top of page
എഫെസ്യ ലേഖന പരമ്പര -15
P M Mathew
MAR 22, 2015

Be renewed in the spirit of your mind!
മനസ്സു പുതുക്കി രൂപാന്തരപ്പെടുക!

Ephesians 4:22-24

ആമുഖം

വിശ്വാസവും പ്രായോഗിക ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു വേദഭാഗമാണ് എഫെ 4:17-5:20 വരെയുള്ള വേദഭാഗങ്ങൾ. അതിന്റെ ആദ്യഭാഗമെന്ന നിലയിൽ 4:17-21 വരെയുള്ള വാക്യങ്ങൾ നാം പഠിക്കുകയുണ്ടായി. അതിന്റെ തുടർന്നുള്ള 4:22-24 വരേയുള്ള വേദഭാഗമാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. ഇതിലെ വിഷയം എന്നത് വിശ്വാസവും നമ്മുടെ പ്രായോഗിക ജീവിതവും ആണ്.

ദൈവത്തിന്റെ രക്ഷിക്കുന്ന കൃപ കൂടാതെയുള്ള മനുഷ്യജീവിതത്തിന്റെ അവസ്ഥ എന്താണ് എന്നാണ് 4 ന്റെ 17-21 വരെ വാക്യങ്ങളിൽ നാം കണ്ടത്. മനുഷ്യൻ തന്റെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നു. മനുഷ്യനെ തന്റെ വ്യർത്ഥബുദ്ധിയിൽ നടക്കുവാൻ ഇടയാക്കുന്ന ഹൃദയത്തിന്റെ ആറു നിലകളിലുള്ള corruption/മലിനതകളെക്കുറിച്ചു നാം ചിന്തിച്ചു. ക്രിസ്തുവിന്റെ രക്ഷിക്കുന്ന കൃപ ഇല്ലെങ്കിൽ അവന്റെ ഹൃദയം ആറു നിലകളിൽ മലിനപ്പെട്ടിരിക്കുന്നു. ഈ മാലിന്യം അവനെ ദൈവസന്നിധിയിൽ അസ്വീകാര്യനാക്കി തീർക്കുന്നു. അവനു ദൈവ സന്നിധിയിൽ പ്രവേശനം ഉണ്ടായിരിക്കയില്ല. അത് അവനെ യാതൊരു പ്രതീക്ഷക്കൊ പ്രത്യാശക്കൊ വകയില്ലാത്തവനാക്കിത്തീർക്കുന്നു.

എഫെസ്യർ 4:22-24

"മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു 24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ."

ആമുഖം

വിശ്വാസവും പ്രായോഗിക ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു വേദഭാഗമാണ് എഫെ 4:17-5:20 വരെയുള്ള വേദഭാഗങ്ങൾ. അതിന്റെ ആദ്യഭാഗമെന്ന നിലയിൽ 4:17-21 വരെയുള്ള വാക്യങ്ങൾ നാം പഠിക്കുകയുണ്ടായി. അതിന്റെ തുടർന്നുള്ള 4:22-24 വരേയുള്ള വേദഭാഗമാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. ഇതിലെ വിഷയം എന്നത് വിശ്വാസവും നമ്മുടെ പ്രായോഗിക ജീവിതവും ആണ്.

ദൈവത്തിന്റെ രക്ഷിക്കുന്ന കൃപ കൂടാതെയുള്ള മനുഷ്യജീവിതത്തിന്റെ അവസ്ഥ എന്താണ് എന്നാണ് 4 ന്റെ 17-21 വരെ വാക്യങ്ങളിൽ നാം കണ്ടത്. മനുഷ്യൻ തന്റെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നു. മനുഷ്യനെ തന്റെ വ്യർത്ഥബുദ്ധിയിൽ നടക്കുവാൻ ഇടയാക്കുന്ന ഹൃദയത്തിന്റെ ആറു നിലകളിലുള്ള corruption/മലിനതകളെക്കുറിച്ചു നാം ചിന്തിച്ചു. ക്രിസ്തുവിന്റെ രക്ഷിക്കുന്ന കൃപ ഇല്ലെങ്കിൽ അവന്റെ ഹൃദയം ആറു നിലകളിൽ മലിനപ്പെട്ടിരിക്കുന്നു. ഈ മാലിന്യം അവനെ ദൈവസന്നിധിയിൽ അസ്വീകാര്യനാക്കി തീർക്കുന്നു. അവനു ദൈവ സന്നിധിയിൽ പ്രവേശനം ഉണ്ടായിരിക്കയില്ല. അത് അവനെ യാതൊരു പ്രതീക്ഷക്കൊ പ്രത്യാശക്കൊ വകയില്ലാത്തവനാക്കിത്തീർക്കുന്നു.

മനുഷ്യനെ വൃർത്ഥബുദ്ധിയിൽ നടക്കാൻ പ്രേരിപ്പിക്കുന്ന 6 മലിനതകൾ

മനുഷ്യനെ തന്റെ വ്യർത്ഥബുദ്ധിയിൽ നടക്കാൻ പ്രേരിപ്പിക്കുന്ന ഈ മലിനതകളെക്കുറിച്ച് ചുരുക്കമായി പറഞ്ഞ് അതിന്റെ പ്രതിവിധിയിലേക്ക് കടക്കാമെന്ന് ഞാൻ വിചാരിക്കുന്നു.

ഒന്നാമതായി, മനുഷ്യനെ വ്യർത്ഥബുദ്ധിയിൽ നടക്കുവാൻ പ്രേരിപ്പിക്കുന്ന പ്രധാന സംഗതി മനുഷ്യന്റെ ഹൃദയകാഠിന്യമാണ്. 18-ാം വാക്യം അതാണ് പറയുന്നത് “അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നെ” വ്യർത്ഥബുദ്ധിയിൽ നടക്കുന്നു. ഹൃദയകാഠിന്യം നിമിത്തമാണ് ഒരുവൻ വ്യർത്ഥബുദ്ധിയിൽ നടക്കുന്നത്. അവന്റെ ഹൃദയകാഠിന്യം ദൈവത്തോടും ദൈവിക വചനത്തോടും അവനെ മത്സരിപ്പിക്കുന്നു. ദൈവത്തിനെതിരെയുള്ള ഈ ഹൃദയകാഠിന്യം അവനെ അജ്ഞതയിലേക്ക് നയിക്കുന്നു. അതായത്, ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനമില്ലാത്തവനായി നടക്കുന്നു.

രണ്ടാമതായി, അവന്റെ വിവേകത്തെ (understanding മൂടുന്ന അന്ധകാരമാണ്. അതായത്, അവരുടെ വിവേകത്തിനു/ബുദ്ധിയ്ക്ക് അന്ധത ബാധിച്ചിരിക്കുന്നു. അതല്ലെങ്കിൽ അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടൂപോയിരിക്കുന്നു.

