
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര-19
P M Mathew
JUN 26, 2016
Are your words gracious?
നിങ്ങളുടെ വാക്കുകൾ കൃപയുളവാക്കുന്നതൊ?
Ephesians 4:29-30
എഫെസ്യർ 4:29-30
" “29 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു. 30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു;”
അനേകം കലഹങ്ങളും ആരംഭിക്കുന്നത് ചില വാക്കുകളുടെ പേരിലാണ്. കലഹത്തിന്റെ മൂല കാരണം കേൾക്കുന്നവർ ഒരുപക്ഷെ മൂക്കത്ത് വിരൽ വെച്ചുപോകും; ഇതിനെചൊല്ലിയാണോ ഇത്ര വഴക്കുണ്ടായത് എന്ന് അതിശയിക്കും.
ഒരു ഭർത്താവും ഭാര്യയും തങ്ങളുടെ കുടുംബജീവിതത്തിൽ നാവിന്റെ ശരിയായ വിനിയോഗം പ്രാവർത്തികമാക്കിയാൽ അവരുടെ കുടുംബജീവിതത്തിലെ അനേകം കലഹങ്ങൾക്ക് അറുതി വരുത്തുവാൻ കഴിയുമായിരുന്നു. അതുപോലെ തന്നെ മാതാപിതാക്കൾ തങ്ങളുടെ മക്കളോട് ശരിയായ നിലയിൽ സംസാരിച്ചിരുന്നുവെങ്കിൽ, മക്കൾ മാതാപിതാക്കളോട് മത്സരിക്കുന്നതു കാണ്മാൻ ഇടവരികയില്ലായിരുന്നു. മാത്രവുമല്ല, സഹോദരി സഹോദരന്മാരുടെ ഇടയിൽ ഇത് യാഥാർത്ഥ്യമായി തീർന്നിരുന്നുവെങ്കിൽ personality conflicts-ന്റെ പേരിലൊ minor doctrinal issues ന്റെ പേരിലൊ ഉണ്ടാകാവുന്ന അനവധി പ്രശ്നങ്ങൾക്ക് തടയിടാൻ സാധിക്കുമായിരുന്നു. ഇനിയും ഇതു നാം ഇടപെടുന്ന അവിശ്വാസികളുടെ മദ്ധ്യത്തിലേക്കും കൊണ്ടുവരാൻ കഴിഞ്ഞിരുന്നുവെങ്കിൽ, സമൂഹത്തിൽ വളരെ നല്ല ബന്ധങ്ങൾ പുലർത്താനും സുവിശേഷത്തിന്റെ അഭിവൃത്തിക്ക് അതു കാരണമായി തീരാനും ഇടയാകുമായിരുന്നു.
പ്രധാന ആശയം
മോശമായ സംസാരം ഒഴിവാക്കി വീണ്ടെടുക്കപ്പെട്ടതും പ്രത്യാശനിർഭരവുമായ ഹൃദയത്തിൽ നിന്നു വരുന്നതും നല്ല സംസാരംകൊണ്ട് മറ്റുള്ളവരെ പണിയുന്നവരായിരിക്കുക.
പശ്ചാത്തലം
ക്രിസ്തുവിനോടുള്ള വിശ്വാസികളുടെ ബന്ധം മൂലവും അവരുടെ പുതിയ ഐഡന്റിറ്റിയുടെ വെളിച്ചത്തിലും തങ്ങളുടെ പഴയമനുഷ്യന്റെ ഭാഗമായ ദുഷിച്ച രീതികളെ വിട്ടുകളഞ്ഞ് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ പുതുക്കം പ്രാപിച്ചവർ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന കാര്യമാണ് അപ്പൊസ്തലനായ പൗലോസ് പറഞ്ഞുകൊണ്ടിരുന്നത്. ഇതിനു മുന്നമെ പറഞ്ഞ കാര്യങ്ങളുടെ തുടർച്ച എന്ന നിലയിലാണ് ഇക്കാര്യം പറയുന്നത്. അത് ഓർത്ത്കൊണ്ട് ഇന്നത്തെ പ്രബോധനത്തിലേക്കു നമുക്കു പ്രവേശിക്കാം.
ഭോഷ്ക്കു പറയാതെ സത്യം സംസാരിക്കണം എന്നും പകയോടു കൂടിയ കോപം വെച്ചുകൊണ്ടിരിക്കരുത് എന്നും മോഷ്ടിക്കരുത്, ജോലി ചെയ്യുക, കൊടുക്കുക എന്നുമാണ് 4:25-28 വരെ വാക്യങ്ങളിൽ പൗലോസ് നമ്മോടു പറഞ്ഞത്. ഇതൊക്കെയും നമ്മുടെ പഴയ മനുഷ്യന്റെ ഭാഗമാണ്, പഴയമനുഷ്യന്റെ രീതികളാണ്. എന്നാൽ ഈ രീതികളെ അൽപ്പം മെച്ചപ്പെടുത്തി കൂടുതൽ നല്ല വാക്കു സംസാരിക്കുന്നവരായിത്തീരണം എന്നല്ല പൗലോസ് ഇവിടെ പറയുന്നത്; മറിച്ച്, ദൈവാനുരൂപമായി പുതുക്കം പ്രാപിച്ച ഒരു ഹൃദയത്തിൽ നിന്നു നല്ലകാര്യങ്ങൾ വരണമെന്നാണ്. അതിനോടു വളരെ ചേർന്നു പോകുന്ന കാര്യമാണ് ശരിയായ സംസാര രീതി എന്നത്.
