
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര -16
P M Mathew
APR 22, 2015
Speak Truth
സത്യം സംസാരിക്കുക
Ephesians 4:25
ആമുഖം
പഴയമനുഷ്യനെ ഉരിഞ്ഞുകളഞ്ഞു പുതിയമനുഷ്യനായി തീർന്ന വ്യക്തികളുടെ സമൂഹമാണ് സഭ. സാമൂഹ്യജീവിതത്തിനു വിഘാതമായി നിൽക്കുന്ന സാമൂഹ്യതിന്മകളെ ഒരുവന്റെ ജീവിതത്തിൽ നീക്കിയെങ്കിൽ മാത്രമെ സ്വരച്ചേർച്ചയുള്ള ഒരു സാമൂഹിക ജീവിതം സാദ്ധ്യമാകയുള്ളു.
ഒന്നാമതായി, പൗലോസ് നൽകുന്ന ധാർമ്മിക പ്രബോധനം ഭോഷ്ക്കു ഉപേക്ഷിച്ചു സത്യം സംസാരിക്കുക എന്നതാണ്. ആയതിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കാം.
എഫെസ്യർ 4:25
"ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ; “ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ.”
ഈ വേദഭാഗത്തു നാം കാണുന്ന രണ്ടു imperatives അഥവാ കൽപ്പനകൾ എന്നു പറയുന്നത് ഭോഷ്ക്കു ഉപേക്ഷിക്കുക, സത്യം സംസാരിക്കുക എന്നിവയാണ്. സത്യസന്ധമായ സംസാരം പരസ്പര വിശ്വാസത്തിനു അത്യന്താപേക്ഷിതമായ സംഗതിയാണ്. സഭ എന്ന സാമൂഹികജീവിതത്തിന്റെ അടിസ്ഥാനശിലയാണ് പരസ്പര വിശ്വാസം.
പൗലോസ് ഈ പ്രബോധനം ആരംഭിക്കുന്നത് "ആകയാൽ" (Therefore) എന്ന inferential conjuction ഉപയോഗിച്ചാണ്. അതു തൊട്ടു മുൻപിലത്തെ വാക്യങ്ങളോട് അതിനെ ബന്ധിപ്പിക്കുന്നു. മുൻപിലത്തെ വാക്യങ്ങളിൽ നാം കണ്ടത്:"22മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു 23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു 24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ."
ഇവിടെ പറയുന്ന പുതിയ മനുഷ്യൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനാണ്. പഴയമനുഷ്യന്റെ സ്വഭാവദൂഷ്യങ്ങളെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യന്റെ സ്വഭാവസവിശേഷതകൾ ധരിക്കേണ്ടതുണ്ട്. ഒരു വിശ്വാസിയുടെ വ്യത്യാസപ്പെട്ട പെരുമാറ്റം ക്രിസ്തുവിനോട് താദാത്മ്യം പ്രാപിച്ച തന്റെ പുതിയ വ്യക്തിത്വത്തിൽ നിന്നും ഒഴുകുന്നതാണ്. ജോൺ കാൽവിൻ എന്ന ദൈവദാസൻ അതിനെ കുറിച്ച് പറഞ്ഞിരിക്കുന്നതിപ്രകാരമാണ് : "from the righteousness of the new man, all godly exhortations flow, like streams from a spring." അതായത്, പുതിയ മനുഷ്യന്റെ നീതിയിൽ നിന്ന്, എല്ലാ ദൈവിക ഉത്ബോധനങ്ങളും ഒരു നീരുറവയിൽ നിന്നുള്ള അരുവികൾ പോലെ ഒഴുകുന്നു. ഈ പ്രബോധനങ്ങളുടെ അനുസരണം എങ്ങനെയാണ് യാഥാർത്ഥ്യമായി തീരുക എന്ന കാര്യമാണ് ആദ്യമായി ഞാൻ പരിശോധിക്കുവാൻ ആഗ്രഹിക്കുന്നത്.
1. സുവിശേഷാധിഷ്ഠിത അനുസരണമാണ് ഒരു വിശ്വാസിക്ക് ആവശ്യമായിരിക്കുന്നത് (Evangelical obedience is what a believer needs).
വിശ്വാസികൾ ദൈവകല്പനകൾ അനുസരിക്കുവാൻ ബാദ്ധ്യസ്ഥരാണ്; എന്നാൽ ഏതെങ്കിലും നിലയിലുള്ള അനുസരണമല്ല മറിച്ച്, സ്വതന്ത്രവും സുവിശേഷാധിഷ്ഠിതവുമായ അനുസരണമാണ് ഇത് അർത്ഥമാക്കുന്നത്. ഈ അനുസരണം വരേണ്ടത് ഒരു പുതുക്കം പ്രാപിച്ച മനസ്സിൽ/ഹൃദയത്തിൽ നിന്നും ആയിരിക്കണം. അതുകൊണ്ട് സുവിശേഷാധിഷ്ഠിതമായ അനുസരണം ഉണ്ടാകണമെങ്കിൽ, സുവിശേഷാധിഷ്ഠിത ഉപദേശം സഭയിൽ ഉണ്ടാകണം. ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചൊ, പാപത്തിന്റെ ബന്ധനത്തെക്കുറിച്ചൊ, യേശുക്രിസ്തുവിന്റെ മരണത്തിലുള്ള വിശ്വാസത്തിന്റെ ആവശ്യകതയെക്കുറിച്ചൊ പറയാതെ നിങ്ങൾ അനുസരിച്ചൊ, അനുസരിച്ചൊ എന്നു പറഞ്ഞാൽ ആ അനുസരണത്തിൽ നിന്നുണ്ടാകുന്ന ഉൽപ്പന്നം ലീഗലിസത്തിന്റെ സന്തതിയായിരിക്കും, അതു ശരിയായ അനുസരണം ആയിരിക്കുകയില്ല.
ആളുകളോട് നിങ്ങൾ നുണ പറയരുത്, അല്ലെങ്കിൽ മോഷ്ടിക്കരുത് എന്ന് പറയാൻ സാധിക്കും. എന്നാൽ അവർ എന്തുകൊണ്ട് നുണ പറയരുത്, അല്ലെങ്കിൽ എന്തുകൊണ്ട് മോഷ്ടിക്കരുത് എന്ന് ചോദിച്ചാൽ നിങ്ങൾ എന്തു പറയും? ദൈവം അങ്ങനെ കൽപ്പിച്ചിരിക്കുന്നു. എന്നിട്ട് ലേവ്യാ പുസ്തകം 19:11 ചൂണ്ടിക്കാട്ടി ദാ ഇവിടെ ആ കൽപ്പന നിങ്ങൾ കാണുന്നില്ലേ: “മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കു പറയരുതു.” അതല്ലെങ്കിൽ പുറപ്പാട് പുസ്തകം 20:15, “Thou shalt not steal. "മോഷ്ടിക്കരുത്” എന്ന് എഴിതിയിരിക്കുന്നു. ഇനി, അവർ നുണ പറയുന്നതു നിർത്തി, അതല്ലെങ്കിൽ മോഷ്ടിക്കുന്നതു നിർത്തി എന്നും കരുതുക. ഇത് വാസ്തവത്തിൽ യേശുവിന്റെ കൽപ്പന അനുസരിക്കുന്നതാണോ? ഇത് വാസ്തവത്തിൽ സുവിശേഷാധിഷ്ഠിതമായ അനുസരണമാണോ?
