top of page
എഫെസ്യ ലേഖന പരമ്പര -27
P M Mathew
MAR 24, 2019

Submit to Authority
അധികാരങ്ങൾക്കു വിധേയപ്പെടുക

Ephesians 6:5-9

ഗോർഡൻ വിശ്വസിച്ചത്, അതായത്, കർത്താവായ യേശുക്രിസ്തു സകലത്തേയും ഭരിക്കുന്ന, സർവ്വശക്തനായ ഭരണാധികാരിയാണ് എന്ന് നാം വിശ്വസിക്കുന്നുണ്ടോ? അവൻ നമ്മുടെ ചെറിയ കാര്യങ്ങൾ തുടങ്ങി വലിയ രാജ്യത്തിന്റെ ഭരണംവരെ സകലത്തിന്റേയും മേൽ അധികാരമുള്ള വ്യക്തിയാണ്, അതുകൊണ്ട് നാം ചെയ്യുന്ന ചെറുതോ വലുതൊ ആയ എന്തുകാര്യമായാലും അതു മനുഷ്യനല്ല, ദൈവത്തിനാണ് ചെയ്യുന്നത് എന്ന തിരിച്ചറിവ് നമുക്കുണ്ടോ? ഈ സതുത്തിലേക്ക് നമ്മേ വഴി നടത്തുന്ന ഒരു വേദഭാഗത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാം. അതിനായി നാം പഠിച്ചുകൊണ്ടിരുന്ന എഫെ 6:5-9 വരെ വേദഭാഗങ്ങൾ നമുക്കൊന്നു വായിക്കാം.

എഫെസ്യർ 6:5-9

"5.ദാസന്മാരെ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ. 6 മനുഷ്യരെ പ്രസാധിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും 7 മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. 8 ദാസനൊ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽ നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ. 9 യജമാനന്മാരെ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ട് അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണി വാക്ക് ഒഴിവാക്കയും ചെയ്വിൻ."

ഈ വേദഭാഗം വായിക്കുമ്പോൾ ഒരുപക്ഷെ പൗലോസ്, അടിമത്വത്തെ പ്രോത്സഹിപ്പിക്കുന്ന, അതിനുവേണ്ടി വാദിക്കുന്ന വ്യക്തിയാണോ എന്ന് സംശയം തോന്നിയേക്കാം. ആകയാൽ റോമാസാമ്രാജ്യത്തിൽ നിലനിന്നിരുന്ന അടിമത്വത്തെ സംബന്ധിച്ച ചില കാര്യങ്ങൾ പശ്ചാത്തലമായി പറഞ്ഞ് ഈ വിഷയത്തിന്റെ exposition ലേക്കു കടക്കാമെന്ന് കരുതുന്നു.
റോമൻ സമൂഹത്തിൽ, ആഴത്തിൽ വേരൂന്നിയതും അംഗീകരിക്കപ്പെട്ടിരുന്നതുമായ ഒരു പ്രസ്ഥാനമാണ് അടിമത്വം എന്നത്. റോമൻ കാലഘട്ടത്തിനു മുന്നമെ ഗ്രീസിലും പുരാതന പൗരസ്ത്യ ദേശങ്ങൾ അതായത്, ഇറാക്ക്, ടർക്കി, സിറിയ, ഈജിപ്ത്, കുവറ്റ്, അർമേനിയ ഏഷ്യാമൈനർ തുടങ്ങിയ ദേശങ്ങളിലും, വളരെ മുന്നമെ തന്നെ അടിമത്വസമ്പ്രദായം നിലനിന്നിരുന്നു. ജൂഡായിസത്തിന്റേയും ഭാഗമായിരുന്നു അടിമത്വസമ്പ്രദായം. പിതാമഹന്മാരായ അബ്രാഹമിനും, യിസഹാക്കിനും യാക്കോബിനുമൊക്കെ അടിമകൾ ഉണ്ടായിരുന്നതായി ഉൽപ്പത്തി പുസ്തകം 12:16; 26:19; 30:43 എന്നീ വേദഭാഗങ്ങളിൽ നാം വായിക്കുന്നു (ഉൽപ്പത്തി 12:16; 26:19; 30:43).

അടിമത്വത്തിന്റെ വ്യാപകമായ പ്രചാരം അടിമത്വത്തിന്റെ ധാർമ്മികമായ നിലനിൽപ്പിനു യാതൊരു നീതീകരണവുമല്ല. ഒന്നോ അതിലധികമൊ ആളുകളുടെ സ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ട് അവരുടെമേൽ അവകാശം സ്ഥാപിക്കുന്ന പരിപാടിയാണിത്. വ്യക്തി സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന ഏർപ്പാടാണിത്. പൗലോസിന്റെ ലേഖനങ്ങൾ പ്രത്യേകിച്ചും എഫേസ്യാലേഖനം വായിച്ചാൽ അടിമത്വത്തിനു യാതൊരു വേദശാസ്ത്ര അടിസ്ഥാനവും താൻ നൽകുന്നില്ല. മറിച്ച്, സമൂഹത്തിൽ അത് നിലനിൽക്കുന്നു എന്നും അങ്ങനെയുള്ള സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടിൽ ഒരു വിശ്വാസിയായി എങ്ങനെ ജീവിക്കുവാൻ സാധിക്കും എന്ന വിഷയമാണ് പൗലോസ് ഇവിടെ അഡ്രസ് ചെയ്തിരിക്കുന്നത്.
ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിന്റെ 1/3 വരുന്ന ജനം അതായത്, ഏകദേശം 60 മില്ല്യൺ ആളുകൾ അടിമകളായിരുന്നു. ഒരു അടിമ മുതൽ അനേകം അടിമകളെ സ്വന്തമായി ഉണ്ടായിരുന്ന യജമാനന്മാർ അന്നുണ്ടായിരുന്നു. ധനവാന്മാരും വലിയ ഭൂവുടമളുമായ യജമാനന്മാർക്ക് അവരുടെ കൃഷിയിടങ്ങളിൽ വേല ചെയ്യാൻ നൂറുകണക്കിനു അടിമകൾ ഉണ്ടായിരുന്നു. മറുവശത്ത് ഒരു സ്വതന്ത്ര റോമാ-പൗരന് ഒന്നോ രണ്ടോ അടിമകൾ തന്റെ ഗാർഹികജോലികൾക്കായി ഉണ്ടായിരുന്നു.

അടിമത്വത്തെക്കുറിച്ചു കേൾക്കുമ്പോൾ ഒരുവന്റെ മനസ്സിലേക്ക് വരുന്ന ചിത്രം ചില നൂറ്റാണ്ടുകൾക്ക് മുന്നമെ (അതായത് 17 മുതൽ 20-വരെ നൂറ്റാണ്ടുവരെ) നിലനിന്നിരുന്ന നവീന കാലഘട്ടത്തിലെ അടിമത്വമാണ്. ഒന്നാം നൂറ്റാണ്ടിൽ റോമിൽ നിലനിന്നിരുന്ന അടിമത്വസമ്പ്രദായവും നവീന കാലഘട്ടത്തിലെ അടിമത്വസമ്പ്രദായവും തമ്മിൽ വളരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ബൈബിൾ കാലഘട്ടത്തിലെ അടിമത്വവും നവീന കാലഘട്ടത്തിലെ അടിമത്വവും തമ്മിലുള്ള അന്തരം നാം മനസ്സിലാക്കിയിരിക്കുന്നത് പൗലോസിന്റെ പ്രബോധനങ്ങളെ ശരിയായി മനസ്സിലാക്കാൻ നമ്മേ സഹായിക്കും.

