top of page
എബ്രായലേഖന പരമ്പര-01
P M Mathew
FEB 06, 2022

Introduction to the Book of Hebrews !
ഹെബ്രായ ലേഖനത്തിനൊരാമുഖം !

Hebrews 1:1-4 (1)

ആമുഖം

എബ്രായലേഖനം നല്ല കഴിവുള്ള പ്രസംഗകരെയും വേദപണ്ഡിതന്മാരെപോലും കുഴക്കുന്ന ഒരു പുസ്തകമാണ്. അതിനുള്ള ചില കാരണങ്ങൾ ഈ പുസ്തകത്തിന്റെ രചയിതാവ് ആരാണെന്നൊ ഈ എഴുത്തിന്റെ സ്വീകർത്താക്കൾ ആരാണെന്നൊ പുസ്തകത്തിൽ നേരിട്ട് വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെയുള്ള യാതൊരു സൂചനകളും നൽകാതെ ലേഖനകാരൻ നേരെ തന്റെ പ്രമേയത്തിലേക്കു കടക്കുകയാണ്. മാത്രവുമല്ല, അദ്ദേഹം പഴയനിയമത്തിൽ നിന്നും അനേകം ഉദ്ധരണികൾ വളരെ ദീർഘമായും ആവർത്തിച്ചും ഉദ്ധരിക്കുന്നു. (പഴയനിയമത്തിലെ 29 ഉദ്ധരണികളും 53 സുചനകളുമാണ് ഇതിലുള്ളത്) പഴയനിയമത്തിലെ ഈ വേദഭാഗങ്ങൾ അദ്ദേഹം വ്യാഖ്യാനിക്കുന്ന അദ്ദേഹത്തിന്റെ രീതിയും ആളുകളെ ഏറെ കുഴയ്ക്കാറുണ്ട്. ആദ്യ അദ്ധ്യായങ്ങളിൽ രചയിതാവ് യേശുവിനെ ദൂതന്മാരുമായി താരതമ്യം ചെയ്യുന്നു. എന്തുകൊണ്ടാണ് യേശുവിനെ ദൂതന്മാരോടു തുലനം ചെയ്യുന്നത് എന്ന് നിങ്ങൾ അതിശയിച്ചേക്കാം. സിനായ് പർവ്വതത്തിൽ വെച്ച് മോശെയ്ക്കു ന്യായപ്രമാണവും ദൈവവചനങ്ങളും നൽകിയത് ദൂതന്മാരാണ് എന്നാണ് യഹൂദ പാരമ്പര്യത്തിൽ, ആവർത്തനപുസ്തകം 33:2 അടിസ്ഥാനമാക്കി പഠിപ്പിക്കപ്പെട്ടിരുന്നത്. അതിനാൽ യേശു ദൂതന്മാരേക്കാൾ ശ്രേഷ്ഠനാണെന്ന് പറയുന്നതിലൂടെ ഗ്രന്ഥകർത്താവ് അവകാശപ്പെടുന്നത് യേശുവും അവന്റെ സുവിശേഷസന്ദേശവും ദൈവവചനത്തിന്റെ മുൻകാല സന്ദേശവാഹകരേക്കാളും ശ്രേഷ്ഠമാണ് എന്നാണ്.

എഴുത്തുകാരൻ

ഇതിന്റെ എഴുത്തുകാരൻ പൗലോസാണോ അതോ അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഒരാളായ ബർണ്ണബാസാണോ അതോ അപ്പൊല്ലൊസാണൊ എന്ന കാര്യത്തിൽ വേദപണ്ഡിതർക്കിടയിൽ ഏകാഭിപ്രായമില്ല. അതുകൊണ്ട് ഈ ലേഖനത്തിന്റെ എഴുത്തുകാരൻ അജ്ഞാതനാണ് എന്ന് പറയാം. എന്നാൽ അദ്ദേഹത്തിനു യേശുവിന്റെ ശിഷ്യന്മാരുമായി നേരിട്ടു ബന്ധമുണ്ടെന്ന് രണ്ടാം അദ്ധ്യായത്തിലെ (2:3-4) സൂചനകളിൽ നിന്നും മനസ്സിലാക്കാം. അതിനാൽ, ഈ കത്ത് അപ്പോസ്തലന്മാരുടെ പഠിപ്പിക്കലിൽ നങ്കൂരമുറപ്പിച്ചിരിക്കുന്നു.

ഈ കത്തിന്റെ സ്വീകർത്താക്കൾ

ഈ കത്തിന്റെ സ്വീകർത്താക്കൾ ആരാണെന്നോ അവർ എവിടെയാണ് താമസിച്ചിരുന്നതെന്നോ അറിയുന്നില്ല. പക്ഷേ, രചയിതാവിന് തന്റെ വായനക്കാരെ നന്നായി അറിയാം. അവർക്ക് പഴയനിയമ തിരുവെഴുത്തുകളെ കുറിച്ച്, പ്രത്യേകിച്ചു ബൈബിളിന്റെ ആദ്യ അഞ്ച് പുസ്തകങ്ങളെക്കുറിച്ചും, ആ പുസ്തകങ്ങളുടെ കഥാഗതിയെക്കുറിച്ചും സമഗ്രമായ അറിവുണ്ടെന്ന് എഴുത്തുകാരൻ അനുമാനിക്കുന്നു. ആ അനുമാനത്തിലാണ് പഴയനിയമത്തിൽ നിന്നും അനേകം ഉദ്ധരണികൾ താൻ നടത്തിയിരിക്കുന്നത്.

പഞ്ചഗ്രന്ഥിയുടെ കഥാഗതി

അബ്രഹാമിന്റെ കുടുംബം എങ്ങനെയാണ് ഇസ്രായേൽ രാഷ്ട്രമായിതീർന്നത് എന്ന കാര്യമാണ്. അതായത്, മോശ യിസ്രായേൽ മക്കളെ മിസ്രയിമിന്റെ അടിമത്തത്തിൽ നിന്ന് വിടുവിച്ച് ഈജിപ്തിലെ സീനായ് പർവതത്തിലേക്ക് കൊണ്ടുവരുന്നു. അവിടെവെച്ച് ന്യായപ്രമാണം സ്വീകരിച്ചു അവർ ദൈവവുമായി ഒരു ഉടമ്പടി ചെയ്തു. അതാണു പത്തുകൽപ്പനയും അതിന്റെ അനുബന്ധ വിവരണങ്ങളും. തുടർന്ന് അവർ ദൈവത്തിനു സാക്ഷ്യകൂടാരം പണിതതും, അവിടെ പുരോഹിതന്മാർ ബലിയർപ്പിച്ചതും, അവർ വാഗ്ദത്ത ദേശത്തേക്കുള്ള വഴിയിൽ മരുഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞതും അങ്ങനെ യിസ്രായേൽ ജനത്തിന്റെ എല്ലാ വിശദാംശങ്ങളും വായനക്കാർക്ക് നന്നായി അറിയാമെന്ന് രചയിതാവ് അനുമാനിച്ചുകൊണ്ടാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്.

