top of page
എബ്രായലേഖന പരമ്പര-02
P M Mathew
MAR 20, 2022

God invites us to share in His reign !
ദൈവം തന്റെ ഭരണത്തിൽ പങ്കാളികൾ ആകാൻ നമ്മേയും ക്ഷണിക്കുന്നു !

Hebrews 1:1-4 (2)

ഹെബ്രായലേഖനത്തിന്റെ പഠനത്തിനാണ് ഞാൻ കഴിഞ്ഞ തവണ തുടക്കം കുറിച്ചത്. ഹെബ്രായലേഖനത്തിനു ഒരു ആമുഖവും അതിന്റെ ആദ്യത്തെ നാലു വാക്യങ്ങളെ കുറിച്ച് അല്പമായി ഞാൻ വിശദീകരിക്കയും ചെയ്തു. ഇന്നും ആ വേദഭാഗത്തിന്റെ continuation നടത്തുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്നത്തെ എന്റെ പ്രസംഗത്തിന്റെ തലക്കെട്ട് എന്നത് : "ദൈവം തന്റെ ഭരണത്തിൽ പങ്കാളികൾ ആകാൻ നമ്മേയും ക്ഷണിക്കുന്നു" എന്നതാണ്.

മനുഷ്യന്റെ രക്ഷാ പദ്ധതിയെക്കുറിച്ചു ദൈവം തന്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചു എന്ന വിഷയമാണ് ആദ്യത്തെ രണ്ടു വാക്യങ്ങളെ അടിസ്ഥാനമാക്കി ഞാൻ പങ്കുവെച്ചത്ത്. ദൈവത്തിന്റെ ആശയവിനിമയം രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു. പഴയനിയമകാലഘട്ടത്ത് ദൈവം യിസ്രായേലിനോടു പ്രവാചകന്മാർ മുഖാന്തിരം സംസാരിച്ചുവെങ്കിൽ, ഈ പുതിയനിയമ കാലഘട്ടത്തിൽ അഥവാ അന്ത്യനാളുകളിൽ ദൈവം തന്റെ പുത്രൻ മുഖാന്തിരം നമ്മോടു സംസാരിച്ചിരിക്കുന്നു.

ഈ പുത്രൻ ആരാണെന്നും താൻ എന്തുചെയ്തു എന്നും താനിപ്പോൾ എവിടെ ആയിരിക്കുന്നു എന്ന കാര്യമാണ് 3-4 വാക്യങ്ങളിൽ കണ്ടത്.

ഈ പുത്രൻ അഥവാ യേശുക്രിസ്തു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം, മരിച്ചവരിൽ നിന്നുയർത്തെഴുന്നേറ്റ് ഉയരത്തിൽ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. ആ വാകൃങ്ങൾ നമുക്ക് നോക്കാം.

ഹെബ്രായലേഖനം 1:1-4

"1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തിരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2 ഈ അന്ത്യകാലത്ത് പുത്രൻ മുഖാന്തിരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിനും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തിരം ലോകത്തേയും ഉണ്ടാക്കി. 3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും 4 ദൂതന്മാരേക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു."

"പുത്രൻ" എന്ന വാക്കിനു എഴുത്തുകാരൻ അൽപ്പം ഊന്നൽ നൽകിയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അതിനാൽ അതിനെക്കുറിച്ച് അല്പമായി വിശദീകരിക്കാം.

പഴയനിയമത്തിൽ യിസ്രായേലിനെ ദൈവം 'എന്റെ പുത്രൻ' എന്നു വിളിച്ചിട്ടുണ്ട്. പുറപ്പാട് 4:22 ൽ നാം വായിക്കുന്നത്: "യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ". ഈ വാക്യത്തിൽ 'പുത്രൻ' എന്ന വാക്കും 'ആദ്യജാതൻ' എന്ന വാക്കും ഉപയോഗിച്ചിരിക്കുന്നു. 'പുത്രൻ' എന്ന വാക്ക് ദൈവത്തിനു യിസ്രായേലുമായുള്ള ബന്ധത്തെ കാണിക്കുന്നു. 'ആദ്യജാതൻ' എന്നത് pre-eminence പ്രാധാന്യത്തെ അഥവാ ശ്രേഷ്ഠതയെ കാണിക്കുന്നു. യഹോവ സാക്ഷികൾ 'ആദ്യജാതൻ' എന്ന വാക്കിനെ 'ആദ്യമായി ജനിച്ചവൻ' എന്ന നിലയിൽ വ്യാഖ്യാനിച്ചുകൊണ്ട് യേശുക്രിസ്തു ദൈവത്തിന്റെ ആദ്യസൃഷ്ടിയാണ് എന്ന് പറഞ്ഞ് ആളുകളെ വഞ്ചിക്കാറുണ്ട്. എന്നാൽ ഇത് പ്രാധാന്യത്തെ അഥവാ pre-eminence നെ അഥവാ പ്രഥമസ്ഥാനത്തെ/ഔന്നത്യത്തെ കാണിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന വാക്കാണ്.

പുറപ്പാട് (പുറ 4:22-23) പുസ്തകത്തിലെ ഈ വാക്യത്തിന്റെ ആശയമെന്തെന്നാൽ, ദൈവത്തിന്റെ പുത്രൻ എന്ന നിലയിൽ യിസ്രയേൽ ദൈവത്തിനുവേണ്ടി ലോകത്തെ ഭരിക്കുവാൻ വിളിക്കപ്പെട്ടവരാണ് എന്നതാണ്. അതുപോലെ, ദാവീദും തന്റെ അനന്തരാവകാശിയും ദൈവത്തിന്റെ പുത്രനും രാജാവും എന്ന നിലയിൽ ദൈവത്തിന്റെ ഭരണം ലോകത്തിൽ നടത്താൻ വേണ്ടി, പ്രത്യേകമായി വിളിക്കപ്പെട്ടവരാണ്. 2 ശമുവേൽ 7:14; സങ്കീ. 2:7-12 വരെയുള്ള വാക്യങ്ങൾ ഈ കാര്യത്തിനു അടിവരയിടുന്നു. എന്നാൽ ദാവീദിന്റെയൊ തന്റെ സന്തതി പരമ്പകളുടേയൊ ഭരണം കുറ്റമറ്റതായിരുന്നില്ല. അതിനാൽ അതിനു ദീർഘനാൾ നിലനിൽപ്പാൻ കഴിഞ്ഞില്ല. അവർ അന്യരാജാക്കന്മാരുടെ ഭീഷണിയിലും ചില നാളുകൾ പ്രവാസത്തിലും കഴിയേണ്ടതായ് വന്നു. അതുകൊണ്ട് എന്നേക്കും നിലനിൽക്കുന്ന ഒരു ഭരണം യേശുക്രിസ്തുവിന്റെ ഭരണത്തിൻ കീഴിലെ സാദ്ധ്യമാകു. ആകയാൽ, സകല ലോകത്തിന്റേയും രാജാവ് എന്ന നിലയിലുള്ള യിസ്രായേലിന്റേയും ദാവീദിന്റേയും ധർമ്മം ദൈവപുത്രൻ എന്ന നിലയിൽ യേശുക്രിസ്തുവിലാണ് പരിപൂർണ്ണമായി നിവൃത്തിയാകുന്നത്.

