
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര-24
P M Mathew
DEC 23, 2013
How is the speech?
സംസാരം എങ്ങനെയുള്ളത്?
Ephesians 4:29-30
ഒരു ഭർത്താവും ഭാര്യയും തങ്ങളുടെ കുടുംബജീവിതത്തിൽ നാവിന്റെ ശരിയായ വിനിയോഗം പ്രാവർത്തികമാക്കിയാൽ അവരുടെ ജീവിതത്തിലെ അനേകം കുടുംബകലഹങ്ങൾക്ക് അറുതി വരുത്തുവാൻ സാധിക്കുമായിരുന്നു. അതുപോലെ തന്നെ മാതാപിതാക്കൾ തങ്ങളുടെ മക്കളോട് ശരിയായ നിലയിൽ സംസാരിച്ചിരുന്നു എങ്കിൽ, മക്കൾ മാതാപിതാക്കളോട് മത്സരിക്കുന്നതു കാണ്മാൻ ഇടവരികയില്ലായിരുന്നു. മാത്രവുമല്ല അതു സഹോദരി സഹോദരന്മാരുടെ ഇടയിൽ യാഥാർത്ഥ്യമായി തീർന്നിരുന്നു എങ്കിൽ personality conflicts-ന്റെ പേരിലൊ minor doctrinal issues ന്റെ പേരിലൊ ഉണ്ടാകാവുന്ന അനവധി പ്രശ്നങ്ങൾക്ക് തടയിടാൻ സാധിക്കുമായിരുന്നു. ഇനിയും നാം ഇടപെടുന്ന അവിശ്വാസികളുടെ മദ്ധ്യത്തിലേക്കും ഇതു കൊണ്ടുവരാൻ കഴിഞ്ഞിരുന്നെങ്കിൽ, സമൂഹത്തിൽ വളരെ നല്ല ബന്ധങ്ങൾ പുലർത്താനും സുവിശേഷത്തിന്റെ അഭിവൃത്തിക്ക് അതു കാരണമായി തീരാനും ഇടയാകുമായിരുന്നു.
വിശ്വാസികൾ പരസ്പരം സംസാരിക്കേണ്ടത് എങ്ങനെയെന്നു പഠിപ്പിക്കുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിനായി എഫെസ്യലേഖനം അതിന്റെ നാലാം അദ്ധ്യായം 29-30 വാക്യങ്ങൾ നമുക്കു വായിക്കാം.
എഫെസ്യർ 4:29-30
“29 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു. 30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു;”
പ്രധാന ആശയം
മോശമായ സംസാരം ഒഴിവാക്കി ഉപ്പിനാൽ രുചിവരുത്തിയ സംസാരംകൊണ്ട് മറ്റുള്ളവരെ പണിയുന്നവരായിരിക്കുക.
പശ്ചാത്തലം
ക്രിസ്തുവിനോടുള്ള വിശ്വാസികളുടെ ബന്ധം മൂലവും അവരുടെ പുതിയ ഐഡന്റിറ്റിയുടെ വെളിച്ചത്തിലും തങ്ങളുടെ പഴയമനുഷ്യന്റെ ഭാഗമായ ദുഷിച്ച രീതികളെ വിട്ടുകളഞ്ഞ് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ പുതുക്കം പ്രാപിച്ചവർ തുടർന്ന് എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന കാര്യമാണ് അപ്പൊസ്തലനായ പൗലോസ് പറഞ്ഞുകൊണ്ടിരുന്നത്. അതിന്റെ തുടർച്ച എന്ന നിലയിലാണ് മറ്റുള്ളവർക്കു ആത്മീകവർദ്ധനക്കുതകുന്ന നിലയിൽ നാം സംസാരിക്കണം എന്നു പൗലോസ് പറയുന്നത്. അപ്പോൾ ഇതിനു മുന്നമെ പറഞ്ഞ കാര്യങ്ങൾ ഓർത്തുകൊണ്ട് ഈ പുതിയ പ്രബോധനത്തിലേക്കു നമുക്കു കടക്കാം.
ഭോഷ്ക്കു പറയാതെ സത്യം സംസാരിക്കണം എന്നും ആരും പകയോടു കൂടിയ കോപം വെച്ചുകൊണ്ടിരിക്കരുത് എന്നും മോഷ്ടിക്കരുത്, ജോലി ചെയ്യുക, കൊടുക്കുക എന്നും താൻ ഓർപ്പിച്ചു. എന്നാൽ ഇതൊന്നും നമ്മുടെ പഴയ മനുഷ്യനെ അൽപ്പം നന്നാക്കി മെച്ചപ്പെടുത്തണം എന്നു പറയുകയല്ല. മറിച്ച്, ഈ കാര്യങ്ങൾ ദൈവാനുരൂപമായി പുതുക്കം പ്രാപിച്ച ഒരു ഹൃദയത്തിൽ നിന്നു വരുന്നതായിരിക്കണം എന്നാണ്. അതിനോടു വളരെ ചേർന്നു പോകുന്ന കാര്യമാണ് ശരിയായ സംസാര രീതി എന്നത്.
