top of page
എഫെസ്യ ലേഖന പരമ്പര -26
P M Mathew
JUN 28, 2015

The Christian life with wisdom
ജ്ഞാനത്തോടെയുള്ള ക്രിസ്തീയജീവിതം

Ephesians 5:15-20

ആമുഖം

ക്രിസ്തീയ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് അപ്പൊസ്തലനായ പൗലോസ് പ്രതിപാദിക്കുന്ന ഒരു വേദഭാഗത്തിലേക്കു നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നു. അതിനായി എഫേസ്യാലേഖനം അതിന്റെ അഞ്ചാം അദ്ധ്യായം 15-20 വരെ വാക്യങ്ങൾ നമുക്കു നോക്കാം.

എഫെസ്യർ 6:10-20

"ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ. 11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. 12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും 15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം 16 കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. 17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. 18 സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. 19 ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും 20 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.""" 5:15-20

“ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല, ജ്ഞാനികളായിട്ടത്രേ നടക്കുവാൻ നോക്കുവിൻ. ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചു കൊള്ളുവിൻ. ബുദ്ധിഹീനരാകാതെ കർത്താവിൻറെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊള്ളുവിൻ. വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും, ആത്മീയഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവനു എല്ലായിപ്പോഴും എല്ലാറ്റിനുംവേണ്ടിയും സ്തോത്രം ചെയ്തുകൊള്ളുവിൻ.”

കേന്ദ്ര ആശയം

ഈ വേദഭാഗത്തിന്റെ കേന്ദ്ര ആശയമെന്നു പറയുന്നത്, ഒരു ക്രിസ്ത്യാനിയുടെ ജീവിതം ജ്ഞാനത്തോടെ, ദൈവാത്മ നിറവിൽ ആയിരിക്കണം എന്നതാണ്.

വിശ്വാസികൾ ഉന്നതമായ ധാർമ്മിക നിലവാരം കാത്തുസൂക്ഷിക്കണം എന്നതിനെ സംബന്ധിച്ച തന്റെ പ്രബോധനം അപ്പൊസ്തലൻ തുടരുകയാണ്. Therefore എന്ന inferential conjunction, നാലാം അദ്ധ്യായത്തിന്റെ ആരംഭം മുതൽ പറഞ്ഞുവന്ന ധാർമ്മിക പ്രബോധനങ്ങളുടെ കേന്ദ്ര ആശയത്തോട് പരോക്ഷമായും ഇതിനു തൊട്ടുമുൻപുള്ള വേദഭാഗത്തോട്, നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകയാൽ വെളിച്ചത്തിലുള്ളവരെപ്പോലെ നടക്കണം എന്നതിനോട് നേരിട്ടും ഈ വേദഭാഗത്തെ ബന്ധിപ്പിക്കുന്നു.

നമ്മുടെ ദൈനം-ദിന ജീവിതത്തെ ക്രമപ്പെടുത്തുന്നതിനും ക്രിസ്തുവിനെ ബഹുമാനിച്ചുകൊണ്ടുള്ള ഒരു ജിവിതം നയിക്കുന്നതിനും ജ്ഞാനത്തേയും പരിശുദ്ധാത്മാവിനേയും സമന്വയിപ്പിച്ചുകൊണ്ടു പോകേണ്ടത് ആവശ്യമാണ്. അതായത്, ദൈവികജ്ഞാനത്താലും, ദൈവാത്മാ നിറവിലും നയിക്കപ്പെടുന്ന ഒരു ജീവിതമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഓരോ തിരഞ്ഞെടുപ്പും പെരുമാറ്റങ്ങളും ജ്ഞാനത്തോടെ ദൈവഹിതപ്രകാരമായിരിക്കണം. അങ്ങനെയുള്ള ഒരു ജീവിതമാണ് ദൈവരാജ്യത്തിന്റെ കെട്ടുപണിക്കും ദൈവത്തിന്റെ മഹത്വത്തിനും ആധാരമായിരിക്കുന്നത്."

1. ജ്ഞാനത്തോടെയുള്ള ജീവിതം ദൈവഹിതപ്രകാരമുള്ള ജീവിതമാണ് (The life of wisdom is the life of God).

