top of page
എബ്രായലേഖന പരമ്പര-16
P M Mathew
DEC15, 2024

Draw near to the throne of Grace Confidently!
ധൈര്യത്തോടെ കൃപാസനത്തോടു അടുത്തുവരിക!

Hebrews 4:14-16

നമ്മുടെ വിശ്വാസം മുറുകപിടിക്കുവാനും ശ്രേഷ്ഠ മഹാപുരോഹിതന്റെ മദ്ധ്യസ്ഥതയിൽ കൃപാസനത്തോട് അടുത്ത് ചെന്ന് സഹായം അഭ്യർത്ഥിക്കാനും ഉള്ള എല്ലാ സാദ്ധ്യതയും ദൈവം നമുക്ക് ഒരുക്കിയിട്ടുണ്ട്. ആയതിനാൽ ഏതൊരു പ്രതിസന്ധിയേയും സ്ഥിരോത്സാഹത്തോടെ തരണം ചെയ്ത് ദൈവം വാഗ്ദത്തം ചെയ്ത സ്വസ്ഥതയിൽ പ്രവേശിക്കുവാൻ നമുക്ക് സാധിക്കും എന്ന കാര്യമാണ് ഇന്നു ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്. അതിനായി ഹെബ്രായലേഖനം 4:14-16 വാക്യങ്ങളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

എബ്രായർ 4:14-16

"14 ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. 15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. 16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക."

ഈ വേദഭാഗത്തിന്റെ കേന്ദ്രാശയം

നാം ഏറ്റുപറയുന്ന വിശ്വാസം മുറുകെ പിടിക്കാനും കരുണയ്ക്കും സമയോചിതമായ സഹായത്തിനുമായി ആത്മവിശ്വാസത്തോടെ ദൈവസിഹാസനത്തെ സമീപിക്കാനും 'സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയ ശ്രേഷ്ഠ മഹാപുരോഹിതന്റെ മദ്ധ്യസ്ഥത നമുക്കുണ്ട്. നമ്മേപ്പോലെ പരീക്ഷിക്കപ്പെട്ടവനെങ്കിലും ഒരു പാപവും ചെയ്യാതെ ആകാശത്തെ ഭേദിച്ചുകൊണ്ട് ദൈവസന്നിധിയിലേക്ക് പ്രവേശിച്ചവനാകയാൽ അവനു നമ്മോടു സഹതാപം കാണിപ്പാനും തക്കസമയത്ത് നമ്മേ സഹായിപ്പാനും കഴിയും.

ഇതൊരു Transitional passage അഥവാ പരിവർത്തനവേദഭാഗമാണ്. അതായത്, 3-ാം അദ്ധ്യായത്തിന്റെ 1-ാം വാക്യം മുതൽ 4--ാം അദ്ധ്യായത്തിന്റെ 13 വരെയുള്ള വാക്യങ്ങളുടെ ഒരു ഉപസംഹാരവും നാലാം അദ്ധ്യായത്തിന്റെ 17 മുതൽ 10--ാം അദ്ധ്യായത്തിന്റെ 25 വരെ ദീർഘിക്കുന്നതുമായ വേദഭാഗത്തിന്റെ ഒരു ആമുഖവുമാണിത്. ഈ ദീർഘമായവേദഭാഗം ക്രിസ്തുവിന്റെ മഹാപൗരൊഹിത്യ ശുശ്രൂഷയെ വിവരിക്കുന്നു. പല മുന്നറിയിപ്പുകളുടേയും നടുവിൽ പിടിവള്ളിയായി നിലകൊള്ളുന്ന ക്രിസ്തുവിന്റെ ഈ മഹാപൗരോഹിത്യ ശുശ്രൂഷയാണ് യഥാർത്ഥത്തിൽ എബ്രായലേഖനത്തിന്റെ കേന്ദ്രസന്ദേശമായി ഇരിക്കുന്നത്.
ഈ വേദഭാഗത്ത് പ്രധാനമായും രണ്ടു കൽപ്പനകളും അവക്കുള്ള അടിസ്ഥാനവുമാണ് നാം കാണുന്നത്. അതിൽ ഒന്നാമത്തെ കൽപ്പന എന്നത്, "വിശ്വാസം മുറുകെ പിടിക്കുക" എന്നതാണ്. രണ്ടാമത്തെ കലപ്പന "ധൈര്യത്തോടെ കൃപാസനത്തോടു അടുത്തുവരിക." വിശ്വാസം മുറുകെ പിടിക്കുക", "ധൈര്യത്തോടെ കൃപാസനത്തോടു അടുത്തുവരിക." ഈ രണ്ടു പ്രസ്താവനകളും what we have in Christ, ക്രിസ്തുവിൽ നമുക്കെന്തുണ്ട് എന്ന് കാണിക്കുന്നു. ക്രിസ്തുവിൽ നമുക്കുള്ള Resources എന്തൊക്കെയാണ് എന്നാണ് ഇവിടെ പറയുന്നത്. ഈ രണ്ടു പ്രബോധനങ്ങൾക്കുമുള്ള basis/അടിസ്ഥാനമെന്നു പറയുന്നത് ദൈവപുത്രനായ ക്രിസ്തുവിന്റെ മഹാപൗരൊഹിത്യശുശ്രൂഷയാണ് . കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, യേശുക്രിസ്തു നമുക്കു ശ്രേഷ്ഠമഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെ പിടിക്കാനും ആത്മവിശ്വാസത്തോടെ കൃപാസനത്തെ സമീപിക്കാനും സാധിക്കും (R). തുടർന്ന് ഈ വേദഭാഗത്തു നാം കാണുന്നത് ഈ മഹാപുരോഹിതനെ കുറിച്ചുള്ള വിശദീകരണമാണ്. അതായത്, എങ്ങനെയുള്ള മഹാപുരോഹിതനാണ് നമുക്കുള്ളത് എന്ന് വിശദീകരിക്കുന്നു.

ഈ വേദഭാഗത്തിനു തൊട്ടു മുന്നമെ, യിസ്രായേലിന്റെ അവിശ്വാസത്തെ ചൂണ്ടിക്കാട്ടി, ദൈവം വാഗ്‌ദത്തം ചെയ്‌ത സ്വസ്ഥത നഷ്‌ടപ്പെടുത്തുന്നതിന്റെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നാം കണ്ടത്. അവരെപ്പോലെ നാമും ഒരു സദ്വർത്ഥമാനം കേട്ടവരും ദൈവത്തിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പാൻ വിളിക്കപ്പെട്ടവരുമാണ്. എന്നാൽ നമ്മേ വിളിച്ച കർത്താവിന്റെ വാക്കുകളെ, അല്ലെങ്കിൽ അവന്റെ വചനത്തെ നാം അവിശ്വസിച്ചാൽ നമുക്കും യിസ്രായേല്ല്യരുടെ ഗതിതന്നെ സംഭവിക്കും. അങ്ങനെ സംഭവിക്കാതെ ദൈവം വാഗ്ദാനം ചെയ്ത സ്വസ്ഥതയിൽ പ്രവേശിക്കുവാൻ നിങ്ങൾ സകല ഉത്സാഹവും കഴിക്കണം എന്ന കാര്യമാണ് നാം മുന്നമെ ചിന്തിച്ചത്.

എന്നാൽ, ഇനി നിങ്ങൾ കഠിനമായി പരിശ്രമിച്ചുകൊള്ളു, നിങ്ങൾ അദ്ധ്വാനിച്ചുകൊള്ളു എന്ന് പറഞ്ഞ് ലേഖനകാരൻ തന്റെ പ്രബോധനം അവസ്സാനിപ്പിക്കുകയല്ല; മറിച്ച്, ഈക്കാര്യത്തിൽ നമ്മേ സഹായിക്കുവാൻ ഒരു ശ്രേഷ്ഠമഹാപുരോഹിതൻ നമുക്കുണ്ട്. അവൻ നമ്മോടു സഹതാപം കാണിപ്പാനും തക്കസമയത്ത് സഹായിക്കുവാനും തയ്യാറായി ദൈവത്തിന്റെ വലതു ഭാഗത്ത് നിലകൊള്ളുന്നു. അതുകൊണ്ട് നമ്മുടെ വിശ്വാസത്തെ മുറുകെപിടിക്കുകയും കൃപാസനത്തോടു അടുത്തുവരികയും ചെയ്യുക. അങ്ങനെ നമ്മുടെ അവിശ്വാസത്തെ ചെറുത്തു തോൽല്പിക്കുക. ഈ കാര്യമാണ് നാമിനി ചിന്തിക്കുവാൻ പോകുന്നത്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, നമ്മുടെ വിശ്വാസവും അനുസരണവും നിലനിൽക്കുന്നതിനുള്ള അടിസ്ഥാനം പുത്രന്റെ മഹാപുരോഹിത ശുശ്രൂഷയാണ്. The basis for our faith and obedience is the high priestly ministry of the Son. Or the basis of our Perseverance is the high priestly ministry of the Son. നമ്മുടെ വിശ്വാസത്തിലുള്ള നിലനിൽപ്പിനു കാരണം യേശുക്രിസ്തുവിന്റെ മഹാപുരോഹിത ശുശ്രൂഷയാണ്.

അപ്പോൾ, ഒന്നാമതായി ഞാൻ ഈ വേദഭാഗത്തുനിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം നമ്മുടെ വിശ്വാസം മുറുകെ പിടിക്കുക എന്നതാണ്.

1. നമ്മുടെ വിശ്വാസം മുറുകെ പിടിക്കുക.

"ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക." (വാക്യം 14)

നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊള്ളുക എന്നതാണ് ഈ വാക്യത്തിലെ കൽപ്പന എന്നത്. ഈ കൽപ്പന നൽകാനുള്ള basis/അടിസ്ഥാനമാണ് ആദ്യം പറയുന്നത്. "ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കുണ്ട്. അതുകൊണ്ടു" നാം നമ്മുടെ സ്വീകാരം മുറുകെ പിടിക്കുക. ഈ കൽപ്പനയിൽ നമുക്ക് പരിചയമില്ലാത്ത ഒരു വാക്ക് എന്നത് സ്വീകാരം എന്നവാക്കാണ്. എന്താണ് സ്വീകാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? ഇംഗ്ലീഷിൽ Let us hold fast our confession എന്നാണ്.

confession എന്നുകേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കു പെട്ടെന്നുവരുന്ന ആശയം കത്തോലിക്കർ അനുഷ്ഠിച്ചുപോരുന്ന കുമ്പസാരമാണ്. എന്നാൽ വൈദികനോടു പാപം ഏറ്റുപറഞ്ഞ് പാപമോചനം നേടുന്ന കാര്യമല്ല ഇവിടെ അർത്ഥമാക്കുന്നത്. ഞാനത് വിശദീകരിക്കാം. 'സ്വീകാരം' എന്നതിനു homologia എന്ന ഗ്രീക്ക് വാക്കാണുപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്റെ ആക്ഷരീകാർത്ഥം "ഒരാൾ നടത്തുന്ന പ്രസ്താവന ഏറ്റു പറഞ്ഞുകൊണ്ട് അതിനോട് യോജിപ്പ് അഥവാ സമ്മതം അറിയിക്കുന്നതിനെ"യാണ് confession എന്നു പറയുന്നത് . ഒരു സത്യത്തെക്കുറിച്ചുള്ള ആഴമായ ബോദ്ധ്യത്തിന്റെ വെളിച്ചത്തിൽ നടത്തുന്ന ഏറ്റുപറച്ചിലാണിത്.

കോടതിയുമായി ബന്ധപ്പെട്ട ഒരു വാക്കാണിത്. ഒരു കോടതിൽ ഒരാൾ താൻ ചെയ്ത കുറ്റം അംഗീകരിക്കുന്നതും ഇക്കാര്യത്തിൽ കോടതി പുറപ്പെടുവിക്കുന്ന വിധി പാലിച്ചുകൊള്ളാമെന്ന് സമ്മതിക്കുന്നതുമാണ്. ഇന്നത്തെ സംസ്ക്കാരത്തിൽ തെറ്റുസമ്മതിക്കുക എന്ന കാര്യം ചിന്തിക്കുവാനെ കഴിയുകയില്ല. ഏതു തെറ്റിനേയും ന്യായികരിക്കുക എന്ന പ്രവണതയാണ് നാമിന്ന് ലോകത്ത് കാണുന്നത്. ഇവിടുത്തെ പശ്ചാത്തലത്തിൽ, ഒരു കാലത്ത് നാം അംഗീകരിച്ചതും മറ്റുള്ളവരുടെ മുൻപാകെ പരസ്യമായി ഏറ്റുപറഞ്ഞതുമായ വിശ്വാസത്തിന്റെ പ്രത്യേക പ്രസ്താവനയെ പരാമർശിക്കുന്നു. അതല്ലെങ്കിൽ നാം വിശ്വസിച്ച സുവിശേഷം മുറുകെ പിടിക്കുക. 1 യോഹന്നാൻ 4:15ലും 5:15 ലും വളരെ സംക്ഷിപ്തമായി പറഞ്ഞിരിക്കുന്നതുപോലെ: "യേശു ദൈവപുത്രനായ ക്രിസ്തു അഥവാ യേശു ദൈവപുത്രനായ മശിഹയാണ്" അവനെ നമ്മുടെ അപ്പൊസ്തലനും മഹാപുരൊഹിതനുമായി (എബ്രായർ 3:1) ഏറ്റുപറയുക. ഇതാണ് രക്ഷിക്കപ്പെടുന്ന വ്യക്തിയുടെ ആദ്യവിശ്വാസമെന്ന് പറയുന്നത്. ഇവിടെയാണ് ക്രിസ്തീയജീവിതം ആരംഭിക്കുന്നത്. ഈ വിശ്വാസം അവസാനത്തോളം നാം മുറുകെ പിടിക്കുക എന്നതാണ് അവിശ്വാസം ഒരുവനിലേക്ക് കടന്നുവരാതിരിക്കുവാനുള്ള പ്രതിവിധി എന്നത്. യിസ്രായേൽ ജനം മരുഭൂമിയിൽ പട്ടുപോകാനുള്ള കാരണമെന്താണ്? മിസ്രയിമിന്റെ അടിമത്വത്തിൽ നിന്ന് അത്ഭുതങ്ങളാലും അടയാളങ്ങളാലും വീര്യപ്രവൃത്തികളാലും അവരെ പുറത്തുകൊണ്ടുവന്ന ദൈവത്തിനു കനാൻ ദേശത്തെ മല്ലന്മാരെ നീക്കി ആ ദേശം അവർക്ക് അവകാശമായി കൊടുക്കുവാൻ കഴിയുകയില്ല എന്നവർ വിശ്വസിച്ചു. അതിന്റെ ഫലമായി ഒരു നേതാവിനെ തെരഞ്ഞെടുത്തു മിസ്രയിലേക്ക് മടങ്ങിപ്പോകാമെന്നവർ തീരുമാനിച്ചു. അങ്ങനെ അവരെല്ലാം മരുഭൂമിയിൽ പട്ടുപോയി.

നമ്മേ സംബന്ധിച്ചിടത്തോളം ദൈവം തന്റെ ഏകജാതനായ പുത്രന്റെ രക്തത്താൽ, സാത്താന്റെ അടിമത്വത്തിൽ നിന്നു വിടുവിച്ച്, നമ്മുടെ കൈപിടിച്ച് ഇതുവരെ നടത്തി. ഇനിയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാൻ അവനു കഴിയും. അതിന്റെ ഇടവേളയിൽ പ്രതികൂലങ്ങൾ ഒന്നും ഉണ്ടാവുകയില്ല എന്നല്ല. ചില രോഗങ്ങൾ നമ്മേ ബാധിച്ചേക്കാം, സാമ്പത്തിക ഞെരുക്കങ്ങളുണ്ടായേക്കാം, ചിലപ്പോൾ പീഡനങ്ങൾ നേരിട്ടേക്കാം. അതുമല്ലെങ്കിൽ പാപത്തിന്റെ ശക്തമായ പ്രലോഭനങ്ങളുണ്ടാകാം. എന്നാൽ അവിടെ നാം പതറിപ്പോവുകയല്ല വേണ്ടത്, അവിടെ നാം തളരുകയല്ല വേണ്ടത്. നിരാശപ്പെട്ടുപോകയല്ല വേണ്ടത്. പഴയമതത്തിലേക്കു തിരിച്ചുപൊയേക്കാം എന്നു ചിന്തിക്കുകയുമല്ല വേണ്ടത്. നമ്മുടെ വിശ്വാസം മുറുകെ പിടിക്കുകയാണ് വേണ്ടത്. ഒരു വലിയ സ്വസ്ഥത നമ്മേ കാത്തിരിക്കുന്നു. ആ സ്വസ്ഥതയിലെത്തിക്കുന്നതുവരെ അവൻ നമ്മേ കൈവിടുകയില്ല. ഇത് നാം വിശ്വസിക്കണം. അക്കാര്യമാണ് ലേഖനകാരൻ ഇവിടെ ഓർമ്മിപ്പിക്കുന്നത്.

