top of page
എഫെസ്യ ലേഖന പരമ്പര-21
P M Mathew
FEB 28, 2014

Forgivness
പാപക്ഷമ

Ephesians 4:32

അതിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. അതിനായി നമുക്കു നമുക്കു എഫെസ്യാലേഖനം 4:32-ാം വാക്യം നമുക്കു വായിക്കാം.

എഫെസ്യർ 4:32

" നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ."

വ്യക്തിബന്ധങ്ങളിലൂന്നിയ പാപക്ഷമയെ കുറിച്ചാണ് എഫെ 4:32 ൽ പൗലോസ് നമ്മോടു പറഞ്ഞിരിക്കുന്നത്. അതിനുള്ള കാരണം ദൈവം സഭയെ പക്വതയിലേക്കു വളരുന്ന ഒരു സമൂഹമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു സമൂഹമായി നാം ജീവിക്കുമ്പോൾ സാമൂഹിക നന്മ വികസിപ്പിച്ചെടുക്കേണ്ടത് അത്യന്തം പ്രാധാന്യമർഹിക്കുന്നു. സാമൂഹികജീവിതത്തിനു വിഘാതമായി നിൽക്കുന്ന വിശ്വാസികളുടെ ജീവിതത്തിലുണ്ടാകാവുന്ന ചില തിന്മകളെ നീക്കി ആ സ്ഥാനത്ത് ചില നന്മകൾ നാം വളർത്തിക്കൊണ്ടുവരണം എന്ന് പൗലോസ് പറഞ്ഞുവരുന്നതിനോടുള്ള ബന്ധത്തിലാണ് പാപക്ഷമയെക്കുറിച്ചു താൻ പറയുന്നത്. അതിൽ നാം മുന്നമെ പറഞ്ഞ കാര്യങ്ങൾ അല്പമായി അയവിറക്കി പാപക്ഷമയിലേക്കു കടക്കാം.

ഭോഷ്ക്ക് ഉപേക്ഷിച്ച് സത്യം സംസാരിക്കുക (4:25), കോപിച്ചാൽ പാപം ചെയ്യരുത് (4:26),മോഷ്ടിക്കാതെ, ജോലി ചെയ്യുക, കൊടുക്കുക (4:28). മറ്റുള്ളവരെ വേദനിപ്പിക്കുകയും തകർക്കുകയും ചെയ്യുന്ന വാക്കുകൾ നിങ്ങളുടെ വായിൽ നിന്നു വരാതെ അവരെ പണിയുന്ന പ്രോത്സാഹനത്തിന്റേയും ആശ്വാസത്തിന്റേയും വാക്കുകൾ സംസാരിക്കുക അല്ലെങ്കിൽ ഹൃദയപൂർവ്വം ദയയോടെ മറ്റുള്ളവരോടു ഇടപഴകുക (29-31). ഈ കാര്യങ്ങളാണ് ഇതിനു മുന്നേമേയുള്ള വേദഭാഗങ്ങളിൽ നാം കണ്ടത്. എന്നാൽ മറ്റുള്ളവരോട് ദയവോടെ ഇടപെടണമെങ്കിൽ നാം മറ്റുള്ളവരുടെ തെറ്റുകളെ ക്ഷമിക്കാൻ മനസ്സുള്ളവർ ആയിരിക്കണം.

അതിനു മുന്നോടിയായി പാപക്ഷമ എന്താണെന്ന് മനസ്സിലാക്കണം.

ബൈബിൾ നാം പരിശോധിച്ചാൽ വിവിധ തലങ്ങളിലുള്ള പാപക്ഷമയെ ക്കുറിച്ച് പറഞ്ഞിരിക്കുന്നതു കാണുവാൻ കഴിയും. വേദശാസ്ത്രികൾ അതിനെ ഈ നിലയിലാണ് വേർതിരിച്ചിരിക്കുന്നത്. Judicial Forgiveness, Paternal Forgiveness, Personal Forgiveness, Social forgiveness, Ecclesiastical Forgiveness.

1. Judicial Forgiveness -നിയമാസൃതമായ പാപക്ഷമ

ക്രിസ്തുവിൽ വിശ്വസിച്ചവർക്കു ദൈവം നൽകുന്ന നിത്യമായ പാപക്ഷമയ്ക്കാണ് നിയമാസൃതമായ പാപക്ഷമ എന്നു പറയുന്നത്. ഇതു നീതികരണത്തോട് ചേർന്നു നിൽക്കുന്നതും വിശ്വാസിയുടെ ദൈവമായുള്ള ബന്ധത്തെ കാണിക്കുന്നതുമാണ്. ഇത് ഒരിക്കലായി സംഭവിക്കുന്നതും നിത്യവും ഒരുവന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ആധാരമാക്കിയുള്ളതുമാണ്. (സങ്കീ. 32:1–2; “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. 2 യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.“

2. Paternal Forgiveness-പിതാവിനോടുള്ള കൂട്ടായ്മ ബന്ധത്തിലുള്ള പാപക്ഷമ,

പാപത്തെ ഏറ്റുപറഞ്ഞും മറ്റുള്ളവരുടെ പാപത്തെ ക്ഷമിച്ചുംകൊണ്ട് ദൈവത്തോടുള്ള കൂട്ടായ്മയിൽ നിലനിൽക്കുന്നതാണിത് (1 John 1:9; John 13:4–10; Matt. 6:12);

3. Personal Forgiveness-വ്യക്തി ബന്ധങ്ങളിലധിഷ്ഠിതമായ പാപക്ഷമ

മറ്റുള്ളവരുടെ പാപം ക്ഷമിച്ചുകൊണ്ടുള്ള പാപക്ഷമക്കാണ് Personal forgiveness എന്ന് പറയുന്നത് (Matt. 6:14–15; 18:21–35; Luke 6:37; Col. 3:13; Eph. 4:31–32).