വിശ്വാസികൾ അജ്ഞാനികൾ ആയിട്ടല്ല, ജ്ഞാനികളായിട്ടത്രേ ജീവിക്കേണ്ടത് എന്ന് പൗലോസ് പറയുമ്പോൾ താൻ ഈ ലോകത്തിന്റെ ജ്ഞാനമല്ല, ദൈവത്തിന്റെ ജ്ഞാനത്തെക്കുറിച്ചാണ് പറയുന്നത്. ദൈവത്തിന്റെ വചനം, രണ്ടു തരത്തിലുള്ള ജ്ഞാനത്തെക്കുറിച്ചു പറയുന്നു. ഈ ലോകത്തിന്റെ ജ്ഞാനവും ദൈവികജ്ഞാനവും. ഒരു വ്യക്തിക്കു ജ്ഞാനത്തോടെ ജീവിക്കുവാൻ കഴിയണമെങ്കിൽ, ഈ ലോകത്തിന്റെ ജ്ഞാനവും ദൈവിക ജ്ഞാനവും തമ്മിൽ തിരിച്ചറിയേണ്ടതുണ്ട്. ദൈവികജ്ഞാനവും ഈ ലോകജ്ഞാനവും തമ്മിൽ തിരിച്ചറിയാനുള്ള വഴി, ദൈവികജ്ഞാനം ഏകസത്യദൈവത്തെ അംഗീകരിക്കുന്നതും ആ ദൈവത്തിന്റെ ഹിതത്തിനു താഴ്മയോടെ വിധേയപ്പെടുന്നതുമാണ്. ഏകസത്യ ദൈവത്തെ അംഗീകരിച്ചും ആ ദൈവത്തിനു നമ്മേത്തന്നെ കീഴ്പ്പെടുത്തിയും കൊണ്ടുള്ള ജീവിതമാണ് യഥാർത്ഥജ്ഞാനമെന്ന് പറയുന്നത്.

സങ്കീ. 111:11 ൽ ഇപ്രകാരം വായിക്കുന്നു: “യഹോവഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്. ” “The fear of the Lord is the beginning of wisdom; all who follow his precepts have good understanding.” ജ്ഞാനം യഹോവഭക്തി അഥവാ ഭയത്തിലാണ് ആരംഭിക്കുന്നത്, അത് യഹോവ ഭക്തിയിൽ ആരംഭിച്ച് അവന്റെ കൽപ്പനകളെ പ്രമാണിക്കുന്നതിൽ പുരോഗമിക്കുന്നു എന്നു ഈ വാക്യത്തിൽ നാം കാണുന്നു.

ഈ ലോകജ്ഞാനത്തെക്കുറിച്ച് അഥവാ മാനുഷികജ്ഞാനത്തെ യിരമ്യാ പ്രവാചകൻ പറയുന്നത് നോക്കുക: യിരമ്യാ 9:23-24 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്. പ്രശംസിക്കുന്നവനൊ യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽതന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രാസാദമുള്ളത് എന്നു യഹോവയുടെ അരുളപ്പാട്.”

മാനുഷികജ്ഞാനത്തിന്റെ അപര്യാപ്തത എന്തെന്നാൽ, അതിന്റെ പ്രശ്നമെന്തെന്നാൽ എന്തെന്നാൽ, അത് ദൈവിക ജ്ഞാനത്തെ തിരസ്ക്കരിക്കുന്നു എന്നതാണ്. ഈ ലോകത്തിന്റെ ജ്ഞാനം, അതല്ലെങ്കിൽ നാം ജീവിക്കുന്ന സമൂഹം ജ്ഞാനം എന്ന് ചിന്തിക്കുന്നത്, ദൈവത്തിന്റെ മുൻപിൽ കേവലം ഭോഷത്വമാണ്. 1 കൊരി 3:19-20 നാം കാണുന്നത്: “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു എന്നും കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു എന്നും” എഴുതിയിരിക്കുന്നുവല്ലോ.” യിശയാ 29:14 ഉദ്ധരിച്ചുകൊണ്ട് പൗലോസ് 1 കൊരി 1:19 ൽ പറയുന്നു : "ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബലമാക്കുകയും ചെയ്യും.” ഈ ലോകത്തിന്റെ ജ്ഞാനത്താലാണ് അന്നത്തെ ഭരണാധികാരികൾ യേശുക്രിസ്തുവിനെ ക്രൂശിച്ചത്. സങ്കീർത്തനങ്ങളിൽ പറയുന്നതും, സദൃശ്യവാക്യങ്ങളിൽ ആവർത്തിക്കുന്നതുമായ ഒരു കാര്യമെന്തെന്നാൽ ദൈവിക ജ്ഞാനം ജീവനുള്ള ദൈവത്തെ അറിയുന്നതിൽ ആരംഭിക്കുന്നതും, അവൻ തന്നെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളോടു ആഴമായ ബഹുമാനം പുലർത്തുന്നതുമാണ് (സദൃ 1:7; 9:10;15:33).

യെശയ്യാ പ്രവാചകൻ അതിനു, അടിവരയിട്ടുകൊണ്ട്, 33:6 ൽ ഇപ്രകാരം പറയുന്നു : “യഹോവാഭക്തി അവരുടെ നിക്ഷേപമായിരിക്കും;” അതേ, ജ്ഞാനിയുടെ ഒരു സമ്പത്തായിട്ടാണ് യഹോവാഭക്തിയെ ദൈവവചനം കാണുന്നത്. ജ്ഞാനികൾ ദൈവത്തെ ഭയപ്പെടുകയും ദൈവത്തിന്റെ മുൻഗണനകൾക്കനുസരിച്ച് തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നതിനു ആത്മാർത്ഥതയോടെ ശ്രമിക്കയും ചെയ്യുന്നു. പുതിയ നിയമത്തിൽ ജ്ഞാനം ക്രിസ്തുവിനെ അറിയുന്നതിനോട് തുലനപ്പെടുത്തിയിരിക്കുന്നു. 1 കൊരി 1:24 ൽ ക്രിസ്തുവിനെ ജ്ഞാനത്തിന്റെ personification എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 1 കൊരി 1:24 “ജാതികൾക്കു ഭോഷത്വമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നെ.” യെഹൂദനാകട്ടെ യവനനാകട്ടെ വിളിക്കപ്പെട്ടവർക്ക് ക്രിസ്തു ദൈവജ്ഞാനമാണ്. ദൈവിക ജ്ഞാനത്തിന്റെ ആളത്വമാണ് ക്രിസ്തു. മത്തായി 7:24 ൽ യേശു ശിഷ്യന്മാരോട് പറയുന്നു : “ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ട് ചെയ്യുന്നവരൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യമാകുന്നു.”

