
നിത്യജീവൻ

എബ്രായലേഖന പരമ്പര-03
P M Mathew
APR 10, 2022
Spiritual forces that hinder us from becoming partakers of God's rule !
ദൈവിക ഭരണത്തിൽ പങ്കാളികൾ ആകാൻ തടസ്സം സൃഷ്ടിക്കുന്ന ആത്മീയ ശക്തികൾ !
Genesis 6:1-4
ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രഖ്യാപിക്കുന്ന യേശുക്രിസ്തുവിന്റെ ദൗത്യത്തിലുടനീളം തന്റെ എതിരാളി മനുഷ്യനല്ല, മറിച്ച് ഒരു പ്രത്യേക വ്യക്തിയെ പ്രതിനിധീകരിക്കുന്ന, ആത്മീയ ശക്തികളാണെന്ന് താൻ ശരിക്കും മനസ്സിലാക്കിയിരുന്നു. ആ വ്യക്തി, പല പേരുകളിൽ അറിയപ്പെട്ടിരുന്നു എന്ന് സുവിശേഷങ്ങളിൽ നാം വായിക്കുന്നു. അങ്ങനെയുള്ള ആത്മീയശക്തികളെ ഒന്നൊന്നായി പരിശോധിക്കാം.
സാത്താൻ (The Satan)
യേശു തന്റെ സ്നാനത്തിനു ശേഷം മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നത്, "the Devil" അഥവാ "പിശാചിനാലാണ്" എന്ന് മത്തായിയും (4:1-2) ലൂക്കോസും (4:1-13) പറയുമ്പോൾ "the Satan" അഥവാ "സാത്താനാലാണ്" പരീക്ഷിക്കപ്പെട്ടത് എന്നു മർക്കോസ് (1:13) പറയുന്നു. Devil എന്നതും Satan എന്നതും ഒരു പേരല്ല, അവ ശീർഷകങ്ങളാണ്, Titles ആണ്. ഓരൊ രാജ്യത്തിനും ഉന്നതാധികാരിയായ President ഉണ്ട്. ഉദാഹരണത്തിനു റഷ്യൻ പ്രസിഡന്റാണ് വ്ലാഡിമിർ പുട്ടിൻ. എന്നാൽ എല്ലാ പ്രസിഡന്റുമാരും വ്ലാഡിമിർ പുട്ടിനല്ല. അതുപോലെ, "സാത്താൻ" എന്നതും "പിശാച്" എന്നതും ശീർഷകങ്ങളാണ്. "സാത്താൻ" എന്നത് "ha-satan" എന്ന ഹെബ്രായ വാക്കിന്റെ transliteration ആണ്. ഒരു വാക്ക് അതുപോലെ തന്നെ മറ്റു ഭാഷകളിലേക്ക് പരിഭാഷ ചെയ്യുന്നതാണ് transliteration.
"The devil" എന്നതിന്റെ ഗ്രീക്ക് പദം diabolos എന്നാണ്. എന്നാൽ ഈ വാക്കും "ha-satan" എന്ന ഹെബ്രായ വാക്കിന്റെ ഗ്രീക്ക് translation/തർജ്ജമയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സാത്താൻ എന്നതും പിശാച് എന്നതും ha-satan എന്ന ഹെബ്രായ പദത്തിന്റെ transliteration ഉം translation നുമാണ്. മാത്രവുമല്ല, യേശുക്രിസ്തുവിന്റെ കാലഘട്ടമായപ്പോൾ യെഹൂദാസാഹിത്യ ത്തിൽ ഈ വാക്കുകൾ പരസ്പരം മാറി മാറി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ഇതൊക്കെയാണ് ഈ വാക്ക് "പിശാച്" എന്നും "സാത്താൻ" എന്നും പരിഭാഷ ചെയ്യാൻ ഇടയായത്. അതുകൂടാതെ "ഭൂതങ്ങളുടെ തലവൻ" എന്ന അർത്ഥത്തിൽ "ബേൽ സെബൂൽ" എന്നു (മത്തായി 12:24) മത്തായിയും, The power of darkness- ഇരുളിന്റെ അധികാരം എന്നു (ലൂക്ക് 22:53) ലുക്കൊസും ഈ ശക്തിയെ ബൈബിളിൽ വിളിച്ചിട്ടുണ്ട്.
ഭൂതങ്ങൾ-Demons
ഇനി നമുക്ക് അതേ കാറ്റഗറിയിലുള്ള "പിശാചുക്കൾ" അഥവാ ഭൂതങ്ങൾ-Demons എന്ന് വിളിക്കപ്പെടുന്ന മറ്റ് ആത്മീയ മത്സരികളെ കുറിച്ചും പഠിക്കാം. അവയെല്ലാം ദൈവത്തിന്റെ "ഡിവൈൻ കൗൺസിലിലെ" മുൻഅംഗങ്ങൾ ആയിരുന്നു. ഇവരെ പൊതുവേ "ദൈവത്തിന്റെ പുത്രന്മാർ" (sons of god) എന്നാണ് വിളിച്ചിരിക്കുന്നത്. ഇവരിൽ ചിലരും ദൈവത്തോട് മത്സരിച്ചതായി എബ്രായ തിരുവെഴുത്തുകളിൽ പറയുന്നു. എപ്പോഴാണ് അത് സംഭവിച്ചത്? ഒന്നിലധികം തവണയാകാനാണ് സാദ്ധ്യത. ഉൽപ്പത്തി മുന്നിലെ പാമ്പിന്റെ എപ്പിസോഡിനുശേഷം ഉല്പത്തി 6-ൽ sons of God അഥവാ "ദൈവപുത്രന്മാരുടെ മറ്റൊരു കലാപം" നാം കാണുന്നു. അവർ മനുഷ്യ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ഉൽപ്പത്തി 6:2 ൽ നാം വായിക്കുന്നു. അത് അക്രമാസക്തരായ മല്ലന്മാരുടെ ജനനത്തിൽ കലശിക്കുന്നു. അവരാണ് nephilims എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുരാതന കാലത്തെ മല്ലന്മാർ. ഈ വേദഭാഗം വായിച്ച് അതിന്റെ ഒരു വിശദീകരണത്തിലേക്കു കടക്കാനാണ് പ്രധാനമായും ഞാൻ ആഗ്രഹിക്കുന്നത്. അതിനായി, ഉൽപ്പത്തി 6:1-4 നോക്കാം.
ഉൽപ്പത്തി 6:1-4
"മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു. അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ."
