top of page
എബ്രായലേഖന പരമ്പര-11
P M Mathew
SEP 24, 2023

Be Faithful To The End !
അവസാനത്തോളം വിശ്വസ്തരായിരിക്കുക!

Hebrews 3:1-6

അതിനായി ഹെബ്രായലേഖനം 3:1-6 വരെ വാക്യങ്ങൾ നമുക്കു വായിക്കാം.

ഹെബ്രായർ 3:1-6

"അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. 2 മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു. 3 "ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയാക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്ന് എണ്ണിയിരിക്കുന്നു. 4ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ. 5അവന്റെ ഭവനത്തിൽ ഒക്കെയും മൊശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ് വാനിരുന്നവതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ. 6ക്രിസ്തുവൊ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടുതന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു."

ഈ വേദഭാഗത്തിന്റെ പ്രധാനാശയം പറഞ്ഞ് മുന്നോട്ടു പോകുവാൻ ഞാൻ ആഗ്രഹിക്കുന്നു.

യേശുവിന്റെ ഭവനക്കാരും സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരുമായവരായ നാം വിശ്വസ്തനും മോശെയേക്കാൾ മഹത്വവാനുമായ ദൈവപുത്രൻ നൽകുന്ന ആത്മവിശ്വാസവും ധൈര്യവും അവസ്സാനത്തോളം മുറുകെ പിടിക്കുക.

ഈ വേദഭാഗത്തിന്റെ പശ്ചാത്തലം

രണ്ടാം അദ്ധ്യായത്തിലെന്നപോലെ, രചയിതാവ് വീണ്ടും (exhortation and warnings) പ്രബോധനവും മുന്നറിയിപ്പും ഇടകലർത്തി തന്റെ വായനക്കാരെ അഭിസംബോധന ചെയ്യുന്നു. ഒന്നാം അദ്ധ്യായത്തിലെ പ്രബോധനത്തിന്റെ വെളിച്ചത്തിൽ വിശ്വാസികൾക്കു ഒരു മുന്നറിയിപ്പു നൽകുകയാണ് 2:1-4 വാക്യങ്ങളിൽ. അതുപോലെ രണ്ടാം അദ്ധ്യായത്തിന്റെ 5-18 വരെ വാക്യങ്ങളിലെ പ്രബോധനത്തിന്റെ വെളിച്ചത്തിൽ ലേഖനകാരൻ ഒരു മുന്നറിയിപ്പിലേക്കു കടക്കുന്നു. "അതുകൊണ്ടു വിശുദ്ധസഹോദരന്മാരെ, സ്വർഗ്ഗീയ വിളിക്കു ഓഹരിക്കാരായുള്ളോരെ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ "ശ്രദ്ധിച്ചു നോക്കുവിൻ." അതായത്, നിങ്ങളുടെ അപ്പോസ്തലനും മഹാപുരോഹിതനുമായി നിങ്ങൾ അംഗീകരിച്ചു ഏറ്റുപറഞ്ഞ യേശുവിനെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ ശരിയാക്കുക’. ഇതാണ് ലേഖനകാരൻ നൽകുന്ന വെല്ലുവിളി. ഇതിനെ support/പിന്തുണച്ചുകൊണ്ട് ‘ദൈവഭവനത്തിലെ ദാസനായ’ മോശെയുടെ വിശ്വസ്തതയെ, ‘ദൈവഭവനത്തിലെ പുത്രനായ’ യേശുവിന്റെ വിശ്വസ്തതയുമായി താരതമ്യം ചെയ്യുന്നു (വാ. 2-6a). ദാസന്റേയും പുത്രന്റേയും തമ്മിലുള്ള വിശ്വസ്തതയെ താരതമ്യപ്പെടുത്തി, മോശെയേക്കാൾ വിശ്വസ്തനും ശ്രേഷ്ഠനുമായ ദൈവപുത്രന്റെ വാക്കുകളെ ശ്രദ്ധിച്ചുകൊണ്ട് അവൻ നൽകുന്ന ആത്മവിശ്വാസവും പ്രത്യാശയും 'ഉറപ്പോടെ മുറുകെ പിടിക്കുവാൻ" (6b) താൻ ആഹ്വാനം ചെയ്യുന്നു.

അങ്ങനെ മുന്നാം ആദ്ധ്യായത്തിന്റെ 1-6 വരെയുള്ള വേദഭാഗം തുടർന്നു പറയുവാൻ പോകുന്ന 3:7 - 4:13-വരെയുള്ള വിപുലമായ മുന്നറിയിപ്പിലേക്കുള്ള ഒരു (Transitional) പരിവർത്തന വേദഭാഗമാണ്. 3:7 - 4:13 വേദഭാഗത്ത്, രണ്ടു ദൈവഭവനങ്ങൾ തമ്മിലുള്ള അതായത്, ഈജിപ്തിൽ നിന്ന് മോശെ നയിച്ചവരുടെ സാഹചര്യവും, ക്രിസ്തുവിനാൽ നയിക്കപ്പെടുന്ന പുതിയനിയമ വിശ്വാസികളുടെ സാഹചര്യവും തമ്മിലുള്ള താരതമ്യത്തിലേക്ക് രചയിതാവ് കടക്കുന്നു. ഇതാണ് ഈ വേദഭാഗത്തിന്റെ പശ്ചാത്തലമെന്നു പറയുന്നത്.

ഈ വേദഭാഗം ആരംഭിക്കുന്നത് 'Therefore' എന്ന വാക്കിലാണ്. അതായത്, മുൻപു പറഞ്ഞ വാദഗതിയുടെ വെളിച്ചത്തിൽ നിങ്ങൾ ഇന്നതു ചെയ്യണം എന്നാണ് അർത്ഥമാക്കുന്നത്. 2:5-18 വരെ വേദഭാഗത്തെ വാദഗതി എന്തായിരുന്നു? അനേകം സഹോദരി-സഹോദരന്മാരെ തന്റെ ഭവനത്തിലെ അംഗങ്ങളാക്കി വിശുദ്ധീകരിക്കുന്നതിനും അവരെ തേജസ്സിലേക്ക് നടത്തുന്നതിനും വേണ്ടി യേശു ജഡധാരണം സ്വീകരിച്ചു (R). അതുകൊണ്ട്, വിശുദ്ധ സഹോദരന്മാരെ, സ്വർഗ്ഗീയ വിളിക്കു ഓഹരിക്കാരായുള്ളോരെ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ "ശ്രദ്ധിച്ചു നോക്കുവിൻ." അതായത്, വിശ്വാസികളെ വിശുദ്ധീകരിക്കുന്നതിനും തേജസ്ക്കരിക്കുന്നതിനുമുള്ള പുത്രന്റെ പദ്ധതിയിൽ നമുക്കു ഓരോരുത്തർക്കുമുള്ള പങ്കെന്താണ്? ഉത്തരവാദിത്വമെന്താണ്? യേശുവിനെ ശ്രദ്ധിച്ചു നോക്കുക, തുടർന്ന്, ആറാം വാക്യത്തിന്റെ അവസ്സാനം പറയുന്നു, ക്രിസ്തുവിലുള്ള നമ്മുടെ പ്രത്യാശയും ധൈര്യവും അവസ്സാനത്തോളം മുറുകെ പിടിക്കുക; (R) ഇതാണ് വിശ്വാസികളായ നമ്മുടെ ഒരോരുത്തരുടേയും ഉത്തരവാദിത്വമെന്നത്.

അപ്പോൾ ഒന്നാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം നാം ക്രിസ്തുവിന്റെ ഭവനക്കാരും സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരുമാണ് എന്ന കാര്യമാണ്.

1. നാം ക്രിസ്തുവിന്റെ ഭവനക്കാരും സ്വർഗ്ഗീയവിളിക്ക് ഓഹരിക്കാരുമാണ്.

