
നിത്യജീവൻ

എബ്രായലേഖന പരമ്പര-09
P M Mathew
May 28, 2023
Christ leads us to Glory !
ക്രിസ്തു നമ്മേ തേജസ്സി ലേക്കു നടത്തുന്നു !
Hebrews 2:10-13
എബ്രായലേഖനമാണ് ഞാൻ നിങ്ങളുമായി പങ്കുവെച്ചുകൊണ്ടിരുന്നത്. ദൂതന്മാരുമായി താരതമ്യപ്പെടുത്തി പുത്രന്റെ ഔന്നത്യത്തെ വിവരിക്കുന്നതിന്റെ അവസാന ഭാഗമാണ് ഇനി നമുക്കു പഠിക്കുവാനുള്ളത്. അതായത്, രണ്ടാം അദ്ധ്യായത്തിന്റെ 10-18 വരെ വേദഭാഗങ്ങൾ.
ഒന്നാം അദ്ധ്യായത്തിന്റെ 5-14 വാക്യങ്ങളിൽൽ നാം കണ്ടത് പുത്രൻ ദൂതൻമാരേക്കാൾ ഏതെല്ലാം നിലകളിൽ ശ്രേഷ്ഠനായിരിക്കുന്നു എന്ന കാര്യമാണ്. ഈ പുത്രന്റെ രക്ഷയുടെ വചനത്തെ ശ്രദ്ധിക്കാനുള്ള പ്രബോധനം 2:1-4 വാക്യങ്ങളിൽ താൻ നൽകി. 2:5-9-ൽ, സങ്കീർത്തനം 8:4-6-ൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, "ശ്രേഷ്ഠനായ പുത്രൻ ഒരു കാലത്തേക്കു മാലാഖമാരേക്കാൾ താഴ്ന്നവനായി" ഈ ഭൂമിയിലേക്ക് വന്നു എന്ന കാര്യം പറഞ്ഞു. തുടർന്ന് നാം പഠിക്കുവാൻ പോകുന്ന വേദഭാഗത്ത്, തന്റെ ജനത്തെ രക്ഷിക്കാൻ പുത്രൻ അവരോട് താദാത്മ്യം പ്രാപിക്കേണ്ടത് ആവശ്യമായിരുന്നു എന്ന കാരൃമാണ് താൻ പറയുന്നത്. രണ്ടാം അദ്ധ്യായത്തിന്റെ 10-18 വരെ വാക്യങ്ങളിലാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അതൊരു ചിന്തായൂണിറ്റ് ആണെങ്കിലും അതു മുഴുവൻ ഇന്നു പങ്കുവെക്കുവാൻ കഴിയുകയില്ലാത്തതിനാൽ, 2:10-13 വരെ വാക്യങ്ങളാണ് ഇന്നു പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്. അതിനായി എബ്രായർ 2:10 -13 വരെ വാക്യങ്ങൾ വായിക്കാം.
എബ്രായർ 2:10 -13
"സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു. 11 വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: 12 “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” 13 എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
കേന്ദ്രാശയം.
അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുന്നതിനും അവരെ തന്റെ കുടുംബത്തിലെ അംഗങ്ങളാക്കി വിശുദ്ധീകരിക്കുന്നതിനും യേശുക്രിസ്തുവിനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നത് പിതാവിനു ഉചിതമായിരുന്നു.
10-ാം വാകൃം ഈ വേദഭാഗത്തിനുള്ള ഒരു ആമുഖമാണ്. ആമുഖം. ഇനി പറയുവാൻ പോകുന്ന കാര്യങ്ങളുടെ ഒരു രത്നച്ചുരുക്കം അതിൽ അടങ്ങിയിരിക്കുന്നു. 11-13 വാക്യങ്ങൾ പുത്രന്റെ മനുഷൃരാശിയുമായുള്ള ഐക്യദാർഢ്യത്തെ കുറിച്ചു പറയുന്നു (Son's solidarity with humanity). അതായത്, മനുഷ്യവർഗ്ഗത്തിന്റെ ചിന്തകളും വികാരങ്ങളും ലക്ഷ്യങ്ങളും പങ്കുവെക്കുന്ന വ്യക്തിയായി യേശു മാറിയതിനെക്കുറിച്ചു പറയുന്നു. അപ്പോൾ ഒന്നാമതായി, ഞാൻ വേദഭാഗത്തുനിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം:
1. ക്രിസ്തുവിന്റെ കഷ്ടത ദൈവകൃപക്ക് ഉചിതമായ സംഗതിയായിരുന്നു (2:10).
10-ാം വാകൃം ഒരിക്കൽകൂടി വായിക്കാം. "സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു" (എബ്രായർ 2:10).
ഈ വേദഭാഗം ആരംഭിക്കുന്നത് "For/അതുകൊണ്ട്" എന്ന വാക്കിലാണ്. മലയാള പരിഭാഷയിൽ ആ വാക്ക് വാക്ക് പരിഭാഷ ചെയ്തിട്ടില്ലെങ്കിലും ഇംഗ്ലീഷിൽ For എന്ന വാക്കിലാണ് ഈ വേദഭാഗം ആരംഭിക്കുന്നത്. For it was fitting that he, for whom and by whom all things exist, in bringing many sons to glory, should make the founder of their salvation perfect through suffering. അത് 9-മത്തെ വാക്യത്തിൽ പറയുന്ന ദൈവകൃപയുമായി ഈ വേദഭാഗത്തെ ബന്ധിപ്പിക്കുന്നു. "എങ്കിലും ദൈവകൃപയാൽ യേശു എല്ലാവർക്കും വേണ്ടി മരണം അനുഭവിച്ചു." അതുകൊണ്ട്, "സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു" തുടർന്നുള്ള വേദഭാഗങ്ങളിൽ ആ ദൈവകൃപയുടെ പ്രദർശനമാണ് നാം കാണുന്നത്.
പുത്രന്റെ ഔന്നത്യം, Supremacy-മേൽക്കോയ്മ, അധികാരം എന്നിവയിൽ നിന്ന് കഷ്ടപ്പാടുകളിലേക്കും മരണത്തിലേക്കും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കും ലേഖനകാരൻ കടക്കുകയാണ്. യേശുവിന്റെേ ഈ നീക്കത്തിന് പിന്നിൽ ദൈവത്തിന്റെ. കൃപ അല്ലാതെ മറ്റൊന്നുമില്ല. ദൈവത്തിനു മനുഷ്യനോട് എന്തെങ്കിലും കടപ്പാടുണ്ടായിരുന്നതുകൊണ്ട് താനതിനു തുനിഞ്ഞതല്ല, മറിച്ച് ദൈവത്തിന്റെ കൃപയാണ് അതിനു കാരണം. വീണുപോയ മനുഷ്യർ എന്ന നിലയിലുള്ള നമ്മുടെ ഏറ്റവും വലിയ ആവശ്യം നിറവേറ്റുവാൻ, യേശുവിൽ നമ്മോടു കാണിച്ച ദൈവത്തിന്റെ സ്നേഹമാണിത്, കരുതലാണത്. അവന്റെ കൃപയ്ക്കും, കരുണയ്ക്കും, വിശ്വസ്തസ്വഭാവത്തിനും, അനുസൃതമായിരുന്നു പുത്രന്റെ കഷ്ടാനുഭവങ്ങൾ.
"കഷ്ടാനുഭവങ്ങൾ" എന്ന ബഹുവചനപ്രയോഗം കേവലം മരണത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്, മരണത്തിൽ പരൃവസാനിച്ച തന്റെ കഷ്ടതകളെയാണ് സൂചിപ്പിക്കുന്നത് (2:9, 14-15). തന്റെ കഷ്ടതകളുടെ ക്ലൈമാക്സ് ആണ് മരണമെന്നത്. യേശുവിന്റെ കഷ്ടാനുഭവം ഈ ലേഖനത്തിന്റെ ആവർത്തന പ്രമേയമാണ്. തുടർന്നുള്ള 5:7-10; 9:26-28; 12:1-3 എന്നിവിടങ്ങളിൽ അതിനെക്കുറിച്ചുള്ള പരാമർശങ്ങൾ നാം കാണും.
