top of page
എഫെസ്യ ലേഖന പരമ്പര-13
P M Mathew
JAN 24, 2015

How does the church grow to maturity?
സഭ പക്വതയിലേക്കു വളരുന്നതെങ്ങനെ?

Ephesians 4:12-16

ആമുഖം

നാം ചിന്തിച്ചുകൊണ്ടിരുന്നത് എഫെസ്യർ 4-ാ൦ അദ്ധ്യായത്തിൽ നിന്നാണ്. 1-3 വരെ അദ്ധ്യായങ്ങൾ ചില വേദശാസ്ത്രസത്യങ്ങളെ കുറിച്ചായിരുന്നു എങ്കിൽ 4-6 വരെ അദ്ധ്യായങ്ങൾ അതിനെ അടിസ്ഥാനമാക്കിയുള്ള പ്രായോഗികതയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ 1-3 വരെ അദ്ധ്യായങ്ങൾ സഭയുടെ മേൽ ചൊരിഞ്ഞിരിക്കുന്ന ആത്മീയാനുഗ്രഹങ്ങളെക്കുറിച്ചും വിശേഷ പദവികളെക്കുറിച്ചുമാണ് പറഞ്ഞിരിക്കുന്നതെങ്കിൽ 4-6 വരെ അദ്ധ്യായങ്ങൾ, അതിന്റെ ഫലമെന്നവണ്ണം, സഭ നിർവ്വഹിക്കേണ്ട ചില ആത്മീയ ഉത്തരവാദിത്വങ്ങളെക്കുറിച്ചു പറയുന്നു. വേറൊരു രീതിയിൽ പറഞ്ഞാൽ 1-3 വരെ അദ്ധ്യായങ്ങളും 4-6 വരെ അദ്ധ്യായങ്ങളും ഒരു cause-effect relationship ൽ ആണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതായത്, 1-3 വരെ അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന കാരണത്തിന്റെ ഫലമായി 4-6 വരെ അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന effect ഉണ്ടാകണം.

കർത്താവ് സഭയുടെ മേൽ ചൊരിഞ്ഞിരിക്കുന്ന അല്ലെങ്കിൽ അതിലെ ഓരൊ വ്യക്തിയുടേയും മേൽ ചൊരിഞ്ഞിരിക്കുന്ന ആത്മീയ അനുഗ്രഹങ്ങളെക്കുറിച്ചാണ് ഒന്നാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നത്. ലോകസ്ഥാപത്തിനു മുന്നമെ കൃപയാൽ തിരഞ്ഞെടുത്തു, യേശുക്രിസ്തു മുഖാന്തിരം ദത്തെടുത്തു, അതിക്രമങ്ങൾക്കു മോചനം നൽകി, പുത്രന്റെ രക്തത്താൽ വീണ്ടെടുത്തു, കർത്താവായ യേശുക്രിസ്തുവിനോടുകൂടെ സ്വർഗ്ഗത്തിൽ ഇരുത്തി. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അവസാന നാളിലേക്കായി ഓരോരുത്തരേയും മുദ്രയിട്ട് സൂക്ഷിച്ചുകൊണ്ടിരിക്കുന്നു.

എങ്ങനെയുള്ളവരെയാണ് ദൈവം ഈവിധ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചത് എന്നാണ് രണ്ടാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നത്. യെഹൂദനെന്നൊ ജാതീയനെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ പാപങ്ങളിൽ മരിച്ച്, സാത്താന്റെ അധീനതയിൽ കിടന്ന, യാതൊരു നന്മെക്കും വകയില്ലാത്ത, ധാർമ്മികമായി സമ്പൂർണ്ണ അധഃപ്പതനം സംഭവിച്ച മനുഷ്യനെയാണ് ദൈവം ഈ നിലയിൽ ഉയർത്തിയത്. അതിൽ ദൈവത്തിന്റെ കൃപയല്ലാതെ യാതൊന്നും തന്റെ ഭാഗത്ത് ഒരുവനു അവകാശപ്പെടാനില്ല. എന്തിനുവേണ്ടിയാണിത് ദൈവം ചെയ്തത് ? "ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിനാണ്" താനിതു ചെയ്തത്. ഇംഗ്ലീഷിൽ ഇപ്രകാരമാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത് : so that in the ages to come he might show the surpassing riches of His grace in kindness toward us in Christ Jesus. ദൈവത്തിന്റെ കൃപയുടെ സമ്പന്നത വരുംകാലങ്ങളിൽ ഒക്കേയും എല്ലാവരും കാണേണ്ടതിനുവേണ്ടിയാണിത് താൻ ചെയ്തത് . ദൈവത്തിന്റെ അനന്തമായ കൃപയും ദയയും നമ്മിൽ ചൊരിഞ്ഞിരിക്കുന്നു എന്നു ലോകം അറിയേണ്ടതിനാണിത്.

