
നിത്യജീവൻ

ഗലാത്യലേഖന പരമ്പര-01
P M Mathew
OCT10, 2021
Jesus redeems man from the curse
യേശു ശാപത്തിൽ നിന്നും മനുഷ്യനെ വീണ്ടെടുക്കുന്നു
Galatians 3:13-14
ഗലാത്യർ 3:13-14
ഗലാത്യർ 3:13-14 “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി. അബ്രാഹാമിന്റെ അനുഗ് രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ."
വളരെ ഗഹനമായ ഒരു വേദഭാഗമാണിത്. "ക്രിസ്തു പാപികളായ മനുഷ്യരെ ശാപത്തിൽ നിന്ന് വീണ്ടെടുക്കുന്നു" എന്ന ബൈബിളിന്റെ കേന്ദ്രവിഷയമായ സുവിശേഷസന്ദേശം അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു വേദഭാഗമാണിത്.
1. വീണ്ടെടുപ്പ് (Redemption)
ഈ വാക്യങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു വാക്കാണ് വിലെക്കുവാങ്ങി എന്നത്. "Exagorazo" (Exagorasen) എന്ന വാക്കാണ് ഗ്രീക്കിൽ ഇതിനുപയോഗിച്ചിരിക്കുന്നത്. ഇതിനു ഇംഗ്ലിഷിൽ redemption എന്നും മലയാളത്തിൽ "വീണ്ടെടുക്കുക" അതല്ലെങ്കിൽ "വിലെക്കു വാങ്ങുക" എന്നും അർത്ഥം.
പഴയനിയമത്തിലും പുതിയ നിയമത്തിലും ഈ ആശയം പ്രബലമാണ്. Ancient near Eastern culture ൽ അതല്ലെങ്കിൽ പുരാതന ഈജിപ്ത്തിലും മെസപ്പൊട്ടോമിയയിലും പിന്നീടു യിസ്രായേലിലും നിലനിന്നിരുന്ന അടിമത്വ സമ്പ്രദായത്തോട് ഈ വാക്ക് ബന്ധപ്പെട്ടിരിക്കുന്നു. അന്ന് പുരുഷന്മാരേയും സ്ത്രീകളേയും കുട്ടികളേയും അടിമചന്തകളിൽ, സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതുപോലെ, വാങ്ങുകയും വിൽക്കുകയും ചെയ്തു പോന്നു. അവരെ സ്വന്തമാക്കി, വ്യാപാരം ചെയ്യുകയൊ, ജോലി ചെയ്യിപ്പിക്കുകയൊ, തലമുറകൾക്കു കൈമാറുകയൊ ചെയ്യുവാനുള്ള അധികാരം അവരെ സ്വന്തമാക്കുന്നവർക്കുണ്ടായിരുന്നു. ഒരു വ്യക്തി സാമ്പത്തികമായി കടക്കാരനായി തീരുകയും തന്റെ കടം വീട്ടുവാൻ തനിക്കു വകയില്ലാതിരിക്കയും ചെയ്താൽ, അയാൾ തന്നെത്തന്നെ അടിമയായി വില്ക്കുക എന്നത് ഈ സംസ്ക്കാരങ്ങളിൽ സാധാരണമായിരുന്നു. ബൈബിൾ അടിമത്വസമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിക്കുന്നവരുണ്ട്. എന്നാലതു ശരിയല്ല. ലേവ്യാപുസ്തകത്തിൽ ഈ അടിമത്വസമ്പ്രദായത്തിനു ഒരു തടയിടുവാൻ യിസ്രായേലിനു guardian-kinsman അഥവാ രക്ഷാധികാരിയായ ഒരു വീണ്ടെടുപ്പുകാരനെ ചുമതലപ്പെടുത്തുന്നതായി നമുക്കു കാണാം. ലേവ്യാപുസ്തകം 25:47-48 വാക്യങ്ങളിൽ ഇതു നാം കാണുന്നു: "നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വിൽക്കയും ചെയ്താൽ 48 അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം." ഒരുത്തൻ തന്റെ കടം മൂലം തന്നെത്തന്നെ അടിമയായി വിറ്റുകളഞ്ഞാൽ അവന്റെ അടുത്ത ചാർച്ചക്കാരനു പണമൊ തത്തുല്യമായ മറ്റെന്തിലുമൊ നൽകി അവനെ വീണ്ടെടുക്കാം. അതു സഹോദരനൊ അമ്മാവനൊ, കസിനൊ, അതല്ലെങ്കിൽ അവന്റെ രക്തബന്ധത്തിൽ പെട്ട ആർക്കും അവനെ വീണ്ടെടുക്കാം. അതുകൊണ്ട്, ബൈബിൾ അടിമത്വത്തെ പ്രോത്സാഹിപ്പിക്കയല്ല, അക്കാലത്ത് നിലനിന്നിരുന്ന ഈ സാമൂഹ്യതിന്മയിൽ നിന്നും മോചനത്തിനുള്ള ഒരു മാർഗ്ഗം ഒരുക്കുകയാണ് അതല്ലെങ്കിൽ വിശ്വാസിയായ അടിമയെ സ്വന്തം സഹോദരനെ പോലെ സ്നേഹിപ്പാൻ പ്രാപ്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഒരു വ്യക്തിക്ക് അടിമയായി ജനിക്കാം. അല്ലെങ്കിൽ കടക്കെണിയിലായി അടിമയായി തന്നെത്തന്നെ വിൽക്കാം. യുദ്ധത്തിൽ തടവുകാരായി പിടിക്കുന്നവരെ അടിമകളാക്കി ഉപയോഗിക്കാം. അങ്ങനെ ഏതെങ്കിലും നിലയിൽ ഒരു വ്യക്തി അടിമയായി തീർന്നുവെങ്കിൽ, അയാളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിനു മോചനദ്രവ്യം നൽകണം. അങ്ങനെ മോചിപ്പിക്കുന്നതിനെയാണ് Exagorazo/redemption വീണ്ടെടുപ്പ് എന്നു പറയുന്നത്.
2. ശാപം (curse)
നാം വായിച്ച ഈ വേദഭാഗത്തെ രണ്ടാമത്തെ പ്രധാനവാക്ക് എന്നത് "ശാപം" എന്നതാണ്. ഇതു രണ്ടുതവണ ഈ വാക്യങ്ങളിൽ ആവർത്തിച്ചിരിക്കുന്നു. എന്തിൽ നിന്നാണ് നമ്മേ വിലക്കു വാങ്ങിയത്, എന്നതിന്റെ ഉത്തരവും കൂടിയാണ് ഈ വാക്ക്.
ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്നാണ് യേശുക്രിസ്തു നമ്മേ വിലക്കു വാങ്ങിയത്. സുവിശേഷം വിശ്വസിച്ചു രക്ഷിക്കപ്പെട്ടശേഷം ന്യായപ്രമാണത്തിന്റെ ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങ ളിലേക്കും തിരിഞ്ഞു വിശുദ്ധീകരണത്തിനായി ശ്രമിക്കുന്നവരെ ശാസിച്ചുകൊണ്ടാണ് ഗലാത്യാലേഖനം ആരംഭിക്കുന്നത്.
സുവിശേഷത്താൽ നാം ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നു എന്നു മാത്രവമല്ല, സുവിശേഷത്താൽ ക്രിസ്തീയ ജീവിതത്തിൽ വളരുകയും പുരോഗതി പ്രാപിക്കയും ചെയ്യുന്നു. അതായത്, നാം വിശ്വാസത്തിൽ ആരംഭിച്ചിട്ട്, പിന്നെ പ്രവൃത്തിയിലൂടെ മുന്നേറുന്നു എന്നല്ല മറിച്ച്, ക്രിസ്തുവിലുള്ള വിശ്വാസത്താൽ നിതീകരിക്കപ്പെടുകയും, ക്രിസ്തുവിലുള്ള വിശ്വാസത്താൽ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. അതായത്, ക്രിസ്തീയയാത്രയിൽ സുവിശേഷം നാം ഒരിക്കലും കൈവിട്ടുകളയുന്നില്ല. ഈ കാര്യമാണ് ഒന്നും രണ്ടും അദ്ധ്യായങ്ങളുടെ സംഗ്രഹമായി, മൂന്നാം അദ്ധ്യായത്തിന്റെ 1-5 വരെ വാക്യങ്ങളിൽ പൗലോസ് സംഗ്രഹിച്ചിരിക്കുന്നത്.