Dr S Louis Johnson ന്റെ വാക്കുകളിൽ പറഞ്ഞാൽ, "ഇസ്രായേൽ മക്കൾ ചെയ്തതുപോലെ നിങ്ങൾ വിശ്വാസം തള്ളിക്കളയരുത്, കർത്താവിലുള്ള നിങ്ങളുടെ വിശ്വാസം എന്നേക്കും നിലനിൽക്കേണ്ട വിശ്വാസമാണ്, അതിനാൽ "നിങ്ങളുടെ സ്വീകാരം" മുറുകെ പിടിക്കുക. പീറ്റർ ലോംബാർഡ് ഇതിനെ വിശേഷിപ്പിച്ചത് "ഹൃദയത്തിന്റെ വിശ്വാസവും വായയുടെ ഏറ്റുപറച്ചിലും എപ്പോഴും നിങ്ങളുടെ ഹൃദയത്തിലും നാവിലും ഉണ്ടായിരിക്കണം" എന്നാണ്.

നാം കൈവശം വെച്ചിരിക്കുന്ന സത്യത്തിന്റെ പരസ്യമായ ഏറ്റുപറച്ചിലിനു മറ്റു പല നേട്ടങ്ങളുണ്ട്. അതു പലപ്പോഴും നാം അവഗണിക്കുന്നു. നാം പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ, ക്രിസ്തുവിനെ നമ്മുടെ "അപ്പോസ്തലനും മഹാപുരോഹിതനും" ആയി ഏറ്റുപറയേണ്ടതുണ്ട്. അവന്റെ മഹത്തായ ശുശ്രൂഷ നമ്മുടെ സ്വന്തമാക്കാൻ, അതിനെ മുറുകെ പിടിക്കാൻ നാം അവ ഹൃദയത്തിൽ ഏറ്റു പറയണം! നമ്മുടെ ഏറ്റു പറച്ചിൽ വിശ്വസികളുടെ മദ്ധ്യേ മാത്രമല്ല, അവിശ്വാസികളുടെ മദ്ധ്യേയും നാമത് ചെയ്യണം. അത്തരം ഏറ്റുപറച്ചിൽ നമ്മുടെ ആത്മാവിന് ശക്തി പകരും എന്നുമാത്രമല്ല, ക്രിസ്തുവിനെ മഹത്വീകരിക്കാനും അതുപകരിക്കുന്നു.

ഇനി ഇങ്ങനെയൊരു പ്രബോധനം നൽകാനുള്ള അടിസ്ഥാനത്തെക്കുറിച്ചാണ് ലേഖനകാരൻ ഈ വാക്യത്തിന്റെ ആദ്യഭാഗത്ത് പറയുന്നത്. "ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹി തനായി നമുക്കു ള്ളതുകൊണ്ട്" നമ്മുടെ സ്വീകാരം മുറുകെ പിടിക്കുക.

1a. യേശു എന്ന ശ്രേഷ്ഠമഹാപുരോഹിതൻ ദൈവസന്നിധിയിൽ നമുക്കുണ്ട്
Dr. D A Carson ഇതിനെക്കുറിച്ചു പറയുന്നത്, ഈ ലേഖനത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ ദൈവപുത്രനായ ക്രിസ്തുവിനെ രാജാവ് എന്ന നിലയിലാണ് ലേഖനകാരൻ അവതരിപ്പിച്ചത് എങ്കിൽ ഇപ്പോൾ ഇതാ ദൈവപുത്രനായ ക്രിസ്തുവിനെ ശ്രേഷ്ഠമഹാപുരോഹിതനായി അവതരിപ്പിക്കുന്നു.

ലേഖനകാരൻ ആദ്യമായിട്ടല്ല ഈ ശ്രേഷ്ഠ മഹാപുരോഹിതനെ കുറിച്ചു പറയുന്നത്. എബ്രായർ 2:17 ൽ ഈ ശ്രേഷ്ഠ മഹാപുരോഹിതനെ കുറിച്ചു പരാമർശിച്ചിട്ടുണ്ട്. കരുണയുള്ളവനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതനാകേണ്ടതിന് ദൈവപുത്രൻ എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ ആയിത്തീർന്നവനാണ് എന്നു അവിടെ നാം കാണുന്നു. ഇനി വരാൻപോകുന്ന അദ്ധ്യായങ്ങളിലും മഹാപുരോഹിതനെക്കുറിച്ച് വളരെ കാര്യങ്ങൾ താൻ പറയുന്നുണ്ട്.

മഹാപുരോഹിതനെ പരാമർശിക്കുന്നതിലെ പോയിന്റെന്താണ്? ഹെബായർ 5:1 ൽ പറയുന്നതുപോലെ, ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, മഹാപുരോഹിതൻ ജനങ്ങളെ പ്രതിനിധീകരിച്ചുപോന്ന വ്യക്തിയാണ്. ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിൽ മദ്ധ്യസ്ഥത വഹിച്ചിരുന്ന വ്യക്തിയാണ്. വിശാസികൾ കൊണ്ടുവരുന്ന യാഗവസ്തുക്കളും വഴിപാടുകളും ദൈവസന്നിധിയിൽ അർപ്പിച്ചിരുന്ന വ്യക്തിയാണ്.

ആ ഉത്തരവാദിത്വങ്ങൾ ഇപ്പോൾ ദൈവപുത്രനായ ക്രിസ്തുവാണ് ദൈവസന്നിധിയിൽ നിവൃത്തിക്കുന്നത്. അതുകൊണ്ട് നമുക്ക് ഒരു മഹാപുരോഹിതനുണ്ട്. അവൻ ആരാണ് എന്നതും അവൻ എന്തു ചെയ്തുവെന്നതുമാണ് അവനെ മഹത്വവാനാക്കുന്നത്. ഒരു ഭൌമിക കൂടാരത്തിലൊ ദേവാലയത്തിലൊ ശുശ്രൂഷ ചെയ്യുന്ന മഹാപുരോഹിതനല്ല, മറിച്ച് ദൈവത്തിന്റെ സന്നിധിയിൽ ശുശ്രൂഷ ചെയ്യുന്ന മഹാപുരോഹിതനാണ്. ഹെബ്രായലേഖകൻ അഞ്ചാം അദ്ധ്യായത്തിൽ ഊന്നിപ്പറയുന്നതുപോലെ, നമ്മുടെ മഹാപുരോഹിതൻ കേവലം ഒരു മഹാപുരോഹിതനല്ല. ശ്രേഷ്ഠ മഹാപുരോഹിതനാണ്. മാത്രവുമല്ല, ആകാശത്തിലൂടെ കടന്നുപോയ ഒരു മഹാപുരോഹിതനാണ്. ജോൺസൺ എന്ന ദൈവദാസൻ അതിനെക്കുറിച്ചു പറയുന്നത്: 'സ്വർഗ്ഗീയ മണ്ഡലങ്ങളെ ഭേദിച്ചുകൊണ്ട് ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക് പ്രവേശിച്ച" മഹാപുരോഹിതനാണവൻ. സ്വർഗ്ഗീയ മണ്ഡലങ്ങളിലൂടെ തുളച്ചുകയറി സ്വർഗത്തിലേക്ക് പ്രവേശിച്ച ശ്രേഷ്ഠ മഹാപുരോഹിതൻ.

അതുകൊണ്ട് ഇവിടെ വാക്യം 14 ൽ പറയുന്ന ആശയം വളരെ ലളിതമാണ്. നിങ്ങൾ തളർന്നു പോകേണ്ടതില്ല, നിരാശപ്പെട്ടു പോകേണ്ടതില്ല. നിങ്ങൾ പരാജയപ്പെടേണ്ട ആവശ്യമില്ല. എല്ലാത്തിനേക്കാളും ഉപരി നിങ്ങൾ പാപത്തിനൊ പ്രലോഭനങ്ങൾക്കൊ വഴങ്ങേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഒരു ശ്രേഷ്ഠ മഹാപുരോഹിതൻ സ്വർഗ്ഗത്തിൽ ഉള്ളതിനാൽ സഹിഷ്ണുത പുലർത്താം. നിങ്ങളുടെ വിശ്വാസം മുറുകെ പിടിക്കാം.

രണ്ടാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ധൈര്യത്തോടെ നമുക്ക് "കൃപയുടെ സിംഹാസനത്തെ സമീപിക്കുവാൻ കഴിയും " എന്ന കാര്യമാണ്.
2. ധൈര്യത്തോടെ കൃപാസനത്തോടു അടുത്തുവരിക.