നമ്മുടെ പഴയ അവസ്ഥയും ആ അവസ്ഥയിൽ ദൈവം നമ്മൊടു കാണിച്ച കരുണയും എന്തു പ്രതികരണമാണ് നമ്മിൽ നിന്നും ഉണ്ടാകേണ്ടത് എന്നാണ് താൻ 4-6 വരെ അദ്ധ്യായങ്ങളിൽ പറയുന്നത്. ഇവിടെ ചില കൽപ്പനകൾ അനുഷ്ടിക്കാനുള്ള ആഹ്വാനമല്ല, പഴയനിയമത്തിൽ നാം കാണുന്നതുപോലെ, ഇന്നിന്നതൊക്കേയും ചെയ്താൽ നീ ജീവിക്കും. എന്നാൽ ഇന്നിന്നതൊക്കേയും ചെയ്തില്ലെങ്കിലോ നീ…മരിക്കും………എന്നല്ല അപ്പൊസ്തലനായ പൗലൊസ് ഇവിടെ പറയുന്നത്.

റോമാ ലേഖനത്തിൽ നാം കാണുന്നതു പോലെ ആദ്യത്തെ 11 അദ്ധ്യായങ്ങളിൽ വേദശാസ്ത്രത്തെ കുറിച്ച് പറഞ്ഞിട്ട് അതിന്റെ പ്രായോഗികയിലേക്ക് പൗലോസ് പ്രവേശിക്കുന്നതു നോക്കുക : "അതുകൊണ്ട് സഹോദരന്മാരെ, ദൈവത്തിന്റെ മനസ്സലിവ് ഓർമ്മിപ്പിച്ച് നിങ്ങളെ പ്രബോധിപ്പിക്കുന്നത് : നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ” (റോമർ 12:1). എഫേസ്യർ 4-ാ൦ അദ്ധ്യായത്തിലേക്ക് പൗലൊസ് പ്രവേശിക്കുന്നതും ഇവ്വണ്ണമാണ്.

4:1 “കർത്തൃസേവ നിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത് :"നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം നടപ്പിൻ “ ഇവിടെയും ഇംഗ്ലീഷിലെ ട്രാൻസിലേഷൻ ഇപ്രകാരമാണ് Therefore I, the prisoner of The Lord, implore you to walk in a manner worthy of your calling.” Therefore അഥവാ അതുകൊണ്ട് എന്ന വാക്ക് മുൻപ്പറഞ്ഞകാരണങ്ങളാൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന implore എന്ന ക്രിയാപഥം ശ്രദ്ധിക്കേണ്ടതാണ് . ആ വാക്കിന്റെ അർത്ഥം to beg someone earnestly, ഈ വാക്കിന്റെ മറ്റുചില അർത്ഥങ്ങൾ pray, ask, request, solicit, supplicate എന്നിവയാണ് . Paul does not command them but rather he appeals to them. അതായത് ഒരു പട്ടാള കമാന്റർ കൽപ്പിക്കുന്നതുപോലെയുള്ള ഒരു കൽപ്പനയായിട്ടല്ല മറിച്ച് താൻ ഒരു അപേക്ഷയായിട്ടാണ് അവരുടെ മുൻപിൽ ഇതു വെക്കുന്നത്. അതായത്, അവരുടെ കഴിഞ്ഞ കാല അവസ്ഥയും ഇപ്പോൾ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന പ്രത്യേക പദവിയും അനുഗ്രഹങ്ങളും മനസ്സിലാക്കി അതിന്റെ നന്ദിയായി, ദൈവത്തോടുള്ള സ്നേഹത്തിൽ നിന്ന് നിങ്ങൾ ഫലം പുറപ്പെടുവിക്കുവിൻ എന്നാണ്.