കൊലൊ. 3:16 ൽ പൗലോസ് ഇതിനു സമാനമായ മറ്റൊരു കാര്യം പറയുന്നതെന്തെന്നാൽ “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധി ഉപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടെ നിങ്ങളിൽ വസിക്കട്ടെ:” ക്രിസ്തുവിന്റെ വചനത്താൽ നാം നിറയണം. അങ്ങനെ സംഭവിക്കുമ്പോൾ ആത്മനിറവിനാൽ ഉളവാകുന്ന കാര്യങ്ങളാണ് നമ്മിൽ സംഭവിക്കുന്നത്. ആകയാൽ ദൈവത്തിന്റെ വചനം പഠിക്കുന്നതും അതിനനുസരിച്ച് തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നതും ഓരോത്തരും തങ്ങളുടെ നിർബന്ധ വിഷയമായി കാണണം. അതിലൂടെ ദൈവവുമായി, കർത്താവായ യേശുക്രിസ്തുവുമായി വ്യക്തിഗത ബന്ധത്തിൽ നമ്മുടെ ജീവിതത്തെ വ്യതിയാനപ്പെടുത്തു മ്പോഴാണ് ജ്ഞാനപൂർണ്ണമായ ജിവിതം ആയി തീരുന്നത്.

2. ജ്ഞാനത്തോടെയുള്ള ജീവിതം ഇതു ദുഷ്ക്കാലമാണ് എന്ന് അറിഞ്ഞ് തങ്ങളെത്തന്നെ മലിനപ്പെടുത്താതെയുള്ള ജീവിതമാണ് (The life of the wise is a life of knowing that these are evil days and not polluting themselves)
"5:16 “ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചു കൊള്ളുവിൻ.” സുവിശേഷം കേൾക്കുകയും ഒരു നല്ല തുടക്കം കുറിക്കുകയും ചെയ്ത വ്യക്തി, ഞാൻ സുരക്ഷിതൻ, ഞാനെല്ലാം നിവൃത്തിച്ചിരിക്കുന്നു എന്ന് ചിന്തിച്ചുകൊണ്ട് അശ്രദ്ധയോടെ, അജ്ഞാനികളായി, സുവിശേഷത്തിൽ നിന്നു പൊടുന്നനവെ മാറിപ്പോകുവാനുള്ള വലിയ സാദ്ധ്യതയുണ്ട്.

എന്നാൽ വിശ്വാസികൾ എപ്പോഴും ഒരു ദുഷ്ടലോകത്താണ് ജീവിക്കുന്നത് എന്ന് ഓർക്കണം. നാം രക്ഷിക്കപ്പെട്ടു എങ്കിലും, നാം ജീവിക്കുന്ന ഈ ലോകം പിശാചിന്റെ അധീനതയിൽ തന്നെ നിലനിൽക്കുന്നു. ലോകത്തിനു മാറ്റമൊന്നും സംഭവിച്ചിട്ടില്ല. മാറ്റം എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ അതു നമുക്കാണ്. നാമൊരു ദുഷ്ടലോകത്താണോ ജീവിക്കുന്നത് എന്ന് അറിയാൻ, നമ്മുടെ ദിനപ്പത്രം കേവലം ഒന്നു മറിച്ചുനോക്കിയാൽ മാത്രം മതി. ഓരോ ദിവസത്തേയും വാർത്തകൾ വർദ്ധിച്ചു വരുന്ന ദുഷ്ടതയുടെ ആധിക്യത്തെയല്ലേ കാണിക്കുന്നത്.

