top of page
എഫെസ്യ ലേഖന പരമ്പര-03
P M Mathew
MAR 23, 2014

Praise God for His redemptive plan
ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയെ ഓർത്ത് ദൈവത്തെ സ്തുതിക്കുക

Ephesians 1:7-10

ആമുഖം

എഫെസ്യ ലേഖനമാണ് നാം പഠിച്ചുകൊണ്ടിരുന്നത്. 1:3-14 വരെ വാക്യങ്ങളുടെ വെളിച്ചത്തിൽ എന്തുകൊണ്ട് ദൈവത്തിൻറെ അനന്യസാധാരണമായ വീണ്ടും വീണ്ടെടുപ്പ് (Redemption) പദ്ധതിയെ ഓർത്ത് നാം ദൈവത്തെ സ്തുതിക്കണം എന്നതിന്റെ ഒന്നാമത്തെ കാരണം വിശദീകരിച്ചു. ഒന്നാമത്തെ കാരണമായി ഞാൻ പറഞ്ഞത് അവൻ നമ്മെ തെരഞ്ഞെടുക്കുകയും തന്റെ മഹത്വകരമായ അവകാശം ആയിരിക്കാൻ അവൻ നമ്മെ മുന്നിയമിക്കുകയും ചെയ്തതുകൊണ്ട് നാം ദൈവത്തെ സ്തുതിക്കണം (1: 4-6; 11-12). ഇനി അതിൻറെ രണ്ടാമത്തെ കാരണത്തിലേക്ക് കടക്കാം. അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും തന്റെ പദ്ധതി നമുക്ക് വെളിപ്പെടുത്തിത്തരികയും ചെയ്തതുകൊണ്ട് (1: 7-10) നാം ദൈവത്തെ സ്തുതിക്കണം.

എഫെസ്യർ 1:7-10

“7 അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 8 അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു. 9 അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു. 10 അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.”

7-10 വരെ വാക്യങ്ങൾ “ക്രിസ്തുവിൽ ആകുക” എന്നതിന് ഊന്നൽ നൽകുന്നു. ഉയർത്തപ്പെട്ട കർത്താവിനോടുള്ള സജീവ ബന്ധത്തിലൂടെ ക്രിസ്തുവിൽ ആകുന്നതുവഴി വിശ്വാസികൾക്ക് ലഭിക്കുന്ന വീണ്ടെടുപ്പിന്റേയും പാപക്ഷമയുടെയും വർത്തമാനകാല അനുഭവത്തിലേക്ക് ആണ് ഈ വാക്യം വിരൽചൂണ്ടുന്നത്. “അവനിൽ നമുക്ക് അവൻറെ രക്തത്താൽ അതിക്രമങ്ങളുടെ മോചനം എന്ന വീണ്ടെടുപ്പു ഉണ്ട്” (1:7)

1. ദൈവം നമ്മെ വീണ്ടെടുത്തതിനാലും നമ്മുടെ പാപം മോചിച്ചു തന്നതിനാലും ദൈവത്തെ സ്തുതിക്കുക {Praise God because He has redeemed us and forgiven our sins (1:7a-b)}.

a). വീണ്ടെടുപ്പ് (Redemption)

ആദ്യം “വീണ്ടെടുപ്പ്” (Redemption) എന്ന ആശയം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് വേണ്ടിയുള്ള കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിലെ പ്രവർത്തിയുടെ ഫലമായി നമുക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ഇടയായി തീർന്നതിനെയാണ് വീണ്ടെടുപ്പ് (Redemption) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വീണ്ടെടുപ്പ് (Redemption) എന്ന ആശയം സുവിശേഷത്തിന്റെ ഹൃദയമാണ് (റോമർ 3:21-26). കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലിലും ഈ ആശയം നമുക്ക് കാണുവാൻ കഴിയും. “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്ക് വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്” (മർക്കോസ് 10:45, മത്തായി 20: 28).

എഫെസൊസ് ഉൾപ്പെട്ടിരുന്ന റോമാ സാമ്രാജ്യത്ത് ഒരടിമയെ മോചിപ്പിക്കുവാൻ മോചനദ്രവ്യം നൽകിയിരുന്നത് അന്നത്തെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപരിചിതമായ സംഗതിയായിരുന്നു. പൗലോസിന്റെ ഈ പ്രയോഗം പഴയനിയമത്തിലെ പുറപ്പാടിന് അനുസ്മരിപ്പിക്കുന്നു. മോശയിലൂടെ ഒരു രക്ഷകനെ എഴുന്നേൽപ്പിച്ചു കൊണ്ട് ദൈവം ഇസ്രായേലിനോട് പറയുന്നു: “ഞാൻ യഹോവ ആകുന്നു; ഞാൻ മിസ്രയീമ്യരുടെ ഊഴിയവേലയിൽ നിന്ന് ഉദ്ധരിച്ച് (bring you out) അവരുടെ അടിമത്തത്തിൽ നിന്നു നിങ്ങളെ വിടുവിക്കും. നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാ ശിക്ഷാവിധികൾ കൊണ്ടും നിങ്ങളെ വീണ്ടെടുക്കും” (Redemption) (പുറപ്പാട് 6:6). ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന സംഭവവും അടിമത്തത്തിൽ നിന്നുള്ള അവരുടെ മോചനം തുടർമാനമായി ഓർക്കേണ്ടതും ആയ നിത്യനിയമമായിരുന്നു.

പുതിയ ഉടമ്പടി ജനമായ നാമും ഇതേ നിലയിൽ ഒരു വീണ്ടെടുപ്പ് (Redemption) പ്രാപിച്ചവരാണ്. ഇതിനെ രണ്ടാം പുറപ്പാട് എന്ന് വിശേഷിപ്പിക്കാം. “ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്നും” കർത്താവ് നമ്മെ വിലയ്ക്കുവാങ്ങി എന്ന് ഗലാത്യർ 3:13 ലും, “ഒരു വില കൊടുത്തു നമ്മെ വിലയ്ക്കുവാങ്ങി” എന്ന് 1 കൊരി 7: 21-23 ലും, വീണ്ടെടുപ്പു വിലയായി താൻ നൽകിയത് കർത്താവ് ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടാണ് എന്ന് തിത്തോസ് 2:14 ലും, യേശു നമ്മുടെ പാപങ്ങൾക്കുള്ള ന്യായവിധിയും ശിക്ഷയും നമുക്ക് പകരക്കാരനായി ഏറ്റുവാങ്ങി എന്ന് 2 കൊരിന്ത്യർ 5: 21-ലും നാം വായിക്കുന്നു. 1 തിമോത്തി 2:6 ൽ “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശു തന്നെ” എന്ന് പറയുന്നതിൽ അവൻ നമുക്ക് പകരക്കാരനായി എന്ന ആശയം കാണുന്നു.

പാപത്തിന്റെ അടിമത്തത്തിൽ നിന്നാണ് ദൈവം തന്റെ ജനത്തെ വിടുവിച്ചത്. ആകയാൽ നമ്മുടെ വീണ്ടെടുപ്പ് (Redemption) എന്നതുകൊണ്ട് “പാപങ്ങളുടെ മോചനം” എന്നാണ് അർത്ഥമാക്കുന്നത്.

