
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര-25
P M Mathew
FEB 21, 2021
Spiritual Warfare
ആത്മീയ പോരാട്ടം
Ephesians 6:10-13
ചില മാസങ്ങളായി നാം എഫേസ്യാലേഖനം പഠിച്ചുകൊണ്ടിരിക്കുക യായിരുന്നു. നാം അതിന്റെ അവസാന അദ്ധ്യായത്തിന്റെ ഏതാണ്ട് പകുതിയിൽ അങ്ങനെ എത്തിനിൽക്കുകയാണ്. ഇതുവരെ പറഞ്ഞ കാര്യങ്ങളുടെ ഒരു സമ്മറിയും അതിന്റെ ഒരു പര്യവസാനവുമാണ് ഇനി നമുക്ക് പഠിക്കുവാനുള്ളത്. ആകയാൽ ഇതുവരെ പറഞ്ഞ കാര്യങ്ങൾ അല്പമായി പറഞ്ഞ് ഇന്നത്തെ വേദഭാഗത്തേക്ക് പ്രവേശിക്കാമെന്ന് ഞാൻ കരുതുന്നു.
സുവിശേഷവും അതിനു വിശ്വാസികളുടെ ജീവിതത്തിലുള്ള Implication/പ്രായോഗികതയും വിശദീകരിക്കുന്ന വളരെ മനോഹരമായ ഒരു പുസ്തകമാണ് എഫേസ്യലേഖനം. ഏകദേശം A D 60-62 കാലഘട്ടത്തിൽ, റോമിലെ കാരഗൃഹവാസത്തിനിടക്ക് പൗലോസ് ഇത് എഴുതി എന്ന് കണക്കാക്കപ്പെടുന്നു.
ഈ ലേഖനത്തെ മൂന്ന് അദ്ധ്യായങ്ങളുള്ള രണ്ടു ഭാഗങ്ങളായി തിരിക്കാം. ആദ്യഭാഗത്ത് പൗലോസ് സുവിശേഷത്തിന്റെ കഥ അനാവരണം ചെയ്യുന്നു. എല്ലാ ചരിത്രവും, യേശുവിലും അവന്റെ അനുയായികളുടെ ബഹുവംശീയമായ സമുഹം അഥവാ സഭയിൽ പാരമ്യത്തിലെത്തുന്നതായി (climax) നാം കാണുന്നു.
രണ്ടാം ഭാഗത്ത് തങ്ങൾക്ക് ലഭിച്ച സുവിശേഷത്തിനു അനുസൃതമായ ഒരു ജീവിതം അവർക്കുണ്ടാകണമെന്ന് പൗലോസ് ആഹ്വാനം ചെയ്യുന്നു. ഈ രണ്ടു ഭാഗങ്ങളേയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നത് 4-ാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ കാണുന്ന therefore എന്ന വാക്കാണ്. അതായത്, വിശ്വാസികളുടെ ജീവിതത്തിലെ സുവിശേഷത്തിന്റെ impliction/പ്രായോഗികതയെ കുറിച്ചാണ് 4 മുതലുള്ള അദ്ധ്യായങ്ങളിൽ പൗലോസ് അനാവരണം ചെയ്യുന്നത്.
ഒന്നാം അദ്ധ്യായത്തിലെ പ്രാരംഭപ്രാർത്ഥനയിൽ, ഈ കാര്യങ്ങളെല്ലാം തന്നെ സംഗ്രഹരൂപത്തിൽ അവതരിപ്പിച്ചിട്ട് അതിന്റെ ഒരു വികാസമായിട്ടാണ് ശേഷിക്കുന്ന അദ്ധ്യായങ്ങൾ താൻ അവതരിപ്പിക്കുന്നത്.
യേശുക്രിസ്തുവിൽ ദൈവം ചെയ്ത അത്ഭുതകരമായ പ്രവൃത്തിയെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്ന ഒരു സ്തുതിഗീതത്തോടെയാണ് ഒന്നാം അദ്ധ്യായം ആരംഭിക്കുന്നത്. ആ അത്ഭുതകരമായ പ്രവൃത്തി എന്നത് മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പാണ്. ദൈവം തന്റെ കൃപയാൽ, കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിലൂടെ ആ വീണ്ടെടുപ്പ് സാദ്ധ്യമാക്കി. സ്വർഗ്ഗത്തിലും ഭൂമിയിലുള്ള സകലവും യേശുക്രിസ്തുവിൽ ഒന്നായിച്ചേർക്ക (1:10) എന്ന ലക്ഷ്യമാണ് മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പിന്നു പിന്നിൽ.
യേശുവിൽ വിശ്വസിച്ചു തന്റെ ഭവനത്തിലെ അംഗമായി തീർന്നവർ സുവിശേഷത്തിന്റെ ശക്തിയെക്കുറിച്ചു മനസ്സിലാക്കുകയും അത് അവരുടെ ജീവിതത്തിൽ അനുഭവപരമാക്കി തീർക്കുകയും ചെയ്യണമെന്ന് പൗലോസ് തുടർന്ന് പ്രാർത്ഥിക്കുന്നു.
രണ്ടാമത്തെ അദ്ധ്യായത്തിൽ ഒരുവൻ കർത്താവായ യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനു മുന്നമെയുള്ള തങ്ങളുടെ ആത്മീയമായി മരിച്ച അവസ്ഥയെക്കുറിച്ച് പറയുന്നു. അവർ അന്ധകാരശക്തികളാൽ വഞ്ചിക്കപ്പെട്ടും ജഡത്തിന്റേയും ലോകത്തിന്റേയും ഇഛകളാൽ നിയന്തിക്കപ്പെട്ടും, പിശാചിന്റെ അടിമത്വത്തിൻ കീഴിൽ കഴിഞ്ഞവരായിരുന്നു. എന്നാൽ ദൈവം തന്റെ വലിയ സ്നേഹത്തിലും കരുണയിലും അവരെ രക്ഷിച്ചു. അങ്ങനെ താൻ രക്ഷിച്ചവരിൽ യെഹൂദനെന്നൊ ജാതിയനെന്നോ വ്യത്യാസമില്ലാതെ, സമാധാനത്തൊടെ, ഒരുമിച്ചു ജീവിക്കുവാൻ കഴിയുന്ന ഒരു ഏകീകൃത മനുഷ്യരാശിയെ, ദൈവം വേർതിരിക്കുന്നു.
