top of page
എഫെസ്യ ലേഖന പരമ്പര-18
P M Mathew
FEB 28, 2016

Work, Live and Give !
ജോലി ചെയ്യുക, ജീവിക്കുക, നൽകുക !

Ephesians 4:28

രക്ഷിക്കപ്പെട്ട ഒരു ദൈവപൈതൽ എങ്ങനെ ജീവിക്കുന്നു എന്നത് ദൈവസന്നിധിയിൽ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നു. ഒരു സാധാരണ നല്ല മനുഷ്യന്റെ നിലവാരമല്ല ഒരു രക്ഷിക്കപ്പെട്ട ദൈവപൈതലിനുണ്ടായിരിക്കേണ്ടത്. തന്റെ കഴിഞ്ഞകാല ജീവിതത്തിൽ താൻ സ്വാഭാവികമായി കരുതിയിരുന്ന പല കാര്യങ്ങളും ദൈവവചനത്തിനു വിരുദ്ധമാണ് എന്ന് അവൻ ഓർക്കണം. ദൈവം അവനെക്കുറിച്ച് ആഗ്രഹിക്കുന്ന നിലവാരം വളരെ ഉന്നതമാണ്.
ഉദാഹരണമായി, മുൻപ് മോഷണം ചെയ്തിരുന്ന ഒരു വ്യക്തി രക്ഷിക്കപ്പെട്ട ശേഷം തന്റെ മോഷണം തുടരുവാൻ തനിക്കു അനുവാദമില്ല എന്നു മാത്രമല്ല, താൻ നന്നായി അദ്ധ്വാനിക്കയും തന്റെ കുടുംബത്തെ പുലർത്തുകയും ചെയ്യുന്നുവെന്നു മാത്രമല്ല, ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാനും തന്റെ ധനം വിനിയോഗിക്കുന്നു. അതിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ തിരിക്കുന്നു. അതിനായി എഫെസ്യലേഖനം നാലാം അദ്ധ്യായം 28- ാം വാക്യം നമുക്കു വായിക്കാം.



എഫെസ്യർ 4:28

“കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്വാദൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.”

ക്രിസ്തീയ അനുസരണം അഥവാ സുവിശേഷാധിഷ്ഠിതമായ അനുസരണം എങ്ങനെ പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ കഴിയുമെന്നതിനെ സംബന്ധിച്ച മൂന്നാമത്തെ ഉദാഹരണമാണ് അപ്പൊ. പൗലൊസ് ഈ വേദഭാഗത്ത് നൽകുന്നത്. ഒന്നും രണ്ടും ഉദാഹരണങ്ങൾ നാം കഴിഞ്ഞ തവണ ചിന്തിച്ചു. ഒന്നാമത്തേത്, 26-27 വാക്യങ്ങളിലെ “പകയോടുകൂടിയ കോപം വെച്ചു കൊണ്ടിരിക്കരുത്” എന്നതായിരുന്നു. രണ്ടാമത്തേത്, 25 ലെ “ഭോഷ്ക്കു പറയാതെ സത്യം സംസാരിപ്പിൻ” എന്നതായിരുന്നു. ഇന്ന് ഈ മൂന്നാമത്തെ കൽപ്പന പഠിക്കാമെന്ന് ഞാൻ ചിന്തിക്കുന്നു. അത് നാം ഇപ്പോൾ വായിച്ച 28-ാം വാക്യത്തിലെ “മോഷ്ടിക്കരുത്, ജോലി ചെയ്യുക, കൊടുക്കുക” എന്നുള്ളതാണ്.

ദൈവത്തിന്റെ കൽപ്പനകൾ ഏതെങ്കിലും നിലയിൽ അനുസരിച്ചാൽ അത് കർത്താവ് നമ്മൊടു കല്പിച്ച അനുസരണം ആകുകയില്ല എന്ന് ഞാൻ നിങ്ങളോടു പറഞ്ഞു. കർത്താവ് നമ്മിൽ നിന്നും ആവശ്യപ്പെടുന്ന അനുസരണം സ്വതന്ത്രവും സുവിശേഷാധിഷ്ഠിതവുമായ അനുസരണം ആയിരിക്കണം. അത് നിർബന്ധത്താലൊ, ഭീഷണിപ്പെടുത്തിയൊ ആയിരിക്കരുത്. അതുമാത്രം പോര ആ അനുസരണം വരേണ്ടത് ഒരു പുതുക്കം പ്രാപിച്ച മനസ്സിൽ/ഹൃദയത്തിൽ നിന്നും ആയിരിക്കണം. എങ്കിൽ മാത്രമെ അതു ക്രിസ്തു ആവശ്യപ്പെട്ട അനുസരണം ആകുകയുള്ളൂ.

നാം 28- ാം വാക്യത്തിലെത്തുമ്പോൾ 22-24 വാക്യങ്ങളിൽ നാം കണ്ട മോഡൽ ഒരു കാരണവശാലും നാം മറന്നു പോകരുത്. ആ മോഡൽ എന്തായിരുന്നു:

4:22 മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന
പഴയ മനുഷ്യനെ ഉപേക്ഷിച്ചു

4:23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു

4:24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി
സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.