ഡോക്ടർ സ്വിൻഡോൾ തനിക്ക് ലഭിച്ച ഒരു ഫോൺകോളിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. അർദ്ധരാത്രിയിൽ തനിക്ക് ഒരു പെൺകുട്ടിയിൽ നിന്നും ഒരു ഫോൺ കോൾ വന്നു. അവളുടെ പേരൊ സ്റ്റാറ്റസൊ വെളിപ്പെടുത്താതെ തന്റെ തകർന്ന ഹൃദയം അദ്ദേഹത്തിനു മുൻപാകെ തുറന്നു. തന്റെ വിഷമം ആരെങ്കിലും ഒന്ന് കേട്ടിരുന്നെങ്കിൽ എന്ന ആഗ്രഹം ആയിരുന്നു അതിന് പിന്നിൽ. തന്റെ മാതാപിതാക്കൾ തന്നെ ഒരു ആതുരാലയത്തിൽ കൊണ്ടുചെന്ന് ആക്കിയിട്ട് അവർ അവളോട് എന്നെന്നേക്കുമായി വിടപറഞ്ഞു. അവരെക്കുറിച്ച് ആ പെൺകുട്ടിക്ക് യാതൊരു സൂചനയും നൽകാതെയാണ് അവർ പോയത്. അവർ തിരിച്ചു വരുന്നതിനെ സംബന്ധിച്ചോ അവളെ തിരികെ കൊണ്ടു പോകുന്നതിനെക്കുറിച്ചോ യാതൊന്നും പറയാതെയാണ് അവർ പോയത്. എന്നാൽ അവർ അവളെ സ്വന്തമാക്കണം എന്നും, അവളെ സ്നേഹിക്കണമെന്നും, അവളെ അവർ അംഗീകരിക്കണമെന്നും ആ പെൺകുട്ടി ആഗ്രഹിച്ചു. അവരുടെ അസാന്നിധ്യം ആ പെൺകുട്ടിയെ വല്ലാതെ വേദനിപ്പിച്ചു; അവൾക്കാ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ചില നാളുകൾക്കു ശേഷം അവൾ അവരെ അന്വേഷിച്ചു കണ്ടെത്തിയെങ്കിലും അപ്പോഴും അവർക്ക് അവളെ വേണ്ടായിരുന്നു. അവർ അവളെ കുറച്ചുനാൾ കൂടെ താമസിപ്പിക്കാൻ തയ്യാറായി എങ്കിലും അവളുമായുള്ള അവരുടെ ബന്ധം തീരെ മോശമായിരുന്നു. ഒരു ദിവസം അവർ അവളോട് പറഞ്ഞു: ഞങ്ങൾ ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ പോകുന്നു. മാത്രവുമല്ല, ഞങ്ങൾ മറ്റൊരു ആൺകുട്ടിയെ ദത്തെടുത്തുകൊണ്ട് തങ്ങളുടെ ജീവിതം പുനരാരംഭിക്കാൻ പോകുന്നു എന്ന്.” ആ പുതിയ തുടക്കത്തിൽ താനും പങ്കാളി ആയിത്തീരുമെന്ന് ആ പെൺകുട്ടി ആശിച്ചു. എന്നാൽ അവർ അവളെ കൂടെ കൂട്ടുവാൻ തയ്യാറായില്ല. നിരാശയും വേദനയും പൂണ്ട അവൾ ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ വഴിയിൽ ഞാൻ ഒരു പ്രതിബന്ധം ആകുവാൻ ആഗ്രഹിക്കുന്നില്ല. ഞാൻ നിങ്ങളെ വിട്ടു പോകുന്നതാകും ഉചിതം. ഉടനെ അവളുടെ പിതാവ് അവളുടെ സാധനങ്ങൾ പായ്ക്ക് ചെയ്യുവാൻ ഞാൻ സഹായിക്കാം എന്ന് പറഞ്ഞു കുറച്ചു തുണികൾ ഒരു ബാഗിൽ കുത്തിനിറച്ച് 10 ഡോളർ അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് അവളോടു ഗുഡ്ബൈ പറഞ്ഞു. അന്ധകാര പൂർണമായ ആ നിമിഷം മുതൽ അവൾ തെരുവീഥിയിൽ അലഞ്ഞും കടത്തിണ്ണയിൽ ഉറങ്ങിയും ചവറ്റുകുട്ടയിൽ നിന്ന് ഭക്ഷണം കഴിച്ചും ജീവിച്ചുപോന്നു.

സ്വിൻഡോൾ തുടർന്നു പറയുന്നു: “ജീവിതത്തെക്കുറിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ തികച്ചും ആശയറ്റവളായി ആർക്കും വേണ്ടാതെ എന്നെ ആരെങ്കിലും ഒന്ന് ചേർത്തുകൊണ്ടു എങ്കിൽ എന്ന് ആശിച്ചുകൊണ്ട് ലോസ്ആഞ്ചലസിന്റെ തെരുവുകളിൽ ഒരു പെൺകുട്ടി അലയുന്നു.”

ഇങ്ങനെയുള്ളവരെ മുദ്രകുത്തുവാൻ നമുക്ക് എളുപ്പം കഴിയും; എന്നാൽ അവളെ സ്നേഹിക്കയില്ല. അവരെ വിമർശിക്കുവാൻ നമുക്ക് എളുപ്പം കഴിയും; എന്നാൽ അവരെ കരുതുകയില്ല. ഇഷ്ടക്കേട് കാണിക്കും; മാനിക്കയില്ല. അവരെ താലോലിക്കുന്നതിനു പകരം അവഗണിക്കുന്നതിനൊ നശിപ്പിക്കുന്നതിനൊ നാം ശ്രമിക്കും.

കർത്താവിൻറെ കൃപ ഇല്ലായിരുന്നുവെങ്കിൽ നാമോരോരുത്തരുടെയും അവസ്ഥ ഇതുപോലെ ആകുമായിരുന്നു. ഇത് എൻറെ കഥയാകുമായിരുന്നു. നിങ്ങളുടെ കഥയാകുമായിരുന്നു. കർത്താവ് നമ്മെ കുറ്റപ്പെടുത്തിയില്ല. ഒരു ഇഷ്ടക്കേടും കാണിച്ചില്ല. നമ്മെ അവഗണിക്കുകയോ നമുക്ക് പകരം വേറൊന്ന് എടുക്കുകയൊ ചെയ്തില്ല. സ്വന്തരക്തത്താൽ വിലയ്ക്കുവാങ്ങി. ഒരു മകനായി, മകളായി നമ്മെ അംഗീകരിക്കുകയാണ് ചെയ്തത്.

