top of page
എഫെസ്യ ലേഖന പരമ്പര-28
P M Mathew
MAR 21, 2021

How to win spiritual warfare?
ആത്മീയ യുദ്ധത്തിൽ എങ്ങനെ വിജയിക്കാം?

Ephesians 6:10-20

ക്രിസ്തീയ ജീവിതത്തിൽ വലിയ പോരാട്ടം കഴിക്കേണ്ടതുണ്ട് എന്ന കാര്യമാണ് കഴിഞ്ഞ ആഴ്ച പത്രോസിന്റെ ലേഖനത്തിൽ നിന്നും നാം ശ്രദ്ധിച്ചത്. വിശുദ്ധ ജീവിതം നയിക്കുന്നതിന്, ഫലപ്രദമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിന് നമുക്ക് തടസ്സം നിൽക്കുന്നത് ജഡവും ഈ ലോകവും ആണെന്ന് കഴിഞ്ഞ ആഴ്ച Dr Babu M George സഹോദരനിൽ നിന്നു നാം കേട്ടു. ക്രിസ്തീയ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന, തടസ്സം സൃഷ്ടിക്കുന്ന മൂന്ന് ശക്തികൾ എന്ന് പറയുന്നത് ലോകം ജഡം പിശാച് എന്നിവയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിൽ മൂന്നാമത്തെ ശക്തിയായ പിശാചിന്റെ തന്ത്രങ്ങളോട് എങ്ങനെ എതിർത്തുനിൽക്കാൻ സാധിക്കുമെന്ന കാര്യമാണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.

അതിനായി നാം പഠിച്ചുകൊണ്ടിരുന്ന എഫെസ്യ ലേഖനം അതിന്റെ ആറാം അധ്യായം 10 മുതൽ 20 വരെ വാക്യങ്ങളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

എഫെസ്യർ 6:10-20

"ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ. 11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. 12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും 15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം 16 കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. 17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. 18 സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. 19 ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും 20 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ."

കേന്ദ്രാശയം

ഈ വേദഭാഗത്തിന്റെ കേന്ദ്രാശയം എന്നു പറയുന്നത്: അന്ധകാര ശക്തികളുടെ തന്ത്രങ്ങളും ആക്രമണങ്ങളും മൂലം കർത്താവിനു പ്രസാദകരമായി ജീവിക്കുന്നതിനും സഭയുടെ ദൗത്യം നിവൃത്തിക്കുന്നതും എളുപ്പമല്ല. ഇക്കാരണത്താൽ വിശ്വാസികൾക്ക് അന്ധകാരശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനും ലോകത്ത് ദൈവരാജ്യം വിസ്തൃതമാക്കുന്നതിനും ദൈവത്തിന്റെ ശക്തിയും വിഭവസമ്പത്തും ദൈവം ലഭ്യമാക്കിയിരിക്കുന്നു. ദൈവത്തിന്റെ ശക്തിയും വിഭവസമ്പത്തും സ്വീകരിച്ച് അതിനാനുപാദികമായി നമ്മിലെ നന്മയെ വർദ്ധിപ്പിച്ചും അന്ധകാരശക്തിയെ ചെറുത്തു നിൽക്കുകയും ദൈവരാജ്യം വിസ്തൃതമാക്കുകയും ചെയ്യുക. ഇതാണ് 10-20 വരെയുള്ള വേദഭാഗത്തിന്റെ കേന്ദ്രാശയം.

ഇതിൽ 10-12 വരെയുള്ള വേദഭാഗം ഞാൻ മുന്നമെ നിങ്ങളുമായി പങ്കുവെച്ചിരുന്നു. അന്ധകാര ശക്തികളുടെ പ്രവർത്തനത്തെ ചെറുത്തു തോൽപ്പിക്കുന്നതിനു ദൈവത്തിന്റെ ശക്തിയും വിഭവസമ്പത്തും ദൈവം നമുക്കു ലഭ്യമാക്കിയിരിക്കുന്നു. ഈ കാര്യത്തെ കുറിച്ചു അന്നു ഞാൻ നിങ്ങളുമായി പങ്കുവെച്ചതാണ്. ഇനി ശേഷിക്കുന്ന വേദഭാഗത്തിന്റെ അതായത് 13-20 വരെയുള്ള വേദഭാഗത്തിന്റെ ആശയമാണ് ഇന്നു ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്.

13-20 വരെയുള്ള വേദഭാഗത്തിന്റെ പ്രധാന ആശയം എന്നു പറയുന്നത്:
ദൈവം ദാനമായി ലഭ്യമാക്കിയിരിക്കുന്ന ദൈവത്തിന്റെ ശക്തിയും വിഭവസമ്പത്തും ഉപയോഗിച്ചും അതിനാനുപാദികമായി തങ്ങളിലെ നന്മയെ വർദ്ധിപ്പിച്ചും സർവ്വോപരി ദൈവാത്മാവിൽ പ്രാർത്ഥിച്ചും അന്ധകാരശക്തികളോടു പോരാടുക.

1. സ്വന്തം ശക്തിയിലും കഴിവിലും അന്ധകാരശക്തികളോടു പോരാടുവാൻ നമുക്കു കഴിയുകയില്ല (We cannot fight the forces of darkness in our own strength and ability).

ഒന്നാമതായി, ഞാൻ ഈ വേദഭാഗത്തുനിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം: സ്വന്തം ശക്തിയിലും കഴിവിലും അന്ധകാരശക്തികളോടു പോരടുവാൻ നമുക്കു കഴിയുകയില്ല എന്ന കാര്യമാണ്.

പൗലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നതെന്തെന്നാൽ, അന്ധകാരശക്തിയെ പരാജയപ്പെടുത്തി ദൈവം ആഗ്രഹിക്കുന്ന നിലയിലുള്ള ഒരു ജീവിതം നയിക്കുവാൻ, സ്വന്ത ശക്തിയിലും കഴിവിലും നമുക്കു കഴിയുകയില്ല. അതിനു നാം ദൈവികമായ ശാക്തീകരണത്തിനു കർത്താവിൽ കൂടുതലായി ആശ്രയിക്കേണ്ടിയിരിക്കുന്നു. സ്വന്തശക്തിയിൽ പോരാടുമ്പോഴാണ് പലപ്പോഴും പരാജയം നാം ഏറ്റു വാങ്ങുന്നത്.
ഒരൊ വിശ്വാസിയും ഒരു യുദ്ധഭൂമിയിലാണ്. അതുകൊണ്ട് നമുക്കു വളരെ ശക്തി ആവശ്യമാണ്. 10ാം വാക്യത്തിൽ പൗലോസ് പറയുന്നതെന്തെന്നാൽ; "കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ" എന്നാണ്. കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.

“ശക്തിപ്പെടുവിൻ” എന്നത് പാസ്സീവ് വോയിസിലാണ് നൽകിയിരിക്കുന്നത്. അതായത്, ബാഹ്യമായ, ദൈവികമായ ശാക്തീകരണത്തിനു തങ്ങളെ തന്നെ വിധേയപ്പെടുത്തുക എന്നതാണ് അർത്ഥമാക്കുന്നത്. എന്നാൽ കല്പനാരൂപത്തിലുള്ള പ്രയോഗം, അതിൽ നമ്മുടെ ഇഛയും പങ്കാളിത്വവും അടങ്ങിയിരിക്കുന്നു എന്നതാണ് കാണിക്കുന്നത്. നമ്മുടെ ശാരീരികമായ ബലം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചല്ല ഇതു പറയുന്നത്, മറിച്ച്, ആന്തരീകമായ ശക്തിപ്പെടലാണ്. 2 തിമോത്തി 2:1 ൽ പൗലോസ് തിമോത്തന്യോടു ശക്തിപ്പെടാനുള്ള ആഹ്വാനം നൽകുന്നതു കാണാം. “എന്റെ മകനെ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക.” ക്രിസ്തുയേശുവിലുള്ള കൃപയാലാണ് നാം ശക്തിപ്പെടേണ്ടത്.

a) എങ്ങനെയാണ് ശക്തിപ്പെടേണ്ടത്?

“കർത്താവിലും അവന്റെ അമിതബലത്തിലും ആണ് ശക്തിപ്പെടേണ്ടത്”. ഈ പ്രയോഗം കർത്താവായ യേശുക്രിസ്തുവിനെയും അവന്റെ പുനരുത്ഥാനശക്തിയേയുമാണ് കുറിക്കുന്നത്. ഉയർത്തെഴുനേറ്റ് ദൈവത്തിന്റെ വലതു ഭാഗത്തേക്കുയർത്തപ്പെട്ട കർത്താവായ യേശുക്രിസ്തുവുമായുള്ള ബന്ധത്തിലാണ് ഈ ശാക്തീകരണം നാം പ്രാപിക്കേണ്ടത്. തന്റെ വചനത്തിലുടെ കർത്താവിനോടു സമയം ചെലവഴിക്കുന്നതിലുടെയാണ് ഇതു സാദ്ധ്യമായിത്തീരുന്നത്.

മാത്രവുമല്ല, അന്ധകാരശക്തികളോടുള്ള പോരാട്ടം വിശ്വാസത്തിലൂടെയുള്ള പോരാട്ടമാണ്. യേശുക്രിസ്തു എന്ന അജൈയ്യനായ ഒരു പോരാളി നമുക്കുണ്ട്. ആ പോരാളിയിലൂടെ വിശ്വാസത്തിന്റെ പോരാട്ടം നയിക്കുകയാണു വേണ്ടത്.

b. ക്രിസ്തു എന്ന പോരാളി

പൗലോസ് ഈ ലേഖനമെഴുതിയത് ഒരു റോമൻ ജയിലിൽ വെച്ചാണ്. തന്റെ മുൻപിൽ നിൽക്കുന്ന പടയാളികളുടെ വേഷവിധാനങ്ങളെ വെച്ചുകൊണ്ടാണ് താനിതു എഴുതുന്നതു. പക്ഷേ, തന്റെ മുൻപിൽ നിൽക്കുന്ന പടയാളിയിൽ പൗലോസ് കാണുന്നത് കർത്താവായ യേശുക്രിസ്തു എന്ന മശിഹൈക പടയാളിയെയാണ്. പൗലോസ് ഇവിടെ പഴയനിയമത്തിൽ ക്രിസ്തു ഒരു പോരാളിയായി നമുക്ക് വേണ്ടി പോരാടുന്നതിനെയാണ് ഉദ്ദേശിക്കുന്നത്. ഈ യേശുവിനെ കുറിച്ച്, യെശയ്യാ പ്രവചനം 59, 11, 49 എന്നീ അദ്ധ്യായങ്ങളിൽ പരാമർശിക്കുന്നുണ്ട്.

• യേശയ്യാ പ്രവചനം 59 ൽ യേശു ദൈവത്തിന്റെ മശിഹയായി പോരാടുന്നതായി
നാം കാണുന്നു.

• യെശയ്യ 11 ൽ യെശു ദൈവത്തിന്റെ പോരാളിയായ രാജാവായി നമുക്കു വേണ്ടി
അന്ധകാരശക്തികളോട് പോരാടുന്നു.

• യെശയ്യ 49 ൽ ദൈവത്തിന്റെ ദാസനായി താൻ പോരാടുന്നു.

ഈ വേദഭാഗങ്ങൾ നാം പരിശോധിച്ചാൽ പൗലോസ് പറഞ്ഞ മിക്കവാറും എല്ലാ സർവ്വായുധ വർഗ്ഗങ്ങളും അവിടെ നമുക്കു കാണുവാൻ കഴിയും.

