
നിത്യജീവൻ

എബ്രായലേഖന പരമ്പര-08
P M Mathew
APR 09, 2023
Christ's Reign-What We See and Don't See !
ക്രിസ്തുവിന്‍റെ വാഴ്ച-നാം കാണുന്നതും കാണാത്തതും !
Hebrews 2:5-9
അതിനായി ഹെബ്രായലേഖനം 2:5-9 വരെ വാക്യങ്ങൾ വായിക്കാം:
ഹെബ്രായർ 2:5-9
"5 നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പ്പെടുത്തിയതു. 6 എന്നാൽ "മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? 7 നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, 8 സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു" എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല. 9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അൽപ്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു."
ഈ വേദഭാഗത്തിന്റെ കേന്ദ്രാശയം
ക്രിസ്തുവിന്റെ ഭരണം/വാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും അതിന്റെ പൂർണ്ണമായ ഫലപ്രാപ്തി കാണാത്ത ഈ കാലഘട്ടത്തിൽ വിശ്വാസികൾ തങ്ങളുടെ വർത്തമാന പ്രതിസന്ധികളിൽ ക്രിസ്തുവിനെ പ്രപഞ്ചത്തിന്റെ ഭരണാധികാരി എന്ന നിലയിൽ വിശ്വാസക്കണ്ണാൽ കണ്ടും യേശുവിന്റെ സഹിഷ്ണുത മാതൃകയാക്കിയും ജീവിക്കണം.
ഈ വേദഭാഗവും വ്യാഖ്യാനിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള വേദഭാഗമാണ്. കാരണം ലേഖനകാരൻ ഇവിടെ ഉദ്ധരിച്ചിരിക്കുന്ന 8-ാം സങ്കീർത്തനത്തെ നാം എങ്ങനെ കാണുന്നു എന്നത് ഇതിന്റെ വ്യാഖ്യാനത്തെ സാരമായി ബാധിക്കുന്ന കാര്യമാണ്. അതിലേക്ക് ഞാൻ പിന്നെ വരാം.
ഈ വേദഭാഗം ഇംഗ്ലീഷിൽ ആരംഭിക്കുന്നത് "ഫോർ" എന്ന വാക്കിലാണ്. എന്നാൽ മലയാള പരിഭാഷയിൽ അതില്ല. "For" അഥവാ "അതുകൊണ്ട്" എന്നതിനർത്ഥം അവൻ മുന്നമെ പറഞ്ഞതിന് (2:1-4) ഒരു അടിസ്ഥാനമോ പ്രതിരോധമോ നൽകുന്നു എന്ന നിലയിലെടുക്കാം. അതായത്, നമ്മുടെ രക്ഷ വളരെ വലിയതാണ്, അത് അവഗണിക്കുന്നത് ഭോഷത്വവും അപകടകരവുമാണ്. എന്തുകൊണ്ടെന്നാൽ "നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പ്പെടുത്തിയത്".
എന്നാൽ മറ്റൊരു നിലയിലും ഇതിനെ കാണുവാൻ കഴിയും. ഒന്നാം അദ്ധ്യായത്തിന്റെ 5-14 വരെ വാക്യങ്ങളിൽ യേശു ഏതെല്ലാം നിലകളിൽ ദൂതന്മാരേക്കാൾ ശ്രേഷ്ഠനായിരിക്കുന്നു എന്ന കാര്യമാണ് നാം കണ്ടത്. അതു നിർത്തി അതുവരെ പറഞ്ഞ കാര്യങ്ങളുടെ ഒരു Application/പ്രായോഗികത/പ്രബോദനം നൽകുകയാണ് 2:1-4 വരെ വാക്യങ്ങളിൽ എന്നു ഞാൻ കഴിഞ്ഞ സന്ദേശത്തിൽ നിങ്ങളോടു പറഞ്ഞു. ഇപ്പോൾ വീണ്ടും ഒന്നാം അദ്ധ്യായത്തിന്റെ അവസാനം പറഞ്ഞുനിർത്തിയ സ്ഥാനത്തു നിന്നും താൻ പുനരാരംഭിക്കുന്നു എന്ന നിലയിൽ ഇതിനെ കണക്കാക്കാം.
ഒന്നാം അധ്യായത്തിന്റെ അവസാനത്തിൽ എന്താണ് പറയുന്നത്? "13 ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 14 അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?"
അതായത്, യേശു ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്ന കർത്താവും ദൂതന്മാർ കേവലം അവന്റെ ആജ്ഞാനുവർത്തികളും രക്ഷിക്കപ്പെടുവാനിരിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ സേവകരുമാണ്. യേശു ദൈവത്തിന്റെ വലതു ഭാഗത്തിരിക്കുന്ന കർത്താവാണ് എന്ന് കാണിക്കുവാൻ ലേഖനകാരൻ സങ്കീർത്തനം 110-ന്റെ ഒന്നാം വാക്യമാണ് ഉദ്ധരിച്ചിരിക്കുന്നത്. അവിടെ നാം വായിക്കുന്നത്: "യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലതു ഭാഗത്തിരിക്ക" എന്നാണ്.
അതായത്, ആത്മീയ ഗോളത്തിൽ ദുഷ്ടശത്രുക്കളുമായി പിതാവിനു നിരന്തരയുദ്ധമുണ്ടെന്നും ആ യുദ്ധത്തിൽ തന്റെ ശത്രുക്കളെ ആത്യന്തികമായി പരാജയപ്പെടുത്തുന്നതുവരെ നീ എന്റെ വലത്തു ഭാഗത്തിരിക്ക എന്നാണ് പിതാവ് പുത്രനോടു പറയുന്നത്. അത് മനസ്സിൽ വെച്ചുകൊണ്ടാണ് ലേഖനകാരൻ ഈ അഞ്ചാം വാക്യത്തിൽ ഇപ്രകാരം പറയുന്നത് "വരാനിരിക്കുന്ന ലോകത്തെ ദൂതന്മാർക്കല്ലല്ലൊ കീഴ്പ്പെടുത്തിയത്". "For" അഥവാ "അതുകൊണ്ട്" എന്ന വാക്ക് ഒന്നാം അദ്ധ്യായത്തിന്റെ അവസാന വാക്യങ്ങളിലേക്കു ബന്ധിപ്പിക്കുവാൻ കഴിയുമെന്നാണ് ഞാൻ ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഒന്നാം അദ്ധ്യായത്തിൽ ദൈവപുത്രന്റെ ഔന്നത്യത്തെക്കുറിച്ചാണ് ലേഖനകാരൻ പറഞ്ഞിരുന്നത് എങ്കിൽ ഇപ്പോൾ രണ്ടാം അദ്ധ്യായത്തിന്റെ 5-9 വരെ വാക്യങ്ങളിൽ യേശുക്രിസ്തുവിന്റെ ജഡധാരണത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമാണ് പറയാൻ താൻ ഒരുങ്ങുന്നത്. പുത്രന്റെ സ്വർഗ്ഗീയ സ്ഥാനത്ത് നിന്നും അവന്റെ ഭൗമിക ശുശ്രൂഷയിലേക്കാണ് താൻ കടക്കുന്നത്.