സുവിശേഷത്തിന്റെ സ്വദ്വാർത്ത എഫേസ്യർ 1:6 ൽ നാം വായിക്കുന്നത് ഇപ്രകാരമാണ് : “നമ്മെ അവനിൽ തെരഞ്ഞെടുക്കുകയും പ്രിയനായവനിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തു…” കൂടാതെ മൂന്നാം വാക്യത്തിൽ നാം കാണുന്നത് ഇപ്രകാരമാണ്: “സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹത്താലും നമ്മെ ക്രിസ്തുയേശുവിൽ അനുഗ്രഹിച്ചിരിക്കുന്നു”. ദൈവം സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളാലും നമ്മെ അനുഗ്രഹിച്ചിരിക്കുന്നു എന്ന് മാത്രമല്ല നാം തനിക്ക് വേണ്ടപ്പെട്ടവരാണ് എന്ന് നമ്മോട് പറയുകയും ചെയ്യുന്നു. മറ്റുള്ളവര്ക്ക് നാം വേണ്ടാത്തവർ ആണെങ്കിലും ദൈവത്തിന് നാം വേണ്ടപ്പെട്ടവരാണ്. ദൈവം നമ്മെ സ്നേഹിക്കുവാനും സ്വന്തമാക്കാനും അംഗീകരിക്കുവാനും ആഗ്രഹിക്കുന്നു.

നാം ഈ നിലയിൽ ദൈവത്തിന് സ്വീകാര്യരായി തീർന്നത് നമുക്ക് എന്തെങ്കിലും ദൈവത്തിനുവേണ്ടി ചെയ്യുവാൻ കഴിഞ്ഞു എന്നതു കൊണ്ടല്ല. മറിച്ച്, അവൻ നമ്മെ സ്നേഹിച്ചതുകൊണ്ടാണ്. നമ്മിൽ നിന്ന് എന്തെങ്കിലും ലഭിക്കുമെന്നതു കൊണ്ടല്ല അവൻ നമ്മെ സ്നേഹിക്കുന്നത്, നമുക്ക് വേണ്ടിയാണ് അവൻ നമ്മെ സ്നേഹിക്കുന്നത്. നാം ആരായിരുന്നു എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അവൻ നമ്മെ സ്നേഹിക്കുന്നത്.

b) വീണ്ടെടുപ്പിന്റെ ആവശ്യകത (need of redemption)

അടുത്തതായി, ഇങ്ങനെയൊരു വീണ്ടെടുപ്പിന് ആവശ്യം എന്താണ്? അതിന്റെ ഉത്തരം വീണ്ടെടുപ്പ് എന്ന പദത്തിന്റെ നിർവചനത്തിൽ കാണാം. “വീണ്ടെടുക്കുക” എന്ന് പറഞ്ഞാൽ നമ്മെ വിലയ്ക്കുവാങ്ങി സ്വതന്ത്രമായി വിടുക എന്നാണ്. റോമാസാമ്രാജ്യത്ത് അടിമവ്യാപാരികൾ ആളുകളെ തട്ടിക്കൊണ്ടുപോയി ചന്തയിൽ ലേലം ചെയ്തു വിൽക്കുന്ന രീതി നിലനിന്നിരുന്നു. ചിലപ്പോൾ അടിമകളായി വിൽക്കപ്പെടുന്നവർ യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ടവരായിരുന്നു.

ഇന്ന് ചിലർ തങ്ങളുടെ ക്രെഡിറ്റ്കാർഡ് അനാവശ്യമായി ഉപയോഗിച്ച് തങ്ങളെ കടക്കെണിയിൽ ആക്കുന്നു. മറ്റുചിലർ മൊബൈലിൽ വരുന്ന ലോൺ പദ്ധതി ഉപയോഗിച്ച് കടക്കെണിയിലും മരണഭയത്തിലും ആയിത്തീരുന്നു. മറ്റുചിലർ കടം വാങ്ങിക്കൂട്ടി, കൊടുത്തു വീട്ടുവാൻ കഴിയാതെ കടക്കാരനായി ഭയത്തിലും ഭീഷണിയുടെ നിഴലിലും തങ്ങളുടെ ജീവിതം തള്ളിനീക്കുന്നു.

ഇങ്ങനെ കടം മേടിക്കുന്നവർ അവസാനം അവരുടെ കടം വീട്ടുവാൻ തങ്ങളെ തന്നെ അടിമയായി വിൽക്കുന്നു. മറ്റുചിലർ അടിമയായി ജനിക്കുന്നു. അനേകരും അടിമച്ചന്തയിൽ വിലങ്ങുകൾ ധരിച്ച് ലേലത്തിൽ വിൽക്കപ്പെടുന്നു. അവർ കൂടുതൽ വിലയ്ക്ക് ലേലം പിടിക്കുന്നവരുടെ മുതലായിത്തീരുന്നു.

ആദം പാപം ചെയ്തപ്പോൾ അവൻ തന്നെത്തന്നെ പാപത്തിന് അടിമയായി വിൽക്കപ്പെടുകയായിരുന്നു. റോമർ 6 ൽ പൗലോസ് പറയുന്നു: “ആദാമ്യസന്തതികൾ എല്ലാം പാപത്തിന് അടിമകളാണ്” എന്ന്. നാം അടിമത്വത്തിലേക്ക് പിറന്നു വീഴുകയാണ് ചെയ്യുന്നത്. പെട്ടെന്നു തന്നെ സാത്താൻ എന്നകാര്യവിചാരകനെ നാം അനുസരിക്കുവാൻ തുടങ്ങുന്നു. ചുറ്റുമുള്ളവരെ നോക്കി ഞാൻ അൽപം മെച്ചപ്പെട്ടവനെന്നു പറയാമെങ്കിലും നാം പാപത്തിന് ദാസന്മാർ തന്നെ. നാം നമുക്കു ചുറ്റും കാണുന്നത് പാപത്തിനെ പ്രവർത്തികൾ അല്ലേ? പത്രമാധ്യമങ്ങളിലൂടെ കണ്ണോടിച്ചാൽ പാപ പ്രവർത്തികളുടെ ഭീകരതയല്ലേ നാം ദിനന്തോറും കാണുന്നത്. കൊലപാതകം, മാനഭംഗം, അഴിമതി, അക്രമം, വഴക്ക്, വിവാഹമോചനം, തകർന്ന കുടുംബബന്ധങ്ങൾ, ഗർഭചിത്രം, മദ്യം, മയക്കുമരുന്ന്, പോർണോഗ്രാഫി, ലൈംഗിക അരാജകത്വം ഇവയെല്ലാം മനുഷ്യന്റെ പാപ സ്വഭാവത്തെയല്ലേ കാണിക്കുന്നത്? സത്യം നല്ലതായിരിക്കുമ്പോൾ, നുണ പറയുന്നത് നാം തെരഞ്ഞെടുക്കുന്നു. നാം നമ്മോടു അടുത്തിടപഴകുന്നവരോട്, നാം സ്നേഹിക്കുന്നവരോട് ദേഷ്യപ്പെടുന്നു, വഴക്കു കൂടുന്നു, ഇതൊക്കെയും പാപത്തിനു അടിമയായതു കൊണ്ടല്ലേ ചെയ്യുന്നത്.

