
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര -08
P M Mathew
AUG 24, 2014
The stewardship of the gospel
സുവിശേഷത്തിന്റെ കാര് യവിചാരകത്വം
Ephesians 3:1-7
ആമുഖം
എഫെസ്യ ലേഖനം രണ്ടാം അദ്ധ്യായം ആണ് കഴിഞ്ഞ തവണ നാം പൂർത്തീകരിച്ചത്. അതിൽ ക്രിസ്തുവിന്റെ നിരപ്പിന്റെ ശുശ്രൂഷയിലൂടെ ദൈവം എങ്ങനെ യഹൂദന്മാരും ജാതികളും ദൈവവും യഹൂദന്മാരും ജാതികളും തമ്മിൽതമ്മിലും സമാധാനബന്ധത്തിലായി എന്ന് ചിന്തിച്ചു.
അദ്ധ്യായം മൂന്നിൽ ‘ഈ പുതിയ മാനവീകത’യുടെ അഥവാ ‘യേശുക്രിസ്തുവിന്റെ സഭ’യുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്ന വേദഭാഗമാണ് നമ്മുടെ പഠനത്തിനു വിധേയമാക്കാം എന്ന് ഞാൻ കരുതുന്നത്.
എഫെസ്യർ 3: 1-13 വരെയാണ് ഒരു ചിന്തായൂണിറ്റ്. ഘടനാപരമായി ഈ വേദഭാഗം ഒരു മദ്ധ്യസ്ഥ പ്രാർത്ഥനയോടെയാണ് ആരംഭിച്ചതെങ്കിലും പൗലോസ് അതിൽ നിന്നു പെട്ടെന്ന് വ്യതിചലിച്ച് ദൈവികമർമ്മത്തെ സംബന്ധിച്ച പൗലോസിന്റെ കാര്യവിചാരകത്വത്തെക്കുറിച്ച് വിവരിക്കുന്നു.
ഈ വേദഭാഗം വളരെ ദൈർഘ്യമേറിയ ഒന്നാകയാൽ ഒരുമിച്ചു ചിന്തിക്കുവാൻ അധികസമയം എടുക്കും എന്നതിനാൽ അതിന്റെ 1-7 വരെ വാക്യങ്ങൾ ഇന്നും ബാക്കിയുള്ളവ അടുത്തദിവസങ്ങളിലുമായി പങ്കുവെയ്ക്കാമെന്ന് ഞാൻ കരുതുന്നു. നമുക്കിപ്പോൾ 1-7 വരെ വാക്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കാം.
എഫെസ്യർ 3: 1-7
“1അതുനിമിത്തം പൗലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു. 2 നിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു 3 ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിയായ്വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 4 നിങ്ങൾ അതുവായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം. 5 ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്വന്നിരുന്നില്ല. 6 അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ. 7 ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.”