1-3 വരെ അദ്ധ്യയങ്ങളും 4-6 വരെ അദ്ധ്യായങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത്‌ പൌലോസിന്റെ 3:14-21 വരെയുള്ള പ്രാർത്ഥനയാണ്. പൗലോസിന്റെ ഇവിടുത്തെ പ്രാർത്ഥനയുടെ ഉള്ളടക്കം എന്താണ്? ദൈവത്തിനു അവരോടൂള്ള സ്നേഹത്തിന്റെ ആഴത്തെക്കുറിച്ച് അവർ നന്നായി ഗ്രഹിക്കേണ്ടതിനു ദൈവം തന്റെ ശക്തിയെ അയച്ച് അവരുട ഹൃദയത്തെ സ്പർശിക്കണം, പരിശുദ്ധാത്മാവിനാൽ ദൈവികശക്തിയും സ്നേഹവും അവരുടെ മേൽ പകരണം. അതേ സമയം ഉയർത്തെഴുനേറ്റ കർത്താവ് അവരോട് കൂടെ എപ്പോഴും ഇരിക്കയും അവരുടെ ജിവിതത്തിന്റെ എല്ലാ മേഖലയേയും ദൈവത്തിന്റെ സ്നേഹം വാഴുകയും വേണം. ഇതാണ് പൌലൊസിനു വിശ്വാസികളെക്കുറിച്ചുള്ള പ്രാർത്ഥന .

പൗലോസ് തന്റെ പ്രാർത്ഥനക്കു ശേഷം എഫേസ്യ സഭയെയും അതുവഴി നമ്മെയും പ്രബോധിപ്പിക്കുന്ന മൂന്നു പ്രധാന കാര്യങ്ങൾ എന്താണെന്ന് നോക്കാം.

(1) ഏകദൈവത്തിന്റെ ഏക രക്ഷാകര പ്രവർത്തിയെ ആധാരമാക്കി സഭ ഏകതയിൽ/ഐക്യതയിൽ വളരണം (1-3;4-6).
(2) സഭയിലെ ഓരോ വിശ്വാസിക്കും ഉയരത്തിലേക്ക് കരേറിയ കർത്താവ് എങ്ങനെ വിവിധങ്ങളായ വരങ്ങളെ നൽകി സഭയിൽ ആക്കിവെച്ചിരിക്കുന്നു എന്നു അവർ അറിയണം (7-11 വാക്യങ്ങൾ).
(3) കർത്താവ് നലകിയ വിവിധങ്ങളായ വരങ്ങളെ ഉപയോഗിച്ച് തന്റെ ശരീരത്തെ പണിയേണ്ടത് എങ്ങനെയെന്നും അതിന്റെ ലക്ഷ്യമെന്തായിരിക്കണമെന്നും താൻ പറയുന്നു 12-16 വരെ വാക്യങ്ങൾ). ഇനി നമുക്ക് ഇന്നത്തെ വേദഭാഗത്തിലേക്കു കടക്കാം:

എഫെസ്യർ 4:12-16

“അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു. 14 അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ 15 സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. 16 ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു. ”

ഒരിക്കൽ സഭയിലെ സർവീസ് ഒക്കെ കഴിഞ്ഞപ്പോൾ ഒരു സഹോദരി വന്നു പാസ്റ്ററോട് ഒരു വേദഭാഗത്തെ സംബന്ധിച്ച് എന്റെ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിച്ചു തരാമോ എന്ന് പറഞ്ഞുകൊണ്ട് ഒരു ടെക്നിക്കൽ ചോദ്യം ചോദിച്ചു. പാസ്റ്റർ അതിന് എനിക്ക് ഉത്തരം പറഞ്ഞു തരാൻ കഴിയില്ല എന്ന് മറുപടി നൽകി.

അപ്പോൾ ആ സ്ത്രീ അല്പം ഷോക്കോടെ എന്ത്? കഴിയില്ലന്നോ? പാസറ്റർ തന്റെ ഉത്തരം ആവർത്തിച്ചു. പിന്നെ ഞങ്ങൾ നിങ്ങൾക്ക് എന്തിനാണ് ശമ്പളം തരുന്നത് എന്ന അർത്ഥത്തിൽ അവൾ പാസ്റ്ററെ നോക്കി.

അപ്പോൾ ആ പാസ്റ്റർ ഞാൻ ഒരു കാര്യം ചെയ്യാം. ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്കുതന്നെ എങ്ങനെ കണ്ടെത്താൻ കഴിയും എന്ന് കാണിച്ചു തരാം എന്ന് പറഞ്ഞു. പിന്നെ താൻ ബൈബിൾ തുറന്നു അത് പറഞ്ഞു കൊടുത്തു. പാസ്റ്റർ നിർദ്ദേശിച്ച പ്രകാരം തന്റെ ചോദ്യത്തിന് ഉത്തരം താൻതന്നെ കണ്ടെത്താൻ അവൾ ശ്രമമാരംഭിച്ചു.

