top of page
ഗലാത്യലേഖന പരമ്പര-02
P M Mathew
AUG 03, 2023

The battle between the Holy Spirit and the flesh.
പരിശുദ്ധാത്മാവും ജഡവും തമ്മിലുള്ള പോരാട്ടം.

Galatians 5:16-23

കൊലൊസ്സ്യയിലെ വിശുദ്ധന്മാർക്കു എഴുതുമ്പോൾ പൗലോസ് തുടർമാനമായ വളർച്ചയ്ക്കും ആത്മീയ അഭ്യർത്ഥിക്കും ഉള്ള മുഖാന്തരമായിട്ടാണ് സുവിശേഷത്തെ ചിത്രീകരിച്ചിരിക്കുന്നത്. അതായത്, മാനസാന്തരത്തിനു ശേഷവും അവരുടെ ആത്മീയ വളർച്ചയ്ക്കുള്ള മുഖാന്തരം സുവിശേഷമാണ്. കൊലൊസ്സ്യർ 1:6 ൽ പൗലോസ് ഇപ്രകാരം പറയുന്നു "ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾ മുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു." സുവിശേഷം മനുഷ്യരെ രക്ഷിക്കുക മാത്രമല്ല, ഒരു വിശ്വാസി ഫലം കായിച്ചും വർദ്ധിച്ചും വരുന്നത് സുവിശേഷം മുഖാന്തിരമാണ്.

നമ്മുടെ ജീവിതത്തിലെ സകല ആത്മീയ പ്രശ്നങ്ങൾക്കും കാരണം സുവിശേഷം ശരിയായ നിലയിൽ പ്രായോഗികമാക്കാത്തതിൽ വരുത്തുന്ന വീഴ്ച മൂലമാണ്. അതായത്, ഒരു വ്യക്തിക്ക് സുവിശേഷത്തിന്റെ ഉള്ളടക്കം പൂർണ്ണമായി മനസ്സിലാക്കി, അതു മുഴുവനും പ്രാവർത്തിക മാക്കാതെ ശരിയായ നിലയിൽ മുന്നോട്ടു പോകുവാൻ കഴിയുകയില്ല. സുവിശേഷത്തെ മാറ്റിനിർത്തി ശരിയായ മാനസാന്തരം നമ്മുടെ ജീവിതത്തിൽ വരുത്തുവാൻ കഴിയുകയില്ല. നമ്മെ എല്ലാ നിലയിലും രൂപപ്പെടുത്തുന്നതിനായി ദൈവം ക്രിസ്തുവിലൂടെയുള്ള സുവിശേഷം ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു. നാം ചിന്തിക്കുന്നതും അനുഭവിക്കുന്നതും ജീവിക്കുന്നതുമായ രീതിയെ അത് വർദ്ധമാനമായ നിലയിൽ നിർവ്വചിക്കുന്നു.

മാർട്ടിൻ ലൂതർ സാധാരണ ഉപയോഗിക്കാറുള്ള ഒരു phrase ആണ് simul justus et peccator -simultaneously Justified and sinful. ഒരേസമയം നീതീകരിക്കപ്പെട്ടവരും പാപികളും. നാം പാപത്തിന്റെ ശിക്ഷയിൽ നിന്നും വിടുവിക്കപ്പെട്ടവരെങ്കിലും പാപത്തിന്റെ ശക്തിയിൽ നിന്നും ദൈനംദിനം രക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. "സുവിശേഷം രക്ഷയ്ക്കുള്ള ദൈവശക്തിയാകയാൽ" വിശുദ്ധരിൽ വിശുദ്ധനായ ഒരു വ്യക്തിക്ക് പോലും സുവിശേഷം ആവശ്യമാണ് എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ വളരെ famous ആയ പ്രസംഗകനും ഒരു സാധാരണ വിശ്വാസിക്കും സുവിശേഷം വളരെ ആവശ്യമായ സംഗതിയാണ് എന്നാണ്.

വിശുദ്ധീകരണത്തിന് ഒരു നിർവചനം നൽകിയിരിക്കുന്നത് ഇപ്രകാരമാണ്:

Sanctification is the progressive aspect of Salvation wherein the Christian "grows in grace" and is transformed into the image of Christ by the power of the spirit" (KLM Church Doc Statement).

ക്രിസ്ത്യാനികൾ പരിശുദ്ധാത്മശക്തിയാൽ കൃപയിൽ വളരുകയും ക്രിസ്തുവിന്റെ സ്വരൂപത്തോട് അനുരൂപപ്പെടുകയും ചെയ്യുന്ന രക്ഷയുടെ പുരോഗമനാത്മകമായ വശത്തിനാണ് വിശുദ്ധീകരണം എന്നു പറയുന്നത്.

Sanctification is a lifelong process in which believers become conformed to the image of Christ, relying on the power of God to put to death the flesh in their lives" എന്നാണ് Michael Patton എന്ന ദൈവദാസൻ അതിനെ വിശദീകരിച്ചിരിക്കുന്നത്. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ച് തങ്ങളുടെ ജീവിതത്തിൽ ജഡത്തെ മരണത്തിന് വിധേയമാക്കി ക്രിസ്തുവിന്റെ സ്വരൂപത്തോട് അനുരൂപരാക്കുന്ന ജീവിതാവസാനം വരെ നീണ്ടുനിൽക്കുന്ന പ്രക്രിയയാണ് വിശുദ്ധീകരണം.