കഞ്ചാവിന്റെ പേരിലും അതുപോലെ മയക്കു മരുന്നിന്റെ പേരിലും പടിക്കപ്പെടുന്നവരുടെ പേരുകൾ ദിനപ്രതിയും പേപ്പറുകളിൽ പ്രത്യക്ഷപ്പെടുന്നു. സങ്കടമെന്ന് പറയട്ടെ അതിൽ വിശ്വാസികളുടെ പേരും ഇടം പിടിക്കുന്നു. അതിൽ മിക്കപേരും 16-25 നും മദ്ധ്യേ പ്രായമുള്ള യുവാക്കളാണ്. അതുകൊണ്ട് യുവതി- യുവാക്കന്മാരായ വിശ്വാസികൾക്കു മുൻപിൽ വലിയൊരു വെല്ലുവിളിയുണ്ട്. തങ്ങൾ ആരുടെവകയാണ്, തങ്ങൾ ആരേ പ്രതിനിധാനം ചെയ്യുന്നു എന്ന അറിവിൽ തങ്ങളുടെ ചുവടുകളെ ശ്രദ്ധയോടെ വെക്കേണ്ടതാണ്. മാതാപിതാക്കൾക്ക് ഈ വിഷയത്തിൽ വളരെ ശ്രദ്ധ ആവശ്യമാണ്. തങ്ങളുടെ മക്കൾ രക്ഷിക്കപ്പെട്ടവരാണോ എന്ന് ഉറപ്പു വരുത്തുക. അവർ മറ്റെന്തിനാക്കാളും കർത്താവിനെ യാണോ പ്രിയപ്പെടുന്നത് എന്ന് ഉറപ്പാക്കുക. തങ്ങളുടെ മക്കളുടെ ദൈനംദിനവുമുള്ള പെരുമാറ്റവും സംസാരവും ഇടപാടുകളും ശ്രദ്ധിക്കുക.

അങ്ങനെ ക്രിസ്തീയജീവിതം വളരെ ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോയില്ലെങ്കിൽ, പലരും ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീണതിനുശേഷമായിരിക്കും നാം കാര്യം അറിയുന്നത്. അതുപോലെ യുവതി യുവാക്കൾ തങ്ങൾ ഇടപെടുന്ന ഒരോരുത്തരേയും വളരെ ശ്രദ്ധിച്ചില്ലങ്കിൽ നിങ്ങൾ ചതിയിൽ പെട്ടുപോകാനുള്ള വലിയ സാദ്ധ്യത നിങ്ങളുടെ മുന്നിലുണ്ട്. ഇനി ആത്മീകലോകത്തെ നോക്കിയാലും, നാം ഇടപെടുന്ന ആളുകളുടെ പെരുമാറ്റരീതികളും അവർ ചെയ്യുന്ന കാര്യങ്ങളുടെ ഉദ്ദേശ്യവും നാം വിശകലനം ചെയ്തു നോക്കിയാൽ നാം ജീവിക്കുന്ന ഈ കാലഘട്ടം ദുഷ്ക്കാലമാണ് എന്ന് കണ്ടെത്താൻ വിഷമമില്ല.

സാത്താന്റെ തന്ത്രങ്ങൾക്കും അവന്റെ പ്രവർത്തനങ്ങൾക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ല. അവൻ തന്റെ സമയം അവസാനിക്കുവാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞ് വളരെ ഊർജ്ജ സ്വലതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ആരേയും പാപത്തിലേക്ക് വശീകരിക്കാൻ തക്കവിധം അവന്റെ പ്രവർത്തനം എല്ലാമേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.

അതുകൂടാതെ, നമ്മുടെ ജഡവും പാപത്തിലേക്ക് നമ്മേ നയിക്കുന്നതാണ്. അപ്പോസ്തലനായ പൗലോസ് അതിനെക്കുറിച്ചു വിലപിക്കുന്നത് റോമർ 7:14 “ന്യായപ്രമാണം ആത്മീകം എന്നു നാം അറിയുന്നുവല്ലോ ഞാനോ ജഡമയൻ, പാവത്തിന്റെ ദാസനായി വെറുക്കപ്പെട്ടവൻ തന്നെ;” ഗലാ 5:17 ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോദമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയാതെവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.” അതായത്, ഗലാ 5:19 ഇ പറയുന്നതുപോലെ “ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദപക്ഷം , ഭിന്നത അസൂയ മദ്യപാനം മുതലായവ എന്നു വെളിവാകുന്നു. ഈവക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പേ പ റഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടു മുൻകൂട്ടി പറയുന്നു.” ഒരു വിശ്വാസി ജീവിക്കുന്നത്, തന്നെ പിറകോട്ടു വലിക്കുന്ന ഈ മുന്നു ശക്തികൾക്ക് നടുവിലാണ്. ലോകം ജഡം പിശാച് എന്നീ ശത്രുക്കൾ ജ്ഞാനപൂർവ്വമായ ജീവിതത്തിനു ബദലായി/എതിരായി നിലകൊള്ളുന്നു. ആകയാൽ നാം ജീവിക്കുന്ന ഈ ലോകം ദുഷ്ടലോകമാണ് എന്ന് അറിഞ്ഞ് അവയാൽ മലിനപ്പെടാതെ നാം നമ്മേത്തന്നെ സൂക്ഷിക്കേണ്ടതാണ്."
3. ജ്ഞാനത്തോടെയുള്ള ജീവിതം സമയം തക്കത്തിൽ ഉപയോഗിച്ചു കൊണ്ടുള്ള ജീവിതമാണ് (A wise life is one that uses time wisely).

5:16 “ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചു കൊള്ളുവിൻ.”