ഒന്നാം നൂറ്റാണ്ടിലെ അടിമത്വവും നവീനകാലഘട്ടത്തിലെ അടിമത്വവും തമ്മിലുള്ള ചില വ്യത്യസങ്ങൾ (5) ഞാൻ ചൂണ്ടിക്കാണിച്ചിട്ട് നാം പഠിക്കുവാൻ തെരഞ്ഞെടുത്ത വേദഭാഗത്തിലേക്ക് വിശദീകരണത്തിലേക്ക് നമുക്ക് വരാം.

1. വർഗ്ഗീയമായ ഘടകം ഒന്നാം നൂറ്റാണ്ടിലെ അടിമത്വത്തിൽ യാതൊരു പങ്കും വഹിച്ചിരുന്നില്ല. അതായത്, ഏതെങ്കിലും ഒരു വർഗ്ഗത്തിലോ ജാതിയിലൊ പെട്ട ആളുകളെ പിടിച്ച് അടിമയാക്കുകയല്ല അന്നു ചെയ്തിരുന്നത്. റോമൻ സാമ്രാജ്യത്തിലെ അടിമകൾ ഏറിയപങ്കും മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്നും യുദ്ധത്തിൽ പിടിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളിലും പെട്ട യുദ്ധത്തടവുകാരായിരുന്നു. റോമൻ ജനറൽ ആയിരുന്ന പോമ്പെ ബി സി ഒന്നാം നൂറ്റാണ്ടിൽ യെരുശലേം കീഴടക്കിയപ്പോൾ അനേകം യെഹൂദന്മാരെ പിടിച്ചുകൊണ്ടുപോയി റോമിൽ അടിമകൾ ആക്കിയിരുന്നു. അതുകൂടാതെ, ഉപേക്ഷിക്കപ്പെട്ട കുട്ടികളും, കടം വീട്ടുവാൻ തങ്ങളെ തന്നെ വിറ്റു കളഞ്ഞവരും അടിമകളാക്കപ്പെട്ടിരുന്നു. എന്നാൽ (17-ാം നൂറ്റാണ്ടുമുതൽ- 20-ാം നൂറ്റാണ്ടുവരെ) നവീനകാലഘട്ടങ്ങളിൽ അമേരിക്കയിൽ നിലനിന്നിരുന്ന അടിമകളിൽ അധികവും ആഫ്രിക്കയിൽ നിന്നും പിടിച്ചുകൊണ്ടുവന്ന കറുത്തവർഗ്ഗക്കാർ ആയിരുന്നു.

2. റോമൻ സാമ്രാജ്യത്തിലെ അനേകം അടിമകൾക്കും തങ്ങളുടെ ജീവകാലത്ത്, അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യം നേടുവാനുള്ള പ്രതീക്ഷ നിലനിന്നിരുന്നു. അതായത്, ഒരു വലിയകൂട്ടം അടിമകൾക്കും അവരുടെ മുപ്പതാമത്തെ വയസ്സിൽ മോചനം ലഭിച്ചിരുന്നു. അതുകൂടാതെ, അടിമകൾക്ക് തങ്ങളുടെ കഠിനവേലയുടെ ഒരു കൂലിയായി ഒരു തുക lumpsum ആയി അവർക്ക് നൽകപ്പെട്ടിരുന്നു. ഈ തുക പലപ്പോഴും അവർ തങ്ങളുടെ മോചനത്തിനായിട്ടാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ നവീന അടിമത്വത്തിൻ കീഴിൽ അടിമക്ക് മോചനത്തിന്റെ യാതൊരു പ്രതീക്ഷക്കും വകയില്ലായിരുന്നു.

3. ഒന്നാം നൂറ്റാണ്ടിലെ അനേകം അടിമകളും പല പ്രത്യേക പദവിയിലും ഉത്തരവാദിത്വസ്ഥാനങ്ങളിലും ജോലി നോക്കിയിരുന്നു. പല അടിമകൾക്കും കാർഷികവേലയിലും ഉത്പാദനമേഖലയിലും, ഗാർഹിക വേലയിലും അനേകം വർഷങ്ങൾ ചെലവിടേണ്ടിവന്നപ്പോൾ മറ്റു പല അടിമകൾക്കും ഡോക്ട്ടേർസ്, ടീച്ചേഴ്സ്, അക്കൗണ്ടന്റ്സ്, ഓവർസിയേഴ്സ്, സെക്രട്ടറീസ്, ഷിപ് ക്യാപ്റ്റന്മാർ എന്നീ നിലകളിൽ ജോലി ചെയ്യുവാൻ സാധിച്ചിരുന്നു. എന്നാൽ അതിനും വിരുദ്ധമായി, ആഫ്രിക്കൻ അടിമകൾക്ക് ഉത്തരവാദപ്പെട്ട സ്ഥാനത്തൊ പദവിയിലൊ ഉള്ള ജോലികൾ ഒന്നും തന്നെ നൽകിയിരുന്നില്ല.

4. പുരാതന അടിമത്വത്തിൻ കീഴിൽ പല അടിമകൾക്കും വിദ്യാഭ്യാസത്തിനും, സ്കിൽഡ് ജോലികൾക്കും പരിശീലനം നൽകപ്പെട്ടിരുന്നു. റോമാസാമ്രാജ്യത്തിലെ അടിമകൾക്ക് അതിനുള്ള അവസരവും അതുവഴി അവരുടെ യജമാനന്മാർക്ക് ചില നേട്ടങ്ങളും ലഭിച്ചിരുന്നു. നവീനയുഗ അടിമകൾക്ക് അങ്ങനെയൊരു വിദ്യാഭ്യാസത്തിനൊ പരിശീലനത്തിനൊ അവസരം നൽകപ്പെട്ടിരുന്നില്ല.

5. പുരാതന അടിമത്വത്തിൻ കീഴിൽ മോചിപ്പിക്കപ്പെട്ട അടിമകൾ റോമൻ പൗരന്മാരാകുകയും, തങ്ങളുടെ പഴയ യജമാനന്മാരുമായി ബന്ധം പുലർത്തുകയും ചെയ്തിരുന്നു. സ്വതന്ത്രരാക്കപ്പെട്ട പലരും തങ്ങളുടെ പഴയ യജമാനന്മാരുമായി ബന്ധം പുലർത്തുകയും അവരെ തങ്ങളുടെ രക്ഷാധികാരിയായി സ്വീകരിക്കുകയും കൂടുതൽ സ്വാതന്ത്ര്യത്തോടെയുള്ള ജീവിതത്തിനു അതു സഹായകരമായി തീരുകയും ചെയ്തിരുന്നു. എന്നാൽ അങ്ങനെയൊരു സാദ്ധ്യത നവീനകാലഘട്ടത്തിലെ അടിമകൾക്ക് ലഭിച്ചിരുന്നില്ല.

ഇതുപോലെയുള്ള പ്രാമാണികമായ അനവധി വ്യത്യാസങ്ങൾ റോമൻ അടിമത്വവും നവീനകാല അടിമത്വവും തമ്മിൽ ഉണ്ടായിരുന്നു, എന്നിരുന്നാലും അടിമത്വത്തെ ധാർമ്മികമായി നീതീകരിക്കത്തക്ക ഒരു സാമൂഹിക വ്യവസ്ഥിതിയായി കാണുവാൻ കഴിയുകയില്ല.

