top of page
എഫെസ്യ ലേഖന പരമ്പര -17
P M Mathew
MAY 24, 2015

When you are angry, do not sin
കോപിച്ചാൽ പാപം ചെയ്യരുത്

Ephesians 4:26-27

ആമുഖം

പഴയമനുഷ്യന്റെ പ്രകൃതിയും, അതിൽ നിന്നു വരുന്ന സ്വഭാവദൂഷ്യങ്ങൾ എന്നു പറയുന്നത് "കോപം, ക്രോധം, ഈർഷ്യ, വായിൽ നിന്നു വരുന്ന ദൂഷണം, ദുർഭാഷണം, ഭോഷ്ക്കു പറയൽ എന്നിവയാണ്. പുതിയ മനുഷ്യന്റെ പ്രകൃതി അഥവാ സ്വഭാവസവിശേഷതകൾ "മനസ്സലിവ്, ദയ താഴ്മ, സൗമ്യത ദീർഘക്ഷമ, എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കുകയും ഒരുവന്നോടു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ" (കൊലോസ്യർ 3:12) എന്നതുമാണ്.

പഴയമനുഷ്യനെ ഉരിഞ്ഞു കളയാനും പുതിയ മനുഷ്യനെ ധരിക്കുവാനുമാണ് 22ഉം24ഉം വാക്യങ്ങളിൽ പൗലോസ് പറഞ്ഞത്. ഇതെങ്ങനെ യാഥാർത്ഥ്യമാക്കാമെന്നാണ് 23-ാം വാക്യം പറയുന്നത്. അതായത്, മനസ്സു പുതിക്കി രൂപാന്തരപ്പെടുക. ഈ മാറ്റം ആദ്യം നമ്മുടെ മനസ്സിലാണ് അഥവാ ഹൃദയത്തിലാണ് സംഭവിക്കുന്നത്. ഇതു ദൈവത്താൽ സൃഷ്ടിക്കപ്പെട്ട പുതിയ വസ്ത്രം ധരിക്കുന്നതുപോലെയാണ്. അതിനു നാം ആത്മീയവും, സ്വർഗ്ഗീയവും, നിത്യവുമായ സത്യത്തെ കൊണ്ടു നമ്മുടെ ഹൃദയത്തെ നിറച്ചു കൊണ്ടിരിക്കേണ്ടtത് ആവശ്യമാണ്. അങ്ങനെ സത്യത്തെകൊണ്ട് നമ്മുടെ മനസ്സിനെ നിറക്കുമ്പോൾ, ഈ ലോകത്തിന്റെ മോഹിപ്പിക്കുന്നതും വഞ്ചന നിറഞ്ഞതുമായ കാര്യങ്ങൾ മനസ്സിൽ നിന്നു പുറത്താക്കപ്പെടും. അതുകൊണ്ടാണ് പൗലോസ് കൊലൊശ്യർ 3:2-3 വാക്യങ്ങളിൽ "ഭൂമിയിലുള്ളതല്ല, ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ" എന്നു പറഞ്ഞിരിക്കുന്നത്.

അങ്ങനെ നമ്മുടെ ഹൃദയം സത്യം കൊണ്ടു നിറഞ്ഞിരുന്നാൽ നാം മറ്റുള്ളവരോടു സത്യത്തിൽ ഇടപെടുവാൻ തുടങ്ങും. നമ്മുടെ ജീവിതത്തിൽ ഭോഷ്ക്കിനു വലിയ സ്ഥാനമുണ്ടാവില്ല. അങ്ങനെ സത്യത്തിൽ നടക്കുന്ന വ്യക്തി തങ്ങളുടെ ജിവിതത്തിൽ സംഭവിക്കുവാൻ സാദ്ധ്യതയുള്ള കോപത്തെ നിയന്ത്രിക്കണം എന്നാണ് പൗലോസ് തുടർന്നു പറയുന്നത്. അതായത്, തെറ്റായ കോപം ഉപേക്ഷിക്കുക, ശരിയായ കോപം മാത്രം സൂക്ഷിക്കുക. നിങ്ങൾ വീണ്ടും ജനിച്ചപ്പോൾ നിങ്ങൾക്ക് ഒരു പുതിയ പ്രകൃതി നൽകപ്പെട്ടു, നിങ്ങൾ ഒരു പുതിയ സൃഷ്ടിയായി തീരുകയും ചെയ്തു. അതിനോടു ചേർത്ത് പൗലോസ് പറയുന്നു: നിങ്ങളുടെ പുതുക്കം കോപം പ്രകടിപ്പിക്കുന്നതിലും പ്രകടമാകണം എന്ന്.

