
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര -11
P M Mathew
OCT 26, 2014
Live a life worthy of your calling
നിങ്ങളുടെ വിളിക്കു യോഗ്യമായ ജീവിതം നയിക്കുക
Ephesians 4:1-6
ആമുഖംവെസ്റ്റ് ബംഗാൾ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയർമാനും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ഗാംഗുലി ലൈംഗിക അപവാദ കുരുക്കിൽ പെട്ട് വാർത്ത (03-12-2013) ചിലരെങ്കിലും പത്രമാധ്യമങ്ങളിൽ വായിച്ചു കാണും എന്ന് ഞാൻ കരുതുന്നു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും മുൻ സുപ്രീംകോടതി ജഡ്ജിയുമാണ് ഇങ്ങനെയൊരു ആരോപണത്തിന് വിധേയനായി തീർന്നത്. ഇങ്ങനെയൊരു സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും യോഗ്യമായ ഒരു പെരുമാറ്റമാണ് ഇത് എന്ന് പറയുവാൻ ആരും സാധിക്കുകയില്ല. വെസ്റ്റ് ബംഗാൾ ഭരിക്കുന്നത് ത്രിണമൂൽകോൺഗ്രസ്, ഗാംഗുലി വെസ്റ്റ് ബംഗാൾ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന ആവശ്യംമുന്നയിക്കുകയുണ്ടായി. അതുപോലെ തന്നെ TMC M.P യും ഒരു മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബെന്ധോപാദ്ധ്യായ അദ്ദേഹം തന്റെ M.P സ്ഥാനം ഉടൻ തന്നെ രാജിവയ്ക്കണമെന്ന ആവശ്യം പാർലമെൻറിലും ഉന്നയിച്ചു.
നിങ്ങളുടെ വിളിക്കു യോഗ്യമാം നടക്കുക എന്നാൽ എന്ത് എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ ഈ ഉദാഹരണം നിങ്ങളോട് പറഞ്ഞത്. ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയർമാൻ തൻറെ പദവിക്കും മാന്യതയ്ക്കും നിരക്കാത്ത നിലയിലാണ് പ്രവർത്തിച്ചത്. അല്ലെങ്കിൽ തന്റെ ഔദ്യോഗിക പദവിക്ക് തികച്ചും താൻ അയോഗ്യനാണ് എന്ന് തെളിയിക്കുകയാണ് അതുവഴി ചെയ്തത്. തൻറെ ഔദ്യോഗികപദവി ഒരു ഉയർന്ന തരത്തിലുള്ള integrity/ സ്വഭാവ വൈശിഷ്ട്യം ആവശ്യപ്പെടുന്നു. താൻ വഹിച്ചിരുന്ന സ്ഥാനം, താൻ പ്രവൃത്തിച്ചതിനേക്കാൾ ഉന്നതമായ ഒരു നിലവാരം പ്രതീക്ഷിക്കുന്നു.
ആ മുൻജഡ്ജി പദവി തന്റെ ചെയർമാൻ പദവിക്കു യോഗ്യനല്ല എന്നു ഞാൻ പറഞ്ഞതിൽ ഞാൻ ഊന്നൽ നൽകുന്നത് ഔദ്യോഗിക പദവിയുടെ മൂല്യത്തിനാണ്. മറിച്ച് ആ മനുഷ്യൻറെ മൂല്യത്തിനല്ല. അപ്പോസ്തലനായ പൗലോസ് എഫെസ്യർ 4:1-6 വാക്യങ്ങളിൽ നമുക്ക് ലഭിച്ചിരിക്കുന്ന ഉന്നതമായ വിളിയുടെ യോഗ്യതക്കൊത്ത ഒരു ജീവിതം
നയിക്കുന്നതിന് നമ്മെ ആഹ്വാനം ചെയ്യുന്നു. ആ വേദഭാഗം നമുക്കൊന്ന് വായിക്കാം:
എഫെസ്യർ 4:1-6
“1 കർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം 2 പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും3 ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്വിൻ. 4 നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, 5 കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും 6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.”
എഫെസ്യ ലേഖനം മൊത്തത്തിൽ പരിശോധിച്ചാൽ ഒന്നു മുതൽ മൂന്നു വരെ അധ്യായങ്ങൾ ചില വേദശാസ്ത്രസത്യങ്ങളെ കുറിച്ചാണ് പറയുന്നത് എങ്കിൽ 4-6 ആദ്യായങ്ങൾ അതിനെ അടിസ്ഥാനമാക്കിയുള്ള പ്രായോഗികതയെ കുറിച്ചാണ് പറയുന്നത്. ഒന്നു മുതൽ മൂന്നു വരെ അദ്ധായങ്ങൾ വിശ്വാസികളുടെമേൽ ചൊരിഞ്ഞിരിക്കുന്ന ആത്മീയ അനുഗ്രഹങ്ങളെ കുറിച്ചും വിശേഷ പദവികളെക്കുറിച്ചും പറഞ്ഞിരിക്കുമ്പോൾ നാലു മുതൽ ആറുവരെ അധ്യായങ്ങൾ അതിന്റെ ഫലമെന്നവണ്ണം വിശ്വാസികളിൽ നിന്നും ദൈവം പ്രതീക്ഷിക്കുന്ന ഉന്നതമായ മൂല്യത്തെക്കുറിച്ച് പറയുന്നു. വേറൊരു രീതിയിൽ പറഞ്ഞാൽ, ഒന്നു മുതൽ മൂന്നു വരെ അധ്യായങ്ങളും 4-6 അധ്യായങ്ങളും തമ്മിൽ ഒരു cause-effect relationship ആണുള്ളത്ത്. അതായത്, 1-3 വരെ അധ്യായങ്ങളെ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ 4-6 അധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന ഫലം അവരിൽ ഉണ്ടാകണം.
ഒന്നാമത്തെ അദ്ധ്യായത്തിൽ കർത്താവ് സഭയുടെമേൽ അഥവാ വ്യക്തികളുടെ മേൽ ചൊരിഞ്ഞിരിക്കുന്ന ആത്മീയ അനുഗ്രഹങ്ങളെ കുറിച്ച് വിവരിക്കുന്നതെന്തൊക്കെയാണ് എന്നു നോക്കുക: ലോക സ്ഥാപനത്തിന് മുന്നമെ ദൈവം തന്റെ കൃപയാൽ തെരഞ്ഞെടുത്തു, യേശുക്രിസ്തു മുഖാന്തരം ദത്തെടുത്തു, അതിക്രമങ്ങൾക്ക് മോചനം നൽകി, പുത്രന്റെ രക്തത്താൽ വീണ്ടെടുത്തു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അവസാന നാളിലേക്കായി ഓരോരുത്തരേയും മുദ്രയിട്ടു സൂക്ഷിച്ചു കൊണ്ടിരിക്കുന്നു.
എങ്ങനെയുള്ളവരെയാണ് ദൈവം ഈവിധ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചത് എന്നാണ് രണ്ടാം അധ്യായത്തിൽ പറഞ്ഞിരിക്കുന്നത്. യഹൂദൻ എന്നോ ജാതീയനെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ പാപങ്ങളിൽ മരിച്ച്, സാത്താന്റെ അധീനതയിൽ കിടന്ന, യാതൊരു നന്മയ്ക്കും വകയില്ലാത്ത, ധാർമികമായി സമ്പൂർണ്ണ അധഃപ്പതനം ബാധിച്ച, മനുഷ്യനെയാണ് ദൈവം ഈ നിലയിൽ ഉയർത്തിയത്. അതിൽ ദൈവത്തിന്റെ കൃപയല്ലാതെ യാതൊന്നും മനുഷ്യന്റെ ഭാഗത്തുനിന്നും അവനു അവകാശപ്പെടാനില്ല. എന്തിനുവേണ്ടിയാണ് ദൈവം ഇത് ചെയ്തത്? 2:6 അതിനുള്ള ഉത്തരം നമുക്ക് കാണാം: “ക്രിസ്തുയേശു നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തൻറെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതാണ്” താൻ ഇതു ചെയ്തത്. ദൈവത്തിൻറെ കൃപയുടെ അത്യന്തധനം ക്രിസ്തുയേശുവിൽ നമ്മോട് കാണിക്കുക. ഇത് എല്ലാവരും എല്ലാകാലത്തും, എല്ലാവരും കാണേണ്ട അതിനുവേണ്ടിയാണ് താൻ ഇതു ചെയ്തത്. ദൈവത്തിൻറെ അനന്തമായ കൃപയും ദയയുമാണ് ഇതിനു പിന്നിൽ.