വാക്കുകൾക്ക് വളരെയധികം ശക്തിയുണ്ട്, അതിനു ഒരാളെ പണിയുവാനൊ നശിപ്പിക്കുവാനൊ കഴിയും. കത്തി കൊണ്ടു കുത്തുന്നതു പോലെ ഹൃദയത്തെ വേദനിപ്പിക്കുന്ന നിലയിൽ സംസാരിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് പൗലോസ് വളരെ ശക്തമായി ക്രിസ്ത്യാനികളെ പ്രബോധിപ്പിക്കുന്നതെന്തെന്നാൽ, മറ്റുള്ളവർക്കു ഉത്സാഹം പകരുന്നതിനും അവരെ ശക്തീകരിക്കുന്നതിനും ഉതകും വിധം നിങ്ങൾ സംസാരത്തെ നിയന്തിക്കണം എന്നാണ്.
അപ്പോൾ ഒന്നാമതായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം നിങ്ങളുടെ വാക്കുകളെ ശ്രദ്ധിക്കുക എന്നതാണ്.
1. വാക്കുകളെ ശ്രദ്ധിച്ചുപയോഗിക്കുക.
"നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്." "ആകാത്തത്" എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് നോക്കാം. "ആകാത്തത്" എന്നതിനു ഗ്രീക്കിൽ 'sapros' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അത് ഇംഗ്ലിഷിൽ പരിഭാഷ ചെയ്തിരിക്കുന്നത് "rotten" "foul" "abusive" "unwholesome" എന്നൊക്കെയാണ്. ചീഞ്ഞ മുട്ട, ചീഞ്ഞ മത്സ്യം, ചീഞ്ഞ പഴം എന്നൊക്കെ നാം കേട്ടിട്ടുണ്ട്. അതൊക്കെ നാമെന്താണ് ചെയ്യുന്നത്? അതൊക്കെ ദൂരെകൊണ്ടുപോയി കളയും. കാരണം അതു "നാറ്റം വമിക്കുന്നതാണ്", "കൊള്ളരുതാത്തതാണ്". നല്ല ഭക്ഷണത്തോടു അല്പം മോശം ഭക്ഷണം കലർത്തിയാൽ പോലും അതു ഭക്ഷ്യയോഗ്യമല്ലാതായി തീരും. ആയതിനാൽ, നല്ലതു നാം ദൂരെ കളയുകയാണ് ചെയ്യുന്നത്. ഇവിടെ ഇത് അർത്ഥമാക്കുന്നത്, "മോശമായ" "ധാർമ്മികമായി അങ്ങേയറ്റം അധഃപ്പതിച്ച" "കേൾക്കാൻ ഇഷ്ടപ്പെടാത്ത" എന്നൊക്കെയാണ്. വിശ്വാസികളെ പരസ്പരം ഭിന്നിപ്പിക്കുന്ന, വെറുപ്പുളവാക്കുന്ന, അനാരോഗ്യകരമായ സംസാര രീതികളിലേക്ക് തിരിയരുത് എന്നാണ് ഈ വാഗ്മയചിത്രം സൂചിപ്പിക്കുന്നത്.
നാം സാധാരണ നിലയിൽ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും അല്പമായി ചിന്തിക്കാം.
ഒന്നാമതായി, നാവടക്കുക, മൂഡൻ, നാശം, ഭോഷൻ, ഗുണം പിടിക്കയില്ല.
ചീത്ത പറയൽ, അധിക്ഷേപവാക്കുകൾ, കുത്തുവാക്കുകൾ, കുത്തു പ്രസംഗങ്ങൾ, അപവാദം പരത്തുന്ന പ്രസ്താവനകൾ.
പഴി, നിന്ദ, ശകാരം, ദോഷാരോപണം, ഇടിച്ചുതാഴ്ത്തൽ, വിലയിടിക്കൽ, സ്വഭാവ ഹത്യക്ക് ഉതകുന്ന വാക്കുകൾ. ഇവയൊക്കേയും ഒരു വിശ്വാസിയുടെ വായിൽ നിന്നു വരുന്നത് ഉചിതമല്ല എന്ന് പലർക്കും അറിയാമെങ്കിലും ഇതൊക്കെയും സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്.
ഇത്തരം മോശമായ വാക്കുകൾ ഉപയോഗിക്കുന്നു എന്നു മാത്രമല്ല, നല്ല വാക്കുകൾ അനവസരത്തിൽ ഉപയോഗിക്കുന്നതും ഇതിൽ പെടുന്നു. ഉദാഹരണത്തിന്: ചില വ്യക്തികൾ "God!" or "My God!" or "God Almighty!" or "Christ!" “Oh Jesus” എന്നി വാക്കുകൾ പലപ്പോഴും അനവസരങ്ങളിൽ ഉരുവിടുന്നത് ഞാൻ കേട്ടിട്ടുണ്ട്. തമാശ, കോപം, സങ്കടം, ആശ്ചര്യം എന്നിവ പ്രകടിപ്പിക്കുന്ന അവസരങ്ങളിലാണ് പലപ്പോഴും ഈ വാക്കുകൾ ഉപയോഗിക്കുന്നത്.
ദൈവത്തിന്റെ നാമം വൃഥാ നിങ്ങളുടെ നാവിൽ എടുക്കരുത് എന്ന് ന്യായപ്രമാണം നമ്മോടു പറയുന്നു (പുറപ്പാട് 20:7). അതിനെ അവഗണിച്ചുകൊണ്ട് ഏതവസരത്തിലും അലക്ഷ്യമായി ആളുകൾ ഇവ ഉപയോഗിച്ചു കാണുന്നു. എന്നാൽ ആ പദങ്ങൾ നിലകൊള്ളുന്നത് വളരെ നിർമ്മലവും വിലയേറിയതുമായ കാര്യങ്ങൾക്കുവേണ്ടിയാണ് എന്നകാര്യം ഇങ്ങനെയുള്ളവർ വിസ്മരിച്ചുകളയുന്നു.