യേശുക്രിസ്തു ദൈവത്തിന്റെ നിത്യപുത്രനാണ് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. Jesus is eternally begotten son. എന്നാൽ ആ നിലയിൽ യേശുക്രിസ്തു ദൂതന്മാരേക്കാൾ പ്രഥമസ്ഥാനീയനായി തീർന്നു എന്ന് പറയുകയല്ല എഴുത്തുകാരൻ ഇവിടെ. മറിച്ച്, ദൈവ-മനുഷ്യനെന്ന നിലയിൽ യേശുക്രിസ്തു ദൂതന്മാരേക്കാൾ ശേഷ്ടനായി തീർന്നു എന്നതാണ് ഇവിടുത്തെ വാദഗതി. അതായത്, മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയ ശേഷം താൻ ദൂതന്മാരേക്കാൾ ശ്രേഷ്ഠനായി തീർന്നു.

"ശ്രേഷ്ഠം" അഥവാ "better" എന്ന വാക്ക് എഴുത്തുകാരന്റെ ഒരു പ്രിയപ്പെട്ട വാക്കാണ്. better hope, better covenant, better sacrifice, better possession, better resurrection better blood than Abel എന്നിത്യാദി പ്രയോഗങ്ങൾ ഈ ലേഖനത്തിലുടനീളം കാണാം. അതായത്, ക്രിസ്തുവിലുള്ള വിശ്വാസികൾക്കു ഒരു ശ്രേഷ്ഠമായ/നല്ല പ്രത്യാശയുണ്ട് (7:19), ക്രിസ്തുവിലുള്ള വിശ്വാസികൾക്കു ഒരു ശ്രേഷ്ഠമായ/വിശേഷതയേറിയ ഉടമ്പടിയുണ്ട് (7:22, 8:16), ശ്രേഷ്ഠമായ/നല്ല യാഗങ്ങളുണ്ട് (9:23), ശ്രേഷ്ഠമായ/ഉത്തമ സമ്പത്തുണ്ട് (10:34), ക്രിസ്തുവിലുള്ള വിശ്വാസികൾക്കു ശ്രേഷ്ഠമായ/നല്ല ഉയർത്തെഴുന്നേൽപ്പ് ഉണ്ട് (11:35), ഹാബേലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായ/ഗുണകരമായ രക്തം (12:24) ഉണ്ട്. ഇപ്പോൾ യേശുക്രിസ്തു ദൂതന്മാരെക്കാൾ എല്ലാ നിലയിലും ശ്രേഷ്ഠനായി തീർന്നിരിക്കുന്നു.

ദൈവത്തിന്റെ പ്രകൃതിയും മഹത്വവും പങ്കിടുന്ന ദൈവ-മനുഷ്യനായ ക്രിസ്തു, വിശ്വാസികളുടെ പാപങ്ങൾക്കു പരിഹാരം വരുത്തിയശേഷം, ദൈവത്തിന്റെ വലതു ഭാഗത്ത് ഉപവിഷ്ടനായി ഇപ്പോൾ തന്റെ വാഴ്ച ആരംഭിച്ചിരിക്കുന്നു. തന്റെ വാഴ്ച ചരിത്രത്തിലെ ഒരു പ്രത്യേക നിമിഷത്തിലാണ് ആരംഭിച്ചത്. അതായത്, പുനരുത്ഥാനത്തിനും തന്റെ ഉയർച്ചക്കും ശേഷമാണ് തന്റെ ഭരണം ആരംഭിച്ചത് (His reign began after his resurrection and exaltation). ഇത്രയും കാര്യങ്ങളാണ് എബ്രായ ലേഖനത്തിന്റെ 1-3 വരെ വാക്യങ്ങളിൽ പറയുന്നത്. തുടർന്ന് നാലാം വാക്യം ഇപ്രകാരം പറയുന്നു: "അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു"

ഈ വാക്യത്തിൽ എഴുത്തുകാരൻ ദൂതന്മാരെ ആദ്യമായി പരിചയപ്പെടുത്തുന്നു. തുടർന്ന് അഞ്ചു മുതൽ രണ്ടാം അദ്ധ്യായത്തിന്റെ 16 വരെയുള്ള വാക്യങ്ങളിൽ യേശുക്രിസ്തു എതെല്ലാം നിലയിൽ ദൂതന്മാരെക്കാൾ better/ശ്രേഷ്ഠനാണ് എന്ന് താൻ സ്ഥാപിക്കുന്നു.

എന്തുകൊണ്ടാണ് എഴുത്തുകാരൻ യേശുക്രിസ്തു, ദൂതന്മാരേക്കാൾ ശ്രേഷ്ഠനാണ് എന്ന് കാണിക്കുന്നതിൽ ഇത്ര ഊന്നൽ നൽകിയിരിക്കുന്നത്? എന്തുകൊണ്ടാണ്ടാണ് ദൂതന്മാർക്കു ഇത്രയധികം പ്രാധാന്യം നൽകിക്കൊണ്ട് യേശു അവരെക്കാൾ ശ്രേഷ്ഠനാണ് എന്നു പറയുന്നത്? ഇതു നന്നായി മനസ്സിലാക്കണമെങ്കിൽ ആത്മജീവികളെക്കുറിച്ചു നാം പഠിക്കേണ്ടിയിരിക്കുന്നു. അവരുടെ സ്ഥാനം, പദവി, ധർമ്മം, അവർക്കു സംഭവിച്ച വീഴ്ച ഇതൊക്കേയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ആത്മജീവികൾ/ spiritual beings എന്ന വിഷയത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ തിരിക്കുകയാണ്.

1. ആത്മജീവികൾ (spiritual beings)

നമ്മുടെ ചിന്തയിൽ ദൈവവും മനുഷ്യരും മാത്രമാണ് ബൈബിളിലെ പ്രധാനകഥാപാത്രങ്ങൾ. ആത്മജീവികൾക്ക് ബൈബിളിന്റെ എഴുത്തുകാർ നൽകുന്ന പ്രാധാന്യം നമ്മിൽ പലരും നൽകാറില്ല. എന്നാൽ ബൈബിളിന്റെ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ലോകത്തെക്കുറിച്ചുള്ള അവരുടെ സങ്കൽപ്പത്തിലും, അതിനുള്ളിലെ മനുഷ്യരാശിയുടെ പങ്കിലും spiritual beings/ആത്മജീവികൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. അനേകം ആത്മജീവികൾ ഉണ്ടെങ്കിലും എല്ലാം ഒരുപോലെയല്ല, അവരുടെ രൂപത്തിനും ധർമ്മങ്ങൾക്കും വ്യത്യാസമുണ്ട്.