അങ്ങനെ യെഹൂദന്മാരല്ലാത്ത ജാതികൾക്കു, സുവിശേഷം പങ്കുവെക്കുന്നതിൽ, തനിക്കു ലഭിച്ച അതുല്യമായ പങ്കിനെ ഓർത്ത് പൗലോസ് ദൈവത്തെ സ്തുതിക്കയും, ആ സമൂഹം അങ്ങനെ വളരുന്നു എന്ന് ജയിലിൽ കിടന്നാണെങ്കിലും അറിയാനിടയായതിൽ താൻ ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു. തുടർന്നു മുന്നാം അദ്ധ്യായത്തിന്റെ 14-21 വരെ വാക്യങ്ങളിൽ പൗലൊസ് യേശുക്രിസ്തുവിനു തന്റെ ജനത്തോടുള്ള സ്നെഹം ഗ്രഹിപ്പാൻ വിശ്വാസികളെ ദൈവാത്മാവ് ശക്തിപ്പെടുത്തേണ്ടതിനായി പ്രാർത്ഥിക്കുന്നു.
ഈ ലേഖനത്തിന്റെ രണ്ടാം പകുതിയിൽ വിശ്വാസികൾ കേട്ട സുവിശേഷം തങ്ങളുടെ ജീവിതാനുഭവമായി തീരണമെന്ന് പൗലോസ് ആഹ്വാനം ചെയ്യുന്നു. വിവിധ തരം ആളുകൾ ഉൾപ്പെടുന്ന ഒരു വലിയ കുടുംബമാണ് സഭ. അവർ ആത്മാവിനാൽ ഏകീകരിക്കപ്പെട്ട ഒരു ശരീരമാണ്. അവരുടെ വിശ്വാസം ഒന്നാണ്, അവർക്ക് പിതാവ് ഒന്നാണ്, അവർ ഒരെ കർത്താവിനെ ആരാധിക്കുന്നു. അവർക്കെല്ലാം ഒരെ സ്നാനമാണുള്ളത്. ഇതാണ് വൈവിദ്ധ്യങ്ങൾക്കു നടുവിൽ തങ്ങളെ ഒന്നിപ്പിക്കുന്ന ഘടകം. അവർ പരസ്പരം സ്നേഹിക്കുവാനും പരസ്പരം പണിയപ്പെടാനും ദൈവം അവരെക്കുറിച്ച് ആഗ്രഹിക്കുന്നു. അവർ തങ്ങളുടെ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞവരും പുതിയ മനുഷ്യനെ ധരിച്ചവരുമാണ്. അവരുടെ പുതിയ മാനവീകതയിൽ(new humanity) യിൽ ദൈവതേജസ് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതല്ലെങ്കിൽ ദൈവതേജസ്സ് പുനഃസ്ഥാപിക്കപ്പെട്ട പുതിയ മനുഷ്യനാണ് ഓരോ വിശ്വാസിയും. ഓരോ വിശ്വാസിയും താനൊരു പുതിയ മനുഷ്യനാണ് എന്ന യാഥാർത്ഥ്യം നന്നായി മനസ്സിലാക്കണം. (4:17-24) അവരുടെ പഴയ മനുഷ്യന്റെ ഭാഗമായി നുണ പറഞ്ഞിരുന്ന സ്ഥാനത്ത്, പുതിയ മനുഷ്യന്റെ ഭാഗമായ സത്യം സംസാരിക്കണം. കോപത്തെ താലോലിച്ചിരുന്ന പഴയമനുഷ്യനു പകരം പുതിയ മനുഷ്യൻ സമാധാനപരമായി തങ്ങളുടെ പൊരുത്തക്കേടുകളെ പരിഹരി ക്കണം. മോഷ്ടിക്കുന്നതിനു പകരം ഔദാര്യമുള്ളവരായി തീരണം. മറ്റുള്ളവരെക്കുറിച്ചു അപവാദം പറയുന്നതിനു പകരം മറ്റുള്ളവരെ ഉത്സാഹിപ്പിക്കുന്നവരായി തീരണം. പ്രതികാരം ചെയ്യുന്നതിനു പകരം പുതിയ മനുഷ്യൻ ക്ഷമിക്കുന്നവരായി തീരണം. ദുർന്നടപ്പ് ആചരിച്ചിരുന്നവർ ആത്മനിയന്ത്രണമുള്ളവരായി തീരണം. ഇതുവരെ ജഡികരായി ജീവിച്ചിരുന്നവർ ഇനി പരിശുദ്ധാത്മവിനാൽ നിയന്ത്രിക്കപ്പെട്ടവരായി ജീവിക്കണം. ഇതാണ് ക്രിസ്തുവിനെ ധരിച്ച ഒരു പുതിയ മനുഷ്യന്റെ പ്രകൃതി/സവിശേഷതകൾ എന്നു പറയുന്നത്. അവരുടെ ജീവിതത്തിലെ പരിശുദ്ധാത്മാവിന്റെ നിയന്ത്രണം നാലു നിലകളിലാണ് വെളിപ്പെടുന്നത് എന്ന് പൗലോസ് അതിനോടു കൂട്ടിച്ചേർക്കുന്നു.
ഒന്നാമതായി, അവർ സ്വയമായി ദൈവത്തെ പാടി സ്തുതിക്കുന്നവർ ആയിരിക്കും.
രണ്ടാമതായി, അവർ സഭയായി ദൈവത്തെ പാടി സ്തുതിക്കുന്നവരായിരിക്കും.
മൂന്നാമതായി, അവർ എല്ലാക്കാര്യത്തിനും ദൈവത്തോട് നന്ദിയുള്ളവരായിരിക്കും.
നാലാമതായി, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ മറ്റുള്ളവർക്കു
വിധേയപ്പെടുന്നവരും മറ്റുള്ളവരെ തന്നേക്കാൾ ശ്രേഷ്ടൻ എന്ന് എണ്ണുന്നവരുമായിരിക്കും.
5:21 ൽ “ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പ്പെട്ടിരിപ്പിൻ” എന്ന കൽപ്പനയോടെയാണ് പൗലോസ് വിവാഹത്തെക്കുറിച്ചും, കുടുംബസംബന്ധിയായ ബന്ധങ്ങളെക്കുറിച്ചും പറയുന്നത്. പരിശുദ്ധാത്മാവിനാൽ മറ്റുള്ളവർക്ക് തങ്ങളെതന്നെ വിധേയപ്പെടു ത്തുക എന്ന നാലാമത്തെ പോയിന്റ് കുറേക്കൂടി വികസിപ്പിച്ചു കൊണ്ട് ആദ്യം വിവാഹബന്ധത്തെക്കുറിച്ചും ആ ബന്ധത്തിൽ ഭാര്യ-ഭർത്താക്കന്മാർ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും പറയുന്നു.