"ക്രൂശിക്കപ്പെട്ട ക്രിസ്തു" അന്നത്തെ ലോകത്തെ വളരെ അപമാനകരമായ ഒരു സംഭവമായിരുന്നു. "യഹൂദന്മാർക്ക് ഇടർച്ചയും ജാതികൾക്കു ഭോഷത്വവുമായിരുന്നു ക്രൂശ്; എന്നാൽ ദൈവത്താൽ വിളിക്കപ്പെട്ടവർക്ക് ... ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവും" ആണ് ക്രൂശ് എന്ന് അപ്പൊ. പൗലോസ് 1 കൊരി. 1:23-24 ൽ വ്യക്തമാക്കുന്നു. യെഹൂദന്മാർക്കു ഇടർച്ച, ജാതികൾക്കു ഭോഷത്വം. ഇന്നും ലോകത്ത് അനേകർ, പ്രത്യേകിച്ച് മുസ്ലീംങ്ങളും യെഹൂദന്മാരും, യേശുവിന്റെ ക്രൂശിനെ ഇടർച്ചയായി കാണുന്നു. അതുകൊണ്ട് യേശു മരിച്ചില്ല എന്ന കഥകൾ മെനഞ്ഞ്, അവർ ജനങ്ങളെ വഞ്ചിക്കുന്നു. തങ്ങളുടെ നാശത്തിനായി അവർ അതു ചെയ്യുമ്പോൾ, രക്ഷിക്കപ്പെട്ട നമുക്കൊ ദൈവത്തിന്റെ ശക്തിയാണത്, ദൈവത്തിന്റെ ജ്ഞാനമാണത്. അപ്പോൾ മുസ്ലിം സ്നേഹിതരോടു എനിക്കു പറയാനുള്ളത് കണ്ണു തുറന്നു ബൈബിൾ പരിശോധിക്കണമെന്നും സത്യമായതു സ്വീകരിച്ചുകൊണ്ട് വ്യാജമായതിനെ അവർ ത്യജിക്കണമെന്നുമാണ്. പൗലോസിന്റെ ആശയത്തോടു യോജിച്ചുകൊണ്ട് യേശുവിന്റെ കുരിശിലെ മരണം "യുക്തമാണ് അഥവാ ഉചിതമാണ്" (Eprepen-എപ്രെപെൻ) എന്ന് എബ്രായലേഖന കർത്താവും പറയുന്നു. യേശുവിനെ "കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു."
ദൈവകൃപക്ക് യേശു മരണം ആസ്വദിക്കേണ്ടത് ആവശ്യമായിരുന്നു. ഇതു ദൈവത്തിന്റെ nature/പ്രകൃതിയോടു പൂർണ്ണമായി യോജിക്കുന്നതാണ്. യേശുക്രിസ്തുവിന്റെ മരണം യാദൃശ്ചികമായിരുന്നില്ല. പിതാവായ ദൈവത്തിന്റെ സ്വഭാവത്തോടും ഉദ്ദേശ്യങ്ങളോടും തികച്ചും പൊരുത്തപ്പെടുന്നതാണ്. തന്റെ സ്നേഹത്തിനും വിശുദ്ധിയ്ക്കും ഒത്തവിധമാണത്. തന്റെ നിത്യമായപദ്ധതി പ്രകാരമാണ് യേശുവിന്റെ മരണം. “ആർക്കുവേണ്ടിയും ആരു മുഖേനയുമാണോ സകലവും നിലനിൽക്കുന്നത് അവനു വേണ്ടിയാണ് പുത്രന്റെ കഷ്ടതകൾ”. അതു ദൈവത്തിന്റെ ജ്ഞാനത്തിനു ഒത്തവിധമാണ്. അതു ദൈവത്തിന്റെ നീതിക്കു ഒത്തവിധമാണ്. അനേകം പുത്രന്മാരെ മഹത്വത്തിലേക്കു കൊണ്ടുവരുന്നതിനു വേണ്ടിയാണ്. അപ്പോൾ ഇതെല്ലാം തന്റെ പുത്രനെ തികഞ്ഞവനാക്കിയ പിതാവിനെക്കുറിച്ചാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, "ആർക്കുവേണ്ടിയും ആരു മുഖേനയുമാണോ സകലവും നിലനിൽക്കുന്നത് അവനു വേണ്ടിയാണ് പുത്രന്റെ കഷ്ടതകൾ". ഇതുനമ്മേ കൊണ്ടുചെന്നെത്തിക്കുന്നത് West Minister Shorter Catechism ത്തിലെ ഒന്നാമത്തെ ചോദ്യത്തിലേക്കാണ്. What is the chief end of Man? The chief end of man is to Glorify God and to enjoy Him forever. അപ്പോൾ മനുഷ്യനെക്കുറിച്ചുള്ള ആത്യന്തിക ലക്ഷ്യമെന്താണ്? ദൈവത്തെ മഹത്വപ്പെടുത്തുകയും അവനെ എന്നേക്കും ആസ്വദിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം.
വീണു പോയ നമ്മെ സംബന്ധിച്ചിടത്തോളം ഒരു രക്ഷകൻ ആവശ്യമായിരുന്നു. സൃഷ്ടാവിനല്ലാതെ, ക്രിസ്തുയേശുവിൽ നമ്മേ പുതുതായി സൃഷ്ടിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അങ്ങനെ നമ്മുടെ രക്ഷയുടെ വിശദാംശങ്ങളെക്കുറിച്ചു ചിന്തിച്ചാൽ, രക്ഷാപദ്ധതിയുടെ ഓരോ ഭാഗവും അത്യുന്നതനായ ദൈവത്തിന്റെ കൃപയുടെ മഹത്വം പ്രകടമാക്കുന്നതാണ്. നമ്മുടെ തിരഞ്ഞെടുപ്പിൽ, നമ്മുടെ വീണ്ടെടുപ്പിൽ നമ്മുടെ മാനസാന്തരത്തിൽ ദൈവത്തിന്റെ കൃപയല്ലാതെ മറ്റെന്താണ് നാം കാണുന്നത്? നമ്മുടെ നീതീകരണം, വിശുദ്ധീകരണം, ദത്തെടുക്കൽ, perseverance എന്നിവയിൽ ദൈവത്തിന്റെ കൃപയല്ലാതെ മറ്റെന്താണ് നാം കാണുന്നത്? ദൈവത്തേക്കാൾ ശക്തി കുറഞ്ഞ ആർക്കും നമ്മേ വീഴാതെ സൂക്ഷിക്കുവാൻ കഴിയുകയില്ല. ശക്തിയും മഹത്വവും അവന്റേതാണ്, അതു രണ്ടും എപ്പോഴും ഒരുമിച്ച് പോകണം. ദൈവം തന്നെയാണ് തന്റെ പുതിയ ഉടമ്പടി ജനതയെ രക്ഷ എന്ന യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്നത്. പുത്രന്റെ പീഡാനുഭവ മരണത്തിന്റെ സംവിധായകനും മഹത്തായ കാരണക്കാരനും ദൈവം തന്നെയാണ്. അതുകൊണ്ട് പുത്രന്റെ കഷ്ടാനുഭവങ്ങൾ മനുഷ്യന്റെ ദൃഷ്ടിയിൽ ഭോഷത്വമാണെങ്കിലും ദൈവത്തിന്റെ ദൃഷ്ടിയിൽ/ദൈവകൃപക്ക് യുക്തമായ സംഗതിയാണ്.
2. ക്രിസ്തുവിന്റെ കഷ്ടത നമ്മേ തേജസ്സിലേക്കു നടത്തുന്നതിനു ഉചിതമായ സംഗതിയായിരുന്നു (Christ's suffering was an appropriate thing to lead us to glory!)
രണ്ടാമതായി ഈ വേദഭാഗത്തുനിന്നു ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത് ക്രിസ്തു അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുന്നു എന്ന കാര്യമാണ്. ഇനി യേശുവിന്റെ മരണം ദൈവത്തെ മഹത്വപ്പെടുത്താൻ മാത്രമായിരുന്നില്ല, അനേകം പുത്രന്മാരെ തേജസ്സിലേക്കു കൊണ്ടുവരാനും വേണ്ടിയായിരുന്നു.
'പുത്രന്മാർ' എന്ന പദം പൊതുവെ മാനവജാതിയേക്കാൾ ദൈവജനത്തെയാണ് സൂചിപ്പിക്കുന്നത്. യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ചവരെയാണ് പുത്രന്മാർ എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. ഇതുവരെ യേശുവിനെയാണ് "പുത്രൻ" എന്നു ലേഖനകാരൻ വിളിച്ചത് എങ്കിൽ ഇപ്പോൾ ഇതാ യേശുവിൽ വിശ്വസിച്ചവരെ "പുത്രന്മാർ" എന്നു വിളിച്ചിരിക്കുന്നു. എത്ര ആഴമേറിയ അടുപ്പമാണത്. എത്രയൊ വലിയ ബന്ധമാണത്. അതേ, നാം ദൈവത്തിന്റെ പുത്രന്മാരും ക്രിസ്തുവിനോപ്പം കൂട്ടവകാശികളും (cf. 1:14) ആണ്.