മൂന്നാമതായി, ഈ അന്ധകാരത്തിന്റെ ഫലമായി, യാഥാർത്ഥ്യത്തെ കുറിച്ച് അവൻ അജ്ഞനായിരിക്കുന്നു. അവൻ ചിലപ്പോൾ പല ഡോക്ക്ടറേറ്റ് ഉള്ള വ്യക്തി ആയിരിക്കാം. അവനു 10000 കാര്യങ്ങൾ അറിയാമായിരിക്കാം. എന്നാൽ ഒന്നിന്റേയും ശരിയായ അർത്ഥമൊ, അത് എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നോ അവൻ അറിയുന്നില്ല. ദൈവത്തോടും നിത്യതയോടൂം അവയ്ക്കുള്ള ബന്ധമെന്താണ് എന്ന് അറിയുന്നില്ല.

നാലാമതായി, അവന്റെ ഹൃദയത്തിന്റെ കാഠിന്യവും, അന്ധകാരവും, അജ്ഞതയും അവനെ തന്നിഷ്ടത്തിലേക്ക് നയിക്കുന്നു. സ്വന്ത ഇഷ്ടം ചെയ്യുന്നതിലേക്ക് അവനെ നയിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അവൻ അന്വേഷിക്കുന്നില്ല. അവൻ ജീവനിൽ നിന്ന് അകന്നു മനം തഴമ്പിച്ചു പോയവനാണ്. അവന്റെ ഹൃദയത്തിന്റെ സെൻസിറ്റിവിറ്റി നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കാര്യത്തിന്റെ യഥാർത്ഥ അർത്ഥമൊ, അതിന്റെ ശരിയായ മൂല്യമൊ, ദൈവം കാണുന്നതുപോലെ കാര്യങ്ങളെ കാണുവാൻ കഴിഞ്ഞില്ലെങ്കിൽ, അവൻ തന്റെ ലക്ഷ്യമായി വെക്കുന്നത്, ദൈവമഹത്വമല്ല. സ്വന്ത മഹത്വമാണ്. അവൻ തന്റെ ശരീരത്തിന്റെ സംതൃപതിക്കു വേണ്ടി എല്ലാം ചെയ്യുന്നു. അതു മദ്യപാനമാകം, സെക്സ് ആകാം, ഭക്ഷണമാകാം, ഡ്രഗ്സ് ആകാം. അതല്ലെങ്കിൽ ബൗദ്ധിക തലത്തിലൊ കലാ സാംസ്കാരിക തലത്തിലൊ തന്റെ ജഡത്തിന്റെ സംതൃപ്തിക്കായി യത്നിക്കുന്നു. അതവനെ മോഹത്തിലേക്കും അശുദ്ധിയിലേക്കും ദുഷ്കാമത്തിലേക്കും തിരിക്കുന്നു. എത്ര അശുദ്ധി ചെയ്താലും അവനു മതിവരികയില്ല. ഇതെല്ലാം ചേർന്ന് അവസാന പടിയായ വ്യർത്ഥബുദ്ധിയിൽ നടക്കുവാൻ അവനെ ഇടയാക്കി തീർക്കുന്നു.

അവന്റെ ഈ നടപ്പുകൊണ്ട് നിത്യതയോട് ബന്ധപ്പെട്ട യാതൊരു കാര്യവും നിവർത്തിക്കുന്നില്ല. എന്നു മാത്രമല്ല, വ്യർത്ഥജീവിതം നയിച്ചുകൊണ്ട് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും ചെലവിടുന്നു. രാജാധിരാജാവായ ദൈവത്തിന് തന്റെ ജീവിതം കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. അർത്ഥമില്ലാത്ത ജീവിതം കൊണ്ട് തന്റെ ഈ ഭൂമിയിലെ ജീവിതം അവസാനിക്കുന്നു. അങ്ങനെയുള്ളവരുടെ ജീവിതത്തെ ഈ നിലയിൽ ഉപമിക്കുവാൻ സാധിക്കും.

ദൈവത്തോട് ആലോചന കഴിക്കതെ, സ്വന്തം പേരു നിലനിർത്താൻ വേണ്ടി, ബാബേൽ ഗോപുരം പണിയുന്നതും അതു പൂർത്തിയാകും മുൻപേ പണി ഉപേക്ഷിച്ചു കളഞ്ഞതും പോലെ വ്യർത്ഥമായ പണികളിൽ അവൻ ഏർപ്പെടുന്നു. അവരെക്കുറിച്ച് സുവിശേഷങ്ങളിൽ മാത്രമല്ല, ലേഖനങ്ങളിലും പരാമർശിച്ചിരിക്കുന്നത് നമുക്കു കാണുവാൻ കഴിയും.

“ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവൾ (1 തിമോ, 5:6).
“മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ (ലൂക്ക് 9:60),
“ലംഘനങ്ങളാലും പാപങ്ങളാലും മരിച്ചവർ (എഫെ 2:1),
“അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ” (ഏഫെ 2:12).

1. വ്യർത്ഥബുദ്ധിയിൽ നടക്കുന്നതിൽ നിന്നു മനുഷ്യനെ രക്ഷിക്കുന്നതു സുവിശേഷം (The gospel saves man from walking in futility)

ദൈവത്തിന്റെ കൃപ നമ്മുടെ ഹൃദയകാഠിന്യത്തെ തകർക്കുന്നതുവരെ, നാമെല്ലാവരും ഈ അവസ്ഥയിലുള്ളവരാണ്, സുവിശേഷം നമ്മുടെ ഹൃദയത്തിന്റെ അന്ധകാരം നീക്കി അതിനെ വെളിച്ചമുള്ളതാക്കി തീർക്കുന്നതുവരെ അതു അന്ധകാരവും അജ്ഞതയുമുള്ളതായി തുടരും. ക്രിസ്തുവിലുള്ള വിശ്വാസത്താൽ വീണ്ടും ജനനം പ്രാപിക്കുന്നതുവരെ, അവൻ മരണത്തിൽ തുടരും. എന്നാൽ 17-ാം വാക്യത്തിൽ പൗലോസ് പറയുന്നു :”നിങ്ങൾ വ്യർത്ഥബുദ്ധിയിൽ നടക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ജീവിതം ഇനി വ്യർത്ഥമായി തുടരേണ്ട ആവശ്യമില്ല.

ഈ ലേഖനം വായിക്കുന്ന എഫേസ്യരിൽ ചിലർ തങ്ങളുടെ വ്യർത്ഥബുദ്ധിയിൽ നടക്കുന്നവരാണ്; അവർ വാസ്തവത്തിൽ ക്രിസ്ത്യാനികൾ അല്ല എന്ന് പൗലോസ് അനുമാനിച്ചു കൊണ്ട് താൻ അവരോടു പറയുന്നു "you did not so learn Christ" “ക്രിസ്തുവിനെ കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.” നിങ്ങൾ ഇപ്പോഴും ഈ നിലയിലാണ് മുന്നോട്ടു പോകുന്നത് എങ്കിൽ “ക്രിസ്തുവിനെ കുറിച്ച് നിങ്ങൾ പഠിച്ചിട്ടില്ല.”