പഴയനിയമത്തിലെ മഹാപുരോഹിതന്റെ അതിവിശുദ്ധ സ്ഥലത്തേക്കുള്ള പ്രവേശനത്തെ ഇത് ചിത്രീകരിക്കുന്നു. "സിംഹാസനത്തോടു അടുത്തുവരിക" എന്ന ചിത്രം നിലവിലെ സന്ദർഭത്തിൽ കുറഞ്ഞത് രണ്ട് സന്ദേശങ്ങളെങ്കിലും ഉൾക്കൊള്ളുന്നു. ഒന്ന്, അത് പ്രാർത്ഥനാപൂർവമായ ആരാധനയെ കുറിക്കുന്നു. പ്രാർത്ഥനാപൂർവമായ ആരാധന കഴിക്കുക.
പ്രാർത്ഥന ദൈവത്തോട് കൂടുതൽ അടുത്തുവരാൻ നമ്മേ സഹായിക്കുന്നു. പ്രാർത്ഥനയിലൂടെ ദൈവത്തോട് സംസാരിക്കാനും കേൾക്കാനും നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നുവോ അത്രയധികം നാം അവനോട് കൂടുതൽ അടുക്കുകയും അവനെ കുറിച്ച് കൂടുതൽ അറിയുകയും ചെയ്യുന്നു. പ്രാർത്ഥന ദൈവഹിതത്തോട് നമ്മുടെ ഹിതത്തെ അലൈൻ ചെയ്യാൻ/പൊരുത്തപ്പെടാൻ സഹായിക്കുന്നു. ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയിൽ നമ്മെ നയിക്കാനും സഹായിക്കാനും നാം അവനോട് അപേക്ഷിക്കുന്നു. നമ്മുടെ ജീവിതം ദൈവത്തിന് സമർപ്പിക്കാനും അവൻ നമുക്കുവേണ്ടി ആസൂത്രണം ചെയ്ത പാതയിലേക്ക് അവൻ നമ്മെ നയിക്കുമെന്ന് വിശ്വസിക്കാനുമുള്ള ഒരു മാർഗ്ഗമാണ് പ്രാർത്ഥന. ജീവിതം തീർച്ചയായും നമ്മെക്കുറിച്ചല്ല. അത് എല്ലായ്‌പ്പോഴും ദൈവത്തെക്കുറിച്ചാണ്. സ്വർഗ്ഗത്തിലെപോലെ ഭൂമിയിലും അവന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ് നമ്മേക്കുറിച്ചുള്ള ദൈവഹിതം. ദൈവമാണ് പ്രപഞ്ചത്തിന്റെ കേന്ദ്രവും നിയന്ത്രണവും എന്ന് അംഗീകരിക്കാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു. പ്രാർത്ഥന ശക്തിയും പ്രത്യാശയും നമ്മിൽ വർദ്ധിപ്പിക്കുന്നു. കാര്യങ്ങൾ ദുഷ്‌കരമായിരിക്കുമ്പോൾ നമ്മൾ തനിച്ചാണെന്ന് തോന്നുന്നത് സ്വാഭാവികം, പക്ഷേ ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. നാം പ്രാർത്ഥിക്കുമ്പോൾ, കാര്യങ്ങൾ അവന്റെ നിയന്ത്രണത്തിലാണെന്നും നാം അഭിമുഖീകരിക്കുന്ന ഏത് സാഹചര്യത്തിലും നമ്മെ സഹായിക്കുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ശക്തിക്കുവേണ്ടിയുള്ള പ്രാർഥന നമ്മുടെ പ്രതികൂലങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കും, കാരണം ദൈവം എപ്പോഴും നമുക്കുവേണ്ടിയുണ്ട്.

രണ്ട്, 'സിംഹാസന പ്രതിമ' ദൈവത്തിന്റെ ശക്തിയെയും അധികാരത്തെയും പ്രതിനിധീകരിക്കുന്നു. അത്യുന്നതനായ ദൈവത്തോടു അഭയയാചന കഴിപ്പാനുള്ള പദവിയായി ഇതിനെ കണക്കാക്കാം.

ഇന്ന് അനേകം രാജ്യങ്ങളിൽ നിന്നു രാജഭരണം നീങ്ങിപ്പോയതിനാൽ, ഇതിന്റെ ഗൗരവം എത്രത്തോളമെന്ന് ഗ്രഹിക്കാൻ നമുക്ക് ബുദ്ധിമുട്ടാണ്. എങ്കിലും പഴയനിയമ പുസ്തകങ്ങളിലൊന്നായ എസ്തേറിന്റെ പുസ്തകം ഈ വിഷയത്തിൽ അല്പം വെളിച്ചം വീശുമെന്ന് ഞാൻ കരുതുന്നു. പാർസി രാജാവായ (ശൂശൻ രാജധാനി) അഹശ്വരോശ് (B C 486-465) രാജാവിന്റെ ധർമ്മപത്നിയായിരുന്നു എസ്ഥേർ. ആ നിലയിൽ അധികാരത്തിലും പദവിയിലും താൻ രാജ്ഞിയാണ്. എന്നാൽ അഹശ്വരോശ് രാജാവിന്റെ മന്ത്രിയായിരുന്ന ഹമാൻ തനിക്കു മൊർദ്ദെഖായിയോടുള്ള വൈരാഗ്യം നിമിത്തം മൊർദ്ദെഖായിയേയും തന്റെ വംശജരായ യെഹൂദന്മാരെയും കൊന്നൊടുക്കുവാനുള്ള കലപ്പന പുറപ്പെടുവിച്ചു. അതിൽ യെഹൂദസ്ത്രീയും രാജാവിന്റെ പത്നിയുമായ എസ്ഥേറും ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ കാര്യം രാജാവിനെ അറിയിക്കുവാനൊ രാജസന്നിധിയിൽ മുഖം കാണിക്കുവാനൊ എസ്ഥേറിനു അനുവാദമുണ്ടായിരുന്നില്ല. കാരണം താൻ രാജസന്നിധിയിലേക്ക് കടന്നു ചെല്ലുകയും രാജാവ് തന്റെ ചെങ്കോൽ അവളുടെ നേരെ നീട്ടാതിരിക്കയും ചെയ്താൽ, അവൾ ആരുതന്നെ ആയിരുന്നാലും കൊല്ലപ്പെടുമെന്നതായിരുന്നു അഹശ്വരോശിന്റെ കൽപ്പനയെന്നത്. അതുകൊണ്ട് അവൾ അതിനൊരു ഉപാദി കണ്ടു പിടിച്ചത്, രാജ്യത്തെ യെഹൂദന്മാരെയെല്ലാം കൂട്ടി മുന്നു ദിവസം തിന്നുകയൊ കുടിക്കുകയൊ ചെയ്യാതെ ഉപവസിക്കുക, എസ്ഥേറും തന്റെ ബാല്യക്കാരത്തികളും അതുപോലെ മുന്നു ദിവസം ഉപവസിക്കും. അതിനു ശേഷം തന്റെ ജീവനെ തൃണവൽക്കരിച്ചുകൊണ്ട് രാജസന്നിധിയിൽ പ്രവേശിക്കുക, അങ്ങനെ തന്റെ 'അപേക്ഷ' രാജസന്നിധിൽ കഴിക്കുക.