അവർ മോഷണം നിർത്തിയത് ഒരു പക്ഷെ അവർ പിടിക്കപ്പെടുമൊ ശിക്ഷിക്കപ്പെടുമൊ എന്ന ഭയം മൂലമാകാം. ഞാനോരു വിശ്വാസിയല്ലെ, നാലു പേരറിഞ്ഞാൽ അതു മോശമല്ലേ എന്ന് ഓർത്തിട്ടാകാം. അതുമല്ലെങ്കിൽ കഠിനമായ ശാസനകേട്ട് അവർ അനുസരിപ്പിച്ചതാകാം. എന്നാൽ, ഇങ്ങനെയുള്ള അനുസരണം കാണിക്കുമ്പോൾ തന്നെ, അവന്റെ ഉള്ളിൽ എന്നത്തേയും പോലെ മോഹം പതഞ്ഞു പൊന്തുന്നുണ്ടാകാം. അതല്ലെങ്കിൽ, അവരുടെ മോഹത്തെ /അത്യാഗ്രഹത്തെ അല്പമൊന്ന് അടക്കി അവൻ ദൈവത്തിന്റെ കൽപ്പന അനുസരിച്ചതാകാം. ഇതിനെ സുവിശേഷാധിഷ്ഠിതമായ അനുസരണം എന്നു വിശേഷിപ്പിക്കുവാൻ സാധിക്കുകയില്ല. അതിനെ കർത്താവ് പഠിപ്പിച്ചതായ അനുസരണം എന്ന് പറയുവാൻ സാധിക്കയില്ല. എന്തെന്നാൽ, താൻ പിടിക്കപ്പെടുമെന്നു ഭയന്നൊ, ശിക്ഷിക്കപ്പെടുമെന്ന് ഭയന്നൊ, കടുത്ത ശാസനയെ ഭയന്നൊ, നാണക്കേടാകുമെന്ന് ചിന്തിച്ചുകൊണ്ടോ ആണ് അവൻ ദൈവത്തിന്റെ കൽപ്പനകളെ അനുസരിച്ചത്. അത് വാസ്തവത്തിൽ കർത്താവ് പറഞ്ഞ സുവിശേഷ്ഠിതമായ അനുസരണം അല്ല എന്നു മാത്രമല്ല, അങ്ങനെയുള്ള അനുസരണം കൊണ്ട് ദൈവഹിതം നിവൃത്തിക്കപ്പെടുകയുമില്ല.
യേശുക്രിസ്തു ആവശ്യപ്പെട്ട കൽപ്പനകളുടെ അനുസരണം, സുവിശേഷാധിഷ്ഠിതമായ ഉപദേശത്തിന്റെ ഫലമായി വരുന്ന (fruit ആയി വരുന്ന) അനുസരണമാണ്. നിങ്ങൾ നുണ പറയരുത് അഥവാ മോഷ്ടിക്കരുത് എന്ന് പറയുമ്പോൾ, അതു കേൾക്കുന്ന/അനുസരിക്കുന്ന വ്യക്തി, ദൈവത്തിന്റെ വിശുദ്ധിയേയും, മനുഷ്യന്റെ പാപപകൃതിയേയും, യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ പര്യാപ്തതയേയും, തനിക്കു വീണ്ടും ജനിക്കേണ്ടതിന്റെ ആവശ്യകതയേയും, വിശ്വാസത്താൽ ജീവിക്കണം എന്ന ദൈവകൽപ്പനയുടേയും വെളിച്ചത്തിൽ അനുസരിക്കുമ്പോൾ മാത്രമാണ് അത് സുവിശേഷ്ഠിതമായ അനുസരണം ആയിത്തീരുന്നത്. അല്ലാതെ വരുന്ന അനുസരണം കേവലം ലീഗലിസ്റ്റ് അനുസരണം മാത്രമാണ്.
അൽപ്പം കൂടി വിശദമായി പറഞ്ഞാൽ, സുവിശേഷ ഉപദേശത്തിന്റെ ഫലമായി-fruit ആയി വരുന്ന- അനുസരണമെന്നത്, അനുസരിക്കുന്ന വ്യക്തി, ദൈവം പരിശുദ്ധനാണ്, ആ ദൈവത്തോടു തന്നെ തുലനപ്പെടുത്തുമ്പോൾ താനൊരു പാപിയാണ്, തനിക്ക് ഒരു രക്ഷകൻ തനിക്ക് കൂടിയേ തിരു എന്നും, തന്റെ പാപത്തിനു പ്രായശ്ചിത്തം വരുത്തേണ്ടത് ആവശ്യമാണ് എന്നും, ആ പാപപരിഹാരം ദൈവപുത്രനായ യേശുവിന്റെ കാൽവരി മരണത്തിലൂടെ അല്ലാതെ സാധിക്കയില്ല എന്നും താൻ അറിയണം. തന്നെയുമല്ല, തന്റെ പഴയ അവസ്ഥയിൽ നിന്നും, ക്രിസ്തുവിശ്വാസത്താൽ വീണ്ടും ജനിച്ചെങ്കിലെ തനിക്ക് ദൈവസന്നിധിയിൽ നിൽക്കുവാൻ പ്രാഗഭ്യം ഉണ്ടാവുകയുള്ളു എന്ന ബോധ്യവും അവനുണ്ടാകണം. അങ്ങനെ വീണ്ടും ജനിച്ച വ്യക്തി തന്റെ തുടർന്നുള്ള ജീവിതം വിശ്വാസത്താലാണ് നയിക്കേണ്ടത് എന്ന് മനസ്സിലാക്കി ദൈവത്തിന്റെ ഓരൊ കൽപ്പനയും അനുസരിക്കുമ്പോഴാണ് അത് സുവിശേഷാധിഷ്ഠിതമായ അനുസരണം ആയിത്തീരുന്നത്. അല്ലാതെയുള്ള അനുസരണം കേവലം ലീഗലിസ്റ്റ് അനുസരണം മാത്രമെ ആകുന്നുള്ളു.
2. എങ്ങനെ സുവിശേഷാധിഷ്ഠിത അനുസരണം പ്രാവർത്തികമാക്കാം (How to apply evangelical obedience).