• യെശയ്യ 11: 5 “നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും
ആയിരിക്കും.” എന്ന് പ്രവാചകൻ പറയുന്നു. പൗലോസ് ഈ വേദഭാഗത്തു നമ്മോടു
പറയുന്നത് “നീതി അവന്റെ നടുക്കെട്ട്” എന്നതിനു സത്യം അരക്കു കെട്ടുക
എന്നാണ്. പൗലോസ് യെശയ്യാ പ്രവചനത്തിൽ നിന്നും അതേപടി cut & paste
നടത്തിയതല്ല, അതുകൊണ്ട് ചില മൈനർ വ്യത്യാസങ്ങൾ കാണുന്നു. എന്നാൽ
ആശയം വ്യത്യാസപ്പെടുന്നില്ല.

• യെശയ്യ 59:17 “അവൻ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക
തലയിൽ ഇട്ടു; ….”പൗലോസ് ഇവിടെ നീതി എന്ന കവചവും, രക്ഷ എന്ന
തലക്കോരിക അഥവ ശിരസ്ത്രവും എടുത്തിരിക്കുന്നു എന്നു കാണാം.

• യെശയ്യ 49:2 “അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി..," അതായത്
“ദൈവവചനം എന്ന വാളി”നെ കുറിച്ചാണ് ഇവിടെ പറയുന്നത്.

അതായത്, പൗലോസ് പഴയനിയമ മശിഹൈക വേദഭാഗങ്ങളിൽ കർത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി ഒരു പോരാളിയായി പോരാടുന്നതും താൻ പോരാട്ടത്തിൽ വിജയം വരിക്കുന്നതുമായ കാര്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ആ യേശുക്രിസ്തുവിലാണ് നമ്മുടെ identity എന്ന് മുന്നദ്ധ്യായങ്ങളിൽ നാം ശ്രദ്ധിച്ചു. വിശ്വാസികളായ നാം ഓരോരുത്തരും ക്രിസ്തുവിലാണ്. We are in Christ. We are in him. ഇതാണു നമ്മുടെ Identiity. അതുകൊണ്ട് നമുക്ക് ബലമുണ്ട്, നമുക്ക് അവന്റെ ശക്തിയുണ്ട്, അവന്റെ അധികാരമുണ്ട്, നാം അവനിൽ ആശ്രയിക്കുമ്പോൾ നമ്മുടെ ജീവിതപ്രതിസന്ധികളിൽ ഈ ബലവും, ശക്തിയും അധികാരവും നമുക്കു ലഭിക്കുന്നു. അങ്ങനെ വിജയിക്കുവാൻ സധിക്കും എന്ന കാര്യമാണ് പൗലോസ് നമ്മേ ഓർപ്പിക്കുന്നത്.

2. വിശ്വാസികൾ എല്ലാസമയവും ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകത (The need for believers to be prepared at all times).
13-ാം വാക്യം ഒരു ഒരുക്കവും അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുമാണ് പറയുന്നത്. " അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ." അതായത് നാമെല്ലാം ഒരു യുദ്ധഭൂമിയിലാണ്. നമ്മുടെ ശത്രു, സാത്താനും അവന്റെ കിങ്കരന്മാരുമാണ്. അവനുമായിട്ടാണ് നമുക്കു പോരാട്ടമുള്ളത്. "അതുകൊണ്ട്" നിങ്ങൾ സർവ്വായുധവർഗ്ഗ, എടുത്തുകൊൾവിൻ.

“ദുർദ്ദിവസം” എന്നു പറയുന്നതിനു പല വ്യാഖ്യാനങ്ങളും നൽകപ്പെട്ടിട്ടുണ്ട്. “കർത്താവിന്റെ നാളിനെ” കുറിക്കുന്നു എന്ന് ചിലർ അതിനെ വ്യാഖ്യാനിക്കുന്നു. മറ്റുചിലർ ചില പ്രത്യേക “പരീക്ഷാ സമയങ്ങൾ’ അഥവാ “കഠിനമായ പരീക്ഷ വേളകളെ” കുറിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നു. ഈ രണ്ടു ആശയങ്ങളേയും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ഒരു സമയം നിശ്ചയിക്കുവാൻ നമുക്കു സാധിക്കയില്ല. ആകയാൽ ഈ രണ്ടു സമയങ്ങളും ഉൾക്കൊള്ളുന്ന വർത്താമാനകാലത്തെ ‘ദുർദ്ദിവസ’മെന്ന് നമുക്കു വിശേഷിപ്പിക്കാം. അതായത്, വിശ്വാസികൾ ജീവിക്കുന്ന തങ്ങളുടെ വർത്തമാന കാലഘട്ടത്തെ ദുർദ്ദിവസ്സം എന്ന് കണക്കാക്കാം. എഫേസ്യർ 5:16 ൽ പൗലോസ് പറയുന്നുണ്ടല്ലൊ “ ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ” എന്ന്. (ഗലാത്യർ 1:3-5 “പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ 4 കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.) ആകയാൽ, വിശ്വാസികൾ ജീവിക്കുന്നത് ഒരു ദുഷ്ടലോകത്തിലാണ്. അതുകൊണ്ട് അവർക്ക് കൂടെക്കൂടെ പ്രതികൂലങ്ങളെ നേരിടേണ്ടതായ് വരും. ആകയാൽ അവർ എല്ലായ്പ്പോഴും കർത്താവിന്റെ ശക്തിയിൽ ആശ്രയിക്കേണ്ടത് ആവശ്യമാണ്. മാത്രവുമല്ല, ആക്രമണം ഉണ്ടായിട്ട് ഒരുങ്ങാം എന്നു വിചാരിക്കുന്നത്. ചൈന നമ്മേ ആക്രമിക്കട്ടെ, അപ്പോൾ നമുക്കു അവിടെ സൈന്യത്തെ വിന്യസിപ്പിക്കാം എന്ന് വിചാരിക്കാറില്ല. കാരണം അതു ഭോഷത്വമാണ് എന്നു നമുക്കറിയാം. അതുപോലെ ഒരു വിശ്വാസി, എല്ലാ സമയവും "ദുർദ്ദിവസം" എന്ന നിലയിൽ ഒരുങ്ങിയിരിക്കേണ്ടത് ആവശ്യമാണ്.

