
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര -12
P M Mathew
DEC 28, 2014
Spiritual gifts and the building of the church
ആത്മീയവരങ്ങളും സഭയുടെ പണിയും
Ephesians 4:7-16
പ്രസിദ്ധ ഇന്ത്യൻ വയലിനിസ്റ്റ് ആയ പഗാഗിനി (1782 1840) തൻറെ വിൽപ്പത്രത്തിൽ ഇപ്രകാരം എഴുതി: എന്റെ വയലിൻ, താൻ ജനിച്ച പട്ടണമായ ജനോവയ്ക്ക് നൽകണം. അതോടുകൂടെ താൻ വെച്ചിരുന്ന ഏക നിബന്ധന ആരും ഈ വയലിൻ ഉപയോഗിക്കരുത് എന്നായിരുന്നു. ഇതൊരു ബുദ്ധിശൂന്യമായ തീരുമാനം ആയിരുന്നു. പഗാഗിനിയുടെ വയലിൻ ഒരു മനോഹരമായ പെട്ടിയിൽ ജനോവ പട്ടണത്തിൽ കുറച്ചുനാൾ ഇരുന്നു. ക്രമേണ അതു ചിതലെടുത്തു നശിക്കുകയും ചെയ്തു. ഇതുപോലെ ദൈവം നൽകുന്ന വരങ്ങളെ താലന്തുകളും നാം ഉപയോഗിക്കാതെ വെറുതെ വെച്ചിരുന്നാൽ അതു നശിച്ചു പോകും; അത് ആർക്കും പ്രയോജനപ്പെടാതെ ഇരിക്കും. ആർക്കും അതു ഗുണം ചെയ്യുകയില്ല. അതുകൊണ്ട് ആ ദാനങ്ങൾ നൽകിയ വ്യക്തി എന്തു ഉദ്ദേശത്തോടെയാണോ നൽകിയത് ആ ഉദ്ദേശം നടക്കാതെ പോവുകയും ചെയ്യും.
ഇന്നു നാം ദൈവം നൽകിയ വിവിധങ്ങളായ വരങ്ങളെ എന്തുകൊണ്ട് ഉപയോഗിക്കണം. ദൈവം ഈ വരങ്ങളെ നൽകിയിരിക്കുന്നതിന്റെ ഉദ്ദേശ്യമെന്ത് എന്ന് ചിന്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി നമുക്ക് എഫെസ്യലേഖനം 4:7-16 വരെ വാക്യങ്ങൾ വായിക്കാം:
എഫെസ്യർ 4: 7-16
"7 എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. 8 അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. 9 കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? 10 ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു. 11 അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; 12 അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം 13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു. 14 അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ 15 സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. 16 ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു."
പുതിയ നിയമസഭ ജീവിതത്തെ പ്രതിപാദിക്കുന്ന വളരെ മനോഹരവും അതിനാൽ തന്നെ അടിസ്ഥാനപരവുമായ വേദ ഭാഗമാണിത്. സഭാജീവിതം എന്നു പറയുന്നത് ഒരു ഫുട്ബോൾ സ്റ്റേഡിയം പോലെയുള്ള പരിപാടിയല്ല. ഫുട്ബോൾ സ്റ്റേഡിയത്തിൽ കുറച്ചുപേർ മാത്രം (കേവലം 22 പേർ) കളിക്കുകയും അനവധിപേർ (പതിനായിരമോ അമ്പതിനായിരമൊ) ആളുകൾ കേവലം കാഴ്ചക്കാരായി മാത്രം ഇരിക്കുകയും ചെയ്യുന്നു. പുതിയ നിയമസഭാ ജീവിതമെന്നു പറയുന്നത് ഈ നിലയിൽ ഒന്നല്ല. സഭയിലെ എല്ലാ വ്യക്തികളും ഏർപ്പെട്ടുകൊണ്ടുള്ള ഒരു പരിപാടിയാണിത്.
കേന്ദ്ര ആശയം
ആളുകൾ വിശ്വാസികളായി തീരുകയും അവർ ക്രിസ്തുവിന്റെ ദാനത്തിന് അളവിന്നൊത്തവണ്ണം കൃപ പ്രാപിക്കയും ചെയ്യുന്നതോടെ സഭ ആരംഭിക്കുന്നു. അവിടം തുടങ്ങി എല്ലാ വിശുദ്ധന്മാരും അവരെ വേലയ്ക്ക് സജ്ജമാക്കുന്നതിന് നേതൃത്വം ആവശ്യമാണ്. നേതൃത്വം വിശുദ്ധന്മാരെ സജ്ജമാക്കുകയും വേലയ്ക്കായി ഒരുക്കുകയും ചെയ്യുമ്പോൾ സഭാ പണിപ്പെടുന്നു. വിശുദ്ധന്മാർ വേല ചെയ്യുവാൻ ആരംഭിക്കുമ്പോൾ സഭ വളരുന്നു.
ആ പണിയിൽ സഭ ക്രിസ്തുവിനോട് അനുരൂപപ്പെടുന്നു. അങ്ങനെ പണിയപ്പെടുക്കുകയും വളരുകയും ചെയ്യുന്ന സഭ തങ്ങളുടെ ജീവിതത്തിന്റെ പിൻബലത്തോടെ നൽകുന്ന സന്ദേശം, സ്നേഹത്തിൽ സംസാരിക്കുന്ന സത്യം, വലിയ ഫലപ്രാപ്തി ഉളവാക്കുന്നു. അത് ക്രിസ്തുവിനെ പ്രദർശിപ്പിക്കുന്നതിന് വഴിവയ്ക്കുന്നു. ഇതാണ് ഈ വേദഭാഗം കേന്ദ്ര ആശയം എന്നു പറയുന്നത്.