ഭാര്യ ഭർത്താവിനെ ബഹുമാനിക്കയും കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കുവാൻ തന്റെ ഭർത്താവിനെ അനുവദിക്കയും വേണം. ഭർത്താവ് ഭാര്യയെ സ്നേഹിക്കുകയും തന്റെ സ്വാർത്ഥത വെടിഞ്ഞും ഭാര്യയുടെ ഉത്തരവാദിത്വങ്ങൾ നിവൃത്തിച്ചുകൊടുക്കയും വേണം. സ്വന്ത നന്മയേക്കാൾ ഭാര്യയുടെ നന്മക്ക് ഭർത്താവ് മുൻഗണന നൽകണം. വാസ്തവത്തിൽ സുവിശേഷത്തെ തങ്ങളുടെ ജീവിതത്തിൽ പുനർ ആവിഷ്ക്കരിക്കുന്നവർക്കു മാത്രമെ ഈ നിലയിലുള്ള ഭാര്യാ-ഭർത്തൃ ബന്ധം നിലനിർത്താൻ സാധിക്കയുള്ളു. അതായത്, ഭർത്താവ് യേശുവിന്റെ സ്നേഹത്തേയും സ്വയത്യാഗത്തേയും തന്റെ ജീവിതത്തിൽ അനുകരിക്കണം/യാഥാർത്ഥ്യമാക്കണം.
അതേസമയം ഭാര്യ സഭയുടെ സ്ഥാനത്തു നിന്നുകൊണ്ട് ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടാനും തന്നെത്തന്നെ പുതുക്കാനും അവൾ തയ്യാറാകണം. അവൾ മനസ്സോടെ, ബഹുമാനത്തോടെ, ഭർത്താവിനു വിധേയപ്പെടണം. അവളുടെ സന്തോഷത്തോടെയുള്ള വിധേയത്വം അവളിലെ സുവിശേഷത്തിന്റെ അടയാളമാണ്.
ഇതരവ്യക്തിയുടെ സന്തോഷത്തിനായിരിക്കണം ഒരൊരുത്തരും മുൻ ഗണന നൽകേണ്ടത്. അതായത്, ഭാര്യ ഭർത്താവിന്റേയും ഭർത്താവ് ഭാര്യയുടെയും സന്തോഷമാണ് അന്വേഷിക്കേണ്ടത്.
ദൈവം വിവാഹത്തെ സ്ഥാപിച്ചപ്പോൾ യേശുക്രിസ്തുവിലൂടെയുള്ള രക്ഷാകരസുവിശേഷം താൻ മുന്നിൽ കണ്ടു എങ്കിൽ, വിവാഹം ശരിയായ നിലയിൽ മുന്നോട്ടു പോകുന്നതിനു, തന്നെത്തന്നെ ത്യജിച്ചുകൊണ്ട്, ക്രിസ്തുവിലൂടെ നമ്മോടു കാണിച്ച ദൈവസ്നേഹത്തിന്റെ അതേ പാറ്റേണിൽ വിവാഹജീവിതവും മുന്നോട്ടു പോകേണ്ടത് ആവശ്യമാണ്.
തുടർന്ന് പൗലോസ് ഒരു കുടുംബത്തിൽ മാതാപിതാക്കളും മക്കളും എങ്ങനെയാണ് ആത്മനിറവിൽ ജീവിക്കുക എന്നു വ്യക്തമാക്കുന്നു. കർത്താവിനെ അറിഞ്ഞവരും കർത്താവിന്റെ ഹിതം നിവൃത്തിക്കുവാൻ ആഗ്രഹിക്കുന്നവരും എന്ന നിലയിൽ മക്കൾ മാതാപിതാക്കളെ അനുസരിക്കുകയും മാതാപിതാക്കൾ മക്കളെ പ്രകോപിപ്പിക്കാതിരിക്കയും വേണം. കുടുംബത്തിൽ നിന്നാണ് ശിഷ്യന്മാരെ ഉളവാക്കേണ്ടത്. ഈ കാരണത്താൽ നാം വിശ്വസിച്ച സുവിശേഷം മക്കളുടെ മുൻപിൽ നാം പ്രാവർത്തികമാക്കിയെങ്കിൽ മാത്രമെ മക്കളെ ശരിയായ നിലയിൽ വളർത്തിക്കൊണ്ടുവരുവാൻ നമുക്കു സാധിക്കു. അതിനെ തുടർന്നു യജമാനന്മാരും ദാസന്മാരും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്ന് പറയുന്നു. അവർ പിന്നെ കേവലം യജമാനനും ദാസനുമല്ല, മറിച്ച്, സഹോദരങ്ങളാണ് എന്ന ബോദ്ധ്യത്തോടെ ജീവിക്കണം. ഇതു കേവലം നിയമത്തിനു പ്രദാനം ചെയ്യാൻ കഴിയാത്ത ഒരു ബന്ധമാണ്. ഇതാണ് ദൈവം തന്റെ രക്തംകൊടുത്തു വിണ്ടെടുത്ത നമ്മെ ക്കുറിച്ചുള്ള പദ്ധതി എന്നത്.
എന്നാൽ ഈ ദൈവിക പദ്ധതിയെ തകിടം മറിക്കാൻ, താനൊരു പരാജയപ്പെട്ട ശത്രുവാണെങ്കിലും, സാത്താൻ അതിനുവേണ്ടി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതിനെ ചെറുത്തുനിൽക്കാൻ അപ്പോസ്തലനായ പൗലോസ് നൽകുന്ന പ്രബോധനമാണ് ഇന്നത്തെ നമ്മുടെ വേദഭാഗം. എഫേസ്യർ 6:10-20 വരെയാണ് ഒരു ചിന്തായൂണിറ്റ്. എന്നാൽ അതു മുഴുവൻ വിശദീകരിക്കുവാനുള്ള സമയം നമുക്കില്ലാത്തതുകൊണ്ട് ആദ്യത്തെ നാലു വാക്യങ്ങൾ, അതായത് എഫേസ്യർ 6:10-13 വരെയുള്ള വേദഭാഗം നമുക്ക് വായിക്കാം:
എഫെസ്യർ 6:10-20
""ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ. 11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. 12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും 15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം 16 കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. 17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. 18 സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. 19 ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും 20 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.""" 6:10-13
“ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാന്തസേനൗയോടും അത്രേ. അതുകൊണ്ട് നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നിൽപ്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ”
പ്രധാന ആശയം
അന്ധകാര ശക്തികളുടെ തന്ത്രങ്ങളും ആക്രമണങ്ങളും മൂലം ഒരു വിശ്വാസിക്ക്, കർത്താവിനു പ്രസാദകരമായി ജീവിക്കുന്നതിനും, സഭയുടെ ദൗത്യം നിവൃത്തിക്കുന്നതിനും, എളുപ്പമല്ല. ഇക്കാരണത്താൽ വിശ്വാസികൾക്ക് അന്ധകാരശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനും ലോകത്ത് ദൈവരാജ്യം വിസ്തൃതമാക്കുന്നതിനും ദൈവത്തിന്റെ ശക്തിയും വിഭവസമ്പത്തും/റിസൊർസസും ദൈവം ലഭ്യമാക്കിയിരിക്കുന്നു. ദൈവത്തിന്റെ ശക്തിയും റിസൊർസസും സ്വീകരിച്ച് അന്ധകാരശക്തിയെ ചെറുത്തുനിൽക്കുക.