It is a wonderful truth. ഇതൊരു അതിശയകരമായ സത്യമാണ്. നാം യേശുവിന്റെ ഭവനക്കാരും സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരുമാണ്. എന്തുകൊണ്ടാണ് ലേഖനകാരൻ ഇങ്ങനെ പറയുന്നത്? ഇതൊരു ഭംഗിവാക്കായി പറഞ്ഞതാണോ? ഹേയ് അല്ല. ലേഖനകാരൻ തന്റെ എഴുത്തിന്റെ സ്വീകർത്താക്കളെ "വിശുദ്ധരെന്നും" "സഹോദരി- സഹോദരന്മാരെന്നുമാണ്" അഭിസംബോധന ചെയ്യുന്നത്". കാരണം ക്രിസ്തു അവരെ ‘വിശുദ്ധന്മാരും’ തന്റെ ‘സഹോദരന്മാരും സഹോദരിമാരും’ (2:11-12 10:10; 13:12) ആക്കിയിരിക്കുന്നു. അവരെ വിശുദ്ധരെന്നു വിളിക്കുവാനുള്ള കാരണം യേശു അവരുടെ പാപങ്ങൾക്കു പരിഹാരം വരുത്തിയിരിക്കുന്നു (1:3). അതുപോലെ യേശുവാണ് അവരെ "വിശുദ്ധീകരിക്കുന്നവൻ" എന്ന് 2:11ൽ പറയുന്നു. തൽഫലമായി, അവർ വിശുദ്ധരാണ്, മാത്രവുമല്ല, യേശു വിശുദ്ധരാക്കുന്ന ഓരോ വ്യക്തിയും യേശുവിനു സഹോദരി-സഹോദരന്മാരാണ്. യേശുവിനോടുള്ള ഓരോ വിശ്വാസിയുടേയും ബന്ധം മൂലം വിശ്വാസികൾ പരസ്പരവും സഹോദരി സഹോദരന്മാരാണ്.

തുടർന്ന് വിശ്വാസികൾക്കുള്ള മറ്റൊരു നേട്ടത്തെക്കുറിച്ച് ലേഖനകാരൻ പറയുന്നു. ക്രിസ്തുവിന്റെ സഹോദരി സഹോദരന്മാരായ നാം ഒരോരുത്തരും സ്വർഗ്ഗീയ വിളിക്കു ഓഹരിക്കാരാണ്. സ്വർഗ്ഗീയവിളിക്ക് ഓഹരിക്കാർ. അനേകം പുത്രന്മാരെയും പുത്രിമാരെയും മഹത്വത്തിലേക്ക് കൊണ്ടുവരുവാനുള്ള ദൈവികപദ്ധതിക്ക് അനുസൃതമായി, സ്വർഗ്ഗീയ വിളിയിൽ പങ്കുകാരായി ദൈവം നമ്മേ പരിഗണിക്കുന്നു. സ്വർഗ്ഗീയ വിളിയിൽ പങ്കുകാരായി നാം തീർന്നിരിക്കുന്നു. നാം എങ്ങനെയാണ് വിളിക്കപ്പെട്ടത്? നാം വിളിക്കപ്പെട്ടത് സുവിശേഷ പ്രസംഗത്തിലൂടെയാണ് (2 :3b; 12:25). സുവിശേഷ സന്ദേശം ശ്രവിക്കുന്ന ഏതൊരു വ്യക്തിയും ഓർക്കേണ്ട ഒരു കാര്യം ദൈവം അവരെ അതിലൂടെ ഒരു ബന്ധത്തിലേക്കു വിളിക്കുന്നു എന്ന കാര്യമാണ്. ക്രിസ്തുവുമായി ഒരു ബന്ധത്തിലേക്ക് വിളിക്കുന്നു. ഒരു സ്ഥാനം, ഒരു പദവി അഥവാ ഒരു ജോലിയിലേക്കുള്ള ഒരു offer letter ആണ് സുവിശേഷപ്രഘോഷണം. അതിനോടുള്ള അനുകൂലമായ പ്രതികരണമാണ് ഒരാളുടെ appointment/നിയമനം ഉറപ്പാക്കുന്നത്. അപ്പോൾ സുവിശേഷത്തെ തള്ളിക്കളയുന്നവർ ഓർക്കേണ്ട ഒരു സംഗതി ദൈവത്തിന്റെ വിളി അവർ നിരസ്സിച്ചിരിക്കുന്നു എന്നതാണ്. ദൈവത്തിന്റെ offer letter നിരസ്സിച്ചിരിക്കുന്നു.

ഇനി അതിന്റെ മറുവശം, സമൂഹത്തിൽ വളരെ ബലഹീനരെന്നു തോന്നുന്ന നമ്മേപ്പോലെയുള്ള ആളുകൾ നടത്തുന്ന സുവിശേഷഘോഷണം -യേശുവിന്റെ സഹോദരി-സഹോദരന്മാരായി തീരുന്നതിനും, യേശുവിന്റെ കുടുംബത്തിലെ ഒരു അംഗമായി തീരുന്നതിനും അതുവഴി സ്വർഗ്ഗീയ വിളിക്കു ഓഹരിക്കാരായി തീരുന്നതിനുമുള്ള ഒരു offer letter ആണ്. നമ്മിൽ എത്രപേർക്കു ഈയൊരു ബോദ്ധ്യമുണ്ട്? വർഷങ്ങൾക്കു മുൻപ് ഞാൻ ജോലി ചെയ്തിരുന്ന ബാങ്കിലെ പലരോടും സുവിശേഷം പറഞ്ഞിരുന്നു; അതിലൊരാൾ ദൈവകൃപയാൽ രക്ഷിക്കപ്പെട്ടു. അതിന്റെ മൂല്യം എന്താണെന്ന് താൻ ഇപ്പോൾ മനസ്സിലാക്കുന്നു. അതിനാൽ അദ്ദേഹം ഇപ്പോഴും ഈ കാര്യം നന്ദിയോടെ ഓർക്കുന്നു. ഇത് എന്റെ സുവിശേഷം പറയാനുള്ള താത്പ്പര്യം വർദ്ധിപ്പിച്ചിരിക്കുന്നു.

സ്വർഗ്ഗീയ വിളിക്കു "ഓഹരിക്കാർ" (metochoi) എന്നതിലെ "ഓഹരിക്കാർ" എന്ന പ്രയോഗം ഒരു കുടുംബബന്ധത്തെയാണ് കാണിക്കുന്നത്. ഒരു പൊതുവായ ആത്മീയ യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ ഉളവായിത്തീർന്ന ആഴമായ ബന്ധത്തെയാണ് ഇത് അർത്ഥമാക്കുന്നത്. സ്വർഗ്ഗീയവിളിക്ക് ഓഹരിക്കാരായി തീർന്നവർക്കു ഹെബ്രായലേഖനത്തിൽ നൽകിയിരിക്കുന്ന മറ്റു ചില സവിശേഷതകൾ കൂടി നമുക്കു പരിശോധിക്കാം. 'സ്വർഗ്ഗത്തിൽ പേരുകൾ എഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ' സഭയിലെ (12:23) അംഗങ്ങളാണ് നാം. സ്വർഗ്ഗത്തിലെ ആദ്യജാതന്മാരുടെ പേരുകൾ വിളിക്കുമ്പോൾ ആദ്യം യേശുവിന്റെ പേരു വിളിക്കും പിന്നെ യേശുവിൽ വിശ്വാസമർപ്പിച്ചവരുടെ അതല്ലെങ്കിൽ നമ്മുടെ ഒരോരുത്തരുടേയും പേരുകൾ വിളിക്കും. നമ്മുടെ ഭാവി 'വരാനിരിക്കുന്ന ലോകത്തിൽ' (2:5) ആണ്. ദൈവത്തിന്റെ ആത്മീയ 'വിശ്രമ'ത്തിലേക്ക് അഥവ "സ്വസ്ഥത"യിലേക്കു നാം (4:1-11) പ്രവേശിച്ചിരിക്കുന്നു; (അപ്രതീക്ഷിത കൊടുങ്കാറ്റ് നമ്മുടെ ജീവിതത്തിനു നേരെ അടിക്കുമ്പോൾ, അവൻ നമ്മോട് പറയുന്നു: "മിണ്ടാതിരുന്നു ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ" സങ്കീ. 46:10). കഴിഞ്ഞദിവസം ഞാൻ ഷെറിനുമായി സംസാരിച്ചപ്പോൾ വരാൻ പോകുന്ന election നെക്കുറിച്ചും ഭരണമാറ്റമുണ്ടാകുമൊ എന്നതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. അപ്പോൾ ഷെറിൻ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു, ഭരണമാറ്റമുണ്ടായാലും ഇല്ലെങ്കിലും സ്വർഗ്ഗത്തിൽ ഒരു ദൈവമുണ്ട് എന്നതാണ് നമ്മുടെ ധൈര്യം എന്ന്. അതെ, ഹൃദയത്തിൽ സ്വസ്ഥത അനുഭവിക്കുന്നവരാണു നാം.

