top of page
എബ്രായലേഖന പരമ്പര-06
P M Mathew
JAN 22, 2023

Supremacy of Jesus Christ!

യേശുക്രിസ്തുവിന്റെ പരമോന്നതത്വം !

Hebrews 1:7-14

ഹെബ്രായർ 1: 7-14

"7അവൻ കാറ്റുകളെ തന്റെ ദുതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു" എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 8 പുത്രനോടോ: "ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. 9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു" എന്നും 10 "കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 11 അവ നശിക്കും; നീയോ നിലനിൽക്കും; അവ വസ്ത്രം പോലെ പഴകിപ്പോകും; 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രം പോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല" എന്നും പറയുന്നു. 13 "ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തു ഭാഗത്തിരിക്ക" എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 14 അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?"

പ്രധാന ആശയം

ദൂതന്മാർ അടിസ്ഥാനപരമായി ദൈവത്തിന്റേയും പുത്രന്റേയും മാത്രമല്ല രക്ഷിക്കപ്പെടുവാനിരിക്കുന്ന മനുഷ്യവർഗ്ഗത്തിന്റേയും സേവകന്മാർ ആയിരിക്കുമ്പോൾ, യേശുക്രിസ്തു സാക്ഷാൽ ദൈവവും നീതിയോടെ ഭരണം നടത്തുന്ന നിത്യരാജാവും, സകല ആരാധനക്കും യോഗ്യനായി ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനുമായ, ദൈവപുത്രനാണ്. അൽപ്പം കൂടി ലളിതമായി പറഞ്ഞാൽ, ദൂതന്മാർ കേവലം ദൈവത്തിന്റേയും മനുഷ്യരുടേയും സേവകരായിരിക്കുമ്പോൾ യേശു സകല ആരാധനക്കും അനുസരണത്തിനും യോഗ്യനായ നിതൃനായ ദൈവമാണ്.

ഹെബ്രായ ലേഖനത്തിൽ നിന്നാണ് ഞാൻ ഇതിനു മുന്നമേ നിങ്ങളോടു സംസാരിച്ചത്. യേശുക്രിസ്തുവിന്റെ Supremacy അഥവാ പരമോന്നതത്വത്തെക്കുറിച്ച് ഹെബ്രായ ലേഖനത്തിന്റെ ഒന്നാം അദ്ധ്യായം ഒന്നു മുതൽ 6 വരെ വാക്യങ്ങളെ ആസ്പദമാക്കി ഞാൻ നിങ്ങളോടു സംസാരിച്ചു. ഇന്ന് ഏഴ് മുതൽ 14 വരെ വാക്യങ്ങളാണ് നാം പഠിക്കാനായിട്ട് പോകുന്നത്.

എബ്രായലേഖനകാരൻ ഈ ലേഖനമെഴുതുന്നത് ഏതെങ്കിലും പുതിയതായി രൂപംകൊണ്ട സഭക്കല്ല, മറിച്ച് നമ്മുടെ സഭയെപ്പോലെ ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ട സഭക്കാണ്. എബ്രായർ 5:12 ൽ നാം വായിക്കുന്നത് “കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന”വരാണ് അവർ. തന്നെയുമല്ല, അവർക്ക് നല്ല ഒരു പൂർവ്വചരിത്രവുമുണ്ടായിരുന്നു. അവർ തങ്ങളുടെ വിശ്വാസത്തെപ്രതി വളരെ പീഡനങ്ങൾ സഹിച്ചവരായിരുന്നു (10:33). അവരുടെ മുങ്കാല ജീവിതത്തിന്റെ സവിശേഷതകൾ കർത്താവായ ദൈവത്തെ മഹത്വപ്പെടുത്തുന്ന സവിശേഷതകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ, ലേഖനക്കാരൻ ഈ ലേഖനം എഴുതുന്ന സമയത്ത്, യേശുക്രിസ്തുവിനെ ക്കുറിച്ചുള്ള അവരുടെ ദർശനം മങ്ങിപ്പോയിരിക്കുന്നു. അവർക്കു ജീർണ്ണത ഭവിച്ചിരിക്കുന്നു. അവരുടെ ചെവിക്കു മന്ദത ബാധിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ വചനത്തിന് അവരുടെ ഉള്ളിൽ സ്ഥാനമില്ലാതായിരിക്കുന്നു. അവർ യെഹൂദാ മതത്തിന്റെ ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും തിരിയുവാൻ മനസ്സുവെച്ചിരിക്കുന്നു. സുവിശേഷത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് വേറൊരു സുവിശേഷത്തിലേക്കു തിരിയുന്നു. അതുകൊണ്ട് അവരുടെ സ്വഭാവത്തിലുള്ള മന്ദത മാറണം. അവരുടെ കർത്താവിനോടുള്ള നിസ്സംഗത നീങ്ങിപ്പോകണം. യേശുവിന്റെ യഥാർത്ഥമഹത്വം അവർ ദർശിക്കണം. യേശുവിന്റെ വാക്കുകൾക്ക് അവർ ഒന്നാം സ്ഥാനം നൽകണം.

അതിനുവേണ്ടി യേശുക്രിസ്തുവിന്റെ Supremacy/ശ്രേഷ്ടത/പരമോന്നതത്വം അവരുടെ മുൻപ്പിൽ വരച്ചുകാണിക്കുകയാണ് ലേഖനകാരൻ. അതിലൂടെ അവരുടെ ക്രിസ്തുവിനോടുള്ള ഭക്തിയും അനുസരണവും ആദരവും വർദ്ധിക്കണം. അതിനുവേണ്ടി ആദ്യം ദൂതന്മാരോടും, പിന്നെ മോശയോടും അതിനുശേഷം മഹാപുരോഹിതനായ അഹറോനോടും തുലനപ്പെടുത്തി യേശുവിന്റെ ശ്രേഷ്ടത താൻ വിവരിക്കുന്നു.

1. ദൂതന്മാരുടെ role/ധർമ്മവും യേശുക്രിസ്തുവിന്റെ role/ധർമ്മവും

ഈ വേദഭാഗത്തുനിന്നും യേശു ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ് എന്ന് പറയാനുള്ള ഒന്നാമത്തെ കാരണം ദൂതന്മാരുടെ role/ധർമ്മവും യേശുക്രിസ്തുവിന്റെ role/ധർമ്മവും തമ്മിലെ അന്തരമാണ്. ദൂതന്മാരുടെ ധർമ്മവും യേശുക്രിസ്തുവിന്റെ ധർമ്മവും തമ്മിൽ വലിയ അന്തരമുണ്ട്.
ദൂതന്മാർ ദൈവത്തിന്റെ ദാസന്മാർ മാത്രമാണ്. ദൂതന്മാർ യേശുവിനെ ശുശ്രൂഷിക്കുന്ന ആത്മാക്കളാണ്. ഏഴാം വാക്യമാണ് ഈ പോയിന്റിനു ആധാരം. അതുകൊണ്ട് ഏഴാം വാക്യം ഞാൻ ഒരിക്കൽ കൂടി വായിക്കുകയാണ്: “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു." ഇതു 104-ാംസങ്കീർത്തനം 4-ാം വാക്യത്തിന്റെ നേരിട്ടുള്ള ഉദ്ധരണിയാണ്. 4 "അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു" (സങ്കീ. 104:4).

