top of page
എബ്രായലേഖന പരമ്പര-07
P M Mathew
JAN 29, 2023

Do not neglect the gospel of Salvation !
രക്ഷയുടെ സന്ദേശത്തെ അവഗണിക്കാതിരിക്കുക !

Hebrews 2:1-4

എന്റെ ജീവിതത്തിൽ ഏറ്റവും ഭയപ്പാടുണ്ടാക്കിയ ഒരു സംഭവത്തെ ഓർത്തുകൊണ്ട് ഇന്നത്തെ സന്ദേശം ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഞാൻ ആദ്യമായി ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത് കോഴിക്കോട് തൊട്ടിൽപ്പാലം എന്ന സ്ഥലത്തായിരുന്നു. കുറ്റിയാടി പുഴയ്ക്കു സമീപമാണ് താമസിച്ചിരുന്നത് എന്നതിനാൽ പുഴയിലാണ് ഞാനും സുഃർത്തുക്കളും കുളിച്ചിരുന്നത്. സാധാരണ പുഴയിൽ അരക്കു താഴെ മാത്രമെ വെള്ളമുണ്ടാകാറുള്ളു. എന്നാൽ ഒരു മഴപെയ്താൽ പെട്ടെന്ന് വെള്ളത്തിന്റെ ലെവലുയരുകയും ഒഴുക്ക് വളരെ ശക്തമാകയും ചെയ്യും. അങ്ങനെ ഒരു മഴക്കാലത്ത് ഞങ്ങൾ പതിവുപോലെ കുളിക്കാൻ പോയി. ആ സമയത്ത് ഏകദേശം 100 അടി വീതിയിലായിരുന്നു പുഴ ഒഴുകിയിരുന്നത്. മാത്രവുമല്ല, ഏകദേശം തോളറ്റം വരെ വെള്ളവുമുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളിൽ ഒരാൾ നന്നായി നീന്തുന്നവനും മറ്റെയാൾ തീരെ നീന്ത് വശമില്ലാതിരുന്ന വ്യക്തിയായിരുന്നു. എനിക്ക് കുളത്തിൽ നീന്തി പരിചയമുണ്ടെന്നതു ഒഴിച്ചാൽ ഒഴുക്കുള്ള പുഴയിൽ നീന്തി പരിചയിച്ചിരുന്നില്ല. എന്റെ കൂട്ടുകാരൻ ചോദിച്ചു, ഞാൻ അക്കരക്കു നീന്താൻ പോകുവാ, വരുന്നുണ്ടോ എന്നു ചോദിച്ചു. പിന്നെ ഒഴുക്കിൽ പെട്ടാൽ റ്റാറ്റ തന്നു വിടുകയെയുളളു എന്നുംകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം നീന്തി ഞാൻ നോക്കി നിന്നു. അദ്ദേഹം ഒരുവിധം അക്കരക്ക് എത്തി. അന്നെനിക്കു പ്രായം 22 വയസ്സായിരുന്നു. ഞാനും നീന്താൻ തന്നെ തീരുമാനിച്ചു. ഏതാണ്ട് പുഴയുടെ നടുക്കെത്തിയപ്പോൾ ഒഴുക്കിൽ പെടാൻ തുടങ്ങി. പിന്നെ ഒരു പരാക്രമമായിരുന്നു. അവസാനം ഏതാണ്ട് ലക്ഷ്യസ്ഥാനത്തു നിന്നും വളരെ ദൂരെ മാറി ഒരുവിധത്തിൽ കരപറ്റി. ഞാൻ ഇത്രയ്ക്ക് ഭയപ്പെട്ട ഒരു ദിവസം എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഞാൻ ഒഴുകുന്ന വെള്ളത്തിന്റെ ശക്തിയെ വേണ്ടത്ര ഗൗനിച്ചില്ല, അതിന്റെ ഭയാനകത അന്നാണ് ആദ്യമായി അനുഭവിച്ചറിയാൻ ഇടയായത്.

എബ്രായലേഖനം രണ്ടാം അദ്ധ്യായത്തിന്റെ ആരംഭവാക്യം വായിച്ചപ്പോൾ ഈയൊരു അനുഭവമാണ് എന്റെ മനസ്സിലേക്ക് വന്നത്. ഇന്നത്തെ ചിന്തക്കായി ഹെബ്രായർ 2:1-4 വരെ വാക്യങ്ങളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

ഹെബ്രായർ 2:1-4

"1അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. 2 ദൂതന്മാർ മുഖാന്തിരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ 3 കർത്താവു താൻ പറഞ്ഞു തുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ 4 നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?"

എബ്രായലേഖനത്തിലെ അനേക warning passage കളിൽ ആദ്യത്തേതാണിത്. വ്യാഖ്യാനിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള വേദഭാഗങ്ങളാണ് ഇവ. ഇത് അപകടത്തെ കാണിക്കുന്ന കേവലം മുന്നറിയിപ്പ് ചൂണ്ടുപലക മാത്രമല്ല, മറിച്ച് എഴുത്തുകാരന്റെ ഒരു പ്രബോധനമാണ്. പ്രീയപ്പെട്ട വായനക്കാരോടുള്ള തന്റെ സ്നേഹത്തിന്റേയും അടുപ്പത്തിന്റേയും വെളിച്ചത്തിൽ അവർക്കു നൽകുന്ന ഉപദേശവും പ്രോത്സാഹനവുമാണിത്. ഇതിലെ പ്രധാന ആശയം എന്താണെന്ന് പറഞ്ഞ ശേഷം അതിന്റെ വിശദീകരണത്തിലേക്ക് കടക്കാം.

പ്രധാന ആശയം

ക്രിസ്തുവിലൂടെ നൽകപ്പെട്ട രക്ഷയുടെ സന്ദേശം അതീവഗൗരവമുള്ളതാകയാൽ, അതിനു നാം വലിയ ശ്രദ്ധകൊടുക്കണം; ഇല്ലെങ്കിൽ നാം ഒഴുകിപ്പോകും. അതിന്റെ പരിണതഫലം വലുതാകയാൽ രക്ഷയുടെ സന്ദേശത്തെ നാം അവഗണിക്കരുത്. ഇതാണ് ഇതിലെ മുഖ്യപ്രമേയം. (R) ഒഴുക്കിപ്പോകാതിരിപ്പാൻ നാം പുത്രനിലൂടെ കേട്ട മഹത്വകരമായ രക്ഷയൂടെ സന്ദേശത്തെ അവഗണിക്കാതിരിക്കുക.

എബ്രായലേഖനം വാസ്തവത്തിൽ എഴുത്തുകാരന്റെ ഒരു പ്രസംഗമാണ്. ആരാണിത് എഴുതിയത് ആർക്കാണിത് എഴുതിയ എന്നിങ്ങനെ ഒരു ലേഖനത്തിന്റേതായ ആമുഖമില്ലാതെ എഴുതപ്പെട്ടതിനാൽ ചില വേദാശാസ്ത്രികൾ ഇതിനെ ഒരു sermon/ പ്രസംഗം എന്ന നിലയിലാണ് പരിഗണിക്കുന്നത്. ഒരു മുക്കാൽ മണിക്കൂർ നീണ്ട ഒരു പ്രസംഗം. ഏകദേശം ഒരു മുക്കാൽ മണിക്കൂർ ഉണ്ടെങ്കിൽ ഇതു നമുക്കു വായിച്ചു തീർക്കാൻ കഴിയും. അപ്പോൾ പ്രാസംഗികൻ, ഇതുവരെ ഉപദേശം അഥവാ Doctrinal part കൈകാര്യം ചെയ്യുകയായിരുന്നു. ഈ രണ്ടാം അദ്ധ്യായത്തിലേക്ക് കടന്നപ്പോഴാണ് താൻ പറഞ്ഞ ഉപദേശത്തിന്റെ പ്രായോഗികതയിലേക്കു കടക്കുന്നത്. അതായത്, താൻ മുന്നമെ പറഞ്ഞ വേദശാസ്ത്രത്തിന്റെ വെളിച്ചത്തിൽ അതിനോടുള്ള ശ്രോതാക്കളുടെ പ്രതികരണം എന്തായിരിക്കണം എന്നാണ് ഈ വാക്യങ്ങളിൽ താൻ പറയുന്നത്. Doctrine ഇല്ലാതെ പ്രായോഗികത-application ഇല്ല. അങ്ങനെയാണ് മിക്ക ലേഖനങ്ങളിലും നാം കാണുന്നത്, ആദ്യം Doctrine പിന്നെ അതിന്റെ പ്രായോഗികത. അപ്പോൾ ഈ വേദഭാഗത്തു നിന്നും ഒന്നാമതായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം:

യേശുക്രിസ്തുവിന്റെ സുവിശേഷത്തിനു ശ്രദ്ധയോടെ ചെവി കൊടുക്കുക (Listen to the gospel of Jesus Christ).

