
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര-14
P M Mathew
FEB 22, 2015
Know Jesus and walk in life
യേശുവിനെ അറിഞ്ഞ് ജീവനിൽ നടക്കുക
Ephesians 4:17-21
ആമുഖം
എഫേസ്യലേഖനത്തിൽ 6 അദ്ധ്യായങ്ങളാണ് ഉള്ളത്. ആദ്യത്തെ 3 അദ്ധ്യായങ്ങൾ ഉപദേശവിഷയം/Doctrines ഉം അടുത്ത മൂന്ന് അദ്ധ്യായങ്ങൾ അതിന്റെ പ്രായോഗികതയുമാണ്. പൗലോസ് പ്രായോഗികതയി ലേക്ക് പ്രവേശിക്കുന്നത് “നിങ്ങളുടെ വിളിക്കു യോഗ്യമാം വണ്ണം നടക്കണം” എന്ന ആഹ്വാനത്തോടെയാണ് (4:1). നാം വായിച്ച ഈ വേദഭാഗം പ്രായോഗികതയുടെ ഒരു തുടർച്ചയാണ്. നിങ്ങൾ വിട്ടുപോന്ന ജാതികളുടെ അഥവാ അവിശ്വാസികളുടെ ചിന്താരീതികളിൽ നിന്നും പെരുമാറ്റങ്ങളിൽ നിന്നും നിങ്ങൾ വിടുതൽ പ്രാപിക്കണം എന്നാണ് ഈ വേദഭാഗത്ത് താൻ പറയുന്നത്.
ഇന്നു ലോകം അഭിമുഖീകരിക്കുന്ന പ്രശ്നമായാലും സഭ അഭിമുഖീകരിക്കുന്ന പ്രശ്നമായാലും പരിഹാരം ഒന്നു മാത്രമെയുള്ളൂ, അത് സുവിശേഷമാണ്. അത് വ്യക്തിബന്ധങ്ങൾ ആകട്ടെ, അയൽക്കാരുമായുള്ള പ്രശ്നങ്ങളാകട്ടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ ആകട്ടെ, യവ്വനക്കാരുടെ പ്രശ്നമാകട്ടെ അവയെ ഒക്കേയും നേരെയാക്കുവാൻ സുവിശേഷത്തിനെ കഴിയു, സുവിശേഷത്തിനു മാത്രമെ കഴിയുകയുള്ളു.
ഒരിക്കൽ ഒരു ദൈവദാസൻ ഇപ്രകാരം പറഞ്ഞു "Theology is not optional or a toy. It is intensely practical. My view of God will determine how I live every day. It will determine how I respond when my computer crashes." വേദശാസ്ത്രമെന്നത് ഒരു കളിപ്പാട്ടമൊ വേണമെങ്കിൽ തെരഞ്ഞെടുക്കേണ്ട ഒരു വിഷയമൊ അല്ല. അതു തികച്ചും പ്രായോഗികമായ കാര്യമാണ്. ദൈവത്തെക്കുറിച്ചുള്ള ഒരുവന്റെ കാഴ്ചപ്പാടാണ് ഓരൊ ദിവസവും എങ്ങനെയാണ് ജിവിക്കേണ്ടത് എന്ന് നിർണ്ണയിക്കുന്നത്. അതു കമ്പൂട്ടർ ക്രാഷാകുമ്പോഴുള്ള പ്രതികരണമായാലും അവന്റെ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് തന്റെ പ്രതികരണത്തെ തീരുമാനിക്കുന്നത്.
എഫെ 4:17-21
"17. ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു.18 അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ, 19 ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.20 നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ21 ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു."
ഈയൊരു വേദഭാഗം, ഗ്രീക്കിൽ; 54 ഉം 59 വാക്കുകൾ ഉള്ള 2 വാക്യങ്ങളായിട്ടാണ് നൽകുന്നത്. എന്നാൽ നമ്മുടെ ബൈബിളിൽ അത് എട്ട് വാക്യങ്ങളിലായിട്ടാണ് പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യത്തെ വാക്യത്തിൽ ജാതികൾ ചിന്തിക്കുന്നതിൽ നിന്നു വ്യത്യസ്ഥമായി, ചിന്തിക്കുകയും ജീവിക്കയും ചെയ്യുക എന്നുള്ള കാര്യമാണ് താൻ പറയുന്നത്. അടുത്ത രണ്ടൂ വാക്യങ്ങളിൽ ജാതികളുടെ വ്യർത്ഥബുദ്ധി അനുസരിച്ചുള്ള നടപ്പിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. 20-ാം വാക്യത്തിൽ പൗലോസ് അവർക്കു കൈമാറിക്കിട്ടിയ അപ്പൊസ്തലിക പാരമ്പര്യം- യേശുവിന്റെ പഠിപ്പിക്കലും താൻ കാണിച്ചു തന്ന മാതൃകയും - ഓർത്തുകൊള്ളുവാൻ താൻ അവരോട് ആവശ്യപ്പെടുന്നു. 22-24 വരെ വാക്യങ്ങളിൽ പഴയതു ഉരിഞ്ഞു കളയാനും പരിശുദ്ധാത്മാവിനാൽ നിങ്ങളുടെ ഹൃദയത്തെ പുതുക്കി പുതിയ മനുഷ്യനെ ധരിക്കുവാനും ഉള്ള ആഹ്വാനം നൽകുന്നു.
