
നിത്യജീവൻ

എബ്രായലേഖന പരമ്പര-05
P M Mathew
DEC 04, 2022
In What Ways Is Jesus Better than Angles?
യേശു ദൂതന്മാരെക്കാൾ ഏതെല്ലാം നിലകളിൽ ശ്രേഷ്ഠൻ ആയിരിക്കുന്നു?
Hebrews 1:5-6
എബ്രായലേഖനത്തിൽ നിന്നാണ് ഇതിനു മുന്നമെ, ഞാൻ നിങ്ങളുമായി പങ്കുവെച്ചത്. ഒന്നാം അദ്ധ്യായം അതിന്റെ 1-4 വരെ വാക്യങ്ങളെ ആസ്പദമാക്കി നാലു പ്രസംഗങ്ങൾ ഞാൻ നടത്തി. അവിടെ നാം കണ്ടത്, ദൈവം മനുഷ്യരോടു അരുളിച്ചെയ്തിരിക്കുന്നു എന്ന കാരൃമാണ്. പഴയനിയമകാലത്ത് ദൈവം വിവിധ മുഖന്തിരങ്ങളിലൂടെ പിതാക്കന്മാരോടു അരുളിച്ചെയ്തിട്ട് ഈ അന്ത്യകാലത്ത് പുത്രൻ മുഖാന്തിരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. ദൈവം മനുഷ്യരോട് സംസാരിക്കുന്ന ദൈവമാണ്. God is a communicator. ദൈവം മനുഷ്യരുമായി ആശയവിനിമയം നടത്തുന്നു. ആശയവിനിമയം എന്നത് കൂട്ടായ്മയുടെ തെളിവാണ്. ദൈവം മനുഷ്യനുമായി ഒരു ബന്ധം ആഗ്രഹിക്കുന്നു. പരസ്പരം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ഏതൊരു ബന്ധവും ശുഷ്ക്കമാണ്. ആ ബന്ധത്തിനു തീരെ ആഴമുണ്ടാവില്ല. ദൈവം നാമുമായി ബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്നു. ഇന്നു നമുക്ക് ദൈവവുമായി ബന്ധം സാദ്ധ്യമായിത്തീരുന്നത് ദൈവത്തിന്റെ വചനം വായിക്കുന്നതിലൂടെയാണ്, ദൈവവചനം ധ്യാനിക്കുന്നതിലൂടെയാണ്.
യേശുവിന്റെ വാക്കിനു നിങ്ങൾ എന്തുകൊണ്ട് ചെവികൊടുക്കണം എന്നു ഒരുവൻ ചോദിച്ചേക്കാം. എന്തു ആധികാരികതയാണ് യേശുവിന്റെ വാക്കിനുള്ളത്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ലേഖനകാരൻ 3-4 വാക്യങ്ങളിൽ നൽകുന്നത്. യേശു സകലത്തിനും അവകാശിയാണ്, അവൻ സകലത്തേയും സൃഷ്ടിച്ചവനാണ്. യേശു ദൈവത്തിന്റെ പ്രതിമയാണ് അഥവാ ദൈവത്തിന്റെ മഹത്വമാണ്. അവൻ ദൈവത്തിന്റെ പുത്രനാണ്. അവൻ മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരം വരുത്തിയ വ്യക്തിയാണ്. പിതാവിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായ വ്യക്തിയാണ്. ചുരുക്കിപ്പറഞ്ഞാൽ, ദൈവത്തോടു സമനായ, ദൈവത്തോടു തുല്യനായ വ്യക്തിയാണ്. ഇതൊക്കെയാണ് ദൈവത്തിന്റെ സ്ഥാനത്തുനിന്നും സംസാരിപ്പൻ തന്നെ യോഗ്യനാക്കിത്തീർത്തത്. ദൈവത്തിന്റെ അന്തിമമായ, പുത്രനിലൂടെയുള്ള അരുളപ്പാടോടു നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചോദ്യം. പുത്രന്റെ വാക്കുകളോടു നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നമ്മുടെ ഭാഗദേയം നിർണ്ണയിക്കുന്നത്.
ഈ ലേഖനത്തിന്റെ ആമുഖത്തിൽ, അതായത് 1-4 വരെ വാകൃങ്ങളിൽ, യേശുക്രിസ്തുവിൻറെ നിസ്തുല്ലൃത അഥവാ ശ്രേഷ്ടത മുഖൃപ്രമേയമായി ലേഖനകാരൻ അവതരിപ്പിക്കുന്നു. അതിനു ശേഷം ആ പ്രമേയത്തിന്റെ വികാസമാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ താൻ നടത്തുന്നത്.
ആമുഖവാക്യങ്ങളിൽ കാണുന്നതും തുടർന്നങ്ങോട്ടു പല പ്രാവശ്യം ആവർത്തിക്കുന്നതുമായ ഒരു വാക്ക് ഈ പ്രമേയത്തിന്റെ വികാസത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ആ വാക്ക് better അഥവാ "മികച്ചത് അഥവാ ശ്രേഷ്ഠം" എന്നതാണ്. Kreitton (κρείττων) എന്ന ഗ്രീക്ക് വാക്കാണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. much better, much greater, far greater, much superior എന്നീ നിലകളിലാണ് ഈ വാക്കു വിവിധ ഇംഗ്ലീഷ് പരിഭാഷകളിൽ തർജ്ജമ ചെയ്തിരിക്കുന്നത്. Kreitton(better) അഥവാ ശ്രേഷ്ഠം (മികച്ചത്) എന്ന വാക്ക് നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു illustration നൽകി ഞാൻ എന്റെ വിഷയത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നു.
ഒരു സെമിനാരി ക്യാമ്പസ്സിൽ ക്രിസ്മസിന് ആരാണ് ഏറ്റവും മികച്ച Christmas tree ഒരുക്കുന്നത് എന്നതിനെ സംബന്ധിച്ച ഒരു മത്സരം നടക്കുകയിയിരുന്നു. സെമിനാരി ക്യാമ്പസിന്റെ 3 ഡോർമിറ്ററികളിലായി താമസിച്ചിരുന്ന കുട്ടികളുടെ 3 ടീമുകളായിരുന്നു ഈ മത്സരത്തിൽ പങ്കുകൊണ്ടത്. ഒന്നാമത്തെ ടീമിന്റെ പേര് ജെയ്സൺ, രണ്ടാമത്തേത് പോൾസൺ, മൂന്നാമത്തേത് ജോൺസൺ.