ഒന്നാം വാക്യത്തിൽ നിന്നാണ് ഞാനിത് പറയുവാൻ പോകുന്നത് ആയതിനാൽ ഒന്നാം വാക്യം ഒരിക്കൽ കൂടി വായിക്കാം: "അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു." ("For this reason we must pay much closer attention to [a]what we have heard, so that we do not drift away from it.") നാം കേട്ട കാര്യത്തിനു അധികം ശ്രദ്ധയോടെ ചെവികൊടുക്കുക.

"അതുകൊണ്ട് / For this reason/therefore" (ഡയ ടൂട്ടോ) എന്ന വാക്കോടെയാണ് ഒന്നാം വാക്യം ആരംഭിക്കുന്നത്. ഒന്നാം അദ്ധ്യായത്തിൽ പറഞ്ഞ കാര്യങ്ങളുമായി ഈ രണ്ടാം അദ്ധ്യായത്തെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് ഈ വാക്ക്. മുൻ അദ്ധ്യായത്തിൽ സ്ഥാപിച്ച പുത്രന്റെ Supremacy/ഔന്നത്യവും ആ പുത്രനിലൂടെ ദൈവം നൽകിയ അന്തിമ വെളിപ്പാടിനോടുമാണിത് ബന്ധിപ്പിക്കുന്നത്. "ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2 ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു."

ഇവിടെ പഴയനിയമവും പുതിയ നിയമവും തമ്മിൽ ഒരു contrast നടത്തുന്നുണ്ടെങ്കിലും രണ്ടും ദൈവത്തിന്റെ വചനമാണെന്നതിൽ ലേഖനകാരനു തർക്കമില്ല. പഴയനിയമത്തിൽ തുടങ്ങുന്ന ദൈവത്തിന്റെ progressiveവായ വെളിപ്പാടിന്റെ പൂർത്തീകരണമാണ് പുതിയനിയമം. എന്നാൽ അത് തെറ്റിൽ നിന്നും ശരിയിലേക്കല്ല, ചെറിയ വെളിപ്പാടിൽ നിന്നും വലിയ വെളിപ്പാടിലേക്ക്, പൂർണ്ണതയും വ്യക്തതയുമുള്ള വെളിപ്പാടിലേക്ക് എന്ന നിലയിലാണ്. വെളിപ്പാടിന്റെ കാര്യത്തിൽ രണ്ടും പരപൂരകമാണ്, പുതിയതിൽ പഴയതിന്റെ നിവൃത്തി കാണുന്നു. പഴയനിയമം കുടാതെ പുതിയനിയമം മനസ്സിലാക്കാൻ കഴിയില്ല. രണ്ടിലും വിശ്വാസത്താലാണ് രക്ഷ. വെളിപ്പാടിന്റെ മൂലക്കല്ല് എന്നു പറയുന്നത് യേശുക്രിസ്തുവും അവന്റെ പ്രവൃത്തിയും സുവിശേഷവുമാണ്. ഈ കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ടു വേണം ലേഖനകാരന്റെ വാദമുഖങ്ങളെ നോക്കിക്കാണാൻ.

പിന്നീട് ആ പുത്രന്റെ മഹത്വത്തെക്കുറിച്ചാണ് ലേഖനകാരൻ വിവരിക്കുന്നത്. ഈ പുത്രനെ സാക്ഷാൽ ദൈവമായി താൻ അവതരിപ്പിക്കുന്നു. അതുകൊണ്ട് ലേഖനകാരൻ ഇനി താൻ പറയുവാൻ പോകുന്ന പ്രബോധനത്തിനു ആധാരം കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വമാണ്. ഈ പുത്രന് എന്തു മഹത്വം എന്നു ചിന്തിക്കുന്നവർക്ക്, പുത്രന്റെ വാക്കുകൾക്കു ചെവികൊടുക്കുവാൻ തോന്നുകയില്ല. എന്നാൽ ആ പുത്രന്റെ മഹത്വം അനേകം പഴയനിയമ ഉദ്ധരണികളെ നിരത്തി ലേഖനകാരൻ വളരെ വ്യക്തമായും കൃത്യമായും നമ്മുടെ മുൻപിൽ അവതരിപ്പിച്ചു. ആ പുത്രന്റെ യഥാർത്ഥമഹത്വം ദർശിക്കുന്നവർക്കു മാത്രമേ, പുത്രന്റെ വാക്കുകൾക്കു ചെവികൊടുക്കാൻ കഴിയു.

പുത്രന്റെ മഹത്വത്തെക്കുറിച്ചു ഒന്നാം അധ്യായത്തിൽ എന്താണ് നാം കണ്ടത്? ദൈവത്തിന്റെ അവസാനത്തെ വാക്കാണ് യേശുക്രിസ്തു. അവൻ സകലത്തിന്റേയും അവകാശിയാണ്, അവൻ സൃഷ്ടാവാണ്, ദൈവത്തിന്റെ അതേ പ്രതിമയാണ്, സകല പ്രപഞ്ചത്തേയും തന്റെ വാക്കിനാൽ വഹിക്കുന്നവനാണ്, പാപത്തിനു പരിഹാരം വരുത്തിയവനാണ്, ദൈവത്തിന്റെ വലത് ഭാഗത്ത് ഉപവിഷ്ടനായ വ്യക്തിയാണ്, ദൂതന്മാരേക്കാൾ ഉന്നതനാണ്, ദൂതന്മാരാൽ ആരാധിക്കപ്പെടുന്നവനാണ്. അവൻ സർവ്വശക്തനായ ദൈവമാണ്. ഇപ്പോൾ ഇതാ ദൈവം പുത്രനിലൂടെ നമ്മോട് അരുളിച്ചെയ്തിരിക്കുന്നു. ഇവിടെയൊന്നും ഒരു കൽപ്പനയൊ പ്രബോധനമൊ കാണാൻ കഴിയുന്നില്ല; മറിച്ച് യേശുവിന്റെ Supremacy ക്കുറിച്ചുള്ള പ്രഘോഷണമാണ്/പ്രഖ്യാപനമാണ്.

രണ്ടാം അധ്യായത്തിന്റെ ആദ്യ വാക്യത്തിലാണ് ആദ്യത്തെ കൽപ്പന നാം കാണുന്നത്. അതുകൊണ്ട് ദൈവത്തിന്റെ പുത്രനായ യേശുവിന്റെ അന്തിമമായ സന്ദേശത്തിനു നാം ചെവികൊടുക്കുക എന്നതാണ് ആ കൽപ്പന. "നാം കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊള്ളുക." ദൈവത്തിന്റെ സ്വരത്തോട് നാം എങ്ങനെ പ്രതികരിക്കണം എന്നാണ് ഇത് പറയുന്നത്. മഹത്വവാനായ ദൈവം നമ്മോടു സംസാരിച്ചിരിക്കേ നമ്മുടെ കടമ എന്താണ്? നമ്മുടെ ഉത്തരവാദിത്വമെന്താണ്? നാം കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊള്ളുക എന്നതാണ്.

ശ്രദ്ധിക്കുക അഥവാ കേൾക്കുക എന്നത് നിങ്ങൾക്ക് ഒരു ദിവസം ചെയ്യാൻ കഴിയുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്നാണ്. പാതി മനസ്സോടെയല്ല. പൂർണ്ണ മനസ്സോടെ ശ്രദ്ധിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ചിലർ ഉറങ്ങിക്കൊണ്ട് കേൾക്കാറുണ്ട്; ദൈവകൃപയാൽ ഇപ്പോൾ ആരും ഉറങ്ങുന്നില്ല എന്നതോർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. ഉറങ്ങിക്കൊണ്ട് കേൾക്കാൻ കഴിയുമൊ എന്ന് എനിക്കറിയില്ല. കാരണം ഉറങ്ങുന്ന സമയത്ത് ഞാൻ ഒന്നും കേൾക്കാറില്ല. പിന്നെ ഞാൻ കേൾക്കുന്നു എന്ന posture ൽ ഇരിക്കുവാൻ കഴിയും, പക്ഷെ കേൾക്കണമെന്നില്ല. എനിക്കും ആത്മാവുണ്ട് എന്ന് മനോഭാവമാണ് നമ്മുടെ ഉള്ളിലെങ്കിൽ നമുക്ക് കേൾക്കാൻ കഴിയില്ല. മനസ്സിൽ മറ്റെന്തെങ്കിലും ചിന്തിച്ചുകൊണ്ടാണ്, ദൈവത്തിന്റെ വചനം കേൾക്കുകയൊ വായിക്കുകയൊ ചെയ്യുന്നതെങ്കിൽ, ദൈവത്തിന്റെ മന്ദമായ സ്വരം ശ്രവിക്കാൻ നമുക്ക് കഴിയില്ല.