പൗലോസ് തന്റെ വായനക്കാരെ ഓർമ്മിപ്പിക്കുന്നതെന്തെന്നാൽ, നിങ്ങൾ ജിവിക്കുന്നത് പാപത്തിലേക്ക് ആളുകളെ പ്രലോഭിക്കുന്ന ഒരു ദുഷ്ടലോകത്തും, ആ ലോകമെന്ന് പറയുന്നതൊ പെട്ടെന്ന് അവസാനിക്കാൻ പോകുന്നതുമായ ലോകമാണ് എന്നാണ്. അതുകൊണ്ട് നിങ്ങളുടെ സമയം തക്കത്തിൽ ഉപയോഗിക്കണം. ജ്ഞാനപൂർവ്വമായ ജീവിതത്തിന്റെ ഭാഗമായാണ് അപ്പോസ്തലൻ സമയം തക്കത്തിൽ ഉപയോഗിക്കണം എന്നു പറയുന്നത്.

‘തക്കത്തിൽ ഉപയോഗിക്കുക’ എന്നു പറഞ്ഞാൽ, “വീണ്ടെടുത്ത്“ ഉപയോഗിക്കുക, “വിലകൊടുത്ത് വാങ്ങി” ഉപയോഗിക്കുക എന്നൊക്കെയാണ്. നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സമയം ക്രീയാത്മകമായി ഉപയോഗിക്കുക. നമുക്കു ലഭിച്ചിരിക്കുന്ന പരമാവധി സമയം പ്രയോജനപ്പെടുത്തി ജീവിക്കുക. Making the most of the time. നാമൊരു ദുഷ്ടലോകത്താണ് ജീവിക്കുന്നത് എന്ന് അപ്പോസ്തലൻ പറഞ്ഞു. അതായത്, ദുഷ്ട ശക്തികൾ വാഴുന്ന ലോകം. എന്നാൽ ഈ ലോകത്തിനൊരു അവസാനമുണ്ട്. കർത്താവ് രണ്ടാമതു വരുംപോൾ ഈ ദുഷ്ട ശക്തികളെ കർത്താവ് കീഴടക്കും. അവയുടെ വാഴ്ച അവസാനിപ്പിച്ച് ദൈവത്തിന്റെ വാഴ്ച യാഥാർത്ഥ്യമാക്കും.

ദുഷ്ടാത്മസേനയാൽ ദുഷ്ടത വർദ്ധിച്ചിരിക്കുന്ന ലോകത്ത് നാം എങ്ങനെ ജിവിക്കണമെന്നാണ് എഫെ 6:13 ൽ നാം വായിക്കുന്നത്. “അതുകൊണ്ട് നിങ്ങൾ ദുർദിവസത്തിൽ എതിർത്തു നിൽക്കുവാനും സകലവും സമാപിച്ച ഉറച്ചു നിൽക്കുവാനും കഴിയേണ്ടഅതിന്ദൈവത്തിനു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊള്ളുക.”

ഇതൊരു ദുഷ്ടലോകമാണ് അതുകൊണ്ട് നിങ്ങൾ ഇതൊന്നുമില്ലാത്ത ലോകത്ത് ഏകാന്തനായി ദുഷ്ടത തീണ്ടാതെ, കർത്താവിന്റെ വരവുവരെ ജിവിക്കണം എന്നല്ല പൗലോസ് പറഞ്ഞുവരുന്നത്. ഉയർത്തെഴുനേറ്റ കർത്താവിനോട് ചേർന്ന് ഈ ലോകത്തോട് പോരാടുകയും കർത്താവിന്റെ നാമത്തെകൊണ്ട് ഈ ലോകത്തെ നിറക്കയും വേണമെന്നാണ് 1:23 ലും 4:10 ലും നാം കണ്ടത്. 2 പത്രോസ് 3:9 എന്താണ് പറയുന്നത് എന്നാൽ ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിക്കാൻ താമസിക്കുന്നില്ല; ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടണം എന്നുവെച്ച് നിങ്ങളോട് ദീർഘക്ഷമകാണിക്കുന്നതേയുള്ളു.”

ഇതു ദുഷ്ക്കാലമാകയാൽ, ഉയർത്തെഴുനേറ്റ കർത്താവിനെ പ്രഘോഷിക്കുവാൻ, സുവിശേഷം പങ്കുവെക്കുവാൻ നല്ല അവസരങ്ങൾ ലഭിക്കുന്നു. ലോകത്തിന്റെ ദുഷ്ടതയിൽ നട്ടംതിരിയുന്ന ആളുകളെ കണ്ടെത്താൻ നാം അധികം വിഷമിക്കേണ്ട ആവശ്യമില്ല. അവർ കയ്യെത്താദൂരത്തുതന്നെ ഉണ്ട്, നാം കണ്ണു തുറന്നു നോക്കി അവയെ കണ്ടെത്തി നമുക്കു പ്രയോജനപ്പെടുത്താവുന്നതാണ്.