വാക്കുകൾക്ക് വളരെയധികം ശക്തിയുണ്ട്, അതിനു ഒരാളെ പണിയുവാനൊ നശിപ്പിക്കുവാനൊ കഴിയും. കത്തി കൊണ്ടു കുത്തുന്നതു പോലെ ഹൃദയത്തെ വേദനിപ്പിക്കുന്ന നിലയിൽ സംസാരിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് പൗലോസ് വളരെ ശക്തമായി ക്രിസ്ത്യാനികളെ പ്രാബോധിപ്പിക്കുന്നതെന്തെന്നാൽ, മറ്റുള്ളവർക്കു ഉത്സാഹം പകരുന്നതിനും അവരെ ശക്തീകരിക്കുന്നതിനും ഉതകും വിധം നിങ്ങൾ സംസാരത്തെ നിയന്തിക്കണം എന്നാണ്.
അപ്പോൾ ഒന്നാമതായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ദുഷിച്ച വാക്കുകൾ ഉപയോഗിക്കരുത് എന്നതാണ്.
1. ആകാത്ത വാക്കുകളാൽ സംസാരിക്കരുത്.
നാം നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളും, സംസാരങ്ങളും എപ്പോഴെങ്കിലും ഒന്നു വിലയിരുത്തി നോക്കിയിട്ടുണ്ടോ?
നാവടക്കുക, മൂഡൻ, നാശം, ഭോഷൻ, ഗുണം പിടിക്കയില്ല.
ശാപവാക്ക്, ചീത്തപറയൽ, അധിക്ഷേപം, കുത്തുവാക്ക്, കുത്തു പ്രസംഗങ്ങൾ, അപവാദം പരത്തുന്ന പ്രസ്താവനകൾ,
പഴി, നിന്ദ, ശകാരം, ദോഷാരോപണം, ഇടിച്ചുതാഴ്ത്തൽ, വിലയിടിക്കൽ, സ്വഭാവ ഹത്യക്ക് ഉതകുന്ന വാക്കുകൾ. മറ്റുള്ളവരെ താഴ്ത്തി കെട്ടാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകൾ, സംസാരങ്ങൾ.
കൃത്യമല്ലാത്ത അഥവാ തെറ്റായ നിലയിൽ ആളുകളെ മുദ്രകുത്തുക. ഉദാ. “ഇന്നവനോട് കൂട്ടൂ കൂടുന്നത് നിനക്കു ദോഷം ചെയ്യും”, “നീ ഇന്നവനെ പോലെ ആയിത്തീരരുത്.” “നീ എപ്പോഴും...” “ നീ ഒരിക്കലും....” നന്നാവുകയില്ല.
ഈ വക പ്രയോഗങ്ങളും സംസാരരിതികളും നിങ്ങൾ വെച്ചു പുലർത്തുന്നുണ്ടോ? എങ്കിൽ അപ്പൊസ്തലനായ പൗലോസിനു നിങ്ങളോടു പറയാനുള്ളത് : “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു.”
"നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്." ആകാത്തത് എന്നതിനു ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം 'sapros' എന്ന വാക്കാണ്. അത് ഇംഗ്ലിഷിൽ പരിഭാഷ ചെയ്തിരിക്കുന്നത് "rotten" "foul" "abusive" "unwholesome" എന്നൊക്കെയാണ്.
ചീഞ്ഞ മുട്ട, ചീഞ്ഞ മത്സ്യം, ചീഞ്ഞ പഴം എന്നൊക്കെ നാം കേട്ടിട്ടുണ്ട്. അതുപോലെ "നാറ്റം വമിക്കുന്ന", "കൊള്ളരുതാത്ത" ധാർമ്മികമായി അധഃപ്പതിച്ച വാക്കുകളെയാണ് "ആകാത്തവാക്ക്" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വിശ്വാസികളെ പരസ്പരം ഭിന്നിപ്പിക്കുന്ന, വെറുപ്പുളവാക്കുന്ന അനാരോഗ്യകരമായ സംസാര രീതികളിലേക്ക് തിരിയരുത് എന്നാണ് ഈ വാഗ്മയചിത്രം നമ്മേ സൂചിപ്പിക്കുന്നത്.
പുതിയ നിയമത്തിൽ ലുക്കൊസ് 6:43 ലും മത്തായി 7:17f; Mt. 12:33 ഈ പദം ഉപയോഗിച്ചിട്ടുണ്ട്. "ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല.” (Lk. 6:43)
മത്തായി 7:17 “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു” (Mt. 7:17).
ആകാത്ത വാക്ക് ഉപയോഗിക്കരുത് എന്ന് പറഞ്ഞപ്പോൾ പൗലോസ് എന്തൊക്കെയാണ് അർത്ഥമാക്കിയത് എന്ന് നോക്കാം.