ഒരുപക്ഷെ കാമുകി കാമുകന്മാർ ആയിരിക്കുമ്പോൾ അവർ പറയുന്ന ഓരോ വാക്കും വളരെ ശ്രദ്ധയോടെ കേൾക്കും. എന്നാൽ വിവാഹമൊക്കെ കഴിഞ്ഞ് ചില വർഷങ്ങൾ പിന്നിടുമ്പോൾ ഭാര്യ പറയുന്നത് ഭർത്താവൊ, ഭർത്താവു പറയുന്നതു ഭാര്യയൊ ശ്രദ്ധിച്ചു എന്നു വരികയില്ല. ചില മൂളലിലും മുക്കലിലുമൊക്കെ അത് ഒതുങ്ങും. familiarity breeds contempt എന്നാണല്ലൊ ചൊല്ല്. യേശുക്രിസ്തുവിനെക്കുറിച്ച് കേട്ട് കേട്ട് വളരെ പരിചയിച്ചതിനാൽ, ഇനിയെന്ത് കേൾക്കാൻ എന്ന ഭാവമാണ് നമ്മുടെ മനസ്സിൽ എങ്കിലും നമുക്കു കേൾക്കാൻ കഴിയുകയില്ല.

ആയതിനാൽ "കേൾക്കുക" എന്നതു നിസ്സാരകാര്യമല്ല. genuine listening വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്; കാരണം ഇതിനു വളരെയധികം വിനയം ആവശ്യമാണ്. എന്റെ സ്വന്തം അജണ്ട മാറ്റിവെച്ച് എന്നോട് സംസാരിക്കുന്ന കാര്യങ്ങൾ കേൾക്കണമെങ്കിൽ വളരെ താഴ്മ ആവശൃമാണ്. ഒരു വ്യക്തി പറയുന്നതു കേൾക്കുവാൻ ഒരു തുറന്ന ഹൃദയം ആവശ്യമാണ്. ഓരോ കേൾവിക്കാരനും ഞാനും ചെയ്യേണ്ടത് ഇതാണ്.

ഹെബ്രായലേഖനകാരൻ ഇവിടെ പറയുന്നു : ഒരു വ്യക്തി നിങ്ങളോടു സംസാരിക്കുന്നു. നിങ്ങൾ ശ്രദ്ധിക്കുകയാണോ? Are you listening? ആ വ്യക്തി വാസ്തവത്തിൽ ആരാണെന്നു പറഞ്ഞതിനുശേഷമാണ് പ്രാസംഗികൻ ഇങ്ങനെയൊരു പ്രബോധനം കേൾവിക്കാരുടെ മുൻപിൽ വെക്കുന്നത്. Are you listening?

തുടർന്ന് യേശുക്രിസ്തുവിന്റെ അരുളപ്പാടിനു ചെവികൊടുക്കുവാൻ ലേഖനകാരൻ നമ്മോടു ആഹ്വാനം ചെയ്യുന്നു. "അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു." ഇംഗ്ലീഷിൽ ഇത് ഇപ്രകാരമാണ്: "we must pay much closer attention to [a]what we have heard," ഇതിലെ must (dei) എന്ന പ്രയോഗം നിർബന്ധത്തെ കാണിക്കുന്നു. കേവലം കേൾക്കണം എന്നല്ല നിർബന്ധമായും കേൾക്കണം, കേട്ടാൽമാത്രം പോര അതിനോടു പ്രതികരിക്കയും വേണം. ഒരു പ്രത്യേക കടമ നിർവ്വഹിക്കുവാനുള്ള ആഹ്വാനം ഇതിലടങ്ങിയിരിക്കുന്നു; കാരണം കേൾക്കുന്നില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് വലുതാണ്. we must pay much closer attention. നിങ്ങളുടെ മനസ്സ് അതിന്മേൽ വെക്കണം. ദൈവവചനത്തോട് ഈ നിലയിലുള്ള ഒരു പ്രതികരണമാണൊ നമുക്കുള്ളത്.

പിന്നെ ഇവിടെ കാണുന്ന മറ്റൊരു പ്രധാന പദം "നാം" എന്നുള്ളതാണ്. ഇതിനെചൊല്ലി അനേകം തർക്കങ്ങളും വാദങ്ങളും ക്രിസ്തീയ ഗോളത്തിലുണ്ട്. അതുകൊണ്ട് ഈ വേദഭാഗം വ്യാഖ്യാനിക്കുവാൻ വളരെ പ്രയാസമുള്ള വേദഭാഗമാണ്. ഞാൻ അങ്ങനെയുള്ള complications ലേക്കൊന്നും കടക്കുവാൻ ആഗ്രഹിക്കുന്നില്ല. നാം എന്നതിനു ഇംഗ്ലീഷിൽ we എന്ന first person plural pronoun-പ്രഥമ വ്യക്തി ബഹുവചന സർവ്വനാമം- ആണുപയോഗിച്ചിരിക്കുന്നത്. അതുവഴി എഴുത്തുകാരൻ ക്രിസ്തീയ സമൂഹത്തോട് നേരിട്ടുള്ള പ്രബോധനം നടത്തുകയാണ്. ഇതു ക്രിസ്തീയ സമൂഹത്തോട് നേരിട്ടുള്ള ആഹ്വാനമാണ്. അതായത്, എഴുത്തുകാരൻ യേശുവിന്റെ വാക്കുകൾക്കു പൂർണ്ണ ശ്രദ്ധ നൽകുന്നില്ലെങ്കിൽ ആർക്കും സംഭവിക്കാവുന്ന ഒരു അപകടമായതുകൊണ്ടാകാം താനങ്ങനെ പറയുന്നത്. ആ അപകടമെന്താണ്? പുത്രന്റെ വാക്കുകൾക്കു നാം ചെവികൊടുക്കുന്നില്ലെങ്കിൽ നാം "ഒഴുകിപ്പോകും" എന്നതാണ് അതിന്റെ ഭവിഷ്യത്ത്. we will drift away" " നാം ഒഴുകിപ്പോകും." അതു നമ്മുടെ രണ്ടാമത്തെ പോയിന്റിലേക്ക് നയിക്കുന്നു.

2. ഒഴുകിപ്പോകുന്നതിലെ അപകടം ( The danger of drifting )(1b).
അപ്പോൾ രണ്ടാമത്തെ പോയിന്റായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ക്രിസ്തു/മശിഹ പറയുന്നതു നന്നായി ശ്രദ്ധിക്കുന്നില്ലെങ്കിൽ നാം ഒഴുകിപ്പോകും എന്നതാണ്. ഒന്നാം വാക്യത്തിൽ തന്നെയാണ് ഈ അപകടത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നത്;

"നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്ന്" കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊൾക."