വിശ്വാസികൾക്കുള്ള മറ്റൊരു നേട്ടമെന്നത്, 'വാഗ്ദത്തം ചെയ്യപ്പെട്ട ശാശ്വത അവകാശം' (9:15) നമുക്കുണ്ട് എന്നതാണ്. യിസ്രായേൽ മക്കൾക്കു കനാൻ ദേശത്തു ലഭിച്ച ഭൂമിയുടെ അവകാശം പല അവസരത്തിലും നഷ്ടമായിട്ടുണ്ട്. എന്നാൽ നമുക്കു ലഭിക്കുന്ന അവകാശം എന്നേക്കും നിലനിൽക്കുന്ന അവകാശമാണ്. അതു ശാശ്വത അവകാശമാണ്.

അതേ നാം ക്രിസ്തുവിശ്വാസികൾ ആണെങ്കിൽ, സ്വർഗ്ഗീയ വിളിയിൽ നാം പങ്കുകാരാണ്. എത്രയൊ അതിശയകരവും അതെസമയം എത്രയൊ ഗൗരവതരവുമായ സംഗതിയാണത്. അതിന്റെ implications അഥവാ പ്രായോഗികതയും വളരെ വലുതാണ്. ആ നിലയിലാണോ നാം നമ്മുടെ സഹവിശ്വാസികളുമായി ഇടപെടുന്നത്? അവരെക്കുറിച്ച് ആ നിലയിൽ ചിന്തിക്കുകയും, സംസാരിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണോ?

* ഞാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും, അവരെ ആശ്വസിപ്പിക്കുകയും, അവരെ പണിയുകയും ചെയ്യുന്ന വ്യക്തിയാണോ?
* ഞാൻ അവരോടു ഏറ്റവും ക്ഷമയോടും, ദയയോടും, ദീർഘക്ഷമയോടും, സൗമ്യതയോടും അതേ സമയം ധൈര്യത്തോടും കൂടെ ഇടപെടുന്ന വ്യക്തിയാണോ?
* ഞാൻ അവരെ ആഴമായും, നിസ്വാർത്ഥമായും, സമഗ്രമായും സ്നേഹിക്കുന്നുണ്ടോ?

ഈ ഒരു filter/അരിപ്പയിലുടെ നമ്മുടെ മനോഭാവങ്ങളും, വാക്കുകളും പ്രവർത്തികളും കടത്തിവിട്ടാൽ നമ്മുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാകും എന്നു നാം ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ മാത്രമെ സുവിശേഷത്തിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ കൂടുതൽ വ്യക്തമായി കാണപ്പെടുകയുള്ളു. എങ്കിൽ മാത്രമെ ദൈവത്തിന്റെ നാമം നമ്മിലൂടെ മഹത്വപ്പെടുകയുള്ളു.

ഈ വേദഭാഗത്തെ തുടർന്നുള്ള, അതായത്, 3:7-4:11-വരെ വാക്യങ്ങളിൽ യിസ്രായേൽ മക്കളെപോലെ നാം ഒരു ഭവനമായി ആ ലക്ഷ്യസ്ഥാനത്തേക്കുള്ള തീർത്ഥാടനത്തിലാണ് എന്ന കാര്യമാണ് ലേഖനകാരൻ പറയുന്നത്. അതായത്, വിശ്വാസികളുടെ ഇപ്പോഴത്തെ അവസ്ഥ എന്നു പറയുന്നത് ഒന്നിച്ചുള്ള ഒരു യാത്ര അഥവാ തീർത്ഥാടനമാണ്. ദൈവം വാഗ്ദത്തം ചെയ്ത അവകാശദേശത്തേക്കുള്ള യാത്ര. നമ്മുടെ യാത്രയുടെ ലക്ഷ്യമെന്നു പറയുന്നത് ഈ അവകാശമാണ്. അവിടെയെത്തി നാം സ്വസ്ഥതയുടെ പൂർണ്ണത പ്രാപിക്കും. ആകയാൽ ഈ യാത്രയെ യിസ്രായേൽ ജനത്തിന്റെ കാനാൻ ദേശത്തേക്കുള്ള യാത്രയുമായി തുലനപ്പെടുത്താം.

അപ്പോൾ യിസ്രായേൽ മക്കൾക്ക് തങ്ങളുടെ കനാൻ ദേശത്തേക്കുള്ള യാത്രയിൽ അനുഭവപ്പെട്ട പല പ്രതികൂലങ്ങളും വിശ്വാസികൾ പ്രതീക്ഷിക്കണം. ഒരു പക്ഷേ വെള്ളമില്ലാത്ത അവസ്ഥ, അതല്ലെങ്കിൽ ഇറച്ചിയൊന്നുമില്ലാതെ മന്ന മാത്രമുള്ള അവസ്ഥ. അങ്ങനെ ഒരു മരുഭൂമിയിൽ കൂടി യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന പലബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഈ യാത്രയിൽ നമുക്ക് അനുഭവപ്പെട്ടേക്കാം. ഇതൊന്നും അറിയാതെ, ക്രിസ്തീയജീവിതം വെച്ചടി വെച്ചടി കയറ്റമാണ് എന്ന് ചിന്തിക്കരുത്. ദൈവത്തിന്റെ വലിയ അനുഗ്രഹം നമുക്കുണ്ടാകുമെന്നത് സത്യമായിരിക്കുമ്പോൾ തന്നെ, ദൈവത്തെ അനുഭവിച്ചറിയാനുള്ള കഷ്ടതകളും, പരീക്ഷകളും ക്രിസ്തീയ ജീവിതത്തിലുണ്ടാകും. അതുകൊണ്ട് ക്രിസ്തീയജീവിതത്തിലേക്കു പ്രവേശിക്കുന്നവർ എന്തെങ്കിലും പ്രതികൂലങ്ങൾ തങ്ങളുടെ ജീവിതത്തിൽ നേരിട്ടാൽ, യിസ്രായേൽ മക്കൾ ചെയ്തതുപോലെ ദൈവത്തിനെതിരെ മുറുമുറുക്കുകയൊ, മറുതലിക്കുകയൊ, തിരികെ മിസ്രയിമിലേക്കുപോയാലൊ എന്നു ചിന്തിക്കുകയൊ ചെയ്യരുത്. അവരെപ്പോലെ നാം അവിശ്വസ്തരായി തീരരുത്. അവിടെ നാം മോശെയെപ്പോലെ യേശുവിനെപ്പോലെ വിശ്വസ്തതയോടെ നാം മുന്നേറണം എന്ന കാര്യമാണ് തുടർന്ന് ലേഖനകാരൻ നമ്മോടു പറയുന്നത്.

ഈ ലേഖനം എഴുതുന്ന സമയത്ത് ഹെബ്രായവിശ്വാസികൾ തങ്ങളുടെ വിശ്വാസത്തെപ്രതി വളരെ പീഡനങ്ങളിലൂടെ കടന്നുപൊയ്കൊണ്ടിരിക്കുകയായിരുന്നു. അവരെ വിശ്വാസത്തിൽ ഉറപ്പിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. അതുപോലെ, ഇന്നു വടക്കെ ഇന്ത്യയിൽ വിശ്വാസികൾ കഠിനമായ ശോധനയിലൂടെ, പീഡനത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ലേഖനകാരൻ പറയുന്നു: ഇതിനെയൊക്കേയും അതിജീവിച്ച് നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ യേശുവിനെ ശ്രദ്ധിച്ചു നോക്കുക; ക്രിസ്തുവിലുള്ള നിങ്ങളുടെ പ്രത്യാശയും ധൈര്യവും മുറുകെ പിടിച്ചുകൊള്ളുക. അപ്പോൾ രണ്ടാമതായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം നിങ്ങളുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ എന്തുകൊണ്ട് നിങ്ങൾ യേശുവിനെ ശ്രദ്ധിച്ചു നോക്കണം എന്ന കാര്യമാണ്.

2. നിങ്ങളുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ എന്തുകൊണ്ട് യേശുവിനെ ശ്രദ്ധിച്ചുനോക്കണം? (Why did you consider Jesus on your way to heaven?
"അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ 2 മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു."