രണ്ടാമതായി, ഭയങ്കരമായ യാഥാർത്ഥ്യങ്ങളെ തുശ്ചീകരിക്കുന്ന വാക്കുകളുടെ ഉപയോഗം. ഉദാ നരകം, നാശം എന്നിത്യാദിവാക്കുകൾ. ഓ നാശം, നരകത്തിൽ പോയി തുലയട്ടെ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നവരുണ്ട്. ഇവയൊക്കേയും വളരെ ഭയാനകമായ കാര്യങ്ങളെ തുശ്ഛീകരിച്ചുകൊണ്ട്, അത് കേവലം നിസ്സാര സംഗതികൾ എന്ന നിലയിൽ എടുക്കുവാൻ നാം നമ്മുടെ അധരങ്ങളെ അനുവദിക്കുന്നു എന്നുള്ളതാണ് ഇതിലെ ദോഷവശം എന്നുള്ളത്.
മൂന്നാമതായി, സെക്സ്, ശരീരാവയങ്ങൾ എന്നിവയെ അശ്ലീലച്ചുവയുള്ളതായി, പരിഹാസവിഷയമായി, ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ദൈവം നല്ല കാര്യങ്ങൾക്കായി വെച്ചിരിക്കുന്ന ഈ കാര്യങ്ങളെ അഴുക്ക്, മലിനപ്പെട്ടത്, എന്നീ ഗണങ്ങളിൽപെടുത്തി സംസാരിക്കുന്നത് ആകാത്ത വാക്കുകൾ പ്രയോഗിക്കുന്നതിനുള്ള ഉദാഹരണങ്ങളാണ്. ഇങ്ങനെയുള്ള വാക്കുകളൊ സംസാരങ്ങളൊ നടത്തുമ്പോൾ, അവഹേളനമൊ പരിഹാസമൊ, വെറുപ്പോ അവജ്ഞയൊ അതിലുടെ വിനിമയം ചെയ്യുകയാണ് ചെയ്യുന്നത്. ഈ നിലയിൽ വാക്കുകളെ ഉപയോഗിക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് സംഭവിക്കുന്നത്.
3A, വിവാഹജീവിതത്തിൽ മാത്രം ആസ്വദിക്കുവാൻ ദൈവം വെച്ചിരിക്കുന്ന സെക്സ് അവജ്ഞയൊ, വെറുപ്പോ ഉളവാക്കുന്ന പദങ്ങളാൽ ആശയവിനിമയം ചെയ്യപ്പെടുന്നു. അങ്ങനെ നിങ്ങൾ ചെയ്യുമ്പോൾ ദൈവത്തെ നിങ്ങളുടെ മനസ്സിൽ നിന്ന് മാറ്റി നിർത്തി അവിടെ അശുദ്ധിക്ക് ഇടംകൊടുക്കുന്നു എന്നതാണ്.
3B, ദൈവസൃഷ്ടിയുടെ പരിശുദ്ധിയെ നിങ്ങളുടെ മനസ്സിൽ നിന്നും നീക്കി, ആ സ്ഥാനത്ത്, മനസ്സിനെ ധിക്കാരപരമായും ശക്തിയും ഉപയോഗിച്ചുള്ള പീഡനത്തെ കാണിക്കുന്ന വാക്കുകളായി നാം ഉപയോഗിക്കുന്നു. അത്, വാസ്തവത്തിൽ, പീഡനത്തിനു സദൃശ്യമായ കാര്യമാണ് അതിലൂടെ നിവൃത്തിക്കുന്നത്. അതിലൂടെ നാം, സ്വാർത്ഥവും അശ്രദ്ധവുമായ അതിക്ഷേപമാണ് പ്രദർശ്ശിപ്പിക്കുന്നത്. അങ്ങനെയുള്ള rotten വാക്കുകളും ഭാഷകളും ഉപയോഗിക്കുന്ന ഭർത്താക്കന്മാരാണ് അതല്ലെങ്കിൽ ഭാര്യമാരാണ് നിങ്ങൾക്കുള്ളതെങ്കിൽ അവരോടു കൂടെ അധിക സമയം ഒന്നിച്ചു ചിലവിടുവാൻ തയ്യാറാകരുത്. ഇങ്ങനെയുള്ള വാക്കുകളും ഭാഷകളും ഉപയോഗിച്ച് ഇണയെ അധിക്ഷേപിക്കുന്ന ആളുകൾ വിശ്വാസികളുടെ ഇടയിൽ തന്നെ ഉണ്ട് എന്ന് എത്ര ദുഃഖകരമാണ്.
നാലാമതായി, ദുർവൃത്തിയായ, അവജ്ഞയെ കാണിക്കുന്ന വാക്കുകളുടെ ഉപയോഗമാണ്. അങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നവർ തങ്ങൾക്കു മറ്റുള്ളവരോടു തെല്ലും സ്നേഹമില്ല എന്ന കാര്യമാണ് കാണിക്കുന്നത്.
അഞ്ചാമതായി, ഒരുവന്റെ സ്വഭാവത്തെ ഹനിക്കുന്ന, അവന്റെ മാനത്തെ ഇടിച്ചു താഴ്ത്തുന്ന വാക്കുകളൊ, താരതമ്യങ്ങളൊ, സംസാരരിതിയൊ അവലംഭിക്കുന്നത്. കർത്താവിന്റെ കാലത്ത്, ഒരുവന് മാനനഷ്ടം വരുത്തുന്ന പ്രയോഗങ്ങൾ നടത്തുന്നത് കൊലപാതകത്തിനു സമാനമായി കണ്ടിരുന്നു. ഒരുവന്റെ മാനം നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിട്ടെന്ത് കാര്യം. മത്തായി 5:22 "ഞാനൊ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുൻപിൽ നിൽക്കേണ്ടിവരും; മുഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും." ഒരുവന്റെ അഭിമാനത്തിനു കോട്ടം തട്ടുന്ന നിലയിൽ ഒരുവനോട് സംസാരിക്കുന്നവൻ അവനെ കൊല്ലുകയാണ് അതിലൂടെ ചെയ്യുന്നത്.