1. ക്രിസ്തീയജീവിതം ഒരു പോരാട്ടമാണ്
ഒന്നാമതായി, ഈ വേദാഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത്, അന്ധകാരശക്തികളുടെ പ്രവർത്തനം മൂലം ദൈവപ്രസാദകരമായ ക്രിസ്തീയജീവിതം നയിക്കുന്നതിനും സഭയുടെ ദൗത്യം നിവൃത്തിക്കുന്നതിനും വളരെ പോരാട്ടം കഴിക്കേണ്ടതുണ്ട് എന്ന കാര്യമാണ്.
നാലാം അദ്ധ്യായത്തിന്റെ ഒന്നാം വാക്യത്തിൽ ആരംഭിച്ച ധാർമ്മികപ്രബോധനങ്ങളുടെ ഒരു പര്യവാസാനമാണിത്. 4:1 ൽ നിങ്ങളുടെ വിളിക്കു യോഗ്യമാം വണ്ണം നടക്കുക എന്ന പ്രബോധനത്തോടെയാണ് പൗലോസ് സുവിശേഷത്തിന്റെ implication/പ്രായോഗികത ആരംഭിച്ചത്. തുടർന്ന് ആ നടപ്പ് എങ്ങനെ ആയിരിക്കണമെന്ന് താൻ പറയുന്നു: 4:17 ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ച് നടക്കുന്നതുപോലെ നിങ്ങൾ നടക്കരുത്. അവർ അത്യാഗ്രഹവും അശുദ്ധിയും നിറഞ്ഞവർ, ദുഷ്ക്കാമത്തിനു തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുത്തവർ, അവരെപോലെ ആകരുത്. പിന്നെ സ്നേഹത്തിൽ നടക്കുക, വെളിച്ചത്തിൽ നടക്കുക. ജ്ഞാനികളായിട്ടു നടക്കുക എന്ന് പൗലോസ് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
പക്ഷേ, ഇതൊക്കേയും അനുസരിച്ച് നടന്നുകൊണ്ട്, ലോകത്തിൽ ദൈവരാജ്യത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്നത് വളരെ ദുഷ്ക്കരമായ ഒരു കാര്യമാണ്. കാരണം വളരെ പ്രതിരോധങ്ങൾ അഥവാ പ്രതികൂലങ്ങൾ ഈ കാര്യത്തിൽ ഒരു വിശ്വാസി അഭിമുഖികരിക്കേണ്ടിവരും. ആ പ്രതിരോധം നമ്മുടെ മുന്നിൽ വെക്കുന്നത് പിശാചും അവന്റെ കീഴിൽ പ്രവൃത്തിക്കുന്ന അധികാരവർഗ്ഗങ്ങളുമാണ്. ഈ ശക്തികൾ, കർത്താവായ യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പ് പ്രവൃത്തിക്കു മുന്നമെ, മനുഷ്യവർഗ്ഗത്തെ തങ്ങളുടെ അടിമനുകത്തിൻ കീഴിൽ സൂക്ഷിച്ചിരുന്നവരാണ്. അവർ ഇപ്പോൾ വിശ്വാസികളുടെ ജീവിതത്തിൽ, തങ്ങളുടെ പ്രവർത്തനത്തിനു base/അടിസ്ഥാനം കണ്ടെത്തി, തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ അത്യദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തീയജീവിതം എപ്പോഴും ദുർഘടമായിരി ക്കുന്നത്, പ്രയാസകരമായിരിക്കുന്നത്.
ഈ പ്രതിബന്ധങ്ങൾ നമ്മുടെ മുൻപിലെത്തുന്നത് മറ്റു മനുഷ്യരിലൂടെയാണെങ്കിലും അവക്കു പിന്നിൽ പ്രവർത്തിക്കുന്നത് അന്ധകാര ശക്തികളാണ്. അവയുടെ ആയുധങ്ങളായി മനുഷ്യൻ അധഃപ്പതിക്കുന്നതുമുലമാണ് അങ്ങനെ സംഭവിക്കുന്നത്. അതിനെ കുറിച്ചാണ് 12—നാം വാക്യം പറയുന്നത്. “നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാന്തസേനൗയോടും അത്രേ.”
ആദ്യമായി, നാം ഓർക്കേണ്ട കാര്യം വിശ്വാസികൾ എല്ലാവരും തന്നെ ഒരു ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്ന കാര്യമാണ്. ആത്മീയ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നു. അതിനെക്കുറിച്ചുള്ള ബോദ്ധ്യം നമുക്കില്ലെങ്കിൽ അപ്രതീക്ഷിതമായി വരുന്ന പ്രതികൂലങ്ങ ളിൽ നാം തകർന്നു പോകും.
ഈ പോരാട്ടം ഒരുവനിൽ ആരംഭിക്കുന്നത് വീണ്ടും ജനിക്കുമ്പോഴാണ്. ഇനി ഈ പോരാട്ടം അവസാനിക്കുന്നത് തന്റെ മരണത്തോടെയും. അതായത്, ക്രിസ്തീയജീവിതം തുടർമാനമായി ആത്മീയ പോരാട്ടത്തിന്റെതായ ഒരു ജീവിതമാണ്. ഇങ്ങനെയൊരു പോരാട്ടം ഇവിടെ ഇരിക്കുന്ന ആർക്കെങ്കിലും ഇതുവരെ അനുഭവപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങൾ ദയവായി രക്ഷിക്കപ്പെടണം എന്ന് ഓർപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.
ഇനി, വിശ്വാസികൾ നിരന്തരമായ ഒരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന കാര്യം പലരും തന്നെ ഓർക്കാറില്ല, പലരും അങ്ങനെയൊരു പോരാട്ടമുണ്ട് എന്ന് അറിയുകയൊ വിശ്വാസിക്കുകയൊ ചെയ്യുന്നില്ല. ഇനി തങ്ങൾ ഒരു ആത്മീയ യുദ്ധത്തിലാണ് എന്ന് അറിയുന്നവർ പോലും അത് ആരുമായിട്ടാണ് യുദ്ധമെന്നും, ശത്രുവിന്റെ തന്ത്രങ്ങൾ എന്താണ് എന്നും മനസ്സിലാക്കുന്നില്ല.