ഒരു രാജ്യത്തെ രാജാവിന്റെ മുൻപിൽ ആ രാജ്യത്തെ രാജ്ഞിയായ സ്വന്തം ഭാര്യക്ക് കടന്നു ചെല്ലുവാനുള്ള മാർഗ്ഗമാണിത് എന്നുകൂടി നാം ഓർക്കണം. അങ്ങനെയെങ്കിൽ രാജാധി രാജാവും കർത്താധി കർത്താവും അതീവവിശുദ്ധിയിൽ വാഴുന്നവനുമായ ദൈവസന്നിധിയിൽ ഒരു അശുദ്ധനായ വ്യക്തിക്ക്/പാപിയായ വ്യക്തിക്ക് കടന്നു ചെല്ലുവാൻ എങ്ങനെയാണു കഴിയുക? ദൈവത്തിന്റെ സന്നിധിയിൽ കടന്നു ചെല്ലുക എന്നത് എത്രയൊ അപ്രാപ്യമായ കാര്യമാണ്. അഹറോന്റെ പുത്രന്മാരും പുരോഹിതന്മാരായി അഭിഷേകം ചെയ്യപ്പെട്ടവരുമായ "നാദാബും അബീഹൂവും" ധൂപകലശത്തിൽ അന്ന്യാഗ്നിയുമായി ദൈവസന്നിധിയിൽ പ്രവേശിച്ചപ്പോൾ സംഭവിച്ചതെന്താണെന്ന് നമുക്കറിയാം. അവർ ഇരുവരും അഗ്നിയാൽ ദഹിപ്പിക്കപ്പെട്ടു എന്നാണ് നാമവിടെ വായിക്കുന്നത്. അവരുടെ പാപം എന്താണെന്ന് അവിടെ വ്യക്തമായി പറയുന്നില്ലയെങ്കിലും അവർ 'ധൂപകലശങ്ങളിൽ അന്യാഗ്നി ഉപയോഗിച്ചു' (ലേവ്യാപുസ്തകം 10:1-2) എന്ന കാരണമാണ് നാമവിടെ കാണുന്നത്. അതായത്, യാഗപീഠത്തിന്മേൽ നിന്നുയരുന്ന അഗ്നി സ്വീകരിക്കാതെ (ലേവ്യാപുസ്തകം 16:12) പുറത്തുനിന്നുള്ള അഗ്നി ഉപയോഗിച്ചു കത്തിച്ച ധൂപകലശങ്ങളാണ് അവർ ഉപയോഗിച്ചത്. അത് സൂചിപ്പിക്കുന്നതെന്തന്നാൽ, യഥാർത്ഥ ആരാധനയുടേയും പ്രാർത്ഥനയുടെയും ഉറവിടം ക്രിസ്തുവിന്റെ ക്രൂശാണ്, അഥവാ ക്രിസ്തുവിന്റെ യാഗമാണ്.

ഈ ശ്രേഷ്ഠമഹാപുരോഹിതന്റെ മദ്ധ്യസ്ഥതയിൽ നമുക്ക് ധൈര്യത്തോടെ കൃപാസനത്തെ സമീപിക്കാം, അവന്റെ സന്നിധിയിൽ എപ്പോൾ വേണമെങ്കിലും കടന്നു ചെല്ലാനും ആരാധനയും അഭയയാചനയും കഴിക്കാമെന്ന ഉറപ്പാണ് ഇതു നമുക്കു നൽകുന്നത്.
“അടുത്തു വരിക” എന്ന വർത്തമാനകാല പ്രയോഗം രണ്ടു കാര്യങ്ങൾ ഉൾക്കൊള്ളുന്നു. ഒന്ന്, ഒരു വിശ്വാസിക്ക് ദൈവവുമായുള്ള തുടർമാനമായ ബന്ധത്തെ കാണിക്കുന്നു. രണ്ട്, “നമുക്ക് നിരന്തരം ദൈവത്തെ സമീപിക്കാം.” തുടർമാനമായ ബന്ധവും, യതൊരു ഭയവും കൂടാതെ ഏതുസമയത്തും ദൈവത്തെ സമീപിക്കാമെന്ന അധികാരവുമാണ് ഇത് നമുക്കു നൽകുന്നത്. മാത്രവുല്ല, പിന്തിരിഞ്ഞുപോകുന്നതിരെയുള്ള പ്രതിവിധിയും പിന്നോക്കം നിൽക്കാതിരിക്കാനുള്ള മറുമരുന്നും കൂടിയാണിത്.

പഴയ ഉടമ്പടി പ്രകാരം വർഷത്തിലൊരിക്കൽ മഹാപാപപരിഹാര ദിനത്തിൽ, അതും മഹാപുരോഹിതനു മാത്രമെ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാൻ അനുവദമുണ്ടായിരുന്നുള്ളു. അവരുടെ പാപം മറയ്ക്കപ്പെട്ടിരുന്നുവെങ്കിലും ദൈവസന്നിധിയിൽ ജനങ്ങൾക്കു നേരിട്ട് പ്രവേശിപ്പാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അതും ഇന്നത്തെ അവസ്ഥയും തമ്മിലുള്ള അന്തരം എത്ര വലിയതാണെന്ന് ചിന്തിക്കുക. അന്നും അനേകം പ്രശ്നങ്ങളും പ്രതികൂലങ്ങളും ജനങ്ങൾക്കുണ്ടായിരുന്നു. പക്ഷെ അക്കാര്യം ദൈവസന്നിധിയിൽ ബോധിപ്പിക്കണമെങ്കിൽ കടമ്പകൾ ഏറെ കടക്കണമായിരുന്നു. എന്നാൽ ക്രിസ്തുവിന്റെ മഹാപൗരോഹിത്യത്തിൻ കീഴിൽ, ദൈവജനത്തിനു ഏതു സമയത്തും ധൈര്യത്തോടെ കൃപാസനത്തോടു അടുത്തുവരുവാനും തങ്ങളുടെ അപേക്ഷയും അഭയയാചനകളും അർപ്പിക്കുവാൻ കഴിയും എന്നത് എത്രയൊ വലിയ ഭാഗ്യമാണ്.

എന്നാൽ നമുക്കു ദൈവുമായി ലഭിച്ചിരിക്കുന്ന ഈ ബന്ധവും പദവിയും നാം എത്രമാത്രം പ്രയോജനപ്പെടുത്തുന്നു എന്നതാണ് ചോദ്യം(R). ദൈവത്തിന്റെ മഹാകാരുണ്യംകൊണ്ട് ഈ നാളുകളിൽ എന്റെ പ്രാർത്ഥനാജീവിതത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്; അതിന്റെ ഗുണവും എനിക്ക് അനുഭവിച്ചറിയുവാൻ സാധിക്കുന്നു എന്നതോർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.

രണ്ടാമത്തെ പോയിന്റിന്റെ സബ് പോയിന്റായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ സന്നിധിയിലേക്ക് ധൈര്യത്തൊടെ കടന്നുവരുവാനുള്ള ബേസിസ് അഥവാ അടിസ്ഥാനത്തെക്കുറിച്ചാണ്.

2a. കരുണയുടേയും കൃപയുടേയും ഉറവിടമായ ക്രിസ്തുവെന്ന മഹാപുരോഹിതന്റെ തക്ക സമയത്തുള്ള സഹായം നമുക്കുണ്ടാകും .

കരുണയുടെയും കൃപയുടെയും യഥാർത്ഥ ഉറവിടം ക്രിസ്തുവാണ്. ആയതിനാൽ, ഭയംകൂടാതെ തുറന്ന മനസ്സോടെ വിശ്വാസികൾക്ക് ദൈവത്തോട് അടുത്തുവരാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവത്തിന്റെ കരുണയും കൃപയും "തക്കസമയത്തുള്ള സഹായ"ത്തിൽ കലാശിക്കും എന്നാണ്. ക്രിസ്തുവിലുള്ള ദൈവത്തിന്റെ കരുണയെ നിരാകരിക്കാൻ യിസ്രായേല്യരെ പ്രലോഭിപ്പിച്ചത് സമൂഹത്തിൽ നിന്നവർക്കുണ്ടായ പീഡനമാണ്. അവർ തങ്ങളുടെ വിശ്വാസം മുറുകപിടിക്കുകയും വിശ്വസ്തരായി നിലകൊള്ളുകയും യേശുവിന്റെ മഹാപുരോഹിത ശുശ്രൂഷയിലൂടെ ദൈവത്തെ സമീപിക്കുകയും ചെയ്താൽ, കൃത്യസമയത്ത് ദൈവം സഹായവുമായി വരുമെന്ന് ഗ്രന്ഥകർത്താവ് അവർക്ക് ഉറപ്പുനൽകുന്നു.

നമ്മുടെ മഹാപുരോഹിതൻ എങ്ങനെയുള്ള മഹാപുരോഹിതനാണ്, അവനെങ്ങനെ നമ്മെ സഹായിക്കുവാൻ കഴിയും എന്ന കാര്യമാണ് 15 വാക്യത്തിൽ നാം കാണുന്നത്. "15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു." നെഗറ്റീവായ ഈ രണ്ടു പ്രസ്താവനകളും കാണിക്കുന്നത് we have such a caring high priest! നമ്മെ വളരെയേറെ കരുതുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ട് എന്നതാണ്. ഈ ഉറപ്പ് വളരെ പ്രധാനമാണ്.

14-ാം വാക്യത്തിൽ നമ്മുടെ വിശ്വാസം മുറുകെ പിടിക്കാൻ നമ്മോടു പറഞ്ഞു. കാരണം ദൈവപുത്രനായ ക്രിസ്തു എന്ന മഹാപുരോഹിതൻ നമുക്കുണ്ട്. അതുകൊണ്ട് മാത്രം കാര്യമില്ല, ആ മഹാപുരോഹിതൻ നമ്മേ മനസ്സിലാക്കാൻ കഴിവുള്ള സാഹായിപ്പാൻ മനസ്സുള്ള വ്യക്തിയാണൊ എന്നാണറിയേണ്ടത്.