അപ്പോൾ പിന്നെ എങ്ങനെയാണ് ആളുകളെ നുണ പറയരുത്, മോഷ്ടിക്കരുത് എന്നൊക്കെ പഠിപ്പിക്കുന്നത് എന്നു ചോദിച്ചേക്കാം? അതിനുള്ള ഒരു മാതൃകയാണ് പൗലോസ് എഫേസ്യാലേഖനത്തിന്റെ 4-ാം അദ്ധ്യായത്തിന്റെ 22 മുതലുള്ള വാക്യങ്ങളിൽ നൽകുന്നത്.
പൗലോസ് ഇതെങ്ങനെയാണ് ചെയ്യുന്നത് എന്നു നോക്കാം? എഫേസ്യ ലേഖനത്തിന്റെ ആദ്യത്തെ മൂന്നു അദ്ധ്യായങ്ങൾ, വളരെ ആഴമായ, ദൈവകേന്ദ്രീകൃതമായ ഉപദേശങ്ങളിലാണ് പൗലോസ് ആരംഭിക്കുന്നത്. ആളുകൾ പറയാറുണ്ട് എന്തിനാ കൂടുതൽ ഉപദേശങ്ങൾ ഒക്കെ പഠിക്കുന്നത്. അങ്ങോട്ട് നന്നായി ജീവച്ചാൽ പോരെ എന്ന്. എന്നാൽ പൗലോസ് അതിനോട് ഒട്ടും യോജിപ്പുള്ളവനല്ല. അങ്ങനെയായിരുന്നെങ്കിൽ നന്നായി ജീവിക്കുവാനുള്ള പത്തോ, നൂറോ കൽപ്പനകൾ അങ്ങനെ അക്കമിട്ട് എഴുതി തന്നാൽ മതിയായിരുന്നു. അതല്ലെങ്കിൽ യേഹൂദന്മാരുടെ Talmud പറയുന്ന 613 (248 + വും 365-വും) The Talmud tells us (Tractate Makkot 23b) that there are 613 commandments in the Torah; 248 Positive Commandments (do's) and 365 Negative Commandments (do not's).കൽപ്പനകൾ അനുസരിച്ചാൽ മതിയായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ, എഴുതുന്നവർക്കും വായിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒക്കെ അതു വളരെ സൗകര്യമാകുമായിരുന്നു.
ഒരു ജോൺ പൈപ്പർ എന്ന ദൈവദാസൻ അതിനെക്കുറിച്ച് പറഞ്ഞത് “Theology is not optional or toy. It is intensely practical. വേദശാസ്ത്രം ഒരൂ കളിപ്പാട്ടമൊ ഐച്ഛിക വിഷയമൊ അല്ല. അത് ആഴമേറിയ പ്രായോഗികത ഉൾക്കൊള്ളുന്നതാണ്. എന്റെ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്, ഞാൻ എങ്ങനെയാണ് ഒരോ ദിവസവും ജീവിക്കേണ്ടത് എന്ന് നിശ്ചയിക്കുന്നത്. എഫേസ്യലേഖനമായാലും റോമാലേഖനമായാലും ആദ്യം വേദശാസ്ത്രം പിന്നെ അതിന്റെ ഫ്രൂട്ടായി വരുന്ന പ്രായോഗികത. അതാണ് പൗലോസിന്റെ രീതി. മറ്റൊരു രീതിയിൽ പറഞ്ഞാൽ, താൻ Imperative mood ലേക്കു കടക്കുന്നതിനു മുന്നമെ indicative mood ൽ, ദൈവം ആരാകുന്നു, നിങ്ങൾ ആരായിരുന്നു, ഇപ്പോൾ നിങ്ങൾ ആരായിരിക്കുന്നു. നിങ്ങളിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്ന ശക്തിയെക്കുറിച്ചുമൊക്കെ പറഞ്ഞിട്ടാണ്, നിങ്ങൾ എങ്ങനെയാണ് ഇനി മുന്നോട്ടു പോകേണ്ടത്, ജീവിക്കേണ്ടത് എന്നു പറയുന്നത്.
ഇവിടെ അതായത്, എഫേസ്യർ 4:22-24 വാക്യങ്ങളിൽ അപ്പോ. പൗലോസ്, എല്ലാ ക്രിസ്തീയ-അനുസരണത്തിനും ഉള്ള ഒരു വേദശാസ്ത്രപരമായ മോഡൽ നൽകുന്നു. ആ മോഡൽ പ്രകാരമാണ് ക്രിസ്തീയ അനുസരണം വിശ്വാസികളിൽ ഉരുവായി വരേണ്ടത്. ആ മോഡൽ എന്താണ് എന്ന് മുൻപിലത്തെ രണ്ടു പ്രസംഗങ്ങളിൽ നിങ്ങളോടു പറയുകയുണ്ടായി. ആ മോഡൽ ഇതാണ്:
4:22 മുൻപിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ച്
4:23 "നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
4:24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. "
22 ലെ പഴയമനുഷ്യൻ, ഭോഷ്ക്കിൽ നിന്നു വരുന്ന മലിനമായ ആഗ്രഹങ്ങളാൽ, നയിക്കപ്പെടുന്ന വ്യക്തിയാണ്. അവൻ ചതിമോഹങ്ങളാൽ മലിനപ്പെട്ട വ്യക്തിയാണ്. അങ്ങനെയുള്ള മനുഷ്യനിൽ നിന്ന് ദൈവപ്രസാദകരമായ യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആ മനുഷ്യൻ ദൈവാത്മാവിനാൽ പുതിയ മനുഷ്യനായി തീരണം. സത്യത്തെ അടിസ്ഥാനമാക്കി, നീതിയും വിശുദ്ധിയും ഉള്ള പുതിയ മനുഷ്യനായി തീരണം. അങ്ങനെയുള്ള പുതിയ മനുഷ്യൻ, മരണത്തിൽ നിന്ന് അകന്നവനും, ജീവൻ പ്രാപിച്ചവനും, ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനുമാണ്.