സ്വിൻഡലിനോട് ഫോണിൽ സംസാരിച്ച പെൺകുട്ടി പാപത്തിനു അടിമയായ ഒരു പെൺകുട്ടിയായിരുന്നു. അതു തന്റെ മാതാപിതാക്കളുമായുള്ള ബന്ധത്തെ നശിപ്പിച്ചു. പാപം അവളെ സ്നേഹവാത്സല്യങ്ങളിൽ നിന്നും അകറ്റി. തന്റെതന്നെ മൂല്യത്തിൽ തനിക്ക് മതിപ്പില്ലാതെയായി. തനിക്ക് നഷ്ടപ്പെട്ട ബന്ധം യഥാസ്ഥാനപ്പെടുവാൻ അവൾ അതിയായി ആഗ്രഹിച്ചു. എന്നാൽ അവൾ അതിദാരുണമായ അടിമത്വത്തിൽ കീഴിലായിരുന്നു. അവളെ വീണ്ടെടുക്കുവാൻ ആരുമില്ല. അവളുടെ മാതാപിതാക്കൾക്ക് അവളെ വീണ്ടെടുക്കുവാനുള്ള താല്പര്യമില്ല. അതുകൊണ്ട് അവൾ ആർക്കും വേണ്ടാത്തവളെ പോലെ, വീണ്ടെടുക്കപ്പെടാത്തവളായി പാപത്തിന്റെ അടിമത്തത്തിൽ കഴിയുന്നു. അവളിപ്പോൾ ഏകാന്തതയിലേക്കും നിരാശയിലേക്കും തുടർമാനമായ അടിമത്വത്തിലേക്കും കൈവിടപ്പെട്ടിരിക്കുന്നു.

സുവിശേഷത്തിലെ നല്ല വാർത്ത എന്തെന്നാൽ ഒരു വീണ്ടെടുപ്പുകാരൻ ഉണ്ട് എന്നതാണ്. നമ്മുടെ വീണ്ടെടുപ്പിന് വീണ്ടെടുപ്പ് വില കൊടുത്തുകഴിഞ്ഞു. സ്വർഗ്ഗത്തിലെ പിതാവുമായുള്ള കൂട്ടായ്മ ബന്ധത്തിലേക്ക് യഥാസ്ഥാനപ്പെടുവാൻ നമുക്ക് സാധിക്കും.

എഫെ. 1:17 പറയുന്നത്, ദൈവം ഈ അടിമ ചന്തയിൽ പോയി. തൻറെ അനന്തമായ ധനത്താൽ മോചനദ്രവ്യത്തിനായി വിൽക്കാൻ വെച്ചിരുന്നവരെ വിലയ്ക്കുവാങ്ങി. ഇതാണ് വീണ്ടെടുപ്പ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു മറുവിലയായി (ransom) നൽകേണ്ടിവന്നത് എന്താണ് എന്നും ഇവിടെ വ്യക്തമാക്കുന്നു. യേശുക്രിസ്തുവിന്റെ രക്തത്തിൽ കുറഞ്ഞതൊന്നും മറുവിലയായി സ്വീകരിക്കുകയില്ലായിരുന്നു. “അവൻറെ രക്തത്താൽ അതിക്രമങ്ങളുടെ മോചനം എന്ന വീണ്ടെടുപ്പ്” നമുക്കുണ്ട്.

“പാപം” (sin) എന്ന പ്രശ്നത്തിന് വലിയ മാനുഷിക ബുദ്ധിയും കണ്ടുപിടുത്തങ്ങളും മനുഷ്യർ ഉപയോഗിക്കുന്ന കാലമാണിത്. അടിമത്തത്തിനു നല്ല ബിസിനസ് എന്നോ കുറഞ്ഞ വേതനമുള്ള തൊഴിൽ എന്നോ, ശക്തി എന്നോ, അധികാരം എന്നോ ഒക്കെ ഓമനപ്പേര് നൽകി വിളിച്ചാലും അടിമത്തം എന്നും അടിമത്തം തന്നെയായിരിക്കും. വിഷം ഇരിക്കുന്ന കുപ്പിയുടെ പുറത്തു തേൻ എന്ന് എഴുതി വെച്ചാൽ അത് ഉപദ്രവം ഇല്ലാത്ത ഒന്നായി മാറുമോ? അതുപോലെ പാപം എന്നതിന് മറ്റു എന്തു പേര് നൽകിയാലും പാപം(sin) , പാപമല്ലാതായി തീരുകയില്ല. പാപത്തെ രോഗമെന്നോ ഒരു രസമെന്നോ, മുന്നോട്ടു പോകാനുള്ള മാർഗ്ഗമെന്നോ, യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒഴിവ് എന്നൊ ഒക്കെ പേര് പറഞ്ഞാലൊ അങ്ങനെയുള്ള ആശയങ്ങൾ അതിന് നൽകിയാലോ പാപം (sin) പാപമല്ലാതായി തീരുകയില്ല. അത് എല്ലാവരും ചെയ്യുന്നതല്ലേ എന്ന് പറഞ്ഞ് പാപത്തെ ചിലർ നിസാര വൽക്കരിക്കാറുണ്ട്. എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാപത്തിന് പ്രത്യാഘാതങ്ങളുണ്ട്. ചിലർ പാപം (sin) ചെയ്യുന്നത് ഒരു സുഖമാണ് എന്ന് പറയാറുണ്ട്. എന്നാൽ അതും ഒരു മിഥ്യയാണ്. പാപത്തിന്റെ കുറ്റബോധത്തിൽ നിന്നും അവൻ വിടുതൽ പ്രാപിക്കുന്നില്ല. പാപത്തിനുള്ള ദൈവത്തിന്റെ പ്രതിവിധി, വീണ്ടെടുപ്പും മോചനവും ആണ്. അതിന് മോചനദ്രവ്യം നൽകേണ്ടത് ആവശ്യമാണ്.

കൊലപാതകം, മോഷണം, മാതാപിതാക്കളെ അടിക്കുകയോ ശപിക്കുക ചെയ്യൽ, എന്നിങ്ങനെയുള്ള പാപങ്ങൾക്ക് മരണശിക്ഷ നൽകണം എന്ന് ന്യായപ്രമാണം വിധിക്കുന്നു. ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയോ വിൽക്കുകയോ ചെയ്താൽ, ഒരു കാളക്കു പകരം അഞ്ചു കാളകളെയും ഒരു ആടിനെ പകരം നാല് ആടിനെയും ഉടമസ്ഥനും പകരം കൊടുക്കണം. അനാഥനേയും വിധവയേയും വല്ല പ്രകാരത്തിലും നശിപ്പിച്ചാൽ ദൈവത്തിന്റെ “വാൾ” അവരുടെമേൽ വരും. പാപം ഒരിക്കലും ലാഭകരമായ സംഗതി അല്ല. മറിച്ച്, അതിന് നൽകേണ്ട പ്രതിശാന്തി വളരെ വലിയതും വിലയേറിയതും ആണ്.