ഈ തരത്തിലുള്ള ഭാഷാ പ്രയോഗങ്ങൾ ആയിരിക്കാം പൗലോസ് "rotten talk” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
'sapros' എന്ന വാക്ക് യേശു ലുക്കൊസ് 6:43 ലും മത്തായി 7:17f; Mt. 12:33 ഉപയോഗിച്ചിട്ടുണ്ട്. "ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല.” (Lk. 6:43)
മത്തായി 7:17 “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു” (Mt. 7:17).
യേശു ആകാത്തഫലം എന്നുപയോഗിച്ചപ്പോൾ തന്റെ മനസ്സിലേക്ക് വന്ന അതിന്റെ ദൂഷ്യഫലങ്ങൾ എന്തൊക്കയാണ് എന്ന് നമുക്ക് നോക്കാം.
ഒന്ന്, ആകാത്തഫലം, മോശമായ, പഴകിയ അതല്ലെങ്കിൽ കേടായ ഭക്ഷണം നമ്മുടെ ശരീരത്തിനു ഗുണം ചെയ്കയില്ല എന്ന് നമുക്കറിയാം. അവ നാം ദൂരെ എറിഞ്ഞുകളയുകയാണ് ചെയ്യുന്നത്. കാരണം, മോശമായ ഫലം ഒരിക്കലും ശരിരത്തെ പോഷിപ്പിക്കയില്ല. അതുപോലെ തന്നെ ആകാത്ത വാക്കുകളൊ ഭാഷയൊ നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയൊ മെച്ചപ്പെടുത്തുകയൊ ചെയ്യുന്നില്ല. ആകാത്ത വാക്കുകൾ, ദുഷിച്ച ഫലംപോലെ, ദൂരെ എറിഞ്ഞുകളയാനെ കൊള്ളുകയുള്ളു.
രണ്ട്, മോശമായ വൃക്ഷഫലം തിന്നാൽ അതു നിങ്ങൾക്ക് രോഗമുണ്ടാക്കാനെ ഉപകരിക്കു. സാധാരണ നാചുറൊപ്പതി ഡോക്ടർമാർ പറയുന്ന ഒരു കാര്യമുണ്ട്, നിങ്ങൾ ഏതു ഭക്ഷണവും മണുത്തുനോക്കിയിട്ട് കഴിക്കണം എന്ന്. മണത്തുനോക്കിയിട്ട് പഴകിയ മണമാണ് അനുഭവപ്പെടുന്നെങ്കിൽ അത് ഭക്ഷിക്കരുത് എന്ന്. കാരണം അങ്ങനെയുള്ള ഭക്ഷണം കഴിച്ചാൽ അത് വയറു കേടാക്കും. അസുഖം പിടിക്കും. അതുപോലെ തന്നെ മോശമായ വാക്കുകളും ഭാഷകളും മനുഷ്യരെ രോഗികളാക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അതു അനുകൂലമായ കാര്യങ്ങളൊന്നും നിവൃത്തിക്കയില്ലെന്നു മാത്രമല്ല, ദോഷകരമായ കാര്യം നിവൃത്തിക്കയും ചെയ്യും.
മൂന്ന്, വാക്കുകൾ ഒരുവനു ആഴത്തിൽ മുറിവേൽപ്പിക്കുന്നു. മോശമായ വാക്കുകൾ വൈറസിനെ പോലെ, vulgarity അഥവാ ആഭാസത്തരം എന്ന രോഗം മാതാപിതാക്കളിൽ നിന്നു കുഞ്ഞുങ്ങളിലേക്കും, സുഹൃത്തിൽ നിന്നും സുഹൃത്തിലേക്കും Room-mate ൽ നിന്നും Room-mate ലേക്കും പകരും. മോശമായ ഭാഷ നിർബന്ധമായും കേൾപ്പിക്കാനിടയായാൽ അതു ആളുകളെ രോഗികളാക്കും. മദ്യപിച്ച് ലക്കുകെട്ടു വന്നു വീടുകളിൽ അസഭ്യവർഷവും കലഹവും ഉണ്ടാക്കുന്ന വീടുകളിൽ വളരുന്ന കുഞ്ഞുങ്ങളുടെ മാനസിക വളർച്ച തന്നെ തകരാറിലാവുന്നത് നാം കാണാറുള്ള സംഗതിയാണ്.
നാലു, മോശമായ ഫലങ്ങൾ ദുർഗന്ധം വമിക്കുകയും അന്തരീക്ഷത്തെ അസുഖകരമാക്കി തീർക്കുകയും ചെയ്യുന്നു. കോളേജ് കുട്ടികളുടെ ഇടയിൽ കാണൂന്ന ഒരു രീതിയാണിത്. എന്തു തമാശപറഞ്ഞാലും സെക്സ് ചുവയുള്ള വാക്കുകൾ ഉപയോഗിക്കുക. ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുക. സങ്കടകരമെന്ന് പറയട്ടെ, ഭാഷ കൂടുതൽ കൂടുതൽ മോശമാകുന്നതനുസരിച്ച്, vulgarity വർദ്ധിക്കുന്നതനു സരിച്ച് അവരുടെ ചിരിയും വർദ്ധിക്കുന്നതു കാണാം. അത് അവർക്ക് എന്നു മാത്രമല്ല. കേൾക്കുന്ന മറ്റുള്ളവർക്കും അസുഖകരമാണ് എന്ന് അങ്ങനെയുള്ളവർ ചിന്തിക്കാറില്ല. അത് ഗാർബേജ് ഇടുന്ന സ്ഥലം പോലെ, വൃത്തികെട്ട മണം അന്തരീക്ഷത്തിൽ പൊഴിച്ചുകൊണ്ടിരിക്കും.
മോശമായ ഫലത്തെക്കുറിച്ച് അല്ലെങ്കിൽ വാക്കുകളെ ക്കുറിച്ചു പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്ന അഞ്ചാമത്തെ കാര്യം ചീത്തഫലം ചീത്ത വ്യക്ഷത്തിൽ നിന്നു വരുന്നു എന്ന കാര്യമാണ്. ചീത്തവാക്കുകൾ ഒരാളുടെ അധരത്തിൽ നിന്നു വരുമ്പോൾ നാം മനസ്സിലാക്കേണ്ട സംഗതി, അതിന്റെ ഉറവിടം അഥവാ ഹൃദയം നല്ലതല്ല. നല്ല വൃക്ഷത്തിൽ നിന്നേ നല്ല ഫലം ഉണ്ടാകു.