“അതുനിമിത്തം” എന്ന് പറഞ്ഞു കൊണ്ടാണ് ഈ വേദഭാഗം ആരംഭിക്കുന്നത്. അത് അതിനു തൊട്ടു മുന്നേയുള്ള വേദഭാഗത്തോടെ ഇതിനെ ബന്ധിപ്പിക്കുന്നു. ദൈവത്തോടുള്ള അടുപ്പം (2:13), ദൈവത്തോടുള്ള സമാധാനം (2:14,15,17), ക്രിസ്തു മൂലം നമുക്ക് ദൈവസന്നിധിയിലേക്ക് പരിശുദ്ധാത്മാവിനാലുള്ള പ്രവേശനം (2:18) എന്നിവയാണ് മുന്നദ്ധ്യായത്തിൽ നാം കണ്ടത്. അതു പൗലോസിനെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത്. യഹൂദന്മാരും ജാതികളും ഒരുമിച്ച് ചേർന്ന് ദൈവത്തിന്റെ ആത്മാവിന് വസിക്കുവാൻതക്ക ഒരു ആലയമായി തീർന്നിരിക്കുന്നു. ഒരുകാലത്ത് കോപത്തിന്റെ മക്കൾ, എന്നാൽ ഇപ്പോൾ അവർ ദൈവത്തിന്റെ ആലയം. എത്രയോ വലിയ അന്തരമാണ് ദൈവം ഇല്ലാതാക്കിയത്. എത്രയൊ വലിയ അകലമാണ് കർത്താവ് കുറച്ചത്. ഇതിൽ അതിശയം പൂണ്ട പൗലോസ് ദൈവത്തെ ആരാധിക്കുന്നതിലേക്കും തന്റെ വായനക്കാരെ ഓർത്ത് മധ്യസ്ഥപ്രാർത്ഥന കഴിക്കുന്നതിലേക്കും തിരിയുന്നു. ഈ അടുപ്പം പ്രയോജനപ്പെടുത്തി, അപ്പൊ. പൗലോസ് വിശ്വാസികളെ പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കുന്നതിനും ക്രിസ്തു അവരിൽ പൂർണ്ണമായി വസിക്കുന്നതിനും താൻ അവർക്കുവേണ്ടി മദ്ധ്യസ്ഥപ്രാർഥന കഴിക്കുന്നു. ദൈവത്തോടുള്ള അടുപ്പം നാം എത്രത്തോളം പ്രയോജനപ്പെടുത്തുന്നു? പ്രാർത്ഥനയിൽ നാം എത്രത്തോളം ജാഗരിക്കുന്നു?
ഒന്നാം വാക്യത്തിൽ ആരംഭിച്ച തന്റെ പ്രാർത്ഥന പിന്നീട് വ്യതിചലിച്ച് പോയെങ്കിലും 3:14-17 വാക്യങ്ങളിൽ താൻ മധ്യസ്ഥപ്രാർഥനയിലേക്ക് മടങ്ങിവരുന്നു.
ഒന്നു മുതൽ ഏഴു വരെ വാക്യങ്ങളിൽ പൗലോസ് തന്നെ കുറിച്ചും, തനിക്ക് ലഭിച്ച ദൈവിക മർമ്മത്തിന്റെ കാര്യവിചാരകത്വത്തെ കുറിച്ചും പറയുന്നു. 8-13 വരെ വാക്യങ്ങളിൽ സഭയും സുവിശേഷവേലയും കൊണ്ടുള്ള ദൈവത്തിന്റെ ആത്യന്തിക ഉദ്ദേശ്യം എന്ത് എന്ന് പറയുന്നു.
1. പൗലോസിന്റെ ജാതികൾക്കുവേണ്ടിയുള്ള പ്രാർത്ഥന (Paul's Prayer for the Nations.)
പൗലോസിന്റെ ഇപ്പോഴത്തെ അവസ്ഥ താൻ ഒരു തടവുപുള്ളിയായി റോമിലെൂരു ജയിലിൽ കഴിയുന്നു. താൻ കൈസരിന്റെ ഒരു തടവുകാരൻ ആണെങ്കിലും വാസ്തവത്തിൽ താൻ ക്രിസ്തുവിന്റെ ബദ്ധനെന്നാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ തടവ് തന്റെതന്നെ ഏതെങ്കിലും ധാർമികമായ തെറ്റിന്റേയോ വീഴ്ചയുടേയൊ ദൈവത്തിന്റെ അനിഷ്ടമോ കൊണ്ടു സംഭവിച്ചതല്ല, മറിച്ച് ജാതികൾക്ക് സുവിശേഷം എത്തിക്കുവാനുള്ള തന്റെ സമർപ്പണത്തിന്റെ ഫലമാണത് (അപ്പോസ്തോല പ്രവർത്ത ികൾ 26:19-23). സുവിശേഷ ഘോഷണത്തോടുള്ള ബന്ധത്തിൽ നമുക്ക് എത്രത്തോളം സമർപ്പണമുണ്ട്? ഏതറ്റംവരെ പോകാൻ നാം തയ്യാറാണ്?