അതിനാൽ മിക്കവാറും ഈ കത്തിന്റെ സ്വീകർത്താക്കൾ യഹൂദ ക്രിസ്ത്യാനികളാണ്, യെഹൂദപശ്ചാതലത്തിൽ നിന്നും രക്ഷിക്കപ്പെട്ടുവന്ന ക്രിസ്ത്യാനികൾ. അതിൽ നിന്നാണ് ഈ പുസ്തകത്തിനു എബ്രായർ എന്ന പേര് വന്നത്.

ഈ സഭാസമൂഹം സുവിശേഷം സ്വീകരിച്ചതു നിമിത്തം പീഡനവും ജയിൽവാസം-പോലും നേരിടുന്നു എന്നതിന്റെ സൂചനകൾ ഈ ലേഖനത്തിന്റെ പത്താം അദ്ധ്യായത്തിൽ കാണുന്നു. അതിന്റെ ഫലമായി ഈ സഭാസമൂഹത്തിലെ ചിലർ യേശുവിൽ നിന്ന് അകന്നുപോവുകയൊ വിശ്വാസം തള്ളിക്കളയുകയൊ ചെയ്തു. അതല്ലെങ്കിൽ ചിലർ വിശ്വാസത്യാഗത്തിന്റെ വക്കിൽ എത്തിനിൽക്കുന്നു. അവർക്കുള്ള പല മുന്നറിയിപ്പുകൾ (warnings) അഥവാ ഭയനിർദ്ദേശങ്ങൾ ഈ സ്തകത്തിൽ പലഭാഗങ്ങളിലും നമുക്കു കാണാം. ഈയൊരു പശ്ചാത്തലം ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും ഘടനയും വിശദീകരിക്കുന്നു.

പുസ്തക ഘടന

ഒരു ചെറിയ ആമുഖത്തോടെ പുസ്തകം ആരംഭിക്കുന്നു. തുടർന്ന് നാല് ഭാഗങ്ങൾ ഉണ്ട്, അവിടെ രചയിതാവ് യേശുവിനെ, ഇസ്രായേലിന്റെ ചരിത്രത്തിലെ പ്രധാന ആളുകളുമായും സംഭവങ്ങളുമായും താരതമ്യം ചെയ്യുന്നു. അവരുമായുള്ള സമാനതകളും വ്യത്യാസങ്ങളും ചൂണ്ടിക്കാട്ടി യേശുക്രിസ്തുവിന്റെ ഔന്നത്ത്യവും തന്റെ സുവിശേഷത്തിന്റെ ശ്രേഷ്ടതയും സ്ഥാപിക്കുന്നു.

യേശുവിനെ ഒന്നാമത് പഞ്ചഗ്രന്ഥിയിലെ ദൂതന്മാരുമായും, രണ്ടാമത് മോശയും വാഗ്ദത്ത ദേശവുമായും, മൂന്നാമത് പുരോഹിതന്മാരും മൽക്കീസദേക്കുമായും, നാലാമത് പഴയനിയമ ഉടമ്പടി യാഗങ്ങളുമായും തുലനം ചെയ്യുന്നു. ഇങ്ങനെ താരതമ്യം ചെയ്യുന്നതിൽ എഴുത്തുകാരന് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ട്. ഒന്ന്, യേശുവിനെ മറ്റാരേക്കാളും മറ്റെന്തിനേക്കാളും ശ്രേഷ്ഠനായി ഉയർത്തുകയും യേശുവിനെ അവരുടെ എല്ലാ വിശ്വാസത്തിനും ഭക്തിക്കും യോഗ്യനാണെന്ന് കാണിക്കുകയും ചെയ്യുക. രണ്ടാമത്തെ ലക്ഷ്യം, പീഡനങ്ങൾക്കിടയിലും യേശുവിനോട് വിശ്വസ്തത പുലർത്താൻ വായനക്കാരെ വെല്ലുവിളിക്കുക.

ആമുഖം കഴിഞ്ഞാൽ നാലു വിഭാഗങ്ങളുണ്ട് എന്നു ഞാൻ പറഞ്ഞുവല്ലൊ. ഈ നാലു വിഭാഗത്തിലും സുവിശേഷം ത്യജിക്കുന്നതിനെ സംബന്ധിച്ച ശക്തമായ മുന്നറിയിപ്പുകൾ (warnings) എഴുത്തുകാരൻ ഉൾക്കൊള്ളിക്കുന്നു. ഈ മുന്നറിയിപ്പുകൾ രക്ഷയുടെ ഭദ്രതക്കൊ, രക്ഷ നഷ്ടപ്പെടുമൊ എന്ന ആശങ്കക്കു യാതൊരു വകയും നൽകുന്നില്ല. പിന്നെ നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുമോ അതല്ലെങ്കിൽ സുവിശേഷത്തിൽനിന്നും വ്യതിചലിച്ച് മറ്റെന്തിലേക്കെങ്കിലും തിരിയുമൊ എന്നതാണ് ചോദ്യം. അതായത്, വിശ്വാസത്താൽ ആരംഭിച്ച യാത്ര വിശ്വാസത്താൽ തുടർന്ന് അന്ത്യം വരെ എത്തിക്കുമൊ അതൊ പ്രതികൂലങ്ങളൊ പീഡനങ്ങളൊ നേരിട്ടാൽ യേശുവിനെ തള്ളി മറ്റെന്തിലേക്കെങ്കിലും തിരിയുമൊ? ഇവിടെ അതു പഴയനിയമയാഗങ്ങളിലേക്കും ആചാരാനുഷ്ഠാന ങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്കാണ് ഉദ്ദേശിക്കുന്നത്.

