top of page
എബ്രായലേഖന പരമ്പര-04
P M Mathew
MAY 05, 2022

Listen to Jesus, the angel of Yahweh
യഹോവയുടെ ദുതനായ യേശുവിന്റെ വാക്കുകളെ ശ്രദ്ധിക്കുക

Hebrews 1:1-4 (3)

ഹെബ്രായ ലേഖനത്തിന്റെ ആമുഖവാക്യങ്ങളെ ആസ്പദമാക്കി മൂന്നു സന്ദേശങ്ങൾ ഇതുവരെ നാം ശ്രദ്ധിച്ചു. ഒന്നാമതായി ഞാൻ പറഞ്ഞത്: യേശുക്രിസ്തു ദൂതന്മാരേക്കാൾ ശ്രേഷ്ഠൻ എന്ന കാര്യമാണ്. രണ്ടാമതായി ഞാൻ പറഞ്ഞത് "ദൈവം തന്റെ ഭരണത്തിൽ പങ്കാളികൾ ആകാൻ നമ്മേയും ക്ഷണിക്കുന്നു എന്ന കാര്യമാണ്. മൂന്നാമതായി, ദൈവത്തോടു ചേർന്നുള്ള നമ്മുടെ ഭരണത്തിനു തടസ്സം സൃഷ്ടിക്കുന്ന വീണുപോയ ആത്മജീവികളെ കുറിച്ചാണ്. ഇവരൊക്കെയും ദൈവത്തിന്റെ "ഡിവൈൻ കൗൺസിലിലെ" മുൻ അംഗങ്ങളായിരുന്നു. അപ്പൊസ്തലനായ പത്രോസും യൂദയും രേഖപ്പെടുത്തിയിരിക്കുന്നതുപോലെ അവരിൽ ചിലർ തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയി. ഉല്പത്തി മുന്ന്, ഉല്പത്തി ആറ്, ഉൽപ്പത്തി 11 എന്നീ അദ്ധ്യായങ്ങൾ അവരുടെ വിവിധങ്ങളായ വീഴ്ചയെക്കുറിച്ചു പരാമർശിക്കുന്ന അദ്ധ്യായങ്ങളാണ് എന്നു നാം കണ്ടു. അവരെയാണ് സാത്താൻ, ഭൂതങ്ങൾ, റഫായിം എന്നീ പേരുകളിൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജാതികൾ ആരാധിക്കുന്നത് ഇവയെയാണ്. അവർ മനുഷ്യനെ തങ്ങളുടെ ആയുധമാക്കി ദൈവത്തിന്റെ വാഴ്ചക്ക് ബദലായി തങ്ങളുടെ രാജ്യത്തെ പണിയുവാൻ ബദ്ധശ്രദ്ധരായിരിക്കുന്നു. ദൈവരാജ്യത്തിനു ബദലായി അവർ പടുത്തുയർത്തിയ ആത്മീകവും മാനുഷീകവുമായ സാമ്രാജ്യത്തിന്റെ പ്രതീകമാണ് "ബാബിലോൺ". ഇത്രയും കാര്യങ്ങളാണ് ഞാൻ മുന്നമെ നിങ്ങളുമായി പങ്കുവെച്ചത്. ഇന്നത്തെ എന്റെ സന്ദേശത്തിന്റെ തലക്കെട്ട് എന്നത്: "യഹോവയുടെ ദുതനായ യേശുവിന്റെ വാക്കുകളെ ശ്രദ്ധിക്കുക" (Listen to the words of Jesus, the angel of the Lord)

ഹെബ്രായലേഖനം 1:3-4

പല മാലാഖമാരും വീണുപോയി എങ്കിലും വീണു പോകാത്ത അനേക ദൂതഗണങ്ങൾ ഇന്നും ദൈവത്തോടൊപ്പം നിൽക്കുന്നു. വീണുപോകാത്ത മാലാഖമാരെക്കുറിച്ചും കെരൂബുകളെക്കുറിച്ചും പിന്നെ യഹോവയുടെ ദൂതനെക്കുറിച്ചുമാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.

1. കെരൂബുകളും ദൂതന്മാരും

ശരി, ആദ്യം നമുക്കു കെരൂബുകളെക്കുറിച്ചു ചിന്തിക്കാം.

കെരൂബുകൾ ഒരു special order ൽ ഉള്ള അഥവാ ഒരു പ്രത്യേക ക്രമത്തിൽപ്പെട്ട ആത്മജീവികളാണ്. അവർ ദൈവത്തോട് വളരെ അടുത്തു നിൽക്കുന്നവരാണ്. അവരെ യെഹസ്കേൽ പ്രവാചകൻ തന്റെ ദർശനത്തിൽ ദൈവിക സിംഹാസനത്തിന്റെ വാഹകരായി കാണുന്നു. They are the throne-chariot bearers. കെരൂബുകൾക്ക് ഹീബ്രു ഭാഷയിൽ "കെറുബിം" എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്റെ അർത്ഥം അജ്ഞാതമാണ്, അവ വളരെ അതിശയം ജനിപ്പിക്കുന്ന ജീവികളാണ്. നാലു ചിറകുകളും നാലു മുഖങ്ങളുമുള്ള ജീവികൾ (യെഹസ്കേൽ 1:6). ഹൈബ്രിഡ് ജീവികൾ അഥവാ വ്യത്യസ്ത മൃഗങ്ങളുടെ കൊളാഷ് എന്ന് അവയെ വിശേഷിപ്പിക്കാം. വ്യത്യസ്ഥ മൃഗങ്ങളെ തമ്മിൽ സംയോജിപ്പിച്ചിരിക്കുന്നതു പോലെയാണ് ബൈബിളിൽ അവയെ ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്ഥ മൃഗങ്ങളുടെ മുഖവും, മനുഷ്യന്റെ കൈകളെ പോലെ തോന്നിപ്പിക്കുന്ന കൈകളും, കാളക്കിടാവിന്റെ കാലുപോലുള്ള കുളമ്പടിയും അവക്കുണ്ട്. യെഹസ്കേൽ 1:10 ൽ അതിനെക്കുറിച്ചു വിവരിക്കുന്നതിപ്രകാരമാണ്: "അവയുടെ മുഖരൂപമൊ: അവെക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലതുഭാഗത്ത് സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകമുഖവും ഉണ്ടായിരുന്നു." എന്നാൽ യെഹസ്കേൽ 10:14 ൽ പറയുന്ന കെരൂബുകളുടെ മുഖങ്ങൾക്കു ഒരു ചെറിയ വ്യത്യാസമുണ്ട്. അവയ്ക്ക് കെരൂബുമുഖം, മാനുഷമുഖം, സിംഹമുഖം, കഴുകമുഖവുമായിരുന്നു. കാളമുഖം അവിടെ പറയുന്നില്ല.

അതായത്, ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും അവ അൽപ്പം വ്യത്യസ്തമായി കാണപ്പെടുന്നു. വ്യത്യസ്ഥ സാഹചര്യങ്ങളിൽ വ്യത്യസ്ഥ രൂപങ്ങളിൽ അവ പ്രത്യക്ഷപ്പെടുന്നു. അവ ഭയം ജനിപ്പിക്കുന്ന നിലയിൽ കാണപ്പെടണം എന്ന ഉദ്ദേശ്യമായിരിക്കാം അതിനു പിന്നിൽ. അവർ സ്വർഗ്ഗത്തിനും ഭൂമിക്കും മദ്ധ്യേ അതിർത്തിയിൽ കാവൽ നിൽക്കുന്നു.