യേശു ദൂതന്മാരെക്കാൾ ഉന്നതൻ എന്നു പറഞ്ഞതിനുശേഷം, ദുതന്മാരെക്കാൾ താഴ്ന്ന മനുഷ്യജന്മം സ്വീകരിക്കുകയും മരിക്കുകയും ചെയ്യുന്നു. അതിലൊരു inconsistency/ പൊരുത്തക്കേടില്ലേ എന്ന് ഏതൊരു വായനക്കാരനും തോന്നിയേക്കാം. പ്രത്യേകിച്ചും ഇതിന്റെ വായനക്കാരായ യെഹൂദാ ക്രിസ്ത്യാനികൾക്ക് അങ്ങനെ തോന്നിയാൽ അതിൽ തെല്ലും അതിശയിക്കാനില്ല. കാരണം യാഹ്വേ കഴിഞ്ഞാൽ പിന്നെ അവർ ഉന്നതരായി കാണുന്നത് ദൂതന്മാരെയാണ്. കാരണം അവരുടെ മദ്ധ്യസ്ഥതയിലാണ് ന്യായപ്രമാണം അവർക്കു ലഭിച്ചത് എന്ന് അവർ വിശ്വസിച്ചിരുന്നു. അതുകൊണ്ട് യേശുവിന്റെ ജഡധാരണം തന്റെ ഉന്നതമായ പദവിക്കു നിരക്കുന്നതാണോ എന്ന് ന്യായമായും അവർ സംശയിച്ചുപോകുവാനുള്ള സാദ്ധ്യതയുണ്ട്. ആ സാദ്ധ്യത മുന്നിൽക്കണ്ടാണ് ലേഖനകാരൻ യേശുക്രിസ്തുവിന്റെ ഉന്നതമായ പദവിയേയും യേശുവിന്റെ ജഡധാരണത്തേയും തമ്മിൽ ബന്ധിപ്പിക്കുവാൻ യെഹൂദന്മാര്ക്ക് വളരെ സുപരിചിതമായ 8-ാം സങ്കിർത്തനത്തിലെ ചില വാക്യങ്ങൾ ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. ഒരു മെസിയാനിക് സങ്കീർത്തനമായി പൊതുവെ കരുതപ്പെട്ടിരുന്ന ഈ സങ്കീർത്തനത്തിൽ ഔന്നത്യത്തിന്റെയും താഴ്ചയുടേതുമായ രണ്ട് ഘടകങ്ങളും അടങ്ങിയിരിക്കുന്നു മാത്രവുമല്ല തുടർന്ന് 2:10–18 വരെ വാക്യങ്ങളിൽ പറയുവാൻ പോകുന്ന മനുഷ്യവർഗ്ഗത്തോടുള്ള ദൈവപുത്രന്റെ ഐക്യദാർഡ്യതക്ക് (Son’s solidarity with humanity) പെർഫെക്ടായ ഒരു അടിത്തറയും ഇതു നൽകുന്നു.
എന്നാൽ ലേഖനകാരൻ ഇവിടെ സങ്കീർത്തനം 8 ൽ നിന്നാണ് ഉദ്ധരിക്കുന്നത് എന്നു പറയുന്നില്ല. അതിനു പകരം "ഒരുവൻ ഒരേടത്ത് സാക്ഷ്യം പറയുന്നു" എന്നാണ് പറഞ്ഞിരിക്കുന്നത്. "ഒരുവൻ ഒരേടത്ത് സാക്ഷ്യം പറയുന്നു". അതിനു കാരണം അത് എവിടെയാണ് ഉദ്ധരിച്ചിരിക്കുന്നത് എന്ന് തനിക്കറിയായ്ക കൊണ്ടല്ല, ഒരു "solemn testimony" എന്ന നിലയിലാണിത് താൻ ഇത് പറയുന്നത്. വളരെ ഗൗരവത്തിൽ എടുക്കേണ്ട വിഷയം എന്നാണ് Leon Morris എന്ന ദൈവദാസൻ അതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. അതായത്, ഏതെങ്കിലും മാനുഷിക എഴുത്തുകാരൻ പറയുന്നു എന്നതിനേക്കാളുപരി, ദൈവം അരുളിച്ചെയ്യുന്നു, ആ ഗൗരവത്തിൽതന്നെ അതിനെ കാണണം എന്ന നിലയിലാണ് "ഒരുവൻ ഒരേടത്ത് സാക്ഷ്യം പറയുന്നു" എന്ന് താൻ ചേർത്തിരിക്കുന്നത്.
"അതുകൊണ്ട് നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പ്പെടുത്തിയതു" എന്ന കാര്യത്തെ സപ്പോർട്ടു ചെയ്യുവാൻ താനിവിടെ 8-ാം സങ്കീർത്തനത്തിന്റെ 4-6 വരെ വാക്യങ്ങളാണ് ഉദ്ധരിച്ചിരിക്കുന്നത്.
അപ്പോൾ ആ സാക്ഷ്യം എന്താണ്? 6-8a വരെ വാക്യങ്ങളിൽ അതാണു പറഞ്ഞിരിക്കുന്നത്. "6എന്നാൽ "മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? 7നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, 8 സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു." ഇതാണ് ആ ഗൗരവമായ സാക്ഷ്യം.
എട്ടാം സങ്കീർത്തനത്തെ രണ്ടു നിലകളിൽ വ്യാഖ്യാനിക്കാം. ക്രിസ്റ്റോളജിക്കൽ ആയി വ്യാഖ്യാനിക്കാം അതല്ലെങ്കിൽ ആന്ത്രപ്പോളജിക്കൽ ആയി വ്യാഖ്യാനിക്കാം. അതായത്, ക്രിസ്തു കേന്ദ്രീയമായി വ്യാഖ്യാനിക്കാം. അതല്ലെങ്കിൽ മനുഷകേന്ദ്രീയമായി വ്യാഖ്യാനിക്കാം. ഈ രണ്ടു നിലകളിലും പ്രശസ്തരായ വേദശാസ്ത്രികൾ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഈ രണ്ടു നിലകളിലും അനേകം പ്രസംഗങ്ങൾ ഈ വേദഭാഗത്തെ അധികരിച്ച് നടത്തിയിട്ടുമുണ്ട്.
ഇതിൽ ഏതു വ്യാഖ്യാനരീതി തെരഞ്ഞെടുക്കണം എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. അതേസമയം ഈ ലേഖനത്തിന്റെ മുന്നോട്ടുള്ള ഗതിയെ അത് സാരമായി ബാധിക്കുകയും ചെയ്യും. ഞാൻ അതിൽ ക്രിസ്തുകേന്ദ്രീയമായ വ്യാഖ്യാനമാണ് തെരഞ്ഞെടുത്തത്. അതിനുള്ള 4 കാരണങ്ങളാണ് ഞാനിനി പറയുവാൻ പോകുന്നത്.
ക്രിസ്തുകേന്ദ്രീയമായ വ്യാഖ്യാനത്തിനുള്ള 4 കാരണങ്ങള്‍
1.-ാമത്തെ കാരണം: പുതിയ നിയമ എഴുത്തുകാർ 8-ാം സങ്കീർത്തനത്തിൽ നിന്നും പല ഉദ്ധരണികൾ നടത്തിയിരിക്കുന്നതും ക്രിസ്തുവിനോടു ബന്ധപ്പെടുത്തിയാണ്. ഉദാഹരണത്തിനു മത്തായി 21:16, 1 കൊരിന്ത്യർ 15:27, എഫേസ്യർ 1:22 എന്നിവ.
2-ാമത്തെ കാരണം: . NIV, ESV പോലുള്ള Bible translations നാം നോക്കിയാൽ അവ തമ്മിൽ ചില ഗണ്യമായ വ്യത്യാസങ്ങൾ കാണുവാൻ കഴിയും. NIV translation ആദ്യം വായിക്കാം "What is mankind (anthropos, singular) that you are mindful of them (auton-him), a son of man that you care for him? 7You made them a little lower than the angels; you crowned them (autou, his) with glory and honor" . ഇതിൽ anthropos എന്ന ഏകവചനത്തെ mankind എന്ന് ബഹുവചനമായും തുടർന്നു വരുന്ന auton എന്ന singular pronoun നെ them എന്ന ബഹുവചനമുപയോഗിച്ചുമാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ഈ translation നെ അധികരിച്ചാണ് പലരും മനുഷ്യകേന്ദ്രീയമായ ഒരു വ്യാഖ്യാനത്തിനു തുനിഞ്ഞിരിക്കുന്നത്.
എന്നാൽ ESV, NASB പോലുള്ള translations ഇപ്രകാരമാണ്: "What is man, that you are mindful of him, or the son of man, that you care for him? 7 You made him for a little while lower than the angels; you have crowned him with glory and honor." എന്നാൽ ESV, NASB തുടങ്ങിയ പരിഭാഷകളിൽ man എന്ന എകവചനവും അതിനുശേഷം വരുന്ന pronouns-him എന്നും പരിഭാഷ ചെയ്തിരിക്കുന്നു. ക്രിസ്തുകേന്ദ്രീയമായ വ്യാഖ്യാനം നടത്തുവാൻ രണ്ടാമത്തെ ഗ്രൂപ്പുകാരെ പ്രേരിപ്പിച്ചത് ഏകവചനത്തിലുള്ള ഈ translation ആണ് എന്നു ഞാൻ കരുതുന്നു.