ഈ പുതിയ മനുഷ്യൻ എന്നു പറയുന്നത്, പഴയമനുഷ്യന്റെ പുറമൊക്കെയൊന്നു മിനുക്കി, പഴയതിനേക്കാൾ അൽപ്പം മെച്ചപ്പെടുത്തി എടുത്ത മനുഷ്യനല്ല. നിക്കോദേമോസിനോടു കർത്താവ് പറഞ്ഞു നീ വീണ്ടും ജനിക്കണം എന്ന്. അതായത്, അവൻ പുകവലിയൊ മദ്യപാനമൊ നിർത്തി, ഇനി ഞാൻ മെച്ചപ്പെടാൻ തീരുമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞ് കേവലം ചില ബാഹ്യമായ വ്യതിയാനം വരുത്തിയ വ്യക്തിയല്ല എന്ന് സാരം. ഹൃദയത്തിൽ രൂപാന്തരം വന്ന വ്യക്തിയെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അവന്റെ ഹൃദയം/ മനസ് ആദ്യം പുതുക്കം പ്രാപിക്കണം. റോമാലേഖനത്തിന്റെ ആദ്യത്തെ 11 അദ്ധ്യായങ്ങൾ മനുഷ്യന്റെ അവസ്ഥയെക്കുറിച്ചും അവന്റെ ഏക പ്രത്യാശ എന്നത് വിശ്വാസത്താലുള്ള നീതികരണമാണ് എന്ന് പറഞ്ഞതിനുശേഷമാണ് താൻ പ്രായോഗികതയിലേക്ക് കടക്കുന്നത്. അങ്ങനെ താൻ പ്രവേശിക്കുമ്പോൾ താൻ പറയുന്നത് എന്താണ് : Be renewed in the spirit of your mind. “നിങ്ങളുടെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിക്കുക”
അങ്ങനെ ആത്മാവിനാൽ പുതുക്കം പ്രാപിച്ച ഹൃദയത്തിൽ നിന്ന് / മനസ്സിൽ നിന്നാണ്, പുതിയ മനോഭാവങ്ങളും, പുതിയ വികാരങ്ങളും, പുതിയ ശീലങ്ങളും പുറത്തു വരേണ്ടത്. ഹൃദയത്തിനു മാറ്റമില്ലാതെ, ചില തീരുമാനങ്ങളുടെ വെളിച്ചത്തിലാണ് അവൻ ചില ദുശീലങ്ങളെ ഉപേക്ഷിക്കുന്നത് എങ്കിൽ അത് സ്ഥായിയായി നിലനിക്കുകയില്ല. അവൻ മദ്യം പതഞ്ഞുപൊന്തുന്നതിന്റെ പരസ്യം കണ്ടാൽ അവൻ അവിടെ വീഴും.. ഓ ഞാൻ ഇന്നടുത്ത് പോയത് ആരും കണ്ടില്ല, ഭാഗ്യം, ഇതായിരിക്കും അവന്റെ മനസ്സിലിരുപ്പ്.
എന്തുകൊണ്ടാണ് യേശു തന്റെ പരസ്യശുശ്രൂഷ വേളയിൽ പരീശന്മാരേയും ശാസ്ത്രിമാരേയും ഇത്ര കഠിനമായ ശാസനക്ക് വിധേയരാക്കിയത്? അവർ ജനത്തിനു മുൻപിൽ പല കല്പനകളും അനുസരിക്കുന്നവരും ദൈവവചനത്തിന്റെ വലിയ വക്താക്കളുമൊക്കെ ആയിരുന്നു. എന്നാൽ കർത്താവ് അവരെ ഒട്ടും അംഗീകരിച്ചുകൊടുത്തതായി സുവിശേഷത്തിലെങ്ങും നാം വായിച്ചുകാണുന്നില്ല. അവരുടെ നല്ല ഹൃദയത്തിൽ നിന്നായിരുന്നില്ല അവർ അതൊക്കേയും ചെയ്തിരുന്നത്. അവരായിരുന്നു യേശുക്രിസ്തുവിനെ ഏറ്റവും വെറുത്തിരുന്നതും. നല്ല വൃക്ഷത്തിൽ നിന്നാണ് നല്ല ഫലം വരേണ്ടത്. വൃക്ഷം നല്ലതെങ്കിൽ അതിന്റെ ഫലവും നല്ലത്, ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലൊ വായ് സംസാരിക്കുന്നത് എന്നൊക്കെ കർത്താവ് പറഞ്ഞത് ഈയൊരു അർത്ഥത്തിലാണ്. ശുദ്ധഹൃദയത്തിൽ നിന്നും നിർമ്മലമായ മനസാക്ഷിയിൽ നിന്നും വരുന്ന നല്ല വാക്കുകളും, മനോഭാവങ്ങളും, പെരുമാറ്റങ്ങളുമാണ് ഒരു വിശ്വാസിക്ക് ആവശ്യമായിരിക്കുന്നത്. അതല്ലാതെ കേവലം ചില കൽപ്പനകളുടെ അനുസരണമല്ല. ക്രിസ്തീയ ധാർമ്മികത ആന്തരികമായി നടന്ന ഒരു അത്ഭുതത്തിന്റെ അനുഭവമാണ്. എന്നാൽ നിമിഷംപ്രതിയുള്ള ജീവിതം ബോധപൂർവ്വമായ തെരഞ്ഞെടുപ്പും ഉൾപ്പെടുന്നു. ആ തെരഞ്ഞെടുപ്പുകൾ, വഞ്ചനയാലല്ലാതെ, സത്യത്തിന്റെ പാതയിൽ ഉള്ളതായിരിക്കണം. ഈ തെരഞ്ഞെടുപ്പുകളാണ് നല്ല ഫലമായി വൃക്ഷത്തിന്റെ മൂല്യത്തെ വിലയിരുത്തുന്നത്. അവയാണ് ഹൃദയത്തിന്റെ സമൃദ്ധിയെ കാണിക്കുന്ന വാക്കുകളായി പുറത്തുവരുന്നത്. ശുദ്ധിയുള്ള ഹൃദയത്തിൽ നിന്നു പുറത്തുവരുന്ന, ഉള്ളിലെ നീരുറവയാണ്, നിങ്ങളുടെ വിളിയേയും തെരഞ്ഞെടുപ്പിനേയും ഉറപ്പിക്കുന്ന അനുസരണമായി വെളിപ്പെടുന്നത്. “അതുകൊണ്ടു സഹോദരന്മാരെ നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും (രക്ഷ) ഉറപ്പാക്കവാൻ അധികം ശ്രമിപ്പിൻ” എന്ന് പത്രോസ് അപ്പോസ്തലൻ 2 പത്രോസ് 1:10 ഓർപ്പിക്കുന്നത് അതുകൊണ്ടാണ്. ഇവിടെ പ്രശ്നമുണ്ടെങ്കിൽ അതു ഗൗരവമായ പ്രശ്നം തന്നെയാണ്.