അതിന്റെ ഉദ്ദേശ്യമെന്താണ്? നാം നമ്മുടെ ശത്രുവിനോട് എതിർത്തു നിൽക്കുന്നു എങ്കിൽ മാത്രമെ വിക്ടറി സ്റ്റാന്റിൽ ഉറച്ചു നിൽക്കാൻ നമുക്കു സാധിക്കുകയുള്ളു. ഇതാണ് സർവ്വയുധവർഗ്ഗം ധരിച്ച് ഒരുങ്ങി ഇരിക്കേണ്ടതിന്റെ ഉദ്ദേശ്യമെന്ന് പറയുന്നത്. എങ്കിൽ മാത്രമെ വിക്ടറി സ്റ്റാൻഡിൽ ഉറച്ചു നിൽക്കാൻ നമുക്കു കഴിയു.

അതുകൊണ്ട് നമുക്കു പോരാട്ടം ഉണ്ട്. ശത്രുവിനെ സ്വന്തം ശക്തിയാൽ ജയിക്കാൻ സാധിക്കയില്ല. ആകയാൽ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ലഭിക്കുന്ന ശക്തി സ്വീകരിച്ചുകൊണ്ട് എതിർത്തു നിൽക്കുക. അങ്ങനെ നാം ചെയ്യുന്നു എങ്കിൽ അവസാനം നാം വിജയിയുടെ പീഠത്തിൽ ഉറച്ചു നിൽക്കും.
3. എങ്ങനെയാണ് ഒരുങ്ങി നിൽക്കേണ്ടത് (How to get ready)

“(1) നിങ്ങളുടെ അരെക്കു സത്യം കെട്ടിയും (2) നീതി എന്ന കവചം ധരിച്ചും (breastplate of righteousness) (3) സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ (4) വിശ്വാസം എന്ന പരിച എടുത്തുകൊണ്ട് നില്പിൻ (5) രക്ഷ എന്ന ശിരസ്ത്രവും (6) ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ”;

ഈ വാക്യത്തിൽ 6 സർവ്വായുധ വർഗ്ഗങ്ങളെക്കുറിച്ചും അവ എങ്ങനെയാണ് ധരിക്കേണ്ടത് എന്നുമാണ് പറയുന്നത്.

1. സത്യം അരക്കു കെട്ടുക
2. നീതി കവചമായി ധരിക്കുക
3. സമാധാന സുവിശെഷം കാലിനു ചെരുപ്പാക്കുക
4. വിശ്വാസം എന്ന പരിച കയ്യിൽ എടുക്കുക
5. രക്ഷ എന്ന ശിരസ്ത്രം തലയിൽ ധരിക്കുക
6. ദൈവവചനം എന്ന വാൾ ഉപയോഗിക്കുക.

ഇവ ഓരോന്നും ഞാൻ വളരെ ചുരുക്കമായി വിശദീകരിക്കാം.

ഒന്നാമത്തെ സർവ്വായുധവർഗ്ഗം: “നിങ്ങളുടെ അരക്കു സത്യം കെട്ടുക” എന്നതാണ്. സത്യം ഒരു ബെൽറ്റുപോലെ അരക്കു കെട്ടുക. ബൽറ്റ് കെട്ടാതെ ഒരു പടയാളിയും യുദ്ധം ചെയ്യാറില്ല. അവന്റെ വസ്ത്രങ്ങൾ അങ്ങനെ അയഞ്ഞ് നീണ്ടുകിടക്കുകയാണെങ്കിൽ, അവന്റെ ഓരൊ ചലനത്തിനും ആ വസ്ത്രം തടസ്സമാകും. അതുവഴി ശത്രുവിന്റെ വാളിനു ഇരയായി തീരും. നമ്മുടെ എല്ലാ പ്രവർത്തനത്തിലും ദൈവവചനത്തിന്റെ സത്യമാണ് ആവശ്യമായിരിക്കുന്നത്. സത്യമില്ലാത്ത കാര്യം എത്ര ആവർത്തിച്ചു പറഞ്ഞാലും അതിനു ആത്യന്തികമായ നിലനിൽപ്പ് ഉണ്ടാവുകയില്ല. വർത്തമാനകാല രാഷ്ട്രീയത്തിൽ കാണുന്നതുപോലെ, മാനുഷിക ബുദ്ധി, മാനുഷിക പദ്ധതി, മാനുഷിക രീതികൾ, പാരമ്പര്യങ്ങൾ, ചർച്ച് പാരമ്പര്യങ്ങൾ, തിയറികൾ, കണക്കുകൂട്ടലുകൾ, എന്നിവ സത്യത്തിനു പകരമാവില്ല. അതൊക്കെ തത്ക്കാല വിജയത്തിൽ കലാശിച്ചേക്കാം. എന്നാൽ ആത്യന്തിക വിജയത്തിനു അവ ഉപകരിക്കുകയില്ല. ചാൾസ് ഹോഡ്ജ് എന്ന ദൈവദാസൻ ഇത്യാദി കാര്യങ്ങളെ ചിലന്തി വല എന്നാണ് വിളിക്കുന്നത്. എന്നാൽ നമുക്ക് വേണ്ടത് സത്യത്തിന്റെ ബെൽറ്റാണ്. അത് അപ്പോസ്തലന്മാർ പറഞ്ഞതുപോലെ യേശുക്രിസ്തുവിലുള്ള സത്യമാണ്. എഫേ 4:24 ൽ പൗലോസ് പറയുന്നത് ശ്രദ്ധിക്കുക “24സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.” ചതി, മോഹം, വഞ്ചന എന്നിവ പഴയമനുഷ്യന്റെ ഭാഗമാണ്. അവയെ ഉപേക്ഷിക്കുക, ഉരിഞ്ഞുകളയുക. സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരുപമായി സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുക. അല്ലെങ്കിൽ സത്യം നാം മുറുകെ പിടിക്കുക.