തന്റെ ഈ വാദഗതിക്കു പിൻബലം നൽകുവാൻ അബ്രാഹത്തിന്റെ വിശ്വാസത്താലുള്ള നീതീകരണത്തെ വിശദീകരിക്കുകയാണ് മൂന്നാം അദ്ധ്യായത്തിൻ്റെ 6-14 വരെ വാക്യങ്ങളിൽ. "അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അതു അവനു നീതിയായി കണക്കിട്ടു" എന്ന് മൂന്നിന്റെ 6-നാം വാക്യത്തിൽ പറയുന്നു. അതുകൊണ്ട് അബ്രാഹമിനോടുകൂടെ നാം അനുഗ്രഹിക്കപ്പെടണമെങ്കിൽ, വിശ്വാസത്തിന്റെ പാത തന്നെ നാമും തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. അബ്രാഹം സുവിശേഷ വാഗ്ദത്തങ്ങളിൽ വിശ്വസിച്ചതുപൊലെ നാമും സുവിശേഷ വാഗ്ദത്തങ്ങളിൽ വിശ്വസിക്കണം.
വിശ്വാസത്തിന്റെ പാത സ്വീകരിക്കാത്തവർ തെരഞ്ഞെടുക്കുന്നത് ന്യായപ്രമാണത്തിന്റെ പാതയാണ്. എന്നാൽ ന്യായപ്രമാണം പെർഫെക്ട് ആയി അനുസരിക്കുന്നില്ലെങ്കിൽ, അനുഗ്രഹത്തിനു പകരം ശാപമാണ് വരുത്തിവെയ്ക്കുക.
ഉദാഹരണത്തിനു പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കാൻ ന്യായപ്രമാണം നമ്മോടു പറയുന്നു. എന്നാൽ അതു സാദ്ധ്യമാകണമെങ്കിൽ ന്യായപ്രമാണം മുഴുവനും അനുസരിക്കേണ്ടതുണ്ട്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണമെങ്കിലും ന്യായപ്രമാണം മുഴുവനും അനുസരിക്കാതെ പറ്റില്ല. ദൈവത്താൽ ശപിക്കപ്പെടാതെ, അനുഗ്രഹിക്കപ്പെടണമെങ്കിൽ ന്യായപ്രമാണത്തിന്റെ മുഴുവൻ ഡിമാന്റ്സും നാം നിറവേറ്റേണ്ടതുണ്ട്. പക്ഷേ അത് പൂർണ്ണമായി നിറവേറ്റാൻ നമുക്കു കഴിയില്ല. കാരണം അതിന്റെ നിലവാരം അത്രയ്ക്ക് ഉന്നതമാണ്. ഹൈജെൻപിന്റെ ബാർ ഉയർന്നിരിക്കുന്നതുകൊണ്ടാണ് ചാടാൻ ബുദ്ധിമുട്ട്. എന്നാൽ നമുക്കു ചാടാവുന്ന ലെവലിലേയ്ക്ക് ഈ ബാർ താഴ്ത്തിവെച്ചാൽ ഏതു ഹൈജമ്പും ബുദ്ധിമുട്ടാകയില്ല. അതുപോലെ ദൈവിക നിലവാരമെന്ന ബാർ താഴ്ത്തി വെച്ചിട്ട് ഞാൻ ചാടി എന്നു പറയുന്നതിൽ യാതൊരു അർത്ഥവുമില്ല.