നമ്മുടെ പഴയ അവസ്ഥയും അവസ്ഥയിൽ ദൈവം നമ്മോടു കാണിച്ച കരുണയും എന്ത് പ്രതികരണമാണ് നമ്മിലുളവാക്കേണ്ടത് എന്നാണ് പൗലോസ് 4: 1-6 അധ്യായങ്ങളിൽ പറയുന്നത്. ഇവിടെ ചില കല്പനകൾ അനുഷ്ഠിക്കാനുള്ള ആഹ്വാനമല്ല നാമിവിടെ കാണുന്നത്. റോമാലേഖനം ആദ്യത്തെ 11 അധ്യായങ്ങളിൽ നാം കാണുന്നതുപോലെ വേദശാസ്ത്രസത്യങ്ങളെ കുറിച്ച് പറഞ്ഞതിനുശേഷം അതിൻറെ പ്രായോഗികതയിലേക്ക് തിരിയുന്നതും ഈ നിലയിൽ തന്നെയാണ്. റോമർ 12:1 ൽ നാം വായിക്കുന്നത്: “അതുകൊണ്ട്” സഹോദരന്മാരെ, ദൈവത്തിൻറെ മനസ്സലിവ് ഓർപ്പിച്ച് നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി അർപ്പിപ്പിൻ.”
1. യഥാർത്ഥ ക്രിസ്തീയ അനുസരണം (True Christian obedience)
അതുപോലെതന്നെ എഫേസ്യർ നാലാം അധ്യായത്തിലേക്കു വരുമ്പോൾ അപ്പസ്തോലൻ പറയുന്ന imperative നോക്കുക: “കർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം…..നടക്കുക” (“Therefore I, the prisoner of the Lord, implore you to walk in a manner worthy of your calling.”) ഇംഗ്ലീഷ് പരിഭാഷയിൽ “Therefore” വാക്കിലാണിത് ആരംഭിക്കുന്നത്. അത് വ്യാകരണ നിയമമനുസരിച്ച് ‘inference/implication/പ്രായോഗികതയെയാണ് കാണിക്കുന്നത്. രണ്ടാമതായി, implore എന്ന ക്രീയാപദം പട്ടാളത്തിലെ ഒരു കമാന്റർ കൽപ്പിക്കുന്നതുപോലെയുള്ള കൽപ്പനയായിട്ടല്ല, മറിച്ച്, അപേക്ഷയെയാണ് കാണിക്കുന്നത്. Implore means pray, ask, request, solicit, supplicate എന്നൊക്കെയാണ്. എന്നാൽ ചില പ്രാസംഗികർ ഇതൊക്കെ തന്റെ ശബ്ദത്തിന്റെ കാഠിന്യത്താൽ വിശ്വാസികളെ അനുസരിപ്പിക്കുന്നു എന്ന നിലയിലാണ് ചെയ്യുന്നത്.
അപ്പോ. പൗലോസ് ഒരു അപേക്ഷ ആയിട്ടാണ് വിശ്വാസികളുടെ മുമ്പിൽ ഇത് വയ്ക്കുന്നത്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് ദൈവത്തെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നോക്കുക.
വിശ്വാസികളുടെ കഴിഞ്ഞ കാല അവസ്ഥയും ഇപ്പോൾ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന പ്രത്യേക പദവിയും അനുഗ്രഹങ്ങളും മനസ്സിലാക്കി, ദൈവത്തിൻറെ മനോഹാരിത ദർശിച്ചു കൊണ്ട്, അതിൻറെ നന്ദിയായി, ദൈവത്തോടുള്ള സ്നേഹത്തിൽ, നിങ്ങൾ ഫലം പുറപ്പെടുവിക്കുവിൻ എന്നാണ് പൗലോസ് ഇവിടെ പറയുന്നത്. ക്രിസ്ത്യാനിറ്റി അഥവാ ക്രിസ്തീയത ആരെയും അടിച്ചേൽപ്പിച്ചൊ ഭീഷണിപ്പെടുത്തിയൊ പ്രലോഭിപ്പിച്ചൊ ചെയ്യിക്കുന്നതല്ല എന്ന് സാരം. നിങ്ങൾ ദൈവത്തെ ആരാധിക്കുന്നതൊ ശുശ്രൂഷിക്കുന്നതൊ വേല ചെയ്യുന്നതൊ എന്തുതന്നെ ആയിക്കൊള്ളട്ടെ ഈയൊരു മനോഭാവത്തോടു കൂടിയല്ല എങ്കിൽ ഇതിൽ ദൈവത്തിന് പ്രസാദമുണ്ടാകയില്ല.
സുവിശേഷത്തിന്റെ ആഴങ്ങൾ ഗ്രഹിച്ച്, അതിൻറെ മഹത്വം മനസ്സിലാക്കി, ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, ദൈവത്തോടുള്ള നന്ദിസൂചകമായി, വീണ്ടും ജനിച്ച ഒരു ഹൃദയത്തിൽ നിന്ന് വരുന്നതാണ് യഥാർത്ഥ ക്രിസ്തീയ ജീവിതം.
1-3 അധ്യായങ്ങൾ cause ആണെങ്കിൽ 4-6 അധ്യായങ്ങൾ അതിൻറെ effect അഥവാ logical consequence ആണ്. ഇനി ഈ രണ്ടു ഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി ഒന്നു ശ്രദ്ധിക്കുക. ആ കണ്ണി എന്ന് പറയുന്നത്, 3:14-21 വരേയുള്ള പൗലോസിന്റെ
പ്രാർത്ഥനയാണ്. ആ ആത്മാർത്ഥ നമുക്കൊന്നു നോക്കാം : “അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിൻറെ സന്നിധിയിൽ മുട്ടുകുത്തുന്നു. അവൻ തൻറെ മഹത്വത്തിന്റെ ധനത്തിനു ഒത്തവണ്ണം അവൻറെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നൽകേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടും കൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും വേണം എന്നും പ്രാർത്ഥിക്കുന്നു.”
പൗലോസിന്റെ ഇവിടുത്തെ പ്രാർത്ഥനയുടെ ഉള്ളടക്കം ദൈവത്തിന് അവരോടുള്ള സ്നേഹത്തിൻറെ ആഴം അവർ നന്നായി അറിയേണ്ടതിന് ദൈവം തൻറെ ശക്തി അയച്ച് അവരുടെ ഹൃദയത്തെ സ്പർശിക്കേണം. പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൈവീക ശക്തിയും സ്നേഹവും അവരുടെമേൽ പകരണം. അതേസമയം ഉയിർത്തെഴുന്നേറ്റ കർത്താവ് ആരോട് കൂടെ ഇരുന്ന് തന്റെ ശക്തിയും സ്നേഹവും അവർക്ക് നൽകി അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലയേയും വാഴുകയും വേണം. ഇതാണ് പൗലോസിന് അവരെക്കുറിച്ചുള്ള പ്രാർത്ഥനയും അവരെക്കുറിച്ചുള്ള ആത്മാർഥമായ ആഗ്രഹവും.
2. നമ്മുടെ വിളിയുടെ മൂല്യം (The value of our calling)
പൗലോസ് തൻറെ പ്രാർത്ഥനയ്ക്കുശേഷം എഫേസ്യ സഭയെയും അതുവഴി നന്മയും പ്രബോദിപ്പിക്കുന്നത് എന്തെന്നാൽ നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം നടപ്പിൻ. അതല്ലെങ്കിൽ നിങ്ങളെ വിളിച്ചിരിക്കുന്ന വിളിയുടെ മൂല്യത്തിന് ഒത്തവണ്ണം നടപ്പിൻ. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വിളിക്കപ്പെട്ടിരിക്കുന്ന ആളുടെ അല്ലെങ്കിൽ നമ്മുടെ ഓരോരുത്തരുടെയും മൂല്യമല്ല, പ്രത്യുത വിളിയുടെ മൂല്യത്തിനാണ്, പദവിയുടെ മൂല്യത്തിനാണ് ഊന്നൽ, നമ്മുടെ വിളിയെക്കുറിച്ച് ആദ്യത്തെ മൂന്ന് അധ്യായങ്ങളിൽ (1-3 വരെ) പറഞ്ഞിരിക്കുന്ന കാര്യങ്ങളിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം:
1:4 “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” ദൈവം ആർക്കുവേണ്ടിയാണ് ക്രിസ്തുയേശുവിൽ നമ്മേ തെരഞ്ഞെടുത്തത്? ദൈവം തനിക്കുവേണ്ടിയാണ് നമ്മെ തെരഞ്ഞെടുത്തത്.
1:5 “തന്റെ മക്കൾ ആയിരിപ്പാൻ നമ്മേ മുന്നിയമിച്ചു.” അതിന്റെ അർത്ഥം പിതാവിനു സ്വന്തമായിരിക്കുന്നതെല്ലാം നമ്മുടെ സ്വന്തമാണ്.