ഒരിക്കൽ ജീവനക്കാരിയായ ഒരു പെൺകുട്ടി തന്റെ ബൈബിൾ സ്റ്റഡി ഗ്രൂപ്പിലെ മറ്റുള്ളവരോട് പറഞ്ഞു: ഞാൻ ഒരു വിശ്വാസിയായി തീർന്നതിനുശേഷം എന്റെ ഉള്ളിൽ കൂടുതൽ പോരാട്ടം ഉള്ളതായി എനിക്കു തോന്നുന്നു. മാനസാന്തരപ്പെടുന്നതിനു മുൻപ് ഇത്രയും പോരാട്ടം എനിക്ക് തോന്നിയിരുന്നില്ല. എന്തുകൊണ്ടാണ് വിശ്വാസികൾക്ക് ഇങ്ങനെയൊരു പോരാട്ടം അനുഭവിക്കേണ്ടി വരുന്നത്? ഞാനൊരു ബലഹീന വിശ്വാസിയാണെന്നാണോ അതു കാണിക്കുന്നത്? നമ്മുടെ ഉള്ളിൽ നടക്കുന്ന ഈ പോരാട്ടത്തിൽ എങ്ങനെ വിജയിക്കാൻ കഴിയും?

ഗലാത്യലേഖനം 5: 16-23 വാക്യങ്ങളിൽ പൗലോസ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും വിജയ പ്രതീക്ഷയും നൽകുന്നു.

ഗലാത്യർ 5:16-23

"ആത്മാവിനെ അനുസരിച്ചു നടക്കുവിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കുകയില്ല എന്നു ഞാൻ പറയുന്നു. ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നത് ചെയ്യാതെ വണ്ണം അവ തമ്മിൽ പ്രതികൂലമല്ലൊ. ആത്മാവിനെ അനുസരിച്ചു നടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിനു കീഴുള്ളവരല്ല. ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,"

ഓരോ വിശ്വാസിയിലും പരസ്പരം പോരാടുന്ന രണ്ടു ആഗ്രഹങ്ങളെക്കുറിച്ചാണ് അപ്പൊസ്തലനായ പൗലോസ് ഈ വേദഭാഗത്ത് നമ്മോടു പറയുന്നത്. അപ്പോൾ ഒന്നാമതായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം നിങ്ങളുടെ ഉള്ളിലെ പോരാട്ടത്തെ ഓർത്ത് ദൈവത്തിനു സ്തോത്രം ചെയ്യുക എന്നതാണ്.

1. നിങ്ങളുടെ ഉള്ളിലെ പോരാട്ടത്തെ ഓർത്ത് ദൈവത്തിനു നന്ദി പറയുക.

പതിനേഴാം വാക്യം പറയുന്നു: ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു; നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ." പരസ്പരം പോരാടുന്ന രണ്ട് ആഗ്രഹങ്ങൾ ജഡാഭിലാഷവും ആത്മാഭിലാഷവും ആണ്. ഇത് നമ്മുടെ മനസ്സും ഹൃദയവും തമ്മിലുള്ള പോരാട്ടമല്ല, ജഡവും ആത്മാവും തമ്മിലുള്ള പോരാട്ടമാണ്. യുദ്ധം നമ്മുടെ ഉള്ളിലാണ്. കാരണം നാം വിശ്വാസികളും നമ്മുടെ ഉള്ളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്നു എന്നതിനാലുമാണ് ഇത് നമ്മിലനുഭവപ്പെടുന്നത്. ദൈവത്തിന്റെ ആത്മാവ് നമ്മുടെ ഉള്ളിൽ വന്നു ജഡവുമായി തന്റെ പോരാട്ടം ആരംഭിച്ചിരിക്കുന്നുവെങ്കിൽ, അത് ഒരു നല്ല ലക്ഷണമാണ്. നാം മുന്നമെ പറഞ്ഞ ആ യവ്വനക്കാരിക്ക് രക്ഷിക്കപ്പെടുന്നതിനു മുൻപ് അങ്ങനെയൊരു പോരാട്ടം അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ അത് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നത് താൻ രക്ഷിക്കപ്പെട്ടു എന്നതിന്റെ ഒരു വലിയ തെളിവാണ്.

അങ്ങനെയൊരു ഒരു പോരാട്ടം നിങ്ങളുടെ ഉള്ളിൽ ഇല്ല എങ്കിൽ അതൊരു മോശം സംഗതിയാണ്; കാരണം നിങ്ങളുടെ ജഡമാണ് സകലത്തെയും നിയന്ത്രിക്കുന്നത്. അതിന്റെ അർത്ഥം നിങ്ങൾ ഒരു വിശ്വാസി അല്ല എന്നുള്ളതാണ്. അതുകൊണ്ട് നമ്മുടെ പോരാട്ടത്തെ ഓർത്തു നമുക്ക് ദൈവത്തിനു സ്തോത്രം ചെയ്യാം.