ഇത് വ്യാഖ്യാനിക്കുവാൻ ഏറെ ബുദ്ധിമുട്ടുള്ളതും വിവാദപരവുമാണ്. "ദൈവപുത്രന്മാർ" എന്ന പ്രയോഗത്തിന്റെ വ്യാഖ്യാനത്തെ കേന്ദ്രീകരിച്ചാണ് ഈ സംവാദങ്ങൾ നടക്കുന്നത്. ഇവിടെ പറയുന്ന "ദൈവപുത്രന്മാർ" ആരാണ്? ഈ പദപ്രയോഗം മനുഷ്യരെയാണോ അതോ വീണുപോയ ആത്മീയജീവികളെ അഥവാ ഭൂതങ്ങളെയാണോ സൂചിപ്പിക്കുന്നത് എന്നതാണ് നിർണ്ണയക ചോദ്യം. പല വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും, കേവലം പ്രബലമായ രണ്ടു വ്യഖ്യാനങ്ങൾ മാത്രമാണ് ഞാൻ വിശദീകരിക്കുവാൻ ആഗ്രഹിക്കുന്നത്.
ഒന്നാമത്തെ വ്യാഖ്യാനം എന്നത്: ദൈവത്തിന്റെ പുത്രന്മാർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സേത്തിന്റെ മക്കൾ എന്നതാണ്. ഈ വീക്ഷണത്തിൽ "ദൈവപുത്രന്മാരെ" സേത്തിന്റെ പിൻഗാമികളായി മനസ്സിലാക്കുന്നു. ഈ വ്യാഖ്യാനം എങ്ങനെയെന്നാൽ, ദൈവഭക്തരായ സേത്തിന്റെ സന്തതികൾ കയീനിൽ നിന്നുള്ള സ്ത്രീകളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായി, ദൈവത്തെ നിരസിച്ചവരെ വിവാഹം കഴിക്കുകയും വലിയ ദുഷ്ടതയിലേക്ക് ലോകത്തെ നയിക്കുകയും ചെയ്തു എന്നാണ്. എന്നാൽ അതിലെ പ്രശ്നമെന്തെന്നാൽ അത് എങ്ങനെ മല്ലന്മാരുടെ ജനനത്തിൽ കലാശിച്ചു എന്നതിനു വ്യക്തമായ വിശദീകരണം നൽകുന്നില്ല.
ദൂതന്മാർക്കു മനുഷ്യ സ്ത്രീകളുമായി ബന്ധപ്പെടാൻ കഴിയില്ല, അതുകൊണ്ട് നെഫിലിംസ് കേവലം മനുഷ്യസന്തതികൾതന്നെ എന്നു ചിലർ അതിനോടു കൂട്ടിച്ചേർക്കുന്നു. അതിനു ഉപോൽബലകമായി ചൂണ്ടിക്കാട്ടുന്നത് മത്തായി 22:30 ആണ്: "പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു." അതിനർത്ഥം അവർക്ക് procreation-പ്രത്യുൽപ്പാദനം അസാദ്ധ്യമാണ് എന്നല്ല, സ്വർഗ്ഗത്തിലെ ദൂതന്മാർക്കു അതിന്റെ ആവശ്യമില്ല എന്നാണ്.
1. ഉൽപ്പത്തി 6:1-4 ലെ ദൈവത്തിന്റെ പുത്രന്മാർ" വീണുപോയ ദൂതന്മാർ
രണ്ടാമത്തെ വ്യാഖ്യാനം എന്നത്, ദൈവത്തിന്റെ പുത്രന്മാർ വീണുപോയ മാലാഖമാരാണ് എന്നതാണ്. "ദൈവത്തിന്റെ പുത്രന്മാർ" വീണുപോയ ദൂതന്മാരാണ് അഥവാ ഭൂതങ്ങളാണ്. ഈ വ്യാഖ്യാനമാണ് ഏറ്റവും പഴക്കമേറിയതും, പുരാതന യഹൂദമതത്തിലും ആദിമ സഭയിലും നിലനിന്നിരുന്ന വ്യഖ്യാനം. കാരണം ദൈവത്തിന്റെ കൗൺസിലിലെ മാലാഖമാരെ ദൈവപുത്രന്മാർ എന്ന് ഇയ്യോബ് 1:6 ലും 2:1 ലും 38:7 ലും വിളിച്ചിട്ടുണ്ട്. മാത്രമല്ല, ലേഖനകർത്താവ് ഉല്പത്തി 6:1-2 വാക്യങ്ങളിൽ "ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ എടുത്തു എന്ന് contrast ആയി പറയുകയാണ്. ദൂതന്മാർക്കു മനുഷ്യരൂപം സ്വീകരിക്കാനും, മനുഷ്യരുമായി സംസാരിപ്പാനും, ഇടപഴകാനും, ഭക്ഷണം കഴിപ്പാനും സാധിച്ചിരുന്നു എന്നതിന്റെ സൂചനകൾ ബൈബിളിന്റെ പലഭാഗങ്ങളിലും നമുക്കു കാണാം. പിന്നെ അവർക്കു മനുഷ്യ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ കഴിയുമൊ എന്ന ചോദ്യത്തിനു ഉല്പത്തി 6:1-4 നൽകുന്ന വളരെ പ്ലെയിനായ ഉത്തരം കഴിയുമെന്നു തന്നെയാണ്. അവർ ദൈവത്തിന്റെ സീമകളെ/അതിരുകളെ ലംഘിച്ച് അങ്ങനെ ചെയ്തു. എഴുത്തുകാരന്റെ ഉൽപ്പത്തി 2-3 അദ്ധ്യായങ്ങളുടേയും ഉൽപ്പത്തി 6:1-4 വരെയുള്ള വാക്യങ്ങളുടേയും ആഖ്യാന രീതി അഥവാ pattern പരിശോധിച്ചാൽ ഇതു നമുക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. See Table 1 given below.
Click the below Table1-2-3 link
ഉൽപ്പത്തി 2-3 അദ്ധ്യായങ്ങളിൽ സംഭവിച്ചതിനു reverse order ൽ അഥവാ വിപരീത ക്രമത്തിലാണ് ആറാം അദ്ധ്യായത്തിൽ കാണുന്നത്. അതായത്, സ്ത്രീ ഫലം തിന്മാൻ നല്ലത് എന്ന് കണ്ടു, പറിച്ചു, തിന്നു. അതായത്, സ്ത്രീയുടെ ദൃഷ്ടിയിൽ നല്ലത് അഥവ നന്മ എന്നു കണ്ടതു താൻ പറിച്ചു; തിന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ നന്മയായതല്ല അവൾ തെരഞ്ഞെടുത്തത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നന്മയും തിന്മയും അവൾ സ്വയം നിർവ്വചിച്ചുകൊണ്ട് അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു.