1:7 “നമ്മുടെ എല്ലാ പാപത്തിനും പ്രായശ്ചിത്മ്മാകുവാൻ തന്റെ പുത്രനെ അയച്ചു”
1:13 നമ്മുടെ അവകാശം സംരക്ഷിപ്പാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നമ്മേ മുദ്രയിട്ടിരിക്കുന്നു.
2:7 തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിനു ക്രിസ്തുയേശുവിനോടുകൂടെ ഉയർത്തെഴുനേൽപ്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തി.
3:10 വാഴ്ചകളുടേയും അധികാരങ്ങളുടെയും മുമ്പാകെ ദൈവത്തിന്റെ ജ്ഞാനം പ്രദർശിപ്പിപ്പാൻ സഭയെന്ന നിലയിൽ തന്റെ ദൗത്യം നമ്മേ ഭരമേൽപ്പിച്ചു.” അതല്ലെങ്കിൽ 1:12 ൽ പറയുന്നതുപോലെ തന്റെ മഹത്വത്തിന്റെ പുകഴ്ചക്കായി ജീവിപ്പാൻ നമ്മേ മുന്നിയമിച്ചു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ വിളിയും ഉദ്ദേശ്യവും മറ്റേതൊരു പദവിക്കും ഉദ്ദേശ്യത്തിനും ഉള്ളതിനേക്കാൾ ഉന്നതമായ നിലവാരം പുലർത്തുന്നതാണ്. സുപ്രീംകോടതിയിലെ ജഡ്ജി അല്ലെങ്കിൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയർമാൻ സ്ഥാനം മനുഷ്യനാൽ വരുന്ന വിളിയാണ്. എന്നാൽ നമ്മുടെ വിളി വരുന്നത് സ്വർഗ്ഗത്തിലെ ദൈവത്തിൽ നിന്നാണ്. ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയർമാൻ സ്ഥാനം മാനവും സംതൃപ്തിയും നൽകിയേക്കാം. എന്നാൽ നമ്മുടെ വിളി ദൈവീകമായ പുത്രത്വവും ദൈവത്തിന് സ്വന്തമായതിന്റെയെല്ലാം അവകാശവും നൽകുന്നതാണ്. ചെയർമാൻ സ്ഥാനം ഒന്നോ രണ്ടോ വർഷക്കാലം നിലനിൽക്കുന്നത് ആണെങ്കിൽ നമ്മുടെ വിളി എന്നേക്കും നിലനിൽക്കുന്നവയാണ്. മാനുഷികമായ ഒരു പ്രസ്ഥാനത്തിന്റെ ശ്രേഷ്ഠപദവിക്കും ബഹുമാനത്തിനും യോഗ്യമായ ജീവിതം നയിപ്പാൻ വലിയ ആഗ്രഹവും താൽപര്യവും വേണമെങ്കിൽ, ഒരു ക്രിസ്ത്യാനിയുടെ ബഹുമാനത്തിനും പദവിക്കും യോഗ്യമായ ജീവിതം നയിപ്പാൻ ഒരു വിശ്വാസി എത്ര അധികം ആഗ്രഹവും താല്പര്യവുമുള്ള വ്യക്തി ആയിരിക്കണം!
ആകയാൽ നമ്മുടെ ഉന്നതമായ വിളിയെ കുറിച്ചുള്ള ബോധ്യം നമ്മെ എപ്പോഴും ഭരിക്കേണ്ടത് ആവശ്യമാണ്. ഈ വിളിയെ കുറിച്ച് എപ്പോഴും നമ്മെ ഓർക്കുന്നത് നന്നായിരിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ, യാത്ര ചെയ്യുമ്പോൾ, ജോലിസ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ, മറ്റുള്ളവരോട് നാം ഇടപെടുമ്പോൾ ഒക്കെയും ഈ ഓർമ്മ നമ്മെ മരിച്ചാൽ അത് നമ്മുടെ പദവിക്കു നിരക്കാത്ത പല കാര്യങ്ങളും ചെയ്യുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കും. നമ്മുടെ പ്രായോഗിക വിശുദ്ധീകരണത്തിന് ഈ ചിന്ത എറെ ഗുണം ചെയ്യുകയും ചെയ്യും. കാരണം നമ്മുടെ ചിന്തയാണ് ആദ്യം നേരെയാകേണ്ടത്. അതു നന്നായാൽ ജീവിതവും നന്നാകും.
3. ഐക്യം നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ (Means for maintianing unity)
നമ്മുടെ വിളിക്ക് യോഗ്യമായ ജീവിതം എങ്ങനെ യാഥാർത്ഥ്യമാക്കി തീർക്കാൻ കഴിയുമെന്നാണ് എഫെ. 4:3 വാക്യം നമ്മോട് പറയുന്നത്. 4:3 “ആത്മാവിൻറെ ഐക്യത സമാധാന ബന്ധത്തിൽ കാത്തുകൊണ്ടാണ്” നമ്മുടെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ സാധിക്കുന്നത്. രണ്ടാം വാക്യം എങ്ങനെ ആത്മാവിന്റെ ഐക്യത കാത്തു സൂക്ഷിക്കുവാൻ കഴിയും എന്ന് പറയുമ്പോൾ നാലു മുതൽ ആറു വരെ വാക്യങ്ങൾ ഈ ഐക്യതയോടെ അടിസ്ഥാനത്തെ കുറിച്ച് പറയുന്നു. ആത്മാവിൻറെ ഐക്യത കാത്തുസൂക്ഷിക്കുവാൻ “പൂർണ്ണ വിനയത്തോടും സൗമ്യതയോടെ ദീർഘ ക്ഷമയോടും കൂടെ നടക്കയും സ്നെഹത്തിൽ അന്യോന്യം പൊറുക്കുകയും ചെയ്താൽ” അത് സാദ്ധ്യമായി തീരുമെന്ന് പറയുന്നു. അതായത് നമ്മുടെ വിളിക്കു യോഗ്യമായ ജീവിതം ആത്മാവിന്റെ ഐക്യദാർഢ്യം ബന്ധത്തിൽ കാത്തു കൊണ്ടുള്ള ജീവിതമാണ്. അത് പൂർണ്ണ വിനയത്തോടും സൗമ്യതയോടും ദീർഘ ക്ഷമയോടും കൂടെ നടക്കുകയും അന്യോന്യം ക്ഷമിക്കുകയും ചെയ്തു കണ്ടാൽ നമുക്കത് നിവർത്തിക്കാൻ സാധിക്കുമെന്നാണ് അപ്പോസ്തലനായ പൗലോസ് ഈ വേദഭാഗം നമ്മോട് പറയുന്നത്.
ഐക്യതയുടെ അടിസ്ഥാനം (The basis of unity)
ആത്മാവിന്റെ ഐക്യതക്കുള്ള ആഹ്വാനത്തിന് അടിസ്ഥാനമായിരിക്കുന്നത് നാലു മുതൽ ആറു വരെ വാക്യങ്ങളാണ് “നിങ്ങളെ വിളിച്ചപ്പോൾ ഏക പ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” അല്പം കൂടി ലളിതമായി പറഞ്ഞാൽ, ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ പൊതുവായ ബോദ്ധ്യങ്ങളുടെയും ക്രിസ്തുവിലുള്ള പൊതുവായ വിശ്വാസത്തിന്റേയും, വിശ്വാസികൾ തമ്മിൽ തമ്മിലുള്ള സ്നേഹത്തിലൂന്നിയ കരുതലിന്റേയും അടിസ്ഥാനത്തിൽ പരസ്പരം ആത്മാവിന്റെ ഫലമായ വിനയത്തിലും സൗമ്യതയിലും ദീർഘക്ഷമയിലും സഹിഷ്ണുതയിലും വിശ്വാസികൾ തമ്മിൽ ഉള്ള ഐക്യത കാത്തു സൂക്ഷിച്ചാൽ അത് നമ്മുടെ ഉന്നതമായ വിളിക്ക് യോഗ്യമായ നടപ്പ് ആയിരിക്കും. ഈ വേദഭാഗത്തിന്റെ കേന്ദ്ര വിഷയം അഥവാ നമ്മുടെ take home truth എന്ന് പറയുന്നത് ഇതാണ്. ഞാൻ ഇത് ഒരിക്കൽകൂടി ആവർത്തിക്കാം: ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ പൊതുവായ ബോദ്ധ്യങ്ങളുടേയും, ക്രിസ്തുവിലുള്ള നമ്മുടെ പൊതുവായ വിശ്വാസത്തിന്റേയും, വിശ്വാസികൾ തമ്മിൽ തമ്മിൽ ഉള്ള സ്നേഹത്തിന്റേയും കരുതലിന്റേയും അടിസ്ഥാനത്തിൽ ആത്മാവിൻറെ ഫലമായ വിനയത്തിലും, സൗമ്യതയിലും, ദീർഘക്ഷമയിലും, സഹിഷ്ണുതയിലും വിശ്വാസികൾ തമ്മിലുള്ള ഐക്യത കാത്തു സൂക്ഷിച്ചാൽ അത് നമ്മുടെ ഉന്നതമായ വിളിക്ക് യോഗ്യമായ നടപ്പ് ആയിരിക്കും.