സത്യത്തിനുവേണ്ടി വളരെ പോരാട്ടം കഴിച്ച മാർട്ടിൻ ലൂഥർ ഇപ്രകാരം പറഞ്ഞു: “പിശാചുക്കളാൽ നിറയപ്പെട്ട ഈ ലോകം, നമ്മേ നശിപ്പിക്കുവാൻ ഭീഷണിയുമായി നിൽക്കുന്നു, എന്നാൽ നാം ഭയപ്പെടുകയില്ല, കാരണം ദൈവം തന്റെ സത്യം നമ്മിലൂടെ വിജയിച്ചു കാണാൻ ഇഛിക്കുന്നു.”

സത്യം വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ദൈവം. അവന്റെ സത്യം മാത്രമെ വിജയിക്കുകയുള്ളു. അതുകൊണ്ട് സത്യത്തിനു വേണ്ടി നിൽക്കുക. ഡോക്ടർ എസ്. ലൂയിസ് ജോൺസൺ പറയുന്നതുപോലെ, ദൈവത്തിന്റെ സോവർനിറ്റിക്കായി നിങ്ങൾ നിലകൊണ്ടാൽ, അവസാന നാളിൽ നിങ്ങൾ കുറ്റമില്ലാത്തവരായി ദൈവസന്നിധിയിൽ നിൽക്കും. ദൈവത്തിന്റെ കൃപക്കായി നിലകൊണ്ടാൽ നിങ്ങൾ സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരും ദൈവസന്നിധിയിൽ കുറ്റവിമുക്തരുമായി നിലകൊള്ളും.

സത്യത്തിനെതിരെ പോരാടുവാൻ നിങ്ങൾക്ക് കഴിയുകയില്ല. അതുകൊണ്ട് ക്രിസ്തീയ പോരാളിയുടെ പ്രവർത്തനങ്ങളെ നയിക്കേണ്ടത് സത്യമായിരിക്കണം. വഞ്ചനയൊ കാപഠ്യമൊ, തന്ത്രങ്ങളൊ ആയിരിക്കരുത്.

രണ്ടാമതായി, നീതി എന്ന കവചം ധരിക്കുക. പടയളികൾ തങ്ങളുടെ നെഞ്ചിനെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം/metal കൊണ്ടുള്ള ഒരു ആവരണമാണ്/ഉടുപ്പാണ് കവചം എന്നത്. എന്നാൽ പൗലോസ് ഇവിടെ ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക രീതിയിലുള്ള കവചമാണ്. അതു നീതി എന്ന കവചമാണ്. നമ്മുടെ പ്രായോഗിക നീതിക്ക് വളരെ പ്രസക്തിയുണ്ട് എന്നാൽ ഇവിടെ വിശ്വാസികൾക്ക് ക്രിസ്തുവിലൂടെ കണക്കിട്ട നിതിയാണ് പൗലോസ് ഉദ്ദേശിക്കുന്നത്. It is not imparted righteousness but imputed righteousness. കാരണമെന്തെന്നാൽ നമ്മുടെ പ്രായോഗിക നിതിയിൽ ആശ്രയിച്ചാൽ ശത്രുവിനു അതിനെ തകർക്കാൻ എളുപ്പമായിരിക്കും. എന്നാൽ കർത്താവിൽ കണിക്കിട്ട നീതിയെ ശത്രുവിനു തകർക്കാൻ കഴിയുകയില്ല. അതുകൊണ്ട് നാം എപ്പോഴും ആശ്രയിക്കേണ്ടത് സ്വന്തം നീതിയിലല്ല, മറിച്ച്, കർത്താവിന്റെ നീതിയിലാണ്.

മൂന്നാമത്തെ ആയുധം സമാധാന സുവിശേഷമെന്ന ചെരുപ്പാണ്.

ചെരുപ്പ് അഥവാ ബൂട്ട്സ് readyness കാണിക്കാൻ ഉപയോഗിക്കുന്നതാണ്. അതായത് ഏത് നീക്കത്തിനും തയ്യാറായിരിക്കുക. ഇവിടെ പൗലോസ് ഉദ്ദേശിക്കുന്നത്, സുവിശേഷം പറയാൻ നാം എപ്പോഴും ഒരുക്കമുള്ളവരായിരിക്കുക, കാരണം അതിലാണ് ദൈവമായിട്ടുള്ള സമാധാനം അടങ്ങിയിരിക്കുന്നത്. അതിലൂടെയാണ് ശത്രുക്കളായിരുന്ന യെഹൂദനും ജാതികൾക്കും ഒന്നിക്കാനായത്. യെശയ്യ 52:7 ൽ പ്രവാചകൻ ഇപ്രകാരം പറയുന്നു” “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” സുവാർത്ത അഥവാ സുവിശേഷം അറിയിക്കുക. സുവിശേഷം അറിയിക്കുന്ന വ്യക്തികളുടെ പാദങ്ങൾ എത്ര മനോഹരം. റോമാലേഖനം 15:7 ൽ സുവിശേഷഘോഷണത്തോടുള്ള ബന്ധത്തിൽ പൗലോസ് ഇപ്രകാരം പറയുന്നു: "ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? "നന്മ് സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം എന്നു എഴുതിയിരിക്കുന്നുവല്ലോ."

ദൈവത്തിന്റെ രാജ്യവും സാത്താന്റെ രാജ്യവും(Kingdom of God verses kingdom of Satan) തമ്മിലുള്ള പോരാട്ടമാണ് ഇവിടുത്തെ വിഷയം എന്നതിനാൽ, സാത്താന്യശക്തിയെ പ്രതിരോധിക്കുവാനുള്ള നമ്മുടെ ശക്തമായ ആയുധം സുവിശേഷമാണ്. സുവിശേഷം ലോകത്തിന്റെ അറ്റത്തോളം എത്തിക്കുവാനുള്ള ആഹ്വാനം ഈ ലേഖനത്തിൽ തന്നെ 1:23 ലും 4:10 ലും നമുക്കു കാണാം.