ഈ വേദഭാഗത്തിന്റെ പ്രധാന ആശയം സുവിശേഷത്താൽ മനുഷ്യന്റെ ഹൃദയം രൂപാന്തരം പ്രാപിക്കുന്നില്ല എങ്കിൽ അവൻ ഹൃദയകാഠിന്യത്താൽ അന്ധകാരത്തിലും അജ്ഞതയിലും അശുദ്ധിയിലും അവൻ തന്റെ വ്യർത്ഥമുദ്ധി അനുസരിച്ചു നടക്കും. അതവനെ നിത്യജീവനിൽ നിന്ന് അകറ്റിനിർത്തും. ആകയാൽ അവൻ യേശുക്രിസ്തുവിനേയും അവന്റെ ഉപദേശത്തേയും അറിഞ്ഞ് ജീവനുള്ളവനായി തീരുക.
വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കരുത്.
17-ാം വാക്യത്തിലെ പൗലോസിന്റെ പ്രബോധനമെന്തെന്നാൽ; “ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത് എന്നുള്ളതാണ്. ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. താൻ തന്റെ ആഹ്വാനം യേശുക്രിസ്തുവിന്റെ അതേ അധികാരത്തോടെയാണ് നൽകുന്നത്. കർത്താവിൽ ഞാൻ സാക്ഷീകരിച്ച്, അല്ലെങ്കിൽ താൻ കർത്താവിനെ സാക്ഷിനിർത്തി പറയുന്നത് ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്.
വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുക എന്നു പറഞ്ഞാൽ എന്താണ് എന്ന് നമുക്കു നോക്കാം.
മനുഷ്യ ഹൃദയത്തിന്റെ കാഠിന്യം, അന്ധകാരം, അജ്ഞത, അശുദ്ധി എന്നിവയാണ് അവനെ വ്യർത്ഥബുദ്ധിയിൽ നടക്കുവാൻ ഇടയാക്കുന്നത്. ഇവയെക്കുറിച്ചുള്ള ആഴമായ വിശകലനം പൗലോസ് ഇവിടെ നടത്തുകയാണ്. എന്തുകൊണ്ടാണ് പൗലോസ് ഇതു ഇവിടെ നടത്തുന്നത്?
പ്രശ്നങ്ങളുടെ മൂലകാരണം എന്തെന്ന് മനസ്സിലാക്കിയെങ്കിൽ മാത്രമെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗം നിർദ്ദേശിക്കുവാൻ സാധിക്കയുള്ളു. അതല്ലെങ്കിൽ തുടർന്നു താനങ്ങോട്ടൂ പറയുന്ന പ്രബോധന ങ്ങൾ ഒന്നുംതന്നെ നിങ്ങൾക്ക് പ്രാവർത്തികമാക്കാൻ കഴിയുകയില്ല. ഇതിനെ തുടർന്ന് പൗലോസ് നൽകുന്ന പ്രബോധനങ്ങൾ ഇതൊക്കെയാണ്
നിങ്ങളുടെ കോപത്തെ അടക്കണം (4;26)
ദ്രവ്യാഗ്രഹത്തിൽ നിന്നു പിന്തിരിയണം (4:28)
നിങ്ങളുടെ നാവിനെ നിയന്ത്രിക്കണം (4:29)
ദുർന്നടപ്പ്, അശുദ്ധി, അത്യാഗ്രഹം എന്നിവയിൽ നിന്നു ഒഴിഞ്ഞിരിക്കണം (5:3)
സമയം തക്കത്തിൽ ഉപയോഗിക്കണം ((5:16).
ഇതൊക്കെ പ്രാവർത്തികമാക്കണമെങ്കിൽ തങ്ങളിലുള്ള പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി അതിനു പരിഹാരം തേടണം. അതിനുശേഷമേ ഇതൊക്കെയും അവരോടൂ പറഞ്ഞിട്ടു കാര്യമുള്ളു.
2. ഹൃദയകാഠിന്യം മൂലകാരണം
മനുഷ്യനെ വ്യർത്ഥതയിലേക്ക് നയിക്കുന്ന ഈ കാര്യങ്ങളുടെ root/മൂലത്തെ കുറിച്ചു മനസ്സിലാക്കുകയും ആ മൂലകാരണത്തിനു ട്രീറ്റ്മെന്റ് നടത്തുകയും ചെയ്തില്ലെങ്കിൽ, അതു കമഴ്ത്തി വെച്ചിരിക്കുന്ന കുടത്തിനു മുകളിൽ വെള്ളമൊഴിക്കുന്നതുപോലെ, പ്രയോജനരഹിതമായ ഒരു പരിപാടി ആയിത്തീരും. കർത്താവായ യേശുക്രിസ്തു മത്തായി 15:19 ൽ ഇപ്രകാരം പറഞ്ഞു : "എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.” വാസ്തവത്തിൽ നാം ഇന്നു കാണുന്ന ഈ ദുരവസ്ഥയുടെ ഉറവിടം എന്നു പറയുന്നത് വീണുപോയ മനുഷ്യന്റെ ഹൃദയവിചാരങ്ങളാണ്?
ആകയാൽ പ്രശ്നങ്ങളുടെ മൂലകാരണമായ ഹൃദയത്തിന്റെ അവസ്ഥയെ ക്കുറിച്ച് പൗലോസ് പറഞ്ഞിരിക്കുന്നത് വിശദമായി നമുക്ക് ആദ്യം മനസ്സിലാക്കാം.