"പുത്രന്മാർ" എന്നു കേൾക്കുമ്പോൾ ഞങ്ങൾക്കിതിൽ പങ്കില്ല എന്ന് സഹോദരിമാർ ചിന്തിക്കേണ്ട ആവശ്യമില്ല. മാത്രവുമല്ല, 11 ഉം 12 ഉം വാക്യങ്ങളിൽ 'സഹോദരന്മാർ' എന്നുകൂടി പറഞ്ഞിരിക്കുന്നതു കാണുമ്പോൾ ഹേ, ഇതു പുരുഷന്മാർക്കുള്ളതാണ്, ഞങ്ങൾക്കിതിൽ പങ്കില്ല എന്നു നിരാശപ്പെടേണ്ട ആവശ്യമില്ല. "പുത്രന്മാർ", "സഹോദരന്മാർ" എന്നീ പ്രയോഗങ്ങളിൽ സഹോദരിമാരും ഉൾപ്പെടുന്നു. ഞാനിതു സഹോദരിമാരെ സുഖിപ്പിക്കുവാനൊ എന്റെ ഒരു ഔദാര്യമെന്ന നിലയിലൊ പറഞ്ഞതല്ല. ഇതൽപ്പം വിശദീകരണം ആവശ്യമായ സംഗതിയാണ്. കാരണം, ഇവിടെ ഉപയോഗിച്ചിരിക്കുന്ന "പുത്രന്മാർ", "സഹോദരന്മാർ" എന്നിത്യാദി പ്രയോഗങ്ങൾ പുരുഷന്മാർക്കു മാത്രമേ ബാധകമാകു എന്നു പറയുന്നവരുണ്ട്. ബൈബിളിലെ ഈ പ്രയോഗങ്ങൾ തിരുത്തി രണ്ടുപേരേയും ഉൾക്കൊള്ളുന്ന പദപ്രയോഗങ്ങൾ ഉപയോഗിക്കണം എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഇതിന്റെ പേരിൽ സഹോദരിമാരെ ഇകഴ്ത്തി പറയുന്നവരുണ്ട്. ആയതിനാൽ ഇതൽപ്പം വിശദീകരണം ആവശ്യമായ സംഗതിയാണ്.
തിരുവെഴുത്തുകൾ ദൈവത്തെക്കുറിച്ചുള്ള പുല്ലിംഗ ചിത്രീകരണങ്ങൾ ഉപയോഗിക്കുമ്പോൾ, ഉദാഹരണത്തിന്, "പിതാവെ" എന്ന് വിളിക്കുമ്പോൾ, ദൈവത്തിന് ലൈംഗിക ആഭിമുഖ്യം ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. അതായത്, അവൻ ജീവശാസ്ത്രപരമായി നമ്മെ ജനിപ്പിച്ചു എന്ന് അർത്ഥമാക്കുന്നില്ല. അങ്ങനെ പറയുന്ന ആളുകളുണ്ട്. ചിലർ അങ്ങനെ എഴുതിയിരിക്കുന്നതു വായിക്കുവാനും എനിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതൊരു വിജാതീയ സങ്കൽപ്പമാണ്. ജാതീയ ദൈവങ്ങളെക്കുറിച്ച്, ദേവീ-ദേവന്മാരെക്കുറിച്ചു കേട്ടു പരിചയിച്ചതിൽനിന്നും വരുന്ന ചിന്തയാണത്. നാം പിതാവിനാൽ മാംസത്തിലും രക്തത്തിലും ജനിച്ചവരല്ല, ആത്മാവിനാൽ ജനിച്ചവരാണ് (യോഹന്നാൻ 1:13).
ദൈവത്തെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കുവാൻ എഴുത്തുകാർ സാദൃശ്യമുള്ള ഭാഷയിലൂടെ ആശയവിനിമയം നടത്തുന്നു എന്നതു ബൈബിളിന്റെ ഒരു രിതിയാണ്. ഭാഷാ ചിത്രങ്ങൾ ഉപയോഗിച്ച് ദൈവത്തെക്കുറിച്ചുള്ള ആഴമായ സത്യങ്ങൾ നമ്മോടു പറയുന്നു. തിരുവെഴുത്തുകളുടെ എഴുത്തുകാർ ദൈവത്തെ "പിതാവെ" എന്ന് രേഖപ്പെടുത്തിയപ്പോൾ അവർ അർത്ഥമാക്കിയത് ദൈവത്തിന് പിതൃത്വം എന്നറിയപ്പെടുന്ന സ്വഭാവസവിശേഷതകളും പ്രവർത്തനങ്ങളും ഉണ്ടെന്നാണ്. ഒരു പിതാവ് തന്റെ മക്കളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. അവർക്ക് സ്‌നേഹപൂർവകമായ മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. അങ്ങനെ പല ഉത്തരവാദിത്വങ്ങൾ ഒരു പിതാവ് തന്റെ ഭവനത്തിൽ നിർവ്വഹിച്ചിരുന്നു. ദൈവം ഒരു പിതാവിനെ പോലെ തന്റെ ഉത്തരവാദിത്വങ്ങളും പരിലാളനകളും കടമകളും നിവർത്തിക്കുന്നു എന്ന ആശയമാണ് ഈ വാക്കു ഉപയോഗിക്കുന്നതിൽ നിന്നും എഴുത്തുകാരൻ ഉദ്ദേശിക്കുന്നത്.
ഇന്നത്തെ സംസ്ക്കാരത്തിൽ ചിലർ Father, Sons, brothers എന്നിത്യാദി പ്രയോഗങ്ങളെ "politically incorrect" എന്നു പറഞ്ഞുകൊണ്ട് അവയെ തിരുത്തുവാൻ ശ്രമിക്കുന്നു. അതായത്, പിതാവിനു പകരം പിതാവ്/മാതാവ് അല്ലെങ്കിൽ അച്ചൻ/അമ്മ എന്നും പുത്രന്മാർ/പുത്രിമാർ എന്നിത്യാദി സ്ത്രീകളെയും ഉൾക്കൊള്ളുന്ന പദങ്ങൾ ഉപയോഗിക്കണം എന്നും അവർ വാദിക്കുന്നു. മറ്റുചിലർ ഇങ്ങനെയുള്ള പദപ്രയോഗങ്ങളുടെ പേരിൽ സ്ത്രീകളെ തരം താഴ്ത്തുന്നു. എന്നാൽ അങ്ങനെയുള്ള ചിന്താഗതികൾ ബൈബിൾ വ്യാഖ്യാനത്തിനു ഒട്ടും നിരക്കുന്നതല്ല. ഇതിന്റെ പേരിൽ സ്ത്രീകളെ തരം താഴ്ത്തുന്നതും ശരിയല്ല. മറിച്ച്, ദൈവശാസ്ത്രപരമായ ഭാഷയുടെ സാദൃശ്യത്തിലൂടെ ചിന്തിക്കുവാൻ പഠിക്കുകയാണു വേണ്ടത്. ദൈവശാസ്ത്രപരമായ ഭാഷയുടെ സാദൃശ്യത്തിലൂടെ ചിന്തിക്കുവാൻ പഠിക്കണം. സാദൃശ്യമായി ഉപയോഗിക്കുന്നതും ആക്ഷരീകമായി ഉപയോഗിക്കുന്നതുമായ പദപ്രയോഗം മനസ്സിലാക്കി വ്യാഖ്യാനിക്കുവാൻ പഠിക്കണം. മനുഷ്യാനുഭവത്തിൽ നിന്നുള്ള ചിത്രങ്ങളും ആശയങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ദൈവികവെളിപ്പാട് ദൈവത്തിന്റെ പ്രവർത്തനങ്ങളും വ്യക്തിത്വവും ചിത്രീകരിക്കുന്നത്.
അതുകൊണ്ട് ബൈബിൾ ഭാഷയെ "അമ്മ" എന്നോ "അച്ഛൻ/അമ്മ" എന്നോ മാറ്റുന്നത് തെറ്റാണ്, കാരണം പിതൃത്വത്തിന്റെ പ്രത്യേക പ്രതിച്ഛായയിലൂടെ രചയിതാവ് ആശയവിനിമയം നടത്താൻ ഉദ്ദേശിച്ചത് അതുവഴി മാറുന്നു. നമ്മൾ ചോദിക്കേണ്ടത് ഇതാണ്, "ഈ ചിത്രം ആശയവിനിമയം നടത്താൻ ഉദ്ദേശിക്കുന്ന സത്യം നമുക്ക് എങ്ങനെ വ്യക്തമാക്കാനാകും? എന്നതാണ്.