പിന്നീട് താൻ പറയുന്നു നിങ്ങൾ നിങ്ങളുടെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ സാധിക്കണമെങ്കിൽ നിങ്ങൾ ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാത്തുസൂക്ഷിക്കണമെന്ന്. ഇവിടെ ആത്മാവിൻറെ ഐക്യത എന്നാണ് ഐക്യതയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആത്മാവിൻറെ ഐക്യത എന്നാൽ ആത്മാവിൽ നിന്നും ഉളവാകുന്ന ഐക്യത എന്നാണ്. ക്രിസ്തു കാൽവരിയിൽ ചൊരിഞ്ഞ രക്തം കൊണ്ട് ഉണ്ടായ രണ്ട് നേട്ടങ്ങളാണ് സമാധാനവും ഐക്യതയും (2:11 -22). ഇത് നാം ആത്മാവിൽ കാത്തുസൂക്ഷിക്കണം. വിശ്വാസികളുടെ ഐക്യതയെ കുറിച്ച് ദൈവവചന പരിശോധിച്ചാൽ ഏകദേശം എഴുപതോളം പരാമർശനങ്ങൾ ദൈവവചനത്തിൽ കാണുവാൻ കഴിയും.
വിശ്വാസികളുടെ അല്ലെങ്കിൽ സഭയുടെ ഐക്യമെന്നത് കർത്താവിന്റെ ഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമായിരുന്നു. അത് തൻറെ ശിഷ്യന്മാർക്ക് വേണ്ടിയുള്ള മഹാ പൗരോഹിത്യ പ്രാർത്ഥനയിൽ നമുക്ക് വളരെ വ്യക്തമായി കാണുവാൻ കഴിയും. യോഹന്നാൻ 17:11 നോക്കുക :“പരിശുദ്ധ പിതാവേ അവർ നമ്മെ പോലെ ഒന്ന് ആകേണ്ടതിന് നീ എനിക്കു തന്നിരിക്കുന്ന നിൻറെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെയുള്ള ഒരു ഐക്യതയാണ് കർത്താവ് ആഗ്രഹിക്കുന്നത്. കൂടാതെ 17:20-21 യോഹന്നാൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഇവർക്കു വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്ന് ലോകം വിശ്വസിക്കാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ഒന്നാകേണ്ടതിന് തന്നെ.” അതിനായി ദുഷ്ടൻ അവരെ വശീകരിക്കാതെ വണ്ണം അവരെ കാത്തുകൊള്ളേണമേ എന്നാണ് കർത്താവ് പ്രാർത്ഥിക്കുന്നത്. അതായത് ക്രിസ്തുവിൻറെ അപേക്ഷയെ അട്ടിമറിക്കുന്ന നിലയിൽ അനൈക്യത നിലനിൽക്കുന്നുവെങ്കിൽ അതിന് പിന്നിൽ പ്രവർത്തിക്കുന്നത് മറ്റാരുമല്ല ദുഷ്ടൻ തന്നെയാണ്.
ഈ ഐക്യത സാധ്യമാണെന്ന് മാത്രമല്ല വളരെ ആവശ്യമായ സംഗതിയും കൂടിയാണ്. കർത്താവായ യേശുക്രിസ്തുവിൻറെ പ്രാമുഖ്യവും തീവ്രമായ ആഗ്രഹം ഉൾക്കൊണ്ടുകൊണ്ട് പൗലോസ് എഫേസോസ് വിശ്വാസികളെയും അതുവഴി നമ്മെയും പ്രബോധിപ്പിക്കുന്നത് ഐക്യത നിലനിർത്തുവാൻ നാം ഐക്യത പിന്തുടരുന്നതിൽ വളരെ കാര്യമായ ശ്രദ്ധ കൊടുക്കണം എന്നാണ്.
എങ്ങനെ ആത്മാവിനെ ഐക്യത സമാധാനബന്ധത്തിൽ കാത്തുസൂക്ഷിക്കാൻ സാധിക്കും എന്ന് അന്വേഷിക്കുന്നതിനു മുന്നേമേ നാം ഈ ഐക്യത എന്താണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എങ്ങനെയുള്ള ഐക്യത കാത്തു സൂക്ഷിക്കുന്ന തിലൂടെയാണ് നമ്മുടെ വിളക്ക് യോഗ്യമായ ജീവിതമാകുന്നത്. എഫേസ്യാ ലേഖനത്തിൽ എഴുത്തുകാരൻ അതുകൊണ്ടെന്താണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്.
എന്താണ് ഈ ആത്മാവിന്റെ ഐക്യത? (What is the unity of the Spirit?)
നാലിന്റെ 11-13 വാക്യങ്ങളിൽ അതിനുള്ള ഭാഗികമായ ഒരു ഉത്തരം കാണാം. ഇവിടെ പൗലോസ് പറയുന്നത് “അവൻ ചിലരെ അപ്പസ്തോലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു. അതു നാമെല്ലാവരും വിശ്വാസത്തിലും ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും പ്രാപിക്കുന്നതിനാണ്. “until we all attain to the unity of the faith and of the knowledge of the son of God. നാം മുന്നമേ വായിച്ച “ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്വിൻ” (make every effort to keep the unity) എന്ന മൂന്നാം വാക്യവും പതിമൂന്നാം വാക്യവും തമ്മിലുള്ള ഒരു വ്യത്യാസമെന്നു പറയുന്നത് മൂന്നാം വാക്യത്തിൽ നാം ഐക്യത കാത്തു സൂക്ഷിക്കണം എന്ന് പറയുമ്പോൾ 13 ആം വാക്യത്തിൽ നാം വായിക്കുന്നു നാമതു പ്രാപിക്കണം എന്ന്. അതായത് ആദ്യത്തെ വാക്യത്തിൽ ഐക്യം നിലനിർത്തേണ്ടത് ഒരു യാഥാർത്ഥ്യം ആയിരിക്കുമ്പോൾ 13 –ആം വാക്യത്തിൽ നാം പ്രപിക്കേണ്ട ഒരു ലക്ഷ്യം ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. ഇതിനർത്ഥം രണ്ടുതരത്തിലുള്ള ഐക്യത ക്രിസ്ത്യാനിക്കുണ്ട് എന്നല്ല. മറിച്ച്, ഒരർത്ഥത്തിൽ ക്രിസ്ത്യാനിക്ക് ദൈവം തന്നെ ഐക്യത യാഥാർത്ഥ്യമാക്കിയിരിക്കുന്നു. മറ്റൊരു അർത്ഥത്തിൽ പ്രാപിച്ചിട്ടില്ല എന്ന വസ്തുതയാണ് കാണിക്കുന്നത്.
എഫെ. 2:13-6 ഒന്ന് വായിക്കാം “13 മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.14 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു 15 സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും16 ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.”
ഈ വേദഭാഗം പറയുന്നത് പ്രായശ്ചിത്തത്തിന്റേയും നിരപ്പിന്റേയും നിർണ്ണായകമായ ഒരു പ്രവർത്തിയിലൂടെ ക്രിസ്തു ഇരുപക്ഷത്തെയും ഒന്നാക്കി. താത്വികമായി പറഞ്ഞാൽ നാം ഒന്നാണ്. നമ്മുടെ ഇടയിൽ യാതൊരു ശത്രുതക്കും സ്ഥാനമില്ല. ആകയാൽ ക്രിസ്തു കാൽവരിയിൽ നിർത്തിച്ചത്, കാൽവരിയിൽ നേടിയെടുത്തത് നാം ആത്മാവിനാൽ നിലനിർത്തണം. മറ്റൊരർത്ഥത്തിൽ തന്റെ രക്തത്താൽ വിലയ്ക്ക് വാങ്ങിയതും ഉറപ്പാക്കിയതുമായ ഐക്യത ജീവിതത്തിൽ പ്രാവർത്തികമാക്കുകയും നമ്മുടെ സഭാ ജീവിതത്തിൽ അതിൻറെ പൂർണമായ അളവിൽ വെളിപ്പെടുകയും വേണം. ഈ ഒരർത്ഥത്തിൽ ഇത് നാം പ്രാപിക്കേണ്ട ഒന്നായി ഇരിക്കുന്നു.