ഇനി നമുക്കു ഈ പുസ്തകത്തിന്റെ ആമുഖത്തിലേക്കു കടക്കാം.

ഒന്നാം അദ്ധ്യായത്തിന്റെ 1-4 വരെയുള്ള വാക്യങ്ങൾ ഈ പുസ്തകത്തിന്റെ ആമുഖമാണ്. ഈ ആമുഖത്തിന്റെ ഒരു വികാസമാണ് (Development) തുടർന്നുള്ള വേദഭാഗങ്ങളിൽ നാം കാണുന്നത്.

ഹെബ്രായർ 1:1-4

"1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തിരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2 ഈ അന്ത്യകാലത്ത് പുത്രൻ മുഖാന്തിരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിനും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തിരം ലോകത്തേയും ഉണ്ടാക്കി. 3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും 4 ദൂതന്മാരേക്കാൽ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു."

ഈ വേദഭാഗത്തിന്റെ കേന്ദ്ര ആശയം

ഈ ആമുഖത്തിൽ യേശുവിന്റെ ഔന്നത്യവും ആ യേശു നൽകുന്ന സുവിശേഷവും എന്താണ് എന്നും അതിനോടു നാം എങ്ങനെ പ്രതികരിക്കണം എന്നുമാണ് ലേഖനകാരൻ വ്യക്തമാക്കുന്നത്.

ആദ്യ രണ്ടു വാക്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കാം:

"1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തിരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2a ഈ അന്ത്യകാലത്ത് പുത്രൻ മുഖാന്തിരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു."

ഈ വേദഭാഗത്തുനിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം:

1. ദൈവം പുത്രൻ മുഖാന്തിരം നമ്മോട് സംസാരിച്ചിരിക്കുന്നു (God has spoken to us through the Son).

compare and contrast അഥവാ താരതമ്യം ചെയ്യുകയും വ്യത്യസപ്പെടുത്തുകയും ചെയ്യുക എന്നത് ഈ എഴുത്തുകാരന്റെ ഒരു രീതിയാണെന്നു ഞാൻ മുന്നമെ പറഞ്ഞു. ഈ ആദ്യവാക്യങ്ങളിൽ തന്നെ അതു നമുക്കു കാണുവാൻ കഴിയും.

പണ്ട് x ഇപ്പോൾ,
പിതാക്കന്മാരൊട് x നമ്മോട്,
പ്രവാചകന്മാർ x പുത്രൻ

ഈ നിലയിലാണ് വ്യത്യാസം കാണിച്ചിരിക്കുന്നത്. അതായത്, പണ്ടു, പ്രവാചകന്മാരിലൂടെ നമ്മുടെ പിതാക്കന്മാരോടു ദൈവം സംസാരിച്ചു. എന്നാൽ ഇപ്പോൾ പുത്രനിലൂടെ ദൈവം നമ്മോട് സംസാരിച്ചിരിക്കുന്നു.

അതിൽ പണ്ട് എന്നു പറയുന്നത് പഴയനിയമകാലഘട്ടത്തെ അതല്ലെങ്കിൽ യേശു വരുന്നതിനു മുന്നമേയുള്ള കാലഘട്ടത്തെ കാണിക്കുന്നു. ഇപ്പോൾ എന്നത് പുതിയ നിയമകാലഘട്ടത്തെ, യേശുവിന്റെ ജഡധാരണത്തിനു ശേഷമുള്ള കാലഘട്ടത്തെ കാണിക്കുന്നു.

ദൈവം അന്നു പിതാക്കന്മാരോടായിരുന്നു സംസാരിച്ചത് എങ്കിൽ ഇന്ന് പുത്രനിലുടെ നമ്മോട് സംസാരിച്ചിരിക്കുന്നു.

അന്ന് പ്രവാചകന്മാർ മുഖാന്തിരമായിട്ടാണ് സംസാരിച്ചത് എങ്കിൽ ഇപ്പോൾ ദൈവം തന്റെ പുത്രൻ മുഖാന്തിരം സംസാരിച്ചിരിക്കുന്നു.

ഇതിൽ നിന്നും ചില കാര്യങ്ങൾ നമുക്കു വ്യക്തമാണ്. ഒന്ന്, ദൈവം മനുഷ്യനോട് സംസാരിക്കുന്ന ദൈവമാണ്. അവൻ നിശബ്ദനല്ല. അമേരിക്കൻ അപ്പോളജിസ്റ്റും വേദപണ്ഡിതനുമായ Francis Schaeffer ന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ട് തന്നെ ഇപ്രകാരമാണ്. "He is there and He is not Silent" "അവൻ അവിടെയുണ്ട്, അവൻ നിശബ്ദനല്ല". അതേ ദൈവം ജനത്തോട് സംസാരിക്കുന്ന ദൈവമാണ്. ദൈവം മനുഷ്യരോട് ആശയവിനിമയം നടത്തുന്ന വ്യക്തിയാണ്. കണ്ണുണ്ടെങ്കിലും കാണാത്ത ചെവിയുണ്ടെങ്കിലും കേൾക്കാത്ത വായുണ്ടെങ്കിലും സംസാരിക്കാത്ത ദൈവമല്ല നമ്മുടെ ദൈവം. ദൈവം സംസാരിക്കുന്ന ദൈവമാണ്. എന്നാൽ എല്ലാ വ്യക്തികളോടും ദൈവം നേരിട്ടു സംസാരിക്കുകയല്ല. ദൈവം സംസാരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൂടെയാണ്. അവരെയാണ് പ്രവാചകന്മാർ എന്നു പറയുന്നത്. അവർ പറഞ്ഞതു ശ്രദ്ധിക്കുമ്പോൾ അല്ലെങ്കിൽ അവർ എഴുതിത്തന്നതു വായിക്കുമ്പോൾ, ദൈവം അതിലൂടെ നമ്മോടു സംസാരിക്കുന്നു. അതുകൊണ്ട് ദൈവവചനം വായിക്കുമ്പോൾ അതിലൂടെ ദൈവം നമ്മോടു സംസാരിക്കുന്നു എന്ന ബോദ്ധ്യത്തോടെ നാമതു വായിക്കണം.