യഹോവ തന്റെ സിംഹാസനം ഉറപ്പിച്ചിരിക്കുന്ന ആകാശം അഥവാ സ്വർഗ്ഗീയ തലങ്ങൾ (heavenly realms) തന്നെയാണ് ആത്മജീവികളുടേയും വാസസ്ഥലമെന്ന് പറയുന്നത്. യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു. അവന്റെ ആജ്ഞ അനുസരിക്കുവാനും അവന്റെ ഇഷ്ടം ചെയ്യുവാനുമായി അനേകം ദൂതഗണങ്ങൾ അവന്റെ സന്നിധിയിൽ നിൽക്കുന്നു എന്ന് സങ്കീർത്തനങ്ങളിൽ നാം വായിക്കുന്നു. അങ്ങനെയൊരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. സങ്കീർത്തനം 103: 19-21 വരെ വാക്യങ്ങൾ. ഞാനത് വായിക്കാം:

19"യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു. 20 അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
21 അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ;"

ദൈവത്തിന്റെ (throne room) സിംഹാസന-മുറിയുടെ ചിത്രമാണിതു നൽകുന്നത്. മാത്രവുമല്ല, ദൂതന്മാരെ hosts of heaven/സ്വർഗ്ഗത്തിലെ സൈന്യങ്ങൾ എന്നും വിളിച്ചിരിക്കുന്നു. 1 രാജാക്കന്മാർ 22:19 ഈ കാര്യത്തിൽ കൂടുതൽ വ്യക്തത നമുക്കു നൽകുന്നു: "... യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു" (1 രാജാക്കന്മാർ 22:19). ഒരു സിംഹാസനവും ആ സിംഹാസനത്തിനു ചുറ്റും ആജ്ഞാനുവർത്തികളായി നിൽക്കുന്ന ആത്മജീവികളുമാണ് ഇവിടെ നാം കാണുന്നത്.

അതേസമയം, മറ്റൊരു സങ്കീർത്തനമായ 148: 2-3 വാക്യങ്ങൾ പരിശോധിച്ചാൽ ദൂതന്മാർക്കു സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമായുള്ള സമാനത ദർശിക്കുവാൻ സാധിക്കും.

"2അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ;
അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിപ്പിൻ;
3 സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ;
പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ."

സകല ദൂതന്മാർക്കും, സർവ്വ സൈന്യത്തിനും സമാന്തരമായിട്ടാണ് സുര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളെയും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ parallelism അഥവാ സമാന്തരത്വം ഹെബ്രായ കവിതകളിലെ ഒരു style അഥവാ രിതിയാണ്. ഒരേ കാര്യത്തെ വ്യത്യസ്ഥ കാഴ്ചപ്പാടിലൂടെ കാണുന്നതിനെയാണ് സമാന്തരത്വം അഥവാ parallelism കൊണ്ട് അർത്ഥമാക്കുന്നത്. അതായത്, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം സ്വർഗ്ഗീയ സൈന്യത്തിന്റെ പ്രതീകങ്ങളാണ്, signs അഥവാ അടയാളങ്ങളാണ്,

ഇങ്ങനെ പറയുവാൻ മറ്റൊരു കാരണവും കൂടിയുണ്ട്. അതിനായി ഉൽപ്പത്തി പുസ്തകം 1:14-16 വരെ വാക്യങ്ങൾ കൂടി ഞാൻ വായിക്കുകയാണ് : "14പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും (signs) കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ. 15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി."

ഇരുളിനേയും വെളിച്ചത്തെയും വേർതിരിച്ചുകൊണ്ടു ദൈവം ആദ്യം വെളിച്ചത്തെ സൃഷ്ടിച്ചു. പിന്നെ വലിപ്പമേറിയതും വലിപ്പം കുറഞ്ഞതുമായ വെളിച്ചങ്ങളെ ദൈവം സൃഷ്ടിച്ചുകൊണ്ട് തനിക്കു പകരം സമയങ്ങളും കാലങ്ങളും നിയന്തിക്കാൻ അവയെ നിയമിച്ചാക്കി, അവ അടയാളങ്ങൾ ആയിരിക്കട്ടെ എന്ന് ദൈവം പറയുന്നു.

'അടയാളം' എന്ന വാക്കിനു Hebrew ൽ otot എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. sign അഥവാ symbol എന്ന് അർത്ഥം. A sign is some kind of physical entity that represents and points to some greater, more important reality. കൂടുതൽ പ്രാധാന്യമുള്ള യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കയും ചൂണ്ടിക്കാണിക്കയും ചെയ്യുന്ന മറ്റൊരു ഭൗതിക യാഥാർത്ഥ്യത്തേയാണ് sign എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു വസ്തുവിനെ ചൂണ്ടിക്കാട്ടി അതിനെക്കാൾ പ്രാധാന്യമുള്ള വസ്തുക്കളെ പ്രതിനിധീകരിക്കുക. (The lights in the sky are portrayed as heavenly rulers that govern with authority delegated from God). ദൈവത്തിൽ നിന്നുള്ള നിയുക്തമായ അധികാരത്തോടെ ഭരിക്കുന്ന ഭരണാധികാരികളായിട്ടാണ് (heavenly rulers) ആകാശത്തിലെ ഈ വെളിച്ചങ്ങളെ ഉല്പത്തിയിൽ ചിത്രീകരിച്ചിരിക്കുന്നത്. അതായത്, അവയുടെ ശക്തിയും നിലയും ദൈവത്തിന്റെ ശക്തിയെയും പദവിയെയും പ്രതീകപ്പെടുത്തുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. കൂടാതെ മറ്റൊരു ദൗത്യവും കൂടി ഇവ നിർവ്വഹിച്ചിരുന്നു. യിസ്രായേലിന്റെ ആരാധന കലണ്ടർ നിശ്ചയിച്ചിരുന്നത് ഈ 'സമയത്തിന്റേയും ദിവസങ്ങളുടേയും സംവത്സരങ്ങളുടേയും' അടിസ്ഥാനത്തിലാണ്. അവരുടെ ശബ്ബത്തും ഉത്സവങ്ങളുമൊക്കെ Lunar calendar അനുസരിച്ചാണ് അവർ ക്രമപ്പെടുത്തിയിരുന്നത്. ഒരു നിശ്ചിത സമയങ്ങളിൽ ആവർത്തിക്കുന്ന ഈ ദിവസങ്ങളിലാണ് അവർ ഭവനങ്ങളിലും ദേവാലയത്തിലും കൂടി ദൈവത്തിന്റെ സ്വസ്ഥത അഥവാ ശബാത്ത്, പെസഹാ, കൂടാരപെരുന്നാൾ എന്നിത്യാധി ഓർമ്മദിനങ്ങൾ ആചരിച്ചിരുന്നത്.

ആകാശത്തിലെ ഇവയുടെ പദവിയും ധർമ്മവും ഭൂമിയിലെ മാനുഷിക ഭരണത്തിനു സമാന്തരമായിട്ടാണ് ബൈബിൾ കാണുന്നത്. ഭൂമിയിലെ സകല ജീവജാലങ്ങളേയും അതായത്, സമുദ്രത്തിലെ മത്സ്യത്തിന്മേലും, ആകാശത്തിലെ പറവജാതികളിന്മേലും, സകല ഭൂചര ജന്തുവിന്മേലും വാഴുവാൻ മനുഷ്യനെ ദൈവം നിയമിച്ചാക്കി. അതുപോലെ ആകാശമേഖലയെ വാഴുവാൻ സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും ദൈവം ആക്കിവെച്ചു. വാസ്തവത്തിൽ ഇവ ദൂതന്മാരുടെ പ്രതീകങ്ങളാണ്, അടയാളങ്ങളാണ്. അവരാണ് ദൈവത്തിനുവേണ്ടി വാഴുന്നത്. ഈയൊരു അറിവ് ആത്മജീവികളെ മനസ്സിലാക്കുന്നതിൽ അടിസ്ഥാനപരമാണ്.