പൗലോസ് കോപിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. കോപിച്ചാൽ അതിനെ എത്രയും പെട്ടെന്നുതന്നെ കൈകാര്യം ചെയ്യേണ്ടതാവശ്യമണ്; അതല്ലെങ്കിൽ പിശാച് നമ്മേ കീഴ്പ്പെടുത്തുന്നതിനു ഒരു മുഖാന്തിരമായി തീരും.

പൗലോസ് കോപിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. കോപിച്ചാൽ അതിനെ എത്രയും പെട്ടെന്നുതന്നെ കൈകാര്യം ചെയ്യേണ്ടതാവശ്യമണ്; അതല്ലെങ്കിൽ പിശാച് നമ്മേ കീഴ്പ്പെടുത്തുന്നതിനു ഒരു മുഖാന്തിരമായി തീരും.

എഫെസ്യർ 4: 26-27

“കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം കോപം വെച്ചുകൊണ്ടിരിക്കുന്നത്."

കോപം എന്നത് പൗലോസ് മുന്നറിയിപ്പു നൽകുന്ന മറ്റു തിന്മകളിൽ നിന്നും വ്യത്യസ്ഥമാണ്. ഉചിതമായതും അനിവാര്യവുമായ ഒരു വികാരമായിട്ടാണ് അദ്ദേഹം അതിനെ കണക്കാക്കുന്നത്. എന്നിരുന്നാലും, അത് വളരെ അസ്ഥിരവും അപകടകരവുമാണെന്ന് അദ്ദേഹം കരുതുന്നു. കോപത്തെ നിരോധിക്കുന്നതിനുപകരം, അത് ഒരാളുടെ ജീവിതത്തിലെ തുടർച്ചയായ സ്വഭാവസവിശേഷതകളായിരിക്കരുത്, മറിച്ച് ചില സംഭവങ്ങളിൽ അത് പ്രകടിപ്പിക്കുകയും പ്രകടിപ്പിക്കുകയും വേണം.

26-ാം വാക്യം കോപത്തെ കുറിച്ച് കുറഞ്ഞത് രണ്ടു ദൃഡപ്രസ്താവനകൾ നടത്തുന്നു. 1) കോപിക്കാൻ ഒരു സമയമുണ്ട്. 2) കുറച്ചു സമയത്തേക്കു മാത്രമെ കോപം നിലനിൽക്കാവു.
കോപിക്കാൻ ഒരു പക്ഷെ നല്ല അവസരങ്ങൾ ഉണ്ടായി എന്നു വന്നേക്കാം, എന്നാൽ പക അല്ലെങ്കിൽ വെറുപ്പ് മനസ്സിൽ വെച്ചു കൊണ്ടിരിക്കുവാൻ അനുവാദമില്ല. “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ” കോപിച്ചാൽ ആ ദിവസം തന്നെ അനുരജ്ഞനം പ്രാപിക്കണം. അതിനുള്ള സമയപരിധി എന്നത് സൂര്യൻ അസ്തമിക്കുന്നതു വരെയാണ്. അനുരജ്ഞനം സാദ്ധ്യമല്ലെങ്കിൽ, മുറിവിൽ ഉപ്പു തേക്കരുതു, മനസ്സിൽ പ്രതികാരം സൂക്ഷിക്കരുത്, പക വെച്ചു പുലർത്തരുത്. സാത്താൻ നോക്കുന്നത് ഈ ഗ്യാപ്പാണ്. പക/വെറുപ്പ് മനസ്സിൽ വെച്ചു കൊണ്ടിരുന്നാൽ സാത്താൻ അവിടെ കയറിക്കുടും. അവൻ കയറിക്കൂടിയാൽ മനസ്സ് എല്ലാത്തരത്തിലുമുള്ള കൈപ്പ് കൊണ്ട് അതിനെ നിറക്കും.
.
ഇനി ഈ രണ്ടു പോയിന്റുകൾ നമുക്കോരോന്നായി പരിശോധിക്കാം.