അതായത്, യേശുവിന്റെ കൽപ്പനകളെ അനുസരിക്കുന്നത്, പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുന്നതുപോലെയാണ്. നമ്മുടെ പഴയ മനുഷ്യൻ, വഞ്ചനയിൽ നിന്നു വരുന്ന, മോശമായ ആഗ്രഹങ്ങളാൽ മലിനപ്പെട്ട വ്യക്തിയാണ്. ആ പഴയമനുഷ്യനെ സുവിശേഷത്താൽ, രൂപാന്ത്രരം പ്രാപിച്ച, പുതിയ മനുഷ്യനാക്കി, പുതിയ ഹൃദയത്തിൽ നിന്നു വേണം ദൈവത്തെ അനുസരിക്കാൻ. അതല്ലെങ്കിൽ പരിച്ഛേദന വന്ന ഹൃദയത്തിൽ നിന്നാകണം ആ അനുസരണം ഉണ്ടാകേണ്ടത്. പുതിയ മനുഷ്യൻ സത്യത്തിൽ നിന്നു വരുന്ന നീതിയും വിശുദ്ധിയുമുള്ള, ദൈവനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിയാണ്. അതായത്, നമ്മുടെ ഇഛാശക്തിയാൽ, നാം കർത്താവിനെ അനുസരിക്കുന്നതല്ല, ആത്മാവിനാൽ പുതുക്കം പ്രാപിച്ച മനസ്സിൽ നിന്നുള്ള സ്വതന്ത്രമായ അനുസരണമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. 22-24 വാക്യം മോഡലായി നമ്മുടെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് 28-ാം വാക്യത്തിലേക്ക് പോകാം. അവിടെ നമ്മുടെ ജീവിതത്തോട് കർത്താവ് എന്താണ് പറയുന്നത്, അവിടെ എന്താണ് നമ്മേ പഠിപ്പിക്കുന്നത് എന്നു നോക്കാം. ഒറ്റ നോട്ടത്തിൽ ഇവിടെ കാര്യമായതൊന്നും പറഞ്ഞിട്ടില്ല എന്നു തോന്നും. എന്നാൽ ഒന്നു നന്നായി വിലയിരുത്തിയാൽ വളരെ കാര്യങ്ങൾ ഈ വേദഭാഗത്ത് നമുക്കു കണ്ടെത്തുവാൻ സാധിക്കും.

ഈ 28- ാം വാക്യത്തിൽ 3 imperatives/കൽപ്പനകൾ കാണാം. “കള്ളൻ ഇനി കക്കരുത്”. രണ്ട്: കൈകൊണ്ട് നല്ലത് പ്രവൃത്തിച്ച് അദ്ധ്വാനിക്ക.” മൂന്നു: തന്റെ അദ്ധ്വാനത്തിന്റെ ലക്ഷ്യം ആവശ്യത്തിൽ ഇരിക്കുന്നവർക്ക് കൊടുക്കുക”.

1. കള്ളൻ ഇനി മോഷ്ഠിക്കരുത്!

ഒരു വ്യക്തി രക്ഷിക്കപ്പെടുന്നതിനു മുന്നമെ പല പാപത്തിലും ജീവിച്ചിരുന്ന വ്യക്തിയായിരുന്നു എന്നു കാണുവാൻ കഴിയും. മറ്റെങ്ങും നോക്കേണ്ട ആവശ്യമില്ല, നമ്മിലേക്കു തന്നെ നോക്കിയാൽ അതു സത്യമാണ് എന്ന് ബോദ്ധ്യപ്പെടും. അങ്ങനെയുള്ള പാപങ്ങളിൽ ഒന്നാണ് മോഷണം എന്നത്. ഒരു പക്ഷേ, മറ്റുള്ളവരുടെ ഭവനങ്ങളിൽ അതിക്രമിച്ചു കയറി മോഷണം ചെയ്തില്ലെങ്കിൽ കൂടി അത്യാവശ്യം നാം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നുമൊക്കെ ചില സാധനങ്ങൾ കൊണ്ടു പോരുക അതല്ലെങ്കിൽ അന്യരുടെ വസ്തുക്കളിൽ നിന്നും തേങ്ങയൊ മാങ്ങയൊ അങ്ങനെ എന്തെങ്കിലും എടുത്താൽ അതൊരു പാപമെയല്ല എന്ന് ചിന്തിച്ചിരുന്നവരാണ് നാം. എന്നാൽ ഒരു ദൈവപൈതലായശേഷം ഈ വക പാപങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകാൻ പാടില്ല. മാത്രവുമല്ല അവനിൽ വളരെ ഉന്നതമായ ഒരു നിലവാരമാണ് ദൈവം പ്രതീക്ഷിക്കുന്നത്.

ഇവിടെ ഒരു താഴ്ന്ന നിലവാരത്തിൽ നിന്ന്, അതായത്, ഒരു കള്ളന്റെ നിലവാരത്തിൽ നിന്ന്, വളരെ ഉയർന്ന നിലവാരത്തിലേക്ക് ഒരു വിശ്വാസി ഉയരുന്നു എന്നു കാണുവാൻ കഴിയും.
ആദ്യമായി, പണമുണ്ടാക്കാനുള്ള ചില രീതികളെ കുറിച്ച് നമുക്കു ചിന്തിക്കാം.

ഒന്നാമതായി, നിങ്ങൾക്കുണ്ടാകേണ്ടതിനു മോഷ്ടിക്കാം.

രണ്ടാമതായി, നിങ്ങൾക്കുണ്ടാകേണ്ടതിനു ജോലി ചെയ്യാം.

മൂന്നാമതായി, മറ്റുള്ളവർക്കു കൊടുക്കുവാൻ വേണ്ടി അദ്ധ്വാനിക്കാം, ജോലി ചെയ്യാം.

ഒന്നാമത്തേത്, അതായത്, മോഷ്ടിക്കുന്നത്, നമുക്കറിയാം നിയമവിരുദ്ധമായതാണ് എന്ന്. രണ്ടാമത്തേത്, ജോലി ചെയ്ത് പണമുണ്ടാക്കുക, അത്, നിയമവിധേയമായ കാര്യമാണ്.