ജയ്സണും ജോൺസണും ക്രിസ്മസ്സിനു മുന്നു ദിവസങ്ങൾക്കു മുന്നമെ തങ്ങളുടെ ഒരുക്കങ്ങൾ ആരംഭിച്ചു. പോൾസൺ ടീം ക്രിസ്മസ്സിനു തലേ ദിവസമാണ് തങ്ങളുടെ പണി ആരംഭിച്ചത്. അവർ പൊതുവെ വൈകിയാണ് പലതും ചെയ്യുന്നത് എങ്കിലും എന്തെങ്കിലും നൂതനമായ ആശയം പരീക്ഷിക്കുന്നവരായിരുന്നു. അവർ തമ്മിൽ ആലോചിച്ചു ഒരു പുതുമക്കുവേണ്ടി ഒരു ഒറിജിനൽ ക്രിസ്മസ് ട്രീ തന്നെ ഒരുക്കുവാൻ തീരുമാനിച്ചു. അതു വളരെ ശ്രമകരമായ ജോലി ആയിരുന്നെങ്കിലും അവരതിനുവേണ്ടി അൽപ്പം ബുദ്ധിമുട്ടാൻ തയ്യാറായി. അവർ തൊട്ടടുത്ത ഒരു വനത്തിൽ പോയി ഏകദേശം 15 അടി ഉയരം വരുന്ന ഒരു ക്രിസ്മസ് ട്രീ വെട്ടിയൊരു ലോറിയിൽ കയറ്റി തങ്ങളുടെ വാസസ്ഥലത്തിനു മുന്നിൽ കൊണ്ടു വന്നു അവിടെ സ്ഥാപിച്ചു. പിന്നീട് അതു നന്നായി അലങ്കരിച്ചു. അതിനു ശേഷം Paulson is better എന്നൊരു ബാനറും അതിനു പിന്നിൽ പതിപ്പിച്ചു. ഇതു ശ്രദ്ധയിൽ പെട്ട ജോൺസൺ ടീം തങ്ങളുടെ ക്രിസ്മസ് ട്രീക്കു പിന്നിൽ "Johnson is the best" എന്ന ബാനർ പതിപ്പിച്ചു.
മത്സരത്തിന്റെ സംഘാടകർ എത്തി. എല്ലാ ക്രിസ്മസ് Tree കളും അലങ്കാരങ്ങളും പരിശോധിച്ചു. ഓരോ ട്രീയുടേയും വിവിധ വശങ്ങളെ ഒരോന്നായി പരിശോധിച്ച എക്സാമിനേഴ്സ് Paulson Team ന്റെ ക്രിസ്മസ് ട്രീക്ക് ഒന്നാം സമ്മാനം നൽകുവാൻ തീരുമാനിച്ചു. കാരണം അവരുടെ ട്രീയുടെ ഒറിജിനാലാറ്റി, അതിന്റെ ഉയരം, അതിന്റെ ഓരോ കൊമ്പിലേയും അലങ്കാരങ്ങൾ ഇവ ഓരൊന്നായി പ്രത്യേകം പരിഗണിക്കപ്പെട്ടു. മറ്റു രണ്ടു ക്രിസ്മസ് ട്രിയുടെ അലങ്കാരങ്ങളെക്കാൾ മെച്ചമാണ് പോൾസൺ എന്ന് അവർക്കു ബോദ്ധ്യപ്പെട്ടു. അങ്ങനെ സമ്മാനം പോൾസൺ ടീം കരസ്തമാക്കി. Paulson is better എന്ന് രേഖപ്പെടുത്തിയിരുന്നതു പോലെ അവരുടെ ക്രിസ്മസ് ട്രീ രൂപത്തിലും, ഭാവത്തിലും, തനിമയിലും എല്ലാം വളരെ മെച്ചപ്പെട്ട നിലവാരം പുലർത്തിയിരുന്നു.
യേശുക്രിസ്തുവിന്റെ ശ്രേഷ്ടതയെക്കുറിച്ച് ഈ നിലയിലാണ് എബ്രായ ലേഖനകാരൻ തൻറെ ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്നത്.
ഒന്നാം അധ്യായത്തിന്റെ നാലാം വാക്യത്തിലാണ് better എന്ന വാക്കിൻറെ ആദ്യത്തെ പരാമർശനം നാം കാണുന്നത്. "അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന് അവകാശിയായതിനു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായി തീരുകയും ചെയ്തു." "Having become as much better than the angels as He has inherited a moremore excellent name than they" (Hebrews1:4, NASB).
ഒന്നാം അധ്യായത്തിൽ യേശു ദൂതന്മാരെക്കാൾ മികച്ചവൻ ആണെന്ന് ലേഖനകാരൻ സ്ഥാപിക്കുന്നു. അവിടെനിന്നും മുന്നോട്ടു പോകുമ്പോൾ, അതായത്, മൂന്നാം അദ്ധ്യായത്തിൽ അവൻ മോശയെക്കാൾ മികച്ചവനാണെന്ന് പറയുന്നു. നാലാം അദ്ധ്യായത്തിൽ യേശുവയെക്കാൾ മികച്ചവനാണ് യേശു എന്നു കാണുന്നു. അഞ്ചാം അദ്ധ്യായത്തിൽ അഹരോന്റെ പൗരോഹിത്യത്തേക്കാൾ മികച്ചതാണ് യേശുവിന്റെ പൗരോഹിത്യം എന്നു പറയുന്നു. 9 അദ്ധ്യായത്തിൽ യേശു മെച്ചപ്പെട്ട ഒരു കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നുവെന്നും അവൻ തന്നെത്തന്നെ മെച്ചപ്പെട്ട ഒരു യാഗമായി അർപ്പിച്ചുവെന്നും നാം കണ്ടെത്തുന്നു.