ബൈബിൾ കഥയിൽ ആദ്യമായി കെരൂബുകൾ പ്രത്യക്ഷപ്പെടുന്നത്, ഏദൻ തോട്ടത്തിന് പുറത്ത് കാവൽ നിൽക്കുന്നതായിട്ടാണ്. ഏദന്തോട്ടം ദൈവത്തിന്റെ ആലയവും വസതിയുമാണ്. അതിനാൽ, അവൻ ഈ ആത്മീയ കാവൽസേനയെ പ്രവേശന കവാടത്തിൽ നിർത്തിയിരിക്കുന്നു. എന്തിന് എന്നു ചോദിച്ചാൽ വിമതരായ, മത്സരികളായ മനുഷ്യർ തിരികെ ഏദന്തോട്ടത്തിൽ പ്രവേശിച്ച് എല്ലാം നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണ്. എന്നാൽ സന്തോഷ വാർത്ത എന്നത്, ഈ മത്സരികളെ ദൈവം തന്റെ സന്നിധിയിലേക്കു തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്നതാണ് ബൈബിൾ കഥ. ദൈവസന്നിധിയിലേക്കു നമ്മേ മടക്കിക്കൊണ്ടു വരാൻ ദൈവം ആഗ്രഹിക്കുന്നു. പക്ഷെ അത് അതിക്രമിച്ചു കടക്കുകയല്ല, ദൈവത്തിന്റേതായ പാതയിലൂടെ, ദൈവികമായ വഴിയിൽ നമ്മേ തിരികെ കൊണ്ടുവരുക.

അതുകൊണ്ടാണ് അവൻ യിസ്രായേൽ ജനതയെ തിരഞ്ഞെടുത്ത് അവർക്ക് "Tabernacle" എന്ന പ്രതീകാത്മകവും ചെറുതുമായ ഏദൻ സമ്മാനിച്ചത്. പിന്നീട്, ജറുസലേം ദേവാലയം ഏദന്തോട്ടത്തിന്റെ പ്രതീകമായി. ഈ രണ്ട് സ്ഥലങ്ങളിലും, കെരൂബുകൾ ചായം പൂശി, എല്ലായിടത്തും കൊത്തുപണികൾ ചെയ്തും, അവർ ദൈവസന്നിധിയിൽ പ്രവർത്തിക്കുന്നുവെന്ന് പുരോഹിതന്മാരെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ഇടമാണ് സാക്ഷ്യകൂടരവും ദേവാലയവും. ആ ബോദ്ധ്യത്തോടെ വേണം പുരോഹിതന്മാർ അങ്ങോട്ടു കടക്കാൻ. ഒരു പുരോഹിതൻ വിശുദ്ധ സ്ഥലത്തേക്ക് പോയാൽ, ഉടമ്പടിയുടെ പെട്ടകം എന്ന് വിളിക്കപ്പെടുന്ന അവരുടെ സ്വർണ്ണ പെട്ടകം അവൻ അവിടെ കാണും. അതിന്മേൽ രണ്ട് കെരൂബുകൾ ഉണ്ടായിരുന്നു. കെരൂബുകൾ വഹിക്കുന്ന "ദൈവിക സിംഹാസനത്തിന്റെ പാദപീഠം" എന്നാണ് ബൈബിളിലെ എഴുത്തുകാർ പെട്ടകത്തെ വിശേഷിപ്പിക്കുന്നത്. 99-ാം സങ്കീർത്തനത്തിൽ നാം ഇപ്രകാരം വായിക്കുന്നു: "യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ." എന്നാൽ ഇത് യഥാർത്ഥ സിംഹാസനമല്ല, മറിച്ച് ഒരു പെട്ടിയാണ്, പെട്ടകമാണ്. എന്നാൽ ഈ സ്ഥലത്തെക്കുറിച്ച് പ്രവാചകന്മാർക്ക് ദർശനം ഉണ്ടായപ്പോൾ, യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതായി അവർ കണ്ടു.

ദൈവത്തിന്റെ സിംഹാസനം വഹിക്കുന്ന പവിത്രമായ സ്ഥലത്തെ കെരൂബുകൾ കാക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് അവ മൃഗങ്ങളെപ്പോലെ കാണപ്പെടുന്നത്? അവ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും പ്രതീകാത്മക പ്രതിനിധാനങ്ങളാണ്. അവർ സകല ജീവികളേയും പ്രതിനിധീകരിക്കുന്നു. കാരണം അവയെല്ലാം ദൈവത്തിന്റേതാണ്. അതുകൊണ്ടാണ് യെശയ്യയുടെ ദർശനത്തിൽ ദൈവത്തിന്റെ മഹത്വം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു എന്ന് അവ ഒരു ഗായകസംഘത്തെ പോലെ പാടുന്നത്. അതെ, കെരൂബുകൾ വഴി, എല്ലാ സൃഷ്ടികളും അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുന്നു. സങ്കീർത്തന രചയിതാക്കൾ ഈ നിലയിലാണ് അവയെ കാണുന്നത്.

2. ദൂതന്മാർ (Messengers)
ദൂതന്മാർ എന്നു കേൾക്കുമ്പോൾ തൂവൽ ചിറകുകളുള്ള മനുഷ്യകുഞ്ഞുങ്ങളുടെ രൂപമാണ് പലരുടേയും മനസ്സിൽ തെളിഞ്ഞുവരുന്നത്. എന്നാൽ ബൈബിളിലെ ദൂതന്മാർക്ക് ചിറകുകളില്ല. ദൂതന്മാരെ പലപ്പോഴും ആളുകളായി തെറ്റിദ്ധരിക്കപ്പെടുന്നു. യേശുക്രിസ്തുവിന്റെ കല്ലറയ്ക്കൽ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാരെയാണ് സ്ത്രീകൾ ദർശിക്കുന്നത്. കെരൂബുകൾക്ക് ചിറകുകളുണ്ടെങ്കിലും ബൈബിളിൽ ദൂതന്മാർ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം മനുഷ്യരൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

ദൂതന്മാർ പ്രവാചകന്മാരുടെ ആത്മീയ പ്രതിരൂപമാണ് എന്ന് ഒരു രീതിയിൽ പറയാം. ഇരുവരും ദൈവത്തിന്റെയും, ദൈവിക കൗൺസിലിന്റെയും സന്ദേശവാഹകരായി പ്രവർത്തിക്കുന്നു. മാനുഷികവും ആത്മീയവുമായ ഈ സന്ദേശവാഹകർ, ചില അവസരങ്ങളിൽ, സ്വർഗ്ഗീയ മണ്ഡലത്തിന്റെ ശക്തിയും ജീവനും, അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും രൂപത്തിൽ, ഭൂമിയിലേക്ക് കൊണ്ടുവരുന്നു. 1 രാജാക്കന്മാരുടെ പുസ്തകത്തിലും 2 രാജാക്കന്മാരുടെ പുസ്തകത്തിലും പറയുന്ന ഏലിയാവിന്റേയും എലീശയുടേയും അത്ഭുതങ്ങൾ ഈ നിലയിലുള്ളതാണ്. അവർ കർത്താവിന്റെ കാലത്തെന്നപോലെ അത്ഭുതങ്ങളെ പ്രവർത്തിക്കുകയും മരിച്ചവരെപോലും ഉയർപ്പിക്കുകയും ചെയ്യുന്നു. അതായത്, ദൈവിക മണ്ഡലത്തിലെ ജീവനും ശക്തിയുമൊക്കെ ഭൂമിയിലേക്കു കൊണ്ടുവരുന്ന മാനുഷിക ദൂതന്മാരായിരുന്നു ഏലിയാവും എലീഷയും.