എന്തുകൊണ്ട് യേശുവിന്റെ വാക്കുകൾക്കു നാം ശ്രദ്ധകൊടുക്കണം എന്നതിനു നാലു കാരണങ്ങൾ ഈ വേദഭാഗത്തു നിന്നും ചുണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
യേശു നമ്മുടെ അപ്പൊസ്തലനാണ് എന്നതാണ്.

a) യേശു നമ്മുടെ അപ്പൊസ്തലൻ.

രണ്ടു വിശേഷണങ്ങൾ അഥവാ സ്ഥാനപ്പേരുകൾ നൽകിയാണ് യേശുവിനെ ലേഖനകാരൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നാമത്തേത്, അപ്പൊസ്തലൻ. രണ്ടാമത്തേത്, മഹാപുരോഹിതൻ. ദൈവപുത്രനെ അപ്പൊസ്തലനെന്നു വിളിക്കുന്നത്, ദൈവത്തിന്റെ നാമവും (2:12) സന്ദേശവും ഘോഷിക്കുന്നതിനു അയക്കപ്പെട്ട വ്യക്തി എന്ന നിലയിലാണ് (R). ഈ ഒരിടത്തല്ലാതെ മറ്റൊരിടത്തും യേശുവിനെ അപ്പോസ്‌തലൻ /apostolos എന്ന് വിളിക്കുന്നില്ല. (മത്താ. 10:40; 15:24; മർക്കോസ് 9:37; ലൂക്കോസ് 10:16; യോഹന്നാൻ 3:17 ലും) സുവിശേഷങ്ങളിൽ ദൈവം അവനെ 'അയച്ചു' എന്ന നിലയിൽ apostellō എന്ന ക്രിയാപഥം ഉപയോഗിക്കുന്നുണ്ട്. അതായത്, ദൈവത്തിന്റെ സ്വഭാവവും ഹിതവും വെളിപ്പെടുത്താൻ വേണ്ടി ദൈവം യേശുവിനെ അയച്ചു.

ഇനി, ഒന്നാം അദ്ധ്യായത്തിന്റെ ഒന്നാം വാക്യവും രണ്ടാം അദ്ധ്യായത്തിന്റെ രണ്ടാം വാക്യവും മൂന്നാം അദ്ധ്യായത്തിന്റെ മൂന്നാം വാക്യവും ചേർത്തു വായിച്ചാൽ, യേശു പ്രവാചകന്മാരേക്കാളും (1:1) ദൂതന്മാരേക്കാളും (2:2), മോശയെക്കാളും (3:3) ശ്രേഷ്ഠനായ വ്യക്തിയാണ് എന്ന് കാണാം. അതായത്, ഇതുവരെ അയക്കപ്പെട്ടവരിൽ ഉന്നതൻ, ശ്രേഷ്ഠൻ, ദൈവത്തിന്റെ അവസ്സാനത്തെ വാക്ക്.

അടുത്തതായി, നാം "സ്വീകരിച്ചു പറയുന്ന" എന്ന പ്രയോഗം അർത്ഥമാക്കുന്നത്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ അവർ പരസ്യമായി ഏറ്റു പറഞ്ഞു എന്ന നിലയിലാണ്. എബ്രായലേഖന പശ്ചാത്തലത്തിൽ അതവരുടെ സ്നാന സമയത്തെ വിശ്വാസത്തിന്റെ ഏറ്റു പറച്ചിലിനെ കുറിക്കുന്നു. അതായത്, അവരുടെ ജീവിതത്തിന്റെ മഹത്തായ കേന്ദ്രമായി, മുന്നമെ അംഗീകരിച്ചു ഏറ്റുപറഞ്ഞ യേശുവിലേക്ക് തങ്ങളുടെ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുവാൻ ആവശ്യപ്പെടുകയാണ്. ഇതുവരെ അയക്കപ്പെട്ടവരിൽ ഉന്നതനും, ശ്രേഷ്ഠനും, ദൈവത്തിന്റെ അവസ്സാന വാക്കുമായ യേശുവിൽ നിങ്ങളുടെ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുക.

യേശുവിൽ നമ്മുടെ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുവാൻ പറയുന്നതിനുള്ള രണ്ടാമത്തെ കാരണം അവൻ നമ്മുടെ മഹാപുരോഹിതനാണ് എന്നതാണ്.

b) യേശു നമ്മുടെ മഹാപുരോഹിതൻ

മഹാപുരോഹിതനുമായ യേശു എന്നാണ് രണ്ടാമതായി യേശുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മഹാപുരോഹിതൻ എന്ന പ്രയോഗം യേശുവിന്റെ "വീണ്ടെടുപ്പും അനുരഞ്ജന പ്രവൃത്തിയും" സൂചിപ്പിക്കുന്നു.It refers to the Redemption and Reconciliation work of Jesus.. പുതിയ നിയമത്തിൽ മറ്റൊരിടത്തും യേശുവിനു ഈയൊരു വാക്കു ഉപയോഗിച്ചു കാണുന്നില്ല. മഹാപുരോഹിതനെന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും, യേശുവിന്റെ ഇപ്പോഴുള്ള ദൗത്യത്തെക്കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. യേശു ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയർത്തപ്പെട്ടവനായി ‘നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു’ റോമ. 8:34ൽ പൗലോസ് ഇപ്രകാരം പറയുന്നു. (അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു). അതേ, ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ഠനായി നമുക്കു വേണ്ടി പക്ഷവാദം ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിയാണ് യേശു. നിങ്ങൾക്ക് അതിജീവിക്കുവാൻ പ്രയാസമെന്ന് തോന്നുന്ന പരീക്ഷകൾ നേരിടുമ്പോൾ, പ്രലോഭനങ്ങൾ നേരിടുമ്പോൾ, യേശുവിന്റെ സഹായം, മദ്ധ്യസ്ഥം നമുക്കു ലഭ്യമാണ് എന്ന് ഇത് നമ്മേ ഓർപ്പിക്കുന്നു.

അപ്പോൾ, ദൈവത്തെ വെളിപ്പെടുത്താനും ദൈവത്തിന്റെ സന്ദേശം നമ്മേ അറിയിക്കുവാനും അയക്കപ്പെട്ട അപ്പൊസ്തലനാണ് യേശു. രണ്ട്, ദൈവത്തിന്റെ വലതുഭാഗത്തേയ്ക്കുയർത്തപ്പെട്ട, നമുക്കു വേണ്ടി പക്ഷവാദം കഴിച്ചുകൊണ്ടിരിക്കുന്ന മഹാപുരോഹിതനാണ് യേശു.

എന്തുകൊണ്ട് യേശുവിനെ നാം പരിഗണിക്കണം എന്നു പറയുവാനുള്ള മൂന്നാമത്തെ കാരണം യേശുവിന്റെ വിശ്വസ്തതയാണ്.

c) യേശുവിന്റെ വിശ്വസ്തത.

'വിശ്വസ്ത മഹാപുരോഹിതൻ' എന്നത് യേശുവിന്റെ മഹാപുരോഹിത്യ ശുശ്രൂഷയുടെ സ്വഭാവത്തെ കാണിക്കുന്നു. ശുശ്രൂഷയുടെ സ്വഭാവത്തെ കാണിക്കുന്നു. തന്റെ ഭൗമിക ശുശ്രൂഷയിൽ, യേശു തന്നെ നിയമിച്ച ദൈവത്തോട് വിശ്വസ്തനും അനുസരണയുള്ളവനും ആയിരുന്നു.

യിസ്രായേൽ ഏറെ വിലമതിച്ചിരുന്ന, ആദരിച്ചിരുന്ന ഒരു വ്യക്തിയാണ് മോശെ. ആ മോശെയോടു തുലനപ്പെടുത്തിയാണ് ലേഖനകാരൻ യേശുവിന്റെ വിശ്വസ്തതയെ ഉറപ്പിക്കുന്നത്. മോശെയുടെ വിശ്വസ്തതക്കു ദൈവം തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ആ വേദഭാഗം നമുക്കൊന്നു വായിക്കാം. സംഖ്യ 12:7 "7 എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു."