2. ദൈവിക മർമ്മത്തിന്റെ കാര്യവിചാരകത്വം 92. The stewardship of the divine mystery)
പിന്നീട് പൗലോസ് തനിക്കു വെളിപ്പെട്ടു കിട്ടിയ ദൈവിക മർമ്മത്തെക്കുറിച്ചും (divine mystery) ദൈവികമർമ്മത്തിന്റെ കാര്യവിചാരകത്വത്തെ കുറിച്ചും പറയുന്നു. തന്റെ കാര്യവിചാരകത്വത്തിന്റെ ഉറവിടം ദൈവികമാണ്. അതായത്, ദൈവം തന്നെ ഭരമേൽപ്പിച്ചതാണിത്. ഇതു തന്റെ ഒരു ഉൾകാഴ്ചയോ പദ്ധതിയോ അല്ല. തനിക്ക് ദൈവത്തിൽ നിന്ന് നേരിട്ട് കിട്ടിയ വെളിപാടാണിത്. അത് ദമാസ്കസ് റോഡിൽ വെച്ചാണ് സംഭവിച്ചത്. എന്നാൽ ഈ വിളി തന്റെ ഏതെങ്കിലും ഒരു മേന്മ കൊണ്ട് തനിക്കു ലഭിച്ചതല്ല. അത് ദൈവകൃപയാണ് എന്ന് താൻ ഊന്നിപറയുന്നു.
തനിക്ക് ദൈവം നൽകിയ വെളിപാടിനെ ‘മർമ്മം’ (mystery) അതവാ ‘രഹസ്യം’ എന്ന് താൻ വിളിക്കുന്നു. ഈ മർമ്മം എന്നതോ യേശുക്രിസ്തുവാണ് വരുവാനുള്ള മശിഹ എന്നുള്ളതാണ്. . 3:4 ൽ യേശുക്രിസ്തുവിന്റെ ധർമ്മവും അത് ജാതികൾക്ക് ബാധകമായിരിന്നു എന്നകാര്യവും ഉൾപ്പെടുന്നു. അതെല്ലെങ്കിൽ ഈ മർമ്മമെന്നതാണ് സുവിശേഷം (gospel). സുവിശേഷത്തെക്കുറിച്ച് ഒരു സമ്പൂർണ്ണമായ അറിവ് തന്റെ വായനക്കാർക്ക് പകർന്നു നൽകുവാൻ പൗലോസ് ശ്രമിക്കുന്നു. ദൈവത്തിന്റെ പുതിയ ഉടമ്പടിയുടെ പദ്ധതിയെക്കുറിച്ച് താൻ മാത്രം ആ രഹസ്യം സൂക്ഷിക്കുന്നവൻ എന്ന നിലയിൽ ഇരിക്കാതെ, വിശ്വാസികളെല്ലാം അത് നന്നായി മനസ്സിലാക്കണം എന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
(3:5) ദൈവം തന്നെ മശിഹയിൽ കൂടി നിവൃത്തിക്കുവാൻ പോകുന്നത് അതിന്റെ പൂർണ്ണമായ അളവിൽ, പൂർണ്ണമായരൂപത്തിൽ, പൂർവ്വകാലങ്ങളിൽ മനുഷ്യർ മനസ്സിലാക്കിയിരുന്നില്ല. കർത്താവായ യേശുക്രിസ്തു തനിക്കു വരാനിരിക്കുന്ന കഷ്ടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും, പുനരുത്ഥാനത്തെക്കുറിച്ചുമൊക്കെ എത്ര ആവർത്തിച്ചു പറഞ്ഞിട്ടും അവർക്കതങ്ങോട്ട് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്ന് സുവിശേഷങ്ങൾ വായിക്കുമ്പോൾ നമുക്കു മനസ്സിലാകും. പൗലോസ് ചരിത്രത്തെ യേശുക്രിസ്തുവിന്റെ വരവിനു മുൻപ് വരവിനുശേഷം (തന്റെ ജഡധാരണം, മരണം, ഉയർത്തെഴുന്നേൽപ്പ്) എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. യേശുക്രിസ്തുവിന്റെ വരവിനു മുൻപ് ഈ ഒരു മർമ്മം (mystery) വെളിപ്പെട്ടു കിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ, ഈ മർമ്മം ദൈവം തന്റെ അപ്പസ്തോലന്മാർക്കും പ്രവാചകന്മാർക്കും വെളിപ്പെടുത്തി കൊടുത്തിരിക്കുന്നു. അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്നത് പുതിയനിയമ പ്രവാചകന്മാരെ കുറിക്കാൻ വേണ്ടി നൽകപ്പെട്ടിരിക്കുന്നതാണ്.