ഒന്നാമതായി : മോശമായ വാക്കുകൾ ഉപയോഗിക്കുന്നതു മാത്രമല്ല, നല്ല വാക്കുകൾ അനവസരത്തിൽ ഉപയോഗിക്കുന്നതും ഇതിൽ പെടുന്നു. ഉദാഹരണത്തിന്: ചില വ്യക്തികൾ "God!" or "My God!" or "God Almighty!" or "Christ!" “Oh Jesus” എന്നി വാക്കുകൾ പലപ്പോഴും അനവസരങ്ങളിൽ ഉരുവിടുന്നത് ഞാൻ കേട്ടിട്ടുണ്ട്. തമാശ, കോപം, സങ്കടം, ആശ്ചര്യം എന്നിവ പ്രകടിപ്പിക്കുന്ന അവസരങ്ങളിലാണ് പലപ്പോഴും ഈ വാക്കുകൾ ഉപയോഗിക്കുന്നത്. ദൈവത്തിന്റെ നാമം വൃഥാ നിങ്ങളുടെ നാവിൽ എടുക്കരുത് എന്ന് ദൈവവചനം നമ്മോടു പറയുന്നു. അതിനെ അവഗണിച്ചുകൊണ്ട് ഏതവസരത്തിലും അലക്ഷ്യമായി ആളുകൾ ഇവ ഉപയോഗിച്ചു കാണുന്നു. എന്നാൽ ആ പദങ്ങൾ നിലകൊള്ളുന്നത് വളരെ നിർമ്മലവും വിലയേറിയതുമായ കാര്യങ്ങൾക്കുവേണ്ടിയാണ് എന്നകാര്യം ഇങ്ങനെയുള്ളവർ വിസ്മരിച്ചുകളയുന്നു.
രണ്ടാമതായി, ഭയങ്കരമായ യാഥാർത്ഥ്യങ്ങളെ തുശ്ചീകരിക്കുന്ന വാക്കുകളുടെ ഉപയോഗം. അതായത്, ഓ നാശം, നരകത്തിൽ പോയി തുലയട്ടെ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നവരുണ്ട്. ഇവയൊക്കേയും വളരെ ഭയാനകമായ കാര്യങ്ങളെ തുശ്ഛീകരിച്ചുകൊണ്ട്, അത് കേവലം നിസ്സാര സംഗതികൾ എന്ന നിലയിൽ എടുക്കുവാൻ നാം നമ്മുടെ അധരങ്ങളെ അനുവദിക്കുന്നു എന്നുള്ളതാണ് ഇതിലെ ദോഷവശം എന്നുള്ളത്.
മൂന്നാമതായി, സെക്സ്, ശരീരാവയങ്ങൾ എന്നിവയെ അശ്ലീലച്ചുവയുള്ളതായി ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ദൈവം നല്ല കാര്യങ്ങൾക്കായി വെച്ചിരിക്കുന്ന ഈ കാര്യങ്ങളെ അഴുക്ക്, മലിനപ്പെട്ടത്, എന്നീ ഗണങ്ങളിൽപെടുത്തി സംസാരിക്കുന്നത് ആകാത്ത വാക്കുകൾ പ്രയോഗിക്കുന്നതിനുള്ള ഉദാഹരണങ്ങളാണ്. ഇങ്ങനെയുള്ള വാക്കുകളൊ സംസാരങ്ങളൊ നടത്തുമ്പോൾ, അവഹേളനമൊ പരിഹാസമൊ, വെറുപ്പോ അവജ്ഞയൊ അതിലുടെ വിനിമയം ചെയ്യുകയാണ് ചെയ്യുന്നത്. ഈ നിലയിൽ വാക്കുകളെ ഉപയോഗിക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് സംഭവിക്കുന്നത്.
ഒന്ന്, വിവാഹജീവിതത്തിൽ മാത്രം ആസ്വദിക്കുവാൻ ദൈവം വെച്ചിരിക്കുന്ന സെക്സ് അവജ്ഞയൊ, വെറുപ്പോ ഉളവാക്കുന്ന പദങ്ങളാൽ ആശയവിനിമയം ചെയ്യപ്പെടുന്നു. അങ്ങനെ നിങ്ങൾ ചെയ്യുമ്പോൾ ദൈവത്തെ നിങ്ങളുടെ മനസ്സിൽ നിന്ന് മാറ്റി നിർത്തി അവിടെ അശുദ്ധിക്ക് ഇടംകൊടുക്കുന്നു എന്നതാണ്.
രണ്ട്, ദൈവസൃഷ്ടിയുടെ പരിശുദ്ധിയെ നിങ്ങളുടെ മനസ്സിൽ നിന്നും നീക്കി, ആ സ്ഥാനത്ത്, മനസ്സിനെ ധിക്കാരപരമായും ശക്തിയും ഉപയോഗിച്ചുള്ള പീഡനത്തെ കാണിക്കുന്ന വാക്കുകളായി നാം ഉപയോഗിക്കുന്നു. അത്, വാസ്തവത്തിൽ, പീഡനത്തിനു സമാനമായ കാര്യമാണ്. അതിലൂടെ നാം, സ്വാർത്ഥവും അശ്രദ്ധവുമായ അതിക്ഷേപമാണ് പ്രദർശ്ശിപ്പിക്കുന്നത്. അങ്ങനെയുള്ള rotten വാക്കുകളും ഭാഷകളും ഉപയോഗിക്കുന്ന ഭർത്താക്കന്മാരാണ് അതല്ലെങ്കിൽ ഭാര്യമാരാണ് നിങ്ങൾക്കുള്ളതെങ്കിൽ അവരോടു കൂടെ അധിക സമയം ഒന്നിച്ചു ചിലവിടുവാൻ തയ്യാറാകരുത്. ഇങ്ങനെയുള്ള വാക്കുകളും ഭാഷകളും ഉപയോഗിച്ച് ഇണയെ അധിക്ഷേപിക്കുന്ന ആളുകൾ വിശ്വാസികളുടെ ഇടയിൽ തന്നെ ഉണ്ട് എന്ന് എത്ര ദുഃഖകരമാണ്.