അതിന്റെ പശ്ചാത്തലം ഇപ്രകാരമാണ്, മോശെ ഒരു കൂശ്യസ്തീയെ വിവാഹം ചെയ്തു. ഇത് മോശെയുടെ സഹോദരിയായ മീര്യാമിനും സഹോദരനായ അഹറോനും തീരെ പിടിച്ചില്ല. ദൈവം തന്റെ ജനത്തോട് സംസാരിച്ചത് മോശയിലൂടെ മാത്രമൊ എന്ന് മിര്യാമും അഹറോനും മോശെയെ വെല്ലുവിളിച്ചു (സംഖ്യ. 12:1-2). അതിനു മറുപടി എന്നവണ്ണമാണ് യാഹ്വേ അവരോട് ഈ ഒരു പ്രസ്താവന നടത്തുന്നത്: "7 എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു." ഈ മോശെയുമായിട്ടാണ് തുടർന്ന് യേശുവിനെ താരതമ്യം ചെയ്യുന്നത്. ഇരുവരുടേയും വിശ്വസ്തതയാണ് താരതമ്യവിഷയം.

"ദൈവഭവനത്തിലൊക്കേയും" എന്ന പ്രയോഗം 'നേതൃത്വത്തിന്റെ എല്ലാ തലങ്ങളിലും' മോശെ കാണിച്ച വിശ്വസ്തതയെ കുറിക്കുന്നു (11:24-29). "മോശെ ദൈവഭവനത്തിൽ ഒക്കേയും വിശ്വസ്തനായിരുന്നു" എന്ന് ലേഖനകാരൻ പറയുമ്പോൾ ഗ്രന്ഥകാരന്റെ മനസ്സിൽ വലിയൊരു ചിത്രം ഉണ്ടെങ്കിലും, 3:16-ൽ, ഇസ്രായേല്യരെ ഈജിപ്തിൽ നിന്ന് പുറത്തുകൊണ്ടുവന്നവനായി മോശയെ തിരിച്ചറിയുന്നു. അവിടെ നാം വായിക്കുന്നത്: "മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ: (ഹെബ്രായർ 3:16). മിസ്രയിമിന്റെ അടിമത്വത്തിൽ നിന്നു മോശെ അവരെ സിനായ്മലയിൽ എത്തിച്ച് 10 കൽപ്പനകളെ നൽകി ദൈവവുമായി ഉടമ്പടിബന്ധത്തിലേക്കു കൊണ്ടുവരുന്നതിൽ മോശെ ഏറ്റവും വിശ്വസ്തതയോടെ പ്രവൃത്തിച്ചു. അതിനോടു തുലനപ്പെടുത്തിയാണ് ലേഖനകാരൻ യേശുവിന്റെ വിശ്വസ്തതയെ ഉറപ്പിക്കുന്നത്. മോശെയെപോലെ, അനേകം പുത്രന്മാരെയും പുത്രിമാരെയും തേജസ്സിലേക്ക് നടത്തുവാൻ ദൈവം നിയോഗിച്ചയച്ച നേതാവാണ് യേശു (2:10).

തന്നെ നിയമിച്ചാക്കിയവനായ ദൈവത്തോടു യേശു അന്ത്യംവരെ വിശ്വസ്തത പുലർത്തി. ദൈവത്തെ അനുസരിച്ചതുകൊണ്ടാണ് യേശുവിനു അത്യന്തം ഭയാനകരവും, അങ്ങേയറ്റം അപമാനകരവും, അത്യന്തം വേദനാജനകവും ആയ മരണത്തെ നേരിടേണ്ടി വന്നത്. പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ സ്വയം ഏൽപ്പിച്ചുകൊണ്ട് അന്ത്യത്തോളം വിശ്വസ്തത പുലർത്തിയവനാണ് യേശുക്രിസ്തു. മോശെയും പ്രവാചകന്മാരും Even യേശുവിന്റെ ശിഷ്യന്മാർപോലും അവരുടെ ദൗത്യങ്ങളിൽ ചഞ്ചലിച്ചുപോയ അവസരങ്ങളുണ്ട്. എന്നാൽ യേശു അവരെല്ലാവരേയുംകാൾ 100% വിശ്വസ്തതയോടെ തന്റെ ദൗത്യം നിവൃത്തിച്ചു. ആകയാൽ, നമ്മുടെ സ്വർഗീയമായ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള നമ്മുടെ വിശ്വാസ യാത്രയിൽ സഹായത്തിനായി അവനിൽ പൂർണ്ണമായും നമുക്ക് ആശ്രയിക്കാൻ കഴിയും(12:2). കാരണം തന്റെ ജീവനെ പകച്ചുപോലും നമ്മേ രക്ഷിക്കുവാൻ തുനിഞ്ഞ വ്യക്തിയാണ്. ആകയാൽ, അവനായിരിക്കട്ടെ നമ്മുടെ ശ്രദ്ധാകേന്ദ്രം. യേശുവിലും അവന്റെ വിശ്വസ്ഥതയിലും നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.

യേശുവിന്റെ നാമം ആവർത്തിച്ചാവർത്തിച്ച് ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നതു കാണാം (2:9; 6:20; 7:22; 10:19; 12:2, 24; 13:20). അതുവഴി ലേഖനകാരൻ വായനക്കാരിൽ ഒരു impact ഉളവാക്കുവാൻ ആഗ്രഹിക്കുന്നു. യേശുവിന്റെ നാമം നമ്മുടെ ഹൃദയത്തിലങ്ങനെ രൂഢമൂലമായി തീരണം എന്നതാണ് ലേഖനകാരന്റെ ലക്ഷ്യം. നമ്മുടെ ജീവിതത്തിന്റെ ഏതവസരത്തിലും മുറുകെ പിടിക്കുവാൻ കഴിയുന്ന ഏകനാമം ഇതു മാത്രമായിരിക്കട്ടെ. ചിലനാളുകൾ അല്ലെങ്കിൽ ചില വർഷങ്ങൾ കഴിയുമ്പോൾ, മറ്റു വ്യക്തികളിലേക്കൊ, തത്വചിന്തയിലേക്കൊ, മറ്റു ഉപദേശങ്ങളിലേക്കൊ നമ്മുടെ ശ്രദ്ധ മാറിപ്പോകാൻ സാദ്ധ്യതയുണ്ട് എന്ന് ലേഖനകാരനു നന്നായി അറിയാം. അതുകൊണ്ടാണ് ലേഖനകാരൻ ഈ കാര്യം ഇത്ര ഊന്നൽ നൽകി പറയുന്നത്. മനുഷ്യരിലേക്കും പ്രഭുക്കന്മാരിലേക്കും നമ്മുടെ ശ്രദ്ധ മാറിപ്പോയ അവസരങ്ങൾ നമ്മുടെ ജീവിതത്തിലില്ലേ? യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന ദുരൂപദേഷ്ടാക്കളുടെ ആകർഷണവലയത്തിൽ നാം അകപ്പെട്ടു പോവുകയൊ, അവരുടെ ചോദ്യങ്ങളിൽ സംശയാലുക്കളാകുകയൊ ചെയ്തിട്ടില്ലേ? എന്നാൽ അങ്ങനെ നിങ്ങൾക്കു സംഭവിക്കരുത്. യേശു നിങ്ങളുടെ ഹൃദയത്തിൽ രൂഡമൂലമായി തീരണം.

യേശുവിന്റെ ഭൂമിയിലെ ജീവിതം വളരെ സുഗമമായി പോയതുകൊണ്ടായിരുന്നില്ല അവൻ അന്ത്യംവരെ വിശ്വസ്ഥത പുലർത്തിയത്. തന്റെ ജനനത്തിൽ ആരംഭിച്ച കഷ്ടത ക്രൂശിലെ മരണത്തോളം തന്നെ പിഞ്ചെന്നു. എന്നാൽ ഈ പ്രതിസന്ധികളിലൊ, പരീക്ഷകളിലൊ താൻ ദൈവത്തോടുള്ള വിശ്വസ്തതയിൽ നിന്ന് ഒട്ടും വ്യതി ചലിച്ചില്ല.

ജീവിതത്തിൽ ചില കഷ്ടതകൾ നേരിടുമ്പോൾ കർത്താവിനോടുള്ള നമ്മുടെ വിശ്വസ്തതയിൽ നാം എങ്ങനെയാണ്? അതല്ലെങ്കിൽ ചില ചില്ലറ നേട്ടങ്ങളെ പ്രതി കർത്താവിനെ വിട്ടു ശത്രു പാളയത്തിലേക്കു പോകുമൊ?

