
നിത്യജീവൻ

എബ്രായലേഖന പരമ്പര-10
P M Mathew
JUL 02, 2023
Live together with Christ, the High Priest without fear of death.
മരണഭയം കുടാതെ ക്രിസ്തു എന്ന മഹാപുരോഹിതനോടു ചേർന്ന് ജീവിക്കുക .
Hebrews 2:14-18
മനുഷ്യന്റെ കഴിവിൽ ഒരാൾക്ക് എത്രതന്നെ ആത്മവിശ്വാസമുണ്ടായാലും, മരണത്തെ സംബന്ധിച്ച നമ്മുടെ പരിമിതി നിഷേധിക്കാനാവാത്തതും മരണവുമായുള്ള കൂടിക്കാഴ്ച അനിവാര്യവുമാണ് എന്ന് ഈ ചെറുകഥ നമ്മേ ഓർപ്പിക്കുന്നു. മരണത്തെ ആർക്കും ഒഴിവാക്കാൻ കഴിയുകയില്ല, അതു കൃത്യസമയത്തു തന്നെ ഒരുവനെ പിടിക്കും. എന്നാൽ ഈ മരണത്തിൽ നിന്നും മരണഭയത്തിന്റെ അടിമത്വത്തിൽ നിന്നും ഒരു ക്രിസ്തു വിശ്വാസി എങ്ങനെ വിടുവിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യമാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അതിനായി
എബ്രായർ 2:14 -18
"14 മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ 15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. 16 ദൂതന്മാരെ സംരക്ഷണചെയ്വാംനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്വായനത്രേ അവൻ വന്നതു. 17 അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. 18 താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു."
ഈ വേദഭാഗത്തിന്റെ കേന്ദ്രാശയം
പുത്രന്റെ ജഡധാരണം, തന്റെ ‘മരണത്താൽ’ മരണത്തിന്റെ അധികാരിയായ പിശാചിനെ നീക്കുന്നതിനും, മരണഭയത്താൽ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിഞ്ഞിരുന്നവരെ വിടുവിക്കുന്നതിനും, താൻ അവർക്ക് കരുണാമയനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതനായിരിക്കുന്നതിനും വേണ്ടിയാണ്.
ഈ വേദഭാഗം ഇംഗ്ലീഷിൽ Since therefore എന്നു പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. മുമ്പത്തെ വേദഭാഗത്തിന്റെ ഒരു logical conclusion/യുക്തി സഹമായ നിഗമനം എന്ന നിലയിലാണ് ഈ വേദഭാഗത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനുമുൻപത്തെ വേദഭാഗത്ത് നാം കണ്ടത്, അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുന്നതിനും അവരെ തന്റെ കുടുംബത്തിലെ അംഗങ്ങളാക്കി വിശുദ്ധീകരിക്കുന്നതിനും യേശുക്രിസ്തുവിനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നത് പിതാവിനെ സംബന്ധിച്ചിടത്തോളം യുക്തമായിരുന്നു എന്ന കാര്യമാണ്.
ഇപ്പോൾ ഇവിടെ പുത്രന്റെ ജഡധാരണത്തിന്റെ ആവശ്യകതയിലേക്കു/necessity ലേഖനകാരൻ കടക്കുകയാണ്. "മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനാ"കേണ്ടത് അവശ്യമായിരുന്നു. മക്കൾ മാംസവും രക്തവും പങ്കിടുന്നവരാകയാൽ, ഒരു പ്രത്യേക ഘട്ടത്തിൽ നിത്യനായ പുത്രൻ അവരുടെ രക്ഷാനായകനായി തീരുവാൻ 'അതേ കാര്യങ്ങളിൽ പങ്കുചേരുന്നത്' യുക്തിസഹമായ ഒരു ആവശ്യമായിരുന്നു (meteschen tōn autōn).
"ജഡരക്തങ്ങൾ" എന്നത് മനുഷ്യപ്രകൃതിയെ കാണിക്കുന്നു. ദൈവത്തിന്റെ പ്രകൃതിയിൽ നിന്നും വ്യത്യസ്ഥമായി മനുഷ്യൻ ജഡരക്തങ്ങളോടുകൂടിയവനാണ്. ജഡരക്തങ്ങളോടു കൂടിയവർ. ഒരുപക്ഷെ നിങ്ങളുടെ ജീവിതത്തിൽ നിരാശ തോന്നുന്നുവെങ്കിൽ നിങ്ങൾ ജഡരക്തങ്ങളോടു കൂടിയവരാണ്; നിങ്ങൾക്ക് എപ്പോഴെങ്കിലും ആത്മാവിൽ വിഷാദം/depression അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, അതിനു കാരണം നിങ്ങൾ ജഡരക്തങ്ങളോടു കൂടിയവരായതുകൊണ്ടാണ്. നിങ്ങളുടെ ജഡമാണ് അനവധിയായ വേദനകൾ നിങ്ങൾക്കു സമ്മാനിക്കുന്നത്. നിങ്ങളുടെ ആത്മാവ് രൂപാന്തരപ്പെട്ടതാണെങ്കിലും ശരീരം ഇതുവരെ രൂപാന്തരപ്പെട്ടിട്ടില്ല. അതിനാൽ ശരീരത്തിൽ നമുക്കു വേദനയുണ്ട്; കഷ്ടതയുണ്ട്. എന്നാൽ ഈ ശരീരം തേജസ്ക്കരിക്കപ്പെടും, അപ്പോൾ ഈ കഷ്ടത അവസാനിക്കും. മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകയാൽ, യേശുക്രിസ്തു അവർക്കു പകരക്കാരനായി ഒരു യാഗമായി തീരുവാൻ ജഡരക്തങ്ങളോടുകൂടിയവനായി.
മക്കൾ ജഡരക്തങ്ങളോടു "കൂടിയവർ" എന്നതിലെ 'കൂടിയവർ/'sharers/partakers എന്നതിനു koinoneo എന്നവാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അതിൽ നിന്നു വ്യത്യസ്ഥമായി അവനും അവരെപ്പോലെ ജഡരക്തങ്ങളോടു "കൂടിയവനായി" എന്നതിനു ഉപയോഗിച്ചിരിക്കുന്നത് metecho എന്ന ഗ്രീക്ക് വാക്കാണ്. മലയാളത്തിൽ "കൂടിയവർ എന്നും കൂടിയവൻ" എന്നുമാണ് പരിഭാഷ ചെയ്തിരിക്കുന്നത്; എന്നാൽ ഇവ തമ്മിൽ ആശയത്തിൽ വലിയ വ്യത്യാസമുണ്ട്. ആ വ്യത്യാസം, മനുഷ്യർ ആദാമ്യപ്രകൃതി അഥവാ പാപപ്രകൃതി പങ്കിടുമ്പോൾ; യേശു സ്വേയേഛയാൽ മനുഷ്യത്വം സ്വീകരിച്ചു എന്ന അർത്ഥമാണ് നൽകുന്നത്. അതായത്, നമ്മുടെ കർത്താവ് മനുഷ്യപ്രകൃതിയെ അതിന്റെ പാപംകൂടാതെ സ്വീകരിക്കുകയും ഒരു അധികസ്വഭാവമായി തന്നിൽത്തന്നെ നിലനിർത്തുകയും ചെയ്തു. അതായത്, തികഞ്ഞ ദൈവ-മനുഷ്യൻ, അതല്ലെങ്കിൽ പൂർണ്ണദൈവവും-പൂർണ്ണമനുഷ്യനും. ഒരുപക്ഷെ മനുഷ്യനു പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത ഒരു സത്യമെന്ന നിലയിലാണ് വെയിൻ ഗ്രൂഡം എന്ന വേദശാസ്ത്രി തന്റെ സിസ്റ്റമാറ്റിക് തിയോളജിയിൽ ഇതിനെ കുറിച്ചു പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാകാം യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും സംബന്ധിച്ച് അനേകം ദുരൂപദേശങ്ങൾക്ക് ഈരൊശയം വഴി വെച്ചത്.