അതേ സമയം ഉൽപ്പത്തി 6 ൽ ദൈവത്തിന്റെ പുത്രന്മാർ എന്താണ് ചെയ്തത്? ദൈവപുത്രന്മാർ മനുഷ്യസ്ത്രീകളെ നല്ലത് എന്നു കണ്ടിട്ട് തങ്ങൾക്കു ബോധിച്ചവരെ എടുത്തു. അവർ അതിൽ ദൈവത്തിന്റെ സീമകളെ/അതിരുകളെ ലംഘിച്ചുകൊണ്ട് തങ്ങൾക്കു നല്ലത് എന്നു തോന്നിയതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു. പലപ്പോഴും നാമും ഇപ്രകാരമാണ് ചെയ്യുന്നത്, നമുക്കു നല്ലത് എന്നു തോന്നുന്നത്, അതല്ലെങ്കിൽ നമുക്കു ഗുണകരമാകും എന്നു കരുതുന്നത് നാം ചെയ്യുന്നു. ദൈവത്തിന്റെ പ്രമാണങ്ങളെ നാം തീരെ ഗൗനിക്കാറില്ല. ആദ്യ സംഭവത്തേക്കാൾ രണ്ടാമത്തെ സംഭവം കൂടുതൽ കാഠിന്യമേറിയതായിരുന്നു എന്ന് അതിന്റെ പരിണത ഫലത്തിൽ നിന്നും നമുക്കു മനസ്സിലാക്കാൻ കഴിയും.
2. ജീവവൃക്ഷഫലം കൂടാതെ നിത്യമായി നിലനിൽക്കുക
എഴുത്തുകാരൻ ഈ analogy അഥവാ സമാനത വരച്ചു കാണിക്കുന്നതിലൂടെ സ്ത്രീയുടെ ഉദ്ദേശ്യത്തിന്റെ വെളിച്ചത്തിൽ ദൈവപുത്രന്മാരുടെ ഉദ്ദേശ്യം പരിഗണിപ്പാൻ നമ്മേ പ്രേരിപ്പിക്കുന്നു. സ്ത്രീയുടെ ഉദ്ദേശ്യത്തിന്റെ വെളിച്ചത്തിൽ ദൈവപുത്രന്മാരുടെ ഉദ്ദേശ്യം മനസ്സിലാക്കുക. സ്ത്രീ എന്താണ് ചെയ്തത്? സൃഷ്ടാവിന്റെ കല്പനയെ മാനിച്ച് ഏദൻതോട്ടത്തിൽ ജ്ഞാനവും ജീവനും ലഭിപ്പാൻ ആഗ്രഹിക്കേണ്ടതിനു പകരം സ്വന്തം നിർവ്വചനത്തിന്റെ വെളിച്ചത്തിൽ അവയെ ആസ്വദിക്കുവാൻ ശ്രമിച്ചു. ഇത് ദൈവപുത്രന്മാരുടെ അപ്രഖ്യാപിത ഉദ്ദേശ്യത്തിലേക്കു വെളിച്ചം വീശുന്നു. മനുഷ്യ വർഗ്ഗത്തെ ഏദന്തോട്ടത്തിൽ നിന്നും പുറത്താക്കിയതിനാൽ, ദൈവകല്പനക്കു വിരുദ്ധമായി, ഏദനുവെളിയിൽ, ഏദനിലെ ജീവൻ മടക്കിക്കൊണ്ടുവരുവാനുള്ള ഭാഗമായിട്ടാണ് ഈ ദൂതന്മാർ ഇങ്ങനെ പ്രവർത്തിച്ചത്. അവരിലൂടെ ജനിക്കുന്ന മക്കൾ ജീവവൃക്ഷഫലം കൂടാതെ നിത്യമായി നിലനിൽക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഇനി നമുക്കു ഉൽപ്പത്തിയിൽ തന്നെയുള്ള മറ്റൊരു എപ്പിസോഡിലേക്കു നോക്കാം. അതു ഉൽപ്പത്തി 19 ലാണുള്ളത്. ഉൽപ്പത്തി 19-ലേക്കു വരുമ്പോൾ ഉല്പത്തി 6 ലേതിനു സമാനവും എന്നാൽ reverse order ലും ഉള്ള മറ്റൊരു വിവരണം നമുക്കു കാണാം. സോദോമിൽ ലോത്ത് രണ്ടു ദൈവദൂതന്മാരെ തന്റെ ഭവനത്തിൽ സ്വീകരിക്കുന്നതും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണത്. ദൗർഭാഗ്യമെന്ന് പറയട്ടെ, അവരെ ഭോഗിക്കാനായി, സോദോമിലെ പുരുഷന്മാർ അവിടെ ഒത്തുകൂടുന്നു. അവർ ലോത്തിന്റെ വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നു. അപ്പോൾ ലോത്ത് എന്താണ് ചെയ്തത്? ലോത്ത് തന്റെ ഭവനത്തിൽ വന്ന ഈ ദൂതന്മാർക്കു പകരം തന്റെ പെണ്മക്കളെ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ലോത്തിന്റെ ഭവനത്തിലെത്തിയ നല്ല ദൂതന്മാർ അവിടെ കൂടിയിരുന്ന ജനങ്ങൾക്കു അന്ധതവരുത്തി തങ്ങളേയും ലോത്തിന്റെ പെണ്മക്കളേയും രക്ഷിക്കുന്നു. അബ്രാഹമിനും നോഹക്കും വിപരീതമായി ലോത്തിനെ അവതരിപ്പിച്ചുകൊണ്ട് മനുഷ്യരാശി എത്രമാത്രം ദുഷിച്ചിരിക്കുന്നു എന്നു കാണിക്കുകയാണ് എഴുത്തുകാരന്റെ ഇവിടുത്തെ ലക്ഷ്യം.
ഈ രണ്ടാമത്തെ ടേബിൾ ഉൽപ്പത്തി 6 ഉം ഉൽപ്പത്തി 19 ഉം തമ്മിലുള്ള ഒരു താരതമ്യമാണ്.
See Table 2 given below.
Click the below Table1-2-3 link
ഈ രണ്ട് എപ്പിസോഡിലും തിന്മയെ നീക്കുവാൻ ദൈവം ഇടപെടുന്നു. ഈ വേദഭാഗത്തിലെ മൂന്നാം വാക്യം ഇപ്രകാരമാണ്. "അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു." ഇവിടെ പറയുന്ന 120 വർഷക്കാലം എന്നത് ജലപ്രളയം ആരംഭിക്കാനുള്ള count down ആയി കണക്കാക്കാം.
മല്ലന്മാർ (The Nephilims)
നാലാം വാക്യം: "അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ."
Sons of God മനുഷ്യസ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഫലമായി മല്ലന്മാർ അഥവാ നെഫിലുമുകൾ ദേശത്തുണ്ടാകുന്നു എന്ന വിചിത്രമായ കഥ നാം ഇവിടെ വായിക്കുന്നു. നമ്മുടെ കാഴ്ചപ്പാടിൽ ഇവർ വിചിത്രമായ കഥാപാത്രങ്ങളായിരിക്കാം. എന്നാൽ പുരാതന വായനക്കാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാമായിരുന്നു. ഇസ്രായേലിന് ചുറ്റുമുള്ള പുരാതന രാജ്യങ്ങൾ, ഭീമൻ യോദ്ധാക്കളുടെ രാജാക്കന്മാരാൽ സ്ഥാപിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തുപോന്നിരുന്നു. പാതി മനുഷ്യരും പാതി ദൈവവും കലർന്ന ജ്ഞാനം നിറഞ്ഞവരുമായിരുന്നു അവർ. അതിനാൽ വേദപുസ്തക രചയിതാക്കൾ പറയുന്നു, ഹേയ് നിങ്ങൾ അങ്ങനെയുള്ള യോദ്ധാക്കളായ രാജാക്കന്മാരേ, ആരാധിക്കരുത്, അവരെ ദൈവമായി കാണരുത് എന്ന് !"