"ഒഴുകിപ്പോകും" എന്നതിനു ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം pararrhueo എന്നാണ്. So that we do not drift away എന്നാണ് NET Bible ഇതിനെ പരിഭാഷ ചെയ്തിരിക്കുന്നത്. This is a purpose caluse. "drifting" "drift away" എന്ന വാക്ക് നൽകുന്ന ചിത്രം- വിരലിൽ നിന്ന് ഊരിപ്പോകുന്ന മോതിരം പോലെയുള്ള വസ്തുക്കളെ സൂചിപ്പിക്കാം, അല്ലെങ്കിൽ തെറ്റായദിശയിൽ, ശ്വാസനാളത്തിലേക്ക് പോകുന്ന ഒരു ആഹാരപദാർത്ഥത്തെ കുറിക്കാം. അതുമല്ലെങ്കിൽ ശക്തമായ അടിഒഴുക്കോ, കാറ്റോ കാരണം കടക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു തുറമുഖത്തേക്കു കടക്കാൻ കഴിയാതെ ഒഴുകിപ്പോകുന്ന ഒരു കപ്പലിന്റെ ചിത്രമാകാം. മോതിരത്തിന്റെ ഉദാഹരണം ഒരുപക്ഷെ സഹോദരിമാർക്കായിരിക്കും കൂടുതൽ അറിയുവാൻ കഴിയുക. അവരുടേയൊ കുട്ടികളുടേയൊ കൈകളിൽ മോതിരം ഇടുകയും ആ മോതിരം അൽപ്പം ലൂസായിരിക്കയും ചെയ്താൽ, അത് എപ്പോഴാണ് ഊരിപ്പോകുന്നത് എന്ന ആശങ്ക അവരുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കും. ഭക്ഷണം കഴിക്കുമ്പോൾ വിക്കുന്നത് നാം കണ്ടിട്ടുണ്ട്. അതു കുട്ടികളാണെങ്കിൽ നാം ഏറെ അസ്വസ്തരാകയും ചെയ്യും. ഇനി കപ്പലിലൊ ബോട്ടിലൊ യാത്ര ചെയ്യുകയും ഒരു നല്ല കാറ്റ് അടിക്കുകയൊ എൻജ്ജിൻ കേടാകുകയൊ ചെയ്താലുള്ള ഭീതി വളരെയാണ്. ഞാൻ ഏതാണ്ട് അഞ്ചുകൊല്ലത്തോളം വൈക്കം കായൽ ബോട്ടിലൂടെ കടന്ന് ചേർത്തലക്കടുത്തുള്ള ഒരു കോളേജിൽ പോയി പഠിച്ച വൃക്തിയാണ്. പലപ്പോഴും ഈ ബോട്ടുകളിൽ കേറാവുന്നതിനേക്കാൾ അധികം കുട്ടികൾ കയറും. ഒരു ബോട്ട് പോയാൽ പിന്നെ 20 മിനിട്ട് കാത്ത് നിന്നെങ്കിലെ അടുത്ത ബോട്ട് കിട്ടു. അപ്പോൾ കോളേജിൽ എത്തുന്നത് ലേറ്റാകും. അതുകൊണ്ട് ബോട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ പിള്ളേരെല്ലാം കൂടെ ഇടിച്ചുകയറും. അങ്ങനെ ഏകദേശം മുങ്ങാവുന്ന പരിവത്തിലായിരിക്കും ജെട്ടിയിൽ നിന്നും ബോട്ടു വിടുക. പല ബോട്ടുകളും തന്നെ കണ്ടം ചെയ്യേണ്ടവയായിരുന്നു താനും. അതുകൊണ്ട് കുറെ ദുരം ചെന്നു കഴിയുമ്പോൾ ചിലതിന്റെ എഞ്ജിൻ ഓഫായി പോകും. അപ്പോൾ പലരും പ്രത്യേകിച്ച് പെൺകുട്ടികൾ വളരെ ബേജാറാവുകയും കരയുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. വേറെ ബോട്ട് വന്ന് ഇത് കെട്ടി വലിച്ച് കരക്കെത്തിക്കുന്നതുവരെ ആളുകൾ ഭയാശങ്കയിലായിരിക്കും. ഏതായാലും വളരെ ശക്തവും അപകടകരവുമായ ഒരു ചിത്രമാണ് ഒഴുകിപ്പോവുക എന്ന വാക്ക് നൽകുന്നത്.

അതായത്, സുവിശേഷം കേന്ദ്രീകരിക്കുന്ന ഒരു ആത്മീയ വശത്തുനിന്ന് നീങ്ങിപ്പോകുന്നത് ഇതുപോലെയുള്ള ഒരു അപകടത്തേയാണ് സൂചിപ്പിക്കുന്നത്.

ഇനി എന്തെല്ലാം കാര്യങ്ങളാണ് ഇന്ന് നമ്മേ ദൈവത്തിൽ നിന്നും അകറ്റാൻ ഇടയാക്കുന്നത്? ഇന്നൊക്കെ കുട്ടികൾ സ്കൂളിലൊ കൊളേജിലൊ ചെന്നാൽ അവിടെ മയക്കു മരുന്നു മാഫിയകൾ സജീവമാണ്. ഒരുപക്ഷെ അവർ നേരിട്ടു കുട്ടികളെ സമീപിച്ചു എന്നു വരികയില്ല. ഏതെങ്കിലും ഒരു കുട്ടിയെ വശത്താക്കും. പിന്നെ അവനായിരിക്കും ഏജന്റായി പ്രവർത്തിക്കുക. അവൻ അത് കൂട്ടുകാരെ ഒന്നു ടേയ്സ്റ്റ് ചെയ്യാൻ നിർബന്ധിക്കും. കൂട്ടുകാരനല്ലേ പറഞ്ഞത് എന്നോർത്ത് അവൻ അതു സ്വീകരിക്കും. അങ്ങനെ അവൻ അതിനു അടിമയാകും. പിന്നെ അവനും ആ മാഫിയക്കാരന്റെ പിടിയിലാകും. അങ്ങനെ അവരുടെ നെറ്റ്-വർക്ക് വ്യാപിക്കും. അങ്ങനെ മയക്കുമരുന്നിന്റെ അടിയൊഴുക്കിൽ പെടുന്ന കുട്ടികൾ ഇക്കാലത്ത് വളരെയാണ്. അതിൽ വിശ്വാസികളും വീഴുന്നു എന്നുള്ളത് എത്രയൊ സങ്കടകരം. അവർ ദൈവവചനത്തിനു എത്രത്തോളം ചെവികൊടുക്കുന്നു എന്നതാണ് ഇവിടുത്തെ ചോദ്യം. ദൈവവചനം അവരുടെ ഹൃദയത്തെ ഒട്ടും സ്വാധീനിക്കുന്നില്ല.

"കണ്മോഹം" മറ്റൊരു അടിയൊഴുക്കാണ്. കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർ യുവതികളെ സമീപിച്ച് പ്രേമാഭ്യർത്ഥന നടത്തും. വേണമെങ്കിൽ വിവാഹവാഗ്ദാനവും കൊടുക്കും. പാവം പെൺകുട്ടികൾ മറ്റൊന്നും ആലോചിക്കുകയൊ ആരോടും പറയുകയൊ ചെയ്യാതെ അവനോട് അടുക്കും. സുഹൃത്തുക്കളോടു പറഞ്ഞാൽ അവരെങ്ങാനും അവനെ തട്ടിയെടുത്താലൊ എന്ന ഭയം. "എനിക്കു വന്ന മഹാ ഭാഗ്യം" (quote unquote) തട്ടിക്കളഞ്ഞാലൊ എന്നോർത്ത് വീട്ടുകാരോടും അതിനെക്കുറിച്ച് മിണ്ടത്തില്ല. പിന്നെ മൂടിവെക്കാൻ കഴിയാത്ത അവസ്ഥയാകുമ്പോഴാണ് അബദ്ധത്തിന്റെ വ്യാപ്തി അറിയുന്നത്. പിന്നെ അതിനൊരു പരിഹാരമുണ്ടാക്കാനുള്ള ശ്രമമായിരിക്കും നടക്കുന്നത്. നാമൊരു consumer culture ലാണ് ജീവിക്കുന്നത് എന്ന കാര്യം നാം ഓർക്കണം. consumer culture എന്നു പറഞ്ഞാൽ ഒരു സാധനം ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുക. അത്രക്കൊക്കെ ഇന്നു ബന്ധങ്ങൾക്കു സ്ഥാനമുള്ളു. പിന്നെ ആ പെൺകുട്ടി ആർക്കൊക്കെയാണ് അടിയറവെക്കേണ്ടിവരുക, ഏത് തീവ്രവാദഗ്രൂപ്പിലാണ് ചെന്നെത്തുക എന്നതൊക്കെ കണ്ടറിയേണ്ട കാര്യങ്ങളാണ്. പ്രത്യേകിച്ചും ക്രിസ്തീയ യുവതികളാണ് ഇങ്ങനെയുള്ളവരുടെ ടാർജെറ്റ് എന്നത് വിശ്വാസികളല്ലാത്ത ക്രിസ്ത്യാനികളേയും ചിന്തിപ്പിക്കേണ്ട കാര്യമാണ്. ഇതൊക്കേയും നമ്മുടെ സമൂഹത്തിലെ വലിയ അടി ഒഴുക്കുകളാണ്. ഈ അടിയൊഴുക്കിൽ പെടാതിരിക്കുവാനുള്ള ഏകവഴിയാണ് ദൈവത്തിന്റെ വചനത്തിനു നാം ചെവികൊടുക്കുക എന്നത്.