വരങ്ങൾ ഉപയോഗിച്ച് സഭയിൽ ശുശ്രൂഷ ചെയ്യുവാനുള്ള പ്രചോദനം (Motivation to serve in the church with gifts)
സഭയിലെ എല്ലാവരും ശുശ്രൂഷിക്കുന്നതിനു വളരെ ശക്തമായ പ്രചോദനം നൽകുന്ന ഒരു വേദഭാഗമാണിത്. അതുകൊണ്ട് ക്രിസ്തീയസഭാ ജീവിതമെന്നു പറയുന്നത് പരസ്പരമുള്ള ശുശ്രൂഷയാണ് (mutual loving ministry). ആകയാൽ ഒരു മിനിമം (commitment) ചുരുങ്ങിയ സമർപ്പണത്തോടെ, സഭയിൽ കേവലം കാഴ്ചക്കാരും കേൾവിക്കാരും ആയിരിക്കുവാൻ ആർക്കും അനുവാദമില്ല. അത് കർത്താവിന് അസ്വീകാര്യമായ കാര്യമാണ്. അതേസമയം നിങ്ങൾക്ക് ഓരോരുത്തർക്കും അസ്വീകാര്യമായ കാര്യം ആണ്. കാരണം, ദൈവത്തിന്റെ ആത്മാവിനാൽ നിങ്ങളിൽ ഓരോരുത്തരിലും ദൈവം തന്റെ കൃപയെ പകർന്നു തന്നിരിക്കുന്നു. അതു മാത്രമല്ല, പരസ്പരം സ്നേഹം പങ്കുവെച്ചുകൊണ്ട് ശുശ്രൂഷിക്കുവാൻ ദൈവം നമ്മെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
അതുകൊണ്ട് ഈ വേദഭാഗം പരസ്പര ശുശ്രൂഷക്കുള്ള ഒരു വിളിയാണ്/ ആഹ്വാനമാണ് നൽകുന്നത്. രണ്ടു പ്രചോദനങ്ങൾ (motives) ഈ വേദഭാഗത്തുനിന്നു ഞാൻ ചൂണ്ടി കാണിച്ചിട്ട് ഈ വേദഭാഗത്തിന്റെ മുഖ്യഭാഗത്തേക്കു കടക്കാം.
ഒന്നാമത്തെ പ്രചോദനം നമ്മുടെ ശുശ്രൂഷയുടെ ഉറവിടം തന്നെയാണ്. നമ്മുടെ ശുശ്രൂഷയുടെ ഉറവിടം ക്രിസ്തു തന്നെയാണ്. അത് നമ്മേ ശുശ്രൂഷയ്ക്ക് പ്രേരിപ്പിക്കാൻ മതിയായതാണ്. ഏഴാം വാക്യം അതാണ് നമ്മോട് പറയുന്നത്: "എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നൊത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു." (But to each one of us, grace was given according to the measure of Christ's gift). each one of us- നമ്മിൽ ഓരോരുത്തന്നു.... കൃപ ലഭിച്ചിരിക്കുന്നു.
ആദ്യത്തെ ആറു വാക്യങ്ങളിൽ (4:1-6) സഭയുടെ ഐക്യത്തെ കുറിച്ചാണ് പൗലോസ് പറഞ്ഞത്. "ഏക പ്രത്യാശക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്,... എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ." അതായത്, നാം എല്ലാവരും ഒന്നാണ്. നാം ഐകമത്യപ്പെട്ടിരിക്കുന്നു.
എന്നാൽ ഈ ഐക്യതയിൽ നാനാത്വമുണ്ട്. എന്നാണ് ഏഴാം വാക്യം പറയുന്നത്. 'But' എന്ന വാക്കിലൂടെ പൗലോസ് നാനാത്വത്തിലേക്കു പ്രവേശിക്കുന്നു. എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിൻറെ അളവിന്നൊത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
ഏഴാം വാക്യത്തിൽ പൗലോസ് ഏകതയിൽ നിന്നും വ്യതിചലിച്ച് നാനാത്വത്തിലേയ്ക്കു തിരിയുന്നു എന്നു ചിലർ പറയാറുണ്ട്. അത് ശരിയാണെങ്കിലും അത് പൂർണ്ണമായ ശരിയല്ല. താൻ ഏകതയിലൂടെ സഞ്ചരിച്ച് നാനാത്വത്തിൽ പ്രവേശിച്ചിട്ട്, വീണ്ടും ഏകതയിലേക്ക് മടങ്ങിവരുന്നു എന്നതാണ് ശരി. ആ ഏകത വചനത്തിൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ഹിതം നിവർത്തിക്കുന്നതിനായി ഏകശരീരമായി പ്രവർത്തിക്കുന്നു.
നാമെല്ലാം ഒരു ശരീരത്തിന്റെ ഭാഗമാണ്. നാമെല്ലാവരും ഒരേ ആത്മാവിനെ പ്രാപിച്ചിരിക്കുന്നു. നമ്മുടെ പ്രത്യാശ ഏക പ്രത്യാശയാണ്. ഏക കർത്താവിൽ വിശ്വസിക്കുന്നു. ഒരു വിശ്വാസം മുറുകെ പിടിക്കുന്നു. ഒരു പിതാവിന്റെ കീഴിൽ ഏകസ്നാനം ഏറ്റിരിക്കുന്നു. ഇതെല്ലാം തന്നെ നമുക്ക് പൊതുവായിരിക്കുമ്പോൾ പൊതുവല്ലാത്ത കാര്യങ്ങൾ ചിലതുണ്ട് എന്നാണ് ഏഴാം വാക്യം പറയുന്നത്. ക്രിസ്തുവിന്റെ ഏക ശരീരത്തിൽ പൊതുവല്ലാത്ത ചില വസ്തുതകൾ അഥവാ നിസ്തുല്യതകൾ ഉണ്ട്. അതാണ് "എന്നാൽ നമ്മിലോരോരുത്തന്നും ക്രിസ്തുവിന്റെ ദാനത്തിന്നൊത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു" എന്നത്.