യേശുക്രിസ്തുവിന്റെ ഒരു ശാസന നോക്കുക: അതിനായി Mt. 12:34-37 നമുക്കൊന്നു വായിക്കാം :“ 34 സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു. 35 നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു. 36 എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37 നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” (Mt. 12:34-37).
ആകയാൽ, ഒരു മനുഷ്യൻ ദൈവത്തിന്റെ നാമം വൃഥാ തന്റെ നാവിന്മേൽ എടുക്കുകയൊ, നരകം, വിശുദ്ധി എന്നീ യാഥാർത്ഥ്യങ്ങളെ തുഛീകരിക്കുന്ന രീതിയിൽ സംസാരിക്കുകയൊ, പരിപാവനമായ സെക്സിനെ vulgarity യായി മാറ്റുകയൊ, വാക്കുകളെ ഹൃദയത്തിനു മുറിവേൽപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുകയൊ ചെയ്യുന്ന വ്യക്തിയാണെങ്കിൽ, ആ വ്യക്തിയെക്കുറിച്ച് ഒരു കാര്യം ഉറപ്പായി പറയാൻ സാധിക്കും ആ വ്യക്തിയുടെ അകവും പുറവും ഒരു പോലെ ചീഞ്ഞളിഞ്ഞിരിക്കുന്നു എന്ന്. ഫലം മോശമെങ്കിൽ അതിന്റെ മൂലവും /Root ഉം മോശം തന്നെ.
2. പരിഹാരം: ഹൃദയത്തിന്റെ പരിവർത്തനം
ഇനി ഇതിനുള്ള പരിഹാരമെന്താണ് എന്നു നോക്കാം? പൗലോസ് ഇതിനു നല്കുന്ന പരിഹാരം നാം വായിക്കുമ്പോൾ അതിശയിച്ചു പോകും. നാം പ്രതീക്ഷിച്ച കാര്യമല്ല, പൗലോസ് അതിനു പ്രതിവിധിയായി നൽകുന്നത്. പൗലോസ് ഇവിടെ പറയുന്നത് നിങ്ങളുടെ ആകാത്ത വാക്കുകൾ, vulgar or rotten or corrupt ആയിട്ടുള്ള വാക്കുകൾക്കു പകരം pure and wholesome and creative and clear ആയ വാക്കുകൾ ഉപയോഗിക്കണം എന്നല്ല പൗലോസ് പറയുന്നത്.
നിങ്ങളുടെ ആശയം വ്യക്തമാക്കുവാൻ, നല്ല ഭാഷ അല്ലെങ്കിൽ നല്ല വാക്കുകൾ ഉപയോഗിക്കണമെന്ന് പറയാതെ, നിങ്ങളുടെ ഹൃദയത്തിലെ ഉദ്ദേശ്യത്തെ കുറിച്ചാണ് പൗലോസ് പറയുന്നത്. നിങ്ങളുട ഹൃദയത്തിൽ സ്നേഹം കുടികൊള്ളുന്നുണ്ടോ എന്നാണ് പൗലോസ് ചോദിക്കുന്നത്. നിങ്ങൾ പറയുന്നത് ഉള്ളിൽ സ്നേഹം വെച്ചുകൊണ്ടാണൊ പറയുന്നത്. ഇവിടെ ഭാഷയേക്കാൾ പ്രശ്നം, ഹൃദയമാണ്. The heart of the problem is the problem of the Heart. ഇവിടുത്തെ ഇഷ്യു എന്നു പറയുന്നത് സ്നേഹമാണ്. സ്നേഹമില്ല എന്നുള്ളതാണ് ഇവിടുത്തെ മുഖ്യപ്രശ്നമെന്ന് പറയുന്നത്. നിങ്ങളുടെ അധരം മോശം വാക്കുകൾ ഉപയോഗിക്കുന്നു എന്നതിനുപരി, നിങ്ങളുടെ അധരം കൃപയുടെ മുഖാന്തിരമാണോ എന്നുള്ളതാണ് ചോദ്യം. അപ്പൊ പൗലോസ് ബാഹ്യമായ ഫലത്തിൽ നിന്നും ആന്തരീകമായ root-ലേക്ക് തിരിയുകയാണ്. നാം എന്തു പറയണം എന്നതിൽ നിന്നു മാറി, എന്തുകൊണ്ട് നാം പറയണം എന്ന നിലയിലേക്ക് കാര്യങ്ങൾ ഷിഫ്റ്റ് ചെയ്യുകയാണ്. പൗലോസ് അതിനു നൽകുന്ന പ്രതിവിധി എന്താണെന്ന് നോക്കാം:
“29 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു; " (വാക്യം 29).
("Let no rotten talk come out of your mouth, but only what is good for edifying, as fits the occasion (literally: good for edifying of need -- meeting a particular need is in view) that it may impart grace to those who hear.")
നിങ്ങളുടെ വായിൽ നിന്നും വരുന്ന വാക്കുകൾ കൃപക്ക് മുഖാന്തിരമാകുന്നുണ്ടോ എന്നാണ് പൗലോസ് ചോദിക്കുന്നത്. എന്റെ വായിൽ നിന്നു വരുന്ന വാക്കുകൾ അതുകേൾക്കുന്നവന്റെ നന്മക്കുപകരിക്കുമൊ? മറ്റുള്ളവരുടെ പ്രോത്സാഹനത്തിനു മതിയായതാണോ? അതൊ അവനെ നശിപ്പിക്കുക എന്ന ലക്ഷ്യമാണോ നമ്മുടെ വാക്കുകൾ നിവൃത്തിക്കുന്നത്? കേൾക്കുന്ന ആളുകളിൽ എന്റെ വാക്കുകൾ വിശ്വാസം വർദ്ധിപ്പിക്കുമൊ?