4. Social forgiveness സാമൂഹികമായ പാപക്ഷമ

സാമുഹികമായ തെറ്റുകള്‍ നാം ക്ഷമിച്ചു കൊടുക്കുന്നതിനെയാണിത് കാണിക്കുന്നത് (John 8:1–10).

5. Ecclesiastical Forgiveness-സഭാസംബന്ധമായ പാപക്ഷമ.

ഒരു വ്യക്തി പാപം ചെയ്ത് സഭയെ കളങ്കപ്പെടുത്തിയാല്‍ ആ വ്യക്തി അതേറ്റു പറഞ്ഞ് ക്ഷമക്കായി യാചിക്കുമ്പോള്‍ സഭ നല്‍കുന്നതാണിത് (Ecclesiastical Forgiveness 2 Cor. 2:5–11; 2 Thess. 3:14–15).

അതിൽ വ്യക്തിബന്ധങ്ങളിലൂന്നിയ പാപക്ഷമയെ കുറിച്ചാണ് എഫെ 4:32 ൽ അപ്പൊ പൗലോസ് നമ്മോടു പറയുന്നത്.

1. പാപക്ഷമയുടെ പ്രാധാന്യം

കർത്താവ് തന്റെ പരസ്യശുശ്രൂഷാ വേളയിലും, തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ച പ്രാർത്ഥനയിലും വ്യക്തി ബന്ധങ്ങളിലധിഷ്ഠിതമായ പാപക്ഷമയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ആ വേദഭാഗങ്ങൾ ഒന്നു വായിക്കുന്നത് അതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കാൻ സഹായിക്കുമെന്ന് ഞാൻ കരുതുന്നു.

മത്തായി സുവിശേഷം 6:7-15 വരെ വാക്യങ്ങൾ നമുക്കൊന്നു വായിക്കാം.
“7 പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. 8 അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. 9 നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; 10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; 11 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; 12 ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; 13 ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. 14 നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. 15 നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല;”

ഈ വേദഭാഗങ്ങൾ നമ്മേ കാണിക്കുന്നത് പാപക്ഷമ പിടിച്ചുവെക്കുന്നതിൽ വലിയ അപകടം പതിയിരിക്കുന്നു എന്ന കാര്യമാണ്. ആ അപകടം എന്നത് സ്വർഗ്ഗം നഷ്ടമാകുന്നു എന്ന യാഥാർത്ഥ്യമാണ്.

ഇന്നത്തെ സഭ അഭിമുഖീകരിക്കുന്ന ഒരു വലിയ അപകടമെന്നത്, കുറെ പണം നഷ്ടമാകുമെന്നതൊ, നമ്മുടെ ചില അംഗങ്ങൾ വിട്ടുപോകുമെന്നതൊ അല്ല, മറിച്ച്, സ്വർഗ്ഗം നമുക്കു ലഭിക്കാതെ പോകുമൊ എന്നതാണ്. അതിന്റെ കാരണമെന്തെന്നാൽ, പാപക്ഷമ നൽകാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ എങ്കിൽ, അത് സ്വർഗ്ഗത്തിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തും. പാപക്ഷമ നൽകാതെ മുന്നോട്ട് പോകുന്ന വ്യക്തി തന്നിൽ ക്രിസ്തുവിന്റെ ആത്മാവ് വസിക്കുന്നില്ല എന്നാണ് കാണിക്കുന്നത്. റോമർ 8:9 ൽ നാം എന്താണ് വായിക്കുന്നത്? “ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല;” ക്രിസ്തുവിന്റെ ആത്മാവ് ഒരുവനിൽ വസിക്കുന്നില്ല എങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.

കർത്തൃപ്രാർത്ഥനയിലെ (മത്തായി 6:12-15) വാക്യങ്ങളിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം. “12 ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ... 14 നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. 15 നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല;”

അതായത്, മറ്റുള്ളവരോട് ക്ഷമിക്കാത്ത ഒരു ആത്മാവാണ് നിങ്ങൾക്കുള്ളതെങ്കില്‍ നിങ്ങളുടെ പാപവും ദൈവത്താൽ ക്ഷമിച്ചുകിട്ടുകയില്ല. ചുരുക്കി പറഞ്ഞാൽ, പാപക്ഷമ നൽകാത്ത ഒരു വ്യക്തിയായിട്ടാണ് നിങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത് എങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. സ്വർഗ്ഗം എന്നു പറയുന്നത് പാപം ക്ഷമിച്ചു കിട്ടിയവരുടെ വാസസ്ഥലമാണ് .