പണത്തോടുള്ള ആസക്തി, ലൈംഗിക ആസക്തി, പ്രശസ്തിക്കായുള്ള പരക്കം പാച്ചിൽ എന്നിവ പലരെയും അപകടത്തിലേക്ക് നയിച്ചു കൊണ്ടുപോകുന്ന അടിയൊഴുക്കുകളാണ്. ലൈംഗിക അപവാദങ്ങൾ പ്രശസ്ത പ്രാസംഗികരെപോലും ഒഴുക്കിക്കളയുന്നു എന്നത്‌ ഏവരേയും അത്ഭുതപ്പെടുത്തുന്നുണ്ടാകാം. ദൈവവചനം കേവലം ബൗദ്ധികമായി മനസ്സിലാക്കിയാൽ പോരാ, അതു ഹൃദയത്തെ സ്വാധീനിക്കണം. അവിടെയാണ് കേൾവിയുടെ പ്രാധാന്യം ഇരിക്കുന്നത്. കർത്താവ് പറഞ്ഞ വിതക്കാരന്റെ ഉപമ അവിശ്വാസികൾക്കെന്നപോലെ വിശ്വാസികൾക്കും ബാധകം എന്ന് ഞാൻ ചിന്തിക്കുന്നു. ദൈവത്തിന്റെ വചനം ശരിയായ നിലയിൽ നമ്മേ സ്വാധീനിക്കുന്നില്ലെങ്കിൽ, അപകടം നിങ്ങളുടെ മുന്നിൽ പതിയിരിക്കുന്നു. അതുകൊണ്ടാണ് പ്രലോഭനങ്ങളിൽ അകപ്പെടാതെ ഞങ്ങളെ കാത്തുകൊള്ളേണമെ എന്ന് പ്രാർത്ഥിപ്പാൻ കർത്താവ് നമ്മേ പഠിപ്പിച്ചത്. അതു സമുദായക്കാർക്കുള്ള പ്രാർത്ഥനയായി പരിമിതപ്പെടുത്തരുത്. കർത്താവു പഠിപ്പിച്ചതിനേക്കാൾ മെച്ചമായി പ്രാർത്ഥിപ്പാൻ നമുക്കു കഴിയുകയില്ല. നാമതെന്നും പ്രാർത്ഥിക്കണം. ഈ ലോകത്തിൽ അനേകം പ്രലോഭനങ്ങൾ ഉണ്ട്. അവയുടെ കുത്തെഴുക്കിൽ നാം പെട്ടുപോയാൽ എവിടെയാണ് എത്തിപ്പെടുക എന്ന് പറയുവാൻ സാധിക്കയില്ല,

ഇതൊക്കേയും ലോകത്തിന്റെ വലിയ കുത്തൊഴുക്കാണെങ്കിൽ, നാം അധികം ശ്രദ്ധിക്കാത്ത ചെറിയ ഒഴുക്കുകളും നമ്മേ വലിച്ചുകൊണ്ടു പോകാം. അത് എന്ന് പറയുന്നത്. ആത്മീയ കാര്യങ്ങളിൽ താത്പ്പര്യം കുറയുക എന്നതാണ്. ബൈബിൾ മൊത്തത്തിൽ ഒന്നു രണ്ടു പ്രാവശ്യം വായിച്ചു ഇനിയെന്ത് വായിക്കുവാൻ എന്ന ചിന്തയിൽ ബൈബിൾ മാറ്റിവെക്കുന്നവരുണ്ട്. സഭായോഗങ്ങൾ നിസ്സാരകാണങ്ങളാൽ ഒഴിവാക്കുന്നവരുണ്ട്. അതുപോലെ ബൈബിൾ സ്വയം പഠിക്കുന്നതിനു ശ്രമിക്കാതിരിക്കുകയൊ ബൈബിൾ ക്ലാസുകൾ സംബന്ധിക്കുവാൻ കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താതിരിക്കുകയൊ ചെയ്യുന്നതും നാം ഒഴിക്കിന്റെ പാതയിലാണ് എന്നാണ് സുചിപ്പിക്കുന്നത്. അങ്ങനെ നാം നാം നമ്മുടെ നാഥനിൽ നിന്നും അറിയാതെ ഒഴുകി ഒഴുകി അകലുകയാണ് എന്നു നാം ഓർക്കണം. അതും മടങ്ങിവരാൻ കഴിയാത്ത ദൂരത്തേക്ക് നമ്മേ എത്തിച്ചു എന്നു വന്നേക്കാം. അതുകൊണ്ട് ഇതുപൊലെയുള്ള ചെറിയ ഒഴുക്കിലും നാം പെടാതിരിപ്പാൻ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.

"അതിനാൽ, നമ്മൾ ഒഴുകിപ്പോകാതിരിക്കാൻ നാം കേട്ട കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണം," ആകയാൽ "we must pay much closer attention to [a]what we have heard.
തുടർന്ന് ലേഖനകാരൻ ഈ ഒഴുകിപ്പോകുന്നനെതിരെയുള്ള ജാഗ്രതാനിർദ്ദേശത്തിന്റെ യുക്തി എന്താണ് എന്നു പറയുകയാണ് 2-ാം വാക്യത്തിൽ. അതു നമ്മുടെ മൂന്നാമത്തെ പോയിന്റിലേക്ക് നമ്മേ നയിക്കുന്നു.
3 ജാഗ്രതാനിർദ്ദേശം സ്വീകരിക്കുവാനുള്ള രണ്ടു പ്രചോദനങ്ങൾ (Two motivations for receiving caution) (2-4).

എഴുത്തുകാരന്റെ പ്രബോധനം പ്രാവർത്തികമാക്കാൻ പ്രചോദനമാകുന്ന രണ്ടു കാര്യങ്ങളാണ് 2-4 വരെ വാക്യങ്ങളിൽ പറയുന്നത്. ആദ്യത്തേത് നെഗറ്റീവായി വിശ്വാസത്യാഗികൾക്കുണ്ടാകുന്ന ന്യായവിധിയെ ഓർമ്മിപ്പിക്കുന്നു. രണ്ടാമത്തേത് പോസിറ്റിവായി ഇത്ര മഹത്തായ രക്ഷയെ അവഗണിക്കാതെ അതിനെ മുറുകെ പിടിക്കുവാൻ ആഹ്വാനം ചെയ്യുന്നു.

A. ഒഴുകിപ്പോകുന്നതിന്റെ പരിണതഫലങ്ങൾ (2:2).

അതിനായി 2-ാം വാക്യം വായിക്കാം: "ദൂതന്മാർ മുഖാന്തിരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ"

എഴുത്തുകാരന്റെ പ്രബോധനം പ്രാവർത്തികമാക്കാനുള്ള ഒന്നാമത്തെ പ്രചോദനമായിട്ടാണ് ദൈവത്തിന്റെ ശിക്ഷാവിധിയെ താനിവിടെ ഓർമ്മിപ്പിക്കുന്നത്.

ഗ്രന്ഥകർത്താവ് "ചെറിയതിൽ നിന്ന് വലിയതിലേക്കുള്ള വാദം" എന്ന രിതിയാണ് അവലംഭിച്ചിരിക്കുന്നത്. അന്നത്തെ റബിമാരുടെ പഠിപ്പിക്കലിന്റെ രീതിയാണത്. അതായത്, ഇന്ന കുറ്റം ചെയ്തിട്ട് ഇത്ര വലിയ ശിക്ഷ ലഭിച്ചുവെങ്കിൽ അതിനേക്കാൾ വലിയ കുറ്റം ചെയ്താൽ എന്താകും സ്ഥിതി എന്നതാണ് ഇതിലെ പോയിന്റ്.

പഴയനിയമവും പുതിയനിയമവും തമ്മിൽ ഒരു തുടർമാനതയുമുണ്ട്. ദൈവം നീതിമാനും പാപത്തെ ശിക്ഷിക്കുന്നവനുമാണ് എന്ന് രണ്ടിലും പറയുന്നു. പഴയ ഉടമ്പടിയിലെ ആളുകൾ ദൈവത്തിന്റെ വചനം ലംഘിച്ചിരുന്നതുപോലെ പുതിയതിലും ആളുകൾ വചനം ലംഘിക്കുന്നു. അതുകൊണ്ടാണ് ഒഴുകിപ്പോകുന്നതിനെതിരെ ഒരു warning ആവശ്യമായി വന്നിരിക്കുന്നത്. പഴയനിയമത്തിലെ ദൈവത്തിന്റെ സ്വഭാവത്തിനും പുതിയനിയമത്തിലെ ദൈവത്തിന്റെ സ്വഭാവത്തിനും തമ്മിൽ വ്യത്യാസമില്ല. മാത്രവുമല്ല, ദൈവത്തിനു ജനത്തിന്റെ ജീവിതത്തിന്മേൽ വാഴുവാനുള്ള അധികാരവും അവകാശവുമുണ്ട്. അതുകൊണ്ട് ദൈവത്തോടു നാം കണക്കുബോധിപ്പിക്കേണ്ട ഉത്തരവാദിത്വം ഏവർക്കുമുണ്ട്. ദൈവത്തിന്റെ വിശുദ്ധിയെയും തന്റെ ജനത്തിന്റെ വിശുദ്ധിക്കായുള്ള ദൈവത്തിന്റെ ആഗ്രഹത്തേയും അവഗണിച്ചുകൊണ്ട് ദൈവത്തിന്റെ കൃപയെ ഉയർത്തുന്നതും ശരിയല്ല.