ദൂതന്മാർ അടിസ്ഥാനപരമായി ദൈവത്തിന്റെ സേവകരാണ്. ദൈവത്തിന്റെ ഹിതം നിവൃത്തിക്കുകയൊ, പ്രധാന സംഭവങ്ങൾ announce ചെയ്യുകയൊ/ പ്രഖ്യാപിക്കുകയൊ/ വിളിച്ചു പറയുകയൊ ചെയ്യുന്നവർ. ദൈവം അവരോടു ആജ്ഞാപിക്കുന്ന കാര്യങ്ങൾ നിവൃത്തിക്കുക എന്നതാണ് അവരുടെ ധർമ്മം. അതിനുള്ള ചില ഉദാഹരണങ്ങൾ ഞാൻ ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടുവാൻ ആഗ്രഹിക്കുന്നു. ഉല്പത്തി 19 ൽ ലോത്തിനെ രണ്ടു ദൂതന്മാർ സന്ദർശിക്കുന്നതായി നാം വായിക്കുന്നു. ദൂതന്മാർ ആത്മരൂപികളാണെങ്കിലും അവർ പുരുഷന്മാരായിട്ടാണ് ലോത്തിനെ സന്ദർശിച്ചതും ലോത്ത് അവരെ കണ്ടതും. ലോത്ത് വളരെ ആദരപൂർവ്വം അവരുടെ പാദങ്ങൾ കഴുകി അവരെ തന്റെ ഭവനത്തിൽ സ്വീകരിച്ചു. ലോത്ത് മാത്രമല്ല, ആ നാട്ടിലെ ആളുകളും പുരുഷന്മാരായിട്ടാണ് അവരെ കണ്ടത്. പക്ഷെ അവർ ചെയ്തതു ഒട്ടും ശരിയായില്ല എന്നുമാത്രം. ഈ പുരുഷന്മാരെ ഭോഗിക്കാനായി അവിടുത്തെ നാട്ടുകാർ ലോത്തിന്റെ ഭവനത്തിനു മുന്നിൽ തടിച്ചുകൂടി. എന്നാൽ ഈ ദൂതന്മാർ അവർക്ക് അന്ധത വരുത്തി അവരെ അവിടെ നിന്ന് അകറ്റി. പിന്നീട് ആ ദേശത്തെ മുഴുവൻ ആകാശത്തുനിന്നും തീയും ഗന്ധകവും ഇറക്കി, ദൈവത്തിന്റെ ന്യായവിധി അവരുടെമേൽ നടപ്പാക്കി. ആ ദേശത്തിലെ ആളുകളുടെ ദുഷ്ടത ദൈവസന്നിധിയിൽ എത്തിയപ്പോൾ ദൈവത്തിന്റെ ന്യായവിധി നടത്തുവാനാണ് ദൈവം ഈ ദൂതന്മാരെ അയച്ചത്.
മറ്റൊരു സംഭവം, ദാവീദു ദൈവത്തിനു വിരോദമായി തന്റെ ജനത്തെ എണ്ണി പാപം ചെയ്തപ്പോൾ സംഭവിച്ചതാണ്. ഒരു ദൂതൻ ഒരു ബാധയായി യിസ്രയേലിൽ ഏതാണ്ട് 70000 പേരുടെ ജീവൻ എടുത്തതായി 2 ശമുവേൽ 24:15-17 വാക്യങ്ങളിൽ നാം വായിക്കുന്നു. ഇനിയും മറ്റൊന്നു, ഹിസ്ക്കിയാ രാജാവിന്റെ കാലത്ത് യിസ്രായേലിനെ ആക്രമിച്ച അശ്ശൂർ രാജാവായ സെൻഹേരിബിന്റെ 185000 വരുന്ന പടജ്ജനത്തെ ഒരു ദൂതൻ കൊന്നൊടുക്കിയതായി യെശയ്യ 37:36 ൽ നാം വായിക്കുന്നു.

പുതിയ നിയമത്തിലേക്കു വരുമ്പോൾ യോസേഫിനു ദൂതൻ പ്രത്യക്ഷനായി മറിയക്കു ജനിക്കുവാൻ പോകുന്ന കുഞ്ഞിനെ ക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുന്നതായി മത്തായി 1:20-24ൽ നാം വായിക്കുന്നു. ഇപ്പോൾ ഇതാ ഇവിടെ, നാം വായിച്ച വേദഭാഗത്തിന്റെ 14-ാം വാക്യത്തിൽ "അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?" എന്ന് ലേഖനകാരൻ ചോദിക്കുന്നു. അതേ ദൈവദുതന്മാർ നമ്മെ ശുശ്രൂഷിക്കുന്നു എന്നത് എത്രയൊ ഭാഗ്യകരമായ അവസ്ഥയാണ്.

ആകയാൽ, യേശുക്രിസ്തുവിന്റെ ധർമ്മവും ദൂതന്മാരുടെ ധർമ്മവും തമ്മിൽ വലിയ അന്തരമുണ്ട്. ദൂതന്മാർ ദൈവത്തിന്റെ ദാസന്മാരാണ്, സേവകരാണ്. അവർ ദൈവികമായ കർത്തവ്യങ്ങൾ നിവൃത്തിക്കുവാൻ വേണ്ടി കാറ്റുകളെ പോലെ പറക്കുന്നു; തീജ്വാലകളെ പോലെ ദഹിപ്പിക്കുന്നു. ആളുകളുടെ വേഷം സ്വീകരിക്കുന്നു. അങ്ങനെ അവ ദൈവത്തിൽ നിന്നുള്ള ആജ്ഞകൾ സ്വീകരിച്ച് തങ്ങളോടു കൽപ്പിക്കുന്നതുപോലെ പ്രവൃത്തിക്കുന്ന കേവലം ആജ്ഞാനുവർത്തികൾ മാത്രമാണ്.

എന്നാൽ യേശു അഭിഷിക്തനായ രാജാവാണ്. താൻ സിംഹാസനത്തിൽ ഇരുന്ന് അരുളുന്ന ദൈവമാണ്. താൻ ചെങ്കോൽ വീശുകയും അധികാരം നടത്തുകയും ചെയ്യുന്നു. അതിനെക്കുറിച്ചാണ് 8-9 വാകൃങ്ങൾ നമ്മോടു പറയുന്നത്. അത് നമ്മുടെ രണ്ടാമത്തെ പോയിന്റിലേക്കു നമ്മേ നയിക്കുന്നു.