ഈയൊരു പോയിന്റ് വ്യക്തമാക്കുവാൻ കർത്താവ് പാപക്ഷമ നൽകാത്ത ദാസന്റെ ഒരു ഉപമ മത്തായി 18:21-22 ൽ പറയുന്നത് നമുക്കൊന്നു വായിക്കാം. പത്രൊസിന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കർത്താവ് ഈ ഉപമ പറയുന്നത്. പത്രോസിന്റെ ചോദ്യം ഇതായിരുന്നു: “21 അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം? 22 ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: “ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു”
പിന്നെ കർത്താവ് ഒരു ഉപമ അവരോടു പറഞ്ഞത്. 23 “സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. 24 അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടു വന്നു. 25 അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു. 26 അതു കൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. 27 അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു. 28 ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു. 29 അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ചു. 30 എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. 31 ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു. 32 യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ. 33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു 34 അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു 35 നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”

മത്തായി 6:15 ലേയും 18:35 ലേയും പോയിന്റ് എന്നു പറയുന്നത് പാപക്ഷമ നൽകാത്ത ഒരു ആത്മാവിനാൽ, നിങ്ങൾ മുന്നോട്ടുപോകു ന്ന വ്യക്തി എങ്കിൽ ദൈവം നിങ്ങളെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏൽപ്പിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ നിങ്ങൾക്കു സ്വർഗ്ഗം നഷ്ടമാകും. അതല്ലെങ്കിൽ അങ്ങനെയുള്ളവർക്ക് ലഭിക്കുന്നത് നരകമായിരിക്കും.
എന്നാൽ ഈ പറഞ്ഞതിന്റെ അർത്ഥം, നാം മറ്റുള്ളവരുടെ പാപം ക്ഷമിച്ച് സ്വർഗ്ഗം നേടിയെടുത്തു എന്നല്ല. മറിച്ച്, പാപക്ഷമ നൽകുവാൻ തയ്യാറാകാത്ത ഒരു ഹൃദയം വാസ്തവത്തിൽ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്നാണ് കാണിക്കുന്നത്. ഒരുവൻ എന്തിനുവേണ്ടിയാണ് ക്രിസ്തുവിൽ വിശ്വസിച്ചത്? തന്റെ അനവദിയായ പാപങ്ങൾക്ക് പാപക്ഷമ നേടുവാൻ വേണ്ടിയാണ്. ക്രിസ്തുവിൽ നാം വിശ്വസിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ പാതയാണ് നാം പിന്തുടരേണ്ടത്. ക്രിസ്തുവിൽ നാം വിശ്വസിക്കുന്നു എങ്കിൽ, അവനിൽ നിന്നും നമ്മുടെ അനവധിയായ പാപത്തിനു പാപക്ഷമ പ്രാപിച്ചു എങ്കിൽ, മറ്റുള്ളവരുടെ ചെറിയ തെറ്റുകൾക്ക് പാപക്ഷമ നൽകേണ്ടത് എത്രയൊ അവശ്യ സംഗതിയാണ്.

2. പാപക്ഷമ എന്നാല്‍ എന്ത്?
പാപക്ഷമ ഇത്ര ഗൗരവമുള്ള സംഗതിയായിരിക്കുന്നതിനാൽ അതിനെക്കുറിച്ച് നാം നന്നായി മനസ്സിലാക്കാതെ മുന്നോട്ടു പോകുന്നത് അപകടം വരുത്തിവെക്കുന്ന കാര്യമാണ്. ആകയാൽ ഈ വിഷയത്തെ കുറിച്ചു കുറഞ്ഞത് മൂന്നു കാര്യങ്ങൾ എങ്കിലും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

ഒന്ന്, എന്താകുന്നു പാപക്ഷമ ? അത് എങ്ങനെ കാണപ്പെടുന്നു.
രണ്ട്, നാം എപ്പോഴാണ് പാപക്ഷമ നൽകുന്നത് എന്ന് നമുക്കെങ്ങനെ അറിയാം?
മുന്ന്, അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു, അതിൽ എന്തൊക്കെ അടങ്ങിയിട്ടില്ല?

പാപക്ഷമക്കൊരു ഒരു നിർവ്വചനം .

17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലണ്ടു കാരനും പ്യൂരിട്ടൻ പ്രീച്ചറുമായ Thomas Watson ഓട് (Thomas Watson (c. 1620 – 1686) was an English, Nonconformist, Puritan preacher.) ആളുകൾ ഒരിക്കൽ ഇപ്രകാരം ചോദിക്കുകയുണ്ടായി: “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമെ” എന്നു കർത്താവ് തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചുവല്ലോ. നാം എപ്പോഴാണ് മറ്റുള്ളവരൊട് ക്ഷമിച്ചിരിക്കുന്നു എന്ന് നമുക്ക് അറിയുവാൻ കഴിയുക? അതിനു അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു

“പ്രതികാരത്തിനുള്ള ചിന്തയോടു പോരാടുകയും, നമ്മുടെ ശത്രുക്കൾക്ക് ഉപദ്രവം വരുത്താതെയും, അവർക്കു പകരം നന്മ ചെയ്യുകയും, അവരുടെ ദുരന്തങ്ങളിൽ ദുഃഖിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കയും, അവരോടുള്ള അനുരഞനത്തിനായി ശ്രമിക്കയും, അവരെ ആശ്വസിപ്പിക്കുവാൻ എല്ലാ സമയത്തും ഒരുങ്ങിയിരിക്കുകയും ചെയ്യുമ്പോഴാണ്” നാം മറ്റുള്ളവരോട് പാപക്ഷമ കാണിച്ചിരിക്കുന്നു എന്ന് നമുക്ക് അറിയാൻ സാധിക്കുന്നത്.