നാലാമതായി, ദുർവൃത്തിയായ, അവജ്ഞയെ കാണിക്കുന്ന വാക്കുകളുടെ ഉപയോഗമാണ്. അങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നവർ തങ്ങൾക്കു മറ്റുള്ളവരോടു തെല്ലും സ്നേഹമില്ല എന്ന കാര്യമാണ് കാണിക്കുന്നത്.
അഞ്ചാമതായി, ഒരുവന്റെ സ്വഭാവത്തെ ഹനിക്കുന്ന, അവന്റെ മാനത്തെ ഇടിച്ചു താഴ്ത്തുന്ന വാക്കുകളൊ, താരതമ്യങ്ങളൊ, സംസാരരിതിയൊ അവലംഭിക്കുന്നത്. കർത്താവിന്റെ കാലത്ത്, ഒരുവന് മാനനഷ്ടം വരുത്തുന്ന പ്രയോഗങ്ങൾ നടത്തുന്നത് കൊലപാതകത്തിനു സമാനമായി കണ്ടിരുന്നു. ഒരുവന്റെ മാനം നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിട്ടെന്ത് കാര്യം. മത്തായി 5:22 "ഞാനൊ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപ സഭയുടെ മുൻപിൽ നിൽക്കേണ്ടിവരും; മുഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും."
ഒരുവന്റെ അഭിമാനത്തിനു കോട്ടം തട്ടുന്ന നിലയിൽ ഒരുവനോട് സംസാരിക്കുന്നവൻ അവനെ കൊല്ലുകയാണ് അതിലൂടെ ചെയ്യുന്നത്.
ഇനി എന്തുകൊണ്ട് ഒരുവൻ ഈ നിലയിൽ സംസാരിക്കുന്നു എന്ന കാര്യം നമുക്കു നോക്കാം.
2. എന്തുകൊണ്ട് ഒരുവൻ ഈ നിലയിൽ സംസാരിക്കുന്നു?
മോശമായ വാക്കുകളും സംസാരങ്ങളും നിങ്ങളിൽ നിന്നു പുറപ്പെടുന്നു എങ്കിൽ അതിനർത്ഥം നിങ്ങളുടെ ആത്മാവിനു പുതുക്കം വന്നിട്ടില്ല എന്ന കാര്യമാണ് ഓർപ്പിക്കുന്നത്. അതുകൊണ്ട് വായിലെ വാക്കുകൾക്കു ശുദ്ധിവരുത്തുവാനുള്ള യുദ്ധം നിങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു. എന്നാൽ യുദ്ധം ആരംഭിക്കേണ്ടത് ഹൃദയത്തിലാണ്. കാരണമെന്തെന്നാൽ ‘ഹൃദയം നിറഞ്ഞു കവിയുന്നതല്ലോ വായ് സംസാരിക്കുന്നത്”. അപ്പോസ്തലനായ പൗലോസ് നിങ്ങളുടെ അകം നന്നാക്കി നിങ്ങളുടെ അധരങ്ങളെ വെടിപ്പാക്കാനുള്ള തത്രപ്പാടിലാണ്.
വാസ്തവത്തിൽ ഈ വാക്യങ്ങൾ യാഥാർത്ഥ്യമാകുംവിധം നമ്മുടെ ഹൃദയങ്ങൾ രൂപാന്തരപ്പെട്ടാൽ, അത് വളരെ സമൂലമായ മാറ്റത്തിനു വഴിവെക്കുമെന്നതിൽ സംശയമില്ല.
അപ്പൊ. പൗലൊസ് ഈ വാക്യങ്ങൾ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഉപദേശ ശകലമായിട്ടല്ല ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു മതഗ്രന്ഥങ്ങളെ പോലെ കുറെ സദാചാരനിയമങ്ങൾ അങ്ങനെ എഴുതിത്തന്നിരിക്കുന്ന പുസ്തകമല്ല ബൈബിൾ. മനുഷ്യന്റെ ഹൃദയത്തിനു സമൂലമായ മാറ്റം വരുത്തിക്കൊണ്ട് അവനെ അവന്റെ സ്വാഭാവിക പ്രകൃതിയിൽ നിന്നും ഒരു പുതിയ മനുഷ്യനാക്കി തീർക്കുന്ന ഒരു പുസ്തകമാണ് ബൈബിൾ. പൗലോസ് 29-30 വാക്യങ്ങൾ ഇവിടെ കുറിക്കുന്നത് 22-24 വാക്യത്തിന്റെ ഒരു application എന്ന നിലയിലാണ്.
നമ്മുടെ ബാഹ്യമായ എല്ലാ പെരുമാറ്റങ്ങളും രൂപപ്പെടേണ്ടത് ഹൃദയത്തിന്റെ രൂപാന്തരത്തിൽ നിന്നാണ്.
മത്തായി സുവിശേഷത്തിൽ നിന്നും ഒരു വാക്യം നമുക്കു നോക്കാം. മത്തായി 12:33 “ഒന്നുകിൽ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു;” വീണ്ടും ജനിക്കാത്ത ഒരു വ്യക്തിയിൽ നിന്നു നല്ലവാക്കുകളും നല്ല പെരുമാറ്റവും നാം പ്രതീക്ഷിക്കേണ്ടതില്ല. രക്ഷിക്കപ്പെടാത്ത വ്യക്തി ആത്മീയജീവനും കഴിവും ഇല്ലാതെ ജീവിക്കുന്നവരാണ്.