അതുകൊണ്ട് അപ്പൊസ്തലനായ പൗലോസ്, ക്രിസ്തീയ അനുസരണം പ്രായോഗികത തലത്തിൽ കൊണ്ടുവരാൻ എങ്ങനെ കഴിയുമെന്നതിനെ സംബന്ധിച്ച് ചില ഉദാഹരണങ്ങൾ 25 മുതൽ 27 വരെ വാക്യങ്ങളിൽ നൽകുന്നു. ഒന്നാമത്തെ ഉദാഹരണം 25 ലെ “ഭോഷ്ക്കു പറയാതെ സത്യം സംസാരിപ്പിൻ” എന്നതാണ്. രണ്ടാമത്തേത്, 26-27 വാക്യങ്ങളിലെ “പകയോടുകൂടിയ കോപം വെച്ചു കൊണ്ടിരിക്കരുത്” എന്ന കാര്യമാണ്. അതിനെ ക്കുറിച്ച് ഞാൻ മുന്നമെ നിങ്ങളോടു പറഞ്ഞതാണ്. മൂന്നാമത്തേത് 28-ാം വാക്യത്തിലെ “മോഷ്ടിക്കരുത്, ജോലി ചെയ്യുക കൊടുക്കുക” എന്നുള്ളതാണ്. അങ്ങനെ താൻ ഓരോന്ന് പറഞ്ഞ് മുന്നോട്ടു പോകുന്നു.
ഈ കൽപ്പനകളെ നാം പഠിപ്പിക്കുമ്പോൾ, നാം ഓർക്കേണ്ട വസ്തുത, അവയൊക്കേയും 22-24 ൽ പറഞ്ഞ മോഡലിൽ വേണം നാം അവയെ മൻസ്സിലാക്കുകയും പഠിക്കയും, പഠിപ്പിക്കുകയും ചെയ്യാൻ. ഈ മോഡൽ പ്രകാരം, യേശുവിന്റെ കൽപ്പനകളെ അനുസരിക്കുന്നത് പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുന്നതുപോലെയാണ്. നമ്മുടെ പഴയ മനുഷ്യൻ, വഞ്ചനയിൽ നിന്നു വരുന്ന മോശമായ ആഗ്രഹങ്ങളാൽ മലിനപ്പെട്ട വ്യക്തിയാണ്. പുതിയ മനുഷ്യൻ സത്യത്തിൽ നിന്നു വരുന്ന നീതിയും വിശുദ്ധിയുമുള്ള ദൈവനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിയും.
ആകയാൽ ഒരു ശരിയായ വിശ്വാസിയായി തീരുക/ ഒരു സത്യക്രിസ്ത്യാനിയായി തീരുക എന്നു പറഞ്ഞാൽ ഒരു അത്ഭുതം തന്നെ സംഭവിച്ചിരിക്കുന്നു എന്നണ്. അതായത്, ആദ്യ സൃഷ്ടി എന്നപോലെ ഒരു പുതു സൃഷ്ടി വീണ്ടും സംഭവിച്ചിരിക്കുന്നു. സുവിശേഷ അനുസരണമെന്നു പറയുന്നത്, നമ്മുടെ ഇഛാശക്തിയാൽ, ഒരു പുതിയ തുടക്കം കുറിചു കൊണ്ട്, ഒരു പുതിയ ദൈവത്തെ പ്രസാദിപ്പിക്കുന്നതല്ല. സുവിശേഷ അനുസരണം ദൈവത്തിന്റെ സൃഷ്ടിയാണ്. Evangelical obedience is the creation of God. അത് ജഡത്തിന്റെ ഒരു പ്രവൃത്തിയല്ല, അത് ആത്മാവിന്റെ ഫലമായി വരുന്ന ഒന്നാണ്. It is the fruit of the Spirit, not the work of the flesh.
സുവിശേഷ അനുസരണത്തിന്റെ താക്കോൽ എന്താണ് എന്നാണ് 23-ാം വാക്യം പറയുന്നത് : “ആത്മാവിനാൽ പുതുക്കം പ്രാപിച്ച മനസ്സ് ഉള്ളവരായി തീരുക” “Be renewed in the spirit of your mind." ആത്മാവിനാൽ പുതുക്കം പ്രാപിച്ച മനസ്സ് ഉള്ളവരായി തീരുക. വളരെ ആഴമായ ഒരു ആന്തരീക നവീകരണം നമ്മിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമെ അത് സുവിശേഷാധിഷ്ഠിത അനുസരണം നമ്മിൽ ഉളവാക്കുകകയുള്ളു. ഈ ആന്തരീക നവീകരണം കൂടാതെ, യേശു പറയുന്നത് നിങ്ങൾ അനുസരിക്കണം എന്നു പറഞ്ഞാൽ, അതിന്റെ ഫലമായുണ്ടാകുന്നത് പരീശത്വമായിരിക്കും.
എവിടെ നിന്നാണ് ഈ പുതിയ മനസ്സ് നമുക്ക് ലഭിക്കുന്നത്? അത് ദൈവത്തിൽ നിന്നു വരുന്നതാണ്. 24-ാം വാക്യപ്രകാരം പുതിയ മനുഷ്യൻ ദൈവത്താൽ സൃഷ്ടിക്കപ്പെടുന്നതാണ്. ഏഫെ 2:10 ൽ നാം വായിക്കുന്നത്: “നാം അവന്റെ കൈപ്പണിയായി സല്പ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു;” അതായത്, പുതുക്കപ്പെട്ട മനസ്സ് ദൈവത്തിന്റെ സൃഷ്ടിയാണ്, മനുഷ്യന്റേതല്ല.
ഇനി എങ്ങനെയാണ് ഈ പുതുക്കം പ്രാപിച്ച മനസ്സ് വരുന്നത്? 24 ൽ പറഞ്ഞിരിക്കുന്ന സത്യം പ്രയോഗിച്ച് 22 ലെ വഞ്ചനയെ മറികടന്നാണ് അതു വരുന്നത്. അതായത്, സുവിശേഷ ഉപദേശം അഥവാ സുവിശേഷ സത്യം പഠിപ്പിച്ച്, സുവിശേഷ അനുസരണം ഉളവാക്കുക എന്ന ഒരു വഴിയല്ലാതെ ഇതിനു മറ്റൊരു മാർഗ്ഗമില്ല. സുവിശേഷ അനുസരണം സ്വതന്ത്രവും സന്തോഷകരവുമായ അനുസരണമാണ്. അതു വരുന്നത് രൂപാന്തരം പ്രാപിച്ച ഒരു മനസ്സിൽ നിന്നുമാണ്. അതുപോലെ തന്നെ ദൈവത്തിന്റെ നന്മയും ദൈവവഴിയുടെ സൗന്ദര്യവും ആസ്വദിച്ചും ദൈവം വിശുദ്ധനാകുന്നതുപോലെ വിശുദ്ധനാകാനുള്ള ആഗ്രഹത്തിൽ നിന്നുമാണ് ആ അനുസരണം വരുന്നത്. സത്യത്തിന്റെ ഫലം പുറപ്പെടുവിക്കാൻ ദൈവം ഉപയോഗിക്കുന്ന സുവിശേഷ ഉപദേശം അതായത്, ദൈവം പാപിയെ സ്നേഹിക്കുകയും ക്രിസ്തു പാപികൾക്കു വേണ്ടി മരിക്കയും ദൈവത്തിന്റെ പരിശുദ്ധാത്മാവ് പാപികളെ വീണ്ടും ജനിപ്പിക്കയും ചെയ്യുന്നു. ഇതെല്ലാം വിശ്വാസത്താൽ ദൈവകൃപയാൽ ദാനമായി ലഭിക്കുന്നു. അതിനോടുള്ള നന്ദിയായി, ദൈവത്തോടുള്ള സ്നേഹത്തിൽ നിന്നാണ് ഈ അനുസരണം വരേണ്ടത്.