ദൈവം പാപത്തിനു മോചന ദ്രവ്യം (ransom) കൊടുത്തു രക്ഷദാനമായി നൽകുന്നു. എന്നാൽ മോചനദ്രവ്യം (ransom) വിലയില്ലാത്തതല്ല. എപ്പോഴൊക്കെ ഒരു ബന്ധം യഥാസ്ഥാനത്താക്ക പ്പെടുന്നുവോ അവിടെ ആരെങ്കിലും അതിനൊരു വിലകൊടുക്കേണ്ടി വരുന്നുണ്ട്. ഭാര്യയും ഭർത്താവുമായി വഴക്കിടുന്നു എന്ന് കരുതുക. ബന്ധം യഥാസ്ഥാനത്ത് ആക്കുവാൻ ആരെങ്കിലും താഴ്ന്നു കൊടുക്കേണ്ടതായി വരും. അല്ലെങ്കിൽ ആ ബന്ധം യഥാസ്ഥാനത്ത് ആകുകയില്ല. സഹോദരനും സഹോദരനുമായി വഴക്ക് ഉണ്ടായാലും ഒരാൾ അതിന് വില കൊടുത്തെങ്കിലെ ബന്ധം യഥാസ്ഥാനത്ത് ആക്കുവാൻ കഴിയുകയുള്ളു. കേവലം വാദങ്ങൾ കൊണ്ട് ബന്ധങ്ങൾ യഥാസ്ഥാനത്ത് ആകുന്നില്ല. ഉദാഹരണങ്ങൾ ഭാര്യ-ഭർത്താക്കന്മാർ തമ്മിലുള്ള ഏറ്റുമുട്ടൽ ശ്രദ്ധിച്ചാൽ അതു പെട്ടെന്നു നമുക്കു ബോദ്ധ്യപ്പെടും.

ഇവിടെ ദൈവപുത്രന്റെ മരണമാണ് മോചനദ്രവ്യമായി (ransom) കൊടുക്കേണ്ടിവന്നത്. യേശുവിനു മാത്രമേ അത് നൽകുവാൻ കഴിയുകയുള്ളു. മറ്റൊരു പകരക്കാരനും അവിടെ സ്വീകാര്യമല്ല. മത്തായി 16:26 ൽ നാം വായിക്കുന്നത് ഇപ്രകാരമാണ്: “അല്ല തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും.” വില്യം റാൻ ഡോൾഫിന്റെ മകളെ ഒരിക്കൽ ഭീകരർ തട്ടിക്കൊണ്ടുപോയിട്ട് മോചനദ്രവ്യമായി ചോദിച്ചതു 400 മില്യൺ ഡോളറാണ്. അത്രയും പണം സ്വരൂപിക്കാൻ തനിക്ക് സാധിച്ചില്ല. എന്നാൽ തന്റെ മകൾക്ക് 400 ബില്യൺ ഡോളറിന്റെ മൂല്യം ഇല്ല എന്ന് താൻ ഒരിക്കലും പറഞ്ഞില്ല. നമ്മുടെ ജീവന് 400 മില്യൻ ഡോളർ വിലയുണ്ട് എന്ന് കരുതുക. നമുക്ക് താങ്ങാൻ കഴിയുന്നതാണോ ഇത്? വാസ്തവത്തിൽ നമ്മുടെ ആത്മാവിന്റെ വില അതിനേക്കാൾ എത്രയോ വലുതാണ്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബിൽഗേറ്റ്സിനു പോലും തന്റെ ആത്മാവിന്റെ വീണ്ടെടുപ്പു വില (ransom) കൊടുക്കുവാൻ കഴിയുകയില്ല. പരിമിതികളുള്ള ഒരു മനുഷ്യനെ വീണ്ടെടുക്കുവാൻ പരിമിതികളില്ലാത്ത ഒരു യാഗം ആവശ്യമാണ്. പാപമില്ലാത്ത ദൈവത്തിന്റെ രക്തത്തിനു മാത്രമേ മോചനദ്രവ്യത്തിന്റെ ആവശ്യകത നിവർത്തിക്കാൻ കഴിഞ്ഞുള്ളു. ദൈവത്തിന്റെ നിത്യമായ സ്നേഹത്തിന് മാത്രമേ ആ വില കൊടുക്കുവാനുള്ള പ്രേരണ നൽകുവാൻ കഴിഞ്ഞുള്ളു.

നാമെല്ലാം പാപം ചെയ്തിരിക്കുന്നു. പാപം ചെയ്താൽ ദൈവത്തോടും, അപരാധം ചെയ്ത വ്യക്തിയോടും പാപക്ഷമ (forgiveness) യാചിക്കണം. ഞാൻ മത്സരിച്ചിരിക്കുന്നു, അതിന്റെ പരിണതഫലവും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു; “ദൈവമെ എന്നോട് ക്ഷമിക്കേണമേ” സങ്കീർത്തനക്കാരൻ പറയുന്നതുപോലെ: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമെ, എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ, വ്യസനത്തിനുള്ള മാർഗ്ഗം എന്നിലുണ്ടോയെന്ന് നോക്കി ശാശ്വത മാർഗ്ഗത്തിൽ എന്നെ നടത്തേണമേ” (സങ്കീർത്തനം 139:23-24). ഇതു നമ്മുടെയും പ്രാർത്ഥന ആയിരിക്കട്ടെ.

ചില കുഞ്ഞുങ്ങൾ മാതാപിതാക്കളോട് ശണ്ഠ കൂടുന്നു. മുടിയൻ പുത്രനെപ്പോലെ അവർ തങ്ങളുടെ അവകാശവും വാങ്ങി സ്വതന്ത്രരായി തങ്ങളുടെ വഴിക്ക് പോകാൻ ഇഷ്ടപ്പെടുന്നു. പിന്നീട് അത് നശിപ്പിച്ചു പന്നിക്ക് സമാനം ജീവിക്കുന്നു.

മതിലുകൾക്കപ്പുറമുള്ള പച്ച പുൽത്തകിടികൾ പലപ്പോഴും ഭാര്യക്കോ ഭർത്താവിനോ ആസ്വാദ്യകരം എന്നു തോന്നാം. “പരസ്ത്രീയുടെ അധരങ്ങളിൽ നിന്ന് തേൻ ഇറ്റിറ്റു വീഴുന്നു. അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നത്തേതിലൊ അവൾ കാഞ്ഞിരം പോലെ കൈപ്പും ഇരുവായ്ത്തലയുള്ള വാൾ പോലെ മൂർച്ചയും ഉള്ളവൾ തന്നെ; അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു” (സദൃശ്യവാക്യങ്ങൾ 5: 3-4). മദ്യത്തിന്റെ മയക്കത്തിൽ മുന്നോട്ടുപോകുന്നത് ഒരു സുഖമാണ് എന്ന് ചിന്തിച്ചേക്കാം. ഒരിക്കൽ നാം അതിന്റെ പിടിയിലായി കഴിഞ്ഞാൽ പിന്നെ നമുക്ക് വിട്ടു പോരാൻ കഴിയില്ല.