ഇതേ ആശയമാണ് അപ്പൊസ്തലനായ യോഹന്നാന്റെ സുവിശേഷത്തിലും നമുക്കു ദർശിക്കുവാൻ കഴിയുന്നത്; യോഹന്നാൻ 1:1-2 ഉം14 ഉം ഞാൻ വായിക്കുന്നു: "ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു............ 14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു." ഒരിക്കൽ ഒരു വേദഅദ്ധ്യാപകൻ ഈ വാക്യങ്ങളെ ലളിതമായി വിശദീകരിച്ചുകൊണ്ടിരുന്നത് ശ്രദ്ധിച്ച ഒരു യവ്വനക്കാരൻ രക്ഷിക്കപ്പെട്ടു എന്ന് വായിക്കുവാനിടയായത് ഞാൻ ഓർക്കുന്നു. അതായത്, ഒരു ദൈവമനുഷ്യനാണ് തനിക്ക് പകരക്കാരനായി മരിച്ചത് എന്ന യാഥാർത്ഥ്യം ആ യവ്വനക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്നതിനും രക്ഷയിലേക്കു നയിക്കുന്നതിനും ഇടയാക്കിത്തീർത്തു.
തുടർന്ന് എബ്രായലേഖനകാരൻ ജഡധാരണത്തിന്റെ രണ്ട് ഉദ്ദേശൃങ്ങൾ/purposes പ്രസ്താവിക്കുന്നു.
ഒന്ന്, ദൈവപുത്രൻ തന്റെ ‘മരണത്താൽ’ മരണത്തിന്റെ അധികാരിയായ പിശാചിനെ നീക്കി.
രണ്ട്, ദൈവപുത്രൻ തന്റെ ‘മരണത്താൽ’ മരണഭയത്താൽ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിഞ്ഞിരുന്നവരെ വിടുവിച്ചു.
അപ്പോൾ, ഒന്നാമത്തെ പോയിന്റായി ഈ വേദഭാഗത്തും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം:
1. ദൈവപുത്രൻ തന്റെ ‘മരണത്താൽ’ മരണത്തിന്റെ അധികാരിയായ പിശാചിനെ നീക്കുന്നതിനുവേണ്ടിയാണ് ജഡധാരണം സ്വീകരിച്ചത്.
വാക്യം 14 ഉം 15a ന്റെ ആദ്യഭാഗവും ഒരിക്കൽ കൂടി വായിക്കാം.
"14 മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ15 തന്റെ മരണത്താൽ നീക്കി..."
ആദ്യം മരണത്തിന്റെ അധികാരിയായ പിശാച് എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നു നോക്കാം. Power of death എന്നതിനു kratos thanatos എന്ന വാക്കാണ് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്. kratos എന്നാൽ deadly power അതായത്, മാരകശക്തി എന്നർത്ഥം. thanatos എന്നാൽ മരണം- ആക്ഷരീകാർത്ഥത്തിൽ ശരീരത്തിൽ നിന്നുള്ള ആത്മാവിന്റെ വേർപാട്. പുതിയനിയമത്തിലെ മരണത്തിന്റെ എല്ലാ രൂപങ്ങളും ഒരു സ്വാഭാവിക പ്രക്രിയയായിട്ടല്ല- അതായത്, ഒരാൾ ജനിക്കുന്നു, കുറെക്കാലം ജീവിക്കുന്നു; പിന്നെ മരിക്കുന്നു- എന്ന നിലയിലല്ല, മറിച്ച് എല്ലായ് പ്പോഴും പാപവുമായും അതിന്റെ അനന്തരഫലങ്ങളുമായും ബന്ധപ്പെട്ട ഒരു നശിപ്പിക്കുന്ന ശക്തിയായാണ് കണക്കാക്കുന്നത്. അതായത്, പാപത്തിന്റെ അനന്തരഫലമാണ് മരണം. എന്നാൽ പാപമില്ലാത്ത ദൈവമനുഷ്യനായ യേശുവിന്റെ കാര്യത്തിൽ ഇത് തീർച്ചയായും സത്യമാണ്, കാരണം "21 പാപം അറിയാത്തവനെ (യേശുവിനെ), നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ (പിതാവായ ദൈവം) നമുക്കു വേണ്ടി പാപം ആക്കി" എന്നാണല്ലൊ 2 കൊരി 5:21 ല്‍ നാം വായിക്കുന്നത്. യേശുക്രിസ്തുവിനെ നമുക്കുവേണ്ടി പാപമാക്കിയതുകൊണ്ടാണ് യേശുവിനു മരിക്കേണ്ടി വന്നത്.
അപ്പോൾ, മരണത്തിന്റെ അധികാരത്തെ സംബന്ധിച്ച്, പ്രാരംഭമായി ഒരു കാര്യം ഓർപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്, ആര് മരിക്കണം, എപ്പോൾ മരിക്കണം എന്നും നിർണ്ണയിക്കുന്നതിൽ പിശാചിനു അധികാരമില്ല. അതിനുള്ള അധികാരം ദൈവത്തിനു മാത്രമാണ്.
പിന്നെ മരണത്തിന്റെ അധികാരിയായ പിശാച് എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? പല വിശദീകരണങ്ങളും ഇതിനോടുള്ള ബന്ധത്തിൽ നൽകിയിട്ടുണ്ടെങ്കിലും William MacDonald നൽകിയ വിശദീകരണമാണ് എനിക്കു ഇഷ്ടമായി തോന്നിയത്. ഒരുപക്ഷേ, സാത്താനു ദൈവത്തോടു മരണം ആവശ്യപ്പെടാം എന്ന അർത്ഥത്തിൽ അതിനെ എടുക്കാം. സാത്താനു ദൈവത്തോടു മരണം ആവശ്യപ്പെടാം. അതെങ്ങനെയെന്ന് വിശദീകരിക്കാം. സാത്താനിലൂടെയാണ് പാപം ആദ്യമായി ലോകത്തിൽ പ്രവേശിച്ചത്. ദൈവത്തിന്റെ വിശുദ്ധി പാപം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മരണശിക്ഷ demand ചെയ്യുന്നു/ആവശ്യപ്പെടുന്നു. അതുകൊണ്ട് ദൈവത്തിന്റെ പ്രതിയോഗി എന്ന നിലയിൽ പാപം ചെയ്യുന്ന വ്യക്തിക്ക് പിഴയായി മരണം നൽകണമെന്ന് പിശാചിനു ദൈവത്തോടു ആവശ്യപ്പെടാം. ഇവൻ പാപം ചെയ്തിരിക്കുന്നു, പാപത്തിന്റെ ശമ്പളമായ മരണശിക്ഷ ഇവനു നൽകണം. ഇതാണു മരണത്തിന്റെമേലുള്ള പിശാചിന്റെ അധികാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അപ്പോൾ മരണത്തിനുമേലുള്ള യഥാർത്ഥ അധികാരവും അത് എപ്പോൾ നൽകണം എന്നു തീരുമാനിക്കുന്നതും ദൈവം തന്നെയാണ്. ദൈവത്തിന്റെ അനുവാദമില്ലാതെ ഒരു വിശ്വാസിയുടെമേൽ മരണം വരുത്താൻ പിശാചിനു കഴിയില്ല (ഇയ്യൊബ് 2:6). എന്നാൽ ദൈവം അനുവദിക്കുന്നതുപോലെ പാപിയായ മനുഷ്യനെ ഉപയോഗിച്ച് കുത്സിതമാർഗ്ഗത്തിലൂടെ മനുഷ്യനെ കൊല്ലുവാൻ പിശാചിനു കഴിയും. ഉദാഹരണം ഗ്രഹാം സ്റ്റെയിൻസ്. ഗ്രഹാം സ്റ്റെയിൻസും കുട്വടികളും വധിക്കപ്പെട്ടെങ്കിൽ ദൈവം അതിനു അനുവധിച്ചതുമൂലമാണ് അങ്ങനെ സംഭവിച്ചത്. അപ്പൊ. പൗലോസ് പറഞ്ഞതുപോലെ, യേശുവിന്റെ കഷ്ടാനുഭവത്തിന്റെ കൂട്ടായ്മയിൽ പങ്കുചേരുവാൻ കർത്താവ് അദ്ദേഹത്തെ അനുവദിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എന്നാൽ ആ ഹീനകൃത്യം ചെയ്തതിന്റെ ശിക്ഷ, ആ വ്യക്തി മാനസാന്തരപ്പെടുന്നില്ലെങ്കിൽ, ദൈവത്തിന്റെ കരത്തിൽനിന്നും അനുഭവിക്കേണ്ടതായിവരും. ദൈവം അങ്ങേയറ്റം കരുണയുള്ളവനാകയാൽ, അവന്റെ ഭൗതികമരണംവരെ മാനസാന്തരത്തിനു ദൈവം സമയം നൽകുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ ഭൗതികമരണത്തേക്കാൾ പ്രാധാന്യം നിത്യജീവനാണ്. മത്തായി സുവിശേഷത്തിൽ കർത്താവു തന്നെ പറയുന്നു: "ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ"
മരണത്തിന്റെ അധികാരിയായ പിശാചിനെ "നീക്കി" എന്നാണ് ഈ വാക്യത്തിൽ തുടർന്നു നാം കാണുന്നത്. "നീക്കി/destroy" എന്നതിനു katargeo എന്ന ഗ്രീക്കു വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അർത്ഥം to render powerless, inoperative or ineffective എന്നൊക്കെയാണ്. ഇതേ വാക്കുതന്നെയാണ് ന്യായപ്രമാണത്തിന്റെ കാര്യത്തിലും പൗലോസ് ഉപയോഗിച്ചിരിക്കുന്നത്. എഫെ 2:14 "അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കി..." കൊലൊ 2:14 "അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;" അതുകൊണ്ട് "നീക്കി" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്: "ശക്തി ക്ഷയിപ്പിക്കുക, പ്രവർത്തനരഹിതമാക്കുക അതല്ലെങ്കിൽ ഫലപ്രദമല്ലാതാക്കുക എന്നൊക്കെയാണ്. അതായത്, "പിശാചിനെ" ഇല്ലായ്മചെയ്യുകയായിരുന്നില്ല, പിശാചിന്റെ ശക്തിയെ കുരിശിൽ തകർക്കുകയാണുണ്ടായത്." മരണത്തിനുള്ള പിശാചിന്റെ ശക്തിയെ ക്ഷയിപ്പിച്ചു അതല്ലെങ്കിൽ പ്രവർത്തനരഹിതമാക്കി എന്നാണ്. എങ്ങനെയാണ് യേശു അതു സാദ്ധ്യമാക്കിയത്? "തന്റെ മരണത്താൽ." തന്റെ മരണത്താലാണ് പിശാചിന്റെ ശക്തിയെ ഫലപ്രദമല്ലാതാക്കിയത്.