ക്രിസ്തുവിന്റെ ശരീരത്തിൽ ശുശ്രൂഷക്കായി വരം ലഭിക്കാത്തവർ ആയി ആരും തന്നെ ഇല്ല എന്നാണ് ഈ വാക്യം നമ്മോട് പറയുന്നത്. ഇവിടെ മാത്രമല്ല വരങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഇതര വേദഭാഗങ്ങൾ നോക്കിയാലും ഇതു നമുക്കു കാണാം.
റോമർ 12:3 "ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്ന് വിശ്വാസത്തിന്റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിയ്ക്കണം ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു." അവനവന്ന് എന്നതു ശ്രദ്ധിക്കുക. 1 കൊരിന്ത്യർ 12: 7 ലും ഓരോരുത്തന്ന് എന്നത് ("എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതു പ്രയോജനത്തിനായി നൽകപ്പെടുന്നു") ആവർത്തിക്കുന്നത് കാണുവാൻ കഴിയും. നിങ്ങൾ ഒരു വിശ്വാസി ആണെങ്കിൽ നിങ്ങൾക്ക് ഒരു വരം ഉണ്ടായിരിക്കും ഇത് ദൈവത്തിന്റെ ഒരു കൃപയാണ്. It is a grace. It is an undeserved favor. ഇത് അർഹിക്കാത്ത ദാനമാണ്. നാം ഇത് സമ്പാദിച്ചതൊ നേടിയെടുത്തതൊ അല്ല. മറിച്ച് ദൈവത്തിന്റെ കൃപയാണ്.
ഇത് നമുക്ക് ലഭിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിൻ ഒത്തവണ്ണം ആണ്. അളവിന് ഉപയോഗിച്ചിരിക്കുന്നത് Doria എന്ന വാക്കാണ്. ഇതു ദാനത്തിന് ഊന്നൽ നൽകുന്നു. It is a free gift. നിങ്ങൾക്ക് ഫ്രീയായി നൽകപ്പെട്ടതാണ്. അത് ക്രിസ്തു നിശ്ചയിച്ച അളവിനു ഒത്തവണ്ണം നൽകപ്പെട്ടതാണ്. ദൈവത്തിന്റെ ഉദ്ദേശത്തിനു ഒത്തവണ്ണം ആണ് ഇത് അളന്ന് നൽകിയിരിക്കുന്നത്. അതായത്, ഈ വരത്തിൻറെ ഉറവിടം ക്രിസ്തുവാണ്. താൻ തന്നെയാണ് ഈ വരങ്ങളെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വരങ്ങളെ താൻ ഉദ്ദേശിച്ച പ്രകാരം സഭയിൽ ശുശ്രൂഷ നിവൃത്തിക്കുന്നതിന് ഫ്രീയായി നൽകിയിരിക്കുന്നു.
എല്ലാ വിശ്വാസികളും ഏതെങ്കിലും നിലയിലുള്ള വരങ്ങൾ പ്രാപിച്ചവരാണ്. ആകയാൽ സഭയിൽ നിങ്ങളുടെ സാന്നിധ്യം യാദൃശ്ചികമല്ല. ഈ വരങ്ങൾ ഉപയോഗിച്ച് സഭയിൽ ശുശ്രൂഷ ചെയ്യുന്നതിന് വേണ്ടിയാണ് ക്രിസ്തു ഈ വരങ്ങളെ നിങ്ങൾക്ക് നൽകി നിങ്ങളെ സഭയിൽ ആക്കി വെച്ചിരിക്കുന്നത്. വരങ്ങളുടെ അടിസ്ഥാനത്തിൽ ആരും തങ്ങളെ തന്നെ വലിയവനെന്നോ ചെറിയവനെന്നോ കാണേണ്ട ആവശ്യമില്ല. "ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരേണ്ട" ആവശ്യമില്ല. അതേസമയം വരങ്ങളുടെ വെളിച്ചത്തിൽ ആരോടും അസൂയ തോന്നേണ്ട ആവശ്യവുമില്ല. ഈ രണ്ടു കാര്യങ്ങളും നമ്മുടെ പ്രത്യേക ശ്രദ്ധയിൽ ഇരിക്കേണ്ടത് ആവശ്യമാണ്.
ആത്മവരങ്ങളോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ സഭയിൽ രണ്ടു പ്രശ്നങ്ങൾ പൊതുവേ ദൃശ്യമാണ്. ഒന്ന്, പല വിശ്വാസികളും ദൈവം അവരെ ഏൽപ്പിച്ചിട്ടില്ലാത്ത ശുശ്രൂഷകൾ ചെയ്യുവാൻ ബദ്ധപ്പെടുന്നു. അതിന് കാരണം ചില വരങ്ങളും ശുശ്രൂഷകളും മാനുഷിക ദൃഷ്ടിയിൽ ആകർഷകമായതിനാൽ, അവയ്ക്കായി പരപ്രാപതരല്ലാത്തവരും ശ്രമിക്കുന്നതിനാൽ അനേകരും പരാജിതരും ഇഛാഭംഗം സംഭവിച്ചവരും ആയി തീരുന്നു. ദൈവം വരങ്ങൾ നൽകി ശക്തീകരിക്കാത്ത മേഖലകളിൽ വിശ്വാസികൾക്ക് വിജയകരമായി ശുശ്രൂഷ ചെയ്യുവാൻ സാധിക്കുകയില്ല. രണ്ടാമത്, അനേകം വിശ്വാസികൾ ദൈവം അവർക്ക് നൽകിയ വരങ്ങൾ അജ്ഞതനിമിത്തമൊ അവഗണനനിമിത്തമൊ വളർത്തി പരിഭോഷിപ്പിക്കായ്കയാൽ അവ മൃതാവസ്ഥയിൽ പ്രയോജനരഹിതമായി ഇരിക്കുന്നു. പഗാഗിനി ചെയ്തതുപോലെ തന്റെ വയലിൻ ആരും ഉപയോഗിക്കരുത് എന്ന നിലയിൽ അത് സൂക്ഷിച്ചു വച്ചാൽ അതു ചിതലെടുത്ത് നശിച്ചുപോകും. അതുപോലെ വരങ്ങളെ നാം ഉപയോഗിക്കാതിരുന്നാൽ അവ ഉപയോഗശൂന്യമായി പോകും. തനിക്ക് കിട്ടിയ താലന്ത് കുഴിച്ചിട്ട ദാസനെ പോലെ നാം ആയിത്തീരും. അങ്ങനെ ചെയ്യുന്നത് കർത്താവിന്റെ സഭയ്ക്കുള്ള ഒരു വലിയ നഷ്ടമാണ്.