മർക്കൊസ് 3:27 ൽ പറയുന്നതുപോലെ, യേശു തന്റെ ക്രൂശിലെ മരണത്താൽ ബലവാനെ പിടിച്ചുകെട്ടിയതിനാൽ അവന്റെ കോപ്പു കവർന്നടുക്കാൻ സുവിശേഷത്തിനു കഴിയും. അങ്ങനെ സാത്താന്റെ അധീനതയിൽ കിടക്കുന്ന ബദ്ധന്മാരെ തടവറയിൽ നിന്നു മോചിപ്പിക്കുവാൻ സുവിശേഷ ഘോഷണം അവശ്യമായ സംഗതിയാണ്. എന്നാൽ നാം പറയുന്ന സുവിശേഷം ഫലപ്രദമായി തീരണമെങ്കിൽ ഈ സുവിശേഷം നമ്മുടെ ജീവിതത്തെ സ്വാധീനിക്കണം. മറ്റുള്ളവരെ അന്ധകാരത്തിൽ നിന്നു മോചിപ്പിക്കുവാൻ കഴിയണമെങ്കിൽ, നാം ആദ്യം വെളിച്ചമുള്ളവരാണ് എന്ന് അവരുടെ മുൻപിൽ തെളിയിക്കണം. സുവിശേഷം എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം മറ്റുള്ളവർ ദർശിക്കാൻ ഇടയാകണം. അപ്പോൾ മാത്രമാണ് നാം പറയുന്ന സുവിശേഷം മറ്റുള്ളവർക്കു ആകർഷകമായി തോന്നുകയുള്ളു. ചില അപൂർവ്വം അവസരങ്ങളിൽ അവിശ്വാസിയുടെ സുവിശേഷം കേട്ടും ചിലപ്പോൾ ആളുകൾ രക്ഷിക്കപ്പെട്ടു എന്നു വന്നേക്കാം. അതൊക്കേയും exceptional case കളാണ്. എന്നാൽ അതല്ല മാതൃക. സുവിശേഷം ഘോഷിക്കുവാൻ സഭയുടെ തലായ കർത്താവിനോടു ആലോചന കഴിച്ച് താൻ അയക്കുന്നിടത്തേക്ക് പോകുക, ഇതാണ് പൗലോസ് അതിലുടെ അർത്ഥമാക്കുന്നത്.

6:18-19 വാക്യങ്ങളിൽ അപ്പൊസ്തലനായ പൗലൊസ് തന്നെ ഓർത്തു പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെടുന്നു. എന്തിനുവേണ്ടിയാണത്? 19 ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും 20 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ." കൊരിന്ത്യാസഭയിൽ കാണുന്നതുപോലെ സഭയിൽ ഭിന്നതകളുണ്ട്, മത്സരങ്ങളുണ്ട്, അങ്ങനെ പലതരത്തിലുള്ള പാപങ്ങളുണ്ട്. അവ അവസ്സാനിപ്പിക്കണം. അന്ധകാരത്തിൽ കിടക്കുന്നവരെ മോചിപ്പിച്ച് ക്രിസ്തുവിൽ ഏകീകൃതമായൊരു മാനവീകതയെ കെട്ടിപ്പടുക്കണം. യെഹൂദനേയും ജാതിയേയും ഒന്നിപ്പിക്കണം. അതിനു വേണ്ടി സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കണം. അതിനുവേണ്ടി എന്നെ ഓർത്തും പ്രാർത്ഥിപ്പിൻ എന്നാണ് പൗലോസ് ആവശ്യപ്പെടുന്നത്.

നാലാമതായി, വിശ്വാസമെന്ന പരിചയാണ് ധരിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പരിച എന്നു പറയുന്നത് ഒരു defensive ആയുധമാണ്. ഏകദേശം 4 അടി നീളവും 2.5 അറ്റീ വീതിയും ഉള്ള പരിചയാണ് സാധാരണ റോമൻ പടയാളികൾ കയ്യിൽ പിടിക്കുന്നത്. അതുപയോഗിച്ചാണ് ശത്രു എയ്തുവിടുന്ന അമ്പുകളെ പ്രതിരോധിക്കുന്നത്. അമ്പിന്റെ അറ്റത്ത് തീപന്തം തൊടുത്തു വിടുന്നതിനെയാണ് തീയമ്പ് എന്നു പറയുന്നത്. അങ്ങനെയുള്ള ശത്രുവിന്റെ ആക്രമണങ്ങളിൽ നിന്നൊക്കേയും സംരക്ഷണം നൽകുന്നത് പരിചയാണ്.

ഇവിടെ പരിചയായി നിൽക്കുന്നതു കർത്താവിലുള്ള നമ്മുടെ വിശ്വാസമാണ് അഥവാ ആശ്രയമാണ്. കർത്താവ് ഉൽപ്പത്തി 15:1 ൽ അബ്രാഹമിനോടു പറഞ്ഞു: അബ്രാമെ, ഭയപ്പെടേണ്ട; ഞാൻ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു. ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള വിശ്വാസം അർപ്പിക്കുന്നതിനെക്കുറിച്ചു ഈ ലേഖനത്തിൽ പല ആവർത്തി പറഞ്ഞിരിക്കുന്നത് നമുക്കു കാണുവാൻ കഴിയും (1:13,15,19: 2:8). അവിടെയൊക്കെ കർത്താവിൽ വിശ്വാസമർപ്പിക്കുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണാം. കൂടാതെ, 3:16-17 വാക്യങ്ങളിൽ “ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്” പൗലോസ് പ്രാർത്ഥിക്കുന്നതു നമുക്കു കാണാം. വിശ്വാസത്തിലൂടെ ഉയർത്തെഴുനേറ്റ കർത്താവിന്റെ ശക്തിയും സാന്നിദ്ധ്യവും അധികമായി അനുഭവിച്ചറിയാൻ നമുക്കു സാധിക്കും. ഈ ശാക്തീകരണം അന്ധകാരശക്തികളുടെ പോരാട്ടത്തെ ചെറുത്തു നിൽപ്പാൻ മതിയായതാണ്. ഈയൊരു വിശ്വാസത്തിന്റെ പ്രതിഫലനമാണ് പ്രാർത്ഥന. അതുകൊണ്ടാണല്ലൊ പൗലോസ് നിങ്ങൾ സകല വിശുദ്ധന്മാർക്കും എനിക്കും വേണ്ടിയും പ്രാർത്ഥിപ്പിൻ എന്ന് 18-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നത്.