ഈ നിർവ്വചനത്തിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്:

1. പ്രതികാരത്തിനുള്ള ചിന്ത ഉപേക്ഷിക്കുക,
2. നമ്മുടെ ശത്രുക്കൾക്ക് ഉപദ്രവം വരുത്താതെ ഇരിക്കുക
3. പകരം അവർക്കു നന്മ ചെയ്യുക
4. അവരുടെ ദുഃഖങ്ങളിൽ അവരോടൊത്ത് ദുഃഖിക്കുക
6. അവരോടു അനുരജ്ഞനപ്പെടാൻ ശ്രമിക്കുക
7. അവരെ ആശ്വസിപ്പിക്കുവാൻ ഏതു സമയത്തും ഒരുങ്ങിയിരിക്കുക.

ഇത് പാപക്ഷമക്കുള്ള ഒരു വചനാധിഷ്ഠിത നിർവ്വചനമാണ്. അതിന്റെ ഓരോ ഭാഗവും ദൈവവചനത്തിൽ നിന്നും വരുന്നതാണ് എന്നു കാണുവാൻ കഴിയും.

1. പ്രതികാരത്തിനുള്ള ചിന്ത ഉപേക്ഷിക്കുക: റോമർ 12:19 “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു,”

2. തിന്മക്കു പകരം തിന്മ ചെയ്യാതിരിക്കുക 1 Thessalonians 5:15 15 "ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;”

3. നന്മ ആശംസിക്കുക Luke 6:28 ”നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ‹”

4. അവരുടെ കഷ്ടതകളിൽ അവരോടൊത്ത് സഹതപിക്കുക. Proverbs 24:17 “17 നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു."

5. അവരുടെ നന്മക്കായി പ്രാർത്ഥിക്കുക Matthew 5:44, “നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;”

6. നിങ്ങളെ ആശ്രയിച്ചിരിക്കുന്നിടത്തൊളം അനുരജ്ഞനത്തിനു ശ്രമിക്കുക Romans 12:18, “നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;”

7. അവരുടെ പ്രയാസങ്ങളിൽ സഹായത്തിനൊരുങ്ങുക Exodus 23:4, “ നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ കൊണ്ടുപോകേണം;”

ആരെങ്കിലും നിങ്ങളുടെ ശത്രുക്കൾ ആയിരിക്കയും അതല്ലെങ്കിൽ നിങ്ങളൊ നിങ്ങൾക്കു പ്രിയപ്പെട്ടവരൊ നിങ്ങളോട് തെറ്റിയാൽ, അവിടെ പാപക്ഷമ ആവശ്യമുണ്ട്.

പാപക്ഷമ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്തെന്നാൽ
1. പ്രതികാരം ഉപേക്ഷിക്കുക
2. തിന്മക്കു പകരം തിന്മ ചെയ്യാതിരിക്കുക
3. നന്മ ആശംസിക്കുക
4. അവരുടെ കഷ്ടതകളിൽ അവരോടൊത്ത് സഹതപിക്കുക
5. അവരുടെ നന്മക്കായി പ്രാർത്ഥിക്കുക
6. നിങ്ങളെ ആശ്രയിച്ചിരിക്കുന്നിടത്തൊളം അനുരജ്ഞനത്തിനു ശ്രമിക്കുക
7. അവരുടെ പ്രയാസങ്ങളിൽ സഹായത്തിനൊരുങ്ങുക.
3. പാപക്ഷമയുടെ അടിസ്ഥാനം

പാപക്ഷമയുടെ അടിസ്ഥാനമെന്നത് ക്രിസ്തു നമ്മുടെ പാപങ്ങളെ ക്ഷമിച്ചു തന്നിരിക്കുന്നു എന്നതാണ്. ഈ സത്യം നാം എപ്പോഴും നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കണം. കാരണം പാപക്ഷമ വരേണ്ടത് ഹൃദയത്തിൽ നിന്നാണ്.

മുന്നമെ പറഞ്ഞ കാര്യങ്ങൾ പാപക്ഷമ നൽകുന്ന ഒരു ഹൃദയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിലെ മുഖ്യ സംഗതി ഹൃദയമാണ്. മത്തായി 18:35 ൽ യേശു പറഞ്ഞു: “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”

ഓരോരുത്തൻ സഹോദരനോട് എങ്ങനെ ക്ഷമിക്കണമെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത് ? "ഹൃദയപൂർവ്വം”

ഇനി പാപക്ഷമ എന്തല്ല എന്നു നോക്കാം. നിർവ്വചനത്തിൽ നാം കാണാത്തത്, പറയാത്തത് എന്താണെന്ന് നോക്കാം.