"Devine Council" (ആലോചന സഭ)

യഹോവ സ്വർഗ്ഗ-സിംഹാസനത്തിൽ വാഴുന്നു എന്നു നാം കണ്ടു. എന്നാൽ താൻ അവിടെ തനിച്ചല്ല, തനിക്കു രാജാക്കന്മാരെ പോലെ ഒരു സിംഹാസന മുറിയും അതിൽ സ്റ്റാഫംഗങ്ങളുമുണ്ട്. ഈ സ്റ്റാഫ് അംഗങ്ങളെ "Devine കൗൺസിൽ" (ആലോചന സഭ) എന്നു വിളിക്കുന്നു (യിരമ്യാ 23:18,22). "ദൈവത്തിന്റെ പുത്രന്മാർ", "വാഴ്ചകളും അധികാരങ്ങളും" എന്നും ഇവയെ ബൈബിളിൽ വിശേഷിപ്പിച്ചിട്ടുണ്ട്.

ചില തീരുമാനങ്ങളെടുക്കുന്നതിൽ പങ്കെടുക്കാൻ ഈ Devine കൗൺസിലിനെ ദൈവം ക്ഷണിക്കുന്ന കഥകളും ബൈബിളിൽ നമുക്കു കാണാം. ഉദാഹരണമായി, അഴിമതിക്കാരനായ ഇസ്രായേല്യ രാജാവായ ആഹാബിനെ എങ്ങനെ താഴെയിറക്കണമെന്ന് തീരുമാനിക്കാൻ ഈ Devine council ൽ ഒരു ചർച്ച നടന്നതായി, 1 രാജാക്കന്മാരുടെ പുസ്തകം 22 :19-23 ൽ നാം വായിക്കുന്നു. ആദ്യം ഞാൻ ഇതിന്റെ പശ്ചാത്തലം വ്യക്തമാക്കാം. യെഹൂദാരാജാവായ യെഹോശാഫാത്ത്, ഒരിക്കൽ യിസ്രായേൽ രാജാവായ ആഹാബിനെ സന്ദർശിക്കാൻ ശമര്യയിൽ എത്തുന്നു. അപ്പോൾ അരാമ്യരുടെ (സിറിയ) കയ്യിലായ രാമോത്ത് പിടിക്കേണ്ടതിനു തന്നോടൊപ്പം അരാമിനോടു യുദ്ധം ചെയ്യാൻ ചെല്ലുമൊ എന്നു ആഹാബ് യെഹൂദാ രാജാവിനോടു ചോദിക്കുന്നു. അതിനു താനും തന്റെ സൈന്യവും റെഡിയാണ് എന്നു യഹോശാഫാത്ത് മറുപടി പറഞ്ഞു. എന്നാൽ അതിനു മുന്നമേ, തങ്ങൾ ഈ ദൗത്യത്തിൽ വിജയിക്കുമൊ എന്ന് അറിയേണ്ടതിനു യഹോവയുടെ ആലോചന ചോദിക്കണം എന്ന് യെഹൂദാരാജാവായ യെഹോശാഫാത്ത് പറഞ്ഞു. അദ്ദേഹം ദൈവഭയമുള്ള ഒരു രാജാവായിരുന്നു. ഉടനെ ആഹാബ് തന്റെ 400 പ്രവാചകന്മാരെ വരുത്തി. അവർ എല്ലാവരും തന്നെ യിസ്രായേൽ രാജാവ് ഈ യുദ്ധത്തിൽ ജയിക്കുമെന്ന് പ്രവചിക്കുന്നു. എന്നാൽ യെഹൂദാ രാജാവിനു അവരുടെ പ്രവചനം അത്ര ബോദ്ധ്യമായില്ല. അതുകൊണ്ട് യഹോവയുടെ പ്രവാചകനായി ഇവിടെ ആരെങ്കിലുമുണ്ടെങ്കിൽ അവനെ വിളിച്ചു വരുത്തി ആലോചന ചോദിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിൻ പ്രകരം 'മീഖായാവിനെ' വിളിക്കുന്നു. അദ്ദേഹത്തെ വിളിക്കുവാൻ പോയ ആഹാബിന്റെ ദാസൻ പറഞ്ഞു, മറ്റുള്ള പ്രവാചകന്മാരെല്ലാം ഈ നിലയിൽ പ്രവചിച്ചിരിക്കുന്നു. അതുകൊണ്ട് നീയും ആഹാബിനു അനുകൂലമായി പ്രവചിക്കണം എന്ന് ആവശ്യപ്പെട്ടു. ആഹാബിന്റെ ദാസൻ തന്നോട് ആവശ്യപ്പെട്ടതുപോലെ യിസ്രായേൽ രാജാവിനു ശുഭം വരും എന്നു ആദ്യം താൻ പറഞ്ഞു. എന്നാൽ യഹോവയുടെ നാമത്തിൽ എന്നോടു സത്യം ചെയ്തു പറയണം എന്നു പറഞ്ഞപ്പോൾ താൻ ദർശനത്തിൽ കണ്ട കാര്യം മീഖായാവ് വിവരിക്കുന്നു. ആ വേദഭാഗമാണ് ഞാൻ വായിക്കുവാൻ പോകുന്നത്.1 രാജാക്കന്മാർ 22 :19-23 വരെ വാക്യങ്ങൾ: "19 അതിന്നു അവൻ പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നിൽക്കുന്നതും ഞാൻ കണ്ടു. 20 ആഹാബ് ചെന്ന് ഗിലെയാദിനെ രാമോത്തിൽ വെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ(ദൂതൻ) ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. 21 എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. 22 ഏതിനാൽ എന്നു യഹോവ ചോദിച്ചതിന്നു അവൻ: ഞാൻ പുറപ്പെട്ട് അവന്റെ സകല പ്രവാചകന്മാരുടേയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്നു അവൻ (യഹോവ) കൽപ്പിച്ചു. 23 ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മവിനെ നിന്റെ ഈ സകല പ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു (ആഹാബിനെ) അനർത്ഥം കൽപ്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു."

ഇത് യഹോവയുടെ സന്നിധിയിൽ കൂടിയിരിക്കുന്ന Devine council ന്റേയും അവർ ചില തീരുമാനങ്ങൾ എടുക്കുന്നതിന്റേയും ചിത്രമാണ് നമുക്കു നൽകുന്നത്.

ഇയ്യോബിന്റെ പുസ്തകത്തിലും ഇതുപോലൊരു council ചേരുന്നതു കാണാം. അവിടെ നന്മ ചെയ്യുന്ന ആളുകൾക്ക് പ്രതിഫലം നൽകുന്ന ദൈവത്തിന്റെ നയത്തെക്കുറിച്ചാണ് Devine council ൽ ചർച്ച ചെയ്യുന്നത്. ഇയ്യോബ് 1 : 6-13 വാക്യങ്ങളിലാണിത്.

ഇതിൽ നിന്നൊക്കയും നമുക്കു മനസ്സിലാക്കാൻ കഴിയുന്നത്, രാജാക്കന്മാർക്കുള്ളതു പോലെ യഹോവക്കും ദൂതന്മാരുടെ ഒരു കൗൺസിൽ ഉണ്ട് എന്നും ആ കൗൺസിലുമായി കാര്യങ്ങൾ താൻ ചർച്ച ചെയ്യുന്നു എന്ന കാര്യമാണ്.