പിശാചിനു മനുഷ്യരെ നശിപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗം ക്ഷമിക്കപ്പെടാത്ത പാപമാണ്. ക്ഷമിക്കപ്പെടാത്ത പാപം. പിശാചിനാൽ പീഡിപ്പിക്കപ്പെട്ടതുകൊണ്ടോ പിശാച് ബാധിച്ചതുകൊണ്ടോ ആരും നരകത്തിൽ പോകുന്നില്ല. ഒരുവൻ നരകത്തിലേക്ക് പോകുന്നത് അവരുടെ സ്വന്തം പാപം നിമിത്തമാണ്. നിങ്ങളുടെ മുൻപിൽ പ്രലോഭനങ്ങളെ നിരത്തി പാപം ചെയ്യിക്കാനും പാപം ക്ഷമിക്കുന്നവനിൽ നിന്ന് നിങ്ങളെ അകറ്റി നിർത്താനുമാണ് സാത്താൻ ശ്രമിക്കുന്നത്. നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും ദൈവത്തിന്റെ കോപം നിങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും, വിശ്വാസത്താൽ നിങ്ങൾ യേശുക്രിസ്തുവിൽ ദൈവമുമ്പാകെ നീതീകരിക്കപ്പെടുകയും ചെയ്താൽ സാത്താന്റെ ശക്തി നിങ്ങളുടെമേൽ ഇല്ലാതാകും.
ഈ ആശയം നമുക്കു ലഭിക്കുന്നത് എബ്രായർ 2:14-ഉം എബ്രായർ 2:17-ഉം തമ്മിലുള്ള ബന്ധത്തിൽ നിന്നാണ്, ക്രിസ്തു പിശാചിനെ ശക്തിയില്ലാത്തവനാക്കി മാറ്റുന്നത് നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ടാണ്. 17-ാം വാക്യം: "അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു." സാത്താന്റെ പീരങ്കികളിലെ ഒരേയൊരു മാരകമായ ആയുധം നമ്മുടെ സ്വന്തം പാപമാണെന്ന് ഇത് കാണിക്കുന്നു. അത് യേശുവിന്റെ രക്തത്താൽ ക്ഷമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പാപത്തിനെതിരായ ദൈവകോപം ഇല്ലാതാകുകയും അതിന്റെ സ്ഥാനത്ത് സർവ്വശക്തമായ കൃപ നമ്മുടെ നന്മയ്ക്കായി വ്യാപരിക്കുകയും ചെയ്യും.
ഒന്നു രണ്ടു പ്രായോഗികതകൾ ഞാൻ ചൂണ്ടിക്കാണിക്കാം: ആദ്യം അവിശ്വാസികളെ സംബന്ധിച്ച പ്രായോഗികത.
1. മനുഷ്യൻ മാനസാന്തരമില്ലാതെ തുടർന്നാൽ, മരിക്കുമെന്നും ദൈവസന്നിധിയിൽ നിന്ന് എന്നെന്നേക്കുമായി അകന്ന് നരകത്തിലേക്ക് പോകുമെന്നും സാത്താന് അറിയാം. അതുകൊണ്ട്, മനുഷ്യൻ മരിക്കുന്നതുവരെ പാപത്തിൽ തുടരാൻ സാത്താൻ ആഗ്രഹിക്കുന്നു, കാരണം അവർ മരിച്ചുകഴിഞ്ഞാൽ രക്ഷയ്ക്കുള്ള അവസരം എന്നെന്നേക്കുമായി ഇല്ലാതാകും. മരണശേഷം മനുഷ്യർക്ക് രക്ഷപ്രാപിപ്പാനാവില്ല.
ഇന്നു പല ആളുകളും സുവിശേഷം കേട്ടിട്ടും അതു സ്വീകരിക്കാത്തതിന്റെ കാരണം, സാത്താൻ അവരുടെ ഹൃദയത്തെ കുരുടാക്കിയിരിക്കുന്നു എന്നതാണ്. അവന്റെ അധീനതയിൽ നിന്ന് ഒരാൾപോലും നഷ്ടപ്പെടാൻ അവൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് മരണംവരെ അവന്റെ മുൻപിൽ പുകമറ സൃഷ്ടിച്ചുകൊണ്ട് അവനെ സുവിശേഷം വിശ്വസിക്കുന്നതിൽ നിന്നും തടയുന്നു. ഇതാണ് സാത്താന്റെ ജോലി. സുവിശേഷം വിശ്വസിച്ചാൽ മതം മാറണ്ടേ? ഇപ്പോഴത്തെ "പാപത്തിന്റെ സുഖം" (കോട്ട് അൺകോട്ട്) അനിഭവിക്കുവാൻ പറ്റുമൊ? എന്റെ സമൂഹത്തിലെ സ്ഥാനം, പദവി എന്നിവ നഷ്ടപ്പെടില്ലേ? എന്നിത്യാദി ചിന്തകൾ അവന്റെ മനസ്സിൽ പുകമറ സൃഷ്ടിക്കും. അങ്ങനെ സുവിശേഷത്തെ ത്യജിച്ചുകൊണ്ട് അവർ തങ്ങളുടെ പാപത്തിൽ തുടരും. എന്നാൽ ഇങ്ങനെയൊരു ശക്തി പ്രവർത്തിക്കുന്നുണ്ട് എന്ന് ആളുകൾ തിരിച്ചറിയണം. അവന്റെ അധീനതയിൽ നിന്നും നിങ്ങൾ രക്ഷപ്രാപിച്ച് ക്രിസ്തുവിന്റെ അധീനതയിലേക്ക് നിങ്ങൾ മാറണം. രണ്ടു യജമാനന്മാരെ നിങ്ങൾക്കുള്ളു; ഒന്നുകിൽ ക്രിസ്തു അല്ലെങ്കിൽ പിശാച്. ഒരു വ്യക്തി രക്ഷിക്കപ്പെടാത്തിടത്തോളം കാലം അവൻ പിശാചിന്റെ അടിമയാണ്. അതുകൊണ്ട് ക്രിസ്തുവിന്റെ അധീനതയിലേക്കു വന്നാൽ മാത്രമെ നിത്യമരണത്തിൽ നിന്നും വിടുതൽ നേടുവാൻ ഒരുവനു കഴിയു.