അവരവർക്കുള്ള വരങ്ങളുടെ മുഴുപ്രയോജനം അനുഭവിക്കുന്ന വിശ്വാസികൾ വിശ്വാസികൾ സഭകളിൽ എത്രയോ ചുരുക്കമാണ്! പാതാളഗോപുരങ്ങളുടെ ശക്തിയെ ജയിച്ചു ഏറ്റവും ദൈവത്തിന്റെ സഭ വിജയശ്രീലാളിതയായി മുന്നേറുവാൻ ഓരോ വിശ്വാസിയും തന്നെ വരങ്ങളെ കുറിച്ച് ബോധവാന്മാരും ദൈവം ആഗ്രഹിക്കുന്നതുപോലെ അതിനെ വളർത്തി ഉപയോഗിക്കുന്നവരും ആയിരിക്കണം.
പതിമൂന്നാം വാക്യം വരങ്ങളെ നൽകിയിരിക്കുന്നതിന്റെ ഊദ്ദേശ്യത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. "വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിന്നായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മീയ വർധനയ്ക്കും ആകുന്നു." അതിലേക്ക് നമുക്ക് പിന്നീട് വരാം.
2. വരങ്ങളെ നൽകിയിരിക്കുന്നതിന്റെ അടിസ്ഥാനം സകലത്തേയും കർത്താവിന്റെ മഹത്വം കൊണ്ടു നിറക്കുക (Fill everything with the glory of the Lord on the basis of which gifts are given)
"എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നോത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു" എന്ന പ്രസ്താവനയുടെ അടിസ്ഥാനം ആണ് 8-9-10 വാക്യങ്ങൾ. ഈ വാക്യങ്ങളിൽ ആർ, എങ്ങനെ ഈ വിവരങ്ങളെ നൽകി എന്ന് പറയുന്നു. 8 അതുകൊണ്ട് "അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു" എന്നുപറയുന്നു. 9 കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്ന വരുന്നില്ലയോ? 10 ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന്നു സ്വർഗ്ഗാധി സ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു." Therefore it says, therefore the scripture says അല്ലെങ്കിൽ ദൈവം പറയുന്നു എന്നു പറഞ്ഞുകൊണ്ട് പൗലോസ് സങ്കീർത്തനം 68:18 ഉദ്ധരിക്കുന്നു. "അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു."
അറുപത്തിയെട്ടാം സങ്കീർത്തനം ദൈവത്തെ ഒരു യുദ്ധവീരൻ ആയി കണ്ട്, തന്റെ ശത്രുക്കളുടെ മേൽ വിജയം നേടി തന്റെ വിശുദ്ധ പർവ്വതത്തിലേക്കു കയറി ദാനങ്ങളെ സ്വീകരിച്ചു തന്റെ ജനത്തിന് കൊള്ള പകുത്തു നൽകുന്നതിനെ കുറിക്കുന്ന സങ്കീർത്തനമാണിത്.
പൗലോസ് ക്രിസ്റ്റോളിജിക്കലായി ഈ വേദഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട് ക്രിസ്തു ശത്രുവിനെ മേൽ വിജയം നേടി സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി ചിത്രീകരിക്കുന്നു. അങ്ങനെ ഉയർന്ന കർത്താവ് തന്റെ സഭയിലെ ഓരോരുത്തർക്കും കൊള്ള പങ്കിട്ടു കൊടുക്കുന്നതുപോലെ വരങ്ങളെ നൽകുന്നു.
ചിലർ അറുപത്തിയെട്ടാം സങ്കീർത്തനത്തെ ലേവി ഗോത്രത്തോട് തുലനപ്പെടുത്തി ഇസ്രായേൽ ജനത്തിനു വേണ്ടി ദൈവാലയത്തിൽ ശുശ്രൂഷ ചെയ്യുവാൻ ദാനങ്ങളെ നൽകി എന്ന് പറയാറുണ്ട്. അറുപത്തിയെട്ടാം സങ്കീർത്തനത്തെ ലേവി ഗോത്രത്തോട് ലിങ്ക് ചെയ്യുന്നതിൽ നീതീകരണമില്ലാതെ ഇല്ല. എന്നാൽ അതാണ് പൗലോസ് ഇവിടെയും ഉദ്ദേശിക്കുന്നത് എന്ന് പറയുവാൻ കഴിയുകയില്ല. അതിന് സമാനമായ ഒരു കാര്യമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് എന്നു പറയുവാനാണ് പൗലോസ് ഇതു quote ചെയ്തിരിക്കുന്നത്. പഴയനിയമത്തിലെ സങ്കീർത്തനത്തിൽ യഹോവ സ്വർഗ്ഗോന്നതങ്ങളിലേക്ക് ഉയർന്ന് ദാനങ്ങളെ തന്റെ ജനത്തിനു നൽകുന്നതിനുവേണ്ടി സ്വീകരിക്കുന്നതിനു സമാനമായ ഒരു കാര്യമാണിത് എന്ന് പറയാൻ വേണ്ടിയാണ്. അതും ഇതും തമ്മിൽ വലിയ സമാനതകളുണ്ട് എന്ന അർത്ഥത്തിലാണ്. ഈ പുതിയനിയമകാലത്ത് യഹോവയെ പോലെ, ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ കർത്താവായ യേശുക്രിസ്തു, യഹോവ എന്ന രണ്ടാമത്തെ വ്യക്തി, പിതാവിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടു. പിതാവിൽ നിന്നും ദാനങ്ങളെ സ്വീകരിച്ചു, ആ ദാനം തന്റെ ജനത്തിനു നൽകി. താൻ സ്വീകരിച്ച ദാനം എന്താണ്? താൻ സ്വീകരിച്ച ദാനംപരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് എന്ന ദാനത്തെ താൻ തന്റെ ജനത്തിന്മേൽ പകർന്നു.