അപ്പോൾ ഇവിടെ രചയിതാവ് നമ്മെ "പുത്രന്മാർ" അല്ലെങ്കിൽ "സഹോദരന്മാർ" എന്ന് പറയുമ്പോൾ, അങ്ങനെ ചെയ്യുന്നതിനു എഴുത്തുകാരന് പ്രത്യേക കാരണങ്ങളുണ്ട്. "പുത്രത്വം" എന്ന ആശയം രചയിതാവ് യേശുവിനെ പുത്രനെന്ന നിലയിൽ പരിഗണിക്കുന്നതിൽ നിന്ന് ഒഴുകുന്നു, പുരാതന ലോകത്തിലെ അനന്തരാവകാശം എന്ന ആശയവുമായി അതിനു അടുത്ത ബന്ധമുണ്ട്. ഉദാഹരണത്തിനു, ആദ്യജാതനായ പുത്രനെന്ന നിലയിൽ യേശു പ്രപഞ്ചത്തിന്റെ അവകാശിയാണ്. ആദ്യജാതൻ എന്ന പ്രയോഗം വെച്ചുകൊണ്ട് യേശു ദൈവത്തിന്റെ ആദ്യസൃഷ്ടിയാണ് എന്ന് പഠിപ്പിക്കുന്ന യഹോവസാക്ഷികൾ ഇങ്ങനെയുള്ള തലതിരിഞ്ഞ വ്യാഖ്യാതാക്കൾക്കുള്ള നല്ല ഉദാഹരണമാണ്. ത്രിത്വത്തിലെ ഒന്നും രണ്ടും വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലെ ചലനാത്മകതയെക്കുറിച്ചാണ് പുത്രത്വം എന്ന ചിത്രം സംസാരിക്കുന്നത്. ഈ ബന്ധത്തിൽ ബഹുമാനം, അതുല്യമായ സ്ഥാനം, ഉത്തരവാദിത്തം എന്നിവയും കീഴടക്കവും ഉൾപ്പെടുന്നു. പുരാതന ലോകത്ത് പെൺമക്കൾ വഹിക്കാത്ത ബഹുമാനവും ഉത്തരവാദിത്തവും അന്നത്തെ ആൺമക്കൾക്ക് ഉണ്ടായിരുന്നു. പുത്രൻ എന്ന ചിത്രം നൽകുന്ന ആശയം വ്യക്തമാക്കുക എന്നതാണ് എഴുത്തുകാർ അതിലൂടെ ലക്ഷ്യമിടുന്നത്. എബ്രായ രചയിതാവ് ദൈവത്തിന്റെ എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും, ദൈവത്തിന്റെ ബഹുമാന്യരായ മക്കളും അവന്റെ അവകാശത്തിന്റെ സ്വീകർത്താക്കളും ആയി പരാമർശിക്കാൻ "പുത്രന്മാർ" എന്ന പ്രയോഗം ഉപയോഗിക്കുന്നു. അതുകൊണ്ട്, യേശു “അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്ക് കൊണ്ടുവരുന്നു” എന്ന് ഒരു സഹോദരി വായിക്കുമ്പോൾ, അവൾ ആ പ്രസ്താവനയെ കാണേണ്ടത് “ഒരു അനന്തരാവകാശം കാത്തിരിക്കുന്ന ബഹുമാന്യയായ ഒരു കുട്ടിയായി, സ്ത്രീയായി യേശു എന്നെയും തേജസ്സിലേക്ക് കൊണ്ടുവരുന്നു” എന്നാണ്. ഇവിടെ പറയുന്ന എല്ലാ അനുഗ്രഹങ്ങളും സഹോദരിമാർക്കും ബാധകമാണ്.
അപ്പോൾ "അനേകം പുത്രന്മാരെ- അഥവാ അനേകം സഹോദരി-സഹോദരന്മാരെ" തേജസ്സിലേക്കു കൊണ്ടു വരുന്നതിനു വേണ്ടിയായിരുന്നു യേശുവിന്റെ കഷ്ടതകൾ.
ഇനി തേജസ്സിലേക്കു നടത്തുക എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത്? അതിനെക്കുറിച്ച് 2:5 ൽ പറയുന്നത്: യേശുവുമായി 'വരാനിരിക്കുന്ന ലോകത്തിന്റെ' (നാം പ്രസ്താവിക്കുന്ന ഭാവിലോകം) മഹത്വം പങ്കിടലാണ്; (Heb 2:5; cf. റോമർ 5:2; 8:17–21, 30). ഇതു ചിലർക്കു മാത്രം ലഭിക്കുന്ന ഭാഗ്യമല്ല, അനേകർക്കു ലഭിക്കുന്ന ഭാഗ്യമാണ്. "അനേകം പുത്രന്മാരെ" തേജസ്സിലേക്കു നടത്തുന്നു. എബ്രായർ 4:1-11 വാക്യങ്ങളിൽ ഇത് ദൈവജനത്തിന് വാഗ്ദത്തം ചെയ്യപ്പെട്ട rest ആണ്, 'സ്വസ്ഥത' ആണ്. എബ്രായർ 6:5 പ്രകാരം, "വരുവാനുള്ള ലോകത്തിന്റെ ശക്തി ആസ്വദിക്ക"ലാണിത്; ‘നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കുന്നതാണിത്’ (9:15); ‘വരാനിരിക്കുന്ന നഗര’ത്തിലേക്കുള്ള പ്രവേശനമാണിത് (13:14; cf. 11:10, 14-16). അങ്ങനെ, യേശുവിന്റെ മരണത്തിലൂടെ ദൈവജനം പുത്രനുമായി ചേർന്ന്, ദൈവസന്നിധിയിൽ ആയിത്തീരുന്നു. ‘ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക’ എന്നാണല്ലൊ ഹെബ്രായർ 12:28 ൽ നാം വായിക്കുന്നത്. അപ്പോൾ തേജസ്സിലേക്കു നടത്തുക എന്നു പറഞ്ഞാൽ, ലേഖനകാരൻ ഇതൊക്കെയാണ് അർത്ഥമാക്കുന്നത്.
അതുകൊണ്ട് നാം എന്തുചെയ്യണം? ‘ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക’ ഇപ്പോൾ എന്തുകൊണ്ടാണ് നാം ദൈവത്തെ ആരാധിക്കേണ്ടത്, ദൈവത്തിനായി സേവ ചെയ്യേണ്ടത് എന്നും മനസ്സിലായി കാണുമെന്ന് ഞാൻ കരുതുന്നു. ബാലിശമായ കാരണങ്ങളുടെ പേരിൽ ആരാധനക്കു കടന്നുവരാത്തവരുണ്ട്. എന്നാൽ മനുഷ്യനെനോക്കി ദൈവത്തെ ആരാധിപ്പാൻ നമുക്കു കഴിയുകയില്ല എന്നു നാം ഓർക്കണം. ദൈവത്തെ നോക്കി മാത്രമെ ദൈവത്തെ ആരാധിക്കുവാൻ കഴിയു. ദൈവം ചെയ്തതും ദൈവം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ഭാവിയിൽ ചെയ്യുവാനിരിക്കുന്നതുമായ കാര്യങ്ങളാണ് ഒരുവനെ ദൈവത്തെ ആരാധിപ്പാൻ പ്രേരിപ്പിക്കേണ്ടതും ദൈവവേലക്കായി ഉത്സാഹിപ്പിക്കേണ്ടതും.
ഇനി ഈ ആമുഖവാക്യത്തിൽ കാണുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം യേശു നമ്മുടെ രക്ഷാനായകനാണ് എന്ന കാര്യമാണ്. "വിശ്വാസികളുടെ സ്വർഗീയ തീർത്ഥാടനം സാധ്യമാക്കുന്ന" രക്ഷാനായകൻ. ഇവിടെ "നായകൻ" എന്നതിനു "Archegos" എന്ന ഗ്രീക്കു വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. രക്ഷാനായകൻ എന്നു മലയാളത്തിലും Author of their Salvation/captain of their salvation/ pioneer of salvation/founder of their salvation എന്നൊക്കെ വിവിധ ഇംഗ്ലീഷ് പരിഭാഷകളിലും ഈ വാക്കിനെ വിവർത്തനം ചെയ്തിരിക്കുന്നു. pioneer എന്ന പരിഭാഷ വളരെ നല്ലതാണ്. 12:2 ലും ഈ വാക്കു ഉപയോഗിച്ചിരിക്കുന്നതു കാണാം. "വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായവൻ" എന്നാണ് അവിടെ നാം വായിക്കുന്നത്.