അതായത്, യേശുക്രിസ്തു എല്ലാവരേക്കാളും best ആണ് എന്ന് പറയുന്നതിനേക്കാളുപരി എല്ലാ മേഖലയിലുള്ളവരേയും തമ്മിൽ താരതമ്യപ്പെടുത്തിയിട്ട് അവരെല്ലാവരേയുംകാൾ യേശുക്രിസ്തു മെച്ചമാണ് എന്ന് ലേഖനകാരൻ സമർത്ഥിക്കുകയാണ്. ഒരോ വ്യത്യസ്ഥവശങ്ങളും തുലനപ്പെടുത്തി എങ്ങനെനോക്കിയാലും യേശു മെച്ചമാണ് എന്ന് പറയുകയാണ്. യേശു ദുതന്മാരേക്കൾ മെച്ചം, മോശയേക്കാൾ മെച്ചം, അഹറോന്യപൗരോഹിത്യത്തേക്കാൾ മെച്ചം, പഴയനിയമയാഗങ്ങളേക്കാൾ മെച്ചം. മോശൈക ഉടമ്പടിയേക്കാൾ അഥവാ പഴയനിയമ ഉടമ്പടിയേക്കാൾ യേശുക്രിസ്തുവിലൂടെയുള്ള ഉടമ്പടി മെച്ചം. മറ്റൊരു രീതിയിൽ പറഞ്ഞാൽ യേശുക്രിസ്തുവിന്റെ superiority- സർവ്വോത്കൃഷ്ടത അർത്ഥശങ്കക്കിടയില്ലാത്തവണ്ണം സ്ഥാപിച്ചു കൊണ്ട് അവന്റെ വാക്കുകൾക്കു ചെവികൊടുക്കുക. അതല്ലെങ്കിൽ അതിന്റെ ഭവിഷ്യത്തിനെ നേരിടുക എന്നതാണ് ഇടക്കിടെ ഈ ലേഖനത്തിൽ കാണുന്ന മുന്നറിയിപ്പുകൾ അഥവാ warnings അർത്ഥമാക്കുന്നത്.
ഒന്നാമത്തെ അദ്ധ്യായത്തിൽ യേശുക്രിസ്തുവിനെ ദൂതന്മാരുമായി തുലനപ്പെടുത്തിയിട്ട് എന്തുകൊണ്ട് യേശു ദൂതന്മാരെക്കാൾ മെച്ചം എന്നു സ്ഥാപിക്കുന്ന വേദഭാഗമാണ് 5-14 വരെയുള്ള വാക്യങ്ങൾ. അതിന്റെ 5-6 വാക്യങ്ങൾ മാത്രമാണു നാമിന്നു പഠിക്കുവാൻ പോകുന്നത്. ഞാനതു വായിക്കാം.
ഹെബ്രായർ 1:5-6
5 “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു."
5-14 വരെയുള്ള വാക്യങ്ങളാണ് ഒരു ചിന്തായൂണിറ്റ്. ഇതു വ്യാഖ്യാനിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള വേദഭാഗമാണിത്. ഇതു കേവലം ഭംഗിവാക്കല്ല എന്ന് ഇതിന്റെ എക്സ്പൊസിഷനിൽ നിന്നും നിങ്ങൾക്കു മനസ്സിലാകും. ഈ 9 വാക്യങ്ങളിൽ 7 പഴയനിയമ ഉദ്ധരണികളാണ് എഴുത്തുകാരൻ തിക്കിനിറച്ചിരിക്കുന്നത്. ഈ ഉദ്ധരണികളിൽ ചിലത് Septuagint bible, അതായത്, ഹെബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയായ LXX ൽ നിന്നാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് മനസ്സിലാക്കാൻ അതിന്റേതായ ബുദ്ധിമുട്ടും ഉണ്ട്. ഈ വേദഭാഗത്തിന് ഞാൻ കൊടുക്കാൻ ഉദ്ദേശിക്കുന്ന തലക്കെട്ട് എന്നുപറയുന്നത് യേശു ദൂതന്മാരെക്കാൾ ഏതെല്ലാം നിലകളിൽ ശ്രേഷ്ഠൻ ആയിരിക്കുന്നു എന്നതാണ് (In what ways is Jesus better to the Angels?).
ഈ വേദഭാഗത്തിന്റെ പ്രധാന ആശയം എന്താണ് എന്നു ഞാൻ പറയാം. അതിനു ശേഷം അതിന്റെ വിശദീകരണത്തിലേക്കു കടക്കാം.
പ്രധാന ആശയം
ദൂതന്മാർ അടിസ്ഥാനപരമായി ദൈവത്തിന്റേയും പുത്രന്റേയും മാത്രമല്ല രക്ഷിക്കപ്പെടുവാനിരിക്കുന്ന മനുഷ്യവർഗ്ഗത്തിന്റേയും സേവകന്മാർ ആയിരിക്കുമ്പോൾ, യേശുക്രിസ്തു ദാവീദിന്റെ സന്തതിയായ രാജാവും എല്ലാ ദൈവിക വാഗ്ദത്തങ്ങളുടേയും അവകാശിയും, സകലത്തിന്റേയും സൃഷ്ടാവും, സകല ആരാധനക്കും യോഗ്യനായി ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനുമായ, ദൈവപുത്രനാണ്. അൽപ്പം കുടി ലളിതമായി പറഞ്ഞാൽ ദൂതന്മാർ കേവലം സേവകരായിരിക്കുമ്പോൾ യേശു സകല ആരാധനക്കും അനുസരണത്തിനും യോഗ്യനായ ദൈവപുത്രനാണ്.
എന്തുകൊണ്ടാണ് ലേഖനകാരൻ ദൂതന്മാർക്കു ഇത്ര പ്രാധാന്യം നൽകി യേശുവിനെ ദൂതന്മാരോടു താരതമ്യം ചെയ്തിരിക്കുന്നത് എന്നു ചോദിച്ചേക്കാം. കാരണം, നമ്മേ സംബന്ധിച്ചിടത്തോളം ദൂതന്മാർ ഏറെ പ്രാധാന്യമുള്ളവരല്ല. എന്നാൽ യിസ്രായേൽ മക്കളെ സംബന്ധിച്ചിടത്തോളം മാലാഖമാർ വളരെ പ്രാധാന്യമർഹിച്ചിരുന്നു. യിസ്രായേൽ മാത്രമല്ല പുരാതന ലോകവും ദൂതന്മാർക്ക് വളരെ പ്രാധാന്യം കൽപ്പിച്ചിരുന്നു. ദൂതന്മാർ മുഖന്തിരമാണ് ന്യായപ്രമാണം ലഭിച്ചത് എന്ന് യെഹൂദന്മാർ ചിന്തിച്ചു. കർത്താവായ ദൈവത്തിന്റെ ഏജന്റുമാരായി അവർ പ്രവർത്തിക്കുന്നു എന്ന് പഴയനിയമ പുസ്തകങ്ങളിൽ പ്രത്യേകിച്ച്, ദാനിയേലിന്റെ പുസ്തകത്തിൽ നാം കാണുന്നു. ചില ക്രിസ്തീയ സമൂഹങ്ങൾ ദൂതന്മാരെ ആരാധിക്കുന്നതായി നാം കാണുന്നു. കൊലോസ്യാ ലേഖനത്തിൽ ദൂതന്മാരെ ആരാധിക്കുന്നതിനെതിരെ പൗലോസ് മുന്നറിയിപ്പ് നൽകുന്നതായി നാം വായിക്കുന്നു. ഈ ഭവിഷ്യത്തുകൾ ആർക്കും സംഭവിക്കരുത്. അതിനാൽ ദൂതന്മാരെക്കാൾ, മനുഷ്യനായി അവതരിച്ച യേശുവിന്റെ ശ്രേഷ്ടതയെ മനസ്സിലാക്കേണ്ടത് വളരെ ആവശ്യമാണ്.