ആദ്യത്തെ രണ്ടു രീതികളും നിങ്ങളുടെ ആഗ്രഹങ്ങളെയും മോഹങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പ്രചോദനത്തിൽ നിന്നുളവാകാം. അത്യാഗ്രഹത്താൽ നിങ്ങൾ മോഷ്ടിക്കുന്നു. അതുപോലെ, മോഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി ജോലി ചെയ്യുന്നു. ഒന്നാമത്തേത്, നിയമവിരുദ്ധവും രണ്ടാമത്തേത് നിയമവിധേയവും. എന്നാൽ അത് നമ്മുടെ ആഗ്രഹങ്ങളേയും മോഹങ്ങളേയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണെങ്കിൽ രണ്ടും പാപകരമാണ്. കാരണം അതിന്റെ ലക്ഷ്യം നമ്മുടെ മോഹത്തെ തൃപ്തിപ്പെടുത്തുക എന്നതാണ്. ന്യായപ്രമാണത്തിലെ 10-ാമത്തെ കൽപ്പന “മോഹിക്കരുത്” എന്നുള്ളതാണ്. അതുകൊണ്ട് മോഹത്തെ തൃപ്തിപ്പെടുത്താനുള്ള ഏതു ശ്രമവും പാപകരമാണ്.

ആകയാൽ, പൗലോസ് അത്രയും പറഞ്ഞ് അവിടെ അവസാനിപ്പിക്കുന്നില്ല. പൗലോസ് വളരെ ശേഷ്ഠമായ നിലവാരത്തിലേക്ക് കടക്കുന്നു. നമുക്ക് സമ്പാദിക്കാൻ വേണ്ടി ജോലി ചെയ്യാം. അതു പൊതുവെയുള്ള രീതിയാണ്. നിങ്ങൾ സമ്പാദിച്ചാൽ അത് നിങ്ങളുടെതായിരിക്കും. എന്നാൽ അത് ഒരു ക്രിസ്തീയ ആദർശമല്ല. ഈ വേദഭാഗം നൽകുന്ന സമൂലമായ മാറ്റമെന്നത്, നാം അദ്ധ്വാനിക്കുന്നതും ജോലി ചെയ്യുന്നതും മറ്റുള്ളവരുടെ ആവശ്യങ്ങൾ നിവർത്തിക്കണം എന്ന കാഴ്ചപ്പാടോടെയാകണം എന്നുള്ളതാണ്. നിങ്ങൾക്കുണ്ടാകേണ്ടതിനായി ജീവിക്കാം, അതു നിയമവിധേയമൊ നിയമവിരുദ്ധമൊ ആകാം. എന്നാൽ നിങ്ങൾക്ക് കൊടുക്കാൻ വേണ്ടി അദ്ധ്വാനിച്ചുകൊണ്ട് ഒരു ക്രിസ്ത്യാനിയാകാം എന്നാണ് പൗലോസ് പറഞ്ഞുവരുന്നത്. ഇത് എത്ര അതിശയകരമായ പഠിപ്പിക്കൽ ആണ് എന്നു നോക്കുക. ഈയൊരു കാര്യം നിങ്ങൾക്കു മനസ്സിലായാൽ അതിനു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും വ്യത്യാസപ്പെടുത്താനുള്ള potential അതിനുണ്ട് എന്ന് ഞാൻ കരുതുന്നു.

ആവശ്യത്തിലിരിക്കുന്നവരുമായി പങ്കുവെക്കുന്നതിനാണ് ദൈവം നിങ്ങൾക്കു ഒരു ജോലി തന്ന് നിങ്ങളെ പ്രാപ്തിപ്പെടുത്തിയിരിക്കുന്നത് എന്ന വിപ്ലവകരമായ ആശയം നമ്മുടെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ഈ മുന്നു കൽപ്പനകളെ ഓരോന്നായി നമുക്കു വിശകലനം ചെയ്യാം.

ആദ്യമായി, ഈ വേദഭാഗം ന്യായപ്രമാണത്തിലെ എട്ടാമത്തെ കൽപ്പന, ലളിതമായി ആവർത്തിച്ചിരിക്കുന്നു. അതായത് “മോഷ്ടിക്കരുത്”. കള്ളൻ ഇനി കക്കരുത്. ഇനി നമ്മുടെ മോഡൽ വാക്യമായ 22-24 വാക്യത്തിന്റെ വെളിച്ചത്തിൽ മോഷണവും ക്രിസ്ത്യാനിയും എന്നതിനെ സംബന്ധിച്ച് എന്താണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക. ക്രിസ്ത്യാനിയും മോഷണവും എന്ന വിഷയത്തെക്കുറിച്ച് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കാം.

ഒന്നാമതായി, മോഷ്ടിക്കുക എന്നത് 22- ാം വാക്യം പ്രകാരം നമ്മുടെ പഴയ മനുഷ്യന്റെ ഭാഗമാണ്. അതിനെ നാം ഉരിഞ്ഞുകളയണം എന്ന കാര്യമാണ് 22- ാം വാക്യത്തിൽ പറയുന്നത്.

മോഷണം, ചതിമോഹങ്ങളാൽ വഞ്ചിക്കപ്പെട്ട ഹൃദയത്തിന്റെ മലിനതയിൽ നിന്നും വരുന്നതാണ്. യഥാർത്ഥത്തിൽ നാം ആയിരിക്കേണ്ട അവസ്ഥയിൽ നിന്ന് വ്യത്യസ്ഥമായി, വഞ്ചിക്കപ്പെടുന്നതിന്റെ ഫലമായി ഒരുവനിൽ സംഭവിക്കുന്നതാണ് മോഷണം എന്നത്.