അപ്പോസ്തോലൻ കാണുന്ന സാദൃശ്യമിതാണ്: ലേവി ഗോത്രം യിസ്രായേൽ ജനത്തെ ശുശ്രൂഷിക്കുവാൻ വേണ്ടി ദൈവത്തിൽനിന്നും ദാനങ്ങളെ സ്വീകരിക്കുകയും ജനങ്ങൾക്ക് കൊടുക്കുകയും ചെയ്യുന്നു. അതുപോലെ കൊടുക്കേണ്ടതിനായി ദാനങ്ങളെ സ്വീകരിക്കുന്നു എന്നതിനോട് ആണ് ഇവിടെ സാദൃശ്യം.
അതുകൊണ്ട് ഞാൻ എട്ടാം വാക്യത്തിൽ സങ്കീർത്തനം ഉദ്ധരിക്കുകയും ഒൻപതാം വാക്യത്തിൽ അത് പ്രാവർത്തികമാക്കിയത് എങ്ങനെ എന്നും പറയുന്നു. "9കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നു വരുന്നില്ലയോ? 10 ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിനു സർഗ്ഗാദി സ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു."
"അവൻ ഭൂമിയുടെ അതോ ഭാഗങ്ങളിലേക്ക് ഇറങ്ങി" എന്നതിന് വിവിധങ്ങളായ വിശദീകരണങ്ങൾ ആളുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. യേശു തന്റെ മരണശേഷം, എന്നാൽ ഉയർത്തെഴുന്നേൽക്കുന്ന തിനുമുൻപ്, മരിച്ചവരുടെ വാസസ്ഥലമായ പാതാളത്തിലേക്ക് ആണ് ഇറങ്ങിയത്. എന്തെന്നാൽ ബദ്ധന്മാരെ അവിടെയാണ് ബന്ധനസ്ഥരാക്കി സൂക്ഷിച്ചിരിക്കുന്നത് (അധോഭാഗം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്) എന്ന് വാദിക്കുന്ന അനവധിപേർ സഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഐറേനിയസ് എന്ന സഭാപിതാവ് ഈ ആശയം വെച്ച് പുലർത്തുന്ന വ്യക്തിയായിരിന്നു. കൊലൊസ്യർ 2: 15ന്റെ വെളിച്ചത്തിൽ അതായത് യേശു "വാഴ്ചകളേയും അധികാരങ്ങളെയും ആയുധ വർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി" എന്നത് അതിനു പിൻബലമായി താൻ സ്വീകരിക്കുന്നു.
എന്നാൽ തന്റെ ആരോപണത്തിന് മുന്നോടിയായുള്ള ഭൂമിയിലേക്കുള്ള വരവിനെ ആണ് അവൻ ഭൂമിയുടെ അധോ ഭാഗങ്ങളിലേക്കിറങ്ങി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഇന്ന് പല ദൈവദാസന്മാരും ഇതിനെക്കുറിച്ച് പറയുന്നു. ഈ ആശയമാണ് ഞാനും പിടിക്കുവാൻ ആഗ്രഹിക്കുന്നത്. അതിനു അവർ ആധാരമായി എടുത്തിരിക്കുന്നത് യേശുവിന്റെ വരവും പോക്കുമെന്ന പ്രമേയമാണ്. തന്റെ വരവും പോക്കും പുതിയ നിയമത്തിൽ ഉടനീളം കാണുന്ന ഒരു പ്രത്യേകതയാണ്. യോഹന്നാൻ 3:13 "സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യ പുത്രനല്ലാതെ ആരും സ്വർഗത്തിൽ കയറിയിട്ടില്ല" യോഹന്നാൻ 6: 38 "ഞാൻ എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യുവാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്." അതേ പ്രബോധനത്തിൽതന്നെ "സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ജീവനുള്ള അപ്പം ഞാൻ ആകുന്നു" എന്നത് ശിഷ്യന്മാർക്ക് മനസ്സിലാകാതെ വന്നപ്പോൾ താൻ അവരോട് ഇപ്രകാരം ചോദിക്കുന്നു: "മനുഷ്യപുത്രൻ മുമ്പേ ഇരുന്നേടത്തേക്ക് കയറി പോകുന്നത് നിങ്ങൾ കണ്ടാലൊ" (6:42). ഈ വചനങ്ങൾ നൽകുന്ന തെളിവുകളുടെ വെളിച്ചത്തിൽ യേശു തന്റെ ഭൂമിയിലേക്കുള്ള വരവ്, അഥവാ ജഡധാരണത്തെയാണ് അർത്ഥമാക്കുന്നത് എന്ന് പറയുവാൻ സാധിക്കും. മാത്രവുമല്ല ക്രിസ്തുവിന്റെ ആരോഹണം സങ്കീർത്തനം 68 ന്റെ ഒരു നിവൃത്തിയും കൂടിയാണ്.
ആകെയാൽ, യേശുക്രിസ്തു തന്റെ ഭൂമിയിലെ വരവിന്റെ ഉദ്ദേശ്യം നിവർത്തിച്ചു കൊണ്ട് പാപത്തേയും മരണത്തെയും ശവക്കുഴിയേയും പരാജയപ്പെടുത്തി, വിജയശ്രീലാളിതനായ പരമാധികാരിയെ പോലെ പിതാവിന്റെ സന്നിധിയിലേക്ക് തിരികെപോയി. "ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിനു സ്വർഗ്ഗാധി സ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു."