2. യേശു എന്നേക്കും വാഴുന്ന ദൈവപുത്രനാണ് (8-9)
യേശു ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ് എന്ന് പറയാനുള്ള രണ്ടാമത്തെ കാരണം യേശു എന്നേക്കും വാഴുന്ന ദൈവപുത്രനാണ്.

8-9 വാകൃങ്ങൾ ഞാൻ വായിക്കുന്നു.

"8 പുത്രനോടോ: "ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. 9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു".

ഈ വാക്യങ്ങൾ യേശുക്രിസ്തുവിന്റെ വാഴ്ചയെ ഘോഷിക്കുന്നു. 45-ാം സങ്കീർത്തനം 6-7 വാക്യങ്ങളുടെ നേരിട്ടുള്ള ഉദ്ധരണിയാണിത്. "ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.7 നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു."

ഏഴാം വാക്യത്തിൽ ദൂതന്മാരുടെ ശുശ്രൂഷയെക്കുറിച്ചു പറഞ്ഞശേഷമാണ് "പുത്രനോടോ" എന്നു പറഞ്ഞുകൊണ്ട് ഈ എട്ടാം വാക്യം ആരംഭിക്കുന്നത്. ഇംഗ്ലീഷിൽ "But of the Son He Says, YOUR THRONE, O GOD, IS FOREVER AND EVER, AND THE RIGHTEOUS SCEPTER IS THE SCEPTER OF HIS KINGDOM" (NASB). ഇതിലെ "But" എന്ന പ്രയോഗം ദൂതന്മാരും യേശുവും തമ്മിലുള്ള അന്തരം എടുത്തുകാണിക്കുന്നു.

45-ാം സങ്കീർത്തനത്തിൽ, പിതാവാം ദൈവം പുത്രന്റെ രാജത്വത്തെ വിശദീകരിക്കുന്നത് "ദൈവമേ" എന്നു വിളിച്ചുകൊണ്ടാണ്. യെഹൂദന്മാർക്കു വളരെ പരിചിതമായ ഈ സങ്കീർത്തനത്തിൽ നിന്നും ഉദ്ധരിക്കുക വഴി എഴുത്തുകാരൻ യേശുക്രിസ്തുവിന്റെ ദൈവത്വത്തിനു അടിവരയിടുന്നു. ഇതിലെ ഓരോ വാക്കും ശ്രദ്ധേയമാണ് 'നിന്റെ സിംഹാസനം' എന്നത് യേശുവിന്റെ പരമാധികാരത്തെ കാണിക്കുന്നു. 'ദൈവമെ'/ 'Oh God' എന്ന പ്രയോഗം യേശുവിന്റെ ദൈവത്വത്തെ കുറിക്കുന്നു. 'എന്നും എന്നേക്കും' എന്നത് യേശുവിന്റെ രാജത്വത്തിന്റെ സ്ഥായിയായ സ്വഭാവത്തെ കാണിക്കുന്നു 'ചെങ്കോൽ' തന്റെ അധികാരത്തെ കുറിക്കുന്നു. 'നീതി' എന്നത് യേശുവിന്റെ സ്വഭാവസവിശേഷതയെ ഓർപ്പിക്കുന്നു. ഇതെല്ലാം യേശുവിനെ മറ്റെല്ലാവരിൽ നിന്നും, പ്രത്യേകിച്ചു ദൂതന്മാരിൽ നിന്നും വേറിട്ടു നിർത്തുന്ന സവിശേഷതകളാണ്.

A W Pink എന്ന ദൈവദാസൻ ഇതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിന്റെ ദൈവത്വത്തിന്റെ സംശയരഹിതമായ തിരുവചനതെളിവുകളിൽ ഒന്നാണിത്. മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ത്യജിക്കപ്പെടുകയും ചെയ്ത മശിഹയുടെ ദൈവത്വത്തിനു സാക്ഷി സ്വർഗ്ഗത്തിലെ പിതാവാം ദൈവം തന്നെയാണ്.

യേശുവിന്റെ ഭരണത്തിന്റെ സ്ഥായിയായ സ്വഭാവത്തെ/എന്നേക്കും നിലനിൽക്കുന്ന സ്വഭാവത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ജോനാഥൻ എഡ്വേർഡ്സ് നമ്മെ ഓർമ്മിപ്പിക്കുന്നതുകൂടി നമുക്കു നോക്കാം: "പുരാതനലോകത്ത് അറിയപ്പെട്ടിരുന്ന ലോകത്തിന്റെ വലിയൊരു ഭാഗം ഭരിച്ചിരുന്ന ഗ്രീക്ക്, റോമൻ രാജവാഴ്ചകൾ അവസാനിച്ചു, എന്നാൽ ക്രിസ്തുവിന്റേത് ശാശ്വതമായ ഒരു രാജ്യമാണ്, അവന്റെ സിംഹാസനം എന്നേക്കും നിലനിൽക്കുന്നു.

പിതാവ് തനിക്കു സമാനനായ ദൈവമെന്ന നിലയിലാണ് യേശുവിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. മാത്രവുമല്ല യേശു എന്നേക്കും രാജാവായി വാഴുകയും ചെയ്യുന്നു. അവൻ എന്നേക്കും രാജാവായി വാഴുന്നു എന്നു മാത്രമല്ല, അവന്റെ വാഴ്ച എങ്ങനെയുള്ള വാഴ്ചയാണ് എന്നുംകൂടി ഈ വാക്യം വ്യക്തമാക്കുന്നു. അവന്റെ ഭരണം നീതിയോടെയുള്ള ഭരണമാണ്. "നീതി" എന്നാൽ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഹിതത്തെ അടിസ്ഥാനമാക്കി നേരൊടെ ജീവിക്കുകയും നേര് പ്രവൃത്തിക്കുകയും ചെയ്യുന്നതാണ്.(R) യേശു വാസ്തവത്തിൽ നീതിയെ സ്നേഹിച്ചതിനാൽ ദൈവത്തിന്റെ നിലവാരത്തിൽ നിന്നും തെല്ലും വ്യതിചലിച്ചില്ല. ചിന്തയിലും പ്രവൃത്തിയിലും ലക്ഷ്യത്തിലും നേരായതിൽ, സത്യമായതിൽ താൻ പ്രമോദിച്ചു. പാപത്തെ സ്നേഹിപ്പാൻ ദൈവത്തിന്റെ സ്വഭാവസവിശേഷതയായ നന്മ തന്നെ അനുവദിച്ചില്ല.
ദൈവത്തിന്റെ ഹിതത്തിനു വിരുദ്ധമായതെല്ലാം ദുഷ്ടതയാണ്. ദൈവഹിതത്തിനു മേലായി സ്വന്തഹിതത്തെ പ്രതിഷ്ടിക്കുന്നതും ദുഷ്ടതയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്വന്ത ആശയങ്ങൾക്ക് അനുസരിച്ചു ജീവിക്കുക. ദൈവത്തിന്റെ നിയമത്തിനു വിരുദ്ധമായി എന്റെ താത്പ്പര്യങ്ങൾ അനുഷ്ടിക്കുക, എനിക്കു ഞാൻതന്നെ നിയമമാകുക. അതൊക്കെയും ദുഷ്ടതയുടെ പരിധിയിൽ വരും. എന്നാൽ യേശു അങ്ങനെ ആയിരുന്നില്ല. താൻ ദുഷ്ടതയെ വെറുക്കുകയും നീതിയെ സ്നേഹിക്കുകയും ചെയ്തു.