2. ജഡത്തിൽ നടക്കുക എന്നു പറഞ്ഞാൽ എന്താണ് ?
ജഡമെന്ന് പറഞ്ഞാൽ അത് കേവലം നമ്മുടെ ഈ കാണുന്ന ഭൗതികശരീരം അല്ല. പൗലോസ് നമ്മുടെ ഭൗതികശരീരം അതിൽ തന്നെ കേവലം തിന്മയാണെന്ന് കരുതുന്നില്ല. ആത്മാവ് അഥവാ അഭൗതികം നല്ലത്, ഭൗതികം അഥവാ ജഡം മോശം എന്ന ജ്ഞാനവാദത്തോട് പൗലോസ് ഒട്ടും യോജിക്കുന്നില്ല. ദൈവത്തിന്റെ ആദിമ സൃഷ്ടിയിൽ താൻ സൃഷ്ടിച്ച സകലവും നല്ലതായിരുന്നു എന്ന ദൈവത്തിന്റെ ആവർത്തിച്ചാവർത്തിച്ചുള്ള വിലയിരുത്തൽ ഇവിടെ സ്മർത്തവ്യമാണ്.

പുതിയനിയമത്തിൽ ജഡത്തെ സുചിപ്പിക്കുവാൻ വ്യത്യസ്ത വാക്കുകൾ ഉപയോഗിച്ച് കാണുന്നുണ്ട്. ജഡത്തിന് പഴയ മനുഷ്യൻ, പാപ പ്രകൃതി എന്നൊക്കെ രേഖപ്പെടുത്തിക്കാണുന്നു. ജഡത്തിൽ ജീവിക്കുന്നതിന്റെ ഫലം എന്ന നിലയിൽ 5 :19 മുതൽ 23 വരെ വാക്യങ്ങളിൽ ചെയ്യുന്ന ചില കാര്യങ്ങളെ കുറിച്ച് തുടർന്നു പൗലോസ് പറയുന്നുണ്ട്. ലൈംഗിക അധാർമികത, അശുദ്ധി, പക, വെറുപ്പ്, കോപം, സ്വർത്ഥത, ഭിന്നത, അസൂയ എന്നിവയാണവ. എന്നാൽ ഫിലിപ്പിയർ 3:3-6 വരെ വാക്യങ്ങളിൽ അതിനെ വിശദീകരിക്കുന്നത്, ഒരു യെഹൂദൻ എന്ന നിലയിലുള്ള തന്റെ സാമൂഹ്യപദവി, വിദ്യാഭ്യാസം, മതപരമായ തീഷ്ണത, സമർപ്പണം എന്നിവയാണ്. ഗലാത്യാലേഖനത്തിൽ പൗലോസിനെ സംബന്ധിച്ചിടത്തോളം ജഡം എന്നാൽ "സ്വയം" അല്ലെങ്കിൽ "ഞാൻ" എന്നതാണ്.

ഇനി എവിടെനിന്നാണ് ജഡമെന്ന് പറഞ്ഞാൽ 'ഞാൻ' അഥവാ 'സ്വയം' എന്ന ആശയം കിട്ടിയത്? ഗലാത്യർ 5:24 ഉം 2:20 തമ്മിൽ ഒരു ഒരു താരതമ്യം പഠനത്തിൽ ഈ ആശയം നമുക്കു കണ്ടെത്തുവാൻ കഴിയും.

"ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടു കൂടെ ക്രൂശിച്ചിരിക്കുന്നു" (5:24).
"ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു" (2:20).
5:24 ൽ ജഡം ക്രൂശിക്കപ്പെട്ടു എന്നു പറയുന്നു. 2:20 "ഞാൻ" ക്രൂശിക്കപ്പെട്ടു എന്ന് പറയുന്നു. അതുകൊണ്ടാണ് ജഡം എന്നതിന് 'ഞാൻ' അല്ലെങ്കിൽ 'സ്വയം' എന്ന ആശയം നൽകിയത്. ജഡം അഥവാ സ്വയം എന്നത് സ്വന്ത ശക്തിയിൽ നമ്മുടെ ആന്തരിക ആവശ്യങ്ങൾ അതായത്, നമ്മുടെ സുരക്ഷിതത്വം, ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള അംഗീകാരം, ഒരു നല്ല മനസ്സാക്ഷി എന്നിവയ്ക്കായി ശ്രമിക്കുന്നതാണ്. ഈയൊരു ആഗ്രഹം അതിൽ തന്നെ തെറ്റല്ല. ഇതൊക്കെയും ദൈവം നൽകുന്ന അനുഗ്രഹങ്ങളാണ്. എന്നാൽ ഈ ആവശ്യങ്ങൾ നമ്മുടെ സ്വയശക്തിയാൽ അല്ലെങ്കിൽ എന്നിലെ 'ഞാൻ' എന്ന ശക്തിയാൽ നേടുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ക്രിസ്തു നമുക്ക് വേണ്ടി നിവർത്തിച്ച പ്രവർത്തിയിൽ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇതിലെ തെറ്റ് എന്ന് പറയുന്നത്. ക്രിസ്തു നമ്മുടെ ഈ ആവശ്യങ്ങൾ നിവൃത്തിക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ടെങ്കിലും, അതിൽ ആശ്രയിക്കാതെ ജഡത്തെ ആശ്രയിച്ച് നമ്മുടെ നല്ലതോ ചീത്തയോ ആയ പ്രവർത്തിയിൽ ഈ ആവശ്യങ്ങൾ പ്രവർത്തിക്കുന്നതായി ശ്രമിക്കുന്നു ഇതാണ് ഇവിടെ പ്രശ്നമായി തീരുന്നത്.