അന്നു ദൈവം ഭാഗം ഭാഗമായിട്ടാണ് സംസാരിച്ചത്. ദൈവം എല്ലാക്കാര്യങ്ങളും ഒരു പ്രവാചകനിലൂടെ വെളിപ്പെടുത്തുകയായിരുന്നില്ല. മറിച്ച് peacemeal ആയി, അതായത്, കുറച്ചു ഭാഗം ഒരു പ്രവാചകൻ പറഞ്ഞു എങ്കിൽ മറ്റൊരു ഭാഗം വേറൊരു പ്രവാചകനിലൂടെ നൽകി. അങ്ങനെ പുരോഗമനാത്മകമായ നിലയിലാണ് ദൈവം തന്റെ വചനം നമുക്കു നൽകിയത്. തന്നേയുമല്ല, ചില കാര്യങ്ങൾ മറ്റു പ്രവാചകന്മാരിലുടെ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ നമുക്കു ഒരിടത്തു വായിച്ചിട്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, മറ്റു ഭാഗത്ത് അത് വായിച്ചു കൂടുതൽ വ്യക്തത പ്രാപിപ്പാൻ സാധിക്കും. അത് നമുക്ക് എത്രയൊ ആശ്വാസവും ഉത്സാഹകരവുമാണ്.

അന്ന് പ്രവാചകന്മാരിലൂടെയാണ് സംസാരിച്ചത് എങ്കിൽ ഇപ്പോൾ ദൈവം നമ്മോടു സംസാരിപ്പാൻ തന്റെ പുത്രനെ അയച്ചിരിക്കുന്നു. അതിനർത്ഥം യേശു കേവലം ഒരു പ്രവാചകനാണ് എന്നല്ല. യേശുവിനെ കേവലം ഒരു പ്രവാചകനായി മാത്രം കാണുന്ന മതവിഭാഗമുണ്ട്. ഖുറാനിൽ പറയുന്ന യേശു കേവലം പ്രവാചകനാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന യേശു ദൈവപുത്രനാണ്. ഖുറാൻ പറയുന്ന യേശു മരിച്ചിട്ടില്ല. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന യേശു മരിച്ചിട്ട് ഉയർത്തെഴുനേറ്റ വ്യക്തിയാണ്. അതുകൊണ്ട് ഖുറാൻ പറയുന്ന യേശുവും ബൈബിൾ വെളിപ്പെടുത്തുന്ന യേശുവും വ്യത്യസ്ഥ വ്യക്തികളാണ്. മാത്രവുമല്ല, യേശു മുഹമ്മദിനേക്കാൾ വലിയവനാണ്. യേശു വലിയവനാണ് എന്നു മാത്രമല്ല, ഉന്നതധാർമ്മിക നിലവാരം പുലർത്തുന്ന വ്യക്തിയാണ്. അതിനേക്കാൾ ഉപരി മരിച്ചിട്ട് ഉയർത്തെഴുന്നേറ്റ ദൈവപുത്രനാണ് യേശു. യേശുവാണ് തന്റെ മരണത്തിലൂടേയും പുനരുത്ഥാനത്തിലൂടേയും മനുഷ്യവർഗ്ഗത്തിന്റെ പാപത്തിനു പരിഹാരം വരുത്തിയ ഏകവ്യക്തി. ഇതാണ് ക്രിസ്ത്യാനിറ്റിയുടെ നിസ്തുല്യത.

എന്തുകൊണ്ടാണ് ദൈവം മനുഷ്യനുമായി സംസാരിക്കുവാൻ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് മനുഷ്യനുമായി ആശയവിനിമയം നടത്തുന്നത്? ദൈവം തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിച്ച മനുഷ്യനുമായി, ഒരു ബന്ധത്തിൽ ആയിരിപ്പാൻ ആഗ്രഹിക്കുന്നു. ദൈവം നമ്മോടു സംസാരിപ്പാനും നമ്മുടെ വാക്കുകൾ കേൾപ്പാനും ആഗ്രഹിക്കുന്നു. നമ്മുടെ യാത്ര ദൈവവുമായി ചേർന്ന് പോകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഇത് ഭാര്യാ-ഭർത്തൃ ബന്ധം പോലെ ആഴമായ ബന്ധമാണ്. അതിലേക്കു മറ്റുള്ളവർ കടന്നുവരരുത്. വിഗ്രഹങ്ങൾ കടന്നുവരരുത്. ആഴമായ ബന്ധം സാദ്ധ്യമാകണമെങ്കിൽ പരസ്പരം അറിയണം. അതിനു ആശയവിനിമയം ആവശ്യമാണ്. പരസ്പരം അറിയുമ്പോഴാണ് തന്നിലെ നൂനതകൾ തിരിച്ചറിയുന്നത്. അതു തിരുത്തി നാം മുന്നോട്ടുപോകണം. അതിനു തയ്യാറാകത്തതാണ് പല വിവാഹബന്ധങ്ങളും തകരുന്നത്.

ദൈവം ഏദൻ തോട്ടത്തിൽ ഇറങ്ങി വന്ന് ആദത്തോടും ഹവ്വയോടും സംസാരിച്ചതായും സമയം ചിലവിട്ടതായും നാം ഉൽപ്പത്തി പുസ്തകത്തിൽ വായിക്കുന്നു. എന്നാൽ ദൈവത്തിന്റെ വാക്കു കേൾക്കാതെ അന്യസ്വരത്തിനു ചെവികൊടുത്തപ്പോഴാണ് ആദത്തിനും ഹവ്വയ്ക്കും ദൈവമായുള്ള ബന്ധം നഷ്ടമായത്. പിന്നീടുള്ള മനുഷ്യന്റെ യാത്ര നാശത്തിൽ നിന്നും നാശത്തിലേക്കായിരുന്നു എന്നു തുടർന്നുള്ള അദ്ധ്യായങ്ങളിൽ നാം വായിക്കുന്നു. എന്നാൽ വീണ്ടും മനുഷ്യനുമായുള്ള ഒരു ബന്ധത്തിലേക്കു വരാൻ ദൈവം ആഗ്രഹിച്ചുകൊണ്ട്, ദൈവം അബ്രാഹത്തെ തെരഞ്ഞെടുക്കയും, യിസ്രായേൽ ജനത്തെ മിസ്രയിമിന്റെ അടിമത്വത്തിൽ നിന്നും വീണ്ടെടുത്ത് സിനായ് പർവ്വതത്തിൽ കൊണ്ടുവന്ന് അവരുമായി ഒരു ഉടമ്പടി വെച്ച് ദൈവവുമായുള്ള ബന്ധത്തിലേക്കു തിരികെ കൊണ്ടുവന്നു. സമാഗമന കൂടാരത്തിലൂടെ ദൈവം അവരുടെ മദ്ധ്യേ വസിച്ചു. പിന്നെ യെരുശലേം ദേവാലയത്തിൽ താൻ തന്റെ സാന്നിദ്ധ്യം അവർക്കു നൽകി. എന്നാൽ യിസ്രായേൽ ജനത്തിനു ഉടമ്പടിയിൽ നിലനിന്നുകൊണ്ട് ദൈവവുമായുള്ള ബന്ധത്തിൽ തുടരാൻ അവർക്കു സാധിച്ചില്ല. എന്നാൽ ആദി മാതാപിതാക്കളോടു വാഗ്ദത്തം ചെയ്ത ദൈവം വിശ്വസ്തനായിരുന്നതിനാൽ, തന്റെ ബന്ധം തുടരുവാൻ തന്റെ പുത്രനെ അയച്ചുകൊണ്ട് ഇപ്പോൾ സംസാരിച്ചിരിക്കുകയാണ്.