നമ്മുടെ അധരങ്ങളെ സംബന്ധിച്ച് വിപ്ലവകരമായ ചിന്തയാണിത്. 28--ാം വാക്യത്തിൽ ജോലി ചെയ്യുന്നതിനു പിന്നിലെ മനോഭാവത്തെ കുറിച്ചു നാം പഠിച്ചു. അതിനോട് എത്ര സമാനമായ ആശയമാണ് പൗലോസ് ഇവിടെ പറയുന്നത്.
28-ാം വാക്യത്തിൽ “28 കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്വാെൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു;” കള്ളൻ മോഷ്ടിക്കുന്നതു നിർത്തിയതുകൊണ്ടോ, ആത്മാർത്ഥമായി ജോലി ചെയ്തതുകൊണ്ടോ മാത്രം ക്രിസ്ത്യാനിയാകുന്നില്ല, മറിച്ച്, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജോലി ചെയ്യണം. എങ്കിൽ മാത്രമെ അത് കൃപയുടെ ഒരു പ്രദർശനമാവു എന്നാണ് 28- ാം വാക്യത്തിൽ നാം കണ്ടത്.
അതുപോലെ തന്നെയാണ് പൗലോസ് ഈ 29-ാം വാക്യത്തിലും പറയുന്നത്. 29 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു; " അതായത്, നിങ്ങളുടെ വായിൽ നിന്നും ആകാത്ത വാക്കുകളൊന്നും വരരുത്… നല്ലതെ വരാവു. പിന്നീട് എന്തുവരണം എന്നതിൽ നിന്ന് മാറി എന്തുകൊണ്ട് നല്ലതുവരണം എന്നതിലേക്ക് തിരിയുന്നു. എന്തുകൊണ്ട് നല്ല വാക്ക് നിങ്ങളുടെ വായിൽ നിന്നു വരണം? കേൾക്കുന്നവർക്ക് കൃപ ലഭിക്കത്തക്കതും ആ വ്യക്തിയുടെ ആത്മീകവർദ്ധന എന്ന ആവശ്യം നിവൃത്തിക്കുന്നതുമായ വാക്കാണ് നിങ്ങളിൽ നിന്നു വരേണ്ടത്. കേൾക്കുന്നവർക്ക് കൃപ ലഭിക്കത്തക്കതും ആ വ്യക്തിയുടെ ആത്മീകവർദ്ധനക്കുതകുന്നതുമായ വാക്ക്/സംസാരം നിങ്ങളിൽ നിന്നുണ്ടാകണം. അല്ലാതെ ഒരുവനെ നശിപ്പിക്കുന്ന, തകർത്തുകളയുന്ന, ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവ് ഉളവാക്കുന്ന, ഒരു ഗുണവും ചെയ്യാത്ത വാക്കുകളല്ല നിങ്ങളിൽ നിന്നുണ്ടാകേണ്ടത്. അതായത്, ദൈവനാമത്തെ ദുഷിക്കുന്നതു നിർത്തിയാൽ മാത്രം പോര, കേവലം നല്ല വാക്കുകൾ ഉപയോഗിച്ചാലും പോര, കേൾക്കുന്നവന്റെ ആത്മീകവർദ്ധനക്ക് ഉതകണം, കേൾക്കുന്നവനു ഗുണമായി തീരണം, അവനെ പണിയുവാൻ ഉതകുന്ന വാക്കായിരിക്കണം ഒരുവന്റെ വായിൽ നിന്നു വരേണ്ടത്.
ആകയാൽ, ഒരു ക്രിസ്ത്യാനി വളരെ ആഴമായി തന്നോടു തന്നെ ചോദിക്കേണ്ടത് ഞാൻ സംസാരിക്കുന്നത് കേൾക്കുന്നവർക്കു ആത്മീക വർദ്ധനക്കുതകുന്നതാണോ? എന്റെ സംസാരം കൃപയുടെ ഒരു മുഖാന്തിരമൊ?
നമ്മുടെ എല്ലാ secular ആയ ജോലിയും കൃപയുടെ പ്രദർശനമായിരിക്കണം എന്നു നാം കഴിഞ്ഞ നാളുകളിൽ ചിന്തിച്ചു. ഇപ്പോൾ നമ്മുടെ എല്ലാ സംസാരവും കൃപയുടെ വാക്കുകൾ ആയിരിക്കണം എന്നു നാം കാണുന്നു. ക്രിസ്തീയ വിശ്വാസം അഥവാ സുവിശേഷം വിശ്വസിക്കുക എന്നത് ഇവയെല്ലാം ഉൾക്കൊള്ളുന്ന വളരെ ദൂരവ്യാപകമായ ഫലം ഉളവാക്കുന്നതാണ്. ഇതൊക്കേയും ദൈവത്തിന്റെ കൃപയെ നമ്മുടെ ജീവിതത്തിൽ വെളിപ്പെടുത്തുന്ന അതിശയകരമായ വാക്യങ്ങളാണ്. കൃപയെക്കുറിച്ചുള്ള വികലമായ ധാരണകൾ വെച്ചു പുലർത്തുന്നവർക്ക് ഇത് ഗ്രഹിക്കാവുന്നതിലും അധികമായ സംഗതികളാണ്.