അങ്ങനെയെങ്കിൽ എനിക്കു നുണ പറയാതിരിക്കാൻ സാധിക്കുമൊ എന്ന് ഒരുത്തൻ ചോദിച്ചാൽ അതിനു നൽകാൻ കഴിയുന്ന സുവിശേഷ കേന്ദ്രീകൃതമായ ഉത്തരം "By FAITH വിശ്വാസത്താൽ നിനക്കതിനു കഴിയും! അതല്ലെങ്കിൽ, ഞാൻ എങ്ങനെയാണ് പകയോടുകൂടിയ കോപത്തിൽ നിന്നു സ്വതന്ത്രനാകുക എന്നു ചോദിച്ചാൽ അതിനു നൽകാൻ കഴിയുന്ന ഉത്തരം "By FAITH വിശ്വാസത്താൽ എന്നുള്ളതാണ്. എനിക്കെങ്ങനെയാണ് മോഷ്ടിക്കാതിരിക്കാൻ കഴിയുക. അതിനു നൽകാൻ കഴിയുന്ന ഉത്തരം "By FAITH വിശ്വാസത്താൽ എന്നതു തന്നെ.
സുവിശേഷ അനുസരണം എന്താണ് പറയുന്നത് എന്ന് ഗലാ. 2:20 ഒന്നു പരിശോധിക്കാം; “ഞാൻ ക്രിസ്തുവിനോടുകൂടി ക്രുശിക്കപ്പെട്ടിരിക്കുന്നു ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രെ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതൊ എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താൻ ഏൽപ്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്തലത്രേ ജീവിക്കുന്നതു” (And the life I now live in the flesh, I live BY FAITH in the Son of God who loved me and gave himself for me" (Galatians 2:20).
3. എല്ലാ പാപങ്ങളും ദൈവമുൻപാകെ ഗൗരവതരമായ കുറ്റം (All sins are serious offenses before God)
ഒന്നാമതായി, 25-ാം വാക്യം നമുക്കൊന്നു വായിക്കാം : "ആകയാൽ ഭോഷ്ക്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ”
ആദ്യമായി, നുണപറയുന്നത് ദൈവസന്നിധിയിൽ എത്ര ഗൗരവതരമായ കുറ്റമാണ് എന്ന് നമുക്കു നോക്കാം. അതിനായി ചില വേദഭാഗങ്ങൾ നമുക്കൊന്നു വായിക്കാം.
സദൃ. 6:16-19 "ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: 17 ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും19 ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ”
സദൃ. 12:22 “വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.”
സദൃ. 12:19 “സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.”
സദൃ. 20:17 “വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും.”
സദൃ. 21:6 “കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു."
വെളിപ്പാട് 21:8 “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.”
ഈ വചനങ്ങൾ ഞാൻ ചൂണ്ടിക്കാണിച്ചത് നുണ പറയുന്നത് വളരെ ഗൗരവമായ കുറ്റമല്ല എന്ന് ചിന്തിക്കുന്നവരുണ്ട്. റബ്ബറിന്റെ ഗ്രേഡ് തിരിക്കുന്നതു പോലെ പാപത്തെ തരം തിരിച്ച് പാപത്തിന്റെ ഗൗരവത്തെ തുച്ഛീകരിക്കുന്നവരുണ്ട്. അത് അങ്ങനെ വളരെ ലൈറ്റ് ആയി കാണേണ്ട സംഗതിയല്ല. ദൈവം അതിനെ ഗൗരവമായി കാണുന്നു. നുണ പറയുന്നതിനെ കൊണ്ട് കൊലപാതകന്റേയും ദുർന്നടപ്പുകാരന്റേയും ക്ഷുദ്രക്കാരുടെയും കൂടെയാണ് ചേർത്തിരിക്കുന്നത്. എന്തുകൊണ്ടാണ്? ബൈബിളിന്റെ എഴുത്തുകാർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ നുണ പറഞ്ഞുകൊണ്ട് നടക്കുന്നവർ രക്ഷക്ക് വെളിയിലുള്ളവർ എന്ന നിലയിലാണ് തങ്ങളുടെ എഴുത്തുകൾ എഴുതിയിരിക്കുന്നത്.
4. സുവിശേഷ അനുസരണത്തിൽ വിശ്വാസത്തിന്റെ പങ്ക് (The role of faith in obedience to the gospel).
നുണ പറയുന്ന ശിലവും ഹൃദയത്തിന്റെ അവസ്ഥയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്നാണ് 22 ഉം 25 ഉം വാക്യങ്ങൾ നമ്മോടു പറയുന്നത്. “മുൻപിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ചു” 25-ാം വാക്യത്തിൽ നാം വായിക്കുന്നത് : ” ആകയാൽ ഭോഷ്ക്കു ഉപേക്ഷിച്ചു ഒരൊരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ” ഒന്നിൽ പഴയമനുഷ്യനെ ഉപേക്ഷിക്കുവാൻ പറയുന്നു. മറ്റേതിൽ ഭോഷ്ക്ക് ഉപേക്ഷിക്കുവാൻ പറയുന്നു. അതായത്, നുണ/വ്യാജം/ഭോഷ്ക്ക് പറയുന്നത് പഴയ മനുഷ്യന്റെ/പഴയ പ്രകൃതിയുടെ ഭാഗമാണ്. അതായത്, വ്യാജം ഹൃദയത്തിൽ നിന്നാണ് വരുന്നത്. വഞ്ചനയുള്ള ആഗ്രഹങ്ങളിൽ നിന്നാണ് വരുന്നത്. നമുക്കുണ്ടാകാൻ പാടില്ലാത്ത ആഗ്രഹങ്ങളിൽ നിന്നാണ് നുണ പറയാനുള്ള താത്പ്പര്യം ഉണ്ടാകുന്നത്.