ഇന്ന് അനേകം രാജ്യങ്ങൾ അടിമത്വം നിർത്തലാക്കി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് Scotland, Denmark, Holland, Ecuador, Colombia, Venezuela, Sweden, Russia, Saudi Arabia and Gulf countries, എന്നിവ അടിമത്വം നിർത്തലാക്കിയ രാജ്യങ്ങളിൽ പ്രമുഖരാണ്. എന്നിരുന്നാലും ഇന്ന് ലോകത്തിൽ ഏകദേശം 27 ലക്ഷം ആളുകൾ അടിമത്വത്തിൻ കീഴിൽ കഴിയുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്ന് അടിമത്വം നിലനിൽക്കുന്ന രാജ്യങ്ങൾ എന്നു പറയുന്നത്, North Korean population ന്റെ 4.4%. Uzbekisthan 4% Combodia 1.6% അതു കൂടാതെ India, China, Pakistan, Bangladesh എന്നിവിടങ്ങളിലും അടിമത്വം ചെറിയ തോതിൽ നിലനിൽക്കുന്നു.

ഈയൊരു പശ്ചാത്തല അറിവ് ഈ വേദഭാഗത്തിന്റെ പഠനത്തിനു സഹായകരമാകും എന്നതുകൊണ്ടാണ് ഇത്രയും സമയം ഞാൻ അതിനുവേണ്ടി ചെലവഴിച്ചത്.

കുടുംബ സംബന്ധിയായ ബന്ധങ്ങളിൽ മൂന്നാമതായിട്ടാണ് പൗലോസ് യജമാനനൻ-ദാസൻ എന്ന ബന്ധത്തെക്കുറിച്ചു പരാമർശിക്കുന്നത്. ഭാര്യാ-ഭർത്താക്കന്മാർ, മക്കൾ, ദാസന്മാർ എന്നിവരടങ്ങുന്നതായിരുന്നു അന്നത്തെ കുടുംബം. അതിൽ ആദ്യത്തെ രണ്ടു ബന്ധങ്ങളെക്കുറിച്ച് നാം മുന്നമെ ചിന്തിക്കുകയുണ്ടായി.

എഫെ 5:21-33 വരെ വാക്യങ്ങളിൽ ഭാര്യാ-ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, അവരുടെ ഉത്തരവാദിത്വങ്ങളെകുറിച്ചു പറയുന്നതിൽ നിന്നും വളരെ വ്യത്യസ്ഥമായ നിലയിലാണ് ദാസനും യജമാനനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൗലോസ് പറയുന്നത്. ഭാര്യാ-ഭർത്താക്കന്മാർ തമ്മിൽ ഉള്ള ബന്ധത്തിനു വേദശാസ്ത്രപരമായ അടിസ്ഥാനമുള്ളപ്പോൾ അടിമത്വത്തിനു വേദശാസ്ത്രപരമായ യാതൊരു അടിസ്ഥാനവും പൗലോസ് നൽകുന്നില്ല.

അന്നത്തെ ലോകത്തിന്റെ, സാമൂഹികവും സാമ്പത്തീകവുമായ ഘടനയുടെ ഭാഗമായിരുന്ന അടിമത്വത്തെ സംബന്ധിച്ച ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ടു വെക്കുകയാണ് പൗലോസ് ഇവിടെ ചെയ്യുന്നത്. അടിമത്വത്തെ സംബന്ധിച്ച ഒരു പുതിയ കാഴ്ചപ്പാട് നൽകുകയാണ്. യജമാനന്മാരുടെ ദുഷ്ടതയും അനേകം കുറവുകളും അടിമത്വത്തിനു ഉണ്ടായിരുന്നു എങ്കിലും, അന്നത്തെ റോമൻ രാഷ്ട്രീയ ഘടനയെ തകിടം മറിക്കാനൊ, അടിമത്വത്തിനെതിരെ പോരാടാനൊ, വിപ്ലവം സൃഷ്ടിക്കാനൊ പൗലോസ് തുനിയുന്നില്ല. മറിച്ച്, അനേകം വേദശാസ്ത്രികളും പറയുന്നതുപോലെ, മനുഷ്യന്റെ അന്തസത്തക്കും, സ്വാതന്ത്ര്യത്തിന്റെ മൂല്യത്തിനും അടിസ്ഥാനം ഇട്ടുകൊണ്ട്, ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയാണ് പൗലോസ് ചെയ്യുന്നത്. അങ്ങനെയുള്ള നിർദ്ദേശങ്ങളിൽ പ്രധാന സ്ഥാനത്തുള്ള ഒരു വേദഭാവമാണ് 1 കൊരി 7:21. ഈ വേദഭാഗം നമുക്കൊന്നു വായിക്കാം: “നീ ദാസനായി വിളിക്കപ്പെട്ടുവൊ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിൽ അതിൽ തന്നെ ഇരുന്നുകൊൾക.” [Servant (being) were you called not to you let it be a care; but if also you are able free to become rather take advantage of (it). (Greek-chresai) “Were you called while a slave? [a]Do not worry about it; but if you are able also to become free, rather [b]do that.” (NASB). “21 Were you a bondservant[a] when called? Do not be concerned about it. (But if you can gain your freedom, avail yourself of the opportunity.)] (ESV) ഇത് വ്യാഖ്യാനിക്കുവാൻ വളരെ പ്രയാസമുള്ള ഒരു വേദാഭാഗമായിട്ട് ഇരിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഇതിനു വ്യത്യസ്ഥങ്ങളായ പരിഭാഷയാണ് നൽകപ്പെട്ടിരിക്കുന്നത്. അടിമത്വത്തിൽ തന്നെ ഇരുന്നുകൊള്ളുക എന്ന് സത്യവേദപുസ്തകത്തിൽ പറയുമ്പോൾ സ്വതന്ത്രനാകാൻ കഴിയുമെങ്കിൽ സ്വതന്ത്രനായി കൊള്ളുക എന്നു POC bible ൾ പറയുന്നു. അതിൽ എനിക്കു സ്വീകാര്യമായ പരിഭാഷ സത്യവേദപുസ്തകത്തിലെ “അതിൽ തന്നെ ഇരുന്നുകൊള്ളുക” എന്നതാണ്. ഇംഗ്ലിഷിലും ഇതു രണ്ടു നിലകളിലാണ് പരിഭാഷ ചെയ്തിരിക്കുന്നത്. John Piper അതിനെ rephrase ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്. Were you called as a slave? Don’t let that be a care to you; but, even if you can become a freedman, rather make use of (your present position). നീ ദാസനായി വിളിക്കപ്പെട്ടുവൊ? വ്യസനിക്കരുത്. നിനക്ക് സ്വതന്ത്രനാകാൻ കഴിയുമെങ്കിലും, നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ തുടർന്നുകൊള്ളുക. നിങ്ങളും ഇങ്ങനെ തന്നെ അതെടുക്കണം എന്ന് ഞാൻ നിർബന്ധം പിടിക്കുന്നില്ല. ഞാൻ സ്വീകരീച്ച നിലപാട് അല്പമായി വിശദീകരിച്ച് മുന്നോട്ടു പോകുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.