ഇവിടെ "മല്ലന്മാർ" അഥവാ "നെഫിലിം" എന്ന ഒരു group ആളുകളെകുറിച്ചു പറയുന്നു. ഈ വാക്കു ബൈബിളിൽ മറ്റൊരു സ്ഥലത്തുകൂടി മാത്രമെ ഉപയോഗിച്ചിട്ടുള്ളു. അത് സംഖ്യ 13:32-33 വാക്യങ്ങളിലാണിത്. ഇത് ജലപ്രളയത്തിനുശേഷം യിസ്രായേൽ ജനം കനാൻ ദേശത്തേക്കു യാത്രചെയ്യുമ്പോഴുണ്ടായ കാര്യമാണ്. "തങ്ങൾ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽമക്കളോടു ദുർവർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഉറ്റുനോക്കിയ ദേശം നിവാസികളെ തിന്നു കളയുന്ന ദേശം ആകുന്നു: ഞങ്ങൾ അവിടെ കണ്ട ജനം ഒക്കേയും അതികായന്മാർ (men of great size); അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരേയും (we saw the nephilims) കണ്ടു; ഞങ്ങൾക്കു തന്നെ ഞങ്ങൾ വെട്ടുകിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെ തന്നേ ആയിരുന്നു." (സംഖ്യ13:32-33).
അതായത്, ഈ നെഫിലിമുകൾ വലിയ size ഉള്ള യുദ്ധ വീരന്മാരായിരുന്നു. ഗോലിയാത്തിനെക്കുറിച്ചു നമുക്കെല്ലാവർക്കും അറിയാമെന്നതുകൊണ്ട് അതിലേക്കു ഞാൻ കടക്കുന്നില്ല. "nephilim" എന്നതിനു giant എന്ന അർത്ഥം വരുന്ന "gigantes" എന്ന ഗ്രീക്കു വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ മല്ലന്മാരായ യോദ്ധാക്കൾക്ക് ബൈബിൾ കഥയിൽ പ്രധാനപ്പെട്ട റോളുണ്ട്. അബ്രഹാമിന് ദൈവം വാഗ്ദത്തം ചെയ്ത കനാൻ ദേശത്തേക്കുള്ള ഇസ്രായേലിന്റെ പ്രവേശനത്തിനെതിരെ ആക്രമിച്ച പല നഗരങ്ങളും രാജാക്കന്മാരും നെഫിലിമിൽ നിന്ന് ഉത്ഭവിച്ച ഈ ഭീമൻ യോദ്ധാക്കളുടെ സന്തതികളിൽപ്പെടുന്നു.
ആവർത്തനം 9:1-2 "യിസ്രായേലേ, കേൾക്ക; നീ ഇന്നു യോർദ്ധാൻ കടന്നു നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും വലിപ്പവും പൊക്കവുമുള്ള അനക്യരെന്ന ജാതിയെയും അടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നിൽക്കാകുന്നവർ ആർ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു."
അവർ മല്ലന്മാരാണ്, യോദ്ധാക്കളാണ്, പൊക്കത്തിലും വണ്ണത്തിലുമൊക്കെ ഭയങ്കരന്മാരാണ്. അവരുടെ നേരെ ചെറുത്തു നില്പ്പാൻ ആർക്കും കഴിയുകയില്ല എന്നത് അന്നത്തെ സംസാരവിഷയമായിരുന്നു.
ആവർത്തനം 2:10-11 "10 വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ടു അവിടെ പാർത്തിരുന്നു.11 ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്കു ഏമ്യർ എന്നു പേർ പറയുന്നു." മൊവാബ്യർ ഈ അനാക്യമല്ലന്മാരെ "ഏമ്യർ" എന്നു വിളിക്കുന്നു എന്ന ഒരു വ്യത്യാസം മാത്രമേയുള്ളു.
ആവർത്തനം 3:10-11 "സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുൾപ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചു. 11 ബാശാൻ രാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയിൽ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈക്കു ഒമ്പതു മുഴം നീളവും നാലുമുഴം വീതിയും ഉണ്ടു."
സാധാരണ ഒരു കട്ടിലിന്റെ നീളം 6 അടിയും വീതി 3 അടിയുമാണ്. എന്നാൽ ഈ മല്ലനു കിടക്കാൻ 13.5 അടി നീളവും 6 അടി വീതിയുമുള്ള കട്ടിൽ വേണം. ഈ മല്ലന്റെ കട്ടിൽ മോശെ പഞ്ചഗ്രന്ഥി എഴുതുന്ന സമയത്തും അമ്മോന്യനഗരമായ രബ്ബയിൽ ഉണ്ടായിരുന്നു. അതായത്, ഇതു വെറും കഥയല്ല എന്നു സാരം.
(യോശുവ 11:21-22, 1 ശമുവേൽ 17:4 എന്നീ വാക്യങ്ങളിലും ഇവരെ ക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം).
ഞാൻ വീണ്ടും ഉല്പത്തി 6:1-4 വരികയാണ്. ഉല്പത്തി 6:1-4 വരെ വാക്യങ്ങൾ, അഞ്ചാം വാക്യത്തിൽ ആരംഭിക്കുന്ന ജലപ്രളയ കഥയുടെ ആമുഖമാണ്. അതായത്, ദൈവിക ന്യായവിധി മനുഷ്യന്റെ ദുഷ്ടതയോടുള്ള ദൈവത്തിന്റെ പ്രതികരണം മാത്രമായിരുന്നില്ല, പ്രത്യുത, യോദ്ധാക്കളായ മല്ലന്മാർ മൂലമുള്ള അക്രമത്തിനും യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും എതിരെയുള്ളതായിരുന്നു. നെഫിലിമുകളും അവരുടെ അതിക്രമം മൂലം ചൊരിയുന്ന, നിരപരാധികളായവരുടെ രക്തത്തിൽ നിന്നും, ഭൂമിയെ ശുദ്ധീകരിക്കാനുള്ള ദൈവത്തിന്റെ ശ്രമമാണ് ജലപ്രളയം. നെഫിലിമുകളിൽ പലരും ജലപ്രളയത്തിൽ നശിച്ചു എങ്കിലും, അതോടെ അവരുടെ ഭീഷണി അവസാനിച്ചു എന്ന് പറയാനാവില്ല. അവർ ജലപ്രളയത്തിനു ശേഷവും ഉണ്ടായിരുന്നു എന്നാണ് എഴുത്തുകാരൻ പിന്നോട്ടു തിരിഞ്ഞു നോക്കി കാര്യങ്ങളെ എഴുതിയപ്പോൾ, "അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ" എന്ന് 6:4 ൽ രേഖപ്പെടുത്താൻ ഇടയായത്.