പഴയനിയമത്തിൽ "മലാക്ക്" (malak) എന്ന ഹെബ്രായ വാക്കാണ് ദൂതന്മാർക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 'മലാക്ക്' എന്ന വാക്കിന്റെ അർത്ഥം messenger അഥവാ സന്ദേശവാഹകൻ എന്നാണ്. ബൈബിളിൽ മനുഷ്യദൂതന്മാരെ കുറിക്കാനും 'മലാക്ക്' എന്ന വാക്ക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 1 ശമുവേൽ 16:19 ലും ന്യായാധിപന്മാർ 11:12 ലും മനുഷ്യദൂതന്മാർക്കു ഉപയോഗിച്ചിരിക്കുന്ന വാക്ക് 'മലാക്' ആണ്. 1 ശമുവേൽ 16:19 ഞാൻ വായിക്കാം: 19 എന്നാറെ ശൌൽ യിശ്ശായിയുടെ അടുക്കൽ "ദൂതന്മാരെ" (malak) അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു" (1 ശമുവേൽ 16:19).

ഉൽപ്പത്തി 19:1 ൽ ഇപ്രകാരമാണ് നാം വായിക്കുന്നത്: "ആ രണ്ടു ദൂതന്മാർ (malak) വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:" (ഉൽപ്പത്തി 19:1).

ഉൽപ്പത്തി 32:1-3 വാക്യങ്ങളിൽ ഈ വാക്കു രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. ഒന്ന് ദൈവദൂതന്മാരെ കുറിക്കുവാനും മറ്റേത് മനുഷ്യദൂതന്മാരെ കുറിക്കുന്ന നിലയിലുമാണ് അവിടെ അത് പരിഭാഷ ചെയ്തിരിക്കുന്നത്.

"യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ(മലാക്) അവന്റെ എതിരെ വന്നു. 2 യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു. 3 അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ (മലാക്) അയച്ചു." (ഉൽപ്പത്തി 32:1-3).

'malak' എന്ന എബ്രായ പദത്തിനു ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത് Angelos എന്ന വാക്കാണ്. Angelos എന്ന വാക്കും ഈ നിലയിൽ മാലാഖമാരെ കുറിക്കാനും മനുഷ്യ ദൂതന്മാരെ കുറിക്കുവാനും ഉപയോഗിച്ചിരിക്കുന്നതു കാണാം: മർക്കൊസ് 1:13, ലൂക്കൊസ് 9:52 എന്നീ വാക്യങ്ങളിലാണിത്.

മർക്കൊസ് 1:13 13 അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ (Angelos) അവനെ ശുശ്രൂഷിച്ചു പോന്നു."

ലൂക്കൊസ് 9:52 "51 അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ (Angelos) അയച്ചു."

ദൈവത്തിന്റെ സന്നിധിയോടു അടുത്തുചെല്ലുവാൻ മനുഷ്യർക്കു കഴിയുകയില്ല. Our God is a transcended God. മനുഷ്യർക്ക് അപ്രാപ്യനായ ദൈവമാണ് യഹോവ. അതുകൊണ്ട് ദൈവത്തിന്റെ ദൂത് നമ്മിലേക്കു എത്തിക്കുവാൻ ദൈവം ഉപയോഗിക്കുന്ന മുഖാന്തിരമാണ് ദുതന്മാർ.

ദൈവത്തിന്റെ ദൂത് നമ്മിലേക്കു എത്തിക്കുക എന്നതുകൂടാതെ ദൈവത്തിനുവേണ്ടി ചില ദൗത്യങ്ങൾ നിർവഹിക്കുക എന്നതും മാലാഖമാരുടെ ധർമ്മമാണ്. മേരിയോട് യേശുവിനെ ഗർഭം ധരിച്ചിരിക്കുന്നു എന്നു പറയിക്കുന്നത് ദൂതന്മാരിലൂടെയാണ്. ചില അവസരങ്ങളിൽ ആളുകളെ അപകടത്തിൽ നിന്ന് രക്ഷിക്കാനും ദൈവം ദൂതന്മാരെ ഉപയോഗിക്കുന്നു. പത്രോസിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ദൂതന്മാരാലാണ്.

മിഖായേലും ഗബ്രിയേലുമൊക്കെ വീണുപോകാത്ത ദൈവത്തിന്റെ നല്ല മാലാഖമാരുടെ ഗണത്തിൽ പെടുന്നു. 'ഗബ്രിയേൽ' എന്ന പേരിന്റെ അർത്ഥം, "ദൈവം എന്റെ ശക്തി" എന്നാണ്. 'മിഖയേൽ' എന്ന പേരിന്റെ അർത്ഥം, "ദൈവത്തെപ്പോലെ ആരുള്ളു" എന്നാണ്". ഈ പേരുകളുടെ ശ്രദ്ധ തങ്ങളിലേക്കല്ല, ദൈവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മനുഷ്യദൂതന്മാരെപ്പോലെ, ദൈവികദൂതന്മാരും ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും ശക്തിയുടെയും പ്രതിരൂപങ്ങളാണ്. എന്നാൽ ബൈബിളിൽ ദൂതന്മാരെ അന്വേഷിക്കാൻ ആരും ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മാലാഖമാർ പ്രത്യക്ഷപ്പെടുമ്പോൾ, ആളുകൾ സാധാരണയായി ആശയക്കുഴപ്പത്തിലാകുകയോ പരിഭ്രാന്തരാകുകയോ ചെയ്യുന്നു. അതിനാൽ മാലാഖമാർ ശരിക്കും ഭയങ്കര ജീവികളാണ്. പക്ഷേ, അവർക്കു ബൈബിളിൽ ഒരു സഹായക റോളാണുള്ളത്. ദൈവത്തിന്റെ ആത്യന്തിക ഉദ്ദേശ്യം, നിവൃത്തിക്കുന്നതിൽ മനുഷ്യരെ സഹായിക്കുക. മനുഷ്യരെ അവന്റെ സാന്നിധ്യത്തിലേക്ക് തിരികെ കൊണ്ടുവരിക. അതിനോടുള്ള ബന്ധത്തിൽ, തന്റെ ജനത്തെ സഹായിക്കാനും സേവിക്കാനും ദൈവം തന്റെ ദൂതന്മാരെ ഉപയോഗിക്കുന്നു. ഈ ആത്മജീവികൾ ഒക്കേയും ദൈവത്തിന്റെ ജ്ഞാനം, ശക്തി, മഹത്വം, കരുണ, കൃപ എന്നിവ വെളിപ്പെടുത്തുന്നതിനും നാം ദൈവത്തെ അനുസരിച്ചുകൊണ്ട് നിത്യമായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്.
യഹോവയുടെ ദൂതൻ (The Angel of Yahweh).

അടുത്തതായി, ബൈബിളിൽ കാണുന്ന മറ്റൊരു പ്രയോഗമാണ് "യഹോവയുടെ ദൂതൻ" അഥവാ The Angel of the Lord. ഇത് ബൈബിളിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രവും ഏറ്റവും അതിശയാവാനായ വ്യക്തിയുമാണ്. "കർത്താവിന്റെ ദൂതൻ" എന്ന പേരിലും ഈ വ്യക്തി അറിയപ്പെടുന്നു.