ഇവിടെ പറയുന്നതെന്തെന്നാൽ നീ ഒരു അടിമയായിരുന്നപ്പോഴാണ് ക്രിസ്ത്യാനിയായി തീർന്നത് എങ്കിൽ അടിമത്വത്തിലും ഒരു ക്രിസ്ത്യാനിയായി തുടരുവാൻ വ്യസനിക്കരുത്. ‘വ്യസനിക്കരുത്’ എന്നതാണ് ഇവിടുത്തെ മുഖ്യക്രീയാപദം. സ്വതന്തനാകുവാൻ കഴിയുമെങ്കിൽ സ്വതന്ത്രനായി കൊള്ളുക എന്നു പറഞ്ഞാൽ അവിടെ പറഞ്ഞുവരുന്ന വാദഗതിക്ക് യോജിക്കാത്ത/നിരക്കാത്ത ഒരു വ്യാഖ്യാനമായിരിക്കും. അതിനു തോട്ടുമുന്നിലെ, അതായത്, 1 കൊരി 7:19-20 വാക്യങ്ങളിലെ വാദഗതി നോക്കുക: “പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം. ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽതന്നേ വസിച്ചുകൊള്ളട്ടെ." അഗ്രചർമ്മിയായി വിളിക്കപ്പെട്ടാൽ പരിച്ഛേദന ചെയ്യേണ്ട ആവശ്യമില്ല. പരിഛേദന ചെയ്തവൻ വിളിക്കപ്പെട്ടാൽ പരിഛേദനയുടെ അടയാളം നീക്കിക്കളയേണ്ടതില്ല. അഗ്രചർമ്മവുമല്ല, പരിച്ഛേദനയുമല്ല കാര്യം. ദൈവകൽപ്പന പ്രമാണിക്കുന്നതാണ് കാര്യം. ഭാര്യ-ഭർത്താക്കന്മാരിൽ ഒരാൾ വിശ്വാസിയായി, മറ്റൊരാൾ അവിശ്വാസിയായി തുടരുന്നു എന്നു കരുതുക. ആ ബന്ധത്തിൽ വളരെ പ്രശ്നങ്ങൾ/വേദനകൾ ഉണ്ടെങ്കിൽ കൂടി, വിവാഹമോചനം നടത്താൻ പൗലോസ് പറയുന്നില്ല. പിന്നെ അവിശ്വാസി അതിനു തുനിഞ്ഞാൽ അവർ വേർപിരിയട്ടെ എന്ന സ്വാതന്ത്ര്യവും താൻ അനുവദിക്കുന്നു. അതായത്, ദാസനു സ്വാതന്ത്ര്യം ലഭിച്ചാൽ അവനതു സ്വീകരിക്കാം. അതിൽ പൗലോസ് തടസ്സം വെക്കുന്നില്ല.

ഇവിടെ ദൈവത്തിന്റെ അടിസ്ഥാന പ്രമാണമെന്തെന്നാൽ ഒരു വ്യക്തി വിളിക്കപ്പെട്ടപ്പോൾ താനായിരിക്കുന്ന ബന്ധത്തിലൊ സാമൂഹിക ചുറ്റുപാടിലൊ പരാധികുടാതെ ഇരുന്നുകൊള്ളുക എന്നതാണ്. അപ്പൊസ്ഥലൻ ഇവിടെ പറയുന്നതെന്തെന്നാൽ നിന്റെ ദാസത്വം നിനക്ക് വേദനക്ക് കാരണമായി തീരാം. എങ്കിലും നീ വ്യസനിക്കരുത്. ഒരു അടിമയുടെ സ്ഥാനം, നിന്റെ ജീവിതത്തിലെ മറ്റേതൊരു സ്ഥാനത്തേയുംപോലെ, ദൈവത്തിന്റെ മഹത്വത്തിനായി നിനക്കു വിനിയോഗിക്കുവാൻ സാധിക്കും. അതായത്, ഏതു സ്റ്റാറ്റസിലും, പദവിയിലും, ക്രിസ്ത്യാനിറ്റി പ്രായോഗികമാണ് എന്ന അർത്ഥത്തിലാണ് താനിതു പറയുന്നത്.

ഫിലേമോന്റെ ലേഖനത്തിൽ ഫിലേമോൻ ഒരു യജമാനനും ഒനേസിമോസ് ഒരു അടിമയുമാണ്. എന്നാൽ പൗലോസ് യജമാനനായ ഫിലേമോനോടു പറയുന്നത് നോക്കുക : അവൻ ഇനി ദാസനല്ല, ദാസനുമീതെ പ്രിയ സഹോദരൻ തന്നെ” “to receive Onesimus back no longer as a slave, but better than a slave, as a dear brother (philemon 16). ഫിലേമോനും ഒനേസിമോസും ഇപ്പോൾ യജമാനനും അടിമയുമല്ല, മറിച്ച്, ക്രിസ്തുവിൽ സഹോദരങ്ങളാണ്. ഇതിനേക്കാൾ വലിയ മോചനം ഏവിടെയാണ് ലഭിക്കുക? ഒരുവൻ സ്വതന്ത്രനാണെങ്കിലും ആ വ്യക്തിയോടുള്ള മനോഭാവം അടിമത്വത്തിന്റെ മനോഭാവമാണെങ്കിൽ അതുകൊണ്ട് എന്താണ് മെച്ചം? ഇതാണ് ക്രിസ്തീയമായ കാഴ്ചപ്പാട്. ഇത് ഒരിക്കലും നിയമത്തിനു പ്രധാനം ചെയ്യാൻ കഴിയാത്ത കാഴ്ചപ്പാടാണ്, മനോഭാവമാണ്.

ഇനി നമുക്ക് നമ്മുടെ വേദഭാഗത്തിന്റെ ഘടന ഒന്നു പരിശോധിക്കാം:

"5.ദാസന്മാരെ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ. 6 മനുഷ്യരെ പ്രസാധിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും 7 മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. 8 ദാസനൊ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽ നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ. 9 യജമാനന്മാരെ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ട് അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണി വാക്ക് ഒഴിവാക്കയും ചെയ്വിൻ."

അഞ്ചാം വാക്യത്തിലെ മുഖ്യക്രീയാപദം ‘അനുസരിപ്പിൻ’ എന്നതാണ്. എങ്ങനെ അനുസരിക്കണം എന്നാണ് 6-7 വാക്യങ്ങളിൽ പറയുന്നത്. 9-ാം വാക്യം യജമാനന്മാർക്കുള്ള കൽപ്പനയാണ്. 8-ാം വാക്യം ഇരുവർക്കും ഉള്ള പ്രതിഫലത്തെ Komisetai (he will recive back) കുറിച്ച് പറയുന്നു.