ഇതിൽ എബ്രായലേഖനകാരൻ ഏകവചത്തിലുള്ള പരിഭാഷയാണ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം സെപ്റ്റുജിന്റ്-LXX ൽ നിന്നാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. 70 പണ്ഡിതന്മാർ ചേർന്ന് ഹെബ്രായ ബൈബിളിനെ ഗ്രീക്കിലേക്ക് പരിഭാഷ ചെയ്തിരിക്കുന്ന ബൈബിളാണ് സെപ്റ്റുജിന്റ് ബൈബിൾ. അതിൽ നിന്നും ഉദ്ധരിച്ചിരിക്കുന്നതു ഏകവചനത്തിലുള്ള പ്രയോഗത്തെ ലേഖനകാരൻ ശരിവെച്ചിരിക്കുന്നു/സ്ഥിരീകരിച്ചിരിക്കുന്നു എന്ന് നമുക്കു മനസ്സിലാക്കാം. നമ്മുടെ മലയാള പരിഭാഷ ഏകവചനത്തിലുള്ളതാണ് എന്നതോർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
3-ാമത്തെ കാരണം: മനുഷകേന്ദ്രീയമായ വ്യാഖ്യാനം ഈ പുസ്തകത്തിന്റെ പ്രമേയവുമായി, അതല്ലെങ്കിൽ മുന്നോട്ടുള്ള വേദഭാഗങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ ബുദ്ധിമുട്ടാണ്.
4-ാമത്തെ കാരണം, 8-ാം സങ്കീർത്തനത്തിന്റെ ക്രിസ്റ്റോളജിക്കൽ ആയ വ്യാഖ്യാനം ക്രിസ്തുവിന്റെ മനുഷ്യത്വവുമായുള്ള identifiction/താദാത്മ്യം പ്രാപിക്കലിനെ സ്ഥിരീകരിക്കുന്നു. ഈ കാരണങ്ങളാലാണ് ഞാൻ ക്രിസ്തുകേന്ദ്രീയമായ വ്യാഖ്യാനം സ്വീകരിച്ചത്.
മാത്രവുമല്ല, ഇവിടെ ലേഖനകാരൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മുടെ സ്ഥാനത്തിനൊ പദവിക്കൊ അല്ല, മറിച്ച് യേശുവിന്റെ അനുഭവത്തിലും നിലപാടിലുമാണ്. അതുകൊണ്ട് നമുക്കിതിൽ തെല്ലും കാര്യമില്ല എന്ന് ചിന്തിക്കേണ്ടതില്ല. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് സൃഷ്ടിയുടെ മകുടമായി സകലത്തേയും വാഴുവാനുള്ള അധികാരത്തോടെ ആയിരുന്നുവെങ്കിലും തന്റെ വീഴ്ചയുടെ ഫലമായി തനിക്കു സകലവും നഷ്ടമായി. 2:14-18 വാക്യങ്ങളിൽ കാണുന്നതുപോലെ വാഴുവാനുള്ള അവകാശം നഷ്ടമാക്കിയ മനുഷ്യനെ പാപവും മരണവും വാഴുവാൻ തുടങ്ങി. മരണഭയത്താൽ പിശാച് അവനെ അടിമയാക്കി. എങ്കിലും ദൈവം താൻ വാഗ്ദാനം ചെയ്ത രക്ഷകനെ അയക്കുകയും, ആ രക്ഷകൻ ഒരു യഥാർത്ഥമനുഷ്യനായി ജീവിച്ച് (real human) അവർക്കായി മരിക്കുകയും തേജസ്സും ബഹുമാനവും അണിഞ്ഞവനായി തീരുകയും ചെയ്തു. Jesus is the real Human. തേജസ്സും ബഹുമാനവും യേശുവിനു അർഹതപ്പെട്ടതാണ്. താൻ സമ്പാദിച്ച തേജസ്സിലും ബഹുമാനത്തിലും പങ്കുകാരാകുവാനും വരാനുള്ള ലോകത്ത് കർത്താവിനോടുകൂടെ ലോകത്തെ വാഴുവാനുമുള്ള അവസരം അവൻ നമുക്കു നൽകുന്നു. ഇതാണ് ക്രിസ്തുവിലുള്ള നമ്മുടെ മഹത്വകരമായ ഭാവി എന്നത്. ഇത് നമ്മേ സംബന്ധിച്ചിടത്തോളം കർത്താവിന്റെ പ്രവൃത്തിയുടെ മഹത്വത്തെ കണ്ടറിഞ്ഞ് അവനെ ആരാധിക്കുന്നതിനും, നമ്മുടെ വിശ്വാസജീവിതത്തിൽ സ്ഥിരത ആർജിക്കുന്നതിനും, നമ്മുടെ പ്രത്യാശ മുറുകെ പിടിക്കുന്നതിനും മതിയായതാണ്.
ഹെബ്രായ വിശ്വാസികളെ സംബന്ധിച്ചും ഈ പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടത് ലേഖനകാരനു ആവശ്യമായിരുന്നു. അവർ യേശുക്രിസ്തുവിന്റെ സുവിശേഷം അഥവാ ഇത്ര വലിയ രക്ഷയിൽ നിന്ന് പിഡനം മൂലം പിന്തിരിഞ്ഞു യെഹൂദാ മതത്തിലേക്കു തിരിയുവാൻ തുടങ്ങുന്നു. പീഡനത്തിൽ സഹിഷ്ണുതയോടെ പിടിച്ചു നിൽക്കുവാൻ അവർ പാടുപെടുന്നു. അവരെ വിശ്വാസത്തിൽ നിലനിർത്തുക, ഒഴുകിപ്പോകാതെ കാക്കുക, യേശുവിൽ തങ്ങളുടെ നോട്ടം ഉറപ്പിക്കുക ഇതൊക്കെയാണ് ലേഖനകാരന്റെ മുന്നോട്ടുള്ള ലക്ഷ്യം.
ഈ വേദഭാഗത്തു നിന്നും ഒന്നാമതായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം :
1. ദൈവത്തിന്റെ വലതുഭാഗത്തേക്കുള്ള ക്രിസ്തുവിന്റെ ഉയർച്ചയിൽ സകലവും അവനു കീഴ്പ്പെടുത്തിയിരിക്കുന്നു
5-8a വരെയുള്ള വേദഭാഗം ഒരിക്കൽ കുടിവായിക്കാം: "5നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പ്പെടുത്തിയതു. 6എന്നാൽ "മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? 7നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, 8 സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു"(2:5-8a).
പുരാതന യഹൂദാമതം ലോകരാജ്യങ്ങളുടെ മേൽ ദൈവത്തിന്റെ ദുതന്മാർ വാഴുന്നു എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനം ആവർത്തനപുസ്‌തകം 32:8 ആണ്. "8മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു. 9യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു."
ദൈവം ഇസ്രയേലിനെയും ജാതികളെയും തമ്മിൽ വേർതിരിച്ച്, കാനാൻനാട് ഇസ്രയേലിന് അവകാശമായി കൊടുത്തപ്പോൾ അവരുടെ ദേശത്തിന്റെ അതിരുകളെ നിശ്ചയിക്കുകയും, ആ അതിരുകൾക്കപ്പുറത്ത് ജാതികൾക്ക് കൊടുക്കുകയും ചെയ്തു. യിസ്രായേലിൻന്റെമേൽ യാഹ്വേ കർത്തൃത്വം നടത്തുമ്പോൾ ജാതികൾക്കുമേൽ കർത്ത്യത്വം നടത്തുന്നത് ദുതന്മാരാണ്.