1. കോപിക്കാൻ ഒരു സമയമുണ്ട് (There is a time to be angry)

കോപിച്ചാൽ പാപം ചെയ്യരുത് എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എല്ലാ കോപവും തെറ്റല്ല. എന്നാൽ ചില കോപങ്ങൾ തെറ്റാണ്. വാക്യം 31 ൽ പറയുന്നത് : “എല്ലാ കൈപ്പും കോപവും ... നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ” എന്നാണ്.

രണ്ടു തരത്തിലുള്ള കോപം ഉണ്ട്. നല്ല കോപവും ചീത്ത കോപവും. ഇവ തമ്മിലുള്ള വ്യത്യാസം ആദ്യം പരിശോധിക്കാം.

നല്ല കോപത്തിന്റെ രണ്ടു വിശേഷതകൾ ഞാൻ പറയാം
1. നല്ല കോപം ദൈവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
2. അതിനോട് ചേർന്ന് ദുഃഖവും ഉണ്ടാകും. അതല്ലെങ്കിൽ ദുഃഖം ഇടകലർന്ന കോപമാണ് നല്ല കോപമെന്നത്.

യാക്കോബ് 1:19-20 ൽ നാം വായിക്കുന്നു : “പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.20 മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല." മറ്റൊരു രീതിയിൽ പറഞ്ഞാൽ നാം കോപിക്കുന്നതു സാവകാശമായിരിക്കണം. കാരണം പെട്ടെന്ന് കോപിക്കുന്നത് മാനുഷികമാകാനാണ് ഏറെ സാദ്ധ്യത. മാനുഷികകോപമാണെങ്കിൽ അവിടെ ദൈവത്തിന്റെ നീതി പ്രവർത്തിക്കയില്ല. നാം സാവധാനത്തിൽ കോപിക്കുന്നവരാണെങ്കിൽ, നാം നമ്മുടെ ആത്മാവിനെ നിയന്ത്രിക്കയും കാര്യങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കുവാനൊ പരിഗണിക്കുവാനൊ തുനിയുകയും ചെയ്യും. എന്നാൽ ഇതൊക്കേയും ചെയ്തിട്ടും കോപം വരുന്നു എങ്കിൽ, അത് ദൈവത്തിൽ നിന്നു വരുന്ന കോപമാണ്. അതായത്, നമ്മുടെ കോപം, ദൈവത്തിന്റെ നാമത്തിനു അപമാനം വരുത്തുന്നതിൽ നിന്നാണ് വരുന്നത് എങ്കിൽ, അത് നല്ല കോപമാണ്. ഇവിടെ ഓർക്കേണ്ട സംഗതി അതുകൊണ്ട് നമ്മുടെ പേരിനു അപമാനം ഉണ്ടാക്കുന്നു എന്നതല്ല, ദൈവത്തിന്റെ നാമത്തിനു അപമാനം വരുത്തുന്നു എന്നതായിരിക്കണം ആ കോപത്തിന്റെ കാരണം. അതുവഴി നമ്മുടെ ലക്ഷ്യമല്ല, ദൈവത്തിന്റെ ലക്ഷ്യമാണ് തടസ്സപ്പെടുന്നത് എങ്കിൽ അത് വരുന്നത് ദൈവത്തിൽ നിന്നാണ്. ചുരുക്കി പറഞ്ഞാൽ, നല്ല കോപം ദൈവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, നമ്മേ അടിസ്ഥാനമാക്കിയുള്ളതല്ല. കോപത്തിന്റെ ടാർജ്റ്റ് എന്നത് ദൈവത്തിനെതിരെയുള്ള പാപമാണ്, നമ്മുടെ മേലുള്ള ആക്രമണമല്ല.