യേശുക്രിസ്തു ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിരിക്കുന്നു എന്ന് പറയുവാനുള്ള 3 കാരണങ്ങൾ ഈ വേദഭാഗത്തു നിന്നും ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
1. യേശുവിനു ലഭിച്ച പൈതൃകനാമം.
2. പിതാവുമായുള്ള യേശുക്രിസ്തുവിന്റെ ബന്ധം
3. ദൂതന്മാർ യേശുക്രിസ്തുവിനെ നമസ്ക്കരിക്കുന്നു.
അഞ്ചാം വാക്യത്തിൽ നിന്ന് ആദ്യത്തെ രണ്ടു പോയിന്റും ആറാം വാക്യത്തിൽ നിന്നും മൂന്നാമത്തെ പോയിന്റുമാണ് ഞാൻ പറയുവാനായിട്ടു പോകുന്നത്.
അഞ്ചാം വാക്യം ഒരിക്കൽ കൂടി വായിക്കുന്നു: “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?”
യേശു ദൂതന്മാരേക്കാൾ ശ്രേഷ്ഠനാണ് എന്നു പറയുവാനുള്ള ഒന്നാമത്തെ കാരണം യേശുക്രിസ്തുവിനു ലഭിച്ചിരിക്കുന്ന പൈതൃകനാമമാണ്.
1. യേശുവിനു ലഭിച്ച പൈതൃകനാമം ("the name Jesus has inherited.")
രണ്ടു Rhetorical questions ആണ് ഈ വാക്യം. ഒരു പ്രധാനകാര്യം അഥവാ ഒരു പ്രധാനവസ്തുത ഊന്നി പറയുന്നതിനും, ഉത്തരം ആവർത്തിക്കേണ്ട ആവശ്യമില്ലാത്തവിധം, ചോദ്യത്തിൽ തന്നെ ഉത്തരം അടങ്ങിയിരിക്കുന്നതുമായ ചോദ്യങ്ങളെയാണ് Rhetorical questions എന്നു പറയുന്നത്.
അതിൽ ഒന്നാമത്തെ ചോദ്യം: "നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു" എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? You are my Son, Today I have begotten you"? ഇല്ല! എന്നതാണ് അതിന്റെ ഉത്തരം. ദൂതന്മാരിൽ ആരോടും ഒരിക്കലും അങ്ങനെ അരുളിച്ചെയ്തിട്ടില്ല.
ഇപ്പോൾ, നിങ്ങളുടെ മനസ്സിലേക്കു വരാവുന്ന സംശയം, ബൈബിളിൽ മാലാഖമാരെ “sons of God” "ദൈവപുത്രന്മാർ" എന്നു വിളിച്ചിട്ടുണ്ടല്ലൊ. ഇയ്യൊബിന്റെ പുസ്തകത്തിൽ ചില പരാമർശനങ്ങൾ കാണുന്നുണ്ടല്ലൊ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. “sons of God” എന്ന പ്രയോഗം 10 തവണയെങ്കിലും ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. അവയിൽ ആദൃത്തെ 5 എണ്ണം ദൂതന്മാരേയും ബാക്കിയുള്ള 5 വിശ്വാസികളേയും കുറിക്കുന്നതിനുവേണ്ടിയാണ്. ഉൽപ്പത്തി 6:2, 6:4; Job 1:6; 2:1,38:7, Mt 5:9; Luke20:36; Rom.8:14; Rom.8:19; Gal.3:26 എന്നിവയാണ് അവ. എന്നാൽ അതൊക്കേയും ബഹുവചന പ്രയോഗങ്ങളാണ്. ഒരു പ്രത്യേക മാലാഖയെ "നീ എന്റെ പുത്രൻ" എന്നു വിളിച്ചിട്ടില്ല. "എന്റെ പുത്രൻ" എന്ന പ്രയോഗം യേശുവിനുള്ള പ്രാധാന്യത്തെ കാണിക്കുവാൻ പ്രത്യേകമായി ഉപയോഗിച്ചിരിക്കുന്നതാണ്. അതു പിതാവായ ദൈവവുമായുള്ള ബന്ധവും ആ നിലയിൽ തനിക്കുള്ള അധികാരത്തേയുമാണ് കാണിക്കുന്നത്. ഈയൊരു അധികാരവും ബന്ധവും ദൂതന്മാർക്കില്ല.
രണ്ടാമത്തെ ചോദ്യം: “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? അതിന്റെയും ഉത്തരം ഇല്ല എന്നുതന്നെ. ദൂതന്മാരിൽ ആരോടും ഞാൻ നിനക്കു പിതാവും നീ എനിക്കു പുത്രനും ആയിരിക്കും എന്നു പറഞ്ഞിട്ടില്ല.
അടുത്തതായി, യേശുക്രിസ്തുവിനു പൈതൃകമായി ലഭിച്ച ഈ വിശിഷ്ഠനാമം (more excellent name) അഥവ പേര് എന്താണ്? അത് ഈ അഞ്ചാം വാക്യത്തിലുണ്ട്. ആ നാമം എന്നത് "നീ എന്റെ പുത്രൻ" എന്നതാണ്. "നീ എന്റെ പുത്രൻ". ഈ നാമം ദൂതന്മാർക്കാർക്കും നൽകിയിട്ടില്ല. ഇതു യേശുക്രിസ്തുവിനു പൈതൃകമായി ലഭിച്ച നാമമാണ്. അല്ലെങ്കിൽ അനന്തരാവകാശമായി ലഭിച്ച നാമമാണ്. "the name He has inherited."
നാലാം വാക്യത്തിൽ നാം കണ്ടത് : "അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു" (ഹെബ്ര 1:4) എന്നാണ് .