ബാബുച്ചായൻ ഒരു കഥ പറഞ്ഞത് ഞാനോർക്കുന്നു. വെള്ളപ്പൊക്ക കാലത്ത് നദിയിൽ കൂടി പല സാധനങ്ങളും ഒഴുകി വരാറുണ്ട്. തേങ്ങ, കാട്ടിൽനിന്ന് തടികൾ, ആടുമാടുകൾ അങ്ങനെ പലതും. വെള്ളത്തിൽ ഒഴുകി വരുന്ന സാധനങ്ങൾ നീന്തി ചെന്ന് പിടിച്ചെടുക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഒരിക്കൽ അയാൾ എന്തോ ഒരു സാധനം ഒഴുകി വരുന്നത് കണ്ട് അതിനെ ചാടി പിടിച്ചു. കുറേസമയം പയറ്റിയിട്ടും അയാൾക്ക് അതിനെ കരയ്ക്കടുപ്പിക്കാൻ കഴിഞ്ഞില്ല. കരയിൽ നിൽക്കുന്നവർ കരയിലടുപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ വിട്ടുപോരാൻ പറഞ്ഞു. എന്നാൽ താൻ പിടിച്ച കരടി പിടിവിടാത്തതു കാരണം ആ മനുഷ്യനു തിരികെ പോരാൻ കഴിഞ്ഞില്ല. അപ്പോൾ അയാൾ, “ഞാൻ പണ്ടേ പിടി വിട്ടതാ, പക്ഷേ ഈ സാധനം പിടിവിടാത്തതു കാരണം എനിക്ക് പോരാൻ പറ്റുന്നില്ല” എന്നു വിളിച്ചുപറഞ്ഞു. നല്ല സാധനമാണെന്ന് കണ്ടുപിടിച്ചത് ഒരു കരടിയെ ആയിരുന്നു. അയാൾ പിടിവിട്ടിട്ടും കരടി പിടിവിടാത്തതുകൊണ്ട് തനിക്ക് പോരാൻ കഴിഞ്ഞില്ല. കരടിയോടൊപ്പം കുത്തൊഴുക്കിൽ പോകാനേ കഴിഞ്ഞുല്ലു.

പലപ്പോഴും ഒരു രസത്തിനു വേണ്ടി ആയിരിക്കാം പാപം ചെയ്യുന്നത്. ഉദാഹരണത്തിന് പുകവലിയോ, മദ്യപാനമോ, മയക്കു മരുന്നോ തുടങ്ങുന്നവർ ആദ്യം ഒരു രസത്തിനുവേണ്ടി ഇതെന്താണെന്ന് ഒന്ന് അറിയാനാണ് കൂട്ടൂകാരോട് ചേർന്ന് ആരംഭിക്കുന്നത്. പിന്നീട് അതിന്റെ പിടിയിൽ നിന്നും മോചനം ആഗ്രഹിച്ചാലും അവർക്ക് അതിൻറെ പിടിയിൽ നിന്നും മോചനം പ്രാപിക്കാൻ കഴിയുകയില്ല. കഴിഞ്ഞ ദിവസം ടീ വി യിൽ വന്ന ഒരു മോബൈൽ വീഡിയൊ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമെന്ന് തോന്നുന്നു. 17 വയസ്സുള്ള ചെറുപ്പക്കാരനെ മയക്കുമരുന്നിനെകുറിച്ചു പുറത്തു പറഞ്ഞതിനു തങ്ങളുടെ കൂട്ടൂകാർ എല്ലാവരും കുടിച്ചേർന്ന് തല്ലിച്ചതക്കുന്നത്.

തങ്ങളുടെ ഭവനത്തിലെ അനുകൂലമായ സാഹചര്യങ്ങൾ നഷ്ടമാക്കി മരണത്തിന് അധീനരായി കഴിയുന്ന ആൾക്കാർ അനേകരാണ്. നല്ല സാഹചര്യങ്ങൾ നഷ്ടപ്പെടുത്തിയതിൽ അവർ തങ്ങളെത്തന്നെ ഭോഷൻ എന്ന് വിളിച്ചേക്കാം. ഭാഗ്യവശാൽ, ലോസ് ഏഞ്ചൽസിലെ തെരുവീഥിയിൽ അലഞ്ഞുതിരിയേണ്ടി വന്ന ആ പെൺകുട്ടിയെ പോലെ എല്ലാം നാശകരം ആക്കിത്തീർക്കുന്നു. ബൈബിളിന്റെ ഭാഷയിൽ പറഞ്ഞാൽ നാം “പാപം ചെയ്തിരിക്കുന്നു”. അങ്ങനെ പാപം ചെയ്തു പോയവർക്ക് ഒരു വീണ്ടെടുപ്പ് ആവശ്യമാണ്. പാപമോചനം (forgiveness) ആവശ്യമാണ്. തന്റെ ഈ അടിമത്തത്തിൽ നിന്ന് തനിക്ക് സ്വയം മോചനം പ്രാപിക്കുവാൻ കഴിയുകയില്ല. തന്നെ ആരെങ്കിലും വീണ്ടെടുത്തെങ്കിൽ മാത്രമെ അടിമത്വത്തിൽ നിന്നും മോചനം പ്രാപിക്കുവാൻ അവനു കഴിയുകയുള്ളു. അതിക്രമങ്ങളുടെ മോചനമാണ് അങ്ങനെയുള്ളവർക്ക് ആവശ്യമായിരിക്കുന്നത്. പാപം നമ്മെ ദൈവത്തിൽ നിന്ന് അകറ്റി. പാപം ദൈവവുമായുള്ള ബന്ധത്തെ നശിപ്പിച്ചു. ദൈവവുമായുള്ള ബന്ധത്തിൽ നിന്നുളവാകുന്ന നമ്മുടെ ആനന്ദം, സന്തോഷം, സംതൃപ്തി സമാധാനം, സൗഹൃദം, കൂട്ടായ്മ എന്നിവ നമ്മിൽനിന്ന് പാപം അപഹരിച്ചു കളയുന്നു. എന്നാൽ വീണ്ടെടുപ്പ് പിതാവായ ദൈവവുയുമായുള്ള ബന്ധം യഥാസ്ഥാനത്താക്കുന്നതിനു നമ്മെ സഹായിക്കുന്നു.

ദൈവം നമ്മോട് ക്ഷമിച്ചിരിക്കുന്നു എന്നത് എത്രയോ അതിശയകരമായ വാർത്തയാണ്. അത് സാദ്ധ്യമാക്കുവാൻ യേശുക്രിസ്തു നമുക്കുവേണ്ടി മരിക്കേണ്ടി വന്നു എന്നത് ദുഃഖകരമാണ്. എന്നാൽ നമുക്ക് വിജയ ആഹ്ലാദത്തോടെ പറയുവാൻ കഴിയും ഞാൻ സ്വതന്ത്രനായിരിക്കുന്നു; Praise God. എനിക്കു ഒരു പുതിയ ജീവൻ പാട്ടത്തിനു കിട്ടിയിരിക്കുന്നു, Thank you lord. ഞാൻ വിടുതൽ പ്രാപിച്ചിരിക്കുന്നു; Glory to God. പാപത്തിന്റെ ശക്തിയിൽ നിന്നും ശിക്ഷയിൽ നിന്നും ഞാൻ മോചനം പ്രാപിച്ചിരിക്കുന്നു. ഇത് ദൈവത്തെ സ്തുതിക്കാൻ മതിയായ സംഗതിയല്ലേ? ഈയൊരു ആതിശയപരമായ സത്യം നമുക്ക് സുപരിചിതമായയിരുന്നിട്ടും അത് നമ്മെ ദൈവത്തെ ആരാധിക്കുന്നതിലേക്കും അവിടുത്തേക്ക് നന്ദി പറയുന്നതിലേക്കും നയിച്ചില്ലെങ്കിൽ അത് എത്രയൊ ദയനീയം ആണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ?