യേശു മരുഭൂമിയിൽ ആയിരുന്നപ്പോൾ സാത്താൻ വന്ന് യേശുവിനെ പരീക്ഷിച്ചുകൊണ്ട് കല്ല് അപ്പമാക്കുവാനും ക്രുശ് ഒഴിവാക്കി മഹത്വം നേടുവാനും പ്രേരിപ്പിച്ചു. സ്വയം ത്യജിച്ചുകൊണ്ടുള്ള വഴി യേശു ഉപേക്ഷിക്കണം, എന്നിട്ട് തന്റെ ശക്തി ഉപയോഗിച്ച്, എളുപ്പ വഴിയിൽ കാര്യങ്ങളെ നേടണം. കഷ്ടതയുടെ വഴി ത്യജിക്കണം. ഇതായിരുന്നു സാത്താന്റെ പ്രലോഭനം. അതുപോലെ തന്നെ സാത്താൻ വന്ന് നമ്മേയും മോഷ്ടിക്കുവാൻ പ്രലോഭിപ്പിക്കും. എങ്ങനെയൊക്കെ നമുക്കു മോഷ്ടിക്കുവാൻ സാധിക്കും. ഓഫീസിൽ നിന്നു പോരുമ്പോൾ ഓഫീസിൽ ഉപയൊഗിക്കുവാൻ തരുന്ന പേന, സ്റ്റാപളർ എന്നിത്യാജി സാധനങ്ങൾ എടുത്തുകൊണ്ടു പോരുന്നത് മോഷണത്തിൽ പെടുത്താം. ഒരുവന്റെ ന്യായമായ കൂലി കൊടുക്കാതെ പിടിച്ചുവെച്ചുകൊണ്ട് നമുക്കു മോഷ്ടിക്കുവാൻ സാധിക്കും. അന്യസ്റ്റേറ്റുകാരന് കുറഞ്ഞ കൂലി കൊടുത്തുകൊണ്ട് മോഷ്ടിക്കാം. ജോലി സമയത്ത് കൃത്യമായി ജോലി ചെയ്യാതിരുന്നുകൊണ്ട് മോഷ്ടി ക്കാം. അന്യായ കൂലി ആവശ്യപ്പെടുന്നതും മോഷണമാണ്. ഗവണ്മെന്റിനു കൊടുക്കേണ്ട ഇങ്കം-ടാക്സ് കൊടുക്കാതെ ഇരിക്കുന്നതും മോഷണമാണ്, കടകളിൽ നിന്നും സാധനങ്ങൾ കാണാതെ കൈക്കലാക്കുക, ശുദ്ധമനസ്സാക്ഷിയിൽ കാര്യങ്ങളെ ചെയ്യാതിരുക്കുക അങ്ങനെ ഏതു രൂപത്തിലും മോഷണത്തിനുള്ള പ്രലോഭനം നമ്മെ നേരിടാം.

കഴിഞ്ഞ ഒരു ദിവസം ഞാൻ കടയിൽ ചില സാധനങ്ങൾ വാങ്ങാൻ കയറി, സാധനം വാങ്ങി 500 രുപ നോട്ടു കൊടുത്തു. കടക്കാരൻ ബാക്കി തുക മടക്കി നൽകി. എന്നാൽ താഴെ സാധനങ്ങൾക്കിടയിൽ അതാ 100 രൂപ കിടക്കുന്നു. ഞാനത് എടുത്തു. എന്റെ മനസ്സിലേക്ക് അപ്പോൾ വന്ന ചിന്ത, ഞാൻ കാശ് പോക്കറ്റിൽ നിന്നെടുത്തപ്പോൾ താഴെ വീണതാണൊ? ഈ നൂറു രൂപ കടക്കാരന്റെയാണൊ? അതോ സാധനങ്ങൾ വാങ്ങാൻ വന്ന മറ്റൊരാളുടെതാണോ? ഞാൻ ഈ പൈസ എടുത്തത് ആരും കണ്ടില്ല എന്നു മാത്രമല്ല, അതും പോക്കറ്റിൽ ഇട്ടുകൊണ്ട് പോന്നാൽ ആരും അറിയാനും പോകുന്നില്ല. നിമിഷനേരം കൊണ്ട് പല ചിന്തകൾ എന്റെ മനസ്സിൽകൂടി കടന്നു പോയി. ദൈവാത്മാവ് അപ്പോൾ എന്റെ മനസ്സിലേക്ക് കൊണ്ടൂ വന്ന ചിന്ത ഈ വാക്യമായിരുന്നു. ഞാൻ സത്യത്താൽ നടക്കുന്ന വ്യക്തിയാണ്. പെട്ടെന്ന് ഞാൻ ആ നൂറു രൂപ കടക്കാരനെ ഏൽപ്പിച്ച് ഇത് ഇവിടെ കിടന്നു കിട്ടിയതാണ് എന്ന് പറഞ്ഞു. അതല്ലായിരുന്നു എങ്കിൽ കുറ്റബോധം എന്നെ നിരന്തരം വേട്ടയാടുമായിരുന്നു. ദൈവം എന്നെ അതിൽ നിന്നും വിടുവിച്ചു.