ഇതിനോടുള്ള ബന്ധത്തിൽ മറ്റൊരു വേദഭാഗവും കൂടി നോക്കാം. ദാനിയേലിന്റെ പുസ്തകം 10:20-21; "20അതിന്നു അവൻ എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്ന് അറിയുന്നുവൊ? ഞാൻ ഇപ്പോൾ പാർസി പ്രഭുവിനോടു യുദ്ധം ചെയ്വാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും. എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖയേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടെ ഉറച്ചു നിൽക്കുന്നവൻ ആരുമില്ല" (ദാനിയേൽ 10:2-21). രാജ്യങ്ങൾക്ക് അധിപതിമാരായി ദൂതന്മാർ വാഴുന്നു എന്നകാര്യമാണ് നാം ഇവിടെ കാണുന്നത്. ദൂതൻമാരെ “പേർഷ്യയുടെ പ്രഭു”/The PRINCE of Persia, “ഗ്രീസിന്റെ പ്രഭു/ The PRINCE of Greece" എന്നും ദൈവജനമായ ഇസ്രായേലിന്റേത് “മീഖായേൽ പ്രഭുവുമാണ്. (Michael The Prince of Israel). ഇതിൽ നല്ല ദൂതന്മാർ ഉണ്ട്; വീണു പോയ ദൂതന്മാരും ഉണ്ട്.
മറ്റൊരു സങ്കീർത്തനമായ 82 ന്റെ 1 ഉം 2 ഉം വാക്യങ്ങളിൽ നാം വായിക്കുന്നത്; "ദൈവം ദേവസഭയിൽ നിൽക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു. നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കുകയും ചെയ്യും." ദുഷ്ടരാജാക്കന്മാരുടെ മുഖപക്ഷം പിടിക്കുന്ന ദൂതന്മാരോടാണ് ദൈവം ഇതു ചോദിക്കുന്നത്.
പുതിയ നിയമത്തിൽ എഫെ. 6:12 ൽ, "വാഴ്ചകളും അധികാരങ്ങളും" ദൈവത്തിന്റെ ഹിതത്തിനു വിരുദ്ധമായി തിന്മ പ്രവർത്തിക്കുന്നു, അതിനെതിരെയാണു നമുക്ക് പോരാട്ടമുള്ളത് എന്ന് അപ്പോസ്തോലനായിട്ടുള്ള പൗലോസ് നമ്മോട് പറയുന്നു.
എന്നാൽ വരാൻ പോകുന്ന ലോകത്ത് നല്ല ദൂതന്മാരായാലും, മോശം ദൂതന്മാരായാലും, ഭരണത്തിൽ ഒരു സ്ഥാനവും വഹിക്കില്ല എന്നാണ് നാം വായിച്ച ഈ വേദഭാഗത്തിന്റെ ആദ്യ വാക്യത്തിൽ നാം വായിക്കുന്നത്. "5 നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പ്പെടുത്തിയതു."
ഇനി നാം വായിച്ച 5-8a വരെയുള്ള വേദഭാഗത്ത് അഞ്ചു പ്രാവശ്യം ആവർത്തിച്ചിരിക്കുന്ന ഒരു വാക്കുണ്ട്; അത് subject/കീഴടങ്ങുക എന്നവാക്കാണ്. അഞ്ചാം വാക്യത്തിൽ നാം അതു കണ്ടു നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ ദൂതന്മാർക്കല്ലല്ലൊ കീഴ്പ്പെടുത്തിയത്. തുടർന്ന് എട്ടാം വാക്യത്തിൽ സകലവും അവന്റെ "കാൽക്കീഴാക്കിയിരിക്കുന്നു". "കീഴാക്കിയതിൽ ഒന്നിനേയും "കീഴ്പ്പെടുത്താതെ" വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലവും അവനു "കീഴ്പ്പെട്ടതായി" കാണുന്നില്ല.
ഈ വേദഭാഗത്തെ ഒരു മുഖ്യപ്രമേയമായതുകൊണ്ടാണ് ഈ വാക്ക് ഈ നിലയിൽ ആവർത്തിച്ചിരിക്കുന്നത്. "കീഴടങ്ങുക" എന്നതിനു "(hupotasso)" എന്ന ഗ്രീക്ക് വാക്കാണ് പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്ക് അനവധി തവണ പുതിയ നിയമത്തിൽ ഉപയോഗിച്ചിട്ടുമുണ്ട്. ചിലതു ഞാൻ നിങ്ങളുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുവാൻ ഞാൻ ആഗ്രഹിക്കുന്നു.
വിശ്വാസികൾ ദൈവത്തിനു കീഴടങ്ങണമെന്ന് 1 കൊരി. 15:28; എബ്രാ. 12:9 ലും; ദൈവത്തിന്റെ ന്യായപ്രമാണത്തിനു കീഴടങ്ങണമെന്ന് (റോമ. 8:7) ലും പറയുന്നു. മാനുഷിക തലത്തിൽ അവർ പരസ്പരം കീഴ്പെടണം (1 കൊരി. 16:16; എഫെ. 5:21) ലും പറയുന്നു. ഭാര്യമാർ ഭർത്താക്കന്മാർക്ക് വിധേയപ്പെടണമെന്ന് (എഫെ. 5:24; കൊലോ. 3:18; തീത്തോസ് 2:5; 1 പത്രോസ് 3:1, 5) അടിമകൾ യജമാനന്മാർക്ക് കീഴടങ്ങണമെന്ന് (എഫേ. 6:5; തീത്തോസ് 2:9; 1 പത്രോസ് 2:18). പറയുന്നു. വിശ്വാസികൾ പൊതുവെ ഭരണാധികാരികൾക്ക് കീഴടങ്ങിയിരിക്കണമെന്ന് (റോമ. 13:1) പറയുന്നു. അങ്ങനെ മറ്റൊരാളുടെ വീക്ഷണത്തിനോ സ്ഥാനത്തിനോ വഴങ്ങുന്ന പ്രവൃത്തിക്കാണ് കീഴടങ്ങുക എന്നു പറയുന്നത്. ഒരു കമാന്റർക്ക് പട്ടാളക്കാർ എങ്ങനെയാണൊ കീഴടങ്ങിയിരിക്കുന്നത് അതുപോലെ, ഒരു "വിധേയപ്പെടൽ" ഏതൊരു ഭരണക്രമീകരണത്തിനും അനിവാര്യമാണ്. ക്രിസ്തീയ പെരുമാറ്റത്തിന്റെ അടിസ്ഥാന ഘടകമാണ് "കീഴ്ടങ്ങിയിരിക്കുക" അഥവാ "വിധേയപ്പെടുക" എന്നത്. ഇത് ഒരു മോശം കാര്യമല്ല, കാരണം പുത്രൻ താനും പിതാവിനു കീഴ്പ്പെട്ടിരിക്കുന്നു എന്നല്ലേ നാം വായിക്കുന്നത്. ദൈവികഭരണത്തിലെ ഒരു ക്രമീകരണമാണ് കീഴടങ്ങൽ എന്നത്.
പ്രായോഗികത: അധികാരങ്ങൾക്കു വിധേയപ്പെടുവാനുള്ള ഒരു മനസ്സ് നമുക്കുണ്ടോ എന്നതാണു ചോദ്യം. ഭവനത്തിൽ ഭാര്യ ഭർത്താവിനും മക്കൾ മാതാപിതാക്കൾക്കും വിധേയപ്പെടുന്നുണ്ടൊ? ഒരു ആത്മശോധന നടത്തുവാൻ ഞാൻ നിങ്ങളെ പ്രബോദിപ്പിക്കുന്നു.