പഴയ ഉടമ്പടി പ്രകാരം, അതായത് ദൂതന്മാരിലൂടെ ദൈവം നൽകിയ ന്യായപ്രമാണം, നിരസിക്കുന്നതിന് ലഭിക്കുന്ന ശിക്ഷ "ചെറിയ" സാഹചര്യമാണ്. പഴയനിയമം വായിക്കുമ്പോൾ ന്യായപ്രമാണം യാഹ്വെ മോശെ മുഖാന്തരം നൽകി എന്നാണ് നമുക്ക് കാണാൻ കഴിയുന്നത്. എന്നാൽ സീനായ് പർവതത്തിലെ ദൈവിക വെളിപാടിന്റെ മധ്യസ്ഥർ ദൂതന്മാരായിരുന്നു എന്ന ആശയം, മെഡിറ്ററേനിയൻ ലോകത്തിലെ ഗ്രീക്ക് സംസാരിക്കുന്ന സിനഗോഗുകളിൽ യഹൂദമതത്തിന് പ്രത്യേക ആകർഷണം നേടിക്കൊടുത്ത കാര്യമാണ്. ചരിത്രകാരനായ ജോസിഫസിന്റെ എഴുത്തുകളിൽ അതിനെക്കുറിച്ചുള്ള പരാമർശനമുണ്ട്.
അതുകൊണ്ടായിരിക്കാം അപ്പൊ. പൗലോസും സ്റ്റെഫാനോസും മാലാഖമാരുടെ മധ്യസ്ഥതയിലൂടെ നിയമം നൽകി എന്ന് പറയുന്നത്. ഒരു വാക്യം നമുക്കു വായിക്കാം. പ്രവൃത്തികൾ 7:53 "അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കുലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല." ഇത് യെഹൂദന്മാരുടെ മുൻപിൽ സ്തെഫാനോസ് നടത്തിയ പ്രസംഗത്തിലെ ഒരു വാക്യമാണ്. മറ്റൊരു വാക്യം: ഗലാ. 3: 19 "എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. അതുകൊണ്ട് ദൂതന്മാരിലൂടെ നൽകപ്പെട്ട വചനമാണ് മോശൈക ന്യായപ്രമാണം. അതുകൊണ്ടാണ് ദൂതന്മാർക്കിത്ര പ്രാധാന്യം നൽകി ഒന്നാം അദ്ധ്യായം മുതൽ ദൂതന്മാരോടു തുലനപ്പെടുത്തി ലേഖനകാരൻ യേശുക്രിസ്തുവിന്റെ ശ്രേഷ്ടത വിവരിക്കുന്നത്.

മാലാഖമാരാൽ നൽകപ്പെട്ട ന്യായപ്രമാണത്തെ അവഗണിക്കുന്നതിന്റെ അനന്തരഫലങ്ങൾ വലുതായിരുന്നുവെങ്കിൽ, ദൈവപുത്രനാൽ നൽകപ്പെട്ട ദൈവവചനത്തെ അവഗണിക്കുന്നതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കും എന്നതാണ് വാദഗതി.
പഴയനിയമം അനുസരിപ്പാൻ ബാധ്യതയുള്ളതാണ്. മാത്രമല്ല "എല്ലാ ലംഘനങ്ങൾക്കും അനുസരണക്കേടുകൾക്കും തക്കതായ ശിക്ഷയും ലഭിച്ചിരുന്നു. ധിക്കാരപരമായ ഏത് അനുസരണക്കേടിനും ന്യായപ്രമാണം കല്ലെറിഞ്ഞ് കൊല്ലുന്ന ശിക്ഷയാണ് നൽകിയത് (സംഖ്യ. 15:30, 32-36; യോശുവ 7:1-26). ചിലപ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് ശിക്ഷ അയച്ചു, ഉദാഹരണത്തിന്, ഭൂമി പിളർന്നു കോരഹിനെയും അവന്റെ സഹ വിമതരെയും വിഴുങ്ങിക്കളഞ്ഞു (സംഖ്യ. 16). ദൈവം പാപം ചെയ്ത ആളുകൾക്കിടയിലേക്കു ബാധകളെ അയച്ചു (സംഖ്യ. 16:46-50; 21:6-9 ; 25:8-9). ദൈവം ക്രൂരനായതുകൊണ്ടല്ല അന്ന് ഈ നിലയിൽ പ്രവൃത്തിച്ചത്, മറിച്ച്, താൻ നീതിമാനും വിശുദ്ധനുമായ ദൈവമായതുകൊണ്ടാണ് ഈ നിലയിൽ പ്രവർത്തിച്ചത്.

മാലാഖമാരിലൂടെ നൽകിയ പഴയനിയമ വെളിപ്പാടിനോട് അനുസരണക്കേട് കാണിച്ചവർ കർശനമായി ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിൽ, തീർച്ചയായും പുത്രനിലൂടെ നൽകിയ വചനത്തോടു അനുസരണക്കേട് കാണിച്ചാൽ എങ്ങനെ ശിക്ഷിക്കപ്പെടാതിരിക്കും.
പഴയ നിയമ ഉടമ്പടിയേക്കാൾ മെച്ചപ്പെട്ട പുതിയ ഉടമ്പടിയുടെ ഭാഗഭാക്കുകളായ നമുക്ക് പഴയതിനേക്കാൾ മെച്ചപ്പെട്ട സാദ്ധ്യതയാണുള്ളത്. ന്യായപ്രമാണ കൽപ്പനകൾക്ക് മനുഷ്യരെ അനുസരിപ്പിപ്പാനുള്ള ശക്തിയുണ്ടായിരുന്നില്ല. ചെയ്യരുത് അഥവാ ചെയ്യണം എന്നു പറയുക മാത്രമാണ് ന്യായപ്രമാണം ചെയ്തിരുന്നത്. എന്നാൽ പുതിയ നിയമ ഉടമ്പടിയിൽ കാര്യങ്ങൾക്കു വലിയ വ്യത്യാസമുണ്ട്. എങ്ങനെയാണെന്ന് ചോദിച്ചാൽ, ന്യായപ്രമാണം പൂർണ്ണമായി അനുസരിച്ച യേശുക്രിസ്തുവിന്റെ നീതി ഒരു വിശ്വസിക്കുള്ളതുകൊണ്ട് ദൈവം അവനെ 100 % നീതിയുള്ളവനായി കാണുന്നു. കത്തോലിക്കർ പഠിപ്പിക്കുന്നതുപോലെ അദ്ധ്വാനിച്ചും കഷ്ടപ്പ്പ്പെട്ടും, കുറച്ചു സല്പവൃത്തികൾ ചെയ്തും നീതിമാന്മാരായി തീരുകയല്ല. നീതിമാനായി ദൈവം പ്രഖ്യാപിച്ചവൻ നീതിയോടെ ജീവിക്കുന്നു. എന്നെ ദൈവപൈതലായി ദൈവം അംഗീകരിച്ചിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു. അതു പാപം ചെയ്യാതിരിക്കുവാനുള്ള ഒരു വലിയ incentive ആണ്. പാപത്തിനു വിശ്വാസിയുടെ മേലുള്ള വാഴ്ച അവസ്സാനിച്ചിരിക്കുന്നു. ഇനി നാം പാപത്തിനു ദാസന്മാരല്ല, മറിച്ച് നീതിക്കു ദാസന്മാരാണ് (റോമർ 6:8). ഒരു വിശ്വാസി പാപം ചെയ്തെ മതിയാകു എന്ന നിർബന്ധം അവന്റെ മേലില്ല. ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ശക്തി അവന്റെമേൽ വ്യാപരിക്കുന്നു. അവൻ പ്രത്യാശയാൽ ജീവിക്കുന്നവനാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അവന്റെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു. അങ്ങനെ പാപത്തിനുമേൽ വിജയം നേടുവാനുള്ള എല്ലാ resources ഉം ഒരു പുതിയ നിയമ വിശ്വാസിക്കുണ്ട്. ആ resources നാം പ്രയോജനപ്പെടുത്താത്തതാണ് പുതിയ നിയമവിശ്വാസിയുടെ പരാജയത്തിനു കാരണം. അപ്പോൾ ഇത്രയൊക്കെ resources ദൈവം ഒരുക്കിയിട്ടും നാം മനഃപ്പൂർവ്വം "പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ 27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ള." (ഹെബ്രായർ 10:27).

ഒഴുകിപ്പോകുന്നതിന്റെ പരിണതഫലങ്ങൾ നെഗറ്റീവായുള്ള ലേഖകന്റെ പ്രബോധനമായിരുന്നെങ്കിൽ ഇനി പറയുന്ന രക്ഷയുടെ സന്ദേശം പോസിറ്റാവായ പ്രചോദനം നൽകുന്നു. അതാണ് എന്റെ അടുത്ത പോയിന്റ്.

B. രക്ഷയുടെ സന്ദേശം (2:3b-4).

"കർത്താവു താൻ പറഞ്ഞു തുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ 4 നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?"