2. ദൈവം തന്റെ ഭരണത്തിൽ പങ്കാളികൾ ആകാൻ നമ്മേയും ക്ഷണിക്കുന്നു ! (God invites us to share in His reign !)
ഇപ്പോൾ നമ്മുടെ മനസ്സിലേക്കു വരാവുന്ന ഒരു ചോദ്യം ദൈവത്തിന് എന്തിനാണ് ഇങ്ങനെയൊരു councilന്റെ ആവശ്യം? പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിക്കാൻ അവൻ ശക്തനാണെങ്കിൽ, ആരുടെയും ഒരു സഹായവും കുടാതെ അവന് ഭരിക്കാൻ കഴിയുകയില്ലേ? തീർച്ചയായും കഴിയും. പിന്നെ എന്തിനാണ് ഇങ്ങനെയൊരു Devine council? ചോദ്യം വളരെ പ്രസക്തമാണ്. ദൈവത്തിനു ഇങ്ങനെയൊരു council ന്റെ ആവശ്യമില്ല. അവനു ഒരു മന്ത്രിയുടേയും സഹായം ആവശ്യമില്ല. അതില്ലാതെ കാര്യങ്ങളെ ചെയ്യാൻ തനിക്കു കഴിയും. എന്നാൽ പ്രത്യക്ഷത്തിൽ, ബൈബിളിലെ ദൈവം, മറ്റുള്ളവരുമായി അധികാരം പങ്കിടാൻ ആഗ്രഹിക്കുന്ന ദൈവമാണ്. തന്റെ അധികാരം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം തന്റെ ഭരണത്തിൽ പങ്കുകാരാൻ മറ്റുള്ളവരെ അനുവദിക്കുന്നു. അതിനായി അവരെ ക്ഷണിക്കുന്നു. ഉല്പത്തി പുസ്തകത്തിന്റെ 1:28 ൽ ദൈവം എന്താണ് ചെയ്തത്? ദൈവം പ്രപഞ്ചത്തേയും അതിലുള്ള സകലത്തേയും സൃഷ്ടിച്ച ശേഷം എന്താണ് മനുഷ്യനോടു പറയുന്നത്? നീ ആകാശത്തിലെ പറവ ജാതിയിന്മേലും, സകല ഭൂചരജന്തുവിന്മേലും, സമുദ്രത്തിലെ മത്സ്യത്തിന്മേലും "വാഴുക" (to rule over it). എന്റെയൊക്കെമേൽ വാഴുക എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്? ആകാശത്തെ പറവജാതിയിന്മേൽ, ഭൂചരജന്തുവിന്മേൽ, സമുദ്രത്തിലെ മത്സ്യത്തിന്മേൽ. ഇന്ന്, നേരെ തിരിച്ചാണ് സംഭവിക്കുന്നത്; മൃഗങ്ങൾ മനുഷ്യനെ വാഴുന്നു. മൃഗങ്ങൾ മനുഷ്യനെ ആക്രമിക്കയും മുറിവേൽപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. ഈ മൃഗങ്ങളിൽ പലതും മനുഷ്യരുടെ ദൈവങ്ങളാണ് എന്നതാണ് വിചിത്രം. ദൈവം തന്റെ ഭരണം, ഭൂമിയിലെ മനുഷ്യ പങ്കാളികളുമായി പങ്കിടുന്നു. ഭൂമിയിലെ വാഴ്ചക്ക് സമാനമായി ആകാശത്തിലും ഇതുപോലെ ഒരു വാഴ്ച നടക്കുന്നു. ആകാശത്തിലും ഭൂമിയിലും ഒരു സമാന്തര ഭരണം നടക്കുന്നു.

എന്നാൽ ഇങ്ങനെ അധികാരം കയ്യാളുന്ന വ്യക്തികൾ ദൈവത്തിൽ നിന്നുള്ള ജ്ഞാനം അഥവാ ആലോചന സ്വീകരിച്ചുകൊണ്ടുവേണം ഈ ഭരണം നടത്താൻ. ദൈവത്തിന്റെ ആലോചന സ്വീകരിക്കാതെ സ്വന്ത ആലോചനപ്രകാരം കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ എല്ലാം തലകീഴായി മറിയുന്നു. അങ്ങനെ ദൂതന്മാരുടെ പരാജയത്തിന്റേയും അവരുടെ സ്വാധീനത്താൽ മനുഷ്യൻ വാഴ്ചയിൽ പരാജയപ്പെട്ടതിന്റേയും കഥയാണ് ബൈബിളിൽ നാം തുടർമാനമായി ദർശിക്കുന്നത്.

അങ്ങനെയുള്ള പരാജയത്തിന്റെ ആദ്യ ചിത്രമാണ് ഉൽപ്പത്തി മൂന്നാം അദ്ധ്യായത്തിൽ നാം കാണുന്നത്. ദൈവത്തോടു ആലോചന കഴിക്കാതെ, ദൈവത്തിന്റെ ജ്ഞാനം സ്വീകരിക്കാതെ, സ്വയമായി നന്മ തിന്മകളെ നിർവ്വചിക്കുവാൻ മനുഷ്യൻ തീരുമാനിച്ചപ്പോൾ മനുഷ്യവർഗ്ഗത്തിന്റെ വലിയ വീഴ്ച ഏദനിൽ സംഭവിച്ചു. അതാണ് ഉൽപ്പത്തി മൂന്നാം അദ്ധ്യായം.

പ്രായോഗികത: നമ്മുടെ ജീവിതത്തിൽ, ദൈവത്തിന്റെ നിർവ്വചനം അനുസരിച്ചാണോ നാം നന്മ തിന്മകളെ നിശ്ചയിക്കുന്നത്? അതോ നമ്മുടെ സ്വന്തം ആലോചന പ്രകാരം നന്മ-തിന്മകളെ വിവേചിക്കുകയാണോ? അതായത്, നാം ഏടുക്കുന്ന ഓരോ തീരുമാനങ്ങളും ദൈവവചനത്തിന്റെ അടിസ്ഥാനത്തിലാണോ എടുക്കുന്നത്? ദൈവത്തിന്റെ ആലോചനയെ മാറ്റിവെച്ച്, നമ്മുടെ സംസ്ക്കാരത്തിന്റെ രിതികളും ആലോചനകളുമാണ് നിങ്ങൾ നടപ്പിൽ വരുത്തുന്നത് എങ്കിൽ നിങ്ങൾക്കു തെറ്റി. ഇന്നത്തെ സിനിമകളുടേയും സീരിയലുകളുടേയും രീതിയിലുള്ള സംസാരങ്ങളും പെരുമാറ്റങ്ങളുമാണ് നമ്മുടെ കുടുംബജീവിതത്തിൽ നാം അനുവർത്തിക്കുന്നത് എങ്കിൽ ആ കുടുംബം തകരാൻ അധിക ദിവസം കാത്തിരിക്കേണ്ടി വരികയില്ല. അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ആലോചനക്ക് നാം എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നത് നാം ഒരോരുത്തരും പരിശോധിക്കേണ്ട വിഷയമാണ്.

മനുഷ്യന്റെ വീഴ്ചയിൽ മുഖ്യ പങ്കാളിത്തം വഹിച്ച ഒരു വ്യക്തിയെ നാം ഇനി പരിചയപ്പെടാൻ പോകുകയാണ്.