എന്നാൽ ഓർക്കുക യേശുവിനെ നാം മുറുകെ പിടിക്കണം. 'മുറുകെ പിടിക്കുക' എന്നത് ഒരു warning/മുന്നറിയിപ്പ് എന്ന നിലയിലാണ് ലേഖനകാരൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ഇതു നമ്മുടെ ഉത്തരവദിത്വമാണ്.

നാലാമതായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം യേശു മൊശയേക്കാൾ തേജസ്സിൽ ശ്രേഷ്ഠൻ എന്ന കാര്യമാണ്.

d. യേശു മോശയേക്കാൾ മഹത്വത്തിൽ ശ്രേഷ്ഠൻ (3-6a വരെ വാക്യങ്ങൾ).

3 "ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയാക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്ന് എണ്ണിയിരിക്കുന്നു. 4ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ. 5അവന്റെ ഭവനത്തിൽ ഒക്കെയും മൊശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ. 6ക്രിസ്തുവൊ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടുതന്നേ;"

പഴയനിയമത്തിൽ -ഇസ്രായേൽ സമൂഹത്തെ- ദൈവത്തിന്റെ ഭവനമായിട്ടാണ് കണ്ടിരുന്നത്. മോശെയുടെ നേതൃത്വത്തിൽ മിസ്രയിമിന്റെ അടിമത്വത്തിൽ നിന്നു ദൈവം വിടുവിച്ചുകൊണ്ട് വന്ന ദൈവത്തിന്റെ ഭവനം. എന്നാൽ ഈ ജനം എപ്പോഴും ദൈവത്തോടു വിശ്വസ്തത പുലർത്തിയിരുന്നില്ല. പല അവസരങ്ങളിലും ദൈവത്തോടുള്ള വിശ്വസ്തതയിൽ നിന്നവർ വ്യതിചലിച്ചു. എന്നാൽ ജനങ്ങളുടെ അവിശ്വസ്തതയിൽ നിന്ന് വ്യത്യസ്തമായി മോശ അങ്ങേയറ്റം വിശ്വസ്തതനായി നിലകൊണ്ടു (സംഖ്യ. 11:1-15; 12:1-2; cf. 1 Chr. 17:14). യേശുവും മോശയും തങ്ങളുടെ വ്യത്യസ്ത ചുമതലകളിൽ ദൈവത്തോട് വിശ്വസ്തരായിരുന്നു, എന്നാൽ മോശയെക്കാൾ വലിയ ബഹുമാനത്തിന് യോഗ്യനായി ലേഖനകാരൻ യേശുവിനെ കാണുന്നു. മോശയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിലൂടെയും തന്റെ ജനത്തെ രക്ഷിക്കുന്നതിനും, അവരെ ഒരു രാജ്യമായി സ്ഥാപിക്കുന്നതിനും മൊശെയെ ഉപയോഗിച്ച രീതിയിലൂടെയും ദൈവം മോശെയെ ബഹുമാനിച്ചു. അതുകൊണ്ടാണ് യെഹൂദന്മാർ ദൂതന്മാർക്കു നൽകാതിരുന്നതിനേക്കാൾ അധികം ബഹുമാനം മോശെക്കു നൽകിയത്. എന്നാൽ ദൈവം യേശുവിനെ മോശെയേക്കാൾ അധികം ബഹുമാനത്തിന്, മഹത്വത്തിനു യോഗ്യനാണെന്ന് എണ്ണി (ഡോക്സ, 'മഹത്വം').

മോശയ്ക്കുമേൽ യേശുവിനുമുള്ള ബഹുമാനത്തിന്റെ വ്യത്യാസം കൂടുതൽ വ്യക്തമാക്കുവാൻ ലേഖനകാരൻ ഒരു വീടിന്റേയും അതിന്റെ നിർമ്മാതാവിന്റേയും metaphor രൂപകം ഉപയോഗിക്കുന്നു.

ഏതൊരു വീടിനും ഒരു നിർമ്മാതാവുണ്ട് അഥവാ ഒരു ഡിസൈനർ ഉണ്ട് എന്ന് നമുക്കറിയാം. ഒരു വീടിന്റെ നിർമ്മാതാവിന് വീടിനേക്കാൾ വലിയ ബഹുമാനമുണ്ട് എന്നത് ഒരു സാമാന്യതത്വമാണ്. വിട് നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ അതു പണിയിച്ച വ്യക്തിക്കാണ് അതിന്റെ യഥാർത്ഥ ക്രെഡിറ്റ് പോകുന്നത്.

എന്നാൽ ദൈവമാണ് എല്ലാറ്റിന്റെയും നിർമ്മാതാവ്. എബ്രായലേഖനത്തിന്റെ 1:2 ലും 10-12 വാക്യങ്ങളിലും പുത്രനാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് എന്ന് പറയുന്നു. ആ നിലയിൽ യേശു തന്റെ വിശുദ്ധ ജനം അടങ്ങുന്ന വീടിന്റേയും (ഗൃഹം) നിർമ്മാതാവു കൂടിയാണ്. തന്റെ ജനത്തെ (ഭവനത്തെ) രക്ഷിക്കുന്നതിലും അവരെ തന്നോടൊപ്പം മഹത്വത്തിലേക്ക് കൊണ്ടുവരുന്നതിലും ദൈവത്തിന്റെ ഏജന്റായി യേശു പ്രവൃത്തിച്ചു എന്നാണ് 2:10-17 ൽ നാം കണ്ടത്. ഇനിയും 'മൊശെ' ഉൾപ്പെടെ യേശുവിന്റെ മനുഷ്യാവതാരത്തിന് മുമ്പ് ജീവിച്ചിരുന്നവരും (11:26 താരതമ്യം ചെയ്യുക), മനുഷ്യാവതാരത്തിനുശേഷം ജീവിക്കുന്നവരും യേശുവിലൂടെയാണ് തങ്ങളുടെ ലക്ഷ്യത്തിലെത്തുന്നത് എന്ന് 11:39-40 വാക്യങ്ങളിൽ നാം കാണുന്നു. ആ നിലയിൽ യേശു മോശെയേക്കാൾ അധികം മാനത്തിനു യോഗ്യനാണ്.

രണ്ടാമതായി, ദൈവത്തിന്റെ ഭവനത്തിൽ വിശ്വസ്തനായ ഒരു ദാസൻ എന്ന നിലയിലാണ് മോശ പ്രവൃത്തിച്ചത്. 'ദാസൻ' എന്നതിനു ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക് therapōn എന്നാണ്. 'സ്വമേധയാ സേവിക്കുന്നവൻ' എന്നൊ 'കാര്യസ്ഥൻ' എന്നോ 'steward/ഗൃഹവിചാരകൻ' എന്നോ അതിനെ മനസ്സിലാക്കാം. ഗൃഹനാഥന്റെ താൽപ്പര്യവും താൻ സേവിക്കുന്നവരുടെ നന്മയും മുൻനിർത്തി സേവിക്കുന്ന കാര്യസ്ഥൻ.

ഒരു കാര്യസ്ഥൻ എന്ന നിലയിലാണ് മോശെ ദൈവഭവനത്തിൽ പ്രവർത്തിച്ചത്. എന്നാൽ ഒരു കാര്യസ്ഥന് ഭവനത്തിന്റെ ഉടമസ്ഥാവകാശമില്ല, നേരെമറിച്ച്, യേശു ദൈവത്തിന്റെ പുത്രൻ എന്ന നിലയിൽ ദൈവഭവനത്തിനു മീതെ അധികാരമുള്ള, അവകാശമുള്ള വ്യക്തിയാണ്. മോശെ ആ ഭവനത്തിന്റെ ഒരു ഭാഗമായിരുന്നപ്പോൾ, പുത്രൻ അതിക്കുംമീതെ "ദൈവഭവനത്തിന്റെ മേൽ" അവകാശി ആകുന്നു. ആ നിലയിൽ യേശു മോശെയാക്കാൾ മഹത്വത്തിനു യോഗ്യനാണ്.