റഫായിം (Rephaim)
ഈ യോദ്ധാക്കൾ എമിം, അനാക്കിം, റഫായിം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്നതായി പിന്നീടുള്ള വേദഭാഗങ്ങളിൽ നാം കാണുന്നു. അതിൽ "റഫായിം" എന്ന ടൈറ്റിൽ വളരെ കൗതുകകരമാണ്, കാരണം അത് മരിച്ചുപോയ മല്ലന്മാരായ രാജാക്കന്മാരുടെ ആത്മാക്കളെയാണ് സൂചിപ്പിച്ചിരിക്കുന്നത്. മരിച്ചുപോയ മല്ലന്മാരായ യോദ്ധാക്കന്മാരുടെ ആത്മാക്കളാണ് റഫായിം.
ഇതിനോടുള്ള ബന്ധത്തിൽ മറ്റൊരു വാക്യം വായിക്കാം. യെശയ്യാ 26:13-14 വാക്യങ്ങൾ:
"3 ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.14 മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ (the rephaim) എഴുന്നേല്ക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദർശിച്ചു സംഹരിക്കയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു."
അവർ ഏദൻ തോട്ടത്തിനു വെളിയിൽ എന്നേക്കും നിലനിൽക്കാൻ, അവരുടെ പേരു ഭൂമിയിൽ നിന്നു മാഞ്ഞുപോകാതിരിപ്പാൻ വേണ്ടിയാണ് ദൈവത്തിന്റെ അതിരുകളെ ലംഘിച്ച് ഈ മല്ലന്മാരെയൊക്കേയും ജനിപ്പിച്ചത്. അവർക്കു കുറെനാൾ യിസ്രായേലിന്റെ മേൽ കർത്തൃത്വം നടത്താനും കഴിഞ്ഞു. എന്നാൽ യഹോവ അവരെ സന്ദർശിച്ചു സംഹരിക്കയും അവർ മൃതന്മാരുടെ ഗണത്തിൽ ആയിത്തീരുകയും ചെയ്തു. ഇന്നു നാം ആരെങ്കിലും ഈ മൃതന്മാരായ റഫായിമുകളെ ഓർക്കുന്നുണ്ടോ? ഇല്ല. അവരുടെ ഓർമ്മയെ ദൈവം അശ്ശേഷം ഇല്ലാതാക്കിയിരിക്കുന്നു.
യെശയ്യ 14:9 ൽ "പ്രേതന്മാർ" എന്നതിനും അതുപോലെ സങ്കീർത്തനം 88: 4-5, 10 എന്നതിൽ "മൃതന്മാർ" എന്നതിനും The Rephaim എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
മരിച്ചവരുടെ മണ്ഡലത്തിൽ അതിജീവിക്കുന്ന ആത്മാക്കളായ ഈ രെഫായിം അതികായന്മാരും യോദ്ധാക്കളുമായ രാജാക്കന്മാരോടു ബന്ധപ്പെട്ടിരിക്കുന്നു, അവരുടെ ഉത്ഭവങ്ങളെല്ലാം ഉല്പത്തി 6-ലെ ദൈവപുത്രന്മാരുടെ വീഴ്ചയോടു അനുബന്ധിച്ചാണ്.
പുതിയ നിയമത്തിൽ, പത്രോസും യൂദായും 'റഫായിമിനെ' ദൈവപുത്രന്മാരുടെയും മനുഷ്യ സ്ത്രീകളുടെയും സന്തതികളുമായി ബന്ധപ്പെടുത്തുന്നതായി നാം കാണുന്നു.
2 പത്രോസ് 2:4-5 "4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും 5 പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും 6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു..." ദൃഷ്ടാന്തമാക്കി വെച്ചിരിക്കുന്നു.
യൂദ 6-7 വാക്യങ്ങൾ: "6 തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. 7 അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു" അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.
ഇവിടെ അപ്പൊസ്തലനായ പത്രോസും യൂദയും മൂന്നു സംഭവങ്ങളെ ഒന്നിച്ചു ചേർത്താണ് തിന്മക്കുമേൽ, കള്ളപ്രവാചകന്മാർക്കു മേൽ, ദൈവത്തിന്റെ ന്യായവിധി അച്ചട്ടാണ് എന്നതിനു ഒരു ദൃഷ്ടാന്തം നൽകിയിരിക്കുന്നത്. ഉല്പത്തി 6:1-4 ലെ ദൂതന്മാരുടെ വീഴ്ച, അതുമൂലമുണ്ടായ ദുഷ്ടതയുടെ വർദ്ധനയും ജലപ്രളയവും, ഹൊമൊ സെക്ഷ്വാലിറ്റിയെ പ്രതിനിധാനം ചെയ്യുന്ന സോദോം ഗോമോറയുടെ നാശവും ഒന്നിച്ചു ചേർത്താണ് താൻ ഈ ഉദാഹരണം നൽകിയിരിക്കുന്നത്. പത്രോസും യൂദയും ഇവിടെ ഉല്പത്തി 6:1-4നെ പ്രതിഫലിക്കുകയും അതിലെ ആശയങ്ങളെ മരിച്ചവരുടെ ആത്മാക്കളായ "റെഫായിമായി" ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.
ബാബിലോൺ സാമ്രാജ്യം
എന്തുകൊണ്ടാണ് ഇതെല്ലാം ഇത്ര പ്രാധാന്യമർഹിക്കുന്നത്?! ബാബിലോൺ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിലേക്കാണ് ഇതെല്ലാം നയിക്കുന്നത്. ദൈവത്തിന്റെ ജനത്തിനും ദൈവത്തിന്റെ രാജ്യത്തിനും എന്നും ബദലായി നിലകൊള്ളുന്ന ബാബേൽ സാമ്രാജ്യം.
ഉല്പത്തി 1 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങൾ ബൈബിൾ കഥയുടെ ആമുഖമാണ്. ബൈബിൾ കഥയുടെ ആമുഖം. ഈ ആമുഖത്തിന്റെ ഒരു വികാസമാണ് ബൈബിൾ മൊത്തത്തിൽ. ഉൽപ്പത്തി 11 ലാണ് വളരെ പ്രധാനപ്പെട്ട സംഭവമായ ബാബിലോണിന്റെ സ്ഥാപനം. മാനുഷികവും ആത്മീയവുമായ അന്തിമ കലാപത്തിന്റെ വിവരണത്തിൽ ഈ അതികായന്മാരും യോദ്ധാക്കളുമായ രാജാക്കന്മാർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഉല്പത്തി 10 ഉം 11 ഉം അദ്ധ്യായങ്ങൾ ബാബിലോണിയൻ സാമ്രാജ്യത്തിന്റെ അടിത്തറയെക്കുറിച്ചുള്ള രണ്ട് കഥകൾ പറയുന്നു. ഈ രണ്ട് കഥകളും ഉല്പത്തി 3, 6 എന്നി അദ്ധ്യായങ്ങളിലേക്ക് ഒന്നിലധികം ലിങ്കുകൾ നൽകുന്നു.