3. ക്രിസ്തീയ ഐക്യതയുടെ മൂന്ന് ഘടകങ്ങൾ
എഫെസ്യ ലേഖനത്തിൽ നാം കണ്ട മൂന്ന് വേദഭാഗങ്ങളും അതായത്, 2:13 -16ലും 4:3 ലും 4: 13 ലും ഒരേ അടിസ്ഥാന ഐക്യതയെ ക്കുറിച്ചാണ് പരാമർശിക്കുന്നതെങ്കിൽ അതിനൊരു നിർവചനം നമുക്ക് കണ്ടെത്താൻ കഴിയും. ക്രിസ്തീയ ഐക്യത മൂന്ന് കാര്യങ്ങൾ ഉൾക്കൊള്ളുന്നു. എഫെ. 4:13 ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുള്ള ഐക്യതയെ കുറിച്ച് പറയുന്നു. ഇതിനെ ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ പൊതുവായ ബോധ്യങ്ങൾ എന്നു പറയാം. ഈ വാക്യം തന്നെ മറ്റൊരു കാര്യം പറയുന്നു, അത് വിശ്വാസത്തിന്റെ ഐക്യതയാണ്. അതായത് ക്രിസ്തുവിലുള്ള നമ്മുടെ പൊതുവായ വിശ്വാസം അഥവാ confidence.
എഫെ. 2:14 ൽ ശത്രുതയുടെ അവസാനത്തെ കുറിച്ച് പറയുന്നു. ശത്രുതയുടെ സ്ഥാനത്ത് സ്നേഹം വന്നതിനാൽ നമുക്ക് തമ്മിൽ പൊതുവായ ഒരു കരുതൽ മാത്രം ഉണ്ട്. അങ്ങനെയെങ്കിൽ എഫെ. 2-4 അധ്യായങ്ങളിൽ നിന്നും നാം ക്രിസ്തീയ ഐക്യതയെ ഇപ്രകാരം സംഗ്രഹിക്കാം: ക്രിസ്തുവിനെക്കുറിച്ച് പൊതുവായ ബോധ്യങ്ങൾ ഉള്ളവരും, ക്രിസ്തുവിലുള്ള പൊതുവായ വിശ്വാസം മുറുകെ പിടിക്കുന്നവരും, വിശ്വാസികൾ തമ്മിൽ തമ്മിൽ ഉള്ള സ്നേഹത്തിലൂന്നിയ ഒരു കരുതൽ ഉള്ളവരും ആയിരിക്കണം. നാലു മുതൽ ആറു വരെ വാക്യങ്ങൾ ഈ ബോധ്യത്തെ കുറിച്ചും ഈ വിശ്വാസത്തെ കുറിച്ചുമാണ് പറയുന്നത്. “നിങ്ങളെ വിളിച്ചപ്പോൾ ഏക പ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതു പോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവായവൻ ഒരുവൻ.”
അനിക്യത ആരംഭിക്കുന്നതിന്റെ രഹസ്യമെന്ന് പറയുന്നത് നാം സഭയിൽ നമ്മെത്തന്നെ എങ്ങനെ കാണുന്നു, മറ്റുള്ളവരെ എങ്ങനെ കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഫിലിപ്പിയർ 2:3 ഒന്നു വായിക്കാം: ശാഠ്യത്താലൊ ദുരഭിമാനത്താലൊ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണി കൊള്ളുവിൻ.” എല്ലാ അനൈക്യതയും സ്വാർത്ഥപരമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി ഉളവാക്കുന്നതാണ്. അതു തന്നെത്തന്നെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠൻ എന്ന് കണക്കാക്കുന്നു എന്ന നഗ്നസത്യത്തിലേക്കു വിരൽ ചൂണ്ടുന്നു.
പൗലോസ് അതു തുടർന്ന് വിശദീകരിക്കുന്നത് ഇവ്വണ്ണമാണ് “ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവരുടെ ഗുണവും കൂടെ നോക്കണം.” സങ്കടകരം എന്നു പറയട്ടെ സഭകളിൽ സ്വന്തം താൽപര്യങ്ങളും സന്ത ആഗ്രഹങ്ങളും സ്വന്തം അഭിലാഷങ്ങളും നിവൃത്തിക്കാൻ ശ്രമിക്കുന്നതിന്റെ ഫലമായി അനൈക്യതയും സംഘർഷങ്ങളും പ്രശ്നങ്ങളും അടിക്കടി വർദ്ധിച്ചുവരുന്നു. അങ്ങനെയുള്ളവർ ക്രിസ്തുവിന്റെ മനസ്സുള്ളവർ അല്ല. അവർ ആത്മീയരല്ല, ലൗകികരാണ്. “നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെ പോലെ നടക്കുന്നവരുമല്ലയോ? (1 കൊരിന്ത്യർ 3:3).
എന്നാൽ പൗലോസ് നമ്മോട് പറയുന്നു സ്വന്തം താത്പര്യങ്ങളേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ നാം പരിഗണിക്കണം എന്ന്. ഇത് പെട്ടെന്ന് മാറ്റി എടുക്കാവുന്ന ഒരു കാര്യമല്ല. കാരണം മനുഷ്യൻ ജന്മസിദ്ധമായി, പൈതൃകമായി ലഭിച്ച സമ്പത്താണ് സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടുക എന്നത്. അതുകൊണ്ടാണ് പൗലോസ് ആത്മാവിന്റെ ഐക്യത സമാധാന ബന്ധത്തിൽ കാപ്പാൻ എഫെ. 4:2 ൽ നമ്മോട് ആഹ്വാനം ചെയ്യുന്നത്.
ഐക്യത പരിശുദ്ധാത്മാവിൽ നിന്നും ഒഴുകുന്നത് (Unity flows from the Holy Spirit)
എഫെ. 4:3 ൽ ഐക്യതയെ പരിശുദ്ധാത്മാവിന്റെ ഐക്യത എന്ന് വിളിക്കുന്നത്. യുക്തി ഹീനവും സ്വയപ്രതിരോധവുമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിലുള്ള ചിന്തകളിൽനിനൊക്കേയും നമ്മേ വിടുവിച്ച് ക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ ബോദ്ധ്യങ്ങൾ ഉള്ളവരാക്കി ത്തീർക്കാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ് (1 കൊരിന്ത്യർ 2:14-16). ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് സ്നേഹത്തിന്റെ ഫലം നമ്മിൽ പുറപ്പെടുവിക്കുവാനും പരസ്പ്രം കരതുന്നതിനും ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കാനും ദൈവത്തോട് അബ്ബാ പിതാവേ ആത്മവിശ്വാസത്തോടെ നിലവിളിക്കുവാനും നമ്മെ പ്രാർത്ഥിപ്പെടുത്തുന്നത് (റോമർ 8: 15-16). പരിശുദ്ധാത്മാവാണ് സ്നേഹത്തിന്റെ ഫലം നമ്മിൽ പുറപ്പെടുവിക്കുന്നതും പരസ്പരം കരുതുന്നതിനും നമ്മെ സഹായിക്കുന്നത് (ഗലാ. 5:22). നമ്മുടെ പൊതുവായ ബോധ്യങ്ങളും പൊതുവായ വിശ്വാസവും പരസ്പരമുള്ള കരുതലും പരിശുദ്ധാത്മാവിൽ നിന്നാണ് വരുന്നത്. അതുകൊണ്ടാണ് പൗലോസ് പരിശുദ്ധാത്മാവിന്റെ ഐക്യത എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്. സ്വയത്താൽ നിയന്ത്രിതരായി, സ്വന്തം ഇഷ്ടം നിവൃത്തിക്കുന്നവർ പരിശുദ്ധാത്മാവിനാൽ നിയന്ത്രിതരായി ദൈവത്തിൻറെ ഇഷ്ടം പ്രവർത്തിക്കുന്നവരുമായി ജീവിക്കുമ്പോൾ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളു.
ഐക്യതയോടെ വഴിയിലെ രണ്ട് പടികൾ (Two steps on the path to unity.)