രണ്ടു മാസം മുൻപ് പാലക്കാട് വെച്ച് ഒരു യൂത്ത് ക്യാമ്പ് നടന്നു. അതിനു സുനിൽ സഹോദരനും ഒരു ക്ലാസ് എടുത്തിരുന്നു. ഞാൻ സുനിലിനോട് എന്തിനെക്കുറിച്ചായിരുന്നു ക്ലാസ് എടുത്തത് എന്ന് ചോദിച്ചതിനു സുനിൽ പറഞ്ഞത് ഞാൻ അവിടെ സുവിശേഷം പറയുകയായിരുന്നു എന്നാണ്. ഇനി വരാൻ പോകുന്ന ജെനറൽ ക്യാമ്പിലും ഒരു വിഷയമെന്നത് സുവിശേഷമായിരിക്കും. പൗലൊസും തന്റെ വായനക്കാരിൽ ചിലരെങ്കിലും ഇനിയും സുവിശേഷം നന്നായി മനസ്സിക്കിയിട്ടില്ല എന്ന ചിന്തയിലാണിതെഴുതുന്നത്. തന്റെ വായനക്കാരിൽ ചിലരെങ്കിലും കേവലം പള്ളിയിൽ വരുകയും പോവുകയും ചെയ്യുന്നവർ മാത്രമാണ്. അതുകൊണ്ട് പൗലോസ് അവരൊടു രണ്ടു കാര്യങ്ങൾ പറയുന്നു “നിങ്ങൾ ഇനി വ്യർത്ഥബുദ്ധിയിൽ നടക്കേണ്ട ആവശ്യമില്ല. അതിന്റെ കാരണം ഒന്ന് നിങ്ങൾ ക്രിസ്തുവിനെക്കുറിച്ചു കേട്ടിരിക്കുന്നു രണ്ട് നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ, അവനിൽ ഉപദേശം ലഭിച്ചുമിരിക്കുന്നു.

ഇനി ഇതെന്താണ് അർത്ഥമാക്കുന്നത് എന്ന് നോക്കാം. നിങ്ങളുടെ ഹൃദയത്തിന്റെ കാഠിന്യവും, അതുമൂലമുള്ള അന്ധതയും തന്നിഷ്ടവും, അശുദ്ധിയും മൂലം വ്യർത്ഥബുദ്ധിയിലുള്ള നടപ്പിൽ നിന്ന് രക്ഷ പ്രാപിക്കുവാൻ യേശുവിന്റെ സുവിശേഷം ശ്രവിക്കുക. യേശു നിങ്ങളുടെ ഹൃദയകാഠിന്യത്തെ നീക്കി അത് ദൈവവചനത്തോട് പ്രതികരിക്കുവാൻ തക്കവണ്ണം അതിനെ പാകപ്പെടുത്തട്ടെ. പിന്നെ അവനിൽ നിന്നു പഠിക്കേണ്ടതിനു യേശുവിനെ നിങ്ങളുടെ വിശ്വസ്തനായ യജമാനൻ/അദ്ധ്യാപകൻ ആക്കുക.

ഹൃദയകാഠിന്യവും അജ്ഞതയും അന്ധതയുമായി നടക്കുന്നവർ സേവിക്കുന്നത് അതിന്റെ യജമാനനായ, ഈ ലോകത്തിന്റെ അതിപതിയായ, പിശാചിനെയാണ്. അവർ തങ്ങളുടെ പഴയ യജമാനനെ മാറ്റി ആ സ്ഥാനത്ത് പുതിയ യജമാനനെ സ്ഥാപിക്കേണ്ടിയിരിക്കുന്നു.

അതായത്, സുവിശേഷത്തിനു ചെവികൊടുത്തുകൊണ്ട് പഴയ യജമാനനിൽ നിന്നും സ്വതന്ത്രരാകുക. യേശുവിന്റെ സുവിശേഷത്തിനു എല്ലാ കാഠിന്യത്തേയും തകർക്കാൻ ശക്തിയുണ്ട്. അവന്റെ ശബ്ദത്തിനു എല്ലാ ബന്ധനങ്ങളേയും അറുത്തു കളയാനുള്ള ശക്തിയുണ്ട്. അവന്റെ വചനത്തിനു നിങ്ങളുടെ അജ്ഞതയേയും അന്ധതയേയും മൃതാവസ്ഥയേയും മാറ്റി ജീവൻ പകരാനുള്ള ശക്തിയുണ്ട്.

അവന്റെ ശക്തിയെ മനസ്സിലാക്കാൻ കഴിയുന്ന ഒരു വേദഭാഗം നമുക്ക് വായിക്കാം. മർക്കോസ് 5:1-4 വരെ വാക്യങ്ങൾ "അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.2 പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.3 അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. 4 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല." എന്നാൽ ഇങ്ങനെയുള്ള ഭൂതഗ്രസ്തൻ യേശുവിന്റെ സ്വരം ശ്രവിച്ചപ്പോൾ എന്താണ് സംഭവിച്ചത്. അവന്റെ ശബ്ദം ആ ഭൂതഗ്രസ്ഥനെ വിടുവിച്ചു. അവന്റെ ഭൂതബാധമാറി. അവൻ “വസ്ത്രം ധരിച്ചും സുബോധം പൂണ്ടൂം” ഇരിക്കുന്നവനായിട്ടാണ് ജനം അവനെ കാണുന്നത് (മർക്കോസ് 5:15). സുബോധമില്ലാതെ, തന്നെത്താൻ പീഡിപ്പിച്ചു ജീവിച്ച അവനെ സുബോധമുള്ളവനും ക്രിസ്തുവിന്റെ പിന്നാലെ ഇറങ്ങിത്തിരിക്കുന്നവനും ആക്കിത്തീർത്തത് യേശുവിന്റെ സ്വരമാണ്. യേശുവിന്റെ ശബ്ദം അവനിൽ വരുത്തിയ വ്യത്യാസം നോക്കുക: “അവൻ (യേശു) പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു" (മർക്കൊസ് 5:18). അവന്റെ വിശ്വാസത്തിന്റെ റിസൾട്ട് ആണിത്. യേശുക്രിസ്തുവിലുള്ള വിശ്വാസം എങ്ങനെയുള്ള പ്രതികരണം അവനിൽ ഉളവാക്കി എന്ന് കാണുക. LORD, let me with you.” “ഞാനും നിന്നോടുകൂടെ പോരട്ടെ.” അവൻ യേശുവിനോടുകുടെ ഇരിക്കുവാൻ അതല്ലെങ്കിൽ യേശുവിനെ അനുഗമിക്കുവാൻ അവൻ ആഗ്രഹിച്ചു. അവൻ തന്റെ വ്സത്രം മാറി സുബോദമുള്ളവനായിട്ടാണ് യേശുവിന്റെ സമീപെ ഇരുന്നത്. അവൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടൂം “യേശുവിനോടു കൂടെയിരിപ്പാനും അവനെ അനുസരിക്കുവാനും ആഗ്രഹിച്ചു. ശരിയായ വിശ്വാസം ഒരുവനെ എങ്ങനെ അനുസരണത്തിലേക്കു നയിക്കുന്നു എന്നതിന്റെ ഒരു നല്ല ഉദാഹരണമാണിത്.