മത്തായി 15:19 ഒന്നു വായിക്കാം. അവിടെ കർത്താവു പറയുന്നതു എന്താണ് എന്ന് നോക്കാം : “എങ്ങ്നെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടു വരുന്നു." ഈ വക കാര്യങ്ങൾ എവിടെയാണ് ആരംഭിക്കുന്നത്? ഹൃദയത്തിലാണത് ആരംഭിക്കുന്നത്, എന്നിട്ടാണ് അത് പ്രവൃത്തി പഥത്തിലേക്ക് വരുന്നത്. രണ്ടാമതായി, കൊലപാതകം" വ്യഭിചാരം എന്നൊക്കെ കേൾക്കുമ്പോൾ അതൊന്നും എനിക്കു ബാധകമല്ല എന്ന് ചിന്തിച്ചുപോകാനുള്ള സാധ്യത നമുക്കെല്ലാവർക്കുമുണ്ട്. എന്നാൽ കൊലപാതകം" വ്യഭിചാരം എന്നൊക്കെ പറയുമ്പോൾ അതുകൊണ്ട് കർത്താവ് എന്താണ് അർത്ഥമാക്കുന്നത് എന്നു നാം മനസ്സിലാക്കിയാൽ, നാം ഓരോദിവസവും ഈ പാപങ്ങൾ ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാൻ വിഷമമില്ല. മത്തായി 5:22;28 വായിക്കുക. അന്യനെ കുറിച്ച് പരദൂഷണം പറയുന്നത് പാപമാണെന്ന് ചിന്തിക്കാത്തവർ പോലുമുണ്ട്. പരദൂഷണം അസൂയയിൽ നിന്നു പിറക്കുന്നതാണ്. ആദ്യമെ ഹൃദയത്തിൽ ഒരു വ്യക്തിയോട് വെറുപ്പ് രൂപപ്പെടുന്നു. ആ വ്യക്തിയെ എങ്ങനെയും താറടിക്കണം അതിനുള്ള വഴി പരദൂഷണം പറയുക എന്നതാണ്, ഇവയെല്ലാം ഹൃദയത്തിൽ നിന്നാണ് വരുന്നത്?

വഞ്ചനയാൽ മലിനപ്പെട്ട ഒരു ഹൃദയത്തിൽ നിന്നാണ് മോഷണം ജനിക്കുന്നത്. ക്രിസ്ത്യാനിയും മോഷണവും എന്ന വിഷയത്തെ കുറിച്ച് ആദ്യം പറയാൻ കഴിയുന്ന കാര്യം ഇതാണ്. അത് പഴയ മനുഷ്യന്റെ പ്രകൃതിയാണ്. അത് സുവിശേഷത്താൽ ഉരിഞ്ഞു കളയണം.

രണ്ടാമത്തെ കാര്യം മോഷണത്തിനു പാപക്ഷമ പ്രാപിക്കാൻ കഴിയുമെന്ന കാര്യമാണ്. 28- ാം വാക്യം അതാണ് പറയുന്നത്, അതായത്, കള്ളൻ, പതിവായി മോഷ്ടിച്ചിരുന്നവരും, ഇടക്കൊക്കെ മോഷ്ടിക്കുന്നവരും- നിരാശപ്പെടേണ്ട. പ്രതീക്ഷക്കു വകയുണ്ട് എന്നാണ് പൗലോസ് ഇവിടെ പറയുന്നത്. അവനു പാപക്ഷമ പ്രാപിക്കാൻ സാധിക്കും എന്നതാണ് അവനുള്ള പ്രതീക്ഷ. അതായത്, അവൻ മോഷണം നിർത്തി മാനസാന്തരപ്പെടുക. ചുങ്കക്കാരൻ മത്തായിയെപോലെ, അന്യായമായി പിടിച്ചുവെച്ചത് കൊടുത്തുകൊണ്ട് മാനസാന്തരപ്പെടുക. അങ്ങനെ ചെയ്താൽ അവനു പാപക്ഷമ ലഭിക്കും. അങ്ങനെ നീതിയിലും വിശുദ്ധിയിലും ഒരു പുതിയ ഭാവിയുള്ളവനായി തീരുക. അതിനു സമയം വൈകിയിരിക്കുന്നു എന്നു ചിന്തിക്കേണ്ട ആവശ്യമില്ല, ജീവിതകാലം മുഴുവൻ ഒരു കള്ളനായി ജീവിച്ച്, ഒരു കള്ളനായി ക്രൂശിൽ കയറിയ, കള്ളനെ പോലെ, യേശുവെ, നീ നിന്റെ രാജ്യത്ത് ചെല്ലുമ്പൊൾ എന്നെ കൂടി ഓർക്കേണമെ” എന്ന് (ലൂക്ക് 23:43) പറഞ്ഞാൽ കർത്താവ് അവന്റെ പാപത്തെ ക്ഷമിച്ചു കൊടുക്കും. കാരണം ക്രൂശിന്റെ ശക്തി പാപികളെ രക്ഷിക്കുവാൻ ഇപ്പോഴും മതിയായതാണ്. അതായത്, സുവിശേഷം ക്രിസ്തീയ ജീവിതത്തിന്റെ ABC അല്ല, A-Z ആണ്. സുവിശേഷം മാറ്റിനിർത്തിയുള്ള ഒരു പോക്ക് വിശ്വാസിക്കില്ല.

ഇതാണ് മോഷണത്തക്കുറിച്ച് പറയാൻ കഴിയുന്ന രണ്ടാമത്തെ കാര്യം- മാനസാന്തരപ്പെടുവാൻ മനസ്സുള്ളവർക്കു അതു ക്ഷമിച്ചു കിട്ടും. സുവിശേഷത്തിനു ഇനിയും നിങ്ങളെ വ്യത്യാസപ്പെടുത്തുവാൻ സാധിക്കും. സുവിശേഷത്തിന് അതിനുള്ള ശക്തിയുണ്ട്. അങ്ങനെയുള്ളവരുടെ പാപം ക്ഷമിച്ചു തരാനും മോഷ്ടിക്കാതെ മുന്നൊട്ടു ജീവിക്കുവാനുള്ള ശക്തി സുവിശേഷത്തിനുണ്ട്. അതു കർത്താവു നമുക്ക് നൽകും.