ഇതിലെ മുഖ്യആശയം സംഗ്രഹിച്ചു പറഞ്ഞാൽ : ദാസന്മാരെ കർത്താവിനെന്നപോലെ തങ്ങളുടെ യജമാനന്മാരെ അനുസരിപ്പിൻ. അതേ മനോഭാവത്തോടെ യജമാനന്മാർ ദാസന്മാരോടു പെരുമാറുവിൻ, കാരണം ഇരുവർക്കും ദൈവത്തിന്റെ പക്കൽ പ്രതിഫലമുണ്ട്.
റോമൻ കാലഘട്ടത്തിലെ അടിമകളിൽ പലരും മടിയന്മാരും, തങ്ങളുടെ അവസ്ഥയിൽ അമർഷമുള്ളവരും തങ്ങൾക്ക് യജമാനന്റെ മുന്നിൽ ഒരു നല്ല ഇംപ്രഷൻ ഉളവാക്കാൻ വേണ്ടി മാത്രം കഠിനാദ്ധ്വാനം ചെയ്യുകയും അല്ലാത്ത അവസരങ്ങളിൽ അലസത കാണിക്കുകയും ചെയ്തിരുന്നവരാണ്. അങ്ങനെ മടിയന്മാരായവർക്ക് ഒരു വെല്ലുവിളി എന്നവണ്ണമാണ് പൗലോസ് ഈ പ്രബോധനം ഇവിടെ നൽകുന്നത്. ഇതിന്റെ direct application അടിമകൾക്കും യജമാനന്മാർക്കുമാണ്. എന്നാൽ ഇന്ന് അനേക രാജ്യങ്ങളിൽ നിന്നും അടിമത്വം നീങ്ങിപ്പോയതിനാൽ അനേകം വേദശാസ്ത്രികളും പ്രാസംഗികരും ഈ വേദഭാഗത്തിന്റെ പ്രായോഗികതയായി employee-employer relationships, തൊഴിലാളി മുതലാളി ബന്ധത്തെ കാണുന്നു. എന്നാൽ അടിമത്വത്തെപോലെ ബുദ്ധിമുട്ടേറിയ ജയിലുകളിൽ കഴിയുന്നവർക്കും, പോലീസുകാർക്കും, പട്ടാളക്കാർക്കുമൊക്കെ ബാധകമാകുന്ന കാര്യമാണ് പൗലോസ് ഇവിടെ നൽകുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, അധികാരത്തിൻ കീഴെ ഉള്ളവർക്കും അധികാരത്തിൻ മേലെ ഉള്ളവർക്കും ഉള്ള പ്രായോഗികതയാണ് ഞാൻ പ്രധാനമായും ഈ വേദഭാഗത്ത് നിന്നും നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്. ഇവിടെ പൗലോസിന്റെ പ്രബോധനങ്ങൾ ജോലിയോടുള്ള മനോഭാവം, ജോലിയുടെ രീതി, അതിനുള്ള പ്രചോദനം എന്നിവ സംബന്ധിച്ചാണ്. (ജോലിയോടുള്ള മനോഭാവം, ജോലിയുടെ രീതി, അതിനുള്ള പ്രതിഫലം എന്നിവയെ സംബന്ധിച്ചാണ്.)

1.അധികാരങ്ങൾക്കു വിധേയപ്പെടുക

അധികാരത്തിൻ കീഴിൽ ഉള്ളവരോട് ദൈവത്തിന്റെ കൽപ്പന എന്തെന്നാൽ അവർ തങ്ങളുടെ യജമാനന്മാരെ അനുസരിപ്പിൻ എന്നതാണ്. ‘അനുസരിപ്പിൻ’ എന്നതാണ് ഇവിടുത്തെ മുഖ്യക്രീയാപഥമെന്ന് ഞാൻ പറഞ്ഞു. അധികാരത്തിൻ കീഴിൽ കഴിയുന്നവരോട് പൗലോസിനു പറയുവാനുള്ളത് നിങ്ങൾ യജമാനന്മാരെ, മേലുദ്യോഗസ്ഥരെ, തൊഴിൽ ദാതാക്കളെ അനുസരിപ്പിൻ. തങ്ങളുടെ യജമാനന്മാർ നൽകുന്ന ആജ്ഞകൾ അനുസരിക്കുക. എങ്ങനെയാണ് അനുസരിക്കേണ്ടത് എന്നതിനെ 5 വ്യത്യസ്ഥനിലകളിൽ പൗലോസ് തുടർന്ന് വിശദീകരിക്കുന്നുണ്ട്. ഈ വിശദീകരണത്തിൽ വളരെ ശക്തമായ christological focus/ക്രിസ്തു കേന്ദ്രീയത ദർശിപ്പാൻ സാധിക്കും. വിശ്വാസികളായ ജോലിക്കാർ, അവരുടെ ജോലിയും സേവനവും ക്രിസ്തുവിനെന്നപോലെ ചെയ്യുവിൻ എന്നതാണ് അതിന്റെ ക്രിസ്തു കേന്ദ്രീയത എന്നു പറയുന്നത്. അതായത്, നിങ്ങൾ നിങ്ങളുടെ യജമാനന്മാർക്കുവേണ്ടി ജോലി ചെയ്യുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ കർത്താവിനു വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഇതു കേവലം സാങ്കൽപ്പികമായ ഒരു കാഴ്ചപ്പാടല്ല. ഇതു കേവലം ഒരു ഭംഗിവാക്കല്ല, പൗലോസ് അതിനെ ആത്മീയവത്ക്കരിക്കുകയുമല്ല. ഇതു നമ്മുടെ പുതിയ ഐഡന്റിറ്റിയിൽ അടിസ്ഥാനപ്പെട്ടാണ് പൗലോസ് ഇതു പറയുന്നത്. നാം ക്രിസ്തുവിന്റെ വകയായതുകൊണ്ട് നാം ക്രിസ്തുവിനു വേണ്ടി വേല ചെയ്യുന്നു എന്ന പോലെ നാം ജോലി ചെയ്യണം എന്നാണ്. പൗലോസ് എങ്ങനെയാണോ യേശുക്രിസ്തുവിന്റെ അടിമ ആയിരിക്കുന്നത്, അതുപോലെ ഓരോ വിശ്വാസിയും യേശുക്രിസ്തുവിന്റെ അടിമയാണ്. ക്രിസ്തുവിനോടാണ് നമ്മുടെ ആത്യന്തിക കൂറ്. ക്രിസ്തു നമ്മിൽ നിന്നും സമ്പൂർണ്ണ അനുസരണമാണ് പ്രതീക്ഷിക്കുന്നത്.

2. ജോലിയോടുള്ള മനോഭാവം (Attitude to work)
രണ്ടാമത്തെ പോയിന്റായി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നത് ഏതു മനോഭാവത്തോടെയാണ് ഈ അനുസരണം പ്രാവർത്തികമാക്കേണ്ടത് എന്ന കാര്യമാണ്. ഏതു മനോഭാവത്തോടെ ജോലി ചെയ്യണം.

ഇതിനോടുള്ള ബന്ധത്തിൽ 5 കാര്യങ്ങൾ പൗലോസ് പറയുന്നു.

ഒന്ന്, വിശ്വാസികളായ ജോലിക്കാർ തങ്ങളുടെ മാനേജർമാരെ, സൂപ്പർവസർമാരെ, വളരെ ബഹുമാനത്തോടെ അനുസരിക്കണം എന്നാണ്. ബഹുമാനത്തോടെ അനുസരിക്കണം. കാരണം തങ്ങളുടെ സ്ഥാനം മൂലം മേൽ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവരുടെമേൽ ഉത്തരവാദിത്വമുണ്ട്. അതുകൊണ്ട് അവർ ബഹുമാനം അർഹിക്കുന്നു. ഒരുപക്ഷെ അവരുടെ പെരുമാറ്റം അവരെ ആ നിലയിലുള്ള ബഹുമാനത്തിനു അർഹരാക്കുന്നില്ല എങ്കിൽകൂടി നാമത് അവർക്ക് നൽകണം എന്നാണ് പൗലോസ് പറയുന്നത്. ഒരുപക്ഷെ പ്രാവർത്തികമാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും; എന്നിരുന്നാലും അങ്ങനെ വേണം എന്നാണ് പൗലോസ് പറയുന്നത്. ഇത് ജഡികമായി നിവൃത്തിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് അതു പലർക്കും ബുദ്ധിമുട്ടായിട്ട് അനുഭവപ്പെടുന്നത്. ആത്മാവിനാൽ നയിക്കപ്പെടുന്ന ഒരു വിശ്വാസിക്കേ ഇതു സാധിക്കു.