രണ്ടാം വാക്യം എങ്ങനെയാണ് ഈ ഐക്യത നിലനിർത്തുവാൻ സാധിക്കുന്നത് എന്നാണ് പറയുന്നത് ഇവിടെ സ്നേഹത്തിൻറെ 2 പടികൾ നാം കാണുന്നു ഈ രണ്ടു പട്ടികളും സ്വാഭാവികമായ മാനുഷിക പ്രകൃതിയല്ല രണ്ടും പരിശുദ്ധാത്മാവിനെ പ്രവർത്തന ഫലമായി ഉണ്ടാകുന്നതാണ് ഇവ ഓരോന്നും ചുരുക്കമായി പരിശോധിക്കാം
a) വിനയവും സൗമ്യതയും (Humility and Gentleness)
ഐക്യത്തിലേക്ക് നയിക്കുന്ന സ്നേഹത്തിൻറെ ഒന്നാമത്തെ പടി വിനയവും സൗമ്യതയും ആണ്. “നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യമാംവണ്ണം പൂർണ്ണ വിനയത്തോടും സൗമ്യതയോടും കൂടെ നടപ്പിൻ.” നമ്മുടെ ഉന്നതമായ വിളിയെ കുറിച്ചുള്ള അറിവ് യഥാർത്ഥത്തിൽ നമ്മെ അഹങ്കാരികളാക്കുകയല്ല, മറിച്ച്, വിനയം ഉള്ളവർ ആക്കി തീർക്കുകയാണ് വേണ്ടത്. ക്രിസ്തീയമായ വിനയം നമ്മേത്തന്നെ താഴ്മയുള്ളവരായി കാണുകയും അതേസമയം ക്രിസ്തുവിനെ ഉന്നതനായി കാണുകയും ചെയ്യുന്നതാണ്. ഈയൊരു കാഴ്ചപ്പാടോടെ നടക്കുന്നതാണ് ക്രിസ്തീയ സൗമ്യത എന്നുപറയുന്നത്. അതിൻറെ കാരണമെന്തെന്നാൽ, ദൈവത്തെ അറിയുവാൻ ദൈവം നമുക്ക് കൃപ നൽകി എന്നതാണ്. ഒരു വിശ്വാസി സർവ്വജ്ഞാനിയായ ദൈവത്തെ അറഞ്ഞിരിക്കുന്നു. അവന്റെ അറിവ് വളരെ തുച്ഛമാണ്. അവൻ സർവ്വശക്തനായ ദൈവത്തെ കണ്ടിരിക്കുന്നു. ദൈവത്തിൻറെ ശക്തിയോടെ നമ്മുടെ ശക്തിയെ തുലനപ്പെടുത്തുമ്പോൾ അതും വളരെ തുച്ഛമായ ശക്തിയാണ്. ദൈവത്തിൻറെ വിശുദ്ധി വെച്ച് നോക്കുമ്പോൾ നമ്മൂടെ വിശുദ്ധി വളരെ തുച്ഛമാണ്. ഒരു വിശ്വാസി ദൈവത്തോടുള്ള ബന്ധത്തിലാണു നിൽക്കുന്നത്, മനുഷ്യനോടുള്ള ബന്ധത്തിലല്ല. മറ്റു മനുഷ്യരേക്കാൾ അവൻ ഉന്നതൻ ആണെങ്കിലും അവനെ അതു അഹങ്കരിപ്പിക്കുകയല്ല വേണ്ടത്.
ഒരു സൗമ്യതയുള്ള വ്യക്തി തൻറെ കുറവുകളെ കർത്താവിലൂടെയുള്ള പരിപൂർണതയുടെ വെളിച്ചത്തിൽ കാണുന്നു. അവൻ മറ്റുള്ളവരുടെ കുറവുകളെ അന്വേഷിക്കുകയില്ല. അഥവാ മറ്റുള്ളവരുടെ തെറ്റുകൾ തൻറെ ശ്രദ്ധയിൽപ്പെട്ടാൽ അവൻ സത്യം സ്നേഹത്തിൽ സംസാരിക്കുകയും അവന്റെ വിശുദ്ധീകരണവും കർത്താവിൻറെ സ്വഭാവത്തോട് അവൻ അനു രൂപപ്പെടണമെന്ന ആഗ്രഹത്തോടും പ്രാർത്ഥനയോടും കൂടെ പ്രവർത്തിക്കുകയും ചെയ്യും. ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതി സൗമ്യനായ മനുഷ്യൻ എന്ന് യഹോവ വിശേഷിപ്പിച്ച മൊശെ തനിക്കെതിരെ പിറുപിറുക്കുകയും ആരോപണം ന്നയിക്കുകയും ചെയ്ത ഇസ്രായേൽ മക്കളോടു എവണ്ണം ഇടപെട്ടു എന്നത് നമ്മുടെ കണ്ണുകളെ തുറപ്പിക്കേണ്ടതാണ് (പുറപ്പാട് 14:11-14 16: 2-4: സംഖ്യ 12:1-3; 9-13). നിങ്ങളെ പ്രകോപിപ്പിക്കുവാൻ എത്ര വാക്കുകൾ മതിയാകും എന്ന് നാം ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
സൗമ്യത ഉള്ളവർ തന്നെ ഹൃദയത്തെ എപ്പോഴും പരിശോധിക്കുന്നവനും അതിൽ മറഞ്ഞുകിടക്കുന്ന മലിനതകളെ കാണുന്നവനും അതിനുപിന്നിലെ അവിശുദ്ധ താൽപര്യങ്ങളും ലക്ഷ്യങ്ങളും കണ്ടെത്തുന്നവരുമായിരിക്കും. തൻറെ ഹൃദയത്തിൻറെ ധാർമ്മിക അധഃപ്പതനത്തെ കാണുന്നവനും മറ്റുള്ളവരുടെ ഔദാര്യം പ്രതീക്ഷിക്കുന്നവനും തന്റെ ഹൃദയത്തേക്കാൾ അവരുടെ ഹൃദയം ശുദ്ധമെന്ന് വിശ്വസിക്കുന്നവനും ആയിരിക്കും.
ക്രിസ്തീയ വിനയമുള്ളവർ മറ്റുള്ളവരുടെ പ്രശംസയിൽ വളരെ അത് അസ്വസ്ഥനാകും. സമകാലീന ഉപദേശങ്ങളായ ആത്മവിശ്വാസം, ആത്മധൈര്യം, സ്വയ പ്രഖ്യാപനങ്ങൾ നടത്തൽ എന്നിവയോടു വിയോജിക്കുന്നവരാണ് വിനയം ഉള്ള ഒരു വിശ്വാസി. ദാനമായി ലഭിക്കുന്ന അർഹിക്കാത്ത ദൈവത്തിൻറെ കരുണയിലാണ് വിനയമുള്ള ഒരു ക്രിസ്ത്യാനി ആസ്വാദനം കണ്ടെത്തുന്നത്. തന്റെ എല്ലാ ആവശ്യങ്ങൾക്കും ദൈവത്തിൽ സംതൃപ്തി കണ്ടെത്തുന്നു. ദൈവമാണ് തൻറെ ധൈര്യം. ആത്മാവിൽ ദരിദ്രനെ ദൈവം നീതികരിക്കുമെന്ന പ്രത്യാശയിൽ ജീവിക്കുകയും പിമ്പൻ ആയിരുന്ന എന്നെ മുമ്പനാക്കുന്നത് ദൈവമാണ് എന്ന് ചിന്തിക്കുന്നവനുമാണ്. അതുവരെ അവൻ തന്നെത്തന്നെ മറ്റുള്ളവരുടെ ദാസനെന്ന നിലയിൽ തന്നെ കാണും. അതാണ് സ്നേഹത്തിൻറെ ആദ്യപടി. അത് ദൈവത്തിൻറെ പരിശുദ്ധാത്മാവിന്റെ ഒരു പ്രവർത്തനമാണ്. അത് നമ്മുടെ കണ്ണുകളെ ദൈവത്തിൻറെ വിശുദ്ധിയുടെ മഹിമയെ ദർശിക്കുന്നതിനു തുറക്കുന്നതും തന്നുടെ ഒന്നുമില്ലായ്മ ദർശിക്കുന്നവനും ആണ്. ഈ പടി യാഥാർത്ഥ്യമായി തീർന്നാൽ അടുത്തപടി വളരെ എളുപ്പം ആകും, കാരണം രണ്ടാമത്തെ പടി ആദ്യത്തെ പടിയുടെ ഫലമാണ്.