ഈ വേദഭാഗത്ത് ഇതുകൊണ്ട് അർത്ഥമാക്കുന്നത്, പ്രപഞ്ചത്തിലെ എല്ലാ ശക്തികളും ക്രിസ്തുവിന് കീഴടങ്ങണം എന്നാണ് (1 കൊരി. 15:27-28; എഫെ. 1:22; ഫിലി. 2:10-11; 3:21; 1 പത്രോസ് 3:22). ഇതു മനസ്സോടെ ചെയ്യാത്തവർ പോലും കീഴടങ്ങണം. ഇതു നല്ല ദൂതന്മാർ മാത്രമല്ല, മോശം ദൂതന്മാർക്കും ബാധകമാണ്. അതല്ലെങ്കിൽ ദൈവം കീഴടക്കും. അതായത്, ഇന്ന് ദൈവത്തിനു വിരോധമായി നിലകൊള്ളുന്ന എല്ലാ ശത്രുക്കളേയും ദൈവം ഒരുനാൾ കീഴടക്കം. ഇന്നത്തെ ഭരണാധിപന്മാർ- രാജാക്കാന്മാർ, പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, അങ്ങനെ അധികാരം കയ്യാളുന്ന എല്ലാ ഭരണാധിപന്മാരും- ക്രിസ്തുവിന്റെ വാഴ്ചക്ക് വിധേയപ്പെടണം അഥവാ വിധേയപ്പെടും എന്ന കാര്യമാണ് ഇതു നമ്മേ ഓർപ്പിക്കുന്നത്. പല ഭരണാധിപന്മാരും വീണുപോയ ദൂതന്മാരുടെ ബലത്തിലാണിന്നു വാഴുന്നത്. അതുകൊണ്ടാണ് കൊല്ലാനും മുടിക്കുവാനും നശിപ്പിക്കുവാനുമൊക്കെ അവർക്ക് യാതൊരു മടിയുമില്ലാത്തത്. അവർ അല്പകാലത്തേക്കു ക്രിസ്ത്യാനികളെ പീഡിപ്പിച്ചു എന്നു വരാം. എന്നാൽ ആത്യന്തികമായി അവർ ക്രിസ്തുവിനു മുൻപാകെ തങ്ങളുടെ മുട്ടുകളെ മടക്കും.
സങ്കീർത്തനം 110:1 ൽ പിതാവു പുത്രനോട് "ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ എന്റെ വലതുഭാഗത്തിരിക്ക" എന്നു പറയുന്നു. സങ്കീർത്തനം 8:4–6 "നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, 8 സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു." ആദ്യത്തേതിൽ യേശുക്രിസ്തുവിന്റെ പരമോന്നത സ്ഥാനത്തെക്കുറിച്ചും രണ്ടാമത്തേതിൽ താൻ എങ്ങനെ ആ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു എന്നും പറയുന്നു. അതു ഹെബ്രായലേഖനം 1:3-4 ൽ നിവൃത്തിയായി എന്നു നാം കാണുന്നു. അവൻ "പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും 4അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു." അതായത്, മനുഷ്യന്റെ പാപത്തിനു പരിഹാരമായി മരിച്ചുയർത്തെഴുന്നേറ്റതിനു ശേഷമാണ് യേശുവിനെ ദൈവം തന്റെ വലതു ഭാഗത്ത് ഇരുത്തിയത്. എന്നാൽ അങ്ങനെ ഉയർത്തപ്പെടുന്നതിനു മുന്നമെ അല്പ കാലത്തേയ്ക്ക് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യന്റെ സ്ഥാനത്തേക്ക് ജഡധാരണം സ്വീകരിക്കേണ്ടതായി വന്നു. അതിനെക്കുറിച്ചാണ് 6- 7 വാക്യങ്ങളിൽ പറയുന്നത്.
"6എന്നാൽ "മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? 7 നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി;"
ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി എന്നത് രണ്ടു നിലയിൽ വ്യാഖ്യാനിക്കുവാൻ കഴിയും. അതായത്, a small measure of distance or substance (just a little lower) അതായത്, സാരാംശത്തിൽ കുറഞ്ഞത് എന്നതാണ് ഒന്നാമത്തെ അർത്ഥം. രണ്ടാമത്തെ അർത്ഥമെന്നത് a small amount of time (for a little while). അതായത്, കുറച്ചു സമയത്തേക്ക്, അല്പ കാലത്തേക്ക് എന്ന അർത്ഥത്തിൽ അതിനെ മനസ്സിലാക്കാം. ഞാൻ ഇതിൽ രണ്ടാമത്തെ അർത്ഥമാണ് സ്വീകരിച്ചിരിക്കുന്നത്. യേശു അല്പ കാലത്തേക്കു ദൂതന്മാരേക്കാൾ താഴ്ച വന്നവനായി ഈ ഭൂമിയിൽ ശുശ്രൂഷ ചെയ്തു. അതിനു കാരണം, മാലാഖമാരേക്കാൾ താഴ്ന്ന ഒരു "പദവി" അല്ലെങ്കിൽ സ്ഥാനത്തോട് എഴുത്തുകാരനു യോജിപ്പില്ല. എന്തെന്നാൽ ദൂതന്മാരെക്കാൾ എന്തുകൊണ്ടും യേശു ഉന്നതൻ എന്നാണല്ലോ ഒന്നാം അദ്ധ്യായത്തിന്റെ 5-14 വരെ വാക്യങ്ങളിൽ സ്ഥാപിച്ചത്. മാതവുമല്ല, ക്രിസ്തു ഒരു മനുഷ്യനെ പോലെ ഭൂമിയിൽ ചില വർഷങ്ങൾ ചിലവിട്ടശേഷം താൻ സ്വർഗ്ഗത്തിലേക്ക് കരേറിപ്പോവുകയും ചെയ്തു. ക്രിസ്തുവിന്റെ താഴ്ചയുടെ അവസ്ഥയിൽ നിന്നും മഹത്വത്തിലേക്ക് പ്രവേശിച്ച് പിതാവിൽ നിന്നും മഹത്വവും ബഹുമാനവും പ്രാപിച്ചുകൊണ്ട് സകലവും തന്റെ കാൽക്കീഴാകുവാൻ കാത്തിരിക്കുന്നു എന്നാണല്ലോ സങ്കീർത്തനവും പറയുന്നത്.
ഇനി ഈ വേദഭാഗത്തിന്റെ പ്രായോഗികതയിലേക്കു കടക്കാം.
സർവ്വശക്തനായ പുത്രൻ, പ്രപഞ്ചത്തിലെ സകല വാഴ്ചകൾക്കും അധികാരങ്ങൾക്കും മീതെ ഉന്നതൻ, സ്വർഗ്ഗത്തിന്റെ നാഥൻ, ഈ ഭൂമിയിലേക്കു വന്ന് നമ്മുടെ ഇടയിൽ ജീവിച്ചു; നമ്മോട് താദാത്മ്യം പ്രാപിച്ചു; നമുക്കുവേണ്ടി മരിച്ചു. സുവിശേഷത്തിന്റെ greatness/മഹത്വം ഇതിലാണ് അടങ്ങിയിരിക്കുന്നത്. ഇതാണ് 2:4 ൽ പറയുന്ന "ഇത്ര വലിയ രക്ഷ" എന്നത്. അങ്ങനെയുള്ള നമ്മുടെ രക്ഷയെ എങ്ങനെയാണ് നമുക്കു കുറച്ചു കാണാൻ കഴിയുക? അതിനെ എങ്ങനെയാണ് അവഗണിക്കുവാൻ കഴിയുക? എങ്ങനെയാണ് രക്ഷയുടെ സന്ദേശത്തിൽ നിന്നും ഒഴുകിപ്പോകുവാൻ കഴിയുക?
2. ക്രിസ്തുവിനു സകലവും കീഴ്പ്പെടുത്തി എന്നത്, ഒരു വർത്തമാനകാല യാഥാർത്ഥ്യമാണെങ്കിലും, യുഗാന്ത്യംവരെ അതു വ്യക്തമായി കാണാൻ നമുക്കു കഴിയുന്നില്ല എന്ന കാര്യമാണ്.
2:8b വായിക്കാം: "എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല."