ഇനി തെറ്റും ശരിയും നിർവ്വചിക്കേണ്ട സ്ഥാനത്ത് താനൊരു ന്യൂട്രൽ നിലപാട് സ്വീകരിക്കാറില്ല. ഇന്ന് പലപ്പോഴും ആളുകൾ തങ്ങളുടെ വിധേയത്വം അനുസരിച്ചാണ് തെറ്റിനോടും ശരിയോടുമുള്ള ഒരു നിലപാട് സ്വീകരിക്കുന്നത്. യേശു ശരിയെ സ്നേഹിക്കുകയും തെറ്റിനെ വെറുക്കുകയും ചെയ്തു. താൻ നീതിയെ സ്നേഹിക്കുകയും അധാർമ്മികതയെ വെറുക്കുകയും ചെയ്തു. താൻ ആരുടേയും മുഖം നോക്കാതെ നീതിയോടെ സംസാരിക്കുന്ന വ്യക്തിയായിരുന്നു എന്ന് യേശുവിന്റെ ശത്രുക്കൾ പോലും സമ്മതിച്ച കാരൃമാണ്. അങ്ങനെയുള്ള നിലപാട് നമ്മുടെ ജീവിതത്തിലും പ്രകടമാകട്ടെ.
ഒരു അധികാരിയുടെ ഏറ്റവും മഹനീയമായ ഗുണമാണ് നീതിയും ന്യായവും നടപ്പാക്കുക എന്നത്. അങ്ങനെയുള്ള ഒരു ഭരണാധികാരി തന്റെ ജനങ്ങൾക്ക് എത്ര വലിയ confidence/ആത്മവിശ്വാസമാണ് പകർന്നു നൽകുക. നാമൊക്കെ കോടതികളിൽ വിശ്വാസമുള്ളവരാണ്. എന്നാൽ പലതിലും ഈ കോടതികൾ തെറ്റിപ്പോകുന്നു, അവർ പണത്തിനും അധികാരത്തിനും വശംവദരായി ന്യായത്തെ ത്യജിക്കുന്നു എന്നത് എത്രയൊ സങ്കടകരമായ വസ്തുതയാണ്.

യേശുവിന്റെ വരാനിരിക്കുന്ന രാജ്യത്ത് നീതിയോടെയുള്ള ഭരണം ഏറ്റവും വിളങ്ങും എന്നാണ് വെളിപ്പാടു പുസ്തകത്തിൽ നാം വായിക്കുന്നു (വെളി. 19:15).
അവൻ നീതിയെ സ്നേഹിക്കുകയും അകൃത്വത്തെ വെറുക്കുകയും ചെയ്തതിനാൽ, ദൈവം "കൂട്ടുകാരിൽ പരമായി അവനെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു" എന്ന് 9-നാം വാക്യത്തിന്റെ രണ്ടാം ഭാഗത്ത് പറയുന്നു. ദൂതന്മാരോട് ചേർത്തു ഇത് പറഞ്ഞിരിഞ്ഞിരിക്കുന്നതിനാൽ 'കൂട്ടുകാർ' എന്നത് ദൂതന്മാർ എന്ന നിലയിൽ പരിഗണിക്കുന്നവരുണ്ട്. എന്നാൽ ഇവിടെ 'കൂട്ടുകാർ' എന്നത് ദൈവമക്കളേയാണ് ഉദ്ദേശിക്കുന്നത് എന്നു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
അന്നത്തെ വിരുന്നു സത്ക്കാരങ്ങളിൽ , വിശിഷ്ട അഥിധികളെ തലയിൽ തൈലംപൂശി അഭിഷേകം ചെയ്തു സ്വീകരിക്കുന്ന ഒരു രീതി നിലനിന്നിരുന്നു. അതുപോലെ ഇപ്പോൾ പിതാവാം ദൈവം യേശുക്രിസ്തുവിനെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത് സ്വീകരിച്ചിരിക്കുന്നു.

അവൻ സ്വർഗ്ഗത്തിലേക്കു കയറി, സിംഹാസനത്തിന്റെ വലതുഭാഗത്തിരുന്നപ്പോൾ, മനുഷ്യപുത്രൻ എന്ന നിലയിൽ, തന്റെ ജനത്തിനു നൽകാനുള്ള പരിശുദ്ധാത്മാവ് എന്ന ദാനം പിതാവിൽ നിന്നും തനിക്കു ലഭിച്ചു (അപ്പൊ. 2:33). അത് അവനു സന്തോഷത്തിന്റെ എണ്ണയായിരുന്നു. അവന്റെ മുൻപിൽ വെച്ചിരുന്ന സന്തോഷമായിരുന്നു. അവന്റെ കഷ്ടപ്പാടിനു കിരീടധാരണത്തിൽ ലഭിച്ച സന്തോഷം. ദൈവം അവനു ആത്മാവിനെ അളവില്ലാതെ നൽകി എന്നു നാം വചനത്തിൽ വായിക്കുന്നു.

അത് അവൻ തന്റെ 'കൂട്ടുകാരുടെ' മേൽ പകർന്നു. അപ്പൊസ്തലപ്രവൃത്തി 2 ൽ അതിന്റെ ആദ്യ പ്രദർശനം നാം കാണുന്നു. പെന്തക്കൊസ്ത് നാളിൽ അതു സംഭവിച്ചു. മർക്കൊസിന്റെ മാളികമുറിയിൽ കാത്തിരുന്ന 120 പേരുടെമേൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് തീനാവു പോലെ അവരുടെമേൽ ഇറങ്ങി വന്നു. താൻ പണിയുവാൻ പോകുന്ന തന്റെ സഭയുടെ ശരീരമാകുവാൻ താൻ അവരെ വീണ്ടെടുത്തു. അങ്ങനെ അവർ അവന്റെ അഭിഷേകത്തിലും സന്തോഷത്തിലും പങ്കാളികളായിത്തീർന്നു. അവന്റെ രാജ്യം ശാശ്വതമായ സന്തോഷവും, പറഞ്ഞറിയിക്കുവാനാവത്ത മഹത്വവും നിറഞ്ഞതാണ്.

ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ട പ്രീയപ്പെട്ടവരെ, ദൈവത്തിന്റെ കൃപമൂലം, നാമും ഈ അഭിഷേകം പ്രാപിച്ചിരിക്കുന്നു. പെന്തക്കൊസ്ത് നാളിലെ പരിശുദ്ധാത്മാഭിഷേകം അവർക്ക് മാത്രമുള്ള അഭിഷേകമായിരുന്നില്ല, അവർക്കുശേഷം വീണ്ടും ജനിക്കുവാനിരുന്ന നമുക്കും കൂടിയുള്ള അഭിഷേകമായിരുന്നു. അങ്ങനെ അവൻ മറ്റുള്ളവരുടെ സന്തോഷത്തിനു കാരണഭൂതനായി തീർന്നതിനാൽ, യേശുക്രിസ്തു അവരെല്ലാവരേക്കാളും സന്തോഷപരിപൂർണ്ണത അനുഭവിക്കുന്നു.

പിതാവ് നമുക്കു വെളിപ്പെടുത്തിത്തന്ന പുത്രൻ നമ്മുടെ ദൈവമാകുന്നു. നമ്മുടെ ഈ ദൈവത്തെ, നമ്മുടെ രാജാവിനെ കുടുതൽ അറിയുന്നതിനും ബഹുമാനിക്കുന്നതിനും സേവിക്കുന്നതിനുമായി നമുക്കു ജീവിക്കാം. അവനെ നാം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ അവന്റെ ഈ സ്വഭാവസവിശേഷതകൾ നമ്മുടെ ജീവിതത്തേയും സ്വാധീനിക്കും. മാത്രവുമല്ല, എബ്രായവിശ്വാസികളെപ്പോലെ അവിശ്വാസമൊ ഭയമൊ നമ്മിൽ ഉണ്ടാകുമ്പോൾ, "യേശു എന്റെ ദൈവവും വീണ്ടെടുപ്പുകാരനും; ഞാൻ ആരെ ഭയപ്പെടും" എന്ന് ധൈര്യത്തോടെ നമുക്കു പറയാം.


യേശുക്രിസ്തുവിന്റെ യഥാർത്ഥ വ്യക്തിത്വത്തെ വികലമാക്കുക എന്നത് സാത്താന്റെ ഏതൊരു കാലത്തേയും തന്ത്രമാണ്. ചില അവസരങ്ങളിൽ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിച്ചുകൊണ്ട് ആളുകളെ അവൻ എഴുന്നേൽപ്പിക്കും. മറ്റുചില അവസരങ്ങളിൽ യേശുവിന്റെ മനുഷ്യത്വത്തെ ദുർബ്ബലപ്പെടുത്തുവാൻ ആളുകളെ അവൻ ഉപയോഗിക്കുന്നു. ഒരിക്കൽ ഉപയോഗിച്ച തന്ത്രം ഫലിക്കാതെ വരുമ്പോൾ അതു മടക്കി ബാഗിൽ വെക്കും. കുറച്ചു നാളുകൾക്കുശേഷം അവൻ അതു വീണ്ടും പുറത്തെടുക്കും. അപ്പോഴും കുറെ ആളുകൾ അവന്റെ കെണിയിൽ വീഴും.

ഇങ്ങനെ സാത്താൻ തന്റെ ഉപകരണമായി ഉപയോഗിച്ച പല വൃക്തികളേയും ചരിത്രത്തിൽ നമുക്കു കാണാം. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്ന അരിയൂസ് എന്ന ദുരൂപദേഷ്ടാവ് അതിൽ പ്രഥമനാണ്. അരിയൂസിന്റെ ആശയം പിടിച്ചുകൊള്ളുന്നവരാണ് യഹോവാസാക്ഷികൾ. അവർ യേശുവിനെ പ്രധാന ദൂതനായ മിഖായേലായി ചിത്രീകരിക്കുന്നു. അതുവഴി യേശു ദൈവത്തിന്റെ ആദ്യസൃഷ്ടിയാണെന്നും അവനിലൂടെ പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു എന്നും അവർ പഠിപ്പിക്കുന്നു. യേശുവിനെ ശക്തനായ ദൈവം (mighty god) എന്നുവരെ പറയും. എന്നാൽ യേശു സർവ്വശക്തനായ (Almighty God) ദൈവമാണ് എന്നു പറയുകയില്ല. കേവലം ഒരു വാക്യത്തിൽ mighty God എന്നു ഉപയോഗിച്ചിരിക്കുന്നു എന്നതാണ് അതിനായി അവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആ വാക്യം അതിന്റെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയാണ് അങ്ങനെയൊരു വ്യാഖ്യാനം അവർ നൽകുന്നത്. യേശുക്രിസ്തുവിന്റെ ദൈവത്വത്തെ വ്യക്തമാക്കുന്ന അനേകം വേദഭാഗങ്ങൾ ബൈബിളിൽ ഉണ്ട്. യേശു സർവ്വശക്തനായ ദൈവം തന്നെ എന്ന് വെളിപ്പാട് 1:8 ൽ വായിക്കുന്നു: "8 ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു." (“I am the Alpha and the Omega,” says the Lord God, “who is, and who was, and who is to come, the Almighty.”) യേശുവിനു നൽകപ്പെട്ട ടൈറ്റിൽ-LORD, I AM, Creator എന്നിത്യാദി പ്രയോഗങ്ങൾ യേശുക്രിസ്തുവിന്റെ ദൈവത്വത്തിനുള്ള തെളിവാണ്. അതുകൂടാതെ, യോഹന്നാൻ 5:18, 10:30, 14:9 എന്നിവിടങ്ങളിലെ, യേശു പിതാവിനോടു തന്നെ സമനമാക്കിക്കൊണ്ട്, ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നീ വാക്യങ്ങൾ അവർ അവഗണിക്കുന്നു. അതുപോലെ ഹെബ്രായർ 1:3; (അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും) 1:8 ഇവയൊക്കേയും യേശുക്രിസ്തുവിന്റെ ദൈവത്വത്തിനു അടിവരയിടുന്നു.

ഇനിയും ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് ആഗ്രഹിക്കുന്നവർ David Barron Vs Dr. Phil Fernades തമ്മിലൂള്ള ഡിബേറ്റ് കേൾക്കുന്നത് നന്നായിരിക്കുമെന്ന് ഞാൻ കരുതുന്നു. Does the bible teach Jesus is almighty God? എന്ന തലക്കെട്ടിൽ scriputualtruths.com ആണ് ഇത് u-tube ൽ upload ചെയ്തിരിക്കുന്നത്.

എ ഡി 325 ൽ തന്നെ, നിഖ്യാ സുനഹദോസിൽ ഏരിയൻ പാഷാണ്ഡതയെ ഖണ്ഡിച്ചുകൊണ്ട് യേശുക്രിസ്തു പിതാവിനോടു സമനായ സത്തയുള്ളവനും അതേസമയം പിതാവിൽ നിന്നും വ്യതിരിക്തനായ വ്യക്തിയാണെന്നും പ്രഖ്യാപിച്ചിരുന്നു.