സ്വർഗ്ഗാധി സ്വർഗ്ഗത്തിന് മീതെ കയറി എന്ന് എന്നത് സ്വർഗ്ഗാധി സ്വർഗ്ഗങ്ങളിലൂടെ കടന്ന് ദൈവത്തിന്റെ സിംഹാസനത്തിൽ എത്തി എന്നാണ്. അങ്ങനെ സർഗ്ഗാധി സ്വർഗത്തിൽ എത്തിയ കർത്താവിന്റെ ശരീരം ഭൗതികമായി ഇപ്പോൾ ഭൂമിയിലില്ല. അത് ഇപ്പോൾ സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. തന്റെ രക്ഷാകര ദൗത്യത്തിന്റെ സന്ദേശം ഭൂമിയിൽ എല്ലായിടത്തും എത്തിക്കുവാനുള്ള ഉത്തരവാദിത്വം തന്റെ ഭൂമിയിലെ ശരീരമായ സഭയെയാണ് താൻ ഏൽപ്പിച്ചിരിക്കുന്നത്.
സഭയുടെ പ്രവർത്തനം എങ്ങനെയാണ് നാം നടത്തേണ്ടത്? അതിനു നാം നമ്മുടെ സാധ്യതകളിൽ അല്ല ആശ്രയിക്കേണ്ടത്. ഒന്ന്, ശരീരത്തിന് ജീവൻ നിലനിർത്തുന്നതിന് പ്രവർത്തിക്കുന്നതിനും ആഹാരം വേണമെന്ന് ദൈവം അറിയുന്നു. രണ്ട്, ഈ ആവശ്യങ്ങൾക്കായി അവിടുന്ന് കരുതുകയും ചെയ്യുന്നു. മൂന്ന്, ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അവിടുന്ന് ഒരുക്കിയിരിക്കുന്നു. തന്റെ പ്രവൃത്തി പൂർത്തീകരിച്ച് ഉയരത്തിലേക്ക് കയറിയ കർത്താവ് പിതാവിൽ നിന്നും പരിശുദ്ധാത്മാവു എന്ന ദാനം സ്വീകരിച്ചു. അങ്ങനെ പരിശുദ്ധാത്മാവ് എന്ന ദാനത്തെ ഈ കാലത്ത് തന്റെ ജനത്തിന്മേൽ പകർന്നു. ഇത് എല്ലാ വിശ്വാസികളും പരിശുദ്ധാത്മാവിന്റെ അധിവാസം ഉള്ളവരാണ്. അതുകൂടാതെ, ചില പ്രത്യേക വരങ്ങളെയും ദാനമായി നൽകി. ആ വരങ്ങളെ കുറിച്ചാണ് പതിനൊന്നാം വാക്യം നമ്മോടു പറയുന്നത്. "അവൻ ചിലരെ അപ്പസ്തോലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരും- ഉപദേഷ്ടാക്കന്മാരും ആയി നിയമിച്ചിരിക്കുന്നു.
ആത്മീയവരങ്ങൾ (Spiritual gifts)
ക്രിസ്തുവിൻറെ ശരീരത്തിൽ ശുശ്രൂഷയ്ക്കായി വരം ലഭിക്കാത്തരായി ആരും തന്നെ ഇല്ല. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും അതല്ലെങ്കിൽ സഭയിലെ ഓരോ വ്യക്തികൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള ആത്മീയ വിവരങ്ങൾ നൽകിയിരിക്കുന്നു. നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന വരം എന്താണെന്ന് നിങ്ങൾക്കറിയാമോ? കർത്താവിന്റെ സഭയെ, നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന വരങ്ങളാൽ ശുശ്രൂഷിക്കുന്നു എന്ന കാര്യം നിങ്ങൾക്കു ഉറപ്പുണ്ടോ? നിങ്ങളുടെ വരം എന്താണ് എന്ന് നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ആത്മീയ മരങ്ങളെക്കുറിച്ച് പറയുവാൻ ബൈബിളിൽ നാല് അദ്ധ്യായങ്ങൾ നീക്കിവച്ചിരിക്കുന്നു. റോമർ 12: 6-8; 1 കൊരിന്ത്യർ 12:8-10, 28-30 എഫെസ്യർ 4:11; 1 പത്രോസ് 4:11. ഓർത്തിരിക്കാൻ എളുപ്പത്തിന് രണ്ടും പന്ത്രണ്ടും രണ്ടു നാലും. ഈ നാലു അദ്ധ്യായങ്ങളിൽ വരങ്ങളുടെ ഒരു ലിസ്റ്റ് നമുക്ക് കാണാം. ഇവയെ പട്ടിക തിരിച്ച് എണ്ണി നോക്കിയാൽ ഏകദേശം 36 ഓളം ഗിഫ്റ്റ് കളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് കാണാം. അവയിൽ മിക്കവയും ആവർത്തനങ്ങൾ ആണ്. ചിലത് ഒരേ ഗിഫ്റ്റുകൾ രണ്ടു പേരുകളിൽ നൽകിയിരിക്കുന്നതുമാണ്. ആവർത്തനങ്ങളും ഒരെ സ്വഭാവമുള്ളതും ഒഴിവാക്കിയാൽ 20 വിവരങ്ങൾ എന്ന് ഇവയെ പരിമിതപ്പെടുത്താം. അവ ഏതൊക്കെയാണ് എന്ന് പരിശോധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
1. അപ്പസ്തോലൻമാർ
2. പ്രവാചകന്മാർ
3. സുവിശേഷകന്മാർ
4. ഇടയ ഉപദേഷ്ടാക്കന്മാർ
(ആദ്യത്തെ നാലെണ്ണം office/spiritual positions ആണ് )
5. പ്രവചനവരം
6. വിവിധ ഭാഷാവരം
7. ഭാഷകളുടെ വ്യാഖ്യാനം.