നിങ്ങളുടെ ജീവിതത്തിലും ഇതു സംഭവിക്കണം എങ്കിൽ മാത്രമെ ഇനി പറയുവാൻപോകുന്ന കാര്യങ്ങൾ ബാധകമാക്കാൻ കഴിയുകയുള്ളു. ആന്ധകാരത്തിൽ നിന്നു വെളിച്ചത്തിലേക്കും, അജ്ഞാനത്തിൽ നിന്നും ജ്ഞാനത്തിലേക്കും, മരണത്തിൽ നിന്നും ജീവനിലേക്കും വരാനുള്ള യേശുക്രിസ്തുവിന്റെ വിളിക്കു ഇനിയും നിങ്ങൾ ചെവി കൊടുത്തിട്ടില്ലെങ്കിൽ യേശുവിന്റെ ശബ്ദത്തിനു ചെവി കൊടുക്കുക. യേശു സുവിശേഷങ്ങളിൽ പലപ്പോഴും ആവർത്തിച്ചു പറഞ്ഞു കാണുന്നത് നോക്കുക: " ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ" (ലൂക്ക് 8:18). “കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ട.” (മർക്ക് 4:23).

“നിങ്ങളെ ഉണർത്തുന്ന” യേശുവിന്റെ വിളി കേൾക്കുന്നു എങ്കിൽ പൗലോസ് 21-ാം വാക്യത്തിൽ ഇപ്രകാരം പറയുന്നു: “യേശുവിൽ സത്യം ഉള്ളതുപോലെ അവനിൽ നിന്നു ഉപദേശം പ്രാപിക്കുക.” നിങ്ങൾ സന്തോഷത്തോടും ഹൃദയപൂർവ്വവും ക്രിസ്തുവിന്റെ ഉപദേശം സ്വീകരിപ്പാനായി ഒരങ്ങുക. കർത്താവിന്റെ സ്കൂളിൽ ചേരുവാൻ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഇവിടെയാണ് നാം ഇന്ന് രാവിലെ സമയം എത്തിച്ചേർന്നിരിക്കുന്നത്. ഇനി നമുക്ക് ഇന്നത്തെ വേദഭാഗം ഒന്നു വായിക്കാം: എഫെ 4: 22-25 " മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു 24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. 25 ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ."

22-25 വരെ വാക്യങ്ങൾ “ക്രിസ്ത്യാനികൾക്കുള്ള/വിശ്വാസികൾക്കുള്ള” കർത്താവിന്റെ ഉപദേശമാണ്. യേശുക്രിസ്തുവിന്റെ സിവിശേഷത്താൽ ഉണർത്തപ്പെട്ടവർക്കുള്ള ഉപദേശമാണിത്. ഉള്ളിൽ നിത്യജീവന്റെ പുതിയ അനുഭവം പ്രാപിച്ചവർക്കും അതുവഴി ക്രിസ്തുവിന്റെ ശിഷ്യത്വപാത പിന്തുടരുന്നതിനുള്ള ഉപദേശമാണ് ഇവിടേയും തുടർന്നങ്ങോട്ടുള്ള വേദഭാഗങ്ങളിലും പൗലോസ് നൽകുന്നത്. ജാതികളെ പോലെ തങ്ങളൂടെ വ്യർത്ഥബുദ്ധിയിൽ നടക്കുവാൻ ആഗ്രഹിക്കാത്തവർക്കുള്ള ഉപദേശമാണിത്. അവരോടു താൻ പറയുന്നു : ദൈവത്തിന്റെ നീതിക്കും വിശുദ്ധിക്കും ചേർന്ന പുതിയ ഉടുപ്പു ധരിച്ചുകൊണ്ട് ദൈവത്തോടു ചേർന്നു ജീവിക്കുവിൻ.

ക്രിസ്തുവിന്റെ സ്വരം ശ്രവിച്ച്, ജീവനും വിശ്വാസവും പ്രാപിച്ച്, യേശുവിനോടു ചേർന്ന് എങ്ങനെ ജീവിക്കണം എന്ന് പഠിക്കുവാൻ തീരുമാനിച്ചവരോട് തനിക്ക് ആദ്യമായി പറയുവാനുള്ളത് നിങ്ങളുടെ പഴയവസ്ത്രം ഉരിഞ്ഞുകളയുക എന്നതാണ്.

അത്തിയില തുന്നിക്കൂട്ടി യഹോവയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മനുഷ്യനോട് യഹോവ എന്താണ് ചെയ്തത് എന്ന് നമുക്കറിയാം. ഉൽപ്പത്തി 3:21 “യഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.” യഹോവ അവർ സ്വയം തുന്നിയുണ്ടാക്കിയ വസ്ത്രം മാറ്റി പുതിയ വസ്ത്രം അവർക്കു നൽകി. അതു വരാൻ പോകുന്നതിന്റെ ഒരു നിഴലായിരുന്നു. ഇവിടെയാണ് കർത്താവ് ആദാമ്യ വസ്ത്രം മാറ്റി പുതിയ വസ്തം നൽകുന്നത്. പൗലോസ് പറയുന്നു “നിങ്ങളുടെ പഴയവസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിക്കുക. അതല്ലെങ്കിൽ നിങ്ങളിലെ പഴയ മനുഷ്യനെ മാറ്റി പുതിയ മനുഷ്യനെ ധരിക്കുക.

2. എന്താണ് ഈ പഴയവസ്ത്രവും പുതിയ വസ്ത്രവും? അതല്ലെങ്കിൽ എന്താണ് ഈ പഴയമനുഷ്യനും പുതിയ മനുഷ്യനും? (What is this old dress and new dress? Or what is this old man and the new man?)
25-ാം വാക്യത്തിൽ അതിനുള്ള ഒരു ക്ലൂ ഉണ്ട്. അതു “ഉപേക്ഷിക്കുക” എന്ന വാക്കാണ്. 22 ലും 25 ലും അത് ആവർത്തിച്ചിരിക്കുന്നതു കാണാം. പഴയമനുഷ്യനെ “ഉപേക്ഷിക്കുക”. അതുകൊണ്ട് എന്താണ് പൗലോസ് അർത്ഥമാക്കിയത് എന്നതിനു ഒരു ഉദാഹരണം പൗലോസ് അവിടെ ചുണ്ടീക്കാണിക്കുന്നുണ്ട് “ഭോഷ്ക്കു ഉപേക്ഷിക്കുക, പഴയജീവിതത്തിന്റെ ഭാഗമായ ഭോഷ്ക്കു/വഞ്ചന/തെറ്റായ ശിലങ്ങൾ ഉപേക്ഷിക്കുക.

മറ്റൊരു ക്ലൂ കൊളൊസ്യർ 3:8-9 ൽ കാണാം. “8 ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ. 9 അന്യോന്യം ഭോഷ്കു പറയരുതു. നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,.”