അവൻ നമ്മുടെ ബലഹീനതകളിൽ സഹതപിക്കാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല. ഇത് എത്രയൊ ആശ്വാസകരമായ സംഗതിയാണ്. യേശു നമ്മെ നോക്കി നിരാശയോടെയും കോപത്തോടെയും എന്തുകൊണ്ടാണ് എന്നെപ്പോലെ നിങ്ങൾക്ക് അനുസരിക്കാൻ കഴിയാത്തത് എന്നു ചോദിക്കുകയില്ല. ദൈവപുത്രൻ മനുഷ്യനായിത്തീർന്നവനാണവൻ. അവനു നമ്മെ മനസ്സിലാക്കാൻ കഴിയും. യേശു തന്റെ ജ്ഞാനം നമുക്കെതിരെ ഉപയോഗിക്കുകയില്ല, മറിച്ച് നമ്മോട് സഹതപിക്കുന്നതിനാണ് താൻ ഈ അറിവ് ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് യേശു മനുഷ്യനായത്? ഒരു കാരണം, നമ്മൾ അനുഭവിക്കുന്നത് അനുഭവിച്ചറിയാനും അനുകമ്പയുള്ള ഒരു മഹാപുരോഹിതനാകാനും വേണ്ടിയാണ് .

സഹതാപത്തെക്കുറിച്ച് നമ്മൾ പലപ്പോഴും സംസാരിക്കുന്നത് ഒരു വൈകാരിക തിരിച്ചറിയൽ എന്ന നിലയിലാണ്. അയ്യോ കഷ്ടമായി പോയി എന്നു പറഞ്ഞു മൂക്കത്ത് വിരൽ വെച്ചുകൊണ്ടു നിൽക്കുകയല്ല താൻ ചെയ്യുന്നത്. അവൻ നമ്മെ വൈകാരികമായി മാത്രമല്ല തിരിച്ചറിയുന്നത്. അവൻ നമ്മെ ശാരീരികമായും identify/തിരിച്ചറിയുന്നു. സ്വയം മനുഷ്യനായിത്തീർന്നതിലൂടെ നാമനുഭവിക്കുന്നത് തിരിച്ചറിയാൻ കഴിയുന്നനിലയിൽ സകലവും അനുഭവിച്ചറിഞ്ഞവനാണ് അവൻ. അവനേക്കാൾ നമ്മുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന മറ്റൊരു മദ്ധ്യസ്ഥനുമില്ല. അവനാണ് നമ്മുടെ ഏകമദ്ധ്യസ്ഥൻ.

അവൻ പരീക്ഷിക്കപ്പെട്ടു. അവൻ പ്രലോഭിപ്പിക്കപ്പെട്ടു. എന്നാൽ അതിലൊന്നും അവൻ ഒരു പാപവും ചെയ്തില്ല. വിശ്വസ്‌തതയൊടെ അവനതു നേരിട്ടു. വിശ്വസ്‌തമായ സഹിഷ്‌ണുത പ്രയാസമാണ്, അത് വളരെ ബുദ്ധിമുട്ടാണെന്ന് യേശുവിന് നന്നായി അറിയാം. യേശുവിന്റെ വെല്ലുവിളി വളരെ കഠിനമായിരുന്നു, കാരണം അവൻ ഒരിക്കലും compromise നു തയ്യാറായിരുന്നില്ല. നാമെല്ലാവരും പലതിനും വഴങ്ങിക്കൊടുക്കുന്നവരാണ്. ദൈവം നമ്മെ വിളിച്ചിരിക്കുന്നതുപോലെ വിശ്വസ്തരായി സഹിക്കുന്നവരല്ല. നമ്മുടെ പോരാട്ടം യേശുവിന് നന്നായി അറിയാം. അവൻ നമ്മുടെ പോരാട്ടത്തെ അറിയുന്നു. അവൻ പലതവണ പരീക്ഷിക്കപ്പെട്ടെങ്കിലും ഒന്നിലും പരാജയപ്പെട്ടില്ല. കഷ്ടതകൾക്കിടയിലും അവൻ പിതാവിനെ ഉപേക്ഷിച്ചില്ല. നാം അനുഭവിക്കുന്ന വികാരങ്ങൾ, നാം അനുഭവിക്കുന്ന വേദനകൾ, നാം നേരിടുന്ന പരീക്ഷണങ്ങൾ, നാം കാണുന്ന പ്രലോഭനങ്ങൾ ഇവ അനുഭവിക്കുന്നതിൽ നിന്ന് യേശുവിന്റെ ദൈവത്വം അവനെ തടഞ്ഞില്ല. സുവിശേഷങ്ങളിൽ ഇതു നാം കണ്ടിട്ടുണ്ട്. യേശു ഗത്സമേനയിൽ "വളരെ ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും" തുടങ്ങി എന്ന് മർക്കോസ് 14:33-ൽ നാം വായിക്കുന്നു. അടുത്തവാക്യത്തിൽ തന്റെ “ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിത്തീർന്നു” എന്ന് യേശു പറഞ്ഞതായി രേഖപ്പെടുത്തുന്നു. യേശു സഹിക്കാവുന്നതിന്റെ അപ്പുറം സഹിച്ചവനാണ്. എന്നാൽ അവൻ പാപം ചെയ്‌തു പോയിരുന്നെങ്കിൽ ഈ അനുഭവങ്ങളെല്ലാം നമുക്ക് ഉപയോഗശൂന്യമാകുമായിരുന്നു. അവന്റെ പാപരഹിതമായ ജീവിതമാണ് നമുക്ക് വേണ്ടത്. നമുക്ക് വിശ്വസ്തനായ ഒരു മഹാപുരോഹിതനെ വേണം. നമുക്ക് ഒരു ശ്രേഷ്ഠമഹാപുരോഹി തനെ വേണം. നമ്മുടെ അവസ്ഥ മനസ്സിലാക്കുകയും നമുക്കാവശ്യ മായ സഹായം നൽകാൻ കഴിവുള്ള മഹാപുരോഹിതനെ വേണം. ആ യോഗ്യതകളെല്ലം ഉള്ള ഒരു ശ്രേഷ്ഠ മഹാപുരോഹിതൻ നമുക്കുള്ളതുകൊണ്ട് നമുക്ക് പാപം ചെയ്യേണ്ട ആവശ്യവുമില്ല.