b) ദീർഘക്ഷമയും അന്യോന്യം പൊറുക്കുന്നതും (Patience and bearing with)
രണ്ടാമത്തെ പടി ആദ്യത്തെ പടിയുടെ ഫലമായി ഉണ്ടാകുന്നതാണ്. അതിനെ ദീർഘക്ഷമ എന്ന് വിളിക്കുന്നു. “നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യമാവണ്ണം പൂർണ്ണവിനയത്തോടും ദീർഘ ക്ഷമയോടും കൂടെ നടക്കണം. ദീർഘക്ഷമയിക്കുള്ള മുൻ വ്യവസ്ഥ താഴ്മായാണ്. ധിക്കാരികൾ ശ്രമിക്കുന്നവരല്ല. അവർ തൻറെ എതിരാളികളെ തറപറ്റിക്കാൻ തക്കം നോക്കി നടക്കുന്നവരും തങ്ങളുടെ വൈരം എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നവരുമായിരിക്കും. അവർ തങ്ങളെക്കുറിച്ച് തന്നെ വളരെ ഉന്നതർ എന്ന് കരുതുന്നു. തങ്ങൾ എപ്പോഴും മറ്റുള്ളവരാൽ സേവിക്ക പെടണം എന്ന് ആഗ്രഹിക്കും. എന്നെ ഇങ്ങനെ നിർത്തി വൈകിപ്പിക്കാൻ അവൻ ആരെന്നാണ് അവരുടെ ഭാവം? എന്നെ അവൻ വേണ്ടത്ര ഗൗനിക്കാത്തതെന്ത്? എന്നിങ്ങനെയായിരിക്കും തങ്ങളുടെ മനോഗതം. എന്നാൽ താഴ്മയുള്ള ഒരു വ്യക്തിക്ക്, തന്നെ ഒരു വിശിഷ്ടവ്യക്തിയായി കണ്ട് ഉപചരിക്കാത്തതിൽ അസഹിഷ്ണുത തോന്നുകയില്ല. തന്റെ അദ്ധ്വാനത്തിന്റെ ഫലം പിന്നാലെ തനിക്കു ലഭിക്കും എന്ന് ചിന്തിക്കുന്നവനാണ്. ദൈവത്തിന്റെ വിശുദ്ധിയുടെ ഭയങ്കരത ദർശിച്ച വ്യക്തി എന്ന നിലയിൽ, അവർ തങ്ങളുടെ കുറവും പാപപങ്കിലതയും അറിയുകയും ഞാൻ പ്രത്യേകമായ യാതൊരു പരിഗണനയ്ക്കും യോഗ്യനല്ല എന്നു തന്നെക്കുറിച്ചു ചിന്തിക്കുകയും ചെയ്യും. നിങ്ങൾ ദൈവത്തിന്റെ കൃപയുടെ പ്രഭാവം കണ്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്കു കാത്തിരിക്കുവാനുള്ള ശക്തി ദൈവം നൽകുമെന്നും നിങ്ങൾക്കുണ്ടായ തടസ്സങ്ങളെല്ലാം വിജയത്തിന്റെ പദ്ധതികളായിരുന്നു എന്നു നിങ്ങൾ അറിയും.
അന്യോന്യം ക്ഷമിക്കുക (bearing with one another)
വിനയത്തിന്റെ ഫലത്തെ വിശദീകരിക്കുവാനുള്ള മറ്റൊരു വഴി അന്യോന്യം പൊറുക്കുക എന്നതാണ്. ക്ഷമയുടെ മറ്റൊരു രൂപമാണ് പൊറുക്കുക എന്നത്. അതിനുള്ള മറ്റൊരു വാക്കാണ് സഹിഷ്ണുത കാണിക്കുക. സൗമ്യത താഴ്മയുള്ള പെരുമാറ്റത്തെ കാണിക്കുന്നതുപോലെ, സഹിഷ്ണുത ക്ഷമയോടെയുള്ള പെരുമാറ്റത്തെ കാണിക്കുന്നു. പൗലോസ് പറഞ്ഞു നാം അന്യ്ഓന്യം പൊറുക്കണമെന്ന്. പൗലോസ് തന്നെക്കൂടെ ഉൾപ്പെടുത്തിയാണിതു പറയുന്നത്. ഞാനൊ നിങ്ങളൊ സഭയിലെ മാറ്റേതെങ്കിലും ഒരു വ്യക്തിയൊ പെരൊഫെക്റ്റ് ആണ് ചിന്തിക്കുന്നതിൽ നിന്നും ഇതു നമ്മേ സ്വതന്ത്രരാക്കുന്നു. അതല്ലെങ്കിൽ സഭയിൽ ആരും പെർഫെക്ട് അല്ല എന്ന ചിന്തയാണിതു നൽകുന്നത്. പെർഫെക്ട് ആയിട്ടുള്ള വ്യക്തിക്ക് ക്ഷമിക്കയൊ പൊറുക്കയൊ ചെയ്യേണ്ട ആവശ്യമില്ല. പൗലോസ് ഇവിടെ കുറെ പെർഫെക്ട് ആയിട്ടുള്ള ആൾക്കാർ ഐക്യതയിൽ ജീവിക്കണമെന്നല്ല പറയുന്നത്. മറിച്ച്, ഇമ്പെർഫെക്ട് ആയ സഭയിലെ വ്യക്തികൾ സ്നേഹത്തിൽ അന്യോന്യം പൊറുത്തുകൊണ്ട് ആത്മാവിന്റെ ഐക്യത കാത്തുകൊള്ളണമെന്നാണ്.
പരസ്പരമുള്ള കരുതൽ (Mutual care)
രണ്ടും മൂന്നും വാക്യങ്ങളുടെ ഊന്നൽ നമ്മുടെ പൊതുവായ ബോദ്ധ്യങ്ങളും പൊതുവായ വിശ്വാസവും കാത്തുസൂക്ഷിക്കണമെന്നല്ല. ഈ ഒരു അടിസ്ഥാനത്തിന്മേൽ നിന്നുകൊണ്ട് പെർഫെക്ടല്ലാത്ത ഒരു കൂട്ടം ആളുകൾക്ക് അന്യോന്യം പൊറുത്തുകൊണ്ട് തങ്ങളുടെ പരസ്പ്പരമുള്ള കരുതൽ സൂക്ഷിക്കുവാൻ സാധിക്കുമെന്നാണ്.
നമ്മേ അനുകൂലിക്കുന്ന ഒരു വ്യക്തിയെ നമുക്കു കരുതുവാൻ കഴിഞ്ഞു എന്നു വന്നേക്കാം. എന്നാൽ നമ്മേ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയെ നിങ്ങൾക്കെങ്ങനെ കരുതുവാൻ കഴിയും. അതുമല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടാത്തെ വ്യക്തിയെ നിങ്ങൾക്കെങ്ങനെ കരുതുവാൻ കഴിയും? അതുമല്ലെങ്കിൽ നിങ്ങളെ എതിർക്കുകയും നിങ്ങളുടെ പദ്ധതികളെ താററുമാറാക്കുവാൻ ശ്രമിക്കയും ചെയ്യുന്ന വ്യക്തിയെ എങ്ങനെ കരുതുവാൻ കഴിയും? അവരോടു ശത്രുതയൊ, താത്പ്പര്യക്കുറവോ കാണിക്കാതെ അവരുമായി എങ്ങനെ ആത്മാവിന്റെ ഐക്യത നിലനിർത്താൻ കഴിയും? അതിനുള്ള പൗലോസിന്റെ ഉത്തരം താഴ്മ ധരിച്ചുകൊണ്ട് അവരുടെ പാപങ്ങളേയും അവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളേയും നിങ്ങൾക്ക് ദീർഘമായി ക്ഷമിക്കുവാൻ സാധിക്കുമെന്നാണ്.
ക്ഷമിക്കാനും സഹിക്കാനുമുള്ള ശക്തി എവിടെ നിന്നു ലഭിക്കുന്നു (Where does the power to forgive and endure come from?)
മിസ്സിസിപ്പി ജയിലിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയായിരുന്നു കറുത്തവർഗ്ഗക്കാരനായ ജോൺ പെർക്കിൻസ്. താൻ വെള്ളക്കാരുടെ ആവർത്തിച്ചാവർത്തിച്ചുള്ള പീഡനഥ്റ്റിൽ നിന്നു രക്ഷപ്പെടാനായി ചുരുണ്ടുകൂടി മുറിയുടെ ഒരു മൂലയിൽ കിടക്കുമ്പോഴും അവർ ബൂട്ട് ഇട്ട കാൽകൊണ്ട് തന്നെ തൊഴിക്കയും ചവിട്ടുകയും ചെയ്തുകൊണ്ടിരുന്നു. അവരുടെ പീഡനങ്ങളുടെ ഫലമായി ഉണ്ടായ മുറിവുകളിൽ കൂടി രക്തം വാർന്നൊഴുകി. താൻ അങ്ങനെ രക്തത്തിൽ കുളിച്ചുകിടന്നപ്പോഴും മുഴുക്കുടിയന്മാരായ ഓഫീസറന്മാർ തങ്ങളുടെ പീഡനം തുടർന്നുകൊണ്ടിരുന്നു. ഒരു സമയത്ത് അവരിൽ ഒരു ഓഫീസർ തിരയില്ലാത്ത ഒരു തോക്ക് എടുത്തു തന്റെ തലയോടുചേർത്തുപിടിച്ചു കാഞ്ചി വലിച്ചു. പിന്നെ തടിയനായ മനുഷ്യന്റെ ഊഴമായിരുന്നു. അയാൾ തനിക്കാവും വിധം ജോണിന്റെമേൽ പെരുമാറി. അതോടെ ജോണിന്റെ ബോധം നഷ്ടമായി. രാത്രിയോടെ അദ്ദേഹത്തിന്റെ നില വളരെ മോശമായി. താൻ ബോധത്തോടെയിരുന്ന ഒരു സമയത്ത് മറ്റൊരു മനുഷ്യൻ മുള്ളുകമ്പി ഉപയോഗിച്ച് തന്റെ തൊണ്ടയ്ക്ക് കോർത്തു വലിച്ചു. അങ്ങനെ വളരെ കിരാതമായ, ഭീഭത്സമായ പീഡനമാണ് ജോൺ പെരിക്കിൻസിനുമേൽ അന്ന് അരങ്ങേറിയത്. ഒരിക്കലും ക്ഷമിക്കുവാനൊ മറക്കുവാനൊ കഴിയാത്ത വെറുപ്പും വിദ്വേഷവും ഉണർത്തുന്ന പീഡനങ്ങളിലൂടെയാണ് വാസ്തവത്തിൽ ജോൺ പെർക്കിൻസ് കടന്നു പോയത്. എന്നാൽ അതിനുശേഷം അദ്ദേഹത്തിനു സംഭവിച്ചത് ജോൺ ഇപ്രകാരം വിവരിക്കുന്നു.