പ്രായോഗികത

അതെ, നമ്മുടെ ജീവിതത്തിൽ പ്രതികൂലങ്ങൾ നേരിടുമ്പോൾ, മറ്റുള്ളവർ നമ്മേക്കുറിച്ചു ദൂഷണം പറയുമ്പോൾ, പത്രോസിന്റെ ലേഖനത്തിൽ നാം കണ്ടതുപോലെ അവിശ്വാസികളിൽ നിന്നൊ അധികാരികളിൽ നിന്നോ സുവിശേഷത്തെ പ്രതി പീഡനം ഏല്ക്കേണ്ടിമ്പോൾ, പാപത്തെ സംബന്ധിച്ച കുറ്റബോധം നമ്മേ വിടാതെ പിന്തുടരുമ്പോൾ, ദൈവത്തിനു പ്രസാദകരമല്ലാത്ത പാപപ്രവർത്തികൾ ചെയ്യുന്നതിനു പ്രലോഭനം ഉണ്ടാകുമ്പോൾ, രോഗങ്ങളും മറ്റു പ്രതികൂലങ്ങളും ആഞ്ഞടിക്കുമ്പോൾ നമുക്കിപ്രകാരം പറയാം: ഞാൻ എന്റെ കർത്താവിൽ വിശ്വസിക്കുന്നു. ഞാൻ അവനിൽ ആശ്രയിക്കുന്നു. ഞാൻ കർത്താവിന്റെ വകയാണ്, അവൻ എന്റെ പ്രാർത്ഥന കേൾക്കുന്നു. ഈ പ്രതികൂലഘട്ടത്തിൽ അവൻ എന്നെ ശക്തീകരിക്കും.

അഞ്ചാമതായി, രക്ഷ എന്ന ശിരസ്ത്രം അഥവാ ഹെൽമെറ്റ്.

ഹെൽമെറ്റ് ശരീരത്തിലെ ഏറ്റവും പ്രധാന അവയവമായ തലക്ക് സംരക്ഷണം നൽകുന്നു. രക്ഷ അഥവാ ജീവൻ ഈയൊരു ദൗത്യമാണ് നിർവ്വഹിക്കുന്നത്. അതായത് അത് നമ്മുടെ ആത്മീയ ജീവൻ ഉറപ്പാക്കുന്നു. പൗലോസ് ഇതു യെശയ്യാ 59:17 ൽ നിന്നും എടുത്തിരിക്കുന്നതാണ്. 17“രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു;”. ദൈവം തന്റെ ജനത്തിന്റെ രക്ഷക്കായി തന്റെ മശിഹയിലൂടെ നമുക്കുവെണ്ടി പോരാടിക്കൊണ്ടിരിക്കുന്നു എന്ന ആശയമാണ് ഇതു നൽകുന്നത്. ദൈവം നമുക്കു വേണ്ടി പോരാടുന്നു എന്നു മാത്രമല്ല, തന്റെ റിസൊർസസ് നമുക്കു ലഭ്യമാക്കിത്തരികയും അതുപയോഗിച്ച് തങ്ങളുടെ ശത്രുക്കളോടു പോരാടാൻ അവരെ സജ്ജരാക്കയും ചെയ്യുന്നു. രക്ഷ എന്ന ശിരസ്ത്രം കൈക്കൊള്ളുക എന്നു പറഞ്ഞാൽ ക്രിസ്തുവിലുള്ള തങ്ങളുടെ പുതിയ ഐഡന്റിറ്റിയെ നാം പ്രയോജനപ്പെടുത്തുക എന്നാണ്.

അവസാനമായി താൻ പറയുന്നത് “ദൈവവചനം എന്ന ആത്മാവിന്റെ വാളി”നെ കുറിച്ചാണ്.

എല്ലാത്തരത്തിലുള്ള സാത്താന്യ ആകമണങ്ങളേയും നേരിടുവാൻ ദൈവത്തിന്റെ വചനം മതിയായതാണ്. ആത്മാവിൽ നിന്നാണ് വചനം വരുന്നത്. ദൈവത്തിന്റെ വചനം പരിശുദ്ധാത്മാവിനാൽ നിശ്വസിക്കപ്പെട്ടതാണ്. ദൈവവചനം ധാരാളമായി ഹൃദിസ്തമാക്കുക. ഏതു സമയത്തും എതു പ്രതികൂലവേളകളിലും ഈ ദൈവവചനം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരാൻ കഴിയുംവിധം ദൈവവചനവുമായി നല്ല പരിചയം ഉണ്ടാകുക. ദൈവവചനം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരാൻ കഴിയാത്തതുമൂലമാണ് നാം പരാജയപ്പെടുന്നത്. അങ്ങനെ വചനം നമ്മുടെ ഹൃദയത്തിൽ സജീവമായി നിലനിന്നാൽ ഏതു പ്രതിസന്ധിഘട്ടങ്ങളേയും തരണം ചെയ്യാൻ അതു നമ്മെ സഹായിക്കും.

കർത്താവ് സാത്താനാൽ പരീക്ഷിക്കപ്പെട്ടപ്പോൾ താൻ ദൈവവചനം അതിന്റെ സന്ദർഭത്തിൽ ഉച്ചരിച്ചുകൊണ്ടാണ് സാത്താനെ നേരിട്ടത്. താൻ ദൈവപുത്രനായിരുന്നതുകൊണ്ടു മാത്രമല്ല, താൻ മനുഷ്യപുത്രനായിരുന്നതു കൊണ്ടും താൻ ദൈവവചനം പഠിച്ചതുകൊണ്ടുമാണ് തനിക്കതിനു കഴിഞ്ഞത് (യെശയ്യ 50).