ജഡത്തെ സംബന്ധിച്ച ഈയൊരു ആശയം നമുക്ക് കിട്ടിയത് ഗലാ. 3: 2-3 ലും 5:18 ലും നിന്നാണ്. ഗലാ 3: 2-3 വാക്യങ്ങളിൽ പൗലോസ് പറയുന്നു: "ഞാൻ ഇതൊന്നുമാത്രം നിങ്ങളോട് ഗ്രഹിക്കുവാൻ ഇച്ഛിക്കുന്നു. നിങ്ങൾക്കു ആത്മാവു ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവർത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലൊ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരൊ? ആത്മാവുകൊണ്ട് ആരംഭിച്ചിട്ട് ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നത്?

ആദ്യത്തെ ചോദ്യത്തിലെ "വിശ്വസിക്കുക" എന്നതും മൂന്നാമത്തെ ചോദ്യത്തിലെ "ആത്മാവ്" എന്നതും ഒരുമിച്ചു പോകുന്നു. അതുപോലെ "ജഡവും" "ന്യായപ്രമാണത്തിന്റെ പ്രവർത്തിയും" ഒരുമിച്ചു പോകുന്നു.

ക്രിസ്തീയ ജീവിതം രണ്ട് നിലയിൽ സാധ്യമാണ് എന്ന് പൗലോസ് വിശദീകരിക്കുന്നു. ഒന്ന്, പരിശുദ്ധാത്മാവിലുള്ള ജീവിതം. രണ്ട്, ജഡത്താലുള്ള ജീവിതം. സുവിശേഷത്തിൽ ആത്മാവ് വിശ്വാസത്താൽ നമ്മേ നയിക്കുമ്പോൾ ജഡം "ന്യായപ്രമാണത്താൽ" ക്രിസ്തീയ ജീവിതം നയിക്കുന്നു.

ഗലാത്യർ 5:18 പ്രകാരം ജഡത്താലുള്ള ജീവിതം ന്യായപ്രമാണത്തിൻ കീഴുള്ള ജീവിതമാണ്. അത് ആത്മാവിലുള്ള ജീവിതമല്ല.

ആകയാൽ ജഡത്താലുള്ള നടപ്പ് എന്നത് ക്രിസ്ത്യാനികൾ നിയമത്തെ അടിസ്ഥാനമാക്കിയുള്ള നീതി പ്രാപിക്കുവാനുള്ള ആഗ്രഹത്തെ കാണിക്കുന്നു. ന്യായപ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ള നീതി എന്നത് ദൈവത്തിന്റേയും മനുഷ്യരുടേയും മുൻപാകെ തങ്ങളുടെ പ്രവർത്തികളാൾ നീതീകരിക്കപ്പെടാനുള്ള ശ്രമമാണ്. സുവിശേഷത്തിൽ ക്രിസ്തു ക്രുശിൽ നിവൃത്തിച്ച നീതിക്കായി ആഗ്രഹിക്കുകയല്ല അവിടെ നാം ചെയ്യുന്നത്. ഇത് സ്വയനീതികരണത്തിലൂന്നി നമ്മുടെ ആത്മീയ ആവശ്യങ്ങൾ സാധിച്ചു കൊണ്ട് വിശുദ്ധീകരണം പ്രാപിക്കുവാൻ ശ്രമിക്കുന്നതാണ്.

നമ്മുടെ ആന്തരിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ക്രിസ്തുവിന്റെ ക്രൂശിലെ പൂർത്തീകരിക്കപ്പെട്ട പ്രവർത്തിയിലും അവന്റെ വാഗ്ദത്തങ്ങളിലും ആശ്രയിക്കുന്നത് ജഡം എതിർക്കുന്നു. ക്രിസ്തുവിൽ നമുക്ക് നൽകിയിരിക്കുന്ന വാഗ്ദത്തങ്ങളിൽ ആശ്രയിക്കാതിരിക്കുന്നതാണിത്. സുവിശേഷത്തിലുള്ള വാഗ്ദത്തങ്ങളിൽ ആശ്രയിക്കാതെ, ജഡം വിശുദ്ധീകരണത്തിനായി സ്വയത്തിൽ ആശ്രയിക്കുവാൻ ആഗ്രഹിക്കുന്നു. സുവിശേഷത്തിനു വെളിയിൽ ക്രിസ്തുവിനെ കൂടാതെയുള്ള സ്വയനീതീകരണ പ്രവർത്തി ആഗ്രഹിക്കുന്നതാണിത്.