ഒരു ക്രിസ്ത്യാനി, യേശുക്രിസ്തുവിന്റെ സുവിശേഷം വിശ്വാസത്താൽ സ്വീകരിച്ചു, തന്റെ ഉള്ളിലെ ചീഞ്ഞളിഞ്ഞ വേരിനെ നീക്കി, തന്റെ ഹൃദയത്തെ പുതിയതാക്കിയ, വെടിപ്പാക്കിയ വ്യക്തിയാണ്. ദൈവത്തിന്റെ കൃപ അവന്റെ ഉള്ളിലെ, വെറുപ്പ്, കോപം, അവജ്ഞ, നീരസം എന്നിവയിൽ നിന്നു പുറപ്പെടുന്ന വാക്കുകളെയും, ചേഷ്ടകളേയും യേശുക്രിസ്തുവിന്റെ രക്തം കൊണ്ട് കഴുകി, അവയെ കൊന്ന് തന്റെ അവിശ്വാസത്തിനു അറുതി വരുത്തിയ വ്യക്തിയാണ്.
അപ്പോൾ, ഒന്നാമതായി നാം കണ്ടത് പഴയപ്രകൃതിയുടെ ഭാഗമായ ആകാത്തവാക്കുകൾ ഉപയോഗിക്കാതിരിക്കുക എന്നതാണ്. രണ്ടാമതായി, അതെങ്ങനെയാണ് ഒരുവനിൽ യാഥാർത്ഥ്യമായിതീരേണ്ടത് എന്ന കാര്യമാണ്. അതായത്, ഹൃദയത്തിന്റെ രൂപാന്തരത്തിൽനിന്നാണ് അത് വരേണ്ടത്. മൂന്നാമതായി ഞാൻ പറയുവാൻ പോകുന്ന കാര്യം നല്ല വാക്കുകൾ ഉപയോഗിക്കുന്നതിനുള്ള പ്രചോദനത്തെ കുറിച്ചാണ്. ആ പ്രചോദനം എന്നത് പ്രത്യാശയാണ്.
3. പ്രചോദനം : പ്രത്യാശ
നമ്മുടെ പഴയ പ്രകൃതിയുടെ ഭാഗമായ വെറുപ്പ്, കോപം, അമർഷം എന്നിവയുടെ സ്ഥാനത്ത് ദൈവത്തിന്റെ കൃപ എന്താണ് സ്ഥാപിച്ചിരിക്കുന്നത് എന്നറിയാമോ? അതു പ്രത്യാശയാണ്. അതാണ് 30- ാം വാക്യം നമ്മോട് പറയുന്നത്. “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവന്നാലല്ലൊ നിങ്ങൾക്കു വീണ്ടെടുപ്പിന്നാളിനായി മുദ്രയിട്ടിരിക്കുന്നത്."
ഇത് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഞാൻ വിശദീകരിക്കാം. ഒരു ക്രിസ്ത്യാനി എന്നു പറഞ്ഞാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന വ്യക്തിയും ആ ആത്മാവിനാൽ വീണ്ടെടുപ്പ് നാളിലേക്ക് മുദ്രയിട്ടിരിക്കുന്ന വ്യക്തിയുമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവത്തിന്റെ പരിശുദ്ധാത്മാവ്, തന്റെ സാദൃശ്യത്തിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്ന വ്യക്തി എന്നർത്ഥം. അതല്ലെങ്കിൽ 24- ാം വാക്യം പറയുന്നതു പോലെ “"സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യൻ" അവനെയാണ് ദൈവം വിണ്ടെടുപ്പുനാളിലേക്കായി മുദ്രയിട്ടിരിക്കയും ആ നാൾവരെ ദൈവം സൂക്ഷിക്കുകയും ചെയ്യുന്നത്. പരിശുദ്ധാത്മാവിന്റെ മുദ്രയാണ് നമ്മുടെ പ്രത്യാശയുടെ ഉറപ്പ് എന്നു പറയുന്നത്.
എല്ലാ വിശ്വാസികളുടേയും പ്രത്യാശ, ആത്മാവിന്റെ മുദ്രയാൽ ഉറപ്പാക്കപ്പെട്ടിട്ടുള്ളതും, അവരെല്ലാം തന്നെ ചരിത്രത്തിന്റെ അവസാനത്തിൽ നാശത്തിനല്ല, വീണ്ടെടുപ്പിനായി നിൽക്കുന്നവരുമാണ്. അങ്ങനെയെങ്കിൽ ഈ വീണ്ടെടുപ്പിന്റെ ദിനമേതാണ്?
ആ ദിനമെന്നു പറയുന്നത് നമ്മുടെ പാപത്തോടുള്ള പോരാട്ടം അവസാനിക്കുന്ന ദിനമാണ്. അന്നാണ് നമ്മുടെ ഹൃദയത്തിന്റെ ആഴമായ ആഗ്രഹം പൂർണ്ണമായി, ദൈവത്തിന്റെ കൃപയുടെ മഹത്വം യേശുക്രിസ്തുവിലൂടെ കണ്ട്, സംതൃപ്തി അടയുന്നത്. പിന്നീട് അപൂർണ്ണതയുടെ ഞരക്കങ്ങൾ ഉണ്ടാവില്ല. വേരൊരു കാത്തിരിപ്പില്ല. മോഹഭംഗം സംഭവിച്ച ആഗ്രഹങ്ങൾ ഉണ്ടാവില്ല. അന്ന് നമ്മുടെ വിണ്ടെടുപ്പ് പൂർത്തിയാകും.
ആകയാൽ ആകാത്ത വാക്കുകൾക്കും കൃപയുടെ വാക്കുകൾക്കും 30-നാം വാക്യത്തോടുള്ള ബന്ധമെന്താണ് എന്ന് നോക്കാം.