ഇവിടെ പ്രത്യേകം ഓർക്കേണ്ട സംഗതി എന്തെന്നാൽ തന്റെ വായനക്കാർ ജാതികളിൽ ഒരുവനെ പോലെ ജീവിച്ചിരുന്നവർ ആയിരുന്നു. എഫെ 2:3 ൽ നാം വായിക്കുന്നത് : “ അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു." മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്രിസ്തു ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനു മുന്നമെ മനുഷ്യർ എല്ലാവരുംതന്നെ തങ്ങളുടെ ജഡമോഹങ്ങളിൽ നടക്കുന്നവരും, തന്നിഷ്ടപ്രകാരം ജിവിക്കുന്നവരും, കോപത്തിന്റെ മക്കളുമാണ്. കർത്താവിന്റെ വീണ്ടെടുപ്പിനാൽ രൂപാന്തരം വരാത്ത ഏതു മനുഷ്യഹൃദയത്തിന്റേയും അവസ്ഥ ഇതാണ്. സാർവ്വത്രികമായി സമ്പൂർണ്ണ ധാർമ്മികഅധഃപ്പതനം ബാധിച്ച അവസ്ഥ. ഞാൻ ആമുഖത്തിൽ സൂചിപ്പിച്ച സകലമാന അതിക്രമങ്ങൾക്കും കാരണം മനുഷ്യന്റെ ധാർമ്മിക അധഃപ്പതനമാണ്. നാം പേപ്പറുകളിൽ കാണുന്ന പലകാര്യങ്ങളും പാപം ചെയ്ത് മനസ് തഴമ്പിച്ച, ദൈവത്താൽ കൈവിടപ്പെട്ട മനുഷ്യന്റെ ചെയ്തികളായതുകൊണ്ടാണ് അവ നമ്മേ ഞെട്ടിപ്പിക്കുന്നത്.
നമുക്കു നമ്മുടെ പ്രായോഗിക ജീവിതത്തിലും ബന്ധങ്ങളിലും വ്യർത്ഥബുദ്ധിയാലല്ലാതെ ജീവിക്കണമെങ്കിൽ നാം കാര്യഗൗരവമുള്ള ആളുകൾ ആയിത്തീരണം. നമ്മിലേക്കു തന്നെ നോക്കി വ്യർത്ഥബുദ്ധിയിൽ നടക്കാനുള്ള കാരണം കണ്ടെത്തണം. നിങ്ങൾക്ക് പ്രശ്നമുണ്ട് എന്നു നിങ്ങൾ അറിയണം. എന്നാൽ ആ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കുറുക്കു വഴി അന്വേഷിക്കുകയൊ പുറമെ ചില ചില്ലറ വ്യത്യാസങ്ങൾ വരുത്തുകയൊ ചെയ്തതുകൊണ്ട് കാര്യമില്ല നിങ്ങൾ ഓർക്കണം. നിങ്ങളുടെ പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തി അതിനെ വേരോടെ പിഴുത് നീക്കിയെങ്കിൽ മാത്രമെ സ്ഥായിയായ വ്യത്യാസമുണ്ടാക്കാൻ സാധിക്കു. അതുകൊണ്ട് തന്നിലെ എല്ലാ മാലിന്യങ്ങളും തന്നെ കാണിച്ചു തരുവാൻ ദൈവത്തോടു പറയുക. തനിക്കു വാസ്തവമായും സൗഖ്യം ആവശ്യമാണ് എന്നു സമ്മതിക്കുക. അങ്ങനെ നമ്മുടെ വ്യർത്ഥബുദ്ധിയിൽ നിന്നു സ്വാതന്ത്ര്യം പ്രാപിക്കുക. ഇത് നാം ഓരോരുത്തരും ചെയ്തെങ്കിലെ ഈ ദുരവസ്ഥക്ക് വ്യത്യാസം വരു. ഇതാണ് നമ്മുടെ പ്രശ്നങ്ങളിൽ നിന്നു വിടുതൽ പ്രാപിക്കുവാനുള്ള ഏക പോംവഴി.
4:17-19 വരെ വാക്യങ്ങളിൽ നമ്മുടെ ഹൃദയത്തിന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നുള്ള വിശദമായ റിപ്പോർട്ടാണ് പൗലോസ് നൽകുന്നത്. ആ റിപ്പോർട്ട് നമുക്കൊന്നു നോക്കാം.