ചുരുക്കിപ്പറഞ്ഞാൽ, ജഡത്താലുള്ള നടപ്പ്, നമ്മുടെ ആന്തരിക ആവശ്യങ്ങൾ നിവർത്തിക്കാൻ നമ്മുടേതായിട്ടുള്ള ഒരു രീതിയിൽ, ദൈവത്തിൽനിന്ന് സ്വതന്ത്രമായ നിലയിൽ കാര്യങ്ങൾ ചെയ്തെടുക്കുവാനുള്ള mind-set തിരഞ്ഞെടുക്കുന്നു. ഇതു സ്വയത്താലുള്ള ജീവിതമാണ്. ഇത് യേശുക്രിസ്തുവിൽ വസിച്ചുകൊണ്ടുള്ള ജീവിതമല്ല. ജഡത്തിൽ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിക്കുവാൻ നാം എത്ര തന്നെ കഠിനമായി ശ്രമിച്ചാലും നമുക്ക് പോരാട്ടം ഉണ്ടാകും.
3. എന്താണ് ആത്മാവിലുള്ള നടപ്പ്?

ജഡത്തെ അതിജീവിക്കുവാനുള്ള രഹസ്യമെന്ന് പറയുന്നത് ആത്മാവിനാൽ നടക്കുക എന്നതാണ് (വാക്യം 16). ക്രിസ്തീയജീവിതം സ്വയമായി ജീവിച്ചെടുക്കുവാനുള്ളതല്ല എന്ന് നാമോർക്കണം. അത് നാം ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ചെയ്യേണ്ട ഒന്നാണ്. ആത്മാവിനാൽ നടക്കുക എന്ന് പറഞ്ഞാൽ കർത്താവ് നമുക്ക് വേണ്ടി ക്രൂശിൽ നിവൃത്തിച്ച കാര്യങ്ങളിൽ ആശ്രയിച്ചുകൊണ്ട് ജീവിക്കുക എന്നതാണ്.

ഈ ആശയം രണ്ട് ചിത്രങ്ങളാൽ പൗലോസ് വിശദീകരിച്ചിരിക്കുന്നത് കാണാം. അത് ആത്മാവിനാൽ നടത്തപ്പെടുകയും (5:18) ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുകയും (5:22-23) ചെയ്യുക എന്നീ രണ്ട് ചിത്രങ്ങളാണ്. ഈ രണ്ടു ചിത്രങ്ങളും ആത്മാവിനാലുള്ള നടപ്പിനെ കാണിക്കുന്നു.

ഗലാത്യർ 5:18ൽ പൗലോസ് പറയുന്നു: "ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല."
പൗലോസ് ഇവിടെ പറയുന്നത് ആത്മാവിനെ അനുഗമിച്ചു നടക്കുക എന്നല്ല പറഞ്ഞിരിക്കുന്നത്. നിങ്ങൾ ആത്മാവിനാൽ നയിക്കപ്പെടണം എന്നാണ്. പൗലോസിന്റെ ഊന്നൽ മുഴുവനും ആത്മാവിന്റെ പാർട്ടിനാണ്. എന്നാൽ അതിൽ നമുക്ക് യാതൊരു പങ്കുമില്ല എന്നല്ല. ഒരു ട്രെയിൻ എൻജിൻ ബോഗികളെ വലിച്ചുകൊണ്ടു പോകുന്നതുപോലെ, നാമാകുന്ന ബോഗിയെ ആത്മാവാകുന്ന എൻജിൻ വലിച്ചു കൊണ്ടു പോകണം. നാം എഞ്ചിനു പിന്നാലെ നമ്മുടെ ശക്തി ഉപയോഗിച്ചു പോവുകയല്ല. നാം ആത്മാവിന്റെ ശക്തിയാൽ നയിക്കപ്പെടുകയാണ്. ആകയാൽ ആത്മാവിനാൽ നടത്തപ്പെടുക എന്നു പറഞ്ഞാൽ എപ്പോഴും ആത്മാവിനാൽ നയിക്കപ്പെടുകയാണ്.

ആത്മാവിനാൽ നടത്തപ്പെടുക എന്നതിന്റെ രണ്ടാമത്തെ വിശദീകരണം 5:22ൽ കാണുവാൻ കഴിയും. 5: 22-23 "ആത്മാവിന്റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നീവകക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല."

ക്രിസ്തീയ ജീവിതം സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ഉള്ള ജീവിതം ആണെങ്കിൽ അത് ആത്മാവിൽ ഉള്ള നടപ്പാണ്. ആത്മാവിലുള്ള നടപ്പ് ആത്മാവിന്റെ ഫലം പുറപ്പെടുവിച്ചുകൊണ്ടുള്ള ജീവിതമാണ്. എന്നാൽ വീണ്ടും പറയട്ടെ, ആത്മാവിന്റെ പ്രവർത്തിക്കാണ് ഇവിടെയും ഊന്നൽ; നമ്മുടെ പ്രവൃത്തിക്കല്ല. ആത്മാവ് നമ്മിലൂടെ ഫലം പുറപ്പെടുവിക്കുന്നു.