അതായത് പഴയമനുഷ്യൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് "കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഭോഷ്ക്കു എന്നിവയുടെ ഒരു bundle/കൂട്ടമാണ്. ഇനി നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലേക്കൊന്നു നോക്കിക്കെ. ഇതൊക്കെ നിങ്ങൾക്കു കാണാൻ പറ്റുന്നുണ്ടോ? ഇല്ലെങ്കിൽ അടുത്തിരിക്കുന്നവരുടെ വസ്ത്രത്തിലേക്കൊന്നു നോക്കിക്കേ. അവിടെ അതു നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ? ഉണ്ട് അല്ലെ? ആദ്യം നോക്കിയപ്പോൾ കാണാതിരുന്നത് ചിലപ്പോൾ കണ്ണിൽ എന്തെങ്കിലും കരടുണ്ടായിരുന്നതു കൊണ്ടാകാം. അതുകൊണ്ട് സ്വന്തം കണ്ണിലെ കരടുനീക്കി തന്നിലേക്കു തന്നെ നോക്കിയാൽ, നിങ്ങളുടെ ജീവിതത്തിലും കോപം, ക്രോധം, ഈർഷ്യ, ദൂഷണം, ദുർഭാഷണം എന്നിവ കാണാൻ കഴിയും. നിങ്ങളിൽ ഇതൊക്കെയുണ്ടെങ്കിൽ ആ വസ്ത്രം മാറണം. കർത്താവ് നല്ല വസ്ത്രം തരും. എന്തായാലും വസ്ത്രം മാറണം എന്നത് ഒരു മസ്റ്റാ. അതു ഞാൻ പിന്നെ പറയാം.

പഴയമനുഷ്യന്റെ ഈ പ്രവൃത്തികളെ, അതായത് കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം, ഭോഷ്ക്കു എന്നിവയെ നമുക്ക് പഴയ മനോഭാവങ്ങൾ, പഴയവികാരങ്ങൾ, പഴയരീതികൾ എന്നിങ്ങനെ ചെറിയ കെട്ടുകളാക്കാം. ഓർക്കാൻ എളുപ്പത്തിനു വേണ്ടിയാണ് കേട്ടൊ.

ഇതൊക്കയും വെച്ചുകൊണ്ട് ക്രിസ്തിയജീവിതം നന്നായി അഭിനയിച്ചു മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കും. മനുഷ്യരുടെ മുമ്പിൽ വളരെ പ്രശംസാർഹമായ സേവനവും അനുഷ്ടിക്കുവാൻ സാധിക്കും. മനുഷ്യന്റെ കണ്ണീൽ പൊടിയിടാൻ കഴിഞ്ഞാലും ദൈവത്തിന്റെ കണ്ണിൽ പൊടിയിടുവാൻ നമുക്ക് സാധിക്കയില്ല. ഇതൊക്കേയും നിലനിർത്തിക്കൊണ്ടാണ് യേശുക്രിസ്തുവിനെ പഠിച്ചത് എങ്കിൽ വാസ്തവത്തിൽ നിങ്ങൾ യേശുക്രിസ്തുവിനെ അറിഞ്ഞവരല്ല. you did not so learn Christ. അങ്ങനെയെങ്കിൽ അതു നമ്മേ മാനസാന്തരത്തിലേക്കാണ് നയിക്കേണ്ടത്. ആകയാൽ, ദൈവസന്നിധി യിൽ അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുക. സുവിശേഷം വിശ്വസിക്കുക.

അങ്ങനെ നാം ചെയ്യുന്നു എങ്കിൽ, നാം ആ പഴയ മനുഷ്യനല്ല. അന്ധകാരത്തിൽ നിന്നു വിടുവിക്കപ്പെട്ട, പുതിയ മനുഷനാണ്. വസ്ത്രം ധരിച്ച് സുബോധത്തോടെ യേശുവിനെ പിൻപറ്റുവാൻ വന്ന വ്യക്തിയാണ്. യേശുക്രിസ്തുവിന്റെ സ്കൂളിൽ ചേർന്ന് പഠിക്കാൻ വന്നിരിക്കുന്ന വ്യക്തിയാണ്. പുതിയ സ്കൂളിലെ യൂണിഫോം വേറെയാണ്. അവിടെ പഴയ സ്കൂളിലെ യൂണിഫോം പറ്റത്തില്ല. പുതിയ യൂണിഫോം വേണം. പക്ഷേ വിഷമിക്കേണ്ട കാര്യമില്ല. അതു സ്കൂളിൽ നിന്നു തരും. ധരിച്ചാൽ മതി.

ഇനി ആ പുതിയ യൂണിഫോം അതല്ലെങ്കിൽ ആ പുതിയ മനുഷ്യനെക്കുറിച്ച് എന്താണ് പറഞ്ഞരിക്കുന്നത് എന്നു നോക്കാം . പുതിയ മനുഷ്യനെ സംബന്ധിച്ച ക്ലൂ കൊളോ 3:12-13 ൽ ഉണ്ട്. അതെന്താണെന്ന് നോക്കാം. “അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു 13 അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ”

പുതിയ മനുഷ്യനു, പുതിയ സ്കൂള്, പുതിയ യൂണിഫോം. പുതിയ യൂണിഫോം ഉണ്ടാക്കിയിരിക്കുന്നത് എന്തൊക്കെ കൊണ്ടാണ്. മനസ്സലിവ്, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ കൊണ്ടാണ്. ഇതിനെ നമുക്ക് വീണ്ടും മൂന്നു ഗ്രൂപ്പായി തിരിക്കാം. പുതിയ മനുഷ്യന്റെ മനോഭാവങ്ങൾ, വികാരങ്ങൾ, രീതികൾ.

ആ പഴയമനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുക. പുതിയ മനുഷ്യന്റെ ധാർമ്മിക വസ്ത്രങ്ങൾ ധരിക്കുവാനാണ് പൗലോസ് ആവശ്യപ്പെടുന്നത്. ഇതൊന്നുമില്ലാതെ അങ്ങോട്ട് സ്വർഗ്ഗത്തിലേക്ക് പോകാമെന്നാണ് കരുതുന്നത് എങ്കിൽ നിങ്ങൾക്ക് തെറ്റി. അതങ്ങനെ വെറുതെ പറഞ്ഞാൽ പോരല്ലൊ. നമുക്ക് മത്തായി 22:1-14 വരെ ഒന്നു വായിക്കാം. കർത്താവ് പറഞ്ഞ ഒരുപമയാണ്. രാജാവിന്റെ പുത്രന്റെ കല്യാണസദ്യയാണ് രംഗം. ഇവിടെ ക്ഷണം വളരെ ഓപ്പൺ ആണ്. ആർക്കും അകത്തുവരാം. എന്നാൽ അവിടെ രാജാവ് എന്താണ് ചെയ്യുന്നത്: 22:11-13 "വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി. രാജവു ശുശ്രൂഷക്കാരോടു ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ. അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു."