ജലപ്രളയത്തിനു ശേഷം നോഹയുടെ മക്കളിൽ നിന്ന് എങ്ങനെയാണ് ജനങ്ങൾ വർദ്ധിച്ചു പെരുകിയത് എന്നും അതിൽ രണ്ടാമത്തെ മകനായ ഹാമിന്റെ സന്തതി പരമ്പരയിൽ വന്ന നിമ്രോദ് ബാബേൽ ഗോപുരം പണിതതും ജാതികൾ ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ചിതറപ്പെട്ടതിന്റേയും കഥകളാണ് 10-11 അദ്ധ്യായങ്ങൾ.
നോഹക്കു മുന്നു പുത്രന്മാരാണ്: ശേം, ഹാം, യാഫെത്ത്. അതിൽ ഹാമിന്റെ സന്തതി പരമ്പരകളിൽ പെട്ട ഒരു വ്യക്തിയെക്കുറിച്ച് വളരെ ഊന്നൽ നൽകി പറയുന്നു. അത് നമുക്കു നോക്കാം. See Table 3 given below.
Click the below Table1-2-3 link
നിമ്രോദ് എന്ന മല്ലൻ (Nimrod, the mighty warrior)
a) നോഹയുടെ മകനായ ഹാമിന്റെ ചെറുമകനാണ് നിമ്രോദ്, അവനെ "ശക്തനായ യോദ്ധാവ് (a mighty warrior)" എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ശക്തനായ യോദ്ധാവ് എന്നതിനു ഉപയോഗിച്ചിരിക്കുന്ന ഹെബ്രായ വാക്ക് "ഗിബ്ബർ" എന്നതാണ്. ഇത് ഉല്പത്തി 6:4-ൽ ദൈവപുത്രന്മാരുടെയും മനുഷ്യ സ്ത്രീകളുടെയും സന്തതികളെ വിവരിക്കാൻ ഉപയോഗിച്ച അതേ പദമാണ്! "ബാബിലോൺ" സ്ഥാപിതമായതിനു പിന്നിൽ ഉല്പത്തി 6 ലെ വിമതന്മാരായ ദൈവപുത്രന്മാരിലേക്കു വിരൽ ചൂണ്ടുന്നു.
b) ഉല്പത്തി 6-ലെ മല്ലന്മാരുമായി ബന്ധമുള്ള നിമ്രോദ്, ബാബിലോൺ, "എറെക്ക്" (ഹീബ്രു ךרא) എന്നീ പട്ടണങ്ങൾ അടങ്ങിയ തന്റെ രാജ്യം പണിയുന്നു, ഇത് യഥാർത്ഥ ഭീമൻ രാജാവായ "ഗിൽഗാമെഷ്" താമസിച്ചിരുന്ന പുരാതന നഗരമായ "ഉറുക്കിന്" സമാനമാണ്! "ഗിൽഗാമേഷ്" ഒരു പുരാതന സുമേറിയൻ രാജാവാണ്, അദ്ദേഹത്തെ പാതി ദൈവവും പാതി മനുഷ്യനുമായിട്ടാണ് സുമേറിയൻ മിത്തോളജിയിൽ ചിത്രീകരിച്ചിരിക്കുന്നത്.
c) ഉല്പത്തി 11 നമുക്ക് ബാബിലോണിന്റെ ഉത്ഭവത്തിന്റെ പരപൂരകമായ/complimentary കഥ നൽകുന്നു. ബാബേൽ നഗരവും അതിലെ ക്ഷേത്രഗോപുരവും "ആകാശത്തോളം എത്തുവാൻ" വേണ്ടി നിർമ്മിച്ചതാണെന്ന് നമ്മോടു പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആകാശവും ഭൂമിയും പരസ്‌പരം സന്ധിച്ചിരുന്ന യഥാർത്ഥ ദേവാലയ-പർവതമായ ഏദനെ പുനർനിർമ്മിക്കാനുള്ള മനുഷ്യനിർമിത ശ്രമമാണ് ബാബേൽ ഗോപുരം.
ബാബിലോണിന്റെ അടിസ്ഥാനം ഒരു സംയുക്ത മാനുഷിക-ആത്മീയ കലാപമായിരുന്നു എന്ന ആശയം, ഉല്പത്തി 10-11-അദ്ധ്യായങ്ങളിലേക്ക് തിരിഞ്ഞുനോക്കി യെശയ്യാ പ്രവാചകൻ പറയുന്നത് ശ്രദ്ധിക്കുക:
യെശയ്യ 14: 4, 12-15: "4 നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!"
"12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. 15 എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും."
ഈ കവിതയിൽ, യെശയ്യാവ് "ബാബിലോണിലെ രാജാവിനെ" ബാബിലോണിന്റെ ഉത്ഭവത്തിനു പിന്നിൽ ആത്മീയ കലാപകാരിയുടെ ജോലി ചെയ്യുന്ന ഒരു മനുഷ്യ വിമതനായി ചിത്രീകരിക്കുന്നു. നെഫിലിമുമായി ബന്ധപ്പെട്ട ഒരു വീര യോദ്ധാവായ, നിമ്രോദാണ് ബാബിലോൺ സ്ഥാപിച്ചത്. അവൻ ആകാശംമുട്ടെ ഒരു ഗോപുരം പണിത് ദൈവത്തോടു സമനാകാൻ ശ്രമിച്ചു. ഇത് ഏദനു വിപരീതമായി കെട്ടിപ്പടുത്ത, ബാബിലോണിലെ വെറുമൊരു മനുഷ്യ സംരംഭമല്ല, മറിച്ച് മാനുഷികവും ആത്മീയവുമായ കലാപത്തിന്റെ പ്രതീകമാണ് എന്ന് യെശയ്യാ പ്രവാചകൻ പറയുന്നു. ഈ ബാബിലോണിന്റെ അന്തിമ വീഴ്ചയെക്കൂറിച്ചാണ് വെളിപ്പാടു പുസ്തകം 18 ന്റെ 1-2 ൽ പറയുന്നത്: "അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാൽ ഭൂമി പ്രകാശിച്ചു. അവൻ ഉറക്കെ വിളിച്ചു പറഞ്ഞത്: വീണുപോയി, മഹതിയാം ബാബിലോൺ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവറയും അശുദ്ധിയും അറപ്പുമുള്ള സകല പക്ഷികളുടെയും തടവറയുമായി തീർന്നു".