എന്നാൽ "യഹോവയുടെ ദൂതൻ" വെറും മാലാഖയല്ല. താൻ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം തന്റെ കാഴ്ചക്കാരെ, ബോധപൂർവ്വം ആശയക്കുഴപ്പത്തിലാക്കുന്ന നിലയിലാണ് എഴുത്തുകാർ തന്നെക്കുറിച്ചു വിവരിച്ചിരിക്കുന്നത്. അത് യഹോവ അയച്ച ഒരു ദൂതനാണോ അതോ യഹോവ തന്നെയാണോ എന്ന് ആ ദർശനം കണ്ട വ്യക്തികൾ അതിശയിച്ചതായി ആ വേദഭാഗങ്ങൾ വായിക്കുമ്പോൾ നമുക്കു മനസ്സിലാകും

ഉല്പത്തി പുസ്തകത്തിലെ നിരവധി ഉദാഹരണങ്ങളിൽ രണ്ടെണ്ണം മാത്രം നമുക്കു നോക്കാം. അബ്രഹാമിനെയും സാറയേയും വിട്ട് ഒളിച്ചോടിയ ഈജിപ്ഷ്യൻ അടിമയായ ഹഗാറിന്റെ കഥയിലാണത്. ആ വേദഭാഗം നമുക്കൊന്നു വായിക്കാം:

ഉൽപ്പത്തി 16:7-10

"7 പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ (ഹഗാറിനെ) കണ്ടു. 8 സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു. 9യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക എന്നു കൽപ്പിച്ചു. യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
(ഉൽപ്പത്തി 16:7-10).

"യഹോവയുടെ ദൂതൻ" എന്നു പറഞ്ഞശേഷം യഹോവ സംസാരിക്കുന്നു എന്ന നിലയിലാണ് എഴുത്തുകാരൻ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 9-ാം വാക്യം യഹോവയുടെ ദൂതൻ അവളോട് എന്നു പറഞ്ഞിട്ട്, താൻ യഹോവാ എന്ന നിലയിൽ അവളോടു കൽപ്പിക്കുന്നു. "നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്കുക." തുടർന്നും, യഹോവ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും എന്നല്ല അവിടെ പറയുന്നത്, ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും എന്നാണ്. ഈയൊരു സംസാരത്തിൽ നിന്നാണ് ഹഗാർ, തന്നോടു സംസാരിക്കുന്നത് യഹോവയാണെന്ന് തിരിച്ചറിയുന്നത്. അപ്പോൾ ഹാഗർ "നീ എന്നെ കാണുന്ന ദൈവം" എന്നു മറുപടി പറയുന്നു. എഴുത്തുകാരൻ ഹഗാറിനു പ്രത്യക്ഷപ്പെട്ട ആൾ രൂപത്തെ യഹോവയിൽ നിന്നു വ്യത്യസ്ഥനാണെന്ന നിലയിൽ യഹോവയുടെ ദുതൻ എന്നു വിളിക്കുന്നു.

യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെടുന്ന മറ്റു ചില ഭാഗങ്ങളിലും ഇതേ പാറ്റേൺ ദൃശ്യമാണ്.
പുറപ്പാട് 3:2-7 വാക്യങ്ങൾ. മോശെ തന്റെ അമ്മായിഅപ്പനായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ട് ഹെറോബ് പർവ്വതത്തിൽ എത്തിയപ്പോൾ തനിക്കു യഹോവ പ്രത്യക്ഷപ്പെടുന്ന രംഗമാണിത്. ഞാനിത് വായിക്കാം:

"2അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിന്റെ നടുവിൽ നിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപ്പടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് വെന്തുപോകാതിരിക്കുന്നതും കണ്ടു. (വാസ്തവത്തിൽ മോശെ കാണുന്നത്, അഗ്നിജ്വാല, തീ എന്നിവയാണ്, അതു കാണാനാണ് താൻ അടുത്തത്) 3മുൾപ്പടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്ന് ഞാൻ ചെന്നു നോക്കട്ടെ എന്നു മൊശെ പറഞ്ഞു. 4നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപ്പടർപ്പിന്റെ നടുവിൽ നിന്ന് അവനെ മോശേ, മോശേ എന്നു വിളിച്ചു. ഇതാ, ഞാൻ എന്നു പറഞ്ഞു. 5 അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചു കളക എന്നു കൽപ്പിച്ചു. 6 ഞാൻ അബ്രാഹമിന്റെ ദൈവവും യിസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി."

രണ്ടാം വാക്യത്തിൽ യഹോവയുടെ ദൂതൻ മോശെക്കു പ്രത്യക്ഷനായി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലാം വാക്യത്തിലെത്തിയപ്പോൾ "അവൻ വരുന്നതു യഹോവ കണ്ടപ്പോൾ" എന്നായി. പിന്നെ പറയുന്നു "ദൈവം" മുൾപ്പടർപ്പിന്റെ നടുവിൽ നിന്ന് അവനെ മോശെ മോശെ എന്നു വിളിക്കുന്നു. പിന്നെ അബ്രാഹമിന്റെ ദൈവം, യിസഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം എന്നിങ്ങനെ ആവർത്തിച്ചാവർത്തിച്ച് "ദൈവം" എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു.

മറ്റൊരു രിതിയിൽ പറഞ്ഞാൽ, എഴുത്തുകാരൻ മോശെക്കു പ്രത്യക്ഷപ്പെട്ട രൂപത്തെ, യഹോവയുടെ ദൂതൻ എന്ന നിലയിലും യഹോവയിൽ നിന്നു വ്യത്യസ്ഥനായും കാണുന്നു. യഹോവയുടെ ദൂതൻ എന്ന നിലയിലും യഹോവയിൽ നിന്നു വ്യത്യസ്ഥനായും കാണുന്നു. എന്നാൽ പിന്നീട് അവരെ ദൈവം എന്നും വിളിക്കുന്നു.

മറ്റൊരു വാക്യം കുടി ഞാൻ വായിക്കുകയാണ്. ന്യായാധിപന്മാരുടെ പുസ്തകം 6:11-24 വരെയുള്ള വാക്യങ്ങൾ: ഇതിലെ പാറ്റേൺ ശ്രദ്ധിക്കുക: ഇത് അൽപ്പം ദീർഘമായ വേദഭാഗമാണ്. എന്നാൽ വളരെ ആഴമായ രണ്ടു വേദശാസ്ത്രസത്യങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു എന്നതിനാൽ ഇതു വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വേദഭാഗമാണ്.