തങ്ങളുടെ ഹൃദയപ്രകാരം കർത്താവിന്റെ ക്ഷണം സ്വീകരിക്കാത്തവരും, വെറുതെ കർത്താവിന്റെ ക്ലാസ് അറ്റൻഡ് ചെയ്തവരുമാണെങ്കിൽ, അവരുടെ അവസ്ഥ കല്യാണവസ്ത്രം ഇല്ലാതെ അകത്തു കടന്നവന്റെ അവസ്ഥയാകും. അവർ അധരങ്ങളാൽ കർത്താവിനെ സേവിച്ചവരായിരിക്കാം എന്നാൽ അവരുടെ ഹൃദയങ്ങൾ അവനെവിട്ട് ദൂരെ ആണെങ്കിൽ ഫലമതായിരിക്കും. അതുകൊണ്ട് കർത്താവ് വസ്ത്രം മാറ്റാൻ പറയുമ്പോൾ വസ്ത്രം മാറ്റാതെ കോളൊറൊക്കെ ഒന്നു നേരെയാക്കി, ഒന്നു സ്റ്റ്ഡിയായി ഇരുന്നതുകൊണ്ട് കാര്യമില്ല. തങ്ങൾ മനസ്സിൽ താലോലിച്ചുകൊണ്ടിരിക്കുന്ന പഴയ സ്വഭാവങ്ങൾ മാറ്റുക. മനസ്സിൽ താലോലിക്കുന്നത് അത്യാഗ്രഹം, മത്സരം, സ്വയനീതീകരണം, വൈരാഗ്യബുദ്ധി, സ്വാർത്ഥത എന്നിങ്ങനെ പഴയമനുഷ്യന്റെ ചിന്തകളും വികാരങ്ങളും രീതികളും ഒക്കെയാണ് എങ്കിൽ നിങ്ങൾ ദുഃഖിക്കേണ്ടിവരും. വർക്കു സ്വർഗ്ഗം വേണം, കർത്താവിന്റെ ഇടത്തും വലത്തും ഇരിക്കണം. പക്ഷെ കൈവശമുള്ളത് ആ പഴയ ഉടുപ്പാണ്. അവരോടു കർത്താവ് പറയുന്നത് ഇതായിരിക്കും “ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും." അവൻ ഹൃദയം കൊണ്ട് എൻറോൾ ചെയ്ത വ്യക്തി ആയിരുന്നില്ല. അവന്റെ സ്കൂളിലേക്കുള്ള വരവും പോക്കും കേവലം ഒരു ഷോ മാത്രമായിരുന്നു.

പഴയമനുഷ്യനെ ഉരിഞ്ഞുകളഞ്ഞ്, പുതിയ മനുഷ്യനെ ധരിക്കുക എന്നു പറയുന്നത് ക്രിസ്തുവിന്റെ സ്കൂളിലെ കോർ കരിക്കുലം ആണ്. ഇതു ഡിഗ്രിക്കുള്ള അവശ്യസംഗതിയാണ്. ഹെബ്രാ. 12:14 ൽ എന്താണ് വായിക്കുന്നത്: “ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല."

a). ലീഗലിസവും കൃപയും

ആകയാൽ, 24-ാം വാക്യം പറയുന്നതു പോലെ : “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ." അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് പൗലോസ് നിങ്ങൾ വിശ്വസിക്കുമ്പോൾ തന്നെ, നിങ്ങളുടെ പഴയ മനോഭാവങ്ങളും രീതികളുമൊക്കെ ഉപേക്ഷിച്ച്, പുതിയ മനോഭാവങ്ങളും രീതികളും ഒക്കെ സ്വീകരിക്കണം എന്ന് നേരിട്ട് പറയാതിരുന്നത്? എന്തുകൊണ്ടാണ് 22-24 വാക്യങ്ങളിൽ വാക്മയ ചിത്രമായി ഇത് അവതരിപ്പിച്ചീരിക്കുന്നത്?

അതിന്റെ ഉത്തരം “ക്രിസ്ത്യാനിറ്റി എന്നു പറയുന്നത് മറ്റേതൊരു സ്കൂളും പോലെയല്ല” എന്നതാണ്. ഇതൊരു ധാർമ്മികമായി സ്വയ-മെച്ചപ്പെടുത്തൽ പാഠ്യ-പദ്ധതിയല്ല. നിങ്ങൾ കഠിനമായി അദ്ധ്വാനിച്ച് സ്വയം മെച്ചപ്പെട്ടോളാം എന്ന് എഴുതി ഒപ്പിട്ട് കൊടുത്ത് ചേരുന്ന ഒരു സ്കൂളല്ല കർത്താവിന്റെ സ്കൂള്. അങ്ങനെ സ്വയം അദ്ധ്വാനിച്ച് മെച്ചപ്പെട്ടോളാം എന്നു പറയുന്നത് ലീഗലിസത്തിന്റെ സ്കൂളാണ്. അതു കൃപയുടെ സ്കൂളല്ല.

ക്രിസ്തുവിന്റെ സ്കൂളിൽ മാറ്റങ്ങൾ വരുന്നത് വളരെ വ്യത്യസ്തമായ നിലയിലാണ്. അത് കൃപയാൽ വിശ്വാസത്താൽ വരുന്നതാണ്. കാരണം അതിന്റെ മഹത്വം മുഴുവനും, പോകുന്നത് കുട്ടികൾക്കല്ല, അദ്ധ്യാപകനാണ്. ആദത്തിനും ഹവ്വക്കും ആരാണ് ഉടുപ്പ് നൽകിയത്? യഹോവയായ ദൈവം “ആദാമിന്നും അവന്റെ ഭാര്യയ്ക്കും തോൽകൊണ്ട് ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു." അതുകൊണ്ടാണ് പൗലോസ് കോഴ്സ് ചട്ടവട്ടങ്ങളെക്കുറിച്ച് ഇങ്ങനെ വിചിത്രമായ നിലയിൽ വിശദീകരിക്കുന്നത്. ഇത് യേശുക്രിസ്തുവിന്റെ സ്കൂളിൽ ചെരുന്നതിനു മുന്നമെ മറ്റൊരു നിലയിലും ആർക്കും അനുഭവപരമായി തീരുന്ന ഒന്നല്ല. ആകയാൽ, അടുത്ത മൂന്നു വാക്യങ്ങൾ വളരെ ശ്രദ്ധയോടെ നോക്കി നമ്മുടെ കോഴ്സിന്റെ ചട്ടവട്ടങ്ങൾ എങ്ങനെയാണ് വിശദീകരിച്ചിരിക്കുന്നത് എന്നു നോക്കാം.

22 ഉം 24 ഉം വാക്യങ്ങൾ തമ്മിൽ നാലു നിലകളിൽ ഉള്ള സമാനത ദർശിക്കുവാൻ കഴിയും.

• ഒന്ന്, 22-ാം വാക്യത്തിലെ പഴയമനുഷ്യനെ ഉപേക്ഷിക്കുക എന്നതും 24 ലെ പുതിയ മനുഷ്യനെ ധരിക്കുക എന്നതും സമാനമാണ്.

• രണ്ട്, 22 ലെ പഴയമനുഷ്യൻ, പഴയജീവിതരീതികളോട് ചേർന്നു പോകുന്നു,
24 ലെ പുതിയ മനുഷ്യൻ ദൈവത്തോടും ചേർന്നു പോകുന്നു.

• മൂന്ന്, 22-ാം വാക്യത്തിലെ പഴയമനുഷ്യൻ, ആഗ്രഹങ്ങളാൽ/മോഹത്താൽ മലിനപ്പെട്ടിരിക്കുന്നു; വാക്യം 24 ലെ പുതിയ മനുഷ്യൻ നീതിയിലും വിശുദ്ധിയിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

• നാല്, 22-ാം വാക്യത്തിലെ “പഴയമനുഷ്യനെ മലിനമാക്കിയ ആഗ്രഹങ്ങൾ ഭോഷ്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

24-ാം വാക്യത്തിലെ “പുതിയ മനുഷ്യന്റെ നീതിയും വിശുദ്ധിയും സത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.