അപ്പോ പത്രോസ് ഇതിനെ സംബന്ധിച്ചു പറയുന്നതുകൂടി നമുക്കു വായിക്കാം: 1 പത്രോസ് 2:13-18: “13 നിങ്ങൾ നന്മ ചെയ്യുന്നതിൽ ശൂഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? 14 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.15 നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. 16 ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ. 17 നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.”

വിശ്വാസികളായ ദാസന്മാർ ക്രിസ്തുവിൽ സ്വതന്ത്രരാണ്; എങ്കിലും രാജാക്കന്മാർ, നാടുവാഴികൾ എന്നിത്യാദി അധികാരവർഗ്ഗങ്ങൾക്ക് കീഴടങ്ങുക. നിങ്ങളുടെ സ്വാതന്ത്ര്യം ദുഷ്ടതക്ക് മറയാക്കരുത്. അധികാരികളെ നാം അനുസരിക്കുമ്പോൾ, ദൈവത്തിന്റെ ദാസന്മാരായി നടക്കുകയാണ് അതിലൂടെ ചെയ്യുന്നത്. ഇവിടെ യജമാനന്മാരെ രണ്ടു extreme കാറ്റഗറികളിൽ പെടുത്തി അവരെ അനുസരിപ്പാൻ ആവശ്യപ്പെടുകയാണ്. ആ കാറ്റഗറി എന്നത് ശാന്തന്മാരും-മൂർഖന്മാരും എന്നതാണ്. ശാന്തന്മാർ-മൂർഖന്മാർ. ഇവർക്കിടയിൽ എല്ലാത്തരം ആളുകളും വരുന്നു. മൂർഖന്മാർ എന്നതിനു (skolios: severe, hard to deal, crooked, cruel, illtempered, unjust, perverse, harsh, unreasonable) കഠിനന്മാർ, അന്യായം പ്രവർത്തിക്കുന്നവർ, ദുഷ്ടന്മാർ, കുരുട്ടുബുദ്ധിക്കാർ, ഇടപെടാൻ ബുദ്ധിമുട്ടുള്ളവർ, പെട്ടെന്ന് കോപിക്കുന്നവർ എന്നീ അർത്ഥങ്ങളാണ് ആ വാക്കിനുള്ളത്. ഇതുപോലുള്ളവരെ നാം നേരിടേണ്ടിവരുന്നു. പലപ്പോഴും ആളുകൾ തങ്ങളുടെ സ്വാർത്ഥതയും, അസൂയയും, അഹന്തയും മൂലം മൂർഖന്മാരായി, കഠിനന്മാരായി പെരുമാറാറുണ്ട്. എന്നാൽ ഇങ്ങനെയുള്ളവരേയും ബഹുമാനത്തോടും ഭയത്തോടുംകൂടെ അനുസരിപ്പിൻ എന്നാണ് പത്രോസ് അപ്പൊസ്തലൻ നമ്മേ ഓർപ്പിക്കുന്നത്, അതാണ് നമ്മേക്കുറിച്ചുള്ള ദൈവഹിതം.

രണ്ട്, നിങ്ങളുടെ വേല ശുദ്ധ ഹൃദയത്തോടും നിർമ്മല മനസ്സാക്ഷിയോടും കുടെ ആയിരിക്കണം. നിങ്ങളുടെ വേല ശുദ്ധ ഹൃദയത്തോടും നിർമ്മല മനസ്സാക്ഷിയോടും കുടെ ആയിരിക്കണം. ദൈവത്തിനു പ്രസാദകരമല്ലാത്ത പല മനോഭാവങ്ങളും മനുഷ്യർക്കുണ്ട്. ജോലിയിൽ കാപട്യം കാണിക്കുക. അമർഷത്തോടെ, പിറുപിറുപ്പോടെ വേല ചെയ്യുക. കൗശലം പ്രയോഗിക്കുക. ഇവയൊക്കേയും പല ജോലിക്കാരിലും കണ്ടു വരാറുണ്ട്. അതു ഒട്ടും അഭിലഷണിയമായ കാര്യമല്ല. അതു ദൈവഹിതപ്രകാരമുള്ള ഒരു മനോഭാവവുമല്ല. അതുകൊണ്ട് ജോലിക്കാരും വേലചെയ്യുന്നവരും ഇടക്കിടെ തങ്ങളുടെ ഹൃദയത്തെ ഒന്നു പരിശോധിച്ചു നോക്കേണ്ടത് ആവശ്യമാണ്.

മൂന്ന്, ഒരു നല്ല ഇപ്രഷൻ ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ള വേല ആകരുത്. അതായത്, ബോസ്/യജമാനൻ നോക്കി നിൽക്കുമ്പോൾ ഭയങ്കര പണിയായിരിക്കും. പക്ഷെ യജമാനൻ അങ്ങോട്ടൊ ഇങ്ങോട്ടോ മാറിയാൽ, അതോടെ പണി അവസാനിപ്പിക്കും. ഇങ്ങനെയുള്ള പണിക്കാരെ ഏതു മേഖലയിലും കാണുവാൻ സാധിക്കും. അവർ മനുഷ്യരെ പ്രസാദിപ്പിക്കാൻ വേണ്ടി വേല ചെയ്യുന്നവരാണ്. യജമാനൻ നോക്കി നിൽക്കുമ്പോൾ പണിയും. യജമാനൻ അങ്ങോട്ടോ ഇങ്ങോട്ടൊ മാറിയാൽ പണി ഉഴപ്പും. അങ്ങനെയുള്ളവർ ഓർക്കേണ്ട ഒരു കാര്യം അവരുടെ ഭൗമിക യജമാനൻ/സുപ്പർവൈസർ ഇതു കാണുന്നില്ലെങ്കിലും, യഥാർത്ഥ യജമാനനായ കർത്താവ് ഇതു കാണുന്നു എന്ന ബോദ്ധ്യം നമുക്കുണ്ടാകണം. നാം ചെയ്യുന്നത് ദൈവത്തിനാണ് എന്ന ബോദ്ധ്യം നമ്മുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ മാത്രമെ നമ്മുടെ ജോലിയോട് 100% നീതി പുലർത്താൻ നമുക്കു സാധിക്കു.

നാല്, നിങ്ങളുടെ ജീവിതത്തിലും പ്രവർത്തിയിലും ദൈവഹിതത്തിനു മുഖ്യസ്ഥാനം നൽകുക. ദൈവഹിതത്തിനു മുഖ്യസ്ഥാനം നൽകുക.

നാം ആത്യന്തികമായി ക്രിസ്തുവിനെ സേവിക്കയും അവനു നാം അവസാനനാളിൽ കണക്കുകൊടുക്കയും ചെയ്യേണ്ടവരാണ്. ആകയാൽ ദൈവഹിതമായിരിക്കണം നമ്മുടെ തെറ്റായ മനൊഭാവത്തിനൊ പെരുമാറ്റത്തിനൊ എതിരെയുള്ള തുറുപ്പു ചീട്ട്. അതുപോലെ, അധാർമ്മികമൊ, തെറ്റായ കാര്യങ്ങളൊ നമ്മോട് ചെയ്യുവാൻ ആവശ്യപ്പെട്ടാൽ അവിടേയും നമ്മേ നയിക്കേണ്ടത് ദൈവഹിതമായിരിക്കണം.