ദൈവം മനുഷ്യഹൃദയങ്ങളിലേക്ക് നോക്കുമ്പോൾ കാണുന്നത് കാഠിന്യം, അന്ധകാരം, അജ്ഞത, മലിനത, സ്വാർത്ഥത, അശുദ്ധി എന്നിവയാണ്. ദൈവം നമ്മുടെ ഹൃദയത്തെ കാണുന്നതുപോലെ നാമും നമ്മുടെ ഹൃദയത്തെ കാണണം. ആ യാഥാർത്ഥ്യം നാം അംഗീകരിക്കണം. ഇതു നാം ചെയ്യുന്നില്ല എങ്കിൽ നമുക്കു വരുന്ന സൗഖ്യം വളരെ നിസ്സാരവും കേവലം ബാഹ്യവുമായിരിക്കും. അതായത്, എനിക്കു വലിയ കുഴപ്പമൊന്നുമില്ലായിരുന്നു, കർത്താവിന്റെ മരണമില്ലായിരുന്നു എങ്കിലും എനിക്കു ദൈവസന്നിധിയിൽ പ്രാഗൽഭ്യത്തോടെ നിൽക്കാൻ കഴിയുമായിരുന്നു എന്ന ചിന്തയാണ് നമ്മെ ഭരിക്കുന്നത് എങ്കിൽ ഒരു കാര്യം നിങ്ങൾ ഓർത്തുകൊള്ളൂക നിങ്ങൾ ദൈവത്തിന്റെ ജിവനിൽ നിന്ന് അകന്ന വ്യക്തി തന്നെയാണ്. നിങ്ങൾ രക്ഷിക്കപ്പെട്ട വ്യക്തിയല്ല. അതുകൊണ്ട് നമുക്ക് ആദ്യമായി ഉണ്ടാകേണ്ടത് നമ്മുടെ പാപാവസ്ഥയെ കുറിച്ചുള്ള അറിവാണ്, അതിന്റെ ആഴമാണ്. നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ അവസ്ഥയെ നാം മനസ്സിലാക്കണം. കേവലം പുകവലിയും മദ്യപാനവും, വിഗ്രഹാരാധയും നിർത്തിയതു കൊണ്ടുമാത്രം കാര്യങ്ങളെല്ലാം ശരിയാകും എന്ന് ചിന്തിക്കരുത്. അതു നല്ലകാര്യം തന്നെയാണ്. അതു വേണം, വേണ്ടന്നല്ല പറയുന്നത്. എന്നാൽ നമ്മുടെ എല്ലാ ചിന്തയുടെയും പ്രവർത്തിയുടേയും അടിസ്ഥാനം എന്നു പറയുന്നത് നമ്മുടെ ഹൃദയമാണ്. നമ്മുടെ എല്ലാ ദൂഷ്യങ്ങളുടേയും റൂട്ട് മനസ്സിലാക്കി അതിനെ വേരോടെ നമ്മിൽ നിന്നും പിഴുതു കളയുന്നില്ലെങ്കിൽ രോഗം നമ്മെ പെട്ടെന്ന് കീഴടക്കുകയും, നമ്മെത്തന്നെ വ്യത്യാസപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്യും.
ഞാൻ ഈ വാക്യങ്ങളെ ധ്യാനിച്ചുകൊണ്ട് എന്റെ ഹൃദയത്തിലേക്ക് നോക്കിയപ്പോൾ കണ്ട കാര്യങ്ങൾ ഞാൻ പങ്കുവെക്കാം.
ആദ്യമായി ഞാൻ കണ്ടത്, വളരെ ആഴത്തിലുള്ള എന്റെ ഹൃദയകാഠിന്യമാണ്. (v. 18 at the end): " because of their hardness of heart." "അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ.” ദൈവത്തിന്റെ വചനത്തിൽ വളരെ ആവർത്തിച്ചു പറയുന്ന ഒരു പാപമാണ് മനുഷ്യന്റെ ഹൃദയകാഠിന്ന്യമെന്നത്. മറ്റേതൊരു വേദഭാഗവും നാം ഓർത്തില്ലെങ്കിലും ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കിയത് നാം ഓർക്കുന്നുണ്ടാകും എന്നു കരുതുന്നു. ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കിയപ്പോൾ, ദൈവം അവനെ അവന്റെ വഴിക്ക് പോകാൻ അനുവദിച്ചു. ദൈവം അവനെ തടയാതിരുന്നതുകൊണ്ട് കൂടുതൽ കൂടുതൽ കഠിനപ്പെടുന്നതാണ് നാം കാണുന്നത്.
മറ്റൊരു വേദഭാഗം നാം വിവാഹച്ചടങ്ങുകൾ സംബന്ധിക്കുമ്പോൾ കേൾക്കുന്ന വേദഭാഗമാണ്. അത് മർക്കോസിന്റെ സുവിശേഷം 10 ന്റെ 5-ാം വാക്യമാണ്. അവിടെ ശിഷ്യന്മാർ ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമൊ എന്നു യേശുക്രിസ്തുവിനോടു ചോദിച്ചപ്പോൾ അതിനു മോശ നിങ്ങൾക്കെന്താണ് ഉപദേശിച്ചു തന്നത് എന്ന് യേശു ചോദിച്ചു. അതിനു മറുപടിയായി അവർ "ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു" അതിനോടുള്ള യേശുവിന്റെ പ്രതികരണം നോക്കുക: “യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു." ഇന്നത്തെ കുടുംബങ്ങളിലെ പ്രശ്നങ്ങൾക്കു കാരണം മനുഷ്യരുടെ ഹദയകാഠിന്യമാണ്. ദൈവം വിവാഹജീവിതത്തെക്കുറിച്ചു പറഞ്ഞകാര്യങ്ങൾ അനുസരിക്കുവാൻ അവർക്കു മനസ്സില്ല. ഈ വിഷയത്തിൽ ഭാര്യയും ഭർത്താവും ഒരുപോലെ മത്സരിക്കുന്നു. ക്രിസ്തുവിന്റെ വീണ്ടെടുപ്പിനാൽ രൂപാന്തരം വരാത്തഹൃദയം ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഹിതത്തോട് മത്സരിക്കുന്നു. ദൈവത്തിന്റെ ഹിതവും നമ്മുടെ ഹിതവും ഒരേ track ൽ കൂടി പോകേണ്ടതാണ്. അതിനു ദൈവത്തിന്റെ ദാനമായ, ഫലവത്തായ, കൃപ ഇല്ലെങ്കിൽ മനുഷ്യന്റെ ഹൃദയം എന്നും ദൈവത്തോട് കഠിനപ്പെട്ടിരിക്കും. ആത്മീയ വിഷയങ്ങളോടു തീരെ താത്പ്പര്യമുണ്ടാകയില്ല (apart from the free and sovereign grace of God our heart is hardened against God.). ദൈവിക കാര്യങ്ങൾക്കായി നമ്മെ ചലിപ്പിക്കയില്ല, ദൈവികവിഷയങ്ങളോട് ആകർഷണം തോന്നുകയില്ല, ദൈവിക കാര്യങ്ങളിൽ പ്രമോദിക്കയില്ല. ദൈവികനിയമങ്ങളോട് എന്നും മത്സരിച്ചുകൊണ്ടിരിക്കും ആകയാൽ ഹൃദയകാഠിന്യം ഗൗരവമായി കാണേണ്ട ഒരു വിഷയം തന്നെയാണ്.