3. ഈ മർമ്മം എന്താണ്?(What is this mystery?)
(3:6) ഈ മർമ്മം എന്താണ് എന്ന് വെളിപ്പെടുത്തുന്നു. ജാതികളും യേശുക്രിസ്തുവിന്റെ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ, തുല്യമായ നിലയിൽ ദൈവസന്നിധിയിലേക്ക് പ്രവേശനം നേടിയിരിക്കുന്നു എന്ന കാര്യമാണിത്. ദൈവത്തോട് കൂടിയുള്ള പുതിയ ഉടമ്പടി ജീവൻ യഹൂദന്മാരും ജാതികളും തുല്യമായ നിലയിൽ അനുഭവിക്കും. 1:14 ൽ ജാതികൾ പരിശുദ്ധാത്മാവിനു അവകാശികൾ ആകുമെന്നും അത് ഭാവിയിലെ ഉന്നതമായ അവകാശത്തിനുള്ള ഗ്യാരണ്ടി ആണ് അച്ചാരം ആണ് എന്നും പറയുന്നുണ്ട്. വീണ്ടും 5:5 ദൈവരാജ്യത്തിലെ അവകാശത്തെ കുറിച്ച് പറയുന്നുണ്ട്. 2:15 ൽ ജാതികൾ പുതിയ മനുഷ്യന്റെ- ക്രിസ്തുവിന്റെ ശരീരമായ സഭയുടെ- ഭാഗമാകുമെന്നും നാം കാണുന്നു. അവസാനമായി, ജാതികളായ വിശ്വാസികൾ ദൈവീക വാഗ്ദത്തങ്ങൾക്കു കൂട്ടവകാശികളാണ് എന്ന ഉറപ്പ് പൗലോസ് നൽകുന്നു. എല്ലാത്തിനുമുപരിയായി, പൗലോസിന്റെ മനസ്സിലുള്ളത് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യമാണ്. പരിശുദ്ധാത്മാവിനെ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവ് എന്നാണ് വിളിച്ചിരിക്കുന്നത്. പുതിയ ഉടമ്പടിയിലെ ഒരു പ്രധാനപ്പെട്ട അനുഗ്രഹം എന്ന് പറയുന്നത് പരിശുദ്ധാത്മാവിന്റെ വരവാണ്/ ദാനമാണ് (യെഹസ്കേൽ 36:26-27, 37:14, യോവേൽ 2:28-30). ആ ദാനം ജാതികളായ നമുക്കു സ്വന്തമായിരിക്കുന്നു.
ഏഴാം വാക്യം തന്റെ പുതിയ നിയോഗത്തെ, കാര്യവിചാരകത്വത്തെ കൂടുതൽ വിശദീകരിക്കുന്നു. എന്നാൽ ശ്രദ്ധ ഒരിക്കലും തന്നിൽ ആകാതിരിക്കാനും പൗലോസ് ശ്രദ്ധിക്കുന്നു. ദൈവകൃപയെ (grace) ആവർത്തിച്ചുകൊണ്ട് ദൈവത്തിലേക്കാണ് ഏവരുടേയും ശ്രദ്ധയെ താൻ തന്നിരിക്കുന്നത്. താൻ തന്റെ ലേഖനങ്ങളിൽ ഉടനീളം തന്നെ ശുശ്രൂഷയിൽ ശക്തികരിച്ചിരുന്ന ദൈവകൃപയെക്കുറിച്ച് ആവർത്തിച്ചാവർത്തിച്ച് പറയുന്നതു കാണാം. പ്രതികൂലങ്ങളും അസുഖങ്ങളും തന്റെ ശുശ്രൂഷയെ തടസ്സപ്പെടുത്തിയപ്പോൾ ദൈവത്തിന്റെ ശക്തീകരിക്കുന്ന ‘ധാരാളമായ കൃപ’ താനനുഭവിച്ചു. ഇത് വിശ്വാസികളായ നമ്മെയും ചിന്തിപ്പിക്കുകയും