വാക്യം 22 വാക്യം 24

പഴയമനുഷ്യൻ പുതിയ മനുഷ്യൻ

പഴയജീവിതത്തിനു സമാനമായത് ദൈവത്തിനു സമാനമായി ജീവൻ ഉള്ളത്

ആഗ്രഹങ്ങളാൽ മലിനപ്പെട്ടത് നീതിയിലും വിശുദ്ധിയിലും
സൃഷ്ടിക്കപ്പെട്ടത്.

വഞ്ചനയെ അടിസ്ഥാനമാക്കിയുള്ളത് സത്യത്തെ അടിസ്ഥാനമാക്കിയുള്ളത്.

ധാർമ്മിക സ്വയ-മെച്ചപ്പെടുത്തൽ പാഠ്യപദ്ധതിയിൽ നിന്നും കൃപയുടെ സ്കൂളിലെ പാഠ്യപദ്ധതി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു ഇവിടെ നമുക്കു കാണാം. ലീഗലിസം സ്കൂളിൽ ധാർമ്മിക മെച്ചപ്പെടുത്തൽ നിങ്ങൾ സ്വയം ചെയ്യുന്നു. നിങ്ങൾ ധരിക്കേണ്ട പുതിയ ധാർമ്മിക വസ്ത്രങ്ങളെ സംബന്ധിച്ച ഒരു അസൈന്മെന്റ്/ഗൃഹപാഠം നൽകുന്നു. എന്നാൽ കൃപയുടെ സ്കൂളിൽ പുതിയ വസ്ത്രങ്ങൾ എന്നത് ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവയാണ്. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവാനാണ് പറയുന്നത്.

ഇവിടെ ഓർക്കേണ്ട സംഗതി ഈ പുതിയ മനുഷ്യൻ എന്താകുന്നു എന്നതാണ്. ഇത് /എന്നെ പുതിയ മനുഷ്യനാക്കി തീർക്കുന്ന/ മനോഭാവങ്ങളുടേയും, വികാരങ്ങളുടേയും രീതികളുടേയും ഒരു bundle/കെട്ടാണ്. ഇത് ദൈവം സൃഷ്ടിക്കുന്നത് എന്നാണ് 24-ാം വാക്യത്തിൽ പറയുന്നത്. ദൈവം എന്നിൽ സൃഷ്ടിക്കുന്ന പുതിയ ഞാൻ എന്ന വ്യക്തി/ ദൈവത്തിന്റെ നീതിയുടേയും വിശുദ്ധിയുടേയും സാദൃശ്യത്തിൽ ഉള്ള, മനോഭാവങ്ങളുടേയും വികാരങ്ങളുടേയും രീതികളുടേയും കൂട്ടമാണ്. ഈ വസ്ത്രം ധരിക്കുവാനാണ് പറയുന്നത്.

ഈ സ്കൂൾ എന്നു പറയുന്നത് ലോകത്തിലെ മറ്റു സ്കൂളുകളിലെ പോലെയുള്ളതല്ല. ഈ സ്കൂളിൽ എന്നെ വിശുദ്ധീകരിക്കുവാനുള്ള അസൈന്മെന്റ് ഉണ്ട്. എന്നാൽ എന്നോടു പറയുന്നു ദൈവം ഈ വിശുദ്ധി എന്നിൽ സൃഷ്ടിക്കുമെന്ന്. അതേ, ഇത് വളരെ വ്യത്യസ്തമായ ഒരു സ്കൂളാണ്. എഫേസ്യർ 2:10 ൽ ഈ സ്കൂളിലെ കോഴ്സിനെ കുറിച്ച് വളരെ അതിശയകരമായ നിലയിൽ പറഞ്ഞിരിക്കുന്നത് നോക്കുക: “നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.” (We are his workmanship, created in Christ Jesus for good works, which God prepared beforehand, that we should walk in them).

ഇപ്പോൾ നിങ്ങൾക്കെന്തു തോന്നുന്നു. ഇതു നമ്മെ അതിശയിപ്പിക്കുന്നുവല്ലേ ! ഞാൻ ദൈവത്തിന്റെ കൈവേലയാണ്, ഞാൻ ദൈവത്തിന്റെ സൃഷ്ടിയാണ്. അതു മാത്രമല്ല, ഞാൻ ചെയ്യേണ്ട അസൈന്മെന്റ് അതല്ലെങ്കിൽ സൽപ്രവൃത്തികൾ ദൈവം തന്നെ മുന്നൊരുക്കിയിരിക്കുന്നു. ഈ സ്കൂളിൽ ആരാണ് വർക്ക് ചെയ്യുന്നത്, ഈ സ്കൂളിൽ വർക്ക് ചെയ്യുന്നത് ദൈവമാണ്. ഇനി ആ വർക്ക് ഏതുവിധം നിവൃത്തിച്ചാലും, അതിന്റെ മഹത്വം പോകുന്നത് ദൈവത്തിനല്ലെ? ഇത് എത്ര അധിശയകരമായിരിക്കുന്നു.

എന്തുകൊണ്ടാണ് പൗലോസിനു, നിങ്ങളൊരു ക്രിസ്ത്യാനിയാണ്, നിങ്ങളുടെ തെറ്റായ ശീലങ്ങൾ മാറ്റി നല്ല ശീലങ്ങൾ നിങ്ങളിൽ ഉളവാക്കണം എന്ന് പറയാൻ കഴിയാത്തത് എന്ന് നിങ്ങൾക്കു മനസ്സിലായൊ? അതു ലീഗലിസ്റ്റ് സ്കൂളിലെ പാഠ്യ-പദ്ധതിയാണ്. ദൈവം നിങ്ങളെ രക്ഷിച്ചു, ഇനി നിങ്ങൾ നിങ്ങളെത്തന്നെ മെച്ചപ്പെടുത്തിക്കൊള്ളു. No, never. അങ്ങനെയല്ല! കൃപയുടെ സ്കൂളിൽ ദൈവമാണ് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നത്.- അതിൽ എല്ലാ നല്ല മനോഭാവങ്ങളും വികാരങ്ങളും രീതികളും ഉൾക്കൊണ്ടിരിക്കുന്നു, ആ മനുഷ്യനെ ധരിക്കുവാനാണ് പറഞ്ഞിരിക്കുന്നത്.

ഇവിടെ ക്രിസ്തുവിന്റെ സ്കൂളിലെ ഒരു വിദ്യാർത്ഥിയാണ് ഞാൻ. ഞാൻ അവന്റെ സ്വരം ശ്രവിച്ചിരിക്കുന്നു. അവൻ എന്നെ മരണത്തിൽ നിന്നും ജീവനിലേക്ക് വിളിച്ചിരിക്കുന്നു. എന്റെ എല്ലാ പാപങ്ങളും ക്ഷമിച്ചു കിട്ടേണ്ടതിനു ഞാൻ അവനിൽ വിശ്വസിച്ചു. അവന്റെ സ്കൂളിൽ ചേർന്നു എങ്ങനെ അവന്റെ മഹത്വത്തിനായി ജീവിക്കുവാൻ സാധിക്കും എന്നു പഠിക്കേണ്ടതിന്ന് ഞാൻ എന്നെത്തന്നെ ഏല്പിച്ചുകൊടുത്തു. ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നു, അവൻ എന്നോടൂ പറയുന്നു ഞാൻ അവന്റെ കൈവേലയാണ്. ഞാൻ ആയിത്തീരേണ്ട പുതിയ മനുഷ്യന്റെ ജോലികൾ നിവൃത്തിക്കാൻ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഞാൻ ചെയ്യുന്നതിനു മുന്നമെ അവൻ എല്ലാം എനിക്കായി മുന്നൊരുക്കിയിരിക്കുന്നു. അങ്ങനെ എങ്കിൽ ഈ ലോകത്ത് ഞാൻ എന്താണ് ചെയ്യുവാൻ ദൈവം ഉദ്ദേശിക്കുന്നത്?