ഞാൻ എന്റെ കിടക്കയിൽ കിടന്നപ്പോൾ ദൈവത്തിന്റെ ആത്മാവ് എന്റെമേൽ പ്രവർത്തിച്ചു. എന്റെ മനോമുകുരത്തി ഒരു ദൃശ്യം തെളിഞ്ഞുവന്നു. അത് ക്രുശിന്റേയും അതിൽ ക്രൂശിതനായി കിടന്ന യേശുവിന്റേയും രൂപമായിരുന്നു. ആ ചിത്രം തന്റെ മനസ്സിലെ വെറുപ്പും വിദ്വേഷവും കോപവും എന്റെ മനസ്സിൽ നിന്നു നിന്നും മായിച്ചുകളഞ്ഞു. ഞാൻ സഹിച്ചതെല്ലാം ഈ യേശു കാണുന്നു. യേശു അതു മനസ്സിലാക്കുന്നു. യേശു ഇപ്പോഴും തന്നെ കരുതുന്നു. കാരണം താൻ ഇതൊക്കെയും സഹിച്ച വ്യക്തിയാണ്. ഈ യേശു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ പക്കൽ നിന്നും സുവാർത്തയുമായി വന്ന വ്യക്തിയാണ്. താൻ പ്രസംഗിച്ചതുപോലെ ജീവിച്ച വ്യക്തിയാണ്. എങ്കിലും വ്യാജമായ കുറ്റാരോപണത്താൽ അറസ്റ്റു ചെയ്യപ്പെട്ടു. അന്യായമായ ന്യായവിസ്താരത്തിലൂടെ കടന്നു പോയി. ജനക്കുട്ടത്തിന്റെ കയ്യേറ്റത്തിനു വിധേയനായി. അവയ്ക്കെല്ലാം ഉപരിയായി ഒരു മരക്കുരിശിൽ തറയ്ക്കപ്പെട്ടു. ഒഉർ കുറ്റവാളിയെ പോലെ യേശു ക്രൂശിക്കപ്പെട്ടു. നിർണ്ണായകമായ ഈ മുഹൂർത്തത്തിൽ പിതാവും തന്നെ കൈവിട്ടു. തന്റെ പീഡനം അതി കഠിനമായിരുന്നു. താൻ വേദനയാൽ പിടഞ്ഞു പിടഞ്ഞു മരിച്ചു.
എന്നാൽ യേശുവിനു തന്നെ പീഡിപ്പിച്ച ജനത്തെ കണ്ടിട്ടു തനിക്ക് അവരോടു തെല്ലും വെറുപ്പു തോന്നിയില്ല. താൻ അവരെ സ്നേഹിച്ചു. താൻ അവരോടു ക്ഷമിച്ചു. താൻ അവരുടെ കുറ്റങ്ങൾ ഒന്നും തന്റെ മനസ്സിൽ കുറിച്ചു വെച്ചില്ല. മാത്രവുമല്ല, “ഇവർ ചെയ്യുന്നതെന്ത് എന്ന് അറിയായ്കകൊണ്ട് ഇവിരോടു ക്ഷമിക്കേണമെ” എന്ന് ക്രൂശിൽ കിടന്നുകൊണ്ട് അവിടുന്നു അവർക്കു വേണ്ടി പ്രാർത്ഥിച്ചു. തന്റെ ശത്രുക്കൾ തന്നെ വെറുത്തു. എന്നാൽ യേശു അവരെ സ്നേഹിച്ചു. അവരോടു താൻ ക്ഷമിച്ചു. ജോൺ പെർക്കിൻസ് തന്റെ കഥ ഇപ്രകാരം തുടർന്നു: എനിക്കാ സംഭവത്തിന്റെ ഓർമ്മയിൽ നിന്നും ഒഴുഞ്ഞുമാറാൻ കഴിഞ്ഞില്ല.
യേശുവിന്റെ –വെറുപ്പിനെ കീഴടക്കിക്കൊണ്ടുള്ള സ്നേഹം എന്നു അഗാഥവും ദുർഗ്ഗ്രാഹ്യവും അഞ്ജേയവുമായ ഒരു സത്യമായി ഇരിക്കുന്നു. എന്റെ ജീവിതത്തിൽ അതിന്റെ വിജയം കണ്ടെത്തുവാൻ എനിക്കു കഴിഞ്ഞിരുന്നില്ല എങ്കിലും സത്യമാണ് എന്ന് ഞാൻ അറിയുന്നു. അതു സത്യമാണ് എന്നു ഞാൻ മനസ്സിലാക്കുന്നു. അതിന്റെ ഒരു ചെറിയ പതിപ്പ് എന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നു. മുറിവുകളു സ്റ്റിച്ചുകളുമായി ഞാൻ ആ ബഡിൽ കിടന്നപ്പോൾ -എനിക്കാ സത്യം ദൈവം മനസ്സിലാക്കിത്തന്നു. എന്റെ വെറുപ്പ് ദൈവം കഴുകി നീക്കി അതിന്റെ സ്ഥാനത്ത് ഗ്രാമീണ മിസ്സിസിപ്പിയിലെ വെള്ളക്കാരോടുള്ള സ്നേഹംകൊണ്ടു നിറച്ചു.
ദൈവത്തിന്റെ അതിശയമായ കൃപ അനുഭവിച്ച വ്യക്തി എപ്പോഴും ആ ചിന്ത മനസ്സിൽ സൂക്ഷിക്കുന്നവനായിരിക്കും. ഒരു താഴ്മയുള്ള മനുഷ്യൻ പെട്ടെന്ന് കോപിക്കുകയൊ തന്നോട് അപരാധം ചെയ്ത വ്യക്തിയോടു പകരം വീട്ടുകയൊ ചെയ്യുകയില്ല. ദൈവമുമ്പാകെ താനും മെച്ചമായതൊന്നും അർഹിക്കുന്നില്ല എന്ന് അവൻ അറിയുന്നു. ഇനി അവൻ തിന്മെക്കു പകരം തിന്മ ചെയ്തുകൊണ്ട് തന്റെ സഹോദരനോടു പ്രതികരിച്ചാൽ താൻ ദൈവത്തോടു പറയുന്നത് ഇപ്രകാരമായിരിക്കും “ ദൈവമേ ഞാൻ ഇത്രത്തോളം തിന്മ ചെയ്തിട്ടും, എന്റെ തിന്മയെ നന്മകൊണ്ട് നേരിട്ട നീ എത്ര മഠയനാണ്! അത് സുപ്രീ കോടതിയിലെ മുൻ ജഡ്ജിയും വെസ്റ്റ് ബംഗാൾ മനുഷ്യാവകാശ ചെയർമാനുമായ ഗാംഗുലി തന്റെ പഥവിയെ അപമാനിച്ചതിനേക്കാൾ എത്രിയോ അപമാനകരവും അവഹേളനപരവുമായ പ്രവൃത്തിയാണ്. അത് തന്റെ ഉന്നതമായ വിളിക്കു എത്രയൊ അപകീർത്തിവരുത്തുന്നതായ പ്രവൃത്തിയാണ്.
അതുകൊണ്ട്, നാം അഹങ്കരിക്കാതെ താഴ്മയും സൗമ്യതയുമുള്ളവരായിരിക്കാം. നാം വേഗം കോപിക്കുന്നവരൊ പെട്ടെന്ന് മുഴിയുന്നവരൊ ആയിരിക്കാതെ ദീർഘമായി ക്ഷമിക്കുന്നവരും അന്യോന്യം പൊറുക്കുന്നവരുമായിരിക്കാം. കർത്താവു ക്രുശിൽ മരിച്ചുകൊണ്ട് സൃഷ്ടിച്ച ഐക്യത നമ്മുടെ സഭയിൽ യാഥാർത്ഥ്യമാക്കാം. തന്റെ മഹത്വത്തിലേക്കും തന്റെ രാജ്യത്തിലേക്കും നമ്മേ വിളിച്ചിരിക്കുന്ന ദൈവത്തിനും തന്റെ വിളിക്കും അപമാനം വരുത്തുന്നവരാകാതെ നമ്മുടെ ഉന്നതമായ വിളിക്ക് യോഗ്യമാം വണ്ണം നടക്കുന്നവരായി തീരാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.
*******