18-19 വാക്യങ്ങളിൽ നാം വായിച്ചത്, ദൈവത്തോടുള്ള ഹൃദയകാഠിന്യം അന്ധകാരത്തിലേക്കും ആത്മീയ അജ്ഞതയിലേക്കും നയിക്കുന്നു. അത് വാസ്തവത്തിൽ, ജീവിതത്തിൽ വിലയേറിയതും ആഗ്രഹിക്കത്തക്കതുമായ കാര്യങ്ങളിലേക്കല്ല മനുഷ്യനെ നയിക്കുന്നത്. ഈ അജ്ഞത, പിശാചിനു നമ്മുടെ ഹൃദയങ്ങളെ പ്രവർത്തിക്കുവാനായി തുറന്നു കൊടുക്കുന്നു. സാത്താനെ നുണയനും അവന്റെ അപ്പനുമാകുന്നു എന്നാണല്ലൊ കർത്താവ് വിശേഷിപ്പിച്ചത് (യോഹ 8:44).
നുണ പറയാൻ നമ്മെ പ്രേരിപ്പിക്കുന്ന വഞ്ചനയുടെ ആഗ്രഹങ്ങളെ നമുക്ക് രണ്ട് ഗ്രൂപ്പുകൾ ആയി തിരിക്കാം.
ഒന്ന്; ആളുകൾ ഭയം കൊണ്ട് നുണ പറയുന്നു. രണ്ട്; അത്യാഗ്രഹം കൊണ്ടു നുണ പറയുന്നു. ഭയം കൊണ്ട് നുണ പരയുന്നതിന്റെ ഒരു ഉദാഹരണമെന്നത് മത്തായി 21:23-27 വാക്യങ്ങളാണ് : "അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.24 യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരം കൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.25 യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ?” അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും;26 മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.27 അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: “എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”
മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും ഹൃദയത്തിലെ ആഗ്രഹം സത്യത്തിനു വേണ്ടി നിലകൊള്ളണം എന്നതായിരുന്നില്ല. അവരുടെ വ്യക്തിപരമായ പുകഴ്ചക്കും ഭൗതിക സുരക്ഷക്കും വേണ്ടി ആയിരുന്നു നിലകൊണ്ടിരുന്നത്. അവർ ഭയത്താൽ നിയന്ത്രിക്കപ്പെടുന്നവർ ആയിരുന്നു. രണ്ടു തരത്തിലുള്ള ഭയം അവരെ ഭരിച്ചിരുന്നു. ഒന്ന് ആളുകൾ തങ്ങളുടെ അജ്ഞത മനസ്സിലാക്കിയാൽ അവരുടെ ബഹുമാനം നഷ്ടപ്പെടുമെന്ന ഭയം, രണ്ട് ആളുകൾ തങ്ങളെ കല്ലെറിയുമൊ എന്ന ഭയം. യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്ന് എന്ന് പറഞ്ഞാൽ പിന്നെ അവൻ പറഞ്ഞത് വിശ്വസിക്കാതിരുന്നത് എന്ത് എന്ന് ചോദ്യത്തിനു അവർക്കു consistent ആയ ഉത്തരം നൽകാൻ സാധിക്കയില്ല. അവരുടെ മാനത്തിനായുള്ള വാഞ്ച നുണ പറയാൻ അവരെ പ്രേരിപ്പിച്ചു.
രണ്ടാമത്, ആളുകൾ യോഹന്നാനെ പ്രവാചകൻ എന്ന് എണ്ണിയിരുന്നു. ആ നിലക്ക് യോഹന്നാന്റെ സ്നാനം മനുഷ്യനിൽ നിന്നാണ് എന്നു പറഞ്ഞാൽ ആളുകൾ കല്ലെറിയും. കല്ലേറു കൊള്ളുന്നതിനേക്കാൾ ഭേദമല്ലേ ഒരു നുണ പറയുന്നത്. അതുകൊണ്ട് നുണ പറയുന്നത് അവർ തെരഞ്ഞെടുത്തു. രക്ത സാക്ഷികൾ എങ്ങനെയാണ് ഉണ്ടാവുക. അവർ സത്യത്തിനുവേണ്ടി നിലകൊള്ളേണ്ടി വരുമ്പോഴാണ് അങ്ങനെ സംഭവിക്കപ്പെടുന്നത്. കർത്താവ് മലയിലെ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു : "നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു." (മത്തായി 5:10).
ഇനി, അത്യാഗ്രഹം മൂലം നുണപറയാം . ഉദാ അനനിയാസും സഫീറയും. അവർ വസ്തു വിറ്റു എന്നാൽ ഒരു പങ്കു മാറ്റിവച്ചിട്ട് അപ്പ്സൊതലനോട് നുണ പറഞ്ഞു. പത്രോസ് അതിനു നൽകുന്ന മറുപടി നോക്കുക :” അപ്പോൾ പത്രോസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറേ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയത് എന്ത്? അതായത്, വഞ്ചനയുള്ള ആഗ്രഹത്തിൽ നിന്ന് വ്യാജം മുളക്കുകയും വ്യാജത്തെ പെറുകയും ചെയ്യും. ആകയാൽ, അനനിയാസും സഫീറയും അവിടെ വീണു മരിക്കുന്നത് നാം കാണുന്നു. വലിയ ഭയം അന്ന് സഭയിലുണ്ടായി. വ്യാജം പറയുന്ന നാവ് ദൈവം വെറുക്കുന്നു.