പൗലോസിനു ഈ ആശയം ലഭിച്ചത് യേശുക്രിസ്തുവിൽ നിന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. യോഹന്നാന്റെ സുവിശേഷം 15: 4-5 വാക്യങ്ങളിൽ യേശു ശിഷ്യന്മാരോട് പറയുന്നത് നോക്കുക: "എന്നിൽ വസിക്കുവിൻ, ഞാൻ നിങ്ങളിലും വസിക്കും. കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്ക്കുവാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴിയുകയില്ല." ആകയാൽ ആത്മാവിനാൽ നടക്കുക എന്നു പറഞ്ഞാൽ ക്രിസ്തുവിൽ വസിക്കുക എന്നാണ്. ക്രിസ്തുവിൽ വസിക്കുക എന്നു പറഞ്ഞാൽ ക്രിസ്തുവിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കുകയും അതിന്റെ ഫലമായി അവനെ അനുസരിക്കുകയും ചെയ്യുക.

ഇവിടെ ആത്മാവിന്റെ റോളിനാണ് ഊന്നൽ നൽകുന്നത് എങ്കിലും നമുക്ക് ഒരു പങ്കുണ്ട്. നാം നമ്മുടെ ഇച്ഛ ഉപയോഗിക്കണം. നാം ക്രിസ്തുവിൽ വസിക്കേണ്ടിയിരിക്കുന്നു. നാം ക്രിസ്തുവിൽ വസിക്കുവാൻ തീരുമാനിക്കേണ്ടിയിരിക്കുന്നു.

4. എന്തുകൊണ്ടാണ് ആത്മാവിലുള്ള നടപ്പ് പ്രധാനമായിരിക്കുന്നത്?

ഇനി എന്തുകൊണ്ടാണ് ആത്മാവിലുള്ള നടപ്പ് പ്രധാനമായിരിക്കുന്നത് എന്നു നോക്കാം. പതിനാറാം വാക്യം അതിനുള്ള ഉത്തരം നൽകുന്നു. നാം ആത്മാവിൽ നടക്കുമ്പോൾ നമ്മുടെ നടപ്പ് ജഡത്തിൽ ആയിരിക്കുകയില്ല. "ആത്മാവിനെ അനുസരിച്ചു നടക്കുവിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവൃത്തിക്കുകയില്ല." നാം ആത്മാവിനാൽ നടക്കണം കാരണം, അങ്ങനെ ചെയ്യുമ്പോൾ മാത്രമേ നാം പാപപ്രകൃതിയെയും നമ്മുടെ ജഡത്തിന്റെ സ്വയ നിതീകരണത്തിനുള്ള ആഗ്രഹങ്ങളുടെയുംമേൽ വിജയം നേടുവാൻ നമുക്കു കഴിയുകയുള്ളു.

പതിനെട്ടാം വാക്യം ഇത് മറ്റൊരു രീതിയിൽ പറഞ്ഞിരിക്കുന്നതാണ്. നാം ആത്മാവിനാൽ നടക്കുമ്പോൾ ന്യായപ്രമാണത്തിൽ കീഴെ ജീവിക്കുന്നില്ല. ആത്മാവിനാലുള്ള നടപ്പാണ് ജഡത്തിൽ നടക്കാതിരിക്കാനുള്ള ഉത്തരം. ജഡവുമായുള്ള പോരാട്ടത്തിൽ നമ്മുടെ വിജയത്തിനുള്ള പരിഹാരം ഇതാണ്.

ഇനി എങ്ങനെയാണ് നാം ആത്മാവിനാൽ നടക്കുന്നത്?

നിങ്ങൾ ആത്മാവിനാൽ നടക്കുന്നവരാകണമെന്ന് പല പ്രാസംഗികരും പ്രസംഗിക്കുന്നതു നാം കേട്ടിട്ടുണ്ട്. അതല്ലെങ്കിൽ നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രായോഗികമായി ഇതെങ്ങനെ സാധ്യമാക്കാം? എങ്ങനെയാണ് ആത്മാവിനാൽ നയിക്കപ്പെടുന്നതിനു നിങ്ങളെത്തന്നെ അനുവദിക്കുന്നത്? നിങ്ങളുടെ ഹൃദയം ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ സ്വസ്ഥത അനുഭവിക്കുമ്പോഴാണ് നിങ്ങൾ ആത്മാവിനാൽ നയിക്കപ്പെടുന്നതിനു നിങ്ങളെ തന്നെ അനുവദിക്കുന്നത്. കർത്താവ് നിങ്ങൾക്കുവേണ്ടി നിവൃത്തിച്ചിരിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ വിശ്വാസമർപ്പിച്ച് ജീവിക്കുമ്പോൾ ആത്മാവ് ജഡത്തിന്മേൽ വിജയം നേടുന്നു. ക്രിസ്തു നിങ്ങൾക്കു വേണ്ടി എന്ത് ചെയ്തിരിക്കുന്നു എന്നതിൽ ആശ്രയിക്കുക എന്നതാണ് അതിന്റെ രഹസ്യം.