ഉപസംഹാരം
അപ്പോൾ ഇതുവരെ നാം ഉല്പത്തി 1-11 വരെയുള്ള ഹെബ്രായ തിരുവെഴുത്തുകളിലെ ആത്മീയവും മാനുഷികവുമായ തിന്മകളെക്കുറിച്ചാണ് ശ്രദ്ധിച്ചത്. ഇവിടെ നാം കണ്ടെത്തിയ കാര്യങ്ങളുടെ ഒരു സംക്ഷിപ്ത രുപം നൽകി ഞാനിത് അവസാനിപ്പിപ്പാൻ ആഗ്രഹിക്കുന്നു.
ഉല്പത്തി 1-11 വരെ അദ്ധ്യായങ്ങളിലൂടെ നാം കടന്നു പോകുമ്പോൾ, പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒന്നിലധികം ആത്മീയവും മാനുഷികവുമായ കലാപങ്ങൾ നാം കാണുന്നു. അതിൽ ആദ്യത്തേത്:
I. ഉല്പത്തി 3-4 അദ്ധ്യായങ്ങളിലാണ്. യഥാർത്ഥ ആത്മീയ കലാപകാരി, ദൈവത്തിന്റെ സ്വർഗ്ഗീയ സിംഹാസന മുറിയിലെ സംരക്ഷകനായിരുന്ന സെറഫായിരുന്നു. ആറാം ദിവസം സൃഷ്ടിക്കപ്പെട്ട മനുഷ്യർക്ക് ദൈവം ദൂതന്മാരെക്കാൾ ഉന്നതമായ അധികാരം നൽകിയതിൽ അവർ നീരസപ്പെടുന്നു, അസൂയപ്പെടുന്നു. ഈ അസൂയ ബൈബിളിലെ അനേക കഥാപാത്രങ്ങളിൽ നാം കാണുന്നു. ഉദാഹരണമായി, ചേട്ടൻ അനുജനെ കൊലചെയ്യുന്ന കയേൻ-ഹാബേൽ കഥ. യോസേഫിന്റെ സഹോദരന്മാർ യോസേഫിനെ കൊല്ലാൻ ശ്രമിക്കുന്നു അല്ലെങ്കിൽ അവനെ മിസ്രയിമ്യർക്കു വിറ്റുകളയുന്നു. അതുപോലെയുള്ള കഥകൾ നമ്മുടെ സഭകളിൽ സുലഭം എന്നത് എത്രയൊ സങ്കടകരമാണ്. ദൈവികവിളിയോടുള്ള മത്സരമല്ലേ അത്.
തന്റെ അസൂയയിൽ വീണുപോയ ദൂതൻ മനുഷ്യവർഗ്ഗത്തേയും താൻ വീണ അതേ പ്രലോഭനത്തിലേക്ക് ആകർഷിക്കുന്നു, സ്വന്തം ജ്ഞാനത്താൽ അധികാരം പിടിച്ചെടുക്കുവാനും സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി അതിനെ ദുരുപയോഗം ചെയ്യുവാനും അവരെ അവൻ ഉപയോഗിക്കുന്നു. ആദ്യം ആദാമിലും ഹവ്വയിലും, അതിനുശേഷം അവരുടെ സന്തതിയായ കയേനിലും അവൻ പ്രവർത്തിക്കുന്നു. അങ്ങനെ കയീൻ ഹാബേലിനെ കൊല ചെയ്യുന്നു. അതിനുശേഷം, മനുഷ്യർ ഈ കലാപം വീണ്ടും ആവർത്തിച്ചുകൊണ്ട് മനുഷ്യചരിത്രം ദുഷ്ടതയിൽ മുന്നോട്ടു നീങ്ങുന്നു. ദൈവം ഭൂമിയെ ജലപ്രളയത്താൽ ശുദ്ധീകരിച്ചു എങ്കിലും പിന്നീടുവന്ന തലമുറ ഈ ദുഷ്ടശക്തിയുടെ പിടിയിൽ നിന്നും മോചിതരായിരുന്നില്ല.
2) ഉല്പത്തി 3-ലെ കലാപത്തിന്റെ ചുവടുപിടിച്ച്, ഉല്പത്തി 6-ലും 11-ലും ദൈവിക കൗൺസിലിലെ കൂടുതൽ അംഗങ്ങൾ മത്സരിക്കുന്നു. ഇത് ബാബിലോണിൽ തുടങ്ങി തങ്ങളുടെ സാമ്രാജ്യങ്ങളിലൂടെ അക്രമം വ്യാപിപ്പിക്കുന്ന ഭാഗിഗികദൈവവും ഭാഗീഗികമനുഷ്യനും ചേർന്ന Demi-Gods അഥവാ മല്ലന്മാരായ യോദ്ധാക്കളുടെ വ്യാപനത്തിൽ കലാശിക്കുന്നു. ഈ മല്ലന്മാരിൽ പലരും ജലപ്രളയത്തിൽ നശിച്ചു, എന്നാൽ അവരുടെ ആത്മാക്കൾ ഭയാനകമായ രാക്ഷസന്മാരായി പാതാളത്തിൽ ന്യായവിധി കാത്ത് കഴിയുന്നു എന്ന് യൂദാ തന്റെ ലേഖനത്തിൽ വ്യക്തമാക്കുന്നു.
II. ഈ വിവരണങ്ങൾ ആത്മീയ തിന്മയുടെ മൂന്ന് വിഭാഗങ്ങളെ ക്കുറിച്ചു നമ്മോടു പറയുന്നു.
A. An arch-rebel, Arch-bishop അല്ല, arch-rebel അഥവാ ഒരു മുഖ്യ-വിമതൻ ഉല്പത്തി 3 ലെ പാമ്പിന്റെ രൂപത്തിൽ അവതരിക്കുന്നു. അത് "പാപം" എന്ന പ്രതിഭാസത്തെ മനുഷ്യതലത്തിലേക്ക് പ്രവേശിപ്പിക്കുന്നു (ഉല്പത്തി 4).
B. താഴ്ന്ന നിലവാരത്തിലുള്ള ഈ ആത്മീയ കലാപകാരികൾ മനുഷ്യരെ വഞ്ചിച്ചുകൊണ്ട് തങ്ങളുടെ സാമ്രാജ്യങ്ങളെ ദൈവിക പദവിക്ക് സമാനമായി ഉയർത്തുന്നു.
C. നെഫിലിമുകളുടെ മരിച്ചുപോയ ആത്മാക്കൾ തങ്ങളുടെ അസ്തിത്വത്തിന്റെ നിഴലായി അധോലോകത്തിൽ തുടരുന്നു.
III. ആത്മീയ കലാപകാരികളുടെ ഈ വിഭാഗങ്ങളെ ഹെബ്രായ ബൈബിളിന്റെ കഥാഗതിയിലുടനീളം എഴുത്തുകാർ വികസിപ്പിച്ചെടുത്തിരിക്കുന്നു.
1). മുഖ്യ-വിമതനെ വിവിധ നിലകളിൽ ചിത്രീകരിക്കുന്നു. കടലിലെ മഹാസർപ്പം, അപകടകരമായ മരുഭൂമിജീവി, ശവക്കുഴിയിലെ ആത്മരാജാവായ മോലേക്ക്, പ്രതിയോഗി അഥവാ adversary എന്നിങ്ങനെ അവൻ അറിയപ്പെടുന്നു.