8. രോഗശാന്തി വിവരം
9. വീര്യ പ്രവർത്തികൾ ചെയ്യുവാനുള്ള വരം.
10. ജ്ഞാനത്തിന്റെ വരം
11. പരിജ്ഞാനത്തിന്റെ വരം
12. ആത്മാക്കളെ വിവേചിക്കുവാനുള്ള വരം
13. ഉപദേശിക്കാനുള്ള വരം
14. പ്രബോധനവരം
15. ദാനം ചെയ്യുവാനുള്ള വരം
16. സഹായം ചെയ്യുവാനുള്ള വരം
17. ശുശ്രൂഷാവരം
18. കരുണ ചെയ്യുവാനുള്ള വരം
19. ഭരിക്കുവാനുള്ള വരം/പരിപാലനവരം
20. വിശ്വാസവര.
ഈ വരങ്ങളെ അത്ഭുത വരങ്ങൾ എന്നോ സാധാരണ വിവരങ്ങളെന്നോ അല്ലെങ്കിൽ താൽക്കാലിക വിവരങ്ങൾ എന്നോ നിലനിൽക്കുന്ന വരങ്ങൾ എന്നോ വേർതിരിക്കാവുന്നതാണ്.
ഇതിൽ താൽക്കാലിക വരങ്ങളായ 1. പ്രവചനം, 2. ഭാഷാവരം 3. ഭാഷകളുടെ വ്യാഖ്യാനം, 4. വീര്യ പ്രവർത്തികൾക്കുള്ള വരം 5. രോഗശാന്തി വരം, 6. ജ്ഞാനത്തിന്റെ വരം, 7 പരിജ്ഞാനത്തിന്റെ വരം 8. ആത്മാക്കളുടെ വിവേചനം 9. അപ്പസ്തോലന്മാർ 10 പ്രവാചകന്മാർ എന്നിവ നിന്നുപോയ വരങ്ങളാണ്.
അപ്പൊസ്ഥലന്മാർ, പ്രവാചകന്മാർ, സുവിശേഷകന്മാർ ഇടയ-ഉപദേഷ്ടാക്കൾ എന്നിവ ഓഫീസസ് ആണ്. സഭയ്ക്ക് നൽകിയ വര പ്രാപ്തരായ മനുഷ്യരാണ്. Spiritual positions ആണ്. ഭരണവും പരിപാലനവും അർത്ഥത്തിൽ ഒന്നു തന്നെയാണ്.
പാട്ടുപാടാനുള്ള കഴിവ്, പാട്ട് എഴുതാനുള്ള കഴിവ് എന്നിങ്ങനെയുള്ള ജന്മനായുള്ള കഴിവുകളെ താലന്തുകൾ എന്ന് വിളിക്കുന്നതാണ് ഉചിതം. ഒരുപക്ഷേ ബൈബിളിൽ എടുത്തു പറഞ്ഞിരിക്കുന്നവയെ മാത്രം വരങ്ങളായ് കണക്കാക്കുന്നതാണ് അഭികാമ്യമായത്. നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന വരമെന്താണെന്ന് നിങ്ങൾക്കറിയാമോ? കർത്താവിന്റെ സഭയെ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന വരങ്ങളാൽ ശുശ്രൂഷിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് ഉറപ്പുണ്ടോ?
എങ്ങനെയാണ് നിങ്ങളുടെ ആത്മവരം കണ്ടുപിടിക്കുന്നത്? നിങ്ങൾ ഏതെങ്കിലും ആത്മീയ ശുശ്രൂഷ ചെയ്യുമ്പോൾ ദൈവം അനുഗ്രഹിക്കുകയും നിങ്ങൾക്കാ ശുശ്രൂഷ നിവർത്തിക്കുന്നതിൽ സന്തോഷവും സംതൃപ്തിയും തോന്നുകയും ചെയ്യുന്നു എങ്കിൽ അതാണ് നിങ്ങളുടെ ആത്മീയ വരം. നിങ്ങൾ ഒരു ശുശ്രൂഷയും ചെയ്യാത്തവർ ആണെങ്കിൽ ഇതു കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടാണ്.
രണ്ടാമതായി, ഈ വിവരങ്ങളെ ഉപയോഗിച്ച് സഭയിൽ ശുശ്രൂഷിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന വസ്തുത അതിനുവേണ്ടി ദൈവം മുടക്കിയ ചെലവാണ്. എട്ടാം വാക്യം ദൈവം അതിനു വേണ്ടി മുടക്കിയ ചിലവിനെ കുറിച്ച് പറയുന്നു. സ്വർഗ്ഗത്തിൽ ഇരുന്ന കർത്താവ് അതിനുവേണ്ടി ഭൂമിയിലേക്ക് വന്നതും സാത്താന്റെ അടിമകളായിരുന്നു തന്റെ ജനത്തെ, സാത്താനെ പരാജയപ്പെടുത്തി അവന്റെ അടിമത്വത്തിൽ നിന്നും വിടുവിച്ച് പിതാവിന്റെ സന്നിധിയിലേക്ക് പോവുകയും പിതാവിൽനിന്ന് താൻ പരിശുദ്ധാത്മാവിനെ വാങ്ങി തന്റെ ജനത്തിന്മേൽ അയച്ചു. അങ്ങനെ പരിശുദ്ധാത്മാവിനെയും ചില പ്രത്യേക വരങ്ങളെയും അവിടന്ന് തന്റെ ജനത്തിന് നൽകി. ഇത് അവർ തന്റെ സഭയെ ശുശ്രൂഷിക്കു ന്നതിനു വേണ്ടിയാണ് നൽകിയത്.