അപ്പോൾ നമ്മുടെ മനസ്സിലേക്ക് വരാവുന്ന ഒരു ചോദ്യം, പാപത്തിന്റെ ആധുനിക ഉപകരണങ്ങൾ നിറഞ്ഞ ഒരു ആധുനിക ലോകത്താണ് നാം ജീവിക്കുന്നത്. ഉദാഹരണമായി, നമുക്കൊരുവനെ നിസ്സാരമായി വെടിവെച്ച് കൊല്ലാം. മനുഷ്യബൊംബുകളെ ഉപയോഗിച്ച് മനുഷ്യനെ നശിപ്പിക്കാം. പലസ്തീനിലും യിസ്രായേലിലും റഷ്യയിലും യുക്രെനിലും ലബനനീലും സിറിയയിലും ഇന്നു നടക്കുന്നതുപോലെ ആയിരങ്ങളെ ഒറ്റയടിക്ക് മിസൈൽ ഉപയോഗിച്ചൊ ക്ലസ്റ്റർ ബോംബുകളുപയോഗിച്ച് കൊന്നൊടുക്കാം. ഇന്ന് internet ഉം mobile ഒക്കെയുള്ളതിനാൽ പാപം വിരൽതുമ്പിലിരിക്കുന്നു. വളരെ രഹസ്യമായി പോർണ്ണൊഗ്രാഫി കാണുന്നതിനും അന്നു കഴിയുമായിരുന്നില്ല. ഇന്ന് അതെല്ലാം സുലഭമായും വളരെ രഹസ്യമായും ചെയ്യാൻ സാധിക്കും. വരുമാന മാർഗ്ഗങ്ങൾ മൂടിവെച്ച് Income tax വെട്ടിപ്പ് നടത്താം. ആളുകളുടെ ബാങ്ക് അക്കുണ്ടുകൾ ഹാക് ചെയ്ത് പണം അടിച്ചു മാറ്റാം. മോഹനവാഗ്ദാനങ്ങൾ നൽകി ആളുകളെ വഞ്ചിക്കാം. വാട്സാപ് നമ്പറുകൾ ഹാക് ചെയ്ത് സുഹൃത്തുക്കളോടു സഹായം അഭ്യർത്ഥിക്കാം. ഇതൊന്നു യേശുവിന്റെ കാലത്തുണ്ടായിരുന്നില്ലല്ലൊ. അങ്ങനെയുള്ള പരീക്ഷകളെ ഒന്നും കർത്താവിനു നേരിടേണ്ടി വന്നിട്ടില്ലല്ലൊ. പിന്നെ എങ്ങനെയാണ് കർത്താവു എല്ലാനിലയിലലും നമ്മേപ്പോലെ പരീക്ഷിക്കപ്പെട്ടു എന്നു പറവാൻ കഴിയുക? തീർച്ചയായും ഇല്ല; ഒന്നാം നൂറ്റാണ്ടിലെ പലസ്തീനിൽ ഈ കാര്യങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളിൽ പാപത്തിന്റെ പദപ്രയോഗങ്ങളോ ഉപകരണങ്ങളോ വളരെ മാറിയിട്ടുണ്ടെങ്കിലും, പാപത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റമില്ലാതെ തുടരുന്നു: വിദ്വേഷം, കൊലപാതകം, അത്യാഗ്രഹം, സത്യസന്ധതയില്ലായ്മ, സ്വാർത്ഥത, മോഹം, കാമം ഇവയൊക്കെയാണ് ഈ പാപങ്ങൾക്കു പിന്നിൽ. മനുഷ്യന്റെ അടിസ്ഥാന പാപസ്വഭാവങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നു എന്നു മാത്രമെയുള്ളു. യഹോവ കയേനോടു പറഞ്ഞതു പോലെ പാപം നിന്റെ "വാതിൽക്കൽ കിടക്കുന്നു" (ഉൽപ. 4:6-7) നീയതിനെ കീഴടക്കണം. അവയെ നീ കീഴടക്കുന്നില്ലായെങ്കിൽ, അവ നിന്നെ കീഴടക്കും.
പിന്നെ ഉയരാവുന്ന മറ്റൊരു സംശയം യേശുക്രിസ്തു ദൈവമായിരുന്നതുകൊണ്ട് തന്റെ പ്രലോഭനങ്ങൾ എങ്ങനെ യാഥാർത്ഥ്യമാകും എന്നതാണ്. യേശു ഒരേസമയം ദൈവവും മനുഷ്യനുമായിരുന്നു എന്ന കാര്യം നാം ഓർക്കണം. മനുഷ്യനെന്ന നിലയിൽ, യേശുവിന് പ്രലോഭനത്തിന്റെ മുഴുവൻ ശക്തിയും അനുഭവപ്പെട്ടു, അവൻ നേരിട്ട പ്രലോഭനങ്ങൾ യഥാർത്ഥമായിരുന്നു, തന്നെ പാപത്തിലേക്ക് ക്ഷണിക്കുന്ന പ്രലോഭനങ്ങൾ തന്നെയായിരുന്നു താൻ നേരിട്ടത്. എന്നിരുന്നാലും, ദൈവമെന്ന നിലയിൽ അവൻ പാപം ചെയ്യുമായിരുന്നില്ല, പാപം ചെയ്തതുമില്ല.

കഠിനമായ ശോധനയിൽപ്പോലും യേശുവിന്റെ സമർപ്പണത്തിൽ തെല്ലും വീഴ്ച വരുത്തിയില്ല. ഹെബ്രായർ 5:7-8 വാക്യങ്ങളിൽ ലേഖനകാരൻ ഇത് വ്യക്തമായി പറയുന്നുണ്ട്: "7 ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. 8 പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി 9 തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായി ത്തീർന്നു". താൻ ദൈവപുത്രനായിരുന്നിട്ടും ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ പിതാവിനോട് അഭയയാചന കഴിച്ചാണ് തന്റെ കഷ്ടങ്ങളെ താൻ നേരിട്ടത്. “അവൻ ദൈവപുത്രനായിരുന്നെങ്കിലും, താൻ അനുഭവിച്ചതിൽ നിന്ന് അനുസരണം പഠിച്ചാണ് തികഞ്ഞവനായി തീർന്നത്.” വാസ്തവത്തിൽ, മരണത്തിലേക്കുള്ള തന്റെ പീഡനത്തെ മറികടക്കാനും ദൈവഹിതത്തോട് പുറംതിരിഞ്ഞുനിൽക്കാനുമുള്ള പ്രലോഭനമായിരുന്നു യേശു നേരിട്ടത്.

അതുകൊണ്ട് പീഡനങ്ങൾക്കു മുന്നിൽ തിരിഞ്ഞ് ഓടാനുള്ള നമ്മുടെ പ്രലോഭനത്തിൽ യേശുവിന് സഹതപിക്കാൻ കഴിയും. യേശുവിനും അതേ ആഗ്രഹം തോന്നിയിട്ടുണ്ടാകാം-പക്ഷേ അവനതു നിരസിച്ചു. അതുകൊണ്ട് എതു വെല്ലുവിളിയും നേരിടുന്നതിനു നമ്മേ സഹായിക്കാൻ അവനു കഴിയും (cf. 12:2-3).

മരണത്തിന്റെ മുന്നിലും അടിപതറാതെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും ക്രിസ്തുവിന്റെ മഹാപൗരൊഹിത്യത്തെ ഹൃദയത്തിൽ താലോലിക്കയും ചെയ്ത ഒരു മഹാനായ വ്യക്തിയുടെ അനുഭവം പങ്കുവെച്ച് ഞാൻ ഈ സന്ദേശം അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു നാല് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ചരിത്രപരമായ ഒരു ഫൂട്ടേജാണിത്. ജർമ്മൻ ദൈവശാസ്ത്രജ്ഞനും, പാസ്റ്ററും, സെമിനാരി പ്രൊഫസറും, Resistance movement-ലെ പങ്കാളിയുമായ ഡയട്രിച്ച് ബോൺഹോഫർ മറ്റുചില ആളുകളോടൊപ്പം നാസികളാൽ തടവിലാക്കപ്പെട്ടു. യുദ്ധത്തിന്റെ അവസാന നാളുകളിൽ, ചക്രവാളത്തിൽ സഖ്യകക്ഷികളുടെ തോക്കുകളിൽ നിന്നും വെടിയൊച്ചയുടെ ശബ്ദം കേട്ടപ്പോൾ ബോൺഹോഫറും സഹതടവുകാരും പ്രതീക്ഷയുടെയും പരിഭ്രാന്തിയുടെയും വിചിത്രമായ വികാരം പങ്കുവെച്ചു. അമേരിക്കൻ-ബ്രിട്ടീഷ് സേനയുടെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള നീക്കമനുസരിച്ച്, തടവുകാരുടെ ചെറിയ സംഘവും ഒരിടത്തുനിന്നും മറ്റിടങ്ങളിലേക്കു മാറ്റപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ ജർമ്മനിയിലെ ഷോൺബെർഗിലെ ഒരു സ്കൂൾ കെട്ടിടത്തിലേക്ക് ഈ തടവുകാരെ കൊണ്ടുവന്നു.

ബോൺഹോഫറിന്റെ സമയം അവസ്സാനിക്കാറായപ്പോൾ, ബെർലിനിൽ നിന്ന് അദ്ദേഹത്തിന്റെ അടിയന്തിര വിചാരണയ്ക്കും വധശിക്ഷയ്ക്കുമായുള്ള ഉത്തരവ് എത്തി. ഞായറാഴ്ച ബോൺഹോഫറിനോടു റോമൻ കത്തോലിക്കരും റഷ്യയിൽ നിന്നുള്ള ചില കമ്മ്യൂണിസ്റ്റുകാരും ഉൾപ്പെടുന്ന തടവുകാർ, ഒരു ആരാധനാ ശുശ്രൂഷ നടത്താൻ അഭ്യർത്ഥിച്ചു.