ഇതിനോടുള്ള ബന്ധത്തിൽ കേവലം ഒരു വാക്യം മാത്രം വായിക്കാം:
യെശയ്യാവ് 27:1: "അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും."
ലേവ്യപുസ്തകം 18:21, 20:2-5 , ഇയ്യൊബ് 1-2 എന്നീ വാക്യങ്ങൾ പരിശോധിച്ചാൽ അതിൽ മോലേക്ക്, adversary അഥവാ പ്രതിയോഗി എന്നിത്യാദി പ്രയോഗങ്ങൾ കാണാൻ കഴിയും.
ലേവ്യപുസ്തകം 18:21 "നിന്റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന്നു അർപ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു."
ലേവ്യപുസ്തകം 20:2-5 "2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽ മക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം. 3 അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാൻ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
4 അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാൽ 5 ഞാൻ അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്വാചൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും."
ഈ മുഖ്യ-വിമതന്റെ ഈ മൊസൈക്ക് ശൈലിയിലുള്ള ചിത്രീകരണം പഴയനിയമത്തിൽ മാത്രമല്ല, പുതിയ നിയമത്തിലും തുടരുന്നു, വെളിപാട് 12:9-ലെ യോഹന്നാന്റെ വിവരണത്തിൽ ഇത് നന്നായി ചിത്രീകരിക്കപ്പെടുന്നു.
വെളിപാട് 12:9: "9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു."
b) വിമതരായ ദൈവിക കൗൺസിലിലെ ഈ മുൻഅംഗങ്ങൾ തങ്ങളെ ആരാധിക്കുന്നതിനായി ജനതകളെ വഞ്ചിക്കുന്നു, അത് അനീതിയിലും അക്രമത്തിലും കലാശിക്കുന്നു (സങ്കീർത്തനം 82; യെശയ്യാവ് 24:21-23). പഴയനിയമത്തിലുടനീളം പരാമർശിച്ചിരിക്കുന്ന ‘ജനതകളുടെ ദൈവങ്ങൾ’ ഇവയാണ് അവരെ നിങ്ങൾ ആരാധിക്കരുത് എന്ന മോശയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുക:
ആവർത്തനം 4:19 " 19 നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു."
i) "ഭൂതം" എന്ന വാക്ക് പഴയനിയമത്തിൽ രണ്ട് പ്രാവശ്യമാണ് പ്രത്യക്ഷപ്പെടുന്നത് (ആവ. 32:16-17, സങ്കീ 106:37-38). ഈ ആത്മീയ കലാപകാരികളുടെ കൂട്ടത്തെയാണ് ഭൂതം എന്ന് വാക്ക് സൂചിപ്പിക്കുന്നത്. ജാതികൾ ആരാധിക്കുന്ന ദൈവങ്ങളുമായി അവർ തിരിച്ചറിയപ്പെട്ടിരിക്കുന്നു. മോശെയാണ് അവയെ ആദ്യമായി "ഭൂതങ്ങൾ" എന്നു വിളിക്കുന്നത്. അത് ആവർത്തനം 32:16-17 വാക്യങ്ങളിലാണ്:
ആവർത്തനം 32:16-17
"16 അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാൽ അവനെ കോപിപ്പിച്ചു. 17 അവർ ദുർഭൂതങ്ങൾക്കു, ദൈവമല്ലാത്തവെക്കു, തങ്ങൾ അറിയാത്ത ദേവന്മാർക്കു ബലികഴിച്ചു; അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂർത്തികൾ അത്രേ."
എന്നാൽ ഇത് കഥയുടെ അവസാനമല്ല. ഈ പ്രാപഞ്ചിക നാശത്തിൽ നിന്നുള്ള ഏക പോംവഴി തിന്മയെയും മരണത്തെയും തരണം ചെയ്യുക മാത്രമാണെന്ന് യേശുവിന് അറിയാമായിരുന്നു. അതിനുവേണ്ടി തനിക്ക് എന്തൊക്കെ ചിലവാക്കേണ്ടിവന്നാലും താൻ അതിനു തയ്യാറായിരുന്നു. യേശുക്രിസ്തുവിന്റെ മരണത്തിനു കാർമ്മികത്വം വഹിച്ചത് മനുഷ്യരായിരുന്നെങ്കിലും മുഖ്യപ്രേരകശക്തിയായി വർത്തിച്ചത് ആത്മീയ ശക്തികളായിരുന്നു. യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളായ യൂദാസിൽ പിശാച് കടന്നു എന്നു നാം വായിക്കുന്നു. യേശുക്രിസ്തുവിന്റെ ജനനം മുതൽ യേശുവിനെ വകവരുത്താൻ ഈ ദുഷ്ടാത്മ ശക്തികൾ യേശുവിന്റെ പിന്നാലെ കൂടിയിരുന്നു. ദൈവിക-ജ്ഞാനത്തിൽ യേശു പാപികൾക്കു വേണ്ടി മരിച്ച് അവരെ രക്ഷിക്കുക എന്നതായിരുന്നു ദൈവത്തിന്റെ പദ്ധതി. ആ ഹിതം ആത്മീയകവും- മാനുഷികവുമായ ശക്തികളുടെ ജ്ഞാനത്തിൽ ഭോഷത്വമായി കണ്ട് അവർ യേശുവിനെ ക്രൂശിച്ചു. യേശുവിന്റെ വിധിയിൽ സ്വർഗ്ഗത്തിനും നരകത്തിനും ഒരുപോലെ താത്പ്പര്യമുണ്ടായിരുന്നു. മഹത്തായ ഈ ചെസ്സ് മത്സരത്തിൽ യേശുവിനെ കളിയിൽ നിന്ന് നീക്കം ചെയ്യാൻ സാത്താനു കഴിഞ്ഞെങ്കിലും അവൻ വിജയശ്രീലാളിതനായി മരണത്തെ പരാജയപ്പെടുത്തി രംഗത്തേക്കു മടങ്ങിവന്നു. ആ കർത്താവിനോടു ചേർന്നു യാത്രപോകുവാനുള്ള ഭാഗ്യമാണ് നമുക്കു ലഭിച്ചിരിക്കുന്നത്. എന്നാൽ എതിരാളി ഇന്നും ശക്തനായി ആരെ വിഴുങ്ങേണ്ടു എന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. അവന്റെ ചട്ടുകമായി അധഃപ്പതിക്കാതെ കർത്താവിനു കൊള്ളാവുന്നരായി നമുക്കു ജീവിക്കാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.
*******