രണ്ട്: വിശ്വാസികളെ സംബന്ധിച്ച പ്രായോഗികത
നമ്മെ രക്ഷിക്കാൻ ഉന്നതനായ യേശു മനുഷ്യനായിത്തീർന്നു. ഈ വസ്തുത പരീക്ഷാവേളകളിൽ അവനോട് അടുത്തുവരാനും പീഡനത്തിന്റെ മുഖത്ത് പോലും അവന്റെ നാമം മുറുകെ പിടിക്കുവാനും, അവന്റെ മഹത്വം പ്രഘോഷിക്കാനും നമ്മേ ഇടയാകണം.
എബ്രായ ലേഖനം എഴുതപ്പെട്ടത് പീഡനം നേരിടുന്ന ഒരു സഭയ്ക്കുവേണ്ടിയാണെന്ന് ഓർക്കുക. ക്രിസ്തുവിന്റെ പാത ഉപേക്ഷിച്ച് ന്യായപ്രമാണത്തിന്റെ ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും തിരിയാൻ അവർ പ്രലോഭിതരായി. എന്നാൽ യേശുക്രിസ്തുവിന്റെ ശ്രേഷ്ഠതയും വലിയത്യാഗവും രചയിതാവ് അവരുടെ മുന്നിൽ വരച്ചുകാണിക്കുകയാണ്, "നിങ്ങൾ തിരിച്ചുപോകുന്നത് ഭോഷത്വമാണ്. നിങ്ങളുടെ രക്ഷയ്ക്കുവേണ്ടി മരിക്കാൻ മനുഷ്യമാംസം സ്വീകരിച്ച നിത്യദൈവമാണ് യേശു. നിങ്ങൾക്ക് മറ്റൊരു വിശ്വാസ വ്യവസ്ഥയിലേക്കും തിരിയാനാവില്ല. അവനാണ് നമുക്ക് ദൈവത്തിന്റെ അവസാന വാക്ക് (അവൻ 1:2). കഷ്ടപ്പാടുകൾക്ക് ശേഷം മാത്രമാണ് അവൻ മഹത്വത്തിലേക്ക് പ്രവേശിച്ചത്; അതേ പാത പിന്തുടരാൻ നിങ്ങളും തയ്യാറാകണം.
യേശുവിന്റെ ദൈവത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും സിദ്ധാന്തങ്ങൾ ബൗദ്ധിക സംവാദത്തിനുള്ള നല്ല ദൈവശാസ്ത്ര പോയിന്റുകൾ മാത്രമല്ല; ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളിൽ നമ്മുടെ ആത്മാക്കളെ നിലനിറുത്താൻ അവ വിലപ്പെട്ട സത്യങ്ങളാണ്! നാം പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴോ മരണത്തെ ഭയപ്പെടുമ്പോഴോ, നമ്മുടെ രക്ഷകനായ യേശു എന്ന നമ്മുടെ സഹോദരനിൽ നമുക്ക് വ്യക്തിപരമായ അഭയമുണ്ട്! യേശു ജഡത്തിൽ കഷ്ടമനുഭവിക്കുകയും ദൈവത്തിലുള്ള വിശ്വാസത്താൽ വിജയിക്കുകയും ചെയ്തു. "താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു" (ഹെബ്രാ 2:18).
രണ്ടാമത്തെ പോയിന്റായി ഈ വേദഭാഗത്തു ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത്:
2. ദൈവപുത്രൻ തന്റെ ‘മരണത്താൽ’ മരണഭയത്താൽ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിഞ്ഞിരുന്നവരെ വിടുവിച്ചു.
15-ാം വാക്യത്തിന്റെ അവസ്സാനഭാഗവും 16-ാം വാക്യവും വായിക്കാം:
"ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. 16 ദൂതന്മാരെ സംരക്ഷണചെയ് വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ് വാനത്രേ അവൻ വന്നതു."
മരണവേദന, മരണഭയം ഇതൊന്നും നാം അനുഭവിച്ചിട്ടില്ലെങ്കിലും അതിനെക്കുറിച്ചൊക്കെ നാം വളരെ കേട്ടിട്ടുള്ളവരാണ്. മരിക്കുന്ന പ്രക്രിയയെയും മരിച്ച അവസ്ഥയെയും ഉൾക്കൊള്ളുന്ന ഭയത്തേയാണ് മരണഭയം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. "ദി ആർട്ട് ഓഫ് ഡൈയിംഗ്" എന്ന പുസ്തകത്തിൽ 'റോബർട്ട് നീൽ' മരണഭയത്തിന്റെ മൂന്ന് വശങ്ങൾ പട്ടികപ്പെടുത്തുന്നു. മരണഭയത്തിന്റെ മൂന്നു വശങ്ങൾ.
(1) ആധിപത്യം നഷ്ടപ്പെടുമെന്ന ഭയം.
അദ്ദേഹം പറയുന്നു, എനിക്ക് മരിക്കാൻ ഭയമുണ്ടെന്ന് ഞാൻ ഊഹിക്കുന്നു, കാരണം അതിൽ യഥാർത്ഥ നിയന്ത്രണം നഷ്ടപ്പെടുന്നു. ഞാൻ മരിക്കുമ്പോൾ, എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെടുന്നു. ഒരു കാലത്ത് എന്റെ ദാസന്മാർ ആയിരുന്ന ശരീരത്തിന്റെയും പരിസരത്തിന്റെയും മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്ന അനുഭവമാണ്.
(2) സകലവും നഷ്ടമാകുന്നതിനെയും അപൂർണ്ണതയെയും കുറിച്ചുളള ഭയം.
വ്യക്തിപരമോ തൊഴിൽപരമോ ആയ വലിയ നേട്ടങ്ങൾ നേടിയവർക്ക്, ജീവിതത്തിൽ വലിയ സന്തോഷവും സംതൃപ്തിയും ലഭിച്ചേക്കാം. എന്നാൽ മരണത്തോടെ അവയെല്ലാം അവസ്സാനിക്കും. പിന്നെ ആ സന്തോഷവും സംതൃപ്തിയും ആസ്വദിക്കുവാൻ അവർക്കു കഴിയുകയില്ല. അങ്ങനെ എല്ലാം നഷ്ടപ്പെടുന്നതിന്റെ ഭയം. ഇനി പൂർത്തീകരിക്കാത്ത ലക്ഷ്യങ്ങളുള്ള ഒരു വ്യക്തി മരിക്കുമ്പോൾ, ഒരിക്കലും മടങ്ങി വരാൻ കഴിയാത്ത ഒരു ഗുഹയിലേക്ക് അവൻ കടക്കുന്നതുപോലെയാണ് മരണം. അവന്റെ പിന്നിൽ ആ ഇരുളടഞ്ഞ ഗുഹയുടെ വാതിൽ അടയുന്നു. തനിക്കു പൂർത്തീകരിക്കുവാൻ കഴിയാതെ പോയ കാര്യങ്ങൾ ഒന്നും പിന്നീട് ഒരിക്കലും പൂർത്തിയാക്കാൻ തനിക്കു കഴിയുകയില്ല.
(3) നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയലിന്റെ ഭയം.
കുടുംബവുമായി അർത്ഥവത്തായ ബന്ധമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം, ആ വേർപാടിന്റെ വേദന ആഴത്തിലുള്ളതാണ്. അവരെ പിന്നെ കാണാനൊ, ഇടപഴകാനൊ, അവരുടെ സ്നേഹമൊ പരിലളനകളൊ അനുഭവിക്കാനൊ കഴിയാതെ പോകുന്നു.
(4) ഇതിനോടുകൂടി Elisabeth Kubler Ross തന്റെ Death എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു കാര്യം കൂടി ഞാൻ ചേർക്കുന്നു. നാലാമത്തെ കാരണം മരണം നമ്മെ അപരിചിതമായ ഒരു മണ്ഡലത്തിലേക്ക് നയിക്കുന്നു എന്നതാണ്.