ഇവിടെ താൻ ഒരു പേരു സമ്പാദിക്കുകയായിരുന്നില്ല, മറിച്ച്, തനിക്കു പൈതൃകമായി, അവകാശമായിരുന്ന സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെടുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, തനിക്ക് അവകാശപ്പെട്ട നാമം, തനിക്കു സ്വന്തമായിരിക്കുന്ന പേര്, ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
ഈയിടെയാണല്ലൊ, അതായത്, September 8, 2022 നു ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി മരിച്ചപ്പോൾ തന്റെ മകൻ ചാൾസ് ബ്രിട്ടന്റെ രാജാവായി അവരോധിക്കപ്പെട്ടത്. ഇതുവരെ താൻ Prince Charles ആയിരുന്നു എങ്കിൽ ഇപ്പോൾ താൻ Charles III എന്ന പേരിൽ ബ്രിട്ടന്റെ രാജാവായി നിയമിക്കപ്പെട്ടിരിക്കുന്നു.
പഴയനിയമ കാലഘട്ടത്തിൽ ഒരു രാജാവിന്റെ മകൻ, താൻ ജന്മം കൊണ്ട് രാജാവാണെങ്കിലും, രാജാവായി സിംഹാസനസ്ഥനാകുമ്പോൾ, ഔപചാരികമായ ഒരു നിയമനവും പ്രഖ്യാപനവും നടത്താറുണ്ട്. വാഴുവാനുള്ള അഥവാ ഭരിക്കുവാനുള്ള അധികാരം പ്രഖ്യാപിക്കപ്പെടുകയാണ്. അപ്പോൾ യേശുക്രിസ്തുവിന്റെ നിയമനം എപ്പോഴാണ് നടന്നത്? യേശുക്രിസ്തു പിതാവായ ദൈവം തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ദൈവത്തിന്റെ വലതു ഭാഗത്ത് ഉപവിഷ്ടനായപ്പോഴാണ് താൻ നിയമിക്കപ്പെട്ടത്. തനിക്കിപ്പോൾ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും നൽകപ്പെട്ടിരിക്കുന്നു. അതായത്, സകലത്തേയും വാഴുവാൻ താൻ ഇപ്പോൾ ഇതാ നിയമിക്കപ്പെട്ടിരിക്കുന്നു.
യേശുക്രിസ്തുവിനെക്കുറിച്ച് ദൈവം നടത്തിയിരിക്കുന്ന പ്രഖ്യാപനമാണ് അഞ്ചാം വാകൃത്തിൽ കാണുന്നത്: “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും…" എന്നത്. യേശുവിന് പൈതൃകമായി അവകാശമായിരുന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയാണ് എന്ന് ഞാൻ പറഞ്ഞു.
ഇനി നാം പരിശോധിക്കുവാൻ പോകുന്നത് എപ്പോഴാണ് യേശുവിനെ "നീ എന്റെ പുത്രൻ" എന്ന് വിളിച്ചത് എന്ന കാര്യമാണ് നാം പരിശോധിക്കുവാൻ പോകുന്നത്.
പഴയനിയമത്തിലെ രണ്ടു ഉദ്ധരണികൾ സമന്വയിപ്പിച്ചാണ് ലേഖനകാരൻ അഞ്ചാം വാക്യം ഉണ്ടാക്കിയിരിക്കുന്നത്. സങ്കീർത്തനം 2:7 ഉം 2 ശമുവേൽ 7:14 ഉം.
അതിൽ സങ്കീർത്തനം 2:7 എന്താണെന്ന് നോക്കാം: "ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു; നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു". ഇതിൽ "നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു" എന്ന ഭാഗമാണ് എബ്രായലേഖനകാരൻ തന്റെ അഞ്ചാം വാക്യത്തിലേക്ക് എടുത്തിരിക്കുന്നത്.
പിതാവായ ദൈവം യേശുവിനെ തന്റെ പുത്രനായി പ്രഖ്യാപിക്കുകയും ജനതകളെ ഭരിക്കാൻ അവനെ നിയമിക്കയും ചെയ്തിരിക്കുന്നു എന്ന ആശയമാണ് മശിഹൈക സങ്കീർത്തനമായ രണ്ടാം സങ്കീർത്തനം നമുക്കു നൽകുന്നത്. യേശുക്രിസ്തു ഈ ലോകത്തിലേക്കു വരുന്നതിനു മുന്നമേ ഏകദേശം ആയിരം വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ട സങ്കീർത്തനത്തിലാണിത് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് യേശുക്രിസ്തുവിനെ സംബന്ധിച്ച ഒരു പ്രവചനമാണിത്.
ഈ പ്രഖ്യാപനം യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷ വേളയിൽ തന്നെ സ്വർഗ്ഗം ആവർത്തിക്കുന്നതായി സുവിശേഷങ്ങളിൽ നാം വായിക്കുന്നു. യേശുവിന്റെ സ്നാനസമയത്തും മറുരൂപ മലയിലെ രൂപാന്തരവേളയിലും ആണത്. ഇതിനോടുള്ള ബന്ധത്തിൽ രണ്ടു വാക്യങ്ങൾ നമുക്കു വായിക്കാം. മർക്കൊസ് 1:11 "നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി." ഇത് യേശുവിന്റെ സ്നാനസമയത്ത് പിതാവായ ദൈവം സ്വർഗ്ഗത്തിൽ നിന്നും നടത്തുന്ന പ്രഖ്യാപനമാണ്. രണ്ടാമത്തെ വാക്യം: മർക്കൊസ് 9:7 "പിന്നെ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി." ഇത് മറുരൂപ മലയിൽ വെച്ച് പത്രോസിന്റേയും, അന്ത്രയോസിന്റേയും യോഹന്നാന്റേയും മുൻപാകെ യേശു രൂപാന്തരപ്പെട്ടപ്പോൾ സ്വർഗ്ഗം പ്രഖ്യാപിച്ചതാണ്.