മൂന്നാമതായി, മോഷണത്തെ അതിജീവിക്കുവാൻ വിശ്വാസത്താൽ കഴിയുമെന്ന കാര്യമാണ്. മോഷണത്തെ അതിജീവിക്കുവാൻ വിശ്വാസത്താൽ സാധിക്കും. മോഷണത്തെ അതിജീവിക്കാൻ വിശ്വാസത്തിന്റെ മാർഗ്ഗമല്ലാതെ, മറ്റൊരു വഴിയാണ് നിങ്ങൾ അന്വേഷിക്കുന്നത് എങ്കിൽ അതു കുറച്ചു കാലത്തേക്കെ നിങ്ങളെ ജയിലിൽ നിന്നു മാറ്റി നിർത്തുകയുള്ളു, അതിന്റെ പ്രയോജനം കുറച്ചു കാലത്തേക്കു മാത്രമെ സമൂഹത്തിനും ലഭിക്കുകയുള്ളു. എന്നാൽ അത് അവനെ നരകത്തിൽ നിന്നും രക്ഷിക്കുകയില്ല. അതുകൊണ്ട് നിത്യതയോട് തുലനപ്പെടുത്തുമ്പോൾ അതു ലാഭകരമല്ല, അത് നിങ്ങൾക്ക് നിങ്ങളോടു തന്നെ സ്നേഹമില്ല എന്നാണ് കാണിക്കുന്നത്.

ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള ബോദ്ധ്യം ഒരുവനെ എപ്പോഴും ഭരിച്ചുകൊണ്ടിരിക്കണം. ഹെബ 5:8-9 ൽ എന്താണ് പറയുന്നതു എന്നു നോക്കാം : “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു." ആ അനുസരണത്തിനായി കഷ്ടം സഹിക്കേണ്ടിവന്നാലും അത് ഒരു നഷ്ടമല്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ, സുവിശേഷ ഉപദേശത്തിന്റെ ഫലമായി ഉളവായ, ആന്തരീക രൂപാന്തരത്തിന്റെ ഫലമായി വരുന്ന അനുസരണം ആകണം ഒരു വ്യക്തിയിൽ ഉണ്ടാകേണ്ടത്. 24 ൽ പറയുന്ന പുതിയ മനുഷ്യൻ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനാണ്. അതാണ് അവനെ മോഷണത്തിൽ നിന്നു പിന്തിരിപ്പിക്കുന്നത്.

യോഹന്നാൻ 8:32- ാം വായിക്കുന്നത് ഇപ്രകാരമാണല്ലൊ “സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും”

കള്ളനെ കക്കാനുള്ള പ്രവണതയിൽ നിന്നു മോചിപ്പിക്കുവാൻ സത്യത്തിനു സാധിക്കും. അതിനു ദൈവം ഉപയോഗിക്കുന്ന സത്യമെന്താണ്? അനേകം സത്യങ്ങൾ ദൈവവചനത്തിൽ കാണുവാൻ കഴിയും. ഉദാഹരണത്തിനു ഹെബ 13:5-6 “നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ; ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല" എന്നു അവൻ തന്നേ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ "കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും" എന്നു നമുക്കു ധൈര്യത്തോടെ പറയാം" t'k rak[k ssPu+=S^lsm eyulA” മോഷ്ടിക്കണമെന്ന് തോന്നുമ്പോൾ ഈ വാക്യം നമ്മുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ ഈ സത്യം നമ്മെ മോഷണത്തിൽ നിന്നു പിന്തിരിപ്പിക്കും. വസ്തുക്കളോടൂള്ള മോഹവും ദൈവത്തിന്റെ വാഗ്ദത്തത്തിലുള്ള അവിശ്വാസവുമാണ് ഒരുവനെ മോഷ്ടിക്കുവാൻ പ്രേരിപ്പിക്കുന്നത്.

സങ്കീ. 50.10 “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു."

DNA തുടങ്ങി Milkey way വരെയൂള്ള സകല സംഗതികളും ദൈവത്തിന്റെ ജ്ഞാനത്താൽ സൃഷ്ടിക്കപ്പെട്ടതും തന്റെ നിയന്ത്രണത്തിൻ കീഴിൽ ചരിക്കുന്നതുമാകുന്നു. ആകാശത്തിലെ ഒരു കുരുകിലൊ, തലയിലെ ഒരു രോമമൊ പൊഴിഞ്ഞാൽ അറിയുന്നവനും, തന്റെ ഏകജാതനായ പുത്രനെ നമുക്കു വേണ്ടി ബലി നൽകാൻ തയ്യാറായതും ആയ കർത്താധി കർത്താവായ ദൈവം പറയുന്നു “ഞാൻ നിങ്ങളെ കൈവിടുകയുമില്ല, ഉപേക്ഷിക്കുകയുമില്ല” എന്ന്. ഇതു നാം വാസ്തവത്തിൽ വിശ്വസിക്കുന്നുണ്ടോ?

ഇതു വിശ്വസിക്കയും അതേ സമയം അൽപ്പം സന്തോഷത്തിനൊ, സുരക്ഷിതത്തിനൊ വേണ്ടി മോഷ്ടിക്കുകയും ചെയ്യുന്നത് എത്ര വൈരുദ്ധ്യമാണ് എന്ന് ഓർക്കുക. സങ്കീ 16:11 ൽ നാം എന്താണ് വായിക്കുന്നത് : “ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷ പരിപൂർണ്ണതയും നിന്റെ വലതു ഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ട്."

മൂന്നാമത്തെ കാര്യം വിശ്വാസത്താൽ നമുക്ക് മോഷണത്തെ അതിജീവിക്കുവാൻ സാധിക്കും എന്ന കാര്യമാണ്. അതിനെ വിശ്വാസത്താലാണ് നാം അതിജീവിക്കേണ്ടത്.

നാം വായിച്ച വേദഭാഗത്തിലെ ഒന്നാമത്തെ കൽപ്പന എന്നു പറയുന്നത് മോഷ്ടിക്കരുത്, വിശ്വാസത്താൽ ജീവിക്കുക, ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുക.!

അതായത്, മോഷണം ചതി മോഹങ്ങളാൽ മലിനപ്പെട്ട പഴയമനുഷ്യന്റെ പ്രകൃതമാണ്. അതിനെ ഉരിഞ്ഞു കളയുക, മാനസാന്തരപ്പെട്ട് കർത്താവിലേക്ക് തിരിയുക. തുടർന്നുള്ള ജീവിതം വിശ്വാസത്താൽ ജീവിക്കുക.