മനുഷ്യന്റെ വീഴ്ചയിൽ മുഖ്യ പങ്കാളിത്തം വഹിച്ചത് ദൈവത്തിന്റേയും മനുഷ്യന്റേയും ഇടയിൽ കയറി കൂടിയ ഒരു പാമ്പാണ് എന്നു നാം കാണുന്നു. എന്നാൽ ഇതു കേവലം ഒരു ഇഴജന്തു ആയിരുന്നില്ല. ഒരു പാമ്പിനേക്കാൾ അധികമായ ഒന്നായിരുന്നു. പാമ്പിനു ഉപയോഗിച്ചിരിക്കുന്ന ഹെബ്രായ പദമെന്നത് nachash എന്നാണ്. മാത്രവുമല്ല, ദൈവത്തിന്റെ തീരുമാനങ്ങളെക്കുറിച്ചും ഉദ്ദേശത്തെക്കുറിച്ചുമുള്ള അറിവും ഇതിനുണ്ടായിരുന്നു എന്ന് തന്റെ സ്ത്രീയുമായുള്ള സംസാരത്തിൽ നിന്നും നമുക്കു മനസ്സിലാക്കാം (3:5). ദൈവം പാമ്പിനോടു നീ ഉരസ്സുകൊണ്ട്കൊണ്ട് ഗമിച്ചു ആയുഷ്ക്കാലമൊക്കേയും പൊടി നക്കും എന്നു ശപിച്ചപ്പോൾ, അതിനു മുൻപ് ആ നിലയിലല്ല അതു ഗമിച്ചിരുന്നത് എന്നും താൻ ഭൂമിയിൽ നിന്നുള്ളവൻ ആയിരുന്നില്ല എന്നും ചിന്തിക്കുവാൻ സാധിക്കും.

ഉൽപ്പത്തിയിൽ പാമ്പിനെക്കുറിച്ച് അധികം കാര്യങ്ങൾ പറയുന്നില്ലെങ്കിലും പിന്നീടുള്ള യെശയ്യാവിന്റെ പുസ്തകത്തിലും യെഹസ്കേലിന്റെ പുസ്തകത്തിലും അതിനെക്കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ നമുക്കു ലഭ്യമാണ്. ദൈവത്തിന്റെ ജ്ഞാനത്തിനും അധികാരത്തിനും കീഴിൽ ജീവിക്കാൻ ആഗ്രഹിക്കാത്ത ഒരു ആത്മീയ വിമതനായി, മത്സരിയായി, Spiritual Adversary ആയി യെഹെസ്കേൽ പ്രവാചകൻ ഈ വ്യക്തിയെ മനസ്സിലാക്കി. അവൻ ദൈവമാകാൻ ആഗ്രഹിച്ചു. അതിന്റെ ഫലമായി അവൻ സ്വർഗ്ഗീയ മേഖലയിൽ നിന്നും പുറന്തള്ളപ്പെടുന്നു. ഇതു നമ്മേ ആത്മജീവികളിൽ രണ്ടാമത്തെ വിഭാഗമായ സാത്താനിലേക്കും ഭൂതഗണങ്ങളിലേക്കും നയിക്കുന്നു. അതിൽ സാത്താൻ എന്ന ആത്മജീവിയെക്കുറിച്ച് ഇന്നും ഭൂതഗണങ്ങളെ കുറിച്ചു പിന്നീടും ഞാൻ സംസാരിക്കാം.
സാത്താൻ (The Satan)

ഉല്പത്തി 1-ൽ ദൈവം പാഴും ശൂന്ന്യവും, ആഴത്തിനുമേൽ ഇരുൾ മൂടിയിരുന്നതുമായ അവസ്ഥയിൽ നിന്ന് മനോഹരവും ക്രമവും, ജീവിതം തഴച്ചുവളരാൻ കഴിയുന്നതുമായ, space/ യാഥാർത്ഥ്യത്തെ സൃഷ്ടിക്കുന്നു. അതിനെ ഭരിക്കാൻ അവൻ മനുഷ്യരെ തന്റെ പ്രതിനിധിയായി നിയമിക്കുന്നു. ഏഴു പ്രാവശ്യം ദൈവം അതിനെ നല്ലത് എന്ന് വിശേഷിപ്പിച്ചു. അതെ, സൗന്ദര്യം, സത്യം, സ്നേഹം, ഔദാര്യം എന്നിത്യാദി നന്മകൾ വല്ലപ്പോഴെങ്കിലും ലോകത്തിൽ നാം അനുഭവിക്കുന്നുണ്ടെങ്കിൽ ദൈവം ആ നിലയിലാണ് ലോകത്തെ സൃഷ്ടിച്ചത്. ആ നിലയിൽ എപ്പോഴും ആയിരിക്കുവാൻ വേണ്ടിയാണ് ദൈവം ലോകത്തെ സൃഷ്ടിച്ചത്.

എന്നാൽ ഉല്പത്തി 3-ൽ, തന്റെ സ്രഷ്ടാവിനെതിരെ മത്സരിക്കുന്ന ഒരു സൃഷ്ടിയെ/ജീവിയെ നാം കണ്ടുമുട്ടുന്നു. എന്തുകൊണ്ട് അല്ലെങ്കിൽ എങ്ങനെ അവൻ മത്സരത്തിലായി എന്നൊന്നും അവിടെ നമുക്കു കാണാൻ കഴിയുന്നില്ല. ദൈവത്തിന്റെ നല്ല ലോകം നശിപ്പിക്കാനുള്ള ദൗത്യത്തിലാണ് അവൻ. അവൻ പ്രശ്നക്കാരനാണ്. അതെ, ഈ ജീവി ബൈബിളിലെ തിന്മയുടെ ആദ്യ ചിത്രമാണ്. ദൈവം നൻമയ്‌ക്കായി ഉദ്ദേശിച്ചതിനെ അവൻ വികലമാക്കുന്നു; സൃഷ്ടിയെ നശിപ്പിക്കുകയും വീണ്ടും അന്ധകാരത്തിലേക്കും പാഴും ശുന്ന്യവും, ഉപയോഗരഹിതവുമായ അവസ്ഥയിലേക്ക് കൊണ്ടുപോകാൻ അവൻ ശ്രമിക്കുന്നു. മനുഷ്യർ, ആ ആത്മീയ വിമതനോടു ചേരുകയും അവന്റെ ആലോചന പോലെ അവർ പ്രവർത്തിക്കുകയും ചെയ്യുന്നു. അത് അവരെ അരാജകത്വത്തിലേക്കും അക്രമത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു.

ഈയൊരു ഘട്ടം മുതൽ, മനുഷ്യ കലാപം ആത്മീയ കലാപവുമായി ഇഴചേർന്നിരിക്കുന്നു. അതേ, ഈയൊരു സമയം മുതൽ മാനുഷിക കലാപവും ആത്മീയകലാപവും ഒരുമിച്ചാണ് നീങ്ങുന്നത്. ഇത് എങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുന്നുവെന്ന് ബൈബിൾ കഥ കാണിക്കുന്നു. ഒരു പാമ്പിൽ നിന്നാണ് ഈ അനർത്ഥങ്ങളെല്ലാം ഉളവായത്. എന്നാൽ അത് ഒരു പാമ്പിനെക്കാൾ അധികമായ ഒന്നിലേക്കു വിരൽ ചൂണ്ടുന്നു.

ഭൂമിയും അതിലെ ജീവജാലങ്ങളും, സ്വർഗ്ഗവും അതിലെ സൃഷ്ടികളും ഒന്നിച്ചു ചേർന്നിരുന്ന ഒരു സ്ഥലമാണ് ഏദെൻ. ദൈവം നല്ലത് എന്ന് വിലയിരുത്തിയ ഭൂമിയിൽ എവിടെ നിന്നാണ് ഈ പാമ്പ് കടന്നു വന്നത്? അവൻ ഒരു ആത്മജീവിയൊ? ഉല്പത്തി 3 ആ ദിശയിലേക്കു വിരൽ ചൂണ്ടുന്നു. പിന്നീട് ബൈബിൾ എഴുത്തുകാർ ആ വിടവു നികത്തുന്നു.