1939-40 കളിൽ അതായത്, രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ, ഹിറ്റ്ലറിന്റെ നേതൃത്വത്തിലുള്ള ജർമ്മനിയുടെ നാസീ സൈന്യം, തങ്ങൾക്ക് ചുറ്റുപാടുമുള്ള നോർവെ, ഡെന്മാർക്ക്, ഫ്രാൻസ്, ലെക്സംബർഗ്ഗ്, ബെൽജിയം, പോളണ്ട് എന്നീ രാജ്യങ്ങളെ ആക്രമിച്ചു. എന്നാൽ ഇവയിൽ ഡെന്മാർക്കിനെപോലെ ചില രാജ്യങ്ങൾ ഒരു യുദ്ധമുണ്ടാകുമെന്നോ അതിനുവേണ്ട ഏതെങ്കിലും ഒരുക്കളോ ഒന്നും നടത്തിയിരുന്നില്ല. അവർക്ക് ആധുനികയുദ്ധക്കോപ്പുകളും ഉണ്ടായിരുന്നില്ല. തല്ഫമായി വളരെ നിഷ്പ്രയാസം ജർമ്മനിക്ക് ഈ രാജ്യങ്ങളുടെ മേൽ വിജയം നേടുവാനായി. അതുകൊണ്ട് വിശ്വാസികൾ തങ്ങൾ ഒരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അതിനു ഏപ്പോഴും ഒരുക്കമുള്ളവരായി ഇരിക്കേണ്ടതും ആവശ്യമാണ്. അതല്ലെങ്കിൽ ഈ രാജ്യങ്ങൾക്കു സംഭവിച്ചതുപോലേ അവർ പെട്ടെന്ന് ശത്രുസൈന്യത്തിനു മുൻപിൽ പരാജിതരായിതീരും.
2. നമ്മുടെ ശത്രു അന്ധകാരശക്തികളാണ്.
അതുകൊണ്ട് അടുത്തതായി നാം അറിയേണ്ട കാര്യം, നമുക്കു പോരാട്ടമുള്ളത് ആരോടാണ് എന്ന കാര്യമാണ്. അപ്പോസ്തലൻ ഇവിടെ പറയുന്നു: നമുക്കു പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല. അതായത്, നാം കേവലം മനുഷ്യനും മനുഷ്യനുമായി പോരാട്ടത്തിൽ ഏർപ്പെടുകയല്ല. എന്നാൽ സങ്കടകരമെന്ന് പറയട്ടെ, പോരാട്ടങ്ങൾ പലപ്പോഴും മനുഷ്യർ തമ്മിൽത്തമ്മിൽ ആയിത്തീരുന്നു എന്നതാണ് ഏറ്റവും സങ്കടകരം.
നമുക്കു പോരാട്ടമുള്ളത്, ജഡരക്തങ്ങളോടല്ലെങ്കിൽ പിന്നെ ആരുമായിട്ടാണ്: “വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാന്തസേനൗയോടും അത്രേ.” പിശാചു മാത്രമല്ല വിശ്വാസിയുടെ നേരെ ആക്രമണം അഴിച്ചുവിടുന്നത്, അവന്റെ കീഴിൽ പ്രവർത്തിക്കുന്ന പല റാങ്കിലും, പദവിയിലും, അധികാരത്തിലും, ഉള്ള ഒരു വലിയ സേനയാണ് ഈ ആക്രമണം അഴിച്ചു വിടുന്നത്. അവർ പല തന്ത്രങ്ങളും ആക്രമണങ്ങളും നമ്മുടെമേൽ അഴിച്ചുവിടും. അവരുടെ പോരാട്ടങ്ങൾ wrestling പോലെ വളരെ ദുഷ്ക്കരമായ ഒന്നാണ്.
പൗലോസിന്റെ കാലത്തെ wrestling എന്നു പറയുന്നത് ഇരുവരും നേർക്കുനേരെ നിന്ന് പോരാടുന്നതാണ്. ഇന്നത്തെ പോലെ പിടിച്ചു മാറ്റാൻ റഫറിമാർ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് എതിരാളി കേവലം പാരാജയപ്പെടുകയല്ല, മരണം വരിക്കുകയാണ് പതിവ്. അതുപോലെയുള്ള ഒരു പോരാട്ടമാണ് വിശ്വാസിക്കു നേരിടേണ്ടത്. ഒരു യുദ്ധമുഖത്ത് ആയിരിക്കുന്ന പ്രതീതിയാണ് അതുളവാക്കുന്നത്. ഇത് ആത്മീയ തലത്തിലുള്ള ഒരു യുദ്ധമാണ്. പൗലോസ് അതിലൂടെ അർത്ഥമാക്കുന്നതെന്തെന്നാൽ, നാം ദൈവത്തോട് ചേർന്ന് സാത്താനെതിരെ ഒരു ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്ന കാര്യമാണ്. അതേ, നാം ദൈവത്തോട് ചേർന്ന് സാത്താനെതിരെ ഒരു ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ സാത്താനേയും അവന്റെ ദൂതന്മാരേയും ഒരു യാഥാർത്ഥ്യമായി പലരും തന്നെ കാണുന്നില്ല. എന്നാൽ സാത്താന്റെ സാന്നിദ്ധ്യം ഒരു റിയലായ/വാസ്തവമായ സംഗതിയാണ്.
ഈ ലേഖനത്തിന്റെ 2 : 2 ൽ പൗലോസ് ഇപ്രകാരം പറയുന്നു: “അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ മക്കളിൽ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.” ആകാശത്തിലെ അധികാരം, അനുസരണക്കേടിന്റെ മക്കളിൽ വ്യാപരിക്കുന്ന ആത്മാവിന്റെ അതിപതി എന്നിവ ഈ അന്ധകാരശക്തികളെയാണ് സുചിപ്പിക്കുന്നത്. ലോകം, ജഡം എന്നിവ വിശ്വാസികൾക്കെതിരെ പോരാടുന്നു എന്നതു കൂടാതെ സാത്താൻ എന്നത് ഒരു യാഥാർത്ഥ്യവും, അവൻ നമ്മേ പാപത്തിൽ വീഴിക്കാൻ സദാ സമയം തന്ത്രങ്ങളെ മെനയുന്നവനുമാണ്. മാത്രവുമല്ല, എഫേസോസ് എന്ന പട്ടണം ഗ്രിക് ദേവന്മാരുടേയും റോമൻ ദേവന്മാരുടേയും ഒക്കെ ഒരു പ്രധാന ആരാധനാ കേന്ദ്രമായിരുന്നു. അവരിൽ നിന്നാണ് പലരും ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നത്. അതായത് ജാതീയ ദൈവങ്ങൾക്കു പിന്നിലെ അന്ധകാരശക്തികളും വിശ്വാസികൾ ക്കെതിരെ പോരാടുന്നു.