2. ദൈവം തന്റെ ധാരാളമായ കൃപ നമ്മുടെ മേൽ ചൊരിഞ്ഞതിനാൽ നമുക്ക് ദൈവത്തെ സ്തുതിക്കാം. (We can praise God because He has poured out His abundant grace on us) (1: 7c -8a).
എട്ടാം വാക്യം നമ്മുടെ വീണ്ടെടുപ്പിനും പാപക്ഷമക്കും ഉള്ള മുഖന്തിരത്തെ ആണ് കാണിക്കുന്നത്. “അത് അവൻ നമുക്ക് താൻ ധാരാളമായി കാണിച്ച കൃപാധന പ്രകാരം (സകല ജ്ഞാനവും വിവേകവുമായി) നൽകിയിരിക്കുന്നു. നമ്മുടെ വീണ്ടെടുപ്പിനും പാപക്ഷമക്കുമുള്ള (forgiveness) മുഖാന്തരം ദൈവത്തിന്റെ കൃപയാണ്, “കൃപയുടെ ആധിക്യമാണ്.” ആവശ്യത്തിലും അധികമായ കൃപയാണ് ദൈവം നൽകുന്നത്. ആധിക്യത്തെ കാണിക്കുവാൻ “ധാരാളമായി” എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയനിയമത്തിൽ സോളമൻ രാജാവിന്റെ സമ്പത്തിനെ കാണിക്കുവാൻ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. മറ്റേതൊരു രാജാവിനെക്കാളും അധികം സമ്പന്നനായിരുന്നു ശലോമോൻ രാജാവ്. സോളമൻ രാജാവ് ആർക്കെങ്കിലും ദാനം ചെയ്താൽ അതു തന്റെ ധനത്തിന്നൊത്തവണ്ണമായിരിക്കും ദാനം ചെയ്യുക. വലിയ ഒരു സമ്പത്തുള്ള വ്യക്തി ഒരു 100 രൂപ ദാനമായി നല്കിയാൽ അതു തന്റെ ധനത്തിന്നൊത്തവണ്ണം എന്ന് പറയാന് കഴിയുകയില്ല. തന്റെ സമ്പത്തിന് ആനുപാതികമായ ദാനം നല്കിയാലേ അതു കൃപാദനപ്രകാരം എന്നു പറയാന് കഴിയുകയുളളു. ദൈവം തന്റെ കൃപയുടെ ആധിക്യത്തിന്നൊത്തവണ്ണമാണ് നമ്മോടു കൃപ കാണിച്ചത്.
3. ദൈവം തന്റെ രക്ഷാകര പദ്ധതി വെളിപ്പെടുത്തി തന്നതുകൊണ്ട് നമുക്ക് ദൈവത്തെ സ്തുതിക്കാം {Let us praise God for revealing His plan of salvation (1:9a)}

മനുഷ്യനെ വീണ്ടെടുക്കുന്നതിനെകുറിച്ചുള്ള ദൈവത്തിന്റെ ഹിതം വെളിപ്പെടുത്തിയ രീതിയെക്കുറിച്ച് ഒൻപതാം വാക്യം നമ്മോട് പറയുന്നത്. “അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന് തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോട് അറിയിച്ചു. ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ് “in all wisdom and insight when he revealed to us the mystery of his will.”

മനുഷ്യന്റെ വീണ്ടെടുപ്പ് ദൈവഹിതത്തിന്റെ ഒരു മർമ്മം ആയിരുന്നു. ആ മർമ്മം വെളിപ്പെടുത്തിയതിൽ ദൈവത്തിന്റെ ജ്ഞാനവും വിവേകവുമാണ് നമുക്ക് ദർശിക്കാൻ കഴിയുന്നത്. മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയിലൂടെ ദൈവത്തിൻറെ ഹിതം വെളിപ്പെടുത്തിയത് തന്റെ പ്രസാദത്തിന്റെ അടിസ്ഥാനത്തിലാണ്.

പിതാവായ ദൈവം ഏകനായല്ല തന്റെ ഈ രക്ഷാകര പദ്ധതി തീരുമാനിച്ചത്. മുന്നമെ ഉണ്ടായിരുന്ന ക്രിസ്തുവിനോട് ആലോചന കഴിച്ച ശേഷമാണ് താൻ അത് തീരുമാനിച്ചത്. സൃഷ്ടിക്കു മുൻപ് പിതാവായ ദൈവവും യേശുക്രിസ്തുവുമായുള്ള സുദൃഢമായ ബന്ധത്തെയാണ് ഇതു കാണിക്കുന്നത്. യേശുക്രിസ്തു തന്റെപൂർവ്വാസ്തിക്യത്തിൽ കേവലം ഒരു കാഴ്ചക്കാരനെ പോലെ ഇരുന്ന് പിതാവ് ചെയ്യുന്നതൊക്കെയും നോക്കി കാണുന്ന ഒരു കേവലം കാഴ്ചക്കാരൻ ആയിരുന്നില്ല. ദൈവവും മനുഷ്യനും തമ്മിലുണ്ടായിരുന്ന ബന്ധത്തിൽ പാപം വരുത്തിയ ഉലച്ചിലിൽ നിന്നും അതിജീവിക്കാനുള്ള പദ്ധതിയിൽ പങ്കാളിയായി കൊണ്ട് പിതാവിന്റെ പ്രസാദത്തിൽ പങ്കു ചേരുകയായിരുന്നു.

ആകാശവും ഭൂമിയും നിർമ്മിക്കുന്നതിന് മുന്നമെ, മനുഷ്യവർഗ്ഗത്തിനു വേണ്ടി അവർ പാപത്തിൽ വീഴുന്നതും അവർക്ക് രക്ഷ ആവശ്യമാണ് എന്നതും കണക്കിലെടുത്തു കൊണ്ട് തന്നെ, മനുഷ്യ രക്ഷയ്ക്ക് ദീർഘകാല പദ്ധതി തയ്യാറാക്കി.