1. പാപത്തിനു നേരെ കോപിക്കാതിരിക്കുന്നതു പാപക്ഷമയല്ല. മോശമായ സംഗതി നല്ലതാണ് എന്ന ചിന്തയും പാപക്ഷമയല്ല.

ഭർത്താവ്, തന്നോടും മക്കളോടും അതിക്രൂരമായി പെരുമാറി എന്ന കാരണത്താൽ 10 വർഷങ്ങൾക്കു ശേഷവും ഭർത്താവിനോട് വൈരാഗ്യം വെച്ചു പുലർത്തുകയും, കർത്തൃമേശയിൽ നിന്നു വിട്ടു നിൽക്കയും ചെയ്ത ഒരു സ്ത്രീയോട് ഒരിക്കൽ ആ സഭയിലെ പാസ്റ്റർ ഇപ്രകാരം പറഞ്ഞു. ഈ സംഭവം നടന്നിട്ട് ഇപ്പോൾ 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പാപത്തിനും അതിന്റെ പരിണതഫലങ്ങൾക്കു മെതിരെ കോപം പ്രകടിപ്പിക്കുന്നതു ഒരു സമയം വരെ അനുചിതമായ സംഗതിയാണ്. എന്നാൽ ആ കോപം നിങ്ങളുടെ ഭർത്താവിനു ഉപദ്രവം വരണം എന്ന ആഗ്രഹത്തോടെ പിടിച്ചുകൊണ്ടിരിക്കേണ്ടതിന്റെ ആവശ്യമില്ല. ആ കാര്യം നീതിയൊടെ ന്യായം വിധിക്കുന്ന ദൈവത്തെ ഭരമേൽപ്പിക്കയും (1 Peter 2:23) ഭർത്താവിന്റെ മാനസാന്തരത്തിനു വേണ്ടി വീണ്ടും വീണ്ടും പ്രാർത്ഥിക്കുകയുമാണ് വേണ്ടത് എന്ന് പറയുകയുണ്ടായി.

മോശം കാര്യങ്ങളെ നന്മയായി കാണുന്നതുമല്ല പാപക്ഷമ. ആ നിലയിൽ തന്റെ ഭർത്താവിനോടു ക്ഷമിക്കുവാനും ഭർത്താവിനു വേണ്ടി പ്രാർത്ഥിക്കുവാനും ആ കാര്യം ദൈവത്തിനുവിട്ടുകൊണ്ട് കർത്തുമേശയിൽ പങ്കാളിയാകുവാനും പാസ്റ്റർ ഉപദേശിച്ചത് ഞാൻ വായിക്കുകയുണ്ടായി. പാപത്തിനു നേരെ കോപിക്കാതിരിക്കുന്നതല്ല പാപക്ഷമ എന്നു പറയുന്നത്. ആ കാര്യം ദൈവത്തിനുവിട്ടുകൊണ്ട് നാം ക്ഷമിക്കുകയാണ് വേണ്ടത്.

2. പാപത്തിനു ഗൗരവതരമായ പരിണതഫലങ്ങൾ ഇല്ലാതിരിക്കുന്നതല്ല, പാപക്ഷമ.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരുവനെ അവന്റെ തെറ്റിനു ജയിലിലേക്ക് അയച്ചു എന്നതുകൊണ്ട് നിങ്ങൾ ആ വ്യക്തിക്കു പാപക്ഷമ നല്കി എന്ന് അർത്ഥമില്ല.
ദൈവം നമ്മോട് ക്ഷമിച്ച പാപത്തിനു നേരെ തന്റെ കോപം വെച്ചു കൊണ്ടിരിക്കാറില്ല എന്ന് നമുക്കറിയാം. കുഞ്ഞുങ്ങളെ അവരുടെ തെറ്റിനു ശിക്ഷിക്കുമെങ്കിലും, അവരൊട് നാം ക്ഷമിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ല. സഭയിലാണെങ്കിലും തെറ്റിനു നാം ശിക്ഷ കൊടുക്കുന്നു എന്നിരിക്കിലും അവനോട് പാപക്ഷമ കാണിക്കാതെ മുന്നോട്ടു പോകുന്നത് ഒരു ശരിയായ നടപടിയല്ല. ഹെബ്രായ ലേഖനത്തിൽ ഇതിനുള്ള തെളിവ് കാണാൻ കഴിയും.

എബ്രായ ലേഖനത്തിൽ നാം കാണുന്നത് ഒരുവശത്ത് എല്ലാ വിശ്വാസികളും തങ്ങളുടെ പാപങ്ങളെ ക്ഷമിച്ചു കിട്ടിയവരാണ് എന്നു പറയുമ്പോൾ മറുവശത്ത്, സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് തന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുന്നു എന്നാണ്. ഹെബ്രാ 8:12 “ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു.”

ചിലപ്പോൾ ആ ശിക്ഷണം വളരെ severe/ഖണ്ഡിതമായതും ആയിരിക്കാം. ഹെബ്രാ 12:6 “കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?"