ഹൃദയമെന്നു പറയുന്നത് നമ്മുടെ സംസാരത്തിന്റെ ഉറവിടമാണ്; വാക്കുകൾ അതിന്റെ ഫലവും. നമ്മുടെ വാക്കുകളുടെ അരുവികൾ ഹൃദയമെന്ന ഉറവയിൽ നിന്നുത്ഭവിക്കുന്നതാണ്. ഹൃദയം രൂപാന്തരപ്പെടുന്നില്ലെങ്കിൽ ജീവിതം ഒരിക്കലും സമൂലമായി നവീകരിക്കപ്പെടുകയില്ല. ചീത്തവാക്കുകൾ അഥവാ സംസാരം തിന്മയും പാപവും നിറഞ്ഞ ഹൃദയത്തിന്റെ ജന്മനായുള്ള സ്വാഭാവിക ഉൽപ്പന്നമാണ്.
ഇനി ഇതിനുള്ള പരിഹാരമെന്താണ് എന്നു നോക്കാം? പൗലോസ് ഇതിനു നല്കുന്ന പരിഹാരം നാം വായിക്കുമ്പോൾ അതിശയിച്ചു പോകും. നാം പ്രതീക്ഷിച്ച കാര്യമല്ല, പൗലോസ് അതിനു പ്രതിവിധിയായി നൽകുന്നത്. പൗലോസ് ഇവിടെ പറയുന്നത് നിങ്ങളുടെ ആകാത്ത വാക്കുകൾ vulgar or rotten or corrupt ആയിട്ടുള്ള വാക്കുകൾക്കു പകരം pure and wholesome and creative and clear ആയ വാക്കുകൾ ഉപയോഗിക്കണം എന്നല്ല പൗലോസ് പറയുന്നത്.
നിങ്ങളുടെ ആശയം വ്യക്തമാക്കുവാൻ, നല്ല ഭാഷ അല്ലെങ്കിൽ നല്ല വാക്കുകൾ നിങ്ങൾ അതിനു പകരം ഉപയോഗിക്കണമെന്ന് പറയാതെ പിന്നെ താനെന്താണ് പറയുന്നത്? നിങ്ങളുടെ ഹൃദയത്തിലെ ഉദ്ദേശ്യത്തെ കുറിച്ചാണ് പൗലോസ് പറയുന്നത്. നിങ്ങളുട ഹൃദയത്തിൽ സ്നേഹം കുടികൊള്ളുന്നുണ്ടോ എന്നാണ് പൗലോസ് ചോദിക്കുന്നത്. നിങ്ങൾ പറയുന്നത് ഉള്ളിൽ സ്നേഹം വെച്ചുകൊണ്ടാണൊ പറയുന്നത്. ഇവിടെ ഭാഷയേക്കാൾ പ്രശ്നം, ഹൃദയമാണ്. The heart of the problem is the problem of the Heart. ഇവിടുത്തെ ഇഷ്യു എന്നു പറയുന്നത്
സ്നേഹമാണ്. സ്നേഹമില്ല എന്നുള്ളതാണ്. ഇവിടുത്തെ മുഖ്യപ്രശ്നം. നിങ്ങളുടെ അധരം മോശം വാക്കുകൾ ഉപയോഗിക്കുന്നു എന്നതിനുപരി, നിങ്ങളുടെ അധരം കൃപയുടെ മുഖാന്തിരമാണോ എന്നുള്ളതാണ്. അപ്പൊ പൗലോസ് ബാഹ്യമായ ഫലത്തിൽ നിന്നും ആന്തരീകമായ root-ലേക്ക് തിരിയുന്നതാണ് നാമിവിടെ കാണുന്നത്, നാം എന്തു പറയണം എന്നതിൽ നിന്നു മാറി, എന്തുകൊണ്ട് നാം പറയണം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറ്റുകയാണ്. തുടർന്ന് പൗലോസ് അതിനു നൽകുന്ന പ്രതിവിധി എന്താണെന്ന് നോക്കാം. അതു നമ്മുടെ മൂന്നാമത്തെ പോയിന്റിലേക്കു നയിക്കുന്നു.
3. മറ്റുള്ളവർക്കു ആത്മീകവർദ്ധനക്കുതകുന്ന നിലയിൽ സംസാരിക്കുക.
നമുക്ക് 29-ാം വാക്യം വായിക്കാം “29 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു; " ("Let no rotten talk come out of your mouth, but only what is good for edifying, as fits the occasion (literally: good for edifying of need -- meeting a particular need is in view) that it may impart grace to those who hear." )
നിങ്ങളുടെ വായിൽ നിന്നും വാക്കുകൾ കൃപക്ക് മുഖാന്തിരമാകുന്നുണ്ടോ എന്നാണ് പൗലോസ് ചോദിക്കുന്നത്. എന്റെ വായിൽ നിന്നു വരുന്ന വാക്കുകൾ അതുകേൾക്കുന്നവന്റെ നന്മ എന്ന ആവശ്യം നിവൃത്തിക്കുവാൻ മതിയായതാണോ? ഒരുവനെ നശിപ്പിക്കുക എന്ന നമ്മുടെ ആവശ്യം നിവൃത്തിക്കുന്നുണ്ടോ എന്നല്ല. കേൾക്കുന്ന വ്യക്തിയിൽ അതു നന്മ ഉളവാക്കുമൊ? കേൾക്കുന്ന ആളുകളിൽ എന്റെ വാക്കുകൾ വിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടോ?