ഗ്രീക്കോ റോമൻ പശ്ചാത്തലത്തിൽ, സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന് പറയുന്നത് കൂട്ടു കുടുംബാംഗങ്ങളും, അടിമകളും, അവരെ മേൽനോട്ടം വഹിക്കുന്ന കാര്യസ്ഥന്മാരും , വീടിന്റെ ഉടയവനും അടങ്ങുന്ന കുടുംബയൂണിറ്റായിരുന്നു. ഈ സുപരിചിതമായ പശ്ചാത്തലത്തെ ആധാരമാക്കി ദൈവത്തെ മാനേജരോട് ഉപമിച്ചുകൊണ്ടുള്ള ഏകദേശം അഞ്ചു ഉപമകൾ യേശു പറഞ്ഞിരിക്കുന്നത് സുവിശേഷത്തിൽ കാണാൻ കഴിയും. മത്തായി 13:27; 20:1,11; 21::33; ലുക്ക് 13:25; 14: 21 എന്നിവയാണ് ഈ വേദഭാഗങ്ങൾ. ഈ വേദഭാഗത്ത് പൗലോസ് ദൈവത്തെ മാനേജരായും, ആകാശത്തിലും ഭൂമിയിലും ഉള്ളതുമായ സകലത്തേയും വീട്ടിലുള്ളവരായും ചിത്രീകരിക്കുന്നു. വീട്ടിലുള്ളവരുടെ വീണ്ടെടുപ്പ് പദ്ധതിക്കാണ് ഇവിടെ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്.

കാലത്തിന്റെ തികവായ മശിഹയുടെ വരവോടെയാണ് ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ തുറന്നു കാട്ടൽ ആരംഭിക്കുന്നത്. യേശുവിന്റെ വരവാണ് കാലത്തിന്റെ തികവായി കണക്കാക്കുന്നത് എന്ന് ഗലാത്യർ 4:4-5 ൽ പറഞ്ഞിരിക്കുന്നു.:"എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി,…( ന്യായപ്രമാണത്തിൻ കീഴിൽ നിയോഗിച്ചയച്ചത് അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലയ്ക്കുവാങ്ങിയിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നെ”). ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പ്രമേയങ്ങളും ‘സഭ’ (ചർച്ച്) ഇന്ന് ആയിരിക്കുന്നത് കാലത്തിന്റെ തികവിൽ ആണ് എങ്കിലും അതിന്റെ പരിപൂർണ്ണ നിവൃത്തി വീണ്ടെടുപ്പിൻനാൾ വരെ പൂർണമാകുന്നില്ല (4: 30). അതുകൊണ്ട് കാലസമ്പൂർണ്ണത എന്നു പറയുന്നത് കർത്താവിന്റെ ജഡദാരണത്തോടെ ആരംഭിക്കുന്നതും കർത്താവിന്റെ രണ്ടാം വരവിങ്കൽ പൂർത്തീയയാകുന്നതുമായ കാലഘട്ടമാണ്.

a) ഈ ലോകത്തിന്റെ പര്യവസാനത്തെ ഉൾക്കൊള്ളുന്ന പദ്ധതിയാണിത് എന്ന് ഓർത്ത് ദൈവത്തെ സ്തുതിക്കുക {Praise God for remembering that this plan includes the consummation of this world (1:9b-10)}

പത്താം വാക്യം പാപം എന്ന പ്രശ്നത്തിന് നിത്യമായ പരിഹാരത്തെ കുറിച്ച് പറയുന്നു. പാപം എന്ന പ്രശ്നവും മത്സരവും ദൈവത്തിന്റെ നിർണായകമായ ഇടപെടലാൽ പരിഹരിക്കപ്പെടുമെന്ന ഉറപ്പ് പൗലോസ് ഇവിടെ പ്രഖ്യാപിക്കുന്നു. മത്സരമുള്ള എല്ലാ സൃഷ്ടിയേയും ക്രിസ്തുവിൽ എന്നെന്നേക്കുമായി തന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരും. ദൈവത്തെ എതിർക്കുന്ന മാനുഷീകവും ആത്മീയവുമായ എല്ലാ ശക്തികളെയും തന്റെ ഒരിക്കലായുള്ള പ്രവർത്തിയാൽ വീണ്ടും എതിർക്കാൻ കഴിയാത്തവണ്ണം കീഴ്പ്പെടുത്തും.

മനുഷ്യചരിത്രത്തിലെ മൂർദ്ധന്ന്യം/climax എന്ന് അതിനെ വിശേഷിപ്പിക്കാം. ദൈവത്തിന്നെതിരെയുള്ള സകല മത്സരങ്ങളെയും-മനുഷ്യനും മനുഷ്യനാൽ നിയന്ത്രിക്കപ്പെടുന്ന സകല പ്രസ്ഥാനങ്ങളും, കൂടാതെ ആത്മീയ തലത്തിലെ സകല മത്സരവും- അന്ന് അവസാനിപ്പിക്കും. ക്രിസ്തുവാണ് അതിനുള്ള ഏകപരിഹാര മാർഗം. ആത്മീയ ശക്തികളുടെ മേലുള്ള തന്റെ അധികാരം വിനിയോഗിക്കാൻ ആരംഭിച്ചിരിക്കുന്നു എന്നാൽ ഒരു സമയം വരുമ്പോൾ സകലവും അവന്റെ പരമാധികാരത്തിൻ കീഴിൽ യേശുവിനെ കർത്താവായി അംഗീകരിക്കും. നമ്മുടെ കർത്താവ് സകലത്തിന്മേലും അധികാരമുള്ളവനായി വാഴുന്ന ഒരു ദിനമുണ്ട്. അന്ന് എല്ലാ ശത്രുക്കളും അവന്റെ കാല്കീഴാകും. അതുകൊണ്ട് നമ്മുടെ പ്രത്യാശ വളരെ വലിയ പ്രത്യാശയാണ്.

ആകയാൽ, ദൈവം നമ്മേ വീണ്ടെടുത്തതിനാലും, നമ്മുടെ പാപം മോചിച്ചു (forgiveness) തന്നതിനാലും, ദൈവം തന്റെ കൃപ ധാരാളമായി നമ്മുടെ മേൽ ചൊരിഞ്ഞു തന്നതിനാലും, ദൈവം തന്റെ രക്ഷാകര പദ്ധതിയെ നമുക്കു വെളിപ്പെടുത്തി തന്നതിനാലും നമുക്ക് നമ്മുടെ ദൈവത്തെ സ്തുതിക്കാം. ഈ ലോകത്തിന്റെ പര്യവസാനത്തെ ഉൾക്കൊള്ളുന്നതും, സകല സൃഷ്ട വസ്തുക്കളെയും യേശുക്രിസ്തുവിന്റെ കാൽക്കീഴിൽ കൊണ്ടുവരുന്നതും ആയ രക്ഷാകര പദ്ധതിയായതിനാൽ നമുക്കു നമ്മുടെ ദൈവത്തെ സ്തുതിക്കാം. ചുരുക്കി പറഞ്ഞാൽ അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും തന്റെ പദ്ധതി നമുക്ക് വെളിപ്പെടുത്തി തരികയും ചെയ്തതുകൊണ്ട് ദൈവത്തിന്റെ അനന്യസാധാരണമായ വീണ്ടെടുപ്പ് പദ്ധതിയെ ഓർത്ത് ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാം.

*******

© 2020 by P M Mathew, Cochin

bottom of page