ഈ ഹൃദയ കാഠിന്യം അടുത്തതായി പറയുന്ന അജ്ഞതയെക്കാൾ ആഴമായ, ഗുരുതരമായ പ്രശ്നമാണ്. ഇത് അജ്ഞതയുടെ ഒരു കാരണവും കൂടിയാണ്. 18c "The ignorance that is in them, due to their hardness of heart." "അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ,” അതായത്, ഹൃദയകാഠിന്യം നിമിത്തമുള്ള അജ്ഞത എന്നാണ് അതിന്റെ ഇംഗ്ലീഷ് പരിഭാഷ.
ഹൃദയകാഠിന്യത്തിന്റെ ഫലം അജ്ഞതയാണ്, അതായത്, ആത്മീയകാര്യങ്ങളിലുള്ള അജ്ഞത, ഈ അജ്ഞത ഒരിക്കലും ദോഷമില്ലാത്ത ഒന്നല്ല. അതു തിന്മയാണ്. അതു അപരാധമാണ്, കാരണം അതു വരുന്നത് സത്യത്തിന്റെ കുറവുകൊണ്ടോ സത്യത്തെക്കുറിച്ചു സാക്ഷ്യമില്ലാത്തതു കൊണ്ടോ അല്ല. മറിച്ച്, ഹൃദയകാഠിന്യം മൂലം ദൈവത്തോടുള്ള മത്സരത്തിൽ നിന്നു വരുന്നതാണ്. റോമാലേഖനത്തിൽ (1:18-19) പൗലോസ് പറയുന്നത് നോക്കുക “അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ, 19 ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു." ദൈവം തന്നെക്കുറിച്ചു വെളിവാക്കിയിട്ടും അതിനെ അറിയാതെ, ദൈവത്തെ മാനിക്കാതെ നടക്കുന്നത് അക്ഷന്ത്യവ്യമായ അപരാധമാണ്. അതുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള അജ്ഞത തിന്മയാണ്, ദോഷമുള്ളതാണ്. കാരണം ഹൃദയകാഠിന്യവും അതിനാൽ വരുന്ന അജ്ഞതയും വ്യർത്ഥബുദ്ധിയിൽ നടക്കാൻ അവനെ പ്രേരിപ്പിക്കുന്നു. അതു ദൈവത്തിന്റെ കോപം ക്ഷണിച്ചു വരുത്തുന്നതാകയാൽ അത് വളരെ ഗൗരവമുള്ള പാപമാണ്.
രണ്ടാമതായി, വിവേകത്തെ മൂടുന്ന അന്ധകാരമാണ്. ഇതാണ് വ്യർത്ഥബുദ്ധിയിൽ നടക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന രണ്ടാമത്തെ സംഗതി. 18a. "they are darkened in their understanding." “അവർ അന്ധബുദ്ധികളായി." വ്യർത്ഥബുദ്ധികളായി നടക്കുന്നു. അതായത്, അവരുടെ വിവേകത്തിനു അന്ധത ബാധിച്ചിരിക്കുന്നു. അതല്ലെങ്കിൽ അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടൂപോയിരിക്കുന്നു (റോമർ 1:21)
അവർക്കു ഗ്രഹിക്കുവാൻ കഴിയാത്തവണ്ണം അന്ധത അവരെ ഗ്രസിച്ചിരിക്കുന്നു. എഫെ 5:8 ൽ നാം വായിക്കുന്നതിപ്രകാരമാണ് “മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.” കർത്താവ് നമ്മുടെ ഹൃദയത്തെ പ്രകാശിപ്പിക്കുന്നതിനു മുന്നമെ നമ്മുടെ ഹൃദയം ഇരുളായിരുന്നു, അന്ധകാരം നിറഞ്ഞതായിരുന്നു. 2 കൊരി 4:4-6 “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
5 ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കർത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു. 6 ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.” അതായത്, അവിശ്വാസിയായ മനുഷ്യനിൽ യാതൊരു വെളിച്ചവുമില്ല.