അവർ വിശ്വാസികളെ പാപത്തിലേക്ക് വീഴുവാൻ പ്രലോഭിക്കുന്നു. വിഗ്രഹാരാധനക്ക് പ്രേരിപ്പിക്കുന്നു. മനസ്സിലേക്ക് പ്രലോഭനം ഉളവാക്കുന്ന ചിത്രങ്ങളും രൂപങ്ങളും കൊണ്ടുവരുന്നു. പാപകരമായ ചിന്തകളെ താലോലിക്കുവാൻ നമ്മേ പ്രലോഭിപ്പിക്കന്നു. കോപം, ക്രോധം എന്നിവയെ താലോലിക്കുവാൻ അവൻ ഇടയാക്കുന്നു. അതിനെക്കുറിച്ച്, എഫെ 4:27-28 പൗലോസ് പറയുന്നത് ശ്രദ്ധിക്കുക: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുത്.” എന്നാൽ നാം കോപിക്കുകയും അതുവഴി മറ്റുള്ളവരെ പ്രകോപിക്കയും ചെയ്തുകൊണ്ടിരിക്കുന്നു. ശാരീരികരോഗങ്ങളൊ, ബലഹീനതകളൊ നമ്മിൽ ഉളവാക്കുന്നു (2 കൊരി, 12:7 “വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ”. നുണ പറയാൻ വശീകരിക്കപ്പെടുന്നു. അപ്പോ 5:3: “അപ്പോൾ പത്രോസ്: അനന്യാസെ, പരിശുദ്ധാത്മാവോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയത് എന്ത്”. പ്രകൃതി ദുരന്തങ്ങൾ, പ്രീയപ്പെട്ടവരുടെ മരണം, വീട്, ജോലി, വസ്തുവകകൾ എന്നിവ നഷ്ടപ്പെടൽ (ഈയോബ് 1-2,) എന്നിവക്ക് നമ്മെ ഇടയാക്കുന്നു. ഭയം, പ്രതീക്ഷ നഷ്ടപ്പെടൽ, നിരാശ, എന്നിവ മൂലം ദൈവത്തോട് ഹൃദയം കടുപ്പിക്കുന്നു. ദൈവരാജ്യത്തിന്റെ പ്രവർത്തനത്തിൽ ഫലവത്തായി തീരാൻ കഴിയാത വണ്ണം നിരാശയിലേക്ക് നയിക്കുന്നു. ഇതൊക്കെയും വിശ്വാസികളെ നിരന്തരം വേട്ടയാടുന്ന അനുഭവങ്ങളും പ്രതികൂലങ്ങളും ആണ്. ഇതിലൊക്കേയും സാത്താനു വളരെ പങ്കുണ്ട്.
2 കൊരി. 11 :23-28 വരെ വാക്യങ്ങളിൽ പൗലോസ് തന്റെ പോരാട്ടത്തെക്കുറിച്ച് വളരെ ദീർഘമായ ഒരു വിവരണം നൽകുന്നുണ്ട്. “ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?- ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു-ഞാൻ അധികം : ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു. അധികം പ്രാവശ്യം തടവിലായി. അനവദി ാടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി: യെഹൂദരാൽ ഞാൻ ഒന്നു കുറയ നാലപ്ത് അടി അഞ്ചുവട്ടം കൊണ്ടു. മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു. ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, ജാതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസഹോദരന്മാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം നഗ്നത എന്നീ അസാധാരണ സംഗതികൾ ഭവിച്ചതുകൂടാതെ എന്നിക്കു ദിവസേന സർവ്വസഭകളേയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.”
അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം നഗ്നത എന്നിങ്ങനെ മാംസ-രക്തം ധരിക്കാത്ത ദൈനം-ദിന ജീവിതത്തിലെ തിന്മകളോട് തനിക്ക് പോരാട്ടം ഉണ്ടായിരുന്നു. കപ്പൽഛേദം, നദിയിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത് തുടങ്ങി പ്രകൃതിദുരന്തങ്ങളോടു തനിക്കു പോരാട്ടം കഴിക്കേണ്ടി വന്നു. അതിനപ്പുറമായി, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജാതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു" എന്നിങ്ങനെ അന്ധകാരശക്തികളാൽ നിയന്തിക്കപ്പെടുന്ന മനുഷ്യരിൽ നിന്നും തനിക്ക് വലിയ പോരാട്ടം നേരിടേണ്ടി വന്നു.
ഇതൊക്കെയും ഏതൊരു വിശ്വാസിയുടേയും ജീവിതത്തിൽ വരാവുന്ന പോരാട്ടങ്ങളാണ്. ഈ പോരാട്ടങ്ങളെ നാം നന്നായി മനസ്സിലാക്കിയിരുന്നെങ്കിൽ മാത്രമെ ഇതുപോലുള്ള പോരാട്ടങ്ങളെ വിജയകരമായി നേരിടാൻ നമുക്ക് കഴിയുകയുള്ളു.
ഇനിയും നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ട് ഉളവാക്കുന്ന സംഗതിയെന്താണ് എന്ന് ചോദിച്ചാൽ അനേകർക്കും കൈ ചൂണ്ടുവാനുള്ളത് ഒരു വ്യക്തിയിലേക്കൊ, എതെങ്കിലും ചില വ്യക്തികളിലേക്കൊ ആയിരിക്കും. അതു സഭയിലെ സഹോദരങ്ങൾ ആകാം, കുടുംബത്തിലെ ഭാര്യയൊ-ഭർത്താവൊ ആകാം, അല്ലെങ്കിൽ മക്കൾ ആകാം, അല്ലെങ്കിൽ അയൽവക്കക്കാർ ആകാം, അതല്ലെങ്കിൽ ഓഫീസിൽ കൂടെ ജോലി ചെയ്യുന്നവർ ആകാം, അതല്ലെങ്കിൽ പേർസണാലിറ്റി കോൺഫ്ലിക്ട് ആകാം.
എന്നാൽ പൗലോസ് ഇവിടെ പറയുന്നു നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല എന്ന്. നമ്മുടെ പോരാട്ടം, കുടുംബത്തിലെ ആളുകളോടൊ, സഹപ്രവർത്തകരൊടൊ, സഹവിശ്വാസികളോടൊ, അയൽക്കാരൊടൊ, രാഷ്ട്രീയ പ്രതിയോഗിയൊടൊ, ISSനോടൊ, അതെല്ലെങ്കിൽ ഏതെങ്കിലും human agencyയൊടൊ അല്ല. മറിച്ച്, അദൃശ്യനായ ആത്മീയശക്തികൾക്കെതിരെയാണ്. വാസ്തവത്തിൽ, മനുഷ്യവർഗ്ഗം ഒന്നടങ്കം നികൃഷ്ടമായ, ദുഷ്ടത നിറഞ്ഞ, അന്ധകാര ശക്തികളുടേയും അധികാരവർഗ്ഗത്തിന്റേയും കീഴിൽ കഴിയുന്നവരാണ്. അതായത്, മനുഷ്യനിലൂടെയാണ് അവ നമ്മെ നേരിടുന്നത് എന്നിരിക്കിലും, മനുഷ്യനു അപ്പുറമായി അവന്റെ പിന്നിൽ നിൽക്കുന്ന അന്ധകാരശക്തിയെ നമുക്കു കാണാൻ കഴിയണം. എങ്കിൽ മാത്രമെ ശരിയായ ആയുധം ഉപയോഗിച്ച് അവയെ പ്രതിരോധിക്കുവാൻ നമുക്കു സാധിക്കു. അതു നമ്മുടെ രണ്ടാമത്തെ പോയിന്റിലേക്കു നമ്മേ നയിക്കുന്നു.