വസ്തുനിഷ്ഠമായി പറഞ്ഞാൽ, ന്യായപ്രമാണം പാലിച്ച് ഒരുവൻ രക്ഷയ്ക്ക് ശ്രമിക്കുന്നു എന്നു പറഞ്ഞാൽ അവൻ ശപിക്കപ്പെട്ടിരിക്കുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്. അതായത് സുവിശേഷത്തിന്റെ പാത വിട്ട് മറ്റൊരു വഴിയിലൂടെ വിശുദ്ധീകരണം അന്വേഷിച്ചാൽ അവൻ ശാപത്തിൽ അകപ്പെടുന്നു. അത് അവരുടെ ഭക്തിയാകാം, സ്വയ-നീതി ആകാം, പെർഫോമൻസ് ആകാം, work righteousness ആകാം. ആ പാതയിലൂടെ വിശുദ്ധീകരണം തേടുന്നവർ ശാപത്തിൽ അകപ്പെടുന്നു. ഇനി ഇതിന്റെയൊക്കെ ഭവിഷ്യത്ത് എന്നു പറയുന്നത്, അവർ അതിലാണ് തങ്ങളുടെ ജീവിതത്തിനു അർത്ഥം കണ്ടെത്തുന്നത്, അതിലാണ് തന്റെ കൊൺഫിഡൻസ്/ധൈര്യം വെച്ചിരിക്കുന്നത്. അതിലാണ് തന്റെ ഐഡന്റിറ്റി കണ്ടെത്തുന്നത്. അതിലാണ് അവൻ ദൈവത്തിൻ്റെ സ്വീകാര്യതയും അംഗീകരണവും കണ്ടെത്തുന്നത്. അതിലാണ് അവൻ തന്റെ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നത്. സുവിശേഷത്തിനു പകരം ഇതൊക്കേയും തന്റെ ജീവിതത്തിന്റെ അടിസ്ഥാനമായി മാറുന്നു. അങ്ങനെ താൻ പ്രശംസിക്കുന്ന എതെങ്കിലും കാര്യത്തിൽ കോട്ടം സംഭവിച്ചാൽ, തനിക്കെല്ലാം നഷ്ടമായി എന്നു അവൻ ചിന്തിക്കുന്നു. അങ്ങനെയുള്ളവർ അരക്ഷിതരായിരിക്കും, പെട്ടെന്ന് കോപിക്കുന്നവർ ആയിരിക്കും, വിമർശനത്തെ ഭയക്കുന്നവർ ആയിരിക്കും മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയ പ്പെടുന്നവർ ആയിരിക്കും. അങ്ങനെ നാം കോപത്തിലും ക്രോധത്തിലും അസൂയയിലും പകയിലും വിദ്വേഷത്തിലും ഒക്കെ കഴിഞ്ഞുകൂടുന്നു അങ്ങനെ നാം കഴിഞ്ഞുകൂടുന്നു എങ്കിൽ അതിൽനിന്നൊരു വീണ്ടെടുപ്പ് നമുക്കു ആവശൃമാണ്. മാത്രവുമല്ല ശാപത്തിൻ്റെയും ശിക്ഷാഭയത്തിന്റെയും അവബോധത്തിൽ അവർ ജീവിക്കുന്നു. ഈ ശാപത്തിൽ നിന്നും ഒരു വീണ്ടെടുപ്പ് അവർക്ക് ആവശ്യമാണ്.
3. എങ്ങനെ ഈ ശാപത്തിൽ നിന്നു രക്ഷനേടാനും അബ്രാഹമിനു ദൈവം വാഗ്ദത്തം ചെയ്ത ജാതികളുടെ അനുഗ്രഹം പ്രാപിക്കാനും സാധിക്കും? (How can we be saved from this curse and receive the blessing of the nations that God promised to Abraham?)
കർത്താവായ യേശുക്രിസ്തു ചെയ്ത പ്രവർത്തിയുടെ അടിസ്ഥാനത്തിൽ ഈ ശാപത്തിൽ നിന്നും നമുക്ക് മോചനം നേടാനാകും എന്നതാണ് സന്തോഷകരമായ വാർത്ത. യേശുക്രിസ്തു നമുക്കുവേണ്ടി ശാപമായി തീർന്നുകൊണ്ട് താൻ ഈ അനുഗ്രഹം നമുക്കു പ്രദാനം ചെയ്യുന്നു.