അതുപോലെ നാലാം നൂറ്റാണ്ടിൽ ലാവൊദിക്യ സഭയിലെ ബിഷപ്പായിരുന്ന Apollinaris യേശുക്രിസ്തുവിന്റെ പൂർണ്ണമനുഷ്യത്തെ നിഷേധിച്ച ദുരുപദേഷ്ടാവാണ്. A D 381 ൽ Constantinople ൽ കൂടിയ സുനഹദോസ് അദ്ദേഹത്തിൻറെ ആശയത്തെ ഖണ്ഡിച്ചുകൊണ്ട് യേശുവിന്റെ പൂർണ്ണമനുഷൃത്വത്തെ അംഗീകരിച്ചു.

അതുപോലെ Nestorius യേശുക്രിസ്തുവിന്റെ പൂർണ്ണദൈവത്വവും പൂർണ്ണമനുഷൃത്വവും നിഷേധിച്ച വൃക്തിയാണ്. എ ഡി 431ൽ Ephesusൽ കൂടിയ കൗൺസിൽ യേശുക്രിസ്തുവിന്റെ പൂർണ്ണ ദൈവത്വവും മനുഷൃത്വവും ശരിവെച്ചു. ഇങ്ങനെ കാലാകാലങ്ങളിൽ പലരും സഭയിൽ ദുരുപദേശം കടത്തിക്കൊണ്ടുവന്നെങ്കിലും സഭ അതിനെ ശക്തിയുക്തം എതിർക്കുകയും സതൃത്തെ ഊട്ടി ഉറപ്പിക്കയും ചെയ്തിട്ടുണ്ട്.

യഹോവാസാക്ഷികൾ, മോർമോൺസ്, ക്രിസ്ത്യൻ സയൻസ്, The Unification Church, എമ്പറർ ഇമ്മാനുവെൽ തുടങ്ങിയ പ്രസ്ഥാനങ്ങൾ ഇങ്ങനെയുളള ദുരൂപദേശപ്രസ്ഥാനങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഇങ്ങനെയുള്ളവരുടെ ചതിയിൽ ഇപ്പോഴും ആളുകൾ വീഴുന്നു എന്നത് എത്രയൊ സങ്കടകരമാണ്. അങ്ങനെയുള്ളവരെ വിട്ട് ആളുകൾ ഒഴിഞ്ഞുനിൽക്കണം എന്ന് ഓർപ്പിക്കുവാൻ ആഗ്രഹിക്കുന്നു. കൾട്ട് പ്രസ്ഥാനക്കാർ ദൈവത്തിന്റെ വചനത്തെ വികലമായി പരിഭാഷ ചെയ്യുകയും വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അനേകരെ വഴിതെറ്റിക്കുന്നത്. എന്നാൽ എല്ലാ ദുരൂപദേഷ്ടാക്കന്മാരേയും ദൈവം ന്യായം വിധിക്കുമെന്ന് 2 പത്രോസിലും യൂദായുടെ ലേഖനത്തിലും വളരെ വ്യക്തമായി പറയുന്നു.

യേശുവിന്റെ വ്യക്തിത്വത്തെ തെറ്റിദ്ധരിക്കുന്നത് ഒരു നിസ്സാര കാര്യമല്ല. മത്തായി 16:15 ൽ യേശു ശിഷൃന്മാരോടു ചോദിച്ചു: "നിങ്ങളൊ എന്നെ ആർ എന്നു പറയുന്നു". യേശു ആരാണെന്ന് നമുക്കു അപര്യാപ്തമൊ, തെറ്റായതൊ ആയ വീക്ഷണമുണ്ടെങ്കിൽ, നാം അവനെ വണങ്ങുകയില്ല, ആരാധിക്കയില്ല. രക്ഷകനും കർത്താവുമായി അവനിൽ ആശ്രയിക്കുകയില്ല. അത് എത്രയൊ അപകടകരവും നാശകരവുമായ സംഗതിയാണ്. അതുകൊണ്ട് ഓർത്തുകൊള്ളുക: യേശുക്രിസ്തു എന്ന വ്യക്തിയേയും തന്റെ പ്രവൃത്തിയേയും ശരിയായി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടാൽ അതു നമ്മുടെ ശാശ്വതമായ നാശത്തേയാണ് ഉറപ്പിക്കുന്നത്.

യേശു സാക്ഷാൽ ദൈവമാണ്. തന്റെ സിംഹാസനം ശാശ്വതമാണ്. ദൈവത്തിന്റെ ശത്രുക്കൾ അവന്റെ പാദപീഠമാക്കപ്പെടുന്ന ഒരു സമയത്തിനായി കാത്തിരിക്കുന്നു എന്നു മാത്രം.
3. യേശുക്രിസ്തുവിന്റെ നിത്യാസ്തിത്വം.

യേശു ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ് എന്ന് പറയാനുള്ള മൂന്നാമത്തെ കാരണം യേശുക്രിസ്തുവിന്റെ നിത്യാസ്തിത്വമാണ്. യേശുക്രിസ്തുവിന്റെ നിത്യാസ്തിത്വം.
വാക്യം 10-12 "10 "കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 11 അവ നശിക്കും; നീയോ നിലനിൽക്കും; അവ വസ്ത്രം പോലെ പഴകിപ്പോകും; 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രം പോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല" എന്നും പറയുന്നു."

സങ്കീർത്തനം 102:25-27 ന്റെ ഉദ്ധരണിയാണിത്. സങ്കീർത്തനത്തിൽ പിതാവായ ദൈവത്തോട് ബന്ധപ്പെടുത്തിയാണ് ഇത് പറയുന്നത്. എന്നാൽ ഹെബ്രായലേഖകൻ ഇത് യേശുക്രിസ്തുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും യേശുക്രിസ്തു സൃഷ്ടാവായ ദൈവവും (permanence) മാറ്റമില്ലാത്തവനുമാണ് എന്നു പറയുകയാണ്. ദൂതന്മാർ സൃഷ്ടിക്കപ്പെട്ടതാണ്, അവർക്കു മാറ്റം ഭവിക്കാം. എന്നാൽ പുത്രനെ സംബന്ധിച്ചിടത്തോളം സൃഷ്ടാവും മാറ്റമില്ലാത്തവനുമാണ്. He is immutable. യേശുക്രിസ്തു സൃഷ്ടിക്കും സമയത്തിനും മുന്നമെയുള്ളവൻ. അവൻ പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ്.