പ്രാചീന ഗ്രീക്ക് ലോകത്ത് ദിവ്യനായ ഒരു നായകനെക്കുറിക്കുവാൻ ഈ വാക്ക് ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, ഹെർക്കുലീസിനെ ആർച്ച്ഗോസ്/soter/രക്ഷകൻ എന്നു വിളിച്ചിരുന്നു. soter എന്ന വാക്കിൽ നിന്നാണ് soteriology- രക്ഷാവിജ്ഞാനീയം എന്ന വാക്കുണ്ടായത്. ഇന്നത്തെ നിലയിൽ പറഞ്ഞാൽ യേശു ആരുടേയും രക്ഷക്കായി എത്തുന്ന ഒരു "സൂപ്പർമാൻ" അഥവാ Super Hero ആണ്. യേശു നമ്മുടെ രക്ഷയ്‌ക്കായി വന്ന രക്ഷാനായകനാണ്. ഒരു വലിയ അപകടത്തിൽ നിന്ന്, ഒരു വലിയ കയത്തിൽ നിന്ന്, ഒരു വലിയ തീച്ചൂളയിൽ നിന്ന് രക്ഷിക്കുന്ന രക്ഷാനായകൻ. മനുഷ്യരെ രക്ഷിക്കുന്ന ഒരു ഹീറോ മാത്രമല്ല, അവർക്കു തന്നെ പിന്തുടരുവാനുള്ള വഴി തുറക്കുന്നവൻ എന്നും ഇതിനെ മനസ്സിലാക്കാം. ഒരിക്കൽ രക്ഷിച്ചു അതോടെ എല്ലാം തീർന്നു എന്നല്ല, തുടർമാനമായി രക്ഷിക്കുന്ന അതല്ലെങ്കിൽ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്ന രക്ഷാനായകനാണ് യേശു. Jesus is the Pioneer of our salvation.
Pioneer missionary എന്നൊക്കെ നാം കേട്ടിട്ടുണ്ടാകും. ആ നിലയിൽ നമ്മുടെ നേപ്പാളിലെ ബെന്നി ചെറിയാൻ ഒരു നല്ല ഉദാഹരണമാണ്. കാരണം താൻ മുന്നമെ പോയി, അവിടെ സുവിശേഷത്തിനു ഒരു വാതിൽ തുറന്നു. മുന്നമെ പോകുന്നവർക്കാണ് ഏറ്റവും വലിയ കഷ്ടതകളും പ്രതികൂലങ്ങളും നേരിടേണ്ടി വരുന്നത്. അതിനെ തുടർന്ന് പലർക്കും അവിടെ പോകുവാനും പ്രവർത്തിക്കുവാനും ഒരു അവസരം ലഭിച്ചു.
Andrew Murray എന്ന ദൈവദാസൻ ഇതിനോടുള്ള ബന്ധത്തിൽ ചുരുങ്ങിയതു മൂന്നു കാര്യങ്ങളെങ്കിലും ഒരു പയനിയർ നിർവ്വഹിക്കണം എന്നു ചൂണ്ടിക്കാണിക്കുന്നു. 1 അവൻ തന്നെ വഴി നയിക്കണം. അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അപകടങ്ങളും കടന്ന്, അവനെ പിന്തുടരുന്നവർക്കു അത് അറിയിച്ചുകൊടുക്കുകയും, കാണിച്ചുകൊടുക്കുകയും വേണം. 2 അനുഗമിക്കുന്നവർ അവന്റെ നിർദ്ദേശത്തിനു പൂർണ്ണമായി വഴങ്ങണം. അവൻ നടന്നതുപോലെ തന്നെ നടക്കണം. 3 തന്നെ പിന്തുടരുന്നവരുടെ എല്ലാ തടസ്സങ്ങൾ നീക്കുന്നതിനും അവരുടെ എല്ലാ ആവശ്യങ്ങൾ നിവൃത്തിക്കുന്നതിനുമുള്ള ഉത്തരവാദിത്വവും Pioneer ന്റേതാണ്. നമ്മുടെ നായകനായ യേശു ഈ നാമം വഹിക്കുന്നു എന്നത് എത്ര ആശ്വാസവും ധൈര്യവുമാണ് നമുക്കു പകർന്നു നൽകുക. ഈ കാര്യങ്ങളെല്ലാം നിവൃത്തിക്കുന്ന രക്ഷാനായകനാണ് യേശു.
എന്നാൽ ഈയൊരു ദൗത്യം നിവൃത്തിപ്പാൻ യേശുവിനെ തികഞ്ഞവൻ ആക്കേണ്ട ആവശ്യമുണ്ടായിരുന്നു. തികഞ്ഞവനാക്കുന്നതു യുക്തമായിരുന്നു. അതിനെക്കുറിച്ചാണ് ലേഖനകാരൻ ഈ വാക്യത്തിന്റെ അവസാനത്തിൽ നമ്മോടു പറയുന്നത്. യേശുവിനെ "കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കി" എന്നാണിവിടെ പറയുന്നത്. "മരണത്താൽ തികഞ്ഞവനാക്കി" എന്ന് പറയാം. ക്രിസ്‌തു ഏതെങ്കിലും നിലയിൽ "അപൂർണനായിരുന്നു" എന്ന് ഗ്രന്ഥകർത്താവ് ഇവിടെ അർത്ഥമാക്കുന്നില്ല. തനിക്കെന്തെങ്കിലും ഊനമൊ, ആത്മീകമൊ ധാർമ്മീകമൊ ആയ കുറവൊ, നൂനതയൊ ഉണ്ടായിരുന്നില്ല.
പൂർണ്ണതക്ക്/ perfect/teleiosai എന്ന Greek വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ആക്ഷരീകമായ അർത്ഥം whole, complete എന്നൊക്കെയാണ്. യെഹൂദാസാഹിത്യത്തിൽ മരണത്തോടെയാണ് പൂർണ്ണത കൈവരുന്നത് എന്ന അർത്ഥത്തിൽ ഈ വാക്കുപയോഗിച്ചിട്ടുണ്ട്. ഇനി എബ്രായ ഭാഷയിലെ "പൂർണ്ണത" എന്നത് ഒരു കോഴ്സ് സംപൂർണ്ണമായി പൂർത്തിയാക്കുന്നതിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഉദാ. നമ്മിൽ പലരും കോളേജുകളിൽ പോയി പല കോഴ്സുകളും പഠിച്ചു പൂർത്തിയാക്കിയവരാണ്. ഒരോ കോഴ്സിനും അതിന്റേതായ തിയറിയും പ്രാക്ടിക്കലും examination ഒക്കെ ഉണ്ട്. അതെല്ലാം കഴിഞ്ഞാണ് നമുക്കു പാസ്സായതിന്റെ certificate ലഭിക്കുന്നത്. അതുപോലെ, യേശുക്രിസ്തുവിന്റെ കോഴ്സിൽ മരണവും ഉൾപ്പെട്ടിരുന്നു, ആ കോഴ്സ് താൻ പൂർത്തിയാക്കി. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ Climax - നായകന്റെ മരണമായിരുന്നു. നായകന്റെ മരണം. യേശു തന്റെ കുരിശിലെ മരണത്തിലൂടെ ആ ദൗത്യം പൂർത്തിയാക്കി. പക്ഷെ യേശുക്രിസ്തുവിന്റെ മരണംകൊണ്ട് തന്റെ കഥ അവസ്സാനിച്ചില്ല, അവൻ ഉയർത്തെഴുന്നേറ്റു. തന്റെ പദ്ധതി അതീവ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. യേശു വിജയക്കൊടി പിടിച്ചുകൊണ്ട് ഏറ്റവും മുന്നിൽ നടക്കുന്നു. അതിനു പിന്നാലെ വിശ്വാസികൾ, താൻ മുന്നേറി, മുന്നേറി സകല പ്രതിയോഗികളേയും തന്റെ കാൽക്കീഴാക്കി തന്റെ രാജ്യം സ്ഥാപിക്കും.