ഒന്നാം നൂറ്റാണ്ടിൽ ദൈവത്തിന്റെ ഹിതം നിവൃത്തിക്കുക എന്ന കാര്യം അടിമകളായ വിശ്വാസികളെ യജമാനന്മാരുടെ ദൈവഹിതപ്രകാരമല്ലാത്ത ആജ്ഞകൾ നിവൃത്തിക്കുന്നതിൽ നിന്നു അവരെ തടഞ്ഞിരുന്നു. അതായത്, വിഗ്രഹാരാധനക്കൊ, സ്ത്രീ അടിമകളുമായി ലൈംഗിക ബന്ധം പുലർത്തുന്നതിനൊ ഒക്കെ യജമാനന്മാരുടെ ഭാഗത്തുനിന്നും നിർബന്ധമുണ്ടായാൽ അവയെ വിശ്വാസികളായ അടിമകൾ എതിർത്തിരുന്നു. തീർച്ചയായും അന്ന് അവർക്ക് അതിനു കഴിഞ്ഞിരുന്നു എങ്കിൽ ഇന്ന് എത്ര അധികം നമുക്ക് സാധിക്കും.

അഞ്ചാമതായി, ദൈവം എപ്പോഴും നമ്മിൽ നിന്നു നല്ല ജോലി/വേല പ്രതീക്ഷിക്കുന്നു. നമ്മിൽ നിന്നു നല്ല വേല പ്രതീക്ഷിക്കുന്നു. നാം അവയെ ചെയ്യുമ്പോൾ ദൈവത്തിൽ നിന്ന് അനുഗ്രഹവും പ്രതിഫലവും ഉണ്ട് എന്ന് നാം ഓർക്കണം. അത് ഒരു അടിമക്കായാലും, ഒരു സ്വതന്ത്രനായാലും അവനത് ലഭിക്കും. This he will receive back from the Lord whether slave or free. receive back/തിരികെ പ്രാപിക്കുക എന്നതിനു komisetai എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്റെ മറ്റൊരു ഉപയോഗം Colossians 3:25 ലാണ് “ അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.” അതിന്റെ അർത്ഥം recover, receive back, what is one’s own, to be recompensed or rewarded. പിന്നെ 2 കൊരിന്ത്യർ 5:10 ലും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്: “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു." നല്ല കാര്യങ്ങൾക്ക് നന്മയും ചീത്തകാര്യങ്ങൾക്ക് തിന്മയും പ്രാപിക്കും.

ഒരു ജോലിക്കാരൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും തങ്ങളുടെ യജമാനനൊ സൂപ്പർവസറൊ അംഗീകരിക്കാത്ത അവസരങ്ങൾ ഉണ്ടായി എന്നു വരാം. എന്നാൽ യഥാർത്ഥ യജമാനൻ ഇതു കാണുകയും തിരിച്ചറിയുകയും ചെയ്യുന്നു എന്നതാണ് നല്ല വേലക്കുള്ള പ്രചോദനം.

അതുകൊണ്ട് നമ്മുടെ അനുസരണം,
1. ബഹുമാനത്തോടെ ആയിരിക്കണം.
2. ശുദ്ധ ഹൃദയത്തോടും നിർമ്മല മനസ്സാക്ഷിയോടും കുടെ ആയിരിക്കണം.
3. ദൈവപ്രസാദം ലക്ഷ്യമാക്കി ആയിരിക്കണം.
4. ദൈവഹിതത്തിനു മുഖ്യസ്ഥാനം നൽകണം.
5. ദൈവത്തിൽ നിന്ന് പ്രതിഫലം ഉണ്ട് എന്ന് നാം ഓർക്കണം.
3. യജമാനന്മാർ ദൈവികാധികാരത്തിനു വിധേയപ്പെടുക (Masters subject to God's authority)

മൂന്നാമതായി, യജമാനന്മാർക്കുള്ള കല്പ്പനകൾ എന്താണെന്ന് നമുക്ക് നോക്കാം. അധികാരത്തിൻ കീഴിൽ ഇരിക്കുന്ന ഏവരോടും പറഞ്ഞ എല്ലാ മനോഭാവങ്ങളും, ജോലിയെ സംബന്ധിച്ച പെരുമാറ്റരീതിയും, പ്രചോദനങ്ങളും അധികാരത്തിനു മേലുള്ളവർക്കും ഒരുപോലെ ബാധകവും ആവശ്യവുമാണ്. ദാസന്മാരോടു പറഞ്ഞ എല്ലാ കാര്യങ്ങളും യജമാനന്മാർക്കും ബാധകമാണ്. പൗലോസ് മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും Masters, do the same things to them എന്ന പ്രയോഗത്തിൽ സംഗ്രഹിച്ചു പറഞ്ഞിരിക്കുന്നു. ഒരുപക്ഷെ ഇതിൽ ഏറ്റവും പ്രാധാന്യമേറിയ മാനദണ്ഡം അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും കർത്താവിനുവേണ്ടി ചെയ്യുന്നു എന്ന മനോഭാവത്തിനാണ്.

അതിനോടുകൂടെ, മാനേജർമാർ അഥവാ യജമാനന്മാരെ സംബന്ധിച്ച്, പൗലോസ് രണ്ടു നിർദ്ദേശങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നു. അതിൽ ഒന്നാമത്തേത്, അവർ ഭീഷണി വാക്ക് ഉപയോഗിക്കരുത് എന്നതാണ്. ഈ പുതിയ മനോഭാവം അന്നത്തെ അടിമ-യജമാനന്മാർക്ക് കേട്ട് കേഴ്വി പോലുമില്ലാത്ത കാര്യമാണ്. ഭീഷണിയും ശകാരവും പീഡനവുമായിരുന്നു അനുസരണക്കേടി നുള്ള ശിക്ഷ.

പൗലോസ് ഇങ്ങനെ പറയുമ്പോൾ തങ്ങളുടെ യജമാനന്മാർക്ക് അവരുടെ കിഴിലുള്ള തൊഴിലാളികളുടെ performance നെ സംബന്ധിച്ച യാതൊരു വിലയിരുത്തലും നടത്താൻ പാടില്ല എന്നല്ല അർത്ഥമാക്കുന്നത്. അവരെ കുറ്റപ്പെടുത്തുന്നതിനേക്കാൾ ഉപരി പോസിറ്റീവായ കമന്റുകളാൽ പ്രചോദിപ്പിക്കുകയാണ് വേണ്ടത്. പലപ്പോഴും കോപിക്കുകയൊ, തരംതാഴ്ത്തുകയൊ, ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയൊ ചെയ്യുകയാണ് സാധാരണ നിലയിൽ മേലുദ്യോഗസ്ഥർ ചെയ്യുന്നത്. അതു ചെയ്യരുത് എന്നാണ് പൗലോസ് മേലുദ്യോഗസ്ഥരോടു പറയുന്നത്.