ന്യായാധിപന്മാർ 6:11-24

"11അനന്തരം യഹോവയുടെ (ഒരു) ദൂതൻ (the angel of Yahweh) വന്നു ഒഫ്രയിൽ അബിയേസ്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു: അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെ വെച്ചു മെതിക്കയായിരുന്നു. 12യഹോവയുടെ ദൂതൻ (the angel of Yahweh) അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയെ, യഹോവ (Yahweh) നിന്നോടുകൂടെ ഉണ്ട് എന്ന് അവനോടു പറഞ്ഞു. 13ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ(Yahweh) നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ(Yahweh) നമ്മെ മിസ്രയിമിൽ നിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ (Yahweh) നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏൽപ്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 14 അപ്പോൾ യഹോവ (Yahweh looked at him) അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽ നിന്നു രക്ഷിക്കും; ഞാനല്ലയൊ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു. 15അവൻ അവനോട്: അയ്യോ, കർത്താവേ (O Lord), ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽ വെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. 16യഹോവ (Yahweh) അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റമനുഷ്യനെപ്പോലെ തോൽപ്പിക്കും എന്നു കൽപ്പിച്ചു. 17അതിന്നു അവൻ: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിനു ഒരു അടയാളം കാണിച്ചു തരേണമെ.18 ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്നു നിന്റെ മുൻപാകെ വെക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങി വരുവോളം ഞാൻ താമസിക്കാം എന്നു അവൻ അരുളിച്ചെയ്തു. 19 അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻ കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻ കീഴെ കൊണ്ടുവന്നു അവന്റെ മുമ്പിൽ വെച്ചു. 20 അപ്പോൾ ദൈവത്തിന്റെ ദൂതൻ (The angel of God) അവനോടു: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേൽ വെച്ചു ചാറു അതിന്മേൽ ഒഴിക്ക എന്നു കൽപ്പിച്ചു. അവൻ അങ്ങനെ ചെയ്തു. 21യഹോവയുടെ ദൂതൻ (The angel of Yahweh) കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു: ഉടനെ പാറയിൽ നിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന്നു മറഞ്ഞു (Then the angel of the lord vanished). 22 അവൻ യഹോവയുടെ ദൂതൻ (the angel of the Lord) എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ ദൈവമായ യഹോവേ (Yahweh God), ഞാൻ യഹോവയുടെ ദുതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു (I have seen the angel of the Lord face to face). 23 യഹോവ (Yahweh) അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ട, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു. 24ഗിദെയോൻ അവിടെ യഹോവെക്കു (Yahweh) ഒരു യാഗപീഠം പണിതു അതിനു യഹോവ (Yahweh) ശാലേം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്യർക്കുള്ള ഒഫ്രയിൽ ഉണ്ടു."

യഹോവയുടെ ദൂതൻ, യഹോവ, ദൈവം എന്നിവ മാറി മാറി ഉപയോഗിച്ചിരിക്കുന്നു. യഹോവയുടെ ദൂതൻ, യഹോവയുടെ ദൂതൻ എന്ന് ആദ്യത്തെ രണ്ടു വാക്യങ്ങളിൽ ആവർത്തിച്ച ശേഷം 14ൽ എത്തുമ്പോൾ "യഹോവ അവനെ നോക്കി" എന്നായി. പിന്നെ "ഞാനല്ലയൊ നിന്നെ അയക്കുന്നത്" എന്നും പറയുന്നു.അപ്പോൾ ഗിദയോൻ യഹോവയുടെ ദൂതനെ "കർത്താവെ" എന്നു വിളിക്കുന്നു. 21-ാം വാക്യത്തിലെത്തുമ്പോൾ യഹോവയുടെ ദൂതൻ അപ്രത്യക്ഷമാകുന്നു. എന്നാൽ 23 ൽ യഹോവ അപ്പോഴും അവന്റെ അരികെ നിന്നും അവനോട് സംസാരിക്കുന്നതായി നാം കാണുന്നു.

എഴുത്തുകാരൻ മനഃപ്പൂർവ്വം യഹോവയേയും യെഹോവയുടെ ദുതനേയും വേർതിരിച്ചറിയാൻ കഴിയാത്തവിധം അവ്യക്തമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്? ഇതിലൂടെ യഹോവയെ സംബന്ധിച്ച, യഹോവയുടെ identity യെ സംബന്ധിച്ച, വളരെ ആഴമായ വേദശാസ്ത്രസത്യം നമ്മോടു പറയുന്നു. യഹോവയെ സംബന്ധിച്ച ഒന്നാമത്തെ വേദശാസ്ത്രസത്യം എന്നത്: യിസ്രായേലിന്റെ ദൈവം ഒരു complex unity അഥവാ സങ്കീർണ്ണമായ ഏകത്വമാണ് എന്നതാണ്. "complex unity" അഥവാ "സങ്കീർണ്ണ ഏകത്വം". രണ്ടാമത്തെ വേദശാസ്ത്ര സത്യമെന്നത്: യഹോവ ഉന്നതനും മനുഷ്യനു അപ്രാപ്യനുമായ ദൈവമാകയാൽ, തന്റെ സൃഷ്ടികളുമായി ബന്ധപ്പെടാൻ ഒരു മദ്ധ്യസ്ഥനായ വ്യക്തിയിലുടെ താൻ ഇടപെടുന്നു എന്ന കാര്യമാണ്. യഹോവയോടു മനുഷ്യനു നേരിട്ട് ഇടപെടാൻ കഴിയാത്തതിനാൽ, താൻ ഒരു മദ്ധ്യസ്ഥനിലൂടെ ഇടപെടുന്നു.

യഹോവ മനുഷ്യനു അപ്രാപ്യനായ വ്യക്തിയായതുകൊണ്ടാണ് യഹോവയുടെ ദർശനം ലഭിച്ചവർ, ഞാൻ യഹോവയെ അഭിമുഖമായി കണ്ടുവല്ലോ, ആകയാൽ തങ്ങൾ മരിച്ചുപോകും എന്നു പലഭാഗത്തും പറയുന്നത്. ഈ ഭയം നമ്മുടെ ഉള്ളിൽ ഉണ്ടോ? ഈയൊരു ബഹുമാനവും ആദരവും ദൈവത്തോട് നമുക്കുണ്ടോ? അതോ കേവലം ഒരു ചങ്ങാതി എന്ന നിലയിലാണോ നാം ദൈവത്തെ കാണുന്നത്? നമുക്കപ്രാപ്യനായ ദൈവം ഒരു മദ്ധ്യസ്ഥനിലൂടെ നമ്മോടു ഇടപെടുന്നു. ഈ മദ്ധ്യസ്ഥൻ ഒരേ സമയം യഹോവയും യഹോവയുടെ ദൂതനും എന്ന നിലയിൽ വ്യതിരിക്തങ്ങളായ (distinct), വ്യത്യസ്ഥങ്ങളായ വ്യക്തികളാണ്.

ഇനിയും, പുറപ്പാട് 13:20-21; പുറപ്പാട് 16:9-10, പുറപ്പാട് 14:19-20, പുറപ്പാട് 19:18-20, പുറപ്പാട് 23:20-21, പുറപ്പാട് 24:16-18, പുറപ്പാട് 40:34-38 എന്നീ വേദഭാഗങ്ങളിൽ യഹോവയേയും യഹോവയുടെ ദൂതനേയും ചില പ്രതീകങ്ങളിലൂടെ (images) ചിത്രീകരിച്ചിരിക്കുന്നതു കാണാം. ആ പ്രതീകങ്ങൾ എന്നു പറയുന്നത് cloud (Shekinah) അഥവാ മേഘം, fire അഥവാ തീയ്, piller of fire അഥവാ അഗ്നിത്തൂൺ എന്നിവയാണ്.

യഹോവയുടെ ദൂതനെ തീയായി (fire) പുറപ്പാടു മുന്നിലും, മേഘമായി / cloud or shekinah ആയി പുറപ്പാടു 13 ലും, യിസ്രായേലിന്റെ മരുഭൂപ്രയാണത്തിൽ guide ആയി/ വഴികാട്ടിയായി പുറപ്പാട് 23 ലും ചിത്രീകരിച്ചിരിക്കുന്നു. യഹോവയുടെ ദൂതനെയാണ് ഈ പ്രതീകങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നത്.