മരണം അനിശ്ചിതത്വത്തിന്റെയും ദുരൂഹതയുടേയും മേഖലയിലേക്കു നമ്മേ നയിക്കുന്നു. ഇനി എന്താണു സംഭവിക്കുവാൻ പോകുന്നത് എന്ന് അറിയുന്നില്ലെങ്കിൽ അത് വളരെ ഭയപ്പെടുത്തുന്ന ഒരു ചിന്തയാണ്.
പാപം, മരണം, മരണഭയം എന്നിവ മനുഷ്യാനുഭവത്തിൽ എപ്പോഴും നിലനിൽക്കുന്നതും (വാ. 14-17), ദൈവം അവർക്കുവേണ്ടി ഉദ്ദേശിച്ച ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും ഉള്ള വാഴ്ചയിൽ നിന്ന് മനുഷ്യരെ തടയുന്ന ഘടകങ്ങളാണ് (5-9 വാക്യങ്ങൾ). ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനും ‘അനേകം പുത്രന്മാരെയും പുത്രിമാരെയും തേജസ്സിലേക്ക് നടത്തുന്നതിനും വേണ്ടിയാണ് ദൈവപുത്രൻ പൂർണ്ണ മനുഷ്യനായിത്തീർന്നുകൊണ്ട് (വാ. 10) കഷ്ടതകളും, പരിക്ഷകളും, മരണവും, സ്വർഗീയ ഉന്നതിയും അനുഭവിച്ചറിഞ്ഞത്.
16-ാം വാക്യം ആരംഭിക്കുന്നത് For surely എന്ന രണ്ട് ഇംഗ്ലീഷ് വാക്കുകളിലാണ്. അതായത്, മുൻപു പറഞ്ഞ വാദഗതികളുമായുള്ള ശക്തമായ ഒരു ബന്ധത്തെയാണിതു കാണിക്കുന്നത്. 5-9 വാക്യങ്ങളിലെ ദൂതന്മാരും മനുഷ്യരും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെ പുനരാരംഭിക്കുകയും 10-15 വാക്യങ്ങളിൽ മക്കളുമായുള്ള യേശുവിന്റെ പ്രത്യേക ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ട്, ലേഖനകാരൻ പറയുന്നു യേശു സഹായിക്കുന്നത് ദൂതന്മാരെയല്ല, മറിച്ച്, അബ്രഹാമിന്റെ സന്തതികളെയാണ് എന്ന്. യേശു സഹായിക്കുന്നത് ദൂതന്മാരെയല്ല, അബ്രാഹമിന്റെ സന്തതികളെയാണ്. 2:5-9 വാക്യങ്ങളിൽ സങ്കീർത്തനം 8 ഉദ്ധരിച്ചുകൊണ്ട് മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിന്റെ പൊതുവെയുള്ള കരുതലിനെക്കുറിച്ചു ലേഖനകാരൻ നമ്മോടു പറഞ്ഞതിനുശേഷമാണിത് പറയുന്നത്. അബ്രഹാമിന്റെ സന്തതികളെ രക്ഷിക്കുവാനാണെന്ന്ങ്കി യേശു ഒരു യഹൂദനായി വന്നത് എങ്കില്‍ ജാതികളായ നമുക്കിവിടെ എന്തു കാര്യം എന്നു ചോദിച്ചേക്കാം.
ഈ വാക്യം, യേശുവിന്റെയും തന്റെ പ്രവൃത്തിയുടെയും ഗുണഭോക്താക്കളായി യഹൂദന്മാരെ ഉയർത്തിക്കാട്ടുന്നു; അത് മോശയിലൂടെയുള്ള ദൈവത്തിന്റെ കരുതലുകളുടെ നിവൃത്തിയായി വിവരിക്കുവാൻ പോകുകയാണ് തുടർന്നുള്ള വേദഭാഗങ്ങളിൽ.
അതായത്, ജനങ്ങളുടെ പാപത്തിനുവേണ്ടിയാണ് ക്രിസ്തുവന്നതും തന്റെ പ്രവൃത്തി പൂർത്തീകരിച്ചതും. ജാതികളായ വിശ്വാസികളെക്കുറിച്ചുള്ള പരാമർശം ഹെബ്രായലേഖനത്തിൽ ഒരിടത്തും ഇല്ലെങ്കിലും, അബ്രാഹത്തിന്റെ വിശ്വാസമുള്ളവരെയാണ് അബ്രാഹത്തിന്റെ സന്തതികളായി പരിഗണിക്കുന്നത്. അബ്രാഹത്തിന്റെ സന്തതികളായി ജനിച്ചതുകൊണ്ടുമാത്രം കാര്യമില്ല, അബ്രാഹമിന്റെ വിശ്വാസമാണ് പ്രധാനം. ആയതിനാൽ ആത്യന്തികമായി ദൈവം അബ്രാഹമിനേയും തന്റെ സന്തതിയേയും അനുഗ്രഹിക്കും എന്നതിലേക്കാണിതു വിരൽ ചൂണ്ടുന്നത്. ആ വാഗ്ദത്തത്തിൽ സകല ജാതികളും ഉൾപ്പെടുന്നു (ഉല്പത്തി 12:3; 17:5; cf Rom 4:9-12; Gal 4:4-7). ഇതിനു ഉപോൽബലകമായി ഒരു വാക്യം വായിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു : Rom 4:9-12 "9 ഈ ഭാഗ്യവർണ്ണനം പരിച്ഛേദനെക്കോ? അഗ്രചർമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു. 10 എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചർമ്മത്തിലോ? പരിച്ഛേദനയിലല്ല; അഗ്രചർമ്മത്തിലത്രേ. 11അഗ്രചർമ്മത്തിൽ വെച്ചു ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം ലഭിച്ചു. അത് അഗ്ര ചർമ്മത്തോടെ വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്കു എല്ലാവർക്കും പിതാവായിരിക്കേണ്ടതിന്നും 12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹമിന്നു അഗ്രചർമ്മത്തിൽ വെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ."
അതായത്, പരിച്ഛേദന എൽക്കുന്നതിനു മുന്നമെ ദൈവം അബ്രാഹമിന്റെ പേരിൽ വിശ്വാസനിതി കണക്കിട്ടു. എന്തുകൊണ്ടെന്നാൽ, അഗ്രചർമ്മത്തോടെ അബ്രാഹമിന്റെ വിശ്വാസത്തെ പിന്തുടരുന്നവർക്കുംകൂടെ നീതി കണക്കിടുവാനും താൻ അവർക്ക് എല്ലാവർക്കും പിതാവായിരിക്കേണ്ടതിനും വേണ്ടിയാണ് എന്നാണ് ഈ വാക്യം പറയുന്നത്. അങ്ങനെ ജാതികളായ നാം അബ്രാഹമിന്റെ വിശ്വാസം പിന്തുടരുന്നതിലൂടെ വിശ്വാസനീതി പ്രാപിക്കുന്നു. അപ്പോൾ അബ്രാഹാമിന്റെ സന്തതി എന്നു പറഞ്ഞിരിക്കുന്നതിൽ നാം പ്രയാസപ്പെടേണ്ട, അബ്രാഹമിന്റെ വിശ്വാസമുണ്ടായിരുന്നാൽ ഈ പറഞ്ഞ നേട്ടങ്ങൾ നമുക്കുമുള്ളതാണ്.