ദൈവത്തിന്റെ സംസാരത്തിനു മറ്റൊരു ഫേസില്ല. ഇത് അന്ത്യനാളാണ്. ദൈവത്തെ അറിയാനൊ മനസ്സിലാക്കാനൊ മറ്റൊരു മുഖാന്തിരം ദൈവം ഒരുക്കിയിട്ടില്ല. ദൈവത്തെ അറിയണമെങ്കിൽ യേശുക്രിസ്തുവിലൂടെ അറിഞ്ഞുകൊള്ളുക. ദൈവത്തിന്റെ സ്വഭാവം മനസ്സിലാക്കണമെങ്കിൽ യേശുക്രിസ്തുവിന്റെ സ്വഭാവം മനസ്സിലാക്കുക. പുത്രനെ ശ്രവിച്ചുകൊണ്ട് നാം ദൈവവുമായുള്ള ബന്ധത്തിൽ തുടരുമൊ? അതാണ് ചോദ്യം. മനുഷ്യനുമായുള്ള ബന്ധം തുടരുവാൻ ദൈവം എടുത്ത ഇനിഷേറ്റീവാണ് ദൈവപുത്രനായ യേശുക്രിസ്തുവിന്റെ വരവ്. അവൻ വാസ്തവത്തിൽ ആരാണ് അവൻ എന്തുചെയ്തു എന്നാണ് തുടർന്നുള്ള വാക്യങ്ങളിൽ കാണുന്നത്. അതിനായി നമുക്കു രണ്ടാം വാക്യത്തിന്റെ b മുതൽ 3c വരെ വായിക്കാം.

"അവനെ താൻ സകലത്തിനും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തിരം ലോകത്തേയും ഉണ്ടാക്കി. 3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകുന്നു" (2b-3c).

ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ കാര്യം :

2. ഈ പുത്രൻ ദൈവത്തോടു സമനായ വ്യക്തിയായതുകൊണ്ട് അവന്റെ വാക്കുകളെ നാം ശ്രദ്ധിക്കണം (We need to pay much attention to his words because this Son is a person equal to God.)
യേശുകിസ്തുവിന്റെ ദൈവത്വത്തെ വെളിപ്പെടുത്തുന്ന 3 സത്യങ്ങൾ ഇവിടെ എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നു.

ഒന്ന്, "ദൈവം അവനെ സകലത്തിനും അവകാശിയായി നിയമിച്ചിരിക്കുന്നു"

എന്തുകൊണ്ടാണ് എഴുത്തുകാരൻ ഇതു കൂട്ടിച്ചേർത്തത്? യേശു സംസാരിച്ച, യേശു വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നിവൃത്തിപ്പാൻ താൻ ശക്തനാണ് എന്നാണ് ഇതു കാണിക്കുന്നത്. എല്ലാ കാര്യങ്ങളും- ആകാശവും ഭൂമിയും സമുദ്രവും അതിലുള്ള സകലവും, അതായത്, മുകളിലെ നക്ഷത്രവ്യൂഹം തുടങ്ങി താഴെ സമുദ്രാന്തർഭാഗത്തെ ജീവികൾവരെ, സകലവും അവന്റെ അധീനതയിൽ ഇരിക്കുന്നു. ജീവന്റേയും മരണത്തിന്റേയും അധികാരി താനാണ്. സകലത്തിന്റേയും അവകാശി യേശുവായതിനാൽ താൻ പറയുന്ന, താൻ ഇഛിക്കുന്ന, താൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും തനിക്കു നൽകുവാൻ / നിവൃത്തിക്കുവാൻ സാധിക്കും. തന്റെ വാഗ്ദാനങ്ങൾ ഇലക്ഷനുമുൻപ് ആളുകൾ നൽകുന്ന മോഹനവാഗ്ദാനങ്ങൾ പോലെയല്ല. യേശു വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഒന്നൊഴിവാതെ നിവൃത്തിപ്പാൻ അവൻ ശക്തനാണ്. അതിനുവേണ്ട സർവ്വ അധികാരവും അവകാശവും അവനുണ്ട്.

അവൻ അവകാശിയാണ് എന്ന് പറയാനുള്ള മറ്റൊരു കാരണം "അവനിലൂടെ ദൈവം ലോകത്തെ സൃഷ്ടിച്ചു" എന്നതാണ്. അവനാണ് സ്രഷ്ടാവ്. ഇത് യേശുക്രിസ്തുവിന്റെ നിത്യാസ്തിത്വത്തെ മാത്രമല്ല, സൃഷ്ടിയിൽ പിതാവുമായുള്ള തന്റെ സജീവ പങ്കാളിത്വത്തെ കാണിക്കുന്നു. ഇതിനോടുള്ള ബന്ധത്തിൽ കേവലം രണ്ടു വാക്യങ്ങൾ ഞാൻ വായിക്കാം:

യോഹന്നാൻ 1:2-3 "2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. 3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല".

കൊലോസ്യർ 1:16 "16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു".