യോഹന്നാൻ 3:20 ൽ കർത്താവ് ഇപ്രകാരം പറഞ്ഞു : “ തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല." അവൻ വെളിച്ചത്തെ പകച്ച് മനഃപ്പൂർവ്വം വെളിച്ചത്തിലേക്ക് വരാതിരിപ്പാൻ ശ്രദ്ധിക്കുന്നു. അതു കോളെജ് പ്രഫസർ ആയാലും കൂലിവേലക്കാരനായാലും അതാണ് സ്ഥിതി. അതല്ലെങ്കിൽ വിദ്യാഭ്യാസമുള്ളവനായാലും വിദ്യാവിഹീനനായാലും അതാണ് അവന്റെ അവസ്ഥ. അവനെ മൂടിയിരിക്കുന്ന അന്ധകാരം ക്രിസ്തുവിന്റെ മഹിമയൊ, സുവിശേഷത്തിന്റെ മഹത്വമൊ ദർശിക്കുവാൻ കഴിയാത്ത വിധം അതു അവന്റെ കണ്ണുകളെ അന്ധമാക്കുന്നു
മൂന്നാമതായി, ഈ അന്ധതയുടെ ഫലമായി യാഥാർത്ഥ്യത്തെ കുറിച്ച് അവർ അജ്ഞരായിരിക്കുന്നു. ഇതാണ് മൂന്നാമത്തെ പ്രശ്നം. (v. 18b): "alienated from the life of God because of the ignorance that is in them." “ഈ അജ്ഞതമൂലം അവൻ ജീവനിൽ നിന്നു അകന്നു പോയിരിക്കുന്നു.” ഈ യാഥാർത്ഥ്യം അവർ ഗ്രഹിക്കുന്നില്ല. ഈ അജ്ഞത വളരെ ആഴത്തിലുള്ളതാണ്, കാരണം അവന്റെ അറിവ് എന്നു പറയുന്നത് കേവലം ഉപരിപ്ലവമായിട്ടുള്ള അറിവാണ്. ആത്മീയ വെളിച്ചമില്ലെങ്കിൽ, അവന് പതിനായിരം കാര്യം അറിയാമെന്നിരുന്നാലും ഒന്നിന്റേയും യഥാർത്ഥ അർത്ഥമെന്തെന്ന് അവൻ ഗ്രഹിക്കുന്നില്ല. ഒരു വസ്തുവിന്റെ അർത്ഥം ഗ്രഹിക്കണമെങ്കിൽ അത് എന്തിനു നിലകൊള്ളുന്നു എന്ന് അറിയണം. കൊളൊ1:16 ൽ നാം വായിക്കുന്നതെന്താണ് “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു;” ഈ പ്രപഞ്ചത്തിലെ ഒരോ മോളിക്കൂളും നിലകൊള്ളുന്നത് യേശുക്രിസ്തുവിനു വേണ്ടിയാണ്. അത് അറിയാത്തവൻ ഒന്നിന്റേയും യഥാർത്ഥ അർത്ഥമെന്ത് എന്ന് അറിയുന്നില്ല. എന്റെ മനസ്സിലെ അന്ധകാരം നീങ്ങിപ്പോകുന്നതുവരെ സകലവും ഞാൻ തെറ്റായി മനസ്സിലാക്കുന്നു.
നാലാമതായി, എന്റെ ഹൃദയത്തിന്റെ കാഠിന്യവും, അന്ധകാരവും അജ്ഞതയും തന്നിഷ്ടത്തിലേക്ക് (self-indulgence or lasciviousness) എന്നെ നയിക്കുന്നു. Lasciviousness also means “excessive indulgence in sensual pleasures.” It's having a complete disregard for the integrity and honor of others. തങ്ങൾക്കുവേണ്ടീ തന്നെ ജീവീക്കുവാനുള്ള വ്യഗ്രത. അതിൽ ദുഷ്ക്കാമം, ലൈംഗികത എന്നിവയൊക്കെ അതിൽ വരും. മറ്റുള്ളവരുടെ മാന്യതക്ക് യാതൊരു വിലയും കൽപ്പിക്കാതെ സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുന്നവരായിരിക്കും. അങ്ങനെ ജീവിക്കുന്നതിൽ അവർക്കു യാതൊരു കുറ്റബോധവും തോന്നുകയില്ല. അവരുടെ മനം ആ നിലയിൽ തഴമ്പിച്ചു പോയിരിക്കുന്നു എന്നാണ് 19-ാം വാക്യം പറയുന്നത്.
ഈ വേദഭാഗത്തെ അതിന്റെ അർത്ഥമെന്ന് പറയുന്നത് ഒരുവനു ഒരു കാര്യത്തിന്റെ യഥാർത്ഥ അർത്ഥമൊ, അതിന്റെ ശരിയായ മൂല്യമൊ, ദൈവം കാണുന്നതുപോലെ കാണുവാൻ കഴിഞ്ഞില്ലെങ്കിൽ, ആ മനുഷ്യൻ തന്റെ ലക്ഷ്യമായി വെക്കുന്നത്, ദൈവമഹത്വമല്ല. തന്റെ മഹത്വമാണ്. അവൻ തന്റെ (ശരീരത്തിന്റെ) ജഡത്തിന്റെ സംതൃപതിക്കു വേണ്ടി എല്ലാം ചെയ്യുന്നു. അതു മദ്യപാനമാകം, സെക്സ് ആകാം, ഭക്ഷണമാകാം, ഡ്രഗ്സ് ആകാം. ഇവയെല്ലാം തന്റെ സ്വാർത്ഥ താത്പ്പര്യങ്ങളുടെ നിവൃത്തിക്കായി അവൻ ചെയ്യുന്നു. അതു ബൗദ്ധിക തലത്തിലൊ കലാ സാംസ്കാരിക തലത്തിലൊ തന്റെ ജഡത്തിന്റെ സംതൃപ്തി കണ്ടെത്തുന്നു. അവൻ കയീന്റെ സന്തതികളെ പോലെ, ദൈവത്തെ കൂടാതെയുള്ള എല്ലാ പരിപാടികളിലും തന്റെ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുന്നു.