അതേ സമയം, യഹോവയെ pilller of cloud/ അഗ്നിത്തൂണായി പുറപ്പാട് 14 ലും, fire and glory/ തീയും മഹത്വവുമായി പുറപ്പാട് 16 ലും, യിസ്രായേലിനെ നയിക്കുന്ന യഹോവയുടെ മഹത്വം മേഘമായി/ glory of Yahweh as cloud പുറപ്പാട് 24 ലും, ചിത്രീകരിച്ചിരിക്കുന്നു. ഇവിടെ യഹോവയെയാണ് ഈ പ്രതീകങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നത്. അതായത്, യഹോവയേയും യഹോവയുടെ ദൂതനേയും സമാനങ്ങളായ പ്രതീകങ്ങളിലൂടെ എഴുത്തുകാരൻ ചിത്രീകരിച്ചിരിക്കുന്നു.

അതായത്, യഹോവ, യഹോവയുടെ ദൂതൻ എന്നീ പേരുകളിൽ മാത്രമല്ല, യഹോവയുടെ പ്രതീകങ്ങളായി (images) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അഗ്നിത്തൂൺ, മേഘസ്തംഭം, മഹത്വം എന്നിത്യാധി പ്രതീകങ്ങളിലും യഹോവയും യഹോവയുടെ ദുതനേയും ഒരു complex unity അഥവാ സങ്കീർണ്ണമായ ഏകതയായി അതേസമയം വ്യതിരിക്തങ്ങളായ വ്യക്തികളായി ചിത്രീകരിച്ചിരിക്കുന്നു.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, യഹോവ ഏകനാണോ? ആണ്. അതേ സമയം ആ ഏകത്വത്തിൽ നാനാത്വമുണ്ടോ? ഉണ്ട്. അതല്ലെങ്കിൽ ആ ഏകത ഒന്നിൽകൂടുതൽ വ്യക്തികൾ അടങ്ങിയ ഏകതയാണ്. ചുരുക്കി പറഞ്ഞാൽ, യഹോവയുടെ ദുതൻ ഒരേ സമയം യഹോവയും യഹോവയുടെ ദൂതനുമാണ്. അവർ distinct ആയ അഥവാ വ്യതിരിക്തങ്ങളായ, വ്യത്യസ്ഥങ്ങളായ വ്യക്തികളാണ്.

ഇനി നമുക്കു യഹോവയുടെ ദൂതനെ പുതിയ നിയമത്തിൽ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു നോക്കാം.

യിസ്രായേലിന്റെ ദൈവമായ "യഹോവയുടെ ദൂതൻ" ജഡധാരണം ചെയ്തതാണ് സാക്ഷാൽ യേശുക്രിസ്തു. ഇതാണ് യേശുക്രിസ്തു ദൈവമാണ് എന്ന പുതിയനിയമ അവകാശവാദത്തിന്റെ തിരുവചനാടിസ്ഥാനം. "യഹോവയുടെ ദൂതൻ" മനുഷ്യനായി ജഡമെടുത്തതാണ് യേശുക്രിസ്തു.

യേശുക്രിസ്തുവിന്റെ ദൈവത്തെ വ്യക്തമായി ചിത്രീകരിക്കുന്ന യോഹന്നാന്റെ സുവിശേഷം 1:1-3 വരെ വാക്യങ്ങൾ നമുക്കൊന്നു വായിക്കാം: യഹോവയും യഹോവയുടെ ദൂതനും എന്ന ആശയം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഈ വാക്യത്തെ നിങ്ങൾ ശ്രദ്ധിക്കുക: "1ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. 3സകലവും അവൻ മുഖാന്തിരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല."

ഈ അതിശയകരമായ വേദഭാഗത്ത് അനവദി കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും, നമ്മുടെ വിഷയത്തോടുള്ള ബന്ധത്തിൽ, വളരെ relevant ആയ അഥവാ പ്രസക്തമായ പോയിന്റ് എന്നു പറയുന്നത് ജഡധാരണത്തിനു മുൻപുള്ള യേശുക്രിസ്തുവിന്റെ ചിത്രമാണ് യോഹന്നാൻ നൽകുന്നത് എന്നതാണ്. ജഡധാരണത്തിനു മുൻപുള്ള യേശുക്രിസ്തുവിന്റെ ചിത്രം. എങ്ങനെയാണ്, വചനം അഥവാ യേശുക്രിസ്തു ദൈവത്തോടുകൂടെ ആയിരുന്നു എന്ന് ഇപ്പോൾ നിങ്ങൾക്കു വ്യക്തമായി കാണുമെന്ന് ഞാൻ കരുതുന്നു. ദൈവമായ യഹോവയും യഹോവയുടെ ദൂതനും എങ്ങനെയാണ് ഒരുമിച്ച് ആയിരുന്നത് എന്ന് പഴയനിയമതിരുവെഴുത്തുകളിൽ നാം കണ്ടു. അതു യോഹന്നാൻ നമ്മേ വരച്ചു കാണിക്കുന്നത് ഇപ്രകാരമാണ്: "ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു".

യോഹന്നാന്റെ സുവിശേഷം 12-14 അദ്ധ്യായങ്ങളിലേക്കു വരുമ്പോൾ താൻ ഈ പറയുന്നതിന്റെ clarity/വ്യക്തത നമുക്കു ലഭിക്കും.
:
യോഹന്നാൻ 12:35-41

"35അതിനു യേശു അവരോട്: ഇനി “കുറെക്കാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലൊ. 36നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. 37 ഇതു സംസാരിച്ചിട്ട് യേശു വാങ്ങിപ്പോയി (aperchomai) അവരെ വിട്ടു മറഞ്ഞു (krupto). അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. 38"കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? എന്നു യെശയ്യാ പ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു". 39അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവ് വേറെ ഒരേടത്തു പറയുന്നതു: 40അവർ കണ്ണുകൊണ്ട് കാണുകയൊ ഹൃദയം കൊണ്ടു ഗ്രഹിക്കയൊ മനം തിരിയുകയൊ താൻ അവരെ സൗഖ്യമാക്കുകയൊ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു." 41യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു (യെശ. 6:10)."