രണ്ടാമതായി, പൗലോസ് മേലുദ്യോഗസ്ഥരോട് പറയുന്നത്, അവർ favoristism മുഖപക്ഷം കാണിക്കരുത് എന്ന കാര്യമാണ്. മേലുദ്യോഗസ്ഥർ പക്ഷാഭേദം കാണിക്കരുത്. മണിയടിച്ചു നടക്കുന്നവരോട് ആനുകൂല്യം കാണിക്കുകയും അല്ലാത്തവരോട് പരുഷമായി ഇടപെടുക എന്നതുമാണ് പാപിയായ മനുഷ്യന്റെ പൊതുവായ രീതി എന്നത്. അതു ദൈവനീതിക്കു നിരക്കുന്ന കാര്യമല്ല എന്ന് നാം ഓർക്കണം. പൗലോസ് മുഖപക്ഷം കാണിക്കരുത് എന്നു പറയാനുള്ള കാരണം കർത്താവ് ആരോടും മുഖപക്ഷം കാണിക്കുന്നില്ല എന്നതാണ്. സ്വജനപക്ഷവാദവും അതുപോലെയുള്ള പക്ഷപാതപരമായ പെരുമാറ്റവും അനീതി യാണെന്ന് മാത്രമല്ല, സഹജോലിക്കാരുടെ ആത്മവീര്യം കെടുത്തുന്നതായ പരിപാടിയാണ്. പഴയനിയമത്തിലും പക്ഷപാത പരമായ പെരുമാറ്റത്തെ കുറ്റം വിധിക്കുന്നതായി നാം വായിക്കുന്നു (ഉൽ: 23:3; ലേവ്യ 19:5).

ഇനി, എല്ലാ അധികാര സ്ഥാനങ്ങളിലും ഇരിക്കുന്നവർ ഓർക്കേണ്ടുന്ന പ്രധാനപ്പെട്ടകാര്യം തങ്ങളും അധികാരത്തിൻ കീഴിൽ ഉള്ളവരാണ് എന്ന കാര്യമാണ്. അവർക്കുമേൽ ഒരുപക്ഷെ മാനുഷിക അധികാരങ്ങൾ ഇല്ലായിരിക്കാം. എന്നാൽ സ്വർഗ്ഗത്തിലെ ദൈവം അവർക്കു മീതെയുണ്ട് എന്ന ചിന്ത ഒരോരുത്തനേയും എളിമപ്പെടുത്തേണ്ടതാവശ്യമാണ്. എല്ലാവരും തങ്ങൾ എടുക്കുന്ന ഓരോ തീരുമാനത്തെ പ്രതിയും, തങ്ങളുടെ കിഴിൽ ഉള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ സംബന്ധിച്ചും കർത്താവിന്റെ മുൻപിൽ കണക്കു ബോധിപ്പിക്കേണ്ടിവരും. കർത്താവിന്റെ ന്യായവിധി നാളിൽ എല്ലാ മാനേജർമാരും, സൂപ്പർവൈസർമാരും, ജയിൽ വാർഡന്മാരും, പോലീസ് മേധാവികളും, പട്ടാളമേധാവികളും മൂപ്പന്മാരും അങ്ങനെ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന ഏവരും ദൈവമുൻപാകെ കണക്കുബോധിപ്പിക്കേണ്ടതായ് വരും. (2 കൊരി 5:10).

ആകയാൽ, ഒന്നുകിൽ നാം അധികാരത്തിനു കീഴെ ഉള്ള വ്യക്തിയാണ്. അതല്ലെങ്കിൽ അധികാരത്തിനു മീതെയുള്ള വ്യക്തിയാണ്. എന്നാൽ ഈ രണ്ടു വിഭാഗക്കാരും ദൈവം എന്ന യജമാനനു കീഴിൽ, ദൈവത്തിന്റെ നീതിയെ പ്രദർശ്ശിപ്പാൻ ബാധ്യതയുള്ള വ്യക്തികളാണ്. അതുകൊണ്ട് ജനറൽ ചാൾസ് ഗോർഡൻ പറഞ്ഞതുപോലെ, ചെറുതോ വലുതൊ ആയ എന്തുകാര്യമായാലും അതു മനുഷ്യനല്ല, ദൈവത്തിനാണ് നാം ചെയ്യുന്നത് എന്ന് ഓർക്കുക. ദൈവമാണ് എനിക്ക് ഈ സ്ഥാനം ചുമതലപ്പെടുത്തി തന്നത് എന്ന ബോദ്ധ്യത്തോടെ നാം പിറുപിറുപ്പോ, വാദമൊ ഒന്നും കുടാതെ ചെയ്യുക. നമ്മുടെ ജീവിത സാഹചര്യങ്ങൾ മറ്റുള്ളവർ ചെറുതായി കണ്ടാലും നമുക്ക് എല്ലാ കാര്യങ്ങളും ദൈവത്തിനായും ക്രിസ്തുവിന്റെ മഹത്വത്തിനായും ചെയ്യാൻ സാധിക്കും. ദൈവത്തിന്റെ സാന്നിദ്ധ്യമാണ് നമ്മുടെ വേലയെ വലിയതും മഹത്വകരവുമാക്കുന്നത്.

മാനുഷികമായി ഈ കാര്യങ്ങൾ അതേപടി നിവൃത്തിക്കുക എന്നത് പ്രയാസകരമാണെന്നല്ല, അസാദ്ധ്യമാണെന്നുതന്നെ പറയേണ്ടിയിരി ക്കുന്നു. എന്നാൽ അതിനു നമ്മെ പ്രാപ്തിപ്പെടുത്തുന്ന കർത്താവിന്റെ ആത്മാവ് നമ്മോടുകുടെയുണ്ടെങ്കിൽ ഇതു നമ്മുടെ ജിവിതത്തിൽ നമുക്ക് യാഥാർത്ഥ്യമാക്കുവാൻ സാധിക്കും എന്നതാണ് നമ്മുടെ മുന്നിലെ സുവർണ്ണരേഖ.

നമ്മുടെ കർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പൊൾ ആരുടെ യൊക്കെ അധികാരത്തിനാണ് തന്നെത്തന്നെ കീഴ്പ്പെടുത്തിക്കൊടു ത്തത് എന്ന് ഓർക്കുക. തന്റെമേൽ അധികാരമുള്ള ഒരു വ്യക്തിയും ഉണ്ടായിരുന്നില്ല. തന്നെപ്പോലെ നീതിമാനും നിഷ്ക്കളങ്കനുമായ വ്യക്തിയും ഉണ്ടായിരുന്നില്ല. എന്നാൽ അവിടുന്നു സകല അധികാരങ്ങൾക്കും വിധേയപ്പെട്ട് ഈ ഭൂമിയിൽ ജീവിച്ചു. അന്യായമായി കുറ്റം ചുമത്തപ്പെട്ടു. അന്യായമായി ബന്ധിക്കപ്പെട്ടു. അന്യായമായി വിധിക്കപ്പെട്ടു. അന്യായമായി മരണശിക്ഷ ഏൽക്കപ്പെട്ടു. അങ്ങനെ അനീതിയും അതിക്രമങ്ങളുമായി ജീവിച്ച നമ്മേ വീണ്ടെടുത്തു. ആ യേശുവിന്റെ ആത്മാവ് നമ്മുടെ മേൽ ആവസിക്കുന്നു എങ്കിൽ അവിടുന്നു നൽകിയ ഏതു കൽപ്പനയും അനുസരിപ്പാൻ അവിടുന്നു നമ്മേ പ്രാപ്തിപ്പെടുത്തും. അതിനു ദൈവം നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page