കഠിനപ്പെട്ടതും, അന്ധതയും അജ്ഞതയും നിറഞ്ഞ ഹൃദയം, തന്നിഷ്ടവും അത്യാഗ്രഹവും ഉള്ള ഹൃദയമായിരിക്കും.
അഞ്ചാമതായി, കാഠിന്യവും അന്ധതയും അജ്ഞതയും തന്നിഷ്ടവും നിറഞ്ഞ ഹൃദയം സ്വാഭാവികമായും അശുദ്ധിയിലേക്ക് തിരിയും. 19-ാം വാക്യത്തിന്റെ അവസാനത്തിൽ നാം അതാണ് കാണുന്നത് “"greedy to practice every kind of uncleanness." “അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു." തന്നിഷ്ടക്കാർ ദൈവം അശുദ്ധമായി കാണുന്നതിന്റെയൊക്കേയും പിന്നാലെ പോകുന്നവരാണ്. റോമർ 1:24-26 “അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. 25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.” അവർ ദുഷ്ക്കാമത്തിലേക്കു തിരിയുന്നു. അശുദ്ധി എത്ര ചെയ്താലും അവർക്കു മതിവരികയില്ല. അവർ അശുദ്ധിക്ക് തങ്ങളെ തന്നെ ഏൽപ്പിച്ചുകൊടുത്തിരിക്കുകയാണ്. നാം ഇവിടെ കണ്ട എല്ലാ തിന്മകളൂം റോമാലേഖനം ഒന്നാം അദ്ധ്യായത്തിൽ കണ്ട അവിശ്വാസികളുടെ അതെ പാപസ്വഭാവത്തെയാണ് കാണിക്കുന്നത്.
അങ്ങനെ നാം നമ്മുടെ ബാഹ്യമായ പെരുമാറ്റത്തിന്റെ തലത്തിൽ എത്തി നിൽക്കുകയാണ്. ക്രിസ്തുവിനെ കൂടാതെ, ക്രിസ്തുവിനാൽ രൂപാന്തരം വരാത്തവരുടെ നടപ്പ് അഥവാ ജീവിതരീതി വ്യർത്ഥബുദ്ധിയിലുള്ള നടപ്പാണ്. അങ്ങനെ വ്യർത്ഥബുദ്ധി അനുസരിച്ചുള്ള നടപ്പ് ജാതികൾക്കു പറഞ്ഞിട്ടുള്ളതാണ്, ആ ഒരു നടപ്പാണ് നമുക്ക് ഇപ്പോഴുമുള്ളത് എങ്കിൽ നാം രക്ഷിക്കപ്പെടണം. അല്ലെങ്കിൽ യേശുക്രിസ്തുവിനെ നിങ്ങൾ അറിയണം.
മനുഷ്യഹദയത്തിന്റെ പ്രശ്നം നിസ്സാരമാണ് എന്ന് ചിന്തിക്കരുത്. മാരകമായ ക്യാൻസർ തന്നെയാണ് മനുഷ്യനെ ബാധിച്ചിരിക്കുന്നത്. കാഠിന്യത്തിന്റേയും അന്ധകാരത്തിന്റേയും, അജ്ഞതയുടേയും തന്നിഷ്ടത്തിന്റേയും ആയ കാൻസർ. ഈ ഒരു അസുഖത്തിൽ നിന്നും എന്തെങ്കിലും കുറുക്കു വഴിയിലൂടെ, ഏതെങ്കിലും സെമിനാറിലൂടെയൊ, ചെറിയ തോതിൽ ആറ്റിട്ട്യൂഡ് –മനോഭാവം വ്യത്യാസപ്പെടുത്തുന്നതിലുടേയൊ രക്ഷനേടാൻ ആവുകയില്ല. അതുകൊണ്ടാണ് പലരും അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് നാം പറയുന്നത്. അവരോക്കേയും മനുഷ്യന്റെ വഴിയെയാണ് പോകുന്നത്, അവർ ദൈവത്തിന്റെ വഴിയെയല്ല.
ആ വഴി എന്നു പറയുന്നത്, തിന്മയുടെ അവസാനത്തെ തലമായ, excluded from the life of God ദൈവത്തിന്റെ ജീവനിൽ നിന്ന് അകന്നുപോകുന്നു എന്നതാണ്. ഹൃദയകാഠിന്യവും അന്ധതയും അജ്ഞതയും തന്നിഷ്ടവും അത്യാഗ്രഹത്തോടെയുള്ള അശുദ്ധി പ്രവർത്തിക്കലും ജീവദാതാവായ ദൈവത്തിൽ നിന്നു ഒരുവനെ അകറ്റുന്നു. അതായത്, അവൻ മരിച്ച അവസ്ഥയിൽ തന്നെ കഴിഞ്ഞു കുടുന്നു.
ഈയൊരു അവസ്ഥയിൽ നിന്നു, ആഴമായ ധാർമ്മിക അധഃപ്പതനത്തിൽ നിങ്ങളെ കരകയറ്റാൻ, ഒരു പുരുഷനൊ, സ്ത്രീക്കൊ, ഒരു പുസ്തകത്തിനൊ, സെമിനാറിനൊ, അതല്ലെങ്കിൽ ഒരു പ്രോഗ്രാമിനൊ സാധിക്കയില്ല. അതു ദൈവത്തിനു മാത്രമെ കഴിയു. അതു സുവിശേഷം കേൾക്കുക എന്നതാണ്.