യേശു 'എല്ലാവർക്കും' വേണ്ടി മരണം ആസ്വദിച്ചെങ്കിലും (വാക്യം 9), 11-16 വാക്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യഥാർത്ഥത്തിൽ അവന്റെ രക്ഷാകർതൃ വേലയിൽ നിന്ന് പ്രയോജനം നേടുന്നവരിലേക്കാണ്. അതായത്, എല്ലാ മനുഷ്യർക്കും രക്ഷ ലഭിക്കുന്നില്ല പ്രത്യുത, യേശുക്രിസ്തുവിൽ രക്ഷക്കായി ആശ്രയിക്കുന്നവരിലേക്ക് അത് പരിമിതപ്പെടുത്തിയിരിക്കുന്നു. ജോൺ കാൽ വിന്റെ വാക്കുകളിൽ പറഞ്ഞാൽ limited atonement. "പരിമിതമായ പ്രായശ്ചിത്തം". അതായത്, യേശുവുമായുള്ള ഒരാളുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷ. യേശുവുമായി വ്യക്തിപരമായ ബന്ധമില്ലാത്തവർക്കു രക്ഷയില്ല. ദൈവം അവനു നൽകിയ മക്കളെ, അതായത്, അബ്രഹാമിന്റെ യഥാർത്ഥ സന്തതികളെയാണ് അവൻ വിശുദ്ധീകരിക്കുന്നത്, അവരെ അവൻ തന്റെ സഹോദരീസഹോദരന്മാർ എന്ന് വിളിക്കുന്നു. സങ്കീർത്തനം 8 നിറവേറ്റുന്ന ദൈവ-മനുഷ്യൻ അഥവാ യേശു അവരുടെ രക്ഷയുടെ തുടക്കക്കാരനാണ്, അവൻ അവരെ നിശ്ചയമായും വിശുദ്ധീകരിക്കുകയും മരണത്തിന്മേൽ പിശാചിന്റെ ശക്തി തകർക്കുകയും മരണഭയത്തിൽ നിന്ന് തന്റെ ജനത്തെ മോചിപ്പിക്കുകയും ചെയ്യും.
ഇനി മരണഭയം രക്ഷിക്കപ്പെട്ടവരേയും അവിശ്വാസികളേയും എങ്ങനെ ബാധിക്കുന്നു എന്നു നോക്കാം. അതിനായി ഹെർബർട്ട് ലോക്കിയർ എഴുതിയ Last Words of Saints and Sinners ലെ ചില ആളുകൾ തങ്ങളുടെ മരണസമയത്ത് പറഞ്ഞ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ശ്രദ്ധിക്കാം.
അവിശ്വാസിയായ വില്യം പോപ്പ് എന്ന വ്യക്തിയുടെ അവസാന വാക്കുകൾ മരണത്തിന്റെ ഭയാനകത വ്യക്തമായി ചിത്രീകരിക്കുന്നതാണ്. 1797-ൽ അന്തരിച്ച വില്യം പോപ്പ്, മതപരമായ എല്ലാറ്റിനെയും പരിഹസിച്ച അവിശ്വാസികളുടെ ഒരു കൂട്ടത്തിന്റെ നേതാവായിരുന്നു. ബൈബിൾ തറയിൽ ഇട്ടു ചവിട്ടി കീറിക്കളയുക എന്നതായിരുന്നു തന്റെ വിനോദങ്ങളിൽ ഒന്ന്. അവൻ മരിക്കുമ്പോൾ പറഞ്ഞ വാക്കുകൾ അവന്റെ മരണമുറിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതിപ്രകാരമാണ്.
വില്യം പോപ്പ് വളരെ കരഞ്ഞുകൊണ്ട് പറഞ്ഞു: "എനിക്ക് പശ്ചാത്താപമില്ല. എനിക്ക് അനുതപിക്കാൻ കഴിയുന്നില്ല. ദൈവം എന്നെ നശിപ്പിക്കും. കൃപയുടെ ദിവസം കഴിഞ്ഞുവെന്ന് എനിക്കറിയാം. എന്നെ കാത്തിരിക്കുന്നത് നിത്യ ദണ്ഡനങ്ങളാണ്. ദൈവം ഉണ്ടാക്കിയതെല്ലാം ഞാൻ വെറുത്തു; എനിക്ക് പിശാചിനോട് മാത്രം വെറുപ്പില്ല - അവനോടൊപ്പം ആയിരിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു, നരകത്തിൽ ആയിരിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ കാണുന്നില്ലേ, നിങ്ങൾ പിശാചിനെ കാണുന്നില്ലേ? അവൻ എനിക്കായി വരുന്നു." എത്രയൊ പരിതാപകരമായ ഒരു അന്ത്യമാണിത്.
അതേസമയം, പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മദ്ധ്യയുറോപ്പിലെ നവീകരണവക്താക്കളിൽ പ്രഥമനായ Jerome of Prague ന്റെ {born c. 1365, Prague [now in Czech Republic]—died May 30, 1416,} അവസാനവാക്കുകൾ ശ്രദ്ധിക്കുക. അദ്ദേഹം വിശ്വസത്തെപ്രതി അഗ്നിക്കിരയാക്കപ്പെട്ട വ്യക്തിയാണ്. അദ്ദേഹത്തെ കത്തിച്ചുകൊല്ലുവാൻ തീകൊളുത്തിയപ്പോൾ തന്റെ അധരങ്ങളിൽ നിന്നു വന്ന വാക്കുകൾ ശ്രദ്ധിക്കുക:
"ടോർച്ച് ഇങ്ങോട്ട് കൊണ്ടുവരൂ; നിങ്ങളുടെ ടോർച്ച് എന്റെ മുഖത്തിനുനേരെ പ്രകാശിപ്പിക്കുക. ഞാൻ മരണത്തെ ഭയപ്പെട്ടിരുന്നെങ്കിൽ ഞാൻ അത് ഒഴിവാക്കുമായിരുന്നു." തനിക്കു മരണത്തെ തെല്ലും ഭയമില്ല, അതു തന്റെ മുഖത്ത് വളരെ വ്യക്തമാണെന്നാണ് താൻ പറഞ്ഞതിന്റെ സാരം.
ഒരു ഇംഗ്ലീഷ് തത്വചിന്തകനും 'Leviathan' എന്ന ഗ്രന്ഥത്തിന്റെ എഴുത്തുകാരനുമായ THOMAS HOBBES എന്ന വ്യക്തിയുടെ മരണസമയത്തെ വാക്കുകൾ ശ്രദ്ധിക്കുക: "എന്റെ കൈവശം ലോകം മുഴുവൻ ഉണ്ടായിരുന്നെങ്കിൽ, ഒരു ദിവസം ജീവിക്കാൻ ഞാനത് നൽകുമായിരുന്നു. മരണത്തിലേക്കു കടക്കാതെ, ഭൂമിയിലെ ഏതെങ്കിലുമൊരു പൊത്തിൽ ഒളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ഏറെ സന്തോഷിക്കുമായിരുന്നു. ഇരുട്ടിലേക്കു ഞാനിതാ ഒരു കുതിച്ചുചാട്ടം നടത്താൻ പോകുന്നു!"
മരണത്തിനു പ്രതിഫലമായി താൻ എന്തും നൽകാം, അതിൽ നിന്നു ഏതു വിധേനയും രക്ഷപെടാൻ കഴിഞ്ഞിരിന്നുവെങ്കിൽ എന്നാണ് താൻ പറയുന്നത്. തികഞ്ഞ അന്ധകാരത്തിലേക്കാണ് താൻ നീങ്ങുന്നത് എന്നത് തന്നെ ഏറെ ഭയപ്പെടുത്തുന്നു.
അതേസമയം എ.ഡി 303-ൽ, ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായി മരിച്ച അൻഡ്രോനിക്കൊസിന്റെ മരണസമയത്തെ പ്രതികരണം നോക്കാം. ക്രിസ്ത്യൻ വിശ്വാസത്തെ തള്ളിപ്പറവാൻ തയ്യാറല്ലാത്തതിനാൽ ജയിലിൽ അടയ്ക്കപ്പെട്ട ആൻഡ്രോണിക്കൊസിനെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിച്ചു, തുടർന്ന് ചോരയൊലിക്കുന്ന മുറിവുകളിൽ അവർ ഉപ്പ് പുരട്ടി. ജയിലിൽ നിന്ന് പുറത്തുകൊണ്ടുവന്ന അവനെ വീണ്ടും പീഡിപ്പിക്കുകയും വന്യമൃഗങ്ങൾക്ക് എറിയുകയും ഒടുവിൽ വാളുകൊണ്ട് കൊല്ലുകയും ചെയ്തു. താൻ മരണത്തെ മുഖാമുഖം നേരിട്ടപ്പോൾ തന്റെ അധരങ്ങളിൽനിന്നു പൊഴിഞ്ഞ ലാവണ്യ വാക്കുകൾ ശ്രദ്ധിക്കുക:
"നിങ്ങൾക്കു ചെയ്യാവുന്ന ഏറ്റവും മോശമായത് ചെയ്തുകൊള്ളുക. ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ക്രിസ്തുവാണ് എന്റെ സഹായവും പിന്തുണയും, അതിനാൽ ഞാൻ ഒരിക്കലും നിങ്ങളുടെ ദൈവങ്ങളെ സേവിക്കില്ല, നിങ്ങളുടെ അധികാരത്തെയോ നിങ്ങളുടെ യജമാനനായ ചക്രവർത്തിയുടെ അധികാരത്തെയോ ഞാൻ ഭയപ്പെടുന്നില്ല. നിങ്ങൾക്കു കഴിയുന്നത്ര വേഗത്തിൽ നിങ്ങളുടെ പീഡനങ്ങൾ ആരംഭിക്കുക. നിങ്ങളുടെ ദുഷ്ടതക്കു കണ്ടുപിടിക്കാൻ കഴിയുന്ന എല്ലാ മാർഗങ്ങളും ഉപയോഗിച്ചു പിഡിപ്പിച്ചു കൊള്ളുക. എന്റെ തീരുമാനത്തിൽ നിന്ന് ഞാൻ കുലുങ്ങിപ്പോകില്ലെന്ന് അവസാനം നിങ്ങൾ കണ്ടെത്തും."