സങ്കീർത്തനം 110:1 ൽ ഭാവിയിൽ സംഭവിക്കുന്നത് എന്ന നിലയിലാണ് പറയുന്നത്. "ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ" അതേസമയം സങ്കീർത്തനം 8: 6 ൽ "കീഴടക്കൽ" ഒരു നിവൃത്തിയായ വസ്തുതയായി പറയുന്നു (“സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു"). "സകലവും" എന്നതിന്റെ ഒരു വിശദീകരണമാണ് "ഒന്നിനേയും കീഴ്പ്പെടുത്താതെ വിട്ടിട്ടില്ല" എന്നത്. ഉടനെ തന്നെ ലേഖനകാരൻ പറയുന്നു: "എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പ്പെട്ടതായി കാണുന്നില്ല" എന്ന്. ഇതിലെന്തൊ ആശയക്കുഴപ്പം ഉള്ളതായി നമുക്കു തോന്നാം. ഈ "ആശയക്കുഴപ്പം ഇല്ലാതാക്കാൻ" ഈ രചയിതാവ് റബ്ബിനിക് സാങ്കേതികത ഉപയോഗിക്കുന്നു, അതായത് സംശയാസ്പദമായ ഖണ്ഡികകൾ വ്യക്തമാക്കുന്നതിന് ആശയക്കുഴപ്പം ചർച്ച ചെയ്യുക എന്നതാണ് ഈ റബ്ബിനിക് സാങ്കേതികത എന്നത്.
ഇപ്പോൾ പുത്രനു സകലവും കീഴ്പ്പെടുത്തിയിട്ടുണ്ടോ? അതൊ അവന്റെ സാർവത്രിക ആധിപത്യം ഭാവിയിലാണോ സംഭവിക്കുന്നത്. വാസ്തവത്തിൽ, ഇത് രണ്ടും ഇവിടെ ശരിയാണ്. അതായത്, ഇപ്പോൾ യേശുവിനു സാർവ്വത്രികമായ ആധിപത്യമുണ്ട്. എന്നാൽ ഈ ആധിപത്യം കൂടുതൽ വ്യക്തമായി/ ദൃശൃമായി തീരുന്നത് ഭാവിയിലാണ്. ഈയൊരു വൈരുദ്ധ്യത്തെ വിശദീകരിക്കുവാൻ വേദശാസ്ത്രികൾ ഉപയോഗിച്ചിരിക്കുന്ന ഒരു ശൈലിയാണ് "Already" "not yet". അതായത്, ഇപ്പോൾ യേശുവിനു സകലത്തിനും മേൽ ആധിപത്യമുണ്ട്, എന്നാൽ ഇപ്പോൾ അതു വ്യക്തമായി കാണാൻ കഴിയുന്നില്ല അല്ലെങ്കിൽ മനസ്സിലാക്കാൻ കഴിയുന്നില്ല. ഒരു ഉദാഹരണം പറഞ്ഞാൽ: യോഹന്നാൻ 3:18 "18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു." അതായത്, സുവിശേഷം വിശ്വസിക്കാത്തവരുടെമേൽ/ അവിശ്വാസികളുടെമേൽ ദൈവത്തിന്റെ ന്യായവിധി വന്നുകഴിഞ്ഞു എന്നാണിവിടെ പറഞ്ഞിരിക്കുന്നത്. They are already in condemnation, not yet fully realized now. അത് വ്യക്തമായി അനുഭവപരമാകുന്നത് ഭാവിയിലാണെന്നു മാത്രം.
നമുക്ക് കാണാൻ കഴിയുന്നില്ലെങ്കിലും, ഇപ്പോൾ യേശുവിനു സകലത്തിനും മേൽ ആധിപത്യമുണ്ട്. ഇതിനെ "ക്രിസ്തുവിന്റെ ഉത്ഘാടനം ചെയ്യപ്പെട്ട ഭരണം" എന്നും പറയുന്നു. "ക്രിസ്തുവിന്റെ ഉത്ഘാടനം ചെയ്യപ്പെട്ട ഭരണം". ക്രിസ്തുവിന്റെ വാഴ്ചയും വിശ്വാസികളുടെ അതിന്റെ അനുഭവവും ആരംഭിച്ചുകഴിഞ്ഞു. എന്നാൽ അതിന്റെ പൂർണ്ണമായ ഫലപ്രാപ്തി വരാനുള്ള ലോകത്തിലെ അനുഭവപരമാകു.
അതിൽ നിന്നും വരുന്ന ഒരു പ്രമാണമെന്താണ്? പുത്രന്റെ ഭരണം ഇതിനകം യാഥാർത്ഥ്യമാണ്, എന്നിരുന്നാലും, യുഗാവസാനത്തിൽ അതിന്റെ പൂർണ്ണത അനുഭവമാകുന്നതുവരെ, വിശ്വാസത്താൽ നാം ഏറ്റുപറയേണ്ട ഒരു വിഷയമാണ് എന്ന് സാരം. ക്രിസ്തുവിന്റെ ഭരണം വിശ്വാസക്കണ്ണാൽ നാം കാണണം. അതായത്, കർത്താവിന്റെ ഭരണം ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ അതിന്റെ പൂർത്തീകരണം വരെ നാം വിശ്വാസത്താൽ ജീവിക്കേണ്ടവരാണ്. ഒരു ക്രിസ്ത്യാനി വിശ്വാസത്താൽ ജീവിക്കുന്നവനാണ്. അതുകൊണ്ടാണ് 11-ാം അധ്യായത്തിൽ വിശ്വാസത്തെക്കുറിച്ചും വിശ്വാസ വീരന്മാരെക്കുറിച്ചും ലേഖനക്കാരൻ പറഞ്ഞിരിക്കുന്നത്. വിശ്വാസത്താൽ ജീവിക്കുക; വിശ്വാസവീരന്മാരെ നോക്കി ജീവിക്കുക.
പ്രായോഗികത
വടക്കെ ഇന്ത്യയിൽ നിന്നും ദിനമ്പ്രദിയെന്നോണം ക്രിസ്തീയ പീഡനങ്ങളെക്കുറിച്ചു കേൾക്കുന്ന വാർത്തകൾ തീർത്തും ദുഃഖകരവും വേദനാജനകവുമാണ്. പാസ്റ്റർമാരേയും തങ്ങളുടെ ഭാര്യയേയും പോലിസ് വന്ന് അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു. അവർക്കെതിരെ കള്ളക്കേസുകൾ ചമക്കുന്നു. ആരാധനാലയങ്ങൾ തല്ലിത്തകർക്കുന്നു. വിശ്വാസികൾ പരസ്യമായ പീഡനത്തിനും അപമാനത്തിനും ഇരയാക്കപ്പെടുന്നു. അവരുടെ വീടുകളും വസ്തുവകകളും കൊള്ളയടിക്കപ്പെടുന്നു. അനേകർ തങ്ങളുടെ ജന്മനാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടതായ് വരുന്നു. (ഛത്തീസ്ഘട്ടിലെ നാരായൺപൂരിൽ സംഭവിച്ചകാര്യമാണിത്.) മുൻപൊക്കേയും അഫ്ഗാനിസ്ഥാനിലും സിറിയയിലും സുഡാനിലും ഇന്തോനേഷ്യയിലുമൊക്കെ നടന്നിരുന്ന ക്രിസ്തീയ പീഡനങ്ങൾ ഇന്ന് ഇന്ത്യയിലും സർവ്വസാധാരണമായിരിക്കുന്നു. ഇതിനു വിധേയരാകുന്നവരെ സംബന്ധിച്ചിടത്തോളം അത്യന്തം വേദാനാജനകവും ദുഃഖകരവുമാണ്. അവരുടെ വേദനയിൽ നമുക്കു പ്രാർത്ഥനയോടെ പങ്കുചേരാം. ദൈവം ഏറ്റവും നല്ലവിടുതൽ നൽകേണ്ടതിനായി നമുക്കു പ്രാർത്ഥിക്കാം. നമ്മുടെ കർത്താവു വാഴുന്നു എന്നതാണ് നമ്മുടെ പ്രത്യാശ. അവൻ തന്റെ പ്രതിയോഗികളെ തന്റെ കാൽക്കീഴാക്കും എന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട.
3. വർത്തമാനകാല പ്രതിസന്ധികളിൽ വിശ്വാസികൾ ശ്രദ്ധയൂന്നേണ്ടത്, യേശുവിന്റെ സഹിഷ്ണുതയിലും പ്രപഞ്ചത്തിന്റെ ഭരണാധികാരി എന്ന നിലയിലുള്ള ക്രിസ്തുവിന്റെ ഇപ്പോഴുള്ള സ്ഥാനത്തിലുമാണ്.