3. യേശുവിന്റെ സ്വരം ശ്രവിക്കുക
എന്നാൽ സന്തോഷവാർത്ത എന്തെന്നാൽ അവനു വ്യർത്ഥബുദ്ധിയിൽ ജീവിക്കേണ്ട ആവശ്യമില്ല. അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴിയെക്കുറിച്ഛാണ് 20-21 വാക്യങ്ങൾ അപ്പൊസ്തലൻ പറയുന്നത്: “നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ 21 ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു." “നിങ്ങൾ യേശുക്രിസ്തുവിനെക്കുറിച്ച് കേട്ടിരിക്കുന്നു എങ്കിൽ ഈ നിലയിൽ നിങ്ങളുടെ ജീവിതം തുടരുമായിരുന്നില്ല. യേശുക്രിസ്തുവിന്റെ വഴിയെയല്ല നിങ്ങളുടെ പോക്ക്. യേശുക്രിസ്തുവിനെ നിങ്ങൾ ഈ നിലയിൽ കേട്ടിട്ടില്ല. എന്നാൽ നിങ്ങൾ അവനെ കേൾക്കുകയും അവനിൽ നിന്നു പഠിക്കുകയും ചെയ്തിട്ടൂണ്ടെങ്കിൽ യേശു ആകുന്നു സത്യത്തിന്റെ വഴി.
ആകയാൽ, വ്യർത്ഥബുദ്ധിയിൽ നിന്നു വിടുതൽ പ്രാപിക്കാനുള്ള മാർഗ്ഗം, യേശുവിന്റെ സ്വരം ശ്രവിക്കയും അവനാൽ പഠിപ്പിക്കപ്പെടുകയും ചെയ്യുക എന്നുള്ളതാണ്. അവനെക്കുറിച്ചു നിങ്ങൾ കേൾക്കുകയും അവനിൽ നിന്നു നിങ്ങൾ പഠിക്കയും ചെയ്യുക. നിങ്ങൾക്ക് വ്യർത്ഥബുദ്ധിയിൽ ഇനി മുന്നോട്ടുപോകേണ്ട ആവശ്യമില്ല. നിങ്ങൾ വാസ്തവമായി, യേശുക്രിസ്തുവിനെ കേട്ടവരെങ്കിൽ തീർച്ചയായും നിങ്ങൾ വ്യർത്ഥബുദ്ധിയിൽ നടക്കുകയില്ല.
യേശു പറഞ്ഞു "ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു;” (യോഹ 5:25). ജീവനിൽ നിന്ന് അകന്ന് ജീവിക്കേണ്ട ആവശ്യമില്ല. യേശുക്രിസ്തു നിങ്ങളുടെ രോഗം എന്തെന്ന് വ്യക്തമാക്കുകയും അതിനു പ്രതിവിധിയായി തന്നെത്തന്നെ നൽകയും, തന്നെത്തന്നെ നിങ്ങളുടെ ഉപദേഷ്ടാവാക്കി വെക്കുകയും ചെയ്തിരിക്കുന്നു. അവന്റെ സ്വരം ശ്രവിച്ച് അവനെ അനുഗമിക്കുന്നവരാണ് അവന്റെ ആടുകൾ. യോഹന്നാൻ 10:26-27 ൽ നാം ഇപ്രകാരം വായിക്കുന്നു “നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; 27 ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു” നിങ്ങൾ അവന്റെ ശബ്ദം കേൾക്കുകയും അവനെ അനുഗമിക്കയും ചെയ്യുന്നു എങ്കിൽ നിങ്ങൾ ജീവനിൽ നിന്ന് അകന്നിരിക്കയില്ല. നിങ്ങളുടെ ജീവിതം വ്യർത്ഥമാവുകയുമില്ല. അവൻ നിങ്ങളെ എന്നേക്കും ജീവിക്കുമാറാക്കും. ആകയാൽ നമുക്കു നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാം. നാം വ്യർത്ഥബുദ്ധിയിൽ നടക്കുന്നവരൊ? കർത്താവിനെ നിങ്ങളുടെ ഹൃദയകാഠിന്യം നീക്കുവാൻ അനുവദിക്കുന്നു എങ്കിൽ തീർച്ചയായും കർത്താവു നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഇപ്പോഴത്തെ ജിവിതത്തിന്റെ എല്ലാ മേഖലയിലും നിങ്ങൾക്ക് അവനിൽ അർത്ഥം കണ്ടെത്താനും സാധിക്കും. ക്രിസ്തുവിൽ സത്യമുണ്ട് എന്ന വലിയ പ്രഖ്യാപനത്തോടെ ഈ വാക്യം അവസാനിക്കുന്നു. യേശു പറഞ്ഞു: “സത്യം നിങ്ങളെ സ്വതന്ത്രരാക്കും.” ഹദയകാഠിന്യത്തിൽ നിന്നും, അന്ധതയിൽ നിന്നും അജ്ഞതയിൽ നിന്നും, തന്നിഷ്ടത്തിൽ നിന്നും, അശുദ്ധിയിൽ നിന്നും ജീവനിൽ നിന്നുള്ള വേർപാടിൽ നിന്നും സ്വതന്ത്രരാകാം സത്യം/യേശുക്രിസ്തു നിങ്ങളെ വ്യർത്ഥബുദ്ധിയിൽ നിന്നും വിടുവിക്കട്ടെ.
*******