അപ്പോൾ യേശു വരുന്നതിനു അനേകവർഷങ്ങൾക്കുമുൻപുതന്നെ ദൈവം തന്റെ പുത്രനെ അയക്കുമെന്ന് പ്രവചനം നടത്തി. പുത്രൻ ഈ ഭൂമിയിലേക്കു വന്നപ്പോൾ ആ കാര്യം താൻ ആവർത്തിച്ചു പ്രഖ്യാപിച്ചു. പുത്രനെക്കുറിച്ചു ദൈവം ഉദ്ദേശിച്ച കാര്യം സമ്പൂർണ്ണമായി നിവൃത്തിച്ചപ്പോൾ തനിക്കു അർഹമായ പേരിനു താൻ അവകാശിയായി നിയമിക്കുകയും ചെയ്തു. ഇതാണ് നാലാം വാക്യത്തിന്റെ സാരം. അതായത്, ഈ പ്രഖ്യാപനം സംപൂർണ്ണമായി തീർന്നത് യേശു മരിച്ചവരിൽ നിന്നുയർത്തെഴുനേറ്റതിനു ശേഷമാണ്.
a) നിയമനത്തിനുള്ള തെളിവ്
യേശു മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റതിനു ശേഷമാണ് ഈ നിയമനം നടന്നത് എന്നതിനു രണ്ട് തിരുവചന തെളിവുകൾ നമുക്കു നോക്കാം. ഒന്നാമത്തെ തെളിവ് അപ്പോ. പ്രവൃത്തികളിലാണ്. ലൂക്കോസ് ഇതിന്റെ നിവൃത്തിയെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കുക: അപ്പോ. പ്രവൃത്തികൾ 13:32-33 വാകൃങ്ങൾ: "32ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. 33നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ." അതായത് രണ്ടാം സങ്കീർത്തനത്തിൽ പറഞ്ഞിരുന്ന കാര്യം ഇപ്പോൾ യേശുവിനെ മരിച്ചവരിൽ നിന്നു ഉയർത്തെഴുനേൽപ്പിച്ചുകൊണ്ട് യിസ്രായേൽ മക്കൾക്കു ദൈവം നിവൃത്തിച്ചു കൊടുത്തിരിക്കുന്നു എന്നാണ് ലൂക്കോസ് ഇവിടെ വ്യക്തമാക്കുന്നത്.
രണ്ടാമത്തെ തെളിവ് റോമാലേഖനത്തിൽ നിന്നാണ്. റോമർ 1:5: "ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ...". അതായത്, യേശുക്രിസ്തു ദാവീദിന്റെ സന്തതിയാണെന്നും, താൻ മരിച്ചിട്ട് ഉയർത്തെഴുനേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണ് അപ്പൊ.പൗലോസ് പറയുന്നത്. മരിച്ചിട്ട് ഉയർത്തെഴുന്നേറ്റതിലൂടെയാണ് യേശുവിനെ സംബന്ധിച്ച എല്ലാ അവകാശവാദങ്ങളും തെളിയിക്കപ്പെട്ടത്. ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചതിന്റെ ഉദ്ദേശ്യം അഥവാ തന്റെ ശുശ്രുഷ, വിജയകരമായി പൂർത്തീകരിച്ചപ്പോൾ, താൻ തന്റെ പേരിനു അർഹനായി തീർന്നു. അതാണല്ലൊ നാം മൂന്നും നാലും വാക്യങ്ങളിൽ കണ്ടത്. "... പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും 4 അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു." അപ്പോൾ യേശുവിനെ ലഭിച്ച വിശിഷ്ടമായ നാമം എന്നത് "നീ എൻറെ പുത്രൻ" എന്നതാണ് ആ പേര് തൻറെ വിജയകരമായ ദൗത്യം നിർവഹണത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ആസ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയും ചെയ്തു.
പ്രായോഗികത: ഇതുപോലെ എല്ലാ തെളിവുകളോടുംകൂടെ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റേതെങ്കിലും വ്യക്തിയെക്കുറിച്ചു ദൈവപുത്രൻ എന്നു പറഞ്ഞിട്ടുണ്ടോ? ഇല്ല. ബൈബിളിലല്ലാതെ മറ്റൊരു ഗ്രന്ഥത്തിലും ഒരു വ്യക്തിയുടെ ദൈവത്വത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. ഖുറാൻ പരിശോധിച്ചാൽ ഇതുപോലെ ഒന്ന് നമുക്ക് കാണാൻ കഴിയുമോ. ഇത്രയും വ്യക്തതയും കൃത്യതയോടും കൂടെ, ഒരാൾ വരുന്നതിനു മുൻപും വന്നതിനുശേഷം തന്റെ ദൗത്യത്തെക്കുറിച്ചും അതിൻറെ നിവൃത്തിയെക്കുറിച്ചും ആ വ്യക്തിയുടെ പദവിയെ കുറിച്ചും പറഞ്ഞിട്ടുണ്ടോ ഒരു മതഗ്രന്ഥത്തിലും ഇതുപോലൊരു പ്രവചനം പ്രഖ്യാപനമോ അതിന്റെ നിവൃത്തിയോ നമുക്ക് കാണാൻ കഴിയില്ല.
2. ബൈബിളിന്റെ വിവിധ പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ ഒന്നിച്ച് ചേർത്താലും അതിൽ യാതൊരു inconsistencyയുമില്ല. യാതൊരു പൊരുത്തക്കേടും ഇല്ല. ഇതു ബൈബിളിൻ്റെ ദൈവനിശ്വാസീയതയെയാണ് അടിവരയിടുന്നത്.
2. പിതാവുമായുള്ള യേശുക്രിസ്തുവിന്റെ ബന്ധം
യേശു ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ് എന്നു പറയാനുള്ള രണ്ടാമത്തെ കാരണം പിതാവുമായുള്ള പുത്രന്റെ ബന്ധമാണ്. പിതാവുമായുള്ള പുത്രന്റെ ബന്ധം.
2 ശമുവേൽ 7:14 ആണ് ലേഖനകാരൻ അതിനുവേണ്ടി ഉദ്ധരിച്ചിരിക്കുന്നത്. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും...” ഈയൊരു വാക്യത്തിന്റെ സന്ദർഭവും അതെങ്ങനെയാണ് യേശുക്രിസ്തുവിൽ നിവൃത്തിയായതും എന്നു നോക്കാം.