2. ദുഃഖം ഇടകലർന്ന കോപം ആണ് നല്ല കോപത്തിന്റെ മറ്റൊരു ലക്ഷണം (Anger mixed with sadness is another symptom of good anger).
മർക്കോസ് 3:5 ൽ യേശുക്രിസ്തു കോപിക്കുന്ന ഒരു രംഗം നമുക്കു കാണാം. അവിടെ യേശു ശബാത്തിൽ വരണ്ട കയ്യുള്ള ഒരു മനുഷ്യനെ സൗഖ്യമാക്കുന്ന രംഗമാണ് അത്. പരീശന്മാർ അതിനെ ശക്തിയായി എതിർത്തു. കാരണം ശബാത്തിൽ യേശു ഒരു വലിയ ജോലി ചെയ്യുന്നു എന്നതാണ് അവരുടെ പ്രശ്നം. “അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, .... " നാം ഹൃദയകാഠിന്യം എന്ന വിഷയം ഇതിനു മുൻപ് കൈകാര്യം ചെയ്ത വിഷയമാണ് നിങ്ങൾ അതു ഓർക്കുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു. പരീശന്മാരുടെ ഹൃദയകാഠിന്യമാണ് അവർ കർത്താവിനെ വിശ്വസിക്കുവാൻ കൂട്ടാക്കാതിരുന്നത്.

കർത്താവിനു അവരോടു വളരെ കോപം തോന്നി എങ്കിലും അവരുടെ ഹൃദയകാഠിന്യത്തെ ഓർത്ത് താൻ വളരെ ദുഃഖിച്ചു എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇവിടെയാണ് നാം പലപ്പോഴും പരാജയപ്പെടുന്നത്.

പാപത്തിനെതരിരെ കോപിക്കുമ്പോഴുള്ള എരിവ് പലപ്പോഴും പാപിക്കെതിരെയുള്ള ദുഃഖത്തെ ഇല്ലാതെയാക്കുന്നു. ഒരു വ്യക്തി പാപം ചെയ്യുമ്പോൾ നാം കോപിക്കുന്നു, എന്നാൽ ആ വ്യക്തിയുടെ ഹൃദയകാഠിന്യത്തെ ഓർത്ത് ദുഃഖിക്കുന്നില്ല. നാം പാപത്തിനെതിരെയുള്ള നമ്മുടെ ധാർമ്മിക രോഷം പ്രകടിപ്പിക്കുമ്പോൾ, ആ വ്യക്തിയുടെ ഹൃദയകാഠിന്യം ഇല്ലാതെയാകുന്നതിനൊ അതല്ലെങ്കിൽ ആ വ്യക്തി നിരപ്പു പ്രാപിക്കുന്നതിനൊ നാം ആഗ്രഹിക്കുന്നില്ല. ഇതു സ്വാഭാവികമാണെങ്കിലും നല്ലതല്ല. മാറ്റത്തിനു പ്രതീക്ഷ നിലനിൽക്കുന്നിടത്തോളം, പാപത്തിനെതിരെ നല്ല കോപം പ്രകടിപ്പിക്കുകയും എന്നാൽ അത് പാപിയോടുള്ള ദുഃഖത്തോട് ചേർന്നു പോകുന്നതും ആയിരിക്കണം.