യേശു മഹത്വത്തിൽ മോശെയെക്കാൾ ഉന്നതനാണ് എന്നു പറയാനുള്ള മൂന്നാമത്തെ കാരണം, യേശുവിലൂടെ ദൈവം തന്റെ ജനത്തിനു നൽകിയ വചനമാണ്. ദൈവം "ഇസ്രായേൽ ഗൃഹത്തെ" തന്റെ സ്വന്തമാക്കി മോശെയെ ഏൽപ്പിച്ചു. മോശ 40 വർഷക്കാലം ദൈവത്തിന്റെ വിശ്വസ്ത ഗൃഹവിചാരകനായിരുന്നു, ദൈവം തന്റെ ജനത്തിനു നൽകാൻ ഉദ്ദേശിച്ച വിശ്വാസ സത്യങ്ങൾ, കൽപ്പനകൾ, വാഗ്ദാനങ്ങൾ എന്നിവ ഏറ്റവും സത്യസന്ധതയോടെ വിതരണം ചെയ്തു. അങ്ങനെ ദൈവജനത്തിന് വെളിപ്പാടിന്റെ ഒരു ചാനലാകാനുള്ള ബഹുമാനവും അധികാരവും അതിലൂടെ മോശെക്കു ലഭിച്ചു.

എന്നാൽ മോശെ, ദൈവത്തിന്റെ വെളിപാടിന്റെ പൂർണ്ണത പ്രതീക്ഷിച്ചുകൊണ്ട് പിന്നീടു വരാനിരിക്കുന്ന വെളിപാടിലേക്ക് വിരൽ ചൂണ്ടുന്ന ചൂണ്ടുപലകയായിരുന്നു. ആവർത്തനപുസ്തകം 18:15ലും 18ലും ഇപ്രകാരം പറയുന്നു: "15 നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം. ... 18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും." യോഹന്നാൻ 8:26 യേശു ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട് "എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസരിക്കുന്നു." യേശു ലോകത്തോടു വെളിപ്പെടുത്തിയത് പിതാവിൽ നിന്നും കേട്ട കാര്യം മാത്രമാണ്. ഇവിടെ നിന്നും പ്രാസംഗികർക്കു, ദൈവവചനം പങ്കുവെക്കുന്നവർക്കു ബാധകമായ ഒരു പ്രായോഗികത ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു: ദൈവത്തിന്റെവചനം അതായിരിക്കുന്നതുപോലെയാണൊ ദൈവജനത്തിനു നാം പങ്കിട്ടു നൽകുന്നത്? മോശെയും യേശുവും പൗലോസുമൊക്കെ ദൈവം അവരോടു പറയുവാൻ കൽപ്പിച്ച കാര്യങ്ങളാണ് അവർ പങ്കുവെച്ചത് എങ്കിൽ ഇന്നത്തെ പ്രാസംഗികർ എങ്ങനെയാണ് ദൈവത്തിന്റെ വചനത്തെ കൈകാര്യം ചെയ്യുന്നത്? അവരുടെ സ്വാർത്ഥലക്ഷ്യങ്ങളുടെ നിവൃത്തിക്കുവേണ്ടിയാണോ പ്രസംഗപീഠത്തെ ഉപയോഗിക്കുന്നത്?

വീണ്ടും യേശു മോശെയേക്കാൾ അധികം മഹത്വത്തിനു യോഗ്യനാണ് എന്നതിന്റെ കാരണത്തിലേക്കു വരാം. മൊശെ യിസ്രായേൽ മക്കളോടു പറഞ്ഞതും അവർ കാത്തിരുന്നതുമായ "ആ പ്രവാചകനാണ്" യേശു. ദൈവത്തിന്റെ വചനം ആത്യന്തികമായി വെളിപ്പെടുത്തപ്പെട്ടതും, അതു പരിപൂർണ്ണമായി നിവൃത്തിക്കുകയും ചെയ്തത് യേശുക്രിസ്തുവിലുടെയാണ്. അതിനെക്കുറിച്ചാണ് 5-6 ൽ പറയുന്നത്: "5 അവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്വാനനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ. 6 ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ;" മോശെ അരുളിച്ചെയ്വാനിരുന്നതിനു സാക്ഷ്യം പറയുന്ന ഭൃത്യനായിരുന്നുവെങ്കിൽ, ക്രിസ്തു ഭവനത്തിനു അധികാരിയായ പുത്രനായി ആ ദൗത്യം നിർവ്വഹിച്ചു. അത് ദൈവത്തിന്റെ വചനം പങ്കിട്ടുതന്നതിൽ യേശുവിനു ലഭിച്ച അധിക മാനത്തെ കണിക്കുന്നു.

അതായത്, യേശു നമ്മുടെ അപ്പൊസ്തലനാണ്, യേശു നമ്മുടെ മഹാപുരോഹിതനാണ്, യേശു വിശ്വസ്തനാണ്, യേശു മോശയേക്കാൾ മഹത്വത്തിൽ ശ്രേഷ്ഠനാണ്; ആകയാൽ നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ യേശുവിനെ നമുക്കു ശ്രദ്ധിച്ചു നോക്കാം.
3. പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിക്കുക" (വാക്യം 6b )

"പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു."

നാം യേശുവിന്റെ ഭവനക്കാരും സ്വർഗ്ഗിയവിളിക്കു യോഗ്യരുമാകയാൽ, നമ്മുടെ അവകാശത്തിലേക്കുള്ള യാത്രയിൽ യേശുവിനെ ശ്രദ്ധിച്ചു നോക്കുക എന്ന കാര്യമാണ് ഇതുവരെ നാം കണ്ടത്. അവസ്സാനമായി താൻ നമ്മോടു പറയുന്നത് നിങ്ങളുടെ പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസ്സാനംവരെ മുറുകെ പിടിച്ചുകൊണ്ടാൽ നിങ്ങൾ യഥാർത്ഥത്തിൽ അവന്റെ ഭവനക്കാരനെന്ന് തെളിയുമെന്നാണ്. ഇവിടെ ഒരു കാര്യം യേശുവിലുള്ള നിങ്ങളുടെ പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസ്സാനത്തോളം മുറുകെ പിടിച്ചാൽ നിങ്ങൾ അവന്റെ ഭവനക്കാരായി തീരുമെന്നല്ല, മറിച്ച്, നിങ്ങൾ അവന്റെ ഭവനക്കാരാണെന്ന് തെളിയുമെന്നാണ്. ഭവനക്കാരാണെന്ന് തെളിയും.

ഇവിടെ പറയുന്ന പ്രത്യാശയുടെ ധൈര്യവും പ്രശംസയും എന്താണ് എന്ന് അൽപ്പമായി വിശദീകരിക്കാം.

"പ്രത്യാശയുടെ ധൈര്യം" (confidence) എന്നാൽ ദൈവം തന്റെ പുത്രനിൽ നമുക്കു നൽകിയ ആത്മവിശ്വാസമാണ്. യേശുവിന്റെ രക്തത്താൽ ദൈവസന്നിധിയിലേക്ക് നമ്മുടെ പ്രവേശനം സാദ്ധ്യമായിരിക്കുന്നു എന്ന ആത്മവിശ്വാസം. കരുണയ്‌ക്കായി ദൈവത്തെ സമീപിക്കാനും ആവശ്യമുള്ള സമയത്ത് സഹായത്തിനുള്ള കൃപ കണ്ടെത്താനും കഴിയുന്ന ആത്മവിശ്വാസം.

"പ്രശംസ" (boasting-rejoicing, Kauchaomai-GK); Rejoicing in the Lord എന്ന അർത്ഥത്തിൽ അതിനെ മനസ്സിലാക്കാം. അതായത് നമ്മുടെ പ്രത്യാശയിൽ സന്തോഷിക്കുക. eschatological significance-യുഗാന്ത്യകാല പ്രാധാന്യമാണിവിടെ ഉദ്ദേശിക്കുന്നത്. വരാൻ പോകുന്ന മഹത്വത്തിൽ നാം സന്തോഷിക്കുക എന്ന് സാരം.

ഇവ രണ്ടും നാം മുറുകെ പിടിക്കുക. കാരണം ഇതിനു വർത്തമാനകാലത്തിലും ഭാവിയിലും പ്രസക്തിയുണ്ട്. സമൃദ്ധമായ പ്രതിഫലമുണ്ട് എന്ന ഉറപ്പോടെ എതിർപ്പുകളും കഷ്ടപ്പാടുകളും സഹിക്കാൻ വിശ്വാസികളെ ഇവ പ്രാപ്തരാക്കുന്നു.