ഇനി എങ്ങനെയാണ് താനിതു സാദ്ധ്യമാക്കിയത് എന്നു നോക്കാം. പൗലോസ് ആവർത്തന പുസ്തകത്തിൽ നിന്നുള്ള ഒരു വാക്യാംശം ഉദ്ധരിച്ചുകൊണ്ടാണിതിനു ഉത്തരം നൽകുന്നത്: “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതു പോലെ"(13). ഇതു ആവർത്തനം 21:22 ൻ്റെ ഒരു ഉദ്ധരണിയാണ്. "ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു;...". അതായത്, പഴയനിയമത്തിൽ ഒരുത്തൻ മരണ യോഗ്യമായ ഒരു പാപം ചെയ്താൽ അവനെ സാധാരണ കല്ലെറിഞ്ഞാണ് കൊല്ലുക. അതിനുശേഷം അവനെ ഒരു മരത്തിൽ കെട്ടിത്തൂക്കുന്നു. ഇത് അർത്ഥമാക്കുന്നതെന്തെന്നാൽ ദൈവം അവനെ തിരസ്കരിച്ചിരിക്കുന്നു അഥവാ ദൈവം അവനെ തള്ളിക്കളഞ്ഞിരിക്കുന്നു. ഇവിടെ മനുഷ്യനെ കെട്ടിത്തൂക്കിയതു കൊണ്ട് അവൻ ശാപഗ്രസ്തനായി തീരുകയല്ല, മറിച്ച് ശാപത്തിന്റെ അടയാളമായി അവനെ കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത്. പൗലോസ് ഈയോരു കണക്ഷൻ യേശുവിലേക്ക് നീട്ടുകയാണ്. ദൈവിക തിരസ്കരണത്തിന്റെ ശാപം അനുഭവിച്ചതായി കാണിക്കാൻ, യേശുവിനെ മരക്കുരുശിൽ തൂക്കി. നമ്മുടെ കർത്താവ് ക്രൂശിൽ കിടന്നുകൊണ്ട് "എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്" എന്ന് അലറി വിളിച്ചു കരയുന്നത് ഇവിടെ അന്വർഥമാണ്.
യേശുക്രിസ്തു നമുക്കുവേണ്ടി ന്യായപ്രമാണത്തിന്റെ ശാപം തന്റെമേൽ ഏറ്റുവാങ്ങി. അങ്ങനെ അവൻ നമ്മേ ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്നും വിലയ്ക്കുവാങ്ങി. കേവലം ഒരു ശാപം ഏറ്റുകൊണ്ട് യേശുക്രിസ്തു നമ്മേ വീണ്ടെടുത്തു എന്നു പറയുകയല്ല, ഒരു ശാപമായി മാറിക്കൊണ്ട് നമ്മേ വീണ്ടെടുക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് 2 കൊരിന്ത്യർ 5:21 ൽ നാം ഇപ്രകാരം വായിക്കുന്നത്: "പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കുവേണ്ടി പാപം ആക്കി" എന്ന്. യേശുവിനെ ഒരു പാപിയെപ്പോലെ പരിഗണിച്ചു; ഒരു ദുഷ്ടൻ ബാധ്യസ്ഥനാകുന്ന എല്ലാത്തിനും യേശുവിനെ ഉത്തരവാദിയാക്കി. നിയമപരമായി പറഞ്ഞാൽ, അവൻ പാപമായി.