യേശുക്രിസ്തു പഠിപ്പിച്ചതും അപ്പൊസ്തലന്മാർ പ്രഘോഷിച്ചതും, അതായത്- സുവിശേഷങ്ങളുടേയും അപ്പൊസ്തല പ്രവൃത്തികളുടേയും- ചരിത്രത്തിന്റെ ഒരു സംക്ഷിപ്ത രൂപമാണ് വാക്യങ്ങളിൽ കാണുന്നത്. അതായത്, യേശുവിന്റേയും അപ്പൊസ്തലന്മാരുടേയും കാലഘട്ടത്തിന്റെ ഒരു ചരിത്രസംഗ്രഹമാണ് ഈ വാക്യങ്ങൾ. ഇതിനെ രക്ഷയുടെ വചനം എന്നാണ് ലേഖനകാരൻ വിശേഷിപ്പിച്ചിരിക്കുന്നത്. ദൈവിക സന്ദേശം പ്രസംഗിക്കുന്നതിലും കേൾക്കുന്നതിലും അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. "This salvation" he asserts, "was first announced by the Lord." "ഈ രക്ഷ" "ആദ്യം പ്രഖ്യാപിച്ചത് കർത്താവാണ്" എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

പഴയനിയമ പുസ്തകങ്ങളിൽ ഇത് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും, സുവിശേഷത്തിന്റെ വ്യക്തതയിലും നിവൃത്തിയിലും തുടക്കം കുറിച്ചത് മിശിഹായാണ്. “15കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ”... ! മർക്കോസ് 1:15ൽ നാം വായിക്കുന്നു. യേശുവിന്റെ ശുശ്രൂഷയുടെ സവിശേഷത അത് എപ്പോഴും മനുഷ്യരുടെ രക്ഷയെ കേന്ദ്രീകരിച്ചായിരുന്നു (മത്താ. 9:35).

എന്നാൽ യേശുവിനെ നേരിട്ടു കാണുവാനൊ രക്ഷയുടെ സന്ദേശം യേശു പ്രസംഗിക്കുന്നത് നേരിട്ടു കേൾക്കുവാനൊ എബ്രായലേഖനകാരനൊ അതിന്റെ സ്വീകർത്താക്കളൊ ആയവർക്കു കഴിഞ്ഞിരുന്നില്ല. "അവനെ കേട്ടവരിൽ" നിന്ന് വചനം സ്വീകരിച്ച "രണ്ടാം തലമുറ" ക്രിസ്ത്യാനികളായിരുന്നു അവർ. അതായത്, എബ്രായലേഖനകാരനും അതിന്റെ വായനക്കാരും രണ്ടാം തലമുറക്കാരാണ്. അവർക്കെങ്ങനെയാണ് ഇതിനു ഭാഗ്യം ലഭിച്ചത്? യേശുവിന്റെ അപ്പോസ്തലന്മാരും ശിഷ്യന്മാരും പ്രസംഗിച്ചത് അവർ കേട്ടു. അവർ രക്ഷയുടെ വചനം സ്വീകരിച്ചു. അതിൽ നിന്നും ഉൾക്കൊള്ളാൻ കഴിയുന്ന പ്രമാണമെന്താണ്?
ക്രിസ്തുവിന്റെ വചനം സ്വീകരിക്കുക, അതു പ്രഘോഷിക്കുക എന്ന ആവശ്യകത നമ്മെ ഓർപ്പിക്കുന്നു. എങ്ങനെയാണ് കേൾക്കുക? ആരെങ്കിലും പറയണം/പ്രസംഗിക്കണം, എങ്കിൽ മാത്രമെ കേൾക്കാൻ കഴിയു. ക്രിസ്തുവിൽ നിന്നു കേട്ടവർ സുവിശേഷം പ്രഘോഷിച്ചില്ലായിരുന്നുവെങ്കിൽ ഈ രണ്ടാം തലമുറ ഇതു കേൾക്കയില്ലായിരുന്നു. ആകയാൽ അടുത്ത തലമുറ സുവിശേഷം കേട്ടു വളരണമെങ്കിൽ നമ്മുടെ കുടുംബത്തിൽ അതു പ്രാവർത്തികമാക്കണം. നമ്മുടെ സമൂഹത്തിൽ അതു പ്രഘോഷിക്കപ്പെടണം.

മക്കൾ ലോകത്തിന്റെ കുത്തൊഴുക്കിൽ പെട്ടു പോകുന്നതിനുള്ള ഒരു കാരണം ഒരുപക്ഷെ നാം അവർക്കു സുവിശേഷം വ്യക്തമാക്കി ക്കൊടുക്കുന്നില്ല എന്നതാകാം. അതിനു നാം സുവിശേഷപ്രകാരമുള്ള ഒരു ജിവിതം നയിക്കുകയും മക്കളുടെ മുൻപിൽ ഒരു നല്ല മാതൃകയായിരിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. നിങ്ങളുടെ മക്കൾ കുടുംബത്തിൽ വേണ്ടത്ര സ്നേഹം അനുഭവിച്ചുകൊണ്ടു വളരട്ടെ. അവർ സ്നേഹത്തിനു വേണ്ടി കൊതിക്കുന്നവരാകാൻ ഇടവരാതിരിക്കട്ടെ. ഒരിറ്റു സ്നേഹം കിട്ടാൻ മറ്റുള്ളവരുടെ മുൻപിൽ ഭിക്ഷാപാത്രവുമായി നിൽക്കാൻ നിങ്ങളുടെ മക്കൾക്ക് ഒരിക്കലും ഇടയാകാതിരിക്കട്ടെ. സ്നേഹം എന്നത് വലിയൊരു ശക്തിയാണ്. അതിനുവേണ്ടി ഏതൊരു ഹൃദയം ദാഹിക്കുന്നു എന്നു നാം ഓർക്കണം. അങ്ങനെയുള്ള ഭവനത്തിലെ കുട്ടികൾ ഒരുവേള തെറ്റിപ്പോയാലും ദൂർത്ത പുത്രനെപ്പോലെ മടങ്ങി വരാനുള്ള സാദ്ധ്യത ഏറെയാണ്. അവർ ചിന്തിക്കുന്ന ഒരു സമയം വരും. അപ്പോൾ തങ്ങളുടെ മാതാപിതാക്കൾ പറഞ്ഞത്, അവരുടെ ജീവിത മാതൃക അവരോർക്കും. അപ്പോൾ അവർ മടങ്ങിവരും.

"ഉറപ്പിച്ചു തന്നത്" എന്ന വാക്ക് സ്ഥിരീകരണത്തെ കാണിക്കുന്നു. അതിനാൽ, രചയിതാവും അവന്റെ ശ്രോതാക്കളും രക്ഷയുടെ സന്ദേശം യേശുവിന്റെ വായിൽ നിന്ന് കേട്ടിട്ടില്ലെങ്കിലും, അവർക്ക് തികച്ചും വിശ്വസിക്കാൻ കഴിയുന്ന ഒന്നായിരുന്നു അത്.

യേശുവിനെ കേട്ടവരുടെ വാക്കുകൾ വിശ്വസിക്കുവാൻ മതിയായതായിരുന്നിട്ടും ദൈവം അതിലും വലിയ ഒരു സാക്ഷിയെ ഈ ഭൂമിയിലേക്ക് അയച്ചു. ആ സാക്ഷി എന്നത് പരിശുദ്ധാത്മാവാണ്. യഥാർത്ഥ ദൃക്‌സാക്ഷികളുടെ രക്ഷയുടെ സന്ദേശത്തിന് “ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം വിതരണം ചെയ്ത പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും" അതിന് സാക്ഷ്യം വഹിച്ചു.” (2:4).

ഇവിടെ ലേഖനകാരൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ കോടതിഭാഷയാണ്. കാരണം സാക്ഷി പറയുന്നത് പലപ്പോഴും കോടതികളിലാണ്. രക്ഷ പ്രഘോഷിച്ചുകൊണ്ട് കർത്താവിനെ അനുഗമിച്ചവരുടെ സാക്ഷ്യത്തെ സ്ഥിരീകരിക്കാൻ ദൈവം അത്ഭുതത്തിന്റെയും അടയാളത്തിന്റെയും വീര്യ പ്രവർത്തികളുടെയും പിൻബലം നൽകി. കേവലം ഇതു സത്യമാണ് എന്ന ഒരു സ്ഥിരീകരണ വാക്ക് പറയുകയായിരുന്നില്ല പ്രത്യുത, “അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും” ദൈവം അതിനു സാക്ഷി നിന്നു. അതുകൂടാതെ പരിശുദ്ധാത്മാവ് എന്ന ദാനവും നൽകി. ഇത്ര വലിയ പരിപാടിയാണ് ദൈവത്തിന്റെ രക്ഷ എന്നത്.

ഇത്ര വലിയ രക്ഷയെ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും എന്ന ചോദ്യത്തോടെയാണ് നാലാം വാക്യം ലേഖനകാരൻ അവസാനിപ്പിക്കുന്നത്.