ലോകം താത്ക്കാലികമായി മാത്രം നിലനിൽക്കുന്നതാണ്. എന്നാൽ മനുഷ്യർ അതിനെ നിത്യമായി നിലനില്ക്കുന്നതായി കാണുന്നു. പക്ഷെ അത് ഒരു ദിവസം വസ്ത്രം പോലെ പഴകിപ്പോകും. എല്ലാ വസ്ത്രങ്ങളും ജീർണിക്കുന്നു, പഴയതാകുന്നു, അത് മാറ്റേണ്ടതാവശ്യമാണ്. ഈ ലോകത്തെ വസ്ത്രം പോലെ, ചുരുട്ടിക്കളയും എന്നാൽ ക്രിസ്തു ഒരിക്കലും ജീർണ്ണിക്കുകയില്ല. അവന്റെ സ്ഥലം ശാശ്വതമാണ്, അവൻ ഈ മങ്ങിപ്പോകുന്ന ലോകത്തെ മാറ്റി പുതിയ ആകാശവും പുതിയ ഭൂമിയും സ്ഥാപിക്കും (എബ്രായർ 12:26-28; വെളിപാട് 21 കാണുക).

ക്രിസ്തു മാറ്റമില്ലാത്തവനാണ് എന്നതിന്റെ അർത്ഥമെന്താണ്? ക്രിസ്തുവിന്റെ സ്വഭാവം ഒരിക്കലും മാറില്ല എന്നാണ്. അവൻ നമ്മോടുള്ള സ്നേഹം സ്ഥിരമായി കാണിക്കും. അവൻ എപ്പോഴും നീതിമാനും ന്യായം പ്രവർത്തിക്കുന്നവനും കരുണാമയനും ആയിരിക്കും. ക്രിസ്തു നമ്മേ സഹായിക്കുകയും നാം വീണു പോകുമ്പോൾ അവൻ ക്ഷമ നൽകുകയും ചെയ്യും. യേശു മാറ്റമില്ലാത്തവനാണെന്നതിൽ നമുക്കു എപ്പോഴും നന്ദിയുള്ളവരായിരിക്കാം.

എബ്രായ വായനക്കാർക്ക് തങ്ങൾ രക്ഷിക്കപ്പെട്ടതിനാൽ സഹ യഹൂദന്മാരുടെ തിരസ്കരണം പലപ്പോഴും അനുഭവിക്കേണ്ടതായി വന്നു. അത് ഇന്നും അങ്ങനെ തന്നെയാണ്. പുതിയതായി വിശ്വാസത്തിലേയ്ക്കു വരുന്നവർക്ക് ഒറ്റപ്പെടലും തിരസ്ക്കരണവും നേരിടേണ്ടി വരുന്നു. അത് നമ്മുടെ കർത്താവും കുറെ അനുഭവിച്ചതാണ്. അതുണ്ടാകും. അതിൽ അതിശയിക്കേണ്ട കാരൃമില്ല. ഹെബ്രായ ക്രിസ്ത്യാനികൾക്ക് അതുണ്ടായപ്പോൾ അവരുടെ വിശ്വാസം തള്ളിക്കളഞ്ഞ്, അല്ലെങ്കിൽ മാറ്റമില്ലാത്ത ക്രിസ്തുവിനെ വിട്ട്, അവരുടെ പരിചിതമായ പഴയ യെഹൂദാ മതത്തിലേക്കു തിരിയാൻ പ്രലോഭിപ്പിക്കപ്പെട്ടു. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യരുതെന്ന് ഹെബ്രായർ മുന്നറിയിപ്പ് നൽകുന്നു. മാറുന്ന ലോകത്ത്, ക്രിസ്തു മാത്രമാണ് മാറാത്തവൻ. അവൻ മാത്രമാണ് നമ്മുടെ ഏകസങ്കേതം. അവനെ നാം വിശ്വസിക്കുന്നുവെങ്കിൽ, നാം തികച്ചും സുരക്ഷിതരാണ്, കാരണം പ്രപഞ്ചത്തിലെ ഏറ്റവും ഉറച്ച അടിത്തറയിലാണ് നാം നിൽക്കുന്നത്.

Edward Mote എന്ന ദൈവദാസൻ എഴുതിയ വളരെ പ്രസിദ്ധമായ ഒരു പാട്ടുണ്ട്. ആ ഗാനം നാം വല്ലപ്പോഴും ഇവിടെ പാടാറുണ്ട്. അതിതാണ്:

"My hope is built on nothing less
than Jesus' blood and righteousness;
I dare not trust the sweetest frame
But wholly lean on Jesus' name

On Christ, the solid Rock, I stand;
All other ground is sinking sand,
All other ground is sinking sand

"ഉറപ്പുള്ള പാറയായ ക്രിസ്തുവിൽ, ഞാൻ നിൽക്കുന്നു - മറ്റെല്ലാ ഭൂമിയും മുങ്ങുന്ന മണലാണ്.
ഈ വലിയ സത്യം നമ്മേ ഓർപ്പിക്കുവാൻ ഈ ഗാനം എത്രയൊ ഉപകാരപ്രദമാണ് !!!

4. യേശുക്രിസ്തുവിന്റെ ഉന്നതമായ പദവി

യേശു ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ് എന്ന് പറയാനുള്ള നാലാമത്തെ കാരണം യേശുക്രിസ്തുവിന്റെ ഉന്നതമായ പദവിയാണ്/സ്ഥാനമാണ്.

വാക്യങ്ങൾ 13-14 ഉം വായിക്കാം: 13 “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 14 അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?

സങ്കീർത്തനം 110:1 ഉദ്ധരണിയാണിത്: "യഹോവ എന്റെ കർത്താഇനോടു അരുളിച്ചെയ്യുന്നതു ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലതു ഭാഗത്തിരിക്ക."
ക്രിസ്തുവിന്റെ ഉന്നതമായ സ്ഥാനം അഥവാ പദവി ദൂതന്മാരെക്കാൾ അവനെ ഉന്നതനാക്കുന്നു. ത്രിത്വത്തിലെ രണ്ടു വ്യക്തികളായ പിതാവും പുത്രനും പുരാതനകാലത്ത് നടത്തിയ സംസാരം ദാവീദ് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ കേട്ടത് എന്ന നിലയിലാണ് സങ്കീർത്തനം ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. പുരാതനകാലം മുതൽ പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ ഇതു കാണിക്കുന്നു. മാത്രവുമല്ല, ത്രിത്വത്തിലെ വ്യക്തികൾ തമ്മിലുള്ള വ്യതിരിക്തതയും ഇതു വ്യക്തമാക്കുന്നു. അതായത്, ദൈവം ഒന്നിലധികം വ്യക്തികളുള്ള ത്രീയേകനാണ്.