ഇനി മാനുഷികമായ നിലയിൽ നോക്കിയാൽ, സ്വർഗ്ഗം എന്നു പറയുന്നതു വളരെ പെർഫെക്ടായ സ്ഥലമാണ്. അവിടെ പാപമില്ലാത്തതിനാൽ, നാം ഈ ഭൂമിയിൽ കാണുന്നതുപോലെ കഷ്ടതയൊ വേദനയൊ ഒന്നുമില്ല. അപ്പോൾ കഷ്ടത എന്തെന്ന് അറിയാത്ത പുത്രനു എങ്ങനെയാണ് ഇതിലൊക്കേയും കടന്നുപോകുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യാൻ കഴിയുക? അതുകൊണ്ട് പുത്രനെ കഷ്ടതയിലൂടെ കടത്തി തികഞ്ഞവനാക്കുക ആവശ്യമായിരുന്നു. അതുകൊണ്ടാണ് ദാരിദ്രത്തിന്റെ നടുവിൽ യേശു ജനിച്ചു വീണത്. തന്നെകൊല്ലുവാൻ ഹെരോദാ രാജാവു ശ്രമിച്ചപ്പോൾ, മിസ്രയിലേക്കു ഓടി പോകുവാൻ ഇടയായത്. യോഹന്നാന്റെ മുന്നിൽ സ്നാനത്തിനായി താൻ നിന്നുകൊടുത്തത്. സാത്താനാൽ താൻ പരീക്ഷിക്കപ്പെട്ടത്. വിശപ്പും ദാഹവും താൻ അനുഭവിച്ചത്. പലവട്ടം താൻ അപമാനിക്കപ്പെട്ടത്. ഇതൊന്നും അറിയാതെ ഒരു സുപ്രഭാതത്തിൽ വന്ന് മരിച്ച്, പുനരുത്ഥാനം ചെയ്ത് മടങ്ങിപ്പോയ വ്യക്തി അല്ല നമ്മുടെ രക്ഷാനായകൻ. അങ്ങനെ പെർഫെക്ടായ ഒരു വീണ്ടെടുപ്പുകാരൻ ആയിത്തീരുവാൻ പുത്രനെ കഷ്ടതയിലൂടെയും മരണത്തിലൂടേയും കടത്തിവിടേണ്ടത് ആവശ്യമായിരുന്നു. അതല്ലെങ്കിൽ നാം വിശുദ്ധിയിൽ നടക്കണം, പരീക്ഷകളിൽ വിജയിക്കണം, അവനെ പ്രതി കഷ്ടത സഹിക്കണം എന്നൊക്കെ നമ്മോടു പറയുമ്പോൾ, കർത്താവിനു സ്വർഗ്ഗത്തിൽ ഇരുന്നങ്ങു പറഞ്ഞാൽ മതി, ഞങ്ങൾക്കല്ലേ അറിയു അതിന്റെ കഷ്ടപ്പാട് എന്നു നാം പറയുമായിരുന്നില്ലേ? അങ്ങനെ എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള ഒരു രക്ഷാപദ്ധതിയാണ് ദൈവത്തിന്റേത്. "നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല, പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്" (ഹെബ്രായർ 4:15). അത് അവന്റെ പൂർണമായ അനുസരണത്തെയും, ദൈവമക്കളെ മഹത്വത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള തന്റെ പ്രവൃത്തിയുടെ പര്യാപ്തതയെയും സൂചിപ്പിക്കുന്നു.
പ്രായോഗികത
ക്രിസ്തുവിനു കഷ്ടത സഹിക്കേണ്ടിവന്നുവെങ്കിൽ ക്രിസ്തീയജീവിതത്തിലും കഷ്ടതയുണ്ട്. നമ്മുടെ കഷ്ടതയിൽ നാം പുത്രനെപ്പോലെയാണോ പ്രതികരിക്കുന്നത്? അതൊ, ഞരക്കത്തോടും മുറുമുറുപ്പോടും കഷ്ടതയെ പാഴാക്കി കളയുന്നവരൊ? സ്വർഗ്ഗം എന്നത് ഒരുക്കപ്പെട്ട ഒരു ജനത്തിനുള്ള ഒരുക്കപ്പെട്ട സ്ഥലമാണ്.
ദൈവത്തിന്റെ മഹത്വത്തിനും പുത്രന്റെ മഹത്വത്തിനും നമ്മുടെ തേജസ്ക്കരണത്തിനും ക്രിസ്തുവിന്റെ മരണം ഉചിതമായിരുന്നു എന്നാണ് നാം ഇതു വരെ കണ്ടത് എങ്കിൽ മൂന്നാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം നമ്മേ ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാക്കി തീർക്കുന്നതിനും പുത്രന്റെ മരണം ഉചിതമായിരുന്നു.
3. ക്രിസ്തുവിന്റെ കഷ്ടത നമ്മേ ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാക്കി വിശുദ്ധീകരിക്കുന്നതിനും ഉചിതമായിരുന്നു.
11-13 വാകൃങ്ങൾ നമുക്കു നോക്കാം. "11വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: 12 “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” 13 എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു."
ദൈവജനവുമായുള്ള യേശുവിന്റെ സാഹോദര്യ ബന്ധത്തെ അഥവാ കുടുംബബന്ധത്തെ ഈ വാക്യങ്ങൾ കേന്ദ്രീകരിക്കുന്നു. "വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു;" ഒന്നാം നൂറ്റാണ്ടു മുതൽ ഒരുവനല്ലൊ എന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്നു. ഒരുവനല്ലൊ എന്നതിനു ഗ്രീക്കിൽ henos എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്. "ഒരുവനല്ലോ പിതാവ്" എന്നാണ് മലയാള പരിഭാഷ. എന്നാൽ ഇംഗ്ലീഷിൽ ഇത് വൃതൃസ്ഥ നിലകളിലാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (NIV) translation ഞാൻ വായിക്കാം. Both the one who makes people holy and those who are made holy are of the same family (NIV).
one source (ESV), same origin (NET), one father (NASB), one (amplified) എന്നിങ്ങനെയാണ് ഈ വാക്യം പരിഭാഷ ചെയ്തിരിക്കുന്നത്.
ദൈവത്തോടുള്ള ബന്ധത്തിൽ- യേശുവിന്റെ പുത്രത്വത്തിന്റെ പശ്ചാത്തലത്തിൽ- ഒരുവനല്ലൊ പിതാവ് എന്നു പറയുന്നതിൽ തെറ്റില്ല. എന്നാൽ യേശു ഒരു ഭൗതികശരീരം സ്വീകരിച്ചുകൊണ്ട് മനുഷൃവർഗ്ഗത്തോടു ഏകീഭവിച്ചു (R) എന്ന് മനസ്സിലാക്കുന്നതാണ് ഏറെ ഉചിതം. കാരണം 11-13 വാക്യങ്ങളിൽ മനുഷ്യവർഗ്ഗത്തോടുള്ള ക്രിസ്തുവിന്റെ ഏകീഭാവത്തെക്കുറിച്ചാണ് തുടർന്നു പറയുന്നത്. താൻ മക്കളുമായി ഒരേ കുടുംബമായി ഏകീഭവിച്ചു. അതായത്, "വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും" ഒരേ കുടുംബമാണ്.
രക്ഷാനായകനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത് ആളുകളെ വിശുദ്ധരാക്കുന്നവൻ (ho hagiazon) എന്നാണ്. യേശു തേജസ്സിലേക്കു കൊണ്ടുവരുന്നവരെയൊ വിശുദ്ധരാക്കപ്പെട്ടവർ (hoi hagiazomenoi) എന്നും പറയുന്നു.
പഴയനിയമത്തിൽ വിശുദ്ധിയെ സംബന്ധിച്ചു നാം എന്താണ് കാണുന്നത്? ദൈവം യിസ്രായേലിനെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നു വിടുവിച്ച്, അവരെ സീനായ് മലയിൽ കൊണ്ടുവന്ന്, അവർക്കു ന്യായപ്രമാണം നൽകി അവരോടു ഉടമ്പടി ചെയ്തു, അവരെ തനിക്കായി വേർതിരിച്ചു. പിന്നെ താൻ അവരുടെ മധ്യേ സാക്ഷ്യകൂടാരത്തിൽ വസിക്കുന്നു (പുറ 19:4-6; 29:42-46; 31:13; ലേവി 20:7-8). ദൈവത്തിന്റെ സാന്നിദ്ധ്യമാണ് പാളയത്തെ വിശുദ്ധമാക്കുന്നത്. അതേസമയം പാളയത്തിന്റെ വിശുദ്ധി മലിനപ്പെടാതെ കാത്തുസൂക്ഷിപ്പാൻ ജനങ്ങൾ ബാദ്ധ്യസ്ഥരായിരുന്നു താനും. ദൈവത്തിനായി ഒരു ഉടമ്പടിയാൽ വേർതിരിക്കപ്പെട്ട ജനവും അവരുടെ മദ്ധ്യേ വസിക്കുന്ന ദൈവവും; ഇതാണു പഴയനിയമ വിശുദ്ധിയുടെ ഒരു ചിത്രം. ഇവിടെ യേശുവിലൂടെ ദൈവം എന്താണ് ചെയ്യുന്നത്? പുതിയതും നിർണ്ണായകവുമായ ഒരു വിശുദ്ധീകരണ പ്രക്രിയയിലുടെ ദൈവം തനിക്കായി ഒരു ജനത്തെ വേർതിരിക്കുന്നു. "യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ (നാം) വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു" (ഹെബ്രയർ 10:10). കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ, " 12 അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു." (ഹെബ്രായർ 13:12). അവരെ വിശുദ്ധീകരിച്ചത് "യേശുവിന്റെ ഉടമ്പടി രക്തമാണെന്ന്" ഹെബ്രായർ 10:29 ൽ നാം വായിക്കുന്നു. His blood is "the blood of the covenant" that sanctified them (9:19-20). അതായത്, ക്രിസ്തുവിന്റെ പ്രായശ്ചിത്ത യാഗത്തിലൂടെ നേടിയെടുക്കുകയും സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്കു ബാധകമാക്കുകയും ചെയ്ത ദൈവത്തിന്റെ ഒരു നിർണ്ണായക പ്രവൃത്തിയാണു വിശുദ്ധീകരണം. David peterson വിശുദ്ധികരണത്തിനു നൽകിയിരിക്കുന്ന ഒരു നിർവ്വചനമാണിത്. ക്രിസ്തുവിന്റെ പ്രായശ്ചിത്ത യാഗത്തിലൂടെ നേടിയെടുക്കുകയും സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്കു ബാധകമാക്കുകയും ചെയ്ത ദൈവത്തിന്റെ ഒരു നിർണ്ണായക പ്രവൃത്തിയാണു വിശുദ്ധീകരണം (പ്രവൃ.26:18, 1 കൊരി 1:2, 30; 6:11; എഫെ.:26; 2 തെസ്സ.2:13-14).