ഹെബ്രാ 12: 10 “അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു."

അതിന്റെ അർത്ഥം ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കയും മറന്നുകളയുകയും ചെയ്യുന്നു, അതിന്റെ പേരിൽ പിന്നീട് ദൈവം കോപം കാണിക്കുകയില്ല. എന്നാൽ, ദൈവം വേദനയൊടെയാണെങ്കിലും, പാപത്തിനു നേരെ ശിക്ഷണ നടപടികൾ കൈക്കൊള്ളുന്നു എന്നാണ്.

ദാവിദിന്റെ ജീവിതത്തിൽ നിന്നും ഒരുദാഹരണം ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ് ഊരിയാവിന്റെ ഭാര്യയുമായി വ്യഭിചാരബന്ധത്തിൽ ഏർപ്പെടുകയും, ഉറിയാവിനെ അമ്മോന്യരുടെ കരങ്ങളാൽ കൊല്ലപ്പെടുവാൻ അനുവദിക്കുകയും ചെയ്തപ്പോൾ, നാഥാൻ പ്രവാചകൻ ദാവിദിന്റെ അടുക്കൾ വന്ന് പറഞ്ഞ വാക്കുകൾ 2 Samuel 12:9 ൽ നാം വായിക്കുവാൻ കഴിയൂം. അത് ഇപ്രകാരമാണ്: “ നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു;”

അതിൽ അതിദുഃഖിതനായിതീർന്ന ദാവിദ് പറയുന്ന മറുപടി ശ്രദ്ധിക്കുക: “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല” (2 Samuel 12:13). ദാവീദിന്റെ പാപം മരണയോഗ്യമായ പാപമായിരുന്നു. എന്നാൽ ദൈവം ദാവിദിനോടു ക്ഷമിക്കയും അവന്റെ പാപം അവനിൽ നിന്ന് എടുത്തു നീക്കുകയും ചെയ്തു. എന്നാൽ പാപത്തിന്റെ പരിണതഫലങ്ങൾക്ക് നീക്കം വന്നില്ല എന്നു തുടർന്നുള്ള വാക്യങ്ങളിൽ നിന്നു മനസ്സിലാക്കാൻ നമുക്കു കഴിയും.

14-ാം വാക്യത്തിൽ നാഥാൻ പ്രവാചകൻ പറയുന്നു: “എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു …..’’ (നാഥാൻ തന്റെ വീട്ടിലേക്കു പോയി) അതായത്, അതിന്റെ കഠിനമായ പരിണതഫലം നീ അനുവഭിക്കേണ്ടതായ് വരും എന്നതാണ്. വാക്യങ്ങൾ 10-13 : “10 നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.“

സംഖ്യാപുസ്തകം 14-ാം അദ്ധ്യായത്തിൽ നിന്നു മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു.

സംഖ്യാപുസ്തകം 14-ാം അദ്ധ്യായത്തിൽ യോശുവയും കലേബും യിസ്രായേൽ ജനത്തോട് നമുക്കുപോയി വാഗ്ദത്തനാട് കൈവശമാക്കാമെന്ന് പറയുന്നു. എന്നാൽ ജനം അവരുടെ നേരെ കോപിച്ച് അവരെ കല്ലെറിയാൻ തുടങ്ങുകയും തിരികെ മിസ്രയിമിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ ദൈവം ഇടപെട്ട് മോശെയോട് പറയുന്നു ഞാൻ ഈ ജനത്തെ ഒക്കേയും നശിപ്പിച്ച്, ഞാൻ നിന്നെ ഒരു വലിയ ജാതിയാക്കും (12). എന്നാൽ മൊശെ ദൈവത്തോട് അവർക്കു പാപക്ഷമ നൽകേണ്ടതിനായി വാദിക്കുന്നു (14:19-20) "9 നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ. 20 അതിന്നു യഹോവ അരുളിച്ചെയ്തതു: നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു;”

അതിന്റെ അർത്ഥമെന്തെന്നാൽ അവരുടെ അനുസരണക്കേടിനു പരിണതഫലങ്ങൾ ഇല്ലെന്നല്ല, അതിനു വേദനാജനകമായ പരിണതഫലങ്ങൾ ഉണ്ടാകും എന്നാൽ ദൈവം അവരുടെ അകൃത്യം ക്ഷമിച്ചിരിക്കുന്നു എന്നാണ്.

21-23 വാക്യങ്ങളിൽ നാം വായിക്കുന്നത് “21 എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും. 22 എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു 23 അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല."

അവരുടെ പാപം ദൈവം ക്ഷമിച്ചു. എന്നാൽ അവർക്കു വാഗ്ദത്തദേശം കാണാൻ കഴിയുകയില്ല എന്ന അതിന്റെ പരിണതഫലം അവർ അനുഭവിക്കേണ്ടതായ് വരും.