ദാവീദ് ഈ രണ്ടാം വ്യക്തിയെ എന്റെ കർത്താവെ എന്നു വിളിച്ചിരിക്കുന്നത്, അപ്പൊ. തോമസ് ഉയർത്തെഴുനേറ്റ യേശുവിനെ കണ്ടപ്പോൾ "എന്റെ കർത്താവെ എന്റെ ദൈവമെ" എന്ന് വിളിച്ച് നമസ്ക്കരിച്ചതിനെ അനുസ്മരിപ്പിക്കുന്നു. ത്രിത്വത്തിലെ ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് സംസാരിക്കുന്നതിൽ ഒരുവരും തമ്മിലുള്ള വ്യക്തിരിക്തത/distinction നും ഇതു വെളിപ്പെടുത്തുന്നു. ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടു കൂടെയായിരുന്നു, വചനം ദൈവമായിരുന്നു എന്ന യോഹന്നാന്റെ പ്രഖ്യാപനം ഇവിടെ അന്വർത്ഥമാണ്. മാത്രവുമല്ല, ആത്മീയ ഗോളത്തിലെ ദുഷ്ടശത്രുക്കളുമായി പിതാവിനുള്ള നിരന്തരയുദ്ധത്തേയും ഇത് ഓർമ്മിപ്പിക്കുന്നു. ഈ ശത്രുക്കൾ, യേശുവിനെ വികലമായി ചിത്രീകരിച്ചുകൊണ്ട് ആളുകളെ വഞ്ചിക്കുന്നവർ, ഒരുകാലത്ത് തന്റെ പാദപീഠമാകും. അതുവരെ കാത്തിരിക്കുക. ഈയൊരു സംസാരം ഒരു മനുഷ്യൻ കേൾക്കാനും രേഖപ്പെടുത്താനും ഇടയാക്കി എന്നത് ദൈവത്തിന്റെ മനുഷ്യനോടുള്ള ഏറ്റവും വലിയ കൃപയുടെ നിദർശനമാണ്. പിതാവും പുത്രനുമായുള്ള ഈ സംസാരം പരസ്യപ്പെടുത്താനും ദൈവമക്കൾക്കത് ഉത്സാഹമായി തീരാനും ഇടയായതിൽ നമുക്ക് ദൈവത്തെ സ്തുതിക്കാം.
യേശുക്രിസ്തുവിനു തന്റെ ഭൗമികജീവിതത്തിൽ വളരെ അപമാനവും കഷ്ടതയും നേരിടേണ്ടിവന്നുവെങ്കിലും പിതാവാം ദൈവം, ദൈവമായ നമ്മുടെ കർത്താവിനെ വിശ്രമത്തിന്റേയും ബഹുമാനത്തിന്റേതുമായ സ്വർഗ്ഗീയ ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു. തന്റെ പ്രവൃത്തി താൻ നന്നായി പൂർത്തീകരിച്ചു; അതിന്റെ ഫലം വലിയതാണ്, അതിന്റെ പൂർണ്ണവിജയം കാണുന്നതുവരെ എന്റെ വലതു ഭാഗത്ത് ഇരിക്കുക. മഹത്വധാരിയായ യാഹ്വേ അങ്ങനെ ക്രിസ്തുവിനെ രക്ഷകനായി, കർത്താവായി അവരോധിച്ചിരിക്കുന്നു.

ഞാൻ ഇതുവരെ പറഞ്ഞ കാര്യം സംഗ്രഹിച്ചുകൊണ്ട് എന്റെ സന്ദേശം ഞാൻ അവസ്സാനിപ്പിക്കുന്നു:

യേശു ദൂതന്മാരേക്കാൾ ശ്രേഷ്ഠൻ എന്ന് പറയാനുള്ള 4 കാരണങ്ങളാണ് ഇതുവരെ ഞാൻ നിങ്ങളുമായി പങ്കുവെച്ചത്;

1. ദൂതന്മാരുടെ ധർമ്മവും യേശുക്രിസ്തുവിന്റെ ധർമ്മവും തമ്മിലുള്ള അന്തരം.
2. യേശു എന്നേക്കും വാഴുന്ന ദൈവപുത്രനാണ്.
3. യേശുക്രിസ്തുവിന്റെ നിത്യാസ്തിത്വം
4. യേശുക്രിസ്തുവിന്റെ ഉന്നതമായ പദവി

യേശു അധികാരത്തിന്റേയും ആധിപത്യത്തിന്റേയും അന്തസ്സിന്റേയും ഇരിപ്പിടത്തിൽ ഉപവിഷ്ടനായിരിക്കുന്നു. കൂടാതെ യാഹ്വേ അവനുവേണ്ടി പോരാടുകയും എല്ലാ വിമതരേയും അവന്റെ കാൽക്കീഴിൽ കിടത്തുന്നതുവരേയും കാത്തിരിക്കുവാനുള്ള നിയമനമാണിത്.
ഈ ഇരിപ്പിൽ അവൻ നമ്മുടെ പ്രതിനിധിയാണ്. അവസാനത്തെ ശത്രുവും നശിപ്പിക്കപ്പെടുന്നതുവരെ തന്റെ മധ്യസ്ഥതയുടെ രാജ്യം നിലനിൽക്കും, തുടർന്ന്, "അവൻ പിതാവായ ദൈവത്തിന് രാജ്യം ഏൽപ്പിക്കുന്ന അവസാനം വരും". അതുവരെ ജനതകളെ കീഴ്പ്പെടുത്തുന്ന ജോലി ഇപ്പോൾ പിതാവായ ദൈവത്തിന്റെ കൈയിലാണ്, അവൻ തന്റെ സംരക്ഷണത്താൽ തന്റെ പുത്രന്റെ മഹത്വത്തിനായി അത് നിറവേറ്റും; അവന്റെ വചനമാണ് അതിനുള്ള guarantee. അതുകൊണ്ട് ഭാവിയെക്കുറിച്ച് നാം ഒരിക്കലും ഭയചകിതരാകേണ്ടതില്ല. യേശു എന്നേക്കും വാഴും അതുകൊണ്ട് സമാധാനത്തോടെ, ആത്മവിശ്വാസത്തോടെ കാത്തിരിക്കാം.

ഈ അധോലോകത്തിൽ എന്ത് സംഭവിച്ചാലും പരിഭ്രാന്തരാകേണ്ട കാരൃമില്ല. കലാപകാരികൾ ഉടൻ തന്നെ അവജ്ഞയുടെ സ്ഥാനത്ത് വരും, അവർ അവന്റെ പാദപീഠമായിത്തീരും. അവൻ അവരെ അനായാസം ഭരിക്കും; യേശുവിനോട് ചേർന്ന് നാമവരെ ഭരിക്കും.

അതുവരെ അവന്റെ മഹത്വം കണ്ടറിഞ്ഞ് അവന്റെ വാക്കുകൾക്ക് ചെവികൊടുക്കുന്നവരും അവനെ ആരാധിക്കുന്നവരും അവന്റെ സ്വരം ശ്രവിച്ചുകൊണ്ട് അവനെ അനുഗമിക്കുന്നവരുമായി നമുക്കിരിക്കാം.

​

​

*******

© 2020 by P M Mathew, Cochin

bottom of page