നമ്മുടെ അധരങ്ങളെ സംബന്ധിച്ച് വിപ്ലവകരമായ ചിന്തയാണിത്. 28-ാം വാക്യത്തിൽ ജോലി ചെയ്യുന്നതിനു പിന്നിലെ മനോഭാവത്തെ കുറിച്ചു നാം പഠിച്ചു. അതിനോട് എത്ര സമാനമായ ആശയമാണ് പൗലോസ് ഇവിടെ പറയുന്നത്.
28-ാം വാക്യത്തിൽ “28 കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്വാെൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു;” കള്ളൻ മോഷ്ടിക്കുന്നതു നിർത്തിയതുകൊണ്ടോ, ആത്മാർത്ഥമായി ജോലി ചെയ്തതുകൊണ്ടോ മാത്രം ക്രിസ്ത്യാനിയാകുന്നില്ല, മറിച്ച്, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജോലി ചെയ്യണം. എങ്കിൽ മാത്രമെ അത് കൃപയുടെ ഒരു പ്രദർശനമാവു എന്നാണ് 28- ാം വാക്യത്തിൽ നാം കണ്ടത്.
അതുപോലെ തന്നെയാണ് പൗലോസ് ഈ 29- ാം വാക്യത്തിലും പറയുന്നത്. 29 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു; " അതായത്, നിങ്ങളുടെ വായിൽ നിന്നും ആകാത്ത വാക്കുകളൊന്നും വരരുത്… നല്ലതെ വരാവു. പിന്നീട് എന്തുവരണം എന്നതിൽ നിന്ന് മാറി എന്തുകൊണ്ട് നല്ലതുവരണം എന്നതിലേക്ക് തിരിയുന്നു. എന്തുകൊണ്ട് നല്ല വാക്ക് നിങ്ങളുടെ വായിൽ നിന്നു വരണം. അതിനുള്ള ഉത്തരം കേൾക്കുന്നവർക്ക് കൃപ ലഭിക്കത്തക്കതും ആ വ്യക്തിയുടെ ആത്മീകവർദ്ധന എന്ന ആവശ്യം നിവൃത്തിക്കുന്നതുമായ വാക്കാണ് നിങ്ങളിൽ നിന്നു വരേണ്ടത്. അല്ലാതെ ഒരുവനെ നശിപ്പിക്കുന്ന, തകർത്തുകളയുന്ന, ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവ് ഉളവാക്കുന്ന, ഒരു ഗുണവും ചെയ്യാത്ത വാക്കുകളല്ല നാം ഉപയോഗിക്കേണ്ടത്. ദൈവനാമത്തെ ദുഷിക്കുന്നതു നിർത്തിയാൽ മാത്രം പോര, കേവലം നല്ല വാക്കുകൾ ഉപയോഗിച്ചാലും പോര, കേൾക്കുന്നവന്റെ ആത്മീകവർദ്ധനക്ക് ഉതകണം, കേൾക്കുന്നവനു ഗുണമായി തീരണം, അവനെ പണിയുവാൻ ഉതകുന്ന വാക്കായിരിക്കണം ഒരുവന്റെ വായിൽ നിന്നു വരേണ്ടത്.
ആകയാൽ, ഒരു ക്രിസ്ത്യാനി വളരെ ആഴമായി തന്നോടു തന്നെ ചോദിക്കേണ്ടത് ഞാൻ സംസാരിക്കുന്നത് ആത്മീക വർദ്ധനക്കുതകുന്ന നിലയിലാണോ? എന്റെ സംസാരം കൃപയുടെ ഒരു മുഖാന്തിരമൊ?
നമ്മുടെ എല്ലാ സെക്കുലർ ആയ ജോലിയും കൃപയുടെ പ്രദർശനമായിരിക്കണം എന്നു നാം കഴിഞ്ഞ നാളുകളിൽ ചിന്തിച്ചു. ഇപ്പോൾ നമ്മുടെ എല്ലാ സംസാരവും കൃപയുടെ വാക്കുകൾ ആയിരിക്കണം എന്നു നാം കാണുന്നു. ക്രിസ്തീയ വിശ്വാസം ഇവയെല്ലാം ഉൾക്കൊള്ളുന്ന വളരെ ദൂരവ്യാപകമായ ഫലം ഉളവാക്കുന്നതാണ് എന്ന് നിങ്ങൾ കാണുന്നുവൊ? ഇതൊക്കേയും ദൈവത്തിന്റെ കൃപയെ നമ്മുടെ ജീവിതത്തിൽ വെളിപ്പെടുത്തുന്ന അതിശയകരമായ വാക്യങ്ങളാണ്. കൃപയെക്കുറിച്ചുള്ള വികലമായ ധാരണകൾ വെച്ചു പുലർത്തുന്നവർക്ക് ഇത് ഗ്രഹിക്കാവുന്നതിലും അധികമായ സംഗതികളാണ്.