അവിടുത്തെ പോയിന്റ് എന്നു പറയുന്നത് ഇതാണ്: വളരെ അതിശയകരവും അവസാനവുമില്ലാത്ത ഒരു ഭാവിക്കായി മുദ്രയിട്ട് സൂക്ഷിക്കപ്പെടാൻ, ദൈവം നമുക്ക് ആത്മാവിനെ നൽകിയിരിക്കുന്നു. വേറൊരു രീതിയിൽ പറഞ്ഞാൽ, ആത്മാവിന്റെ മുദ്ര ലക്ഷ്യമിടുന്നത് നമ്മുടെ പ്രത്യാശയിലാണ്. അങ്ങനെയുള്ള ആത്മാവിനെ നാം എങ്ങനെയാണ് ദുഃഖിപ്പിക്കുന്നത്? വീണ്ടെടുപ്പ് നാളിലേക്കുള്ള പ്രത്യാശ ഇല്ലാത്തവരായതുകൊണ്ടാണൊ നാമങ്ങനെ ചെയ്യുന്നത്? അതല്ലെങ്കിൽ, ആത്മാവിന്റെ ശക്തിയിൽ സുരക്ഷിതരായി സൂക്ഷിക്കുമെന്ന പ്രത്യാശ ഇല്ലാത്തതുകൊണ്ടാണൊ നാമങ്ങനെ ചെയ്യുന്നത്? ദൈവത്തിൽ പ്രത്യാശയുള്ളവരായിരിപ്പാൻ, ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അവിടുന്നു നൽകിയിരിക്കുന്നു എങ്കിൽ, ആ ദൈവത്തിൽ പ്രത്യാശ അർപ്പിക്കാതെ, നമ്മുടെ പ്രശ്നങ്ങളിൽ തളർന്നും ക്ഷീണിച്ചും കോപവും കൈപ്പും അമർഷവും കൊണ്ട് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കുകയാണോ എന്നാണ് പൗലോസ് ഇവിടെ പറയുന്നത്. അങ്ങനെയെങ്കിൽ എന്തിനുവേണ്ടി പരിശുദ്ധാത്മാവിനെ അയച്ചുവൊ ആ ലക്ഷ്യത്തിനെതിരെ നിങ്ങൾ മത്സരിക്കുകയാണ് ചെയ്യുന്നത്.
ദൈവത്തിൽ പ്രത്യാശ അർപ്പിക്കാത്ത ഒരു ഹൃദയത്തിൽ നിന്നുവരുന്ന വാക്കുകൾ അതു കേൾക്കുന്ന വ്യക്തിയിൽ യാതൊരു കൃപയും ഉണർത്തുകയില്ല. നിങ്ങൾക്ക് നിങ്ങളിൽ തന്നെ ദൈവകൃപയുടെ പ്രത്യാശ അനുഭവപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ വായിൽ നിന്നു വരുന്ന വാക്കുകൾക്ക് മറ്റുള്ളവർക്ക് കൃപ പകർന്നു നൽകാൻ എങ്ങനെയാണ് കഴിയുക? പ്രത്യാശയില്ലാത്ത ഹൃദയത്തിൽ നിന്നാണ് നിരുത്സാഹത്തിന്റേയും, ഇഛാഭംഗത്തിന്റേയും കോപത്തിന്റേയും, കൈപ്പിന്റേയും ചീഞ്ഞളിഞ്ഞ, ആകാത്ത വാക്കുകൾ പുറപ്പെടുന്നത്.
എന്നാൽ നിങ്ങൾ ഒരു നിമിഷം നിന്ന്, ക്രിസ്തു നിങ്ങളുടെ പാപത്തിനായി മരിച്ചു, നിങ്ങളുടെ നന്മാക്കായി സകലവും കൂടി വ്യാപരിപ്പിക്കാമെന്ന വാഗ്ദാനവും നൽകി, വീണ്ടെടുപ്പു നാളിലേക്ക് നിങ്ങളെ മുദ്രയിട്ട് സൂക്ഷിക്കുക എന്ന ഒരു പ്രത്യേക ഉദ്ദേശ്യ ലക്ഷ്യത്തിനായി തന്റെ പരിശുദ്ധാത്മാവിനെ നൽകി എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉറപ്പും ആഴത്തിലുമുള്ള പ്രത്യാശയുടെ വേര് ഇറങ്ങുമായിരുന്നു. ആ ഒരു റൂട്ടിൽ കൂടി കൃപയുടെ ഉറവ മുകളിലേക്ക് പൊന്തിവരുമായിരുന്നു. ആ ഉറവയിൽ നിന്ന് നിങ്ങളുടെ ജിവിതത്തിന്റെ എല്ലാ മേഖലകളിലും ഫ്രൂട്ട് ആയി പ്രത്യക്ഷപ്പെടുന്ന ഒരു പുതിയ സംസാര രീതി വെളിപ്പെടുമായിരുന്നു.
അപ്പോൾ നിങ്ങളുടെ അധരങ്ങളിൽ നിന്നു പുറപ്പെടുന്ന ആകാത്ത വാക്കുകൾ എന്നത് കേവലം ഒരു ധാർമ്മിക ചോദ്യമല്ല. അതായത്, ഞാൻ ചീത്ത വാക്കുകൾ ഒഴിവാക്കുന്നുണ്ടോ എന്നതല്ല പ്രശ്നം. ക്രിസ്തീയമായ ചോദ്യം ഞാൻ എന്റെ വാക്കുകളാൽ മറ്റുള്ളവരുടെ വിശ്വാസത്തെ പണിയുന്നുവൊ എന്നതാണ്. എന്റെ അധരം കൃപയുടെ മുഖാന്തിരിമായിത്തീരുന്നുണ്ടോ? എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ ഭയചകിതനും ആകുല ചിത്തനും ആണൊ അതൊ എന്റെ ജീവിതം പ്രത്യാശ-പൂരിതവും ദൈവം തന്റെ വിണ്ടെടുപ്പുനാളിലേക്ക് എന്നെ മുദ്രയിട്ട് സൂക്ഷിച്ചിരിക്കുന്നു എന്ന ചിന്തയാൽ നിറഞ്ഞു കവിയുന്നതൊ? എങ്കിൽ ആ കൃപ നാം മറ്റുള്ളവരിലേക്ക് നമ്മുടെ വാക്കുകളിലൂടേയും സംസാരത്തിലൂടേയും പകർന്നു നൽകാം. അതിനു സ്വ്ർഗ്ഗത്തിലെ ദൈവം നമ്മെ സഹായിക്കട്ടെ.
*******