വിശുദ്ധീകരണം എന്നത് ആദ്യാന്തം ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ്. എന്നാൽ നമുക്ക് അതിൽ സജീവമായ ഒരു പങ്കാളിത്തമുണ്ട്. നമ്മുടെ വിളിയും-വിശുദ്ധപദവിയും, ആഴമായ ധാർമ്മികവും ആത്മീയവുമായ പ്രായോഗികത ഉൾക്കൊള്ളുന്നു. ദൈവത്തിനായി വേർതിരിക്കപ്പെട്ട ജനം ദൈവം അവരെ ആക്കിവെച്ചിരിക്കുന്ന പദവിയിൽ ജീവിപ്പാൻ ബാദ്ധ്യസ്ഥരാണ്. നമ്മുടെ ഹിതം മാറ്റിവെച്ച്, ദൈവത്തിന്റെ ഹിതത്തിനായി നമ്മേ ഏൽപ്പിച്ചുകൊടുക്കേണ്ടതുണ്ട്.
പ്രായോഗികവിശുദ്ധിയോടുള്ള ബന്ധത്തിൽ ഹെബ്രായർ 12:14-16 ലേഖനകാരൻ പറഞ്ഞിരിക്കുന്നതു നോക്കുക: "14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. 15 ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിന്മാറുവാനും, വല്ല കയ്പുള്ള വേരും മുളച്ചുപൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ, 16 ആരും ദുർന്നടപ്പുകാരനൊ, ഒരു ഊണിനു ജേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനൊ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ."
എന്തൊക്കെ കാര്യങ്ങളാണ് അപ്പോസ്തലൻ ഇവിടെ പറയുന്നത്? എല്ലാവരോടും സമാധാനം ആചരിക്കുക. ചിലരോടു സമാധാനം ചിലരോടു ശണ്ഠ എന്നല്ല; എല്ലാവരോടും സമാധാനം ആചരിക്കുക. ദൈവകൃപ വിട്ടു പിന്മാറാതിരിക്കുക. മറ്റുള്ളവരോടു കൈപ്പുണ്ടാകരുത്; കലക്കമുണ്ടാക്കരുത്. ദുർന്നടപ്പുകാരനാകരുത്. ഇന്നു ദുർന്നടപ്പ് ആചരിക്കാം നാളെ ദൈവം ക്ഷമിച്ചോളും എന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ ദുർന്നടപ്പുകാരനാകരുത് എന്നതാണ് കൽപ്പന. മാത്രവുമല്ല, ഏതു മനോഭാവത്തോടെ ഈ തെറ്റു ചെയ്യുന്നുവെന്ന് ദൈവം അറിയുന്നു. ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു എന്ന കാര്യം വിസ്മരിക്കരുത്. എന്തെങ്കിലും ഭൗതിക നേട്ടത്തെപ്രതി അഭക്തനായി തീരരുത്. അതായത്, കർത്താവിൽ നിന്നുള്ള "വിളിയും വിശുദ്ധ പദവിയും" നമുക്കു തോന്നിയതുപോലെ ജീവിക്കുവാനുള്ള അനുവാദമല്ല എന്നു സാരം.
മറ്റൊരു വാക്യം കുടി പരിശോധിക്കാം. 1 തെസ്സലോനിക്യർ 4:3-5
"3 ദൈവത്തിന്റെ ഇഷ്ടമൊ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു 4 ഒരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, 5വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. "
"ദുർന്നടപ്പ് വിട്ടൊഴിഞ്ഞിരിപ്പാനും" ശരിരത്തെ നിയന്ത്രണത്തിങ്കീഴിൽ നിർത്തുവാനും പൗലോസ് പറയുന്നു. മാത്രവുമല്ല, അതു വിശ്വാസികളെക്കുറിച്ചുള്ള ദൈവഹിതമാണതെന്ന് താൻ കൂട്ടിച്ചേർക്കുന്നു. 1 കൊരിന്ത്യരിൽ 6:13 ൽ നാം വായിക്കുന്നത്: "ദുർന്നടപ്പു വിട്ട് ഓടുവിൻ" എന്നാണ്. ഇനി പൗലോസ് 1 കൊരിന്ത്യർ 5:13ൽ പൗലോസ് ദുർന്നടപ്പിനെതിരെ വളരെ ശക്തമായ നിലപാടും സ്വീകരിക്കുന്നു. നീതിപൂർവ്വമായകോപത്തോടെ പൗലോസ് പറയുന്നു: "ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കിക്കളവിൻ". ഇക്കാര്യങ്ങളിൽ നാം മനുഷ്യനെയല്ല, ദൈവത്തെയത്രെ പ്രസാദിപ്പിക്കേണ്ടത്.
അപ്പോൾ നാം പറഞ്ഞുവന്നത്, വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവനും ഒരുകുടുംബമാണ് എന്ന കാര്യമാണ്. ദൈവപുത്രനും ദൈവത്തിന്റെ അവകാശികളും തമ്മിലുള്ള കുടുംബന്ധം ക്രിസ്തുവിന്റെ ഭാഗത്തുനിന്ന് ഒരു കൃപയുണ്ടാക്കുന്നു: നമ്മെ "സഹോദരന്മാർ" എന്ന് വിളിക്കാൻ അവൻ ലജ്ജിക്കുന്നില്ല.
വിശ്വാസികളുമായുള്ള ക്രിസ്തുവിന്റെ ഐക്യദാർഢ്യത്തെ പിന്തുണക്കുവാൻ സങ്കീർത്തനം 22:22 ഉം, യെശയ്യാവ് 8:17b-18 ഉം രചയിതാവ് ഉദ്ധരിക്കുന്നു. എങ്ങനെയാണ് സങ്കീ. 22:22 ലേഖനകാരന്റെ വാദഗതിയെ സപ്പോർട്ട് ചെയ്യുന്നത് എന്നു നോക്കാം. സങ്കീർത്തനങ്ങൾ 22:22 ൽ നാം വായിക്കുന്നത്: "ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും."
യഹൂദ വായനക്കാർക്ക് സുപരിചിതമായിരുന്ന ഒരു മിശിഹൈക സങ്കീർത്തനമാണ് 22-ാം സങ്കീർത്തനം. ക്രിസ്തുവിന്റെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള സുപ്രധാനമായ പ്രവചനങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കുരിശിൽ കിടന്നുകൊണ്ട് യേശു അരുളിച്ചെയ്ത വേദനാജനകമായ വാക്കുകളോടെയാണ് സങ്കീർത്തനം 22 ആരംഭിക്കുന്നത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? (സങ്കീ. 22:1; cf. മത്താ. 27:46). അതിന്റെ 7–8 വാക്യങ്ങളിൽ നീതിമാനെ പരിഹസിക്കുന്നതു കാണാം “അവൻ യഹോവയിൽ ആശ്രയിക്കുന്നു; കർത്താവ് അവനെ രക്ഷിക്കട്ടെ”—മത്താ. 27:43 ൽ കുരിശിനു ചുറ്റുമുള്ള മതനേതാക്കളുടെ പരിഹാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. 16-18 വാക്യങ്ങളിൽ, നീതിമാന്റെ കൈകാലുകൾ തുളയ്ക്കുന്നതിനെ കുറിച്ചും, അവന്റെ അസ്ഥികൾ ഒടിയുകയില്ല എന്നതിനെക്കുറിച്ചും കുറിച്ചും, ചീട്ടിട്ട് അവന്റെ വസ്ത്രങ്ങൾ വിഭാഗിക്കുന്നതിനെ കുറിച്ചും പറയുന്നു (മത്താ. 27:35; യോഹന്നാൻ 19:23, 31-36). 22-ാം വാക്യം "ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും" എന്നത് നീതിമാന്റെ ഒരു വിശ്വാസപ്രഖ്യാപനമാണ്. വിശ്വാസപ്രഖ്യാപനം. നീതിമാന്റെ സഹായത്തിനായുള്ള നിലവിളി ദൈവം ശ്രദ്ധിച്ചതിൽ- അതായത്, പുത്രന്റെ ഉയർത്തെഴുന്നേൽപ്പിൽ- സന്തോഷവും പുകഴ്ചയും പ്രകടിപ്പിക്കുന്നു എന്നു മാത്രമല്ല, ദൈവത്തിന്റെ സ്വഭാവത്തെയും ഉദ്ദേശത്തേയും ശിഷ്യന്മാരോടു പ്രസ്താവിക്കുന്നതും വീണ്ടെടുക്കപ്പെട്ട ജനം ആഘോഷിക്കുകയും അത് ചെയ്യുന്നതാണിത്. യേശുവും ദൈവജനവും തമ്മിലുള്ള ഐക്യദാർഢ്യത്തെ ഈ ഉദ്ധരണി രണ്ട് തരത്തിൽ പിന്തുണയ്ക്കുന്നു.