3. ദൈവത്തിന്റെ ശക്തിയും വിഭവസമ്പത്തും
അന്ധകാരശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനും ലോകത്ത് ദൈവരാജ്യം വിസ്തൃതമാക്കുന്നതിനും ദൈവത്തിന്റെ ശക്തിയും വിഭവസമ്പത്തും/റിസൊർസസും ദൈവം നമുക്ക് ലഭ്യമാക്കിയിരിക്കുന്നു. ദൈവത്തിന്റെ ശക്തിയും വിഭവസമ്പത്തും ദൈവം നമുക്ക് ലഭ്യമാക്കിയിരിക്കുന്നു.
വളരെ ശക്തവും സൂപ്പർ നാച്യുറലും ആയ ശക്തികൾ ഇതിനു പിന്നിൽ ഉള്ളതിനാൽ, നമ്മുടെ അദ്ധ്വാനം വർദ്ധിപ്പിച്ചതുകൊണ്ടു മാത്രം കാര്യമായില്ല. ഈ പ്രതിബന്ധങ്ങളെ അതിജീവിക്കുവാനുള്ള മാർഗ്ഗമെന്നത്, ക്രിസ്തുവിനോട് നമുക്കുള്ള ബന്ധവും നമ്മുടെ പുതിയ സ്ഥാനത്തെക്കുറിച്ച്, അഥവാ പദവിയെക്കുറിച്ചുള്ള നമ്മുടെ അറിവും ബോദ്ധ്യവുമാണ്.
അതിനെക്കുറിച്ചാണ് ഈ വേദഭാഗത്തിന്റെ ആരംഭത്തിൽ അതായത്, 10-നാം വാക്യത്തിൽ പറയുന്നത്: “ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ”.
“ഒടുവിൽ” എന്ന പ്രയോഗം ലേഖനത്തിന്റെ രണ്ടാം പാദത്തിൽ ആരംഭിച്ച പ്രബോധനങ്ങളുടെ അവസാനത്തെ പ്രബോധനം എന്ന നിലയിൽ എടുക്കാം. മാത്രവുമല്ല ഇത് വർത്തമാന കാലത്തെ കുറിക്കുവാനും ഉപയോഗിക്കാം. അതായത്, ഒരൊ വിശ്വാസിയും ഈയൊരു യുദ്ധഭൂമിയിലാണ്.
ഈയൊരു ആത്മീയ യുദ്ധത്തിൽ വിജയിക്കേണ്ടതിനു ഒരു വിശ്വാസി ആദ്യമായി ചെയ്യേണ്ടത് തന്റെ ബലഹിനതയെ സമ്മതിക്കുക എന്നകാര്യമാണ്. തന്റെ ബലഹിനതയെ സമ്മതിക്കുക. അനേകരും ഇത് മനസ്സിലാക്കാറില്ല, മനസ്സിലാക്കിയാൽ തന്നെ അംഗീകരിക്കാ റില്ല. തന്റെ ബലഹീനതയെക്കുറിച്ചു ബോദ്ധ്യമുള്ള വർക്കേ, ദൈവത്തിലും, അവന്റെ അമിതബലത്തിലും ആശ്രയിക്കുവാൻ സാധിക്കു.
പൗലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നതെന്തെന്നാൽ, ഈ ശത്രുവിനെ പരാജയപ്പെടുത്തി ദൈവം ആഗ്രഹിക്കുന്ന നിലയിലുള്ള ഒരു ജീവിതം നയിക്കുവാൻ, സ്വന്ത ശക്തിയിലും കഴിവിലും നമുക്കു കഴിയുകയില്ല. അതിനു നാം ദൈവികമായ ശാക്തീകരണത്തിനു കർത്താവിൽ കൂടുതലായി ആശ്രയിക്കേണ്ടിയിരിക്കുന്നു എന്ന കാര്യമാണ്.
“ശക്തിപ്പെടുവിൻ” എന്നത് പാസ്സീവ് വോയിസിലാണ് നൽകിയിരിക്കുന്നത്. അതായത്, ബാഹ്യമായ, ദൈവികമായ ശാക്തീകരണത്തിനു തങ്ങളെ തന്നെ വിധേയപ്പെടുത്തുക എന്നതാണ് അർത്ഥമാക്കുന്നത്. അതിൽ നമ്മുടെ ഇഛയും പങ്കാളിത്വവും അടങ്ങിയിരിക്കുന്നു എന്നതാണ് കല്പനാരൂപത്തിലുള്ള പ്രയോഗം കാണിക്കുന്നത്. മാത്രവുമല്ല, ആന്തരീകമായ ശക്തിപ്പെടലാണിത്. തിമോത്തിയോട് പൗലോസ് 2 തിമോത്തി 2:1 ശക്തിപ്പെടാനുള്ള ആഹ്വാനം നൽകുന്നതു കാണാം. “എന്റെ മകനെ ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക” അതുപോലെ പഴയനിയമത്തിൽ യോശുവായോടും ശക്തിപ്പെടാനുള്ള ആഹ്വാനം ആവർത്തിച്ചാവർത്തിച്ചു നൽകുന്നതു കാണാം (യോശുവ 1:6, 7:9). കാനാൻ നാട്ടിൽ താൻ വളരെ ശത്രുക്കളെ നേരിടാൻ പോകുന്നു അതിനാൽ ശക്തിപ്പെടുക. അവിടെ മാനുഷിക ശക്തികളെയാണ് യോശുവക്ക് നേരിടേണ്ടിയിരുന്നത് എങ്കിൽ ഇവിടെ വിശ്വാസികൾ നേരിടേണ്ടത് മാനുഷിക ശക്തികളെക്കാൾ ഉന്നതമായ ശത്രുക്കളെയാണ്. അവയെ പ്രതിരോധിക്കുന്നതിനു നാം “കർത്താവിലും അവന്റെ അമിതബലത്തിലും” ശക്തിപ്പെടണം.