ഇപ്പോൾ സകലവും യേശുവിനു കീഴ്പ്പെട്ടതായി നാം കാണുന്നില്ല എന്നു പറഞ്ഞശേഷം നാം കാണുന്ന മറ്റൊരു കാര്യത്തെക്കുറിച്ചു ലേഖനകാരൻ ഇവിടെ പറയുന്നു. അതെന്താണ്? 9-ാം വാക്യം: "9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അൽപ്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു."
അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. ദൂതന്മാരേക്കാൾ താഴ്ച വന്നവനായി ഭൂമിയിലേക്കു വന്ന യേശുവിനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. 9-ാം വാക്യത്തിലാണ് ലേഖനകാരൻ ആദ്യമായി "യേശു" എന്ന വാക്ക് ഉപയോഗിക്കുന്നത്. ആരെയാണ് നാം മഹത്വവും തേജസ്സും അണിഞ്ഞവനായി കാണുന്നത്? യേശുവിനെ എന്ന് താൻ വ്യക്തമായി പറയുന്നു. എപ്പോഴാണ്? എല്ലാവർക്കും വേണ്ടി മരണം അനുഭവിച്ചതിനുശേഷമാണ് നാമവനെ ആ നിലയിൽ കാണുന്നത്. എന്തുകൊണ്ടാണ് യേശുവിനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നത്? എല്ലാവർക്കും വേണ്ടി മരണം ആസ്വദിച്ചതുകൊണ്ടാണ് ദൈവമവനെ മഹത്വവും ബഹുമാനവും അണിയിച്ചത്. "ആസ്വദിച്ചു" എന്നു കേൾക്കുമ്പോൾ അതു വളരെ മധുരതരമായ അനുഭവമായിരുന്നു എന്നു കരുതേണ്ട. ക്രൂശിലെ അതികഠിനമായ, അപമാനകരമായ, വേദനാജനകമായ, മരണമാണ് മനുഷ്യവർഗ്ഗത്തിനുവേണ്ടി താൻ രുചിച്ചറിഞ്ഞത്. അതിനുശേഷമാണ് അവനെ ബഹുമാനവും അണിഞ്ഞവനായി കാണുന്നത്.
"9എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി" എന്നതു വിശദീകരണം അർഹിക്കുന്നു. എല്ലാവർക്കുംവേണ്ടി എന്നത് everyone without distinction rather than without exception (R) എന്നാണ്. യാതൊരു ഒഴികഴിവുംകൂടാതെ യാതൊരു വ്യത്യാസവും കൂടാതെ വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി മരണം അനുഭവിച്ചു. അതുകൊണ്ട് വിശ്വസിക്കുന്ന ആർക്കും രക്ഷ ലഭ്യമാണ്. ഞാനൊരു പാപിയാണ്, ക്രിസ്തുവിന്റെ മരണം എന്റെ പാപത്തിനു പരിഹാരമാണ്, ഞാനതു വിശ്വസിക്കുകയും യേശുവിനെ തന്റെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്ന ആർക്കും ഈ രക്ഷ ദാനമായി ലഭിക്കുന്നു. കാരണം ദൈവത്തിന്റെ കൃപയാണ് രക്ഷയുടെ അടിസ്ഥാനം.
യേശുവിനെ നാം ഇപ്പോൾ മഹത്വത്തിന്റേയും ബഹുമാനത്തിന്റേയും കിരീടമണിഞ്ഞവനായി കാണുന്നു എന്നു പറയുന്നത് ഭൗതികദൃഷ്ടിയിലൂടെയുള്ള കാഴ്ചയല്ല. അതിലൂടെ നമ്മോടു കാണുവാൻ പറയുന്ന കാര്യം അവന്റെ ഭൗമിക സഹിഷ്ണുതയും അതിനുശേഷമുള്ള ഉന്നതമായ സ്ഥാനത്തേയും കാണുക എന്നാണ്.
പ്രപഞ്ചത്തിലെ എല്ലാ ശക്തികളുടെയും മേൽ അധികാരമുള്ളവനാണ് യേശു. ദുഷ്ടന്മാരുടെ ദുഷ്ടതക്കു പിന്നിൽ പ്രവൃത്തിക്കുന്ന പിശാചിന്റെയും, സഭയെ ഉപദ്രവിക്കുന്ന രാജ്യങ്ങളുടെ ചുമതലയുള്ള ദുഷ്ടദൂതന്മാർ ഉൾപ്പെടെയുള്ള എല്ലാ അധികാരവർഗ്ഗത്തിന്റേയും മേൽ യേശുവിനു അധികാരമുണ്ട്. കൂടാതെ, ഒരു സമയത്തേക്ക് മാലാഖമാരേക്കാൾ താഴ്ച വന്നവനായി, ഈ ഭൂമിയിൽ ജഡമെടുത്തുകൊണ്ട് നമ്മോട് താദാത്മ്യം പ്രാപിച്ചവനുമാണ് യേശു. അവൻ നമുക്കു വേണ്ടി കഷ്ടതയും അപമാനവും മരണവും സഹിച്ചു. ഇതാണ് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം. എബ്രായലേഖനത്തിന്റെ തുടർന്നുള്ള അദ്ധ്യായങ്ങളിൽ ഇതൊരു പ്രധാന തീമാണ്. പീഡനങ്ങൾക്കു നടുവിൽ പ്രത്യാശയുള്ളവരാകുവാനുള്ള അടിസ്ഥാനം ഇതാണ്.
സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള ഈ ബന്ധം, അതായത്, നമ്മുടെ കര്ത്താവാണ് സകലത്തെയും വാഴുന്നത്, എന്നാല്‍ പീഡനം അനുഭവിക്കുന്നവർക്ക് ഇത് ഒരു വിരോധാഭാസമായി തോന്നാം. നമ്മുടെ കഷ്ടപ്പാടുകളിൽ നമ്മോട് താദാത്മ്യം പ്രാപിക്കാൻ ക്രിസ്തുവിനു കഴിയുമെങ്കിലും, നമ്മെ കഷ്ടപ്പെടുത്തുന്നവരുടെ മേൽ ക്രിസ്തുവിന് ഇപ്പോൾ അധികാരമുണ്ടെങ്കിൽ, അവൻ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? അവൻ തിന്മക്കെതിരെ എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ല. ഇതിനെ "problem of Evil/"തിന്മയുടെ പ്രശ്നം" എന്ന് വിശേഷിപ്പിക്കുന്നു. ഒരു ദൈവമുണ്ടെങ്കിൽ തിന്മക്കെതിരെ പ്രവർത്തിക്കുന്നില്ല എന്ന ചോദ്യം എന്നോടു ചിലർ ചോദിച്ചിട്ടുണ്ട്. മിക്കവാറും പ്രസംഗികരും സുവിശേഷം പങ്കുവയ്ക്കുന്നവരും തങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഈയൊരു ചോദ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ടാകും എന്നു ഞാൻ കരുതുന്നു.
വർത്തമാനകാലവും വരാനിരിക്കുന്ന കാലവും തമ്മിലുള്ള സമയപരമായ ബന്ധം ഇതിനുള്ള ഉത്തരം നൽകുന്നു. ഒരു ഉന്നതനായ ക്രിസ്തുവും പീഡിപ്പിക്കപ്പെട്ട ഒരു സഭയും അവതരിപ്പിക്കുന്ന വൈരുദ്ധ്യത്തിന്റെ പ്രത്യക്ഷമായ ഉത്തരം ദൈവത്തിന്റെ സമയമാണ്. ദൈവത്തിന്റെ സമയം.