ആ ഒരു ആശയ സംവാദത്തിലൂടെ മിനിസ്ട്രി അഥവാ ശുശ്രൂഷയെ സംബന്ധിച്ച് ഒരു ആരോഗ്യകരമായ വചനാധിഷ്ഠിത തത്വശാസ്ത്രത്തിന് പാസ്റ്റർ തുടക്കം കുറിക്കുകയായിരുന്നു. ആ സ്ത്രീക്ക് വേണ്ടി പാസ്റ്റർ സ്വയം ചെയ്യാതെ, സ്തീയെ ക്രിസ്തുവിൽ പക്വതയുള്ളവളായി സ്വയം വളരുവാൻ, ശുശ്രൂഷയ്ക്കായി ഒരുക്കുകയായിരുന്നു.

നൂറ്റാണ്ടുകളായി സഭയെ ബലഹീനമാക്കുന്ന ആശയങ്ങളിൽ ഒന്നാണ് പ്രത്യേക ഗണത്തിൽ പെട്ട ഒരു പുരോഹിത ഗണവും അൽമായർ എന്നറിയപ്പെടുന്ന സാധാരണ ജനങ്ങളുടെ ഒരു ഗണവും. പുരോഹിതനു ശുശ്രൂഷയും ബാക്കിയുള്ളവർ കേവലം കാഴ്ചക്കാരും കേൾവിക്കാരുമായി ഇരിക്കുകയും ചെയ്യുന്നു. ഇതൊരു ശരിയായ കാഴ്ചപ്പാടല്ല എന്ന് മാത്രമല്ല, അതു സഭയെ ബലഹീനമാമാക്കുകയും ചെയ്യുന്നു. സർ ജോൺ ലോറൻസ് എന്ന് ദൈവദാസൻ അതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “What does the layman really want? He wants a building which looks like a church; clergy dressed in the way he approves; services of the kind he’s been used to, and to be left alone.” ഒരു സാധാരണക്കാരനു വാസ്തവത്തിൽ എന്താണ് വേണ്ടത്? പള്ളി എന്ന് തോന്നിക്കുന്ന ഒരു കെട്ടിടം വേണം, താൻ അംഗീകരിക്കുന്ന വേഷവിധാനത്തിൽ ഒരു പുരോഹിതൻ വേണം, എനിക്ക് സ്വീകാര്യമായ സേവനം ലഭിക്കണം, തന്നെ തന്റെ പാട്ടിന് വിടുകയും വേണം.

ആടുകളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുമെന്ന് ചിന്തിക്കാത്തതു കൊണ്ടോ അല്ലെങ്കിൽ എല്ലാം എന്റെ കയ്യിൽ തന്നെ ആയിരിക്കണമെന്ന തെറ്റായ താൽപ്പര്യംകൊണ്ടോ അധികം പാസ്റ്റേഴ്സും ഇങ്ങനെയുള്ള ബലഹീന അവസ്ഥ സഭയിൽ സംജാതമാക്കുന്നു. അവർ തന്നെ സഭയിൽ എല്ലാം ചെയ്യുവാൻ ശ്രമിക്കുന്നു. അനേകരും കേവലം കാഴ്ചക്കാരും കേൾവിക്കാരും മാത്രമായി ചുരുങ്ങുന്നു. അതിനുള്ള അനേക ദൃഷ്ടാന്തങ്ങൾ നമുക്ക് ചുറ്റുപാടും വേണ്ടുവോളം കാണാൻ കഴിയും.

നാം വായിച്ച വേദ ഭാഗത്തിന്റെ കേന്ദ്ര ആശയം ഇതാണ്: ആളുകൾ വിശ്വാസികൾ ആയിത്തീരുകയും അവർ ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നൊത്തവണ്ണം കൃപകൾ പ്രാപിക്കയും ചെയ്യുന്നതോടെ സഭ ആരംഭിക്കുന്നു. അവിടം തുടങ്ങി എല്ലാ വിശുദ്ധന്മാർക്കും അവരെ വേലയ്ക്ക് സജ്ജമാക്കുന്നതിന് നേതൃത്വത്തിന്റെ ആവശ്യമുണ്ട്. വിശുദ്ധന്മാരെ നേതൃത്വം സജ്ജമാക്കുകയും വേലയ്ക്കായി ഒരുക്കുകയും ചെയ്യുമ്പോൾ സഭ പണിയെപ്പെടുന്നു. വിശുദ്ധന്മാർ മിനിസ്ട്രി അഥവാ വേല ചെയ്യുവാൻ ആരംഭിക്കുമ്പോൾ സഭ വളരുന്നു. ആ പണിയിൽ സഭ ക്രിസ്തുവിനോട് അനുരൂപപ്പെടുന്നു. അങ്ങനെ പണിയെപ്പെടുക്കുകയും വളരുകയും ചെയ്യുന്ന സഭ, തങ്ങളുടെ ജീവിതത്തിന്റെ പിൻബലത്തോടെ നൽകുന്ന സന്ദേശം, സ്നേഹത്തിൽ സംസാരിക്കുന്ന സത്യം, വലിയ ഫലപ്രാപ്തി ഉളവാക്കുന്നു. അത് ക്രിസ്തുവിനെ പ്രദർശിപ്പിക്കുന്നതിന് വഴിവയ്ക്കുന്നു.