അതുകൊണ്ട് കോപിക്കുവാൻ അവസരമുണ്ട് എന്നാൽ അത് പാപത്തിനു ഇടനൽകരുത് എന്ന് 26-ാം വാക്യം പറയുന്നു. എന്നാൽ കോപത്തോടെ ഇരിക്കാനുള്ള സമയപരിധി ചുരുങ്ങിയതാണ്. ഇതാണ് രണ്ടാമതായി ഈ വാക്യം പറയുന്നത്. “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു" അതിനർത്ഥം എസ്കിമോകൾക്ക് 9 മാസവും ഭൂമധ്യരേഖാദേശത്ത് വസിക്കുന്നവർക്ക് 12 മണിക്കൂറും കോപം വെച്ചു കൊണ്ടിരിക്കാമെന്നല്ല. കോപം അതിന്റെ സാദ്ധ്യമായ എല്ലാ നിയമസാധുതകളും കണക്കിലേടുത്ത്, വിരോധമൊ കൈപ്പൊ ഉളവാക്കുന്ന അപകടപരമായ ഒന്നാകായാൽ, അതിനെ അധികസമയം മനസ്സിൽ വെച്ച് താലോലിക്കരുത് എന്നാണ്.

ഇനി ശാരീരികമായി പറഞ്ഞാലും കോപം അപകടകരമായ ഒന്നാണ്. കോപമെന്നത് ബയോളജിക്കൽ ആയി പറഞ്ഞാൽ അഡ്രിനാലിന്റെ വിസർജ്ജനമാണ്. പ്രത്യേക സാഹചര്യങ്ങളിൽ അതിന്റെ സമയാധിഷ്ഠിതമായ വിസർജ്ജനം ഉണ്ടാകുന്നത് നല്ലതും ആരോഗ്യകരവും ആണ്. എന്നാൽ അതിന്റെ തുടർമാനമായ ഒഴുക്ക് ഹൃദയത്തിനു ഹാനികരമാണ്. അതുകൊണ്ട് കോപിച്ചിട്ട് അത് കെടാതെ സൂക്ഷിക്കുന്നത് ഹൃദയങ്ങൾക്ക് ഹാനികരമായി തീരും. കോപം ഹൃദയങ്ങളിൽ താലോചിച്ച് കൈപ്പും പകയും കൊണ്ട് നിറയുന്നത് ജീവനുതന്നെ അപകടകരമാണ്.

27-ാം വാക്യപ്രകാരം സാത്താൻ ഈയൊരു ഗ്യാപ്പാണ് നമ്മിൽ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഹൃദയത്തിലെ grudge അഥവാ പക എന്നത് സാത്താനു കടന്നു കൂടാനുള്ള ഒരു പൊഴുതാണ്.
3. പക വെച്ചു കൊണ്ടിരിക്കുന്ന വ്യക്തിയിൽ സാത്താൻ എങ്ങനെ പ്രവർത്തിക്കുന്നു? (How does Satan work in a person who is hating?)

പക വെച്ചു കൊണ്ടിരിക്കുന്നതിൽ, ഏതെങ്കിലും നിലയിൽ സാത്താനു സഹായിക്കുവാൻ കഴിയുമെങ്കിൽ, അവൻ തീർച്ചയായും അതു ചെയ്യും. ക്രിസ്ത്യാനികൾ പകവെച്ചുകൊണ്ടിരുന്നാൽ സാത്താന്റെ 6 ലക്ഷ്യങ്ങളാണ് അതിലൂടെ നടപ്പാകുന്നത്.

1. ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യനെ അവരോധിക്കുവാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതു ഉല്പത്തി 3 ലാണ് ആരംഭം കുറിച്ചത്. അന്നു തുടങ്ങി ഇന്നുവരെ മനുഷ്യനെ ദൈവത്തിന്റെ സ്ഥാനത്ത് അവരോധിക്കുവാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
3:5 "അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു” നമ്മെക്കുറിച്ചു തന്നെ ഏറെ മതിപ്പോടെ ചിന്തിച്ച് പക മനസ്സിൽ വെച്ചുകൊണ്ടിരുന്നാൽ അതു ഗുണകരമാകയില്ല. നമ്മുടെ കണ്ണിൽ നാം വളരെ ഉന്നതരായി കണ്ടാൽ, നമ്മേ പ്രകോപിപ്പിച്ചവർക്കെതിരെ നമ്മേത്തന്നെ ന്യായികരിക്കുവാനും നമ്മുടെ പക തികച്ചും ന്യായമാണ് എന്ന് ചിന്തിക്കുവാനും ഇടയാക്കും. നമ്മുടെ കോപം സ്വഭാവികമാണ് / നീതീകരിക്കപ്പെട്ടതാണ് എന്ന ഒരു തോന്നാൽ നമ്മിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ നമ്മേത്തന്നെ ദൈവത്തിന്റെ സ്ഥാനത്ത് ആക്കിവെക്കുന്ന കാര്യത്തിൽ സാത്താൻ വളരെ മുന്നേറി എന്നാണ് നാം മനസ്സിലാക്കേണ്ടത്.

2. ദൈവമല്ല, നാമാണ് ന്യായാധിപതി എന്ന നിലയിൽ നാം പ്രവർത്തിക്കണമെന്ന് സാത്താൻ ലക്ഷ്യമിടുന്നു.

റോമർ 12:19 : “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു,"

പക മനസ്സിൽ വെച്ചുകൊണ്ടിരുന്നാൽ ദൈവമല്ല നീതിമാനായ ന്യായാധിപതി എന്ന നിലയിൽ നാം പെരുമാറുന്നു. ലോകത്തിന്റെ ധാർമ്മികതയുടെ സൂക്ഷിപ്പിക്കാരൻ നാമാണെന്നും, നാം ആ തെറ്റിനെ ന്യായംവിധിച്ചില്ലെങ്കിൽ അത് വിസ്മൃതിയിൽ ആണ്ടു പോകുമെന്നും അങ്ങനെ ഒരു അന്യായത്തിനു യാതൊരു പ്രതികാരം ചെയ്യാതെ വിട്ടതുപോലെ ആകും എന്നാണ് പക വെച്ചുകൊണ്ടിരിക്കുന്നതിലൂടെ നാം ചെയ്യുന്നത്. എന്നാൽ ഇത് തികച്ചും ദൈവവചനത്തെ അവിശ്വാസിക്കുന്നതാണ്. പ്രതികാരം യഹോവക്കുള്ളതാണ്. അവൻ പ്രതികാരം ചെയ്യും. അത് ദൈവത്തിന്റെ ബിസിനസ് ആണ് ദൈവം അതു ചെയ്തുകൊള്ളും. മാത്രവുമല്ല, പക വെച്ചുകൊണ്ടിരുന്നാൽ നാം നമ്മെത്തന്നെ ദൈവത്തിന്റെ സ്ഥാനത്ത് ന്യായാധിപതിയായി അവരോധിക്കുകയാണ് ചെയ്യുന്നത്. അതാണ് സാത്താൻ നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതും.

3. ക്രിസ്തുവിന്റെ ക്രൂശ് ബലഹീനവും ഭോഷത്വവുമാണ് എന്ന് ആക്കിത്തീർക്കുവാൻ സാത്താൻ ലക്ഷ്യമിടുന്നു.