ഗലാ.2:20 പൗലോസ് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. "ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രെ എന്നിൽ ജീവിക്കുന്നു. ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്ക് വേണ്ടി തന്നത്താൻ ഏൽപ്പിച്ചു കൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലത്രെ ജീവിക്കുന്നത്." ഈ വാക്യപ്രകാരം പൗലോസ് ക്രിസ്തുവിന്റെ ആത്മാവിലാണോ നടക്കുന്നത് എന്നു നോക്കാം. ഞാൻ ഇപ്പോൾ, ജഡത്തിൽ എനിക്ക് വേണ്ടി മരിച്ച, പുത്രനായ ദൈവത്തിലുള്ള വിശ്വാസത്താൽ ജീവിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സുവിശേഷത്തിലുള്ള വിശ്വാസത്താൽ ജീവിക്കുന്നു. ദിനംപ്രതി ക്രിസ്തുവിൽ ആശ്രയിച്ചു ജീവിക്കുന്നു. ദിനംപ്രതിയെന്നോണം ദൈവത്തിന്റെ കരുതലിൽ താൻ തന്നെത്തന്നെ ഏൽപ്പിച്ചുകൊടുക്കുന്നു. അങ്ങനെ തന്റെ കുറ്റബോധം, ഭയം, അത്യാഗ്രഹം എന്നിവയിൽ നിന്നെല്ലാം തന്നെത്തന്നെ സ്വതന്ത്രനാക്കുന്നു. അത് ആത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതമാണ്.

അപ്പോൾ, എങ്ങനെയാണ് നാം ആത്മാവിനാൽ നടത്തപ്പെടുന്നത്? ഇതിന്റെ ഉത്തരം ലളിതം. ക്രിസ്തീയജീവിതം നയിക്കാൻ നാം കഠിനപ്രയത്നം ചെയ്യുകയല്ല, ക്രിസ്തു ക്രുശിൽ നമുക്കു വേണ്ടി നിവൃർത്തിച്ചത് വ്യക്തമായും പൂർണ്ണമായും മനസ്സിലാക്കി ജീവിക്കുന്നതാണ്. മറ്റൊരു രിതിയിൽ പറഞ്ഞാൽ, സുവിശേഷത്തിന്റെ നേട്ടങ്ങൾ മനസ്സിലാക്കി അതിന്റെ വാഗ്ദത്തങ്ങളിൽ കൂടുതൽ കൂടുതൽ ബോധവാന്മാരായി ദിനംപ്രതി ജീവിക്കുന്നതാണ്.

നാം നല്ല അനുസരണമുള്ള ക്രിസ്ത്യാനിയായി ജീവിക്കുവാൻ കഠിനാധ്വാനം ചെയ്യുന്നില്ല എന്നതല്ല ക്രിസ്തീയ ജീവിതത്തിലെ പ്രധാനപ്രശ്നം, മറിച്ച്, സുവിശേഷത്തിന്റെ ഫലങ്ങൾ അഥവാ നേട്ടങ്ങൾ നാം അംഗീകരിക്കുകയും നമ്മുടെ പ്രായോഗിക ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നില്ല എന്നതാണ്. ഈയൊരു ചിന്ത എങ്ങനെ പ്രായോഗ്യമാക്കുവാൻ സാധിക്കുമെന്ന് മനസ്സിലാക്കുന്നതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. നാം നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമെന്തെന്നാൽ: നമ്മുടെ സുരക്ഷിതത്വത്തിനായുള്ള ആഴമായ ആഗ്രഹം, ദൈവസന്നിധിയിലെ സ്വീകരണം, സംരക്ഷണം, വാത്സല്യം ഇതെല്ലാം ഉൾപ്പെടുന്ന ജീവിതത്തിലെ സംതൃപ്തി സാധ്യമാക്കുവാൻ ക്രിസ്തുവിൽക്കൂടി പിതാവായ ദൈവത്തോടു സമാധാനവും നീതിയും എനിക്കുള്ളതിനാൽ സാധിക്കുമൊ എന്നതാണ്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ക്രിസ്തുവിന്റെ കുരിശിലെ പൂർത്തീകരിക്കപ്പെട്ട ബലി നമ്മുടെ ദൈനംദിന ജീവിതത്തിലെ ആഴമായ ആവശ്യങ്ങൾ നടത്തിക്കുമൊ? നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കായി നാം ബോധപൂർവം സുവിശേഷത്തിന്റെ ഫലത്തിൽ ആശ്രയിക്കുമൊ? നാം നമ്മുടെ ദിവസവുമുള്ള ജീവിതവും കർത്താവിന്റെ ക്രുശിലെ പൂർത്തീകരിക്കപ്പെട്ട ബലിയും തമ്മിൽ ബന്ധിപ്പിക്കുക. ഇതു ചെയ്യുന്നതാണ് വിശ്വാസത്തിൽ നടക്കുന്നതും അല്ലെങ്കിൽ ആത്മാവിൽ നടക്കുന്നതും.