ഈ വേദഭാഗത്ത് അപ്പൊ. പൗലോസ് പ്രാദേശിക സഭകൾക്കുള്ള മിനിസ്ട്രി അഥവാ ശുശ്രൂഷയെ സംബന്ധിച്ച വളരെ ആരോഗ്യകരമായ, വചനാധിഷ്ഠിത തത്വശാസ്ത്രം നൽകുന്നു.

11-16 വരെ വാക്യങ്ങളിലെ ആശയം അൽപ്പം ചെറിയ ചെറിയ ഭാഗങ്ങളായി മുറിക്കാം സഭയിലെ വിശ്വാസികൾക്ക് പ്രത്യേക തരം ദാനങ്ങളെ /വരങ്ങളെ നൽകിയിരിക്കുന്നു (11). വരപ്രാപ്തരായ ഈ ശുശ്രൂഷകർ ദൈവവചനത്തിന്റെ ശുശ്രൂഷകരാണ്. അവർ സഭയിലെ വിശുദ്ധന്മാരെ ശുശ്രൂഷക്കായി ഒരുക്കുന്നു (12). വരപ്രാപ്തർ ഐക്യതക്കും പക്വതക്കുമായി ശുശ്രൂഷിക്കുന്നു (13). ക്രിസ്തുയേശുവിന്റെ പക്വത എന്ന നിലവാരത്തിലേക്കാണ് സഭ വളരേണ്ടത് (13b). ഉപദേശത്തെ സംബന്ധിച്ച അപക്വത സഭയെ തിരയിലും കാറ്റിലും പെട്ടു ചാഞ്ചാടുന്ന കുഞ്ഞുങ്ങളെ പോലെ ദുരുപദേഷ്ടാക്കളുടെ ചതിയാൽ വഴിതെറ്റി ഉഴലുമാറാക്കും (14).

1. സഭയിലെ എല്ലാ വിശ്വാസികൾക്കും ഏതെങ്കിലും നിലയിലുള്ള വരങ്ങളെ നൽകിയിരിക്കുന്നു (All believers in the church are given gifts of some level.)

സഭയിലെ എല്ലാ വിശ്വസികൾക്കും ദൈവം വരങ്ങളെ നൽകിയിരിക്കുന്നു. ഒരു വരവും ഇല്ലാത്ത ആരും തന്നെ ഉണ്ടായിരിക്കുകയില്ല. അതുകൂടാതെ 11-ാ൦ വാക്യത്തിൽ ചില വ്യക്തികൾക്ക് നേതൃത്വവരങ്ങളും നൽകപ്പെട്ടിരിക്കുന്നു. തങ്ങൾ കൃപകളെ പ്രാപിച്ചവരായതുകൊണ്ട് പ്രവാചകരുടെ പ്രബോധനമൊ, സുവിശേഷകന്റേ പരിശീലനമൊ, ഇടയന്മാരുടേയും ഉപദേഷ്ടാക്കന്മാരുടേയും കരുതലും ഉപദേശവുമോ ആവശ്യമില്ല എന്ന് പറയാൻ സാധിക്കയില്ല.

അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കിയത് അവരാൽ നൽകപ്പെട്ട ദൈവവചനം എന്ന നിലയിലാണ്. നിങ്ങൾ വരങ്ങളെ പ്രാപിച്ചവരാണെങ്കിലും ആ കൃപകളെ മെച്ചപ്പെടുത്തുന്നതിനു നിങ്ങൾക്ക് നേതൃത്വത്തിന്റെ ആവശ്യമുണ്ട് എന്നാണ് ഈ വേദഭാഗം പറയുന്നത്. അതുപോലെ തന്നെ നിങ്ങളുടെ വരങ്ങൾ പൊതുപ്രയോജനത്തിനായി ഉപയോഗിക്കാനുള്ളതാകയാൽ നേതൃത്വത്തിനും നിങ്ങളെക്കൊണ്ട് ആവശ്യമുണ്ട്. വേറൊരു രീതിയിൽ പറഞ്ഞാൽ, സഭക്കു നേതൃത്വവും , നേതൃത്വത്തിനു വിശ്വാസികളും ഒരുപോലെ ആവശ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, വിശ്വാസികളും നേതൃത്വവും പരപൂരകങ്ങളായി പ്രവർത്തിക്കുമ്പോഴെ സഭ ശരിയായി മുന്നോട്ടുപോകുന്നു എന്നു പറയാൻ കഴിയുകയുള്ളു.