യെശയ്യാ പ്രവാചകന് ദൈവത്തിന്റെ സ്വർഗ്ഗീയ സിംഹാസന മുറിയുടെ ഒരു ദർശനം ലഭിക്കുന്നു. ആത്മജീവികൾ അവനെ വലയം ചെയ്തിരിക്കുന്നതും അവർ ദൈവത്തെ പ്രശംസിക്കുകയും സ്തുതിക്കയും ചെയ്യുന്നു. യെശയ്യാ പ്രവചനത്തിലെ ഏവർക്കും സുപരിചിതമായ ആറാം അദ്ധ്യായത്തിലെ 1-4 വാക്യങ്ങളിലാണിതു നാമിതു കാണുന്നത്. എന്നാൽ ഈ ആത്മജീവികളെ യെശയ്യാവ് "സെറാഫുകൾ" എന്ന് വിളിക്കുന്നു, 'സെറാഫ്' എന്ന വാക്കിന്റെ ബഹുവചനമാണ് "സെറാഫിം." 'സെറാഫ്' എന്ന ഹീബ്രു വാക്കിന്റെ അർത്ഥം "പാമ്പ്" (a venomous snake) എന്നാണ്. സംഖ്യ 21:6 ൽ "അഗ്നിസർപ്പം" എന്നാണ് ഈ വാക്ക് പരിഭാഷ ചെയ്തിരിക്കുന്നത്. ആവർത്തനം 8:15 ൽ പറക്കുന്ന അഗ്നിസർപ്പമെന്നും പറയുന്നു. മാത്രവുമല്ല, "സർപ്പം" എന്ന വാക്കും പറക്കുന്ന "അഗ്നിസർപ്പം" എന്ന വാക്കും ആവർത്തനം 8:15 ൽ ഒരുമിച്ച് ഉപയോഗിച്ചിരിക്കുന്നു. അതിൽ സർപ്പം എന്നതിനു ഉല്പത്തിയിൽ ഉപയോഗിച്ചിരിക്കുന്ന nachash എന്ന വാക്കും അഗ്നിസർപ്പത്തിനു യെശയ്യാവിൽ ഉപയോഗിച്ചിരിക്കുന്ന Saraph എന്ന വാക്കും നമുക്കു കണാം. (തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും" (സംഖ്യ 21:6). ആവർത്തനം 8:15 ഇപ്രകാരമാണ്: "സകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സർപ്പത്തിന്റെ (nakash) വേരിൽനിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസർപ്പമായിരിക്കും (Saraph- flying snake)".

ഇതിൽ നിന്നും നമുക്കു മനസ്സിലാക്കുവാൻ കഴിയുന്ന വസ്തുത പാമ്പ് ദൈവത്തിന്റെ devine council ലെ ഒരു മുൻ അംഗമാണ്. അവൻ എങ്ങനെ ഈ നിലയിലായി എന്നു നമുക്കു നോക്കാം. അവൻ ദൈവത്തിന്റെ ജ്ഞാനത്തിനും അധികാരത്തിനും കീഴിൽ ജീവിക്കാൻ ആഗ്രഹിക്കാത്ത ഒരു ആത്മീയ വിമതനായി, adversary ആയി യെശയ്യാവും യെഹെസ്കേൽ പ്രവാചകനും മനസ്സിലാക്കി. അവൻ ദൈവമാകാൻ ആഗ്രഹിച്ചു. അതിനെ കുറിച്ച് യെശയ്യ 14:12-15 വാക്യങ്ങളിൽ പറയുന്നത് നോക്കുക:

"12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തു നിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനെ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു ! 13" ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും" എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. 15 എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും."

അരുണോദയ പുത്രനായ ശുക്രാ എന്ന പ്രയോഗം ശ്രദ്ധിക്കുക. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ പ്രതിനിധാനം ചെയ്യുന്നത് ആത്മജീവികളെയാണെന്ന് ഞാൻ പ്രാരംഭത്തിൽ പറഞ്ഞു. അവൻ ആകാശത്തു നിന്നും വെട്ടേറ്റു വീണു. അതിനുള്ള കാരണമാണ് 13-14 വാക്യങ്ങൾ: “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞു." അവൻ ദൈവത്തോട് സമനാകാൻ ശ്രമിച്ചു; അതിന്റെ ഫലമായി വെട്ടെറ്റു നിലത്തു വീണു.

യെഹസ്കേൽ പ്രവാചകനു ഇതിനെക്കുറിച്ചു ദൈവത്തിൽ നിന്നുണ്ടായ അരുളപ്പാട് കൂടെ നമുക്കു നോക്കാം:

"12 മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാമുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നേ. 13 നീ ദൈവത്തിന്റെ തോട്ടമായ ഏദനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകല രത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളേയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു. 14 നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. 15 നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു. 16 നിന്റെ വ്യാപാരത്തിന്റെ പെരുപ്പം നിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ട് ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കേരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു. നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു. നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടൂ, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുൻപിൽ ഇട്ടുകളഞ്ഞു."

സോർ രാജാവിനെ ആത്മീയ വിമതനായിട്ടാണ് പ്രവാചകൻ കാണുന്നത്. അവൻ അന്ധകാരശക്തിയുടെ ഒരു പ്രതിനിധിയാണ്. അവൻ തന്നെത്തന്നെ ദൈവമെന്ന് അവകാശപ്പെടുന്നു. ഈ spiritual rebel ഏദനിൽ വസിച്ചിരുന്നവനാണ്. യെഹ്സ്കേൽ അവനെ 'കെരൂബ്' എന്നു വിളിക്കുന്നു. മാത്രവുമല്ല അവനെ സൃഷ്ടിച്ച നാൾ മുതൽ അവനിൽ നീതികേടു കണ്ടതുവരെ അവൻ നടപ്പിൽ നിർമ്മലനായിരുന്നു. അവൻ ജ്ഞാനിയും, സമ്പന്നനും, സൗന്ദര്യ സമ്പൂർണ്ണനുമായിരുന്നു. എന്നാൽ അവന്റെ ഹൃദയം നിഗളിച്ചു. അപ്പോഴാണ് അവനു വിഴ്ച സംഭവിച്ചത്. ഇതാണ് ഉൽപ്പത്തി മുന്നിലെ പാമ്പിനെ കുറിച്ചുള്ള ഏറ്റവും പഴയ വ്യാഖ്യാനം.