അതിന്റെ ഫലമായി യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന നേട്ടമെന്താണ് എന്നാണ് 14-നാം വാകൃത്തിൽ പൗലോസ് പറയുന്നത്. നാം ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ യേശു നമ്മുടെ പാപം യേശുവിൻ്റെമേൽ കണക്കിട്ടു. നമ്മുടെ സ്ഥാനത്ത് യേശു പാപിയായി, അതുപോലെ യേശുവിൻ്റെ നീതി നമ്മുടെമേൽ കണക്കിട്ടു, നാം നീതിമാന്മാരായി തീരുകയും ചെയ്തു. ദൈവം യേശുവിനെ പാപിയായികണ്ട് അവനെ ശാപമാക്കിയപ്പോൾ യേശുവിന്റെ പെർഫെക്ടായ നീതി നമ്മുടെമേൽ കണക്കിട്ടുകൊണ്ട് നമ്മെ കുറ്റമില്ലാത്തവരും നിഷ്ക്കളങ്കരുമായി ദൈവം നമ്മേ കണ്ടു. നമ്മുടെ പാപവും ശാപവും യേശുവിന്റെ മേൽ കണക്കിട്ടു; യേശുക്രിസ്തുവിന്റെ നീതിയും അനുഗ്രഹവും പരിശുദ്ധാത്മാവ് എന്ന ദാനവും ദൈവം നമ്മുടെ മേൽ ചൊരിഞ്ഞു. അബ്രാഹമിനു നൽകിയ ആത്മാവെന്ന വാഗ്ദത്തവിഷയം അങ്ങനെ വിശ്വാസത്താൽ നമുക്കു സ്വന്തമായി.
അതുകൊണ്ട് രക്ഷ എന്നു പറയുന്നത് പാപമോചനത്തേക്കാൾ അധികമായ ഒന്നാണ്. നമ്മുടെ പാപത്തിന്റെ കടം മായിച്ചു കളഞ്ഞു എന്നു മാത്രമല്ല, ദൈവസന്നിധിയിൽ പെർഫെക്ടായി നമ്മേ കാണുകയും ചെയ്യുന്നു. അതുകൊണ്ട് ക്രിസ്തുവിന്റെ ശാപഗ്രസ്തവും നമുക്കു അനുഗ്രഹം വരുത്തുന്നതുമായ മരണത്തിൽ വിശ്വസിച്ച് ആരംഭിച്ച ക്രിസ്തീയജീവിതം തുടർന്നുള്ള അനുഗ്രഹത്തിനായി നമ്മുടെ പരിശ്രമത്തെ ആശ്രയിക്കുന്ന ഒരു പരിപാടിയല്ല ഇത്. 3:1 ൽ പറയുന്നതുപോലെ അതു ഭോഷത്വമാണ്.
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ അറിഞ്ഞും വിശ്വസിച്ചും നമ്മുടെ ഹൃദയത്തെ ഉരുക്കി വാർത്തെടുത്തും കൊണ്ട് നാം ക്രിസ്തീയജീവിതം ആരംഭിച്ചു. അതുപോലെ തന്നെ മുന്നോട്ടു പോകുകയാണ് നമുക്ക് ആവശ്യം. അതല്ലാതെ നമുക്ക് ഒരിക്കലും സുവിശേഷത്തിനപ്പുറമായി മുന്നോട്ട് പോകാൻ കഴിയില്ല. ഒരിക്കലും കഴിയില്ല എന്നുമാത്രമല്ല, ഒരിക്കലും അതിന്റെ ആവശ്യവുമില്ല.
ആകയാൽ, അബ്രാഹമിനു വാഗ്ദത്തം ചെയ്ത അനുഗ്രഹം നമ്മുടെമേൽ ചൊരിയുവാൻ, നമുക്കുവേണ്ടി ശാപമായി മാറിയ, പിതാവിനാൽ കൈവിടപ്പെട്ട, എന്റെ ദൈവമെ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് എന്ന് ക്രൂശിൽ കിടന്നുകൊണ്ട് അലറി കരഞ്ഞ കർത്താവിനെയാണ് ഈ അപ്പവീഞ്ഞുകളിലൂടെ നാം ഓർക്കുന്നത്. അത് ഏറ്റവും നന്ദിയോടെ ഓർത്തുകൊണ്ട് ഈ മേശയിൽ നമുക്ക് പങ്കുകാരാകാം. അയോഗൃമായ എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ സുവിശേഷ ത്താൽ അതിനെ ഉരുക്കിക്കളയാം. അതിനു ദൈവം നമ്മേ ഓരോരുത്തരേയും സഹായിക്കട്ടെ.
*******