12-ാ൦ വാക്യത്തിലാണ് ഇതിലെ മെയിൻ പോയിന്റ് ഇരിക്കുന്നത് : the leaders equip the saints for a specific purpose, namely, "for the work of service" or, "for the work of ministry." നേതൃത്വത്തിന്റെ ശുശ്രൂഷ എന്തെന്നാൽ അവർ വിശുദ്ധന്മാരെ ശൂശ്രൂഷക്കായി ഒരുക്കുക എന്നതാണ്. അതു നമ്മുടെ അടുത്ത പോയിന്റിലേക്കു നമ്മെ നയിക്കുന്നു.

2. നേതൃത്വ വരങ്ങൾ ഉള്ള നേതാക്കൾ വിശുദ്ധന്മാരെ ശുശ്രൂഷയ്ക്കായി ഒരുക്കണം (Leaders with leadership gifts must prepare the saints for ministry)
ശുശ്രൂഷയ്ക്കായി ഒരുക്കുക, മിനിസ്ട്രി ചെയ്യുക, സഭയെ പണിയുക എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള ജോലിയാണ് ഇടയ- ഉപദേഷ്ടാക്കൾക്കുള്ളത് എന്ന് പലരും ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ പറയാറുണ്ട്. അങ്ങനെ പറയാനുള്ള കാരണം saints നു ശേഷം ഒരു കോമ (,) ഉണ്ട് എന്നതിനാലാണ്. എന്നാൽ ഈ വേദഭാഗത്തിന്റെ സന്ദർഭവും അതിന്റെ ഗ്രീക്ക് പദവിന്യാസക്രമവും പ്രകാരം നേതൃത്വങ്ങൾ ഉള്ളവർ വിശുദ്ധന്മാരെ ഒരുക്കി അവരെ വേലയ്ക്കായി സജ്ജരാക്കുകയും അതുവഴി സഭയെ പണിയുകയും ചെയ്യുക എന്നാണ് ഇത് അർത്ഥമാക്കുന്നത്.

“equip” അഥവാ ഒരുക്കുക എന്ന വാക്ക് നൽകുന്ന ആശയം ഒരുവനെ ഒരു കാര്യത്തിന് പ്രാപ്തനാക്കി തീർക്കുക എന്നാണ്. ഒരു ഉദ്ദേശ്യ നിവൃത്തിക്കായി ഒരുക്കുക. ഇത് യാക്കോബും യോഹന്നാനും വല കേടുപാടുകൾ തീർക്കുന്നതിനെ കാണിക്കാൻ ഉപയോഗിച്ചിട്ടുണ്ട് (മത്തായി 4:21). ക്ലാസിക്കൽ ഗ്രീക്കിൽ ഒരുവന്റെ സ്ഥാനം തെറ്റിയ അല്ലെങ്കിൽ ഒടിഞ്ഞു പോയ എല്ല് നേരെ ആക്കുക എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതിഥികൾക്കു വേണ്ടി മുറി ഒരുക്കുന്നതിനെ കുറിക്കാനും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്.

ആകയാൽ ഇതിലെ ആശയം എന്തെന്നാൽ ഇടയ-ഉപദേഷ്ടാവ് സഭയിലെ മറ്റ് അംഗങ്ങളെ ദൈവം തങ്ങൾക്ക് നൽകിയിരിക്കുന്ന വരങ്ങൾ ഉപയോഗിച്ച് ദൈവത്തെ സേവിക്കുവാൻ സജ്ജരാക്കുക അഥവാ ഒരുക്കുക എന്നാണ്.
3. എങ്ങനെ ഇത് യാഥാർത്ത്യമാക്കുവാൻ സാധിക്കും? (How can this be made a reality?)