ക്രിസ്തുവിന്റെ മരണത്താൽ മരണഭയത്തിന്റെ അടിമത്വത്തിൽ നിന്നു വിടുവിക്കപ്പെട്ടവർക്കു മാത്രമെ ഈ നിലയിൽ മരണത്തെ നേരിടാൻ കഴിയു. നമ്മുടെ രക്ഷനായകനെ ഇവ്വണ്ണം സ്നേഹിപ്പാനും ഈയൊരു ധൈര്യത്തോടെ മരണത്തെ നേരിടാനും ദൈവം നമ്മേ ഓരോരുത്തരേയും പ്രാപ്തിപ്പെടുത്തട്ടെ.
മൂന്നാമത്തെ പോയിന്റായി ഈ വേദഭാഗത്തു നിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം:
3. പുത്രൻ കരുണാമയനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതനാകാനാണ് (2:17-18) ജഡധാരണം സ്വീകരിച്ചത്. (The Son was incarnated to become a merciful and faithful High Priest (2:17-18).
"17അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു."
ഈ വാക്യം പുത്രന്റെ ജഡധാരണത്തിന്റെ പ്രാധാന്യം വീണ്ടും പ്രസ്താവിക്കുന്നു. ആ പ്രാധാന്യമെന്നത് 'ദൈവസേവയിൽ കരുണയും വിശ്വസ്തനുമായ ഒരു മഹാപുരോഹിതൻ' എന്ന നിലയിലുള്ള യേശുവിന്റെ ശുശ്രൂഷയാണ്. മാത്രവുമല്ല, യേശുവിന്റെ മരണത്തിന്റെ പ്രായശ്ചിത്ത പ്രാധാന്യവും (atoning significance) ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ, കഷ്ടതകളിലൂടെയുള്ള അവന്റെ പരീക്ഷ, പാപത്തോടുള്ള പോരാട്ടങ്ങളിൽ സഹോദരി സഹോദരന്മാരെ സഹായിക്കാൻ അവനെ എങ്ങനെ പ്രാപ്തനാക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടു വരാനിരിക്കുന്ന വാദങ്ങൾക്കായി തയ്യാറെടുക്കുകയും ചെയ്യുന്നു.
മഹാപുരോഹിതനെന്ന നിലയിൽ യേശുവിന്റെ അടിസ്ഥാനപരമായ പങ്ക് ജനങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം വരുത്തുക എന്നതാണ് (cf. 5:1). 'ജനങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം' വരുത്തുക. ഇത് ഓരോ വർഷവും മഹാപാപപരിഹാര ദിനത്തിൽ മഹാപുരോഹിതൻ ചെയ്യുന്ന കാര്യങ്ങളെ ഓർമ്മിപ്പിക്കുന്നു, മഹാപുരോഹിതൻ, അതിവിശുദ്ധ സ്ഥലത്ത് മൃഗരക്തം തളിച്ച് പാപത്തിന്റെ അശുദ്ധിയിൽ നിന്ന് ആളുകളെ ശുദ്ധീകരിക്കുന്നു ( ലേവി. 16:15-17; cf. എബ്രാ. 9:5, 7). പുറത്തെ യാഗപീഠത്തിൽ രക്തം തളിച്ചതിനുശേഷം (ലേവ്യ. 16:18-19), മഹാപുരോഹിതൻ ജനങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞു അത് ജീവനുള്ള ഒരു ആടിന്റെ മേൽ വെച്ച് അതിനെ മരുഭൂമിയിലേക്ക് അയക്കുന്നു (ലേവ്യ. 16:20-22). ദൈവവുമായുള്ള കൂട്ടായ്മയ്ക്ക് ഒരു തടസ്സമായി നിൽക്കുന്ന പാപവും അതിന്റെ അനന്തരഫലങ്ങളും ഇല്ലാതാക്കുക എന്നതാണ് മഹാപുരോഹിതൻ ഈ പ്രായശ്ഛിത്ത പ്രവൃത്തിയിലുടെ നിവൃത്തിക്കുന്നത്. ക്രിസ്തു ആ നിലയിൽ നമ്മുടെ മഹാപുരോഹിതനാണ്. ദൈവവുമായുള്ള കൂട്ടായ്മക്കു തടസ്സമായി നിൽക്കുന്ന പാപവും അതിന്റെ അനന്തരഫലങ്ങളും ഇല്ലായ്മ ചെയ്യുവാൻ അവൻ നമുക്കുവേണ്ടി ഒരു പ്രായശ്ചിത്തയാഗമായി തീർന്നു.
"പ്രായശ്ചിത്തം" അഥവാ propitiation എന്നതിനു ഗ്രീക്കിൽ hilaskomai എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്. "പ്രായശ്ചിത്തം" എന്ന വാക്കിന്റെ ഏറ്റവും ലളിതമായ അർത്ഥം "ഒരു സമ്മാനം വഴി ദൈവകോപം ഒഴിവാക്കുക" എന്നാണ്. നമ്മുടെ പാപത്തിന്റെ ന്യായമായ ശിക്ഷ, ദൈവത്തിന്റെ സ്വന്തം വ്യവസ്ഥയാൽ, യേശുക്രിസ്തുവിന്റെ കുരിശിലെ ബലിമരണത്തിൽ കണക്കിട്ട്, ദൈവത്തിന്റെ ക്രോധം മാറ്റുന്നതിനെ ഇത് സൂചിപ്പിക്കുന്നു.
'ദൈവകോപവും ദൈവത്തെ പ്രീതിപ്പെടുത്തലും' എന്നു കേൾക്കുമ്പോൾ, ജാതീയ ദൈവങ്ങളും അവയുടെ കോപം ഒഴിവാക്കുവാൻ മനുഷ്യൻ കൊടുക്കുന്ന നേർച്ച കാഴ്ചകളും നമ്മുടെ മനസ്സിലേക്കു കടന്നു വരാം. എന്നാൽ അതല്ല ബൈബിളിലെ ആശയം.
ഞാനത് വിശദീകരിക്കാം. ബൈബിളിലെ ആശയം ഇതില്‍ നിന്നും തുലോം വ്യത്യസ്ഥമാണ്. പാപവും ദൈവത്തിനെതിരായ മത്സരവും നിമിത്തം, ദൈവവുമായുള്ള നമ്മുടെ യഥാർത്ഥ കൂട്ടായ്മ തടസ്സപ്പെട്ടു, പാപികൾ എന്ന നിലയിൽ നാം ന്യായവിധിക്ക് അർഹരാണ്. ജാതീയ ദൈവങ്ങളിൽ നിന്നും വ്യത്യസ്ഥമായി, ബൈബിളിലെ ദൈവത്തിന്റെ കോപം നമ്മുടെ പാപത്തിന്റെ നേരെയുള്ള ദൈവത്തിന്റെ വിശുദ്ധിയുടെ പ്രകടനമാണ്. നമ്മുടെ പാപവും മത്സരവും ന്യായമായി അർഹിക്കുന്നത് ദൈവകോപമാണ്. ദൈവം അനന്തമായ സ്‌നേഹത്തിന്റെ ദൈവമാണെങ്കിലും, അവൻ തന്റെ നീതിയുടെ ചെലവിൽ, നീതിയെ ബലികഴിച്ചുകൊണ്ട്, കരുണ കാണിക്കുകയില്ല, അതിനാൽ സ്‌നേഹവാനായ ദൈവം നമ്മോട് നീതിയോടെ കരുണ കാണിക്കുന്ന വഴിയാണ് പ്രായശ്ചിത്തം. ബൈബിളിൽ പ്രായശ്ചിത്തം, ദൈവവുമായുള്ള ബന്ധം വീണ്ടും ശരിയാക്കാൻ നാം അവനു നൽകുന്ന ഒന്നല്ല; നാം നീതിയോടെയും കരുണയോടെയും ക്ഷമിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ദൈവം നമുക്കു നൽകുന്ന ഒന്നാണ്, തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ സ്‌നേഹപുരസ്സരമായ സമ്മാനത്തിലൂടെ അവൻ സ്വന്തം ചെലവിൽ ഇത് ചെയ്യുന്നു.
യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തത്തിൽ പാപിയുടെ മേലുള്ള ദൈവത്തിന്റെ കോപം ശമിപ്പിക്കുന്നു. ദൈവം യേശുവിന്റെ യാഗത്തിൽ സംപ്രീതനാകുന്നു; യേശുവിന്റെ യാഗത്തിന്റെ വെളിച്ചതിൽ പാപിയോടു ദൈവം ക്ഷമിക്കുന്നു. ദൈവത്തിനു പാപിയോടുള്ള ശത്രുത നീങ്ങി സമാധാനബന്ധത്തിലാകുന്നു. അങ്ങനെ ദൈവവുമായുള്ള കൂട്ടായ്മയ്ക്ക് ഒരു തടസ്സമായി നിൽക്കുന്ന പാപവും അതിന്റെ അനന്തരഫലങ്ങളും ഇല്ലാതാക്കുന്നു. എന്നാൽ ക്രിസ്തുവിന്റെ ഭരണത്തെ തങ്ങളുടെ ജീവിതത്തിൽ നിരസിക്കുന്നവരെ ഈ ദൈവകോപം ആത്യന്തികമായി വെളിപ്പെടും; എന്നാലത് അവന്റെ വരാനിരിക്കുന്ന നിത്യമായ ന്യായവിധിയിലാണ് (6:2, 8; 9:27; 10:27, 30-31; 12:29; 13:4) .
3a. യേശു നമ്മേ സഹായിപ്പാൻ കഴിവുള്ള വിശ്വസ്ത മഹാപുരോഹിതൻ.
തുടർന്ന് ലേഖനകാരൻ തന്റെ ജഡധാരണത്തിന്റെ പ്രായോഗികതയിലേക്കു കടക്കുന്നു. 18-ാം വാക്യം: "18 താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു."
"താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ" എന്ന പ്രയോഗം യേശുവിന്റെ കഷ്ടതയുടെ തീവ്രതയെ കാണിക്കുന്നു. യേശു മഹാപുരോഹിതനായത് കേവലം ജനങ്ങൾക്കുവേണ്ടി സ്വന്തജീവനെ യാഗമർപ്പിച്ചുകൊണ്ടു മാത്രമല്ല, അതിനുവേണ്ടി അവൻ ജഡം സ്വീകരിച്ചു, ഈ ഭൂമിയിലേക്കു വന്നു, ഒരു ദരിദ്രനായി ജനിച്ചു, ഒരു ശിശുവായി മാതാപിതാക്കളുടെ തണലിൽ വളർന്നു; ബാല്യത്തിലൂടെയും യവ്വനത്തിലൂടേയും താൻ കടന്നുപോയി. ഈ കാലഘട്ടങ്ങളിൽ സാധാരണ മനുഷ്യർ അനുഭവിക്കുന്ന കഷ്ടതകളും വേദനകളും ദുഃഖങ്ങളും അനുഭവിച്ചു. താൻ വിശപ്പും ദാഹവും സഹിച്ചു. അനേകം പരീക്ഷകളിലൂടെ താൻ കടന്നു പോയി. പലപ്പോഴും മതനേതാക്കളിൽ നിന്നും ക്രൂരമായ അപമാന വാക്കുകൾ താൻ കേട്ടു. എങ്കിലും ഇതിലോന്നിലും താനൊരു പാപവും ചെയ്തില്ല. അവസാനം തന്റെ തികഞ്ഞ പുരുഷത്തിൽ താൻ അതിഭീകരമായി കൊലചെയ്യപ്പെട്ടു. ഹെബ്രായർ 5:7-10 അനുസരിച്ച്, യേശുവിന്റെ അവസാന കഷ്ടത ഗത്സെമന തോട്ടത്തിൽ ആരംഭിച്ച് (മർക്കോസ് 14:32-42 പാര.) കുരിശിൽ നിന്നുള്ള അവസാനത്തെ ഉച്ചത്തിലുള്ള നിലവിളിയോടെ (മർക്കോസ് 15:37 ഖണ്ഡിക) അതിന്റെ പാരമ്യത്തിലെത്തുന്നു.
'പരീക്ഷിക്കപ്പെടുന്നവരെ' സഹായിക്കാൻ അതവനെ യോഗ്യനാക്കിത്തീർത്തു. അങ്ങനെ 'ദൈവസേവയിൽ കരുണയുള്ളവനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതനായി' മാറിക്കൊണ്ട് പോരാടുന്ന തന്റെ സഹോദരങ്ങളോട് സഹാനുഭൂതി കാണിക്കാനും വിശ്വാസത്തിലും പ്രത്യാശയിലും സ്ഥിരോത്സാഹത്തോടെ നിലകൊള്ളാൻ ആവശ്യമായ തുടർ സഹായം നൽകാനും ഉന്നതനായ മിശിഹായായി അവൻ ഇന്ന് നിലകൊള്ളുന്നു (cf. 4:14 - 5:10; 7:25). അവൻ ഒരു കോപിഷ്ഠനായ മഹാപുരോഹിതനല്ല, മറിച്ച്, കരുണയുള്ള വിശ്വസ്തമഹാപുരോഹിതനാണ്.
ക്രിസ്തു കടന്നു പോകാത്ത എന്തു കഷ്ടതയാണ് നമുക്കുള്ളത്, ക്രിസ്തു നേരിടാത്ത എന്തു പരീക്ഷയാണ് നമുക്കുള്ളത്. അതുകൊണ്ട് നമ്മുടെ കർത്താവിനു നമ്മുടെ പ്രതികൂലങ്ങളിൽ സഹതപിപ്പാനും സഹായിപ്പാനും കഴിയും. അതിനു കർത്താവേ എന്നെ സഹായിക്കേണമേ എന്ന് നിലവിളി മാത്രമെ ആവശ്യമുള്ളു.
അപ്പോൾ ഇതുവരെ പറഞ്ഞത്: 1. ദൈവപുത്രൻ തന്റെ ‘മരണത്താൽ’ മരണത്തിന്റെ അധികാരിയായ പിശാചിനെ നീക്കുന്നതിനുവേണ്ടിയാണ് ജഡധാരണം സ്വീകരിച്ചത്. 2 ദൈവപുത്രൻ തന്റെ ‘മരണത്താൽ’ മരണഭയത്താൽ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിഞ്ഞിരുന്നവരെ വിടുവിക്കുന്നതിനുവേണ്ടിയാണ് ജഡധാരണം സ്വീകരിച്ചത് 3. പുത്രൻ കരുണാമയനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതനാകാനാണ് ജഡധാരണം സ്വീകരിച്ചത്.
അതുകൊണ്ട്, മരണഭയം കൂടാതെ ക്രിസ്തുവിനെ അനുഗമിക്കാം, അവനെ നമുക്കു സാക്ഷിക്കാം. നമ്മുടെ പരീക്ഷകളിൽ, പ്രലോഭനങ്ങളിൽ, നമ്മുടെ കഷ്ടതകളിൽ സഹായിപ്പാൻ മനസ്സുള്ള, ഇങ്ങനെയുള്ള എല്ലാ പ്രതികൂലങ്ങളിലുടേയും കടന്നു പോയ, മഹാപുരോഹിതൻ നമുക്കുള്ളതുകൊണ്ട് നമ്മുടെ ഓട്ടം വിജയകരമായി നമുക്കു പൂർത്തീകരിക്കാം. അതിനു ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മേ സഹായിക്കട്ടെ.
*******