യോഹന്നാൻ 11-ാം അദ്ധ്യായത്തിലാണ് മരിച്ച ലാസറിനെ മുന്നു ദിവസങ്ങൾക്കു ശേഷം യേശു ഉയർത്തെഴുനേൽപ്പിച്ചത്. യേശു ഇതിനോടകം അനേകം അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തുകഴിഞ്ഞിരുന്നു. ആ അത്ഭുതങ്ങളിലെ ഏറ്റവും വിശേഷപ്പെട്ട, താൻ വാസ്തവത്തിൽ ആരാണ് എന്നതിനു ശക്തമായ തെളിവ് നൽകുന്നതായിരുന്നു ലാസറിന്റെ ഉയർത്തെഴുനേൽപ്പിക്കൽ. എന്നാൽ യെരൂശലേമിലെ മതനേതാക്കൾ യേശുവിനെ തള്ളിക്കളഞ്ഞു. അവർ യേശുവിൽ വിശ്വസിച്ചില്ല. അവസാനം തന്റെതന്നെ മരണത്തിന്റേയും ഉയർത്തെഴുനേല്പിന്റേയും നിഴലായി മൂന്നാം നാളിൽ ലാസറിനെ ഉയർത്തെഴുന്നേൽപ്പിച്ചു. എന്നിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. അവർ അവനിൽ വിശ്വസിച്ചില്ല എന്നതിനു വളരെ ഊന്നൽ നൽകിയാണ് യോഹന്നാൻ ഇവിടെ പറയുന്നത്. പിന്നെ അവർ അവനെ തിരസ്ക്കരിച്ചതിനുള്ള വിശദീകരണവും വിശ്വസിക്കാത്തതിന്റെ കാരണവും യെശയ്യാ പ്രവചനത്തിൽ നിന്നുള്ള രണ്ട് ഉദ്ധരണികളിലൂടെ താൻ നൽകുന്നു. അവർ അവനെ തിരസ്ക്കരിച്ചതിൽ തെല്ലും അത്ഭുതപ്പെടേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട്, യെശയ്യ 53:1 ഉദ്ധരിക്കുന്നു. "38കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? എന്നു യെശയ്യാ പ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു" (യെശ. 53:1). തുടർന്നു 39അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവ് വേറെ ഒരേടത്തു പറയുന്നതു: എന്നു പറഞ്ഞുകൊണ്ട് യെശയ്യാ 6:10 ഉദ്ധരിക്കുന്നു. ആ ഉദ്ധരണിയാണ്: "40അവർ കണ്ണുകൊണ്ട് കാണുകയൊ ഹൃദയം കൊണ്ടു ഗ്രഹിക്കയൊ മനം തിരിയുകയൊ താൻ അവരെ സൗഖ്യമാക്കുകയൊ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു" എന്നത്.

യെശയ്യാ 6:10 ന്റെ പ്രത്യേകത എന്താണ്? യെശയ്യാ 6 ലെ ആദ്യവാക്യങ്ങൾ നമുക്കെല്ലാം വളരെ സുപരിചിതമായ വാക്യങ്ങളാണ്: "1ഉസ്സിയാരാജാവു മരിച്ച ആണ്ടിൽ കർത്താവ് ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ (യെശയ്യാവു) കണ്ടു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. 2സെറാഫുകൾ അവനു ചുറ്റും നിന്നു; ഒരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു. രണ്ടുകൊണ്ട് അവർ മുഖം മൂടി, രണ്ടുകൊണ്ട് കാൽ മൂടി, രണ്ടുകൊണ്ടു പറന്നു. 3 ഒരുത്തനോടു ഒരുത്തൻ, സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു."

യഹോവയുടെ മഹത്വം കണ്ട യെശയ്യാവ് തനിക്കു അയ്യോ കഷ്ടം എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ വിശുദ്ധീകരിച്ചു. എന്നിട്ട് ആർ എനിക്കുവേണ്ടി പോകും എന്നു ചോദിക്കുന്നു. അപ്പോൾ അടിയനിതാ, അടിയനെ അയക്കേണമെ എന്നു യെശയ്യ മറുപടി പറയുന്നു. പക്ഷെ, നീ പോയി ജനത്തോടും പറഞ്ഞാലും അവർ വിശ്വസിക്കയില്ല എന്നു പറഞ്ഞിട്ട് ഈ പത്താം വാക്യം പറയുന്നു: "40അവർ കണ്ണുകൊണ്ട് കാണുകയൊ ഹൃദയം കൊണ്ടു ഗ്രഹിക്കയൊ മനം തിരിയുകയൊ താൻ അവരെ സൗഖ്യമാക്കുകയൊ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു." അന്നത്തേതുപോലെ ഇപ്പോൾ ഇതാ ഇവിടേയും സംഭവിച്ചിരിക്കുന്നു. യേശുക്രിസ്തു വന്നു, സംസാരിച്ചു. എന്നാൽ അവനെ അവർ തിരസ്കരിച്ചിരിക്കുന്നു. 41-ാം വാക്യത്തിൽ താൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: "യെശയ്യാവ് അവന്റെ (യേശുവിന്റെ) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞതു." അത് വാസ്തവമായി ഇവിടെ യാഥാർത്ഥ്യമായി തീർന്നിരിക്കുന്നു. യോഹന്നാന്റെ അവകാശവാദം ധീരവും ശക്തവും direct/നേരിട്ടുള്ളതുമാണ്. യെശയ്യാവ് മനുഷ്യാവതാരത്തിന് മുമ്പുള്ള യേശുവിനെയാണ് യഹോവയായി കാണുന്നത് എന്നാണ് യോഹന്നാൻ ഇതിലൂടെ പറഞ്ഞുവെക്കുന്നത്.

ഒരു മുസ്ലീമിനൊ ഒരു യെഹൂദനൊ, ഒരു യഹോവാസാക്ഷിക്കൊ നിഷേധിക്കുവാൻ കഴിയാത്ത അതിശക്തമായ വാദമാണ് യോഹന്നാൻ ഇവിടെ നടത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കുകയൊ വിശ്വസിക്കാതിരിക്കയൊ ചെയ്യുന്നത് അവരുടെ ഉത്തരവാദിത്വം. അത് ഞാൻ അവർക്കു വിടുന്നു.

ഇതു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നാവുന്ന ഒരു ന്യായമായ സംശയം, പിന്നെ എന്തുകൊണ്ടാണ് യേശുവിനെ പുതിയ നിയമത്തിൽ "യാഹോവയുടെ ദൂതൻ" എന്ന് വിളിക്കാത്തത്? യേശുക്രിസ്തു പഴയനിയമത്തിലെ യഹോവയുടെ ദൂതനാണെന്ന് പുതിയ നിയമ എഴുത്തുകാർ പറഞ്ഞിരുന്നെങ്കിൽ യാതൊരു confusion നും ഉണ്ടാകുമായിരുന്നില്ലല്ലൊ എന്നു ചിന്തിക്കുന്നത് സ്വാഭാവികം. അതിനുള്ള ചില വിശദീകരണങ്ങളാണ് ഞാനിനി നൽകാൻ പോകുന്നത്. നാം ഓരോരുത്തരും ചിന്തിക്കുന്നതുപോലെ ബൈബിളിന്റെ എഴുത്തുകാർ എഴുതിത്തന്നിരുന്നുവെങ്കിൽ ഒറ്റവായനക്കു തന്നെ എല്ലാം നമുക്കു മനസ്സിലാകുമായിരുന്നു. എന്നാൽ എല്ലായിപ്പോഴും അങ്ങനെയാകണമെന്ന് യാതൊരു നിർബ ന്ധവുമില്ല. കാരണം എത്ര പ്ലെയിനായി പറയുന്നകാര്യം പോലും ചിലർ വേറെ നിലയിലാണ് എടുക്കുന്നത്. ഉദാഹരണമായി, യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായം. അവിടെ യേശുക്രിസ്തു വളരെ പ്ലെയിനായി നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ എന്നിലും വിശ്വസിപ്പിൻ, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു, ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു. ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. ഞാൻ മുഖാന്തിരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല, എന്നിത്യാദി അനവദി പ്രയോഗങ്ങൾ താൻ നടത്തി. എന്നാൽ അത് വിശ്വസിക്കുവാൻ തയ്യാറുള്ളവർ എത്രപേരുണ്ട്? മറ്റൊരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾ ചെയ്യുന്നതു വിഗ്രഹാരാധനയാണെന്ന് പറഞ്ഞുകൊണ്ട് ബൈബിളിൽ നിന്ന് എത്രതന്നെ വാക്യങ്ങൾ ചൂണ്ടിക്കാട്ടിയാലും അത് വിശ്വസിക്കുന്നവർ എത്രപേരുണ്ട്. ഒരേ വാക്യത്തെ തന്നെ പല നിലകളിൽ വ്യാഖ്യാനിക്കുന്നവർ അനവധിയാണ് എന്നതുകൊണ്ട് മുകളിൽ പറഞ്ഞ നിർദ്ദേശം പ്രായോഗികമല്ല.