രണ്ടാമതായി, അവൻ "തന്റെ ശക്തിയുള്ള വചനത്താൽ സകലത്തേയും വഹിക്കുന്നവനാണ്." സൃഷ്ടിയുടെ ഏജന്റ് എന്ന നിലയിൽ, പുത്രൻ അതിനെ അതിന്റെ ശാശ്വത ലക്ഷ്യത്തിലേക്ക് നയിക്കുന്നു. അവന്റെ ശക്തവും പ്രവർത്തനക്ഷമവുമായ വചനത്താലാണ് താനിതു സാദ്ധ്യമാക്കുന്നത്. ഉല്പത്തിയിൽ താൻ തന്റെ വചനത്താലാണ് സൃഷ്ടി നടത്തുന്നത് എന്ന് നാം കാണുന്നു. തന്റെ അതേ ശക്തിയുള്ള വചനത്താൽ താൻ സകലത്തേയും വഹിക്കുന്നവനാണ്. ഇതൊക്കേയും യേശുക്രിസ്തു എന്ന വ്യക്തിയെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന സത്യങ്ങളാണ്. അതായത്, അവൻ മുന്നമേ ഉണ്ടായിരുന്നവനും സൃഷ്ടിയിൽ പങ്കാളിയായിരുന്നവനും, തന്റെ ശക്തിയുള്ള വചനത്താൽ അതിനെ ശ്വാശ്വത ലക്ഷ്യത്തിലേക്കു നയിക്കുന്നവനുമാണ്.

മൂന്ന്, യേശു "തത്വത്തിന്റെ മുദ്ര"യും "തേജസ്സിന്റെ പ്രഭ"യുമാണ്. ദൈവത്തോടുള്ള സമത്വം, ദൈവത്തോടുള്ള തുല്യത കാണിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന രണ്ടു metaphors/രൂപകങ്ങളാണ് തത്വത്തിന്റെ മുദ്രയും തേജസ്സിന്റെ പ്രഭയുമെന്നത്. ഈ metaphors/രൂപകങ്ങൾ യേശുവും ദൈവവും തമ്മിലുള്ള ഏറ്റവും അടുത്ത സാദൃശ്യം (തിരിച്ചറിയൽ) സാദ്ധ്യമാക്കുന്നു. 'തേജസ്സിന്റെ പ്രഭ' എന്നത് ചില ഇംഗ്ലീഷ് പരിഭാഷകളിൽ കാണുന്നതിപ്രകാരമാണ്. the radiance of His Glory (PAPMSN). The Son reflects the glory of God (ICB) The Son reflects God's own glory(NLT) 1.അവന്റെ മഹത്വത്തിന്റെ പ്രകാശം 2. പുത്രൻ ദൈവത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. 3 പുത്രൻ ദൈവത്തിന്റെ സ്വന്തം മഹത്വം പ്രതിഫലിപ്പിക്കുന്നു എന്നൊക്കെ നമുക്കിതിനെ മനസ്സിലാക്കാം. ഇതിനൊരു ഉദാഹരണം പറഞ്ഞാൽ, സൂര്യന് പ്രകാശകിരണങ്ങൾ എങ്ങനെയാണൊ അതുപോലെയാണ് ദൈവവും യേശുവും തമ്മിൽ. യേശു ദൈവതേജസ്സിന്റെ പ്രഭയാണ്.

രണ്ടാമത്തെ metaphor ആയ 'തത്വത്തിന്റെ മുദ്ര' എന്നതിനു ഇംഗ്ലീഷിൽ the exact representation of his nature എന്നാണ്. അവന്റെ സ്വഭാവത്തിന്റെ കൃത്യമായ പ്രതിനിധാനം. the very image of his substance=അവന്റെ സത്വത്തിന്റെ തനി സ്വരൂപം. മഹാനായ Spurgeon ന്റെ വാക്കുകളിൽ പറഞ്ഞാൽ, Whatever God is, Christ is. ദൈവം എന്താണൊ അതു തന്നെ ക്രിസ്തു. ഇതൊന്നും ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ കഴിയില്ല എങ്കിലും ഒരു ബലഹീന ഉദാഹരണത്തിലൂടെ ഞാനിത് വ്യക്തമാക്കാൻ ശ്രമിക്കാം: രാജാക്കന്മാർ തങ്ങളുടെ മുദ്രമോതിരത്താൽ മെഴുകിൽ ഇംപ്രഷൻ ഉണ്ടാക്കുന്നതു പോലെ, ദൈവത്തിന്റെ അതേ പ്രതിമയാണ് യേശു. അതായത് ദൈവവും യേശുവും തമ്മിൽ അത്രക്കു സമാനതയാണുള്ളത്. ചുരുക്കിപ്പറഞ്ഞാൽ സത്തയിലും, സാരംശത്തിലും, സ്വഭാവസവിശേഷതകളിലും തുല്യർ.

എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം യേശുവല്ലാതെ മറ്റൊരു ദൈവവുമില്ല. യേശു ദൈവമാണ്, മനുഷ്യശരീരം സ്വീകരിച്ച ദൈവം അതല്ലെങ്കിൽ ദൈവപുത്രൻ. യോഹന്നാന്റെ വാക്കുകളിൽ പറഞ്ഞാൽ "ഞാനും പിതാവും ഒന്നാകുന്നു." അതല്ലെങ്കിൽ "എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. അപ്പൊസ്തലനായ പൗലോസ് യേശുക്രിസ്തു ദൈവത്തോട് സമനായ വ്യക്തിയാണ് എന്ന് പറയുന്നതു നമുക്കു നോക്കാം: കൊലോസ്യർ 1:15 "അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമ"യാണ്.