അങ്ങനെ യേശുവിന്റെ മഹത്വം നിങ്ങളുടെ മുൻപാകെ വ്യക്തമായി വരച്ചു കാണിച്ചശേഷം രചയിതാവ് ശ്രോതാക്കളെ അവരുടെ സ്വന്തം വിശ്വസ്തതയിലെങ്ങനെ എന്ന കാര്യത്തിലേക്കു കടക്കുന്നു. "പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു" (എബ്രായർ 3:6b). ഇതൊരു conditional statement ആണിത്. പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസ്സാനത്തോളം മുറുകെപിടിച്ചു കൊള്ളുന്നില്ലെങ്കിൽ, നാം അവന്റെ ഭവനക്കാരല്ല എന്നാണ് തെളിയുന്നത്. പാതി വഴിയിൽ ഉപേക്ഷിപ്പാനുള്ളതല്ല ക്രിസ്തീയ വിശ്വാസം. തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക് എന്തു പ്രതീക്ഷക്കാണു വകയുള്ളത്?

ഒരു പോസിറ്റീവ് ഉദാഹരണം നൽകി ഞാനിത് അവസാനിപ്പിക്കാം. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്മിർണ്ണയിലെ ബിഷപ്പായ പോളിക്കാർപ്പ് വളരെ ലളിതവും എന്നാൽ വളരെ ആഴമായ വിശ്വാസത്തിനുടമയായിരുന്നു. അദ്ദേഹത്തെ വിശ്വാസികൾ മാത്രമല്ല ജാതികൾ പോലും വളരെ ബഹുമാനത്തോടെ കണ്ടിരുന്നു. ദൈവവചനത്തോട് പറ്റി നിൽക്കാനും യോഹന്നാനിൽ നിന്നും ലഭിച്ച അപ്പ്സ്തലിക പാരമ്പര്യം കാത്തു സൂക്ഷിക്കുവാനും മനസ്സുവെച്ച വ്യക്തിയായിരുന്നു പോളിക്കാർപ്.

ക്രിസ്തീയപീഡനം കൊടുംബിരികൊണ്ടുനിന്ന കാലഘട്ടമായിരുന്നു അത്. റോമൻ ഭരണാധികാരികൾ പോളിക്കാർപ്പിനേയും പിടിക്കുവാൻ പടയാളികളെ അയച്ചു. തന്നെ പിടിക്കുവാൻ വന്ന പടയാളികളെ ഒരു ഗസ്റ്റിനെ പോലെ കരുതി, അവർക്കു ഭക്ഷണ പാനിയങ്ങൾ അവരുടെ മുൻപാകെ വിളമ്പി. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും പ്രായത്തിലും അവർ അതിശയവും ആദരവും പ്രകടിപ്പിച്ചു. അദ്ദേഹം പട്ടാളക്കാരോടു ഒരു മണിക്കൂർ സമയം പ്രാർത്ഥനക്കായി ചോദിച്ചു; അവർ അതിനു അനുവദിക്കുകയും ചെയ്തു. വരാൻപോകുന്ന മരണം മുന്നിൽ കണ്ട് കൂടെയുണ്ടായിരുന്ന ശിഷ്യഗണത്തോടു താനതു പറയുകയും, അതിനെ നേരിടാനുള്ള ധൈര്യത്തിനായി താൻ ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്തു. അതിനുശേഷം പടയാളികളോടു കൂടെ താൻ ഇറങ്ങിത്തിരിച്ചു. അദ്ദേഹത്തെ ഒരു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്ക് കൊണ്ടു പോയി. പോകുന്ന വഴിയിൽ പട്ടാളക്കാർ ക്രിസ്തുവിനെ തള്ളിപ്പറവാനും സീസറിനെ കർത്താവ് എന്ന് ഏറ്റു പറഞ്ഞ് തന്റെ ജീവനെ മരണത്തിൽ രക്ഷിക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹം സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചപ്പോൾ "Be strong, Polycarp, and play the man" എന്ന ഒരു ശബ്ദം അദ്ദേഹത്തിന്റെ ചെവിയിൽ മുഴങ്ങി. അവിടെ നിന്ന പലരും ഒരു ശബ്ദം കേട്ടെങ്കിലും ആരേയും അവിടെ കണ്ടില്ല. പോളിക്കാർപ്പിനെ ഗവർണ്ണർക്കു മുൻപാകെ നിർത്തി. അദ്ദേഹം പോളിക്കാർപ്പിനോടു ക്രിസ്തുവിലുള്ള വിശ്വാസം ത്യജിച്ച്, സീസറിനെ ദൈവമായി ഏറ്റുപറ ഞ്ഞാൽ ഞാൻ നിങ്ങളെ വിട്ടയക്കാം എന്ന് പറഞ്ഞു.

അതിനു മറുപടിയായി പോളികാർപ്പ്: "എൺപത്തിയാറു വർഷമായി ഞാൻ അവനെ സേവിക്കുന്നു, അവൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ഞാൻ എങ്ങനെ എന്റെ രാജാവിനും രക്ഷകനും എതിരെ ദൂഷണം പറയും? അൽപ്പസമയത്തേക്ക് ജ്വലിക്കുന്ന തീകൊണ്ട് നിങ്ങൾ എന്നെ ഭീഷണിപ്പെടുത്തുന്നു, കുറച്ചു സമയത്തിന് ശേഷം ആ തീ കെട്ടുപോകും; എന്നാൽ ദുഷ്ടന്മാർക്ക് വേണ്ടി ഒരുക്കുന്ന ശിക്ഷയുടെ ശാശ്വതമായ അഗ്നിയെക്കുറിച്ച് നിങ്ങൾ അജ്ഞരാണ്." റോമൻ ചക്രവർത്തിക്ക് ധൂപം കാട്ടാൻ വിസമ്മതിച്ചതിന് തുടർന്ന് പോളികാർപ്പിനെ ഒരു തൂണിൽ കെട്ടിനിർത്തി കത്തിക്കുകയും ആ തീ അദ്ദേഹത്തെ സ്പർശിക്കാതിരുന്നതിനാൽ കുന്തം കൊണ്ട് അദ്ദേഹത്തെ കുത്തുകയും ചെയ്തു. വിടവാങ്ങലിൽ അദ്ദേഹം പറഞ്ഞു: "പിതാവേ, ഈ മണിക്കൂറിന് എന്നെ യോഗ്യനാക്കിയതിന് ഞാൻ അങ്ങയെ വാഴ്ത്തുന്നു, അങ്ങനെ രക്തസാക്ഷികളുടെ കൂട്ടത്തിൽ ഞാനും ക്രിസ്തുവിന്റെ പാനപാത്രം പങ്കിടുന്നു."

ഉപസംഹാരം

യേശുവിന്റെ ഭവനക്കാരും സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരുമായവരായ നാം അപ്പൊസ്തലനനും, മഹാപുരോഹിതനും, വിശ്വസ്തനും മോശെയേക്കാൾ മഹത്വവാനുമായ ദൈവപുത്രനെ നാം ശ്രദ്ധിച്ചു നോക്കുക.

ക്രിസ്തുവിന്റെ പൂർത്തിയായ പ്രവൃത്തി, നമുക്ക് ദൈവസന്നിധിയിലേക്കു പ്രവേശനവും, സ്വീകാര്യതയുടെ ഉറപ്പും നൽകുന്നു. വർത്തമാനകാലത്ത് സ്ഥിരോത്സാഹവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്ന ശാശ്വതമായ പ്രത്യാശയും നമുക്കുണ്ട്. ക്രിസ്തുവിൽ നമുക്ക് നൽകിയിട്ടുള്ളതിൽ നാം ഉറച്ചുനിൽക്കുമ്പോൾ യഥാർത്ഥമായി ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് നാം കാണിക്കുന്നു. ആകയാൽ നമുക്കു അന്ത്യത്തോളം വിശ്വസ്തരായി നിലകൊള്ളാം. അതിനു ദൈവത്തിന്റെ പരിശുദ്ധാത്മാവു സഹായിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.

*******

© 2020 by P M Mathew, Cochin

bottom of page