ഇനിയും മറ്റുചില കാരണങ്ങൾ കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒന്നാമത്തെ കാരണം, ഹെബ്രായ ബൈബിളിലെ യഹോവ യേശുവിന്റെ വ്യക്തിത്വത്തിൽ കണ്ടുമുട്ടിയ അതേ വ്യക്തിയാണെന്ന് അപ്പോസ്തലന്മാർ വിശ്വസിച്ചിരുന്നതായി അവർ നൽകിയ ഉദ്ധരണികൾ വ്യക്തമാക്കുന്നു. യഹോവയുടെ ദൂതൻ എന്ന വാക്ക് നേരിട്ട് ഉപയോഗിക്കാതെ യഹോവയുടെ ദൂതനോടു ബന്ധപ്പെട്ട വേദഭാഗങ്ങൾ അപ്പോസ്തലന്മാർ ഉദ്ധരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഉദാഹരണം ഒന്ന്, യെശയ്യാവ് 6-ൽ നിന്നും ദൈവാലയത്തിൽ കണ്ട യഹോവയുടെ അഥവാ യഹോവയുടെ ദൂതന്റെ സിംഹാസനസ്ഥനായ മഹത്വം യോഹന്നാൻ 12-ൽ ഉദ്ധരിച്ച് യേശുവിനു അത് ബാധകമാക്കിയിരിക്കുന്നു.

ഉദാഹരണം രണ്ട്, പുറപ്പാട് 24 ൽ സീനായ് പർവതത്തിൽ മോശെ കണ്ട യാഹോവയുടെ സിംഹാസനസ്ഥനായ, മനുഷ്യസമാനമായ രൂപം, മർക്കോസ് 9:1-3 യേശുവിന്റെ മറുരൂപമലയിലെ രൂപാന്തരമായി ചിത്രീകരിക്കുന്നു.

രണ്ടാമത്തെ കാരണം, യഹോവയുടെ ദുതൻ എന്ന വാക്ക് നേരിട്ട് ഉപയോഗിക്കാതെ ആലങ്കാരിക പ്രയോഗങ്ങൾ അഥവാ ഛായ ചിത്രങ്ങളും, ആശയപരമായ വർണ്ണനകളും ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ കാരണമെന്തെന്നാൽ;

1) യേശു കേവലം ഒരു ദൂതൻ മാത്രമാണെന്ന ആശയം ആരുടെയും മനസ്സിൽ കയറിക്കൂടരുതെന്ന് അവർ ആഗ്രഹിച്ചു. മാലാഖമാർ ശ്രദ്ധേയരായ ജീവികളാണ്, പക്ഷേ അവർ സൃഷ്ടികളാണ്, അതായത്, അവരുടെ സ്രഷ്ടാവ് നിലനിറുത്തുന്ന കേവലം സൃഷ്ടികൾ. യേശു സൃഷ്ടിതാവാണ്.

2) അപ്പോസ്തലന്മാർ യേശുവിനെക്കുറിച്ച് കൂടുതൽ ഉയർന്ന അവകാശവാദം ഉന്നയിക്കാൻ ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്. അവൻ നമ്മുടെ ഇടയിൽ വന്ന ഒരു ഉന്നത മാലാഖയല്ല; മറിച്ച്, അവൻ ഒരു മനുഷ്യനായിത്തീർന്ന യഹോവയാണ്, യഹോവയുടെ ദൂതനാണ്.

യഹോവയുടെ ദുതനായ യേശുവിന്റെ വാക്കുകളെ ശ്രദ്ധിക്കുക (Listen to Jesus, the angel of Yahweh).

പഴയനിയമ തിരുവചനത്തിൽ കണ്ട യഹോവയുടെ ദൂതൻ ജഡമെടുത്തതാണ് യേശുക്രിസ്തു എന്ന വസ്തുതയാണ് കാര്യകാരണ സഹിതം ഞാൻ തെളിയിച്ചത്. ആ നിലക്ക് നാം യേശുക്രിസ്തുവിന്റെ വാക്കുകളോടു എങ്ങനെ പ്രതികരിക്കണം എന്നതാണ് നമ്മുടെ ഓരോരുത്തരുടേയും മുന്നിലുള്ള ചോദ്യം. ദൈവം മത്സരികളായ നമ്മേ ദൈവസന്നിധിയിലേക്കു തിരികെ കൊണ്ടുവരുവാൻ എത്ര വലിയ പദ്ധതിയാണ് ദൈവം ഒരുക്കിയത് എന്ന് നാം ഓർക്കുക. പാപത്തെ ഏറ്റവും വെറുക്കുന്ന, പാപിയെ ശിക്ഷിക്കുന്ന യഹോവ അവനെ സ്നേഹിച്ചുകൊണ്ട് അവന്റെ ശിക്ഷ തന്റെ പുത്രന്റെമേൽ ചുമത്തിയാണ് നമ്മുടെ വലിയ രക്ഷ ഒരുക്കിയിരിക്കുന്നത്. ആ പുത്രന്റെ വാക്കുകൾക്കു നാം ചെവികൊടുക്കുന്നില്ലെങ്കിൽ അത് എത്ര വലിയ അപരാധമാണ് എന്ന് ഓർക്കുക.

പുറപ്പാട് : 23:20-21 "20ഇതാ വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുൻപിൽ അയക്കുന്നു. 21 നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു."


ഹെബ്രായലേഖനം 1:1-4 "1ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തിരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ടു 2ഈ അന്ത്യകാലത്ത് പുത്രൻ മുഖാന്തിരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തിരം ലോകത്തേയും ഉണ്ടാക്കി. 3അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ട് പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയ ശേഷം ഉയരത്തിൽ മഹിമയുടെ വലത്തു ഭാഗത്ത് ഇരിക്കയും 4അവൻ ദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരേക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു."

തന്റെ നാമം വഹിക്കുന്ന, യഹോവയുടെ ദൂതന്റെ വാക്കു നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം എന്നാണ് പുറപ്പാടു പുസ്തകത്തിന്റെ എഴുത്തുകാരനായ മോശെ യിസ്രായേൽ മക്കളോടു ആവശ്യപ്പെടുന്നത്. എബ്രായലേഖനത്തിന്റെ എഴുത്തുകാരനും അതേ കാര്യം തന്നെ നമ്മോടു ആവശ്യപ്പെടുകയാണ്. ഈ അന്ത്യകാലത്ത് പുത്രൻ മുഖാന്തിരം ദൈവം നമ്മോട് സംസാരിച്ചിരിക്കുന്നു. നാമതിനു ചെവികൊടുക്കുമൊ? സർവ്വവല്ലഭനായ നമ്മുടെ കർത്താവ് ഈ വചനങ്ങളാൽ നമ്മേ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.

******

© 2020 by P M Mathew, Cochin

bottom of page