യേശു സകലത്തേയും സൃഷ്ടിക്കുകയും വഹിക്കുകയും ചെയ്യുന്ന വ്യക്തിയാണെങ്കിൽ പിന്നെ എന്തിനാണ് അവനെ അവകാശിയാക്കി നിയമിച്ചിരിക്കുന്നത് എന്ന ചോദ്യം ഉയർന്നേക്കാം. താൻ സൃഷ്ടിച്ചതെങ്കിലും സൃഷ്ടി ഇന്ന് ദൈവത്തോട് മത്സരിച്ചുകൊണ്ടിരിക്കുകയാണ്. യേശുക്രിസ്തുവിന്റെ പിതാവിനോടുള്ള അനുസരണത്താലും അതിന്റെ ഫലമായുള്ള മരണത്താലും പുനരുത്ഥാനത്താലും, ഈ ശത്രുക്കളെ താൻ പരാജയപ്പെടുത്തിയിരിക്കുന്നു. ഈ ശത്രുക്കൾ ഒരുനാൾ തന്റെ കാൽക്കീഴ് ആയിത്തീരും. അന്ന് തന്റെ എല്ലാ ശത്രുക്കളും തന്നെ നമസ്ക്കരിച്ചുകൊണ്ട് യേശുവാണ് സകലത്തിന്റേയും അവകാശിയും ഭരണാധികാരിയുമെന്ന് അംഗീകരിക്കും. ഇന്ന് ക്രിസ്തീയപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, പ്രവർത്തകരെ ജയിലിൽ അടക്കുകയും ചെയ്യുന്നവരെല്ലാം അന്ന് യേശുക്രിസ്തു കർത്താവ് എന്ന് ഏറ്റു പറഞ്ഞ് അവന്റെ മുൻപിൽ മുട്ടുകുത്തും. അതുകൊണ്ടാണ് ഇന്ന് നമുക്കു ഈ ലോകത്തിൽ വെച്ചുണ്ടാകുന്ന കഷ്ടതകളെ ക്ഷമയോടെ സഹിക്കാൻ ദൈവവചനം നമ്മോടു ആവർത്തിച്ചു പറയുന്നത്. ഈ കഷ്ടതകൾക്ക് ഒരു അറുതിയുണ്ട്. അതിനപ്പുറത്ത് മഹത്വം നമ്മേ കാത്തിരിക്കുന്നു.

ആകയാൽ ദൈവപുത്രനായ യേശുക്രിസ്തു നമ്മുടെ ശ്രദ്ധയും, ആദരവും ,വിശ്വാസവും, വിധേയത്വവും, ആരാധനയും ലഭിപ്പാൻ എത്ര യോഗ്യനാണ് എന്നാണ് എഴുത്തുകാരൻ ഇതിലൂടെ അർത്ഥമാക്കുന്നത്.

ഇതു നമ്മുടെ മൂന്നാമത്തെ പോയിന്റിലേക്കു നയിക്കുന്നു. അതിനായി 3d മുതൽ നാലാം വാക്യത്തിന്റെ അന്ത്യം വരെ വായിക്കാം:

"3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും 4 ദൂതന്മാരേക്കാൽ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായി ത്തീരുകയും ചെയ്തു."
3. ഈ പുത്രൻ എന്തു ചെയ്തു അഥവാ പുത്രൻ നൽകുന്ന സുവിശേഷം എന്താണ്? (What did this Son do or what is the gospel the Son gives?)

He had made purification for sins. ഇതാണ് സുവിശേഷത്തിന്റെ കാതൽ. അവൻ നമ്മുടെ പാപങ്ങൾക്കു പരിഹാരം വരുത്തിയിരിക്കുന്നു. "പാപം" എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിനു എന്തൊക്കെ ഓമനപ്പേരിട്ടു വിളിച്ചാലും അതു ദൈവസന്നിധിയിൽ തിന്മയാണ്. അതു കേവലം നമ്മുടെ തിന്മ പ്രവൃത്തികൾ മാത്രമല്ല, അതൊരു ശക്തിയായി, നമ്മുടെ ഹൃദയത്തെ ചലിപ്പിക്കുന്നു. അതു നമ്മുടെ ഹിതത്തെ, തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അത് ഒരോ മനുഷ്യനേയും തന്റെ കൈപ്പിടിയിൽ ഒതുക്കുന്നു. മനുഷ്യവർഗ്ഗം മുഴുവനും അതിനാൽ ബാധിക്കപ്പെട്ടവരാണ്. അത് അവിശ്വാസത്തിൽ വേരൂന്നിയിരിക്കുന്നു. എല്ലാ തിന്മയും ഒഴുകുന്നത് ദൈവത്തെ വിശ്വസിക്കാത്തതിൽ നിന്നാണ്. അത് അവന്റെ ചിന്തയിലും തീരുമാനങ്ങളിലും പ്രവൃത്തിയിലും വ്യാപരിച്ചുകൊണ്ടിരിക്കുന്നു. അതു മരണത്തിനു കാരണമായി തീരുന്നു.

യേശു പാപത്തിനു പരിഹാരം എന്നന്നേക്കുമായി വരുത്തിക്കഴിഞ്ഞിരിക്കുന്നു. അതിനു ശേഷമാണ് യേശു ദൈവത്തിന്റെ വലതു ഭാഗത്ത് ഉപവിഷ്ടനായത്. താൻ പാപത്തിനു പരിഹാരം വരുത്തുമെന്നൊ, വരുത്തിക്കൊണ്ടിരിക്കുന്നു എന്നോ അല്ല ഇവിടെ പറയുന്നത്. ഒരിക്കലായി പരിഹാരം വരുത്തിയിരിക്കുന്നു. 2000 വർഷങ്ങൾക്കുമുൻപതു സംഭവിച്ചിരിക്കുന്നു. തന്റെ പ്രവർത്തി പൂർത്തീകരിച്ചതിന്റെ ബഹുമതിയും ഉപഹാരവുമായാണ് ദൈവത്തിന്റെ വലതു ഭാഗത്ത് യേശു ഉപവിഷ്ടനായത്. അതിനോടുള്ള ബന്ധത്തിൽ ഹെബ്രായലേഖനം 10:14 വായിക്കാം: "ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു." (എബ്രായർ 10:14). യേശുക്രിസ്തുവിന്റെ പാപപരിഹാരബലിയിൽ വിശ്വസിക്കുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു എന്നാണ് ഈ വാക്യം പറയുന്നത്. അതിന്റെ അർത്ഥം ഇനി പാപം ചെയ്താലും കുഴപ്പമില്ല എങ്ങനെയും ജീവിക്കാമല്ലോ എന്നല്ല. പൗലോസ് റോമാലേഖനം 6:1 ൽ പറയുന്നതുപോലെ: "കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു." വിശ്വാസി പാപത്തിൽ തുടരുവാൻ അപ്പൊ. പൗലോസ് അനുവദിക്കുന്നില്ല. "ഒരുനാളും അരുത്" എന്നാണ് തന്റെ കൽപ്പന.