ബോൺഹോഫർ യെശയ്യാ 53:5 ഉം 1 പത്രൊസ് 1:3 ഉം വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് അന്ന് അവരോട് സംസാരിച്ചത്. “5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.” (യെശ. 53:5), 1 പത്രൊസ് 1:3: “3 നമ്മുടെ കർത്താവായ യേശുക്രിസ്തു വിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,.....4 വീണ്ടും ജനിപ്പിച്ചിരിക്കുന്നു”. ഈ വാക്യങ്ങളെ ആധാരമാക്കിയുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം ആ തടവുകാരുടെ ഹൃദയങ്ങളെ ആഴമായി സ്പർശിച്ചു. അവരിൽ പ്രത്യാശയുണർത്തുവാൻ അതു മതിയായതായിരുന്നു. ആ പ്രസംഗത്തെത്തുടർന്ന് ബോൺഹോഫറിനെ സെല്ലിൽ നിന്നും ഫ്ലോസെൻബർഗിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹത്തെ വിചാരണ ചെയ്യുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ അഞ്ചിനും ആറിനും ഇടയിൽ, ബോൺഹോഫർ, അർദ്ധനഗ്നനായി, ഒരു വനഭൂമിയിലെ തൂക്ക് മരത്തട്ടിൻ കീഴിൽ അവസാനമായി പ്രാർത്ഥിക്കാൻ മുട്ടുകുത്തി. തന്റെ അവസാന പ്രഭാത ധ്യാനത്തിൽ, ലോകത്തെ നേടുവാൻ ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം ഇപ്രകാരം എഴുതി:

എല്ലാറ്റിന്റെയും താക്കോൽ "അവനിൽ" അഥവാ "ക്രിസ്തുവിൽ" ആണ്. നാം ദൈവത്തിൽ നിന്ന് ശരിയായി പ്രതീക്ഷിക്കുന്നതും അവനോട് ആവശ്യപ്പെടുന്നതും എല്ലാം "ക്രിസ്തുവിൽ" കണ്ടെത്തേണ്ടതാണ്. യേശുക്രിസ്തുവിന്റെ ദൈവത്തിന്, നാം ചിന്തിക്കുന്നതുപോലെ, ദൈവം ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങളുമായി നമുക്ക് പലപ്പോഴും ബന്ധം കണ്ടെത്താൻ കഴിഞ്ഞു കഴിഞ്ഞു എന്നു വരികയില്ല. ദൈവം വാഗ്‌ദാനം ചെയ്യുന്നതും അവൻ നിവർത്തിക്കുന്നതും എന്താണെന്ന് മനസ്സിലാകണമെങ്കിൽ, യേശുവിന്റെ ജീവിതം, വചനങ്ങൾ, പ്രവൃത്തികൾ, കഷ്ടത, മരണം എന്നിവയെക്കുറിച്ച് ശാന്തമായി ധ്യാനിക്കണം. നാം എല്ലായ്പ്പോഴും ദൈവത്തോട് അടുത്തും അവന്റെ സാന്നിധ്യത്തിലും ജീവിക്കുമെന്ന കാര്യം ഉറപ്പാണ്. ആ ജീവിതം നമുക്ക് തികച്ചും പുതിയ ജീവിതമാണ്. അപ്പോൾ നമുക്ക് അസാധ്യമായി ഒന്നുമുണ്ടാകയില്ല, കാരണം ദൈവത്തിന് സകലവും സാദ്ധ്യം. അവന്റെ ഹിതംകൂടാതെ ഒരു ഭൗമിക ശക്തിക്കും നമ്മെ തൊടാനാവില്ല, ആപത്തിനും ദുരിതത്തിനും അവനിലേക്ക് നമ്മെ അടുപ്പിക്കാൻ മാത്രമേ കഴിയു."

ബോൺഹോഫർ എബ്രായർ 4:14-16-ൽ അന്തർലീനമായ തത്ത്വങ്ങൾ സ്വജീവിതത്തിൽ അന്വർത്ഥമാക്കിയ വ്യക്തിയായിരുന്നു :സ്ഥിരോത്സാഹം അഥവാ Perseverance ദൈവപുത്രനായ യേശുവുമായുള്ള ഒരാളുടെ ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. അദ്ദേഹം തന്റെ വിശ്വാസം അവസാനംവരെ മുറുകെപ്പിടിച്ചു. അങ്ങനെ യഥാർത്ഥ ക്രിസ്തീയ വിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റേയും ശാശ്വതമായ ചിത്രം അവശേഷിപ്പിച്ചു കൊണ്ട് അദ്ദേഹം ഈ ലോകത്തിൽ നിന്നും യാത്രയായി.

നമ്മുടെ ജീവിതത്തിലെ വെല്ലുവിളികൾ ഇതിനേക്കാൾ വലുതാണോ? ഈ പ്രസംഗം കേൾക്കുന്ന ചിലരെങ്കിലും ഉയർന്ന തോതിലുള്ള പീഡനമൊ ഭീഷണിയൊ നേരിടുന്നവരാകാം. ആരും മരണത്തെ അഭിമുഖികരിക്കുന്നവരായി ഉണ്ടാകും എന്നു ഞാൻ കരുതുന്നില്ല. പക്ഷെ അധികം പേർക്കും ഒരുപക്ഷെ തങ്ങളുടെ അവിശ്വാസികളായ ബന്ധുക്കളുടെ എതിർപ്പാകാം, അതല്ലെങ്കിൽ അവരുടെ ജോലിസ്ഥലത്ത് തങ്ങളുടെ വിശ്വാസത്തെ പരിഹസിക്കുന്ന അവരുടെ ഓഫീസിലെ ഒരു ബോസ് അതല്ലെങ്കിൽ ഒരു സുഹൃത്ത് ആകാം. അല്ലെങ്കിൽ നിങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ഒരു വിശ്വാസിയല്ലാത്ത ജീവിതപങ്കാളി ആകാം. അത്തരം സാഹചര്യങ്ങൾ യഥാർത്ഥവും നിങ്ങളുടെ ജീവിതത്തിനു ഒരു വെല്ലുവിളിയുമാണ്.

എന്നാൽ ഈ പ്രതിസന്ധികളിൽ നിങ്ങളുടെ വിശ്വാസം കുറേശ്ശെ അയഞ്ഞു തുടങ്ങുന്നുവെങ്കിൽ, യേശുവിനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം തീർച്ചയായും പരിശോധിക്കണം. നമുക്കുവേണ്ടി മരിച്ച യേശുവിനേയും അവന്റെ ശ്രേഷ്ഠമഹാപൗരോഹിത്യ ശുശൃഷയേയുംകുറിച്ചുള്ള വ്യക്തമായ ചിത്രം നിങ്ങൾക്കുണ്ടോ എന്നു പരിശോധിക്കണം. വിശ്വാസജീവിതത്തിൽ ചാഞ്ചല്യം തോന്നുന്നുവെങ്കിൽ ഇവയെ നിങ്ങൾ തീർച്ചയായും പരിശോധിക്കണം.

ഉപസംഹാരം.

അപ്പോൾ ഞാൻ എന്റെ സന്ദേശം ഉപസംഗ്രഹിക്കുകയാണ്. രണ്ടു കാര്യങ്ങളാണ് ഞാൻ പ്രധാനമായും പങ്കുവെച്ചത് 1. നമ്മുടെ വിശ്വാസം അവസ്സാനത്തോളം മുറുകെ പിടിക്കുക. അതിന്റെ അടിസ്ഥാനമായി ഞാൻ പറഞ്ഞത്, യേശു എന്ന ശ്രേഷ്ഠമഹാപുരോഹിതൻ ദൈവസന്നിധിയിൽ നമുക്കുണ്ട്. 2) "ധൈര്യത്തോടെ കൃപാസനത്തോടു അടുത്തുവരിക." അതിന്റെ അടിസ്ഥാനമെന്നത്, കരുണയുടേയും കൃപയുടേയും ഉറവിടമായ ക്രിസ്തുവെന്ന മഹാപുരോഹിതൻ നമ്മോട് സഹാതാപം കാണിക്കുവാനും തക്ക സമയത്തു സഹായിക്കുവാനും തയ്യാറായി ദൈവപക്ഷത്തുണ്ട്.

ക്രിസ്ത്യൻ നൂറ്റാണ്ടുകളിലുടനീളമുള്ള ലൂഥർമാരുടെയും ബോൺഹോഫർമാരുടെയും ജീവിതോദാഹരണങ്ങളിൽ നാം കാണുന്നത്, നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം വിശ്വാസത്തിന്റെ ആഴത്തിൽ നിന്നും ജീവിതത്തിന്റെയും ഹൃദയത്തിന്റെയും പ്രതിബദ്ധതയിൽ നിന്നുമാണ് ഒഴുകുന്നത് . അത്തരം ഒരു ബോദ്ധ്യം നാം കണ്ടെത്തിക്കഴിഞ്ഞാൽ, സമഗ്രതയോടെ/ സത്യസന്ധതയോടെ ജീവിക്കുവാൻ നമുക്കു സാധിക്കും. അതിനു ദൈവം നമ്മേ സഹായിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ. ആമേൻ.

*******

© 2020 by P M Mathew, Cochin

bottom of page