ക്രിസ്തു ജനനത്തിലൂടെ ഈ ഭൂമിയിലേക്ക് വരികയും പിശാചിനെയും മരണത്തെയും പരാജയപ്പെടുത്തി ഉയർത്തെഴുനേറ്റ് പിതാവിന്റെ വലതുഭാഗത്തേക്ക് എഴുന്നള്ളി താൻ പിതാവിൽ നിന്നും വാങ്ങി തന്റെ സഭയ്ക്കു നൽകിയ ഗിഫ്റ്റഡ് ആയിട്ടുള്ള വ്യക്തികളെക്കുറിച്ചാണ് 11- വാക്യത്തിൽ പറയുന്നത്. "അവൻ ചിലരെ അപ്പസ്തോലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരും ഉപദേഷ്ടാക്കന്മാരുമായി നിയമിച്ചിരിക്കുന്നു. അത് എന്തിനുവേണ്ടി എന്നാണ് 13-ആം വാക്യം പറയുന്നത്: "വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു." തന്റെ ജോലി പൂർത്തീകരിച്ച് സ്വർഗ്ഗത്തിലേക്ക് പോയ കർത്താവ് നമുക്ക് കാണാവുന്നത് അപ്പുറമായ സ്വർഗ്ഗാധി സ്വർഗ്ഗത്തിലേക്കു പ്രവേശിച്ച്, നിത്യത തന്റെ മഹത്വത്താൽ നിറെച്ചുകൊണ്ട്, താൻ പരിശുദ്ധാത്മാവിനെയും ചില വരങ്ങളെയും അയക്കുന്നു. ആദ്യപടിയായി, അപ്പസ്തോലന്മാരേയും പ്രവാചകന്മാരെയും അതിനുശേഷം സുവിശേഷകന്മാരെയും ഇടയ- ഉപദേഷ്ടാക്കന്മാരേയും കാലക്രമം അനുസരിച്ച് അയയ്ക്കുന്നു. അവരുടെ ജോലി എന്തെന്നാൽ അവർ വിശുദ്ധന്മാരുടെ വരങ്ങൾ ഉപയോഗിച്ച് അവരെ ശുശ്രൂഷയ്ക്ക് സജ്ജരാക്കുക എന്നതാണ്. അങ്ങനെ കർത്താവിന്റെ സഭയെ പണിയുക.
ഇതെല്ലാം ഇവയെല്ലാം ഒരുമിച്ച് നോക്കിയാൽ, ക്രിസ്തുവിന്റെ ത്യാഗപരമായ പ്രവർത്തി, തന്റെ താഴ്മ, തന്റെ ഭൂമിയിലേക്കുള്ള വരവ്, തന്റെ കഷ്ടതയും പങ്കപ്പാട് മരണവും തന്റെ പാപം ചുമക്കലും എല്ലാം ദൈവത്തിന്റെ നിത്യനിർണ്ണയത്താൽ തന്റേതായിയിരുന്ന പാപികളെ രക്ഷിക്കുവാൻ വേണ്ടിയായിരുന്നു. സാത്താൻറെ നാശകരമായ പിടിയിൽനിന്നും പാപത്തിൽ നിന്നും മരണത്തിൽ നിന്നും നിത്യനാശത്തിൽ നിന്നും വിടുവിക്കേണ്ടതിനും ഈ വക ബന്ധനങ്ങൾക്ക് അടിമകളായിരുന്നവരെ അതിന്റെ പരമമായ വില നൽകി തിരികെ ദൈവത്തിന്റെ അടുക്കലേക്ക് നയിക്കുന്നതിനും വേണ്ടിയായിരുന്നു. ഈ വിവരങ്ങളെ നമുക്ക് നൽകാൻ തനിക്ക് നിത്യമായ മഹത്വം നഷ്ടമാക്കേണ്ടിവന്നു, തന്റെ ജീവൻ നൽകേണ്ടിവന്നു. ദൈവത്തിന്റെ പാപത്തിനുനേരെയുള്ള ക്രോധാഗ്നി വഹിക്കേണ്ടതായ് വന്നു. ഇതാണ് നമ്മുടെ വരങ്ങൾക്കായി ദൈവം കൊടുത്ത വില എന്നുപറയുന്നത്.
കർത്താവിന്റെ മഹത്വത്തിനായി വരങ്ങളെ ഉപയോഗിച്ച് സഭയെ ശുശ്രൂഷിക്കുക
ആകയാൽ അത്മീയവരങ്ങളുടെ ഉറവിടം ദൈവികമാണ്. അതു നൽകിയത് കർത്താവായ യേശുക്രിസ്തുവാണ്. കർത്താവു അതിനുവേണ്ടി വലിയ ഒരു വിലകൊടുത്തു. കർത്താവു ദാനമായി നൽകിയ വരങ്ങളെ നാം ഉപയോഗിക്കുമ്പോൾ അതു കർത്താവിന്റെ മഹത്വത്തിനുവേണ്ടിയാണ് നൽകിയിരിക്കുന്ന കാര്യം നാം വിസ്മരിച്ചു പോകരുത്. തങ്ങൾക്കു ലഭിച്ചിരിക്കുന്ന വരത്തിന്റെ പേരിൽ ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരരുത്. ആകെയാൽ നമ്മുടെ വരങ്ങളെ ഉപയോഗിച്ച് സഭയെ ശുശ്രൂഷിക്കുക. നമ്മുടെ വരങ്ങളെ ഉപയോഗിക്കാതിരിക്കുന്നത് ദൈവസന്നിധിയിൽ അക്ഷന്തവ്യമായ ഒരു കാര്യമാണ്. അതുകൊണ്ട് ഈ വരങ്ങളെ കർത്താവിന്റെ മഹത്വത്തിനായും ദൈവസഭയുടെ പണിക്കും സഭയുടെ ആത്മീയ വർധനക്കുമായി നമുക്ക് വിനിയോഗിക്കാം. ദൈവം അതിനു നമ്മെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ നിർത്തുന്നു
*******