പിന്നെ എങ്ങനെയുള്ളവരാണ് സൽഗുണപൂർത്തി പ്രാപിച്ചിരിക്കു ന്നത്? കർത്താവിനോടു ഒരുടമ്പടി ബന്ധത്തിലേക്കു വരികയും തന്നെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്. അതായത്, പാപത്തിനുമേൽ തുടർമാനമായി വിജയം നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് രക്ഷിക്കപ്പെട്ടവർ. വിശ്വാസത്താൽ ക്രിസ്തുവിനോടു ഒന്നായി തീർന്നവരാണ് അവർ. അവർ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉള്ളിൽ വസിക്കുന്നവരാണ്. അവർ പുരോഗമനപരമായി പാപത്തിനുമേൽ വിജയം നേടിക്കൊണ്ടിരിക്കുന്നവരാണ്. അവരാണ് യഥാർത്ഥത്തിൽ യേശുക്രിസ്തുവിന്റെ രക്തത്താൽ സൽഗുണപൂർത്തി പ്രാപിച്ചിരി ക്കുന്നത്. അതല്ലെങ്കിൽ അവരാണ് വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്.

ഇതാണ് ഒരു യഥാർത്ഥവിശ്വാസിയും വിശ്വാസി എന്നു പറയുന്ന വനും തമ്മിലുള്ള വ്യത്യാസം. വിശ്വാസി എന്നു പറയുകയും പാപത്തെ ഗൗരവമായി എടുക്കാതെ, ദൈവം ക്ഷമിച്ചുകൊള്ളുമെന്ന് പറഞ്ഞ് തുടർമാനമായി പാപത്തിൽ ജീവിക്കുകയും ചെയ്യുന്നവർ വാസ്തവത്തിൽ രക്ഷിക്കപ്പെട്ടവരല്ല. ഒരുവൻ കർത്താവിനോട് ഒരുമ്പടി ബന്ധത്തിലായിരിക്കുന്നു എന്നതിന്റെ തെളിവാണ് അവൻ പുരോഗമനപരമായി വിശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത്. ധാർമ്മികമായി 100 ശതമാനം വിശുദ്ധരായി തീരുവാൻ നമുക്കു സാധിക്കയില്ല എങ്കിൽകൂടി, പാപത്തെ അതിജീവിക്കുന്ന തിൽ നാം വളരണം. നാം പ്രാപിച്ച ഈ അനുഗ്രഹമെല്ലാം കർത്താവുമായുള്ള ഉടമ്പടിയിലുടെയാണ് നമുക്ക് ലഭിക്കുന്നത്. പിതാവ് നമ്മേ കാണുന്നത് ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവരും, സ്വീകരിക്കപ്പെട്ടവരും, പെർഫെക്ടും എന്ന നിലയിലാണ്. ഈ യാഥാർത്ഥ്യം നിങ്ങൾ നന്നായി മനസ്സിലാക്കിയാൽ നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിൽ വിജയം നേടും എന്ന കാര്യത്തിൽ സംശയമില്ല.

അതേ, യേശുക്രിസ്തുവിനെക്കുറിച്ചുള്ള ഈ സുവിശേഷമാണ് നാം അന്ത്യംവരെ മുറുകെ പിടിക്കേണ്ടത്. നമ്മുടെ ഈ മരുഭൂ പ്രയാണത്തിൽ പലവിധമായ പരിക്ഷകൾ നേരിട്ടേക്കാം. അന്ന് എബ്രായ വിശ്വാസികൾക്ക് സുവിശേഷത്തെപ്രതി അനേകം കഷ്ടതകളും പീഡനങ്ങളും ജയിൽ വാസം പോലും നേരിടേണ്ടിവന്നു. തല്ഫലമായി, ചില വിശ്വാസികൾ പഴയ യെഹൂദമതത്തിന്റെ ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും തിരികെ പോകുവാൻ തീരുമാനിച്ചു. അങ്ങനെ വിശ്വാസത്യാഗം സംഭവിച്ചവർക്കും അതിന്റെ വക്കിൽ എത്തി നിൽക്കുന്നവർക്കും ഉള്ള ഭയനിർദ്ദേശങ്ങളാണ് തുടർന്നുള്ള വേദഭാഗങ്ങളിൽ എബ്രായ ലേഖനകാരൻ വിശദീകരിക്കുന്നത്.

ഞാൻ ഇതുവരെ പറഞ്ഞുവന്നത് സംഗ്രഹിക്കുകയാണ്. 1) ദൈവം തന്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചിരിക്കുന്നു. 2) പുത്രൻ ദൈവത്തോടു സമനായ ദൈവമാണ്. 3) ഈ പുത്രനാണ് തന്റെ മരണത്താൽ നമ്മുടെ പാപത്തെ പരിഹരിച്ച് ദൈവവുമായുള്ള ഒരു ബന്ധത്തിലേക്കു നമ്മേ കൊണ്ടു വന്നിരിക്കുന്നത്. ആ കർത്താവിനോടുള്ള ആഴമായ ബന്ധത്തിൽ നമുക്കു നമ്മുടെ യാത്ര തുടരാം.

കർത്താവിനെ അനുഗമിക്കുന്നതിന്റെ പേരിൽ അനേകം കഷ്ടങ്ങൾ നമ്മുടെ ജീവിതത്തിലും നേരിട്ടേക്കാം. എന്നാൽ ആ പരീക്ഷകളിലൊ പീഡനങ്ങളിലൊ, കഷ്ടപ്പാടിലെ കർത്താവിനേയൊ കർത്താവിന്റെ സുവിശേഷത്തേയൊ തള്ളിക്കളയരുതേ എന്നതാണ് ഈ പുസ്തകം നമുക്കു നൽകുന്ന പാഠം. ആയതിനാൽ കർത്താവിനോട് അന്ത്യംവരെ കൂറു പുലർത്തി നമുക്കു മുന്നോട്ടുപോകാം. നമ്മുടെ ജീവിതത്തിലെ കഷ്ടതകൾ താത്ക്കാലികമാണ്. 2 കൊരി 4:17 ൽ പറയുന്നതുപോലെ, "നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു" എന്ന് നമ്മെത്തന്നെ എപ്പോഴും ഓർമ്മിപ്പിക്കാം. അങ്ങനെ നമ്മുടെ ഈ മരുഭൂപ്രയാണം വിജയകരമായി നമുക്കു പൂർത്തീകരിക്കാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനെന്റെ വാക്കുകൾ ചുരുക്കുന്നു. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page