സങ്കീ 99:8 ഈ ഉദാഹരണങ്ങളെയെല്ലാം സംഗ്രഹിച്ച് സങ്കീ 99:8 ൽ നാം വായിക്കുന്നു “8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു;”

അതുകൊണ്ട് പാപക്ഷമ ലഭിച്ചു എന്ന കാരണത്താൽ, തങ്ങളുടെ തെറ്റിനു പരിണതഫലങ്ങൾ ഇല്ലാതിരിക്കയില്ല.

3. മാനസാന്തരമില്ലാത്ത വ്യക്തിയുടെ പാപക്ഷമ എങ്ങനെയിരിക്കും.

മാനസാന്തരപ്പെടുന്ന വ്യക്തിയുടെ പാപക്ഷമക്കും മാനസാന്തരപ്പെടാത്ത വ്യക്തിയുടെ പാപക്ഷമക്കും തമ്മിൽ വ്യത്യാസമുണ്ട്.

മാനസാന്തരപ്പെടാത്ത വ്യക്തിക്ക് പാപക്ഷമ എന്ന വാക്കു ബൈബിളിൽ ഉപയോഗിച്ചിട്ടൂണ്ടോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. യേശു ലൂക്കൊസ് 17:3-4 വാക്യങ്ങളിൽ ഇപ്രകാരം പറഞ്ഞു : “3 സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക. 4 ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക;”

ഇതിൽ നിന്നും നമുക്കു മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം സമ്പൂർണ്ണ പാപക്ഷമ സാദ്ധ്യമാകുന്നത് മാനസാന്തരത്തിനു പ്രതികരണമായിട്ടാണ്. എന്നാൽ മത്തായി 18:17 ഒരു വ്യക്തി മാനസാന്തരപ്പെടുന്നില്ലെങ്കിൽ എന്തുചെയ്യണമെന്ന് പറയുന്നുണ്ട്. “17 അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.”

ലുക്കോസ് 6:27 ൽ ശത്രുക്കളെ സ്നേഹിപ്പാനും അവർക്കു വേണ്ടി പ്രാർത്ഥിപ്പാനും കർത്താവ് നമ്മോടു കൽപ്പിക്കുന്നു. “7 എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്വി്ൻ;”
ഇവ തമ്മിലുള്ള വ്യത്യാസം ഒരു വ്യക്തി നിങ്ങളോട് തെറ്റ് ചെയ്തു മനസ്താപത്തോടെയുള്ള ഏറ്റു പറച്ചിലോ മാനസാന്തരമൊ കാണിക്കുന്നില്ല, അതായത്, പാപം വിട്ടുതിരിഞ്ഞ് നീതിയിലേക്ക് തിരിയുന്നില്ല എങ്കിൽ, ആ വ്യക്തിക്ക് പാപക്ഷമയുടെ പൂർണ്ണ പ്രയോജനം ഉണ്ടാവുകയില്ല എന്നാണ്. എന്നിരിക്കിലും നമുക്ക് ആ വ്യക്തിയോടു ഇഷ്ടക്കുറവ് കാണിക്കാതെ, നമ്മുടെ കോപം ദൈവത്തിനു കൈമാറാം. അവനോടു അടുപ്പം കാണിക്കുകയൊ വിശ്വസ്തതയിൽ എടുക്കുകയൊ ചെയ്യേണ്ട ആവശ്യമില്ല. എങ്കിലും അവനു നന്മ ഉണ്ടാകാൻ നമുക്ക് ആഗ്രഹിക്കാം.

തോമസ് വാട്സൺ അതിനെക്കുറിച്ച് പറഞ്ഞത്: “ഒരു ശത്രുവിനെ വിശ്വസിക്കേണ്ട ആവശ്യം നമുക്കില്ല. എന്നാൽ അവനു പാപക്ഷമ നൽകുവാൻ നാം കടപ്പെട്ടിരിക്കുന്നു.
അതായത്, മാനസാന്തരപ്പെടാത്ത വ്യക്തിയുടെ മുഖത്തൂനോക്കി നിന്റെ പാപം ഞാൻ ക്ഷമിച്ചിരിക്കുന്നു. എന്നാൽ ഞാൻ ഇനി നിന്നെ വിശ്വസിക്കുകയില്ല എന്നു പറയാം. ഇതാണ് ഭാര്യയേയും മക്കളേയും abuse-അബ്യ്യുസ് ചെയ്ത ഭർത്താവിനോട്, പറയാൻ കഴിയുന്ന കാര്യം: “ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. എന്നാൽ ഇനി ഞാൻ നിങ്ങളെ വിശ്വസത്തിൽ എടുക്കുകയില്ല.”