ഇവിടെ ഉപയോഗിച്ചിരിക്കുന്ന "ഗണ്യമാക്കാതെപോയാൽ" എന്ന വാക്ക് പ്രാധാന്യമർഹിക്കുന്നു. "ഗണ്യമാക്കാതെ പോയാൽ എന്നതിനു (Amelesantes/അമെലസാന്റസ്) എന്ന ഗ്രീക്കു വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ആ വാക്കിന്റെ അർത്ഥം "അവഗണിക്കുക", "പ്രതിബദ്ധത കാണിക്കാതിരിക്കുക, "നിസ്സംഗത പാലിക്കുക, (1 തിമോ. 4:14) എന്നൊക്കെയാണ്. ഒരു മന്ത്രി ഭരണഘടനയോട് പ്രതിബദ്ധത കാണിപ്പാൻ ബാദ്ധ്യസ്ഥനാണ്. അതു കാണിക്കാത്തിടത്തോളം ജനങ്ങൾക്ക് എന്തു നന്മ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയും? ഒരു ഡോക്ടർ തന്റെ profession നോടു പ്രതിബദ്ധത കാണിപ്പാൻ ബാദ്ധ്യസ്ഥനാണ്. എന്നാൽ അതു കാണിക്കാത്ത ഒരു ഡോക്ടറിൽ നിന്ന് രോഗിക്കു എന്തു നന്മയാണുണ്ടാകുക. ഒരു വക്കീലും ജഡ്ജിയുമൊക്കെ തന്റെ profession നോടു പ്രതിബദ്ധത കാണിപ്പാൻ ബാദ്ധ്യസ്ഥരാണ്. അതു കാണിക്കാത്തിടത്തോളംകാലം നീതി എന്നതു പ്രതീക്ഷിക്കാൻ കഴിയുമൊ? മറ്റുവക്കീലന്മാർ അഡ്വ. റോയി സഹോദരനെ ഒരു ബിഷപ്പ് എന്ന് വിളിക്കുന്നതുകൊണ്ട് അദ്ദേഹം ഇതിനൊരപവാദമാണ്. അതുപോലെ ടീച്ചേഴ്സും ഗവന്മെന്റ് ഉദ്ദ്യോഗസ്ഥരുമൊക്കെ ഒരു പൊതു പ്രതിബദ്ധതയോടെ പ്രവർത്തിക്കേണ്ടവരാണ്. അതു വെടിഞ്ഞാൽ അവരിൽ നിന്നു സമൂഹത്തിനു എന്തു നന്മയാണ് ലഭിക്കുക.

ആകയാൽ ക്രിസ്തുവിനെ നമുക്ക് അവഗണിക്കാതിരിക്കാം. അവന്റെ രക്ഷയുടെ വചനത്തെ ശ്രദ്ധയോടെ ശ്രവിക്കാം. അതിനോടു പ്രതിബദ്ധത പുലർത്താം. അതിനോട് നിസ്സംഗത പാലിക്കുകയൊ അവഗണിക്കുകയൊ ചെയ്യുന്നവർക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.

അപ്പോൾ ഇത് ക്രിസ്ത്യാനിയോടും ക്രിസ്ത്യാനിയല്ലാത്തവനോടും ഉള്ള ചോദ്യമാണ്. ക്രിസ്ത്യാനികളല്ലാത്തവരോട് ചോദിക്കുന്നു, നിങ്ങൾ എവിടേക്കാണ് പോകുന്നത്? ദൈവത്തിന്റെ പ്രപഞ്ചത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? നിങ്ങൾക്കതിന്നു കഴിയില്ല. നിങ്ങളെ നശിപ്പിക്കുക എന്നതല്ല അനുഗ്രഹിക്കുക എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം. എല്ലാറ്റിനും ആധാരമായിരിക്കുന്നവനെ മാറ്റി നിർത്തി മറ്റേതെങ്കിലും പാതയിലൂടെ രക്ഷപ്പെടാൻ നിങ്ങൾക്ക് കഴിയില്ല. യേശുക്രിസ്തു എന്ന ഏകവഴിയെയുള്ളു. ആകയാൽ അവന്റെ സുവിശേഷം വിശ്വസിച്ചു രക്ഷ പ്രാപിക്കുക. അതല്ലെങ്കിൽ നിത്യശിക്ഷാവിധി അനുഭവിക്കുക. മറ്റൊരു മാർഗ്ഗവും നിങ്ങളുടെ മുൻപിലില്ല.

ക്രിസ്ത്യാനികളോട് പറയുവാനുള്ളത് അവന്റെ സ്വരം ശ്രവിച്ചുകൊണ്ട് ആടുകളെ പോലെ ഇടയനെ അനുഗമിക്കുക. അവന്റെ കർത്തൃത്വത്തിനു നമ്മേത്തന്നെ വിധേയപ്പെടുത്തുക. നമ്മുടെ ജീവിതത്തിലെ ഏത് സാചരൃങ്ങളേയും നേരിടാനുള്ള resources അഥവാ വിഭവങ്ങൾ അവന്റെ പക്കലുണ്ട്. അതു നാം പ്രയോജനപ്പെടുത്തുക. ഓരൊ ദിവസവും അവനോടൊപ്പം നടക്കുക. അല്ലെങ്കിൽ, നമുക്ക് വളരെയധികം നഷ്ടപ്പെടാം. അവനെ അറിയുന്നതുപോലും നമുക്ക് നഷ്ടപ്പെടാം, നമുക്ക് സമാധാനവും സ്വാതന്ത്ര്യവും സന്തോഷവും നേട്ടങ്ങളും നഷ്ടപ്പെടാം. കൂടാതെ നാം ക്രിസ്ത്യാനികളായി വളരുന്നില്ലെങ്കിൽ നാം drifting ന്റെ /ഒഴുക്കിന്റെ പാതയിലാണ്.

രക്ഷയുടെ സന്ദേശത്തെ അവഗണിക്കാതിരിക്കുക !

ഞാൻ എന്റെ സന്ദേശം സംഗ്രഹിക്കുവാനാഗ്രഹിക്കുകയാണ്. ഞാനിതു വരെ പങ്കുവെച്ചത്,

1. യേശുക്രിസ്തുവിന്റെ സുവിശേഷത്തിനു ശ്രദ്ധയോടെ ചെവി കൊടുക്കുക.
2. ക്രിസ്തു പറയുന്നതു നന്നായി ശ്രദ്ധിക്കുന്നില്ലെങ്കിൽ നാം ഒഴുകിപ്പോകും.
3. ഒഴുകിപ്പോകുന്നതിന്റെ അനന്തരം ഫലം വളരെ വലുതാണ്. അതിനു നാം വലിയ വില കൊടുക്കേണ്ടിവരും. രക്ഷയുടെ സന്ദേശം അവഗണിച്ചാൽ പിന്നെ അവശേഷിക്കുന്നത് ദൈവത്തിന്റെ ന്യായവിധിയേയുള്ളു.

ക്രിസ്തു നേടിയ രക്ഷ അത്യന്തം വലിയ രക്ഷയാണ്, മഹത്വകരമായ രക്ഷയാണ്. അതിനു ഗൗരവവും സുസ്ഥിരവുമായ ശ്രദ്ധ നൽകുക. ശരിക്കും മഹത്തായ എന്തെങ്കിലും സംഭവിക്കുമ്പോൾ, മഹത്വത്തിന് ഉചിതമായ പ്രതികരണമുണ്ട്.

ഒരിക്കൽ നിങ്ങൾ അതിൽ ഒപ്പിട്ടു, പിന്നെ കൊണ്ടുപോയി അലമാരയിൽ വെച്ചു. അതവിടെ ഭദ്രമായി ഇരിക്കുന്നു. ഇത് നിങ്ങളിൽ ദൈനംദിന സ്വാധീനം ചെലുത്തുന്നില്ല എങ്കിൽ അടിസ്ഥാനപരമായി നിങ്ങൾ അതിനെ അവഗണിക്കുന്നു. രക്ഷയെ സ്നേഹിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ധ്യാനിക്കുകയും അതിൽ ആശ്ചര്യപ്പെടുകയും അതിൽ നിരന്തരം നന്ദി പ്രകടിപ്പിക്കുകയും മറ്റുള്ളവരോട് അതിനെ അഭിനന്ദിച്ചു പറയുകയും ചെയ്യുന്നവർ ആയിരിക്കണം ക്രിസ്ത്യാനികൾ. വിലയേറിയതിനെ വിലയേറിയതായിത്തന്നെ കാണുക. അതിനു ദൈവം നിങ്ങളെ ഓരോരുത്തരേയും സഹായിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.

*******

© 2020 by P M Mathew, Cochin

bottom of page