2. അദ്ധ്വാനിച്ചു ജീവിക്കുക (Work and live)
രണ്ടാമത്തെ കൽപ്പനയിലേക്ക് കടക്കാം :” കൈകൊണ്ട് നല്ലത് പ്രവൃത്തിച്ച് അദ്ധ്വാനിക്ക.” രണ്ട് ലളിമായ കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കുവാൻ സാധിക്കും. ദൈവം മനുഷ്യനോട് വേല ചെയ്ത് നിങ്ങളുടെ ആവശ്യങ്ങൾ നിവൃത്തിപ്പാനാണ് കൽപ്പിച്ചിരിക്കുന്നത്, അത് മോഷ്ടിച്ചുകൊണ്ടല്ല. ജോലി ചെയ്യുന്നത് ശാപത്തിന്റെ ഫലമല്ല. ആദത്തെ ഏദൻ തോട്ടത്തിലാക്കിയത് ഉൽപ്പത്തി 2:15 “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദെന്തോട്ടത്തിൽ ആക്കിയത് വേല ചെയ്വാനും അതിനെ കാപ്പാനും അത്രെ." ജോലി ചെയ്യുന്നതു ബോറിംഗും, നിരാശാഭരിതവും, കഠിനദ്ധ്വാനം ചെയ്താലും ഉദ്ദേശിച്ച ഫലം ലഭിക്കാതെ വന്നതും ഒക്കെ മനുഷ്യന്റെ വീഴ്ചക്കു ശേഷമാണ്. ജോലി ചെയ്യുക എന്നത് ദൈവത്തിന്റെ ഒരു നല്ല ദാനമാണ്. ദൈവംതന്നെ നല്ലൊരു ജോലിക്കാരനാണ്, അതുകൊണ്ടാണല്ലൊ ഭൂമിയും നാമുമൊക്കെ ഉണ്ടായത്. മനുഷ്യനെ ഉണ്ടാക്കിയതുപോലും മണ്ണിൽ നിന്നാണെന്ന് നാം ഓർക്കണം. അതു മാത്രമല്ല, ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ആണ് മനുഷ്യനെ സൃഷ്ടിച്ചതും. ഇതൊക്കെ ജോലി ചെയ്വാൻ നമ്മെ പ്രേരിപ്പിക്കേണ്ട സംഗതികളാണ്.

രണ്ടാമാതെ observation എന്നത് നാം ജീവീക്കുന്നതിനായി അദ്ധ്വാനിക്കുന്നത് ഒരു നല്ല കാര്യമാണ് എന്നതാണ്. വാക്യം ഇങ്ങനെയാണ് : "കള്ളൻ (മുമ്പെ കള്ളനായിരുന്നവൻ) ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ട് നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു." ഇപ്പോൾ അവൻ ദൈവത്തിന്റെ വക ആയിരിക്കുന്നു. ദൈവമാണ് അവന്റെ ഉടമസ്ഥൻ, ആ ഉടമസ്ഥനോട് അവൻ വേലയെ കുറിച്ചു കണക്കു ബോധിപ്പിക്കേണ്ടതുണ്ട്. ക്രിസ്ത്യാനിയെ സംബന്ധിച്ച് ഏതു ജോലിയും മാന്യതയുള്ള ജോലിയാണ്, അതിന്റെ അർത്ഥം മോഷണം നല്ല ജോലിയാണെന്നല്ല. ആദ്ധ്വാനിച്ച് ജീവിക്കുക. നല്ലതു പ്രവർത്തിക്കുവാനാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. സമയം പാഴാക്കി കളയുന്നതും ശരിയായ സംഗതിയല്ല.
3. ആവശ്യത്തിലിരിക്കുന്നവർക്കു കൊടുക്കുക (Give to those in need)

ഇനി മൂന്നാമത്തെ imperative/കൽപ്പനയിലേക്ക് കടക്കാം. മൂന്നാമത്തെ ഭാഗത്ത് പൗലോസ് ഒരു വ്യത്യാസം വരുത്തുന്നുണ്ട്. ഒന്നാമത്തെ കൽപ്പനയിൽ ചെയ്യരുത് എന്നായിരുന്നെങ്കിൽ രണ്ടാമത്തേതിൽ ചെയ്യണം എന്നു പറയുന്നു. അതു കൂടാത്, മൂന്നാമത്തേതിൽ ജോലി ചെയ്യുവാൻ പറഞ്ഞിരിക്കുന്നതിനു പിന്നിലെ motive-നാണ് ഊന്നൽ. ജോലി ചെയ്യുന്നതിനെ പിന്നിലെ മോട്ടിവ് –പ്രചോദനം എന്തായിരിക്കണം?

ദൈവത്തിനു, തന്റെ ജനത്തെക്കുറിച്ചുള്ള ഉദ്ദേശ്യവും ലക്ഷ്യവും മോഷണം നിർത്തുന്നതിൽ അവസാനിക്കുന്നില്ല. നന്നായി ജോലി ചെയ്ത് ധനം സമ്പാദിക്കുന്നതിലും ദൈവം അവനെക്കുറിച്ച് ഉദ്ദേശിച്ച ലക്ഷ്യത്തിൽ അവൻ എത്തുന്നില്ല. അവൻ അദ്ധ്വാനിക്കുന്നത് തനിക്കുണ്ടാകുന്നതിനു മാത്രമല്ല, ആവശ്യത്തിലിരിക്കുന്നവർക്ക് നൽകുന്നതിനും വേണ്ടി ആയിരിക്കുമ്പോഴാണ് അത് ദൈവത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിൽ എത്തിച്ചേരുന്നത്.