ഒരു ക്രിസ്ത്യാനി, തന്റെ ഉള്ളിലെ ചീഞ്ഞളിഞ്ഞ വേരിനെ, യേശുക്രിസ്തുവിന്റെ സുവിശേഷത്താൽ നീക്കി, തന്റെ ഹൃദയത്തെ വെടിപ്പാക്കിയ വ്യക്തിയാണ്. ദൈവത്തിന്റെ കൃപ അവന്റെ ഉള്ളിലെ, വെറുപ്പ്, കോപം, അവജ്ഞ, നീരസം എന്നിവയിൽ നിന്നു പുറപ്പെടുന്ന വാക്കുകളെയും, ചേഷ്ടകളേയും യേശുക്രിസ്തുവിന്റെ രക്തം കൊണ്ട് കഴുകി, അവയെ കൊന്ന് തന്റെ അവിശ്വാസത്തിനു അറുതി വരുത്തിയ വ്യക്തിയാണ്.
നമ്മുടെ പഴയ പ്രകൃതിയുടെ ഭാഗമായ വെറുപ്പ്, കോപം, അമർഷം എന്നിവയുടെ സ്ഥാനത്ത് ദൈവത്തിന്റെ കൃപ എന്താണ് സ്ഥാപിച്ചിരിക്കുന്നത് എന്നറിയാമോ? അതു പ്രത്യാശയാണ്. അതാണ് 30-ാം വാക്യം നമ്മോട് പറയുന്നത്. “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു;” എന്നു പറഞ്ഞാൽ അത് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഞാൻ വിശദീകരിക്കാം. ഒരു ക്രിസ്ത്യാനി എന്നു പറഞ്ഞാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന വ്യക്തിയും ആ ആത്മാവിനാൽ വീണ്ടെടുപ്പ് നാളിലേക്ക് മുദ്രയിട്ടിരിക്കുന്ന വ്യക്തിയുമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവത്തിന്റെ പരിശുദ്ധാത്മാവ്, തന്റെ സാദൃശ്യത്തിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്ന വ്യക്തി എന്നർത്ഥം. അതല്ലെങ്കിൽ 24- ാം വാക്യം പറയുന്നതു പോലെ “24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.” അവനെയാണ് ദൈവം വിണ്ടെടുപ്പുനാളിലേക്കായി മുദ്രയിട്ടിരിക്കയും ആ നാൾവരെ ദൈവം സൂക്ഷിക്കുകയും ചെയ്യുന്നത്. പരിശുദ്ധാത്മാവിന്റെ മുദ്രയാണ് നമ്മുടെ പ്രത്യാശയുടെ ഉറപ്പ് എന്നു പറയുന്നത്.
എല്ലാ വിശ്വാസികളുടേയും പ്രത്യാശ, ആത്മാവിന്റെ മുദ്രയാൽ ഉറപ്പാക്കപ്പെട്ടിട്ടുള്ളതും, അവരെല്ലാം തന്നെ ചരിത്രത്തിന്റെ അവസാനത്തിൽ നാശത്തിനല്ല, വീണ്ടെടുപ്പിനായി നിൽക്കുന്നവരുമാണ്. അങ്ങനെയെങ്കിൽ ഈ വീണ്ടെടുപ്പിന്റെ ദിനമേതാണ്?
ആ ദിനമെന്നു പറയുന്നത് നമ്മുടെ പാപത്തോടുള്ള പോരാട്ടം അവസാനിക്കുന്ന ദിനമാണ്. അന്നാണ് നമ്മുടെ ഹൃദയത്തിന്റെ ആഴമായ ആഗ്രഹം പൂർണ്ണമായി, ദൈവത്തിന്റെ കൃപയുടെ മഹത്വം യേശുക്രിസ്തുവിലൂടെ കണ്ട്, സംതൃപ്തി അടയുന്നത്. പിന്നീട് മോഹഭംഗം സംഭവിച്ച ആഗ്രഹങ്ങൾ ഉണ്ടാവില്ല. അന്ന് നമ്മുടെ വിണ്ടെടുപ്പ് പൂർത്തിയാകും.
ആകയാൽ ആകാത്ത വാക്കുകൾക്കും കൃപയുടെ വാക്കുകൾക്കും 30- ാം വാക്യത്തോടുള്ള ബന്ധമെന്താണ് എന്ന് നോക്കാം.
അവിടുത്തെ പോയിന്റ് എന്നു പറയുന്നത് ഇതാണ്: വളരെ അതിശയകരവും അവസാനവുമില്ലാത്ത ഒരു ഭാവിക്കായി മുദ്രയിട്ട് സൂക്ഷിക്കപ്പെടാൻ, ദൈവം നമുക്ക് ആത്മാവിനെ നൽകിയിരിക്കുന്നു. വെരൊരു രീതിയിൽ പറഞ്ഞാൽ, ആത്മാവിന്റെ മുദ്ര ലക്ഷ്യമിടുന്നത് നമ്മുടെ പ്രത്യാശയിലാണ്. അങ്ങനെയുള്ള ആത്മാവിനെ നാം എങ്ങനെയാണ് ദുഃഖിപ്പിക്കുന്നത്? വീണ്ടെടുപ്പ് നാളിലേക്കുള്ള പ്രത്യാശ ഇല്ലാത്തവരായതുകൊണ്ടാണൊ നാമങ്ങനെ ചെയ്യുന്നത്? അതല്ലെങ്കിൽ, ആത്മാവിന്റെ ശക്തിയിൽ സുരക്ഷിതരായി സൂക്ഷിക്കുമെന്ന പ്രത്യാശ ഇല്ലാത്തതുകൊണ്ടാണൊ നാമങ്ങനെ ചെയ്യുന്നത്? ദൈവത്തിൽ പ്രത്യാശയുള്ളവരായിരിപ്പാൻ, ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അവിടുന്നു നൽകിയിരിക്കുന്നു എങ്കിൽ, ആ ദൈവത്തിൽ പ്രത്യാശ അർപ്പിക്കാതെ, നമ്മുടെ പ്രശ്നങ്ങളിൽ തളർന്നും ക്ഷീണിച്ചും കോപവും കൈപ്പും അമർഷവും കൊണ്ട് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കുകയാണോ എന്നാണ് പൗലോസ് ഇവിടെ ചോദിക്കുന്നത്. അങ്ങനെയെങ്കിൽ എന്തിനുവേണ്ടി പരിശുദ്ധാത്മാവിനെ അയച്ചുവൊ ആ ലക്ഷ്യത്തിനെതിരെ നിങ്ങൾ മത്സരിക്കുകയാണ് ചെയ്യുന്നത്.