ഉത്സാഹിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. തന്നെ നിലനിർത്തിയിരിക്കുന്നത് തന്റെ ശക്തിയൊ കഴിവൊ അല്ല, ദൈവകൃപയാലാണ് താൻ ആയി രിക്കുന്നത്. എന്റെ ശക്തിയൊ, കഴിവുകളോ, മേന്മയോ അല്ല ക്രിസ്തിയ ജീവിതത്തിൽ, സുവിശേഷവേലയിൽ നമ്മേ വിജയിപ്പിക്കുന്നത് നാം നമ്മെത്തന്നെ പലപ്പോഴും ഓർമ്മിപ്പിക്കേണ്ടത് എത്രയൊ ആവശ്യമായിരിക്കുന്നു. എന്റെ ശുശ്രൂഷയുടെ ആരംഭഘട്ടത്തിൽ, ഒരിക്കൽ ഞാൻ ചെയ്യുന്ന ചില ശുശ്രൂഷയെക്കുറിച്ച് സാക്ഷ്യം പറവാൻ എന്നെ ഒരാൾ നിർബന്ധിച്ചു. നിർഭാഗ്യവശാൽ, ആ സാക്ഷ്യത്തിൽ ‘ഞാൻ’ ‘ഞാൻ’ എന്ന് പലവട്ടം ആവർത്തിച്ചത് പിന്നീട് വളരെ ദുഃഖത്തോടെ ഓർത്തു. കാരണം പിന്നീട് ഞാൻ ചെയ്ത ശുശ്രൂഷക്ക് അത്രകണ്ട് ഫലം ഉണ്ടായില്ല എന്ന് തിരിച്ചറിയുവാൻ ദൈവം എന്നെ ഇടയാക്കി. അതിൽ നിന്നും ഒരു കാര്യം എനിക്കു വ്യക്തമായത്, എന്തെങ്കിലും കാര്യം നാം കർത്താവിനായി ചെയ്യുന്നുവെങ്കിൽ അത് എന്നിൽക്കൂടി നിവൃത്തിക്കുന്നത് കർത്താവാണ്. അതിനുള്ള മഹത്വം കർത്താവിനു തന്നെ ആയിരിക്കണം എന്ന് ഗ്രഹിക്കുവാൻ അതെന്നെ സഹായിച്ചു.
പര്യവസാനം
ഇതുവരെ നാം ചിന്തിച്ചത്, സുവിശേഷം (gospel) പഴയനിയമകാലത്ത് ഏറെ വ്യക്തതയോടെ വെളിപ്പെടാതിരുന്ന ഒരു മർമ്മമായിരുന്നു. ആ മർമ്മം എന്നത് ജാതികളും യെഹൂദനോട് ചേർന്ന് ദൈവിക പരിപാടിയിൽ പങ്കാളികൾ ആകും. യെഹൂദന്മാരും ജാതികളും ക്രിസ്തുവിൽ ഒരു പുതിയ മനുഷ്യനായി-സഭയായി- തീർന്നിരിക്കുന്നു. അവർ ദൈവത്തിന്റെ സ്വഭാവത്തെ ലോകത്തിനുവെളിപ്പെടുത്തി കൊടുക്കുവാനുള്ള ഒരു മുഖാന്തിരമായി ദൈവം വെച്ചിരിക്കുന്നു. ഈ മർമ്മം അറിയിക്കുവാനുള്ള ഉത്തരവാദിത്വം ദൈവം തന്റെ സഭയെ ഏൽപ്പിച്ചിരിക്കുന്നു. ആ ദൗത്യം നിർവ്വഹിക്കുവാനാവശ്യമായ ദൈവകൃപ അവൻ നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്നു. ദൈവസന്നിധിയിൽ ഏതുസമയവും കടന്നു ചെന്ന് ദൈവത്തിന്റെ സഹായം അഭ്യർത്ഥിക്കുവാനുള്ള അനുവാദവും തന്റെ ദിവ്യമായ സാന്നിദ്ധ്യവും അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. ഈ വിഭവസമ്പത്ത് ഉപയോഗിച്ച് ദൈവഹിതം നാം നിവൃത്തിക്കുമൊ?
*******