സാത്താൻ ഈ കാലങ്ങളിൽ തന്റെ സമയം അവസാനിക്കാൻ പോകുന്നു എന്ന് മനസ്സിലാക്കി ക്രിസ്ത്യാനിറ്റിക്കെതിരെ എല്ലാ നിലകളിലും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മയങ്ങിക്കിടന്ന പല മതങ്ങളും ഉയർത്തെഴുനേറ്റ് ക്രിസ്ത്യാനിറ്റിക്കെതിരെ ഒന്നടങ്കം പോരാടിക്കൊണ്ടിരിക്കുന്നു. ബൈബിളിലെ വേദഭാഗങ്ങൾ അതിന്റെ പശ്ചാത്തലങ്ങളിൽ നിന്ന് അടർത്തി എടുത്ത്തങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ പറയുന്ന രീതി ശത്രുക്കൾ തുടങ്ങിയിരിക്കുന്നു. അതിനെതിരെ നാം ദൈവാത്മാവിന്റെ ശക്തിയിൽ പോരാട്ടം കഴിക്കേണ്ട സമയമാണിത്. നമ്മുടെ സമയം തക്കത്തിൽ ഉപയോഗിക്കുവാൻ നാം ബദ്ധശ്രദ്ധരാകുക.

ഇപ്പോഴത്തെ ഹൈടെക് സംവിധാനങ്ങളും സാഹചര്യങ്ങളും നമ്മെ ദൈവഹിതത്തിൽ നിന്ന് വഴിതെറ്റിക്കുന്നതിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നു മാത്രമല്ല, ദൈവത്തിന്റെ ദാനമായ വിലപ്പെട്ട സമയം ഇതിനു വേണ്ടി പാഴാക്കിക്കളയുകയും ചെയ്യന്നതിനും ഇടയാക്കി തീർക്കുന്നു. പലരും അതിനെക്കുറിച്ച് ബോധവാന്മാരല്ല. യവ്വനക്കാരെ ഉദ്ദേശിച്ച് ബാബു ജോർജ്ജ് സഹോദരൻ വ്യാഴാഴ്ചകളിൽ സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിൽ നിന്ന് പഠിപ്പിക്കുന്നുണ്ട്. എന്നാൽ അതിൽ സംബന്ധിക്കുന്ന യവ്വനക്കാരുടെ എണ്ണം എത്ര ചുരുങ്ങിയിരിക്കുന്നു എന്നത് എത്ര സങ്കടകരമാണ്.

ദുഷ്ടലോകത്ത് ജീവിക്കുമ്പോഴാണ് കർത്താവിന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ നമുക്ക് ഏറ്റവും നല്ല അവസരം ലഭിക്കുന്നത്. ആളുകൾ നമ്മോട് മോശമായി ഇടപെടുമ്പോഴാണ് കർത്താവും പറഞ്ഞതുപോലെ തിന്മയെ നന്മകൊണ്ട് നേരിടുവാൻ നമുക്ക് അവസരം ലഭിക്കുന്നത്. ഈ നാളുകളിലെ എന്റെ പ്രാർത്ഥന കർത്താവെ അങ്ങേ സ്വരൂപത്തോട് എന്നെ അനുരൂപനാക്കേണമേ എന്നതായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും വളരെ പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടതായ് വന്നിട്ടുണ്ട്. പ്രതികൂലങ്ങളിലാണല്ലൊ നമ്മുടെ സ്വഭാവം ടെസ്റ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ട് ഇങ്ങനെയുള്ള സമയങ്ങൾ നാം തക്കത്തിൽ ഉപയോഗിക്കാൻ നാം പഠിക്കണം.

സൽപ്രവൃത്തികളിൽ വർദ്ധിച്ചു വരാനും നമുക്കീ സമയത്തെ ഉപയോഗിക്കാൻ സാധിക്കും. ഗലാ 6:10 “ആകയാൽ അവസരംകിട്ടും പോലെ നാം എല്ലാവർക്കും വിശേഷാൽ സകല വിശ്വാസികൾക്കും നന്മചെയ്യുക;”

4. ജ്ഞാനത്തോടെയുള്ള ജീവിതം “ദൈവഹിതം തിരിച്ചറിഞ്ഞുകൊണ്ടുള്ള” ജീവിതമാണ് (A life of wisdom is a life of “discernment of the will of God".)

പൗലോസ് ജ്ഞാനവും ദൈവത്തിന്റെ ഹിതം അറിയുന്നതും പരസ്പരം ബന്ധിച്ചിരിക്കുകയാണ് 17-നാം വാക്യത്തിൽ നാം കാണുന്നത്. 5:17 “ബുദ്ധിഹീനരാകാതെ കർത്താവിൻറെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊള്ളുവിൻ.”