ഇത് വാസ്തവത്തിൽ വിപ്ലവകരമായ ഒരു ആശയമാണ്. അത് എന്താണ് അർത്ഥമാക്കുന്നത് എന്നറിയാമൊ? നിങ്ങളുടെ മുഴുവൻ ജീവിതവും, നിങ്ങളുടെ ജോലിയും, അങ്ങനെ കൃപയുടെ ഒരു വർക്കായി തീരും എന്നതാണ്. നിങ്ങളുടെ ജോലി ദൈവത്തിന്റെ കൃപയുടെ ഒരു പ്രദർശനമായി തീരണം എന്നാണ് പൗലോസ് അതുകൊണ്ട് അർത്ഥമാക്കുന്നത്. നിയമവിരുദ്ധമമായ, അത്യാഗ്രഹനിവൃത്തിക്കായുള്ള ജോലിയല്ല. നിയമവിധേയമായ ആവശ്യനിവൃത്തിക്കുള്ള, കൃപയുടെ പ്രദർശനമായ ജോലിയാണ് വിശ്വാസികൾ ചെയ്യേണ്ടത്. അതായത്, നമുക്കുണ്ടാകേണ്ടതിനു വേണ്ടി മോഷ്ടിക്കാതിരിക്കാം, ഉണ്ടാകേണ്ടതിനു മാത്രമായി ജോലി ചെയ്യാതെ, കൊടുക്കുന്നതിനു വേണ്ടി ജോലി ചെയ്യാം.

എന്തുകൊണ്ട് എന്നു ചോദിച്ചാൽ, അതാണ് വിശ്വാസത്താലുള്ള നടപ്പ് എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. വിശ്വാസത്തിന്റെ സത്ത എന്നു പറയുന്നത് ദൈവത്തിന്റെ കൃപയുടെ പ്രദർശനമായിത്തീരുന്നതിൽ, ആത്മാവിനുള്ള പ്രമോദമാണ്. ആകയാൽ, വിശ്വാസം ശക്തിയാകുന്നു, അതു കൃപയാൽ, നമുക്കുള്ളതുകൊണ്ട് സംതൃപ്തിപ്പെടുന്നതാണ്. അതുകൂടാതെ വിശ്വാസം, കൃപയാൽ, മറ്റുള്ളവർക്കില്ലാത്തതിൽ അസംതൃപ്തി ഉള്ളവരായിരിക്കുന്നതാണ്. സന്തോഷിക്കുവാൻ വേണ്ടി നാം കൂട്ടിവെക്കുന്നതൊ, മോഷ്ടിക്കുന്നതൊ അല്ല, വിശ്വാസമെന്നത്. അത് കൊടുക്കുന്നതിലും പങ്കുവെക്കുന്നതിലും സന്തോഷിക്കുന്നതാണ്. ദൈവത്തിന്റെ കൃപയുടെ പ്രവാഹം വിശ്വാസഹൃദയത്തെ സംതൃപ്തിപ്പെടുത്തുന്നു, കൃപയുടെ കവിഞ്ഞൊഴുക്ക് മറ്റുള്ളവരുടെ ആവശ്യങ്ങളെ നിവൃത്തിക്കുന്നു. വിശ്വാസം ഈ രണ്ട് അനുഭവങ്ങളൊട് പറ്റിച്ചേർന്ന് നിൽക്കുകയും ദൈവത്തിന്റെ കൃപയെ പ്രദർശിപ്പിക്കയും ചെയ്യുന്നു.

അങ്ങനെ നാം ആരംഭിച്ച സ്ഥലത്തേക്ക് മടങ്ങിവരുന്നു. സുവിശേഷാധിഷ്ഠിത അനുസരണമുണ്ടാകണമെങ്കിൽ, ദൈവത്തെക്കുറിച്ചും പരമോന്നതമായ കൃപയെക്കുറിച്ചും ഉള്ള സുവിശേഷാധിഷ്ഠിത ഉപദേശം നമുക്കുണ്ടാകണം. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യമെന്താണ്? നിങ്ങളുടെ ജീവിതത്തിൽ, ദൈവത്തിന്റെ പ്രവൃത്തി എന്താണ്? 24- ാം വാക്യം പറയുന്നത് “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവാനാണ്." അതു സുവിശേഷത്താൽ ജീവിക്കുന്നതാണ്. ഈ ലോകത്തിൽ ദൈവത്തിന്റെ സാദൃശ്യം വഹിക്കുന്നവരാകുവാൻ നാം സൃഷ്ടിക്കപ്പെട്ടവരാണ്. നിങ്ങളുടെ ജീവിതത്തെ കാണുമ്പോഴും നിങ്ങളുടെ ജോലിയെ അവർ പഠിക്കുമ്പോഴും ദൈവത്തിന്റെ കൃപയുടെ ഒരു ഡിസ്പ്ലെ മറ്റുള്ളവർക്കു ദർശിക്കുവാൻ സാധിക്കുന്നുണ്ടോ?

നിങ്ങൾക്കുണ്ടാകേണ്ടതിനു മോഷ്ടിക്കാതിരിക്കുക, നിങ്ങൾക്കുണ്ടാകേണ്ടതിനു മാത്രമായിട്ടല്ല, കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ജോലി ചെയ്യുക. ഈ പുതിയ പ്രകൃതി ധരിച്ചുകൊണ്ട്, അല്ലെങ്കിൽ സുവിശേഷാധിഷ്ഠിതമായ ജീവിതം നയിച്ചുകൊണ്ട്, നിങ്ങളുടെ ജീവിതം ദൈവകൃപയുടെ ഒരു പ്രദർശനമായി തീരട്ടെ. ദൈവം അതിനു നിങ്ങളെ ഒരോരുത്തരേയും സഹായിക്കട്ടെ. ആമേൻ.

*******

© 2020 by P M Mathew, Cochin

bottom of page