(1) "സഹോദരന്മാർ" എന്ന പരാമർശത്തിൽ പുത്രന്റെ ത്യാഗപരമായ മരണത്തിലൂടെ ഒരു ആത്മീയ കുടുംബബന്ധം സ്ഥാപിക്കുന്നത് അവൻ കാണുന്നു.
(2) “സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്ന പ്രയോഗം, “ദൂതന്മാരെക്കാൾ താഴ്ന്ന” ഭൂമിയിൽ നമ്മുടെ മധ്യത്തിൽ യേശുവിന്റെ സ്ഥാനത്തിന് ഊന്നൽ നൽകുന്നു.
ഇനി 13-ാം വാക്യത്തിലെ 13 “ഞാൻ അവനിൽ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നത് യെശയ്യ 8: 17b-18 ന്റെ ഉദ്ധരണിയാണ്. യെശയ്യ 8: 17-18 ഞാൻ വായിക്കുന്നു : "17 ഞാനോ യാക്കോബ് ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും. 18 ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു."
യെശയ്യാവിന്റെ എട്ടാം അദ്ധ്യായം ആരംഭിക്കുന്നത് യെശയ്യാവിനു ഒരു പുത്രൻ ജനിക്കും അവനു നീ മഹേർ-ശലാൽ-ഹാശ്-ബസ് എന്നു പേരിടണം എന്ന യഹോവയുടെ അരുളപ്പാടോടെയാണ്. ഈ പേരിന്റെ അർത്ഥം എന്താണെന്ന് അറിയാമൊ? "വേഗം കൊള്ളയടിക്കുക, വേഗം കവർച്ചചെയുക" എന്നാണ്. ഒരു രാജ്യത്തെ പരാജയപ്പെടുത്തുമ്പോൾ കമാന്റർ തന്റെ പട്ടാളക്കാർക്കു നൽകുന്ന നിർദ്ദേശങ്ങളാണിത്. Quick to the plunder, swift to the spoil. വേഗം കൊള്ളയടിക്കുക, വേഗം കവർച്ചചെയുക. യിസ്രായേൽ ജനം ദൈവവചനത്തെ പെട്ടെന്നു മനസ്സിലാക്കാൻ പ്രവാചകന്മരെയും കുടുംബത്തേയും ജീവിക്കുന്ന ഉദാഹരണങ്ങളായി ജനത്തിനു മുൻപിൽ അവതരിപ്പിച്ചിരുന്നത് പഴയനിയമത്തിലെ ഒരു രീതിയാണ്. വടക്കൻ ഇസ്രായേൽ, ഭയത്തിലും അവിശ്വാസത്തിലും യഹോവയിൽ നിന്ന് അകന്നുപോവുകയും അരാം രാജാവിൽ ആശ്രയിക്കുകയും (മനുഷ്യനിൽ തങ്ങളുടെ ആശ്രയം) ചെയ്തിരിക്കയാൽ, പ്രവാചകന്റെ കുഞ്ഞിനു ഒരു വയസ്സ് തികയുന്നതിനുമുൻപ് അശ്ശൂർ തന്റെ സർവ്വസൈന്യത്തോടൂംകൂടെ വന്ന് വടക്കൻ യിസ്രായേലിനെ ആക്രമിക്കുകയും യിസ്രായേലിനെ കൊള്ളയടിക്കയും ചെയ്യും. അങ്ങനെ യിസ്രായേലിന്റെ അരാമുമായുള്ള കൂട്ടുകെട്ട് തകരും. തെക്കൻ രാജ്യമായ യെഹൂദ, ഈ കൂട്ടുകെട്ടിനേയൊ, അശ്ശൂരിനേയൊ ഭയപ്പെടാതെ യാഹ്വേയിൽ ആശ്രയിച്ചാൽ, യാഹ്വ അവർക്ക് വിശുദ്ധകൂടാരമായിരിക്കും. അതായത്, യാഹ്വേ അവർക്കു ഒരു സുരക്ഷിതസങ്കേതമായിരിക്കും. എന്നാൽ യാഹ്വേയിൽ ആശ്രയിക്കാത്തവർക്കു യാഹ്വേ ഇടർച്ചക്കല്ലും തടങ്കൽ പാറയുമായിരിക്കും (8:14). ഈ സാഹചര്യത്തിൽ യഹോവയിൽ ആശ്രയിക്കുവാനുള്ള തന്റെ തീരുമാനം യെശയ്യാ പ്രവാചകൻ പ്രകടിപ്പിക്കുകയാണ് ഇവിടെ ഉദ്ധരിക്കപ്പെട്ട വാക്യം. "ഞാനോ യാക്കോബ്ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും. ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു."
യെശയ്യാവിന്റെ വിശ്വാസത്തെ യേശുവിന്റെ വിശ്വാസത്തിനു മുന്നോടിയായി എബ്രായലേഖനകാരൻ കാണുന്നു (5:7-8; 12:2-3). പ്രവാചകന്റെ മക്കൾ വിശ്വാസികളുടെ കുടുംബത്തെ മാതൃകയാക്കുന്നു. അതായത്, തങ്ങളുടെ രക്ഷകന്റെ വിശ്വാസത്തിൽ നിന്നും അനുസരണത്തിൽ നിന്നും പ്രയോജനം നേടുന്ന വിശ്വാസികളുടെ കുടുംബവുമായി ഈ ഉദാഹരണത്തെ കാണുന്നു.
എബ്രായലേഖനകാരൻ ഈ ഉദ്ധരണിയിലൂടെ രണ്ടു കാര്യങ്ങൾ ലക്ഷ്യമിടുന്നു. (1) പുത്രൻ ദൈവജനത്തോടൊപ്പം ഒരു കോട്ടയായി ജീവിക്കുന്നതിനെ സൂചിപ്പിക്കുന്നു. (2) ഇരുവരും പുത്രന്റെ കഷ്ടപ്പാടുകളിൽ പിതാവിനോടുള്ള വിശ്വാസത്തിലും ആശ്രയത്തിലും സംസാരിക്കുന്നു.
പ്രായോഗികത.
യേശു നമ്മേ തന്റെ കുടുംബത്തിലെ അംഗമായും തന്റെ സഹോദരന്മാരായും കാണുന്നു. നാം എങ്ങനെയാണ് മറ്റുള്ളവരെ കാണുന്നത്? യേശു എന്റെ നേരെ നോക്കി "ഇവൻ എന്റെ സഹോദരൻ" എന്നു പറയുന്നു. യേശുവിന്റെ സഹോദരനെന്ന നിലയിലാണോ നാം ജിവിക്കുന്നത്? അതൊ യേശുവിന്റെ തല താഴ്ത്തുവാൻ ഉതകുന്ന ജീവിത ശൈലിയാണോ നമുക്കുള്ളത്. യേശു നമ്മുടെ മദ്ധ്യ വസിക്കുന്നു. അതിനുയോഗ്യമാംവണ്ണം വിശുദ്ധ ആലയമായി നമ്മേത്തന്നെ വ്യക്തിപരമായും കോർപ്പോറേറ്റായും സൂക്ഷിക്കുമൊ? പ്രതികൂല സമയങ്ങളിൽ യെശയ്യ പ്രവാചകൻ ചെയ്തതുപോലെ, യേശു ചെയ്തതുപോലെ, പിതാവിലുള്ള ആശ്രയം കൈവിട്ടുകളയാതെ വിശ്വാസത്താൽ നാമും ജീവിക്കുമോ? ഈ വചനങ്ങളാൽ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.
*******