ദൈവഹിതത്തെക്കുറിച്ചു പലരും മനസ്സിലാക്കി വെച്ചിരിക്കുന്നത് പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക തീരുമാനമെടുക്കുന്നതാണ്. ഉദാഹരണത്തിനു വിവാഹത്തിന്റെ ഇണയെ തിരഞ്ഞെടുക്കുന്നതിൽ ദൈവഹിതം ചോദിക്കുക, ഒരു പഠനമൊ ജോലിയൊ തെരഞ്ഞെടുക്കുന്നതിൽ ദൈവഹിതം ആരായുക. ഏതെങ്കിലും സാധനങ്ങൾ വാങ്ങുന്നത് ദൈഹിതമാണോ എന്ന് ആരായുക. ഇതാണ് ദൈവഹിതമെന്നു പറഞ്ഞാൽ എല്ലാം എന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ എഫേസ്യലേഖനത്തിലുടനീളം, ദൈവത്തിന്റെ ഹിതം, ദൈവത്തിന്റെ സൃഷ്ടിയെ സംബന്ധിച്ച വലിയ പദ്ധതിയോട്, ബന്ധപ്പെട്ടാണ് പറഞ്ഞിരിക്കുന്നത്. അതായത്, ആകാശവും ഭൂമിയും സൃഷ്ടിച്ച നാൾ മുതൽ ക്രിസ്തുവിൽ എല്ലാം ഒന്നായി തീരുന്നതുവരെയുള്ള പദ്ധതിയെ സംബന്ധിച്ചുള്ള ദൈവഹിതം നിങ്ങൾ അറിയണമെന്നാണ്. അതിലൊ കേന്ദ്രമായിരിക്കുന്നത്, ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തിയ രക്ഷാകര പദ്ധതിയും. പൗലോസ് അതിനെക്കുറിച്ച് എഫെ. 1:9 ൽ പറയുന്നത് “ദൈവഹിതത്തിന്റെ മർമ്മം” എന്നാണ്. ദൈവഹിത പ്രകാരം നടക്കുക എന്നാൽ ദൈവത്തിന്റെ മാസ്റ്റർ പ്ലാൻ, പ്രത്യേകിച്ചും ക്രിസ്തുവിലൂടെയുള്ള തന്റെ രാജ്യത്തിന്റെ പദ്ധതി അറിയുന്നതും പഠിക്കുന്നതും ക്രിസ്തുവിലൂടെയുള്ള രാജ്യം സ്ഥാപിക്കപ്പെടുന്നതുമായ ബൃഹത്തായ പദ്ധതിയുമായി ഇഴുകിച്ചേർന്ന് ജീവിക്കുക. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് നിങ്ങൾ മുന്നമെ പറഞ്ഞ കാര്യങ്ങളിൽ ദൈവഹിതം ആരായുന്നത് എങ്കിൽ അതിനർത്ഥമുണ്ട്.

ബൈബിളിലെ ജ്ഞാന പുസ്തകങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സമഗ്രമായ അറിവും, നമ്മിൽ അധിവസിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പും ദൈവഹിതം അറിയുന്നതിൽ അത്യാവശ്യ സംഗതിയാണ്.

5. ജ്ഞാനത്തോടെയുള്ള ജീവിതം ദൈവാത്മനിറവിലുള്ള ജീവിതമാണ് (The life of wisdom is the life of the Spirit of God)

18-20 വാക്യങ്ങൾ വായിക്കാം “വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും, ആത്മീയഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവനു എല്ലായിപ്പോഴും എല്ലാറ്റിനുംവേണ്ടിയും സ്തോത്രം ചെയ്തുകൊള്ളുവിൻ.” വാസ്തവത്തിൽ ജ്ഞാനിയായി തീരാനുള്ള ഒരു രഹസ്യമാണ് ദൈവാത്മ നിറവ്. ദൈവാത്മാവിനാൽ നിറയപ്പെട്ടാൽ, ദൈവത്തിന്റെ ജ്ഞാനം ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളോട് ജ്ഞാനത്തോടെ പ്രതികരിക്കുന്നതിനു നമ്മേ പ്രാപ്തിപ്പെടുത്തും. ക്രിസ്തീയ ജിവിതത്തിനു ഒഴിച്ചുകൂടാനാവാത്തതും അത്യാവശ്യവുമായ ഘടകം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പാണ്. നാം കഴിഞ്ഞ നാളുകളിൽ ഈ വേദഭാഗത്തിനു തൊട്ടു മുന്നിൽ പ്രസ്താവിച്ചിരിക്കുന്ന ഉന്നതമായ ധാർമ്മിക നിലവാരം, മാനുഷികമായി, നമുക്ക് അസാദ്ധ്യമായ സംഗതിയാണ്. ഉദാഹരണത്തിനു കർത്താവ് നമ്മെ സ്നേഹിച്ചതുപോലെ എങ്ങനെയാണ് നമുക്ക് സഹോദരങ്ങളെ സ്നെഹിക്കാൻ സാധിക്കുക. അത് നമ്മേ സംബന്ധിച്ചിടത്തോളം അസാദ്ദ്യമായ സംഗതിയാണ്. എന്നാൽ നമ്മുടെ പുതിയ ജീവിതത്തിന്റെ സന്തോഷകരമായ വാർത്ത എന്തെന്നാൽ, എഫേസ്യാ ലേഖനത്തിൽ പൗലോസ് വെളിപ്പെടുത്തുന്നതുപോലെ, ദൈവത്തിന്റെ, പരിശുദ്ധാത്മസാന്നിദ്ധ്യത്താൽ, ശക്തിയാൽ നമുക്കതിൽ വിജയിക്കുവാൻ, വളരെ മുന്നേറുവാൻ സാധിക്കും എന്ന കാര്യമാണ് (3:20). അതുകൊണ്ട് പരിശുദ്ധാത്മാവിനാൽ നിങ്ങൾ നിറയപ്പെടണം എന്ന കൽപ്പന തരുന്നതിൽ നാം തെല്ലും അതിശയിക്കേണ്ട ആവശ്യമില്ല. അപ്പൊസ്തലനായ് പൗലോസ് ആ കൽപ്പന നൽകിയിരിക്കുന്നത്, മുകളിൽ ഉദ്ധരിച്ച ധാർമ്മിക ഉത്തരവാദത്തിന്റെ അവസാനത്തിലും.