മാനുഷികമായ ചില പ്ലാനൊ, പദ്ധതികളോ നിങ്ങൾ തയ്യാറാക്കണം എന്നല്ല. ചില തന്ത്രങ്ങളും ചില രാഷ്ടീയകൂട്ടുകെട്ടുകളും ഉണ്ടാക്കണം എന്നല്ല. മറിച്ച്, കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുക. ഈ പ്രയോഗം കർത്താവായ യേശുക്രിസ്തുവിനെയും അവന്റെ പുനരുത്ഥാനശക്തിയേയുമാണ് കുറിക്കുന്നത്. ഉയർത്തെഴുനേറ്റ് ദൈവത്തിന്റെ വലതു ഭാഗത്തേക്കുയർത്തപ്പെട്ട കർത്താവായ യേശുക്രിസ്തുവുമായുള്ള ബന്ധത്തിലാണ് ഈ ശാക്തീകരണം നാം പ്രാപിക്കേണ്ടത്. ഇതു വിശ്വാസത്തിലൂടെയുള്ള പോരാട്ടമാണ്. ഒന്നാമത്തെ വിഭവസമ്പത്ത്, ദൈവത്തിൽ നിന്നുള്ള ശാക്തീകരണം പ്രാപിക്കുക എന്നതാണെങ്കിൽ രണ്ടാമത്തെ വിഭവസമ്പത്ത് എന്നത് ദൈവത്തിന്റെ സർവ്വായുധ വർഗ്ഗം എടുക്കുക എന്നതാണ്.
പൗലോസ് ഈ ലേഖനമെഴുതുന്നത് ഒരു റോമൻ ജയിലിൽ കിടന്നാണ് എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചു. അതുകൊണ്ട് പൗലോസ് എപ്പോഴും തന്റെ കണ്മുന്നിൽ കാണുന്നത് ആയുധങ്ങൾ ധരിച്ച് എപ്പോഴും ജാഗരൂകരായി നിൽക്കുന്ന പടയാളികളെയാണ്. ആ പടയാളികൾ ധരിച്ചിരിക്കുന്ന ആയുധവർഗ്ഗത്തെക്കുറിച്ചാണ് തുടർന്നുള്ള വാക്യങ്ങളിൽ പൗലോസ് സംസാരിക്കുന്നത്. എന്നാൽ പൗലോസ് ഈ പടയാളിയിലും അവന്റെ സർവ്വായുധ വർഗ്ഗത്തിലും ആരെയാണ് കാണുന്നത് എന്ന് പറഞ്ഞ് ഇന്നത്തെ സന്ദേശം ഞാൻ അവസാനിപ്പിക്കാമെന്ന് വിചാരിക്കുന്നു.
തന്റെ മുൻപിൽ നില്ക്കുന്ന പടയാളിയിൽ പൗലോസ് കാണുന്നത് കർത്താവായ യേശുക്രിസ്തു എന്ന മശിഹൈക പടയാളിയെയാണ്. പൗലോസ് ഇവിടെ പഴയനിയമത്തിൽ ക്രിസ്തു ഒരു പോരാളിയായി നമുക്ക് വേണ്ടി പോരാടുന്നതിനെയാണ് ഉദ്ദേശിക്കുന്നത്. ഈ യേശുവിനെ കുറിച്ച്, യെശയ്യാ പ്രവചനം 59, 11, 49 എന്നീ അദ്ധ്യായങ്ങളിൽ പരാമർശിക്കുന്നതു നമുക്കു കാണുവാൻ കഴിയും. യേശയ്യാ പ്രവചനം 59 ൽ താൻ മശിഹയായി പോരാടുന്നതായി നാം കാണുന്നു. യെശയ്യ 11 ൽ താൻ ദൈവത്തിന്റെ പോരാളിയായ രാജാവായി നമുക്കു വേണ്ടി അന്ധകാരശക്തികളോട് പോരാടുന്നു. യെശയ്യ 49 ൽ ദൈവത്തിന്റെ ദാസനായി താൻ പോരാടുന്നു. അവൻ അവിടെ ധരിച്ചിരിക്കുന്ന സർവ്വായുധ വർഗ്ഗങ്ങളെയാണ് നമ്മോടും ധരിക്കുവാൻ ആവശ്യപ്പെടുന്നത്. നാം ധരിക്കുവാൻ ആവശ്യപ്പെടുന്ന സർവ്വായുധവർഗ്ഗത്തെക്കുറിച്ചാണ് തുടർന്ന് പൗലോസ് വിശദീകരിക്കുന്നത്. ആ സർവ്വായുധ വർഗ്ഗത്തെക്കുറിച്ചുള്ള വിശദീകരണത്തിലേക്ക് ഇന്ന് ഞാൻ കടക്കാൻ ആഗ്രഹിക്കുന്നില്ല. കർത്താവ് അനുവദിച്ചാൽ, അവസരം ലഭിക്കുന്ന മുറക്ക് അത് നിങ്ങളുമായി പങ്കുവെക്കാം എന്ന് ഞാൻ വിചാരിക്കുന്നു.
ഉപസംഹാരം
ആകയാൽ ഞാൻ പറഞ്ഞത്: അന്ധകാരശക്തികളുടെ പ്രവർത്തനം മൂലം ദൈവപ്രസാദകരമായ ക്രിസ്തീയജീവിതം നയിക്കുന്നതിനും സഭയുടെ ദൗത്യം നിറവേറ്റുന്നതിനും വളരെ പോരാട്ടം കഴിക്കേണ്ടതുണ്ട്. ആകയാൽ ഓരോ വിശ്വാസിയും ഒരു യുദ്ധഭൂമിയിലാണ് എന്ന കാര്യം എപ്പോഴും ഓർക്കുക. നമ്മുടെ പോരാട്ടം മനുഷ്യനു അപ്പുറമായി, അവനു പിന്നിൽ പ്രവർത്തിക്കുന്ന അന്ധകാരശക്തികളോടാണ്. ഈ പ്രതിബന്ധങ്ങളെ അതിജീവിച്ച്, വിജയകരമായി മുന്നേറുന്നതിനു നമ്മുടെ സ്വയശക്തിയിൽ നമുക്ക് സാധിക്കയില്ല. നമ്മുടെ കഴിവുകേടിനെ സമ്മതിച്ച്, ദൈവത്തിന്റെ ശക്തിയിൽ നാം ആശ്രയിക്കുക. രണ്ട്, ഈ നാം ക്രിസ്തുവിൽ നാം ആരായിരിക്കുന്നു എന്നും അവനോടു നമുക്കുള്ള ബന്ധം എന്നിവ നാം നന്നായി മനസ്സിലാക്കുക. മൂന്ന്, യേശുക്രിസ്തു എന്ന അജൈയ്യനായ ഒരു പോരാളി നമുക്കുണ്ട്. ആ പോരാളിയിലൂടെ വിശ്വാസത്തിന്റെ പോരാട്ടം നയിക്കുക. അതിനു ദൈവം നമ്മേ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവത്തിന്റെ നാമം മഹത്വപ്പെടുമാറാകട്ടെ.
*******