ഏഫെ 4:32-5:2 “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ. ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.2 ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ"

പകവെച്ചുകൊണ്ടിരിക്കുന്നതിൽ നിന്നു നമ്മെ വിടുവിക്കുന്ന തിനുള്ള പ്രചോദനം യേശുക്രിസ്തുവിന്റെ കാൽവരി മരണത്തിൽ നിന്നാണ് നമുക്കുണ്ടാകേണ്ടത്. ദൈവത്തിന്റെ നമ്മോടുള്ള കോപം ശമിപ്പിക്കപ്പെടുകയും കോപം വിട്ടുകളയുകയും ചെയ്തു എന്നുള്ളതാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ട് പൗലോസ് പറയുന്നു ദൈവം ക്രിസ്തുവിൽ നമ്മോടൂ ക്ഷമിച്ചതുപോലെ ക്ഷമിക്കുവിൻ. ക്രൂശിനെ തുച്ഛീകരച്ചുകൊണ്ടാണ് നാം പക മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്നത്. ദൈവം ക്രുശിൽ എന്തോ ഭോഷത്വം പ്രവർത്തിച്ചു എന്ന നിലയിലാണ് നാം പ്രവർത്തിക്കുന്നത്. ദൈവത്തിന്റെ വലിയ കോപം ദൈവം ദൈവം ഉപേക്ഷിച്ച സ്ഥാനത്ത്, നാം നമ്മുടെ ചെറിയ ചെറിയ പകകൾ വെച്ചുകൊണ്ടിരിക്കുന്നത് സാത്താനോടു ചേർന്ന് ക്രുശിനെ പൂശ്ചിക്കുന്നതിനു ഇടയായി തീരുന്നു.

4. സാത്താൻ സഭയിൽ അനൈക്യത വരുത്താൽ ലക്ഷ്യമിട്ടുകൊണ്ട് ക്രിസ്തുവിന്റെ ദൈവികയഥാർത്ഥ്യങ്ങളെ തകർക്കാൻ ശ്രമിക്കുന്നു.

സദൃ. 15:18 “ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു” ക്ഷിപ്രകോപവും പകവെക്കുന്നു. എന്നാൽ യോഹ 17:23 ൽ യേശു പറയുന്നത് സഭയിലെ ഐക്യം ലോകത്തിൽ തന്റെ സാന്നിദ്ധ്യത്തിന്റെ വലിയ തെളിവാണ്. അതുകൊണ്ട് സാത്താനു പക മനുഷ്യന്റെ ഉള്ളിൽ നിലനിർത്താനും ആഴത്തിൽ വേരൂന്നിക്കുവാനും കഴിഞ്ഞാൽ, ദൈവത്തിന്റെ വലിയ ലക്ഷ്യം- യേശുക്രിസ്തുവിന്റെ ഈ ലോകത്തിലെ സാന്നിദ്ധ്യം മറച്ചുവെക്കുവാൻ സാധിക്കും.

5. സാത്താൻ തകർന്ന ക്രിസ്ത്യാനികളെ പ്രയോജന രഹിതരാക്കി ഡിപ്രഷനിലേക്ക് നയിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്നു.

കൊരിന്തിലെ സഭാ-ശിക്ഷണത്തോടുള്ള ബന്ധത്തിൽ അപരാധിയായ മനുഷ്യൻ മാനസാന്തരപ്പെട്ടതിനോടുള്ള ബന്ധത്തിൽ പൗലോസ് പറയുന്ന ഒരു കാര്യം നോക്കുക. 2 കൊരി 2:7 “അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു.” ഒരു വ്യക്തിക്കെതിരെയുള്ള പക ആ വ്യക്തിയെ നശിപ്പിക്കുന്നതിനു മുഖാന്തിരമായി തീരാറുണ്ട്. അതു സാത്താന്റെ ഒരു പ്രവൃത്തിയാണ് അത് കയിന്റേയും ഹാബേലിന്റേയും കാലം മുതൽ അവൻ വളരെ സമൃദ്ധമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

6. അവസാനമായി, പക മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്നവരെ സ്വയം നശിക്കുന്നതിനു സാത്താൻ സഹായിക്കുന്നു.