പാപക്ഷമയുടെ കാര്യത്തിൽ ഹൃദയത്തിനു എത്ര നിർണ്ണായകമായ സ്ഥാനമാണ് ഉള്ളത് എന്നു നോക്കുക. എന്നാൽ നിങ്ങൾ ആ വ്യക്തിയെക്കുറിച്ച് “നിന്നെ ഒരു കാലത്തും വിശ്വസിക്കുന്ന പ്രശ്നമില്ല. വിശ്വാസം ആർജ്ജിക്കുവാൻ നീ ചെയ്യുന്ന യാതൊരു ശ്രമവും ഞാൻ സ്വീകരിക്കില്ല. നിന്നെ ഒരാൾ പോലും വിശ്വസിക്കുകയില്ല എന്ന് എനിക്കുറപ്പുണ്ട്. നിങ്ങൾ നശിച്ചുപോയാലും എനിക്കൊന്നുമില്ല.” എന്നോക്കെയാണ് ചിന്തിക്കുന്നത് എങ്കിൽ അത് ക്ഷമിക്കാത്ത ഒരു ആത്മാവിനെയാണ് കാണിക്കുന്നത്, അത് കാണിക്കുന്നത് പാപക്ഷമ നൽകുന്ന ഒരു ഹൃദയമല്ല നിങ്ങൾക്കുള്ളത് എന്നാണ്. അത് നങ്ങളുടെ ആത്മാവിന്റെ നാശത്തിൽ കലാശിക്കും എന്നോർക്കുക.

നിക്കരോഗ്യയിലെ സേഛാധിപത്യ വാഴ്ചക്കെതിരെ വിപ്ലവം നടന്നുകൊണ്ടിരുന്ന സമയം. തോമസ് ബോർഗ് എന്ന ചെരുപ്പക്കാരനായിരുന്നു വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവ്. വിപ്ലവത്തിനിടക്ക് ബോർഗ്ഗ് പിടിക്കപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ജയിലിൽ ബോർഗ്ഗിനു അതി ഭയാനകമായ പീഡനത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ബോർഗ്ഗിന്റെ പീഡനം ഏകദേശം 500 മണിക്കൂറുകൾ നിണ്ടു നിന്നു.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ വിപ്ളവം അവസാനിക്കുകയും ബോർഗ്ഗ് ജയിൽ വിമോചിതനാകയും താൻ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായി അധികാരത്തിൽ വരുകയും ചെയ്തു. ഒരു ദിവസം അദ്ദേഹം ജയിൽ സന്ദർശിച്ചപ്പോൾ തന്നെ അതികഠോരമായി പീഡിപ്പിച്ച ഒരു വ്യക്തിയെ ജയിലിൽ കാണുവാൻ ഇടയായി. തന്നെ നിർദ്ദാക്ഷീണ്യം മൃഗീയമായി പീഡിപ്പിച്ച ഈ വ്യക്തിയുടെ അടുക്കൽ ചെന്ന് ഇപ്രകാരം നീ എന്നോട് ചെയ്തതിനു പ്രതികാരം ചെയ്വാൻ ഞാൻ ഒരവസരം പാർത്തിരിക്കുകയാകുന്നു. ഇപ്പോൾ അതിനുള്ള അവസരം കൈവന്നിരിക്കുന്നു. അതുകൊണ്ട് ഞാൻ നിന്നോട് പ്രതികാരം ചെയ്വാൻ പോകുന്നു എന്നു പറഞ്ഞുകൊണ്ട് കൈനീട്ടി അയാളുടെ കൈക്ക് പിടിച്ചു “ ഇതാകുന്നു എന്റെ പ്രതികാരം, നിന്നെ ഞാൻ ഇതാ സ്വതന്ത്രനായി വിട്ടയക്കുന്നു”

ഒരു വിപ്ലവ നേതാവിനു ഇതുപോലെ പാപക്ഷമ നൽകാൻ കഴിയുന്നു എങ്കിൽ ദൈവത്തിന്റെ മക്കൾ എന്ന് അവകാശപ്പെടുന്ന നമുക്ക് ഇത് എത്ര അധികമായി നൽകാൻ കഴിയും.
നമ്മുടെ സഭയിലും പാപക്ഷമയുടെ ആവശ്യം വളരെ അധികമായുണ്ട് എന്ന് ഞാൻ കരുതുന്നു. യേശുക്രിസ്തുവിനേയും ക്രൂശിനേയും നാം ഇനിയും വ്യക്തമായി കാണേണ്ടിയിരിക്കുന്നു. നിങ്ങളുടെ പതനായിരക്കണക്കിനു പാപങ്ങളെ ക്ഷമിച്ചു കിട്ടിയിരിക്കെ, നിസ്സാരകാര്യങ്ങളുടെ പേരിൽ, സംശയങ്ങളുടെ നിഴലിൽ, വ്യർത്ഥമായ കാര്യങ്ങൾ മനസ്സിൽ താലോലിച്ച്, മറ്റുള്ളവരോട് വെറുപ്പ് മനസ്സിൽ സൂക്ഷിക്കുന്നു എങ്കിൽ നിങ്ങൾ പാപക്ഷമ എന്താണെന്ന് മനസ്സിലാക്കി രൂപാന്തരം പ്രാപിക്കേണ്ടതാവശ്യമാണ്. കാരണം പാപക്ഷമ എന്നത് അതീവപ്രാധാന്യമുള്ള സംഗതിയാണ്. അത് അപകടത്തിലാക്കുന്നത് നിങ്ങൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന സ്വർഗ്ഗത്തേയാണ് എന്ന യേശുവിന്റെ പഠിപ്പിക്കൽ നിങ്ങൾ അറിയാതെ പോകരുത്. ദൈവം നമ്മേ ഒരോരുത്തരേയും ഈ വിഷയത്തിൽ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.

*******

© 2020 by P M Mathew, Cochin

bottom of page