പൗലോസിന്റെ നോട്ടത്തിൽ സഭക്ക് വളരെ പണി ആവശ്യമാണ്. ഇതു നമ്മുടെ മനസ്സിൽ പതിയണം. അതല്ലെങ്കിൽ നാം സഭ വളരെ ഇമ്പെർഫക്ട് ആണ് എന്ന് തിരിച്ചറിയുമ്പോൾ നിരാശപ്പെട്ടുപോകാനുള്ള സാധ്യതയുണ്ട്. സഭ ആരംഭിക്കുന്നത് ആളുകൾ വിശ്വാസികൾ ആയിത്തീരുകയും അവർ കർത്താവിന്റെ കൃപയുടെ അളവിനൊത്തവണ്ണം കൃപകളെ പ്രാപിക്കുമ്പോഴാണ് (7). ഈ വിശുദ്ധന്മാർക്കു ഒക്കേയും തങ്ങളെ വേലക്ക് സജ്ജരാക്കേണ്ടതിനു നേതൃത്വത്തെ ആവശ്യമുണ്ട്. എന്നാൽ ആർക്കുവേണ്ടിയാണ് ശുശ്രൂഷ? ക്രിസ്തുവിന്റെ ശരീരമായ, ശുശ്രൂഷക്കാരായ ഓരോ വിശുദ്ധന്മാർക്കും വേണ്ടിയാണീ ശുശ്രൂഷ. അതാണ് 12-ാ൦ വാക്യത്തിൽ നാം കാണുന്നത്: "For the equipping of the saints for the work of service (or ministry), to the building up of the body of Christ." വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനു വേണ്ടിയാണ്, അവരെ ഒരുക്കുന്നതിനാണ് അതിലൂടെ സഭ പണിയപ്പെടുന്നതിനാണ്. ക്രിസ്തുവിന്റെ ശരീരമായ സഭ പണിയപ്പെടുക എന്നതാണ് ശുശ്രൂഷയുടെ ലക്ഷ്യമെന്ന് പറയുന്നത്.

ഒന്നാമതായി, നാം ഓർക്കേണ്ടത് ഇത് വ്യക്തികളെ പണിതുയർത്തുന്നതിനു സമാനമല്ല. എന്നാൽ അത് അതിന്റെ ഭാഗമാണ് എന്ന കാര്യത്തിൽ സംശയമില്ല; റോമർ 15:2 ൽ നാം എന്താണ് വായിക്കുന്നത്: “നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.” നാം പരസ്പരം വിശ്വാസത്തിലും, പ്രത്യാശയിലും സ്നേഹത്തിലും വിശുദ്ധിയിലും വളരുവാൻ സഹായിക്കണം. എന്നാൽ 12-ാ൦ വാക്യം അതല്ല പറയുന്നത്. ഇവിടെ വിശുദ്ധന്മാരുടെ ശുശ്രൂഷ സഭയുടെ മേലോട്ടുള്ള പണിയെ ലക്ഷ്യം വെച്ചുള്ളതാണ്. സഭയുടെ ഏതെങ്കിലും ഭാഗമല്ല, പ്രത്യുത സഭ മൊത്തത്തിൽ പണിയപ്പെടേണ്ടതിനാണ്/ശക്തിപ്പെടേണ്ടതിനാണ് ഊന്നൽ. ഇത് അത്ര പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരു സംഗതിയല്ല. നമ്മുടെ വ്യക്തിഗത താത്പ്പര്യം അതിനെ വളച്ചൊടിച്ച് അത് ചിലരുടെ വളർച്ചക്ക് കരുവാക്കാനുള്ളതല്ല. ഒരു വിശ്വാസി എന്ന നിലയിൽ, നിങ്ങൾ എല്ലാവരും ഒന്ന് എന്ന നിലയിൽ സഭ എന്ന ശരീരത്തെ മൊത്തമായി പണിയണം.

അതെന്താണ് അർത്ഥമാക്കുന്നത്? 13-ാ൦ വാക്യം നമുക്കു നോക്കാം “"until we all attain to the unity of the faith, and of the knowledge of the Son of God, to a mature man, to the measure of the stature which belongs to the fullness of Christ." മലയാളത്തിൽ 12-ാ൦ വാക്യം “അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം” എന്നാണ്. ഇവിടെ പൗലോസ് ഏതെങ്കിലും ഒരു അംഗത്തിന്റെയൊ, ചില അംഗങ്ങളുടേയൊ വളർച്ചയല്ല, ലക്ഷ്യമിടുന്നത് മറിച്ച് സഭ മൊത്തത്തിലുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത് അതിൽ വിശ്വാസത്തിന്റെ ഏകതയുണ്ട്, ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുള്ള ഏകതയുണ്ട്. വിശ്വാസത്തിന്റെ ഏകതയുടെ അടിസ്ഥാനത്തിൽ പരിജ്ഞാനത്തിന്റെ ഏകത ഉണ്ടാകുവാനായിട്ടാണ് ശുശ്രൂഷ ചെയ്യേണ്ടത്.