സാത്താൻ തന്റെ മോഹന വാഗ്ദാനങ്ങൾക്കൊടുവിലാണ് തന്റെ ചതി എന്ന ആയുധം പ്രയോഗിക്കുന്നത്. അവൻ ചന്ദ്രനെ വാഗ്ദാനം ചെയ്യും എന്നാൽ ആ വാഗ്ദാനത്തിൽ വീഴുന്നവർക്ക് പകരം ലഭിക്കുന്നത് ദുഃഖവും വേദനയുമാണ്. ക്ഷമിക്കാതിരുന്ന ദാസനെ ജയിലിൽ അടച്ചപ്പോൾ, യേശു തന്റെ ശിഷ്യന്മാരോടിപ്രകാരം പറഞ്ഞു : നിങ്ങൾ നിങ്ങളുടെ സഹോദരനോട് ക്ഷമിക്കുന്നില്ല എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് ഇതു നിങ്ങളോടും ചെയ്യും”
ഇതു നമ്മെ നമ്മുടെ സ്റ്റാർട്ടിംഗ് പോയിന്റിലേക്ക് നമ്മേ നയിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിന്ന്, നിങ്ങളുടെ പുതിയ പ്രകൃതിയിൽ നിന്ന്, ശുദ്ധീകരിക്കപ്പെട്ട ഉറവയിൽ നിന്ന്, നല്ല വൃക്ഷത്തിൽ നിന്ന് ആണ് ഇവയോക്കേയും വരേണ്ടത്. കോപത്തിനുമേൽ വിജയം നേടണമെങ്കിൽ വഞ്ചനയുടെ ആത്മാവിനാൽ മലിനപ്പെട്ട പഴയപ്രകൃതിയെ ഉരിഞ്ഞു കളഞ്ഞ് പുതിയ പ്രകൃതിയെ ധരിക്കുന്നതിലൂടെ മാത്രമെ സാധിക്കയുള്ളു. പഴയ പ്രകൃതി, സത്താന്റെ വഞ്ചനയാൽ മലിനപ്പെട്ടതാണ്, അതു ഉപേക്ഷിക്കുക. പുതിയ പ്രകൃതി ധരിക്കുക എന്നു പറഞ്ഞാൽ സത്യാനുസാരം പ്രവർത്തിക്കുന്നതാണ്.

സത്യാനുസാരം പ്രവർത്തിക്കുക എന്നു പറഞ്ഞാൽ- പക മനസ്സിൽ സൂക്ഷിക്കുന്നത് നീതികരിക്കുവാൻ കഴിയാത്ത സ്വയ പുകഴ്ത്തൽ പ്രക്രീയയാണ്.

സത്യാനുസാരം പ്രവർത്തിക്കുക എന്നു പറഞ്ഞാൽ പ്രതികാരം യഹോവക്കുള്ളതാണ്, താൻ എല്ലാ കണക്കുകളും തീർത്തുകൊള്ളും.

സത്യാനുസാരം പ്രവർത്തിക്കുക എന്നു പറഞ്ഞാൽ ക്രിസ്തുവിന്റെ ക്രൂശ് ദൈവത്തിന്റെ ജ്ഞാനവും ശക്തിയുമാണ്, അതു ഭോഷത്വമല്ല.

സത്യാനുസാരം പ്രവർത്തിക്കുക എന്നു പറഞ്ഞാൽ സഭയുടെ ഐക്യത വാക്കുകൾക്കപ്പുറം വിലയേറിയതാണ് സത്യാനുസാരം പ്രവർത്തിക്കുക എന്നു പറഞ്ഞാൽ പക മനസ്സിൽ സൂക്ഷിക്കുന്നത് ആത്മീയ കൊലപാതകത്തിനും ആത്മഹത്യക്കും പ്രേരകഹേതുവായി തീരാം.

ദൈവപുത്രൻ ഭൂമിയിലേക്ക് വന്നത് സാത്താന്റെ പ്രവൃത്തിയെ അഴിക്കാനാണ്. കർത്താവിന്റെ ഉയർത്തെഴുനേറ്റ ശക്തിയാൽ പാപത്തിന്റെ ബന്ധനങ്ങളെ നമുക്കോരാന്നായി അഴിക്കാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page