എന്നാൽ കുടുംബജീവിതത്തെ സംബന്ധിച്ച നിർദ്ദേശങ്ങളുടെ ആരംഭത്തിലുമാണ്. അതായത്,ഈ രണ്ടു ഭാഗങ്ങളേയും ഒരു വിജാഗിരി പോലെ ബന്ധിപ്പിക്കുന്ന വാക്യമാണ് 5:18-19 “വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും, ആത്മീയഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവനു എല്ലായിപ്പോഴും എല്ലാറ്റിനുംവേണ്ടിയും സ്തോത്രം ചെയ്തുകൊള്ളുവിൻ;” ഇത് പാസ്സീവ് വോയിസിലുള്ള ഒരു കൽപ്പനയാണ്. അതായത്, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിറയപ്പെടേണ്ടതിനു നിങ്ങളെ തന്നെ വിധേയപ്പെടുത്തി ക്കൊടുക്കുക എന്നതാണ് അതിലൂടെ അർത്ഥമാക്കുന്നത്.

പൗലോസിന്റെ എഴുത്തുകളിലെ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയുടെ ഒരു പ്രധാന വശമെന്നത് ദൈവത്തിന്റെ ജനത്തെ പാപകരമായ പ്രവൃത്തികളിൽ നിന്ന് വിടുവിക്കുക, ക്രിസ്തീയ നന്മകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നിവയാണ്. റോമർ 8:13 ൽ ജഡത്തിന്റെ പ്രവൃത്തികളെ ആത്മാവിനാൽ മരിപ്പിക്കണമെന്ന് നാം വായിക്കുന്നു. അതുപോലെ ഗലാത്യർ 5:16 ൽ ജഡത്തിന്റെ പ്രവൃത്തികൾക്ക് നിങ്ങളെ വിധേയരാക്കാതെ ആത്മാവിന്റെ ഫലമുള്ളവരായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. തുടർന്ന് നാം വായിച്ച ഈ വേദഭാഗത്ത്, അതായത്, 5:17 ൽ ദൈവത്തിന്റെ ഹിതം ആരാജ്ഞറിയുന്നതും ആത്മാവാണെന്ന് നാം കാണുന്നു. അതേ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ദൈവത്തിന്റെ ഹിതം ആരാജ്ഞാറിയുന്നു എന്നു മാത്രമല്ല, ആ ഹിതമനുസരിച്ചു ജീവിക്കുവാൻ നമുക്കു താത്പ്പര്യം ജനിപ്പിക്കുകയും അതിനായി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ദൈവജനം എല്ലായ്പ്പോഴും ദൈവാത്മാവിന്റെ നിയന്ത്രണത്തിൽ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവാത്മാവിന്റെ നിയന്ത്രണത്തെ തടയുന്ന എതൊരു മയക്കത്തിന്റെ അവസ്ഥയേയും എതിർക്കുകയും നിരസിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. നമ്മുടെ ബുദ്ധിയെ അഫലമാക്കുന്ന എല്ലാത്തരം മദ്യം മയക്കു മരുന്ന് എന്നിവയാലുളവാകുന്ന എല്ലാ അവസ്ഥയെയും വിശ്വാസികൾ വിട്ടൊഴിഞ്ഞു നിൽക്കേണ്ടതാവശ്യമാണ്.

ആകയാൽ, ഒരു വിശ്വാസി എപ്പോഴും ശ്രദ്ധയോടെ, ജ്ഞാനത്തോടെ താൻ ആരുടെ വകയാണ് എന്ന ചിന്തയോടെ തന്റെ ഒരോ ചുവടുകളും വെക്കേണ്ടതാവശ്യമാണ്. ഞാൻ ബന്ധപ്പെട്ടൂ നിൽക്കുന്ന വ്യക്തി കർത്താവായ യേശുക്രിസ്തുവാണ്. ഈ ദുഷ്ടലോകത്തിൽ നിന്നും നമ്മേ വിടുവിക്കേണ്ടതിനാണ് അവിടുന്നു മരിച്ചത് എന്ന കാര്യം നാം ഒരു സമയത്തും മറന്നു പോകരുത്. നമ്മുടെ സർവ്വയുധവർഗ്ഗം ധരിച്ച്, കർത്താവിനോട് പറ്റിച്ചേർന്ന് ഈ ദുഷ്ടശക്തികൾക്കെതിരെ പോരാടാം. നമ്മുടെ സമയം നമുക്ക് തക്കത്തിൽ ഉപയോഗിക്കാം. എല്ലാത്തിനുമുപരിയായി ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ട ഒരു ജിവിതം നമുക്ക് നയിക്കാം. അതിനു ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മേ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.

*******

© 2020 by P M Mathew, Cochin

bottom of page