ക്രിസ്തുവിന്റെ ഭരണത്തിലേക്കുള്ള ഉയർച്ചയ്ക്കും അതിന്റെ പൂർത്തീകരണത്തിനും ഇടയിലുള്ള സമയം, സഭയുടെ സുവിശേഷ ദൗത്യത്തിനുള്ള സമയമാണ്. സഭ ക്രിസ്തുവിൽ പാപമോചനം പ്രസംഗിക്കുമ്പോൾ, ക്രിസ്തുവിൽ പാപമോചനം നൽകുക എന്ന ദൈവത്തിന്റെ അനുരഞ്ജനദൗത്യം നടക്കുന്നു. ഈ ഇടവേള സഭയുടെ ദൗത്യനിർവ്വഹണത്തിനുള്ള സമയമാണ്. സുവിശേഷത്തെ പ്രതി പത്മോസിലേക്ക് നാടുകടത്തപ്പെട്ട യോഹന്നാന്റെ ഭാഷയിൽ ആപറഞ്ഞാൽ, അറുക്കപ്പെട്ട കുഞ്ഞാട് തന്റെ മരണത്താൽ നിർണായക വിജയം നേടി (വെളി. 5:5), എന്നാൽ അതിന്റെ അന്തിമഫലം പ്രതിഫലത്തിലും ന്യായവിധിയിലും ഭാവിയിലാണ് (വെളി. 22:12) വെളിപ്പെടുന്നത്.
പ്രയോഗികത
ഞങ്ങൾ ടീനയുടെ പപ്പാ ജോഷിയെ ഓർത്ത് ഏകദേശം 9 മാസത്തോളം പ്രാർത്ഥിച്ചു. അനേകർ അദ്ദേഹത്തെ ഓർത്ത് പ്രാർത്ഥിച്ചു. എന്നാൽ ശവക്കുഴിക്ക് ഇപ്പുറത്ത്, തനിക്കു രോഗത്തിൽ നിന്നു വിടുതൽ ലഭിച്ചില്ല. ക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്കുള്ള വിജയം ശവസംസ്കാരം പ്രഖ്യാപിക്കുകയാണുണ്ടായത്.
ഇവിടെ ഇരിക്കുന്ന പലർക്കും ഇതുപൊലെ പലതും തങ്ങളുടെ അനുഭവത്തിൽ നിന്നു നമുക്കു കൂട്ടിച്ചേർക്കാൻ സാധിക്കുമെന്ന് ഞാൻ ചിന്തിക്കുന്നു. സൗഖ്യം പ്രാപിച്ചവർ പലരും നമ്മുടെ ഇടയിൽ ഉണ്ട് എന്നതോർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. ആരോഗ്യമുള്ള ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥിച്ചു. എന്നാൽ വൈകല്ല്യത്തോടെ കുട്ടികൾ ജനിക്കുന്നു. മിഷൻ വേലയ്ക്കായി ഇറങ്ങിത്തിരിച്ച കുടുംബത്തിനു വാഹനാപകടത്തിൽ ജീവിത പങ്കാളിയെ നഷ്ടപ്പെടുന്നു. ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു. നല്ല ഒരു ജീവിതപങ്കാളിക്കായി പ്രാർത്ഥിക്കുന്നു. സാമ്പത്തിക ബാദ്ധ്യത നിങ്ങുവാൻ പ്രാർത്ഥിക്കുന്നു. ചിലതിനു ഉത്തരം ലഭിക്കുന്നു; മറ്റു ചിലതിനു ഉത്തരം ലഭിക്കുന്നില്ല. ദൈവത്തിന്റെ നിശബ്ദതയുടെ സമയങ്ങളിൽ നിങ്ങൾ പ്രാർത്ഥനയിൽ ചോദിക്കുന്നതെന്തും നൽകാം (മർക്കോസ് 11:24) എന്ന യേശുവിന്റെ വാഗ്ദത്തം പരിഹാസ്യമാണോ എന്നു സംശയിക്കുന്ന നിമിഷങ്ങൾ. അതല്ലെങ്കിൽ സങ്കീർത്തനം 44:23-24 വാക്യങ്ങളിൽ ചോദിക്കുന്നതു പോലെ "23 കർത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നതു എന്തു? എഴുന്നേൽക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ. 24 നീ നിന്റെ മുഖത്തെ മറെക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്തു? " എന്നു നാമും ചോദിച്ചേക്കാം.
ഇതിനുള്ള ദൈവത്തിന്റെ ഉത്തരമെന്താണ്?
ദൈവം പ്രാർത്ഥനക്കു ഉത്തരം നൽകുമൊ എന്നതല്ല ഇവിടുത്തെ ചോദ്യം. അവൻ തീർച്ചയായും ഉത്തരം നൽകുന്നു! യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിലും, പ്രത്യേകിച്ച്, ക്രിസ്തീയ വിശ്വാസത്തിന്റെ സ്വഭാവത്തിലുമാണ് അതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നത്.
ഒരു വേദഭാഗം വായിക്കാം :എബ്രായർ 11:33-34 വിശ്വാസത്താൽ ദൈവജനം "33 ..... രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു 34 തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായിതീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു...." (എബ്രാ. 11:33-34). ഇവിടെ എല്ലാം പോസിറ്റീവായി പര്യവസാനിച്ചിരിക്കുന്നു. ഇത് ഒരു കൂട്ടം വിശ്വാസികളുടെ അനുഭവമാണ്.
"ഇനി മറ്റൊരു കൂട്ടം വിശ്വാസികളുടെ അനുഭവം നോക്കാം. എബ്രായർ 11:36-37 “... മറ്റുചിലർ ഏറ്റവും നല്ലോരു ഉയിർത്തെഴുന്നേൽപ്പ് ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളതെ ഭേദ്യം ഏറ്റു. വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ച വാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടേയും കോലാടുകളുടേയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു." ഈ ആളുകൾ, നേരത്തെ സൂചിപ്പിച്ചവരെപ്പോലെ, അവരുടെ വിശ്വാസത്തിന് പ്രശംസിക്കപ്പെട്ടെങ്കിലും, അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് ലഭിച്ചില്ല (11:39). ഇതും കാലാകാലങ്ങളായി ദൈവത്തിന്റെ വിശ്വസ്തരുടെ അനുഭവമാണ്.
ഇതു രണ്ടിൽ ഏതുതന്നെ ആയാലും ഇതിനോടു നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇവിടുത്തെ ചോദ്യം?
അപ്പോൾ ഇതുവരെ പറഞ്ഞ കാര്യങ്ങൾ സംഗ്രഹിച്ചുകൊണ്ട് ഞാൻ അവസ്സാനിപ്പിക്കുകയാണ്. 1. ദൈവത്തിന്റെ വലതു ഭാഗത്തെക്കുള്ള ഉയർച്ചയിൽ സകലവും അവനു കീഴ്പ്പെടുത്തിയിരിക്കുന്നു. 2. ക്രിസ്തുവിനു സകലവും കീഴ്പ്പെടുത്തി എന്നത് ഒരു വർത്തമാനകാല യാഥാർത്ഥ്യമാണെങ്കിലും യുഗാന്ത്യംവരെ അതു വ്യക്തമായി കാണാൻ നമുക്കു കഴിയുന്നില്ല. 3. വർത്തമാന പ്രതിസന്ധികളിൽ വിശ്വാസികൾ ശ്രദ്ധയൂന്നേണ്ടത്, യേശുവിന്റെ സഹിഷ്ണുതയിലും പ്രപഞ്ചത്തിന്റെ അധികാരി എന്ന നിലയിൽ അവന്റെ ഇപ്പോഴുള്ള സ്ഥാനത്തിലുമാണ്.
ഈ ലോകത്തിന്റെ അധികാര വ്യവസ്ഥകൾക്കു എതിരായി ദൈവജനം എല്ലാക്കാലത്തും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുവിന്റെ ഭരണം ഉത്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും അതിന്റെ പൂർണ്ണമായ എഫക്ട് ഇതുവരെ അനുഭവപരമായി തീർന്നിട്ടില്ല. ഈ ഇടവേള കണ്ണുനീരിന്റേയും വേദനയുടേയും സമയമാണ് (വെളി 21:4). ഈ അനുഭവങ്ങളിൽ നാം പീഡിപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്ത ക്രിസ്തുവിന്റെ പാതയിൽ നാം നടക്കണം. "അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചു, നിങ്ങൾ അവന്റെ കാൽചുവറ്റു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു" (1 പത്രൊസ് 2:21). ഈ വചനങ്ങളാൽ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ.
*******