ജാതികളുടെ രാജാക്കന്മാർ അവരുടെ ദൈവങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ഫറവോനെ ദൈവം ന്യായം വിധിച്ചപ്പോൾ അവരുടെ 10 ദൈവങ്ങളെ 10 പ്ലേഗിലൂടെ ന്യായം വിധിച്ചാണ് യിസ്രായേൽ ജനതയെ വിടുവിച്ചത്. ദാവീദും ഗോലിയാത്തും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ യഹോവയും ഫിലിസ്ത്യരുടെ ദൈവവും തമ്മിലായിരുന്നു യുദ്ധം. റഷ്യൻ പ്രസിഡന്റായ വ്ലാഡിമിർ പുട്ടിന്റെ കൈകളേയും നിയന്ത്രിക്കുന്നത് ഈ അന്ധകാരശക്തികളാണ്. മനുഷ്യരാശിയുടെ അത്യാഗ്രഹവും സ്വാർത്ഥതയും അഹങ്കാരവും സാത്താൻ തന്റെ ഹിതം നിവൃത്തിപ്പാനായി ഉപയോഗിക്കുന്നു. സാത്താന്റെ നയമായ തകർക്കുക, കൊല്ലുക, നശിപ്പിക്കുക എന്നതാണ് പുട്ടിന്റേയും നയം. അതുകൊണ്ടാണ് വളരെ മനോഹരമായ യുക്രൈൻ ദേശത്തെ കോൺക്രീറ്റ് മാലിന്യ കൂമ്പാരമാക്കുകയും, അനേകരുടെ രക്തം ചൊരിയിക്കയും സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ ലക്ഷക്കണക്കിനു ആൾക്കാരെ അവിടെ നിന്ന് പലായനം ചെയ്യിപ്പിച്ചതും.

ഇനി മനുഷ്യന്റെ മുൻപിൽ ഈ ദുഷ്ട ശക്തികൾ വെക്കുന്ന പ്രലോഭനങ്ങളെക്കുറിച്ചു ചിന്തിക്കാം. ആദാമിനും ഹവ്വായ്ക്കും മുമ്പിൽ പാമ്പ് വെക്കുന്നത് തനിക്കുണ്ടായ അതേ പ്രലോഭനം തന്നെയാണ്. അവർക്ക് ദൈവത്തെപ്പോലെ, ലോകത്തെ തങ്ങളുടെ സ്വന്തം ജ്ഞാനത്താൽ, ഭരിക്കാൻ കഴിയും എന്ന് അവൻ അവരോടു പറയുന്നു. അങ്ങനെ അവന്റെ ആലോചന മനുഷ്യർ സ്വീകരിക്കയും ദൈവത്തിന്റെ ആലോചനയെ ത്യജിക്കയും ചെയ്തപ്പോൾ അവരെല്ലാം തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ഈ വിമതൻ ഇനി "ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും." എന്ന് യഹോവ അവനെ ശപിക്കുന്നു. തന്റെ വയറു ഉപയോഗിച്ച് ഭൂമിയിൽ ഇഴഞ്ഞു ജീവിക്കുമെന്ന് ദൈവം പറയുന്നു.

ഏദനിലെ സംഭവത്തിനുശേഷം ഈ ആത്മീയ വിമതനെ കുറിച്ചു നേരിട്ടുള്ള പരാമർശനങ്ങൾ നാം കാണുന്നില്ല. എന്നാൽ ബൈബിളിലെ കഥാപാത്രങ്ങൾ ചില തീരുമാനങ്ങൾ എടുക്കുമ്പോൾ, ധാർമ്മികമായ പരിശോധനക്ക് വിധേയരാകുമ്പോൾ, ഇവന്റെ സാന്നിധ്യം നമുക്ക് കാണാം. ഉദാഹരണമായി, കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊലചെയ്യുമ്പോൾ, അവന്റെ പാപത്തെ ഒരു മൃഗത്തോടാണ് തുലനം ചെയ്യുന്നത്. " നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു" (ഉൽപ്പത്തി 4:7). ഏദനു വെളിയിൽ പാമ്പിന്റെ പ്രവർത്തനം എങ്ങനെയാണെന്നതിന്റെ ഒരു മാതൃക ഇതു നമുക്കു നൽകുന്നു. ഒരു മനുഷ്യന്റെ ധാർമ്മിക സ്വഭാവത്തെ പരീക്ഷിക്കുന്ന പാപകരമായ ആഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ ഈ തിന്മ ഒരു പാമ്പിനെ പോലെ, ഒരു മൃഗത്തെ പോലെ പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നു നാം ഓർക്കണം.

അവനിപ്പോൾ തിരശ്ശീലയ്ക്ക് പിന്നിൽ, മനുഷ്യർ തമ്മിലുള്ള വിദ്വേഷവും, അതിക്രമവും വിഭജനവുമൊക്കെ സജീവമാക്കി, നിർത്തുന്നു.

"പ്രലോഭകൻ" "ദുഷ്ടൻ" "പിശാച്" എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകളിൽ ഈ ആത്മീയവിമതൻ ബൈബിളിൽ അറിയപ്പെടുന്നു സാത്താൻ എന്ന വാക്കിനു ഗ്രീക്കിൽ "അപവാദി" (the adversary) എന്നാണ് അർത്ഥം. സാത്താൻ ഒരു പേരല്ല, മറിച്ച് ഒരു Title/ശീർഷകമാണ്. അതിനാലാണ് Satan എന്ന വാക്കിനു മുന്നിൽ "The" എന്ന വാക്കു ചേർത്തുകൊണ്ട് "The Satan" എന്നു പറയുന്നത്. സാത്താൻ എന്നാൽ "എതിരാളി" എന്നാണ് അർത്ഥം, കാരണം അവൻ ഗുണമായതൊന്നിനും വേണ്ടിയല്ല, മറിച്ച് അവൻ എല്ലാ നന്മക്കും വിരുദ്ധനാണ്, നമ്മെ വീണ്ടും ഇരുട്ടിലേക്കും ക്രമമില്ലായ്മയിലേക്കും വലിച്ചിഴയ്ക്കാൻ വ്യാജത്തിലൂടെ അവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

പ്രായോഗികത; ദൈവം തന്റെ പുത്രനിലൂടെ നമ്മേ രക്ഷിച്ചത് തന്നോടൊപ്പം ലോകത്തിന്റെ ഭരണത്തിൽ പങ്കാളികൾ ആകുവാൻ വേണ്ടിയാണ്. അതിനു നമുക്കു ആവശ്യമായിരിക്കുന്നത്. ദൈവത്തിന്റെ ജ്ഞാനമാണ്. ദൈവത്തിൽ നിന്നും സ്വതന്ത്ര്യം പ്രാപിച്ചു സാത്താനോടു ചേർന്നു പ്രവർത്തിപ്പാൻ അവൻ നമ്മേ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അവന്റെ പ്രലോഭനത്തിൽ വീഴാതെ പുത്രന്റെ വാക്കുകൾക്കു നാം ചെവികൊടുക്കുക. അവൻ സാത്താന്റെ എല്ലാ ബന്ധനത്തിൽ നിന്നു വിടുവിച്ച് നമ്മേ സ്വതന്ത്രരാക്കിയിരിക്കുന്നു. ഇന്നു മരണത്തെ പരാജയപ്പെടുത്തി ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി തന്റെ സകലശത്രുക്കളേയും കാൽക്കീഴാക്കുവാൻവേണ്ടി അവൻ കാത്തിരിക്കുന്നു. അവനോടൊപ്പം പങ്കുചേർന്ന് ഭരിക്കുവാനുള്ള വലിയ ഭാഗ്യമാണ് ദൈവം നമുക്കു മുന്നിൽ വെച്ചിരിക്കുന്നത്. ആകയാൽ സാത്താന്റെ മേൽ വിജയം വരിച്ചുകൊണ്ട് കർത്താവിനോടു ചേർന്നു ജീവിപ്പാൻ ദൈവം നമ്മേ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവത്തിന്റെ നാമം മഹത്വപ്പെടുമാറാകട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page