ഇത് ദാവീദ് രാജാവിനു നാഥാൻ പ്രവാചകനിലൂടെ ദൈവം നൽകിയ വാഗ്ദത്തമാണ്. ദാവീദ് യഹോവയ്ക്ക് ഒരു ആലയം പണിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ആ ആഗ്രഹം നിന്റെ പുത്രനായ ശലോമോനിലൂടെ നിവൃത്തിക്കുമെന്നും, അവനു ഞാൻ പിതാവും അവൻ എനിക്കു പുത്രനുമായിരിക്കുമെന്ന് ദൈവം നാഥാൻ പ്രവാചകനിലൂടെ ദാവീദിനോടു പറയുന്നു. അതായത്, ദാവീദിന്റെ സന്തതി ദൈവത്തിനൊരു ആലയം പണിയുമെന്നും ഞാൻ അവനുമായി ഒരു പിതാവ് പുത്രൻ ബന്ധം ഉണ്ടായിരിക്കുമെന്നുമാണ് ഇത് അർത്ഥമാക്കുന്നത്. ഹെബ്രായലേഖനകാരൻ ഇതിന്റെ പൂർണ്ണമായ നിവൃത്തി കാണുന്നത് യേശുക്രിസ്തുവിലാണ്. കാരണം, ശലോമോൻ ദൈവത്തിനു ആലയം പണിതു എങ്കിലും ദൈവവുമായുള്ള ഉടമ്പടി ബന്ധത്തിൽ നിലനിൽക്കാൻ തനിക്കു കഴിഞ്ഞില്ല. താൻ അന്യജാതിക്കാരികളെ വിവാഹം കഴിക്കയും അന്യദേവന്മാരെ ചെന്ന് ആരാധിക്കയും ചെയ്തതിന്റെ ഫലമായി, തനിക്കു ശേഷം തന്റെ രാജ്യം വിഭജിക്കപ്പെടുകയും പിന്നീടതു അന്യാധീനപ്പെടുകയും ചെയ്തു. എന്നാൽ ദാവീദു ഗൃഹത്തോടുള്ള ദൈവത്തിന്റെ ദയ നീങ്ങിപ്പോയില്ല. ആകയാൽ ദാവിദിനോടു ചെയ്ത വാഗ്ദത്തിന്റെ നിവൃത്തി ദാവീദിന്റെ സന്തതിയായി വരുന്ന യേശുക്രിസ്തുവിലാണ് പരിപൂർണ്ണമായി നിവൃത്തിയാകുന്നത്. അക്കാര്യമാണ് ലേഖനകാരൻ ഇവിടെ ഓർക്കുന്നത്. മാത്രവുമല്ല, യേശുക്രിസ്തുവിനു മാത്രമാണ് പിതാവാം ദൈവവുമായി തുടർമാനബന്ധം-നിത്യമായബന്ധം ഉള്ളത്. താൻ പിതാവിന്റെ eternally begotten Son ആണ്.
ആകയാൽ, യേശുക്രിസ്തു നിയമിക്കപ്പെട്ട പുത്രനും തന്റെ രാജത്വത്തിനെതിരെ മത്സരിക്കുന്ന രാജ്യങ്ങൾക്കുമേൽ അഭിഷിക്തനായ രാജാവും പിതാവായ ദൈവവുമായി തുടർമാനമായി പിതൃ-പുത്ര ബന്ധം ഉള്ള വ്യക്തിയുമാണ്.
പ്രായോഗികത: യേശുക്രിസ്തുവിന്റെ രക്തത്താൽ പുതിയ ഉടമ്പടി ബന്ധത്തിലേക്ക് പ്രവേശിച്ച നാം ദൈവവുമായുള്ള ഈ ഉടമ്പടി ബന്ധത്തിൽ നിലനിൽക്കുവാൻ ബാധ്യസ്ഥരാണ്. ശലോമോനു സംഭവിച്ചത് നമുക്ക് സംഭവിക്കരുത്. യേശുക്രിസ്തുവിന്റെ വചനം ആയിരിക്കണം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കേണ്ടത് യേശുക്രിസ്തുവിന്റെ കർതൃത്തത്തിന് നാം വിധേയപ്പെടണം.
3. ദൂതന്മാർ യേശുവിനെ നമസ്ക്കരിക്കുന്നു.
യേശു ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ് എന്ന് പറയാനുള്ള മൂന്നാമത്തെ കാരണം ദൂതന്മാർ യേശുവിനെ നമസ്ക്കരിക്കുന്നു എന്നതാണ്. ദൂതന്മാർ യേശുവിനെ നമസ്ക്കരിക്കുന്നു.
അഞ്ചും ആറും വാക്യങ്ങൾ തമ്മിൽ ഒരു progressive relationship ആണുള്ളത്. അതായത്, അഞ്ചാം വാക്യത്തിൽ പറഞ്ഞ കാര്യങ്ങളേക്കാൾ കുറെക്കൂടി ഉന്നതമായ കാര്യമാണ് 6-ാം വാക്യത്തിൽ പറയുന്നത്. പിതാവാം ദൈവം യേശുവിനെ 'എന്റെ പുത്രൻ' എന്ന് വിളിക്കുന്നു. അതിനേക്കാൾ ഒരു പടികൂടി ഉന്നതമായ കാര്യമാണ് പിതാവിനു പുത്രനുമായുള്ള ബന്ധം. ഈ നിലയിൽ ദൂതന്മാരെ ദൈവം പരിഗണിക്കുകയൊ പ്രഖ്യാപിക്കുകയൊ ചെയ്തിട്ടില്ല. ഇതിനേക്കാൾ ഉന്നതമായ കാര്യമാണ് ആറാം വാക്യത്തിൽ പറയുന്നത്: "ദൂതന്മാർ യേശുക്രിസ്തുവിനെ നമസ്ക്കരിക്കണം." ദൂതന്മാർ യേശുക്രിസ്തുവിനെ ആരാധിക്കണം" എന്നത്. ആകയാൽ ദൂതന്മാരേക്കാൾ യേശുക്രിസ്തുവിന്റെ ശ്രേഷ്ഠത എത്രയൊ ഉന്നതമാണ് എന്ന് നോക്കുക.
ഇനി എപ്പോഴാണ് ദൂതന്മാർ യേശുവിനെ ആരാധിക്കേണ്ടത് എന്ന കാര്യമാണ് ആറാം വാക്യം നമ്മോടു പറയുന്നത്. "6ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു" ഈ വേദഭാഗം പഴയനിയമത്തിലെ ഏതുവാക്യത്തിന്റെ ഉദ്ധരണിയാണ് എന്നതിലും എപ്പോഴാണ് ദുതന്മാർ യേശുവിനെ ആരാധിക്കേണ്ടത് എന്ന കാര്യത്തിലും വേദപണ്ഡിതർക്കിടയിൽ അഭിപ്രായം ഭിന്നതയുണ്ട്. ഈ വാക്യം ആവർത്തനം 32:43 ന്റെ ഉദ്ധരണിയാണോ അതോ സങ്കീർത്തനം 97:7 ന്റെ ഉദ്ധരണിയാണോ എന്ന കാര്യത്തിലാണ് ആദ്യത്തെ ഭിന്നത. കാരണം ഈ രണ്ടു വാക്യങ്ങൾ പരിശോധിച്ചാലും ഈ ആറാം വാക്യവുമായി അതിനൊരു സമാനത ദർശിക്കാൻ കഴിയുകയില്ല വേദപണ്ഡിതർ ഇതിന് നൽകുന്ന വിശദീകരണം എന്നത് എബ്രായ ബൈബിളിന്റെ ഗ്രീക്ക് ട്രാൻസിലേഷൻ ആയ septuagintൽ നിന്നുള്ള ആവർത്തനം 32:43 ഉദ്ധരണിയാണ് ഇത് എന്നാണ്. അതിൻറെ കൂടുതൽ വിശദീകരണത്തിലേക്ക് ഞാൻ കടക്കുന്നില്ല.