പരിജ്ഞാനത്തിൽ കുറവു വരുത്തി ഏകത കൈവരിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഉപദേശത്തിന്റെ സത്യസന്ധത, ക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ അറിവ്, വേദശാസ്ത്രത്തിന്റെ പ്രാധാന്യം ഇവ വിട്ടുകളഞ്ഞിട്ടുള്ള ഏകതയല്ല. വികാരത്തിനും പാട്ടിനും കൈയ്യടിക്കും മുന്തൂക്കം കൊടുത്തുകൊണ്ട് ഉപദേശത്തിനും ദൈവവചന പഠനത്തിനും പ്രാധാന്യം നൽകാത്ത പുതുയുഗ പ്രസ്ഥാനങ്ങളല്ല ദൈവവചനം അനുശാസിക്കുന്നത് എന്നു സാരം.

ഇത് ഏതു ലക്ഷ്യത്തിലേക്കാണ് നമ്മേ നയിക്കേണ്ടത്. സഭ “തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം” (12b) "to a mature man." "...until we attain to the unity of faith and of the knowledge of the Son of God, to a mature man.” പൗലോസ് ക്രിസ്തുവിനെ ഒരു തികഞ്ഞ മനുഷ്യൻ, പക്വതവന്ന മനുഷ്യൻ എന്ന നിലയിലാണ് കാണുന്നത്. എല്ലാവരും ക്രിസ്തുവിനെ പോലെ പക്വത വന്ന വ്യക്തികളായി തീരണം. പൂർണ്ണവളർച്ചയെത്തിയ മനുഷ്യനെന്നാണ് പൗലോസ് യേശുവിനെ കണക്കാക്കുന്നത്. സഭയും ആ നിലയിൽ പുർണ്ണവളർച്ചയെത്തണം എന്നാണ് പൗലൊസ് അതിലൂടെ അർത്ഥമാക്കുന്നത്. 15-ാ൦ വാക്യം ഇതു തന്നെ മറ്റൊരു രീതിയിൽ പറയുന്നതാണ് “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” ഇവിടുത്തെ പ്രധാന വ്യത്യാസമെന്നത് സഭ സ്നേഹത്തിൽ പണിയപ്പെടുകയല്ല, സഭ സ്നേഹത്തിൽ വളരുകയാണ് എന്നതാണ്.

4. സഭ ക്രിസ്തുവിന്റെ പക്വതയിലേക്കു വളരണം (The church must grow to the maturity of Christ)

നമ്മുടെ ശുശ്രുഷയുടെ ലക്ഷ്യം-നിങ്ങളുടെ ശുശ്രൂഷയുടെ ലക്ഷ്യം- നിങ്ങളുടെ വരങ്ങളെ ഉപയോഗിച്ചുള്ള ശുശ്രൂഷയുടെ ലക്ഷ്യം- സഭ ക്രിസ്തു എന്ന പക്വ മനുഷ്യനിലേക്ക് വിശ്വാസത്തിന്റെ ഏകതയിലും പരിജ്ഞാനത്തിന്റെ ഏകതയിലും വളരണം. ചുരുക്കിപ്പറഞ്ഞാൽ, പക്വതവന്ന സഭ യേശുക്രിസ്തുവിനെ കാണുന്നതുപോലെ സ്വഭാവത്തിൽ കാണപ്പെടണം എന്നാണ്. അതായത്, ക്രിസ്തുവിന്റെ സ്നേഹം, ക്രിസ്തുവിന്റെ ശക്തി, ക്രിസ്തുവിന്റെ ആത്മാവ് എന്നിവ ഉള്ളതായിരിക്കണം സഭ. ഇതു മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പൗലോസ് അർത്ഥമാക്കുന്നത് അതു തന്നെയാണ്.

ആകയാൽ, നമുക്ക് അത് ധ്യാനിക്കാം, അതിനെ ഓർത്തു പ്രാർത്ഥിക്കാം, അതിനായിട്ട് ആഗ്രഹിക്കാം. അടുത്ത തവണ കർത്താവ് അനുവദിച്ചാൽ എങ്ങനെ ആ ശുശ്രൂഷ നിവർത്തിക്കാം എന്നതിനെ സംബന്ധിച്ച് നിങ്ങളുമായി സംസാരിക്കാമെന്ന് ഞാൻ വിചാരിക്കുന്നു. ദൈവം അതിനു സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.

*******

© 2020 by P M Mathew, Cochin

bottom of page