പേര്, പധവി, സ്ഥാനം എന്നിവ നഷ്ടപ്പെടുമൊ എന്ന ഭയത്താൽ ആളുകൾ നുണ പറയുന്നു. ആളുകളുടെ പ്രശംസ നേടാൻ നുണ പറയുന്നു. അങ്ങനെ പല കാരണങ്ങളാൽ നുണ പറയുന്നവരുണ്ട്. നുണയുടെ പിതാവ് സാത്താനാണ്. അവനാണ് പാപികളിൽ നുണ ജനിപ്പിക്കുന്നത്. സാത്താനാൽ ജനിപ്പിക്കപ്പെടുന്ന നുണ യേശുക്രിസ്തുവിനാൽ വരുന്ന സത്യത്താൽ (21) replace ചെയ്യേണ്ടതാവശ്യമാണ്. യേശുക്രിസ്തുവാണ് വിശുദ്ധന്മാരിൽ സത്യം ജനിപ്പിക്കുന്നത്. അതാണ് 23-ാം വാക്യത്തിൽ നിങ്ങളുടെ മനസ്സ് ആത്മാവിനാൽ പുതുക്കം പ്രാപിക്കണം എന്ന് പറയുന്നത്. സാത്താനോട് പോരാടാൻ തക്കവണ്ണം സത്യം കൊണ്ടു നിറയണം. ആ സത്യത്തിൽ നിന്നാണ് നീതിയും വിശുദ്ധിയും വരേണ്ടത്. ആ വിശുദ്ധിയുടെ ഒരു ഭാഗത്തെക്കുറിച്ചാണ് 25-ാം വാക്യത്തിൽ പറയുന്നത്. ആകയാൽ ഭോഷ്ക്കു ഉപേക്ഷിച്ചു ഒരൊരുത്തൻ താന്താന്റെ കൂട്ടൂകാരനോടു സത്യം സംസാരിപ്പിൻ”
ദൈവത്തിന്റെ സ്വഭാവത്തിന്റെ എല്ലാ സത്യത്തിലേക്കും വാഗ്ദത്തത്തിലേക്കും നാം ആഴമായി കടന്നുചെന്നെങ്കിലെ നുണ പറയാനുള്ള പ്രവണതയെ അതിജീവിക്കുവാനായി നമുക്കു സാധിക്കുകയുള്ളു. ദൈവത്തിന്റെ വചനത്തിൽ അതിശയങ്ങളായ വലിയ വാഗ്ദത്തങ്ങൾ ഉണ്ട്. ആ വാഗ്ദത്തങ്ങളിൽ വിശ്വാസത്താൽ ആശ്രയിച്ചാൽ, ഭയം അത്യാഗ്രഹം എന്നിങ്ങനെ നുണ പറയാൻ പ്രേരിപ്പിക്കുന്ന പ്രലോഭനങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിപ്പാൻ നമുക്ക് സാധിക്കും. Truth-telling is a "work of faith" (1 Thess. 1:3), സത്യം പറയുന്നത് വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണ്. എന്തുകൊണ്ടെന്നാൽ, ദൈവത്തിന്റെ നന്മയിലും പരമോന്നതമായ ശക്തിയിലും ഉള്ള വിശ്വാസത്തിനു മാത്രമെ നുണ പറയാൻ കാരണമായിരിക്കുന്ന ഭയം, അത്യാഗ്രഹം, പേര്, പ്രശസ്തി, ഇൻസെക്യൂരിറ്റി എന്നിങ്ങനെ പോകപരമായ, വഞ്ചനയുടെ വഴി വിട്ട് സത്യത്തിന്റെ വഴിയെ നടക്കുവാൻ നമ്മേ സഹായിക്കുകയുള്ളു.
ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളിലേക്കും പോകുവാൻ നമുക്കിപ്പോൾ സാധിക്കയില്ല. ആകയാൽ 25-ാം വാക്യത്തിന്റെ അവസാനത്തിൽ പൗലോസ് ഊന്നൽ നൽകുന്ന ഏക സത്യത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിച്ച് ഇത് അവസാനിപ്പിക്കാം. ആകയാൽ ഭോഷ്ക്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ” എന്തിനുവേണ്ടി For we are members one of another. നാം ഒരു ശരീരത്തിന്റെ അവയവങ്ങൾ ആയിരിക്കയാൽ, നമുക്ക് സഹോദരങ്ങളോട് സത്യം സംസാരിക്കാം. ഒരു സഹോദരനെ നീ വഞ്ചിച്ചാൽ അതു നിന്നെത്തന്നെ വഞ്ചിക്കുന്നതിനു തുല്യമാണ്. നിങ്ങൾ ഒരു സഹോദരനെ വഞ്ചിക്കുമ്പോൾ, അവനെ തെറ്റായി ധരിപ്പിക്കുമ്പോൾ, ക്രിസ്തുവിന്റെ ശരീരമായ സഭയെ സംബന്ധിച്ച സത്യം കൊണ്ട് നിങ്ങളുടെ മനസ്സിനെ പുതിക്കിയിട്ടില്ല എന്നാണ് അത് കാണിക്കുന്നത്.
ക്രിസ്തുവിന്റെ ശരീരമെന്ന യാഥാർത്ഥ്യവും, നിങ്ങൾ ആ ശരീരത്തിലെ അവയവവും എന്ന് നിങ്ങൾ ഗ്രഹിക്കയും വിശ്വസിക്കയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സ് ആ നിലയിൽ രൂപാന്തരം പ്രാപിച്ചുകൊണ്ടുവേണം സഹോദരനോട് ഇടപെടാൻ. നിങ്ങളുടെ മനസ്സിനെ ക്രിസ്തുവിന്റെ ശരീരമാണ് സഭ എന്ന യാഥാർത്ഥ്യം കൊണ്ട് നവീകരിച്ചാൽ, പിന്നെ മനഃപ്പൂർവ്വം ഒരു സഹോദരനോടൊ സഹോദരിയോട് നിങ്ങൾ വ്യാജം പ്രവർത്തിക്കയില്ല.
ഈയൊരു സംഗ്രഹത്തോടെ ഞാനിത് അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു: ജീവൻ അപകടത്തിലാകാവുന്ന തിന്മക്കെതിരേയുള്ള പോരാട്ടമൊഴിച്ചാൽ (സൂതികർമ്മിണികൾ, രാഹാബ് എന്നിവരുടെ ഉദാഹരണങ്ങൾ ഒഴിച്ചാൽ) നുണ പറയുന്ന ശീലം നമ്മുടെ പഴയ പ്രകൃതിയുടെ ഭാഗമാണ്. അതു സാത്താന്റെ വഞ്ചനയിൽ നിന്നു വരുന്ന തെറ്റായ ആഗ്രഹങ്ങളുടെ ഫലമാണ്. അവയെ നമ്മിൽ നിന്നും ഉരിഞ്ഞു കളയേണ്ടതാവശ്യമാണ്. നാം പുതിയ മനുഷ്യനാണ് എന്ന കാര്യം നമ്മോട് ബന്ധപ്പെട്ടുനിൽക്കുന്ന ഏവരോടും, പ്രത്യകിച്ചും സഭയിലുള്ള ഏവർക്കും വെളിപ്പെടട്ടെ. സാമൂഹ്യജീവിതത്തിനു അത്യന്താപേക്ഷിതമായ സത്യസന്ധത നമ്മുടെ എല്ലാപെരുമാറ്റത്തിലും യാഥാർത്ഥ്യമായി തീരട്ടെ. കാപട്യം വഞ്ചന, ദുരുപായം നിരൂപിക്കൽ, വ്യാജമുള്ള നാവ് എന്നിവ നമ്മിൽ നിന്നു നീങ്ങി പോകട്ടെ. വിശ്വാസത്താൽ നുണ പറയുന്നതിൽ നിന്നും മോചനം പ്രാപിക്കാം, വിശ്വാസത്താൽ പകയോടു കൂടിയ കോപം ഒഴിവാക്കാം. വിശ്വാസത്താൽ നമുക്കു മോഷ്ടിക്കാതിരിക്കാം. അങ്ങനെ സത്യത്താൽ നയിക്കപ്പെടുന്നവരും വിശ്വാസത്താൽ വിജയം നേടുന്നവരും ആയിരിക്കട്ടെ നാമോരുത്തരും എന്നു പ്രാർത്ഥിച്ചു കൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.
*******