ദൈവത്തിൽ പ്രത്യാശ അർപ്പിക്കാത്ത ഒരു ഹൃദയത്തിൽ നിന്നുവരുന്ന വാക്കുകൾ അതു കേൾക്കുന്ന വ്യക്തിയിൽ യാതൊരു കൃപയും ഉണർത്തുകയില്ല. നിങ്ങൾക്ക് നിങ്ങളിൽ തന്നെ ദൈവകൃപയുടെ പ്രത്യാശ അനുഭവപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ വായിൽ നിന്നു വരുന്ന വാക്കുകൾക്ക് മറ്റുള്ളവർക്ക് കൃപ പകർന്നു നൽകാൻ എങ്ങനെയാണ് കഴിയുക? പ്രത്യാശയില്ലാത്ത ഹൃദയത്തിൽ നിന്നാണ് നിരുത്സാഹത്തിന്റേയും, ഇഛാഭംഗത്തിന്റേയും കോപത്തിന്റേയും, കൈപ്പിന്റേയും ചീഞ്ഞളിഞ്ഞ, ആകാത്ത വാക്കുകൾ പുറപ്പെടുന്നത്.
എന്നാൽ നിങ്ങൾ ഒരു നിമിഷം നിന്ന്, ക്രിസ്തു നിങ്ങളുടെ പാപത്തിനായി മരിച്ചു, നിങ്ങളുടെ നന്മാക്കായി സകലവും കൂടി വ്യാപരിപ്പിക്കാമെന്ന വാഗ്ദാനവും നൽകി, വീണ്ടെടുപ്പു നാളിലേക്ക് നിങ്ങളെ മുദ്രയിട്ട് സൂക്ഷിക്കുക എന്ന ഒരു പ്രത്യേക ഉദ്ദേശ്യ ലക്ഷ്യത്തിനായി തന്റെ പരിശുദ്ധാത്മാവിനെ നൽകി എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉറപ്പും ആഴത്തിലുമുള്ള പ്രത്യാശയുടെ വേര് ഇറങ്ങുമായിരുന്നു. ആ ഒരു റൂട്ടിൽ കൂടി കൃപയുടെ ഉറവ മുകളിലെക്ക് പൊന്തിവരുമായിരുന്നു. ആ ഉറവയിൽ നിന്ന് നിങ്ങളുടെ ജിവിതത്തിന്റെ എല്ലാ മേഖലകളിലും ഫ്രൂട്ട് ആയി പ്രത്യക്ഷപ്പെടുന്ന ഒരു പുതിയ സംസാര രീതി വെളിപ്പെടുമായിരുന്നു.
അപ്പോൾ നിങ്ങളുടെ അധരങ്ങളിൽ നിന്നു പുറപ്പെടുന്ന ആകാത്ത വാക്കുകൾ എന്നത് കേവലം ഒരു ധാർമ്മിക ചോദ്യമല്ല. അതായത്, ഞാൻ ചീത്ത വാക്കുകൾ ഒഴിവാക്കുന്നുണ്ടോ എന്നതല്ല പ്രശ്നം. ക്രിസ്തീയമായ ചോദ്യം ഞാൻ എന്റെ വാക്കുകളാൽ മറ്റുള്ളവരുടെ വിശ്വാസത്തെ പണിയുന്നുവൊ എന്നതാണ്. എന്റെ അധരം കൃപയുടെ മുഖാന്തിരിമായിത്തീരുന്നുണ്ടോ? എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ ഭയചകിതനും ആകുല ചിത്തനും ആണൊ അതൊ എന്റെ ജീവിതം പ്രത്യാശ-പൂരിതവും ദൈവം തന്റെ വിണ്ടെടുപ്പുനാളിലേക്ക് എന്നെ മുദ്രയിട്ട് സൂക്ഷിച്ചിരിക്കുന്നു എന്ന ചിന്തയാൽ നിറഞ്ഞു കവിയുന്നതൊ? എങ്കിൽ ആ കൃപ നാം മറ്റുള്ളവരിലേക്ക് നമ്മുടെ വാക്കുകളിലൂടേയും സംസാരത്തിലൂടേയും പകർന്നു നൽകാം. അതിനു സ്വ്ർഗ്ഗത്തിലെ ദൈവം നമ്മെ സഹായിക്കട്ടെ.
*******