24-ാം വാക്യം അതിനുള്ള ഉത്തരം നൽകുന്നു: “Put on the new person!" പുതിയ മനുഷ്യനെ ധരിച്ചുകൊള്ളുക. എന്നാൽ എങ്ങനെയാണ് ദൈവം സൃഷ്ടിച്ച പുതിയ മനോഭാവങ്ങളുടേയും വികാരങ്ങളുടേയും ശീലങ്ങളുടേയും ഈ ഉടുപ്പ് ധരിക്കുവാനായി സാധിക്കുക. ഇവിടെയാണ് ക്രിസ്തീയജീവിതം എങ്ങനെയാണ് ജീവിക്കുക എന്ന ചോദ്യം ഏറെ പ്രസക്തമായിരിക്കുന്നത്. how to live the Christian life:? നിങ്ങളുടെ ചിന്തകളുടെയും, വികാരങ്ങളുടെയും പ്രവൃത്തികളുടെയും സൃഷ്ടവായി ദൈവത്തെ ആക്കുവാൻ സാധിക്കുന്നത്? ദൈവത്താൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ എങ്ങനെയാണ് ധരിക്കുവാൻ കഴിയുക?
3. മനസ്സു പുതുക്കി രൂപാന്തരപ്പെടുക (Be renewed in the spirit of your mind)

23-ാം വാക്യം ആണ് അതിനുള്ള പ്രതിവിധി: "Be renewed in the spirit of your mind". “പുതിയ മനുഷ്യനെ ധരിച്ചുകൊൾക”. എന്നാൽ എങ്ങനെയാണ് ദൈവം സൃഷ്ടിച്ച പുതിയ മനോഭാവങ്ങളുറ്റേയും വികാരങ്ങളുടേയും ഈ ഉത്തരം എങ്ങനെയാണ് കിട്ടിയത് എന്ന് നമുക്കു നോക്കാം.

പഴയതു ഉരിഞ്ഞു കളയാൻ പറഞ്ഞിരിക്കുന്ന 22-ാം വാക്യവും പുതിയതു ധരിക്കുവാൻ പറഞ്ഞിരിക്കുന്ന 24- ാം വാക്യവും തമ്മിലുള്ള കണക്ഷനാണിത്. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വാക്യമാണ് Be renewed in the spirit of your mind.

വളരെ ശ്രദ്ധാപൂർവ്വം ശ്രവിക്കുക 22-ാം വാക്യത്തിൽ പഴയ മനുഷ്യൻ തന്റെ വഞ്ചനയുള്ള ആഗ്രഹങ്ങളാൽ മലിനപ്പെട്ട് നയിക്കപ്പെടുന്നു. അങ്ങനെ വഞ്ചനയാൽ നയിക്കപ്പെടുന്ന വ്യക്തി വിഷം കഴിക്കാനൊ ആത്മഹത്യാ ചെയ്യാനോ ഇഷ്ടപ്പെട്ടു എന്നു വന്നേക്കാം.

24-ാം വാക്യത്തിൽ ദൈവത്താൽ സൃഷ്ടിക്കപ്പെട്ട, നീതിയിലും വിശുദ്ധിയിലും നയിക്കപ്പെടുന്ന വ്യക്തിയാണ്. അതായത്, ശരിയായ മനോഭാവങ്ങളും വികാരങ്ങളും പ്രവർത്തികളും സത്യത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞുവരുന്നത്. ഇവയൊക്കേയും സത്യമായ ആത്മീയ യാഥാർത്ഥ്യങ്ങളുടെ കാഴ്ചപ്പാടിൽ നിന്നുമാണ് ജനിക്കുന്നത്. അവൻ ബൈബിൾ മൊബൈലിൽ കൊണ്ടു നടന്നാലും രാത്രി തനിച്ചിരുന്നു ഇൻറർനെറ്റ് ഉപയോഗിച്ചാലും വഴിതെറ്റുമെന്നു ഭയപ്പെടേണ്ട.

22-ാം വാക്യത്തിലെ മലിനപ്പെടുത്തുന്ന വഞ്ചനയിൽ നിന്ന് 24-ാം വാക്യത്തിലെ വിശുദ്ധീകരിക്കുന്ന സത്യവുമായി ബന്ധിപ്പിക്കുന്ന പാലമാണ് 23 വാക്യത്തിലെ "നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിക്കുക" എന്നത്. It is the renewing of the spirit of the mind.

ഇത് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് എന്താണ് റോമാ ലേഖനം 12:2 അല്ലേ? "ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ" . ( And do not be conformed to this world, but be transformed by the renewing of the mind).

അപ്പോസ്തലനായ പൗലോസ് വേദശാസ്ത്രത്തിൽ നിന്നും പ്രായോഗികതയിലേക്ക് പ്രവേശിക്കുമ്പോൾ പറയുന്നത് എന്താണ്? "be transformed by the renewing of the mind" എന്നതാണ്.

കൃപയുടെ സ്കൂളിലെ എല്ലാ അസൈൻമെന്റിന്റേയും താക്കോൽ എന്ന് പറയുന്നത് ഇതാണ് :"be renewed by in the spirit of your mind". നിങ്ങളുടെ മനോഭാവങ്ങളും വികാരങ്ങളും ശീലങ്ങളും പുതുക്കം പ്രാപിച്ച ആത്മാവിനാൽ വരുന്നതാണെങ്കിൽ, അവ ഒരർത്ഥത്തിൽ നിങ്ങളുടേതായിരിക്കും. എന്നാൽ വളരെ ആഴമായ അർത്ഥത്തിൽ നീതിയിലും വിശുദ്ധിയിലും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതായിരിക്കും. ഇവിടെയാണ് ലീഗലിസവും കൃപയും തമ്മിലുള്ള വ്യത്യാസമിരിക്കുന്നത്.

"സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ച" ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ കൃപയുടെ സ്കൂളിൽ ഏറ്റവും പുരോഗമിച്ച ഏതൊരു സ്റ്റുഡന്റിനേയും പോലെ നിങ്ങൾക്ക് ഇങ്ങനെ പറയാൻ സാധിക്കും: "അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ" (1 കൊരിന്ത്യർ 15:10). ഞാൻ എന്റെ ഗൃഹപാഠം ചെയ്തു; എന്നാൽ ദൈവമാണ് എനിക്ക് വേണ്ടി എന്നിൽ കൂടി അത് നിവൃത്തിച്ചത്. "സകലതും അവനിൽനിന്നും അവനാലും അവങ്കലേക്കും വരുന്നു. അവനെ എന്നെന്നേക്കും മഹത്വം ഉണ്ടാകട്ടെ; ആമേൻ".

*******

© 2020 by P M Mathew, Cochin

bottom of page