അതുകൊണ്ട് നമ്മുടെ ഉള്ളിൽ നടക്കുന്നത് വിശ്വാസത്തിന്റെ ഒരു പോരാട്ടമാണ്. ക്രിസ്തു ക്രൂശിൽ നമുക്കുവേണ്ടി നിർത്തിച്ചതിൽ ആശ്രയിക്കാതെ, നമ്മുടെ ആന്തരികാവശ്യങ്ങൾ നിവർത്തിക്കുവാൻ സ്വയത്തിൽ ആശ്രയിക്കുന്നതിനുള്ള പോരാട്ടം.

5. ആത്മാവിൽ നടക്കുന്നതിന്റെ രഹസ്യം.

ആത്മാവിൽ നടക്കുന്നതിന്റെ രഹസ്യം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നടക്കുക എന്നതാണ്.

ആത്മാവിലുള്ള നടപ്പിനു പോരാട്ടമുണ്ട്. ജഡത്തിലെ നടപ്പിൽ പോരാട്ടമില്ല. ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയം അർപ്പിച്ചുകൊണ്ട് ജീവിക്കുമ്പോൾ ഈ പോരാട്ടങ്ങളിൽ നാം വിജയിക്കുന്നു.

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ എന്ന സ്ഥലത്ത് 10000 ൽ അധികം അനാഥക്കുഞ്ഞുങ്ങളെ എടുത്ത് ദൈവവഴിയിൽ നടത്തിയ ഒരു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റായ ജോർജ് മുള്ളർ ആത്മാവിൽ നടക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയിരുന്ന ഒരു വ്യക്തിയാണ്. അദ്ദേഹം തന്റെ ആത്മകഥയിൽ ഇപ്രകാരം എഴുതി: "ഓരോ ദിവസത്തെയും നേരിടുന്നതിന് ഞാൻ കർത്താവിൽ ആശ്രയിക്കുകയാണുവേണ്ടത് എന്നതാണ് എന്റെ പ്രാഥമികവും മുഖ്യമായ കാര്യം എന്ന് ഞാൻ വളരെ വ്യക്തമായി മനസ്സിലാക്കി. എനിക്ക് എത്രത്തോളം കർത്താവിനെ സേവിക്കുവാൻ കഴിയുമെന്നതല്ല, അല്ലെങ്കിൽ എങ്ങനെ ഞാൻ ദൈവത്തെ മഹത്വപ്പെടുത്തും എന്നതല്ല നമ്മെ ഭയപ്പെടുത്തേണ്ട ആദ്യവിഷയം. ഞാനെങ്ങനെ കർത്താവിൽ ആശ്രയിക്കുകയും സ്വസ്ഥത അനുഭവിക്കുകയും ചെയ്യും; എങ്ങനെ എന്റെ ആന്തരിക മനുഷ്യൻ സംതൃപ്തിപ്പെടും എന്നതാണ്. ഇപ്പോൾ ആന്തരിക മനുഷ്യന്റെ ആഹാരം എന്താണ്? പ്രാർത്ഥനയല്ല ദൈവത്തിന്റെ വചനമാണ്.

ചൈനയിൽ മിഷനറിയായ പോയ ബ്രിട്ടീഷകാരനായ ഹഡ്സൺ ട്രെയിലറും
ഈ രഹസ്യം മനസ്സിലാക്കിയിരുന്നു. തന്റെ മിഷൻ കേന്ദ്രത്തിന് അടുത്ത് ഒരു ദിവസം ഒരു ലഹള നടക്കുന്നതായി തനിക്ക് വിവരം ലഭിച്ചു. അടുത്ത നിമിഷം ഒരു ഇവാഞ്ചലിസ്റ്റ് ടൈലർ ഇപ്രകാരം പാടുന്നതു താൻ കേട്ടു; യേശുവേ ഞാൻ സ്വസ്ഥനായിരിക്കുന്നു, നീ ആരായിരിക്കുന്നതിൽ ഞാൻ സ്വസ്ഥനായിരിക്കുന്നു. ഹഡ്സൺ ടൈലർ എല്ലാ സാഹചര്യങ്ങളിലും കർത്താവിൽ ആശ്രയിക്കുന്നതും സന്തോഷിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. തന്നെ നേരിട്ട പ്രതികൂലങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും നടുവിൽ ജീവിതത്തിന്റെ രഹസ്യം എന്താണെന്ന് താൻ പഠിച്ചു.

പ്രിയ സഹോദരി സഹോദരന്മാരെ, ആത്മാവിനാൽ നടപ്പിൻ എന്നാൽ നിങ്ങൾ ജഡത്തെ അതിജീവിക്കും. നിങ്ങൾക്ക് പ്രലോഭനങ്ങളുടെ മേൽ വിജയം വരിക്കുവാനും, ക്രിസ്തുവിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ചുകൊണ്ട് കർത്താവിന്റെ നടത്തിപ്പ് അനുഭവിച്ചറിയാനും നിങ്ങൾക്ക് സാധിക്കും. ആത്മാവിലുള്ള നടപ്പ് സന്തോഷം തരുന്നതാണ്; സമാധാനം നൽകുന്നതാണ്. അങ്ങനെ സംതൃപ്തിയുള്ള ഒരു ജീവിതത്താൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ നിർത്തുന്നു

*******

© 2020 by P M Mathew, Cochin

bottom of page