വചനം നന്നായി കൈകാര്യം ചെയ്വാൻ അറിയാത്തതുകൊണ്ടാണ് നാം പരാജയപ്പെടുന്നത്, ഏദന്തൊട്ടത്തിൽ ഹവ്വ പരാജയപ്പെട്ടതും ഇക്കാരണത്താലാണ്. ഹവ്വ കൃത്യമായി ദൈവത്തിന്റെ വചനം ഗ്രഹിക്കാനൊ വിശ്വാസിക്കുവാനൊ മനസ്സു വെച്ചില്ല. എന്നാൽ കർത്താവ് സാത്താനാൽ പരീക്ഷിക്കപ്പെട്ടപ്പോൾ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ് കൃത്യമായി മറുപടി പറയാൻ തനിക്ക് സാധിച്ചു. അവിടെ സാത്താന്റെമേൾ താൻ വിജയം നേടി. ദൈവചനം മാത്രമാണ് ഇവിടെ ഒഫൻസീവ്/ആകമണ സ്വഭാവമുള്ള ഒരു ആയുധമായി പറഞ്ഞിട്ടുള്ള ഏക ആയുധം. ബാക്കിയുള്ളതെല്ലാം ഡിഫൻസീവ്/ പ്രതിരോധത്തിനുള്ള ആയുധങ്ങളാണ്.

ആത്മീയപോരാട്ടത്തിന്റെ ഹൃദയം എന്നു പറയുന്നത് പ്രാർത്ഥനയാണ്. ഇതൊരു അധികമായ ആയുധം എന്ന നിലയിലല്ല, മറിച്ച് അടിസ്ഥാനപരവും തുടർമാനവുമായ പ്രവൃത്തിയായിട്ടാണ് പൗലോസ് ഇത് നൽകിയിരിക്കുന്നത്. 18-ാം അതിനെക്കുറിച്ചാണ് പറയുന്നത്: “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.” വർത്തമാനകാലത്തിലുള്ള ഈ പ്രയോഗം തുടർമാനമായി, അഗ്രസീവായി ചെയ്വാനുള്ള ആഹ്വാനമാണ് നൽകുന്നത്.

ആത്മാവിൽ പ്രാർത്ഥിക്കുക. അതായത്, ആത്മാവ് നയിക്കുന്ന വഴിയുലൂടെ പ്രാർത്ഥിക്കുക. ആത്മാവിന്റെ മാർഗ്ഗദർശ്ശനത്തിലും ആത്മാവിന്റെ ശക്തിയിലും പ്രാർത്ഥിക്കുക. ജീവിക്കുന്ന ദൈവവുമായി ഒരു സജിവബന്ധത്തിലായിത്തീരുവാനുള്ള വഴി എന്നത് ഈ നിലയിലുള്ള പ്രാർത്ഥനയാണ്. അങ്ങനെ നാം പ്രാർത്ഥിക്കുമ്പോൾ നാം നമ്മുടെ നിസ്സഹായ അവസ്ഥ ദൈവസന്നിധിയിൽ സമ്മതിക്കയും ദൈവം നമുക്കു വേണ്ടി പോരാടുവാൻ നാം അതിലൂടെ അപേക്ഷിക്കുകയുമാണ്. അതുകൊണ്ട് ഏതുനേരത്തും മറ്റുള്ളവരോടു ചേർന്നും നാം പ്രാർത്ഥിക്കണം.

ചുരുക്കിപ്പറഞ്ഞാൽ, നാം കർത്താവിന്റെ ഒന്നാമത്തെ വരവിനും രണ്ടാമത്തെ വരവിനും ഇടയിൽ ജീവിക്കുന്നവരാണ്. കർത്താവ് തന്റെ മരണത്തിൽ, പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും അതിന്റെ വാഴ്ചയിൽ നമ്മേ സ്വതന്ത്രരാക്കി. തന്റെ രണ്ടാമത്തെ വരവിൽ താൻ പാപത്തേയും പിശാചിനേയും എന്നന്നേയ്ക്കുമായി നമ്മിൽ നിന്നു അകറ്റും. അതുവരെ നാം പാപത്തോടു പോരാട്ടം കഴിക്കേണ്ടതുണ്ട്. കർത്താവ് പാപത്തെ പൂർണ്ണമായി നീക്കുന്നതിനായി കാത്തിരിക്കുമ്പോൾ തന്നെ, കർത്താവിൽ വിശ്വസിച്ചുകൊണ്ട്, ഇപ്പോൾ അവന്റെ വിജയത്തിൽ പങ്കാളിയായി, അവൻ നൽകുന്ന സർവ്വായുധവർഗ്ഗം ധരിച്ചു പാപത്തോടു പോരാടുക എന്നാണ് ഈ വേദഭാഗത്തിലൂടെ പൗലോസ് നമ്മോടു ആഹ്വാനം ചെയ്യുന്നത്.

അതേ ക്രിസ്തീയ ജീവിതം പോരാട്ടം നിറഞ്ഞതാണ്. സ്വന്തശക്തിയാൽ പാപത്തെ നേരിടുവാൻ നമുക്കു കഴിയുകയില്ല. അതിനാൽ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചേ മതിയാകു. അതിനുവേണ്ടി ക്രിസ്തുവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുക. ദൈവത്തിന്റെ സർവ്വായുധ വർഗ്ഗം സ്വീകരിക്കുക. സാത്താന്റെ ബന്ധനങ്ങളെ തകർക്കുവാൻ സുവിശേഷഘോഷണം ഒരു ശീലമാക്കുക. ഇതു യാഥാർത്ഥ്യമാക്കുവാൻ പ്രാർത്ഥനയിൽ എല്ലായ്പ്പോഴും ജാഗരിക്കുക. ആകയാൽ ദൈവത്തോടു വിശ്വസ്തത പുലർത്തി നാം മുന്നോട്ടു പോയാൽ ഈ യുദ്ധത്തിൽ നാം വിജയിക്കും, കാരണം വിജയിച്ചവൻ നമ്മോടൊപ്പമുണ്ട്. അതുകൊണ്ട് നാമും വിജയിക്കും.

******

© 2020 by P M Mathew, Cochin

bottom of page