഭരിക്കുവാൻ അധികാരം കൊടുത്ത ശക്തി, അങ്ങനെ നമുക്കുവേണ്ടി വ്യാപരിക്കുന്ന ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലിപ്പത്തെക്കുറിച്ച്, പുനരുത്ഥാന ശക്തിയെക്കുറിച്ച് നാം അറിഞ്ഞാൽ കർത്താവിനു വേണ്ടി ജീവിക്കുന്നതിനും അവന്റെ മഹത്വത്തിനായി മരിക്കുന്നതിനും നമുക്ക് സാധിക്കും.

നാം വിജയിക്കും (We will succeed)

ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എന്നോടും നിങ്ങൾ ഓരോരുത്തരോടും യേശുവിന്റെ നാമത്തിൽ, അവന്റെ വചനത്തിന്റെ അധികാരത്തിൽ, അവന്റെ രക്തത്തിന്റേയും അന്ത്യമില്ലാത്ത ജീവന്റെയും അടിസ്ഥാനത്തിൽ ഞാൻ പറയുന്നു: നാം വിജയിക്കും ഉയർത്തെഴുന്നേറ്റ നമ്മുടെ രാജാവിന്റെ മഹത്വത്തിനായി നാം വിജയിക്കും, ആമേൻ.



*******

© 2020 by P M Mathew, Cochin

bottom of page