രണ്ടാമത്തെ പ്രശ്നം ദൂതന്മാർ എപ്പോഴാണ് യേശുവിനെ ആരാധിക്കേണ്ടത് എന്ന കാര്യത്തിലാണ്. "ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ" എന്നതിലെ "പിന്നെയും" എന്ന വാക്കാണ് ഈ ഭിന്നതക്കു കാരണം. യേശുവിന്റെ ജഡധാരണം തുടങ്ങി ദൂതന്മാർ യേശുവിനെ നമസ്ക്കരിക്കണം എന്നു ഒരു കൂട്ടർ വാദിക്കുമ്പോൾ യേശുക്രിസ്തുവിന്റെ രണ്ടാം വരവിനുശേഷം ദൂതന്മാർ യേശുവിനെ ആരാധിച്ചാൽ മതി എന്ന് മറ്റൊരുകൂട്ടർ വാദിക്കുന്നു. സമയം ഏതുതന്നെ ആയിരുന്നാലും ദൂതന്മാർ യേശുക്രിസ്തുവിനെ നമസ്ക്കരിക്കുന്നു എന്ന കാര്യത്തിൽ തർക്കം ഏതുമില്ല. ആ കാര്യം വ്യക്തമാക്കുന്ന ഒരു വാക്യം ഞാൻ ഇവിടെ വായിക്കാം.
വെളിപ്പാട് 5:11-12 "11പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു. 12 അവർ അത്യുച്ചത്തിൽ അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു."
6-ാം വാക്യത്തിലെ point, യേശു കേവലം ഒരു ദൂതനല്ല, മറിച്ച്, ദൂതന്മാരാൽ ആരാധിക്കപ്പെടുന്ന ദൈവപുത്രനാണ് എന്നതാണ്. അതിൽ നിന്നും നാം മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാൽ ദൂതന്മാർ യേശുവിനെ നമസ്ക്കരിക്കേണം, അഥവാ ആരാധിക്കേണം എന്ന കാര്യമാണ്.
പ്രായോഗികത: പഴയനിയമ കാലഘട്ടത്തിൽ യാഹ്വേ കഴിഞ്ഞാൽ ഏറ്റവും ഉന്നതമായി കണ്ടിരുന്നത് ദൈവത്തിൻറെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചിരുന്ന ദൂതന്മാരെയാണ്. എന്നാൽ അവരെക്കാൾ ഉന്നതനാണ് യേശുക്രിസ്തു. അതുകൊണ്ട് യേശുക്രിസ്തുവിനെ അല്ലാതെ മറ്റാരെയും ദൈവമായി കാണാനോ ആരാധിക്കാനോ ആർക്കും അവകാശമില്ല. അത് ആത്മീയത തലത്തിലുള്ള ദൈവദാസന്മാരായിരിക്കാം, അതല്ലെങ്കിൽ കർത്താവിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച മറ്റു വ്യക്തികൾ ആയിരിക്കാം. എന്നാൽ അവരാരും തന്നെ നമ്മുടെ ആരാധനയ്ക്ക് യാതൊരു നിലയിലും അർഹരല്ല എന്ന് നാം ഓർക്കണം. ഇന്ന് പല ക്രിസ്തീയ സമൂഹങ്ങളിലും ആരാധിക്കപ്പെടുന്ന മനുഷ്യ- മധ്യസ്ഥരെ നാം കാണുന്നു. എന്നാൽ അത് വചനവിരുദ്ധമായ സംഗതിയാണ് എന്ന് നാം ഓർക്കുക.
ഉപസംഹാരം
ഞാൻ ഇതുവരെ പറഞ്ഞ കാര്യങ്ങൾ സംഗ്രഹിച്ചുകൊണ്ട് എൻറെ സന്ദേശം അവസാനിപ്പിക്കുകയാണ്. ദൈവം നീ എൻറെ പുത്രൻ എന്ന് വിളിക്കുകയും അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും തന്റെ മരണ പുനരുദ്ധാനത്തിലൂടെ അത് തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് കർത്താവായ യേശുക്രിസ്തു. ദൈവപുത്രനായ യേശുവിലൂടെ നൽകിയ അന്തിമവചനത്തോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നമ്മുടെ ഭാഗതയം നിർണയിക്കുന്നത്. യേശുവിനെ പോലെ ഒരു വ്യക്തിയെ ബൈബിളിൽ അല്ലാതെ മറ്റൊരു ഗ്രന്ഥത്തിലും കാണാൻ കഴിയില്ല. യേശു ദൂതന്മാരെക്കാളും മോശയെക്കാളും അഹറോനെക്കാളും ശ്രേഷ്ഠനാണ്. യേശു ദൂതന്മാരെക്കക്കാൾ മെച്ചം അഥവാ ശ്രേഷ്ടനാണ് എന്നു പറയാനുള്ള മുന്നു കാരണങ്ങൾ: ഒന്ന്, യേശുവിനു ലഭിച്ച നീ എന്റെ പുത്രൻ എന്ന പൈതൃകനാമം, രണ്ട്, തനിക്കു പിതാവുമായി നിത്യമായ ബന്ധം, മൂന്ന്, ദൂതന്മാർ യേശുവിനെ നമസ്ക്കരിക്കേണം. ഈ കാരണങ്ങളാൽ യേശു ദൂതന്മാരേക്കാൾ ശ്രേഷ്ഠനാണ്. ആകയാൽ, യേശുക്രിസ്തു നമ്മുടെ ആദരവിനും അനുസരണത്തിനും ആരാധനക്കും യോഗ്യനായ ദൈവപുത്രനാണ്. ഈ വചനങ്ങളാൽ ദൈവം നിങ്ങളെ ഏവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. ദൈവത്തിന്റെ നാമം മഹത്വപ്പെടുമാറാകട്ടെ.
*******